2019-10-23

ഭാരത (ഭീരുത്വ) രത്‌ന


വിനായക് ദാമോദര്‍ സവര്‍ക്കറെന്ന പേരിനേക്കാള്‍ പരിചിതം വീര്‍ സവര്‍ക്കറെന്നതാണ്. വീരത്വമെന്തെന്നറിയാതെ തന്നെ അങ്ങനെ അഭിസംബോധന ചെയ്യുന്നവരാണ് അധികവും. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ പോരാട്ടത്തില്‍ കാണിച്ച അസാമാന്യ ധൈര്യത്തിന് രാഷ്ട്രം ചാര്‍ത്തിക്കൊടുത്തതാണ് പേരിന് മുന്നിലെ വിശേഷണപദമെന്ന് കരുതുന്നവരും ധാരാളമുണ്ടാകും. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ ജീവന്‍ പണയം വെച്ച് പോരടിക്കുന്ന സൈനികര്‍ക്ക് പരംവീര്‍ ചക്രമൊക്കെ നല്‍കുന്നതുപോലെ. രാജ്യ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ സന്നദ്ധനായ വ്യക്തിയെന്ന് വിശേഷിപ്പിച്ചാണ് എ ബി വാജ്പേയുടെ നേതൃത്വത്തില്‍ എന്‍ ഡി എ അധികാരത്തിലിരിക്കെ സവര്‍ക്കറുടെ ചിത്രം പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ച് ആദരവ് പ്രകടിപ്പിച്ചത്. അതുപോരെന്ന തോന്നലുള്ളതു കൊണ്ടാണ് ഇപ്പോള്‍ പരമോന്നത ബഹുമതിയായ ഭാരത രത്ന നല്‍കണമെന്ന് ആവശ്യപ്പെടുന്നത്.


മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബി ജെ പി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് സവര്‍ക്കര്‍ക്ക് ഭാരത രത്ന സമ്മാനിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന വാഗ്ദാനം. ഭാരത രത്നത്തിന് സര്‍വഥാ യോഗ്യനാണ് സവര്‍ക്കറെന്നും അര്‍ഹരായ പലര്‍ക്കും ഭാരത രത്ന സമ്മാനിക്കാന്‍ രാജ്യത്തെ ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ തയ്യാറായില്ലെന്നും ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കറിന് ഭാരത രത്ന സമ്മാനിക്കുന്നത് വൈകിയത് അതുകൊണ്ടാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതര ബി ജെ പി നേതാക്കളും പടിപടിയായി മൊഴിയുകയും ചെയ്തു.


സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കണമെന്ന ആവശ്യമുന്നയിക്കുന്നതിനൊപ്പം ബഹുമതി വൈകിപ്പിച്ച് അംബേദ്കറെ കോണ്‍ഗ്രസ് അപമാനിച്ചെന്ന ആരോപണമുന്നയിച്ചപ്പോള്‍ ബി ജെ പി ലക്ഷ്യമിട്ടത് രണ്ട് കാര്യങ്ങളാണ്. മറാത്ത വികാരമുണര്‍ത്താന്‍ ഇപ്പോഴും ഉപയോഗിക്കപ്പെടുന്ന ശിവജിയുടെ അനുയായിയെന്ന് സ്വയം വിശേഷിപ്പിച്ച സവര്‍ക്കര്‍ക്ക് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കാന്‍ ആവശ്യപ്പെടുന്നതിലൂടെ ഒരു കാലത്ത് മറാത്ത വികാരത്തിന്റെ മൊത്തക്കച്ചവടക്കാരായിരുന്ന ശിവസേനയുടെ അവശേഷിക്കുന്ന വോട്ടുബേങ്കിനെ കൂടുതല്‍ ഭിന്നിപ്പിക്കുക എന്നതാണ് ഒന്ന്. അംബേദ്കറെ കോണ്‍ഗ്രസ് അപമാനിച്ചെന്ന ആരോപണം ഉന്നയിക്കുന്നതിലൂടെ കൂടുതല്‍ സംഘടിതമാകുന്ന ദളിത് രാഷ്ട്രീയത്തെ ആശയക്കുഴപ്പത്തിലാക്കുക എന്നതും. ഇതെത്രത്തോളം സാധിക്കുമെന്നതിലൊക്കെ തര്‍ക്കമുണ്ടാകാം. പക്ഷേ ആശയക്കുഴപ്പം സൃഷ്ടിച്ചോ അവാസ്തവങ്ങളോ അര്‍ധ വാസ്തവങ്ങളോ നുണകളോ പ്രചരിപ്പിച്ചോ മുതലെടുക്കാന്‍ സംഘ്പരിവാര ശക്തികള്‍ക്കുള്ള (പൊതുവില്‍ ഫാസിസ്റ്റുകള്‍ക്കെല്ലാമുള്ള) സവിശേഷ പ്രാവീണ്യം കണക്കിലെടുക്കുമ്പോള്‍ ലക്ഷ്യവേധം നടക്കില്ലെന്ന് കരുതേണ്ട തന്നെ.


'വീര' സവര്‍ക്കറിലേക്ക് തിരികെ വന്നാല്‍, ഭാരത രത്നത്തിന് അദ്ദേഹം എന്തുകൊണ്ടും അര്‍ഹനാണെന്ന് തന്നെ പറയേണ്ടിവരും. രാഷ്ട്രപിതാവായിരുന്ന മഹാത്മാഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപണ വിധേയനാകുകയും അത് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തത് കൊണ്ടുമാത്രം കോടതി വിട്ടയക്കുകയും ചെയ്ത വ്യക്തിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടെന്ന് മാത്രമേ ചോദ്യമുള്ളൂ. രാഷ്ട്രപിതാവ് വെടിയേറ്റ് വീഴുമ്പോള്‍ മധുര പലഹാരം വിതരണം ചെയ്തിരുന്നു രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രവര്‍ത്തകര്‍. ഗാന്ധി വധത്തിലെ പങ്കിന്റെ പേരില്‍ ആര്‍ എസ് എസ് നിരോധിക്കപ്പെടുകയും ചെയ്തു. ആ സംഘടനയാല്‍ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടി രാജ്യത്തിന്റെ ഭരണത്തിന് നേതൃത്വം നല്‍കുമ്പോള്‍ സവര്‍ക്കറെ അല്ലാതെ ആരെയാണ് ആദരിക്കേണ്ടത്?
ലോക്സഭയില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടി നരേന്ദ്ര മോദി പ്രധാനമന്ത്രി പദമേറിയ 2014ല്‍ തന്നെ സവര്‍ക്കറെ ഭാരത രത്ന വിഭൂഷിതനാക്കേണ്ടതായിരുന്നു. അതുണ്ടായില്ലെന്നതില്‍ ഖേദ പ്രകടനം നടത്തുക കൂടി വേണം.


രാഷ്ട്രപിതാവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് വിധേയനായി വിചാരണ നേരിട്ടുവെന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല സവര്‍ക്കറുടെ വീരത്വം. അതങ്ങ് പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയതാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം ബ്രിട്ടീഷുകാര്‍ ഭംഗിയായി പയറ്റിയതോടെ ആവര്‍ത്തിക്കപ്പെട്ട വര്‍ഗീയ കലാപങ്ങളിലൊന്നിന്റെ തുടര്‍ച്ചയില്‍ ഏതാനും കൂട്ടാളികള്‍ക്കൊപ്പം മുസ്ലിം പള്ളിക്ക് കല്ലെറിഞ്ഞ കാലത്ത്. അന്ന് പന്ത്രണ്ടാം വയസ്സില്‍ പേരിന് മുന്നില്‍ ചേര്‍ക്കപ്പെട്ടതാണത്രെ 'വീര്‍' എന്ന വിശേഷണം. അത്തരം വീരന്‍മാര്‍ക്ക് തീരെ സഹിക്കാന്‍ സാധിക്കാത്തതായിരുന്നു ആചാര ലംഘനം. ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യയും ഒടുങ്ങണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്ന 'മഹത്തരമായ' ആചാരത്തെ ബ്രിട്ടീഷുകാര്‍ നിരോധിച്ചത് ഹൈന്ദവ ആചാരങ്ങളെയാകെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് തിരിച്ചറിഞ്ഞ് ആചാര ലംഘകരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് വീരന്‍ നിശ്ചയിച്ചു. അങ്ങനെ തുടങ്ങിയ ബ്രിട്ടീഷ് വിരോധം, നാസിക് കളക്ടറെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായെന്ന കേസില്‍ അറസ്റ്റിലായി 50 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ആന്‍ഡമാന്‍ നിക്കൊബാര്‍ ദ്വീപുകളിലെ തടവറയിലെത്തിയപ്പോള്‍ അവസാനിച്ചു.


അധിനിവേശത്തോടുള്ള വിധേയത്വവും വീരത്വമെന്ന തിരിച്ചറിവുണ്ടായി. ബ്രിട്ടീഷ് സാമ്രാജ്യത്തെ എതിര്‍ത്തത് തെറ്റായിപ്പോയെന്നും. തെറ്റ് മനസ്സിലാക്കിയാല്‍ മാപ്പ് ചോദിക്കുന്നതാണ് വീരത്വം.
ബ്രിട്ടീഷ് സാമ്രാജ്യത്തോട് മാപ്പുചോദിച്ച് 'വീര' സവര്‍ക്കറെഴുതിയ കത്തുകള്‍ പിന്നീട് ചരിത്രത്തിന്റെ ഭാഗമായി. ചെയ്ത തെറ്റിനൊക്കെ മാപ്പ് ചോദിക്കുക മാത്രമല്ല, പിന്നീടുള്ള 'നല്ല നടപ്പ്' വാഗ്ദാനം ചെയ്യുകയും ചെയ്തു. ഏത് ഉപാധിയും സ്വീകാര്യമെന്ന് ആവര്‍ത്തിച്ച് അറിയിച്ചു. ഏറ്റവും അവസാനമെഴുതിയ മാപ്പപേക്ഷയില്‍ വീരനായ താന്‍ മാത്രമല്ല സഹോദരനും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കല്‍പ്പനകള്‍ അനുസരിച്ച് കൊള്ളാമെന്നും എവിടേക്കൊക്കെ പോകുന്നുവെന്നതും എന്തൊക്കെ ചെയ്യുന്നുവെന്നതും അധികാരികളെ യഥാസമയം അറിയിച്ചുകൊള്ളാമെന്നുമൊക്കെ സമ്മതിച്ചിരുന്നു. ഇതൊരു കീഴടങ്ങലായി വേണമെങ്കില്‍ തോന്നാം. പക്ഷേ, എവിടെയൊക്കെ പോകും, എന്തൊക്കെ ചെയ്യുമെന്നൊക്കെ മുന്‍കൂട്ടി അറിയിച്ച് സ്വാതന്ത്ര്യ സമരം നടത്തുക എന്നതിലെ വീരത്വം അതൊന്ന് വേറെയാണ്.


ആ ധൈര്യം ആരും മനസ്സിലാക്കുന്നില്ലെന്ന് തോന്നിയപ്പോള്‍ ജീവിതകഥ എഴുതി മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ നിശ്ചയിച്ചു. ആത്മകഥ, ജീവചരിത്രമായി പ്രസിദ്ധീകരിക്കാനുള്ള വീരത്വവും ഒരുപക്ഷേ ആദ്യം കാട്ടിയത് സവര്‍ക്കറായിരുന്നു. ആ ജീവചരിത്രത്തിലൂടെയാണ് മറാത്ത രാജവംശ സ്ഥാപകന്‍ ശിവജിയുടെ അനുയായിയും പന്ത്രണ്ടാം വയസ്സില്‍ തന്നെ 'വീര' പട്ടം ചാര്‍ത്തിക്കിട്ടുകയും ചെയ്ത അസാമാന്യ വീരനായ 'വീര്‍ സവര്‍ക്കര്‍' പ്രതിഷ്ഠിക്കപ്പെട്ടത്. ജീവചരിത്രം യഥാര്‍ഥത്തില്‍ ആത്മകഥയായിരുന്നുവെന്ന് അതിന്റെ പ്രസാധകര്‍ തന്നെ പില്‍ക്കാലം വെളിപ്പെടുത്തിയെങ്കിലും അപ്പോഴേക്കും സവര്‍ക്കറേക്കാള്‍ വലിയ വീരന്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു, ഹിന്ദുത്വ വാദികള്‍ക്ക്.


ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ പില്‍ക്കാലം നടന്ന ശ്രമങ്ങളിലൊന്നും വീര സവര്‍ക്കറുടെ പങ്കാളിത്തം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സ്വാതന്ത്ര്യത്തിനുള്ള വഴി സായുധ സമരത്തിലൂടെയെന്ന് വാദിച്ച സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുണ്ടാക്കാന്‍ ഓടി നടക്കുമ്പോള്‍ ബ്രിട്ടീഷ് സൈന്യത്തിലേക്ക് ആളെക്കൂട്ടാന്‍ അശ്രാന്ത പരിശ്രമം നടത്തുകയായിരുന്നു സവര്‍ക്കര്‍. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ദര്‍ശനത്തിലുള്ള ഭാരതത്തിന് രൂപം നല്‍കാന്‍ ബ്രിട്ടീഷ് ആധിപത്യം നിലനിന്നേ മതിയാകൂ എന്ന് തിരിച്ചറിഞ്ഞിരുന്നു ആ വീരന്‍. അപ്പോള്‍ പിന്നെ സ്വാതന്ത്ര്യത്തിന് വാദിക്കുന്ന ഇന്ത്യക്കാരായ 'വിഡ്ഢി'കളെ ഇല്ലാതാക്കാനുള്ള സൈന്യത്തെ സജ്ജമാക്കുകയെന്നതല്ലാതെ വീരന്റെ ധര്‍മമെന്ത്?
ഇതിനൊക്കെയല്ലെങ്കില്‍ പിന്നെയെന്തിനാണ് ഭാരത രത്ന സമ്മാനിക്കേണ്ടത്?


പില്‍ക്കാലത്ത് ഗാന്ധി വധത്തിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായപ്പോഴും പണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിനെഴുതിയത് പോലൊരു കത്ത് സവര്‍ക്കര്‍ എഴുതി, സ്വതന്ത്ര ഭാരതത്തിലെ ഭരണാധികാരികള്‍ക്ക്. തടവിലാക്കാതെയിരുന്നാല്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്ന കാലത്തോളം രാഷ്ട്രീയ പ്രവര്‍ത്തനം നടത്താതിരിക്കാം, വര്‍ഗീയത വളര്‍ത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാം എന്നൊക്കെ വാഗ്ദാനം ചെയ്തു. കൈയില്‍ വിലങ്ങ് വീഴുമെന്ന് ഉറപ്പാകുമ്പോള്‍ മാപ്പപേക്ഷിച്ച് തടി രക്ഷിക്കുന്നതാണ് വീരത്വം.


രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി മാത്രമല്ല, ആര്‍ എസ് എസ് വിഭാവനം ചെയ്യുന്ന രാഷ്ട്രത്തിന്റെ പിതൃത്വം പോലും സവര്‍ക്കര്‍ക്ക് അവകാശപ്പെട്ടതാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ തുടര്‍ച്ചയില്‍ വീര പദവി നേടിയ സവര്‍ക്കര്‍ തന്നെയാണ് അവരുടെ തന്ത്രത്തെ പൂര്‍ണമായി നടപ്പാക്കിക്കൊടുക്കാന്‍ പാകത്തില്‍ രണ്ട് രാഷ്ട്രമെന്ന സിദ്ധാന്തം ആദ്യം അവതരിപ്പിച്ചത്. അതിനെ തെളിഞ്ഞ വര്‍ഗീയതയില്‍ വ്യാഖ്യാനിച്ച് ഹിന്ദുവും മുസല്‍മാനും രണ്ട് രാഷ്ട്രമെന്ന് പ്രഖ്യാപിച്ചത് സവര്‍ക്കറായിരുന്നു - ഹിന്ദുത്വത്തെ വിശകലനം ചെയ്തുള്ള പുസ്തകത്തില്‍. ഈ സിദ്ധാന്തമാണ് 1937ല്‍ ഹിന്ദു മഹാസഭ അവരുടെ രാഷ്ട്രീയ പ്രമേയമായി അംഗീകരിച്ചത്. അധികാരത്തില്‍ അര്‍ഹമായ പങ്കാളിത്തം അനുവദിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വം നിയന്ത്രിച്ചിരുന്ന സവര്‍ണ ഹൈന്ദവര്‍ ഒരിക്കലും തയ്യാറാകില്ലെന്ന തിരിച്ചറിവില്‍ മുസ്ലിം ലീഗെന്ന രാഷ്ട്രീയ കക്ഷിയുണ്ടാക്കി ഇറങ്ങിയ മുഹമ്മദലി ജിന്നയും കൂട്ടരും രണ്ട് രാജ്യങ്ങളെന്ന ആവശ്യമുന്നയിച്ചത് പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞായിരുന്നു. ആ നിലക്ക് രാഷ്ട്രീയ സ്വയം സേവക് സംഘ് ലക്ഷ്യമിടുന്ന ഹിന്ദു രാഷ്ട്രം സ്ഥാപിതമാകുമ്പോള്‍ അതിന്റെ രാഷ്ട്രപിതാവാകാന്‍ സവര്‍ക്കറെക്കാള്‍ യോഗ്യന്‍ മറ്റാരുമില്ല തന്നെ.


ഗാന്ധി വധത്തിലെ സവര്‍ക്കറുടെ പങ്കിനെക്കുറിച്ച്, നരേന്ദ്ര മോദിയുള്‍പ്പെടെ ബി ജെ പിയുടെയും മോഹന്‍ ഭഗവത് മുതല്‍ സംഘ്പരിവാരത്തിന്റെയും നേതാക്കളൊക്കെ വാഴ്ത്തുന്ന സര്‍ദാര്‍ പട്ടേല്‍ എഴുതി വെച്ചത് ഇപ്പോഴും ഇന്ത്യന്‍ സര്‍ക്കാറിന്റെ ശേഖരത്തിലുണ്ടാകും. (അതെല്ലാം വൈകാതെ നശിപ്പിച്ച് കളയാന്‍ മോദിയും ഷായും നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് എഴുതുന്നത്) ഹിന്ദു മഹാസഭയില്‍ സവര്‍ക്കറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുണ്ടായിരുന്ന തീവ്ര യാഥാസ്ഥിതിക വിഭാഗമാണ് ഗാന്ധി വധം ആസൂത്രണം ചെയ്തതും അത് നടപ്പാകുന്നുവെന്ന് ഉറപ്പാക്കിയതുമെന്നാണ് പട്ടേലിന്റെ വാക്കുകള്‍. ഇതൊരു സര്‍ട്ടിഫിക്കറ്റായെടുത്താല്‍ അത് മാത്രം മതി ഭാരത രത്നക്ക് യോഗ്യതയാകാന്‍. ഹിന്ദു -മുസ്ലിം ഐക്യത്തിനായി മരണം വരെ നിരാഹാരമനുഷ്ഠിക്കാന്‍ മടി കാണിക്കാതിരുന്ന, സവര്‍ക്കറെപ്പോലുള്ളവരുടെ ആഗ്രഹത്തിന്റെ തുടര്‍ച്ചയായിക്കൂടി പിറന്ന പാക്കിസ്ഥാന് ഇന്ത്യയുടെ ഖജനാവില്‍ നിന്ന് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട, അതിലേക്ക് അന്നത്തെ ഭരണകൂടത്തെ നിര്‍ബന്ധിതമാക്കിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സര്‍ട്ടിഫിക്കറ്റിനപ്പുറം മറ്റെന്ത് വേണം രത്ന വിഭൂഷിതനാകാന്‍.

No comments:

Post a Comment