2009-07-15

സംഭാവനകള്‍ കൂമ്പാരമാവുമ്പോള്‍


രാഷ്‌ട്രീയത്തിലെ പണത്തിന്റെ സ്വാധീനം അപകടരമാം വിധത്തില്‍ വര്‍ധിച്ചിരിക്കുന്നുവെന്നത്‌ സമ്മതിക്കാത്തവരില്ല. പണം കൊണ്ട്‌ അമ്മാനമാടുന്ന രാഷ്‌ട്രീയ നേതാക്കള്‍ പോലും. കഴിഞ്ഞ യു പി എ സര്‍ക്കാര്‍ വിശ്വാസ വോട്ട്‌ തേടിയപ്പോള്‍ എം പിമാരെ വിലക്കുവാങ്ങുന്നതിന്‌ നല്‍കിയതെന്ന്‌ ആരോപിച്ച്‌ ബി ജെ പി അംഗങ്ങള്‍ ഒരു കോടി രൂപ ലോക്‌സഭയുടെ മേശപ്പുറത്ത്‌ ചൊരിഞ്ഞത്‌ അവിശ്വസനീയതയോടെയാണ്‌ രാജ്യം കണ്ടുനിന്നത്‌. ഈ പണം എവിടെ നിന്ന്‌ വന്നു, ആര്‌ നല്‍കി, എം പിമാരെ വിലക്ക്‌ വാങ്ങാന്‍ യഥാര്‍ഥത്തില്‍ ശ്രമം നടന്നോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിച്ചിട്ടില്ല. അതിന്‌ ഉത്തരം ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കുകയും വേണ്ട. ഈ സംഭവത്തിന്‌ പിറകില്‍ പ്രവര്‍ത്തിച്ചവരെല്ലാം പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നതിനാല്‍ കൂടുതല്‍ പണം കൈമാറി പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ത്തിരിക്കുന്നുവെന്ന്‌ കരുതേണ്ടിവരും. രാഷ്‌ട്രീയത്തില്‍ പണത്തിന്റെ ആവശ്യകത കൂടി വരികയാണെന്ന്‌ മറ്റാര്‌ തിരിച്ചറിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ധനമന്ത്രി സ്ഥാനത്തേക്ക്‌ അവര്‍ നിയോഗിച്ച പ്രണാബ്‌ കുമാര്‍ മുഖര്‍ജിയും തിരിച്ചറിയുന്നുണ്ട്‌.


രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ നല്‍കുന്ന സംഭാവനകള്‍ക്ക്‌ നികുതി ഇളവ്‌ നല്‍കാനുള്ള നിര്‍ദേശം ബജറ്റില്‍ മുഖര്‍ജി ഉള്‍ക്കൊള്ളിച്ചത്‌ അതുകൊണ്ടാണ്‌. പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനത്തുള്ള ബി ജെ പിയോ സോഷ്യലിസ്റ്റ്‌ അജണ്ടയില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന പാര്‍ട്ടികളോ ഈ നിര്‍ദേശത്തില്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിട്ടില്ല. സി പി എം പ്രതിനിധിയായി ബജറ്റ്‌ ചര്‍ച്ചയില്‍ സംസാരിച്ച കാസര്‍ക്കോട്‌ എം പി പി കരുണാകരന്‍ ഈ നിര്‍ദേശത്തെ ശക്തമായി എതിര്‍ത്തു. സി പി എമ്മിന്റെ കേരളത്തിലെ നേതൃത്വം പണാധിപത്യത്തിന്‌ വഴിപ്പെട്ടാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്‌. പാര്‍ട്ടി നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തുന്ന വി എസ്‌ അച്യുതാനന്ദന്‍ പക്ഷം പ്രധാനമായി ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒന്നിതാണ്‌. ഇതിനിടയിലും ബജറ്റ്‌ നിര്‍ദേശത്തെ എതിര്‍ക്കാന്‍ സി പി എം തയ്യാറാവുന്നുവെന്നതില്‍ കൗതുകം ദര്‍ശിക്കാം.



രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്ഥാപനവത്‌കരിക്കപ്പെടുകയും ഏറെക്കുറെ കുത്തക കമ്പനികളെപ്പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാലമാണിത്‌. പതിവ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തന്നെ കോടിക്കണക്കിന്‌ രൂപ പാര്‍ട്ടികള്‍ക്ക്‌ ആവശ്യമായി വരുന്നു. തിരഞ്ഞെടുപ്പുകളാവുമ്പോള്‍ ഈ കണക്ക്‌ ദശ കോടികളോ ശതകോടികളോ ആയി മാറും. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൂടി ചെലവഴിച്ചത്‌ 3,000 കോടിയാണെന്നാണ്‌ ഏകദേശ കണക്ക്‌. ഓരോ പാര്‍ലിമെന്റ്‌ മണ്ഡലത്തിലെയും പ്രവര്‍ത്തനത്തിന്‌ രണ്ട്‌ കോടി രൂപ വീതമാണ്‌ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ്‌ കമ്മിറ്റി നല്‍കിയത്‌ എന്നത്‌ പരസ്യമായ രഹസ്യമാണ്‌. വടകര മണ്ഡലത്തിലേക്കുള്ള പണവുമായി വന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ട്രെയിനില്‍ ഉറങ്ങിപ്പോയതും 25 ലക്ഷം രൂപ കാണാതായതും കേരളത്തില്‍ അല്‍പ്പകാലം വിവാദമായിരുന്നു. ഒരു മണ്ഡലത്തില്‍ ചെലവഴിക്കാവുന്ന പണം 25 ലക്ഷമായി തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിജപ്പെടുത്തിയിട്ടുണ്ട്‌. അതുകൊണ്ടു തന്നെ രണ്ട്‌ കോടി നല്‍കിയെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ പരസ്യമായി സമ്മതിക്കാന്‍ കഴിയില്ല.


25 ലക്ഷം കാണാതായത്‌ സംബന്ധിച്ച്‌ കേസോ ഉത്തരവാദിയായ നേതാവിനെതിരെ നടപടിയോ ഉണ്ടാവാത്തതിന്റെ കാരണം അതാണ്‌. കാണാതായ പണത്തെക്കുറിച്ച്‌ പത്ര വാര്‍ത്തകള്‍ വന്നപ്പോള്‍ അതേക്കുറിച്ച്‌ അന്വേഷിക്കാന്‍ ആരും തയ്യാറായില്ല. ഈ പ്രശ്‌നം രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന്റെ എതിരാളികള്‍ പോലും തയ്യാറായില്ല എന്നത്‌ പണത്തിന്റെ ആധിപത്യത്തിന്‌ തെളിവുമാണ്‌.
ആകെയുള്ള 543ല്‍ 450ലേറ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്‌ മത്സരിച്ചിരുന്നു. അതായത്‌ മണ്ഡലങ്ങളിലേക്ക്‌ മാത്രമായി 900 കോടി രൂപ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കി. സംസ്ഥാന നേതൃത്വങ്ങള്‍ നടത്തിയ ചെലവ്‌ പുറമെ. നേതാക്കളുടെ പര്യടനത്തിനും അതിന്റെ ക്രമീകരണങ്ങള്‍ക്കുമായി ചെലവിട്ട കോടികള്‍ വേറെ. ബി ജെ പിയും ഏതാണ്ട്‌ ഇതേ അളവില്‍ പണം ചെലവഴിച്ചിട്ടുണ്ട്‌. നിര്‍ണായക സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ ചെലവ്‌ കുറച്ചിട്ടുണ്ടാവുമെന്ന്‌ മാത്രം. മറ്റ്‌ ദേശീയ, പ്രാദേശിക പാര്‍ട്ടികള്‍ ചെലവഴിച്ചതുകൂടി കണക്കിലെടുക്കുമ്പോള്‍ തുക 3,000 കോടിയില്‍ നിന്നേക്കില്ല.


വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഇതിലധികം പണം വേണ്ടിവരുമെന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ അറിയാം. അതിന്‌ വഴിയൊരുക്കുകയാണ്‌ പുതിയ ബജറ്റ്‌ നിര്‍ദേശത്തിലൂടെ പ്രണാബ്‌ മുഖര്‍ജി ചെയ്‌തിരിക്കുന്നത്‌. ഈ തിരിച്ചറിവുള്ളതുകൊണ്ടാണ്‌ ബി ജെ പിയടക്കമുള്ള പാര്‍ട്ടികള്‍ ഈ നിര്‍ദേശത്തെ എതിര്‍ക്കാത്തതും.
പൊതുജനങ്ങളില്‍ നിന്ന്‌ രസീത്‌ നല്‍കി പിരിച്ചെടുക്കുന്ന പണം ഉപയോഗിച്ച്‌ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുക എന്ന രീതി അവസാനിച്ചിട്ട്‌ കാലമേറെയായി. വ്യവസായികളില്‍ നിന്നും മറ്റ്‌ വന്‍കിടക്കാരില്‍ നിന്നും വന്‍തുകകള്‍ സ്വീകരിക്കുകയാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നത്‌. ഇതില്‍ കുറച്ച്‌ പണം ജനങ്ങളില്‍ നിന്ന്‌ പിരിച്ചെടുത്തതായി കാണിച്ച്‌ കണക്കൊപ്പിക്കും. ബാക്കി തുക കണക്കില്‍ ഉള്‍ക്കൊള്ളിക്കാതെ സൂക്ഷിക്കും. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ പണം കൈമാറുന്ന വ്യവസായികള്‍ക്ക്‌ നിയമാനുസൃതമായ ഇളവ്‌ അനുവദിക്കാനാണ്‌ പ്രണാബിന്റെ ബജറ്റ്‌ നിര്‍ദേശം. പാര്‍ട്ടികള്‍ക്ക്‌ സംഭാവനയായി നല്‍കുന്ന തുക ആദായനികുതിയും മറ്റും കണക്കാക്കുമ്പോള്‍ ഒഴിവാക്കും. കൂടുതല്‍ പണം സംഭാവനയായി നല്‍കാന്‍ വ്യവസായികളെയും മറ്റും പ്രേരിപ്പിക്കാനാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ സമ്പത്ത്‌ ഏറുമ്പോള്‍ പൊതുഖജനാവിലേക്ക്‌ നികുതി ഇനത്തില്‍ ലഭിക്കേണ്ട പണം നഷ്‌ടമാവും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നീക്കിവെക്കേണ്ട പണത്തില്‍ കുറവുണ്ടാവും. ഇത്തരത്തിലുണ്ടാവുന്ന കുറവുകള്‍ നികത്താന്‍ കൂടിയാണ്‌ പൊതമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നതും കടമെടുക്കുന്നതും മറ്റും.



ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നല്‍കുന്ന സംഭാവനകള്‍ക്ക്‌ നികുതി ഇളവ്‌ കൊടുക്കുന്ന പതിവ്‌ നേരത്തെയുണ്ട്‌. അതുകൊണ്ട്‌ വലിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും മറ്റും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള സംഭാവനക്കായി പണം നീക്കിവെക്കുകയും ചെയ്‌തിരുന്നു. നാട്ടിലെ ജനങ്ങള്‍ക്ക്‌ പ്രയോജനം ലഭിക്കുമെന്നതിനാല്‍ ഈ ഇളവിന്‌ സാധൂകരണമുണ്ട്‌. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ സംഭാവന കൊടുക്കുമ്പോള്‍ ഇളവ്‌ ലഭിക്കുമെന്ന്‌ വന്നാല്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‌ മാറ്റിവെക്കുന്ന പണം കൂടി രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഹുണ്ടികയിലേക്ക്‌ നല്‍കാന്‍ വ്യവസായികളും വന്‍കിടക്കാരും തയ്യാറാവും. നികുതി ഇളവ്‌ മാത്രമല്ല, ഭരണ സംവിധാനത്തിന്റെ ഭാഗത്തുനിന്നുള്ള മറ്റ്‌ ആനുകൂല്യങ്ങളും അവര്‍ പ്രതീക്ഷിക്കും. നിയമവിധേയമായി നേടാവുന്ന ആനുകൂല്യങ്ങളാവില്ല പ്രതീക്ഷിക്കുക.


കനത്ത സംഭാവനകള്‍ രണ്ട്‌ കൈയും നീട്ടി സ്വീകരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ അധികാരത്തിലെത്തിയാല്‍ ഇത്തരം ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ നല്‍കാതിരിക്കാനും കഴിയില്ല. രാജ്യത്ത്‌ വന്‍തോതില്‍ വികസിച്ച, അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ്‌ ടെലികോം. മൊബൈല്‍ ഫോണുകള്‍ മൂന്നാം തലമുറയിലേക്ക്‌ കടക്കുകയാണ്‌. മൂന്നാം തലമുറ സേവനങ്ങള്‍ ആരംഭിക്കാനുള്ള ലൈസന്‍സിന്റെ ലേലം കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ തന്നെ വിവാദമായിരുന്നു. കുറഞ്ഞ തുകക്ക്‌ ലേലം ചെയ്യാന്‍ വകുപ്പ്‌ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. പുതിയ യു പി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും കുറഞ്ഞ തുകക്ക്‌ ലേലം ചെയ്യാനാണ്‌ ടെലികോം വകുപ്പ്‌ ശിപാര്‍ശ ചെയ്‌തത്‌. ഇത്‌ ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ ധനവകുപ്പ്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. ലൈസന്‍സുകള്‍ കുറഞ്ഞ തുകക്ക്‌ ലേലം ചെയ്യുമ്പോള്‍ പ്രയോജനം ലഭിക്കുക ഈ മേഖലയിലെ സ്വകാര്യ കമ്പനികള്‍ക്കാണ്‌. എന്നിട്ടും എന്തുകൊണ്ട്‌ കുറഞ്ഞ തുക നിശ്ചയിക്കാന്‍ നീക്കം നടക്കുന്നുവെന്ന ചോദ്യത്തിന്‌ ഒരു ഉത്തരം നേരത്തെ പറഞ്ഞ സംഭാവനകളാണ്‌. ഇപ്പോള്‍ ലേലത്തുക ഇരട്ടിയാക്കാന്‍ (ഏറെക്കുറെ 4,200 കോടി രൂപ) ധനവകുപ്പ്‌ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പതിനായിരക്കണക്കിന്‌ കോടി വിറ്റുവരവുള്ള സ്വകാര്യ കമ്പനികളെ സംബന്ധിച്ച്‌ ഏറെ വലിയ തുകയല്ല അത്‌. സംഭാവനയുടെ കനം സ്വാധീനം ചെലുത്തുന്നുണ്ടെന്ന്‌ അര്‍ഥം.



ലോക്‌സഭക്കൊപ്പം നിയമസഭയിലേക്കും തിരഞ്ഞെടുപ്പ്‌ നടന്ന ആന്ധ്രാ പ്രദേശില്‍ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ സ്വകാര്യ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും വന്‍തോതില്‍ ഭൂമി കൈമാറ്റം ചെയ്‌തതായി ആരോപണം ഉയര്‍ന്നിരുന്നു. വന്‍തുക വിലമതിക്കുന്ന ഭൂമി സൗജന്യമായി പതിച്ച്‌ നല്‍കുകയാണ്‌ വൈ എസ്‌ രാജശേഖര റെഡ്‌ഢി സര്‍ക്കാര്‍ ചെയ്‌തത്‌. ഭൂരഹിതരായ ലക്ഷക്കണക്കിന്‌ സാധാരണക്കാര്‍ ദാരിദ്ര്യത്തില്‍ തുടരുമ്പോഴാണ്‌ ഇത്തരത്തില്‍ ഭൂമി അനുവദിക്കപ്പെട്ടത്‌. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ്‌ ഫണ്ടിലേക്ക്‌ നല്‍കിയ സംഭാവനക്കുള്ള പ്രത്യുപകാരമായിരുന്നു ഇതെന്ന ആക്ഷേപം ശക്തമായി ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ്‌ അധികാരത്തില്‍ തിരിച്ചെത്തിയതോടെ ഈ ഭൂമി കൈമാറ്റങ്ങളെക്കുറിച്ചൊന്നും പരിശോധന ഉണ്ടാവില്ലെന്ന്‌ ഉറപ്പായിരിക്കുന്നു. ഇത്‌ ഉദാഹരണം മാത്രമാണ്‌. ഇതുപോലെ സഹസ്ര കോടികളുടെ ഇടപാടുകള്‍ ധാരാളം നടക്കുന്ന രാജ്യത്ത്‌ സംഭാവനകള്‍ നല്‍കാന്‍ തയ്യാറാകുന്നവര്‍ക്ക്‌ കിട്ടുന്ന ആനുകൂല്യങ്ങള്‍ നിരവധിയായിരിക്കും. പ്രണാബിന്റെ ബജറ്റിലെ നിര്‍ദേശം പ്രാബല്യത്തിലാവുന്നതോടെ കൂടുതല്‍ സംഭാവനകള്‍ എത്തും. വ്യവസായികള്‍ക്ക്‌ കൂടുതല്‍ (അനധികൃത) ആനുകൂല്യങ്ങളും. വ്യക്തികള്‍ക്കായി കൈമാറ്റം ചെയ്യപ്പെടുന്ന കൈക്കൂലിയും ഇടപാടുകളുടെ ഭാഗമായുള്ള കമ്മീഷനുകളും പുറമെയാണ്‌. ഇസ്‌റാഈല്‍ കമ്പനിയില്‍ നിന്ന്‌ മിസൈല്‍ വാങ്ങാന്‍ കരാറുണ്ടാക്കിയപ്പോള്‍ കമ്മീഷനായി കൈമാറ്റം ചെയ്യപ്പെട്ടത്‌ 600 കോടിയാണെന്ന ആരോപണം ഉയര്‍ന്നത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ കാലത്താണ്‌.



രാഷ്‌ട്രീയത്തിലും തിരഞ്ഞെടുപ്പുകളിലും പണത്തിന്റെ സ്വാധീനം വര്‍ധിക്കുന്നത്‌ തടയാന്‍ ടി എന്‍ ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണറായിരിക്കെയാണ്‌ ചില മാനദണ്ഡങ്ങള്‍ കൊണ്ടുവന്നത്‌. പ്രചാരണത്തിന്‌ ചിലവഴിക്കാവുന്ന തുക നിജപ്പെടുത്തുകയും ചെലവ്‌ കണക്ക്‌ ബോധിപ്പിക്കണമെന്നത്‌ നിര്‍ബന്ധമാക്കുകയും ചെയ്‌തു. ഈ നിബന്ധനകള്‍ നിലനില്‍ക്കെയാണ്‌ തിരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കോടികള്‍ ഒഴുക്കുന്നത്‌. പാര്‍ട്ടികളുടെ പ്രചാരണ ചെലവ്‌ സ്വതന്ത്രമായി കണക്കാക്കാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിരീക്ഷകരെ നിയോഗിക്കുന്നുണ്ട്‌. ഒഴുകുന്ന കോടികളെക്കുറിച്ച്‌ നിരീക്ഷകര്‍ക്കും തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ തന്നെയും ബോധ്യപ്പെടാന്‍ പ്രയാസമില്ല. പക്ഷേ, ഹാജരാക്കിയ കണക്കുകള്‍ തെറ്റാണെന്ന്‌ കാണിച്ച്‌ ഏതെങ്കിലും സ്ഥാനാര്‍ഥിയോടോ രാഷ്‌ട്രീയ പാര്‍ട്ടിയോടോ കമ്മീഷന്‍ വിശദീകരണം ചോദിച്ചതായി അറിവില്ല. രാഷ്‌ട്രീയ പാര്‍ട്ടികള്‍ നിയമം ലംഘിക്കുന്നത്‌ കാണാതിരിക്കുമ്പോള്‍ കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്ക്‌ പാരിതോഷികം ലഭിക്കുന്നു എന്ന്‌ കരുതേണ്ടിവരും.


അഴിമതിയുടെ ഒരു ചക്രം പൂര്‍ത്തിയാവുകയാണ്‌ ഇവിടെ. പുറത്താവുന്നത്‌ സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്നവരാണ്‌. അവര്‍ ഭൂരഹിതരും ദരിദ്രരുമായി തുടരും. അവര്‍ക്ക്‌ തൊഴിലുറപ്പ്‌ പദ്ധതിയും ഇന്ദിരാ ഭവന നിര്‍മാണ പദ്ധതിയും ഭരണകൂടം സമ്മാനമായി നല്‍കും. അടുത്ത തിരഞ്ഞെടുപ്പില്‍ പണമൊഴുക്കി വോട്ടുകള്‍ സ്വന്തമാക്കുകയും അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അതിനൊഴുകുന്ന കോടികള്‍ ലോക്‌സഭയുടെ മേശപ്പുറത്ത്‌ ചൊരിയപ്പെട്ടാലും നടപടികള്‍ ഉണ്ടാവുകയുമില്ല.

2009-07-08

മോഡിമാര്‍ ചെയ്യാന്‍ പോകുന്നത്‌


ലോക്‌സഭാ തിരഞ്ഞെടുപ്പും അതിലെ ജനവിധിയും രാജ്യത്തെ വര്‍ഗീയ ശക്തികളുടെ അജന്‍ഡകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നതിന്റെ സൂചനകള്‍ ഗുജറാത്ത്‌, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്ന്‌ കഴിഞ്ഞ ദിവസം പുറത്തുവന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ പതിവുപോലെ ഇതിന്‌ വലിയ പ്രാധാന്യം നല്‍കിയതുമില്ല. സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ വലിയ കാന്‍വാസൊരുക്കുക എന്നതിനപ്പുറം മുന്‍കൂട്ടി കാര്യങ്ങള്‍ കണ്ട്‌ പ്രവര്‍ത്തിക്കുക എന്ന പാഠം ഇവര്‍ മറന്നിട്ട്‌ കാലം കുറച്ചധികമാവുകയും ചെയ്‌തിരിക്കുന്നു. സംസ്ഥാനത്ത്‌ മതാടിസ്ഥാനത്തില്‍ നടക്കുന്ന ധ്രുവീകരണത്തെക്കുറിച്ച്‌ പഠിക്കാന്‍ ഗുജറാത്തിലെ മോഡി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതാണ്‌ ആദ്യത്തെ സംഭവം. രണ്ടാമത്തേത്‌ മഹാരാഷ്‌ട്ര നിയമസഭയിലാണ്‌ അരങ്ങേറിയത്‌. സംസ്ഥാനത്ത്‌ മുസ്‌ലിംകളായ ആണ്‍കുട്ടികളും ഹിന്ദുക്കളായ പെണ്‍കുട്ടികളും തമ്മില്‍ നടക്കുന്ന വിവാഹങ്ങളെക്കുറിച്ച്‌ ക്രൈം ബ്രാഞ്ചിനെക്കൊണ്ട്‌ അന്വേഷിപ്പിക്കുമെന്ന്‌ എന്‍ സി പി നേതാവ്‌ കൂടിയായ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി ജയന്ത്‌ പാട്ടീല്‍ പ്രഖ്യാപിച്ചു.


പ്രത്യക്ഷത്തില്‍ കുഴപ്പമില്ലെന്ന്‌ തോന്നുന്ന രണ്ട്‌ സംഭവങ്ങളാണിവ. വിവാഹങ്ങളെക്കുറിച്ച്‌ എന്തുകൊണ്ട്‌ അന്വേഷണം എന്ന ഉത്‌കണ്‌ഠയോ കൗതുകമോ ഉണ്ടായെന്ന്‌ വരാം. ഗുജറാത്തിലെ ജുഡീഷ്യല്‍ കമ്മീഷന്റെ കാര്യം നോക്കുക. 2002ല്‍ ഗോധ്രയില്‍ സബര്‍മതി എക്‌സ്‌പ്രസ്സിന്റെ ആറാം നമ്പര്‍ ബോഗിക്ക്‌ തീപ്പിടിച്ച്‌ 58 പേര്‍ മരിച്ച സംഭവത്തിന്‌ ശേഷം അരങ്ങേറിയ ആസൂത്രിതമായ വംശഹത്യയാണ്‌ ഈ കമ്മീഷന്റെ നിയമനത്തിന്‌ ആധാരം. ഈ കൊടും ക്രൂരതക്ക്‌ ശേഷം സംസ്ഥാനത്ത്‌ മതത്തിന്റെ അടിസ്ഥാനത്തില്‍ ധ്രുവീകരണമുണ്ടാകുന്നുവെന്ന്‌ സര്‍ക്കാറിതര സംഘടനകള്‍ ആരോപിച്ചിരുന്നു. വംശഹത്യ സംബന്ധിച്ച കേസുകള്‍ പരിഗണിക്കുന്നതിനിടെ കോടതികളിലും ഈ ആരോപണം ഉയര്‍ന്നു. ഇതൊന്നും ശാസ്‌ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള ആരോപണമല്ലെന്നാണ്‌ മോഡി സര്‍ക്കാറിന്റെ നിലപാട്‌. മതത്തിന്റെ അടിസ്ഥാനത്തില്‍ ധ്രുവീകരണം നടക്കുന്നുണ്ടോ എന്ന്‌ ശാസ്‌ത്രീയമായി പഠിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ സാഹചര്യം ഇതാണെന്ന്‌ ഗുജറാത്ത്‌ ഹൈക്കോടതിയില്‍ നിന്ന്‌ വരിമിച്ച ജഡ്‌ജി ബി ജെ സേതനയെ കമ്മീഷനായി നിയോഗിച്ച വിജ്ഞാപനത്തില്‍ പറയുന്നു.


1947 ആഗസ്‌ത്‌ 15ന്‌ ഗുജറാത്തിലുണ്ടായിരുന്ന മത വിഭാഗങ്ങള്‍, അവര്‍ അധിവസിച്ചിരുന്ന പ്രദേശങ്ങള്‍ എന്നിവയെ ആധാരമാക്കി പഠനം നടത്താനാണ്‌ നിര്‍ദേശം. തുടര്‍ന്നുള്ള ഓരോ പത്തു വര്‍ഷത്തിലും സംസ്ഥാനത്തേക്കുണ്ടായ കുടിയേറ്റത്തിന്റെ തോത്‌ കണക്കാക്കണം. ഈ സമയങ്ങളില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ധ്രുവീകരണമുണ്ടായോ എന്നും പഠിക്കണം. സംസ്ഥാനത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായിട്ടുണ്ടോ എന്ന്‌ അറിയാനും അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാനുമുള്ള നിര്‍ദോഷമായ നിര്‍ദേശം എന്ന്‌ വേണമെങ്കില്‍ ഇതിനെ വിലയിരുത്താം. പക്ഷേ, ഗുജറാത്തിന്റെയും മോഡിയുടെയും ചരിത്രം അതിന്‌ അനുവദിക്കുന്നില്ല. സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ വര്‍ഗീയ വിഭജനം ശക്തമായി നിലനിന്നിരുന്ന സംസ്ഥാനമാണ്‌ ഗുജറാത്ത്‌ എന്നത്‌ അംഗീകരിക്കപ്പെട്ട വസ്‌തുതയാണ്‌. ഭൂരിപക്ഷം വരുന്ന ഹിന്ദു വിഭാഗങ്ങളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമായിരുന്നു. ഗോവധ നിരോധം ആദ്യം പ്രാബല്യത്തിലാക്കിയ സംസ്ഥാനം കൂടിയാണ്‌ ഗുജറാത്ത്‌. ഈ വസ്‌തുതകളെ മുന്നില്‍ നിര്‍ത്തിവേണം മോഡി സര്‍ക്കാറിന്റെ പുതിയ പഠനത്തെ കാണാന്‍.


2002ലെ വംശഹത്യക്കു ശേഷം മത വിഭാഗങ്ങളുടെ ധ്രൂവീകരണം സംസ്ഥാനത്ത്‌ ശക്തമായിട്ടുണ്ടെന്നത്‌ വസ്‌തുതയാണ്‌. ഹൈന്ദവ വര്‍ഗീയവാദികള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയോടെ നടത്തിയ കൊടും കുരുതിയില്‍ പൊലിഞ്ഞത്‌ രണ്ടായിരത്തോളം ന്യൂനപക്ഷ ജീവനുകളായിരുന്നു. ബലാത്സംഗത്തിന്‌ ഇരയായവരും അംഗഭംഗം വന്നവരും നിരവധി. വീടും സ്വത്തും നഷ്‌ടപ്പെട്ട്‌ അഭയാര്‍ഥികളായവര്‍ പതിനായിരങ്ങള്‍. അക്രമികള്‍ക്ക്‌ കൂട്ടുനിന്ന സര്‍ക്കാര്‍, അനീതിക്ക്‌ ഇരയായവര്‍ക്ക്‌ സഹായമെത്തിക്കാന്‍ ശ്രമിക്കുമെന്ന്‌ കരുതുന്നതില്‍ അര്‍ഥമില്ല. വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ തെളിവില്ലെന്ന കാരണത്താല്‍ കോടതികള്‍ തുടര്‍ച്ചയായി തള്ളിക്കളഞ്ഞപ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമായി. ഏതു നിമിഷവും പുതിയ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന ഭീതിയില്‍ കഴിഞ്ഞ ന്യൂനപക്ഷങ്ങള്‍ തങ്ങളിലേക്ക്‌ തന്നെ ഒതുങ്ങിക്കൂടാന്‍ തീരുമാനിക്കുക സ്വാഭാവികം. അതിന്റെ ഭാഗമായി ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലേക്ക്‌ താമസം മാറ്റിയവരും നിരവധി.


ഇതിനൊരു മറുവശമുണ്ട്‌. ഭീതിയില്‍ കഴിയുന്ന ന്യൂനപക്ഷങ്ങളെ സംഘടിതമായി കുടിയൊഴിപ്പിച്ചതാണത്‌. കൊലക്കത്തിയുടെ മുന്നിലാണെന്ന്‌ ഭീഷണിപ്പെടുത്തുമ്പോള്‍ കുടിയൊഴിയാതിരിക്കുന്നതെങ്ങനെ? ഇങ്ങനെ കുടിയൊഴിയേണ്ടിവന്നവര്‍ സ്വന്തം മതത്തില്‍പ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തേക്ക്‌ മാറുകയാണ്‌ ചെയ്‌തത്‌. ഈ സാഹചര്യം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടിയിരുന്ന മോഡി സര്‍ക്കാര്‍ ഇത്രയും നാള്‍ യാതൊന്നും ചെയ്‌തില്ല. അക്രമത്തിന്‌ ഇരയായവര്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നത്‌ വൈകിപ്പിക്കുകയും ചെയ്‌തു.



മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം എന്തുകൊണ്ട്‌ സംഭവിക്കുന്നുവെന്ന്‌ പഠിച്ചു മനസ്സിലാക്കേണ്ട കാര്യമൊന്നുമില്ലെന്ന്‌ ചുരുക്കം. എല്ലാവരുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഭരണകൂടം ഭൂരിപക്ഷ വര്‍ഗീയതക്കൊപ്പം നില്‍ക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ ഒരു ഭാഗത്തേക്ക്‌ ചേരിതിരിയുന്നത്‌ സ്വാഭാവികം മാത്രമാണ്‌. വര്‍ഗീയ അജന്‍ഡയുടെ കൂടെ നിന്നാല്‍ പ്രയോജനമുണ്ടെന്ന്‌ മനസ്സിലാക്കുന്ന ഭൂരിപക്ഷം അതിനെ അടിസ്ഥാനമാക്കിയും ചേരിതിരിയും. ഇത്‌ അറിയാതെയല്ല കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്‌. എന്താവും കമ്മീഷന്റെയും പഠനത്തിന്റെയും ഉദ്ദേശ്യം?


അതറിയണമെങ്കില്‍ കമ്മീഷനായി നിയമിക്കപ്പെട്ട ഹൈക്കോടതി മുന്‍ ജഡ്‌ജി ബി ജെ സേതനയുടെ ചരിത്രം കൂടി അറിയണം. വംശഹത്യക്കിടെ നടന്ന ബെസ്റ്റ്‌ ബേക്കറി കൂട്ടക്കൊലക്കേസില്‍ ആരോപണവിധേയരായ 21 പേരെയും വിട്ടയച്ച അതിവേഗ കോടതിയുടെ വിധി ശരിവെച്ച ഹൈക്കോടതി ബഞ്ചിന്‌ നേതൃത്വം നല്‍കിയത്‌ ഇതേ സേതനയായിരുന്നു. ഈ വിധി തള്ളിക്കളഞ്ഞ സുപ്രീം കോടതി മുംബൈയില്‍ പ്രത്യേക കോടതി സ്ഥാപിച്ച്‌ കേസ്‌ വിചാരണ ചെയ്യാന്‍ നിര്‍ദേശിച്ചു. പ്രത്യേക കോടതി 21 പ്രതികളെയും ശിക്ഷിക്കുകയും ചെയ്‌തു. ഗുജറാത്ത്‌ ഹൈക്കോടതിയിലെ സഹജഡ്‌ജി പി ബി മജുംദാരെ കയ്യേറ്റം ചെയ്‌തതിലും ആരോപണവിധേയനായിരുന്നു സേതന. മജുംദാരുടെ പരാതി പരിഗണിച്ച സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ സേതനയെ സ്ഥലം മാറ്റി. ഈ ഉത്തരവ്‌ സ്വീകരിക്കാതിരുന്ന സേതന രാജിവെച്ച്‌ ഒഴിഞ്ഞു. ഈ സേതനയെ കമ്മീഷനായി നിയോഗിച്ച നരേന്ദ്ര മോഡി 2011 ജനുവരി 31നകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ഗുജറാത്ത്‌ നിയമസഭാ തിരഞ്ഞെടുപ്പ്‌ നടക്കേണ്ടത്‌ 2012ലാണെന്നത്‌ ഓര്‍ക്കുക.



അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും ഇറക്കാനുള്ള വര്‍ഗീയ കാര്‍ഡ്‌ തയ്യാറാക്കുകയാണ്‌ മോഡി. 1947 മുതല്‍ ഗുജറാത്തിലേക്ക്‌ ന്യൂനപക്ഷങ്ങള്‍ കുടിയേറിയതിന്റെ കണക്ക്‌, അത്‌ സാമൂഹിക രംഗത്ത്‌ ഉളവാക്കിയ അസംതുലിതാവസ്ഥ, ന്യൂനപക്ഷ വിഭാഗങ്ങള്‍ സാമ്പത്തികമായി മുന്നേറ്റം കൈവരിച്ചത്‌ മൂലം ഭൂരിപക്ഷ വിഭാഗങ്ങളിലുണ്ടായ അപകര്‍ഷതാ ബോധം, അതുളവാക്കിയ ധ്രുവീകരണം എന്നിവയാവും സേതനയുടെ റിപ്പോര്‍ട്ടിലുണ്ടാവുക എന്ന്‌ ഇപ്പോഴേ പ്രവചിക്കാം. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ ഏതൊക്കെ എന്ന്‌ കൃത്യമായി അളന്ന്‌ തിരിച്ച്‌ രേഖപ്പെടുത്തുകയും ചെയ്യും കമ്മീഷന്‍. 2002 ആവര്‍ത്തിക്കാന്‍ അവസരം കിട്ടിയാല്‍ എവിടെയൊക്കെ സംഘടിതമായ ആക്രമണം നടത്താമെന്നത്‌ സംബന്ധിച്ച്‌ വ്യക്തമായ വിവരം മോഡിക്കും സംഘ്‌ പരിവാറിനും ലഭിക്കുമെന്ന്‌ ചുരുക്കം. ഗുജറാത്തില്‍ ഭരണം തുടരാനും കേന്ദ്രത്തില്‍ ഒറ്റക്ക്‌ അധികാരം പിടിക്കാനും ചോരപ്പുഴകള്‍ വേണ്ടിവരുമെന്ന്‌ നരേന്ദ്ര മോഡി മുന്‍കൂട്ടി കാണുന്നുവെന്ന്‌ ഭയക്കണം.


മഹാരാഷ്‌ട്രയിലേതും സമാനമായ അജന്‍ഡ തന്നെയാണ്‌. ഹിന്ദു പെണ്‍കുട്ടികളെ വശീകരിച്ച്‌ വിവാഹം കഴിക്കാനും ലൈംഗികമായി ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാനും മുസ്‌ലിം ആണ്‍കുട്ടികളെ ചില സംഘടനകള്‍ പ്രേരിപ്പിക്കുന്നുവെന്ന എസ്‌ എം എസ്‌ സന്ദേശം ഏറെക്കുറെ ആറ്‌ മാസം മുമ്പ്‌ കേരളത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നതാണ്‌. ഇതിനായി ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്നും ഹിന്ദു പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ കരുതിയിരിക്കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. സംഘപരിവാര്‍ സംഘടനകളുടെ നേതാക്കള്‍ തന്നെയാണ്‌ ഈ സന്ദേശങ്ങള്‍ അയച്ചിരുന്നത്‌. കേരളത്തില്‍ ഈ പ്രചാരണം ഏശിയില്ല. മഹാരാഷ്‌ട്രയിലും സമാനമായ പ്രചാരണം നടന്നുവെന്ന്‌ വേണം കരുതാന്‍. അതിന്റെ തുടര്‍ച്ചയായാണ്‌ ഈ വിഷയം ബി ജെ പിയിലെ രണ്ട്‌ എം എല്‍ എമാര്‍ നിയമസഭയില്‍ ഉന്നയിച്ചത്‌.


വ്യക്തമായ തെളിവുകളൊന്നുമില്ലാതെ ഉന്നയിക്കപ്പെട്ട ഈ ആരോപണത്തില്‍ അന്വേഷണത്തിന്‌ ഉത്തരവിടേണ്ട ആവശ്യം മഹാരാഷ്‌ട്ര സര്‍ക്കാറിനുണ്ടായിരുന്നില്ല. പക്ഷേ, ക്രൈം ബ്രാഞ്ചിനെക്കൊണ്ട്‌ അന്വേഷിപ്പിക്കുമെന്ന്‌ നിയമസഭയില്‍ അറിയിക്കുകയാണ്‌ ആഭ്യന്തര മന്ത്രിയായ ജയന്ത്‌ പാട്ടീല്‍ ചെയ്‌തത്‌. അതുവഴി ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ മാത്രം ഉദ്ദേശിച്ചുള്ള ഒരു ആരോപണത്തിന്‌ അംഗീകാരം നല്‍കുകയാണ്‌ മഹാരാഷ്‌ട്രയിലെ എന്‍ സി പി - കോണ്‍ഗ്രസ്‌ സഖ്യ സര്‍ക്കാര്‍ ചെയ്‌തത്‌. ആഭ്യന്തരമന്ത്രിയുടെ നിലപാടിനെ തള്ളിക്കളയാന്‍ കോണ്‍ഗ്രസിന്റെയോ എന്‍ സി പിയുടെയോ നേതൃത്വം തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്‌.


മഹാരാഷ്‌ട്രയില്‍ വരുന്ന ഒക്‌ടോബറോടെ നിയമസഭാ തിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്നു. വലിയ വെല്ലുവിളി നേരിടുന്ന ബി ജെ പി - ശിവസേനാ സഖ്യത്തിന്‌ വര്‍ഗീയത ആളിക്കത്തിക്കേണ്ടത്‌ അനിവാര്യമാണ്‌. അതിന്‌ മുന്നോട്ടുവെക്കുന്ന ആയുധങ്ങളിലൊന്നായി വേണം ഈ ആരോപണത്തെ കാണാന്‍. ആരോപണത്തിന്‌ അംഗീകാരം നല്‍കി അന്വേഷണത്തിന്‌ ഉത്തരവിടുമ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുക എന്ന നിലപാട്‌ കോണ്‍ഗ്രസ്‌ - എന്‍ സി പി സര്‍ക്കാറും സ്വീകരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക്‌ മത്സരിക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചാല്‍ സംസ്ഥാനത്ത്‌ പിടിച്ചുനില്‍ക്കാന്‍ എന്‍ സി പിക്ക്‌ ഭൂരിപക്ഷ വര്‍ഗീയതയെ കൂട്ടുപിടിക്കേണ്ടി വന്നേക്കും. അത്‌ പാര്‍ട്ടി മുന്‍കൂട്ടിക്കാണുന്നതിന്റെ പ്രതീകം കൂടിയാവാം ജയന്ത്‌ പാട്ടീലിന്റെ പ്രഖ്യാപനം. എന്തായാലും വര്‍ഗീയതയെ നേരിടുന്നുവെന്ന്‌ പറയുന്നവര്‍ തന്നെ അതിന്റെ ഉപയോക്തക്കളാവുന്ന കാഴ്‌ചയാണ്‌ ഇവിടെ.


ക്ഷീണാവസ്ഥയിലായ ബി ജെ പി. അവര്‍ നേതൃത്വം നല്‍കുന്ന എന്‍ ഡി എ നേരിട്ട തകര്‍ച്ച. നിലവിലുള്ള ഘടകകക്ഷികളില്‍ പ്രധാനപ്പെട്ട ജനതാദള്‍ യുനൈറ്റഡ്‌, സഖ്യം ഉപേക്ഷിച്ചേക്കുമെന്ന സൂചന. ബി ജെ പിക്ക്‌ അധികാരത്തിലേക്ക്‌ തിരിച്ചെത്താനുള്ള പാത ദുര്‍ഘടമാണ്‌. തീവ്ര വര്‍ഗീയ നിലപാടുകളിലൂടെ വലിയൊരു ധ്രുവീകരണമുണ്ടാവേണ്ടത്‌ അധികാരം പിടിക്കാന്‍ അനിവാര്യമാവുന്നു. ഹിന്ദുത്വയില്‍ ഊന്നണമെന്ന ആര്‍ എസ്‌ എസ്സിന്റെ കല്‍പ്പന ഇവിടെ അര്‍ഥവത്തുമാണ്‌. ഗുജറാത്തും മഹാരാഷ്‌ട്രയും പുതിയ പരീക്ഷണശാലകളാവാനുള്ള സാധ്യത ഏറെയാണ്‌. കരുതിയിരിക്കേണ്ടവര്‍ അലംഭാവം കാട്ടുമ്പോള്‍ പരീക്ഷണത്തിനുള്ള ശ്രമങ്ങള്‍ക്ക്‌ വേഗം കൂടുകയും ചെയ്‌തേക്കാം.

2009-07-06

മന്‍മോഹനല്ല മുഖര്‍ജി


ഡോ. മന്‍മോഹന്‍ സിംഗ്‌, പി ചിദംബരം എന്നിവരില്‍ നിന്ന്‌ താന്‍ എങ്ങനെ വ്യത്യസ്‌തനാകുന്നു എന്ന്‌ തെളിയിക്കുന്നതാണ്‌ പ്രണാബ്‌ കുമാര്‍ മുഖര്‍ജി അവതരിപ്പിച്ച രണ്ടാം യു പി എ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്‌. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും റെയില്‍വേ ബജറ്റും മുന്നോട്ടുവെച്ച സര്‍വതന്ത്ര സ്വകാര്യവത്‌കരണത്തിന്റെയും ഉദാരവത്‌കരണത്തിന്റെയും പാതയില്‍ നിന്ന്‌ ഒരു പരിധിവരെ മാറി നടക്കുകയാണ്‌ പ്രണാബ്‌ മുഖര്‍ജി ചെയ്‌തത്‌. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജനവിധിയുടെ വികാരം ഉള്‍ക്കൊണ്ടതാവാം ഇതിന്‌ കാരണം. ഇതേ പാത വരും വര്‍ഷങ്ങളില്‍ തുടരുമോ എന്നത്‌ വ്യക്തമല്ല. പക്ഷേ, ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ ഏതളവില്‍ ബാധിച്ചേക്കാമെന്ന്‌ മനസ്സിലാക്കി പ്രതികരിക്കാന്‍ ധനമന്ത്രി തയ്യാറായിരിക്കുന്നു.


പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുമെന്ന്‌ ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌. പക്ഷേ, അതിന്‌ നിശ്ചിതമായ ഒരു രീതി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്‌. 51 ശതമാനം ഓഹരി സര്‍ക്കാറില്‍ നിലനിര്‍ത്തി, ബാക്കി രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വിറ്റഴിക്കാനാണ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വകാര്യ കമ്പനികള്‍ക്ക്‌ പങ്കാളിത്തം നല്‍കാതെ ഓഹരി വില്‍ക്കാനും അതിലൂടെ വരുമാനം ഉണ്ടാക്കാനുമാണ്‌ ധനമന്ത്രി ലക്ഷ്യമിടുന്നത്‌. ഇത്‌ ഇതുവരെ തുടര്‍ന്നുവന്ന ഓഹരി വിറ്റഴിക്കല്‍ രീതികളില്‍ നിന്നുള്ള മാറ്റമായി കാണേണ്ടിവരും.


രാജ്യത്തിന്റെ ധനക്കമ്മിയും വരുമാനക്കമ്മിയും ഉയരുന്നത്‌ ഗുരുതരമായ സാമ്പത്തിക പ്രശ്‌നമായി വിലയിരുത്തിക്കൊണ്ടുള്ള ധനകാര്യ മാനേജ്‌മെന്റാണ്‌ സാമ്പത്തിക പരിഷ്‌കാര നടപടികളുടെ വക്താക്കളായ ചിദംബരം അടക്കമുള്ള മന്ത്രിമാര്‍ പിന്തുടര്‍ന്നിരുന്നത്‌. ഇതില്‍ നിന്ന്‌ മാറിനില്‍ക്കുന്നു പ്രണാബ്‌. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ 6.8 ശതമാനമായി ധനക്കമ്മി ഉയരുമെന്നു ധനമന്ത്രി പ്രഖ്യാപിക്കുന്നു. ധനക്കമ്മി വര്‍ധിക്കുമെന്ന ന്യായം പറഞ്ഞ്‌ സാമൂഹികക്ഷേമ പദ്ധതികള്‍ക്കുള്ള ചെലവ്‌ വെട്ടിച്ചുരുക്കുന്നില്ല.


വരുമാനക്കമ്മിയെക്കുറിച്ചും അദ്ദേഹം വ്യാകുലപ്പെടുന്നില്ല. പരോക്ഷ നികുതികളുടെ വര്‍ധനയിലൂടെ 2,000 കോടി രൂപ മാത്രമാണ്‌ അധിക വരുമാനം ലക്ഷ്യമിടുന്നത്‌. ബജറ്റ്‌ ചെലവ്‌ പത്ത്‌ ലക്ഷം കോടിയിലേറെയാണ്‌. ആകെ പ്രതീക്ഷിക്കുന്ന വരുമാനം ആറു ലക്ഷം കോടിയിലേറെ മാത്രം. അതായത്‌ വലിയൊരു കമ്മി പ്രതീക്ഷിക്കുന്നുണ്ട്‌. ധനകാര്യ മാനേജ്‌മെന്റ്‌ എന്നത്‌ ഒരു സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കിയുണ്ടാക്കേണ്ടതല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലുണ്ടാക്കേണ്ടതാണെന്ന കാഴ്‌ചപ്പാടാണ്‌ ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത്‌. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയില്‍ പ്രണാബിന്‌ വിശ്വാസമുണ്ട്‌. വരുമാനക്കമ്മി വരും വര്‍ഷങ്ങളില്‍ കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്‌. അതിനാലാണ്‌ വരുമാനക്കമ്മിയെക്കുറിച്ച്‌ അദ്ദേഹം അത്രയധികം വ്യാകുലപ്പെടാത്തത്‌ എന്ന്‌ കരുതേണ്ടിവരും.


ആദ്യ യു പി എ സര്‍ക്കാര്‍ നടപ്പാക്കിയ ഗ്രാമീണ തൊഴിലുറപ്പ്‌ പോലുള്ള പദ്ധതികള്‍ക്ക്‌ തുക നീക്കിവെക്കാന്‍ ഇടക്കാല ബജറ്റില്‍ ധനമന്ത്രി തയ്യാറായിരുന്നു. പക്ഷേ, അത്‌ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഏത്‌ വിധത്തില്‍ ഉപയുക്തമാവുമെന്നത്‌ സംബന്ധിച്ച്‌ വ്യക്തതയുണ്ടായിരുന്നില്ല. പൊതുബജറ്റില്‍ ഇത്തരം അവ്യക്തതകള്‍ നീങ്ങുന്നുണ്ട്‌. പ്രതിസന്ധിയുടെ ആഘാതം ഏറെ അനുഭവിക്കേണ്ടിവരിക തൊഴിലാളികളും സാധാരണക്കാരുമാണെന്ന തിരിച്ചറിവ്‌ ബജറ്റ്‌ നിര്‍ദേശങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്‌ അടിസ്ഥാനമായിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ഗ്രാമീണ, നഗര മേഖലകളിലെ നിര്‍മാണ മേഖലക്ക്‌ കൂടുതല്‍ തുക നീക്കിവെക്കാന്‍ പ്രണാബ്‌ തയ്യാറായത്‌. ഭാരത്‌ നിര്‍മാണ്‍ പദ്ധതിക്ക്‌ അനുവദിച്ചിരിക്കുന്ന തുക 49 ശതമാനമാണ്‌ വര്‍ധിപ്പിച്ചിരിക്കുന്നത്‌. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ്‌ നിര്‍മാണ്‍ പദ്ധതിയുടെ വിഹിതം 59 ശതമാനം വര്‍ധിപ്പിച്ചു. രാജീവ്‌ ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതിക്ക്‌ 7000 കോടി രൂപ നീക്കിവെച്ചു. ഗ്രാമീണ ഭവന നിര്‍മാണ പദ്ധതിയായ ഇന്ദിരാ ആവാസ്‌ യോജനക്ക്‌ 63 ശതമാനം തുക അധികമായി അനുവദിച്ചു. ഗ്രാമീണ തൊഴില്‍ ഉറപ്പ്‌ പദ്ധതിക്ക്‌ 39,100 കോടി രൂപയാണ്‌ വകയിരുത്തിയത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്‌ 144 ശതമാനം അധികമാണ്‌ ഈ തുക. പദ്ധതിയനുസരിച്ചുള്ള കുറഞ്ഞ കൂലി 100 രൂപയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനവും മന്ത്രി നടത്തി. ദേശീയപാതാ വികസനത്തിനുള്ള തുക 24 ശതമാനവും ജലസേചന പദ്ധതികളുടെ നിര്‍മാണത്തിനുള്ള തുകയില്‍ 75 ശതമാനവും വര്‍ധിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു നഗര വികസന പദ്ധതിക്ക്‌ 87 ശതമാനം അധിക വിഹിതമാണ്‌ അനുവദിച്ചത്‌. ഇത്തരം നിര്‍ദേശങ്ങളെല്ലാം സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ വര്‍ധിപ്പിക്കുന്നതിനുള്ള പരോക്ഷ നടപടികളായി കാണേണ്ടിവരും.


സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ ഉയര്‍ത്തുന്നതിന്‌ ധന, ഊഹ, റിയല്‍ എസ്റ്റേറ്റ്‌ വിപണികളെ സജീവമാക്കി നിര്‍ത്താനാണ്‌ മുന്‍കാലങ്ങളില്‍ ശ്രമിച്ചിരുന്നത്‌. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിലൂടെ ധനവിപണിയെ ഊര്‍ജസ്വലമാക്കാമെന്ന്‌ ധനമന്ത്രി കണക്കു കൂട്ടുന്നു. ദേശീയപാതാ വികസനം, ജലസേചന പദ്ധതികളുടെ നിര്‍മാണം ത്വരിതപ്പെടുത്തല്‍, പ്രധാനമന്ത്രിയുടെ റോഡ്‌ വികസന പദ്ധതി തുടങ്ങിയവക്ക്‌ കൂടുതല്‍ പണം അനുവദിക്കുന്നതിലൂടെ ഈ മേഖലയില്‍ കൂടുതല്‍ തൊഴിലുകള്‍ സംജാതമാകും. അത്‌ ചെറുകിട, ഇടത്തരം വിപണികളില്‍ കൂടുതല്‍ പണം എത്തിക്കും. സമ്പന്ന വിഭാഗങ്ങള്‍ ആശ്രയിക്കുന്ന വന്‍കിട വിപണികളിലെ ധനമൊഴുക്കിനേക്കാള്‍ ഉപരി ചെറുകിട, ഇടത്തരം വിപണികളില്‍ പണമെത്തിക്കാനാണ്‌ ധനമന്ത്രി ലക്ഷ്യമിട്ടത്‌ എന്നത്‌ പ്രധാനപ്പെട്ട ഒരു നയ വ്യതിയാനമായി കാണേണ്ടിവരും. സാമ്പത്തിക വളര്‍ച്ചയുടെ നിരക്ക്‌ ഉയര്‍ത്തുന്നതില്‍ നിര്‍മാണ മേഖലക്കുള്ള പങ്ക്‌ ധനമന്ത്രി കുറച്ചു കാണുന്നില്ല. അതിനു കൂടി ലക്ഷ്യമിട്ടാണ്‌ ഗ്രാമ, നഗര പ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനായി ഇത്തരത്തില്‍ കൂടുതല്‍ പണം നീക്കിവെച്ചിരിക്കുന്നത്‌. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക്‌ നികുതി ആനുകൂല്യങ്ങള്‍ നല്‍കാന്‍ തയ്യാറായതും ഗ്രാമീണ മേഖലയെയും ഇടത്തരം നഗരങ്ങളെയും ലക്ഷ്യമിട്ടു തന്നെയാണ്‌.


കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുത്തനെയുണ്ടായ ഇടിവ്‌ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ മേഖലയില്‍ നാല്‌ ശതമാനം വളര്‍ച്ചാ നിരക്ക്‌ ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്‌. കാര്‍ഷിക മേഖലയിലെ വായ്‌പക്കായി 3.25 ലക്ഷം കോടി രൂപയാണ്‌ നീക്കിവെച്ചിരിക്കുന്നത്‌. കൃത്യമായ വായ്‌പാ തിരിച്ചടവ്‌ നടത്തുന്നവര്‍ക്ക്‌ പലിശ നിരക്ക്‌ ഇളവ്‌ ചെയ്യാനുള്ള നിര്‍ദേശവും ഈ മേഖലക്കു ഗുണകരമാണ്‌. പക്ഷേ, വളം സബ്‌സിഡിയുടെ രീതി മാറ്റാനുള്ള നിര്‍ദേശം ആശങ്ക ജനിപ്പിക്കുന്നുണ്ട്‌. കര്‍ഷകര്‍ക്ക്‌ നേരിട്ട്‌ സബ്‌സിഡി ലഭ്യമാക്കാനാണ്‌ പുതിയ നിര്‍ദേശം. കമ്പനികള്‍ സബ്‌സിഡി നിരക്കില്‍ വളം വിതരണം ചെയ്യുകയും സബ്‌സിഡി തുക കമ്പനികള്‍ക്ക്‌ സര്‍ക്കാര്‍ നല്‍കുകയും ചെയ്യുന്ന രീതി മാറും. അര്‍ഹരായ കര്‍ഷകര്‍ക്ക്‌ മാത്രമായി സബ്‌സിഡി പരിമിതപ്പെടുത്താനുള്ള ശ്രമത്തിന്റെ മുന്നോടിയായി വേണം ഈ നടപടിയെ കാണാന്‍.


സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം പട്ടിക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ലഭിക്കുമ്പോള്‍ തന്നെ അവരെ പ്രത്യേകം അഭിസംബോധന ചെയ്യാനും ബജറ്റ്‌ ശ്രമിച്ചിരിക്കുന്നു. പട്ടിക വിഭാഗങ്ങള്‍ക്ക്‌ മുന്‍തൂക്കമുള്ള ആയിരം ഗ്രാമങ്ങള്‍ തിരഞ്ഞെടുത്ത്‌ ആദര്‍ശ ഗ്രാമങ്ങളായി വികസിപ്പിക്കുമെന്ന പ്രഖ്യാപനം ഉദാഹരണം. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ വിഹിതം 1000 കോടിയില്‍ നിന്ന്‌ 1,740 കോടിയായി ഉയര്‍ത്തി. ഇതില്‍ 994 കോടി രൂപ ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തിരഞ്ഞെടുത്ത ജില്ലകളില്‍ ബഹുതല വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനു മാത്രമുള്ളതാണ്‌. എല്ലാതരം വിദ്യാഭ്യാസ വായ്‌പകള്‍ക്കും പലിശ സബ്‌സിഡി നല്‍കാനുള്ള തീരുമാനവും സ്‌ത്രീകള്‍ക്ക്‌ പ്രത്യേക സാക്ഷരതാ പദ്ധതി പ്രഖ്യാപിച്ചതും പൊതുവെ സ്വാഗതം ചെയ്യപ്പെടും.


വന്‍തോതിലുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കും വേഗത്തിലുള്ള ഉദാരവത്‌കരണത്തിനുമാണ്‌ സാമ്പത്തിക സര്‍വേ നിര്‍ദേശിച്ചിരുന്നത്‌. കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങളുടെ ആദായ നികുതി മാനദണ്ഡം പരിഷ്‌കരിക്കണമെന്ന്‌ സര്‍വേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ ആനുകൂല്യത്തിന്‌ ധനമന്ത്രി തയ്യാറായില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനക്ക്‌ വ്യക്തമായ മാനദണ്ഡവും സാമ്പത്തിക സര്‍വേ നിര്‍ദേശിച്ചിരുന്നു. ഇത്‌ പൂര്‍ണമായി അംഗീകരിക്കാന്‍ ധനമന്ത്രി തയ്യാറായില്ല. ഇന്‍ഷ്വറന്‍സ്‌ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനമായി ഉയര്‍ത്തുക, ബേങ്കിംഗ്‌, ചില്ലറ വില്‍പ്പന മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുക എന്നീ നിര്‍ദേശങ്ങളും സാമ്പത്തിക സര്‍വേ മുന്നോട്ടുവെച്ചിരുന്നു. ഈ നിര്‍ദേശങ്ങളെ പാടേ തള്ളിക്കളയുകയാണ്‌ പ്രണാബ്‌ ചെയ്‌തത്‌. ബേങ്കിംഗ്‌, ഇന്‍ഷ്വറന്‍സ്‌ രംഗം പൊതുമേഖലയില്‍ നിലനിര്‍ത്തുമെന്ന നയപരമായ പ്രഖ്യാപനം അദ്ദേഹം നടത്തുകയും ചെയ്‌തു.


ചെറിയൊരു പിന്‍നടത്തമാണ്‌ പ്രണാബ്‌ മുഖര്‍ജി നടത്തുന്നത്‌ എന്നത്‌ വ്യക്തമാണ്‌. അത്‌ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന്‌ തന്നെ മനസ്സിലാക്കാനാവും. ബേങ്കിംഗ്‌ മേഖലയെ പൊതുമേഖലയില്‍ നിലനിര്‍ത്തുമെന്ന്‌ പ്രഖ്യാപിച്ച അദ്ദേഹം 40 വര്‍ഷം മുമ്പ്‌ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ബേങ്കിംഗ്‌ മേഖലയെ ദേശസാത്‌കരിച്ചുകൊണ്ട്‌ നടത്തിയ വിപ്ലവകരമായ പരിഷ്‌കാരത്തെ പ്രത്യേകം എടുത്തു പറഞ്ഞു. ഇന്ദിരാ ഗാന്ധി ദീര്‍ഘ വീക്ഷണത്തോടെ നടപ്പാക്കിയ ഈ പരിഷ്‌കാരം മൂലമാണ്‌ ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ ബേങ്കിംഗ്‌ മേഖലയെ ബാധിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബേങ്കിംഗ്‌ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ കഴിഞ്ഞ യു പി എ സര്‍ക്കാറില്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത്‌ ശ്രമിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ എതിര്‍പ്പ്‌ മൂലമാണ്‌ അന്ന്‌ അത്‌ നടക്കാതെ പോയത്‌. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം ബേങ്കിംഗ്‌ മേഖലയെ ബാധിക്കാതിരുന്നത്‌ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ തങ്ങള്‍ എതിര്‍ത്തതുകൊണ്ടാണെന്ന്‌ ഇടതുപക്ഷം അവകാശപ്പെടുകയും ചെയ്‌തിരുന്നു. ഈ വാദത്തെ സാധൂകരിക്കുന്നത്‌ കൂടിയാണ്‌ പ്രണാബിന്റെ പ്രഖ്യാപനം.


പടിഞ്ഞാറിന്റെ സമ്പദ്‌മേഖലയെ അന്ധമായി അനുകരിച്ചിരുന്ന ഒരു കാലത്തില്‍ നിന്ന്‌ പരിഷ്‌കാരങ്ങളെ പൂര്‍ണമായി തള്ളിക്കളയാതെ, അടിസ്ഥാന പ്രശ്‌നങ്ങളെയും അടിസ്ഥാന ജനവിഭാഗങ്ങളെയും അഭിമുഖീകരിക്കുന്ന ഒരു കാലത്തിലേക്ക്‌ ചുവടുമാറ്റാനാണ്‌ പ്രണാബ്‌ ശ്രമിക്കുന്നത്‌. സമ്മിശ്ര സമ്പദ്‌വ്യവസ്ഥയെന്ന കോണ്‍ഗ്രസിന്റെ പഴയ സിദ്ധാന്തത്തിന്റെ ലാഞ്ചനകള്‍ ഈ ബജറ്റില്‍ കാണാനാകും. ഡോ. മന്‍മോഹന്‍ സിംഗിന്റെ അജന്‍ഡകളില്‍ നിന്ന്‌ തെന്നിമാറുമ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ അപ്രതീക്ഷിത നേട്ടത്തിന്‌ ശേഷം രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ച ഗ്രാമീണ അജന്‍ഡക്ക്‌ പ്രാധാന്യം ലഭിക്കുകയാണ്‌. കോണ്‍ഗ്രസില്‍ വരാനിരിക്കുന്ന അരിയിട്ടുവാഴ്‌ചക്കു കളമൊരുങ്ങുകയാണെന്നതാണ്‌ ഈ ബജറ്റിന്റെ രാഷ്‌ട്രീയം. അതുകൊണ്ടുതന്നെ വരും ബജറ്റുകളില്‍ പ്രണാബ്‌ സ്വീകരിക്കാന്‍ പോകുന്ന നിലപാടുകള്‍ ഇതില്‍ നിന്ന്‌ ഭിന്നമാകാന്‍ ഇടയില്ല.

2009-07-02

ഈ ബെല്ലോടെ നാടകത്തിന്റെ അവസാന രംഗം...


ഒരു `സ്വാശ്രയ നാടക'ത്തിന്റെ കൂടി അന്തിമ രംഗം ആടിത്തീരുകയാണ്‌. അഞ്ചു വര്‍ഷമായി ഓരോ അധ്യയന വര്‍ഷത്തിന്റെയും ആരംഭത്തിലെ പതിവ്‌ കാഴ്‌ചയായ നാടകം. സ്വാശ്രയ സ്ഥാപനങ്ങളിലേക്കും സെക്രട്ടേറിയറ്റിന്‌ മുന്നിലേക്കും മാര്‍ച്ച്‌ നടത്താന്‍ എസ്‌ എഫ്‌ ഐക്കാരില്ലെന്നതുമാത്രമാണ്‌ ആകെയുള്ള മാറ്റം. സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളില്‍ നീതിപൂര്‍വകമായ ഫീസ്‌ മാത്രമേ ഈടാക്കാന്‍ അനുവദിക്കൂ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്‌താവന ആദ്യം വന്നു. കോളജ്‌ നടത്തിക്കൊണ്ടുപോകാന്‍ പാകത്തില്‍ നിരക്ക്‌ വര്‍ധിപ്പിക്കണമെന്ന്‌ മാനേജുമെന്റുകള്‍ മറുപടി നല്‍കി. തുടര്‍ന്ന്‌ മന്ത്രിയുടെ അധ്യക്ഷതയില്‍ മാനേജ്‌മെന്റ്‌ പ്രതിനിധികളുമായി ചര്‍ച്ച. ഫീസ്‌ സംബന്ധിച്ച്‌ ഏറെക്കുറെ ധാരണയിലെത്തുകയും കരാറൊപ്പിടാന്‍ തീരുമാനിക്കുകയും ചെയ്‌തു. പൊടുന്നനെ എതിര്‍പ്പുകളുന്നയിച്ച്‌ സി പി ഐ വിദ്യാര്‍ഥി സംഘടനയായ എ ഐ എസ്‌ എഫ്‌ രംഗത്തെത്തി, പിന്നാലെ സി പി ഐയും. എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ ഒപ്പിടുന്നത്‌ മാറ്റിവെക്കാന്‍ മെഡിക്കല്‍ മാനേജുമെന്റുകള്‍ തീരുമാനിച്ചു. നാടകത്തില്‍ വരാനിരിക്കുന്ന രംഗങ്ങള്‍ ഇവയാണ്‌.


മാനേജ്‌മെന്റുകളുമായി വിദ്യാഭ്യാസ മന്ത്രിയുണ്ടാക്കിയ ധാരണകളെക്കുറിച്ച്‌ മന്ത്രിസഭയും ഇടതുമുന്നണിയും പതിവ്‌ ചര്‍ച്ച നടത്തും. ചില ചില്ലറ മാറ്റങ്ങളോടെ ധാരണകള്‍ അംഗീകരിക്കും. സ്വീകാര്യമല്ലാത്ത വ്യവസ്ഥകള്‍ ഇടതു മുന്നണി മുന്നോട്ടുവെച്ചാല്‍ പാറശ്ശാല മുതല്‍ തലശ്ശേരിവരെയുള്ള പള്ളികളില്‍ സഭാ നേതാക്കളുടെ ഇടയലേഖന വായന നടക്കും. അതോടെ സര്‍ക്കാര്‍ അനുരഞ്‌ജനത്തിന്‌ തയ്യാറാവും. തുടര്‍ന്ന്‌ കരാറില്‍ ഒപ്പ്‌ വെക്കുകയും ചെയ്യും. കരാറിനെ എതിര്‍ക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ എ ഐ എസ്‌ എഫ്‌ നേതാക്കള്‍ (ചിലപ്പോള്‍ എസ്‌ എഫ്‌ ഐ നേതാക്കളും) വാര്‍ത്താ സമ്മേളനം നടത്തുന്നതോടെ ഇക്കൊല്ലത്തെ `സ്വാശ്രയ നാടക'ത്തിന്‌ തിരശ്ശീല വീഴും. കരാര്‍ മാനേജുമെന്റുകളെ സഹായിക്കുന്നതും പാവപ്പെട്ടവരെ അവഗണിക്കുന്നതും ആണെന്നാരോപിച്ച്‌ സെക്രട്ടേറിയറ്റിന്‌ മുന്നിലേക്ക്‌ കെ എസ്‌ യു നടത്തുന്ന ഒരു പ്രകടനം ക്ലൈമാക്‌സിന്‌ കൊഴുപ്പ്‌ കൂട്ടുന്നതിനായി ഉള്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്‌.



ഇടതു, വലതു മുന്നണികള്‍ ഭരണത്തിലിരിക്കുമ്പോള്‍ അഭിനേതാക്കള്‍ മാറുന്നുവെന്ന വ്യത്യാസമേയുള്ളൂ. ചില അഭിനേതാക്കള്‍ സ്വീകരിക്കുന്ന വേഷത്തിലും മാറ്റമുണ്ടാവും. വലതു മുന്നണിയാണ്‌ ഭരണത്തിലെങ്കില്‍ കരാറിനെ തീക്ഷ്‌ണമായി എതിര്‍ത്ത്‌ തെരുവിലിറങ്ങുന്ന വേഷമായിരിക്കും എസ്‌ എഫ്‌ ഐക്ക്‌. എതിര്‍പ്പ്‌ വാര്‍ത്താ സമ്മേളനത്തിലൊതുക്കും കെ എസ്‌ യു. ഇടതുമുന്നണിയാണ്‌ ഭരണത്തിലെങ്കില്‍ ഈ സംഘടനകള്‍ വേഷം പരസ്‌പരം മാറും. ഉന്നത വിദ്യാഭ്യാസത്തിന്‌ യോഗ്യരായ പാവപ്പെട്ടവര്‍ക്ക്‌ കൂടുതല്‍ അവസരമൊരുക്കും വിധത്തില്‍ സ്വാശ്രയ കോളജുകളുടെ ഫീസ്‌ നിരക്ക്‌ നിശ്ചയിക്കണമെന്നാണ്‌ ഇരുമുന്നണികളുടെയും നേതാക്കള്‍ പരസ്യമായി പ്രഖ്യാപിക്കാറ്‌. പക്ഷേ, പ്രാബല്യത്തില്‍ വരുന്നത്‌ ഇതാകാറില്ലെന്നു മാത്രം.



സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശം, ഫീസ്‌ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം കേരളത്തില്‍ മാത്രമുള്ള ഒന്നല്ല. ഏറെക്കാലം മുമ്പ്‌ തന്നെ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിച്ച കര്‍ണാടക, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമയുദ്ധങ്ങള്‍ നടന്നിരുന്നു, ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഉണ്ണിക്കൃഷ്‌ണന്‍, ടി എം എ പൈ, പി എ ഇനാംദാര്‍ തുടങ്ങിയ പേരുകളില്‍ പ്രമാദമായ കേസുകളും വിധികളും ഇതേത്തുടര്‍ന്നുണ്ടായിട്ടുണ്ട്‌. തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ഈ വിധികളില്‍ അനുകൂലമായവ ഉയര്‍ത്തിക്കാട്ടാന്‍ വിദ്യാര്‍ഥി സംഘടനകളും മാനേജുമെന്റുകളും ശ്രമിക്കുകയും ചെയ്യും. മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന്‌ ഭിന്നമായ ചില കാര്യങ്ങള്‍ കേരളത്തിലുണ്ട്‌. ലാഭം മാത്രം മുന്നില്‍ കാണുന്ന സ്വാശ്രയ മാനേജുമെന്റുകള്‍ സൗകര്യപൂര്‍വം മറക്കാന്‍ ശ്രമിക്കുന്ന ചില യാഥാര്‍ഥ്യങ്ങള്‍. രാഷ്‌ട്രീയ പാര്‍ട്ടികളും ഇത്‌ മറക്കാന്‍ ഇഷ്‌ടപ്പെടുന്നുവെന്നതാണ്‌ വൈരുധ്യം.



2001ലെ എ കെ ആന്റണി സര്‍ക്കാറാണ്‌ സംസ്ഥാനത്ത്‌ സ്വകാര്യ സ്വാശ്രയ കോളജുകള്‍ ആരംഭിക്കുന്നതിന്‌ അനുമതി നല്‍കിയത്‌. കേരളത്തിലെ വിദ്യാര്‍ഥികള്‍ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും പോയി ലക്ഷങ്ങള്‍ മുടക്കി പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നുവെന്നും ആ പണം കേരളത്തില്‍ തന്നെ നിലനിര്‍ത്തുന്നതിന്‌ സ്വാശ്രയ കോളജുകള്‍ അനിവാര്യമാണെന്നുമായിരുന്നു വാദം. ഇതു സംബന്ധിച്ച്‌ വിവിധ വിഭാഗങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ അനിഷേധ്യമായ സ്ഥാനം അലങ്കരിക്കുന്ന ക്രൈസ്‌തവസഭകള്‍ക്ക്‌ ചര്‍ച്ചകളില്‍ മുന്‍തൂക്കമുണ്ടായതില്‍ അത്ഭുതമില്ല. അമ്പത്‌ ശതമാനം സീറ്റില്‍ സര്‍ക്കാര്‍ തയ്യാറാക്കുന്ന മെറിറ്റ്‌ ലിസ്റ്റിലെ വിദ്യാര്‍ഥികള്‍ക്ക്‌ പ്രവേശം അനുവദിക്കണമെന്നും അവരില്‍ നിന്ന്‌ സര്‍ക്കാര്‍ കോളജിലെ ഫീസ്‌ മാത്രമേ ഈടാക്കാവൂ എന്നും ആന്റണി സര്‍ക്കാര്‍ വ്യവസ്ഥ വെച്ചു. സഭയുടെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതംഗീകരിച്ചു.


മാന്യന്‍മാര്‍ തമ്മിലുള്ള കരാറായാതിനാല്‍ ഇക്കാര്യം രേഖീയമാക്കേണ്ടെന്ന്‌ തീരുമാനിച്ചുവെന്നാണ്‌ ആന്റണി പിന്നീട്‌ പറഞ്ഞത്‌. കോളജുകള്‍ അനുവദിച്ചു കഴിഞ്ഞതോടെ പലരുടെയും നിറം മാറാന്‍ തുടങ്ങി. ആദ്യം നിറം മാറിയത്‌ സഭയുടെ നിയന്ത്രണത്തില്‍ തന്നെയുള്ള കോളജ്‌ മാനേജ്‌മെന്റിന്റെതാണ്‌. കോളജ്‌ നടത്തിക്കൊണ്ടുപോകാന്‍ പാകത്തില്‍ ഫീസ്‌ ഈടാക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അവര്‍ ഹൈക്കോടതിയെ സമീപിച്ചു, അനുകൂല വിധി നേടി. പിന്നീട്‌ യു ഡി എഫ്‌ സര്‍ക്കാര്‍ സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന്‌ നിയമം കൊണ്ടുവന്നു. അത്‌ കോടതി സ്റ്റേ ചെയ്‌തു. യു ഡി എഫിന്റെ സ്വാശ്രയ നയത്തിനെതിരെ പോരടിച്ചിരുന്ന ഇടതുപക്ഷം തുടര്‍ന്ന്‌ അധികാരത്തിലെത്തി. അവര്‍ പുതിയ നിയമം കൊണ്ടുവന്നു. അതും കോടതി സ്റ്റേ ചെയ്‌തു. നിയമമുണ്ടാക്കിയതിലെ പാളിച്ചയാണ്‌ സ്റ്റേ ചെയ്യാന്‍ കാരണമെന്ന്‌ അതാത്‌ കാലത്ത്‌ എതിര്‍ മുന്നണികള്‍ ആരോപിക്കുകയും ചെയ്‌തു.



അമ്പത്‌ ശതമാനം സര്‍ക്കാര്‍ സീറ്റ്‌ അനുവദിക്കാമെന്നത്‌ അംഗീകരിച്ചിരുന്നുവെന്ന കാര്യം മാനേജ്‌മെന്റുകളും ഈ പ്രശ്‌നത്തില്‍ രണ്ടാം വിമോചന സമരത്തിന്‌ വരെ ആഹ്വാനം നല്‍കിയ ബിഷപ്പുമാരും ഓര്‍ക്കാറേയില്ല. ഇപ്പോള്‍ ഇടത്‌, വലത്‌ മുന്നണികളും ഇക്കാര്യം ഓര്‍ക്കുന്നില്ല. രണ്ട്‌ നിയമങ്ങള്‍ സംസ്ഥാന നിയമസഭ പാസ്സാക്കിയിരുന്നുവെന്നതും ഇവരുടെ ഓര്‍മകളില്‍ ഉണ്ടെന്ന്‌ തോന്നുന്നില്ല. അതുണ്ടായിരുന്നുവെങ്കില്‍ നിയമം ചോദ്യംചെയ്‌ത്‌ സമര്‍പ്പിച്ച ഹരജികളില്‍ വൈകാതെ തീര്‍പ്പുണ്ടാകണമെന്ന്‌ കാണിച്ച്‌ ഒരപേക്ഷയെങ്കിലും സുപ്രീം കോടതിയില്‍ നല്‍കുമായിരുന്നല്ലോ. സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നാണ്‌ ഇടക്കാലത്ത്‌ ഇടതുമുന്നണി ആവശ്യപ്പെട്ടിരുന്നത്‌. ഇടത്‌ പിന്തുണയോടെ യു പി എ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഇതിന്‌ ശ്രമിക്കാന്‍ അവര്‍ തയ്യാറായില്ല.


ഇപ്പോള്‍ കോണ്‍ഗ്രസിന്റെ 13 എം പിമാര്‍ ലോക്‌സഭയിലുണ്ട്‌. ആറ്‌ കേന്ദ്രമന്ത്രിമാരും. സ്വാശ്രയ മേഖലയെ നിയന്ത്രിക്കുന്നതിന്‌ നിയമം കൊണ്ടുവരാന്‍ ഇവര്‍ക്ക്‌ സമ്മര്‍ദം ചെലുത്താം. അവര്‍ അത്‌ ചെയ്യുമെന്ന്‌ പ്രതീക്ഷിക്കാന്‍ വയ്യ. വിദേശ സര്‍വകലാശാലകള്‍ക്ക്‌ അനുമതി നല്‍കാനും വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം അനുവദിക്കാനും മന്‍മോഹന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടുമ്പോള്‍ ഈ ആവശ്യം മുന്നോട്ടുവെക്കാന്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ എം പിമാര്‍ക്ക്‌ കഴിയുകയേ ഇല്ല.


പ്രവേശത്തിന്‌ തലവരി വാങ്ങുന്ന സംഭവവും മറവിയുടെ പട്ടികയിലുണ്ട്‌. സംസ്ഥാനത്തെ ഏറെക്കുറെ എല്ലാ സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലും തലവരി നിലനില്‍ക്കുന്നുവെന്നത്‌ ആരോപണമല്ല. തലവരി വാങ്ങുന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുമെന്ന ഭീഷണികള്‍ ഇടക്കിടെ സര്‍ക്കാര്‍ പുറപ്പെടുവിക്കാറുണ്ട്‌. ഇക്കാലത്തിനിടെ തലവരി വാങ്ങിയ ഒരു കേസ്‌ പോലും പുറത്തുവന്നിട്ടില്ല എന്ന വസ്‌തുത മുന്നില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാറിന്റെ ഭീഷണിയുടെ ആഴം ബോധ്യമാവും. സര്‍ക്കാറിനെതിരെ മാത്രമല്ല തലവരിക്കെതിരെയും ഇടയലേഖനം പുറപ്പെടുവിച്ചിരുന്നു ക്രിസ്‌തീയ സഭ. എന്നാല്‍ ഈ ഇടയലേഖനം മറക്കാനാണ്‌ സഭകള്‍ക്ക്‌ കീഴിലുള്ള സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഇഷ്‌ടപ്പെടുന്നത്‌. ഈ കോളജുകളിലെ അടിസ്ഥാന സൗകര്യത്തെക്കുറിച്ചോ അധ്യാപന നിലവാരത്തെക്കുറിച്ചോ ആരും ഉത്‌കണ്‌ഠ പ്രകടിപ്പിച്ച്‌ കാണാറില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ പാട്ടിലാക്കുക മാനേജ്‌മെന്റുകള്‍ക്ക്‌ പ്രയാസമുള്ള കാര്യവുമല്ല. ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടാല്‍ ജാതി, മത വികാരത്തിന്റെ പരിച ഫലപ്രദമായി ഉപയോഗിക്കപ്പെടും. ഈടാക്കുന്ന ഫീസിന്‌ ആനുപാതികമായ നിലവാരം കോളജുകള്‍ക്ക്‌ ഉണ്ടെന്ന്‌ ഉറപ്പാക്കാന്‍ പോലും കഴിയാത്ത സര്‍ക്കാറുകള്‍ ആരോടാണ്‌ പ്രതിബദ്ധത കാട്ടുന്നത്‌ എന്ന്‌ മനസ്സിലാക്കുക എളുപ്പമാണ്‌.



അമ്പത്‌ ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ്‌ അംഗീകരിച്ചാല്‍ കോളജുകള്‍ നടത്തിക്കൊണ്ടുപോകുന്നതിന്‌ മാനേജ്‌മെന്റ്‌ സീറ്റില്‍ വലിയ തുക ഫീസായി ഈടാക്കേണ്ടിവരുമെന്നും അങ്ങനെവന്നാല്‍ കോളജുകളിലേക്ക്‌ കുട്ടികളെ കിട്ടില്ലെന്നുമുള്ള വാദമാണ്‌ ആന്റണി സര്‍ക്കാറിന്റെ കാലത്ത്‌ മാനേജ്‌മെന്റുകള്‍ ഉന്നയിച്ചത്‌. ലക്ഷങ്ങള്‍ തലവരി നല്‍കി സീറ്റ്‌ വാങ്ങാന്‍ രക്ഷാകര്‍ത്താക്കള്‍ ധാരാളമുള്ളപ്പോള്‍ മാനേജ്‌മെന്റ്‌ സീറ്റില്‍ ഫീസുയര്‍ന്നാല്‍ കുട്ടികളെ കിട്ടില്ലെന്നത്‌ അവിശ്വസനീയമാണ്‌. ഉയര്‍ന്ന ഫീസിനൊപ്പം തലവരി കൂടി വാങ്ങാന്‍ സൗകര്യം ലഭിക്കണമെന്നതായിരുന്നു മാനേജ്‌മെന്റുകളുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ജനങ്ങളുടെ മുമ്പാകെ കൂട്ടായി ഉന്നയിക്കാന്‍ നമ്മുടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തയ്യാറാവാത്തതാണ്‌ സ്വാശ്രയ പ്രശ്‌നത്തെ ഇത്രത്തോളം വലുതാക്കിയത്‌. മാനേജ്‌മെന്റുകള്‍ വാക്ക്‌ മാറിയതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായതെന്ന വസ്‌തുത ജനകീയ വിഷയമാക്കാന്‍ ശ്രദ്ധിച്ചതുമില്ല.


നിയമപരമായി നേരിടുന്നതിന്‌ പകരം സാമൂഹികമായ ഒരു സമ്മര്‍ദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആഗ്രഹിച്ചതുമില്ല. പകരം വിദ്യാര്‍ഥികളെ തെരുവിലേക്ക്‌ ഇറക്കിവിട്ടു. സമരം അക്രമാസക്തമായപ്പോള്‍ മാനേജ്‌മെന്റുകള്‍ക്ക്‌ മേല്‍ക്കോയ്‌മയുണ്ടായി. സാധാരണക്കാരുടെ വിദ്യാഭ്യാസ അവകാശത്തിന്‌ വേണ്ടിയുള്ള സമരം ക്രൈസ്‌തവര്‍ക്കെതിരായ സമരമാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ സഭാ നേതൃത്വങ്ങള്‍ക്ക്‌ അവസരമുണ്ടാക്കിക്കൊടുത്തു. ന്യൂനപക്ഷ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നു എന്ന മുറവിളിക്ക്‌ വിശ്വാസ്യത കൈവരികയും ചെയ്‌തു. ഇതില്‍ കൊടിഭേദമില്ലാതെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും പങ്കാളികളാണ്‌. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ അവസരങ്ങള്‍ നിലനിര്‍ത്തണമെന്ന പ്രഖ്യാപനത്തില്‍ ഇവര്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ ഇനിയെങ്കിലും യോജിച്ച്‌ നീങ്ങാനുള്ള ഇച്ഛാശക്തി കാട്ടുകയാണ്‌ വേണ്ടത്‌.


കോളജുകള്‍ നടത്തിക്കൊണ്ടുപോകാന്‍ പാകത്തിലുള്ള വരുമാനം മാനേജ്‌മെന്റുകള്‍ക്ക്‌ ഉറപ്പാക്കിക്കൊണ്ട്‌ പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കണം. ലാഭമുണ്ടാക്കാനല്ല കോളജുകള്‍ എന്ന വസ്‌തുത അതിന്റെ നടത്തിപ്പുകാരെക്കൊണ്ട്‌ അംഗീകരിപ്പിക്കണം. അല്ലെങ്കില്‍ സമഗ്രവും നീതിയുക്തവുമായ ഒരു കേന്ദ്ര നിയമത്തിന്‌ വേണ്ടി ശ്രമിക്കണം. മാനേജുമെന്റുകളുടെയും അവരെ പിന്തുണക്കുന്ന മത നേതൃത്വത്തിന്റെയും എതിര്‍പ്പുണ്ടാവും. പക്ഷേ, ശ്രമം ആത്മാര്‍ഥമാണെങ്കില്‍ ജനങ്ങളുടെ പിന്തുണ ഉണ്ടാവുമെന്ന്‌ ഉറപ്പ്‌. ക്രൈസ്‌തവ വിഭാഗങ്ങള്‍ (സഭാ നേതൃത്വം എന്ന്‌ തിരുത്തി വായിക്കണം) ഇടതുമുന്നണിയില്‍ നിന്ന്‌ അകന്നത്‌ തോല്‍വിക്ക്‌ കാരണമായെന്ന്‌ സി പി എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയ സാഹചര്യത്തില്‍ ഇതിനെല്ലാമുള്ള സാധ്യത വിരളമാണ്‌. പാര്‍ട്ടിയെയും മുന്നണിയെയും മറികടന്ന്‌ പാവങ്ങളടെ പടത്തലവനാകുന്ന വി എസ്‌ പോലും ഇക്കാര്യത്തില്‍ മൗനം തുടരുമ്പോള്‍ പ്രത്യേകിച്ചും.



ഇനി അടുത്ത അധ്യയന വര്‍ഷാരംഭത്തിലെ നാടകത്തിന്‌ തിരക്കഥ എഴുതിത്തുടങ്ങാം. അഭിനേതാക്കളില്‍ കാര്യമായ മാറ്റം വേണ്ട എന്നത്‌ സൗകര്യമാണ്‌. പുതിയൊരു ഫീസ്‌ ഘടന ആലോചിക്കണമെന്ന്‌ മാത്രം. ഒപ്പം വിദ്യാഭ്യാസ വായ്‌പ തിരിച്ചടക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന്‌ പ്രൊഫഷണല്‍ ബിരുദധാരി ആത്മഹത്യചെയ്‌തു എന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നതിന്‌ കാത്തിരിക്കാം.