2010-07-26

വി എസ്‌ പറയുമ്പോള്‍



കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നുവെന്നാണ്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്‌. അതിനൊരു കാലപരിധിയും അദ്ദേഹം മുന്‍കൂട്ടിക്കാണുന്നുണ്ട്‌, 20 വര്‍ഷം. അതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴേ നടക്കുന്നുണ്ടെന്നാണ്‌ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌. `ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട്‌... പണം കൊടുത്തിട്ട്‌ അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, മുസ്‌ലിം ജനിക്കുക...ആ തരത്തിലിങ്ങനെ... മുസ്‌ലിം സമുദായത്തിന്‌ ഭൂരിപക്ഷമുണ്ടാക്കുക' - ഇതാണ്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയെന്ന്‌ മുഖ്യമന്ത്രി വിശദീകരിക്കുന്നുമുണ്ട്‌.

ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുന്നുണ്ടെന്ന ആരോപണം വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്നത്‌ ഇവിടുത്തെ ഹിന്ദുത്വ വര്‍ഗീയ ശക്തികളാണ്‌. 1925ല്‍ രാഷ്‌ട്രീയ സ്വയം സേവക്‌ സംഘ്‌ (ആര്‍ എസ്‌ എസ്‌) രൂപവത്‌കരിക്കപ്പെടുന്നത്‌ തന്നെ ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌. ഹിന്ദു രാഷ്‌ട്രമാക്കുക എന്നാല്‍ അന്യ മതസ്ഥര്‍ ഇല്ലാത്ത, അല്ലെങ്കില്‍ അവര്‍ക്ക്‌ സ്വാധീനമൊന്നുമില്ലാത്ത സ്ഥിതിയുണ്ടാക്കുക എന്നാണ്‌ അര്‍ഥം. ഹിന്ദു ഭരണകൂടം സ്ഥാപിക്കുക, സാമൂഹിക, വ്യക്തി ജീവിതത്തിന്‌ ആധാരമായ സര്‍വ കാര്യങ്ങളും ഹിന്ദുമതത്തിന്റെ രീതി മര്യാദകളില്‍ അധിഷ്‌ഠിതമാക്കുക, വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ഹൈന്ദവര്‍ മാത്രമുള്ള ഒരു സമൂഹമുണ്ടാവുക - സാമാന്യേന പറഞ്ഞാല്‍ ഇതാണ്‌ പദ്ധതി. 


മുക്കാല്‍ നൂറ്റാണ്ടിലേറെക്കാലമായി ഇതിനുള്ള ശ്രമം നടക്കുന്നു. സ്വാതന്ത്ര്യാനന്തരം രാഷ്‌ട്രീയ പാര്‍ട്ടി എന്ന രൂപത്തിലും ആര്‍ എസ്‌ എസ്‌ അരങ്ങേറി. ഇന്ത്യയിലെ ഭൂരിപക്ഷ മതം ഹിന്ദുമതമായിട്ടുപോലും പ്രഖ്യാപിത ലക്ഷ്യത്തിന്റെ അടുത്തെങ്ങുമെത്താന്‍ ഇതുവരെ അവര്‍ക്ക്‌ സാധിച്ചില്ല. ആറ്‌ വര്‍ഷക്കാലം ഇതര കക്ഷികളുടെ സഹായത്തോടെ ബി ജെ പിക്ക്‌ ഇന്ത്യാരാജ്യം ഭരിക്കാനായി എന്ന്‌ മാത്രം. അപ്പോള്‍ പോലും ഒന്നും ചെയ്യാനായില്ലെന്നാണ്‌ ആര്‍ എസ്‌ എസ്‌ നേതാക്കള്‍ തന്നെ അടുത്തിടെ പറഞ്ഞത്‌. വിവാഹ നിയമം ഏകീകരിക്കാന്‍ പോലും അന്നത്തെ ബി ജെ പി സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന്‌ ആര്‍ എസ്‌ എസ്‌ തുറന്നു സമ്മതിക്കുന്നു. ഇതിന്‌ കാരണങ്ങള്‍ പലതുണ്ടാവാം. ഭരണഘടന ആവിഷ്‌കരിച്ചപ്പോള്‍ വിഭാവനം ചെയ്‌ത മതേതര വ്യവസ്ഥ, ഹൈന്ദവരിലെ ജാതി വ്യവസ്ഥ, ഇപ്പോഴും ഇന്ത്യന്‍ ദേശീയതയുമായി പൂര്‍ണമായും ഇണങ്ങിച്ചേരാത്ത വിഭാഗങ്ങള്‍ അങ്ങനെ പലതും. പൊതുവില്‍ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ ഹിന്ദുരാഷ്‌ട്ര അജന്‍ഡ ഏറ്റെടുക്കാന്‍ മനസ്സ്‌ കാണിച്ചില്ല എന്ന്‌ പറയേണ്ടിവരും. തങ്ങളുടെ ആവാസ വ്യവസ്ഥയെ ജാതി, മത വൈവിധ്യങ്ങളോടെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായിരുന്നു. ജാതി വ്യവസ്ഥ പോലുള്ളവയുടെ ദോഷഫലങ്ങള്‍ അതുകൊണ്ടുതന്നെ നിലനില്‍ക്കുകയും ചെയ്യുന്നു.

ഹിന്ദു രാഷ്‌ട്ര സ്ഥാപനത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുമുണ്ട്‌. സ്‌ഫോടനങ്ങള്‍ നടത്തി, വര്‍ഗീയ വിഭജനം നടത്താനുള്ള ശ്രമം ഒരു ഭാഗത്ത്‌. മുസ്‌ലിം സംഘടനകളോ വ്യക്തികളോ ആണ്‌ സ്‌ഫോടനത്തിന്‌ പിന്നിലെങ്കില്‍ അതിന്റെ കുറ്റം സമുദായത്തിനുമേലാകെ ചുമത്തി വെറുക്കപ്പെടേണ്ട വിഭാഗമായി ചിത്രീകരിക്കാനുള്ള ശ്രമം മറു ഭാഗത്ത്‌. രാഷ്‌ട്രീയാധികാരം കൈയടക്കി നിയമവും വിദ്യാഭ്യാസവും ചരിത്രവുമൊക്കെ സ്വന്തമാക്കുക എന്ന ലക്ഷ്യവും അവര്‍ക്കുണ്ട്‌. ഇത്തരം ശ്രമങ്ങളുടെയെല്ലാം ഭാഗമായിരുന്നു കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുയര്‍ന്ന `ലൗ ജിഹാദ്‌' ആരോപണം. ഹിന്ദുത്വ സംഘടനകള്‍ മാത്രമല്ല, ക്രിസ്‌ത്യന്‍ സംഘടനകളും എസ്‌ എന്‍ ഡി പി യോഗം പോലുള്ള പ്രസ്ഥാനങ്ങളുടെ നേതാക്കളും ആ പ്രചാരണത്തില്‍ തീ പടര്‍ത്താന്‍ ശ്രമിച്ചിരുന്നു. 


സമ്പന്ന ഹിന്ദു കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വശത്താക്കി, ഇസ്‌ലാമില്‍ ചേര്‍ക്കുകയോ ലൈംഗികമായി ഉപയോഗിച്ച ശേഷം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയോ ചെയ്യുന്നുവെന്ന്‌ ഉദാഹരണ സഹിതം ആരോപിക്കുമ്പോള്‍ രക്ഷിതാക്കളിലും കുടുംബങ്ങളിലുമുണ്ടാവാനിടയുള്ള ശങ്ക എത്രയായിരിക്കും? വെറുപ്പിന്റെ വിത്ത്‌ വിതക്കാന്‍ ഇതിലും വലിയൊരു ആയുധം വേറെയില്ല. ഉദാഹരിക്കപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനം ചോദ്യം ചെയ്യപ്പെടുകയും ശക്തിയായ പ്രതിരോധം ഉയരുകയും ചെയ്‌തതോടെയാണ്‌ ഈ പ്രചാരണങ്ങളുടെ മുനയൊടിഞ്ഞത്‌. കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ സംഘടിത ശ്രമം നടക്കുന്നുവെന്ന്‌ വി എസ്‌ അച്യുതാനന്ദന്‍ തന്നെ പറയുമ്പോള്‍ ഹൈന്ദവ സംഘടനകള്‍ ഇക്കാലമത്രയും നടത്തിയ പ്രചാരണങ്ങള്‍ക്ക്‌ ആധികാരികത കൈവരികയാണ്‌ ചെയ്യുന്നത്‌. ചെറുതല്ലാത്ത പ്രത്യാഘാതം അതുണ്ടാക്കുകയും ചെയ്യും.

സമുദായാംഗങ്ങളുടെ എണ്ണം കൂട്ടി ഭൂരിപക്ഷം കൈവരിക്കാന്‍ എന്തെങ്കിലും ശ്രമം അടുത്ത കാലത്ത്‌ നടന്നിട്ടുണ്ടെങ്കില്‍ അത്‌ കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്നാണ്‌. സാമ്പത്തികശേഷിയുള്ള ദമ്പതികളെല്ലാം `നാം രണ്ട്‌ നമുക്ക്‌ രണ്ട്‌' എന്ന തത്വമൊഴിവാക്കണമെന്നും കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കണമെന്നും അതുവഴി കത്തോലിക്കരുടെ എണ്ണം കൂട്ടണമെന്നും പള്ളികളിലൂടെയാണ്‌ സഭാ നേതൃത്വം സന്ദേശം നല്‍കിയത്‌. കേരളത്തെ ക്രൈസ്‌തവ മേധാവിത്വമുള്ള സമൂഹമാക്കുന്നതിനുള്ള ശ്രമമായി ഇതിനെ കാണാന്‍ സാധിക്കുമോ? അത്തരത്തില്‍ ശ്രമിച്ചാല്‍ മാറിമറിയുന്നതാണോ കേരളത്തിലെ സാമൂഹിക ഘടന? വി എസ്‌ പറഞ്ഞതുപോലെ മുസ്‌ലിം ജനിച്ച്‌ കാലക്രമേണ മുസ്‌ലിം ഭൂരിപക്ഷമാവണമെങ്കില്‍ മറ്റ്‌ സമുദായത്തിലെ യുവതീയുവാക്കളെ വന്ധ്യംകരിക്കേണ്ടിക്കൂടി വേണ്ടിവരും. അതിനുള്ള പോംവഴിയും ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്‌. അതാണ്‌ `ഡോക്‌ടര്‍ ജിഹാദ്‌.' `ലൗ ജിഹാദ്‌' പ്രചാരണം തുടക്കത്തിലേ പാളിയതുകൊണ്ട്‌ `ഡോക്‌ടര്‍ ജിഹാദ്‌' പ്രചാരണം തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയായിരുന്നു. വി എസിന്റെ സര്‍ട്ടിഫിക്കറ്റ്‌ കൂടി ലഭിച്ച സാഹചര്യത്തില്‍ സംഘ്‌ പരിവാറിന്‌ ഇത്‌ പൊടിതട്ടി എടുക്കാവുന്നതാണ്‌.

ഇനി കേരളത്തില്‍ മുഖ്യമന്ത്രിയായ വി എസ്‌ അച്യുതാനന്ദന്‍ പറയുന്നതുപോലെ സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്ന്‌ തന്നെ സമ്മതിക്കുക. അതിനര്‍ഥം അമ്പതാണ്ട്‌ നീണ്ട വി എസ്‌ അച്യുതാനന്ദന്റെ രാഷ്‌ട്രീയ ജീവിതം പാഴായിപ്പോയെന്നാണ്‌. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും അതിന്റെ വിവിധങ്ങളായ സംഘടനാ വിഭാഗങ്ങളുടെയും പ്രവര്‍ത്തനം വൃഥാവിലായെന്നാണ്‌. മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളും അധികാരത്തില്‍ വന്ന ഭരണകൂടങ്ങളും പരാജയപ്പെട്ടുവെന്നാണ്‌. മുസ്‌ലിം ഭൂരിപക്ഷമുണ്ടാക്കി അതിനനുസൃതമായ ഭരണ സംവിധാനമുണ്ടാക്കണമെന്ന ചിന്താഗതി വളരുകയും അതിന്‌ സ്വാധീനമുറപ്പിക്കാന്‍ കഴിയുകയും ചെയ്യുന്നുവെങ്കില്‍ അതിനുള്ള രാഷ്‌ട്രീയ, സാമൂഹിക സാഹചര്യം നിലനില്‍ക്കുന്നുവെന്നാണ്‌ അര്‍ഥം. സ്വാതന്ത്ര്യം ഷഷ്‌ടിപൂര്‍ത്തി പിന്നിട്ടിട്ടും ഈ ജനവിഭാഗത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ രാഷ്‌ട്രീയ, ഭരണ നേതൃത്വത്തിന്‌ സാധിക്കാത്തതുകൊണ്ടാണ്‌ ഈ സാഹചര്യം നിലനില്‍ക്കുന്നത്‌. വിശ്വാസം നേടിയെടുക്കണമെങ്കില്‍ അവരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യണമായിരുന്നു. സമൂഹത്തില്‍ തുല്യ അന്തസ്സ്‌ ഉറപ്പാക്കണമായിരുന്നു. അതിന്‌ സാധിച്ചിട്ടില്ല എന്ന്‌ തുറന്നു സമ്മതിക്കുന്നതിന്‌ തുല്യമാണ്‌ വി എസ്‌ അച്യുതാനന്ദന്റെ ഇപ്പോഴത്തെ പ്രസ്‌താവന. രാജ്യത്ത്‌ തുല്യാവസര കമ്മീഷന്‍ രൂപവത്‌കരിക്കുമെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസും അംഗീകരിക്കുന്നത്‌ മറ്റൊന്നല്ല.

ഈ സാഹചര്യം മാറണമെങ്കില്‍ ആദ്യം തിരുത്തേണ്ടത്‌ സ്വന്തം മനസ്സിനെയാണ്‌. മലപ്പുറം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരപ്പരീക്ഷകളില്‍ മുന്നിലെത്തുന്നതിന്‌ പിന്നില്‍ ദുരൂഹതയുണ്ടെന്ന്‌ പറഞ്ഞത്‌ ഇതേ വി എസ്‌ തന്നെയാണ്‌. മലപ്പുറത്തെ ജനസംഖ്യാനുപാതത്തെക്കുറിച്ച്‌ ബോധ്യമില്ലാത്തയാളല്ല അദ്ദേഹം. ഇത്തരത്തിലൊരു പ്രസ്‌താവന നടത്തുമ്പോള്‍ അതിന്റെ ലക്ഷ്യമേതെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല. കണക്കുകളോ, വസ്‌തുതകളോ ഈ ആക്ഷേപത്തിന്‌ തുണയായി അദ്ദേഹം അന്നും പിന്നീടും ഹാജരാക്കിയിട്ടില്ല. അപ്പോള്‍ പിന്നെ ലക്ഷ്യമെന്തായിരുന്നു? ഒരു വിഭാഗം വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി നേടുന്നതിനെപ്പോലും സംശയത്തോടെ കാണുന്ന മനസ്സ്‌ അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന്‌ തന്നെ മനസ്സിലാക്കണം. പുതിയ പ്രസ്‌താവനയുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. 


ഇത്തരം സംശയങ്ങള്‍ നിലനിര്‍ത്തുകയും അത്‌ പ്രചരിപ്പിക്കുകയും ചെയ്യുന്ന നേതാക്കളും സംഘടനകളുമാണ്‌ ആളുകളെ വഴിതെറ്റിക്കുന്നത്‌; ഭൂരിപക്ഷ സമുദായത്തെ സംശയങ്ങളുടെ പരകോടിയിലേക്ക്‌, ന്യൂനപക്ഷ വിഭാഗങ്ങളെ അപകര്‍ഷതയുടെ ആഴങ്ങളിലേക്കും. അപകര്‍ഷതയുടെയും അവഗണനയുടെയും ആഴങ്ങളില്‍ നിന്നാണ്‌ സമരങ്ങളുണ്ടാവുന്നതെന്നും അത്‌ സായുധരീതിയിലേക്ക്‌ വഴിമാറുന്നതെന്നും വി എസ്‌ അച്യുതാനന്ദന്‌ അറിയാത്തതല്ലല്ലോ?

മുഖ്യമന്ത്രി സംസ്ഥാന ഭരണത്തിന്റെ നേതാവാണ്‌. ഭരണത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹം സംസാരിക്കുക. ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളും അത്തരത്തില്‍ ലഭിച്ച വിവരങ്ങളെ വിശകലനം ചെയ്‌താവണം. ഇത്തരം വിവരങ്ങള്‍ കൈമാറുന്നവര്‍ അപ്പപ്പോഴത്തെ കാര്യങ്ങളെക്കുറിച്ച്‌ മാത്രമേ ചിന്തിക്കുന്നുണ്ടാവൂ. ഭരണാധികാരികളും ആദരണീയമായ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളുമാവുമ്പോള്‍ മുന്‍കാലങ്ങളെക്കുറിച്ച്‌ കൂടി അറിവുണ്ടാവും. മതം മാറുകയോ മാറ്റുകയോ ചെയ്യുന്ന പതിവ്‌ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പല കാരണങ്ങളാല്‍ മതം മാറുന്നവരുണ്ടാവാം. ഇന്ന്‌ ദളിത്‌ ക്രൈസ്‌തവര്‍ എന്ന പേരില്‍ അറിയപ്പെടുന്നവര്‍ ക്രിസ്‌തുമതം സ്വീകരിക്കാനുണ്ടായ കാരണം ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയായിരുന്നു. അതുപോലുള്ള സാമൂഹിക, വ്യക്തി സാഹചര്യങ്ങള്‍ ഇപ്പോഴും മതം മാറ്റങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. 


ഏത്‌ മതത്തില്‍ വിശ്വസിക്കുന്നതിനും വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കുന്നതിനും ഭരണഘടന അനുവാദം നല്‍കുന്നുണ്ട്‌. അതുകൊണ്ട്‌ മതം പ്രചരിപ്പിക്കുന്നതോ സ്വന്തം മതത്തിലേക്ക്‌ കൂടുതല്‍ ആളുകളെ ക്ഷണിക്കുന്നതോ തെറ്റായി കാണാനും സാധിക്കില്ല. സ്വാധീനം ചെലുത്തി, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ പ്രേരിപ്പിക്കുമ്പോഴാണ്‌ പ്രശ്‌നങ്ങളുണ്ടാവുന്നത്‌. കേരളം പോലെ വിവിധ മതസ്ഥര്‍ തിങ്ങിത്താമസിക്കുന്ന ഒരു പ്രദേശത്ത്‌ നിര്‍ബന്ധിത മതപരിവര്‍ത്തനമൊക്കെ ഏറെപ്പെട്ടെന്ന്‌ പുറത്തുവരുമെന്നുറപ്പ്‌. അത്തരത്തില്‍ പ്രകടമായ യാതൊന്നും ഇക്കാലയളവില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതായി അറിവുമില്ല. മുക്കാല്‍ നൂറ്റാണ്ട്‌ കാലം ആര്‍ എസ്‌ എസും അരനൂറ്റാണ്ടിലേറെക്കാലം അതിന്റെ രാഷ്‌ട്രീയരൂപങ്ങളും ശ്രമിച്ചിട്ട്‌ നടക്കാത്തത്‌ വംശവര്‍ധനവിലൂടെ സാധിച്ചുകളയാമെന്ന്‌ ഏതെങ്കിലും മുസ്‌ലിം സംഘടന ധരിച്ചുവശായിട്ടുണ്ടെന്ന്‌ കരുതാനാവില്ല. മറിച്ചാണ്‌ കാര്യങ്ങളെങ്കില്‍ കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്‌. സംശയങ്ങള്‍ ശേഷിക്കാതിരിക്കാന്‍ അതാവും നല്ലത്‌. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുപോവണമായിരുന്നുവെന്ന്‌ പിന്നീട്‌ പറയിപ്പിക്കാതിരിക്കാനെങ്കിലും.

2010-07-22

തമസ്‌കരണത്തിലും രാഷ്‌ട്രീയമുണ്ട്‌



നിഷ്‌പക്ഷം, സത്യസന്ധം, സമഗ്രം - ലോകത്തെ ഏത്‌ മാധ്യമ സ്ഥാപനവും സ്വയം അവകാശപ്പെടുന്ന ഗുണങ്ങളാണിവ. ക്യൂബന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രമായ ഗ്രാന്‍മ മുതല്‍ അധിനിവേശാനുഗുണമായും കുത്തകക്കമ്പനികളുടെ പ്രചാരണാര്‍ഥവും പ്രവര്‍ത്തിക്കുന്ന പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വരെ ഇത്‌ അവകാശപ്പെടും. ഇന്ത്യയിലെ മാധ്യമങ്ങളും ഈ ഗുണങ്ങള്‍ അവകാശപ്പെടുന്നവരാണ്‌. കേരളത്തിലേക്ക്‌ വരുമ്പോള്‍ ഇവക്കൊപ്പം മതേതര, ജനാധിപത്യ സ്വഭാവം കൂടി അവകാശപ്പെട്ടേക്കാം. മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം കണക്കിലെടുത്താല്‍ ഇപ്പറഞ്ഞ ഗുണങ്ങളെല്ലാം നിലനിര്‍ത്തേണ്ടത്‌ അനിവാര്യമാണുതാനും. ഇവ നിലനിര്‍ത്തുന്നുണ്ടോ എന്ന്‌ ചോദിച്ചാല്‍ നെറ്റി ചുളിക്കേണ്ടിവരുമെന്നത്‌ വസ്‌തുത മാത്രം. നിലനിര്‍ത്തേണ്ടവ നിലനിര്‍ത്താതിരിക്കുക മാത്രമല്ല നമ്മുടെ മാധ്യമങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. മറിച്ച്‌ ജനങ്ങളിലെത്തേണ്ട ചില വിവരങ്ങളെങ്കിലും സമര്‍ഥമായി മറച്ചുവെക്കുകയും ചെയ്യുന്നുണ്ട്‌. ഹിന്ദുത്വ ഭീകരതയുമായി ബന്ധപ്പെട്ട്‌ അടുത്തിടെ പുറത്തുവന്ന കാര്യങ്ങളെ മലയാളികള്‍ക്കിടയില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍ ഏത്‌ വിധത്തില്‍ കൈകാര്യം ചെയ്‌തുവെന്ന്‌ പരിശോധിച്ചാല്‍ ഇത്‌ വ്യക്തവുമാണ്‌.

അബ്‌ദുന്നാസര്‍ മഅ്‌ദനിയെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ ആരോപണ വിധേയരുടെ പട്ടികയില്‍ ചേര്‍ത്തത്‌, കോളജ്‌ അധ്യാപകന്റെ കൈവെട്ടിയത്‌, തുടര്‍ന്ന്‌ വ്യാപകമായി നടന്ന പരിശോധനകളില്‍ ബോംബും മറ്റ്‌ മാരകായുധങ്ങളും പിടിച്ചത്‌ തുടങ്ങി സംഭവ ബഹുലമായ ദിനങ്ങളാണ്‌ മുന്നിലൂടെ കടന്നുപോയത്‌. ഇതിനെല്ലാം വലിയ പ്രാമുഖ്യം നമ്മുടെ മാധ്യമങ്ങള്‍ നല്‍കുകയുണ്ടായി. വാര്‍ത്തയുടെ പ്രാധാന്യം പത്രങ്ങളോ ചാനലുകളോ നിശ്ചയിക്കുമ്പോള്‍ നമ്മുടെ തൊട്ടടുത്ത്‌ നടന്ന സംഭവങ്ങള്‍ക്ക്‌ പ്രാമുഖ്യം ലഭിക്കുക സ്വാഭാവികമാണ്‌. സാങ്കേതികമായി പത്രപ്രവര്‍ത്തനം പഠിക്കുമ്പോള്‍ പ്രോക്‌സിമിറ്റിക്ക്‌ നല്‍കേണ്ട പ്രാമുഖ്യം പഠിക്കുന്നുണ്ട്‌. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലല്ല, ആധികാരികമായ വിവരങ്ങളുടെയും വസ്‌തുതകളുടെയും അടിസ്ഥാനത്തിലാണ്‌ വാര്‍ത്തകള്‍ നല്‍കേണ്ടതെന്നും പഠിക്കും. പ്രോക്‌സിമിറ്റിക്ക്‌ പ്രാമുഖ്യം നല്‍കണമെന്ന പാഠം പ്രാവര്‍ത്തികമാക്കുന്നവര്‍ രണ്ടാമത്തെ പാഠം മറന്നുപോവാറുമുണ്ട്‌. 


പ്രോക്‌സിമിറ്റിയുടെ മാനദണ്ഡം പ്രയോഗിച്ചാല്‍ ഒഴിവാക്കാവുന്ന അകലം രാജസ്ഥാനിലെ അജ്‌മീര്‍ ദര്‍ഗക്കും ആന്ധ്രാ പ്രദേശിലെ ഹൈദരാബാദിലെ മക്ക മസ്‌ജിദിനും മഹാരാഷ്‌ട്രയിലെ മലേഗാവിനുമുണ്ടെന്ന്‌ തോന്നുന്നില്ല. ഇവിടങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടായപ്പോള്‍ മലയാളത്തിലെ മാധ്യമങ്ങള്‍ അതിന്‌ വലിയ പ്രാധാന്യം നല്‍കുകയും ചെയ്‌തിരുന്നു. പാക്കിസ്ഥാനിലേക്കുള്ള സംഝോത എക്‌സ്‌പ്രസില്‍ സ്‌ഫോടനമുണ്ടായി 67 പേര്‍ മരിച്ചപ്പോഴും നമുക്ക്‌ വലിയ വാര്‍ത്തയായിരുന്നു. 2006ലും 2007ലുമായി നടന്ന ഈ സംഭവങ്ങളെക്കുറിച്ച്‌ വിവിധ ഏജന്‍സികള്‍ ഇക്കാലത്തിനിടെ നടത്തിയ അന്വേഷണങ്ങളില്‍ നിന്ന്‌ ഇതുവരെ മനസ്സിലാക്കാനായത്‌ സ്‌ഫോടനത്തിന്‌ പിറകില്‍ പ്രവര്‍ത്തിച്ചത്‌ ഹിന്ദുത്വ തീവ്രവാദ സംഘടനകളോ അത്തരം സംഘടനകളില്‍ അംഗങ്ങളായവരോ ആണെന്നാണ്‌. ഹിന്ദുത്വ ഭീകരത എന്നത്‌ പ്രചാരണമല്ല, നിലനില്‍ക്കുന്നതാണെന്ന്‌ ഭരണാധികാരികള്‍ പോലും സമ്മതിക്കുകയും ചെയ്‌തിരിക്കുന്നു. 


ഈ കേസുകളില്‍ സുപ്രധാന വഴിത്തിരിവുണ്ടായത്‌ അടുത്ത ദിവസങ്ങളിലാണ്‌. രാഷ്‌ട്രീയ സ്വയം സേവക്‌ സംഘിന്റെ (ആര്‍ എസ്‌ എസ്‌) തന്ത്രങ്ങളാവിഷ്‌കരിക്കുന്ന സുപ്രധാന സമിതികളില്‍ അംഗങ്ങളായിരിക്കുന്ന ചിലരെ സ്‌ഫോടനക്കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) ചോദ്യം ചെയ്‌തു. ആര്‍ എസ്‌ എസ്സിന്റെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ അംഗമായ ഇന്ദ്രേഷ്‌ കുമാറിലേക്ക്‌ അന്വേഷണം കേന്ദ്രീകരിക്കുന്നതായി വാര്‍ത്തകള്‍ വന്നു. ഏറ്റവുമൊടുവില്‍ ഉപരാഷ്‌ട്രപതി ഹാമിദ്‌ അന്‍സാരിയെ വധിക്കാന്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയെന്ന്‌ വരെ.

ഹാമിദ്‌ അന്‍സാരിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്ത പുറത്തുവിട്ടത്‌ ഹെഡ്‌ലൈന്‍സ്‌ ടുഡേ എന്ന ചാനലാണ്‌. മേല്‍പറഞ്ഞ സ്‌ഫോടനക്കേസുകള്‍ അന്വേഷിക്കുന്ന സംഘം പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ നിന്ന്‌ ലഭിച്ച സംഭാഷണങ്ങളാണ്‌ തങ്ങള്‍ക്ക്‌ ലഭിച്ചതെന്ന്‌ ഹെഡ്‌ലൈന്‍സ്‌ ടുഡേ അവകാശപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. ഇത്രയും പ്രമാദമായ ഒരു വാര്‍ത്ത, അതിന്റെ ആധികാരിതയെ സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടുതന്നെ, മലയാളത്തിലെ മുഖ്യധാര എന്ന്‌ അവകാശപ്പെടുന്ന പത്രങ്ങളും ചാനലുകളും എന്തുകൊണ്ട്‌ തമസ്‌കരിച്ചുവെന്ന്‌ ആലോചിക്കേണ്ടതുണ്ട്‌. ഈ വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന്‌ ഡല്‍ഹിയിലെ ഹെഡ്‌ലൈന്‍സ്‌ ടുഡേയുടെ ഓഫീസ്‌ ആര്‍ എസ്‌ എസ്‌, ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച വാര്‍ത്തയാണ്‌ മലയാള മനോരമ പത്രം നല്‍കിയത്‌. ആക്രമണത്തിനുള്ള കാരണം അവസാന വരികളില്‍ പറഞ്ഞപ്പോള്‍ ഉപരാഷ്‌ട്രപതിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന വാര്‍ത്ത നല്‍കിയതാണ്‌ പ്രകോപനമുണ്ടാക്കിയതെന്ന്‌ പറഞ്ഞുപോയെന്ന്‌ മാത്രം. അശോക്‌ വര്‍ഷ്‌നെയ്‌, അശോക്‌ ബെരി എന്നീ ആര്‍ എസ്‌ എസ്‌ നേതാക്കളെ ചോദ്യം ചെയ്‌തുവെന്ന വാര്‍ത്ത അവര്‍ നല്‍കിയതേയില്ല. മാതൃഭൂമിയാകട്ടെ ഇത്തരമൊരു വാര്‍ത്ത അറിഞ്ഞതേയില്ല. ഏത്‌ വാര്‍ത്ത കൊടുക്കണം, ഏത്‌ കൊടുക്കരുത്‌ എന്ന്‌ തീരുമാനിക്കാനുള്ള അവകാശം ആ പത്രങ്ങളുടേത്‌ മാത്രമാണ്‌. ആധികാരികമല്ലെന്ന്‌ തിരിച്ചറിഞ്ഞ്‌ കൊടുക്കാതിരുന്നതുമാവാം. പക്ഷേ, ഇത്തരം തിരിച്ചറിവുകള്‍ എല്ലാ കാര്യത്തിലുമുണ്ടാവാറില്ല എന്നത്‌ മറക്കാന്‍ സാധിക്കില്ല. 


`ലൗ ജിഹാദ്‌' എന്ന പ്രചാരണമുണ്ടായപ്പോള്‍ ഈ പക്വതയും വിവേചനബുദ്ധിയും ഈ പത്രങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. മനോരമയിലും മാതൃഭൂമിയിലും തന്നെയാണ്‌ കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ പത്രപ്രവര്‍ത്തകരുള്ളത്‌. അവരൊക്കെ ആലോചിച്ചാണ്‌ ഹാമിദ്‌ അന്‍സാരിയെ വധിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന വാര്‍ത്ത കൊടുക്കേണ്ട എന്ന്‌ തീരുമാനിക്കുന്നത്‌. ഇതേയാളുകള്‍ തന്നെയാണ്‌ ലൗ ജിഹാദിന്റെ വാര്‍ത്തക്ക്‌ വലിയ പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചതും. മഅ്‌ദനിയുമായി തടിയന്റവിട നസീര്‍ ഫോണില്‍ സംസാരിച്ചുവെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന്‌ ലഭിച്ചപ്പോള്‍ ആധികാരികതയില്‍ സംശയം തോന്നാതിരുന്നവരാണ്‌ ഹെഡ്‌ലൈന്‍സ്‌ ടുഡേ വാര്‍ത്തയുടെ ആധികാരിതയെ സംശയിച്ചത്‌. ബാംഗ്ലൂര്‍ പോലീസ്‌ രഹസ്യമായി ബംഗ്ലാദേശില്‍ പോയി തടിയന്റവിട നസീറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച്‌ കേന്ദ്ര ഇന്റലിജന്‍സിന്‌ വിവരം നല്‍കിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്‌ ഉണ്ടായതെന്നും ഒന്നാം പേജില്‍ ബഹുവര്‍ണ തലക്കെട്ട്‌ നിരത്തിയവര്‍ക്കും ഹെഡ്‌ലൈന്‍സ്‌ ടുഡേ വാര്‍ത്തയുടെ ആധികാരികതയില്‍ സംശയം തോന്നി. 


ഹെഡ്‌ലൈന്‍സ്‌ ടുഡേ ചാനലിനെയാണോ ആര്‍ എസ്‌ എസ്‌ നേതാക്കള്‍ ഉപരാഷ്‌ട്രപതിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വസ്‌തുതയെയാണോ ഇവര്‍ സംശയിച്ചത്‌? നേതാക്കളില്‍ ആരെയെങ്കിലും വധിക്കാന്‍ ഗൂഢാലോചന നടത്തിയത്‌ മുസ്‌ലിം ബന്ധങ്ങളുള്ള ഏതെങ്കിലും സംഘടനയായിരുന്നുവെങ്കില്‍ ഇവര്‍ക്ക്‌ സംശയമുണ്ടാവുമായിരുന്നോ? ഇല്ലെന്ന്‌ വേണം മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിലയിരുത്താന്‍.

ഇതിലും മനോഹരമാണ്‌ ആധികാരികത വിട്ടു കളിക്കില്ലെന്ന ശപഥം നിലനിര്‍ത്താന്‍ യത്‌നിക്കുന്ന ദി ഹിന്ദു ദിനപ്രത്രത്തിന്റെ കഥ. ഇന്ത്യയില്‍ എവിടെ നടന്ന ഭീകരാക്രമണത്തെ സംബന്ധിച്ചും അന്വേഷണ ഏജന്‍സികള്‍ക്കുപോലുമില്ലാത്ത കൃത്യതയോടെ എഴുതുന്നയാളാണ്‌ ആ പത്രത്തിലെ പ്രവീണ്‍ സ്വാമി എന്ന ലേഖകന്‍. ആര്‍ എസ്‌ എസ്‌ ബന്ധവും ഹിന്ദുത്വ ഭീകര പ്രവര്‍ത്തനത്തിന്റെ നിലനില്‍പ്പും പുറത്തുവന്നിട്ടും ഇതേവരെ ഹിന്ദു അത്‌ സംബന്ധിച്ച റിപ്പോര്‍ട്ടൊന്നും നല്‍കിയില്ല. പ്രവീണ്‍ സ്വാമിയുടെ എഴുത്തുകളുമുണ്ടായില്ല. ഗുജറാത്ത്‌ പോലീസ്‌ വെടിവെച്ച്‌ കൊന്ന ഇശ്‌റത്‌ ജഹാനും മലയാളിയായ ജാവീദ്‌ ഗുലാം ശൈഖും ലശ്‌കറെ ത്വയ്യിബയുടെ പ്രവര്‍ത്തകരാണെന്ന്‌ ശക്തിയുക്തം സമര്‍ത്ഥിച്ചയാളാണ്‌ പ്രവീണ്‍ സ്വാമി. ഇവര്‍ എങ്ങനെയാണ്‌ അഹമ്മദാബാദിലെത്തിയത്‌ എന്നത്‌ സംബന്ധിച്ച്‌ ഇതുവരെ നടന്ന അന്വേഷണങ്ങളിലൊന്നും വ്യക്തതയുണ്ടായില്ല. പക്ഷേ, ഇശ്‌റത്തും ഗുലാം ശൈഖും സഞ്ചരിച്ച ഇന്‍ഡിക്ക കാര്‍ ഏതുവഴിയിലൂടെയൊക്കെ സഞ്ചരിച്ചുവെന്ന്‌ പ്രവീണ്‍ സ്വാമി ലേഖനമെഴുതിയിരുന്നു. അത്രശക്തമാണ്‌ ഇന്റലിജന്‍സ്‌ വൃത്തങ്ങളില്‍ സ്വാമിക്കുള്ള സ്രോതസ്സുകള്‍. എന്നിട്ടും മക്ക മസ്‌ജിദ്‌, മലേഗാവ്‌, അജ്‌മീര്‍ ദര്‍ഗ, സംഝോത എക്‌സ്‌പ്രസ്‌ എന്നിവയുമായി ബന്ധപ്പെട്ട ഒരു വിവരം പോലും പ്രവീണ്‍ സ്വാമിക്ക്‌ ലഭിച്ചതേയില്ല.  


അതേസമയം ഹിന്ദു മറ്റൊരു കാര്യം ചെയ്‌തു. ഇന്ദ്രേഷ്‌ കുമാര്‍ എന്ന ആര്‍ എസ്‌ എസ്‌ നേതാവ്‌ നല്‍കിയ പ്രസ്‌താവന പ്രസിദ്ധീകരിച്ചു. ആക്രമണങ്ങളുമായി ബന്ധമില്ല, അക്രമത്തില്‍ വിശ്വസിക്കുന്നയാളല്ല താന്‍ എന്നതായിരുന്നു ഇന്ദ്രേഷിന്റെ പ്രസ്‌താവന. ആ പ്രസ്‌താവന പ്രസിദ്ധീകരിച്ചപ്പോള്‍ പോലും അതിന്‌ ഇടയാക്കിയ സംഭവങ്ങളെക്കുറിച്ച്‌ പത്രം മൗനം പാലിച്ചു.

അപകടം ഇവിടെ തീരുന്നില്ല. ഇത്തരം വാര്‍ത്തകളെല്ലാം മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്‌ മാധ്യമം, സിറാജ്‌, തേജസ്‌, ചന്ദ്രിക, വര്‍ത്തമാനം തുടങ്ങിയ പത്രങ്ങളാണ്‌. മുസ്‌ലിം മാനേജ്‌മെന്റിലുള്ള പത്രങ്ങള്‍. ദേശീയ ദിനപ്പത്രങ്ങളിലോ ചാനലുകളിലോ വന്ന റിപ്പോര്‍ട്ടുകള്‍ തര്‍ജമ ചെയ്‌ത്‌ പ്രസിദ്ധീകരിക്കുകയാണ്‌ ഇവയെല്ലാം ചെയ്യുന്നത്‌. ബംഗളൂരു സ്‌ഫോടനക്കേസ്‌, കൈവെട്ട്‌ കേസ്‌ എന്നിവയില്‍ അതാത്‌ ദിവസങ്ങളിലുണ്ടാവുന്ന സംഭവ വികാസങ്ങള്‍ നല്‍കുന്നതിനൊപ്പമാണ്‌ ഇതും പ്രസിദ്ധീകരിച്ചത്‌. പക്ഷേ, മാധ്യമ ശസ്‌ത്രക്രിയ നടത്തുന്ന ചില വിശാദരന്‍മാര്‍ മുസ്‌ലിം പത്രങ്ങളെല്ലാം ആര്‍ എസ്‌ എസിന്റെ ഭീകര ബന്ധം സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്നായിരിക്കും നാളെ പറയുക. മുസ്‌ലിം പത്രങ്ങളെല്ലാം ചേര്‍ന്ന്‌ ആര്‍ എസ്‌ എസ്സിനെതിരായ വാര്‍ത്തകള്‍ നല്‍കി എന്ന പൊതു ധാരണ സൃഷ്‌ടിക്കപ്പെടുകയും ചെയ്യും. മുഖ്യധാരയിലൊന്നും കാണാത്ത വാര്‍ത്തകള്‍ ഇവര്‍ ചേര്‍ന്ന്‌ സൃഷ്‌ടിച്ചതാണെന്ന്‌ വരെ വേണമെങ്കില്‍ വ്യാഖ്യാനമുണ്ടാവാം.

ഇത്തരത്തില്‍ ചില വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടുമ്പോള്‍ ഒരു വിഭാഗത്തിനുമേല്‍ നിലനില്‍ക്കുന്ന സംശയങ്ങളുടെ കനം വര്‍ധിക്കുകയാണ്‌. ഇതറിയാത്തവരല്ല ഈ പത്രങ്ങളുടെയൊന്നും മേല്‍ത്തട്ടിലും കീഴ്‌ത്തട്ടിലും ഇരിക്കുന്നത്‌. അതുകൊണ്ടുതന്നെ ഇത്തരം തിരഞ്ഞെടുത്ത തമസ്‌കരണങ്ങളെ, അതിന്‌ പറയുന്ന കാരണങ്ങളെല്ലാം ഇവര്‍ വലിയ പ്രാമുഖ്യം നല്‍കിയ വാര്‍ത്തകളുടെ കാര്യത്തിലും പറയാനാവും, നിഷ്‌കളങ്കമായി കാണാനാവില്ല. മഅ്‌ദനിയെ എന്‍ ഐ എ ചോദ്യം ചെയ്‌തുവെന്ന്‌ ബ്രേക്കിംഗ്‌ ന്യൂസ്‌ നല്‍കുന്ന ചാനലുകള്‍ ആര്‍ എസ്‌ എസ്സിന്റെ ദേശീയ നേതാവിനെ ചോദ്യം ചെയ്‌തുവെന്ന വാര്‍ത്ത പോലും കൊടുക്കാതിരിക്കുമ്പോള്‍ അത്‌ ബോധപൂര്‍വം തന്നെയാണ്‌. മഹാത്‌മാഗാന്ധിയെ വധിച്ച നാഥുറാ ഗോഡ്‌സെ ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകനായിരുന്നുവെന്ന വസ്‌തുത പോലും മറച്ചുവെക്കാന്‍ വെമ്പുന്നവര്‍ ഇതെല്ലാം മറച്ചുവെക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. പുണ്ണ്‌ വ്രണമാവുന്നതില്‍ അവര്‍ സന്തോഷിക്കുന്നുണ്ടാവാം.

2010-07-16

മുല്ലപ്പള്ളിയോഹം ദുരൂഹതയോഹം



ഭീകരത, പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ്‌ ഇന്റലിജന്‍സിന്റെ (ഐ എസ്‌ ഐ) സാന്നിധ്യം എന്നിവ സംബന്ധിച്ച വലിയ അഭ്യൂഹങ്ങള്‍ ഒരിക്കല്‍ കൂടി കേരളീയ സമൂഹത്തെ മൂടി നില്‍ക്കുന്ന അന്തരീക്ഷം വീണ്ടും സംജാതമായിരിക്കുന്നു. മുമ്പ്‌ നാല്‌ മലയാളി യുവാക്കള്‍ കാശ്‌മീരില്‍ കൊല്ലപ്പെട്ടപ്പോഴും അന്യ സമുദായ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വശത്താക്കി മതം മാറ്റിക്കുകയോ ലൈംഗികമായി ഉപയോഗിക്കുകയോ ചെയ്യുന്ന `ലൗ ജിഹാദ്‌' എന്ന സംഘടിത സമ്പ്രദായം നിലനില്‍ക്കുന്നുവെന്ന അഭ്യൂഹം പരത്തപ്പെട്ടപ്പോഴും ഉള്ളതിന്‌ സമാനമായ അവസ്ഥ. 


ദൈവനിന്ദ ചെയ്‌തുവെന്ന്‌ ആരോപിക്കപ്പെട്ട അധ്യാപകന്റെ കൈ വെട്ടിയത്‌, നിലമ്പൂരില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്‌ ട്യൂബുകള്‍ അറുത്തത്‌, വഞ്ചിനാട്‌ എക്‌സ്‌പ്രസില്‍ നിന്നും കണ്ണൂരിലെ ബസ്സില്‍ നിന്നും സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടിയത്‌ എന്നിവയാണ്‌ ഈ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന്‌ പ്രേരകമായത്‌. അധ്യാപകന്റെ കൈവെട്ടിയതിന്‌ അറസ്റ്റിലായവരെല്ലാം പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ പ്രവര്‍ത്തകരാണ്‌. ഗൂഢാലോചന നടത്തിയവരും പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരാണെന്ന്‌ പോലീസ്‌ പറയുന്നു. ഈ സംഘടന ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയ പദ്ധതിയാണോ അതോ സംഘടനയിലെ ഏതാനും പ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ ആസൂത്രണം ചെയ്‌തതാണോ എന്ന്‌ തുടങ്ങിയ കാര്യങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല. പോലീസ്‌ നടത്തുന്ന അന്വേഷണം പൂര്‍ത്തിയായി കോടതിയില്‍ സമര്‍പ്പിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ അതെല്ലാം അറിയാനാവൂ.

പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയും അതിന്റെ പൂര്‍വരൂപമായ നാഷനല്‍ ഡെമോക്രാറ്റിക്‌ ഫ്രണ്ടും സംസ്ഥാനത്ത്‌ വിവിധയിടങ്ങളില്‍ രാഷ്‌ട്രീയവും അല്ലാത്തതുമായ സംഘട്ടനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌ എന്നത്‌ ഒരു വസ്‌തുതയാണ്‌. അവര്‍ക്ക്‌ വിദേശത്തു നിന്നും മറ്റും വന്‍ തോതില്‍ പണം ലഭിക്കുന്നുണ്ടെന്ന ആരോപണവും വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ഇതേക്കുറിച്ചെല്ലാം അന്വേഷിക്കേണ്ടതും നടപടിയെടുക്കേണ്ടതും സംസ്ഥാന, കേന്ദ്ര ഏജന്‍സികളാണ്‌. വഞ്ചിനാട്‌ എക്‌സ്‌പ്രസില്‍ നിന്നും കണ്ണൂരിലെ ബസ്സില്‍ നിന്നും കണ്ടെത്തിയ സ്‌ഫോടക വസ്‌തുക്കളെക്കുറിച്ചുള്ള അന്വേഷണം നമ്മുടെ നാട്ടിലെ പതിവനുസരിച്ചാണെങ്കില്‍ എവിടെയും എത്താന്‍ ഇടയില്ല. മുമ്പ്‌ കോഴിക്കോട്‌ കെ എസ്‌ ആര്‍ ടി സി ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന്‌ ജലാറ്റിന്‍ സ്റ്റിക്കുകളുടെ കൂട്ടം കണ്ടെടുത്തതു പോലുള്ള കേസുകളില്‍ അന്വേഷണം എങ്ങുമെത്തിയില്ല എന്നത്‌ ഓര്‍ക്കുക. 


ഭീകര സംഘടനകളുടെ പ്രവര്‍ത്തനമായതുകൊണ്ടല്ല ഈ കേസുകളില്‍ ഭൂരിഭാഗവും തെളിയാത്തത്‌. കേരളത്തിലങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കായ ക്വാറികളില്‍ അധികൃതവും അനധികൃതവുമായി നടക്കുന്ന പാറ പൊട്ടിക്കലുമായാണ്‌ ഇത്തരം സ്‌ഫോടക വസ്‌തുക്കളില്‍ ഭൂരിഭാഗത്തിനും പങ്കുള്ളത്‌. ക്വാറിയുടമകള്‍ സമ്പന്നരും സ്വാധീനമുള്ളവരുമായതിനാലാണ്‌ അന്വേഷണം ഇഴയുകയും പിന്നീട്‌ മുടങ്ങുകയും ചെയ്യുന്നത്‌. പക്ഷേ, ഇത്തരത്തില്‍ അന്വേഷണങ്ങള്‍ മുടങ്ങുമ്പോള്‍ ഈ സ്‌ഫോടക വസ്‌തുക്കളെല്ലാം ഭീകര പ്രവര്‍ത്തനത്തിന്റെ മേല്‍വിലാസത്തില്‍ ചാര്‍ത്തപ്പെടുന്നുണ്ട്‌.

നിലമ്പൂരില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്ക്‌ പൈപ്പുകള്‍ മുറിച്ചിട്ട സംഭവമാണ്‌ ഈ ഗണത്തില്‍ ഏറെ ഗൗരവമേറിയ ഒന്നായി ഗണിക്കേണ്ടത്‌. പൈപ്പുകള്‍ മുറിച്ചിട്ടതറിയാതെ ട്രെയിന്‍ യാത്ര പുറപ്പെട്ടിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന ദുരന്തം എത്ര വലുതാവുമായിരുന്നു. അത്രയും വലിയൊരു ദുരന്തം സൃഷ്‌ടിക്കണമെന്ന്‌ ചിലര്‍ പദ്ധതിയിട്ടുവെന്ന്‌ ധരിക്കണം. എന്നാല്‍ ഈ സംഭവത്തെ നമ്മള്‍ വേണ്ടത്ര ഗൗരവത്തോടെ സമീപിച്ചിട്ടുണ്ടോ എന്നതിലാണ്‌ സംശയം. അന്വേഷണം ആരംഭിച്ച കേരള പോലീസ്‌ പൈപ്പ്‌ മുറിക്കാനുപയോഗിച്ച കത്തിയുടെ സ്റ്റിക്കര്‍ കണ്ടെടുത്തുവെന്നും അത്‌ എറണാകുളത്തെ കടയിലേതാണെന്ന്‌ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനപ്പുറം യാതൊന്നും പുറത്തുവന്നിട്ടില്ല. എല്ലായ്‌പ്പോഴും ഉണ്ടാവാറുള്ളതുപോലെ രാഷ്‌ട്രീയ പോരിന്‌ തുടക്കമാവുകയും ചെയ്‌തിരിക്കുന്നു. പ്രശ്‌നങ്ങളില്‍ നിഷ്‌പക്ഷവും കാര്യക്ഷമവുമായ അന്വേഷണം നടത്തി വസ്‌തുതകള്‍ പുറത്തുകൊണ്ടുവരുന്നതിനേക്കാള്‍ താത്‌പര്യം വെള്ളം പരമാവധി കലക്കുക എന്നതിലാണ്‌ എന്ന്‌ ആവര്‍ത്തിച്ചുറപ്പിക്കുകയാണ്‌ നമ്മുടെ നേതാക്കള്‍.

ഇത്തവണ അതില്‍ മുഖ്യ സ്ഥാനത്ത്‌ രാഷ്‌ട്രീയത്തില്‍ പക്വതയുള്ള നേതാവായി അറിയപ്പെടാന്‍ ആഗ്രഹിക്കുകയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണ്‌. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ ഇപ്പോള്‍ പിടിപ്പത്‌ പണിയുണ്ട്‌. രണ്ട്‌ സംസ്ഥാനങ്ങളില്‍ ഏറെക്കുറെ പൂര്‍ണമായും നാല്‌ സംസ്ഥാനങ്ങളില്‍ പലേടത്തും മാവോയിസ്റ്റുകള്‍ സ്വാധീനം ഉറപ്പിച്ചിരിക്കുന്നു. ജമ്മു കാശ്‌മീര്‍ സംഘര്‍ഷഭരിതമാണ്‌. കുടുംബത്തിന്റെ മാനം കാക്കാനെന്ന പേരില്‍ ഉത്തരേന്ത്യയില്‍ പല ഭാഗങ്ങളിലും കൊലകള്‍ നടക്കുന്നു. ഇത്‌ തടയാന്‍ എന്ത്‌ ചെയ്യണമെന്ന ആലോചന തകൃതിയാണ്‌. നിയമ മന്ത്രാലയത്തിനൊപ്പം ആഭ്യന്തര മന്ത്രാലയത്തിനും ഇതില്‍ പ്രധാന വേഷമുണ്ട്‌. പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കാന്‍ പോവുകയാണ്‌. അതിനുള്ള തയ്യാറെടുപ്പുകള്‍ മന്ത്രാലയം നടത്തേണ്ടതുമുണ്ട്‌. ഇതിനിടയിലാണ്‌ ആഭ്യന്തര സഹമന്ത്രി കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങളില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി പരസ്‌പരവിരുദ്ധവും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നയങ്ങള്‍ക്ക്‌ ഭിന്നവുമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത്‌.

നിലമ്പൂര്‍ സംഭവം നാഷനല്‍ ഇന്റലിജന്‍സ്‌ ഏജന്‍സി (എന്‍ ഐ എ) അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടാല്‍ അത്‌ പരിഗണിക്കാമെന്ന്‌ കോഴിക്കോട്ട്‌ പറഞ്ഞ മന്ത്രി മൂന്ന്‌ മണിക്കൂര്‍ സഞ്ചരിച്ച്‌ പാലക്കാട്ടെത്തിയപ്പോള്‍ ഭീകര, തീവ്രവാദികളുമായി ഉപാധികളൊന്നും കൂടാതെ ചര്‍ച്ചക്ക്‌ തയ്യാറാണെന്ന്‌ പറഞ്ഞു. മാവോയിസ്റ്റുകളുമായുള്ള ചര്‍ച്ചക്ക്‌ ഉപാധിയുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി പി ചിദംബരം പലകുറി പറഞ്ഞതാണ്‌. ഏതെങ്കിലും ഭീകരവാദ സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക്‌ തയ്യാറാവുമെന്ന്‌ കരുതുന്നത്‌ വിഡ്‌ഢിത്തമാണ്‌. എന്നിട്ടും നമ്മുടെ മന്ത്രി ഉപാധികളില്ലാത്ത ചര്‍ച്ചക്ക്‌ തയ്യാറാണെന്ന്‌ പ്രസ്‌താവന നടത്തുന്നതിന്റെ പൊരുളെന്ത്‌? 


ഇതേ മന്ത്രി ഏറെക്കുറെ ഒരു മാസം മുമ്പ്‌ തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനം വിളിച്ച്‌ പറഞ്ഞത്‌ കേരളത്തില്‍ ഐ എസ്‌ ഐയുടെ പ്രവര്‍ത്തനമുണ്ടെന്നാണ്‌. ഐ എസ്‌ ഐയുടെ പ്രവര്‍ത്തനം വ്യാപകമാണെന്ന്‌ കോണ്‍ഗ്രസില്‍ മുല്ലപ്പള്ളിയേക്കാള്‍ മുതിര്‍ന്ന ആര്യാടന്‍ മുഹമ്മദ്‌ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നൊന്നും പ്രഖ്യാപിക്കാന്‍ ഈ സഹമന്ത്രി തയ്യാറല്ല. നിലമ്പൂരില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ബ്രേക്ക്‌ പൈപ്പ്‌ മുറിച്ച സംഭവത്തില്‍ എന്‍ ഐ എ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‌ ചൊടിക്കുകയുംചെയ്‌തു. സംസ്ഥാന പോലീസ്‌ കാര്യക്ഷമമായ അന്വേഷണം നടത്തുന്നുണ്ടെന്നും ഇപ്പോള്‍ എന്‍ ഐ എയെക്കൊണ്ട്‌ അന്വേഷിപ്പിക്കണെമന്ന്‌ പറയുന്നതില്‍ ദുരൂഹതയുണ്ടെന്നുമാണ്‌ അദ്ദേഹത്തിന്റെ പുതിയ പ്രസ്‌താവന.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ കേസിന്റെ അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തപ്പോള്‍ തര്‍ക്കങ്ങളുയര്‍ന്നിരുന്നു. കേരള സര്‍ക്കാറിനെ അറിയിക്കാതെയാണ്‌ അന്വേഷണം ഏറ്റെടുത്തതെന്ന്‌ സംസ്ഥാന ആഭ്യന്തരമന്ത്രി പരാതിപ്പെട്ടു. അറിയിച്ചിട്ടുണ്ടെന്നും ഇനി വേണ്ടിവന്നാല്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാതെ അന്വേഷണം ഏറ്റെടുക്കാന്‍ നിയമപ്രകാരം എന്‍ ഐ എക്ക്‌ അധികാരമുണ്ടെന്നും അന്ന്‌ പി ചിദംബരം മറുപടി നല്‍കി. വര്‍ഷങ്ങള്‍ പഴകിയ കേസ്‌ എന്‍ ഐ എ ഏറ്റെടുക്കുന്നതില്‍ വലിയ പ്രശ്‌നമൊന്നും മുല്ലപ്പള്ളിക്ക്‌ തോന്നിയില്ല. അതിനേക്കാള്‍ ഗൗരവമേറിയതാണ്‌ നിലമ്പൂരിലെ സംഭവമെന്ന്‌ മനസ്സിലാക്കാന്‍ ഏറെ ദിവസം ചോറുണ്ണേണ്ടതുമില്ല. ഏതെങ്കിലും പ്രത്യേക കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന്‌ തോന്നിയാല്‍ അത്‌ ആവശ്യപ്പെടാനുള്ള അവകാശം സംസ്ഥാന സര്‍ക്കാറിനുണ്ടുതാനും. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ എന്‍ ഐ എ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെടുമ്പോള്‍ അതില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി തന്നെ ദുരൂഹത കാണുന്നുണ്ടെങ്കില്‍ അതിന്‌ വലിയ അര്‍ഥങ്ങള്‍ കല്‍പ്പിക്കേണ്ടിവരും. ദുരൂഹത എന്താണെന്ന്‌ വ്യക്തമാക്കേണ്ട ബാധ്യത അദ്ദേഹത്തിന്‌ തന്നെയാണ്‌.

എന്‍ ഐ എയുടെ ചില നടപടികളെങ്കിലും ഇതിനകം വിമര്‍ശവിധേയമായിട്ടുണ്ട്‌. ഗുജറാത്ത്‌ പോലീസ്‌ വെടിവെച്ച്‌ കൊന്ന ഇശ്‌റത്‌ ജഹാന്‍ ലശ്‌കറെ ത്വയ്യിബയുടെ പ്രവര്‍ത്തകയായിരുന്നുവെന്ന്‌ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി പറഞ്ഞുവെന്ന വാര്‍ത്ത ആസൂത്രിതമായി ചോര്‍ത്തപ്പെട്ടതാണെന്ന്‌ ഏറെക്കുറെ വ്യക്തമായിട്ടുണ്ട്‌. കളമശ്ശേരി ബസ്‌ കത്തിക്കല്‍, കോഴിക്കോട്ടെ ഇരട്ട സ്‌ഫോടനം തുടങ്ങിയ കേസുകള്‍ ഏറ്റെടുക്കാന്‍ താത്‌പര്യം കാട്ടിയ എന്‍ ഐ എയെ ഗുജറാത്തില്‍ ഇതുവരെ ഏറ്റെടുത്തത്‌ ഒരു കേസ്‌ മാത്രമാണ്‌. ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കേരളത്തെ അപേക്ഷിച്ച്‌ കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത സംസ്ഥാനമാണ്‌ ഗുജറാത്ത്‌. ഇതിനകം കേരളത്തില്‍ ഏറ്റെടുത്ത കേസുകളില്‍ പറയത്തക്ക പുരോഗതി അവര്‍ ഉണ്ടാക്കിയിട്ടുണ്ട്‌ എന്നും പറയാനാവില്ല. 


കേരള പോലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസ്‌ എന്‍ ഐ എ ഓഫീസ്‌ സ്ഥിതി ചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന ഡല്‍ഹിയിലെ പോലീസ്‌ സ്റ്റേഷനില്‍ റീ രജിസ്റ്റര്‍ ചെയ്‌തത്‌ മാത്രം എടുത്ത്‌ പറയാം. ഈ സാഹചര്യത്തില്‍ നിലമ്പൂര്‍ കേസിലെ അന്വേഷണം എന്‍ ഐ എ ഏല്‍പ്പിക്കുന്നത്‌ ഗുണകരമാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യത്തില്‍ ദുരൂഹത കല്‍പ്പിക്കുന്നതെങ്കില്‍ അത്‌ വ്യക്തമാക്കണം. അങ്ങനെയെങ്കില്‍ എന്‍ ഐ എയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‌ നടപടികള്‍ സ്വീകരിക്കേണ്ടത്‌ ആഭ്യന്തര സഹമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ്‌. അതല്ല ഇപ്പോഴുള്ള സവിശേഷമായ രാഷ്‌ട്രീയ സാഹചര്യമാണ്‌ അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കില്‍ അത്‌ ആഭ്യന്തര സഹമന്ത്രി എന്ന വലിയ സ്ഥാനത്തിരിക്കുമ്പോള്‍ യോജ്യമല്ല. കേരളത്തിലാകെ ഐ എസ്‌ ഐയാണ്‌ എന്ന ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്‌താവനക്കുള്ള വിലയല്ല, ആഭ്യന്തര സഹമന്ത്രിയുടെ വാക്കുകള്‍ക്ക്‌.

വസ്‌തുതകള്‍ പുറത്തുകൊണ്ടുവരാനാണ്‌ ശ്രമമുണ്ടാവേണ്ടത്‌. അതില്ലാതാവുമ്പോഴാണ്‌ അഭ്യൂഹങ്ങള്‍ ഉണ്ടാവുന്നത്‌, അത്‌ പ്രചരിപ്പിക്കാന്‍ തത്‌പരകക്ഷികള്‍ രംഗത്തിറങ്ങുന്നത്‌. അവരുടെ വാക്കുകള്‍ക്ക്‌ പൊടിപ്പും തൊങ്ങലും നല്‍കാന്‍ എഴുത്താളന്‍മാരുണ്ടാവുന്നത്‌. അഭ്യൂഹവും ഭീതിയും പരത്തി സംശയത്തിന്റെ നിഴലുകള്‍ സൃഷ്‌ടിക്കാന്‍ പാകത്തില്‍ പഴുതുകളുണ്ടാക്കിക്കൊടുക്കാന്‍ ഇവിടെ ആളുകള്‍ക്ക്‌ പഞ്ഞവുമില്ല. അതിന്‌ ഒരു ആഭ്യന്തര സഹമന്ത്രിയുടെ സേവനം കൂടി വേണ്ടതുണ്ടോ?

2010-07-09

ഹെഡ്‌ലി പറഞ്ഞാല്‍ അപ്പീലില്ല



തിരഞ്ഞെടുക്കപ്പെട്ട വിവരങ്ങള്‍ ആസൂത്രിതമായി ചോര്‍ത്തി നല്‍കപ്പെടുന്നുവെന്നും അതാണ്‌ അനാവശ്യ സംശയങ്ങള്‍ക്ക്‌ വഴിവെക്കുന്നതെന്നും ആരോപണമുയര്‍ത്തിയത്‌ പ്രശസ്‌ത സംവിധായകനായ മഹേഷ്‌ ഭട്ടാണ്‌. ഡേവിഡ്‌ ഹെഡ്‌ലി എന്ന പാക്‌ വംശജനായ അമേരിക്കന്‍ പൗരനുമായി തനിക്ക്‌ പരിചയമുണ്ടായിരുന്നുവെന്ന്‌ മകന്‍ രാഹുല്‍ ഭട്ട്‌ മുംബൈ പോലീസില്‍ അറിയിച്ചതിന്‌ തൊട്ടുപിറകെ ഉയര്‍ന്ന അഭ്യൂഹങ്ങളാണ്‌ മഹേഷ്‌ ഭട്ടിനെക്കൊണ്ട്‌ ഇത്‌ പറയിച്ചത്‌. 


തീവ്രവാദമോ ഭീകരവാദമോ ആയി ബന്ധപ്പെട്ട കേസുകളിലെല്ലാം ഇത്തരം ചോര്‍ത്തി നല്‍കലുകള്‍ വ്യാപകമായി നടക്കുന്നുണ്ട്‌. മഅ്‌ദനിക്കെതിരെ താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന്‌ കൊച്ചിയിലെ കോടതി മുറിക്ക്‌ പുറത്തുവെച്ച്‌ തടിയന്റവിട നസീര്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞ്‌ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ നസീര്‍ എന്‍ ഐ എക്ക്‌ നല്‍കിയ മൊഴി ടൈപ്പ്‌ ചെയ്‌ത്‌ തയ്യാറാക്കിയതിന്റെ പകര്‍പ്പ്‌ ടെലിവിഷന്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടു. നസീര്‍ മാധ്യമങ്ങളോട്‌ പറഞ്ഞതിനോ എന്‍ ഐ എക്ക്‌ നല്‍കിയ മൊഴിക്കോ നിയമപരമായി സാധുതയൊന്നുമില്ല. കോടതിയുടെ മുന്നില്‍ അവതരിപ്പിക്കാന്‍ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വേറെ ഹാജരാക്കേണ്ടിവരും. അത്‌ അന്വേഷിച്ച്‌ കണ്ടെത്തേണ്ടതുമാണ്‌. എന്നിട്ടും തടിയന്റവിട നസീര്‍ മാധ്യമങ്ങളോട്‌ സംസാരിച്ചതിന്‌ തൊട്ടുപിറകെ മൊഴിപ്പകര്‍പ്പ്‌ ചോര്‍ത്തിക്കൊടുക്കാന്‍ എന്‍ ഐ എ ഉദ്യോഗസ്ഥര്‍ തയ്യാറായെങ്കില്‍ നിലവില്‍ ഉയര്‍ന്നിരിക്കുന്ന സംശയങ്ങള്‍ നിലനിര്‍ത്തുക എന്നതിനപ്പുറം മറ്റ്‌ ഉദ്ദേശ്യമൊന്നും അതിനുണ്ടാവില്ല.
ഇപ്പോഴിതാ ഇശ്‌റത്‌ ജഹാനെന്ന യുവതി ലശ്‌കറെ ത്വയ്യിബയുടെ പ്രവര്‍ത്തകയായിരുന്നു (പ്രര്‍ത്തകയല്ല, ചാവേറാണ്‌) എന്ന്‌ ഡേവിഡ്‌ ഹെഡ്‌ലി `സ്ഥിരീകരിച്ചിരിക്കുന്നു'! എന്‍ ഐ എ ഉദ്യോഗസ്ഥര്‍ വാഷിംഗ്‌ടണിലെത്തി ചോദ്യം ചെയ്‌തപ്പോള്‍ ഹെഡ്‌ലി ഇക്കാര്യം പറഞ്ഞുവത്രെ. ഹെഡ്‌ലി എന്‍ ഐ എ ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കിയ മൊഴിക്ക്‌ ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്‌ മുന്നില്‍ നേരത്തെ പറഞ്ഞ വിലയേയുള്ളൂ. ഹെഡ്‌ലിയെ അമേരിക്ക കൈമാറാനുള്ള സാധ്യത വിരളമാണ്‌. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഏതെങ്കിലും കോടതിയില്‍ ഹെഡ്‌ലി വന്ന്‌ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കാനുള്ള സാധ്യതയും വിരളം. എന്നിട്ടും ഇവിടെയുണ്ടായ പ്രചാരണം ഇശ്‌റത്‌ ജഹാന്‍ ലശ്‌കര്‍ പ്രവര്‍ത്തകയാണെന്ന്‌ ഹെഡ്‌ലി സ്ഥിരീകരിച്ചുവെന്നാണ്‌. സ്ഥിരീകരണം നല്‍കാന്‍ ആരാണ്‌ ഹെഡ്‌ലി എന്ന ചോദ്യം സ്വയം ചോദിക്കാന്‍ പോലും ത്രാണിയില്ലാത്ത നമ്മുടെ ദേശീയ മാധ്യമങ്ങളും അതിലെ പ്രവര്‍ത്തകരുമാണ്‌ ഇവിടെ പ്രതിസ്ഥാനത്ത്‌. കൂട്ടു പ്രതിസ്ഥാനത്ത്‌ എന്‍ ഐ എയും
ഇശ്‌റത്‌ ജഹാന്‍, മലയാളിയായ ജാവീദ്‌ ഗുലാം ശൈഖ്‌ (പ്രാണേഷ്‌ കുമാര്‍ പിള്ള), പാക്കിസ്ഥാന്‍ വംശജരെന്ന്‌ പറയുന്ന അംജദ്‌ അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ 2004 ജൂണ്‍ 15ന്‌ പുലര്‍ച്ചെയാണ്‌ അഹമ്മദാബാദിന്‌ സമീപത്തുവെച്ച്‌ ഗുജറാത്ത്‌ പോലീസ്‌ വെടിവെച്ച്‌ കൊന്നത്‌. മുഖ്യമന്ത്രി നരേന്ദ്ര മോഡി അടക്കം ഉന്നതരെ വധിക്കാന്‍ പദ്ധതിയിട്ടെത്തിയ ഇവരെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഏറ്റുമുട്ടലുണ്ടായെന്നും അതില്‍ നാലു പേരും വധിക്കപ്പെട്ടുവെന്നുമായിരുന്നു വിശദീകരണം. ഈ കേസ്‌ സുപ്രധാനമായ ഒരു ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ്‌ ഹെഡ്‌ലിയുടെ മൊഴി പുറത്തുവരുന്നത്‌. (ഹെഡ്‌ലി അത്തരമൊരു മൊഴി നല്‍കിയിട്ടുണ്ടോ എന്ന്‌ എന്‍ ഐ എയോ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ ഇതുവരെ ഉറപ്പിച്ച്‌ പറഞ്ഞിട്ടില്ല) 


ഗുജറാത്ത്‌ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അവരുടെ റിപ്പോര്‍ട്ട്‌ ഗുജറാത്ത്‌ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്‌. മോഡി അടക്കമുള്ളവരെ വധിക്കാന്‍ ലക്ഷ്യമിട്ട്‌ തീവ്രവാദികള്‍ എത്തുന്നുവെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ ആധികാരിതകയും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഗുജറാത്തിലേക്ക്‌ നിയോഗിക്കപ്പെട്ട കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോയിലെ ചില ഉദ്യോഗസ്ഥരും ഗുജറാത്ത്‌ പോലീസിലെ ഏറ്റുമുട്ടല്‍ വിദഗ്‌ധരായ ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ കൃത്രിമമായി തയ്യാറാക്കിയതാണ്‌ ഈ റിപ്പോര്‍ട്ട്‌ എന്ന സംശയം ഇന്റലിജന്‍സ്‌ ബ്യൂറോക്കു തന്നെ ഇപ്പോഴുണ്ട്‌. (ഇതും സ്ഥിരീകരിച്ച റിപ്പോര്‍ട്ടല്ല) അങ്ങനെ ഏറ്റുമുട്ടല്‍ സിദ്ധാന്തത്തെക്കുറിച്ച്‌ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സംശയം ബലപ്പെടുന്ന സാഹചര്യത്തിലാണ്‌ ഹെഡ്‌ലിയുടെ മൊഴി പുറത്തുവന്നത്‌. അത്തരത്തിലൊരു മൊഴിയുണ്ടെങ്കില്‍ അതേക്കുറിച്ച്‌ അന്വേഷിച്ച്‌ വസ്‌തുതയാണോ അല്ലയോ എന്ന്‌ സ്ഥിരീകരിക്കും മുമ്പ്‌ പുറത്തുവിടാന്‍ എന്‍ ഐ എ ഉദ്യോഗസ്ഥന്‍/ര്‍ തിടുക്കം കാട്ടിയിട്ടുണ്ടെങ്കില്‍ ഈ ഏജന്‍സിയെക്കുറിച്ചും അതിലെ ഉദ്യോഗസ്ഥരെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തില്‍ ചിന്തിക്കേണ്ട സമയമായിരിക്കുന്നു.
ഏതാനും മാസം മുമ്പാണ്‌ അഹമ്മദാബാദ്‌ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്‌ എസ്‌ പി തമാംഗിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌. ഇശ്‌റത്‌ ജഹാനടക്കം നാലുപേരെ വെടിവെച്ച്‌ കൊന്ന ശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്നായിരുന്നു തമാംഗിന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട്‌ പുറത്തുവന്നയുടന്‍ അത്‌ സ്റ്റേ ചെയ്യാനായി ഗുജറാത്ത്‌ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി അത്‌ സ്റ്റേ ചെയ്യുകയും ചെയ്‌തു. മജിസ്‌ട്രേറ്റ്‌ അധികാര പരിധി ലംഘിച്ചുവെന്ന നിരീക്ഷണം പാസ്സാക്കിക്കൊണ്ടാണ്‌ ഹൈക്കോടതി സിംഗിള്‍ ബഞ്ച്‌ റിപ്പോര്‍ട്ട്‌ സ്റ്റേ ചെയ്‌തത്‌. ഇപ്പോള്‍ ഹെഡ്‌ലിയുടെ മൊഴി എന്ന പേരില്‍ ചിലത്‌ പുറത്തുവരുമ്പോള്‍ ആര്‍ക്കും പരാതിയില്ല. ഇത്‌ എവിടെ നിന്ന്‌ വന്നു, അത്‌ വസ്‌തുതയാണോ അല്ലയോ എന്നതൊന്നും ആരെയും അലട്ടുന്നില്ല. താനെയിലെ മുംബ്ര സ്വദേശിയായ ഇശ്‌റത്‌ ജഹാനെതന്ന പെണ്‍കുട്ടിയുടെ പേരില്‍ എന്ത്‌ ആരോപിച്ചാലും ആര്‍ക്കും ഒന്നും സംഭവിക്കുന്നില്ലല്ലോ! തമാംഗിന്റെ റിപ്പോര്‍ട്ട്‌ പോലീസിലെയും രാഷ്‌ട്രീയത്തിലെയും ഉന്നതരുടെ സ്വസ്ഥത കെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ അത്‌ സ്റ്റേ ചെയ്യിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടത്‌ അനിവാര്യവുമായിരുന്നു. 


ലശ്‌കറെ ത്വയ്യിബയുടെ സ്വയം പ്രഖ്യാപിത കമാന്‍ഡറായിരുന്ന മുസമ്മിലാണ്‌ ഇശ്‌റത്തിനെ സംഘടനയിലേക്ക്‌ കൊണ്ടുവന്നത്‌ എന്നാണ്‌ ഹെഡ്‌ലിയുടെ മൊഴിയില്‍ പറയുന്നതെന്ന്‌ റിപ്പോര്‍ട്ടുകളിലുണ്ട്‌. `ഏറ്റുമുട്ടല്‍' നടന്നതിന്‌ തൊട്ടുപിറകെ നരേന്ദ്ര മോഡിയും മുസമ്മില്‍ റിക്രൂട്ട്‌ ചെയ്‌തയാളാണ്‌ ഇശ്‌റത്‌ ജഹാനെന്ന്‌ പറഞ്ഞിരുന്നു. പിന്നീട്‌ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ മുസമ്മില്‍ റിക്രൂട്ട്‌ ചെയ്‌തതാണ്‌ ഇശ്‌റത്‌ ജഹാനെന്ന്‌ ആരോപിച്ചിരുന്നു. ഇത്‌ രണ്ടും ശരിവെക്കുന്നതാണ്‌ ഹെഡ്‌ലിയുടെ മൊഴി എന്നതാണ്‌ ഒരു വാദം. കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്‌മൂലത്തില്‍ പറഞ്ഞതും മോഡി ഉരുവിട്ടതുമായ കാര്യങ്ങള്‍ ഇന്റലിജന്‍സ്‌ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്‌. ഈ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടാണ്‌ വ്യാജമായി തയ്യാറാക്കിയതാണെന്ന സംശയം ഉയര്‍ന്നിരിക്കുന്നത്‌. അപ്പോള്‍ പിന്നെ എന്‍ ഐ എ ഉദ്യോഗസ്ഥന്‍ ചോര്‍ത്തിക്കൊടുത്ത ഹെഡ്‌ലിയുടെ മൊഴിയുടെ അടിസ്ഥാനമെന്തായിരിക്കും? 


ഇശ്‌റത്തും കൂട്ടരും ഭീകരവാദികളാണെന്ന്‌ തെളിഞ്ഞുവെന്നും `ഏറ്റുമുട്ടലി'ല്‍ അവരെ വധിച്ചത്‌ ശരിയായിരുന്നുവെന്നുമുള്ള തങ്ങളുടെ വാദം ഹെഡ്‌ലിയുടെ മൊഴിയോടെ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നാണ്‌ ബി ജെ പി ഔദ്യോഗികമായി പ്രതികരിച്ചത്‌. മുംബൈ ഭീകരാക്രമണം പോലുള്ള അനിതര സാധാരണമായ ഒരു ക്രൂരതയുടെ ആസൂത്രകന്റെ വാക്കുകള്‍ വിശ്വസിച്ച്‌ നിലപാട്‌ തീരുമാനിക്കുന്നതിലേക്ക്‌ ദേശീയ ബോധത്തിലും രാജ്യസ്‌നേഹത്തിലും വിട്ടുവീഴ്‌ചയില്ലാത്ത ഒരു പാര്‍ട്ടി മാറിയതും കൗതുകകരം തന്നെ.
ഹെഡ്‌ലിയുടെ മൊഴിയില്‍ ഇശ്‌റത്തിനെക്കുറിച്ച്‌ മാത്രമേ പരാമര്‍മുള്ളോ എന്നതും അറിയില്ല. പക്ഷേ, പുറത്തുവന്നത്‌ ഇശ്‌റത്തിനെക്കുറിച്ചുള്ള കാര്യങ്ങള്‍ മാത്രമാണ്‌. വിവരങ്ങള്‍ തിരഞ്ഞെടുത്തതാണെന്ന്‌ വ്യക്തം. ഇശ്‌റത്തിന്റെ പേരിലാണ്‌ ആ കേസ്‌ അറിയപ്പെടുന്നത്‌. അവരുടെ മാതാവ്‌ ശമീമ കൗസറാണ്‌ പരാതിയുമായി ആദ്യമെത്തിയത്‌. അവരെ നിശ്ശബ്‌ദരാക്കാന്‍ സാധിച്ചാല്‍ ചിലര്‍ക്കൊക്കെ രക്ഷപ്പെടാം. മറ്റു ചിലര്‍ക്ക്‌ തലവേദന ഒഴിയും. പിന്നെയുള്ളത്‌ ജാവീദ്‌ ഗുലാം ശൈഖാണ്‌. വൈകാതെ ഹെഡ്‌ലിയുടെ മൊഴിയിലെ ജാവീദിനെതിരായ പരാമര്‍ശങ്ങള്‍ പുറത്തുവന്നേക്കാം. ജാവീദിന്റെ പിതാവ്‌ ഗോപിനാഥ പിള്ള സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ടല്ലോ. 


കൊല്ലപ്പെട്ട മറ്റു രണ്ടു പേരുടെ കാര്യത്തില്‍ ഒന്നും സംഭവിക്കാനില്ല. കാരണം പാക്‌ വംശജരാണെന്ന്‌ കരുതുന്ന അംജദ്‌ അലി റാണയും സീഷന്‍ ജോഹറും എന്നതല്ലാതെ മറ്റൊരു വിവരവും ഇവരെക്കുറിച്ച്‌ അറിയില്ല. ഇതുതന്നെയാണോ പേരുകള്‍ എന്നതുപോലും വെടിവെച്ചിട്ട ഗുജറാത്ത്‌ പോലീസിനും മുന്നറിയിപ്പ്‌ റിപ്പോര്‍ട്ട്‌ നല്‍കിയ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ക്കും അറിയില്ല. പാക്‌ വംശജരെന്ന നിലക്ക്‌ ലശ്‌കര്‍ പ്രവര്‍ത്തകരാവാതിരിക്കാന്‍ തരമില്ല എന്നത്‌ മാത്രമാണ്‌ ന്യായം. പാക്‌ പൗരന്‍മാരാണെങ്കില്‍ ലശ്‌കറെ ത്വയ്യിബയുമായും മുസമ്മിലുമായും അതുവഴി ഡേവിഡ്‌ ഹെഡ്‌ലിയുമായും കൂടുതല്‍ ബന്ധമുണ്ടാവേണ്ടത്‌ ഇവര്‍ക്കാണ്‌. എന്നിട്ടും ഇവരെക്കുറിച്ച്‌ ഹെഡ്‌ലിയൊന്നും പറഞ്ഞില്ല. അല്ലെങ്കില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്തുവന്നില്ല. 


വിവരങ്ങളുടെ തിരഞ്ഞെടുപ്പ്‌ അത്ര സൂക്ഷ്‌മമായിരുന്നു. അങ്ങനെ സൂക്ഷ്‌മമായി വിവരങ്ങള്‍ തിരഞ്ഞെടുത്ത്‌ പ്രചരിപ്പിക്കുന്നവര്‍ എന്‍ ഐ എയിലുണ്ടെങ്കില്‍ പിന്നെ കൂടുതല്‍ പറയേണ്ടതുമില്ല. പാക്‌ പൗരന്‍മാര്‍ക്കെതിരെ ഹെഡ്‌ലി മൊഴിയൊന്നും നല്‍കിയിട്ടില്ലെങ്കില്‍ ബി ജെ പിക്ക്‌ പ്രതിഷേധിക്കാം.
ഹെഡ്‌ലിയുടെ മൊഴിയെ ആധാരമാക്കി, പരേതയായ ഇശ്‌റഹ്‌ത ജഹാനെതിരെ കേസെടുക്കുക എന്നതാണ്‌ ഇനി എന്‍ ഐ എക്ക്‌ ചെയ്യാവുന്നത്‌. ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്‌ദനിയെ ആരോപണവിധേയരുടെ പട്ടികയില്‍ 31-ാം സ്ഥാനത്ത്‌ ചേര്‍ത്തത്‌ തടിയന്റവിട നസീറിന്റെ മൊഴിയനുസരിച്ചാണല്ലോ.