2016-02-22

അപകടകരമായ കീഴ്‌വഴക്കങ്ങള്‍!


ജാമ്യമാണ് ചട്ടം, ജയില്‍ അപവാദമാണ് എന്നത് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊന്നാണ്. ആരോപണവിധേയനായ വ്യക്തി, കുറ്റവാളിയാണോ അല്ലയോ എന്ന് വിചാരണ ചെയ്ത് തീരുമാനിക്കും മുമ്പ് ശിക്ഷ അനുഭവിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തിലാണ് നീതിന്യായ സംവിധാനം ഈ മാനദണ്ഡം പിന്തുടരുന്നത്. ടെലികോം സ്‌പെക്ട്രം അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുണിടെക്ക് വയര്‍ലെസ് എം ഡി സഞ്ജയ് ചന്ദ്ര, സ്വാന്‍ ടെലികോം ഡയറക്ടര്‍ വിനോദ് ഗോയങ്ക, റിലയന്‍സ് ഉദ്യോഗസ്ഥരായ ഹരി നായര്‍, ഗൗതം ദോഷി, സുരേന്ദ്ര പിപാര എന്നിവര്‍ക്ക് ജാമ്യം അനുവദിച്ച് ജസ്റ്റിസുമാരായ ജി എസ് സിംഗ്‌വി, എച്ച് എല്‍ ദത്തു എന്നിവരടങ്ങിയ ബഞ്ച് ഈ തത്വം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു ഏതാനും വര്‍ഷം മുമ്പ്.


ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിന് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണ്. പതിവനുസരിച്ചാണെങ്കില്‍ ജാമ്യം നല്‍കാനാകാത്ത കുറ്റം. പക്ഷേ,  രാജ്യദ്രോഹം ചുമത്താവുന്ന കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും കനയ്യ കുമാറിനുണ്ട്. ആ അവകാശം പ്രയോജനപ്പെടുത്താന്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയെ സമിപീച്ചപ്പോള്‍ രാജ്യസ്‌നേഹികളെന്ന് സ്വയം അവകാശപ്പെടുന്ന ഒരു കൂട്ടം അഭിഭാഷകരും ബി ജെ പിയുടെ എം എല്‍ എയും സംഘ്പരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന്  നീതിന്യായ സംവിധാനത്തെ കൈയേറുന്ന കാഴ്ചയാണ് കണ്ടത്. ഹരജി പരിഗണിക്കുന്നത് പോലും തടസ്സപ്പെടുത്തുകയും കനയ്യ കുമാറിനെയും അദ്ദേഹത്തെ പിന്തുണക്കുന്നവരെയും കൈയേറ്റം ചെയ്യുകയുമുണ്ടായി. കോടതിക്കുള്ളിലും പുറത്തുമുണ്ടായ അസാധാരണ സംഭവങ്ങളെ ഗൗരവത്തിലെടുക്കുന്നുവെന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട് ആദ്യം കോടതിക്കുള്ളില്‍ പ്രവേശിക്കാവുന്നവരുടെ എണ്ണം നിയന്ത്രിച്ചു സുപ്രീം കോടതി. പിന്നീട് പട്യാല കോടതിയുടെ പ്രവര്‍ത്തനം തത്കാലത്തേക്ക് നിര്‍ത്തിവെക്കാനും കോടതി ഒഴിപ്പിക്കാനും നിര്‍ദേശിച്ചു. സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് ജെ ചെലമേശ്വര്‍, ഡല്‍ഹി പോലീസ് കമ്മീഷണറെ നേരിട്ട് വിളിച്ച് സ്ഥിതിഗതി ആരാഞ്ഞുവെന്നും ക്രമസമാധാനനിലയില്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായി. അവിടെ തീര്‍ന്നു ഉയര്‍ന്ന ന്യായാസനത്തിന്റെ ഇടപെടല്‍.


ഇതിന് ശേഷമാണ് ജാമ്യഹരജിയുമായി കനയ്യ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എ എം സപ്രെ എന്നിവരടങ്ങിയ ബഞ്ച് കീഴ്‌ക്കോടതികളെ മറികടന്ന് നേരിട്ട് സുപ്രീം കോടതിയില്‍ ജാമ്യ ഹരജി സമര്‍പ്പിക്കുന്നതും അത് പരിഗണിക്കപ്പെടുന്നതും അപകടകരമായ കീഴ്‌വഴക്കമാണെന്ന് അഭിപ്രായപ്പെട്ടു. അത്തരമൊരു കീഴ്‌വഴക്കം സൃഷ്ടിക്കരുതെന്ന ഉയര്‍ന്ന നീതിന്യായബോധം നമ്മുടെ ന്യായാധിപന്‍മാര്‍ പ്രകടിപ്പിച്ചു. ഇത്രത്തോളം ഉയര്‍ന്ന ബോധം പട്യാല ഹൗസ് കോടതിയില്‍ അരങ്ങേറിയ അക്രമങ്ങളുടെ കാര്യത്തിലുണ്ടായോ എന്നതില്‍ സംശയമുണ്ട്.
കീഴ്‌ക്കോടതികളെ മറികടന്ന് ജാമ്യഹരജി പരിഗണിക്കുന്നത് അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കലാണെങ്കില്‍ കനയ്യ കുമാറിന്റെ ജാമ്യ ഹരജി ആദ്യം പരിഗണിക്കേണ്ടത് പട്യാല ഹൗസിലെ ജില്ലാ കോടതിയിലാണ്. അവിടെ ഹരജി പരിഗണിക്കാവുന്ന സാഹചര്യം ആദ്യം സൃഷ്ടിക്കണം. അതിന് പാകത്തില്‍ പരമോന്നത കോടതി എന്തെങ്കിലും ചെയ്‌തോ?


സംഘ്പരിവാര്‍ അനുകൂലികളായ അഭിഭാഷകരും അവര്‍ക്കൊപ്പം ചേര്‍ന്ന പരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് കോടതി കൈയേറുക മാത്രമല്ല ചെയ്തത്, ജാമ്യഹരജി നിഷ്പക്ഷമായി പരിഗണിക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുക കൂടിയാണ്. പാര്‍ലിമെന്റ് ആക്രമണക്കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കേണ്ടത്, രാജ്യത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ അനിവാര്യമാണെന്ന് നിരീക്ഷിച്ച നീതിന്യായ സംവിധാനത്തെ, ആ പ്രതിയെ അനുസ്മരിക്കാന്‍ ചടങ്ങ് സംഘടിപ്പിച്ചുവെന്ന ആരോപിക്കപ്പെടുന്നവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഓര്‍മിപ്പിക്കുക കൂടിയാണ് 'രാജ്യ സ്‌നേഹി'കളുടെ സംഘം ചെയ്തത്. കോടതി നടപടി നിര്‍ത്തിവെച്ചതുകൊണ്ടോ വളപ്പില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദേശിച്ചതുകൊണ്ടോ ഇല്ലാതാക്കാവുന്നതല്ല ഈ സാഹചര്യം.


ഡല്‍ഹി പോലീസ് കമ്മീഷണറെ വിളിച്ച് ക്രമസമാധാന നിലയില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച സുപ്രീം കോടതി, അക്രമത്തിന് നേതൃത്വം നല്‍കിയവരെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ചതായി വിവരമില്ല. അക്രമാസക്തമായ പ്രകടനം രണ്ട് കുറി അരങ്ങേറിയപ്പോഴും ഡല്‍ഹി പോലീസ് കൈയുംകെട്ടി നോക്കി നിന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചതായി വിവരമില്ല. ഭരണകൂടത്തിന്റെ ഇംഗിതമറിഞ്ഞ് അക്രമികള്‍ക്ക് അവസരം നല്‍കാന്‍ പാകത്തില്‍ പോലീസ് നോക്കിനില്‍ക്കുമ്പോള്‍ കോടതി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുന്നതിനേക്കാള്‍ പ്രധാനം ക്രമസമാധാനം ഉറപ്പാക്കാന്‍ പാകത്തില്‍ പ്രവര്‍ത്തിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയാണ്. നീതിന്യായ നിര്‍വഹണം നിഷ്പക്ഷമായി നിര്‍വഹിക്കാന്‍ പാകത്തില്‍ കോടതിക്ക് പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്ന് അവരോട് ആവശ്യപ്പെടലാണ്. അതിന് പകരം കോടതി നടപടികള്‍ തത്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ പറയുമ്പോള്‍ യഥാസമയം ജാമ്യഹരജി പരിഗണിക്കപ്പെടുക എന്ന ആരോപണവിധേയന്റെ അവകാശം ഇല്ലാതാക്കപ്പെടും. കീഴ്‌ക്കോടതികളെ മറികടക്കുന്നത് അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ഓര്‍മിപ്പിക്കുന്നവര്‍ക്ക് കീഴ്‌ക്കോടതികളില്‍ നിയമമനുശാസിക്കും വിധത്തിലുള്ള നടപടിക്രമങ്ങള്‍ നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ബാധ്യത കൂടിയുണ്ട്.


മാധ്യമ പ്രവര്‍ത്തകരെയും ജെ എന്‍ യു വിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും മര്‍ദിക്കുന്നതിന് നേതൃത്വം നല്‍കിയവരില്‍ ബി ജെ പിയുടെ എം എല്‍ എ ഒ പി ശര്‍മ കൂടിയുണ്ടായിരുന്നു. പാക്കിസ്ഥാന് മുദ്രാവാക്യം വിളിക്കുന്നവരെ തല്ലുന്നതിലോ കൊല്ലുന്നതിലോ തെറ്റൊന്നുമില്ലെന്ന് ശര്‍മ പിന്നീട് പറയുകയും ചെയ്തു. നിയമ നിര്‍മാണത്തിന് ചുമതലപ്പെട്ട, ആ നിയമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുള്ള വ്യക്തി നിയമവാഴ്ചയെ വെല്ലുവിളിക്കുകയും അതിനെ മറികടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തത് തുടക്കത്തില്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ഡല്‍ഹി പോലീസ് ചെയ്തത്. പിന്നീട് പേരിനൊരു കേസെടുത്തു, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഭക്ഷണം വാങ്ങിക്കൊടുത്ത് പറഞ്ഞയക്കുകയും ചെയ്തു. സംഗതികള്‍ ഇവ്വിധം പുരോഗമിച്ചപ്പോഴും നിയമപരിപാലനം ഇങ്ങനെയല്ല വേണ്ടത് എന്ന് പോലീസിനോട് പറയാന്‍ പരമോന്നത കോടതിക്ക് തോന്നിയില്ല. പട്യാല കോടതിയിലെ സ്ഥിതി അറിയാന്‍ മുതിര്‍ന്ന അഭിഭാഷകരടങ്ങുന്ന സംഘത്തെ സുപ്രീം കോടതി തന്നെ നിയോഗിച്ചിരുന്നു. അവര്‍ കോടതിക്ക് റിപ്പോര്‍ട്ടും നല്‍കി. എന്നിട്ടും കോടതി നടപടികളെ തടയുകയും അവിടെ ഹാജരാക്കിയ ആരോപണവിധേയനെ അടക്കം കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവങ്ങളില്‍ ശക്തമായെന്തെങ്കിലും പറയാന്‍ സുപ്രീം കോടതി തയ്യാറായില്ല. നിയമം അനുശാസിക്കുന്ന മാര്‍ഗത്തില്‍ ചരിക്കാന്‍ ചുമതലപ്പെട്ടവരാണ് അഭിഭാഷകരെന്നും അതിനെ മറികടന്ന് നിയമം കൈയിലെടുക്കാന്‍ അവര്‍ ശ്രമിക്കുന്നത് അനുവദിക്കാനാകില്ലെന്നെങ്കിലും പറയാന്‍ പരമോന്നത നീതിപീഠം മടിച്ചു.


ജാമ്യമാണ് ചട്ടമെങ്കില്‍ അതിന് ശ്രമിക്കാനുള്ള സ്വാതന്ത്ര്യം ഏത് കൊടിയ കുറ്റം ആരോപിക്കപ്പെടുന്നവര്‍ക്കുമുണ്ട്. അതിനുള്ള അവസരം ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, അത് ചെറിയ കാലയളവിലേക്കാണെങ്കില്‍ കൂടി, ആപ്തവാക്യങ്ങളുടെ പ്രഘോഷണം വിശ്വാസ്യത ജനിപ്പിക്കില്ല തന്നെ. സി പി ഐ (മാവോയിസ്റ്റ്) നേതാവ് ആസാദിനെ (ചേറുകുരി രാജ്കുമാര്‍) വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചതാണെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കവെ, സ്വന്തം മക്കളുടെ ചോര കൈകളില്‍ പറ്റിയിട്ടില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെന്ന് ഇതേ സുപ്രീം കോടതി തന്നെ നിരീക്ഷിച്ചിരുന്നു. ഏറ്റുമുട്ടല്‍ കൊലകള്‍ ആസാദില്‍ തുടങ്ങിയതല്ല, ആസാദില്‍ അവസാനിച്ചിട്ടുമില്ല. ഏതെങ്കിലുമൊരു കേസില്‍ നിജസ്ഥിതി പുറത്തുവരുന്ന സാഹചര്യം ഇന്നോളമുണ്ടായിട്ടില്ല. ഏറ്റുമുട്ടല്‍ കൊലകളില്‍ ആരോപണവിധേയരായ ഉന്നത രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ ഏജന്‍സി ഒത്താശ ചെയ്തതുകൊണ്ടോ പ്രോസിക്യൂഷന്‍ അയഞ്ഞ നിലപാട് സ്വീകരിച്ചതുകൊണ്ടോ കുറ്റവിമുക്തരായി വിലസുകയും ചെയ്യുന്നു. 2002 മുതല്‍ 2006 വരെ ഗുജറാത്തില്‍ അരങ്ങേറിയ ഏറ്റുമുട്ടലുകളെക്കുറിച്ച് (ഏതാണ്ടെല്ലാറ്റിനെക്കുറിച്ചും വ്യാജ ഏറ്റുമുട്ടലെന്ന ആരോപണമുണ്ട്) അന്വേഷണം നടത്താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതി തന്നെ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അതിന്റെ അന്വേഷണം ഏതു ഘട്ടത്തിലായെന്ന് ആര്‍ക്കും തിട്ടമില്ല. കമ്മിറ്റിയെ നിയോഗിച്ച സുപ്രീം കോടതി പോലും അതിന്റെ പ്രവര്‍ത്തന പുരോഗതി പിന്നീട് ആരാഞ്ഞതായി വിവരമില്ല.


നിലനില്‍ക്കുന്ന സംവിധാനം ജനനന്മയും സാമൂഹിക പുരോഗതിയും ലാക്കാക്കി പ്രവര്‍ത്തിക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കുന്നതില്‍ വിജയിക്കാനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. അതിലൂടെ ജനതക്ക് സംവിധാനത്തിലുള്ള  വിശ്വാസം നിലനിര്‍ത്തുകയും. ഏതാണ്ട് അതേ രീതിയിലാണ് നീതിന്യായ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത് എന്ന് കരുതേണ്ടിവരും. അഴിമതി, വ്യാജ ഏറ്റുമുട്ടല്‍, ഭരണകൂടം  പ്രതിസ്ഥാനത്തു നില്‍ക്കുന്ന അതിക്രമങ്ങള്‍ എന്നിവയൊക്കെ പരിശോധിച്ചാല്‍ ന്യായാസനങ്ങളില്‍ നിന്നുയരുന്ന അഭിപ്രായ പ്രകടനങ്ങള്‍ നിലനില്‍ക്കുന്ന സംവിധാനത്തില്‍ വിശ്വാസം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമുള്ളതാണ്. കേസുകളിലെ തീര്‍പ്പുകള്‍ പലപ്പോഴും ഈ അഭിപ്രായ പ്രകടനങ്ങള്‍ക്ക് വിരുദ്ധമായിരിക്കും. ലഭ്യമാകുന്ന തെളിവുകളെ അടിസ്ഥാനമാക്കിയേ കോടതികള്‍ക്ക് തീരുമാനമെടുക്കാനാകൂ എന്ന ന്യായം ഇത്തരം ഘട്ടങ്ങളില്‍ ന്യായാസനങ്ങള്‍ക്ക് പറയാനുമുണ്ടാകും. ഒരു സംഗതിയുണ്ടാകുമ്പോഴുണ്ടാകുന്ന ജനരോഷത്തിന് തടയിടാന്‍ അഭിപ്രായ പ്രകടനങ്ങള്‍ സഹായിക്കുകയും ചെയ്യും. ജെ എന്‍ യുവില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസിന്റെ മറപിടിച്ച് അരങ്ങേറിയ അതിക്രമങ്ങളുടെ കാര്യത്തിലും ഇതേ നിലപാടാണ് പരമോന്നത നീതിപീഠം സ്വീകരിച്ചത് എന്ന് തോന്നുന്നു.


നീതി നടപ്പാക്കിയാല്‍ മാത്രം പോര നടപ്പായെന്ന ബോധ്യം സൃഷ്ടിക്കുകയും വേണമെന്ന് കൂടിയുണ്ട് ആപ്തവാക്യമായി. അതുണ്ടായില്ലെന്ന ബോധ്യവും നടപ്പായത് അനീതിയാണെന്ന തോന്നലുമാണ് ഇപ്പോഴത്തെ രാജ്യദ്രോഹ ആരോപണത്തിന് ഇടയാക്കിയ രണ്ട് പ്രശ്‌നങ്ങളിലുമുള്ളത്. അതിനെ അഭിമുഖീകരിക്കാന്‍ മടിക്കുന്ന ഭരണകൂടം, പതിവ് പോലെ അടിച്ചമര്‍ത്തിന് യുക്തമായ വഴികള്‍ സ്വീകരിക്കുന്നു. അതിനോടുള്ള രോഷത്തെ നിയന്ത്രിച്ചുനിര്‍ത്തുക എന്ന കര്‍ത്തവ്യം നീതിന്യായ സംവിധാനവും നിര്‍വഹിക്കുന്നു. ഹിന്ദുത്വ ഫാസിസത്തോടുള്ള സന്ധി ഏതൊക്കെ തലങ്ങളിലാണാവോ? അവിടെ ചട്ടങ്ങളും ആപ്തവാക്യങ്ങളുമൊക്കെ ഏട്ടിലെ പശു മാത്രമാവും.

2016-02-15

'രാജ്യദ്രോഹി'കളുടെ ലോകം


തീവ്രവാദത്തിന്റെയും ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെയും ഒളിയിടമായി ഹൈദരാബാദ് സര്‍വകലാശാല മാറിയിരിക്കുന്നുവെന്നും ഇതിനുത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ ഭണ്ഡാരു ദത്താത്രേയ, മാനവവിഭവശേഷി മന്ത്രിയായ സ്മൃതി ഇറാനിക്കു നല്‍കിയ കത്തില്‍ പറഞ്ഞത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍, തീവ്രവാദവും ദേശവിരുദ്ധ രാഷ്ട്രീയവും തടയുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് സര്‍വകലാശാലയിലേക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തുടരെ സന്ദേശങ്ങളയച്ചു. തുടര്‍ന്ന് സര്‍വകലാശാല സ്വീകരിച്ച നടപടികളാണ് രോഹിത് വെമുലയെന്ന ചെറുപ്പക്കാരനെ ആത്മാഹുതിയിലേക്ക് തള്ളിവിട്ടത്. ജനനം മുതല്‍ അധകൃതനായ ഒരുവനെ, ഭരണകൂടവും അതിന്റെ വിധേയരായ സര്‍വകലാശാല അധികൃതരും ലക്ഷ്യമിടാന്‍ തീരുമാനിച്ചപ്പോള്‍ ആത്മാഹുതി കൊണ്ട് പ്രതിക്രിയ ചെയ്യാനായിരുന്നു തീരുമാനം. ആ നിലക്ക് ആത്മാഹുതിയായല്ല, ഭരണകൂടങ്ങള്‍ ചേര്‍ന്ന് നടപ്പാക്കിയ പാതകമായി വേണം ഇതിനെ കാണാന്‍.


രോഹിതിന്റെ ആത്മാഹുതി ഇല്ലായിരുന്നുവെങ്കില്‍ തീവ്രവാദവും ദേശവിരുദ്ധ രാഷ്ട്രീയവും പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തി ഹൈദരാബാദ് സര്‍വകലാശാലയിലെ നിരവധി വിദ്യാര്‍ഥികളെ ഭരണകൂടം തുറുങ്കിലടച്ചേനേ. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെയോ (എ ബി വി പി) പ്രാദേശിക ബി ജെ പി നേതാക്കളുടെയോ കേന്ദ്രമന്ത്രി സ്ഥാനം അലങ്കരിക്കുന്ന നേതാക്കളുടെയോ പരാതികളുടെ അടിസ്ഥാനത്തില്‍ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാനോ അതിന് തെളിവുകള്‍ ചമക്കാനോ നമ്മുടെ അന്വേഷണ ഏജന്‍സികള്‍ക്ക് പ്രയാസമേതുമില്ല.


മദ്രാസ് ഐ ഐ ടിയിലെ വിദ്യാര്‍ഥികള്‍ രൂപവത്കരിച്ച അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിനെ (എ പി എസ് സി) ഐ ഐ ടി അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ (പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചു) രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) മുഖമാസികയായ ഓര്‍ഗനൈസര്‍ മുഖപ്രസംഗം എഴുതിയിരുന്നു. ക്യാംപസുകളെ ചുവപ്പുവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സ്റ്റഡി സര്‍ക്കിളെന്നും ഹിന്ദുവിരുദ്ധവും ഭാരതവിരുദ്ധവുമായ വിഭാഗീയ തത്വശാസ്ത്രം പ്രചരിപ്പിക്കാനുള്ള വേദിയാണ് ഇതെന്നും ഓര്‍ഗനൈസര്‍ കുറ്റപ്പെടുത്തി. എ പി എസ് സിയെക്കുറിച്ച് അജ്ഞാതന്‍ നല്‍കിയ പരാതി, കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തനം നിരോധിക്കാന്‍ ഐ ഐ ടി അധികൃതര്‍ തീരുമാനിച്ചത്. അജ്ഞാതന്റെ പരാതിയും അതിന്‍മേല്‍ നടപടി സ്വീകരിക്കാനുള്ള മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ശിപാര്‍ശയും സംഘ്പരിവാര്‍ ആസൂത്രിതമായ ഒന്നായിരുന്നോ എന്ന സംശയം അന്നേ ഉയര്‍ന്നിരുന്നു.


ഇപ്പോള്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളിലാണ് ദേശവിരുദ്ധത ആരോപിക്കപ്പെടുന്നത്. പാര്‍ലിമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെട്ടതിന്റെ മൂന്നാം വാര്‍ഷികദിനത്തില്‍ സര്‍വകലാശാലയിലൊരു ചടങ്ങ് സംഘടിപ്പിക്കാന്‍ ശ്രമം നടന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെതിരെ രംഗത്തുവന്ന എ ബി വി പി നരേന്ദ്ര മോദി സര്‍ക്കാറിനാല്‍ നിയമിക്കപ്പെട്ട വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാറിന് പരാതി നല്‍കി. ചടങ്ങിന് വിലക്കേര്‍പ്പെടുത്താന്‍ കാലതാമസമുണ്ടായില്ല. വിലക്ക് ലംഘിച്ച് ഏതാനും വിദ്യാര്‍ഥികള്‍ ചടങ്ങ് പ്രഖ്യാപിച്ച് പോസ്റ്റര്‍ പതിച്ചു. ചടങ്ങ് സംഘടിപ്പിക്കാന്‍ ശ്രമിച്ചു അതിനിടയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപണമുണ്ട്. അതിന്റെ പേരില്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറുള്‍പ്പെടെ ഏഴ് പേരെ കസ്റ്റഡിയിലെടുത്ത ഡല്‍ഹി പോലീസ്, കണ്ടാലയറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്ത് കാത്തിരിക്കുന്നു. എല്ലാവര്‍ക്കും മേലുണ്ട് രാജ്യദ്രോഹക്കുറ്റം.


കുറ്റം രാജ്യദ്രോഹമാകയാലും ഹൈദരാബാദിലെയും മദ്രാസിലെയും പോലെ തീവ്രവാദവും ഭാരതവിരുദ്ധമായ വിഭാഗീയ തത്വശാസ്ത്രം പ്രകടിപ്പിക്കലുമാകയാല്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിക്കുന്നതാണ് നല്ലതെന്ന് രാജ്‌നാഥ് സിംഗിന്റെ വരുതിയിലുള്ള ഡല്‍ഹി പോലീസിന് ഇതിനകം തന്നെ തോന്നിത്തുടങ്ങിയിട്ടുണ്ട്. പാര്‍ലിമെന്റ് ആക്രമണക്കേസില്‍ വധശിക്ഷക്ക് വിധേയനാക്കപ്പെട്ട വ്യക്തിക്ക് വേണ്ടി സംഘം ചേരാന്‍ ശ്രമിക്കണമെങ്കില്‍ ആ വ്യക്തിയുമായി ബന്ധമുണ്ടാകാതെ തരമില്ല. ആ വ്യക്തിയുമായി ബന്ധമുണ്ടെങ്കില്‍ പാര്‍ലിമെന്റ് ആക്രമണം ആസൂത്രണം ചെയ്തവരുമായി ബന്ധമില്ലാതെ നിവൃത്തിയില്ല തന്നെ. മുദ്രാവാക്യധാരികളില്‍ കശ്മീര്‍ സ്വദേശികള്‍ കൂടിയുണ്ടെങ്കില്‍ സംശയം ലേശവുമില്ല. തീവ്രവാദത്തില്‍ നിന്ന് ഭീകരവാദത്തിന്റെ തലത്തിലേക്ക് കാര്യങ്ങള്‍ ഉയരേണ്ട സമയമായിരിക്കുന്നു. അതിനാല്‍ അന്വേഷണം എന്‍ ഐ എയെ ഏല്‍പ്പിക്കുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് - യു എ പി എ) ചുമത്താന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുമാണ്. രാജ്‌നാഥും ഡല്‍ഹി പോലീസും വൈകിയാല്‍ ആര്‍ എസ് എസ് സൈദ്ധാന്തികരാരെങ്കിലും ഉപദേശിക്കണം.


മദ്രാസിലൊരു സംഘടനക്ക് നിരോധമേര്‍പ്പെടുത്താനാണ് ശ്രമിച്ചത്. ഹൈദരാബാദില്‍ അത്തരം സംഘടനകളുടെ ഭാഗമായവരെ നേരിട്ട് ലക്ഷ്യമിടാന്‍ ശ്രമിച്ചു. രോഹിത് വെമുലയുടെ ആത്മഹത്യ/കൊലപാതകം ഇല്ലായിരുന്നുവെങ്കില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയുള്ള അറസ്റ്റ് അവിടെത്തന്നെയുണ്ടാകുമായിരുന്നു. സംഘ്പരിവാരത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പോലീസല്ല ഹൈദരാബാദില്‍ ഇപ്പോഴുമുള്ളത്. തെലങ്കാന രാഷ്ട്ര സമിതിയുടെ നിയന്ത്രണത്തിലുള്ള പോലീസിനു മേലേക്ക് കേന്ദ്ര മന്ത്രാലയങ്ങള്‍ വഴി തിട്ടൂരമെത്തിക്കണമായിരുന്നു  സംഘ്പരിവാരത്തിന്. എന്നിട്ടും എ ബി വി പി നേതാവിനെ മര്‍ദിച്ചുവെന്ന പരാതി വാസ്തവമാണെന്ന് എഴുതാന്‍ അവര്‍ മടികാട്ടി. ഡല്‍ഹിയില്‍ പോലീസ് നേരിട്ട് നിയന്ത്രണത്തിലാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തലും പ്രതികളെത്തേടി സര്‍വകലാശാല വളപ്പിനുള്ളില്‍ അഴിഞ്ഞാടലും കനയ്യകുമാറിനെ അറസ്റ്റ് ചെയ്യലും മണിക്കൂറുകള്‍ക്കുള്ളില്‍ സാധിച്ചു.


ഒറ്റപ്പെട്ട സംഭവങ്ങളല്ല ഇവയൊന്നും. ഭരണസംവിധാനം ഉപയോഗിച്ചും അല്ലാതെയും, ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ സംഘ്പരിവാരം നടത്തുന്ന ശ്രമങ്ങള്‍. ഭീതിയുടെ നിഴലിന് കീഴിലേക്ക് ജനത്തെയാകെ എത്തിക്കാന്‍ പാകത്തില്‍ നടത്തുന്ന പ്രവൃത്തികള്‍, പ്രസ്താവനകള്‍. ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അരങ്ങേറുന്നത്. ഇന്ദിരാ പ്രിയദര്‍ശിനി, ഏകാധിപതിയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയ കാലത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപത്യം വിളംബരം ചെയ്ത കാലത്തും പ്രതിഷേധങ്ങളുടെ ജ്വാലയുയര്‍ത്തുന്നതില്‍ നമ്മുടെ ക്യാംപസുകള്‍ വലിയ പങ്കുവഹിച്ചിരുന്നു. അന്ന് ജനതാപരിവാറിലെ യുവരക്തമായിരുന്നവരാണ് ഇന്ന് കൈകോര്‍ത്തുനിന്ന് ബീഹാറില്‍ മോദി - അമിത് ഷാ അച്ചുതണ്ടിനെയും അതിനെ മുന്‍നിര്‍ത്തി ഓടാന്‍ ശ്രമിച്ചിരുന്ന സംഘ്പരിവാരത്തെയും തടയിട്ടത്.


പാര്‍ലിമെന്റിനകത്തും പുറത്തുമുള്ള പ്രായോഗിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് ദാര്‍ശനികമായ ഒരടിത്തറ, സംഘ്പരിവാരത്തെ നേരിടുന്നതിന് ആവശ്യമുണ്ട്. പുരാണത്തെയും ചരിത്രത്തെയും സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയോ അവകളെ സ്വന്തം ആവശ്യങ്ങള്‍ക്കായി വ്യാഖ്യാനിക്കുകയോ സംഘ്പരിവാരം ചെയ്യുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. പ്രായോഗിക രാഷ്ട്രീയത്തിലെ നിലപാടുകളും ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാന്‍ ത്രാണിയുള്ള കക്ഷികളുമായി യോജിക്കലും നരേന്ദ്ര മോദിയെയോ ബി ജെ പിയോ അധികാരത്തിന് പുറത്താക്കാന്‍ ഒരുപക്ഷേ സഹായിച്ചേക്കാം. പക്ഷേ, കൂടുതല്‍ വീര്യമുള്ള വിഷവുമായാവും അവര്‍ തിരിച്ചെത്താന്‍ ശ്രമിക്കുക. ആ വിഷം പ്രയോഗിക്കാന്‍ ത്രാണിയുള്ള പുതിയ നേതാക്കളെ അവര്‍ രംഗത്തിറക്കും. ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചയേക്കാള്‍, ഗുജറാത്ത് വംശഹത്യയേക്കാള്‍ മാരകമായ മറ്റൊന്ന് സൃഷ്ടിക്കാനും അതിന്റെ സ്രഷ്ടാക്കളെ രാഷ്ട്ര നേതാക്കളായി ഉയര്‍ത്തിക്കാട്ടാനും ദേശീയതയെക്കുറിച്ചും രാജ്യസ്‌നേഹത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കാനും മടിയുണ്ടാകില്ല. ആഭ്യന്തര - വിദേശ കുത്തകകളുടെ അകമഴിഞ്ഞ പിന്തുണയുണ്ടാകുമ്പോള്‍ അവര്‍ക്കത് നിഷ്പ്രയാസം.


മലേഗാവ് മുതല്‍ സംഝോത വരെ നീണ്ട ആക്രമണങ്ങളില്‍ പങ്കാളികളെന്ന് അന്വേഷണ ഏജന്‍സികള്‍ കുറ്റപ്പെടുത്തുന്നവര്‍ക്ക് മേല്‍ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ട് ചുമത്തിയത് നീക്കാന്‍ ഭരണ നേതൃത്വം പഴുതന്വേഷിക്കുകയും അവര്‍ ദേശീയവാദികളും രാജ്യസ്‌നേഹികളുമായി തുടരുകയും ചെയ്യുന്ന വൈരുധ്യത്തിലാണ് ഇന്ത്യന്‍ യൂണിയനിലെ ജനങ്ങള്‍ ജീവിക്കുന്നത്. വ്യാജ ഏറ്റുമുട്ടലുകളിലൂടെ നിരപരാധികളെ കൊന്നുവെന്ന കേസില്‍ കുറ്റാരോപിതനായിരുന്ന അമിത് ഷാ സമര്‍പ്പിച്ച വിടുതല്‍ ഹരജി കോടതി പരിഗണിച്ചപ്പോള്‍ വേണ്ടവിധം വാദിക്കേണ്ടെന്ന് സി ബി ഐക്ക് നിര്‍ദേശം നല്‍കിയ രാജ്യസ്‌നേഹികള്‍ ഭരിക്കുന്ന നാട്. അവിടെ രാജ്യദ്രോഹവും രാജ്യസ്‌നേഹവം ഭരണകൂടം നിശ്ചയിക്കുന്നത് മാത്രമായിരിക്കും. ഭരണനേതൃത്വത്തെയോ അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെയോ അവരുടെ വിദ്യാര്‍ഥി വിഭാഗത്തെയോ വിമര്‍ശിക്കുന്നതോ എതിര്‍ക്കുന്നതോ രാജ്യദ്രോഹമോ ദേശവിരുദ്ധ പ്രവൃത്തിയോ ആകും. ഇന്ദിരയാണ് ഇന്ത്യ, എന്ന് മുമ്പൊരിക്കലുയര്‍ന്ന മുദ്രാവാക്യം, മോദിയാണ് ഇന്ത്യ എന്ന് അദ്ദേഹത്തിന്റെ വാഗ് - പ്രവൃത്തികളാലും ഹിന്ദുത്വവാദികളുടേത് മാത്രമാണ് ഇന്ത്യയെന്ന് സംഘ്പരിവാര പ്രവൃത്തികളാലും ഉദ്‌ഘോഷിക്കപ്പെടുന്നു. പ്രായോഗിക രാഷ്ട്രീയത്തിലെ എതിരാളികളെ നേരിടുന്നതിനേക്കാള്‍ പ്രയാസമുണ്ട് തങ്ങളെ താത്വികമായി നേരിടാന്‍ അടിത്തറയൊരുക്കുന്നവരെ എന്ന് ഈ മുദ്രാവാക്യ പ്രയോക്താക്കള്‍ തിരിച്ചറിയുന്നുണ്ട്. അതിന്റെ ഭാഗമാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് ഇപ്പോള്‍ നടക്കുന്ന പ്രവൃത്തികള്‍.


ഏത് വിദ്യാര്‍ഥിയും രാജ്യദ്രോഹക്കേസില്‍ അകപ്പെടാനിടയുണ്ട്, ഏത് വിദ്യാര്‍ഥിയും ദേശവിരുദ്ധ ശക്തികളുമായി ബന്ധമുള്ളവനാണെന്ന് ചിത്രീകരിക്കപ്പെടാന്‍ ഇടയുണ്ട് എന്നുവന്നാല്‍ പുതുതലമുറ എളുപ്പത്തില്‍ കീഴടങ്ങിക്കൊള്ളുമെന്ന ധാരണയിലാണ് നമ്മുടെ ഭരണ നേതൃത്വം.

2016-01-19

സ്വച്ഛ്, മേക്, സ്റ്റാര്‍ട്ട്, സ്റ്റാന്‍ഡ് ...


അറുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ യൂനിയനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി വികാര നിര്‍ഭരമായ ശബ്ദത്തില്‍, താളാത്മകമായി പ്രഖ്യാപിച്ചതാണ് സ്റ്റാര്‍ട്ട് അപ് ഇന്ത്യാ.. സ്റ്റാന്‍ഡ് അപ് ഇന്ത്യാ.. പദ്ധതി. പ്രഖ്യാപനം അത്രമാത്രം വികാരതീവ്രവും താളാത്മകവുമായിരുന്നോ എന്നതില്‍ സംശയമുള്ളവര്‍ക്ക് യു ട്യൂബിലോ പ്രധാനമന്ത്രിയുടെ തന്നെ സൈറ്റിലോ പോയി പ്രസംഗങ്ങളുടെ ശേഖരം പരിശോധിച്ച് നിവാരണം വരുത്താവുന്നതാണ്. പ്രഖ്യാപനം അഞ്ച് മാസം പിന്നിടുമ്പോള്‍ സ്റ്റാര്‍ട്ട് അപ് - സ്റ്റാന്‍ഡ് അപ് ഇന്ത്യയുടെ (എസ് ആന്‍ഡ് എസ്) മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നു. നിയമത്തിലും നികുതിയിലും ഇളവുകള്‍ നല്‍കിക്കൊണ്ട് പുതു സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം.


ഇതിനകം നല്‍കിയ ഇളവുകളാല്‍ (കോണ്‍ഗ്രസിന്റേതും ബി ജെ പിയുടേതുമായ സര്‍ക്കാറുകള്‍ക്ക് ഉത്തരവാദിത്തം) ദുര്‍ബലമായിക്കഴിഞ്ഞ തൊഴില്‍ നിയമങ്ങളില്‍ ആറിനങ്ങള്‍ പുതുസംരംഭങ്ങള്‍ക്ക് ബാധകമാകില്ലെന്നതാണ് പ്രധാന പ്രഖ്യാപനം. പരിസ്ഥിതി നിയമങ്ങളില്‍ മൂന്നെണ്ണവും ഇതിന് ബാധകമാകില്ല. കര്‍ക്കശമായ ഏത് പരിസ്ഥിതി നിയമവും പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്താല്‍ വളയുകയും വളവുകള്‍ പിന്നീട് പിഴയടച്ച് നിവര്‍ത്തുകയും ചെയ്യുന്ന രാജ്യത്താണ് ഈ വലിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂലധനത്തിന്‍മേലുണ്ടാകുന്ന നേട്ടത്തിന് നികുതിയിളവ് ലഭിക്കും, പുതിയ സംരംഭം പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് വര്‍ഷം ആദായ നികുതിയുണ്ടാകുകയുമില്ല. ഉദ്യോഗസ്ഥ പരിശോധനകള്‍ക്ക് കര്‍ശന ഉപാധികള്‍ അടക്കം മറ്റ് പല സൗകര്യങ്ങളും എസ് ആന്‍ഡ് എസ് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. പ്രഭാഷണം നേരിട്ട് കേള്‍ക്കാത്തതിനാല്‍ സ്വാതന്ത്ര്യ ദിന വാര്‍ഷികത്തിലുണ്ടായത്ര വികാരം ശ്ബദത്തിലുണ്ടായിരുന്നോ എന്ന് തിട്ടമില്ല. വികാരതീവ്രത കുറയാന്‍ ഇടയില്ലെന്നതാണ് അനുമാനം. വിവേകത്തേക്കാളുപരി വികാരത്താല്‍ നയിക്കപ്പെടുകയും അതു വിറ്റ് എക്കാലവും നേട്ടമുണ്ടാക്കാനാകുമെന്ന തെറ്റുദ്ധാരണ വേരുപിടിക്കുകയും ചെയ്തതിനാല്‍ ശ്ബദത്തില്‍ വികാരത്തള്ളിച്ചയുണ്ടാകുക തന്നെ ചെയ്യും.


പ്രഖ്യാപനങ്ങളുടെ അന്തസ്സത്തയിലേക്ക് വരാം. സ്വച്ഛ് ഭാരതായിരുന്നു ആദ്യത്തെ പ്രഖ്യാപനം. ഡല്‍ഹിയിലെ പാതയോരത്ത് ഉദ്യോഗസ്ഥര്‍ കൂട്ടിയിട്ട കരിയില, മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ഭൗതികശേഷിപ്പുകള്‍ സന്ദര്‍ശിക്കുകയും ഭവാനോടുള്ള ബഹുമാനത്താല്‍ വദനം വികാരതീവ്രമായെന്ന് ഉറപ്പുവരുത്തുകയും ചെയ്തതിന് ശേഷം, ചൂലുപയോഗിച്ച് നീക്കം ചെയ്ത കലാവിരുന്ന് ഇന്ത്യന്‍ യൂനിയനിലെ ജനങ്ങളുടെ മനസ്സിലുണ്ട്. ഇതിന്റെ ചുവടുപിടിച്ച് പ്രശസ്തരുടെ നേതൃത്വത്തില്‍ പല നഗരങ്ങളിലും സമാന കലാവിരുന്ന് അരങ്ങേറിയിരുന്നു. വിവിധ നഗരങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് സ്ഥിരം സംവിധാനമൊരുക്കുമെന്നും അതിലേക്ക് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ള കമ്പനികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണമുണ്ടാകുമെന്നും പ്രഖ്യാപിക്കപ്പെട്ടു. ഒരു വര്‍ഷം കൊണ്ട് നിര്‍മിക്കേണ്ട കക്കൂസുകളുടെ എണ്ണം നിര്‍ണയിക്കുകയും അത് പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ ചട്ടംകെട്ടുകയും ചെയ്തു. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയെക്കുറിച്ച് ബോധവത്കരിക്കാന്‍ മുന്‍കാലത്തെ സര്‍ക്കാറുകള്‍ പത്രം, റേഡിയോ, ടെലിവിഷന്‍ എന്നിവ മുഖാന്തിരം നല്‍കിയിരുന്ന പരസ്യങ്ങള്‍ക്കു മേല്‍ സ്വച്ഛ് ഭാരത് എന്ന കെട്ടുണ്ടായെന്നതൊഴിച്ചാല്‍ മറ്റെന്തെങ്കിലും നടന്നതായി അറിവില്ല. മാലിന്യ നിര്‍മാര്‍ജന കാര്യത്തില്‍ ഡോ. ടി എം തോമസ് ഐസക്കിന്റെ കാര്‍മികത്വത്തില്‍ സി പി എം ആരംഭിച്ച പരിപാടികളുടെ വലുപ്പത്തിലൊന്ന് ആരംഭിക്കാന്‍ പോലും നരേന്ദ്ര മോദി സര്‍ക്കാറിന് സാധിച്ചതായി കേട്ടുകേള്‍വിയില്ല.


അടുത്തത് മേക്ക് ഇന്‍ ഇന്ത്യയായിരുന്നു. ഒന്നേ മുക്കാല്‍ കൊല്ലം കൊണ്ട് സന്ദര്‍ശിച്ചു തീര്‍ത്ത രാഷ്ട്രങ്ങളില്‍ നിന്നൊക്കെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലേക്ക് പണമൊഴുമെന്നാണ് നരേന്ദ്ര മോദി പറഞ്ഞുവെക്കുന്നത്. രാജ്യം ഉത്പാദനത്തിന്റെ കേന്ദ്രമായി മാറുമെന്നും. വിദേശത്തു നിന്ന് നിക്ഷേപമെത്തുന്നുണ്ട്. അതില്‍ വലിയൊരു പങ്ക് ഓഹരി വിപണിയിലേക്കാണ്. ഉത്പാദനമേഖലയില്‍ ഒന്നും രണ്ടും യു പി എ സര്‍ക്കാറിന്റെ കാലത്തോ അതിനു മുമ്പോ ഉണ്ടായതിലും വലിയ നിക്ഷേപമുണ്ടാകണമെങ്കില്‍ വിദേശകമ്പനികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കും വിധത്തില്‍ തൊഴില്‍, നികുതി നിയമങ്ങള്‍ മാറണം. അതിലേക്കുള്ള നിര്‍ദേശങ്ങളൊക്കെ ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയും പി ചിദംബരം ധനമന്ത്രിയുമായിരിക്കെ മുന്നോട്ടുവെക്കപ്പെട്ടിട്ടുണ്ട്. അതൊന്നു ചീകുമിനുക്കി, ചായം പൂശി തന്റേതെന്ന് വരുത്തി അവതരിപ്പിച്ച് അംഗീകാരം നേടിയെടുക്കുകയേ അരുണ്‍ ജെയ്റ്റ്‌ലിയും നരേന്ദ്ര മോദിയും ചെയ്യേണ്ടതുള്ളൂ.


പാര്‍ലിമെന്റ് കൂടുമ്പോള്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ ബഹളം (ബഹളത്തിന് പറ്റിയ അന്തരീക്ഷം മോദിയും സംഘവും സുലഭമായി പ്രദാനം ചെയ്യുന്നുണ്ട്) ബഹളം അവഗണിച്ച് ലോക്‌സഭയില്‍ ബില്ല് പാസ്സാക്കിയെടുക്കാമെന്ന് വെച്ചാലോ രാജ്യസഭയില്‍ കോണ്‍ഗ്രസോ പ്രതിപക്ഷത്തെ മറ്റ് ചിലരോ പിന്തുണക്കാതെ ബില്ലുകള്‍ പാസ്സാക്കാനാകില്ല. ഇത് മറികടക്കാനാണ് ഓര്‍ഡിനന്‍സിറക്കി ഭരിക്കാമെന്ന് വെച്ചത്. അപ്പോഴേക്കും അതായി വലിയ പ്രശ്‌നം. ചരക്കു സേവന നികുതി ബില്ലോ തൊഴില്‍ നിയമ ഭേദഗതികളോ ഇതര നികുതി മാറ്റങ്ങള്‍ക്കുള്ള ബില്ലുകളോ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമത്തില്‍ വന്‍കിടക്കാര്‍ക്കും കുത്തക കമ്പനികള്‍ക്കും ഗുണകരമാകും വിധത്തില്‍ വരുത്താനുദ്ദേശിച്ച മാറ്റമോ ഒന്നും പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഇതൊന്നുമില്ലാതെ വിദേശത്തു നിന്ന് ഇനിയും പണമൊഴുകില്ല. ആ പണമില്ലാതെ, മേക്ക് ഇന്‍ ഇന്ത്യ നടത്താനുമാകില്ല. അസംസ്‌കൃത എണ്ണയുടെ വില കുറയുന്നതിന് അനുസരിച്ച് പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടി, ഖജനാവില്‍ മുതലുണ്ടാക്കി ധനക്കമ്മി പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാറിന് ഉത്പാദനക്ഷമമായ മേഖലയില്‍ നിക്ഷേപമിറക്കാന്‍ സാധിക്കില്ല തന്നെ.


ഇതിന്റെ തുടര്‍ച്ചയായി വേണം സ്റ്റാര്‍ട്ട് അപ് ഇന്ത്യ... സ്റ്റാന്‍ഡ് അപ് ഇന്ത്യ... പ്രഖ്യാപനങ്ങളെ കാണാന്‍. കേരള ധനമന്ത്രിയായിരുന്ന ബാര്‍ കോഴ ഫെയിം കെ എം മാണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ഭാഗമായി അവതരിപ്പിച്ച നാല് ബജറ്റുകളുടെ പ്രസംഗമെടുത്ത് പരിഭാഷപ്പെടുത്തി മോദിജിക്ക് അയച്ചുകൊടുക്കാന്‍ സാക്ഷാല്‍ കുമ്മനം രാജശേഖരന്‍ തയ്യാറാകേണ്ടതുണ്ട്. നവീന ആശയങ്ങളുള്ള കോളജ്, സര്‍വകലാശാല വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം പറഞ്ഞത്ര കാര്യങ്ങള്‍ ഈ എസ് ആന്‍ഡ് എസ്സിലില്ല. അത്തരം ആശയക്കാര്‍ക്ക് മാണി സാര്‍ വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ മോദി സാര്‍ നല്‍കുന്നില്ല. പുതു സംരംഭങ്ങള്‍ക്ക് ബന്ധപ്പെടാനും ആശയങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും ധനവിനിമയത്തിനും ദേശീയ കേന്ദ്രം, സര്‍ക്കാറുമായും സര്‍ക്കാര്‍ ഏജന്‍സികളുമായും ബന്ധപ്പെടാന്‍ മൊബൈല്‍ ആപ്പും പ്രത്യേക പോര്‍ട്ടലും എന്നിവയൊക്കെ, സാങ്കേതിക വിദ്യയുടെ വികാസം കണക്കിലെടുത്താല്‍ എത്രത്തോളം നിസ്സാരമാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കൊക്കെ അറിയാം. മൂലധന നേട്ടത്തിലെ നികുതിയിളവ്, മൂന്ന് വര്‍ഷത്തേക്ക് ആദായ നികുതിയില്ല തുടങ്ങിയ പ്രഖ്യാപനങ്ങളിലെ കഴമ്പില്ലായ്മയും എളുപ്പത്തില്‍ മനസ്സിലാകും. പുതിയ സംരംഭത്തിന്റെ ഉത്പന്നം വിപണിയിലെത്തി പ്രവര്‍ത്തന ലാഭത്തിലേക്ക് എത്താന്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷമെടുക്കും. അക്കാലം വരെ ആദായനികുതി വേണ്ടെന്ന സൗമനസ്യത്തിന് അര്‍ഥം, ലാഭത്തിലെത്തിയാലുടന്‍ നികുതി നല്‍കണമെന്നതാണ്.


മൂലധനനേട്ടത്തിനുള്ള നികുതിയിലെ ഇളവ് കിട്ടണമെങ്കില്‍ മൂലധനച്ചെലവും കഴിഞ്ഞ് സംരംഭം ലാഭത്തിലെത്തണം. മൂന്ന് വര്‍ഷത്തിന് ശേഷം ആദായ നികുതിയൊടുക്കാന്‍ പാകത്തില്‍ ആരോഗ്യം നേടുന്ന സ്ഥാപനം മൂലധനച്ചെലവിനേക്കാളധികം നേട്ടം കൈവരിക്കുമ്പോള്‍ അതിന്‍മേല്‍ നികുതിയൊടുക്കാന്‍ പ്രയാസപ്പെടില്ല തന്നെ. ഇത്തരം ഇളവുകള്‍ ഇന്ത്യന്‍ യൂനിയനില്‍ പുത്തരിയല്ല. ചെറുകിട - ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് കാലാകാലങ്ങളില്‍ സര്‍ക്കാറുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ പരിശോധിച്ചാല്‍ സമാനമായ നിരവധി നിര്‍ദേശങ്ങള്‍ കാണാനാകും. ഈ ആനുകൂല്യങ്ങളൊക്കെ പ്രയോജനപ്പെടുത്തി ആരംഭിച്ച, രാജ്യത്തെ ചെറുകിട - ഇടത്തരം വ്യവസായങ്ങളില്‍ എത്രയെണ്ണം വളര്‍ന്നുവലുതായെന്ന കണക്കുകൂടി നരേന്ദ്ര മോദി ഭരണകൂടം പരിശോധിക്കണം. ചെറുകിട - ഇടത്തരം വ്യവസായങ്ങളുടെ ശവപ്പറമ്പായി രാജ്യം മാറിയതിന് പ്രധാന കാരണം, വിദേശത്തു നിന്നുള്ള ഉത്പന്നങ്ങളുടെ കുത്തൊഴുക്കായിരുന്നു. അതിന് പാകത്തില്‍ വ്യാപാര - വാണിജ്യ കരാറുകളുണ്ടാക്കുകയും ചുങ്കം കുറച്ചുകൊടുക്കുകയും ചെയ്തതിന് ശേഷം ആഭ്യന്തര വ്യാവസായിക വളര്‍ച്ചക്കായി ചില്ലറ ഇളവുകള്‍ പ്രഖ്യാപിച്ചതുകൊണ്ട് കാര്യമില്ല. പഴയ വീഞ്ഞ്, പുതിയ പേരില്‍ അവതരിപ്പിക്കുക മാത്രമേ നരേന്ദ്ര മോദി ചെയ്യുന്നുള്ളൂ. കുപ്പി പോലും മാറുന്നില്ല, പൊടി തുടച്ചുവെന്ന് മാത്രം.


വളരാന്‍ സാധ്യതയുള്ള ഒന്ന് സേവന മേഖലയാണ്. അവിടെ ഇന്‍ഫോസിസ് മുതല്‍ ടാറ്റ വരെയുള്ള വന്‍കിടക്കാരുണ്ട്. ടെക്‌നോ - ഇന്‍ഫോ പാര്‍ക്കുകളിലെ അടിസ്ഥാന സൗകര്യങ്ങളുണ്ട്. സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകളുമുണ്ട്. സ്റ്റാര്‍ട്ട് അപ്പുകളിലെ പുതിയ കണ്ടെത്തലുകളെ  വിപണിയിലെത്തിക്കാന്‍ ആഭ്യന്തര - വിദേശ കമ്പനികള്‍ ഇപ്പോള്‍ തന്നെ മത്സരിക്കുന്നു. ക്യാമ്പസുകളില്‍ നിന്ന് പുതുമുറയെ നേരിട്ടെടുക്കാനും കമ്പനികള്‍ മത്സരിക്കുന്നുണ്ട്. ഇതിന്റെ വേഗം ഏറിയും കുറഞ്ഞുമിരിക്കുന്നുവെന്ന് മാത്രം. അതിലേക്കൊരു ഊര്‍ജമേകാന്‍ എസ് ആന്‍ഡ് എസിന് സാധിച്ചേക്കും. അതിലപ്പുറം, വിളക്ക് വില കിട്ടാതെ വലയുന്ന കര്‍ഷകനെ സഹായിക്കാന്‍ സ്വച്ഛ് ഭാരതോ, മേക്ക് ഇന്‍ ഇന്ത്യയോ എസ് ആന്‍ഡ് എസോ മതിയാകില്ല. കടക്കെണി മൂലം ആത്മഹത്യ ചെയ്യേണ്ടിവരുന്ന കര്‍ഷകന് എന്തെങ്കിലും സഹായം ഈ പദ്ധതികളില്‍ നിന്ന് കിട്ടുമോ? രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത് അംഗീകരിച്ച ഭക്ഷ്യ സുരക്ഷാ നിയമം ഭാവനാത്മകമായി നടപ്പാക്കാനും ഇന്ത്യന്‍ യൂനിയനെ ദാരിദ്ര്യ മുക്തമാക്കാനും ഇതിലൂടെ സാധിക്കുമോ? പ്രാഥമിക വിദ്യാഭ്യാസത്തിന് പോലും അവസരമില്ലാത്തവര്‍, ഭൂമിരഹിതര്‍, സ്വന്തം ഭൂമിയില്‍ നിന്ന് ഇറക്കിവിടപ്പെട്ടവര്‍ തുടങ്ങി ജനസംഖ്യയുടെ പകുതിയോളം വരുന്നവരുടെ മുന്നിലൊരു പ്രതീക്ഷയാകാന്‍ ഈ പദ്ധതികള്‍ക്കാകുമോ?


അതിനൊന്നും സാധിക്കാതിരിക്കെ അടുത്ത റിപ്പബ്ലിക് ദിനത്തിലോ സ്വാതന്ത്ര്യ ദിനത്തിലോ പുതിയൊരു പദ്ധതി പ്രഖ്യാപിക്കാം. വികാരഭരിതമായ ശബ്ദത്തില്‍ താളാത്മകമായി പറയാന്‍ പറ്റുന്നൊരു പേരിനെക്കുറിച്ച് ആലോചിക്കാം. ആസൂത്രണ കമ്മീഷനെ പിരിച്ചുവിട്ട് പഞ്ചവത്സര പദ്ധതി അവസാനിപ്പിച്ച സാഹചര്യത്തില്‍ ബജറ്റിന്റെ കാര്യം കൂടി പുനരവലോകനം ചെയ്യാവുന്നതാണ്. പുതിയ പദ്ധതികള്‍ക്ക് പണം നീക്കിവെക്കല്‍, നികുതിയിളവുകള്‍ നല്‍കല്‍ തുടങ്ങിയവയൊക്കെ സാധാരണനിലക്ക് ബജറ്റിന്റെ ഭാഗമായാണ് വരിക. ഇടക്കിടെ പദ്ധതി പ്രഖ്യാപനവും അതിനുള്ള വിഹിതം മാറ്റലും നികുതിയിലെ കയറ്റിറങ്ങളുമൊക്കെയുണ്ടാകുമ്പോള്‍ പിന്നെ അരുണ്‍ ജെയ്റ്റ്‌ലി വര്‍ഷാന്ത്യത്തില്‍ രണ്ട് മണിക്കൂറോളം നീണ്ട കണ്ഠക്ഷോഭം ചെയ്യേണ്ട കാര്യമേ ഇല്ല.

2015-12-22

പുറം തൊഴില്‍ കരാറിലെ സാധ്യതകള്‍


വിവര സാങ്കേതിക വിദ്യയുടെ വികാസം ഒരു പതിറ്റാണ്ടിനിടെ വ്യവസായലോകത്തിന് സമ്മാനിച്ച വലിയ അവസരമാണ് ഔട്ട് സോഴ്‌സിംഗ്. ആശയം ഏറെക്കുറെ പ്രതിഫലിക്കും വിധത്തില്‍ 'പുറം തൊഴില്‍ കരാറെ'ന്ന പരിഭാഷ മലയാളത്തില്‍ ഇതിന് ലഭിക്കുകയും ചെയ്തു. ഈ കരാറുകള്‍ വഴി ഇന്ത്യന്‍ യൂനിയനില്‍ പുഷ്ടിപ്പെട്ടത് ഐ ടി കമ്പനികളാണ്. ഇന്‍ഫോസിസ് മുതല്‍ ടി സി എസ് വരെയുള്ള ഭീമന്‍മാരും മറ്റ് നിരവധി ചെറുകിട കമ്പനികളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. പതിറ്റാണ്ട് കണ്ട വലിയ തട്ടിപ്പുകളിലൊന്ന് അരങ്ങേറിയതും പുറം തൊഴില്‍ കരാറെടുക്കുന്ന കമ്പനിയിലൂടെയായിരുന്നു. വരുമാനം, പ്രവര്‍ത്തനലാഭം, പലിശയിനത്തിലെ ബാധ്യത, നീക്കിയിരുപ്പ് എന്ന് തുടങ്ങി ഒരു സ്ഥാപനത്തിന്റെ സാമ്പത്തിക ആരോഗ്യത്തെക്കുറിക്കുന്ന കണക്കുകളൊക്കെ പെരുപ്പിച്ച് കാട്ടി, നിക്ഷേപകരെയാകെ പറ്റിക്കുകയാണ് സത്യം കമ്പ്യൂട്ടേഴ്‌സ് ചെയ്തത്. ഇതിന് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ കണക്കുനോക്കല്‍ ഏജന്‍സികളുടെ സഹായവും ഇവര്‍ക്ക് കിട്ടിയിരുന്നു. ഇതൊക്കെയുണ്ടെങ്കിലും രാജ്യത്തിന് വലിയതോതില്‍ വിദേശനാണ്യം നേടിത്തരുന്ന മേഖലയായി ഔട്ട് സോഴ്‌സിംഗ് തുടരുന്നു.


പുറമെ നിന്നുള്ള തൊഴില്‍കരാറുകള്‍ ഇന്ത്യയിലെ കമ്പനികളിലേക്ക് കൈമാറുന്നതിനൊപ്പം ഈ ജോലി മികച്ചനിലയില്‍ ചെയ്യുന്ന കമ്പനികളിടെ മിടുക്കരായ ജീവനക്കാരെ സ്വന്തം രാജ്യത്തിലേക്ക് ക്ഷണിച്ച് ജോലികള്‍ വേഗത്തില്‍ തീര്‍ക്കാനും വിദേശ കമ്പനികള്‍ തയ്യാറാകാറുണ്ട്. ഓണ്‍ സൈറ്റ്, ഔട്ട് സോഴ്‌സിംഗാണിത്. ഇത്തരത്തില്‍ പോകുന്ന ജീവനക്കാരില്‍ ചിലരെയെങ്കിലും അവരുടെ മിടുക്ക് പരിഗണിച്ച് വിദേശ കമ്പനികള്‍ സ്വന്തമാക്കാറുമുണ്ട്.


പുറം തൊഴില്‍ കരാര്‍ സമ്പ്രദായം വ്യവസായലോകത്ത് ആരംഭിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്തെ രാഷ്ട്രീയ മേഖലയില്‍ സജീവമായിരുന്നു. ഈ സമ്പ്രദായം ഏറ്റം വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നത് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) ആണ്. ജന സംഘം, ബി ജെ പി തുടങ്ങിയ മുഖ്യധാരാ രാഷ്ട്രീയ രൂപങ്ങള്‍ മാത്രമല്ല, പരിവാറിന്റെ ഭാഗമായ ഇതര സംഘടനകളും ആര്‍ എസ് എസില്‍ നിന്നുള്ള ഓണ്‍ സൈറ്റ് ഔട്ട് സോഴ്‌സിംഗ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വിശ്വ ഹിന്ദു പരിഷത്തിന്റെയും കേരളത്തിലുള്ള ഹിന്ദു ഐക്യ വേദിയുടെയും ഭാരവാഹിയായിരുന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രചാരകന്‍ കുമ്മനം രാജശേഖരനെ ബി ജെ പിയുടെ കേരള ഘടകത്തിന്റെ പ്രസിഡന്റായി നിയമിച്ചതും ഒരു വിധത്തില്‍ പറഞ്ഞാല്‍ ഔട്ട്‌സോഴ്‌സിംഗാണ്, ഓണ്‍ സൈറ്റ് ഔട്ട്‌സോഴ്‌സിംഗ്.


മികച്ച നിലവാരത്തില്‍ ജോലി പൂര്‍ത്തിയാക്കിക്കൊടുക്കുക എന്നതാണ് ഒട്ട്‌സോഴ്‌സിംഗ് കരാറെടുക്കുന്ന സ്ഥാപനത്തിന്റെ ഉത്തരവാദിത്തം. കരാര്‍ നല്‍കുന്ന കമ്പനിക്ക് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിക്കൊടുക്കണം. ഓണ്‍ സൈറ്റ് നല്‍കുകയാണെങ്കില്‍, അതിലേക്ക് നിയോഗിക്കപ്പെടുന്നവരുടെ ഉത്തരവാദിത്തം കൂടും. ആര്‍ എസ് എസ് അതിന്റെ നേതാക്കളെ മറ്റു സംഘടനകള്‍ക്കായി ഔട്ട്‌സോഴ്‌സ് ചെയ്യുമ്പോള്‍ അവരുദ്ദേശിക്കുന്ന ചില ലക്ഷ്യങ്ങളുണ്ട്. അത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ടാകും. അതിന് പാകത്തില്‍ പാര്‍ട്ടിയെ രൂപപ്പെടുത്തുക എന്നത് ഔട്ട്‌സോഴ്‌സിംഗ് ഏറ്റെടുക്കുന്നവരുടെ ചുമതലയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുണ്ടായ ഏറ്റവും പ്രധാനപ്പെട്ട ഓണ്‍ സൈറ്റ് ഔട്ട്‌സോഴ്‌സിംഗ് രാം മാധവിന്റേതായിരുന്നു. ആര്‍ എസ് എസ്സിന്റെ നേതൃനിരയില്‍ നിന്ന് ബി ജെ പിയുടെ ജനറല്‍ സെക്രട്ടറിയായി രാം മാധവ് നിയോഗിക്കപ്പെട്ടു. ഭരണരംഗത്ത് ബി ജെ പി സ്വീകരിക്കുന്ന നയങ്ങള്‍ ആര്‍ എസ് എസ്സിന്റെ പ്രഖ്യാപിത നിലപാടുകളോട് ചേര്‍ന്നുനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് രാം മാധവിന്റെ ദൗത്യമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇത്തരം ഔട്ട്‌സോഴ്‌സിംഗിനുള്ള പ്രധാന പ്രത്യേകത, പലപ്പോഴും ഇത് ഏകപക്ഷീയമായിരിക്കുമെന്നതാണ്.


ബി ജെ പിയുടെ കേരള ഘടകത്തില്‍ കുമ്മനം രാജശേഖരന്‍ ഓണ്‍ സൈറ്റ് ഔട്ട്‌സോഴ്‌സിംഗിന് എത്തുമ്പോഴും ഈ ഏകപക്ഷീയതയുണ്ട്. വിശ്വ ഹിന്ദു പരിഷത്തിന്റെയും ഹിന്ദു ഐക്യവേദിയുടെയുമൊക്കെ ഭാരവാഹിയായ കുമ്മനം, എപ്പോഴെങ്കിലും ബി ജെ പിയുടെ അംഗമായിരുന്നോ എന്നതില്‍ വ്യക്തതയില്ല. മൊബൈല്‍ ഫോണില്‍ നിന്ന് മിസ് കാള്‍ അടിച്ചാല്‍ അംഗത്വം ലഭിക്കുന്ന പാര്‍ട്ടിയാണ് ബി ജെ പി. അതുകൊണ്ട് തന്നെ അംഗത്വത്തില്‍ വലിയ പ്രസക്തിയില്ല. പക്ഷേ, ബി ജെ പിയുടെ ഏതെങ്കിലുമൊരു ഘടകത്തില്‍ ഭാരവാഹിയായി കുമ്മനം  ഇരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അത്തരത്തിലൊരാളെ പൊടുന്നനെ സംസ്ഥാന പ്രസിഡന്റായി നിയമിക്കുമ്പോള്‍ നിലവിലുള്ള നേതൃനിരയൊന്നും തങ്ങളുദ്ദേശിക്കുന്ന പ്രവൃത്തിക്ക് യോഗ്യരല്ലെന്ന് അടിവരയിടുകയാണ് ആര്‍ എസ് എസ്.


കരാര്‍ നല്‍കുന്നവര്‍ക്കും കരാര്‍ സ്വീകരിക്കുന്നവര്‍ക്കും ലാഭമുള്ളതാണ് വ്യവസായത്തിലെ ഔട്ട്‌സോഴ്‌സിംഗ്. കരാര്‍ സ്വീകരിക്കുന്നവര്‍ക്ക് ലാഭമെന്ന് പറഞ്ഞാല്‍ നിലവില്‍ അതിന്റെ നേതൃനിരയിലുള്ളവര്‍ക്കൊക്കെ ലാഭം. പക്ഷേ, കുമ്മനത്തെ ഔട്ട്‌സോഴ്‌സ് ചെയ്യുമ്പോള്‍ തുടക്കത്തില്‍ സംസ്ഥാന ബി ജെ പിയുടെ മുഖങ്ങളായി അറിയപ്പെടുന്ന നേതാക്കള്‍ക്കൊക്കെ നഷ്ടമാണ്. ഔട്ട്‌സോഴ്‌സിംഗിലൂടെ ആര്‍ എസ് എസ് ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നേടിക്കൊടുക്കാനായാല്‍, ലാഭമുണ്ടാകുമെന്ന പ്രതീക്ഷ നഷ്ടദുഃഖത്തിനിടയിലും നേതാക്കള്‍ക്കുണ്ടാകുമെന്ന് മാത്രം.


ഉദ്ദിഷ്ടം എന്തൊക്കെയാകും? വെള്ളാപ്പള്ളി നടേശനെ കൂടെക്കൂട്ടിയതിലൂടെ ഭൂരിപക്ഷ സമുദായങ്ങളുടെ ഐക്യം വളര്‍ത്തി വോട്ടാക്കാമെന്ന് ബി ജെ പി കണക്ക് കൂട്ടുന്നു. ഹിന്ദു ഐക്യത്തിന് വേണ്ടി ദശകങ്ങളായി വിയര്‍പ്പൊഴുക്കുന്നയാളാണ് കുമ്മനം. അതിനൊരു വേദിയുണ്ടാക്കി, നേതൃസ്ഥാനത്ത് സ്വയം അവരോധിച്ചയാള്‍. ഇത്ര കാലവും വിയര്‍പ്പ് പാഴായതേയുള്ളൂ. എങ്കിലും വിവിധ സമുദായ സംഘടനകളുടെ നേതാക്കളുമായി അടുത്ത സൗഹൃദമുണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ആ ബന്ധം പുതിയ സാഹചര്യങ്ങളില്‍ ബി ജെ പിക്കുള്ള വോട്ടാക്കാനാകുമോ എന്ന ആലോചനയുടെ ഭാഗം കൂടിയാണ് കുമ്മനത്തിന്റെ നിയമനം. വെള്ളാപ്പള്ളി നടേശനെ കൂടെക്കൂട്ടാന്‍ ശ്രമിക്കുന്നത് ബി ജെ പിക്കുണ്ടാക്കിയ വലിയ നഷ്ടം, ഇനിയങ്ങോട്ടില്ലെന്ന നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നിലപാടാണ്. സ്വയം നായരായ കുമ്മനം പ്രസിഡന്റാകുന്നതോടെ, നായര്‍ നേതൃത്വത്തിലിരിക്കുന്ന പാര്‍ട്ടിയുടെ സഖ്യകക്ഷി സ്ഥാനമേ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്കുള്ളൂവെന്ന് ബോധ്യപ്പെടുത്താനാകുമെന്നും സുകുമാരന്‍ നായര്‍ പ്രസാദിക്കുമെന്നും ബി ജെ പിയുടെ കാര്യത്തിലും സമദൂരം പ്രഖ്യാപിക്കപ്പെടുമെന്നുമാണ് പ്രതീക്ഷ.


തീവ്രതയാണ് ഔട്ട്‌സോഴ്‌സിംഗിനുള്ള മറ്റൊരു പ്രധാന കാരണം. ബി ജെ പിയുടെ തീവ്ര നിലപാടുകളെ തുണച്ച് സംസാരിക്കുക, അതിന്റെ തീവ്ര നേതാക്കള്‍ പുറപ്പെടുവിക്കുന്ന വിദ്വേഷം ജനിപ്പിക്കാവുന്ന പ്രസ്താവനകള്‍ക്ക് ന്യായം നിരത്തുക എന്നിവയില്‍ ഒതുങ്ങി നില്‍ക്കുന്നതാണ് കേരള ഘടകത്തിലെ നേതാക്കളുടെ പൊതുരീതി. അതില്‍തന്നെ പലപ്പോഴും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യും. ആരെങ്കിലും ഗോമാംസം ഭക്ഷിക്കുന്നുണ്ടെങ്കില്‍ അതില്‍ എതിര്‍പ്പില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് വി മുരളീധരന്‍ നടത്തിയ പ്രസ്താവന ഉദാഹരണം. സംഘ്പരിവാരം ദേശീയതലത്തില്‍ ആവിഷ്‌കരിക്കുന്ന തീവ്ര അജന്‍ഡകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും അതിന് ബാലിശമായ ന്യായങ്ങള്‍ നിരത്തുകയും ചെയ്യുക എന്നതും അപൂര്‍വമല്ല. ഇതിനൊക്കെയൊരു മാറ്റമുണ്ടാകണമെന്ന ആഗ്രഹവും തീവ്രതയില്‍ വിട്ടുവീഴ്ചയില്ലാത്ത ഈ മൃദുഭാഷിയെ നിശ്ചയിക്കാന്‍ കാരണമായിട്ടുണ്ടാകണം. നിലക്കല്‍ മുതല്‍ മാറാട് വരെ നീണ്ട സംഭവങ്ങളിലെല്ലാം ഈ തീവ്രത കേരളം കണ്ടതാണ്. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാകുന്നതോടെ തീവ്രത കുറേക്കൂടി പ്രകടമാകുമെന്ന് കരുതണം. ഗ്രൂപ്പിസത്തിന്റെ കാര്യത്തില്‍  കോണ്‍ഗ്രസിനോട് മത്സരിക്കാന്‍ ശ്രമിക്കുന്ന ബി ജെ പി ഘടകത്തില്‍ അച്ചടക്കം പഠിപ്പിക്കാനും കുമ്മനത്തിന് കഴിയുമെന്നാണ് ആര്‍ എസ് എസ് നേതൃത്വത്തിന്റെ പ്രതീക്ഷ. അതുകൊണ്ട് കൂടിയാണ് വിവിധ പക്ഷങ്ങളുടെ എതിര്‍പ്പുകളെ അവഗണിച്ച്, കുമ്മനത്തിന്റെ കുറിയെടുക്കാന്‍ അമിത് ഷാക്ക് ആര്‍ എസ് എസ് നിര്‍ദേശം നല്‍കിയത്.


പുറം തൊഴില്‍ കരാര്‍ വീഴ്ചകൂടാതെ നടപ്പാക്കുന്നതിന് കുമ്മനത്തിന് എന്തൊക്കെ ചെയ്യാനാകും? ക്ഷേത്ര സ്വത്തുക്കളുടെ കൈകാര്യം വിശ്വാസികളെ ഏല്‍പ്പിക്കണമെന്ന ആവശ്യത്തിന്റെ ആവര്‍ത്തനത്തിലൂടെ അതിന് അദ്ദേഹം തുടക്കമിട്ടുകഴിഞ്ഞു. ക്ഷേത്ര വരുമാനം സര്‍ക്കാര്‍ കൊണ്ടുപോകുന്നുവെന്ന പ്രചാരണത്തിന്റെ മുനയൊടിഞ്ഞു നില്‍ക്കുമ്പോഴാണ് കുമ്മനം ഈ ആവശ്യം ആവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു അജന്‍ഡയായി മുന്നോട്ടുവെക്കുകയാണ് എന്നര്‍ഥം. ക്ഷേത്രത്തിന് സമീപത്തെ കച്ചവടങ്ങള്‍ മറ്റ് മതങ്ങളില്‍പ്പെട്ടവര്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ആര്‍ എസ് എസ് തന്നെ ആവശ്യപ്പെട്ടതായാണ് വിവരം. വൈകാതെ കുമ്മനം ഇത് കൂടി ഏറ്റെടുത്തേക്കും.  കച്ചവടത്തിന്റെ കാര്യത്തില്‍ അതാത് ക്ഷേത്ര കമ്മിറ്റികള്‍ക്ക് തീരുമാനിക്കാമെന്ന് കുമ്മനം പറയുമ്പോള്‍ ഇനി മേലാല്‍ കച്ചവടങ്ങളൊന്നും മറ്റ് മതസ്ഥര്‍ക്ക് നല്‍കേണ്ടതില്ലെന്ന് ക്ഷേത്ര കമ്മിറ്റികള്‍ തീരുമാനിക്കണമെന്നാണ് വ്യംഗ്യം. വിവിധ ദേവസ്വം ബോര്‍ഡുകളും ഇങ്ങനെ തീരുമാനിക്കണമെന്ന് വൈകാതെ ആവശ്യപ്പെടും. സമുദായ സംരക്ഷണത്തിന് ഇതിലും വലുത് ആരെങ്കിലും ചെയ്‌തോ എന്ന തോന്നല്‍ സൃഷ്ടിക്കാന്‍ യുക്തിരഹിതമായ ഈ പദ്ധതി ധാരാളം മതിയാകും. ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുവകകള്‍ ഏതൊക്കെ സമുദായാംഗങ്ങളുടെ കൈമറിഞ്ഞാണ് എത്തുന്നത് എന്ന സാമാന്യ ആലോചന നിഷേധിക്കാന്‍ പാകത്തിലാകണം പ്രചാരണമെന്ന് മാത്രം. ആ തീവ്രത കുമ്മനത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്.


ആറന്‍മുള വിമാനത്താവള പദ്ധതിക്കെതിരായ സമരത്തിലെ പങ്കാണ്, കുമ്മനത്തിന്റെ മറ്റൊരു കൈമുതല്‍. വിമാനത്താവളത്തിന് വേണ്ടി പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ  കൊടിമരം മുറിക്കേണ്ടിവരും എന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ മാത്രമാണ് കുമ്മനം ഇവിടെ സജീവമാകുന്നത്. പദ്ധതിക്കായി തണ്ണീര്‍ത്തടങ്ങളും വയലുകളും ഏറ്റെടുത്തപ്പോഴോ അത് നികത്തിയപ്പോഴോ ഏറ്റെടുക്കലിലെ ക്രമവിരുദ്ധതയും നിയമലംഘനവും പുറത്തുവന്നപ്പോഴോ കുമ്മനം രാജശേഖരന് പ്രത്യേകിച്ച് വൈഷമ്യമൊന്നും ഉണ്ടായിരുന്നില്ല. കൊടിമരം മുറിക്കേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ പൈതൃക സംരക്ഷണമെന്ന ആവശ്യവുമായി ആദ്ദേഹം രംഗപ്രവേശം ചെയ്തു. വൈകാതെ സമര നേതൃത്വത്തിലെ ഗണനീയ സാന്നിധ്യമായി സ്വയം അവരോധിക്കുകയും ചെയ്തു. നേരത്തെ സമര നേതൃത്വത്തിലുണ്ടായിരുന്ന സുഗതകുമാരി അടക്കമുള്ളവര്‍ക്കൊപ്പം നിന്നതിലൂടെ ജനകീയ സമരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നയാളെന്ന പ്രതിച്ഛായ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. ഇതും ബി ജെ പിയുടെ അധ്യക്ഷ പദവിയിലിരിക്കുമ്പോള്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷകള്‍.


ഗുജറാത്തില്‍ നിരപരാധികളെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചിരുന്ന നാളുകള്‍ (കു) പ്രസിദ്ധമാക്കിയതാണ് വെളുത്ത താടി, കറുത്ത താടി പ്രയോഗങ്ങള്‍. ആസുര അജന്‍ഡകള്‍ നടപ്പാക്കുന്നതില്‍ വെളുത്ത താടി മുന്നില്‍ നിന്നുവെന്ന ആരോപണം ശക്തവുമാണ്. കേരളത്തിനൊരു വെളുത്ത താടി, കുമ്മനത്തെ ഓണ്‍ സൈറ്റ് ഔട്ട്‌സോഴ്‌സിംഗിന് നിയോഗിക്കുമ്പോള്‍ ശങ്ക അസ്ഥാനത്തല്ല.