2009-06-01

കാപട്യങ്ങളുടെ യാത്രാമൊഴി!


ഇന്ത്യന്‍ സമൂഹത്തില്‍ പുരുഷന്മാരായ എഴുത്തുകാര്‍ മാത്രം കൈകാര്യം ചെയ്‌തിരുന്ന ലൈംഗികത ഒരു വനിതയുടെ രചനയില്‍ ഉണ്ടാവുക. എഴുതിയത്‌ മലയാളിയായ യുവതിയും. ഒളിഞ്ഞുനോട്ടത്തിന്റെ കാര്യത്തില്‍ സ്ഥിരോത്സാഹികളായ മലയാളികള്‍ യുവതിയായ രചയിതാവിന്റെ ജീവിതം എഴുത്തില്‍ ദര്‍ശിക്കാന്‍ ശ്രമിച്ചു. പരദൂഷണത്തില്‍ മലയാളിക്കുള്ള താത്‌പര്യത്തില്‍ കച്ചവട സാധ്യത കണ്ട മാധ്യമങ്ങള്‍ അത്‌ വിവാദമായി വളര്‍ത്തി. അങ്ങിനെ കമലാദാസ്‌ എന്ന മാധവിക്കുട്ടി എന്ന കമല സുരയ്യ വിവാദങ്ങളുടെ സഹയാത്രികയായി. ഏറിയും കുറഞ്ഞും ലൈംഗികത കൈകാര്യം ചെയ്‌ത പുരുഷ എഴുത്തുകാരുടെ കാര്യത്തിലൊന്നും ഇത്തരം വിവാദങ്ങളുണ്ടായില്ല എന്നത്‌ മലയാളികളുടെ ഗൂഢതാത്‌പര്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്‌തു. സ്വകാര്യ ജീവിതത്തിന്റെ അരികുകള്‍ ചികഞ്ഞ്‌ വിവാദങ്ങളുയര്‍ത്തി ധ്വന്യാത്മകമായ `ഫീച്ചറു'കളിലൂടെ വായനക്കാരുടെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ചുകൊടുത്തു മാധ്യമങ്ങള്‍. ഒടുവില്‍ മതം മാറാന്‍ തീരുമാനിച്ചപ്പോള്‍ പ്രണയത്തിന്റെയും പുനര്‍വിവാഹത്തിന്റെയും സാധ്യതകള്‍ അവര്‍ ചര്‍ച്ചചെയ്‌തു. അതേ മാധ്യമങ്ങള്‍ ഇപ്പോള്‍ തിരിഞ്ഞിരുന്ന്‌ `മലയാളത്തിന്റെ പ്രിയകഥാകാരി'യെന്ന്‌ ഉദകക്രിയ ചെയ്യുകയാണ്‌. ഇത്‌ അല്‍പ്പകാലം കൂടി തുടരും.


മതമൗലികവാദം
എഴുത്തുകളിലോ നിലപാടുകളിലോ ഒരിക്കല്‍പോലും ഹൈന്ദവ നിലപാടുകള്‍ പുലര്‍ത്തിയിട്ടില്ലാതിരുന്ന മാധവിക്കുട്ടി, കലമാ സുരയ്യയായി മാറിയപ്പോള്‍ ഭാരതീയ വിചാര കേന്ദ്രം പോലുള്ള സംഘപരിവാര്‍ സംഘടനകള്‍ക്കും പി പരമേശ്വരനെപ്പോലുള്ള നേതാക്കള്‍ക്കും അവര്‍ മുസ്‌ലിം മതമൗലിക വാദികളുടെ കൈയില്‍ പെട്ടുപോയെന്ന ആശങ്കകളുണ്ടായി. ലോകമറിഞ്ഞ മൗലികതയുള്ള എഴുത്തുകാരിയെ മനുഷ്യനെന്നതിലുപരി ഹിന്ദുവായി കാണാനായിരുന്നു ഇവര്‍ക്ക്‌ താത്‌പര്യം. മരണത്തിന്‌ ശേഷവും ഇത്തരം ആളുകള്‍ മതമൗലികതയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നത്‌ കാണാതിരിക്കാനാവില്ല. വിശ്വാസം വ്യക്തിനിഷ്‌ഠമാണെന്ന അടിസ്ഥാനകാര്യം അംഗീകരിക്കാന്‍ ഇക്കൂട്ടര്‍ക്ക്‌ ഒരിക്കലും കഴിയുമെന്ന്‌ തോന്നുന്നില്ല. മാധവിക്കുട്ടിയുടെ ആശയങ്ങളോട്‌ ഒരിക്കല്‍പോലും യോജിക്കാന്‍ കഴിയുമായിരുന്നില്ല സംസ്ഥാനത്തെ പ്രബല മുസ്‌ലിം സംഘടനകള്‍ക്കൊന്നും. പക്ഷേ, ഇസ്‌ലാം സ്വീകരിക്കാന്‍ തയ്യാറായതോടെ കമല സുരയ്യ അവരുടെ എല്ലാം സ്വന്തമായി മാറി. പ്രമുഖയായ ഒരു എഴുത്തുകാരി സ്വന്തം മതത്തിലേക്ക്‌ വരുമ്പോള്‍ സ്വാഭാവികമായുണ്ടായ പ്രതികരണമായി ഇതിനെ കാണാം. പക്ഷേ, രോഗബാധിതയായ സുരയ്യയെ പൂനെയില്‍ പോയി കണ്ടതിനെക്കുറിച്ച്‌ ലേഖനമെഴുതാനും അവരുട ഭൗതിക ശരീരത്തിനൊപ്പം സഞ്ചരിക്കാനും ചിലര്‍ തയ്യാറായപ്പോള്‍ കമലയെ സ്വന്തം സംഘടനയുടെ ഭാഗമാക്കി മാറ്റാന്‍ ശ്രമിക്കുകയാണോ എന്ന സംശയം ഉയര്‍ന്നു. ഈ രണ്ടു കൂട്ടരും കാപട്യത്തിന്റെ ഇരു വശങ്ങള്‍ മാത്രമാണെന്ന്‌ വിലയിരുത്തേണ്ടിവരും.


ഫെമിനിസം
പെണ്ണെഴുത്ത്‌, സ്‌ത്രീപക്ഷ രചനകള്‍ എന്നിവയുടെ പേരില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു മലയാളത്തില്‍. ഫെമിനിസ്റ്റുകളുടെ നീണ്ട നിര ഉയര്‍ന്നുവരികയും ചെയ്‌തു. പക്ഷേ, ഇവരില്‍ ഒരാള്‍ക്കുപോലും മാധവിക്കുട്ടിയുടെ മൗലികത അവകാശപ്പെടാനാവില്ല എന്നതാണ്‌ യാഥാര്‍ഥ്യം. സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്കു നേര്‍ക്കുണ്ടായ സമാനതകളില്ലാത്ത ലൈംഗിക അതിക്രമം ചര്‍ച്ചയായ കാലത്ത്‌ ബലാത്സംഗം എന്നത്‌ ശാരീരികമായ ആക്രമണം മാത്രമാണെന്നും ഡെറ്റോളൊഴിച്ച്‌ കഴുക്കിക്കളഞ്ഞാല്‍ തീരാവുന്ന കളങ്കമേ അതുവഴി സംഭവിക്കുന്നുള്ളൂ എന്ന്‌ മാധവിക്കുട്ടി പറഞ്ഞിരുന്നു. (1996-97ല്‍ തൃശൂര്‍ പി ജി സെന്ററില്‍ നടത്തിയ പ്രഭാഷണം) പീഡനം, മാനഭംഗം, ചാരിത്ര്യനഷ്‌ടം തുടങ്ങിയ പദാവലികള്‍ കൊണ്ട്‌ വിശേഷിപ്പിച്ച്‌ ജീവിതാന്ത്യം വരെ കളങ്കിതയായി തുടരേണ്ടിവരുന്ന അവസ്ഥയുണ്ടാവരുതെന്ന മുന്‍ ധാരണയോടെയായിരുന്നു മാധവിക്കുട്ടി ഇത്‌ കേവലം ശാരീരികമായ ആക്രമണമാണെന്നും മറ്റ്‌ ശാരീരി കയ്യേറ്റങ്ങളെപ്പോലെ മാത്രം ഇതിനെ ഗൗനിച്ച്‌ നീതി നടപ്പാക്കിയാല്‍ മതിയെന്നും അഭിപ്രായപ്പെട്ടത്‌. പക്ഷേ, `രാത്രി സ്വന്തമാക്കല്‍' പോലെ `വിപ്ലവ സമരങ്ങള്‍ക്ക്‌' നേതൃത്വം നല്‍കുന്ന ഫെമിനിസ്റ്റുകളൊന്നും ഈ ആശയത്തെ 

ജനമനസ്സിലെത്തിക്കാന്‍ പണിപ്പെട്ടില്ല.
പുരുഷന്റെ ലൈംഗിക അതിക്രമത്തിന്‌ ഇരയായ പെണ്‍കുട്ടിക്ക്‌ സര്‍ക്കാര്‍ നഷ്‌ടപരിഹാരവും മറ്റും ആവശ്യപ്പെട്ട്‌ നഷ്‌ടപ്പെട്ടത്‌ അമൂല്യമായ ചാരിത്ര്യമാണെന്നും ജീവിതം ഇതോടെ നശിച്ചുവെന്നുമുള്ള പരമ്പരാഗത ധാരണ രൂഢമൂലമാക്കാനാണ്‌ അവര്‍ ശ്രമിച്ചത്‌. ഇത്തരം പിന്തിരിപ്പന്‍ ആശയങ്ങള്‍ രൂഢമൂലമായതോടെ പെണ്‍കുട്ടികള്‍ സ്വന്തം `നാശ'ത്തെക്കുറിച്ച്‌ കൂടുതല്‍ ബോധവതികളായി. ഉപദ്രവിച്ച പുരുഷന്‍മാരില്‍ നിന്ന്‌ വന്‍തുക കൈപ്പറ്റി കോടതികളില്‍ മൊഴിമാറ്റാനും രഹസ്യമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാനും അവരില്‍ പലരും തയ്യാറായി. തനിക്കൊന്നും നഷ്‌ടപ്പെട്ടിട്ടില്ലെന്നും അതിക്രമം നടത്തിയ പുരുഷന്‍മാരെ ശിക്ഷിക്കുകയാണ്‌ വേണ്ടതെന്നും പരസ്യമായി പറയാന്‍ ചിലരെങ്കിലും തയ്യാറായിരുന്നുവെങ്കില്‍ ഇത്രയധികം ലൈംഗിക അതിക്രമ കേസുകള്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല എന്ന്‌ തോന്നുന്നു. ഫെമിനിസ്റ്റുകളുടെ പ്രിയങ്കരിയായി എഴുത്തുകാരിയായി മാധവിക്കുട്ടി ഇപ്പോഴും തുടരുന്നുമുണ്ട്‌.


മതംമാറ്റം
ഇംഗ്ലീഷിലാണ്‌ മാധവിക്കുട്ടി എഴുതിത്തുടങ്ങിയത്‌. പിന്നീട്‌ മലയാളത്തില്‍ എഴുതിയതിനൊക്കെ ഇംഗ്ലീഷ്‌ പരിഭാഷയുമുണ്ടായി. പൊതു സമൂഹത്തില്‍ അവരുടെ രചനകള്‍ ധാരാളം വായിക്കപ്പെട്ടു. അപ്പോഴും അവര്‍ക്ക്‌ മുസ്‌ലിം സ്‌ത്രീകളുമായി സംവദിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്‌ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ ഖുറാന്‍ വ്യക്തമായി പറയുന്നുണ്ടെങ്കിലും വചനങ്ങള്‍ വ്യാഖ്യാനിച്ച പുരുഷ പണ്ഡിതര്‍ സ്‌ത്രീകളുടെ അസ്വാതന്ത്ര്യമാണ്‌ പ്രാവര്‍ത്തികമാക്കിയത്‌. ഇതില്‍ നിന്നൊരു മാറ്റമുണ്ടാവണമെങ്കില്‍ സ്വന്തം അവകാശങ്ങളെക്കുറിച്ച്‌ മുസ്‌ലിം സ്‌ത്രീകള്‍ അറിയണമായിരുന്നു. അതിന്‌ തന്റെ രചനകള്‍ ഏതെങ്കിലും തരത്തില്‍ പ്രയോജനപ്പെടണമെന്ന്‌ അവര്‍ കരുതിയിരിക്കണം. മുസ്‌ലിം മുഖ്യധാരയിലെ സംഘടനകളും പ്രസ്ഥാനങ്ങളും അംഗീകരിക്കാത്തിടത്തോളം തന്റെ രചനകള്‍ ആ സമൂഹത്തില്‍ സ്വീകാര്യമാവില്ല എന്നതും അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. അതുകൊണ്ടാണ്‌ ഇസ്‌ലാം സ്വീകരിക്കാനും അതുവഴി തന്റെ ആശയങ്ങള്‍ ആ വിഭാഗത്തിലെ സ്‌ത്രീകളില്‍ എത്തിക്കാനും ശ്രമിച്ചത്‌ എന്ന്‌ വിലയിരുത്തേണ്ടിവരും. അതില്‍ ഒരുപരിധിവരെ അവര്‍ വിജയിച്ചുവെന്നതിന്‌ തെളിവാണ്‌ സംഘടനകളുടെ നേതൃത്വത്തിലുള്ളവര്‍ ഇപ്പോള്‍ കാണിക്കുന്ന മമതയില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌.
ഇസ്‌ലാം സ്വീകരിച്ചതോടെ അവരുടെ കൃതികള്‍ അറബിയിലേക്ക്‌ മൊഴിമാറ്റം ചെയ്യപ്പെട്ടു. അതിലൂടെ ലഭിക്കാനിടയുള്ള വരുമാനത്തെക്കുറിച്ചും ബുദ്ധിമതിയായ മാധവിക്കുട്ടി ചിന്തിച്ചിരിക്കണം. ഇത്‌ അവമതിക്കാന്‍ എഴുതുന്നതല്ല. മറിച്ച്‌ അവരുടെ കഴിവും ബുദ്ധിയും അംഗീകരിക്കാനാണ്‌.


ഇപ്പോള്‍ നടക്കുന്നത്‌ - പതിവ്‌ കാപട്യവും നാട്യവും അഴിഞ്ഞാടുകയാണ്‌. ഈ അഴിഞ്ഞാട്ടമാണ്‌ കമലാ സുരയ്യക്ക്‌ നല്‍കുന്ന യാത്രാമൊഴി.

2009-05-31

ലെനിനിസ്റ്റ്‌ രീതി - ബംഗാള്‍ സ്റ്റൈല്‍



എന്റെ സുവര്‍ണ ബംഗാള്‍ - സ്വന്തം നാടിനെക്കുറിച്ച്‌ ബംഗാളികള്‍ പുലര്‍ത്തിയ അഹങ്കാരത്തിന്റെ പ്രതീകമാണ്‌ തലമുറകള്‍ കൈമാറുന്ന രവീന്ദ്രനാഥ്‌ ടാഗോറിന്റെ ഈ പ്രയോഗം. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍, പ്രത്യേകിച്ച്‌ സി പി എമ്മുകാര്‍ ബംഗാളിനെക്കുറിച്ച്‌ അഹങ്കരിച്ചിരുന്നു. കേരളത്തില്‍ കൃത്യമായ ഇടവേളകളില്‍ അധികാരം നഷ്‌ടമായിക്കൊണ്ടിരിക്കുമ്പോള്‍ മുഷിവു തട്ടാതെ തുടര്‍ന്നിരുന്ന ബംഗാളിലെ ചുവപ്പു പരവതാനിയെക്കുറിച്ച്‌ അവര്‍ വാതോരാതെ സംസാരിച്ചിരുന്നു. ബംഗാളിനെക്കണ്ട്‌ പഠിക്കാന്‍ മലയാളികളെ ഉപദേശിക്കുന്ന സി പി എം, ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകര്‍ പതിവ്‌ കാഴ്‌ചയുമായിരുന്നു. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ കേരളത്തെപ്പോലെ ബംഗാളിലും ചുവപ്പിന്റെ നിറം മങ്ങിയിരിക്കുന്നു. തിരഞ്ഞെടുപ്പിന്‌ ശേഷമുണ്ടായ സംഭവവികാസങ്ങള്‍ വിലയിരുത്തുമ്പോള്‍ കേരളത്തിലെ സി പി എം പ്രവര്‍ത്തകരോടും നേതാക്കളോടും ബംഗാളിനെ കണ്ട്‌ പഠിക്കാന്‍ ഉപദേശിക്കേണ്ടിവരുമെന്ന്‌ തോന്നുന്നു. പശ്ചിമ ബംഗാളിലും കേരളത്തിലും ഇക്കുറി തിരിച്ചടിയുണ്ടാവുമെന്ന്‌ സി പി എം നേതാക്കള്‍ക്കൊക്കെ അറിയാമായിരുന്നു. പക്ഷേ, ഇത്ര ശക്തമായ തിരിച്ചടി അപ്രതീക്ഷിതമായിരുന്നുവെന്ന്‌ മാത്രം. 32 വര്‍ഷത്തിന്‌ ശേഷമുണ്ടാകുന്ന കനത്ത പരാജയം ബംഗാളിലെ പാര്‍ട്ടി നേതൃത്വത്തിന്‌ തീര്‍ത്തും സഹിക്കാന്‍ കഴിയാത്തതായിരുന്നു. ഏഴും എട്ടും തവണ തുടര്‍ച്ചയായി ലോക്‌സഭയിലേക്ക്‌ വിജയിച്ച ഹന്നന്‍ മുള്ളയെപ്പോലുള്ള നേതാക്കള്‍ പോലും തോറ്റു. യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാനും തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ മൂന്നാം മുന്നണി തട്ടിക്കൂട്ടാനും തീരുമാനമെടുത്ത കേന്ദ്ര നേതൃത്വമാണ്‌ പരാജയത്തിന്‌ കാരണമായതെന്ന്‌ ഈ നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനെതിരെ ബംഗാള്‍ ഘടകം രംഗത്തുവരുന്നുവെന്ന പ്രതീതിയാണ്‌ ഇതുളവാക്കിയത്‌. പോളിറ്റ്‌ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാതെ കനംതിങ്ങിയ മുഖവുമായി മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ കൊല്‍ക്കത്തയിലെ റൈറ്റേഴ്‌സ്‌ ബില്‍ഡിംഗില്‍ ചടഞ്ഞുകൂടി. ഇതും കേന്ദ്ര നേതൃത്വത്തിനെതിരായ പ്രതിഷേധമായി വ്യാഖ്യാനിക്കപ്പെട്ടു. പക്ഷേ, ദിവസങ്ങള്‍ കഴിയുമ്പോള്‍ ചിത്രം മാറി. സി പി എമ്മിന്റെ ജില്ലാ ഘടകങ്ങളില്‍ നിന്ന്‌ പരാജയം വിലയിരുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. സംസ്ഥാന സമിതി കൂടി. പ്രാദേശിക വിഷയങ്ങള്‍ പാര്‍ട്ടിയുടെയും ഇടതുമുന്നണിയുടെയും തോല്‍വിക്ക്‌ കാരണമായെന്ന്‌ അവര്‍ അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍, പാര്‍ട്ടിയുടെയും മുന്നണിയുടെയും നിയന്ത്രണത്തിലുള്ള പഞ്ചായത്ത്‌, മുനിസിപ്പല്‍ ഭരണകൂടങ്ങള്‍ എന്നിവയുടെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനത്തിലുണ്ടായ പാളിച്ചകള്‍ തോല്‍വിക്ക്‌ കാരണമായെന്ന്‌ സംസ്ഥാന സമിതി വിലയിരുത്തിയതായി വാര്‍ത്താക്കുറിപ്പിലൂടെ അവര്‍ ജനങ്ങളെ അറിയിച്ചു. ജനങ്ങള്‍ക്ക്‌ അപ്രീതിയുണ്ടാക്കിയ ഘടകങ്ങളില്‍ തിരുത്തലുകളുണ്ടാവുമെന്നും പാവപ്പെട്ടവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നും അവര്‍ അറിയിച്ചു. പരാജയകാരണങ്ങള്‍ കൂടുതല്‍ പഠിക്കാനും പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും പ്രവര്‍ത്തന രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ തീരുമാനിക്കാനും അടുത്തമാസം സംസ്ഥാന സമിതി ചേരാനും തീരുമാനിച്ചു. ഇതെല്ലാം ഔദ്യോഗികമായി സി പി എം നേതൃത്വം അറിയിച്ച കാര്യങ്ങളാണ്‌. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ബുദ്ധദേവ്‌ ഭട്ടാചാര്യ കുറ്റസമ്മതം നടത്തിയെന്നാണ്‌ അനൗദ്യോഗിക റിപ്പോര്‍ട്ട്‌. സിംഗൂരിലും നന്ദിഗ്രാമിലും അടക്കം ഭൂമി ഏറ്റെടുക്കുന്നതിന്‌ സ്വീകരിച്ച നടപടികള്‍ തോല്‍വിക്ക്‌ മുഖ്യ കാരണമായെന്ന്‌ അദ്ദേഹം സംസ്ഥാന സമിതിയില്‍ സമ്മതിച്ചുവത്രെ. വേണ്ടത്ര ആലോചിക്കാതെ, ധൃതിപിടിച്ച്‌ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചതാണ്‌ പാളിച്ചയായി ബുദ്ധദേവ്‌ പറഞ്ഞത്‌. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ഇത്‌ വെറും പറച്ചിലില്‍ നില്‍ക്കുന്നില്ല, പ്രവൃത്തിപഥത്തില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ഖരഗ്‌പൂരില്‍ വാണിജ്യ, കായിക സമുച്ചയം നിര്‍മിക്കുന്നതിന്‌ 120 ഹെക്‌ടര്‍ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം ബംഗാള്‍ മന്ത്രിസഭ റദ്ദാക്കി. വ്യവസായവത്‌കരണത്തിന്‌ വേഗം കൂട്ടാന്‍ രൂപവത്‌കരിച്ച ലാന്‍ഡ്‌ യൂസ്‌ ബോര്‍ഡ്‌ വ്യവസായ മന്ത്രി നിരുപം സെന്നില്‍ നിന്ന്‌ ഭൂവിനിയോഗവകുപ്പിന്റെ ചുമതലയുള്ള അബ്‌ദുര്‍ റസാഖ്‌ മുല്ലയുടെ പക്കലേക്ക്‌ തിരിച്ച്‌ നല്‍കുകയും ചെയ്‌തു. ഇതുകൊണ്ട്‌ എല്ലാമായെന്നോ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുവരാനുള്ള ഊര്‍ജം സി പി എമ്മിനും ഇടതുമുന്നണിക്കും ഉണ്ടാവുമെന്നോ അര്‍ഥമില്ല. പക്ഷേ, ചിലത്‌ തുടങ്ങിവെക്കാനെങ്കിലും തയ്യാറാവുന്നു എന്നത്‌ കാണാതിരിക്കാനാവില്ലെന്ന്‌ മാത്രം. ഭൂമിയുമായി ബന്ധപ്പെട്ട പുതിയ വിഷയങ്ങള്‍ തനിക്ക്‌ ഇനി ലഭിക്കാനിടയില്ലെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജി പോലും ഉറപ്പിച്ചിരിക്കുന്നു. സിംഗൂരില്‍ ഏറ്റെടുത്തതില്‍ 400 ഏക്കര്‍ കര്‍ഷകര്‍ക്ക്‌ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട്‌ തൃണമൂല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ അവര്‍ പ്രഖ്യാപിച്ചത്‌ അതിനാലാണ്‌. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പുവരെ പ്രശ്‌നങ്ങള്‍ സജീവമാക്കി നിലനിര്‍ത്തുകയും ബംഗാളിന്റെ മുഖ്യമന്ത്രിയാവുക എന്ന ആത്യന്തിക ലക്ഷ്യം സാക്ഷാത്‌കരിക്കുകയും ചെയ്യുക എന്നതാണ്‌ മമതയുടെ ലക്ഷ്യം. ആ ലക്ഷ്യം കണക്കിലെടുത്താല്‍ മമതയുടെ രാഷ്‌ട്രീയത്തെ കുറ്റം പറയാനാവില്ല. ഇവിടെ കേരളത്തിലേക്ക്‌ വരുമ്പോള്‍ സി പി എമ്മിലെ കാര്യങ്ങള്‍ വ്യത്യസ്‌തമാണ്‌. തിരഞ്ഞെടുപ്പ്‌ തോല്‍വിയുടെ പരാജയത്തിന്റെ മുന്നിലും അണ്ടിയാണോ മാങ്ങയാണോ മൂത്തത്‌ എന്ന തര്‍ക്കം അവസാനിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തയ്യാറല്ല. കനമേറിയ പരാജയത്തെ ആര്‍ത്തു ചിരിച്ച്‌ സ്വീകരിച്ച മുഖ്യമന്ത്രി അച്യുതാനന്ദന്‍. തോല്‍വിയുടെ ഉത്തരവാദിത്തം വി എസ്സിന്റെ മേല്‍ ചുമത്താന്‍ ശ്രമിക്കുന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കൂട്ടരും. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്‌ ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ മത്സരിക്കാനെത്തുമ്പോള്‍ വി എസ്‌ അച്യുതാനന്ദനും പിണറായി വിജയനും ഒരേ ഗ്രൂപ്പിലായിരുന്നു. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അമ്പേ പരാജയപ്പെടുകയും മലമ്പുഴയില്‍ ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെയാവുകയും ചെയ്‌തപ്പോള്‍ സി പി എം പാലക്കാട്‌ ജില്ലാ കമ്മിറ്റി ഓഫീസിലെ മുറിയില്‍ തളര്‍ന്നു കിടക്കുകയായിരുന്നു വി എസ്‌. തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ അദ്ദേഹം താത്‌പര്യം പ്രകടിപ്പിച്ചില്ല. ഇക്കുറി കനത്ത പരാജയം നേരിട്ടപ്പോള്‍ അദ്ദേഹം വാര്‍ത്താ മാധ്യമങ്ങളുടെ പ്രതിനിധികളെ വിളിച്ചുവരുത്തി പ്രതികരണം അറിയിച്ചു, പതിവിലേറെ ഉല്ലാസവാനായി. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും മുന്നണിയും ഭേദപ്പെട്ട നില കൈവരിച്ചിരുന്നുവെങ്കില്‍ തന്റെ മുഖ്യമന്ത്രിക്കസേരക്ക്‌ ഇളക്കമുണ്ടാവുമെന്ന്‌ അദ്ദേഹം കണക്കുകൂട്ടിയിരിക്കണം. അതുണ്ടായില്ലല്ലോ എന്ന ആഹ്ലാദമാണ്‌ മുഖത്ത്‌ നിറഞ്ഞത്‌. തിരഞ്ഞെടുപ്പു ഫലം വരുന്നതിന്‌ മുമ്പു തന്നെ പാര്‍ട്ടി സെക്രട്ടേറിയറ്റ്‌ വിളിച്ചുകൂട്ടി മുഖ്യമന്ത്രി മാറണമെന്ന ചര്‍ച്ച ഉയര്‍ത്തിയ പിണറായി വിജയനും കൂട്ടരും ഈ ചിരിയിലേക്ക്‌ ചെയ്‌ത സംഭാവന കുറവല്ല തന്നെ. ഒടുവില്‍ ലെനിനിസ്റ്റ്‌ സംഘടനാരീതികള്‍ ലംഘിക്കപ്പെട്ടത്‌ ചൂണ്ടിക്കാട്ടി വി എസ്‌ കുറ്റവാളി തന്നെഎന്ന്‌ ഉറപ്പിക്കുകയും ചെയ്യുന്നു പാര്‍ട്ടി നേതൃത്വം.ക്രിസ്‌ത്യന്‍ വിഭാഗത്തിന്റെ പിന്തുണ നഷ്‌ടപ്പെട്ടത്‌, പി ഡി പിക്കും മഅ്‌ദനിക്കും മുസ്‌ലിം വോട്ടുകള്‍ വേണ്ടത്ര ഇടതുമുന്നണിയുടെ പെട്ടിയിലെത്തിക്കാന്‍ കഴിയാതിരുന്നത്‌, വിഭാഗീയത മൂലം വോട്ട്‌ ചോര്‍ന്നത്‌, മാധ്യമങ്ങള്‍ ഒന്നിച്ചെതിര്‍ത്തത്‌ തുടങ്ങിയ കാരണങ്ങളാണ്‌ തോല്‍വിയിലേക്ക്‌ നയിച്ചതെന്നാണ്‌ സി പി എം ഇപ്പോള്‍ വിലയിരുത്തുന്നത്‌. ഇതെല്ലാം കാരണങ്ങളാവാം. അതിലും പ്രധാനം പൊതു സമൂഹത്തിന്‌ സി പി എമ്മിലും അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിലുമുണ്ടായ അവിശ്വാസമാണ്‌ പ്രതിഫലിച്ചത്‌. അതിന്‌ കാരണക്കാര്‍ പാര്‍ട്ടിയും മന്ത്രിസഭയിലുള്ളവരും മാത്രവുമാണ്‌. കര്‍ഷകര്‍ക്ക്‌ ആശ്വാസമെത്തിക്കാന്‍ കടാശ്വാസ കമ്മീഷന്‍, ക്ഷേമപെന്‍ഷനുകളില്‍ വരുത്തിയ വര്‍ധന, അത്‌ കൃത്യമായി നല്‍കാന്‍ സ്വീകരിച്ച നടപടികള്‍, സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലുണ്ടായ പുരോഗതി, ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവര്‍ക്ക്‌ കിലോക്ക്‌ രണ്ടു രൂപക്ക്‌ അരി നല്‍കുന്നത്‌ എന്നു തുടങ്ങി സ്വാഗതാര്‍ഹമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാറിന്റെ കാലത്തുണ്ടായി. എന്നിട്ടും ജനങ്ങള്‍ എന്തുകൊണ്ട്‌ പിന്തുണക്കുന്നില്ല എന്നതാണ്‌ ആലോചിക്കേണ്ടത്‌. ജനങ്ങള്‍ക്കു മുന്നില്‍ പ്രകടമായുണ്ടായത്‌ വിവാദങ്ങളും തര്‍ക്കങ്ങളുമാണ്‌. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമില്ലായ്‌മയാണ്‌. സി പി എം നേതൃത്വം വിശ്വസിക്കാത്ത മുഖ്യമന്ത്രിയും മുഖ്യമന്ത്രി വിശ്വസിക്കാത്ത പാര്‍ട്ടി നേതൃത്വവുമാണ്‌. വിവാദങ്ങളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിനല്ല, അത്‌ കൂടുതല്‍ സജീവമായി നിര്‍ത്താനാണ്‌ പലപ്പോഴും വി എസ്‌ ശ്രമിച്ചത്‌. മെര്‍ക്കിസ്റ്റണ്‍, ഐ എസ്‌ ആര്‍ ഒ ഭൂമി, എച്ച്‌ എം ടി ഭൂമി, കവിയൂര്‍ - കിളിരൂര്‍ കേസ്‌ ഫയല്‍ തുടങ്ങിയ പ്രശ്‌നങ്ങളിലെല്ലാം തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തെ പ്രതിനിധീകരിക്കാനല്ല, മറിച്ച്‌ സ്വന്തം പ്രതിച്ഛായ നിലനിര്‍ത്താനാണ്‌ മുഖ്യമന്ത്രി ശ്രമിച്ചത്‌ എന്നത്‌ വ്യക്തം. ഈ പ്രശ്‌നങ്ങളിലൊക്കെ മുഖ്യമന്ത്രിയെക്കൂടി വിശ്വാസത്തിലെടുത്ത്‌ ചര്‍ച്ചകള്‍ നടത്താനോ ന്യായയുക്തമായ ഒരു തീരുമനമുണ്ടാക്കാനോ പാര്‍ട്ടി നേതൃത്വവും ശ്രമിച്ചില്ല. മുഖ്യമന്ത്രിയുടെ നിലപാടിന്റെ എതിര്‍ സ്ഥാനത്താണ്‌ തങ്ങള്‍ എന്ന സൂചന പലപ്പോഴും നല്‍കുകയും ചെയ്‌തു. സിംഗൂരിലെ ഭൂമി ഏറ്റെടുക്കലിനെക്കുറിച്ച്‌ ബംഗാളിലെ കിസാന്‍ സഭാ (സി പി എമ്മിന്റെ കീഴിലുള്ള കര്‍ഷക സംഘടന) നേതാക്കള്‍ നല്‍കിയ വിശദീകരണം ഇവിടെ ശ്രദ്ധേയമാണ്‌. സിംഗൂരില്‍ ഭൂമി ഏറ്റെടുക്കാന്‍ ബുദ്ധദേവ്‌ സര്‍ക്കാര്‍ തീരുമാനിക്കും മുമ്പ്‌ കിസാന്‍ സഭയുമായി ആലോചിച്ചില്ല. അത്തരമൊരു ആലോചന നടന്നിരുന്നുവെങ്കില്‍ കര്‍ഷകരെ കാര്യങ്ങള്‍ പറഞ്ഞ്‌ ബോധ്യപ്പെടുത്തി ഭൂമി ഏറ്റെടുക്കല്‍ സുഗമമാക്കാന്‍ കഴിയുമായിരുന്നു. തിരിച്ചടിയുടെ ആഘാതം കുറക്കാനും കഴിഞ്ഞേനെ. കേരളത്തിലെ മൂന്നാര്‍ ഒഴിപ്പിക്കലിന്റെ കാര്യം എടുക്കുക. പാര്‍ട്ടിയെയും മുന്നണി ഘടകകക്ഷികളെയും വിശ്വാസത്തിലെടുത്തല്ല മൂന്നാറില്‍ ഭൂമി ഒഴിപ്പിച്ചെടുക്കാനും കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താനും തീരുമാനിച്ചത്‌. അതുകൊണ്ടാണ്‌ വി എസിന്റെ ഫസ്റ്റ്‌ ലെഫ്‌റ്റനന്റുമാരില്‍ ഒരാളായിരുന്ന സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി അദ്ദേഹത്തിനെതിരെ തിരിഞ്ഞത്‌. ഇടിഞ്ഞത്‌ വന്‍കിട കയ്യേറ്റക്കാരുടെ കെട്ടിടങ്ങളായിരിക്കാം. പക്ഷേ, ഇതു കഴിഞ്ഞാല്‍ തങ്ങളുടെ ഭൂമി കൂടി നഷ്‌ടമാവുമെന്ന ഭീതിയാണ്‌ മൂന്നാറിലെയും സമീപ പ്രദേശങ്ങളിലെയും ചെറുകിട, നാമമാത്ര കയ്യേറ്റക്കാരിലുണ്ടായത്‌. അല്ലെങ്കില്‍ അത്തരം ഭീതി ആസൂത്രിതമായി സൃഷ്‌ടിക്കപ്പെട്ടു. പാര്‍ട്ടിയിലും മുന്നണിയിലും ആലോചിച്ച്‌ ആസൂത്രിതമായി നടപ്പാക്കിയിരുന്നുവെങ്കില്‍ ജനങ്ങളെ ബോധവത്‌കരിക്കാനും വന്‍കിടക്കാര്‍ കയ്യേറിയ ഭൂമി പൂര്‍ണമായും ഒഴിപ്പിച്ചെടുക്കാനും കഴിയുമായിരുന്നു. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലെ കയ്യേറ്റങ്ങളും ഒഴിപ്പിച്ചെടുക്കാമായിരുന്നു. പക്ഷേ, എല്ലാം അവസാനിച്ചു. പൊളിച്ചതിന്റെ ക്രഡിറ്റിനെച്ചൊല്ലി പാര്‍ട്ടി നേതൃത്വവും വി എസും നടത്തിയ തര്‍ക്കം മാത്രം ജനങ്ങളുടെ മുന്നില്‍ ബാക്കിയായി. ബംഗാളിലെ കിസാന്‍ സഭാ നേതാക്കള്‍ ചെയ്‌തതുപോലെ വൈകിയെങ്കിലും വസ്‌തുതകള്‍ തുറന്നു പറയാനും അത്‌ സ്വീകരിക്കാനും ഇവിടെ ആരും തയ്യാറല്ല. ഇവിടെ ഇപ്പോഴും ഇടതുപക്ഷത്തെ ആസൂത്രിതമായി തോല്‍പ്പിക്കാനുള്ള അമേരിക്കന്‍ ശ്രമം വിശദീകരിച്ച്‌ സംതൃപ്‌തിയടയുകയാണ്‌ ജയരാജന്‍മാര്‍. കുത്തകകളെ ചെറുക്കുകയും സാമ്രാജ്യത്വത്തിനെതിരെ നിലപാടെടുക്കുകയും ചെയ്യുമ്പോഴും വികസനത്തെക്കുറിച്ച കാഴ്‌ചപ്പാടുണ്ടാവേണ്ടത്‌ അനിവാര്യമാണ്‌. കേരളത്തിന്റെ താത്‌പര്യങ്ങള്‍ ഉറപ്പാക്കുന്ന വ്യവസ്ഥകളുമായി സ്‌മാര്‍ട്ട്‌ സിറ്റി കരാറില്‍ ടീകോമിനെക്കൊണ്ട്‌ ഒപ്പിടുവിക്കാന്‍ കഴിഞ്ഞെന്നാണ്‌ വി എസും മറ്റും പറഞ്ഞിരുന്നത്‌. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി പ്രദേശത്ത്‌ നിന്ന്‌ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദുരിതം മാത്രം തുടരുന്നു. സ്‌മാര്‍ട്ട്‌ സിറ്റി യാഥാര്‍ഥ്യമാവുമെന്ന ഒരുറപ്പും സര്‍ക്കാറിന്‌ നല്‍കാന്‍ കഴിയുന്നില്ല. വിട്ടുവീഴ്‌ചകള്‍ ചെയ്‌തായാലും പദ്ധതി നടപ്പാക്കുന്ന ഉമ്മന്‍ ചാണ്ടിയാണ്‌ ഭേദമെന്ന്‌ യുവാക്കളെങ്കിലും ചിന്തിച്ചാല്‍ കുറ്റം പറയാനാവില്ല. സര്‍ക്കാറിന്റെ സ്ഥിതി ഇതാണെങ്കില്‍ പാര്‍ട്ടിയുടെ സ്ഥിതിയും മെച്ചമല്ല. സാന്റിയാഗോ മാര്‍ട്ടിന്റെ പക്കല്‍ നിന്ന്‌ ദേശാഭിമാനിക്കു വേണ്ടി വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ സി പി എം തീരുമാനിച്ചു. അപ്പോഴും ചെയ്‌തത്‌ തെറ്റായിപ്പോയെന്ന തോന്നല്‍ വാങ്ങിയ നേതാവിനുണ്ടായില്ല. ഞങ്ങള്‌ വാങ്ങി, ശരിയല്ലെന്ന്‌ കണ്ടപ്പോള്‍ തിരിച്ചുകൊടുത്തു. അതിന്‌ നിങ്ങള്‍ക്കെന്ത്‌ ചേതം എന്ന മട്ടിലായിരുന്നു അന്നുണ്ടായ പ്രതികരണം. പ്രതികരണം മാധ്യമങ്ങളോടായിരുന്നുവെങ്കിലും അത്‌ കണ്ട ജനം തങ്ങളോടുള്ള വെല്ലുവിളിയായി കണക്കാക്കി. മറ്റ്‌ വിമര്‍ശനങ്ങളോടും അസഹിഷ്‌ണുത പ്രകടമായിരുന്നു. ഞങ്ങളുടെ പാര്‍ട്ടി, ഞങ്ങളുടെ പാര്‍ട്ടി എന്ന്‌ ഈ നേതാക്കള്‍ ആവര്‍ത്തിച്ചതു മുഴുവന്‍ അല്‍പ്പം ധാര്‍മികത നിലനില്‍ക്കുകയും അഴിമതിക്കും വര്‍ഗീയതക്കുമെതിരെ നിലപാടെടുക്കുകയും ചെയ്യുമെന്ന്‌ ജനം കരുതുന്ന പാര്‍ട്ടിയെക്കുറിച്ചാണെന്ന്‌ നേതാക്കള്‍ ഓര്‍ത്തില്ല. പരാജയം വിലയിരുത്തുമ്പോഴും ഇത്തരം കാര്യങ്ങളൊന്നും ഓര്‍ക്കാനും ഇടയില്ല. കാരണം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പു മാത്രമേ ഇവിടുത്തെ നേതാക്കള്‍ പ്രതീക്ഷിക്കുന്നുള്ളൂ. അപ്പോഴേക്കും അടുത്ത യു ഡി എഫ്‌ മന്ത്രിസഭ കാര്യങ്ങള്‍ ഇടതുപക്ഷത്തിന്‌ പരുവപ്പെടുത്തിയിരിക്കും. എതിരാളികളുടെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിജയം കൊയ്യാന്‍ കാത്തിരിക്കുന്നവരായി സി പി എം മാറിയിരിക്കുന്നുവെന്ന്‌ ചുരുക്കം. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച്‌ അവരുടെ വിശ്വാസം നേടിയെടുത്ത്‌ വിജയിക്കണമെങ്കില്‍ കുറച്ചേറെ മിനക്കെടേണ്ടതുണ്ട്‌. അതിനാണ്‌ ബംഗാളിലെ പാര്‍ട്ടിയുടെ ശ്രമം. അവര്‍ക്ക്‌ 2011ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തണമെന്ന ആഗ്രഹമെങ്കിലുമുണ്ട്‌. ഇപ്പോഴാരംഭിച്ചിരിക്കുന്ന നടപടികള്‍ തുടരുകയും ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുകയും ചെയ്‌താല്‍ അത്‌ അസംഭവ്യവുമല്ല.

2009-05-22

യാങ്കീദാസ്യം തുടരുമോ?


ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുകയാണ്‌. അഞ്ചു വര്‍ഷം മുമ്പ്‌ യു പി എ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമ്പോഴുണ്ടായിരുന്ന ദൗര്‍ബല്യമോ ഉത്‌കണ്‌ഠകളോ മന്‍മോഹനോ കോണ്‍ഗ്രസിനോ ഇക്കുറിയില്ല. അന്ന്‌ ലാലു പ്രസാദ്‌ യാദവ്‌, രാം വിലാസ്‌ പാസ്വാന്‍ തുടങ്ങിയ ഘടകകക്ഷി നേതാക്കളെ പിണക്കാതെ നോക്കേണ്ട ബാധ്യതയുണ്ടായിരുന്നു. പുറത്തുനിന്ന്‌ പിന്തുണക്കുന്ന ഇടതുപാര്‍ട്ടികള്‍ സാമ്പത്തിക പരിഷ്‌കരണത്തിന്റെയും ഉദാരവത്‌കരണത്തിന്റെയും തുടര്‍ നടപടികള്‍ക്ക്‌ ഉയര്‍ത്തിയേക്കാവുന്ന തടസ്സങ്ങളും അന്ന്‌ അലട്ടിയിരുന്നു. ഇത്തരം കെട്ടുപാടുകളില്ലാതെയാണ്‌ മന്‍മോഹന്റെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്‌. പുതിയ സര്‍ക്കാറില്‍ ജനങ്ങള്‍ക്ക്‌ വലിയ പ്രതീക്ഷകളുണ്ടെന്നും അത്‌ നിറവേറ്റാന്‍ പാകത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവെക്കണമെന്നും തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ്‌ അംഗങ്ങളുടെ പ്രഥമ യോഗത്തില്‍ പ്രധാനമന്ത്രി തന്നെ പറയുകയുണ്ടായി. സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ നിലനിര്‍ത്തുക, രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുക എന്നിവക്കായിരിക്കും പ്രഥമ പരിഗണനയെന്നും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. 206 എന്ന മോശമല്ലാത്ത അംഗ സംഖ്യ കോണ്‍ഗ്രസിന്‌ നല്‍കുകയും യു പി എക്ക്‌ സര്‍ക്കാറുണ്ടാക്കാന്‍ വഴിയൊരുക്കുകയും ചെയ്‌ത വോട്ടര്‍മാര്‍ക്ക്‌ തീര്‍ച്ചയായും പ്രതീക്ഷകളുണ്ടാവും. അതുപോലെ തന്നെ ആശങ്കകളും. ഇതു രണ്ടും മന്‍മോഹന്‍ സിംഗ്‌ സൂചിപ്പിച്ച സാമ്പത്തിക, സുരക്ഷാ മേഖലകളെ ചുറ്റിപ്പറ്റിത്തന്നെയാണ്‌.


സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ നിലനിര്‍ത്തുന്നതിന്‌ മുഖ്യപരിഗണന നല്‍കുമെന്ന്‌ പറഞ്ഞപ്പോള്‍ തന്നെ അതിനായി കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഉണ്ടാവുമെന്ന്‌ മന്‍മോഹന്‍ സിംഗ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ പരിഷ്‌കരണങ്ങളുടെ സ്വഭാവമെന്തായിരിക്കുമെന്നതിലാണ്‌ ആദ്യത്തെ ആശങ്ക. കോണ്‍ഗ്രസും ഘടക കക്ഷികളും ഇടതുപാര്‍ട്ടികളും ചേര്‍ന്ന്‌ ആലോചിച്ച്‌ തയ്യാറാക്കിയ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്‌ കഴിഞ്ഞ യു പി എ സര്‍ക്കാര്‍ ഭരണം നടത്തിയത്‌. കോണ്‍ഗ്രസും പ്രത്യേകിച്ച്‌ മന്‍മോഹന്‍ സിംഗും പി ചിദംബരവും സാമ്പത്തിക നയങ്ങളില്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങളെ പ്രതിരോധിക്കാന്‍ പൊതുമിനിമം പരിപാടിയില്‍ ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ ഇടതുപാര്‍ട്ടികള്‍ ശ്രദ്ധിച്ചിരുന്നു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കില്ലെന്നത്‌ അതില്‍ ഒന്നായിരുന്നു. പക്ഷേ, അധികാരത്തിലേറി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ മന്‍മോഹനും ചിദംബരവും ശ്രമിച്ചത്‌ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും നവരത്‌ന പദവി നല്‍കി രാജ്യം കാത്തുസൂക്ഷിക്കുന്നതുമായ ഭാരത്‌ ഹെവി ഇലക്‌ട്രിക്കല്‍സ്‌ ലിമിറ്റഡിന്റെ (ഭെല്‍) പത്തു ശതമാനം ഓഹരി വിറ്റഴിക്കാനാണ്‌. ഭെല്ലിന്റെ ഓഹരി വിറ്റാല്‍ പിന്തുണയുണ്ടാവില്ലെന്ന്‌ ഇടതുപാര്‍ട്ടികള്‍ ഭീഷണി മുഴക്കിയപ്പോള്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക്‌ തയ്യാറായി. ഭെല്ലിന്റെ ഓഹരി വിറ്റഴിക്കാനുള്ള നിര്‍ദേശം ഒഴിവാക്കാന്‍ ചര്‍ച്ചയില്‍ സന്നദ്ധമായ പി ചിദംബരം മറ്റൊരു സൗജന്യം ഇടതു പാര്‍ട്ടികളില്‍ നിന്ന്‌ നേടിയെടുത്തു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ നിശ്ചിത ശതമാനം ഓഹരി വിറ്റഴിക്കാനുള്ള സ്വാതന്ത്ര്യം.


ഇന്‍ഷ്വറന്‍സ്‌ മേഖലയിലെ വിദേശ നിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്ന്‌ 49 ആക്കി ഉയര്‍ത്താനുള്ള നിര്‍ദേശം, ബാങ്കിംഗ്‌ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള നിര്‍ദേശം, ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള നിര്‍ദേശം തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ഇക്കാലത്ത്‌ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. പക്ഷേ, ഇടതു പാര്‍ട്ടികളുടെ എതിര്‍പ്പ്‌ മൂലം ഇതുമായി കൂടുതല്‍ മുന്നോട്ടു നീങ്ങാന്‍ കഴിഞ്ഞിരുന്നില്ല. സാമ്പത്തിക മാന്ദ്യത്തിന്‌ തുടക്കം കുറിച്ച്‌ അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ വന്‍കിട ബാങ്കുകള്‍ തകര്‍ന്നപ്പോള്‍ ഇന്ത്യന്‍ ബാങ്കുകള്‍ പിടിച്ചുനിന്നത്‌ അവയുടെ പൊതുമേഖലാ സ്വഭാവം നിലനിന്നതുകൊണ്ടാണെന്ന്‌ വിലയിരുത്തപ്പെട്ടിരുന്നു. മറ്റു രാജ്യങ്ങളില്‍ ഇന്‍ഷ്വറന്‍സ്‌ സ്ഥാപനങ്ങള്‍ പാപ്പര്‍ ഹരജികളുമായി രംഗത്തെത്തിയപ്പോള്‍ ഇന്ത്യയില്‍ അവ പിടിച്ചു നിന്നത്‌ എല്‍ ഐ സി എന്ന സ്ഥാപനം സര്‍ക്കാറിന്റെ കീഴില്‍ ഉരുക്കുതൂണ്‍ പോലെ ഉണ്ടായിരുന്നതുകൊണ്ടാണെന്നും വിലയിരുത്തലുണ്ടായി. ഇത്‌ ഏറെക്കുറെ ശരിയാണ്‌ താനും. തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഏറ്റുവാങ്ങിയെങ്കിലും ബാങ്കിംഗ്‌, ഇന്‍ഷ്വറന്‍സ്‌ രംഗത്തെ തകര്‍ച്ചയില്‍ നിന്ന്‌ രക്ഷിച്ചത്‌ ഇടതുപാര്‍ട്ടികളുടെ ശരിയായ നിലപാടും ഇടപെടലും കൊണ്ടാണെന്ന്‌ പറയാതിരിക്കാനാവില്ല.


കോണ്‍ഗ്രസിന്‌ 206 എന്ന താരതമ്യേന ഭേദപ്പെട്ട അംഗസംഖ്യ ഉണ്ടാവുകയും ഘടക കക്ഷികളുടെ സമ്മര്‍ദത്തെ അതിജീവിക്കാനുള്ള കരുത്തുണ്ടാവുകയും ചെയ്‌തതോടെ നിയന്ത്രണങ്ങളുടെ ചരട്‌ ഇല്ലാതാവുകയാണ്‌. പരിഷ്‌കാര നടപടികളെ പിന്തുണക്കുന്നവയാണ്‌ നിലവിലുള്ള ഘടകകക്ഷികളെല്ലാം. പരിഷ്‌കരണ നടപടികളുണ്ടാവുമെന്ന്‌ പ്രധാനമന്ത്രി തന്നെ പറയുമ്പോള്‍ കൂടുതല്‍ തുറന്നുനല്‍കലുകള്‍ ഉണ്ടാവുമെന്ന്‌ തന്നെ കരുതണം. അത്‌ മൂലധന ശക്തികള്‍ പ്രതീക്ഷിക്കുന്നുമുണ്ട്‌. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറുണ്ടാവുമെന്ന്‌ ഉറപ്പായതിനു ശേഷം ഓഹരി വിപണി തുറന്നപ്പോള്‍ അമ്പത്‌ സെക്കന്റു കൊണ്ട്‌ ആറു ലക്ഷം കോടി രൂപയുടെ കച്ചവടം നടക്കുകയും പോയിന്റ്‌ നിലയില്‍ വന്‍ കുതിപ്പുണ്ടാവുകയും ചെയ്‌തത്‌ ഈ പ്രതീക്ഷകളുടെ പ്രതിഫലനമാണ്‌. ഇവരുടെ പ്രതീക്ഷകള്‍ സംരക്ഷിച്ചു നിര്‍ത്തേണ്ട ബാധ്യത മന്‍മോഹനുണ്ട്‌. കാരണം പതിനായിരം കോടിയോളം വരുന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക്‌ കൈയയച്ച്‌ സംഭാവന നല്‍കിയവര്‍ ഊഹ വിപണിയിലെ സാമ്രാട്ടുകളാണ്‌. മാത്രമല്ല, സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുക എന്നതിലുപരി സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ നിലനിര്‍ത്തുക എന്ന്‌ ലക്ഷ്യമിടുമ്പോള്‍ ഓഹരി വിപണികളിലെ സൂചികകള്‍ ഉയര്‍ന്നു നില്‍ക്കേണ്ടത്‌ അനിവാര്യമാണ്‌. ധന, നിര്‍മാണ, റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ വളര്‍ച്ചയാണ്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏഴിനും ഒമ്പതിനും ഇടക്ക്‌ വളര്‍ച്ചാ നിരക്ക്‌ നേടാന്‍ ഇന്ത്യയെ സഹായിച്ചത്‌.


ഇന്‍ഷ്വറന്‍സ്‌ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിക്കൊണ്ടും ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ടുമുള്ള തീരുമാനങ്ങള്‍ അധികം വൈകാതെയുണ്ടാവും. പുതിയ ബജറ്റില്‍ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്‌. 35,000 കോടി ഡോളറിന്റെ മൂല്യമുണ്ടെന്ന്‌ ആഗോള കുത്തകകള്‍ കണക്കാക്കുന്ന ഇന്ത്യന്‍ ചില്ലറ വിപണി 2015 ആവുമ്പോഴേക്കും ഇരട്ടി വളര്‍ച്ച കൈവരിക്കുമെന്നാണ്‌ അവരുടെ പ്രതീക്ഷ. തങ്ങള്‍ക്ക്‌ ലാഭം കൊയ്യാനുള്ള ഏറ്റവും വലിയ കമ്പോളമായും ആഗോള കുത്തകകള്‍ ഇതിനെ കാണുന്നു. ഇത്‌ തുറന്നു നല്‍കുന്നതോടെ നമ്മുടെ ചെറുകിട കച്ചവടക്കാര്‍ അപ്രത്യക്ഷരാവും. വന്‍കിടക്കാരുടെ ഷോപ്പിംഗ്‌ മാളുകളില്‍ എടുത്തുകൊടുപ്പുകാരായി ഇവര്‍ മാറേണ്ടിവരും. ഇത്തരം തുറന്നു നല്‍കലുകള്‍ക്ക്‌ സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും ആഗോള സാമ്പത്തിക ശക്തികളെന്ന്‌ അവകാശപ്പെടുന്ന അമേരിക്കയും ബ്രിട്ടനും ജര്‍മനിയും സമ്മര്‍ദം ചെലുത്തുമെന്ന്‌ ഉറപ്പ്‌. പ്രതിസന്ധിയില്‍ നിന്ന്‌ കരകയറാന്‍ അവര്‍ ലക്ഷ്യമിടുന്നത്‌ ഇന്ത്യയുടെയും ചൈനയുടെയും കമ്പോളങ്ങളെയാണ്‌. ധനക്കമ്മിയും വരുമാനക്കമ്മിയും ഉയര്‍ന്ന സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച്‌ പണം സമാഹരിക്കുമെന്ന്‌ ബജറ്റിനു മുന്നോടിയായി നടത്തുന്ന ചര്‍ച്ചകളില്‍ കേന്ദ്ര റവന്യൂ സെക്രട്ടറി വ്യക്തമാക്കുന്നുണ്ട്‌. അഞ്ചു വര്‍ഷത്തിനപ്പുറം ഇന്ത്യയില്‍ പൊതുമേഖല എന്നൊന്ന്‌ ഉണ്ടാവുമോ എന്നത്‌ സംശയമാണ്‌.


ആഭ്യന്തര സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടിയുണ്ടാവുമെന്ന്‌ മന്‍മോഹന്‍ സിംഗ്‌ പറയുമ്പോള്‍ അതിലെ അമേരിക്കന്‍ പങ്കിനെക്കുറിച്ചും വിദേശ നയത്തില്‍ ഉണ്ടാവാന്‍ പോവുന്ന വലിയ മാറ്റത്തെക്കുറിച്ചുമാണ്‌ ആശങ്ക ഉയരുന്നത്‌. ആണവ കരാര്‍ പ്രാബല്യത്തിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാനാവും സര്‍ക്കാര്‍ ആദ്യം ശ്രമിക്കുക. ഇതിനൊപ്പം അമേരിക്ക മുന്നോട്ടുവെച്ച മൂന്ന്‌ പ്രതിരോധ കരാറുകള്‍ അംഗീകരിക്കേണ്ടിവരും. ആയുധങ്ങളെ സംബന്ധിച്ച രഹസ്യം സൂക്ഷിക്കുന്നതിനുള്ളതാണ്‌ ഒരു കരാര്‍. അമേരിക്കയില്‍ നിന്ന്‌ വാങ്ങുന്ന ആയുധങ്ങള്‍ നിര്‍ദിഷ്‌ട ആവശ്യങ്ങള്‍ക്കു മാത്രമാണ്‌ ഉപയോഗിക്കുന്നത്‌ എന്ന്‌ ഉറപ്പുവരുത്താന്‍ യു എസ്‌ ഉദ്യോഗസ്ഥരുടെ പരിശോധനക്ക്‌ അനുമതി നല്‍കുന്നതാണ്‌ മറ്റൊന്ന്‌. അമേരിക്കയുടെ പോര്‍ വിമാനങ്ങള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും ഇന്ത്യയില്‍ നിന്ന്‌ ഇന്ധനം നിറക്കാന്‍ അനുമതി നല്‍കുന്നതാണ്‌ മൂന്നാമത്തേത്‌. രണ്ടും മൂന്നും കരാറുകള്‍ ഇന്ത്യന്‍ താത്‌പര്യങ്ങള്‍ക്ക്‌ ഏറെ ദോഷകരമാവും. ഇന്ത്യയുടെ ആയുധ ശേഖരം അമേരിക്കക്കു മുന്നില്‍ തുറന്നിടുന്നതാണ്‌ രണ്ടാമത്തെ കരാര്‍. മുന്നാമത്തേതില്‍ ഒപ്പുവെക്കാന്‍ സന്നദ്ധമായാല്‍ ദശകങ്ങളായി ഇന്ത്യയുമായി സൗഹൃദം പങ്കുവെക്കുന്ന മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ അപ്രീതി ഏറ്റുവാങ്ങുകയാവും ഫലം.


ഇന്ത്യയില്‍ ഏതു സര്‍ക്കാറാണ്‌ അധികാരത്തില്‍ വരുന്നത്‌ എന്നതിനെക്കൂടി ആശ്രയിച്ചാണ്‌ അഫ്‌ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും `ഭീകരരെ' ഉന്‍മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ട്‌ ഒബാമ പ്രഖ്യാപിച്ച നയം നടപ്പാക്കാനുള്ള രീതി തീരുമാനിക്കുക എന്ന്‌ യു എസ്‌ ഉദ്യോഗസ്ഥര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്‌. അമേരിക്കന്‍ വിധേയത്വം പുലര്‍ത്തുന്ന മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസും ഭരണത്തില്‍ തുടരുമോ എന്ന്‌ കാത്തിരിക്കുകയായിരുന്നു അവര്‍. മന്‍മോഹന്‍ തിരിച്ചെത്തിയില്ലെങ്കിലും തങ്ങളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കണമെന്ന ദീര്‍ഘ വീക്ഷണം യു എസ്‌ ഭരണകൂടത്തിനുണ്ടായിരുന്നു. ബി ജെ പി നേതാവ്‌ എല്‍ കെ അഡ്വാനിയെയും ടി ഡി പി നേതാവ്‌ ചന്ദ്രബാബു നായിഡുവിനെയും കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ നിയോഗിച്ചത്‌ അതുകൊണ്ടാണ്‌. മന്‍മോഹന്‍ സിംഗ്‌ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ പോര്‍ വിമാനങ്ങള്‍ക്കും മറ്റും ഇന്ധനം നിറക്കാനുള്ള കരാര്‍ വൈകാതെ പ്രാബല്യത്തിലാവുമെന്ന്‌ അമേരിക്ക പ്രതീക്ഷിക്കുന്നു. അങ്ങിനെയെങ്കില്‍ ഇന്ത്യ എന്ന താവളം മുന്നില്‍ക്കണ്ട്‌ അഫ്‌ഗാനിലും പാക്കിസ്ഥാനിലും എങ്ങനെ ആക്രമണം നടത്തണമെന്ന്‌ തീരുമാനിക്കാം. ഈ അനുമതി നല്‍കുകയും സാമ്പത്തികം, സുരക്ഷ, വിദേശനയം എന്നിവയില്‍ കൂടുതല്‍ അമേരിക്കന്‍ അനുകൂല നിലപാട്‌ തുടരുകയും ചെയ്‌താല്‍ ഭാവിയില്‍ ഇന്ത്യക്ക്‌ ദോഷമേ ചെയ്യൂ എന്നത്‌ ഉറപ്പാണ്‌. ഇസ്‌റാഈലുമായി കൂടുതല്‍ സഹകരിക്കുക കൂടി ചെയ്‌താല്‍ മാറ്റം പൂര്‍ണവുമാകും. അമേരിക്കയുടെ തീയുണ്ടകളെ അതിജീവിച്ച്‌ അധിനിവേശ വിരുദ്ധ പോരാളികള്‍ സജീവമാണ്‌. കൊല്ലപ്പെടുന്നതിലും അധികം പേര്‍ പോരാട്ടത്തിന്‌ സന്നദ്ധരാവുന്നുമുണ്ട്‌. അമേരിക്ക മാത്രമല്ല, അവര്‍ക്ക്‌ സഹായങ്ങള്‍ ചെയ്യുന്ന രാജ്യങ്ങളും പോരാളികള്‍ ലക്ഷ്യമിടും. അതുകൊണ്ടുതന്നെ നയം മാറ്റം സൂക്ഷിച്ചായില്ലെങ്കില്‍ അല്‍ഖാഇദ, താലിബാന്‍ തുടങ്ങിയ സംഘടനകളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി നമ്മുടെ രാജ്യം മാറും. ഇത്തരം സംഘടനകള്‍ക്ക്‌ വേരുമുളക്കാനും സ്വാധീനമുറപ്പിക്കാനും പറ്റുന്ന നയപരിപാടികള്‍ ആവിഷ്‌കരിച്ച ശേഷം പിന്നീട്‌ ഭീകരാക്രമണം എന്ന്‌ വിലപിക്കുന്നതില്‍ അര്‍ഥമുണ്ടാവില്ല.


സോവിയറ്റ്‌ യൂണിയന്റെ കാലത്ത്‌ ആ ചേരിയോട്‌ ചാഞ്ഞു നിന്നിരുന്നു ഇന്ത്യ. അന്നാണ്‌ പാക്കിസ്ഥാനുമായി അമേരിക്ക ചങ്ങാത്തമുണ്ടാക്കുന്നത്‌. ആയുധങ്ങളും പണവും നല്‍കി പാക്കിസ്ഥാനെ അവര്‍ പിന്തുണച്ചു. പാക്കിസ്ഥാനില്‍ വന്ന ഭരണകൂടങ്ങള്‍(അത്‌ ജനായത്ത രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടതായാലും പട്ടാള മേധാവികളുടെ നേതൃത്വത്തിലുണ്ടായ ഏകാധിപത്യമായാലും) അമേരിക്കയുടെ ഇംഗിതങ്ങള്‍ സാധിച്ചു കൊടുത്തു. 2001ല്‍ അഫ്‌ഗാനിസ്ഥാനില്‍ അമേരിക്ക ആക്രമണം ആരംഭിച്ചപ്പോള്‍ ഏറെ പിന്തുണച്ചത്‌ മുശര്‍റഫിന്റെ നേതൃത്വത്തിലുള്ള പാക്‌ ഭരണകൂടമായിരുന്നു. അഫ്‌ഗാന്‍ അതിര്‍ത്തിയിലൂടെ പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലേക്ക്‌ താലിബാന്‍ സ്വാധീനം വളര്‍ന്നതിനു പിന്നില്‍ മുശര്‍റഫിന്റെ ഈ നയത്തിനുള്ള സ്ഥാനം ചെറുതല്ല. അഫ്‌ഗാന്റെ അതിര്‍ത്തി പ്രദേശത്തേക്കെന്ന വ്യാജേന പാക്കിസ്ഥാന്റെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ അമേരിക്കന്‍ സൈന്യം മിസൈല്‍ ആക്രമണങ്ങള്‍ നടത്തുക കൂടി ചെയ്‌തതോടെ അധിനിവേശത്തിനെതിരെ ഉണര്‍ന്ന പാക്‌ ജനത മുന്നില്‍ കണ്ട വഴി താലിബാനായിരുന്നു. ഇന്ന്‌ `ഭീകരതക്കെതിരായ യുദ്ധ'ത്തില്‍ അമേരിക്കയുടെ മുഖ്യലക്ഷ്യം പാക്കിസ്ഥാനാണ്‌.


ഇറാഖിലെ സദ്ദാം ഭരണകൂടം സാമ്പത്തിക, സാമൂഹിക മേഖലയില്‍ ആരംഭിച്ച പരിഷ്‌കരണ നടപടികളെ അമേരിക്ക ഒരു കാലത്ത്‌ പ്രശംസിച്ചിരുന്നു. 1980കളിലെ ഇറാഖ്‌- ഇറാന്‍ യുദ്ധകാലത്ത്‌ ഇറാഖിനെ ആയുധവും പണവും നല്‍കി സഹായിക്കുകയും ചെയ്‌തു. ഒന്നര ദശകം കഴിഞ്ഞപ്പോള്‍ അമേരിക്കക്കു മുന്നില്‍ ഇറാഖ്‌ ഭീകരരാജ്യമായി. മാരകായുധങ്ങള്‍ ശേഖരിച്ച്‌ ലോകത്തിന്‌ ഭീഷണിയുയര്‍ത്തുന്നതായി സദ്ദാം ഹുസൈന്‍ ഭരണകൂടം. അവിടെ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഒഴുകിയ ചോര ഇനിയും ഉണങ്ങിയിട്ടില്ല. ചരിത്രം ഉദാഹരണങ്ങളായി മുന്നില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ്‌ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ മന്‍മോഹന്‍ പറഞ്ഞ വാക്കുകള്‍ കൂടുതല്‍ പ്രസക്തമാണ്‌. അടുത്ത അഞ്ചുവര്‍ഷം നിര്‍ണായകമാണെന്നും `മാറ്റത്തിന്റെ വണ്ടി' നഷ്‌ടപ്പെടുത്താനാവില്ലെന്നുമാണ്‌ അദ്ദേഹം പറഞ്ഞത്‌. നിര്‍ണായകമായ മാറ്റത്തിന്റെ വണ്ടി അടുത്ത തലമുറക്ക്‌ തീയുണ്ടകളും തോക്കുകളും നല്‍കുന്നതും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ദുരിതങ്ങള്‍ സമ്മാനിക്കുന്നതും ആവരുതേ എന്ന്‌ പ്രാര്‍ഥിക്കുക.

2009-05-21

വിലപേശലും വിശ്വാസ്യതയും


ഇന്ത്യന്‍ ജനാധിപത്യത്തിലെ മറ്റൊരു ഉത്സവ കാലം അവസാനിച്ചു. ഇനി അഞ്ചു വര്‍ഷത്തിനു ശേഷമേ ഇത്തരമൊരു ഉത്സവത്തിനു രാജ്യം സാക്ഷിയാവൂ. നൂറു കോടിയിലേറെ വരുന്ന ജനങ്ങളില്‍ അറുപത്‌ ശതമാനത്തിന്റെ പങ്കാളിത്തത്തോടെ ഒരു മാസം നീണ്ട പ്രക്രിയയിലൂടെ പൂര്‍ത്തിയാക്കിയ തിരഞ്ഞെടുപ്പ്‌ പ്രക്രിയ ലോകത്തെ മറ്റു ജനാധിപത്യ ശക്തികളെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അതിലും അത്ഭുതകരമാകുന്നത്‌ ജനങ്ങളുടെ തിരഞ്ഞെടുപ്പാണ്‌. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യപുരോഗമന സഖ്യത്തിന്‌ ഏറെക്കുറെ ഭൂരിപക്ഷത്തിന്‌ അടുത്ത സീറ്റുകളാണ്‌ ലഭിച്ചത്‌. കുറേക്കൂടി വിശ്വാസം ജനിപ്പിക്കാന്‍ ഈ മുന്നണിക്കു കഴിഞ്ഞിരുന്നുവെങ്കില്‍ അവര്‍ക്ക്‌ ഒറ്റക്കു ഭൂരിപക്ഷം ലഭിക്കുമായിരുന്നു. കോണ്‍ഗ്രസിന്‌ 1991നു ശേഷം ഇതാദ്യമായി ഇരുന്നൂറിലധികം സീറ്റും ലഭിച്ചു. ബി ജെ പിയും ഇടതു പാര്‍ട്ടികളും തിരഞ്ഞെടുപ്പു തോല്‍വി പരിശോധിച്ചു തിരുത്തലുകള്‍ വരുത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്‌. മറ്റു പാര്‍ട്ടികളും പരാജയ കാരണങ്ങള്‍ കണ്ടെത്തുന്നതിന്റെ തിരക്കിലാണ്‌. ഈ പാര്‍ട്ടികളുടെ പരാജയം എന്നതിലുപരി ഇത്‌ കോണ്‍ഗ്രസിന്റെ വിജയമായി കാണുകയാവും ഉചിതം.

തിരഞ്ഞെടുപ്പിന്‌ ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി തീര്‍ത്തും ദുര്‍ബലമായിരുന്നുവെന്ന വിലയിരുത്തലായിരുന്നു ഉണ്ടായിരുന്നത്‌. ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌, ആന്ധ്രാപ്രദേശ്‌, തമിഴ്‌നാട്‌, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനോ അവരുള്‍ക്കൊള്ളുന്ന സഖ്യത്തിനോ മികച്ച വിജയം കാഴ്‌ചവെക്കാന്‍ കഴിയില്ലെന്ന നിഗമനമായിരുന്നു ഈ വിലയിരുത്തലിന്റെ അടിസ്ഥാനം. അന്നത്തെ സാഹചര്യം വെച്ചുനോക്കിയാല്‍ അത്‌ തീര്‍ത്തും ശരിയുമായിരുന്നു. ഉത്തര്‍പ്രദേശില്‍ മായാവതിയുടെ ബി എസ്‌ പിയും മുലായം സിംഗ്‌ യാദവിന്റെ എസ്‌ പിയും ആന്ധ്രയില്‍ ടി ഡി പിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെയുടെ നേതൃത്വത്തിലുള്ള മുന്നണിയും വന്‍ നേട്ടമുണ്ടാക്കുമെന്ന്‌ പ്രതീക്ഷിച്ചവര്‍ ധാരാളം. പക്ഷേ, തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിന്‌ തൊട്ടുമുമ്പും അതിനു ശേഷവും നടന്ന സംഭവവികാസങ്ങള്‍ ഈ കണക്കുകൂട്ടലുകളെ തെറ്റിച്ചു. അവിടെ നിന്നാണ്‌ കോണ്‍ഗ്രസിന്റെ വിജയം തുടങ്ങുന്നതും.


മുലായം സിംഗിന്റെ സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി ധാരണയില്‍ മത്സരിക്കാമെന്നു തിരഞ്ഞെടുപ്പിനു മുമ്പ്‌ പറഞ്ഞു. തിരഞ്ഞെടുപ്പെത്തിയപ്പോള്‍ കോണ്‍ഗ്രസിനു പതിനേഴ്‌ സീറ്റ്‌ മാത്രമേ നല്‍കാനാവൂ എന്ന്‌ ശഠിച്ചു. 25 സീറ്റ്‌ ലഭിച്ചില്ലെങ്കില്‍ സഖ്യത്തിനില്ല എന്ന നിലപാടാണ്‌ കോണ്‍ഗ്രസ്‌ സ്വീകരിച്ചത്‌. ഇതിനിടയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയില്‍ ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെടുമ്പോള്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയായിരുന്ന ബി ജെ പി നേതാവ്‌ കല്യാണ്‍ സിംഗുമായി സഖ്യമുണ്ടാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം കൂടെ നിന്ന മുസ്‌ലിം സമുദായത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതായിരുന്നു ഈ തീരുമാനം. പിന്നെയും കളികള്‍ തുടര്‍ന്നു. ലാലു പ്രസാദ്‌ യാദവിന്റെ ആര്‍ ജെ ഡിയെയും രാം വിലാസ്‌ പാസ്വാന്റെ എല്‍ ജെ പിയെയും ചേര്‍ത്തു കുറുമുന്നണിയുണ്ടാക്കി. ഹിന്ദി മേഖലയിലെ ഹൃദയ ഭാഗത്തു ഈ സഖ്യമില്ലാതെ ആരു സര്‍ക്കാറുണ്ടാക്കുമെന്നു കാണട്ടെ എന്നു വെല്ലുവിളിച്ചു. വേണ്ടിവന്നാല്‍ പ്രധാനമന്ത്രി സ്ഥാനം അവകാശപ്പെടാനുള്ള ശക്തി തങ്ങള്‍ക്കുണ്ടാകുമെന്ന്‌ അഹങ്കാരത്തോടെ പറഞ്ഞു. എസ്‌ പിയുടെ ഈ സമ്മര്‍ദങ്ങള്‍ക്കും
വിലപേശലിനും വഴങ്ങാതെ ഒറ്റക്കു മത്സരിക്കുക എന്ന ധീരമായ തീരുമാനം കോണ്‍ഗ്രസ്‌ എടുത്തു. ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിന്റെ ഉറച്ച നിലപാടിനെ വിശ്വാസത്തിലെടുത്തുവെന്നതിനു തിരഞ്ഞെടുപ്പ്‌ ഫലം തെളിവ്‌. 2004ല്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ അധികാരത്തില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷകള്‍ നിലനില്‍ക്കുന്ന സമയത്തുപോലും മുലായം സിംഗ്‌ യാദവിനെ കൈവിടാതിരുന്ന ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ അധികാരവും പദവികളും മാത്രം ലക്ഷ്യമിട്ടുള്ള ചാഞ്ചാട്ടം പൊറുക്കാന്‍ തയ്യാറായില്ല.


ലാലു പ്രസാദ്‌ യാദവിന്റെ ആര്‍ ജെ ഡി - അടുത്ത മന്ത്രിസഭയില്‍ കൂടുതല്‍ വിലപേശലിനു കരുത്തുണ്ടാക്കാനാണ്‌ ബീഹാറില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ ലാലുവും രാം വിലാസ്‌ പാസ്വാനും തിരുമാനിച്ചത്‌. സീറ്റ്‌ പങ്ക്‌ വെച്ചപ്പോള്‍ മൂന്നെണ്ണം മാത്രം തങ്ങള്‍ക്കു നീക്കിവെച്ചത്‌ അംഗീകരിക്കാന്‍ തയ്യാറാവാതെ എല്ലാ സീറ്റിലും ഒറ്റക്കു മത്സരിക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചു. രണ്ടു സീറ്റില്‍ അവര്‍ക്കു ജയിക്കാനായി. ഒപ്പം ലാലുവിന്റെയും പാസ്വാന്റെയും കോട്ടകളെല്ലാം തകര്‍ന്നു വീഴുന്നത്‌ കോണ്‍ഗ്രസ്‌ കണ്ടു രസിച്ചു. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങേണ്ട എന്ന ശക്തമായ തീരുമാനം ബീഹാറില്‍ വേണ്ടത്ര ഗുണം ചെയ്‌തില്ലെങ്കിലും രാജ്യത്താകെയുള്ള ജനങ്ങളില്‍ കോണ്‍ഗ്രസിനോടുള്ള മതിപ്പ്‌ വര്‍ധിക്കുകയായിരുന്നു.


മായാവതിയുടെ ബി എസ്‌ പി - ഉത്തര്‍പ്രദേശില്‍ അമ്പതു സീറ്റോളം നേടുമെന്ന്‌ അഹങ്കരിച്ചിരുന്ന ഇവര്‍ക്കു തിരിച്ചടിയായത്‌ സ്വന്തം ചരിത്രമാണ്‌. പ്രധാനമന്ത്രിപദമാണ്‌ ലക്ഷ്യമെന്നു മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു മായാവതി. അത്‌ നേടിയെടുക്കാന്‍ ആരുമായും അവര്‍ കൂട്ടുകൂടാനുള്ള സാധ്യത ജനം മുന്‍കൂട്ടിക്കണ്ടു. മുമ്പ്‌ മൂന്നു വട്ടം ബി ജെ പിയുമായി സഖ്യമുണ്ടാക്കി ഉത്തര്‍പ്രദേശില്‍ സര്‍ക്കാറുണ്ടാക്കിയതിന്റെ ഓര്‍മ ജനത്തിനുണ്ടായിരുന്നു. അഴിമതിക്കും രാഷ്‌ട്രീയത്തിലെ ക്രിമിനല്‍വത്‌കരണത്തിനുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചു നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയ മായാവതി വാഗ്‌ദാനങ്ങള്‍ക്കു പുല്ലുവിലപോലും കല്‍പ്പിച്ചില്ല എന്നതും വോട്ടര്‍മാരുടെ മുന്നിലുണ്ടായിരുന്നു. ഡി പി യാദവിനെപ്പോലെ കുറ്റാരോപണങ്ങള്‍ കൊണ്ട്‌ അഭിഷിക്തരായ നിരവധി പേരെ ബി എസ്‌ പി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കി. ദളിത്‌ വിഭാഗങ്ങള്‍ വിശ്വസ്‌തത നിലനിര്‍ത്തിയതുകൊണ്ടു മാത്രമാണ്‌ ബി എസ്‌ പി ക്ക്‌ 20 സീറ്റിലെങ്കിലും വിജയിക്കാനായത്‌.


ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പിയും മഹാസഖ്യവും - ആന്ധ്രയിലെ മഹാസഖ്യം അത്ഭുതങ്ങള്‍ സൃഷ്‌ടിക്കുമെന്ന പ്രവനചങ്ങള്‍ തെറ്റിച്ചത്‌ ടി ഡി പിയുടെ ചരിത്രമാണ്‌. വേണ്ടിവന്നാല്‍ ബി ജെ പിയുമായി വീണ്ടുമൊരു സഖ്യത്തിനു ചന്ദ്രബാബു മടിക്കില്ലെന്നു ജനത്തിന്‌ അറിയാമായിരുന്നു. തെലുങ്കാന രാഷ്‌ട്ര സമിതിയെക്കുറിച്ചും അവര്‍ക്ക്‌ സംശയങ്ങളുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ്‌ നേടാനാണ്‌ മഹാസഖ്യമുണ്ടാക്കിയതെന്നും വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ അധികാരസ്ഥാനങ്ങള്‍ക്കു വേണ്ടി ടി ഡി പിയും ടി ആര്‍ എസും വിലപേശുമെന്നും വോട്ടര്‍മാര്‍ മുന്‍കൂട്ടിക്കണ്ടു. വോട്ടെടുപ്പ്‌ കഴിഞ്ഞയുടന്‍ എന്‍ ഡി എയില്‍ ചേര്‍ന്നു ടി ആര്‍ എസ്‌ ജനങ്ങളുടെ ദീര്‍ഘവീക്ഷണം ശരിവെക്കുകയും ചെയ്‌തു. വൈ എസ്‌ രാജശേഖര റെഡ്‌ഢി സര്‍ക്കാറിനെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളെയെല്ലാം തള്ളിക്കളഞ്ഞ്‌ കോണ്‍ഗ്രസിനെ വീണ്ടും വിജയിപ്പിച്ചതിനു കാരണം മറ്റൊന്നും തേടേണ്ടതില്ല.


ജയലളിതയുടെ എ ഐ എ ഡി എം കെയും മുന്നണിയും - മൂന്നാം മുന്നണിക്കൊപ്പമായിരുന്നുവെങ്കിലും ഏപ്പോഴും എവിടേക്കും ചായാമെന്ന പ്രതീതിയാണ്‌ എ ഐ എ ഡി എം കെ പ്രകടിപ്പിച്ചത്‌. കോണ്‍ഗ്രസ്‌ നേതൃത്വത്തോടു സൗഹൃദം പ്രകടിപ്പിക്കുമ്പോള്‍ തന്നെ ബി ജെ പി നേതാവും ഗുജറാത്ത്‌ മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയുമായി ഹോട്ട്‌ലൈന്‍ ബന്ധം നിലനിര്‍ത്തുകയും ചെയ്‌തിരുന്നു ജയലളിത. ശ്രീലങ്കയിലെ തമിഴ്‌ വംശജരുടെ പ്രശ്‌നത്തില്‍ ഡി എം കെക്കെതിരെ വോട്ടര്‍മാര്‍ തിരിയാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ്‌ യു പി എ ഘടകകക്ഷിയായിരുന്ന പി എം കെ അവസാന നിമിഷത്തില്‍ എ ഐ എ ഡി എം കെ സഖ്യത്തിലേക്കു മാറിയത്‌. വൈകോയുടെ എം ഡി എം കെയാവട്ടെ കളംമാറ്റിച്ചവിട്ടുന്നതില്‍ യാതൊരു മടിയുമില്ലാത്ത പാര്‍ട്ടിയാണ്‌. ഈ പാര്‍ട്ടികളുണ്ടാക്കിയ സഖ്യത്തെ എങ്ങനെ മുഖവിലക്കെടുക്കുമെന്നു തമിഴ്‌നാട്ടുകാര്‍ സ്വയം ചോദിച്ചിരുന്നുവെന്നതാണ്‌ തിരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്‌. ഡി എം കെയും കോണ്‍ഗ്രസും പ്രകടിപ്പിച്ച രാഷ്‌ട്രീയ വിശ്വാസ്യതയെ (ലങ്കന്‍ പ്രശ്‌നം കത്തിനില്‍ക്കുന്ന സമയത്ത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും തമിഴ്‌നാട്ടില്‍ വന്നു ഡി എം കെക്കും കരുണാനിധിക്കും ഒപ്പമാണ്‌ കോണ്‍ഗ്രസ്‌ എന്നു തറപ്പിച്ചുപറഞ്ഞിരുന്നു) അവര്‍ മാനിച്ചു. ഈ പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുകയും സ്വാധീനവും ഭരണവുമുള്ള സംസ്ഥാനങ്ങളില്‍ പിഴവുകള്‍ ആവര്‍ത്തിക്കുകയും ചെയ്‌തത ഇടതുപാര്‍ട്ടികളെ കണക്കിനു പ്രഹരിക്കാനാണ്‌ വോട്ടര്‍മാര്‍ തീരുമാനിച്ചത്‌.


ഇതിലും പ്രധാനം കഴിഞ്ഞ രണ്ടു ദശകത്തോളമായി ദേശീയ രാഷ്‌ട്രീയത്തില്‍ നിര്‍ണായക പങ്ക്‌ വഹിച്ചിരുന്ന മേല്‍പ്പറഞ്ഞ പ്രാദേശിക പാര്‍ട്ടികള്‍ എന്താണ്‌ ചെയ്‌തത്‌ എന്ന്‌ ജനം തിരിച്ചറിഞ്ഞുവെന്നതാണ്‌. 1989ല്‍ അധികാരത്തിലേറിയ വി പി സിംഗ്‌ സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കിയതിലൂടെ പിന്നാക്ക, ദളിത്‌ ജനവിഭാഗങ്ങളിലുണ്ടാക്കിയ വിശ്വാസ്യതയും 1992ല്‍ ബാബരി മസ്‌ജിദിന്റെ തകര്‍ച്ചയോടെ കോണ്‍ഗ്രസില്‍ നിന്നു പൂര്‍ണമായി അകന്ന മുസ്‌ലിം വിഭാഗത്തിന്റെ പിന്തുണയുമായിരുന്നു എസ്‌ പി, ആര്‍ ജെ ഡി ആദിയായ പാര്‍ട്ടികളുടെ മുടക്കുമുതല്‍. അധികാര സ്ഥാനം ലക്ഷ്യമിട്ട്‌ ജനതാദളിനെ പലതായി പിളര്‍ത്തിയതിനെ ജനം സഹിച്ചു. മുന്നണികള്‍ മാറിയും മറിഞ്ഞും അധികാരം ലക്ഷ്യമിട്ടു വര്‍ഷങ്ങളോളം പ്രയാണം നടത്തിയതു ക്ഷമിക്കുകയും ചെയ്‌തു. അധികാര സ്ഥാനത്തിരുന്നപ്പോഴൊന്നും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത്‌ ഉയരാന്‍ ഇവര്‍ക്കു കഴിഞ്ഞതുമില്ല. ബീഹാറില്‍ ലാലുവും പിന്നീട്‌ ഭാര്യ റാബ്‌റിയും അധികാരത്തിലിരുന്ന കാലം മാത്രം മതി തെളിവായി. ഒരു സാമൂഹിക മാറ്റത്തിനും വഴിയൊരുക്കാന്‍ സോഷ്യലിസ്റ്റ്‌ പാരമ്പര്യം അവകാശപ്പെടുന്ന ആര്‍ ജെ ഡിക്കു കഴിഞ്ഞില്ല. ഉത്തര്‍ പ്രദേശില്‍ മുലായം സിംഗ്‌ അധികാരത്തിലിരുന്നപ്പോഴും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. കേന്ദ്രഭരണത്തില്‍ പങ്കാളിത്തം ലഭിച്ചപ്പോഴും സ്വന്തം താത്‌പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണുണ്ടായത്‌. ബീഹാറിലേക്കു ധാരാളം ട്രെയിന്‍ അനുവദിച്ചതുകൊണ്ടോ ഛാപ്രയില്‍ കോച്ച്‌ ഫാക്‌ടറിയും മറ്റും സ്ഥാപിച്ചതുകൊണ്ടോ വോട്ടര്‍മാരുടെ പിന്തുണ ലഭിക്കില്ലെന്നു ലാലു പ്രസാദ്‌ യാദവിന്‌ ഇപ്പോള്‍ മനസ്സിലായിക്കാണണം.


പ്രാദേശിക വികാരവും ജാതിസമവാക്യങ്ങളിലൂടെ വീണ്ടും വിജയിക്കാമെന്ന ആത്മവിശ്വാസവും കൈമുതലായുള്ള ഇക്കൂട്ടര്‍ കേന്ദ്ര ഭരണത്തില്‍ പങ്കാളിയായിരിക്കെ പരിമിതമായ ചുറ്റുപാടുകള്‍ മാത്രമേ കണ്ടുള്ളൂ. യു പി എ ഘടകകക്ഷികളുമായിപ്പോലും ചര്‍ച്ച ചെയ്യാതെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ അമേരിക്കയുമായി ആണവ കരാര്‍ ഉറപ്പിച്ചപ്പോള്‍ ലാലുവോ പാസ്വാനോ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. യു പി എ അംഗീകരിച്ച പൊതു മിനിമം പരിപാടിക്കു വിരുദ്ധമായി സ്വകാര്യവത്‌കരണ നയങ്ങളുമായി മുന്നോട്ടുപോയപ്പോഴും ഇവര്‍ നിശ്ശബ്‌ദരായിരുന്നു. റയില്‍വേയെ ശതകോടികളുടെ ലാഭത്തിലേക്കു നയിച്ച ലാലുപ്രസാദ്‌ യാദവിന്റെ മാനേജുമെന്റ്‌ മാജിക്ക്‌ പോലും മന്‍മോഹന്‍ സിംഗിന്റെയും പി ചിദംബരത്തിന്റെയും ബുദ്ധിയുടെ പ്രതിഫലനമായിരുന്നു. റെയില്‍വേയില്‍ സ്വകാര്യവത്‌കരണം നടപ്പാക്കാന്‍ അവര്‍ ലാലുവിനെ ഫലപ്രദമായി ഉപയോഗിച്ചു. ലാലുവിന്റെ സ്വതസിദ്ധമായ ശൈലി ഒരു മറയാക്കിയെന്നു മാത്രം. ലാലു മാനേജുമെന്റ്‌ വിദഗ്‌ധനായി അറിയപ്പെടുന്നതില്‍ മന്‍മോഹനോ ചിദംബരത്തിനോ പരാതിയുണ്ടായില്ല. അവര്‍ക്കു വേണ്ടത്‌, ആരുടെയും എതിര്‍പ്പില്ലാതെ ചില കാര്യങ്ങള്‍ നടപ്പാക്കുക എന്നതായിരുന്നു. അധികാരസ്ഥാനങ്ങള്‍ ഉറപ്പാക്കാനും അവിടെ തുടരാനുമായി സ്വന്തം വ്യക്തിത്വം ബലികഴിക്കുകയാണ്‌ ഈ പാര്‍ട്ടികള്‍ ചെയ്‌തത്‌. ഒപ്പം അവസരവാദത്തിന്റെ അപ്പോസ്‌തലരാവുകയും. ടി ഡി പിയും എ ഐ എ ഡി എം കെയുമൊന്നും ഇക്കാര്യത്തില്‍ പിറകിലായിരുന്നില്ല. ഒന്നര ദശകത്തോളമായി തുടരുന്ന ഈ നാടകം വോട്ടര്‍മാര്‍ക്കു മടുത്തിരിക്കുന്നുവെന്നതിന്റെ സൂചനയായി വേണം ജനവിധിയെ കാണാന്‍.


ഒപ്പം കോണ്‍ഗ്രസും മന്‍മോഹന്‍ സിംഗും യുവാക്കള്‍ക്കു നല്‍കിയ പ്രതീക്ഷയും. ആഗോള സാമ്പത്തിക പ്രതിസന്ധി പടിഞ്ഞാറന്‍ രാജ്യങ്ങളെ ബാധിച്ച തോതില്‍ ഇന്ത്യയെ ബാധിക്കാതിരുന്നതിന്റെ കാരണം മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാറിന്റെ നടപടികളാണെന്ന്‌ അവര്‍ കരുതുന്നു. ലോകസമ്പദ്‌ വ്യവസ്ഥ പ്രതിസന്ധി തരണം ചെയ്യുവോളം മന്‍മോഹന്‍ സിംഗ്‌ പ്രധാനമന്ത്രി സ്ഥാനത്തു തുടരുന്നതാവും ഉചിതമെന്ന്‌ അവര്‍ ചിന്തിച്ചിട്ടുണ്ടാവും. യുവാക്കളുടെ പ്രതീക്ഷകളെ മുന്‍കൂട്ടിക്കാണാന്‍ സോണിയാ ഗാന്ധിക്കു കഴിഞ്ഞുവെന്നതാണ്‌ കോണ്‍ഗ്രസിന്റെ നേട്ടത്തിന്‌ ഒരു കാരണം. കോണ്‍ഗ്രസ്‌ നേതൃത്വത്തിലുണ്ടായ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മന്‍മോഹന്‍ തന്നെയായിരിക്കും പ്രധാനമന്ത്രിയെന്ന്‌ അവര്‍ അര്‍ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചത്‌ അതുകൊണ്ടാണ്‌. ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന്‌ ബി ജെ പിയും അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എല്‍ കെ അഡ്വാനിയും മന്‍മോഹനെ തുടര്‍ച്ചയായി കുറ്റപ്പെടുത്തിയതു കോണ്‍ഗ്രസിനു ഗുണമായി. മന്‍മോഹന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ വീണ്ടും വിലയിരുത്താന്‍ ജനം തയ്യാറായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അഴിമതി ആരോപണങ്ങളൊന്നും മന്‍മോഹന്‍ സര്‍ക്കാറിനെതിരെ ഉയര്‍ന്നിരുന്നില്ല. (ഇസ്‌റാഈല്‍ ആയുധ ഇടപാടില്‍ കോഴയുണ്ടെന്ന ആരോപണമുയര്‍ന്നത്‌ തിരഞ്ഞെടുപ്പു കാലത്താണ്‌) മുമ്പ്‌ മുന്നണികള്‍ സര്‍ക്കാറുണ്ടാക്കിയപ്പോഴെല്ലാം അതിന്റെ നിലനില്‍പ്പ്‌ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇടതുപക്ഷത്തിന്റെ പുറത്തുനിന്നുള്ള പിന്തുണ ഉപയോഗപ്പെടുത്തി, ന്യൂനപക്ഷ മുന്നണി സര്‍ക്കാറിനെ യാതൊരലോസരവും കൂടാതെ നയിക്കാന്‍ കഴിഞ്ഞു. ഇതെല്ലാം നല്ല വശങ്ങളായി വോട്ടര്‍മാര്‍ കണ്ടിട്ടുണ്ടാവണം. ചുരുക്കത്തില്‍ കോണ്‍ഗ്രസ്‌ നിലനിര്‍ത്തിയ രാഷ്‌ട്രീയ വിശ്വാസ്യതക്കാണ്‌ വോട്ടര്‍മാര്‍ അംഗീകാരം നല്‍കിയത്‌. ഒപ്പം വിലപേശല്‍ രാഷ്‌ട്രീയം ശീലമാക്കിയവര്‍ക്കുള്ള മുന്നറിയിപ്പും.