2009-11-26

`രാജ്യസ്‌നേഹ'ത്തിനപ്പുറത്ത്‌


``അതിര്‍ത്തിത്തര്‍ക്കങ്ങള്‍, പകരക്കാരെ ഉപയോഗിച്ച്‌ നടത്തുന്ന യുദ്ധങ്ങള്‍ സൃഷ്‌ടിക്കുന്ന പ്രകോപനം, മത യാഥാസ്ഥിതികത്വം, പരിഷ്‌കരണങ്ങള്‍ക്ക്‌ വാദിക്കുന്ന തീവ്രവാദം, വംശീയ സംഘര്‍ഷങ്ങള്‍, സാമൂഹ്യ - സാമ്പത്തിക അസമത്വം എന്നിവ ദക്ഷിണേഷ്യയുടെ മുദ്രയായി മാറിയിരിക്കുന്നു''
- ജനറല്‍ ദീപക്‌ കപൂര്‍, ഇന്ത്യന്‍ കരസേനയുടെ മേധാവി


``അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രഥമസ്ഥാനത്ത്‌ തുടരുന്നുണ്ടെങ്കിലും ചരിത്രപരമായ ഭിന്നതകള്‍, പ്രത്യയശാസ്‌ത്രപരമായ പക്ഷപാതിത്വങ്ങള്‍, സാമ്പത്തിക അസമത്വം, ഊര്‍ജ സുരക്ഷ, ജലക്ഷാമം എന്നിവയും സംഘര്‍ഷങ്ങളുടെ സൃഷ്‌ടിയില്‍ ചെറുതല്ലാത്ത പങ്ക്‌ വഹിക്കുന്നുണ്ട്‌. പുതിയകാലത്തെ സംഘര്‍ഷങ്ങള്‍ രാഷ്‌ട്രങ്ങളുമായി ബന്ധപ്പെട്ടുള്ളവ മാത്രമല്ല, ഉപ ദേശീയതകള്‍, തീവ്രവാദം, മതമൗലികവാദം, വംശീയ താത്‌പര്യങ്ങള്‍ എന്നിവ കൂടി കാരണങ്ങളാണ്‌''
- എ കെ ആന്റണി, പ്രതിരോധ മന്ത്രി


രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറിലാണ്‌ ഇവര്‍ ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്‌. പശ്ചിമേഷ്യയെപ്പോലെ ദക്ഷിണേഷ്യയും സംഘര്‍ഷത്തിന്റെ കേന്ദ്ര ബിന്ദുവായി മാറുന്നുവെന്ന അഭിപ്രായവും ഇരുവരും പ്രകടിപ്പിച്ചു കണ്ടു.


മൂംബൈയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ്‌ ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്‌. എട്ടിടങ്ങളിലായി നടത്തിയ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 164 പേര്‍ കൊല്ലപ്പെട്ടു. ഭീകരരില്‍ ഒമ്പതു പേരും കൊല്ലപ്പെട്ടു. അജ്‌മല്‍ അമീര്‍ കസബിനെ മാത്രമാണ്‌ ജീവനോടെ പിടികൂടിയത്‌. നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തിയ വലിയ ആഘാതമേല്‍പ്പിക്കുന്നത്‌ രാജ്യം ഇതിന്‌ മുമ്പ്‌ പലതവണ കണ്ടതാണ്‌. ഒരു നഗരത്തിന്റെ പലഭാഗത്തായി തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ നടത്തുന്നതും പലകുറി ആവര്‍ത്തിച്ചു. പാര്‍ലിമെന്റിനു നേര്‍ക്ക്‌ പോലും ആക്രമണമുണ്ടായി. ഇവകളോടൊന്നും താരതമ്യം ചെയ്യാനാവില്ല മുംബൈയെ. താജ്‌ മഹല്‍, ഒബ്‌റോയ്‌ ട്രിഡന്റ്‌ ഹോട്ടലുകളിലും ജൂത അധിവാസ കേന്ദ്രമായ നരിമാന്‍ ഹൗസിലും തമ്പടിച്ച ഭീകരര്‍ മൂന്നു ദിവസത്തോളം രാജ്യത്തെ ഉത്‌കണ്‌ഠയുടെ മുള്‍ മുനയില്‍ നിര്‍ത്തി. ദേശീയ സുരക്ഷാ ഗാര്‍ഡ്‌ അടക്കമുള്ള പ്രത്യേക പരിശീലനം സിദ്ധിച്ച വിഭാഗങ്ങളുടെ സംയുക്ത ശ്രമത്തിനൊടുവിലാണ്‌ അവരെ കീഴടക്കാനായത്‌.


ഇതുകൊണ്ടു മാത്രമല്ല മൂംബൈയിലെ ആക്രമണം മറ്റുള്ളവയില്‍ നിന്ന്‌ വ്യത്യസ്‌തമാവുന്നത്‌. ആസൂത്രണം, നടത്തിപ്പ്‌, പരമാവധി ആഘാതമേല്‍പ്പിക്കല്‍ എന്നിവയിലെല്ലാം രാജ്യത്തെയാകെ അമ്പരിപ്പിക്കാന്‍ അക്രമികള്‍ക്ക്‌ കഴിഞ്ഞു. ആക്രമണം നടത്തുന്നതിനിടെപ്പോലും അതിന്റെ ആസൂത്രകരുമായി ഭീകരര്‍ ഉപഗ്രഹ ഫോണിലൂടെ ആശയ വിനിയമം നടത്തി. ഇന്ത്യന്‍ സുരക്ഷാ സേനയുടെ നീക്കങ്ങള്‍ ഒരു പരിധിവരെ അറിയാനും പ്രതിരോധ തന്ത്രങ്ങള്‍ മെനയാനും ഈ ആശയ വിനിമയം അവരെ സഹായിച്ചിട്ടുണ്ടാവാം. അതുകൊണ്ടാവണം മൂന്നു ദിവസത്തോളം പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞത്‌.


അക്രമികള്‍ എത്രപേരുണ്ടായിരുന്നുവെന്നത്‌ സംബന്ധിച്ച്‌, ആക്രമണം ആരംഭിച്ച്‌ മൂന്നാം ദിവസം പോലും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ വ്യക്തമായ രൂപമുണ്ടായിരുന്നില്ല. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക്‌ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ആക്രമണത്തെ ഇങ്ങനെ സംഗ്രഹിക്കാം. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലശ്‌കറെ ത്വയ്യിബ ആസുത്രണം ചെയ്‌തതായിരുന്നു ആക്രമണ പദ്ധതി. ഇത്‌ നടപ്പാക്കാന്‍ തിരഞ്ഞെടുത്തവര്‍ക്ക്‌ ലശ്‌കര്‍ മൂന്നുമാസത്തോളം പരിശീലനം നല്‍കി. കറാച്ചിയില്‍ നിന്ന്‌ കപ്പല്‍ വഴി ഗുജറാത്ത്‌ തീരത്തെത്തിയ അക്രമികള്‍ ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട്‌ പിടിച്ചെടുത്ത്‌ മുംബൈ തീരത്തോട്‌ അടുത്തു. തുടര്‍ന്ന്‌ റബ്ബര്‍ ബോട്ടില്‍ മുംബൈ നഗരത്തില്‍ പ്രവേശിച്ചു. നാല്‌ സംഘങ്ങളായി തിരിഞ്ഞായിരുന്നു ആക്രമണം. ഛത്രപതി ശിവജി റെയില്‍വേ ടെര്‍മനില്‍ രക്തത്തില്‍ മുക്കിയ രണ്ടുപേരില്‍ ഒരാളാണ്‌ അമീര്‍ അജ്‌മല്‍ കസബ്‌. നവംബര്‍ 29ന്‌ ടാജ്‌ മഹല്‍ ഹോട്ടലിലെ എല്ലാ ഭാഗത്തെയും പരിശോധന പൂര്‍ത്തിയായതോടെയാണ്‌ ആക്രമണത്തിന്റെ പിടിയില്‍ നിന്ന്‌ മുംബൈ മോചിതയായത്‌.


ഇത്തരം ഗുരുതരമായ വെല്ലുവിളികളുണ്ടാവുമ്പോള്‍ നേരിടുന്നതില്‍ ഇന്ത്യന്‍ സംവിധാനങ്ങള്‍ക്കുള്ള പോരായ്‌മ, ആക്രമണത്തെക്കുറിച്ചുള്ള യാതൊരു മുന്നറിയിപ്പും നല്‍കാന്‍ കഴിയാതിരുന്ന ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ പരാജയം തൂടങ്ങി നിരവധി വിഷയങ്ങള്‍ മുംബൈ സംഭവത്തിന്‌ ശേഷം ഉയര്‍ന്നുവന്നു. ഡല്‍ഹിയില്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ക്ക്‌ പ്രാദേശിക കേന്ദ്രങ്ങളുണ്ടാക്കുകയും ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന്‌ അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ മാതൃകയില്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ ഐ എ) രൂപവത്‌കരിക്കുകയുമാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പ്രധാന നടപടികള്‍. തീര സുരക്ഷ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്‌തു. മുംബൈക്കു ശേഷം രാജ്യത്ത്‌ വലിയ ആക്രമണങ്ങള്‍ ഇതുവരെ ഉണ്ടായില്ല എന്നത്‌ തങ്ങള്‍ സ്വീകരിച്ച കര്‍ശന നടപടികളുടെ മേന്‍മയായി സര്‍ക്കാറിന്‌ അവകാശപ്പെടാം.


ആക്രമണത്തെക്കുറിച്ച്‌ അമേരിക്കന്‍ ഏജന്‍സികളുടെ കൂടി സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ അതിന്റെ ആസൂത്രകര്‍ ലശ്‌കറെ ത്വയ്യിബയുടെ നേതാക്കളാണെന്ന്‌ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇത്‌ സംബന്ധിച്ച തെളിവുകള്‍ പാക്കിസ്ഥാന്‌ കൈമാറി. ആ രാജ്യം ലശ്‌കര്‍ നേതാക്കളായ ഏഴു പേരെ അറസ്റ്റ്‌ ചെയ്‌തു. ആക്രമണത്തിനിടെ പിടിയിലായ കസബും നേരത്തെ തന്നെ ഉത്തര്‍പ്രദേശ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്ന രണ്ടുപേരെയും മുംബൈയിലെ പ്രത്യേക കോടതിയില്‍ വിചാരണ നേരിടുകയാണ്‌. അന്വേഷണങ്ങളും കോടതി നടപടികളും മുറപോലെ നടക്കും. രാജ്യത്തിനെതിരായ യുദ്ധമാണ്‌ നടന്നതെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്ത സാഹചര്യത്തില്‍ അതിന്‌ പതിവില്‍കവിഞ്ഞ വേഗവും കാര്യക്ഷമതയും ഉണ്ടാവുകയും ചെയ്യും. അന്വേഷണങ്ങള്‍ക്കും കുറ്റവാളികളെ കണ്ടെത്തലുകള്‍ക്കുമപ്പുറത്ത്‌ എന്തുകൊണ്ട്‌ ഇത്തരം ആക്രമണങ്ങള്‍ എന്ന പ്രശ്‌നത്തില്‍ അധിഷ്‌ഠിതമായ ഗൗരവമേറിയ ചിന്തകള്‍ ഉണ്ടായോ എന്നത്‌ സംശയാണ്‌.


ഇവിടെയാണ്‌ പശ്ചിമേഷ്യക്കൊപ്പം ദക്ഷിണേഷ്യയും സംഘര്‍ഷങ്ങളുടെ കേന്ദ്രമായിമാറുന്നതിലെ ആശങ്ക പങ്കുവെച്ചുകൊണ്ട്‌ കരസേനാ മേധാവി ദീപക്‌ കപൂറും പ്രതിരോധ മന്ത്രി എ കെ ആന്റണിയും പറഞ്ഞ വാക്കുകള്‍ അര്‍ഥവത്താവുന്നത്‌. ആ വാക്കുകളില്‍ എല്ലാമുണ്ട്‌, ഒപ്പം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല, കഴിയില്ല എന്ന നിസ്സഹായതയുമുണ്ട്‌. രാജ്യത്തിന്‌ നേര്‍ക്കുണ്ടായ അത്യപൂര്‍വവും ശക്തവുമായ ആക്രമണമെന്ന നിലക്ക്‌ ദേശീയതയുമായി ബന്ധപ്പെടുത്തി ഏറെ വൈകാരികമായാണ്‌ ജനങ്ങള്‍ മുംബൈ സംഭവത്തെ സമീപിച്ചത്‌. ജനതയുടെ വികാരം പങ്കുവെച്ചുകൊണ്ട്‌ രാഷ്‌ട്രീയ നേതാക്കളും ഭരണാധികാരികളും സമാനമായ നിലപാട്‌ സ്വീകരിച്ചു. (മൂന്നു ദിവസം നീണ്ട ആക്രമണവും അതിനെ ചെറുക്കാനുള്ള സുരക്ഷാ സേനയുടെ ശ്രമങ്ങളും തത്സമയ സംപ്രേഷണ മത്സരമാക്കിയ ടെലിവിഷന്‍ ചാനലുകളെയും അത്‌ ഒരു ഹോളിവുഡ്‌ സിനിമപോലെ കണ്ടിരിക്കുകയും ചെയ്‌തവരെ ഒഴിവാക്കാം)


ആക്രമണം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമേല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങാന്‍ ഇനിയും സമയമെടുക്കും. പക്ഷേ, പൊതു ജീവിതത്തില്‍ അതേല്‍പ്പിച്ച മുറിവുകള്‍ ഏറെക്കുറെ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ദേശീയത, രാജ്യത്തിനെതിരായ യുദ്ധം തുടങ്ങിയ കേവല കാരണങ്ങള്‍ക്കപ്പുറത്ത്‌ ആക്രമണത്തിന്റെ കാര്യകാരണങ്ങള്‍ അന്വേഷിക്കുകയും പരിഹാരം തേടുകയും ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. ഭാവിയില്‍ ഇത്തരമൊരു സ്ഥിതി വിശേഷം ഉണ്ടാവാതിരിക്കാന്‍ അതാണ്‌ വേണ്ടതും. പലവിധ ആക്രമണങ്ങള്‍ക്ക്‌ വിധേയമായിട്ടും ഇത്തരമൊരു ആലോചനയാണ്‌ നമ്മുടെ നേതാക്കളും നമ്മള്‍ തന്നെയും ചെയ്യാതിരുന്നതും.
പശ്ചിമേഷ്യയോട്‌ തെക്കനേഷ്യയെ താരതമ്യം ചെയ്‌ത്‌ കരസേനാ മേധാവിയും പ്രതിരോധ മന്ത്രിയും നടത്തിയ വിശകലനങ്ങള്‍ ഈ വഴിക്ക്‌ ചില സൂചനകള്‍ നല്‍കുന്നുണ്ട്‌. ജനിച്ചുവളര്‍ന്ന ഭൂമിയില്‍ നിന്ന്‌ ഒരു ജനതയെ പറിച്ചെറിഞ്ഞ്‌ അവിടെ ആധിപത്യം സ്ഥാപിക്കാന്‍ ഇസ്‌റാഈലിന്‌ വഴിയൊരുക്കിക്കൊടുത്തതാണ്‌ പശ്ചിമേഷ്യ ഇന്നും സംഘര്‍ഷ ഭരിതമായി തുടരാന്‍ കാരണം. അധിനിവേശത്തില്‍ നിന്ന്‌ അവരെ പിന്‍മാറ്റാന്‍ അധിനിവേശത്തിന്‌ വഴിയൊരുക്കിയവര്‍ക്കു പോലും ഇന്നും കഴിയുന്നുമില്ല.


സമാനമായ സാഹചര്യമാണ്‌ അഫ്‌ഗാനിസ്ഥാനിലും ഒരു പരിധിവരെ പാക്കിസ്ഥാനിലും ഇന്ന്‌ നിലനില്‍ക്കുന്നത്‌. ലോകവ്യാപാര കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ പേരില്‍ അല്‍ഖാഇദക്കും അതിന്റെ തലവനായ ഉസാമ ബിന്‍ ലാദനുമെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്ക പിന്നീട്‌ അഫ്‌ഗാന്‍ ജനതയെ വേട്ടയാടുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. അമേരിക്കയുടെ ഭീകരവിരുദ്ധ `യുദ്ധ'ത്തെ സര്‍വാത്മനാ പിന്തുണച്ച പാക്കിസ്ഥാന്‍ ഒമ്പതു വര്‍ഷത്തിനിപ്പുറം എത്തി നില്‍ക്കുന്നത്‌ പൊട്ടിത്തെറികളുടെയും രക്തപ്പുഴയുടെയും നടുക്കാണ്‌. മതയാഥാസ്ഥികത്വം, തീവ്രവാദം, വംശീയ സംഘര്‍ഷം എന്നിവക്കൊപ്പം സാമ്പത്തിക, സാമുഹ്യ അസമത്വങ്ങളും ഇവിടുത്തെ സംഘര്‍ഷങ്ങള്‍ക്ക്‌ കാരണമാവുന്നുണ്ടെന്നാണ്‌ ഈ രാജ്യങ്ങളില്‍ നിന്ന്‌ പുറത്തുവരുന്ന നിഷ്‌പക്ഷമെന്ന്‌ കരുതാവുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന്‌ മനസ്സിലാവുന്നത്‌. തോക്കുകള്‍ക്ക്‌ പഞ്ഞമില്ലാത്ത അഫ്‌ഗാനില്‍ പട്ടിണിയാണ്‌.


വര്‍ഷങ്ങളായി അമേരിക്കന്‍ സൈന്യത്തിന്റെ നേരിട്ടുള്ള ആക്രമണത്തിന്‌ വിധേയമാവുന്ന (പ്രത്യക്ഷത്തില്‍ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചിട്ടില്ല, ആക്രമണങ്ങള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അവര്‍ നിഷേധിക്കുകയും ചെയ്യും) അഫ്‌ഗാനോട്‌ ചേര്‍ന്നു കിടക്കുന്ന പാക്‌ അതിര്‍ത്തി ഗ്രാമങ്ങളുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. വിദേശരാജ്യത്തിന്റെ മിസൈലുകളില്‍ നിന്ന്‌ തങ്ങളെ സംരക്ഷിക്കാന്‍ ഭരണകൂടം മടിക്കുന്നത്‌ കണ്ട്‌ മടുത്താണ്‌ അവര്‍ ആയുധമെടുത്തത്‌. ഇപ്പോള്‍ ഒരു ഭാഗത്തു നിന്ന്‌ പാക്‌ സൈന്യവും മറു ഭാഗത്തു നിന്ന്‌ അമേരിക്കന്‍ മിസൈലുകളും അവരെ മുച്ചൂടും മുടിക്കാന്‍ ശ്രമിക്കുന്നു. ഇവിടുത്തെ ജനതയുടെ സാമുഹ്യ, സാമ്പത്തിക അവസ്ഥയെക്കുറിച്ച്‌ ആരും ചിന്തിക്കാറുപോലുമില്ല. ക്രൂരതകള്‍ കണ്ട്‌ മടുത്ത്‌, പ്രതികാര വാഞ്‌ഛയുമായി നടക്കുന്ന ഇത്തരക്കാരുടെ മനസ്സുകളെയാണ്‌ ലശ്‌കര്‍ പോലുള്ള സംഘടനകള്‍ പലപ്പോഴും ലക്ഷ്യമിടുന്നത്‌. സ്വന്തം വാദങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ലശ്‌കര്‍ നേതാക്കള്‍ക്ക്‌ പ്രയാസമുണ്ടാവില്ല.


ഇസ്‌റാഈലുമായി ഇന്ത്യയുണ്ടാക്കുന്ന കോടികളുടെ ആയുധ ഇടപാട്‌. അതിലൂടെ ഇസ്‌റാഈലിന്‌ ലഭിക്കുന്ന വരുമാനം. ആ വരുമാനം ഫലസ്‌തീന്‍ ജനതക്കുമേല്‍ തീയുണ്ടയായി വര്‍ഷിക്കുന്നുവെന്ന വാദത്തിന്‌ കനമേറെയുണ്ട്‌. തങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന മിസൈലുകള്‍ തൊടുക്കുന്ന അമേരിക്കയുടെ ഒരു കൈ ഇന്ത്യയുടെ കൈയുമായി ചേര്‍ത്തുവെച്ചിരിക്കുന്നുവെന്ന വാദവും എളുപ്പത്തില്‍ തറഞ്ഞുകയറാന്‍ പാകത്തിലുള്ളതാണ്‌. ഈ ഹസ്‌തദാനം ദിനം പ്രതി മുറുകുകയാണ്‌. ഭീകരതക്കെതിരെ എന്ന പേരില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക്‌ ഇന്ത്യയുടെ എല്ലാ പിന്തുണയുമുണ്ട്‌. തങ്ങളെ കൊന്നൊടുക്കുന്നവനോട്‌ ഏല്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവന്റെ സഹായിയെങ്കിലും അപായപ്പെടുത്തണമെന്ന ആഹ്വാനം. ഇത്‌ ഉചിതമായ ഭാഷയിലും വികാരത്തിലും വസ്‌തുതകളും അതിഭാവുകത്വം കലര്‍ന്ന കഥകളും ചേര്‍ത്ത്‌ അവതരിപ്പിക്കപ്പെടുമ്പോള്‍ ചാവേറാകാന്‍ ആളുണ്ടാവുക സ്വാഭാവികം. എന്നാല്‍ ഈ ആശയപ്രചാരണത്തിന്‌ അവസരമൊരുക്കിക്കൊടുക്കുന്നത്‌ നമ്മള്‍ തന്നെയാണെന്ന വസ്‌തുതയും മറന്നുകൂട.


ഇസ്‌റാഈലും അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ്‌ നമ്മുടെ ഭരണകൂടം. അതുവഴി അവര്‍ ചെയ്യുന്ന പാതകങ്ങളുടെ ചോര സ്വന്തം ദേഹത്തു കൂടി പുരളുകയാണെന്നത്‌ അവഗണിച്ചുകൊണ്ട്‌. ഈ ബന്ധം കൊണ്ട്‌ എന്തെങ്കിലും വിധത്തിലുള്ള പ്രയോജനം ലഭിക്കുന്നുണ്ടോ എന്നതിലും സംശയങ്ങളുണ്ട്‌. മുംബൈ ആക്രമണത്തിന്റെ അന്വേഷണത്തില്‍ അമേരിക്ക പങ്കാളിയായിരുന്നു. അമേരിക്കന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതില്‍ അവിടെയും കേസ്‌ നിലവിലുണ്ട്‌. എന്നിട്ടും ആക്രമണത്തിന്റെ സൂത്രധാരന്‍മാരെന്ന്‌ ഇന്ത്യ തെളിവുകളോടെ ആരോപിക്കുന്നവര്‍ക്കെതിരെ പാക്കിസ്ഥാനെക്കൊണ്ട്‌ നടപടിയെടുപ്പിക്കാന്‍ അമേരിക്കക്ക്‌ സാധിക്കുന്നില്ല. ഇന്ത്യക്കെതിരെ തുടരുന്ന ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആ രാജ്യത്തിന്‌ മേല്‍ കാര്യമായ സമ്മര്‍ദം അമേരിക്ക ചെലുത്തുന്നുമില്ല. അഫ്‌ഗാന്‍ അതിര്‍ത്തിയിലെ ഗോത്രവര്‍ഗ ജനതക്കു മേല്‍ മിസൈല്‍ വര്‍ഷിക്കാന്‍ മടിയില്ലാത്തവര്‍ക്ക്‌ നയതന്ത്ര സമ്മര്‍ദം ചെലുത്താന്‍ മടിയെന്ത്‌?


പുതിയ ഇഴയടുപ്പങ്ങള്‍ രാജ്യത്തിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടോ എന്നതാണ്‌ പ്രധാന ചോദ്യം. ഇന്ത്യയുടെ വാക്കുകള്‍ക്ക്‌ ഏതെങ്കിലും ചേരിയുടെ ഗന്ധമുണ്ടോ എന്നതും. ഇതിന്‌ മറുപടി കാണുകയാണ്‌ ആദ്യം വേണ്ടത്‌. നഷ്‌ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനായില്ലെങ്കില്‍ വീണ്ടും മുംബൈകളെ കാത്തിരിക്കേണ്ടിവരുമെന്നുറപ്പ്‌. സാമ്പത്തിക അധിനിവേശത്തിന്റെ ഇരകളായി മാറുന്നവര്‍ക്കിടയിലേക്ക്‌ പരിഷ്‌കരണങ്ങള്‍ക്ക്‌ വാദിക്കുന്ന തീവ്ര ആശയക്കാര്‍ വേരുകള്‍ ആഴ്‌ത്തുന്നുണ്ട്‌. അത്‌ മറ്റൊരു ഭാഗത്ത്‌ വലിയ അസ്വസ്ഥതകള്‍ സൃഷ്‌ടിച്ചുകൊണ്ടേയിരിക്കുന്നു. വംശം, പ്രദേശം, ഉപദേശീയത തുടങ്ങിയവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വേറെ. പ്രസംഗങ്ങളില്‍ ഇവ ഓര്‍മിക്കുകയും ആക്രമണങ്ങളുടെ വാര്‍ഷികങ്ങളില്‍ രാജ്യത്തിനെതിരായ യുദ്ധം തുടങ്ങിയ കേവല വാദങ്ങളില്‍ തലപൂഴ്‌ത്തുകയും ചെയ്യാം. ഇരകളില്‍ ഭൂരിഭാഗവും തെരുവുകളിലുള്ളവരാണല്ലോ!


ഇവര്‍ കരുത്തുറ്റ സ്‌ത്രീകളാണ്‌

ഹേമന്ത്‌ കാര്‍ക്കറെ, വിജയ്‌ സലസ്‌കര്‍, അശോക്‌ കാംതെ, സന്ദീപ്‌ ഉണ്ണിക്കൃഷ്‌ണന്‍ തുടങ്ങി അക്രമികളുടെ വെടിയേറ്റു വീണ ധീരന്‍മാര്‍. വര്‍ഷമൊന്ന്‌ പിന്നിടുമ്പോഴും ഇതില്‍ ചിലരുടെ മരണങ്ങളെക്കുറിച്ചെങ്കിലും സംശയങ്ങള്‍ തുടരുന്നുണ്ട്‌. മഹാരാഷ്‌ട്രയിലെ ഭീകരവിരുദ്ധ സേനയുടെ തലവനായിരുന്ന ഹേമന്ത്‌ കാര്‍ക്കറെ. ആക്രമണത്തിന്റെ വിവരമറിഞ്ഞയുടന്‍ കാമ ആശുപത്രിയിലേക്ക്‌ പാഞ്ഞെത്തി. ഭീകരരുടെ വെടിയേറ്റു വീണു. കാര്‍ക്കറെക്ക്‌ പിറകെ കാമ ആശുപത്രിക്ക്‌ മുന്നിലേക്ക്‌ തിരിച്ച വിജയ്‌ സലസ്‌കറുടെയും അശോക്‌ കാംതെയുടെയും വിധി വ്യത്യസ്‌തമായില്ല. ഈ മൂന്ന്‌ ഉദ്യോഗസ്ഥരുടെ വിധവകള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷകള്‍ നല്‍കി കാത്തിരിക്കുകയാണ്‌ ഇപ്പോഴും. തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ എങ്ങനെയാണ്‌ കൊല്ലപ്പെട്ടത്‌ എന്നറിയാന്‍.


രാജ്യം മുമ്പ്‌ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരാക്രമണമുണ്ടാവുമ്പോള്‍ സ്വാഭാവികമായുണ്ടാവുന്ന ആശയക്കുഴപ്പങ്ങള്‍ ഇവരുടെ കാര്യത്തിലുമുണ്ടായിട്ടുണ്ടാവും. കൃത്യമായി കാര്യങ്ങള്‍ പരസ്‌പരം അറിയിക്കാനും പഴുതില്ലാത്ത ഒരു ഓപ്പറേഷന്‍ ആസുത്രണം ചെയ്‌ത്‌ രംഗത്തിറങ്ങാനും മഹാരാഷ്‌ട്ര പോലീസിന്‌ കഴിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ സംഭവമറിഞ്ഞയുടന്‍ കര്‍മോത്സുകരായ ഈ ഉദ്യോഗസ്ഥര്‍ ആക്രമണ സ്ഥലത്തേക്ക്‌ തിരിച്ചതില്‍ അത്ഭുതമില്ല. അക്രമികളെക്കുറിച്ചോ അവരുടെ പക്കലുള്ള ആയുധങ്ങളെക്കുറിച്ചോ അറിവില്ലാതെ ഏറ്റുമുട്ടലിനൊരുങ്ങിയ ധീരര്‍, അവര്‍ ഇരകളായി വീണു. ഒരു പക്ഷേ, ഇവര്‍ ഇത്രയും സാഹസികത കാട്ടിയിരുന്നില്ലെങ്കില്‍ കൂടുതല്‍ നിരപരാധികളുടെ ജീവന്‍ നഷ്‌ടമാവുകയും ചെയ്യുമായിരുന്നു.


പക്ഷേ, അക്രമികളെ നേരിടാന്‍ ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റ്‌ ധരിച്ച്‌ പോയ ഹേമന്ത്‌ കാര്‍ക്കറെയുടെ മൃതദേഹം ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ജാക്കറ്റുണ്ടായിരുന്നില്ല എന്നത്‌ വസ്‌തുതയായി ശേഷിക്കുന്നു. എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിച്ചുവെന്ന കവിത കാര്‍ക്കറെയുടെ ചോദ്യത്തിന്‌ മറുപടികള്‍ ഉണ്ടാവുന്നില്ല. മഹാരാഷ്‌ട്ര പോലീസിനു വേണ്ടി വാങ്ങിയ ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റുകളെ സംബന്ധിച്ച പ്രധാന രേഖകളൊന്നും കാണുന്നില്ല എന്ന മറുപടിയും കവിത കാര്‍ക്കറെക്ക്‌ ലഭിച്ചിട്ടുണ്ട്‌. കൂടുതല്‍ പോലീസിനെ കാമ ആശുപത്രിക്കു സമീപത്തേക്ക്‌ അയക്കണമെന്ന്‌ ഹേമന്ത്‌ ആവശ്യപ്പെട്ടിരുന്നുവെന്നും 40 മിനുട്ടിനു ശേഷവും കൂടുതല്‍ പോലീസുകാര്‍ നിയോഗിക്കപ്പെട്ടില്ല എന്നും കവിത പറയുന്നു. എന്തുകൊണ്ടാണ്‌ കൂടുതല്‍ പോലീസുകാരെ വിന്യസിക്കാന്‍ കഴിയാതിരുന്നത്‌ എന്ന കവിതയുടെ ചോദ്യത്തിന്‌ മറുപടിയില്ല.


ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റിനെ സംബന്ധിച്ച അവ്യക്തതകളും തുടരുന്നു. ധീരരക്തസാക്ഷികള്‍ എന്ന്‌ രാജ്യം വിശേഷിപ്പിക്കുന്നവരുടെ കാര്യത്തിലാണ്‌ ഇത്തരം വീഴ്‌ചകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. എന്താണ്‌ യഥാര്‍ഥത്തില്‍ സംഭവിച്ചത്‌ എന്ന്‌ ബന്ധുക്കളോട്‌ തുറന്നുപറയാനുള്ള സത്യസന്ധതയെങ്കിലും കാണിക്കുക എന്നതായിരിക്കും ഇവര്‍ക്ക്‌ നല്‍കാവുന്ന ഏറ്റവും വലിയ ആദരാഞ്‌ജലി.


ഗോഡ്‌സെയുടെ മകനായ ഗാന്ധിജിയുടെ പേരില്‍ റേഷന്‍ കാര്‍ഡുണ്ടാവുന്ന നാട്ടില്‍, നിലവാരം കുറഞ്ഞ ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റ്‌ വാങ്ങി, അതിന്റെ രേഖകള്‍ നശിപ്പിച്ചു കളഞ്ഞിട്ടുണ്ടെങ്കില്‍ അത്ഭുതപ്പെടേണ്ടതില്ല.

2009-11-22

കോള്‍ ഗേള്‍ ചാവേര്‍!


തിരഞ്ഞെടുത്ത വിവരങ്ങള്‍ (സെലക്‌ടറ്റഡ്‌ ഇന്‍ഫര്‍മേഷന്‍) സമര്‍ഥമായി മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കുകയായിരുന്നു പോലീസ്‌ - ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയെക്കുറിച്ചുള്ള വിവരങ്ങള്‍ മുംബൈ പോലീസിനു മുമ്പാകെ സ്വമേധയാ വെളിപ്പെടുത്താന്‍ തയ്യാറായ മകന്‍ രാഹുല്‍ ഭട്ട്‌ പ്രതിസ്ഥാനത്തു നില്‍ക്കേണ്ടിവന്ന സാഹചര്യം സൃഷ്‌ടിച്ച ബുദ്ധിമുട്ടുകള്‍ വിശദീകരിച്ച്‌ ബോളിവുഡ്‌ സംവിധായകന്‍ മഹേഷ്‌ ഭട്ട്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‌ എഴുതിയ കത്തില്‍ പറയുന്നു. മാധ്യമങ്ങളെക്കുറിച്ച്‌ മഹേഷ്‌ ഭട്ട്‌ പറയുന്നത്‌ ഇങ്ങനെയാണ്‌ - ``ടെലിവിഷനുകള്‍ ഓഫാക്കുക. പത്രങ്ങള്‍ വായിക്കാതിരിക്കുക. അത്‌ മുഴുവന്‍ നുണയാണ്‌. നുണകള്‍ കൂടുതല്‍ നുണകള്‍! സത്യം വില്‍ക്കുന്നവര്‍ നുണപറയുന്ന യന്ത്രങ്ങളായിരിക്കുന്നു. സത്യം അന്വേഷിക്കാന്‍ തയ്യാറാവാത്ത ഒരു കൂട്ടരുമായി എങ്ങനെ ഇടപെടും?''


രോഷപ്രകടനത്തിന്റെ പിന്നാമ്പുറം: പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലശ്‌കറെ ത്വയ്യിബ എന്ന ഭീകരവാദ പ്രസ്ഥാനത്തിന്റെ നേതാക്കളുമായി ചേര്‍ന്ന്‌ ഡെന്‍മാര്‍ക്കിലും ഇന്ത്യയിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടുവെന്ന്‌ ആരോപിക്കപ്പെടുന്ന പാക്‌ വംശജനായ അമേരിക്കന്‍ പൗരന്‍ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയെ (ദൗദ്‌ ഗിലാനി) അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്‌ ബി ഐ അറസ്റ്റ്‌ ചെയ്യുന്നു. ഇയാളുടെ സഹായി എന്ന്‌ കരുതപ്പെടുന്ന പാക്‌ വംശജനായ കനേഡിയന്‍ പൗരന്‍ തഹാവുര്‍ ഹുസൈന്‍ റാണയെ പിന്നീട്‌ അറസ്റ്റ്‌ ചെയ്‌തു. ലശ്‌കര്‍ നേതാക്കളുമായി ഹെഡ്‌ലി നടത്തിയ ഇ മെയില്‍ ആശയവിനിമയങ്ങളില്‍ രാഹുല്‍ എന്നൊരാളെക്കുറിച്ച്‌ പരാമര്‍ശിക്കുന്നതായി എഫ്‌ ബി ഐ കണ്ടെത്തി. ഇത്‌ രാഹുല്‍ ഗാന്ധിയാണെന്ന സംശയത്തില്‍ അന്വേഷണത്തിനായി റിസര്‍ച്ച്‌ ആന്‍ഡ്‌ അനാലിസിസ്‌ വിംഗിന്റെ യും(റോ) ഇന്റലിജന്‍സ്‌ ബ്യൂറോയുടെയും (ഐ ബി) ഉദ്യോഗസ്ഥര്‍ വാഷിംഗ്‌ടണിലെത്തി.


ഹെഡ്‌ലി പലതവണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നുവെന്ന വിവരം എഫി ബി ഐ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ കൈമാറി. ഹെഡ്‌ലിയുടെ ചിത്രം പുറത്തുവന്നു. ഇതിന്‌ പിറകെ മഹേഷ്‌ ഭട്ടിന്റെ മകന്‍ രാഹുല്‍ ഭട്ട്‌ മുംബൈ പോലീസ്‌ കമ്മീഷണറെ സമീപിച്ച്‌ ഹെഡ്‌ലിയെ തനിക്ക്‌ പരിചയമുണ്ടായിരുന്നുവെന്നും താന്‍ പ്രവര്‍ത്തിച്ചിരുന്ന ജിംനേഷ്യത്തില്‍ ഹെഡ്‌ലി വന്നിരുന്നുവെന്നും മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിക്ക്‌ സമീപം വാടകക്ക്‌ വീട്‌ എടുത്തു നല്‍കാന്‍ കഴിയുമോ എന്ന്‌ ആവശ്യപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തുന്നു. ജിംനേഷ്യം സന്ദര്‍ശിച്ച ബോളിവുഡിലെ ചില പ്രമുഖര്‍ക്ക്‌ ഹെഡ്‌ലിയെ പരിചയപ്പെടുത്തിയിരുന്നുവെന്നും രാഹുല്‍ അറിയിച്ചു.


ഇതോടെ രാഹുല്‍ ഭട്ട്‌ ഭീകരവാദിയോ ഭീകരസംഘടനകളുടെ സഹായിയോ ആയി. പോലീസിന്റെയും നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെയും (എന്‍ ഐ എ) അന്വേഷണം പൂര്‍ത്തിയാവും മുമ്പ്‌ മുന്‍വിധികള്‍. തത്‌ക്കാലം ആരെയും കുറ്റവിമുക്തരാക്കാനാവില്ലെന്ന്‌ ആഭ്യന്തര സെക്രട്ടറി ഗോപാല്‍ കൃഷ്‌ണ പിള്ളയുടെ പ്രസ്‌താവനകൂടിയായതോടെ ഹെഡ്‌ലി - രാഹുല്‍ ബന്ധം നേരത്തെ വിശദീകരിച്ചതിന്‌ അപ്പുറത്ത്‌ ഗൂഢമാണെന്ന ധ്വനിയോടെ വാര്‍ത്തകള്‍ വന്നു. രാഹുല്‍ ഭട്ട്‌ മാത്രമല്ല, മഹേഷ്‌ ഭട്ടിനെക്കുറിച്ചു കൂടി സംശയങ്ങളുന്നയിച്ച്‌ തീവ്ര ഹിന്ദു സംഘടനകള്‍ രംഗത്തുവന്നു. മഹേഷ്‌ ഭട്ടിന്റെ പുതിയ ചിത്രത്തിന്റെ പ്രദര്‍ശനം ഗുജറാത്തില്‍ തടയപ്പെട്ടു.


മഹേഷ്‌ ഭട്ടിനെ എന്‍ ഐ എ ചോദ്യം ചെയ്യണമെന്നും അത്‌ ചെയ്‌തില്ലെങ്കില്‍ എന്താണ്‌ തങ്ങള്‍ക്ക്‌ ചെയ്യാനാവുക എന്ന്‌ കാണിച്ചുതരാമെന്നും ഹിന്ദു രാഷ്‌ട്ര സേനയുടെ നേതാവ്‌ ധനഞ്‌ജയ്‌ ദേശായ്‌ ഭീഷണി മുഴക്കുന്നു. ശ്രീരാം സേന, ഹിന്ദു സംഹതി, ഇന്ദു മക്കള്‍ കക്ഷി തുടങ്ങിയ പേരു കേട്ടതും കേള്‍ക്കാത്തതുമായ സംഘടനകളുടെ നേതാക്കളുടെ യോഗത്തിന്‌ ശേഷമായിരുന്നു ധനഞ്‌ജയ്‌ ദേശായിയുടെ ഭീഷണി.


``മഹേഷ്‌ ഭട്ടും സംഘവും മതേതരവാദികള്‍ എന്ന്‌ അവകാശപ്പെട്ട്‌ ഹിന്ദുക്കള്‍ക്കെതിരെ നിലപാടെടുത്തവരാണ്‌. അതുകൊണ്ട്‌ അവര്‍ക്ക്‌ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ചിലപ്പോള്‍ പോപ്പിന്റെ ക്ഷണം അവരെ തേടിയെത്തുന്നു. ഭീകരവാദത്തിന്റെ ആഘാതം ഏല്‍ക്കുമ്പോള്‍ നിരപരാധികളാണെന്ന്‌ നിലവിളിക്കുകയാണ്‌ അവര്‍'' - ശിവസേനയുടെ മുഖപത്രമായ സാംമ്‌നയുടെ മുഖപ്രസംഗം എഴുതുന്നു. ഹിന്ദി സിനിമാ സംവിധായകനും നിര്‍മാതാവുമായിരുന്ന നാനാഭായ്‌ ഭട്ടെന്ന ബ്രാഹ്‌മണനാണ്‌ മഹേഷ്‌ ഭട്ടിന്റെ പിതാവ്‌. മാതാവ്‌ മുസ്‌ലിമുമെന്നത്‌ സന്ദര്‍ഭവശാല്‍ ഇവിടെ ഓര്‍മിപ്പിക്കേണ്ടിവരുന്നു.


ഈ കഥയില്‍ ഏറ്റവും പ്രധാനം ആദ്യം ഉപയോഗിച്ച രണ്ട്‌ വാക്കുകളാണ്‌ - തിരഞ്ഞെടുക്കപ്പെട്ട വിവരങ്ങള്‍. ഇത്തരം വിവരങ്ങള്‍ ആസൂത്രിതമായി മാധ്യമങ്ങള്‍ക്ക്‌ നല്‍കി നിഗൂഢത സൃഷ്‌ടിക്കാന്‍ ശ്രമം നടന്നുവെന്നാണ്‌ മഹേഷ്‌ ഭട്ട്‌ ആരോപിക്കുന്നത്‌. ഇതുവരെ നടന്ന കാര്യങ്ങള്‍ വിശകലനം ചെയ്‌താല്‍ മഹേഷ്‌ ഭട്ട്‌ പറഞ്ഞത്‌ ഏറെക്കുറെ ശരിയാണെന്ന്‌ പറയേണ്ടിവരും. ഹെഡ്‌ലിയുടെ ചിത്രം പുറത്തുവന്നയുടന്‍ രാഹുല്‍ ഭട്ട്‌ ഇക്കാര്യം പോലീസിനോട്‌ പറഞ്ഞിരുന്നു. ഹെഡ്‌ലിയുമായുണ്ടായിരുന്ന ബന്ധം രാഹുല്‍ വിവരിച്ചതുപോലെ തന്നെയാണോ എന്നത്‌ പോലീസ്‌ അന്വേഷിക്കുന്നു. ഈ വസ്‌തുതകള്‍ക്കപ്പുറത്ത്‌ മറ്റൊന്നും പോലീസിന്റെയും മാധ്യമങ്ങളുടെയും പക്കലില്ല. എന്നിട്ടും നിറം പിടിപ്പിച്ച കഥകള്‍ ഉണ്ടാവുകയാണ്‌. രാഹുല്‍ ചാവേര്‍ ബോംബാകാന്‍ തയ്യാറെടുത്തയാളാണോ എന്ന തലക്കെട്ട്‌ ആശ്ചര്യ ചിഹ്നമിട്ട്‌ പ്രസിദ്ധീകരിക്കപ്പെടുന്നു. മഹേഷ്‌ ഭട്ടിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്‌ തടയാന്‍ ശിവസേന, ബജ്‌രംഗ്‌ ദള്‍ തുടങ്ങിയ സംഘടനകള്‍ നാളെ രംഗത്തിറങ്ങിയേക്കാം. ഹെഡ്‌ലിയുമായി സംസാരിച്ചിരുന്നുവെന്ന്‌ ആരോപിക്കപ്പെടുന്ന മറ്റു ബോളിവുഡ്‌ താരങ്ങള്‍ക്കും ഇതേ ഗതിയുണ്ടാവാം.


ഇത്തരം ആസൂത്രിത പ്രചാരണങ്ങള്‍ ഒരിടത്തു മാത്രം സംഭവിക്കുന്നതല്ല. ചിലര്‍ വര്‍ഗീയമായ വിഭജനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇതിന്‌ മുന്‍കൈ എടുക്കുന്നു. മറ്റു ചിലര്‍ ഇത്തരക്കാരുടെ കൈയാളുകളായി (ബോധപൂര്‍വമാവണമെന്നില്ല) മാറുന്നു. കേരളത്തിലും കര്‍ണാടകത്തിലൂം ആളിപ്പടര്‍ന്ന ലൗ ജിഹാദ്‌ ആരോപണം ഉദാഹരണമാണ്‌. കണ്ണൂര്‍ സ്വദേശി അഷ്‌കറും കര്‍ണാടകയിലെ ചാമരാജ്‌ നഗര്‍ സ്വദേശി സില്‍ജയുമായിരുന്നു ലൗ ജിഹാദിന്റെ പ്രത്യക്ഷ തെളിവുകളായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നത്‌. അഷ്‌കറിനെ ഇഷ്‌ടപ്പെട്ട്‌ സ്വന്തം തീരുമാനപ്രകാരം വിവാഹം ചെയ്‌തതാണെന്ന്‌ സില്‍ജ രണ്ടാമതും മൊഴി നല്‍കിയതോടെ (രണ്ടാഴ്‌ച മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞതിന്‌ ശേഷം) കര്‍ണാടക ഹൈക്കോടതി ഈ കേസില്‍ ലൗ ജിഹാദ്‌ ആരോപണം തള്ളിക്കളഞ്ഞു.


അന്യമതക്കാരെ പ്രണയിച്ച്‌ മതം മാറ്റി ഭീകര പ്രവര്‍ത്തനത്തിന്‌ വിനിയോഗിക്കുന്നതിന്‌ ആസൂത്രിതമായ ശ്രമം സംസ്ഥാനത്ത്‌ നടക്കുന്നില്ലെന്ന്‌ കര്‍ണാടക പോലീസ്‌ ഹൈക്കോതിയെ അറിയിക്കുയും ചെയ്‌തു. ഇതേ നിലപാടാണ്‌ കേരള പോലീസും സംസ്ഥാന ഹൈക്കോടതിയില്‍ സ്വീകരിച്ചത്‌. ലൗ ജിഹാദ്‌ നടക്കുന്നുണ്ടോ, അതിന്‌ വിദശ ബന്ധമുണ്ടോ, വിദേശത്തു നിന്ന്‌ പണം കിട്ടുന്നുണ്ടോ എന്നൊക്കെ പരിശോധിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ്‌ കെ ടി ശങ്കരന്‍, സംസ്ഥാനത്ത്‌ ലൗ ജിഹാദ്‌ നടക്കുന്നതായി കോടതി പറഞ്ഞിട്ടില്ലെന്ന്‌ വിശദീകരിക്കുകയും ചെയ്‌തു. ചുരുക്കത്തില്‍ കര്‍ണാടകത്തിലും കേരളത്തിലും ലൗ ജിഹാദ്‌ എന്ന സംഭവം നടക്കുന്നതായി പോലീസിന്റെ പക്കല്‍ വിവരമില്ലെന്നാണ്‌ രണ്ട്‌ കോടതികളിലും നടന്ന നടപടികളില്‍ നിന്ന്‌ മനസ്സിലാക്കാന്‍ കഴിയുക. അപ്പോള്‍ പിന്നെ ലൗ ജിഹാദിന്‌ തെളിവായി മുമ്പ്‌ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ എവിടെ? തിരഞ്ഞെടുക്കപ്പെട്ട വിവരങ്ങളുടെ ആസൂത്രിതമായ ചോര്‍ത്തി നല്‍കല്‍ എന്നത്‌ ഇവിടെയും സജീവമാണെന്ന്‌ ചുരുക്കം.


ലൗ ജിഹാദ്‌ എന്ന ആസൂത്രിത പരിപാടി നടക്കുന്നതായി തെളിവില്ലെന്ന്‌ പോലീസ്‌ കോടതിയില്‍ ആവര്‍ത്തിക്കുമ്പോള്‍ നാലായിരം പെണ്‍കുട്ടികളെ മതം മാറ്റിയതിന്‌ പോലീസ്‌ കേസെടുത്തതിന്റെ കണക്കുമായി വന്ന (ജില്ലകള്‍ തിരിച്ചുള്ള കണക്കാണ്‌ പ്രസിദ്ധീകരിച്ചത്‌) കേരള കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സിലിന്റെ പ്രസിദ്ധീകരണം `ജാഗ്രത' ചെയ്യേണ്ടത്‌ എന്താണ്‌? തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ കോടതിയെ അറിയിക്കണം. അല്ലെങ്കില്‍ കേസില്‍ കക്ഷിചേര്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കോടതിയില്‍ ഹരജിയെങ്കിലും നല്‍കണം. ഇതൊന്നും ചെയ്യാതിരിക്കുമ്പോള്‍ ബിഷപ്പുമാരുടെ മേല്‍നോട്ടത്തില്‍ പുറത്തിറങ്ങുന്ന `ജാഗ്രത' വേണ്ടത്ര ജാഗ്രത കാട്ടാതെയാണ്‌ പ്രവര്‍ത്തിച്ചത്‌ എന്ന്‌ പറയേണ്ടിവരും. `ജാഗ്രത' പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ വസ്‌തുനിഷ്‌ഠമല്ലെങ്കില്‍ സംസ്ഥാനത്ത്‌ വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചതിന്‌ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാനത്തെ ഭരണകൂടത്തിന്‌ ബാധ്യതയുണ്ട്‌. കുറഞ്ഞപക്ഷം ജാഗ്രതക്ക്‌ ഈ വിവരം എവിടെ നിന്ന്‌ കിട്ടി എന്ന്‌ അന്വേഷിക്കുകയെങ്കിലും വേണം. സമ്പന്ന ഈഴവ കുടുംബങ്ങളിലെ നിരവധി പെണ്‍കുട്ടികളെ ലൗ ജിഹാദികള്‍ കുരുക്കിയെന്ന്‌ ആരോപിച്ച എസ്‌ എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവരുടെ കാര്യത്തിലും ഇതൊക്കെ ബാധകമാണ്‌.


ഏറ്റവും ഒടുവില്‍ കണ്ടത്‌ കളമശ്ശേരി ബസ്സുകത്തിക്കല്‍ കേസിലെ പ്രതികളെ മാറ്റി എന്നതാണ്‌. ഇതുവരെ മുഖ്യപ്രതിയായിരുന്നയാള്‍ക്ക്‌ സംഭവത്തില്‍ പങ്കില്ലെന്ന്‌ കണ്ടെത്തിയ പോലീസ്‌ തടിയന്റവിടെ നസീര്‍ എന്നയാളെ മുഖ്യ പ്രതിയാക്കിയിരിക്കുന്നു. വിശദമായ അന്വേഷണത്തില്‍ യഥാര്‍ഥ പ്രതിയെ കണ്ടെത്തിയപ്പോള്‍ ഇത്രയും നാള്‍ കുറ്റമാരോപിക്കപ്പെട്ടിരുന്നയാളെ ഒഴിവാക്കുന്നു - അന്വേഷണത്തിന്റെ സ്വാഭാവിക നടപടി ക്രമം. പക്ഷേ, ഇത്രയും നാള്‍ മുഖ്യപ്രതിയാണെന്ന്‌ പറഞ്ഞിരുന്നയാള്‍ പോലീസിന്‌ നല്‍കിയ മൊഴികള്‍ ആധികാരികമാക്കി ഉയര്‍ത്തിക്കാട്ടി കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആഴവും പരപ്പും സമര്‍ഥിച്ചിരുന്നവര്‍ എന്ത്‌ ന്യായീകരണമാണ്‌ ഇനി നല്‍കുക. ഇനി അല്‍പ്പകാലം ഇപ്പോള്‍ പിടിയിലായ കണ്ണൂര്‍ സ്വദേശി നവാസിന്റെ മൊഴികളെ വിശ്വസിക്കൂ എന്നോ?


തിരഞ്ഞെടുക്കപ്പെട്ട വിവരങ്ങളുടെ ആസൂത്രിതമായ ചോര്‍ത്തി നല്‍കല്‍ ഇവിടെയും സംഭവിച്ചിട്ടുണ്ട്‌. അതുകൊണ്ടാണ്‌ പിടിയിലാവുന്നവര്‍ പോലീസിന്‌ നല്‍കുന്ന മൊഴി മുത്തുകള്‍ മാധ്യമങ്ങളുടെ ഇഷ്‌ട ഭോജ്യമായി മാറിയത്‌. ഇത്തരം ചോര്‍ത്തി നല്‍കലുകള്‍ക്ക്‌ ആസൂത്രകരുണ്ടാവുമെന്നുറപ്പ്‌. അവരെ തിരിച്ചറിയാന്‍ കഴിയാതെ പോയതാണ്‌ മാധ്യമങ്ങള്‍ക്ക്‌ പറ്റിയ വിഡ്‌ഢിത്തം. തെളിവുകള്‍ പരിഗണിച്ച്‌, സാക്ഷികളെ വിസ്‌തരിച്ച്‌ കോടതി കുറ്റക്കാരനാണോ അല്ലയോ എന്ന്‌ പറയും മുമ്പ്‌ ഇവരെ കുറ്റവാളിയായി വിധിച്ചതില്‍ ചെറുതായെങ്കിലും ജാള്യം തോന്നേണ്ടതാണ്‌. അതുണ്ടാവാന്‍ സാധ്യതയില്ല. അതുകൊണ്ടാണ്‌ രാഹുല്‍ ഭട്ടിന്റെ കാര്യത്തില്‍ വലിയ വഞ്ചനയാണ്‌ നടന്നതെന്ന തോന്നല്‍ മഹേഷ്‌ ഭട്ടിനുണ്ടാവുന്നത്‌.


ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊബൈല്‍ ഫോണ്‍ മൂംബൈ പോലീസ്‌ കണ്ടെടുത്തു. നിരവധി കോള്‍ ഗേളുകളെ ഹെഡ്‌ലി വിളിച്ചിട്ടുണ്ട്‌ എന്നാണ്‌ ഫോണ്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായത്‌. ചുവന്ന തെരുവിലാവുമ്പോള്‍ വേശ്യയെന്ന്‌ വിളിക്കപ്പെടുന്നവരുടെ അല്‍പ്പം പരിഷ്‌കരിച്ച പതിപ്പാണ്‌ കോള്‍ ഗേള്‍. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വഴിയില്ലാതാവുമ്പോള്‍ ഈ വഴിയില്‍ എത്തിപ്പെടുന്നവര്‍. സമൂഹം പുച്ഛിക്കുന്നത്‌ സഹിക്കാന്‍ കഴിയാത്തതുകൊണ്ട്‌ വേഷത്തിലും ഭാവത്തിലും പരിഷ്‌കാരം വരുത്തി കോള്‍ ഗേളുകളായി മാറുന്നവര്‍. ഹെഡ്‌ലിയുമായി ബന്ധമുണ്ടായിരുന്ന സാഹചര്യത്തില്‍ ഇവരെക്കൂടി എന്‍ ഐ എ ചോദ്യം ചെയ്യണമെന്ന്‌ ഹിന്ദു സംഘടനകള്‍ക്ക്‌ ആവശ്യപ്പെടാവുന്നതാണ്‌. കോള്‍ ഗേള്‍ ചാവേറിനെ സൃഷ്‌ടിക്കാനോ അതിവേഗം പടരുന്ന ഏതെങ്കിലും ലൈംഗിക രോഗം കോള്‍ ഗേളുകള്‍ക്ക്‌ സമ്മാനിച്ച്‌ രാജ്യത്തെ അരോഗദൃഢഗാത്രരായ പുരുഷന്‍മാരെ മുച്ചൂടും ഇല്ലാതാക്കാനോ ഹെഡ്‌ലി ശ്രമിച്ചുവെന്ന്‌ പ്രചരിപ്പിക്കാവുന്നതുമാണ്‌. തിരഞ്ഞെടുത്ത വിവരങ്ങള്‍ ആസൂത്രിതമായി ചോര്‍ത്തി നല്‍കിയാല്‍ മാത്രം മതിയാവും.

2009-11-19

വ്യാഘ്രങ്ങള്‍ക്കിടയിലെ ചെന്നായ


1996ല്‍ പിറന്ന ശിവസേന. 2006ല്‍ ജനിച്ച മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന. മറാത്ത വികാരം ചൂഷണം ചെയ്‌തു നിലനില്‍ക്കാന്‍ ശ്രമിക്കുന്ന രണ്ടു സംഘടനകള്‍. ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയ സമാജ്‌വാദി പാര്‍ട്ടി പ്രതിനിധി അബു ആസ്‌മിയെ നിയമസഭക്കുള്ളില്‍ വെച്ച്‌ മര്‍ദിച്ചു എം എന്‍ എസ്‌ അംഗങ്ങള്‍ മറാത്താ കൂറിന്റെ മാറ്റ്‌ തെളിയിക്കാന്‍ ശ്രമിച്ചു. എല്ലാ ഇന്ത്യക്കാരന്റെതുമാണ്‌ മുംബൈ എന്ന്‌ പറഞ്ഞതിന്‌ സച്ചിന്‌ മുന്നറിയിപ്പ്‌ നല്‍കിക്കൊണ്ട്‌ ശിവസേനാ നേതാവ്‌ ബാല്‍ താക്കറെ തന്റെ അടിസ്ഥാന സിദ്ധാന്തത്തില്‍ മാറ്റമില്ല എന്ന്‌ മറാത്തക്കാരെയും രാജ്യത്തെയും ഓര്‍മിപ്പിക്കുന്നു. മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ - എന്‍ സി പി സഖ്യം നില മെച്ചപ്പെടുത്തിക്കൊണ്ട്‌ അധികാരത്തിലെത്തിയതിന്റെ പിറകെയാണ്‌ ഈ രണ്ടു സംഭവങ്ങളും.


ശിവസേനക്കും എം എന്‍ എസ്സിനും ലഭിക്കുന്ന വോട്ടുകള്‍ ഒരേ കളത്തില്‍ നിന്നുള്ളതാണ്‌. അത്‌ കൂടുതല്‍ ഉറപ്പിക്കുക എന്ന ലക്ഷ്യമാണ്‌ രണ്ട്‌ സംഭവങ്ങളുടെയും കാതല്‍. സ്റ്റേറ്റ്‌ ബേങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ ക്ലര്‍ക്കുമാരെ തിരഞ്ഞെടുക്കാനുള്ള പരീക്ഷയില്‍ മറാത്തക്കാരെ മാത്രമേ ഉള്‍പ്പെടുത്താവൂ എന്ന വാദവുമായി എം എന്‍ എസ്‌ നേതാവ്‌ രാജ്‌ താക്കറെ തന്റെ അജന്‍ഡ തുടരുമെന്ന വ്യക്തമായ സൂചനയും നല്‍കുന്നു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ പോലും അപ്രസക്തമാക്കി ആഗോളവത്‌കരണം വ്യാപിക്കുമ്പോഴും മറാത്തക്കാരുടെ മനസ്സില്‍ മണ്ണിന്റെ വികാരം ഉയര്‍ത്തി നിര്‍ത്താനും അത്‌ വോട്ട്‌ബേങ്കാക്കി രൂപാന്തരപ്പെടുത്താനും ഈ സംഘടനകള്‍ക്ക്‌ എങ്ങനെ സാധിക്കുന്നുവെന്നതാണ്‌ പ്രധാനം. രാജ്യത്തിന്റെ ഇതര ഭാഗത്തു നിന്ന്‌ എത്തുന്നവരെ കായികമായി നേരിടുന്നതു പോലും സംഘടിതശക്തി ഉപയോഗിച്ചു ന്യായീകരിക്കുന്ന സ്ഥിതി എങ്ങനെ വളരുന്നുവെന്നതും ചിന്തിക്കണം.


ഭാഷയെ അടിസ്ഥാനമാക്കി സംസ്ഥാനം രൂപവത്‌കരിക്കുക എന്ന ആശയം ഉയരുകയും അതിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രാ പ്രദേശ്‌, തമിഴ്‌നാട്‌, കര്‍ണാടക തുടങ്ങിയവ നിലവില്‍ വരികയും ചെയ്‌തു. പിന്നെയും നാലു വര്‍ഷം കഴിഞ്ഞാണ്‌ മുംബൈ, കൊങ്കണ്‍, പടിഞ്ഞാറന്‍ മഹാരാഷ്‌ട്ര, വിദര്‍ഭ, മറാത്ത്‌വാഡ മേഖലകള്‍ ചേര്‍ത്ത്‌ മഹാരാഷ്‌ട്ര സംസ്ഥാനം നിലവില്‍ വരുന്നത്‌. 1955ല്‍ സംയുക്ത മഹാരാഷ്‌ട്ര സമിതി ആരംഭിച്ച പ്രക്ഷോഭത്തെ അന്നത്തെ മുംബൈ സ്റ്റേറ്റ്‌ ഭരണകൂടം ഏറെക്കുറെ കര്‍ശനമായിത്തന്നെയാണ്‌ നേരിട്ടത്‌. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ ഭാഗമായി നടന്ന പോലീസ്‌ വെടിവെപ്പിലും മറ്റുമായി 105 പേര്‍ മരിച്ചു. ഈ രക്തസാക്ഷിത്വത്തെക്കുറിച്ച്‌ ഓര്‍ക്കാത്തതുകൊണ്ടാണ്‌ മുംബൈ എല്ലാവരുടെതുമാണെന്ന്‌ സച്ചിന്‍ പറയുന്നത്‌ എന്നാണ്‌ ബാല്‍ താക്കറെ പറയുന്നത്‌.


ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപം കൊണ്ടതോടെ സംയുക്ത മഹാരാഷ്‌ട്ര സമിതിയുടെ പ്രസക്തി ഇല്ലാതായി. ഈ പ്രസ്ഥാനത്തില്‍ മുഖ്യ പങ്ക്‌ വഹിച്ചിരുന്ന കേശവ്‌ സീതാറാം താക്കറെയുടെ മകനും അക്കാലത്ത്‌ പ്രസിദ്ധനായ കാര്‍ട്ടൂണിസ്റ്റുമായിരുന്ന ബാലസാഹേബ്‌ കേശവ്‌ താക്കറെ ആണ്‌ 1966 ജൂണ്‍ 19ന്‌ ശിവസേന രൂപവത്‌കരിക്കുന്നത്‌. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ മറാത്തക്കാര്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല, മദ്രാസികളും (തെക്കേ ഇന്ത്യക്കാര്‍) വടക്കേ ഇന്ത്യക്കാരും (ഹിന്ദി മേഖലയിലുള്ളവരും) മറാത്തക്കാരുടെ അവസരങ്ങള്‍ ഇല്ലാതാക്കുകയാണ്‌ എന്നിവ പ്രചരിപ്പിച്ചുകൊണ്ടാണ്‌ ശിവസേനയുടെ രൂപവത്‌കരണത്തിലേക്കു താക്കറെ എത്തിച്ചേരുന്നത്‌.


1966 ഒക്‌ടോബര്‍ 30ന്‌ ബോംബെയിലെ ശിവാജി പാര്‍ക്കിലായിരുന്നു ശിവസേനയുടെ ആദ്യ പൊതുസമ്മേളനം. ഈ സമ്മേളനത്തില്‍ താക്കറെമാരുടെ പ്രകോപന പരമായ പ്രസംഗം കേട്ട്‌ `ആവേശ'ഭരിതരായ സേനാ പ്രവര്‍ത്തകര്‍ പുറത്തിറങ്ങി തെക്കേ ഇന്ത്യക്കാര്‍ നടത്തിയിരുന്ന കടകള്‍ ആക്രമിച്ചു, കൊള്ളയടിച്ചു. പല കടകളും തീവെച്ചു നശിപ്പിക്കുകയും ചെയ്‌തു. സേനയുടെ ആദ്യത്തെ സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന രാമറാവു ആദിക്ക്‌ കൂടി പങ്കെടുത്തിരുന്നു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ തെക്ക്‌, വടക്ക്‌ ഇന്ത്യക്കാര്‍ക്കാര്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും എതിരായ അതിക്രമങ്ങള്‍ തുടര്‍ന്നു. വസന്തറാവു നായിക്കായിരുന്നു അന്നു മുഖ്യമന്ത്രി. ബാലസാഹേബ്‌ ദേശായി ആഭ്യന്തര മന്ത്രിയും. ഈ കോണ്‍ഗ്രസ്‌ നേതാക്കള്‍ ശിവസേനയുടെ അതിക്രമം തടയാന്‍ ഒന്നും ചെയ്‌തില്ല. ബാല്‍ താക്കറെക്ക്‌ വേണ്ട പിന്തുണ നല്‍കുകയും ചെയ്‌തു.


കോണ്‍ഗ്രസിന്‌ അന്ന്‌ ചില രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ കൂടി ഉണ്ടായിരുന്നു. ഇന്ത്യയില്‍ തന്നെ ശക്തമായ ട്രേഡ്‌ യൂനിയന്‍ പ്രസ്ഥാനം നിലനിന്നിരുന്ന സ്ഥലമായിരുന്നു അന്നത്തെ ബോംബെ. ട്രേഡ്‌ യൂനിയന്‍ പ്രസ്ഥാനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളും. ഇവരുടെ വളര്‍ന്നുവരുന്ന സ്വാധീനം അവസാനിപ്പിക്കാന്‍ ബാല്‍ താക്കറെയെയും അദ്ദേഹത്തിനു കീഴിലുള്ള ചട്ടമ്പി സേനയെയും ഉപയോഗിക്കുകയാണ്‌ കോണ്‍ഗ്രസ്‌ ചെയ്‌തത്‌. തൊഴിലാളി സംഘടനകളെ വെറുത്തിരുന്ന മുതലാളിമാര്‍ താക്കറെക്ക്‌ ആളും അര്‍ഥവും നല്‍കി സഹായിച്ചു. സേനാ നേതൃത്വം ഇക്കാലത്തിനിടെ അധോലോകവുമായി ഉണ്ടാക്കിയെടുത്ത ബന്ധങ്ങള്‍ കൂടിയായപ്പോള്‍ ആക്രമണങ്ങള്‍ സര്‍വസാധാരണമായി.


1970ല്‍ സി പി ഐ നേതാവും സിറ്റിംഗ്‌ എം എല്‍ എയും ട്രേഡ്‌ യൂനിയന്‍ നേതാവുമായിരുന്ന കൃഷ്‌ണ ദേശായിയെ ശിവസേനാ പ്രവര്‍ത്തകര്‍ വധിച്ചതോടെ തൊഴിലാളി സംഘടനാ രംഗത്ത്‌ കമ്മ്യൂണിസ്റ്റ്‌ മേല്‍ക്കോയ്‌മക്ക്‌ ഇളക്കം തട്ടി. പത്തു വര്‍ഷത്തിനിടെ കോണ്‍ഗ്രസ്‌ സര്‍ക്കാറിന്റെ പിന്തുണയോടെ നടത്തിയ അക്രമങ്ങളിലൂടെ സേന സൃഷ്‌ടിച്ച ഭീതിയുടെ അന്തരീക്ഷം തൊഴിലാളികളെയും മറ്റും ഭയചകിതരാക്കി. ജീവനില്‍ കൊതിയുള്ളവരൊക്കെ ശിവസേനയുടെ തൊഴിലാളി സംഘടനയില്‍ അംഗങ്ങളായി. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനകളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ശിവസേനക്ക്‌ അരു നില്‍ക്കുകയാണ്‌ കോണ്‍ഗ്രസ്‌ ചെയ്‌തത്‌. ഇക്കാലത്തിനിടെ ബോംബെയിലോ മഹാരാഷ്‌ട്രയിലോ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന അന്യ ദേശക്കാരായ വന്‍കിട മുതലാളിമാര്‍ക്കൊന്നും ശിവസേനയെക്കൊണ്ട്‌ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. ഉപജീവനം തേടി മുംബൈയിലെത്തുന്ന സാധാരണക്കാരോ തൊഴിലാളികളോ ചെറികിട കച്ചവടക്കാരോ മാത്രമായിരുന്നു സേനക്കാരുടെ മുഷ്‌ടിക്ക്‌ ഇരയായത്‌. മണ്ണിന്റെ മക്കള്‍ വാദം കൊണ്ട്‌ മഹാരാഷ്‌ട്രക്കാര്‍ക്ക്‌ പറയത്തക്ക ഗുണമുണ്ടായെന്നും കരുതാനാവില്ല. അങ്ങനെ ഗുണമുണ്ടായിരുന്നുവെങ്കില്‍ വിദര്‍ഭയില്‍ കര്‍ഷക ആത്മഹത്യകളുടെ പരമ്പരയുണ്ടാവുമായിരുന്നില്ലല്ലോ.


മകനും (ഉദ്ധവ്‌ താക്കറെ) മരുമകനും (രാജ്‌ താക്കറെ) തമ്മിലുള്ള അധികാരത്തര്‍ക്കത്തിന്റെ ഫലമാണ്‌ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന. ഈ സംഘടനയുടെ വേരുറപ്പിക്കാനായി രാജ്‌ താക്കറെ ആദ്യം ചെയ്‌തത്‌ ബീഹാറില്‍ നിന്നും മറ്റുമെത്തുന്ന തൊഴിലാളികള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയാണ്‌. റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡിന്റെ പരീക്ഷ എഴുതാനെത്തിയ വടക്കേ ഇന്ത്യക്കാര്‍ക്കെതിരെ എം എന്‍ എസ്സുകാര്‍ അക്രമം അഴിച്ചുവിട്ടു. ഒരാള്‍ മരിച്ചു. കോണ്‍ഗ്രസ്‌ നേതാവായിരുന്ന വിലാസ്‌ റാവു ദേശ്‌മുഖായിരുന്നു മുഖ്യമന്ത്രി. എം എന്‍ എസ്സിനെതിരെ ഒരു നടപടിയുമുണ്ടായില്ല. ഇപ്പോള്‍ ശത്രുപക്ഷത്തുള്ള ശിവസേനയുടെ വോട്ട്‌ പിളര്‍ത്തി അധികാരത്തിലേക്കുള്ള തങ്ങളുടെ പാത സുഗമമാക്കാന്‍ എം എന്‍ എസ്‌ വളരേണ്ടത്‌ ആവശ്യമാണെന്ന പഴുത്‌ കോണ്‍ഗ്രസ്‌ കണ്ടു.


ഇപ്പോള്‍ സഭക്കുള്ളില്‍ എം എല്‍ എയെ മര്‍ദിച്ചപ്പോള്‍ എം എന്‍ എസ്‌ പ്രതിനിധികളെ നാലു വര്‍ഷത്തേക്കു സസ്‌പെന്‍ഡ്‌ ചെയ്‌തു എന്നതുമാത്രമാണ്‌ നടപടിയുണ്ടായത്‌. ഹിന്ദിയില്‍ ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്‌താല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നു മുന്നറിയിപ്പ്‌ നല്‍കിയ രാജ്‌ താക്കറെയാണ്‌ ഈ സംഭവത്തിന്‌ പ്രേരണ നല്‍കിയതെന്ന്‌ ഏവര്‍ക്കും അറിയാം. പക്ഷേ, രാജ്‌ താക്കറെക്കെതിരെയോ എം എന്‍ എസിനെതിരെയോ യാതൊരു നടപടിയും ഉണ്ടാവില്ല. ശിവസേനക്കു ബദലായി എം എന്‍ എസ്‌ ഉണ്ടാവേണ്ടത്‌ കോണ്‍ഗ്രസിന്റെയും എന്‍ സി പിയുടെയും ആവശ്യമാണ്‌. പണ്ട്‌ ബാലിനെ വളര്‍ത്തിയവര്‍ ഇന്നു രാജിനെ വളര്‍ത്തുമ്പോള്‍ സംഘര്‍ഷ സാധ്യത ഏറെയാണ്‌. കാരണം മുന്‍ പറഞ്ഞതുതന്നെ - രണ്ട്‌ താക്കറെമാരുടെയും വളം മറാത്ത വികാരമാണ്‌. വ്യവസായികളും അധോലോകവുമായുള്ള ബന്ധമാണ്‌ ബലം. ഇതു നിലനിര്‍ത്താന്‍ ഇരുപക്ഷവും കിണഞ്ഞു പരിശ്രമിക്കും.


അബു ആസ്‌മിയെ ആക്രമിച്ചതിലൂടെ മറാത്തയുടെ `അഭിമാനം' സംരക്ഷിച്ച രാജ്‌ വീണ്ടും നേട്ടമുണ്ടാക്കിയെന്ന്‌ ബാല്‍ താക്കറെയും ശിവസേനാ നേതൃത്വവും വിലയിരുത്തുന്നു. ഒറ്റക്കു മത്സരിച്ച്‌ നിയമസഭയില്‍ 13 സീറ്റ്‌ നേടിയതാണ്‌ എം എന്‍ എസ്സിന്റെ ആദ്യത്തെ നേട്ടം. സച്ചിന്റെ പ്രസ്‌താവനക്കെതിരെ രാജിന്‌ മുമ്പു രംഗത്തെത്തിയതിലൂടെ തന്റെ പഴയ നിലപാടില്‍ മാറ്റമില്ലെന്ന്‌ ഓര്‍മിപ്പിക്കുകയാണ്‌ ബാല്‍. വരും നാളുകളില്‍ ഈ പോര്‌ വര്‍ധിക്കാനാണ്‌ സാധ്യത. മഹാരാഷ്‌ട്ര നിയമസഭയേക്കാള്‍ പ്രധാനമാണ്‌ മുംബൈ മുനിസിപ്പാല്‍ കോര്‍പറേഷന്‍. അവിടെ മേല്‍ക്കൈ നേടുക എന്നത്‌ ശിവസേനക്കും എം എന്‍ എസ്സിനും ഒരു പോലെ നിര്‍ണായകമാണ്‌. എം എന്‍ എസ്‌ ശക്തമായ സാന്നിധ്യമായി നിലകൊണ്ടാല്‍ ഭരണം കോണ്‍ഗ്രസ്‌ - എന്‍ സി പി സഖ്യത്തിനു കൈപ്പിടിയില്‍ ഒതുക്കാം.


ഇത്‌ രാഷ്‌ട്രീയത്തിന്റെയും അധികാരത്തിന്റെയും മാത്രം കാര്യമല്ല, പണത്തിന്റെയും അധികാരത്തിന്റെയും കൂടിയാണ്‌. അതുകൊണ്ടുതന്നെ മഹാരാഷ്‌ട്ര നിയമസഭയിലെ അക്രമത്തെയും സച്ചിനെതിരായ താരതമ്യേന മൃദുവെന്ന്‌ തോന്നിപ്പിക്കുന്ന മുന്നറിയിപ്പിനെയും ലഘുവായി കാണാന്‍ കഴിയില്ല. നിക്ഷിപ്‌ത താത്‌പര്യങ്ങള്‍ ലക്ഷ്യമിട്ടു പുറത്തും അകത്തുമുള്ളവര്‍ കരുനീക്കുമ്പോള്‍ പ്രത്യേകിച്ചും. ഭാഷ, വംശം, സംസ്‌കാരം എന്നിവയിലൊക്കെ വൈവിധ്യം നിലനിര്‍ത്തുകയും ഒരു രാജ്യമായി തുടരുകയും ചെയ്യുന്ന ജനതക്കു ഭരണകൂടം തുല്യാവസരം നിഷേധിക്കുന്നതിന്റെ കൂടി പ്രശ്‌നങ്ങള്‍ ഇവിടെ അന്തര്‍ലീനമായുണ്ട്‌. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വേണമെന്ന ആവശ്യമുന്നയിച്ച്‌ പോറ്റി ശ്രീരാമുലു പ്രായോപവേശം ചെയ്‌തപ്പോഴാണ്‌ ആന്ധ്രാ പ്രദേശുണ്ടായത്‌. അതിനു ശേഷവും മറാത്തക്കാര്‍ക്കും പഞ്ചാബികള്‍ക്കുമൊക്കെ കാത്തിരിക്കേണ്ടിവന്നു, പ്രക്ഷോഭമുയര്‍ത്തേണ്ടിവന്നു.


ആ പ്രക്ഷോഭമുയര്‍ത്തിയ വൈകാരിക ഊര്‍ജം ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ട്‌. 105 പേരുടെ രക്തസാക്ഷിത്വം താക്കറെ ഓര്‍മിപ്പിക്കുന്നത്‌ അതുകൊണ്ടാണ്‌. തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതാവും രാസവളം മന്ത്രിയുമായ എം അഴഗിരിക്കു പാര്‍ലിമെന്റില്‍ തമിഴില്‍ മറുപടി നല്‍കാന്‍ അനുവാദമില്ല. അബു ആസ്‌മിക്കു മഹാരാഷ്‌ട്ര നിയമസഭയില്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള അവകാശത്തെക്കുറിച്ചു വാദിക്കുന്നവര്‍ തന്നെയാണ്‌ അഴഗിരിക്കു മാതൃഭാഷയില്‍ സംസാരിക്കാന്‍ അനുമതി നിഷേധിക്കുന്നത്‌. ജനാധിപത്യ സ്വയംഭരണത്തിന്റെ 62 വര്‍ഷത്തിനു ശേഷവും വിവേചനം തുടരുകയാണ്‌. ഇതു മുതലെടുക്കാന്‍ ശ്രമിക്കുന്നവരെ ഭരണ നേതൃത്വം തന്നെ പിന്തുണക്കുന്നത്‌ കൗതുകകരമാണ്‌, ഒപ്പം സങ്കീര്‍ണവും

2009-11-15

കളിയില്‍ തോറ്റവര്‍


ജാതിയും മതവും നോക്കി സ്ഥാനാര്‍ഥികളെ നിശ്ചയിച്ച്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തുടങ്ങുന്ന വര്‍ഗീയമായ വിഭജനം. ഇതിനെ അടിസ്ഥാനമാക്കി രാഷ്‌ട്രീയ നിരീക്ഷകര്‍, വിശകലന വിദഗ്‌ധര്‍ എന്നീ ഇനത്തില്‍പ്പെടുന്നവര്‍ നടത്തുന്ന അവലോകനങ്ങളും അഭിപ്രായപ്രകടനങ്ങളും. ജാതി, മത അടിസ്ഥാനത്തില്‍ മേഖലകള്‍ തിരിച്ച്‌ അവിടങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക്‌ ലഭിക്കാനിടയുള്ള വോട്ട്‌ മുന്‍തൂക്കത്തെക്കുറിച്ചുള്ള വിശദമായ റിപ്പോട്ടുകള്‍. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ്‌ രംഗത്തെ തീര്‍ത്തും വര്‍ഗീയമായി മാറ്റിയെടുക്കുന്നതിനെ ജനം വകവെക്കുന്നില്ല എന്നതിന്റെ തെളിവാണ്‌ ഇക്കഴിഞ്ഞ മൂന്ന്‌ ഉപതിരഞ്ഞെടുപ്പ്‌ ഫലങ്ങളും. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ മണ്ഡലങ്ങളെ വേറിട്ടെടുത്തു പരിശോധിച്ചാല്‍ ഭൂരിഭാഗം ജനങ്ങളും അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നത്‌ ജാതിയോ മതമോ നോക്കിയല്ലെന്നു വ്യക്തമാവും. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പ്‌ ഫലം സംസ്ഥാന രാഷ്‌ട്രീയത്തില്‍ നിര്‍ണായക പങ്ക്‌ അവകാശപ്പെടുന്ന ജാതി, മത നേതാക്കളുടെയും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളില്‍ സ്വാധീനമുണ്ടെന്ന്‌ അവകാശപ്പെട്ടു രംഗത്തെത്തുന്ന ചില പാര്‍ട്ടികളുടെയും പൊള്ളത്തരം വെളിവാക്കുന്നുണ്ട്‌.


ആലപ്പുഴയിലെ നമ്പ്യാരും മേത്തനും


ആലപ്പുഴയിലെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ്‌ തീരുമാനിച്ചപ്പോള്‍ നായര്‍ സമുദായത്തെ അവഗണിച്ചുവെന്ന പരാതി എന്‍ എസ്‌ എസ്‌ നേതൃത്വം ഉന്നയിച്ചിരുന്നു. കെ സി വേണുപോഗാല്‍ (കെ സി വേണുഗോപാല്‍ നമ്പ്യാര്‍ എന്ന്‌ എന്‍ എസ്‌ എസ്‌ വായന) മൂന്നു തവണ തുടര്‍ച്ചയായി ജയിച്ച ആലപ്പുഴ മണ്ഡലത്തില്‍ എന്‍ എസ്‌ എസ്സിനു നിര്‍ണായക സ്വാധീനമുണ്ടെന്നും ഇക്കുറി തങ്ങള്‍ക്കു പ്രാതിനിധ്യം നല്‍കാത്തതിനാല്‍ കോണ്‍ഗ്രസും യു ഡി എഫും അതിന്റെ പ്രത്യാഘാതം അനുഭവിക്കുമെന്നും എന്‍ എസ്‌ എസ്‌ നേതൃത്വത്തിന്റെ മുന്നറിയിപ്പ്‌. നായര്‍ സമുദായാംഗമായതിനാല്‍ ആലപ്പുഴയിലെ സി പി ഐ സ്ഥാനാര്‍ഥി കൃഷ്‌ണപ്രസാദിന്റെ വിജയ സാധ്യത ഏറെയെന്ന വിശകലനം.


എല്ലാറ്റിന്റെയും ഒടുക്കം വോട്ടിംഗ്‌ മെഷീനിന്റെ സീലുകള്‍ പൊട്ടിത്തീര്‍ന്നപ്പോള്‍ ഈ അവകാശവാദങ്ങളൊക്കെ അടിസ്ഥാനമില്ലാത്തതായി. കഴിഞ്ഞ തവണ കെ സി വേണുഗോപാലിന്‌ ലഭിച്ച ഭൂരിപക്ഷം ഇക്കുറി എ എ ഷുക്കൂറിന്‌ ലഭിക്കാത്തത്‌ നായര്‍ സമുദായത്തിന്റെ പ്രതികാരം മൂലമാണെന്ന വാദമുയര്‍ത്തി വേണമെങ്കില്‍ എന്‍ എസ്‌ എസ്‌ നേതാക്കള്‍ക്കു രക്ഷപ്പെടാന്‍ ശ്രമിക്കാം. തങ്ങള്‍ക്ക്‌ സ്വാധീനിക്കാന്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി അത്തരത്തില്‍ വാര്‍ത്തകള്‍ ചിലതു പ്രസിദ്ധീകരിച്ച്‌ സംതൃപ്‌തി അടയുകയും ചെയ്യാം. പക്ഷേ, കണക്കുകളും എല്‍ ഡി എഫ്‌, യു ഡി എഫ്‌ രാഷ്‌ട്രീയ സംവിധനത്തിന്റെ പ്രവര്‍ത്തന രീതിയും വ്യക്തമായി അറിയുന്ന ആളുകളെ വിശ്വസിപ്പിക്കാന്‍ പ്രയാസപ്പെടുമെന്നു മാത്രം.


നടന്നത്‌ ഉപതിരഞ്ഞെടുപ്പാണ്‌. പൊതു തിരഞ്ഞെടുപ്പുകളില്‍പ്പോലും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനമുണ്ട്‌ സി പി എമ്മിന്‌. അതിന്റെ നേതൃത്വത്തില്‍ എല്‍ ഡി എഫിന്റെ പ്രവര്‍ത്തനവും സുഘടിതമായി നടക്കാറുണ്ട്‌. ഉപതിരഞ്ഞെടുപ്പാവുമ്പോള്‍ ഈ സംവിധാനത്തിന്റെ പ്രവര്‍ത്തന മികവ്‌ ഏറുക തന്നെ ചെയ്യും. ആലപ്പുഴയില്‍ സി പി എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം തോമസ്‌ ഐസക്കിന്റെ മേല്‍നോട്ടത്തില്‍ നടന്ന ഊര്‍ജിതമായ തിരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം അവിടുത്തെ വോട്ടിംഗിനെ സ്വാധീനിച്ചതിന്റെ ഭാഗമായാണ്‌ അവിടെ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം കുറഞ്ഞത്‌ എന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളോട്‌ ജനങ്ങള്‍ക്കുള്ള വിയോജിപ്പ്‌ മറികടക്കാനും കോണ്‍ഗ്രസിന്‌ നിലവിലുള്ള സ്വാധീനത്തിന്റെ വ്യാപ്‌തി കുറക്കാനും ഈ പ്രവര്‍ത്തനം കൊണ്ട്‌ കഴിഞ്ഞില്ല. അതുകൊണ്ടാണ്‌ എ എ ഷുക്കൂറിന്‌ 4,745 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാനായത്‌. അതായത്‌ എന്‍ എസ്‌ എസ്‌ എന്ന പ്രസ്ഥാനം നേരത്തെ മുഴക്കിയ ഭീഷണിക്കു യാതൊരു പ്രത്യാഘാതവും സൃഷ്‌ടിക്കാനായില്ല എന്നത്‌ പകല്‍പോലെ വ്യക്തം.


ആലപ്പുഴയില്‍ തന്നെ മറ്റൊരു പ്രതിഭാസമായി ഉയര്‍ത്തിക്കാട്ടിയിരുന്നത്‌ സി പി ഐയെ തോല്‍പ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി രംഗത്തെത്തിയ പി ഡി പിയായിരുന്നു. സ്ഥാപക നേതാവ്‌ അബ്‌ദുന്നാസിര്‍ മഅ്‌ദനി അവിടെ തമ്പടിച്ച്‌ പ്രവര്‍ത്തിച്ചിട്ടും സംഘടനക്ക്‌ ആകെ കിട്ടിയ വോട്ട്‌ 1,804 മാത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയ മൂവായിരത്തോളം വോട്ട്‌ നിലനിര്‍ത്താന്‍ പോലും അവര്‍ക്ക്‌ കഴിഞ്ഞില്ല. ഇനി അത്രയും വോട്ട്‌ സമാഹരിച്ചിരുന്നുവെങ്കില്‍ തന്നെ അതാണ്‌ കൃഷ്‌ണപ്രസാദിന്റെ പരാജയത്തിന്‌ കാരണമായതെന്ന്‌ പറയാനും കഴിയില്ല. പി ഡി പിക്ക്‌ ഇനി ചെയ്യാവുന്നത്‌ സി പി ഐയെ തോല്‍പ്പിക്കാനായി തങ്ങളുടെ വോട്ട്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിക്ക്‌ മറിച്ചു നല്‍കി എന്ന്‌ അവകാശപ്പെടുക എന്നതു മാത്രമാണ്‌.


സഭ പറഞ്ഞാല്‍ പിന്നെ


എറണാകുളത്തേക്കു വന്നാല്‍ ലത്തീന്‍ കത്തോലിക്കാ സഭയുടെ പിന്തുണ കൂടാതെ ഒരു സ്ഥാനാര്‍ഥിക്കും ഇവിടെ ജയിക്കാനാവില്ല എന്നതാണ്‌ പരമ്പരാഗത സങ്കല്‍പ്പം. 1987ല്‍ പ്രൊഫ. എം കെ സാനു, സഭയൂടെ പരിപൂര്‍ണ പിന്തുണയുണ്ടായിരുന്ന എ എല്‍ ജേക്കബിനെ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചതൊന്നും ആരും കണക്കിലെടുക്കാറില്ല. ഇക്കുറി ലത്തീന്‍ കത്തോലിക്കനല്ലാത്ത സീനു ലാല്‍ എന്ന ട്രേഡ്‌ യൂനിയന്‍ നേതാവിനെയാണ്‌ സി പി എം രംഗത്തിറക്കിയത്‌. പരമ്പരാഗത വിശ്വാസമനുസരിച്ചാണെങ്കില്‍ സീനുലാല്‍ നിലം തൊടാന്‍ പാടില്ല. കത്തോലിക്കാ സഭയുടെ നേതൃത്വം വോട്ട്‌ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്‌ യു ഡി എഫ്‌ സ്ഥാനാര്‍ഥി ഡൊമിനിക്ക്‌ പ്രസന്റേഷന്‍ തന്നെ പരസ്യമായി പറഞ്ഞ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. പക്ഷേ, സഭയുടെ തിട്ടൂരം അനുസരിച്ച്‌ വോട്ട്‌ ചെയ്യാന്‍ വിശ്വാസികള്‍ തയ്യാറായില്ല എന്നു തന്നെ കരുതണം. കാരണം പലതാണ്‌.


സി പി എം എറണാകുളത്ത്‌ മത്സരിപ്പിച്ച സ്ഥാനാര്‍ഥി മെട്രോ പൊങ്ങച്ചത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന എറണാകുളത്തിനു യോജിച്ചയാളാണെന്ന്‌ പാര്‍ട്ടി പോലും വിശ്വസിക്കുന്നില്ല. അതുകൊണ്ടാണല്ലോ പലരെയും ആലോചിച്ച്‌ ലഭ്യമാവാതെ വന്നപ്പോള്‍ സീനു ലാല്‍ എന്ന തീരുമാനത്തിലെത്തിയത്‌. മെട്രോ പൊങ്ങച്ചം കണക്കിലെടുക്കുമ്പോള്‍ സ്ഥാനാര്‍ഥിക്കുള്ള പരിമിതിക്കൊപ്പം സഭാ നേതൃത്വത്തിന്റെ നിര്‍ദേശം കൂടി കണക്കിലെടുത്തു വിശ്വാസികള്‍ പ്രവര്‍ത്തിക്കുക കൂടി ചെയ്‌തിരുന്നുവെങ്കില്‍ ഡൊമിനിക്‌ പ്രസന്റേഷന്‌ ഇപ്പോള്‍ ലഭിച്ചതിന്റെ ഇരട്ടിയിലധികമെങ്കിലും ഭൂരിപക്ഷമുണ്ടാവണമായിരുന്നു. മാത്രവുമല്ല, വോട്ട്‌ ബഹിഷ്‌കരിക്കുക എന്ന തങ്ങളുടെ തീരുമാനത്തില്‍ മുളവുകാട്ടെയും മറ്റും ജനങ്ങള്‍ ഉറച്ചു നിന്നത്‌ സഭയുടെ നിര്‍ദേശം ലംഘിച്ചു കൂടിയാണ്‌.


കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലത്തീന്‍ സഭക്കാരനായ കെ വി തോമസും സിറിയന്‍ കത്തോലിക്കാ സഭക്കാരിയായ സിന്ധു ജോയിയും ഏറ്റുമുട്ടി നേരിയ ഭൂരിപക്ഷത്തിന്‌ വിജയം കൈവിട്ടപ്പോള്‍ വിലയിരുത്തപ്പെട്ടത്‌ ഇങ്ങനെയാണ്‌ - ലത്തീന്‍ കത്തോലിക്കാ സഭക്ക്‌ സ്വീകാര്യനായ കുറേക്കൂടി ഭേദപ്പെട്ട സ്ഥാനാര്‍ഥിയുണ്ടായിരുന്നെങ്കില്‍ എറണാകുളത്ത്‌ കെ വി തോമസിനെ തോല്‍പ്പിക്കാമായിരുന്നുവെന്ന്‌. കേരളത്തിലങ്ങോളമിങ്ങോളം ഇടതുപക്ഷത്തിനെതിരായ വികാരമുണ്ടായ ഒരു തിരഞ്ഞെടുപ്പില്‍ എറണാകുളത്തു മാത്രം എന്തുകൊണ്ട്‌ മത്സരം കനത്തുവെന്നതിന്‌ സഭാ നേതൃത്വത്തിന്റെ അതൃപ്‌തിയൊന്നും തേടിപ്പോകേണ്ട കാര്യമുണ്ടായിരുന്നില്ല.


കേരളത്തിലെങ്ങും കിട്ടാത്ത ആയുര്‍വേദ ചികിത്സ ഡല്‍ഹിയിലെ കേരള ഹൗസില്‍ രണ്ടാഴ്‌ച തമ്പടിച്ച്‌ നടത്തി, കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തെ നോക്കുകുത്തിയാക്കി എറണാകുളം സീറ്റും തരപ്പെടുത്തിപ്പോന്ന കെ വി തോമസിന്റെ ദുരയോട്‌ കോണ്‍ഗ്രസിലെ പ്രവര്‍ത്തകര്‍ക്ക്‌ തോന്നിയ അതൃപ്‌തിയുടെ കൂടി പ്രതിഫലനമായിരുന്നു അതെന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. പക്ഷേ, സഭയുടെ കണക്കില്‍ വിശദീകരിക്കാനായിരുന്നു ഏവര്‍ക്കും താത്‌പര്യം. സി പി എമ്മിന്റെ കൊടി പിടിച്ചതിന്റെ തഴമ്പ്‌ കയ്യിലും നെഞ്ചിലുമുണ്ടെന്ന്‌ ആവര്‍ത്തിച്ചു പറഞ്ഞ സീനു ലാലിനെ അപേക്ഷിച്ച്‌ 8,620 വോട്ട്‌ മാത്രമാണ്‌ ഡൊമിനിക്‌ പ്രസന്റേഷന്‌ കൂടുതല്‍ ലഭിച്ചത്‌. അതുകൊണ്ടു തന്നെ സഭയുടെ തിട്ടൂരം അനുസരിച്ചു മാത്രമല്ല ജനം വോട്ട്‌ തീരുമാനിച്ചത്‌ എന്ന്‌ വ്യക്തം. ഈഴവ സമുദായത്തിന്റെ വോട്ടുകള്‍ ഏകീകരിച്ചതാണ്‌ ഇടതുപക്ഷത്തെ തുണച്ചതെന്നും വിശ്വാസികള്‍ സഭാ നേതൃത്വത്തെ ധിക്കരിച്ചിട്ടില്ലെന്നും ഇനിയും വേണമെങ്കില്‍ വാദിക്കാം.


കണ്ണൂര്‍ നിരാകരിച്ചത്‌


കണ്ണൂര്‍ കുറേക്കൂടി വ്യക്തമായ വര്‍ഗീയ വിഭജനത്തിന്‌ സാധ്യതയുള്ള മണ്ഡലമായിരുന്നു. 40 ശതമാനം മുസ്‌ലിം വോട്ടര്‍മാര്‍, 55 ശതമാനം ഹൈന്ദവരും. അഞ്ച്‌ ശതമാനത്തോളം ക്രിസ്‌തീയരും. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന്‌ അവകാശപ്പെടുന്ന എന്‍ ഡി എഫിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ എസ്‌ ഡി പി ഐ ഇവിടെ മാത്രം മത്സരിച്ച്‌ കരുത്തു തെളിയിക്കാന്‍ ശ്രമിച്ചു. കിട്ടയത്‌ 3,411 വോട്ട്‌ മാത്രം. കണ്ണൂര്‍ കേന്ദ്രമായി നടന്ന `ഭീകര വേട്ട' മുതല്‍ `ലൗ ജിഹാദ്‌' വരെ നീളുന്ന പൊള്ളുന്ന വിഷയങ്ങളുണ്ടായിരുന്നു ബി ജെ പിക്ക്‌. കിട്ടിയത്‌ 5,665 വോട്ട്‌. ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന്‌ അവകാശപ്പെടുന്നതുകൊണ്ടുതന്നെ പ്രധാനമായി പരിഗണിക്കേണ്ടത്‌ എസ്‌ ഡി പി ഐക്ക്‌ കിട്ടിയ വോട്ടാണ്‌. രാജ്യത്ത്‌ ആദ്യമായി മത്സരിക്കാനിറങ്ങിയ അവരുടെ ശക്തി എത്രമാത്രമുണ്ടെന്ന്‌ വ്യക്തമാക്കിക്കൊടുത്തുകൊണ്ട്‌ കണ്ണൂരിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ വ്യവസ്ഥാപിത ജനാധിപത്യ പാര്‍ട്ടികള്‍ക്കൊപ്പം നിന്നു. എസ്‌ ഡി പി ഐക്കു ലഭിക്കുന്ന വോട്ടുകള്‍ യു ഡി എഫിന്റെ ബേങ്കില്‍ വിള്ളലുണ്ടാക്കുമെന്നൊക്കെ വിശകലനം നടത്തിയവര്‍ക്കു കൂടിയുള്ള ജനങ്ങളുടെ മറുപടിയാണിത്‌.


മൂന്ന്‌ മണ്ഡലങ്ങളിലും യു ഡി എഫ്‌ ന്യൂനപക്ഷ സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ ഇടതുമുന്നണി ഹൈന്ദവരായ സ്ഥാനാര്‍ഥികളെയാണ്‌ നിര്‍ത്തിയതെന്നും ഇത്‌ ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടാണെന്നനും അത്തരമൊരു ഏകീകരണമുണ്ടാവുമെന്നും മൂന്നിടത്തും എല്‍ ഡി എഫിന്‌ ജയസാധ്യതയുണ്ടെന്നും ഫലം പുറത്തുവരും മുമ്പ്‌ ചില `സ്വതന്ത്ര' രാഷ്‌ട്രീയ നിരീക്ഷകര്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ഇതിനും തിരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ മറുപടി ലഭിച്ചു.


ജാതി, മത സ്വാധീനം നോക്കി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഈ രണ്ട്‌ മാനദണ്ഡങ്ങളെ മാത്രം അടിസ്ഥാനമാക്കി നിരീക്ഷണവും വിശകലനങ്ങളും നടത്തുന്ന വിദഗ്‌ധരുമാണ്‌ നമ്മുടെ തിരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തെ വര്‍ഗീയമാക്കി വിഭജിക്കുന്നത്‌ എന്ന്‌ പറയേണ്ടിവരും. വര്‍ഷങ്ങള്‍ നീണ്ട രാഷ്‌ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു നേതാവിനെ മത്സരരംഗത്തിറക്കിയാല്‍ പോലും അത്‌ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള തീരുമാനം മാത്രമായേ വിലയിരുത്തപ്പെടാറുള്ളൂ എന്നതും കാണാതിരുന്നുകൂടാ.


2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ കെ വി തോമസിനെതിരെ എം എം ലോറന്‍സിനെ മത്സരിപ്പിച്ചപ്പോള്‍ അതും ലത്തീന്‍ സഭയെ പ്രീതിപ്പെടുത്താനെന്ന്‌ വിലയിരുത്തപ്പെട്ടത്‌ മുന്നിലുണ്ട്‌. ജനങ്ങള്‍ അവരുടെ ജീവതത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളും അതിനോട്‌ നേതാക്കളും പാര്‍ട്ടികളും പ്രതികരിക്കുന്ന രീതിയും രാഷ്‌ട്രീയ കാഴ്‌ചപ്പാടുകളും വിലയിരുത്തി വോട്ട്‌ ചെയ്യുമ്പോള്‍ പോലും വര്‍ഗീയ ചേരിതിരിവുകളെ അടിസ്ഥാനമാക്കിയുള്ള സ്ഥാനാര്‍ഥി നിര്‍ണയവും വിലയിരുത്തലുകളും തുടരുകയാണ്‌ പതിവ്‌.
എന്‍ എസ്‌ എസും ലത്തീന്‍ സഭയും പി ഡി പിയും എസ്‌ ഡി പി ഐയും ഒരു പോലെ പരാജയപ്പെട്ട ഉപതിരഞ്ഞെടുപ്പ്‌ പക്ഷേ, പ്രത്യേകിച്ച്‌ മാറ്റമൊന്നും ഇവിടെ ഉണ്ടാക്കില്ല. അടുത്ത തിരഞ്ഞെടുപ്പിലും എന്‍ എസ്‌ എസിന്റെ ഭീഷണികളുണ്ടാവും. അത്‌ പരിഹരിക്കാന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ നെട്ടോട്ടമോടും. പി ഡി പിയെ ഏതെങ്കിലും ഒരു പാര്‍ശ്വത്തില്‍ തൊട്ടു നിര്‍ത്താന്‍ സി പി എം ശ്രമിക്കും. ഇതൊന്നും പ്രത്യക്ഷത്തിലുണ്ടായില്ലെങ്കിലും വിശകലനങ്ങള്‍ ഈ വഴിക്ക്‌ ഒഴുകും.