ആര്‍ഷ ഭാരതത്തില്‍ ആള്‍ക്കൂട്ട ആക്രമണമോ? അതും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ചൈനയുടെ പ്രസിഡന്റ് സി ജിന്‍പിംഗിനെയും വലത്തും ഇടത്തുമിരുത്താന്‍ കരുത്തുള്ള നേതാവ് രാജ്യം ഭരിക്കുമ്പോള്‍! പുരാണ നാടകങ്ങളിലെപ്പോലെ അസംഭവ്യമെന്ന് ഗര്‍ജിക്കേണ്ടിവരും. അത്തരം സംഗതികള്‍ നടക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ആര്‍ഷ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമാണ്. ആള്‍ക്കൂട്ട ആക്രമണമെന്ന പ്രയോഗത്തിന്റെ ഉദയം വൈദേശിക മത ഗ്രന്ഥങ്ങളില്‍ നിന്നാണ്. മഗ്ദലന മറിയത്തെ കല്ലെറിഞ്ഞു കൊല്ലാന്‍ ആള്‍ക്കൂട്ടം തീരുമാനിച്ചതിനെക്കുറിച്ച് പറയുന്നത് ബൈബിളാണ്. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ എന്ന് വിധിച്ച് മറിയത്തിന്റെ ജീവന്‍ രക്ഷിച്ച യേശു ക്രിസ്തുവിന് കുരിശു മരണം വിധിക്കപ്പെടുമ്പോള്‍ അവനെ ക്രൂശിക്കൂ എന്ന് ആര്‍ത്തലച്ച ആള്‍ക്കൂട്ടവും ബൈബിളിലേതാണ്.
അതിനാല്‍ നീതിന്യായ വിചാരണക്ക് പുറത്ത് ശിക്ഷവിധിക്കാന്‍ പാകത്തിലുള്ള ആള്‍ക്കൂട്ടമോ വിധിക്കപ്പെട്ട ശിക്ഷ വേഗത്തില്‍ നടപ്പാക്കാന്‍ ആക്രോശിക്കുന്ന ആള്‍ക്കൂട്ടമോ ആര്‍ഷ ഭാരതത്തിന്റെ സൃഷ്ടിയേയല്ല! ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്ന് പറയുന്നതോ അത്തരം ആക്രമണങ്ങള്‍ തടയാന്‍ പ്രധാനമന്ത്രി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയക്കുന്നതോ ആര്‍ഷ ഭാരതത്തെ അവഹേളിക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗം തന്നെ. അത്തരക്കാര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം, വിചാരണ ചെയ്ത് ശിക്ഷിക്കണം. ബീഹാറിലെ മുസഫര്‍പൂര്‍ കോടതി ഈ വഴിക്ക് സ്വീകരിച്ച നടപടികള്‍ എല്ലാവരും മാതൃകയാക്കേണ്ടതുമാണ്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സംഘടിതമായി നടക്കുന്ന ശ്രമങ്ങളെ ചൂണ്ടിക്കാണിച്ച, അത്തരം ശ്രമങ്ങളെ രാജ്യദ്രോഹമായി കാണണമെന്ന് നിയമ പാലന - നീതി നിര്‍വഹണ സംവിധാനത്തോട് പരോക്ഷമായി ആവശ്യപ്പെട്ട രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സര്‍ സംഘചാലകിന്റെ അഭിപ്രായത്തോട് 'രാജ്യസ്നേഹി'കള്‍ക്ക് യോജിക്കാതെ തരമില്ല.
സര്‍ സംഘ ചാലക് മോഹന്‍ ഭഗവത് എന്തുകൊണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടുവെന്നത് വര്‍ത്തമാന കാലത്തിലും ആര്‍ എസ് എസ് മഹത്തരമായി കാണുന്ന പുരാണേതിഹാസങ്ങളുടെ കാലത്തിലും പരിശോധിക്കപ്പെടേണ്ടതാണ്. വര്‍ത്തമാന കാലത്ത്, എന്നുവെച്ചാല്‍ 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി കേവല ഭൂരിപക്ഷത്തോടെ കേന്ദ്രാധികാരം പിടിച്ച കാലം മുതലിങ്ങോട്ട് പല കാരണങ്ങളാല്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അരങ്ങേറിയതായി ആരോപണമുണ്ട്. അതിലേറെയും ഗോരക്ഷയുമായി ബന്ധപ്പെട്ടുള്ളതാണ്. കശാപ്പിനായി കാലികളെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നോ മാംസത്തിനായി പശുവിനെ കശാപ്പ് ചെയ്തുവെന്നോ ഗോമാംസം സൂക്ഷിച്ചുവെന്നോ ഒക്കെ ആരോപിച്ച് അരങ്ങേറിയവ. ഗോമാംസം ഭക്ഷിക്കുന്നവരെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം കൈകാര്യം ചെയ്യുകയും അതിനിടയില്‍ കൊലക്കത്തിക്ക് പാളിയ സംഭവവുമുണ്ട്. ഇതിനെയൊക്കെ ആള്‍ക്കൂട്ട ആക്രമണമായി ചിത്രീകരിച്ച് 'ഭാരത'ത്തിന്റെ യശോധാവള്യത്തിന് മേല്‍ കരി തേക്കുന്നതിനോട് യാതൊരു യോജിപ്പുമില്ല. കാരണം ഇവയൊന്നും പൊടുന്നനെ ഒന്നിക്കുന്ന ആള്‍ക്കൂട്ടം പ്രകോപിതരായി നടത്തുന്ന ആക്രമണമല്ല തന്നെ.
ഗോ സംരക്ഷണത്തിനെന്ന പേരില്‍ ഗുണ്ടകളെ സജ്ജരാക്കുന്നതും അവരെ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുന്നതും തികച്ചും ആസൂത്രിതമായാണ്. അവരെ വെറും ആള്‍ക്കൂട്ടങ്ങളെന്ന് വിശേഷിപ്പിക്കുമ്പോള്‍ ഗോ സംരക്ഷണത്തിനെന്ന പേരില്‍ ഗുണ്ടകളെ സൃഷ്ടിക്കുന്നതിന്റെ ലക്ഷ്യത്തില്‍ വെള്ളം ചേര്‍ക്കുകയാണ് ചെയ്യുന്നത്. അതില്‍പ്പരം ആര്‍ഷ ഭാരതത്തിന് അപകീര്‍ത്തികരമായി മറ്റെന്തുണ്ട്? ഗോ സംരക്ഷണമെന്നതിനെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആയുധമായി വളര്‍ത്തിയെടുത്ത്, ന്യൂനപക്ഷങ്ങളും ദളിതുകളും ഗോ വധത്തിന് മടിക്കാത്തവരാണെന്ന ധാരണ വളര്‍ത്തി, അവരെ ആക്രമിച്ച്, വെറുപ്പ് വളര്‍ത്തി അധികാരം നിലനിര്‍ത്താന്‍ സംഘടിതമായി ശ്രമം നടക്കുന്നതിനെ ആള്‍ക്കൂട്ട ആക്രമണമെന്ന് ചുരുക്കിക്കാണാനേ സാധിക്കില്ല!
മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ ഹിന്ദു രാഷ്ട്രമാക്കാന്‍ പല തലങ്ങളില്‍ നടക്കുന്ന ശ്രമങ്ങളില്‍ ഒന്നായ 'ഗോ സംരക്ഷണ യജ്ഞ'ത്തെ ആള്‍ക്കൂട്ട ആക്രമണമെന്ന പൊതു സംജ്ഞക്ക് കീഴില്‍ ഉള്‍പ്പെടുത്തുന്നതിനെ ഒരു നിലക്കും അംഗീകരിക്കാനുമാകില്ല. അതുകൊണ്ടാണ് ആ ശ്രമത്തെ ആര്‍ എസ് എസ് മേധാവി എതിര്‍ക്കുന്നത്. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെടുന്നതാണ് ഇതൊക്കെ എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ സാരം. അതിനെ ഉള്‍ക്കൊള്ളാന്‍ പാകത്തിലേക്ക് 'രാജ്യ സ്നേഹി'കളായി മാറാന്‍ ജനത തയ്യാറാകേണ്ടതിന്റെ ആവശ്യകതയിലാണ് ഊന്നല്‍. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പാര്‍ലിമെന്റില്‍ പ്രസംഗിച്ചാല്‍ പോര, തടയാന്‍ ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടതെന്ന് പ്രധാനമന്ത്രിയെ തെര്യപ്പെടുത്താന്‍ ശ്രമിച്ചവരുടെ മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ തീരുമാനിച്ചപ്പോള്‍ നീതിന്യായ സംവിധാനം പ്രകടിപ്പിച്ചതും ഇതേ വികാരമാണ്. (കേസ് ഒഴിവാക്കാന്‍ പിന്നീട് തീരുമാനിച്ചത് ഗൗരവത്തിലെടുക്കേണ്ട. നല്‍കേണ്ട സന്ദേശം നല്‍കിക്കഴിഞ്ഞാല്‍ പിന്നെ ചുവടല്‍പ്പം പിറകിലേക്ക് വലിക്കുന്നതില്‍ തെറ്റില്ലെന്നാണ് ചതുരുപായക്കാരുടെ പ്രമാണം)
രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ നാഥുറാം ഗോഡ്സെ വെടിവെച്ചുകൊന്നുവെന്ന വിവരമറിഞ്ഞപ്പോള്‍ ആര്‍ എസ് എസ്സിന്റെ നാഗ്പൂര്‍ ആസ്ഥാനത്ത് ആഘോഷങ്ങള്‍ അരങ്ങേറിയെന്നാണ് അക്കാലം അവിടം സന്ദര്‍ശിച്ച വാര്‍ത്താ ഏജന്‍സിയുടെ ലേഖകന്‍ ഓര്‍മിക്കുന്നത്. ഗാന്ധിയെ വധിച്ചെന്ന വിവരമറിഞ്ഞപ്പോള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മധുരപലഹാരം വിതരണം ചെയ്തുവെന്ന് രേഖപ്പെടുത്തിവെച്ചത്, സാക്ഷാല്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലാണ്. സംഘ് പാരമ്പര്യത്തിലെ ഇളകാത്ത കണ്ണിയായിരുന്നുവെന്ന് സ്ഥാപിച്ചെടുക്കാന്‍ നരേന്ദ്ര മോദി മുതലിങ്ങോട്ടുള്ള തീവ്രഹിന്ദുത്വ വാദികളെല്ലാം ശ്രമിക്കുന്ന അതേ സര്‍ദാര്‍ പട്ടേല്‍. ആള്‍ക്കൂട്ട ആക്രമണത്തിലല്ല, ആസൂത്രിതമായ അക്രമത്തിലാണ് താത്പര്യമെന്നും അത്തരം അക്രമത്തിന് വേണ്ടി ആക്രോശിക്കുന്നതിലല്ല ആസൂത്രണം ചെയ്ത് നടപ്പാക്കിയതിന് ശേഷമുള്ള ആഘോഷത്തിലാണ് താത്പര്യമെന്നും മനസ്സിലാക്കാന്‍ ഇതിലപ്പുറമെന്ത് വേണം.
സ്വാതന്ത്ര്യാനന്തരം രാജ്യത്ത് അരങ്ങേറിയ ചെറുതും വലുതുമായ വര്‍ഗീയ കലാപങ്ങളില്‍ ഏതാണ്ടെല്ലാറ്റിന്റെയും ആസൂത്രണത്തില്‍ ആര്‍ എസ് എസ്സിന് പങ്കുണ്ടെന്ന് എഴുതി വെച്ചിരിക്കുന്നത് തുടര്‍ന്ന് നടന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകളിലാണ്. ആള്‍ക്കൂട്ട ആക്രമണങ്ങളിലല്ല, സംഘര്‍ഷങ്ങള്‍ ആസൂത്രിതമായി സൃഷ്ടിച്ച് അതിന്റെ വര്‍ഗീയ ലാഭം കൊയ്യുക എന്നതിലാണ് താത്പര്യമെന്നതിന് ഇതിലപ്പുറം തെളിവെന്ത് വേണം. 2002ലെ ഗുജറാത്ത് വംശഹത്യാ ശ്രമത്തിലും സംഗതി ഭിന്നമായിരുന്നില്ല. ഭൂരിപക്ഷത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരമുണ്ടാക്കണമെന്ന് നിര്‍ദേശിച്ച്, പോലീസിനെ നിര്‍വീര്യമാക്കി നിര്‍ത്തി, കണ്‍ട്രോള്‍ റൂമിലേക്ക് മന്ത്രിമാരെ നിയോഗിച്ച് അക്രമികള്‍ക്ക് തുറന്ന അവസരമുണ്ടാക്കിക്കൊടുത്ത് സംഘടിപ്പിക്കപ്പെട്ട വംശഹത്യാ ശ്രമത്തെ, ആള്‍ക്കൂട്ടത്തിന്റെ രോഷം പൊട്ടിയൊഴുകിയതാണെന്ന് ചിത്രീകരിച്ചാല്‍ അംഗീകരിക്കാനാകുമോ? കൂട്ടക്കുരുതി തടയാന്‍ ഉടന്‍ പട്ടാളത്തെ ഇറക്കണമെന്ന രാഷ്ട്രപതിയുടെ നിര്‍ദേശം തള്ളിക്കളഞ്ഞത്, അരങ്ങേറുന്നത് ആള്‍ക്കൂട്ട ആക്രമണമല്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണല്ലോ! ഇതൊക്കെയിങ്ങനെ മുന്നില്‍ നില്‍ക്കെ, ആള്‍ക്കൂട്ട ആക്രമണമെന്ന പദമുപയോഗിച്ച് 'ഭാരത'ത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ സര്‍ സംഘ ചാലക് നോക്കിനില്‍ക്കുവതെങ്ങനെ?
ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം വൈദേശിക മത ഗ്രന്ഥത്തിലാണെന്ന വാദവും അംഗീകരിക്കപ്പെടണം. ആര്‍ഷ ഭാരതത്തിന്റെ അടിസ്ഥാനമെന്ന നിലക്ക് സംഘ്പരിവാരം വ്യാഖ്യാനിക്കുന്ന പുരാണേതിഹാസങ്ങളില്‍ ആള്‍ക്കൂട്ട ആക്രമണമെന്ന് വ്യാഖ്യാനിക്കാവുന്ന സംഗതികളുണ്ടോ എന്നറിയില്ല. പക്ഷേ, അധികാരമുറപ്പിക്കാന്‍ നടത്താവുന്ന ഏത് നീച കൃത്യങ്ങളുടെയും ഉദാഹരണങ്ങള്‍ അവിടെ കാണാം. അതില്‍ മനുഷ്യനെന്നോ ദേവനെന്നോ വ്യത്യാസവുമില്ല. ഭാരത വംശത്തിന്റെ പിന്‍മുറക്കാരെന്ന് അവകാശപ്പെട്ട പാണ്ഡവരെ ഇല്ലാതാക്കാന്‍ പിതൃസഹോദര പുത്രന്‍മാര്‍ ആസൂത്രണം ചെയ്ത ഹീന കൃത്യങ്ങള്‍ നിരവധി. വിഷം കൊടുത്തത് മുതല്‍ അരക്കില്ലത്തില്‍ ചുട്ടെരിക്കാന്‍ ശ്രമിച്ചത് വരെ. കള്ളച്ചൂതില്‍ തോല്‍പ്പിച്ച് രാജ്യം പിടിച്ചെടുത്തതും (എന്‍ഫോഴ്സ്മെന്റിനെയും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെയും ആദായ നികുതി വകുപ്പിനെയും കരുക്കളാക്കി ഇപ്പോള്‍ നടക്കുന്ന ചൂതിലും കള്ളക്കളിയില്ലെന്ന് പറയാനാകില്ലല്ലോ) ദാസിയായി വ്യാഖ്യാനിച്ച് ദ്രൗപദിയെ രാജസഭയിലേക്ക് വിളിപ്പിച്ച് വസ്ത്രാക്ഷേപത്തിന് മുതിര്‍ന്നതും ആര്‍ഷ ഭാരതേതിഹാസത്തിന്റെ ഭാഗമല്ലോ! ആ വസ്ത്രാക്ഷേപശ്രമം പോലും ആള്‍ക്കൂട്ട ആക്രമണമല്ല, അധികാരം പിടിച്ചവരുടെ ആഹ്ലാദ പ്രകടനമായിരുന്നു.
ഈ അനീതികള്‍ക്കെല്ലാമുള്ള മറുപടിയാണല്ലോ കുരുക്ഷേത്രം. യുദ്ധമാരംഭിക്കാനിരിക്കെ പിതാമഹന്‍മാരോടും ഗുരുക്കന്‍മാരോടും യുദ്ധം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ, തളര്‍ന്ന അര്‍ജുനന് കരുത്തേകാന്‍ ശ്രീകൃഷ്ണന്‍ നടത്തിയ ദീര്‍ഘ പ്രഭാഷണമാണല്ലോ ഭഗവദ് ഗീത. ഇവരെയൊക്കെ വധിച്ച് പ്രതികാരം ചെയ്യലും അധികാരം പിടിക്കലുമാണ് പ്രധാനമെന്നാണല്ലോ പഠിപ്പിച്ചത്. അതിലെ ന്യായത്തെ സംശയിക്കാതിരിക്കാം. ഗുരുവിനെക്കൊല്ലാന്‍ അര്‍ധ നുണ പറയാന്‍ ഉപദേശിക്കുന്ന, സഹോദരീ ഭര്‍ത്താവിനെ വധിക്കാന്‍ സൂര്യനെ മറച്ച് അസ്തമയം സൃഷ്ടിച്ച് നല്‍കുന്ന, നിരായുധനായ എതിരാളിയുടെ കണ്ഠത്തിലേക്ക് അസ്ത്രമയക്കാന്‍ നിര്‍ദേശിക്കുന്ന, യുദ്ധമര്യാദകള്‍ ലംഘിച്ച് പ്രതിയോഗിയുടെ തുടക്കടിക്കാന്‍ കല്‍പ്പിക്കുന്ന ഭഗവാനുമുണ്ട് ഇതിഹാസത്തില്‍. അഭിസാരികയെന്ന് ആരോപിക്കപ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ആക്രോശിച്ച ആള്‍ക്കൂട്ടത്തെ പരാമര്‍ശിച്ച, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയൂ എന്ന് നിര്‍ദേശിച്ച ബൈബിളിനേക്കാള്‍ നുണകളും അര്‍ധ സത്യങ്ങളും വ്യാജ നിര്‍മിതികളും നിയമലംഘനങ്ങളും അധികാര ലബ്ധിക്കുപയോഗിക്കാന്‍ നിര്‍ദേശിക്കുന്ന ഇതിഹാസമാണ് സംഘ്പരിവാരത്തിന് കൂടുതല്‍ യോജിക്കുക. അതുകൊണ്ടാണ് അവര്‍ ആള്‍ക്കൂട്ട ആക്രമണങ്ങളെ വൈദേശിക മത പരാമര്‍ശമുപയോഗിച്ച് 'ഭാരത'ത്തെ അപകീര്‍ത്തിപ്പെടുത്തരുത് എന്ന് ആവശ്യപ്പെടുന്നത്. ഭാരതത്തിന്റെ 'കീര്‍ത്തി' അവരുദ്ദേശിക്കും വിധത്തില്‍ വര്‍ധിപ്പിക്കാനുതകും വിധത്തില്‍ ഉപയോഗിക്കാവുന്ന പലതും വ്യാഖ്യാനിച്ചെടുക്കാവുന്ന പുരാണേതിഹാസങ്ങള്‍ മുന്നിലിരിക്കെ പ്രത്യേകിച്ചും.
നുണകള്‍ക്കും അര്‍ധ സത്യങ്ങള്‍ക്കും വ്യാജ നിര്‍മിതികള്‍ക്കും നിയമ ലംഘനങ്ങള്‍ക്കും ഇതിഹാസകാരന് ന്യായങ്ങളുണ്ട്. ധര്‍മ സംസ്ഥാപനാര്‍ഥം സംഭവിക്കേണ്ടത് സംഭവിച്ചേ മതിയാകൂ എന്ന ന്യായം. തീവ്ര ഹിന്ദുത്വ അജന്‍ഡകളുടെ സ്ഥാപനം മാത്രം ലക്ഷ്യമിടുന്ന, അതിന് വേണ്ടത് സംഭവിപ്പിക്കാന്‍ ശ്രമിക്കുന്ന ഇപ്പോഴത്തെ ഭഗവതുമാര്‍ക്ക് ഇതിഹാസകാരന്റെ ന്യായങ്ങള്‍ ബാധകമല്ല. ആ ന്യായങ്ങള്‍ മനസ്സിലാകാത്തവര്‍ക്ക് ബൈബിളിന്റെ ന്യായം മനസ്സിലാകുമെന്ന പ്രതീക്ഷ വേണ്ട.
ഒന്നുറപ്പിക്കാം, 'ഭാരത'ത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്ല. പുരാണത്തിലും ചരിത്രത്തിലും വര്‍ത്തമാനത്തിലും വെറുപ്പ് വളര്‍ത്താനും ഭയം വിതക്കാനും ഉദ്ദേശിച്ചുള്ള ആസൂത്രിത ആക്രമണങ്ങളും ഹത്യകളും മാത്രമേയുള്ളൂ. അധികാരമുറപ്പിക്കാന്‍ സഹായിക്കുന്ന അത്തരം ക്രിയകളാണ് പുതിയ ഭഗവതുമാരുടെ ഹിതം. അതാണ് പ്രഘോഷിക്കപ്പെട്ടതും.
No comments:
Post a Comment