2019-10-21

പെരുന്നയ്ക്ക് ശൗര്യം പകരുന്നവര്‍


ഏതാണ്ട് ഒരു ദശകം മുമ്പത്തെ കഥയാണ്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചപ്പോള്‍ അര്‍ഹമായ വിഹിതം നായര്‍ സമുദായത്തിന് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍ എസ് എസ്) പരിഭവം പറഞ്ഞു. കേന്ദ്ര മന്ത്രിസഭയിലെ (രണ്ടാം യു പി എ സര്‍ക്കാര്‍) പ്രതിനിധികളെ നിശ്ചയിച്ചപ്പോഴും സമുദായത്തിന് അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന് കെറുവിക്കുകയും ചെയ്തു. അക്കാലം പി കെ നാരായണപ്പണിക്കരായിരുന്നു എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയെങ്കിലും കൈകാര്യകര്‍തൃത്വം ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. എന്തായാലും പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയും കെ പി സി സിയുടെ പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയും പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തേക്ക് പാഞ്ഞെത്തി.


ആ സമയം കേരളം ഭരിച്ചിരുന്ന വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന കടന്നപ്പള്ളി രാമചന്ദ്രനും ഏതാണ്ട് അതേസമയം പെരുന്നയിലെത്തിയിരുന്നു. ദേവസ്വം ബോര്‍ഡുകളുടെ രൂപവത്കരണത്തില്‍ എന്‍ എസ് എസ് നേതൃത്വത്തിന്റെ അഭിപ്രായം തേടുകയായിരുന്നു കടന്നപ്പള്ളിയുടെ സന്ദര്‍ശനോദ്ദേശ്യം. മന്ത്രിയുടെ സന്ദര്‍ശനം മുന്‍കൂട്ടി നിശ്ചയിച്ചതാകാം. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ അന്നും ഇന്നും നിയന്ത്രിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സന്ദര്‍ശനം പൊടുന്നനെയായിരുന്നു. സമുദായത്തെ അവഗണിച്ചുവെന്ന് പെരുന്നയിലെ ആശാന്‍മാര്‍ പൊരുന്നിയപ്പോള്‍ ഇരിക്കപ്പൊറുതിയില്ലാതെയായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. എന്‍ എസ് എസ് നേതൃത്വം കെറുവിച്ചാല്‍ പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന (അബദ്ധ) ധാരണ മാത്രമാണ് ഇവരെ നയിച്ചത് എന്ന് വ്യക്തം. എന്‍ എസ് എസ്സിന്റെ സമ്മേളനം പ്രമാണിച്ച്, 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച കേരള യാത്ര മാറ്റിവെക്കാന്‍ പോലും ആലോചിച്ച രമേശ് ചെന്നിത്തല, സമുദായ നേതൃത്വം അസംതൃപ്തി പരസ്യമായി പ്രകടിപ്പിക്കുമ്പോള്‍ ഉലഞ്ഞു പോകുക സ്വാഭാവികം.


ദേവസ്വം ബോര്‍ഡുകള്‍ എങ്ങനെ രൂപവത്കരിക്കണമെന്നതില്‍ നിയമമനുശാസിക്കുന്ന മാനദണ്ഡങ്ങളുണ്ട്. അതനുസരിച്ച് രൂപവത്കരിക്കുന്ന ബോര്‍ഡ് നിയമപ്രകാരം നിക്ഷിപ്തമായ ചുമതലകള്‍ നിര്‍വഹിച്ചാല്‍ മതിയാകും. എന്നിട്ടും എന്‍ എസ് എസ് നേതൃത്വത്തിന്റെ അഭിപ്രായം തേടാന്‍ മന്ത്രി നേരിട്ടെത്തിയത് എന്തുകൊണ്ടാകും? കടന്നപ്പള്ളി രാമചന്ദ്രന്റെ വ്യക്തിപരമായ തീരുമാനമനുസരിച്ചോ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ (എസ്) തീരുമാനമനുസരിച്ചോ ആകില്ല ഈ സന്ദര്‍ശനം. മറിച്ച് മന്ത്രിസഭയെ നിയന്ത്രിക്കുന്ന എല്‍ ഡി എഫിന്റെയും എല്‍ ഡി എഫിനെ നിയന്ത്രിക്കുന്ന സി പി ഐ (എം) യുടെയും തീരുമാനമനുസരിച്ചല്ലാതെ വരാന്‍ തരമില്ല.

സംബന്ധോദ്യുക്തരായ നമ്പൂതിരിമാരുടെ ചൂട്ടുകറ്റ പാളുന്നത് കാണുമ്പോള്‍ വാതിലോടാമ്പല്‍ നീക്കേണ്ടിവന്നിരുന്ന നായര്‍ കുടുംബങ്ങളുടെ ദുര്‍ഗതി മാറ്റാനും സമുദായത്തിലെ പുതു തലമുറക്ക് വിദ്യാഭ്യാസത്തിനും സാമൂഹിക - സാമ്പത്തിക പുരോഗതിക്കും വഴിയൊരുക്കാനും വേണ്ടിയാണ് മന്നത്ത് പത്മനാഭന്‍ എന്‍ എസ് എസ്സിന് രൂപം നല്‍കിയത്. നായര്‍ സമുദായത്തേക്കാള്‍ മോശമാണ് താഴേത്തട്ടിലുള്ള മറ്റ് സമുദായങ്ങളുടെ സ്ഥിതിയെന്ന ബോധ്യം അന്നദ്ദേഹത്തിനുണ്ടായിരുന്നു. അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് വൈക്കം ക്ഷേത്രത്തിലേക്കുള്ള പാതകളിലൂടെ സഞ്ചരിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടുള്ള സമരത്തില്‍ അദ്ദേഹം പങ്കെടുത്തത് അതുകൊണ്ടാണ്. ക്ഷേത്ര പ്രവേശന വിളംബരത്തിലേക്ക് വഴിതുറന്ന ജാതി വ്യവസ്ഥക്കെതിരായ സമരത്തിന്റെ ഭാഗമായതും.

എന്നാല്‍ 1957ല്‍ അധികാരത്തിലേറിയ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സര്‍ക്കാര്‍ ഭൂപരിഷ്‌കരണത്തിനും വിദ്യാഭ്യാസ പരിഷ്‌കരണത്തിനും നിയമങ്ങള്‍ കൊണ്ടുവന്നതോടെ മന്നത്തിന്റെ നിലപാട് മാറി. കിട്ടാവുന്ന ജാതി മത സംഘടനകളെ കൂട്ടിപ്പിടിച്ച്, കോണ്‍ഗ്രസിന്റെ സമൂല പങ്കാളിത്തത്തോടെ അരങ്ങേറിയ വിമോചന സമരത്തിന്റെ സര്‍വ സൈന്യാധിപനായി അദ്ദേഹം. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. മുന്‍കാലത്ത് സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന മന്നവും എന്‍ എസ് എസ്സും പിന്നീട് തികഞ്ഞ ജനാധിപത്യ വിരുദ്ധതയുടെയും സവര്‍ണ മേല്‍ക്കോയ്മ ഉദ്‌ഘോഷിക്കുന്ന വര്‍ഗീയതയുടെയും ഒപ്പമായി. വിമോചന സമരകാലത്തെ ഈ പാരമ്പര്യമാണ് പിന്നീട് എന്‍ എസ് എസ് ഏതാണ്ടെല്ലായിപ്പോഴും പിന്തുടര്‍ന്നത്. ആ സംഘടനയെ പ്രീണിപ്പിക്കാനോ പിണക്കാതെ നോക്കാനോ ആണ് പില്‍ക്കാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുള്‍പ്പെടെ ശ്രമിച്ചതും. വിമോചന സമരത്തിന്റെ നേതൃപദവിയിലുണ്ടായിരുന്നതു കൊണ്ട് കോണ്‍ഗ്രസിന് അതൊരു അനിവാര്യതയുമായി. 


പരിഭവം തീര്‍ക്കാനും ഇംഗിതം അറിയാനും പെരുന്നയിലേക്ക് പാഞ്ഞെത്തിയ രാഷ്ട്രീയ നേതൃത്വം തന്നെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇല്ലാത്ത വലുപ്പം എന്‍ എസ് എസ് മേധാവിമാര്‍ക്ക് നല്‍കിയത്. അതിന്റെ തുടര്‍ച്ചയാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ ആകെ വോട്ടര്‍മാരില്‍ 45 ശതമാനം നായര്‍ സമുദായാംഗങ്ങളാണെന്നും അവരുടെ വോട്ട് ശബരിമലയിലെ ആചാര സംരക്ഷണത്തിന് (വിശ്വാസ സംരക്ഷണമെന്നേ ജി സുകുമാരന്‍ നായര്‍ പറയൂ. വിശ്വാസവും ആചാരവും തമ്മിലുള്ള അന്തരമറിയാത്ത സമുദായാംഗങ്ങള്‍ അത് തൊണ്ട തൊടാതെ വിഴുങ്ങട്ടെ) ഉതകും വിധത്തില്‍ നിലപാടെടുത്തവര്‍ക്കായിരിക്കുമെന്നും പ്രഖ്യാപിക്കുമ്പോള്‍ ഇല്ലാത്ത വലുപ്പം ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണ് എന്‍ എസ് എസ് നേതൃത്വം.

2011ലെയും 2016ലെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ തരക്കേടില്ലാത്ത ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിന് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ മണ്ഡലവും. ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിക്കാനുള്ള സാധ്യത മുന്നില്‍ക്കാണുന്നതിന് ഈ കണക്കുകള്‍ തന്നെ ധാരാളം. വോട്ടര്‍ പട്ടികയിലെ നായര്‍ സമുദായാംഗങ്ങളുടെ കണക്ക് പരിഗണിച്ച്, വട്ടിയൂര്‍ക്കാവില്‍ (പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലം) ആ സമുദായത്തിലെ അംഗത്തെ തന്നെ സ്ഥാനാര്‍ഥിയാക്കുന്നതാണ് മുന്നണികളുടെ പതിവ്. അതിലൊരു മാറ്റം ഇക്കുറി ഇടതു മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി പി ഐ (എം) വരുത്തിയതോടെ മത്സരരംഗത്ത് ശേഷിക്കുന്ന നായന്‍മാരില്‍ 'ആഢ്യത്വം' കല്‍പ്പിക്കപ്പെടുന്നവനായിരിക്കും സമുദായാംഗങ്ങളുടെ വോട്ട് എന്നതുമുറപ്പ്. ആചാര സംരക്ഷണക്കാര്‍ക്ക് പിന്തുണയെന്ന് പ്രഖ്യാപിച്ച്, വട്ടിയൂര്‍ക്കാവില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ കരയോഗാംഗങ്ങളോട് നിര്‍ദേശിക്കുമ്പോള്‍ സുനിശ്ചിതമായ വിജയത്തിന്റെ മുഖ്യ ഉത്തരവാദിത്തം എന്‍ എസ് എസ്സില്‍ ഉറപ്പിക്കുക എന്ന തന്ത്രമേ സുകുമാരന്‍ നായര്‍ക്കുള്ളൂ. അതുവഴി വിലപേശല്‍ ശക്തി കൂട്ടുക എന്നതും. അഥവാ വട്ടിയൂര്‍ക്കാവില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ മറ്റ് ജാതി - മത ശക്തികളെല്ലാം യോജിച്ച് നായരെ തോല്‍പ്പിച്ചുവെന്ന് വിലപിച്ച് സമുദായ വികാരം ജ്വലിപ്പിക്കാന്‍ ശ്രമിക്കുകയുമാകാം. 


നേരിട്ടും അല്ലാതെയും രാഷ്ട്രീയത്തില്‍ ഇടപെടുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ സമുദായ കാര്‍ഡ് കളിക്കുകയും ചെയ്യുന്നതില്‍ എന്‍ എസ് എസ്സിനോളം വരില്ല മറ്റൊരു സംഘടനയും. ശക്തമായ വോട്ടു ബേങ്കെന്ന ഇവരുടെ അവകാശവാദത്തില്‍ കഴമ്പൊന്നുമില്ലെന്ന് ഓരോ തിരഞ്ഞെടുപ്പിലും തെളിയുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികളുടെ പെരുന്ന പ്രണാമത്തില്‍ കുറവുണ്ടാകുന്നില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി 2016ല്‍ എല്‍ ഡി എഫ് അധികാരത്തിലേറിയ ശേഷം, പെരുന്നയിലേക്ക് ഇടതുവശം ചേര്‍ന്നുള്ള യാത്രകള്‍ കുറഞ്ഞിട്ടുണ്ടെന്നത് വസ്തുതയാണ്.


എങ്കിലും ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലെ പത്ത് ശതമാനം മുന്നാക്ക സംവരണവും, മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന നിലപാടും, യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റിനെ പിരിച്ചുവിട്ട് പുതിയ അംഗങ്ങളെ നിശ്ചയിച്ചപ്പോള്‍ ജി സുകുമാരന്‍ നായരുടെ മകള്‍ സുജാതയെ മാത്രം നിലനിര്‍ത്തിയതുമൊക്കെ എന്‍ എസ് എസ് നേതൃത്വത്തെ അനുനയിപ്പിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയായിരുന്നു. മുഖ്യമന്ത്രി നേരിട്ട് പെരുന്നയിലെത്തി വണങ്ങാത്തതിലുള്ള അരിശം പക്ഷേ, ഇതുകൊണ്ടൊന്നും തീരുന്നതല്ല. 
കണിച്ചുകുളങ്ങര ദേവസ്വത്തിലെത്തി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാമെങ്കില്‍ സവര്‍ണനായ തന്നെ കാണാന്‍ പെരുന്നയില്‍ വന്നാലെന്തെന്ന ചിന്ത, മന്നം സമാധിയില്‍ ചെരുപ്പിട്ട് കയറിയെന്ന കാരണം പറഞ്ഞ് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ 'മുട്ടുകുത്തിച്ച' കാര്യസ്ഥന്‍മാര്‍ക്കുണ്ടാകുക സ്വാഭാവികം. മന്നം സമാധിക്ക് മുന്നില്‍ വന്നുനിന്ന് താന്‍ ആശീര്‍വദിച്ച നാമജപ ഘോഷയാത്രയെ അവഗണിച്ച്, ശബരിമലയുടെ കാര്യത്തില്‍ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രിയോട് ക്ഷമിക്കുക അസാധ്യവുമാണ്. അതിലും വലുതാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുണ്ടാക്കി തലപ്പത്ത് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും കെ പി എം എസ് നേതാവ് പുന്നല ശ്രീകുമാറിനെയും ഇരുത്തിയപ്പോഴുണ്ടായ രോഷം. അതിനൊക്കെ പ്രതികാരം ചെയ്‌തെന്ന് പൊതു സമൂഹത്തിന് മുന്നില്‍ വീമ്പിളക്കാന്‍ വട്ടിയൂര്‍ക്കാവിലോളം എളുപ്പവഴി വേറെയില്ല.

ആചാര സംരക്ഷണത്തിന് നിലപാടെടുത്തു എന്ന പേരില്‍ പിന്തുണ പ്രഖ്യാപിക്കപ്പെട്ടതിലും എന്‍ എസ് എസ് കരയോഗങ്ങള്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ വേദിയായതിലും അത്യുത്സാഹം കൊള്ളുന്നുണ്ട് കോണ്‍ഗ്രസ് നേതാക്കള്‍. തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബി ഡി ജെ എസ് എന്ന പാര്‍ട്ടി എന്‍ ഡി എ മുന്നണിയില്‍ തുടരുകയും ആ പാര്‍ട്ടിയുമായി അടുത്ത ബന്ധമാണ് തങ്ങള്‍ക്കിപ്പോഴുമെന്ന് ബി ജെ പി നേതാക്കള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന കാലത്തോളമേ പെരുന്നയില്‍ നിന്നുള്ള ശരിദൂരം കെ പി സി സി ആസ്ഥാനത്തേക്കുണ്ടാകൂ. അത് മാറിയാല്‍ ശരിദൂരം ഭാവി മുഖ്യമന്ത്രിയുടെ ഓഫീസിന് വരെ സ്ഥലമിട്ട തിരുവനന്തപുരത്തെ ബി ജെ പി ഓഫീസിലേക്കാകും. ജന്മിയായ നമ്പൂതിരിയുടെ കാര്യസ്ഥമാണ് പാരമ്പര്യം. അധികാരമുള്ള സവര്‍ണന്റെ കാര്യസ്ഥത്തിലാണ് ഭാവി. അതിലേക്ക് സമുദായത്തെ നയിക്കാനുദ്ദേശിക്കുന്നവരുടെ ഇടത്താവളം മാത്രമാണ് വട്ടിയൂര്‍ക്കാവ്.

No comments:

Post a Comment