ആഫ്രിക്കാ ഭൂഖണ്ഡത്തിന്റെ തെക്കു കിഴക്കന്‍ തീരത്താണ് മൗറീഷ്യസ് എന്ന ദ്വീപ് രാഷ്‌ട്രം. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് പടിഞ്ഞാറും. വിനോദ സഞ്ചാരത്തിന് കേള്‍വി കേട്ട നാട്. ഹിന്ദി, തമിഴ് ചലച്ചിത്ര വ്യവസായം ഏറെ ആശ്രയിക്കുന്നുണ്ട് ഈ സ്ഥലത്തെ. ഇത് മാത്രമല്ല ഇന്ത്യയെ സംബന്ധിച്ച് മൗറീഷ്യസിനുള്ള സ്ഥാനം. ഇന്ത്യയിലേക്ക് നേരിട്ട് നിക്ഷേപം നടത്തുന്ന വിദേശരാഷ്‌ട്രങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് വിവിധ ദ്വീപുകളുടെ സമാഹാരമായ ഈ രാജ്യം. ദ്വീപുകളുടെ സമാഹാരമായ, രണ്ട് കോടിയില്‍ താഴെ ജനസംഖ്യയുള്ള ഈ രാജ്യത്തു നിന്ന് ഇത്രയും വലിയ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുന്നുവെന്നത് കൗതുകകരമായ ചോദ്യമാണ്. കൗതുകത്തിന് അപ്പുറത്തുള്ള കള്ളക്കളികള്‍ ഇതിലുണ്ട് താനും.
ക്രിക്കറ്റ് വ്യവസായമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സാമ്പത്തിക ക്രമക്കേട് പുറത്തുവന്നപ്പോള്‍ വിവിധ ടീമുകളിലെ ഓഹരി പങ്കാളിത്തം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വിവിധ ടീമുകളില്‍ മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്‌ത കമ്പനികള്‍ കോടികള്‍ നിക്ഷേപം നടത്തിയതായി കണ്ടെത്തിയിരുന്നു. മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്‌ത കമ്പനികളുടെ ഉടമസ്ഥര്‍ ഇന്ത്യക്കാര്‍ തന്നെയായിരുന്നു. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ് അനുവദിച്ചപ്പോള്‍ സര്‍ക്കാര്‍ ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്‌ടമുണ്ടായെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോഴും മൗറീഷ്യസ് കേന്ദ്രമായ കമ്പനികളെക്കുറിച്ച് പരാമര്‍ശമുണ്ടായി. ടെലികോം സേവനത്തിനുള്ള ലൈസന്‍സ് ലഭിച്ച കമ്പനികളില്‍ ഓഹരിയെടുത്ത ഇന്ത്യന്‍ കമ്പനികളില്‍ മൗറീഷ്യസ് കേന്ദ്രമായ കമ്പനികള്‍ക്ക് ഓഹരിയുണ്ടായിരുന്നു. ചില കമ്പനികളുടെ ഓഹരികള്‍ പലകുറി കൈമാറ്റം ചെയ്‌തതായും കണ്ടെത്തി. ഇങ്ങനെയുള്ള കൈമാറ്റത്തില്‍ മൗറീഷ്യസ് കേന്ദ്രമായ കമ്പനികളാണ് പങ്കാളികളായത്. മിക്കവാറും കമ്പനികളുടെ മൗറീഷ്യസിലെ വിലാസം ഒന്ന് തന്നെയാണെന്നും കണ്ടെത്തി. ഈ കമ്പനികളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സുപ്രീം കോടതിയെ അറിയിച്ചത്. സത്യം പുറത്തുവരുമെന്ന് പ്രതീക്ഷിക്കുക.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേങ്കിലുള്ള അക്കൗണ്ടില്‍ 806 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട് എന്ന ആരോപണം നേരിടുന്ന ഹസന്‍ അലി ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌ത് ചോദ്യം ചെയ്‌തു വരികയാണ്. ചോദ്യം ചെയ്യലിനിടെ ഹസന്‍ അലി ഖാന്‍ വെളിപ്പെടുത്തിയതായി പറയുന്ന ചില കാര്യങ്ങള്‍ മൗറീഷ്യസ് കേന്ദ്രമായ ഈ കമ്പനികളെക്കുറിച്ച് ചില സൂചനകള്‍ നല്‍കുന്നുണ്ട്. അലി ഖാന്‍ പറഞ്ഞതായി പുറത്തുവന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് രാജ്യത്തെ ജനങ്ങളെ കബളിപ്പിച്ച് നടത്തുന്നത് കൊടിയ തട്ടിപ്പാണ്. ഏറെക്കാലമായി ഊഹാപോഹമായി പ്രചരിച്ചിരുന്ന തട്ടിപ്പിന് തെളിവായി മാറും ഹസന്‍ അലി ഖാന്റെ വാക്കുകള്‍ എന്നാണ് കരുതേണ്ടത്.
അഴിമതിയിലൂടെയും ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെയും കൈക്കലാക്കുന്ന കോടിക്കണക്കിന് രൂപ രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ചേരുന്ന മാഫിയ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തും. മൗറീഷ്യസിലും മറ്റും രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികളിലൂടെ (ഇവ പേരിന് മാത്രമുള്ളതായിരിക്കും) നേരിട്ടുള്ള വിദേശ നിക്ഷേപമായി ഈ പണം ഇന്ത്യയിലേക്ക് മടങ്ങിയെത്തും. കടത്തിക്കൊണ്ടുപോകുന്ന കള്ളപ്പണം വ്യവസായങ്ങളിലേക്ക് വിദേശ നിക്ഷേപമായി എത്തുമ്പോള്‍ വെളുത്ത പണമാകും. രാഷ്‌ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബിനാമി പങ്കാളിത്തമുള്ള വ്യവസായങ്ങളിലേക്കാണ് ഈ പണം തിരികെ എത്തുന്നത്. അതിന് തെളിവുകള്‍ ഐ പി എല്ലിലും ടെലികോം രംഗത്തും ഉള്‍പ്പെട്ട കമ്പനികളുടെ ഉടമസ്ഥത നരീക്ഷിച്ചാല്‍ ലഭിക്കും. വലിയ അഴിമതികള്‍ പുറത്തുവന്നതിന് ശേഷവും കള്ളപ്പണത്തിന്റെ ഈ ചാക്രിക വിനിമയം തടയാന്‍ എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത്? മൗറീഷ്യസിലെ കമ്പനികളില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന് തത്‌കാലത്തേക്കെങ്കിലും തടയിടുന്നത് നന്നാവുമെന്ന് അവര്‍ക്ക് തോന്നാത്തത് എന്തുകൊണ്ടാണ്? ഉത്തരം ഹസന്‍ അലി ഖാന്റെതായി പുറത്തുവന്ന മൊഴികളിലുണ്ട്. മഹാരാഷ്‌ട്രയിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരുടെ പണം താന്‍ വെളിപ്പിച്ചുകൊടുത്തിട്ടുണ്ടെന്നാണ് ഖാന്‍ പറയുന്നത്. ഈ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരും ഇന്ന് കേന്ദ്ര മന്ത്രിസഭയിലെ നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ധന അച്ചുതണ്ടായ ഈ നേതാക്കളെ വെറുപ്പിച്ച് അധികാരത്തില്‍ തുടരാന്‍ മന്‍മോഹന്‍ സിംഗിന് സാധിക്കുകയുമില്ല.
1991ല്‍ അധികാരത്തിലേറിയ പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാറില്‍ ധനമന്ത്രിയായി ചുമതലയേറ്റ ഡോ. മന്‍മോഹന്‍ സിംഗ് 1992ല്‍ കൊണ്ടുവന്ന സംവിധാനമാണ് പാര്‍ട്ടിസിപ്പേറ്ററി നോട്ട്. ഇന്ത്യയില്‍ രജിസ്‌ട്രേഷനില്ലാത്ത വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ അനുവാദം നല്‍കുന്നതാണ് ഈ സംവിധാനം. അന്നുമുതലിന്നോളം പാര്‍ട്ടിസിപ്പേറ്ററി നോട്ട് സമ്പാദിച്ച് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുകയും ലാഭമെടുത്ത് മടങ്ങുകയും ചെയ്‌ത ധനകാര്യ സ്ഥാപനങ്ങള്‍ നിരവധിയാണ്.
കള്ളപ്പണം ഓഹരി വിപണികളിലേക്ക് ഒഴുകുന്നുവെന്ന ആരോപണം ഇടക്കാലത്ത് ഉയര്‍ന്നിരുന്നു. ഭീകര വാദ സംഘടനകള്‍ ഓഹരി വിപണിയില്‍ ഇടപെട്ട് തങ്ങളുടെ പ്രവര്‍ത്തനത്തിന് വേണ്ട പണം സമ്പാദിക്കുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായിരുന്ന എം കെ നാരായണന്‍ പറയുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന് പാര്‍ട്ടിസിപ്പേറ്ററി നോട്ട് വഴിയുള്ള ഇടപാടുകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നു. പാര്‍ട്ടിസിപ്പേറ്ററി നോട്ടിലൂടെ വിപണനം നടത്താന്‍ ഉദ്ദേശിക്കുന്ന വിദേശ ധനകാര്യ സ്ഥാപനത്തിന്റെ ആകെ മൂലധനത്തിന്റെ 40 ശതമാനം വരുന്ന തുക മാത്രമേ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനാകൂ എന്നതായിരുന്നു വ്യവസ്ഥ. ഈ നിയന്ത്രണം പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് ഇന്ത്യന്‍ വിപണികള്‍ കുത്തനെ ഇടിഞ്ഞു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് 1,700 പോയിന്റാണ് ഒറ്റ ദിവസം ഇടിഞ്ഞത്. ഓഹരി വിപണിയിലേക്ക് ഒഴുകിയിരുന്ന കണക്കില്ലാത്ത പണം എത്രയായിരുന്നുവെന്നും അത് ഏതളവില്‍ നിയന്ത്രിക്കപ്പെട്ടുവെന്നും മനസ്സിലാക്കാന്‍ ഈ ഇടിവിന്റെ കണക്ക് മാത്രം മതി. നിയന്ത്രണം വൈകാതെ ഒഴിവാക്കി സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു കൊടുത്തു ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ആര്‍ക്ക് വേണ്ടി?
ഈ ചോദ്യത്തിനും ഹസന്‍ അലി ഖാന്റെ മൊഴി മറുപടി നല്‍കുന്നുണ്ട്. രാഷ്‌ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പക്കലുള്ള അനധികൃത സമ്പാദ്യത്തില്‍ ഒരു വിഹിതം പാര്‍ട്ടിസിപ്പേറ്ററി നോട്ട് സൗകര്യം ഉപയോഗപ്പെടുത്തി ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയാണ് ചെയ്‌തിരുന്നത്. ഇതോടെ കള്ളപ്പണം ഓഹരി കൈമാറ്റത്തിനായി നികുതി ഒടുക്കപ്പെട്ട വെളുത്ത പണമായി മാറി. ഇങ്ങനെ അലക്കിവെളുപ്പിച്ച പണം എത്ര കോടി വരും? 1992ല്‍ ആരംഭിച്ച പാര്‍ട്ടിസിപ്പേറ്ററി നോട്ടിന് 19 വയസ്സ് പ്രായമായിരിക്കുന്നു. ഇടപാടുകള്‍ നടത്തുന്നത് ഹസന്‍ അലി ഖാന്‍ മാത്രമായിരിക്കുകയുമില്ല. എന്നിട്ടും പാര്‍ട്ടിസിപ്പേറ്ററി നോട്ട് സമ്പ്രദായം തത്‌കാലത്തേക്ക് നിര്‍ത്തലാക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗോ പ്രണാബ് കുമാര്‍ മുഖര്‍ജിയോ ആലോചിക്കുന്നതേയില്ല.
ഇവിടെ കള്ളപ്പണം വെളുപ്പിക്കുക എന്നത് മാത്രമല്ല നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇത്തരം അധോലോക സാമ്പത്തിക ശക്തികള്‍ പ്രവഹിപ്പിക്കുന്ന പണം ഓഹരി വിപണികളെ പൊടുന്നനെ ത്രസിപ്പിക്കും. ഇടപാടുകള്‍ സജീവമാകുകയും വരുമാനം ഉത്‌പാദിപ്പിക്കപ്പെടുകയും ചെയ്യുന്നതോടെ ഇവിടേക്ക് ആകര്‍ഷിക്കപ്പെടുന്ന സാധാരണക്കാരായ നിക്ഷേകര്‍ ധാരാളമാണ്. വിയര്‍പ്പിന്റെ മൂല്യം ഓഹരിയിലേക്ക് തിരിച്ചുവിട്ട് ലാഭത്തിന് കാത്തിരിക്കുന്ന ലക്ഷക്കണക്കിനാളുകളെ പറ്റിച്ച് ഈ കള്ളപ്പണക്കാര്‍ ലാഭമെടുത്ത് മടങ്ങും. അതോടെ ചില സാധാരണക്കാരെങ്കിലും തിരിച്ചുകയറാന്‍ കഴിയാത്ത ഋണഗര്‍ത്തത്തിലേക്ക് പതിക്കുകയും ചെയ്യും. ചുരുക്കത്തില്‍ കള്ളപ്പണക്കാര്‍ ജനത്തെ വീണ്ടും പിഴിയുന്ന മറ്റൊരു മേഖലയായി ഇവിടം മാറും.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനെന്ന പേരില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നുണ്ട് കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം 40,000 കോടിയുടെ ഓഹരി വില്‍പ്പനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഹരി പൊതുജനങ്ങള്‍ക്ക് കൈമാറുക മാത്രമാണ് ചെയ്യുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം. എന്നാല്‍ മുന്‍ചൊന്ന കള്ളപ്പണക്കാര്‍ തന്നെയാണ് ഈ ഓഹരികളും കൈക്കലാക്കുക. സര്‍ക്കാറിനെയും ജനങ്ങളെയും വെട്ടിച്ചുണ്ടാക്കിയ പണം കൊണ്ട് പൊതുമുതലിന്റെ ഉടമസ്ഥരാകുകയാണ് ഇവര്‍. ഈ സമാന്തര സമ്പദ്‌വ്യവസ്ഥയെ നയ വിരുദ്ധമായി കൊഴുക്കാന്‍ അനുവദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് നേതൃത്വവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമെന്ന് ആവര്‍ത്തിച്ച് ഉദ്‌ഘോഷിക്കുന്നത്.
മഹാത്‌മാ ഗാന്ധിയുടെ പേരില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയുണ്ടാക്കി നൂറോ നൂറ്റമ്പതോ രൂപ വീതം വര്‍ഷത്തില്‍ 100 ദിനം നല്‍കി ജനങ്ങളെ അടക്കിയിരുത്തുന്നത്. സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ അര്‍ഹതയുള്ള കരങ്ങളില്‍ തന്നെയാണോ എത്തുന്നത് എന്ന് ഉറപ്പാക്കാന്‍ യുനീഖ് ഐഡന്റിറ്റി നമ്പര്‍ നല്‍കുന്നത്. നൂറ്റമ്പത് രൂപയുടെ തൊഴിലും കുറഞ്ഞ വിലക്കുള്ള അരിയും ലഭിക്കുന്നതിനാണ് കര്‍ക്കശമായ അര്‍ഹതാ മാനദണ്ഡങ്ങള്‍. കുറഞ്ഞ വിലക്കുള്ള അരി അര്‍ഹതയില്ലാത്ത കരങ്ങളില്‍ എത്തിപ്പെട്ടാലുണ്ടാകാന്‍ ഇടയുള്ള വലിയ അപകടത്തെക്കുറിച്ച് കൂലംകഷമായി ചിന്തിക്കുന്നുണ്ട് നമ്മുടെ ഭരണകൂടം. അതുകൊണ്ടാണ് ഭക്ഷ്യ സുരക്ഷാ ബില്ലിന് ഇത്ര കാലമായിട്ടും അന്തിമ രൂപമാകാത്തത്.
അര്‍ഹതാ മാനദണ്ഡങ്ങളുടെ അപ്പുറവും ഇപ്പുറവുമായി കഴിയുന്ന കോടിക്കണക്കിനാളുകള്‍ അഞ്ചാണ്ട് കൂടുമ്പോള്‍ വോട്ട് ചെയ്യാന്‍ മാത്രമുള്ളവരാണ്. അധികാരം നിലനിര്‍ത്തണമെങ്കില്‍ പണം അനിവാര്യമാണ്. വിശ്വാസ വോട്ടെടുപ്പുകളില്‍ കോടികള്‍ മറിക്കാന്‍ ത്രാണിയുള്ളവരാണ് ഇവിടെ ആവശ്യം. അവരെ പിണക്കി മുന്നോട്ടുപോകുക പ്രയാസമാണ്. മൗറീഷ്യസിലെ കമ്പനികളില്‍ നിന്ന് ഒഴുകുന്ന കോടികള്‍ നിയന്ത്രിച്ചാലും പാര്‍ട്ടിസിപ്പേറ്ററി നോട്ട് പിന്‍വലിച്ചാലും തടയപ്പെടുക ഇത്തരക്കാരുടെ പിന്‍ബലമാണ്. അതിന് മന്‍മോഹന്‍ സിംഗോ പ്രണാബ് മുഖര്‍ജിയോ തയ്യാറാകില്ല. അതേക്കുറിച്ച് ആലോചിച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സമ്മതിക്കുകയുമില്ല. കോടികളുടെ കോഴയും അന്വേഷണവും ഒരു ലളിത് മോഡിയിലോ ഒരു എ രാജയിലോ തടഞ്ഞ് നിന്നുകൊള്ളും. അതിലപ്പുറം കടക്കാതിരിക്കണമെങ്കിലും ഈ പണം തന്നെ തുണക്കണം.
പുതിയതായിരിക്കുക എന്നത് പ്രധാനമാണ്. പ്രത്യേകിച്ച് വാണിഭത്തില്‍. മാതൃക, രൂപകല്‍പ്പന തുടങ്ങി എല്ലാ രീതിയിലും പുതിയത് അവതരിപ്പിക്കുക എന്നത് ഏത് വാണിജ്യത്തിലും വിജയത്തിന് അനിവാര്യമാണ്. പുതിയതിനായി ആഗ്രഹിക്കാത്തവരും കുറവ്. പുതുമുഖങ്ങളെ കൂടുതലായി രംഗത്തിറക്കുന്നത് തിരഞ്ഞെടുപ്പ് വിജയത്തിന് വഴിയൊരുക്കുമെന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ കരുതുന്നതും അതുകൊണ്ടാണ്. വന്നുവന്ന് അഴിമതി പോലും പുതിയതാകണമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. കേരളത്തില്‍ മാത്രമല്ല, ഡല്‍ഹിയിലും ഇത് തന്നെയാണ് സ്ഥിതി.
ഒന്നാം യു പി എ സര്‍ക്കാര്‍ 2008 ജൂലൈയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച ദിവസങ്ങളില്‍ രാഷ്‌ട്രീയ നാടകങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. പിന്തുണ പിന്‍വലിച്ച ഇടത് പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സമാജ്‌വാദി പാര്‍ട്ടി അവസാന നിമിഷം കളം മാറ്റിച്ചവിട്ടി. ആണവ കരാര്‍ രാജ്യത്തിന് ഗുണകരമാണെന്നും ആരോപിക്കുന്ന വിധത്തിലുള്ള ചതിക്കുഴികളൊന്നും അതിലില്ലെന്നും റോക്കറ്റ് സാങ്കേതികവിദഗ്‌ധന്‍ മാത്രമായ മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുല്‍ കലാമില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് എഴുതിവാങ്ങിയ മുലായം സിംഗ് യാദവും അമര്‍ സിംഗും സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചു. വിശ്വാസ പ്രമേയത്തെ എതിര്‍ക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച അജിത് സിംഗിന്റെ രാഷ്‌ട്രീയ ലോക് ദള്‍, പിന്നെയൊന്ന് മനസ്സ് മാറ്റി. അവസാനം പ്രതിപക്ഷത്തിനൊപ്പം നിന്ന് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്‌തു. യു പി എ സര്‍ക്കാറിന്റെ ശക്തനായ വക്താവായി മാറിയ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്‌ദുല്ല തനിക്ക് ലഭിച്ച രണ്ട് മിനുട്ട് നേരം കൊണ്ട് ലോക്‌സഭയില്‍ നടത്തിയ പ്രകടനം ആശ്ചര്യ ജനകമായിരുന്നു. ഇടത് പാര്‍ട്ടികളുടെ നിലപാടിലെ പൊള്ളത്തരം സ്വാനുഭവം വിവരിച്ച് അബ്‌ദുല്ല സമര്‍ഥിച്ചു. ഇതിനെല്ലാം ശേഷമായിരുന്നു വലിയ നാടകം. പ്രമേയം വോട്ടിനിടുന്നതിന് തൊട്ടുമുമ്പ് ബി ജെ പിയിലെ ചില അംഗങ്ങള്‍ ചേര്‍ന്ന് ഒരു കോടി രൂപ സഭയുടെ മേശപ്പുറത്തുവെച്ചു. ജനാധിപത്യത്തെ വിലക്കു വാങ്ങിയതിന് തെളിവാണിതെന്ന് നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടി ഇവര്‍ അവകാശപ്പെട്ടു.
ബി ജെ പിയുടെ ഈ നോട്ട് നാടകത്തിന്റെ വിശ്വാസ്യത വൈകാതെ ചോദ്യം ചെയ്യപ്പെടുന്ന കാഴ്‌ചയാണ് പിന്നീട് കണ്ടത്. പണം ബി ജെ പി തന്നെ സമാഹരിച്ച് എത്തിച്ചതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവ് അമര്‍ സിംഗിന്റെ വസതിയില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്ന് ബി ജെ പി അവകാശപ്പെട്ടു. എന്തായാലും വോട്ട് വാങ്ങാനായി പണം കൈമാറ്റം ചെയ്യപ്പെട്ടോ ഇല്ലയോ എന്നത് തീര്‍ച്ചയില്ലാതെ തുടരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് കിഷോര്‍ ചന്ദ്ര ദേവിന്റെ നേതൃത്വത്തിലുള്ള പാര്‍ലിമെന്ററി സമിതി തുടരന്വേഷണമാണ് ശിപാര്‍ശ ചെയ്‌തത്. പ്രത്യേകിച്ച് അന്വേഷണമൊന്നുമുണ്ടായില്ല. ലോക്‌സഭയില്‍ ഹാജരാക്കിയ ഒരു കോടി രൂപ എവിടെ നിന്ന് വന്നുവെന്നത് അജ്ഞാതമായി തുടരുന്നു.
ഈ പശ്ചാത്തലം മനസ്സില്‍വെച്ച് വേണം വിക്കിലീക്‌സ് ചോര്‍ത്തിയെടുത്ത അമേരിക്കന്‍ നയതന്ത്ര രേഖകളില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കാന്‍. എം പിമാരെ വിലക്കുവാങ്ങാനായി 60 കോടിയോളം രൂപ സമാഹരിച്ചിട്ടുണ്ടെന്ന് യു എസ് ഉദ്യോഗസ്ഥനോട് പറഞ്ഞ നചികേത കപൂര്‍ രണ്ട് പെട്ടികളില്‍ സൂക്ഷിച്ച പണം കാണിച്ചുകൊടുക്കുകയും ചെയ്‌തുവെന്ന് നയതന്ത്ര രേഖയില്‍ പറയുന്നു. അമേരിക്കയുടെ സന്ദേശങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗോ സാധാരണഗതിയില്‍ സന്ദേഹം പ്രകടിപ്പിക്കാറില്ല. അത്രക്ക് ദൃഢമാണ് ബന്ധം. അത് പലകുറി തുറന്ന് പറയുകയും ചെയ്‌തു. ഇതുപക്ഷേ, സ്വന്തം തടിക്ക് കേടുണ്ടാക്കുന്ന സന്ദേശമാണ്. എങ്കിലും പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ല. അതുകൊണ്ട് പ്രണാബ് മുഖര്‍ജി ലോക്‌സഭയില്‍ മറുപടി പറഞ്ഞത് ഇങ്ങനെയാണ് - ``സന്ദേശത്തിന്റെ ഉള്ളടക്കം നിഷേധിക്കാനോ സ്ഥിരീകരിക്കാനോ സര്‍ക്കാറിന് സാധിക്കില്ല. ഇത്തരമൊരു സന്ദേശമുണ്ടോ എന്നതും സര്‍ക്കാറിന് അറിയില്ല.''
ഏതാണ്ട് ഇതേ വാദം തന്നെയാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പിന്നീട് പാര്‍ലിമെന്റില്‍ പറഞ്ഞത്. ഒരു പരമാധികാര രാജ്യത്തിന്റെ ഇന്ത്യയിലെ എംബസി അതിന്റെ വിദേശകാര്യ വകുപ്പിന് അയക്കുന്ന സന്ദേശം ഇന്ത്യാ ഗവണ്‍മെന്റിന് ലഭിക്കില്ല. വിശ്വാസ വോട്ട് നേടാന്‍ കോഴ നല്‍കിയെന്ന ആരോപണം മന്‍മോഹന്‍ നിഷേധിക്കുകയും ചെയ്‌തു.
വിശദീകരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധേയമായത് പ്രണാബിന്റെ മറ്റു ചില വാക്യങ്ങളാണ്. വിശ്വാസ വോട്ട് നടന്നത് 14-ാം ലോക്‌സഭയിലാണ്. അന്നത്തെ കാര്യങ്ങളെല്ലാം ആ സഭയുടെ കാലാവധി പൂര്‍ത്തിയായതോടെ അവസാനിച്ചു. ഇപ്പോഴത്തെ സര്‍ക്കാറിന് ഉത്തരവാദിത്വമുള്ളത് 15-ാം ലോക്‌സഭയോടാണ്. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച് അന്വേഷണം നടത്തേണ്ട കാര്യമില്ല. അതെ, പഴയ കാര്യങ്ങളാണ്. കഴിഞ്ഞ ലോക്‌സഭയുടെ കാലത്ത് നടന്നത്. പുതിയ ലോക്‌സഭയുടെ കാലത്ത് നടക്കുന്നതാണെങ്കിലേ ഈ സര്‍ക്കാറിന് ഉത്തരവാദിത്വമുള്ളൂ. പുതിയതാണെങ്കില്‍ അന്വേഷിക്കാമെന്ന് അര്‍ഥം. കൈക്കൂലി പുത്തനായി പിടികൂടപ്പെടുന്നത് അപൂര്‍വം സംഭവങ്ങളില്‍ മാത്രമാണ്. കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയും അവര്‍ മാര്‍ക്ക് ചെയ്‌ത് കൈമാറുന്ന പണം കോഴയായി നല്‍കുകയും ചെയ്യുന്ന സംഭവങ്ങളില്‍ മാത്രം. അത്തരം സംഗതികളൊന്നും ബഹുമാനപ്പെട്ട പാര്‍ലിമെന്റംഗങ്ങളുടെ കാര്യത്തില്‍ നടക്കില്ല. കോഴ നല്‍കുന്നവരുടെ കാവല്‍ക്കാരായി അന്വേഷണ ഏജന്‍സികളുള്ളപ്പോള്‍ പ്രത്യേകിച്ചും. പണം നല്‍കി എം പിമാരെ വാങ്ങി അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തിയ തഴക്കം കോണ്‍ഗ്രസിന് ഉണ്ടുതാനും. അതുകൊണ്ട് കൈക്കൂലിക്കേസ് തീര്‍ത്തും പുതിയതായി വേണമെന്ന് പ്രണാബ് മുഖര്‍ജി വാശി പിടിച്ചാല്‍ ബുദ്ധിമുട്ടാകും.
ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിനെ കഴുത്തോളം മുക്കിയ അഴിമതിക്കേസുകളൊന്നും പുതിയതല്ലെന്നതും ഓര്‍മവേണം. ടെലികോം ഇടപാട് നടന്നത് 2008ലാണ്. വോട്ടിന് കോഴ നല്‍കിയെന്ന ആരോപണത്തിന് കാരണമായ സംഭവം അരങ്ങേറുന്നതിനും മുമ്പ്. സാങ്കേതികമായി പറഞ്ഞാല്‍ 14-ാം ലോക്‌സഭയുടെ കാലത്ത് തന്നെ. വ്യാജ രേഖകളുടെ നിര്‍മിതി, ക്രമവിരുദ്ധമായി അനുമതികള്‍ വാങ്ങിയെടുക്കല്‍ എന്ന് വേണ്ട അഴിമതിയുടെ സര്‍വ രൂപങ്ങളും അരങ്ങേറി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുംബൈയില്‍ ആദര്‍ശ് ഫ്‌ളാറ്റ് ഉയര്‍ന്നത്. പിന്നെയും സമയമെടുത്തു ഇത് പുറത്തുവരാന്‍. എന്നിട്ടും അന്വേഷണമാരംഭിച്ചു. ഒരു മുഖ്യമന്ത്രിക്ക് കസേര പോകുകയും ചെയ്‌തു. കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി നടന്നത് മത്സരങ്ങളുടെ ഉദ്‌ഘാടനച്ചടങ്ങിന് ശേഷമല്ല. മത്സരങ്ങള്‍ നടത്തുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ തുടങ്ങിയ കാലം മുതലാണ്. അതിലും അന്വേഷണം നടക്കുന്നു. സംഗതി പുതിയതല്ലെങ്കിലും നിവൃത്തിയില്ലെങ്കില്‍ അന്വേഷണം നടത്തേണ്ടിവരുമെന്നതിന് തെളിവുകളാണിവ. അമേരിക്കന്‍ സന്ദേശത്തിലെ ഈ ആരോപണത്തെക്കുറിച്ചും വൈകാതെ അന്വേഷിക്കേണ്ടിവരും. അതുവരെ മാത്രമേ 14ഉം 15ഉം ലോക്‌സഭകളുടെ കാലഗണനകളെക്കുറിച്ചെല്ലാം വാദിക്കാനാകൂ.
മറ്റൊരു രാജ്യത്തിന്റെ സന്ദേശത്തെക്കുറിച്ച് അന്വേഷിക്കാന്‍ സാധിക്കില്ലെന്നാണ് പ്രണാബും മന്‍മോഹനും ഒരുപോലെ വാദിക്കുന്നത്. സന്ദേശത്തെക്കുറിച്ചല്ല, യൂത്ത് കോണ്‍ഗ്രസിന്റെ പഴയ ജനറല്‍ സെക്രട്ടറിയായ ഇന്ത്യക്കാരന്‍, ഇന്ത്യക്കാര്‍ തന്നെയായ പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് പണം കൈമാറിയെന്ന ആരോപണത്തെക്കുറിച്ചാണ്. കൈമാറാനായി ശേഖരിച്ച കോടിക്കണക്കിന് രൂപയെക്കുറിച്ചാണ്. അതിന്റെ ഉറവിടത്തെക്കുറിച്ചാണ്.
അഴിമതിയുടെ പഴക്കത്തെക്കുറിച്ച് പറയാന്‍ ഇനിയൊരു സമയം കൂടി വരും. അതറിയണമെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയുടെ നേതാക്കളോട് ചോദിച്ചാല്‍ മതി. 27 കൊല്ലം പഴകിയ കേസില്‍ തന്നെ ശിക്ഷിച്ചുവെന്ന് പറയുന്ന ഒരു നേതാവ് ജയിലില്‍ കഴിയുന്നുണ്ട്. 15 വര്‍ഷം മുമ്പുള്ള കേസാണ് പെണ്‍വാണിഭമെന്ന് മറ്റൊരു നേതാവ് പറയുന്നു. അത് മിക്കവാറും യു ഡി എഫ് നേതാക്കളൊക്കെ ആവര്‍ത്തിക്കുന്നു. 18 വര്‍ഷം മുമ്പത്തെ എണ്ണക്കേസ് എന്ന് പറയുന്ന നേതാക്കള്‍ രണ്ട് പേരുണ്ട്. ഇതേ കേസിലെ മറ്റൊരു ആരോപണ വിധേയനെ സുപ്രധാനമായ ഒരു സ്ഥാനത്തേക്ക് നിയമിച്ചത് മൂലമുണ്ടായ പ്രയാസങ്ങള്‍ മന്‍മോഹന്‍ സിംഗ് അനുഭവിച്ചിട്ട് അധികം ദിനമായില്ല. 13 കൊല്ലത്തെ പഴക്കമുണ്ട് ബ്രഹ്മപുരം കേസിനെന്ന് പറഞ്ഞുതരാനും ആളുണ്ട്. കുരിയാര്‍ കുറ്റി - കാരപ്പാറ പദ്ധതിയുടെ ഭാഗമായി ഇടതും വലതും കനാലുകള്‍ നിര്‍മിച്ചതില്‍ 14 വര്‍ഷം പഴക്കമുള്ള കേസുണ്ട് മറ്റൊരാള്‍ക്ക്. ഇതൊന്നും പോര ഇടത് പക്ഷത്തു നിന്ന് കൂടി നിര്‍ദേശങ്ങള്‍ വേണമെന്നാണെങ്കില്‍ പത്ത് വര്‍ഷത്തോളം പഴകിയ ലാവ്‌ലിനുമായും ആളുണ്ട്. മകന്‍ അഞ്ച് വര്‍ഷം മുമ്പ് നടത്തിയ ഇടപാടുകള്‍ അഴിമതിയാണെന്ന ആരോപണം നേരിടുന്ന നേതാവ് വേറെയും.
കേസുകള്‍ എങ്ങനെ പഴകിക്കണമെന്നും പഴകിയ കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഇവരോട് ചോദിച്ചാല്‍ പ്രണാബ് മുഖര്‍ജിക്കും ഡോ. മന്‍മോഹന്‍ സിംഗിനും എളുപ്പത്തില്‍ മനസ്സിലാക്കാനാകും. ആ കൈയടക്കം സ്വായത്തമാക്കുകയാണ് വേണ്ടത്. അല്ലാതെ പുത്തന്‍ അഴിമതിക്കേസുകള്‍ തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുകയല്ല. മറ്റ് വാണിഭങ്ങളുടെ കാര്യത്തിലെന്ന പോലെ ഇവിടെ പുതുമ ഒരു ആകര്‍ഷക ഘടകമല്ല. പഴമ ആകര്‍ഷണീയത കുറക്കുന്നുമില്ല. ഉപ്പിലിട്ടതിന്റെയും വീഞ്ഞിന്റെയും പോലെ പഴക്കമേറുന്തോറും വീര്യമേറുന്നവയുമുണ്ട്. അതിന് ഉദാഹരണം അവിടെത്തന്നെയുണ്ട്. 24 കൊല്ലം പഴകിയ ബോഫോഴ്‌സ് കേസ് ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ രൂപത്തിലും മറ്റും വീര്യമറിയിച്ചതല്ലേ? ക്വത്‌റോച്ചിക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ അനുവാദം നല്‍കിയ കീഴ്‌ക്കോടതി വിധി ഉയര്‍ന്ന കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഒരിക്കല്‍ കൂടി വീര്യമറിയാന്‍ അവസരവുമുണ്ട്.
അഴിമതിയുടെ രീതികള്‍ പുതിയതാക്കാന്‍ ശ്രമിക്കാവുന്നതാണ്. വിപണി നിരക്കിനേക്കാള്‍ കൂടിയ തുകക്ക് കരാര്‍ നല്‍കി അതിലൊരു വിഹിതം കൈക്കലാക്കുന്നത് പഴയ പുത്തൂരം രീതിയാണ്. വലിയ നിര്‍മാണക്കരാറുകള്‍ നല്‍കുമ്പോഴും യന്ത്രോപകരണങ്ങള്‍ വാങ്ങുമ്പോഴും കമ്മീഷന്‍ പറ്റുക എന്നത് കുറുപ്പന്‍മാരുടെ പഴഞ്ചന്‍ പതിവും. കമ്മീഷന്‍ എന്നത് അന്താരാഷ്‌ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട രീതിയായി മാറിയതുകൊണ്ടും അന്താരാഷ്‌ട്ര രീതിമര്യാദകളെല്ലാം അതേപടി സ്വീകരിക്കണമെന്നതില്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ബന്ധമുള്ളതുകൊണ്ടും കുറുപ്പന്‍മാരുടെ പഴഞ്ചന്‍ രീതി ഒരു കേസ് പോലുമാകില്ല വരും കാലത്ത്. കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി രീതികള്‍ പുതിയതാക്കാന്‍ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. കുറഞ്ഞ വിലക്ക് ടോയ്‌ലെറ്റ് പേപ്പര്‍ വാങ്ങി കൂടിയ വില ബില്ലില്‍ രേഖപ്പെടുത്തി. 15-ാം ലോക്‌സഭയുടെ അവസാനകാലത്ത് കുറച്ചധികം ടോയ്‌ലെറ്റ് പേപ്പര്‍ വാങ്ങുകയും അഴിമതി നടത്തുകയും ചെയ്‌താല്‍ 16-ാം ലോക്‌സഭയുടെ കാലത്ത് മാത്രമേ പ്രശ്‌നമുണ്ടാകൂ. പതിനഞ്ചാം സഭയുടെ കാലത്ത് നടന്ന പ്രശ്‌നങ്ങള്‍ക്ക് പതിനാറില്‍ ഉത്തരവാദിത്വമില്ല, ആര്‍ക്കും.
പാര്‍ട്ടിയോ വ്യക്തിയോ വലുത് എന്ന ചോദ്യം കേരള രാഷ്‌ട്രീയത്തിലെ തുടര്‍ ചര്‍ച്ചയായിട്ട് വര്‍ഷങ്ങളായി. വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്ന വാദമാണ് സി പി എമ്മിന്റെ ഔദ്യോഗിക നേതൃത്വം മുന്നോട്ടുവെക്കുന്നത്. അവര്‍ക്ക് അവരുടേതായ ന്യായങ്ങളുണ്ട്. മുന്നോട്ടുവെക്കുന്ന നയനിലപാടുകളുടെ വ്യത്യസ്‌തതയും അതില്‍ ഉറച്ചുനില്‍ക്കാന്‍ കാണിക്കുന്ന ധൈര്യവും വി എസ് അച്യുതാനന്ദനെ വേറിട്ട് നിര്‍ത്തുന്നുവെന്നും അതുകൊണ്ട് പാര്‍ട്ടിയേക്കാള്‍ വലിയ പ്രാധാന്യം അദ്ദേഹത്തിന് ലഭിക്കുകയാണെന്നും വി എസ്സിനെ പിന്തുണക്കുന്നവര്‍ പറയുന്നു. വി എസ്സ് പിന്തുടരുന്ന നയനിലപാടുകള്‍ പാര്‍ട്ടിയുടേത് തന്നെയാണെന്നും അദ്ദേഹത്തെ വേറിട്ട വഴിയിലാണെന്ന് വരുത്താന്‍ ശ്രമിക്കുന്നവര്‍ സി പി എമ്മില്‍ വിഭാഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നുമാണ് ഇതിന് ഔദ്യോഗിക നേതൃത്വത്തിന്റെ എതിര്‍വാദം.
വൈരനിര്യാതനബുദ്ധിയോടെ പ്രവര്‍ത്തിച്ച് സി പി എമ്മില്‍ ആധിപത്യം ഉറപ്പിച്ച ചരിത്രമാണ് വി എസ്സിന്റേത്. പ്രസിദ്ധമായ പാലക്കാട് വെട്ടിനിരത്തല്‍ അതിന്റെ ഏറ്റവും വലിയ ഉദാഹരണവും. താന്‍ കൈപിടിച്ച് സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കയറ്റിവിട്ട പിണറായി വിജയന്‍ പാര്‍ട്ടിയുടെ നിയന്ത്രണം പൂര്‍ണമായി കൈയടക്കുകയും എക്കാലത്തും ആഗ്രഹമായി കൊണ്ടുനടന്നിരുന്ന മുഖ്യമന്ത്രി പദം ലഭിക്കില്ലെന്ന് തോന്നുകയും ചെയ്‌തതോടെയാണ് ജനകീയ പ്രതിച്ഛായയുടെ സൃഷ്‌ടി ആരംഭിക്കുന്നത്. ഇടം കൈയില്‍ വലം കൈ കൊണ്ട് വെട്ടി വലം കൈ അന്തരീക്ഷത്തില്‍ വീശി പറ്റില്ല (ഈ പ്രയോഗത്തിന് പണ്ട് വായിച്ച ഒരു ഫീച്ചറിനോട് കടപ്പാട്) എന്ന് തറപ്പിച്ച് പറഞ്ഞിരുന്ന പാര്‍ട്ടി സെക്രട്ടറി യായിരുന്നു വി എസ്. 1991ല്‍ വിജയം മണത്തപ്പോള്‍ പാര്‍ട്ടി, പാര്‍ലിമെന്ററി പദവികള്‍ പരസ്‌പരം മാറാമെന്ന വാദം മുന്നോട്ടുവെച്ച് തിരഞ്ഞെടുപ്പിനിറങ്ങി. രാജീവ് ഗാന്ധി സ്‌ഫോടനത്തില്‍ മരിച്ചതോടെ ഉയര്‍ന്ന സഹതാപ തരംഗമില്ലായിരുന്നുവെങ്കില്‍ അന്ന് വി എസ് മുഖ്യമന്ത്രിയാവുമായിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ ഇന്നത്തെ ജനകീയ പ്രതിച്ഛായ ഉണ്ടാവുമായിരുന്നോ എന്ന് കൗതുകത്തിനെങ്കിലും ആലോചിച്ച് നോക്കാവുന്നതാണ്.
പാര്‍ട്ടിയില്‍ ഒതുക്കപ്പെടുന്നതില്‍ തളരാതെ, ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് 2001 - 06 കാലത്ത് വളര്‍ത്തിയെടുത്ത പ്രതിച്ഛായയാണ് അദ്ദേഹത്തെ 2006ലെ പ്രതിസന്ധിയില്‍ തുണച്ചത്. ഇപ്പോള്‍ സീറ്റ് നിഷേധിക്കപ്പെടുമ്പോഴുയരുന്ന പ്രതിഷേധങ്ങളുടെ കാരണവും അതാണ്. പാര്‍ട്ടിയില്‍ നിന്നും പുറത്തുനിന്നുമുള്ള സഹായത്തോടെ ദീര്‍ഘകാലമായി വി എസ് നടത്തി വന്ന വിവിധ അഴിമതിക്കേസുകളുടെ ഡിവിഡന്റ്, ഭരണത്തിന്റെ അവസാന നാളുകളില്‍ ലഭിച്ചത് കൂടുതല്‍ കരുത്തനാക്കുകയും ചെയ്‌തു. തന്നെ മത്സരിപ്പിക്കുക എന്നതല്ലാതെ പാര്‍ട്ടിക്ക് മറ്റൊരു മാര്‍ഗവുമില്ലെന്ന കണക്ക് കൂട്ടലില്‍ അദ്ദേഹം എത്തി. അതുകൊണ്ടാണ് സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ 2006ല്‍ നടത്തിയതുപോലൊരു ആസൂത്രിതമായ ചരടുവലിക്ക് തയ്യാറാവാതിരുന്നത്.
2006ല്‍ യു ഡി എഫ് പ്രതിരോധത്തില്‍ നില്‍ക്കെ, വി എസ്സിന്റെ സ്ഥാനാര്‍ഥിത്വ വിവാദം ശക്തമാക്കി സി പി എമ്മിനെയും ഇടത് മുന്നണിയെയും ദുര്‍ബലമാക്കാന്‍ ശ്രമിച്ച ചില മാധ്യങ്ങളെങ്കിലും ഇക്കുറി കരുതലെടുത്തു. വി എസ്സിനെ അമിതമായി ഉയര്‍ത്തിക്കാട്ടി, 2006ലേതുപോലൊരു അവസ്ഥ സൃഷ്‌ടിക്കുന്നത് ഇക്കുറി യു ഡി എഫിന് ഗുണകരമാവില്ലെന്ന് അവര്‍ കരുതി. അതവരുടെ രാഷ്‌ട്രീയം. അതില്‍ തെറ്റ് കാണാനാവില്ല. ഈ മാധ്യമങ്ങളുടെ പിന്തുണയില്‍ ഇടക്കാലത്തെങ്കിലും രമിച്ചു പോയതില്‍ വി എസ്സിന് ഇപ്പോഴൊരു കുണ്‌ഠിതം തോന്നുന്നുണ്ടാവണം. വി എസ്സിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ്, പ്രതിപക്ഷത്തിരിക്കേണ്ടിവന്നാലും ഒരു വ്യക്തിയെ അമിതമായി ആശ്രയിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് സി പി എം തീരുമാനിച്ചത്. പാര്‍ട്ടിയുടെ വീക്ഷണത്തിലൂടെ ഈ തീരുമാനത്തെ വിശകലനം ചെയ്‌താല്‍ ഇതില്‍ തെറ്റ് കാണാനാവില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പാര്‍ട്ടിയാണ്. ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് പാര്‍ട്ടിയുടെയും മുന്നണിയുടെയും നയനിലപാടുകളാണ്. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ജയ, പരാജയങ്ങള്‍ തീരുമാനിക്കപ്പെടേണ്ടതും. വ്യക്തിഗത മികവുകള്‍ ഇത്തരമൊരു മത്സരരീതിയെ സഹായിക്കാന്‍ പ്രയോജനപ്പെടുത്താം. അതിനപ്പുറം വേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് ആശയ തലത്തില്‍ വ്യാഖ്യാനിക്കാം. പ്രായോഗിക തലത്തില്‍ വി എസ്സും പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വവും തമ്മിലുള്ള പോരിലെ ക്ലൈമാക്‌സായും കാണാം.
ഈ തീരുമാനം മാറ്റി വി എസ്സിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചെങ്കിലും ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യമായി വരും. വ്യക്തികള്‍ അപ്രസക്തരാമെന്ന വാദം എല്ലാവര്‍ക്കും ബാധകമാണോ? അങ്ങനെയെങ്കില്‍ പാര്‍ട്ടി തെറ്റെന്ന് വിലിയിരുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കേണ്ടതല്ലേ? വി എസ്സിനെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ച സംസ്ഥാന കമ്മിറ്റി യോഗം തന്നെ മറ്റൊരു കാര്യത്തില്‍ കൂടി തീരുമാനമെടുത്തു. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്താനുള്ള തീരുമാനം. ശശിക്കെതിരായ പരാതി എന്താണെന്ന് സി പി എം ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല. എന്നാല്‍ സ്‌ത്രീയോട്/സ്‌ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നതാണ് പരാതി എന്ന് ഇതിനകം പത്രം വായിക്കുന്ന മലയാളികളൊക്കെ മനസ്സിലാക്കിയിട്ടുണ്ട്.
ഏതെങ്കിലും ഒരു പാര്‍ട്ടി അംഗം സ്‌ത്രീയോട് അപമര്യാദയായി പെരുമാറുന്നതുപോലെ ശശി ചെയ്‌തതിനെ കാണാനാവില്ല. സി പി എം എന്ന പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന സമിതിയില്‍ അംഗമായിരുന്നയാളാണ് ശശി. കണ്ണൂര്‍ പോലെ പാര്‍ട്ടിയുടെ കോട്ടയായ ജില്ലയുടെ സെക്രട്ടറിയുമായിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ വ്യക്തി ജീവിതത്തില്‍ പാലിക്കേണ്ട ശുദ്ധിയെക്കുറിച്ച് ഭരണഘടനയില്‍ പറയുന്നുണ്ട്. നേതൃതലത്തിലേക്കെത്തിയ വ്യക്തിയാവുമ്പോള്‍ കൂടുതല്‍ ശുദ്ധി അനിവാര്യമാവുന്നു. ഈ ശുദ്ധി കാണിക്കാന്‍ ശശി തയ്യാറായില്ല. ഇത് മാത്രമല്ല, പാര്‍ട്ടി നല്‍കിയ അധികാര സ്ഥാനം ദുരുപയോഗം ചെയ്യുക കൂടിയാണ് ചെയ്‌തത്. എന്നിട്ടും ഈ വ്യക്തി പാര്‍ട്ടിയില്‍ നിലനില്‍ക്കട്ടെ എന്ന് നേതൃത്വം തീരുമാനിക്കുമ്പോള്‍ കാര്യങ്ങള്‍ പന്തിയല്ലെന്ന് മനസ്സിലാക്കണം. കണ്ണൂരിലെ പാര്‍ട്ടി അംഗങ്ങള്‍ നേതാക്കളോളം ദുര്‍ബലരല്ലാത്തതിനാല്‍ വൈകാതെ ശശി പുറത്താക്കപ്പെടുമെന്നുറപ്പ്. എങ്കിലും നേതൃത്വം ഇത്തരത്തിലൊരു നിലപാട് എടുത്തത് എന്തുകൊണ്ടെന്ന ചോദ്യം നിലനില്‍ക്കും.
അവിടെ വി എസ് അച്യുതാനന്ദനെന്ന വ്യക്തിയുടെ ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വത്തിന് മറുപടിയുണ്ടാവില്ല. ഈ ചോദ്യങ്ങള്‍ വി എസ്സിന്റെ ശബ്‌ദത്തില്‍ ഉയരുന്നുവെന്ന് മാത്രമേയുള്ളൂ. അത് പാര്‍ട്ട് പ്രവര്‍ത്തകരുടെയും പൊതു ജനങ്ങളുടെയും ചോദ്യമാണ്. ഇത്തരത്തിലുള്ള ഒരാളെ അംഗത്വത്തില്‍ നിലനിര്‍ത്തിക്കൊണ്ട് ഐസ്‌ക്രീം പോലുള്ള കേസുകള്‍ ഉന്നയിക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ വിഷമിക്കുക തന്നെ ചെയ്യും. സമാനമാണ് മറ്റ് പ്രശ്‌നങ്ങളും. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി രാജാവിന്റെ പക്കല്‍ നിന്ന് രണ്ട് കോടി രൂപ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്ക് വേണ്ടി വാങ്ങി എന്നത് പാര്‍ട്ടി സമ്മതിച്ച കാര്യമാണ്. എന്തിനത് വാങ്ങി? ആര് തീരുമാനിച്ചു? എന്ന ചോദ്യങ്ങള്‍ക്ക് ഇനിയും മറുപടിയുണ്ടായിട്ടില്ല. ഇ പി ജയരാജനെ ഇടക്കാലത്തേക്ക് പത്രത്തിന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തിയാല്‍ തീരുന്നതാണോ ഈ പ്രശ്‌നം. ആ രണ്ട് കോടി രൂപയാണ് ലോട്ടറി പ്രശ്‌നത്തില്‍ അല്‍പ്പമെങ്കിലും സി പി എമ്മിനെ പ്രതിരോധത്തിലാക്കിയത്.
സ്‌ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയരുകയും പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പരാതി അടിസ്ഥാനമുള്ളതാണെന്ന് കണ്ടെത്തുകയും ചെയ്‌ത വ്യക്തി അംഗമെന്ന നിലയിലെങ്കിലും ഉണ്ടാവണമെന്ന് തോന്നുകയും ചെയ്യുമ്പോള്‍ വ്യക്തികള്‍ പ്രസക്തരാവുകയാണ്. ആ വ്യക്തികളുടെ തിരഞ്ഞെടുപ്പാണ് പ്രശ്‌നം. വ്യക്തികള്‍ അപ്രസക്തരാണെങ്കില്‍ തന്നെ അവരുന്നയിക്കുന്ന ആശയങ്ങള്‍ പ്രസക്തമാണ്. അധികാരം ചൂഷണത്തിന് ഉപയോഗിക്കാമെന്ന ശശിയുടെ ആശയമോ പ്രതിച്ഛായാ നിര്‍മിതിക്കാണെങ്കില്‍ കൂടി വി എസ് മുന്നോട്ടുവെച്ച ആശയങ്ങളോ പ്രസക്തം? മുന്നോട്ടുവെച്ച ആശയങ്ങളിലൂടെ ജനമനസ്സില്‍ സ്ഥാനം നേടിയെടുക്കാന്‍ വി എസ്സിന് സാധിച്ചിട്ടുണ്ടെങ്കില്‍ ആ ആശയങ്ങള്‍ പിന്തുടര്‍ന്ന് പാര്‍ട്ടിക്ക് ജനമനസ്സില്‍ സ്ഥാനമുറപ്പിക്കുക എന്നതല്ലേ നേതൃത്വം ചെയ്യേണ്ടത്? അതിന് അവര്‍ തയ്യാറാവുമോ എന്നത് ഈ തിരഞ്ഞെടുപ്പിന് ശേഷവും ചര്‍ച്ച ചെയ്യപ്പെടും.
തോട്ടമുടമകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കുന്ന കാര്യത്തില്‍ എന്ത് നിലപാടായിരിക്കും? പെണ്‍വാണിഭക്കാര്‍, അഴിമതിക്കാര്‍ എന്നിവരുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമോ? തെറ്റ് ചെയ്യുന്ന പാര്‍ട്ടി അംഗത്തിന്റെ കാര്യത്തില്‍ അയാളുടെ ഔദ്യോഗിക, അനൗദ്യോഗിക പക്ഷം നോക്കാതെ നടപടിയെടുക്കാന്‍ തയ്യാറാവുമോ? ഇതിന് വ്യക്തമായ മറുപടിയുണ്ടാവുന്നില്ലെങ്കില്‍ ലാവ്‌ലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളെ വേദവാക്യമാക്കുകയും പാമോയില്‍ കേസില്‍ തള്ളിക്കളയുകയും ചെയ്യുന്ന ശിഖണ്ഡിത്വമാവും എല്ലാ കാര്യങ്ങളിലുമുള്ളതെന്ന് ധരിക്കേണ്ടിവരും. മറ്റൊരു കോണ്‍ഗ്രസ് എന്നതിനപ്പുറത്ത് സി പി എം എന്ന പാര്‍ട്ടിക്ക് ജനങ്ങള്‍ക്ക് മുന്നില്‍ യാതൊരു വിലയുമില്ലാതെയാവുകയും ചെയ്യും. ഈ പാര്‍ട്ടി നിങ്ങള്‍ വിചാരിക്കുന്നതുപോലൊരു പാര്‍ട്ടിയല്ല എന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാദത്തിന് യാതൊരു അര്‍ഥവുമുണ്ടാവില്ല.
അതല്ല, അമ്യൂസ്‌മെന്റ് - കണ്ടല്‍ പാര്‍ക്കുകള്‍, ഹോട്ടലുകള്‍, സഹകരണ സംഘങ്ങള്‍ ഇവയൊക്കെ സ്ഥാപിച്ച് സമാന്തര സമ്പദ് വ്യവസ്ഥയായി തുടരുകയും യു ഡി എഫിന്റെ ഭരണപ്പിഴവിന്റെ പഴുതില്‍ അധികാരത്തിലെത്തുക എന്ന കേവല അജന്‍ഡയിലുറക്കുകയും ചെയ്യുകയാണെങ്കില്‍ പിന്നെ അനാവശ്യ സവിശേഷതകള്‍ സ്വയം അവകാശപ്പെടരുത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തെ ജനം അധികാരത്തിലെത്തിക്കുന്നത് അവരുടെ എല്ലാ വിഴുപ്പുകളും അറിഞ്ഞുകൊണ്ടുതന്നെയാണ്. നടക്കാന്‍ പോകുന്നത് വിഴുപ്പലക്കലാണെന്ന മുന്നറിവോടെ തന്നെയുമാണ്. അത്തരം ചെറിയ മുന്‍വിധികള്‍ സി പി എം നയിക്കുന്ന മുന്നണിയെക്കുറിച്ച് ഇപ്പോള്‍ തന്നെയുണ്ട്. ഈ വഴിയിലാണ് ചില വ്യക്തികള്‍ തടസ്സങ്ങളാവുന്നത്. അത്തരം വ്യക്തികള്‍ അനിവാര്യതയാണെന്ന തിരിച്ചറിവ് ഉണ്ടാവേണ്ടിയിരിക്കുന്നു. എല്ലാറ്റിനെയും വിഭാഗീതയുടെ കണ്ണിലൂടെ കാണാതിരിക്കാനുള്ള വിവേകം അനിവാര്യമാവുന്നു. ഇതുണ്ടാവുന്നില്ലെങ്കില്‍ എത്ര തെറ്റുതിരുത്തല്‍ രേഖകളുണ്ടായിട്ടും കാര്യമില്ല. വ്യക്തികള്‍ തിരുത്താന്‍ തയ്യാറല്ലെങ്കില്‍ അവര്‍ ചേരുന്ന പാര്‍ട്ടിയില്‍ തിരുത്തുകള്‍ ഒരിക്കലും ഉണ്ടാവില്ല തന്നെ.
ഹൊ! ആശ്വാസമായി. മഹത്തരമെന്ന് ലോകമാകെ, പ്രത്യേകിച്ച് യു എസ് പ്രസിഡന്റ് ബരാക് ഹുസൈന്‍ ഒബാമ, വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് ഇടക്കാലത്തുണ്ടായ അവമതിപ്പ് മാറിക്കിട്ടി. ഇനി ഇതില്‍ പൂര്‍ണമായി വിശ്വസിക്കാം. തല ഉയര്‍ത്തിപ്പിടിച്ച് നടക്കുകയും ചെയ്യാം. കാരണമെന്താണെന്ന് മനസ്സിലാക്കണമെങ്കില്‍ ചില അടിസ്ഥാന വസ്‌തുതകള്‍ പറയണം. ഇന്ത്യ എന്നത് ജനാധിപത്യ മതേതര റിപ്പബ്ലിക്കാണെന്ന് ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് പൂര്‍ണമായും ജനഹിതം പാലിക്കപ്പെടുന്ന രാജ്യം. അതനുസരിച്ചാണ് വിവിധ ഭരണ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടത്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികളും ഈ പ്രതിനിധികള്‍ നിശ്ചയിക്കുന്ന ഭരണാധികാരികളും (പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ഭാരവാഹികള്‍ എന്നിങ്ങനെ) ജനങ്ങള്‍ക്ക് വേണ്ടി ഭരണം നടത്തുന്നുവെന്നാണ് സങ്കല്‍പ്പം. ജനങ്ങള്‍ക്ക് വേണ്ടി ഭരണം നടത്തുന്നുണ്ടോ എന്നതിലെ സംശയം ഈ സമ്പ്രദായം ആരംഭിച്ച കാലം മുതലുണ്ട്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ചേര്‍ന്ന് ഭരണാധികാരികളെ നിശ്ചയിക്കുന്ന പതിവും അപൂര്‍വമാണ്.
ഭൂരിപക്ഷം ജനപ്രതിനിധികളെ ലഭിച്ച രാഷ്‌ട്രീയ പാര്‍ട്ടിയാണ് അധികാരസ്ഥാനത്തിരിക്കുന്നവരെ തീരുമാനിക്കാറ്. രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഭരണം നടത്തേണ്ടവരാരൊക്കെ എന്ന് നിശ്ചയിക്കുന്നതില്‍ വലിയ അപാകം ആര്‍ക്കും ഇക്കാലം വരെ തോന്നിയിട്ടില്ല.
ഈ പതിവും മാറിയിരിക്കുന്നുവെന്ന സംശയങ്ങള്‍ അടുത്ത കാലത്തായി ഉയര്‍ന്നുകേട്ടിരുന്നു. ഇക്കേട്ടതൊന്നും സംശയങ്ങളല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടത് നീര റാഡിയയുടെ ടെലിഫോണ്‍ ചോര്‍ത്തി ആദായ നികുതി വകുപ്പ് സി ഡിയിലാക്കിയത് മാധ്യമങ്ങളിലേക്ക് ചോര്‍ന്നെത്തിയപ്പോഴാണ്. സ്വകാര്യ കമ്പനികളുടെ പൊതു പ്രചാരണം കരാറെടുത്ത് നടത്തുന്ന ഏതാനും സ്ഥാപനങ്ങളുടെ നടത്തിപ്പുകാരി മാത്രമായിരുന്നു നീര റാഡിയ. മുകേഷ് അംബാനിക്ക് കീഴിലുള്ള റിലയന്‍സ് സ്ഥാപനങ്ങളുടെയും രത്തന്‍ ടാറ്റക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെയും പ്രചാരണക്കരാര്‍ കിട്ടിയതോടെ അധികാര കേന്ദ്രങ്ങളുമായി നീരക്കുള്ള ബന്ധം ഉറച്ചു.
ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് ടെലികോം ലൈസന്‍സുകള്‍ വിവിധ കമ്പനികള്‍ക്ക് നേടിക്കൊടുക്കുന്നതില്‍ നീരയുടെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നുവെന്നാണ് ഇതിനകം പുറത്തുവന്ന വിവരങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുക. ഇവിടെ നില്‍ക്കുന്നില്ല നീരയുടെ ഇടപെടലുകള്‍. രണ്ടാം യു പി എ മന്ത്രിസഭയുടെ രൂപവത്‌കരണകാലത്ത് മന്ത്രിമാരെ നിശ്ചയിക്കുന്ന പ്രക്രിയയില്‍ നീര ഇടപെട്ടിരുന്നുവെന്നതിന് ഫോണ്‍ സംഭാഷണങ്ങള്‍ സാക്ഷി. എ രാജക്ക് മന്ത്രി സ്ഥാനവും ടെലികോം വകുപ്പും ഉറപ്പാക്കിക്കൊടുക്കാന്‍ നീര സജീവമായി ഇടപെട്ടിരുന്നു. ഇവര്‍ക്ക് പിന്‍ബലമായി രാജ്യത്തെ കുത്തക കമ്പനികളുണ്ടായിരുന്നു. കമ്പനികളുടെ ഇംഗിതങ്ങള്‍ രാഷ്‌ട്രീയ നേതൃത്വത്തെ ധരിപ്പിക്കാനും അത് നടത്തിയെടുക്കുന്നതിന് ഏതൊക്കെ നേതാക്കളിലും മാധ്യമ പ്രമുഖരിലും സമ്മര്‍ദം ചെലുത്താന്‍ സാധിക്കുമോ അവരിലൊക്കെ സമ്മര്‍ദം ചെലുത്താനും നീരക്ക് സാധിച്ചു.
രാജയുടെ കാര്യത്തില്‍ മാത്രമല്ല, കമല്‍ നാഥിന് ഉപരിതല ഗതാഗത വകുപ്പും ആനന്ദ് ശര്‍മക്ക് വാണിജ്യ വകുപ്പും നിശ്ചയിച്ചതില്‍ പുറമെ നിന്നുള്ള സ്വാധീനമുണ്ടായിരുന്നു. ഈ സ്വാധീനങ്ങളുടെ വാഹകയായതും നീരയാണെന്ന് അവരുടെ ചോര്‍ത്തപ്പെട്ട ഭാഷണങ്ങള്‍ തെളിയിക്കുന്നു.
ഈ വിവരങ്ങളാണ് മുന്‍ചൊന്ന അവമതിപ്പിന് കാരണമായത്. ഡോ. മന്‍മോഹന്‍ സിംഗ് എന്ന ലോകപ്രസിദ്ധ ധനതത്വശാസ്‌ത്രജ്ഞന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍. പ്രണാബ് കുമാര്‍ മുഖര്‍ജിയെന്ന പഴക്കം ചെന്ന രാഷ്‌ട്രീയ, സാമ്പത്തിക വിദഗ്‌ധന്‍ നായക നിരയിലുള്ള സര്‍ക്കാര്‍. ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ സ്ഥിരം സാന്നിധ്യമായ സോണിയാ ഗാന്ധി നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ സര്‍ക്കാര്‍. ഇതൊക്കെയായിട്ടും നീര റാഡിയ എന്ന ഇടനിലക്കാരി, മന്ത്രിമാരെ നിശ്ചയിക്കുന്നതിലും വകുപ്പുകള്‍ തീരുമാനിക്കുന്നതിലും നിര്‍ണായക സമ്മര്‍ദം ചെലുത്തിയെന്ന് മനസ്സിലാക്കുമ്പോള്‍ അവമതിപ്പുണ്ടാകുക സ്വാഭാവികം.
ഇപ്പോഴത് മാറി, വീണ്ടും അഭിമാനോസ്‌ഫുല്ലമാകുന്നതിന് കാരണമായത് ഇന്ത്യയെ സംബന്ധിച്ച അമേരിക്കന്‍ നയതന്ത്ര രേഖകള്‍ വിക്കിലീക്‌സിലൂടെ പുറത്തുവന്നതാണ്. നീര റാഡിയയല്ല, അമേരിക്കയാണ് നമ്മുടെ ഭരണാധികാരികള്‍ ആരാകണമെന്ന്‌് തീരുമാനിക്കുന്നത് എന്നാണ് ഈ രേഖകള്‍ പറയാതെ പറയുന്നത്. അവരല്ലാതെ മറ്റാരാണ് നമ്മുടെ ഭരണാധികാരികളെ തീരുമാനിക്കേണ്ടത്? നുണ ആവര്‍ത്തിച്ച് സത്യമാക്കുകയും അതിന്റെ പേരില്‍ ആസുരമായ ആക്രമണം നടത്തി ആയിരങ്ങളെ കൊന്നൊടുക്കി സദ്ദാം ഹുസൈനെ പുറത്താക്കുകയും ചെയ്‌ത ഇറാഖ് നമ്മുടെ മുന്നിലുണ്ട്. ആ അവസ്ഥ നമുക്കുണ്ടാക്കാതെ ഭരണാധികാരികളെ നിശ്ചയിക്കാനുള്ള അധികാരം അമേരിക്കക്ക് സ്വയം കൈമാറുകയും അവരുടെ താത്‌പര്യങ്ങള്‍ നടപ്പാക്കിക്കൊടുക്കുകയും ചെയ്യുന്ന നേതാക്കളെക്കുറിച്ച് ആര്‍ക്കാണ് അഭിമാനം തോന്നാത്തത്? ഒരു ജനതയുടെ പ്രാഥമികമായ അവകാശം ജീവിക്കുക എന്നതാണ്. ആ അവകാശം നടപ്പാക്കിത്തന്നിരിക്കുന്നു നമ്മുടെ നേതാക്കള്‍. അതിലും വലിയൊരു സേവനം ചെയ്‌തു തരാനുണ്ടോ?
ഇറാനില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ നീളത്തില്‍ കുഴല്‍ സ്ഥാപിച്ച് പ്രകൃതി വാതകം കൊണ്ടുവന്ന് രാജ്യത്തിന്റെ ഊര്‍ജ ക്ഷാമം പരിഹരിക്കാമെന്ന് വാദിച്ച മന്ത്രിയായിരുന്നു മണി ശങ്കര്‍ അയ്യര്‍. അപ്രായോഗികമായ ഒരു പദ്ധതിക്ക് വേണ്ടി വാദിക്കുന്ന ഒരു മന്ത്രിയെ മാറ്റി പ്രായോഗികമതിയായ ഒരാളെ നിയമിക്കണമെന്ന് നിര്‍ദേശിക്കുന്നത് അമേരിക്കയാണെങ്കില്‍ പോലും സ്വീകരിക്കുന്നതില്‍ തെറ്റ് കാണേണ്ടതില്ല. അങ്ങനെ നിയമിക്കുന്നയാള്‍ ദീര്‍ഘകാലമായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് വാദിക്കുന്ന ഒരാള്‍ കൂടിയാകുകയാണെങ്കില്‍ ഇരട്ടിമധുരം. അത് മാത്രമേ 2006ല്‍ മുരളി ദേവ്‌റയെ പെട്രോളിയം മന്ത്രിയായി നിയമിച്ചപ്പോള്‍ നടന്നിട്ടുള്ളൂ. ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിദേശകാര്യത്തിലേക്ക് കടന്നുകയറുന്നത് അംഗീകരിക്കാന്‍ ആര്‍ക്കും സാധിക്കില്ല.
വിദേശ നയത്തില്‍ വരേണ്ട മാറ്റം ഡോ. മന്‍മോഹന്‍ സിംഗിനെ നേരത്തെ തന്നെ അറിയിച്ചതാണ്. എന്നിട്ടും പെട്രോളിയം മന്ത്രി ആ മേഖലയിലേക്ക് കടന്ന് പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ തുടങ്ങിയാല്‍ നിയന്ത്രിക്കേണ്ട ബാധ്യത പ്രധാനമന്ത്രിക്കുണ്ട്. അത് അദ്ദേഹം വൃത്തിയായി ചെയ്യുകയും ചെയ്‌തു.
രണ്ടാം യു പി എ സര്‍ക്കാറില്‍ കമല്‍ നാഥിന് ഉപരിതല ഗതാഗത വകുപ്പ് നേടിക്കൊടുത്തതില്‍ പങ്കുണ്ടെന്ന നീര റാഡിയയുടെ അവകാശ വാദവും വിശ്വസിക്കേണ്ടതില്ല എന്ന ആശ്വാസവും ഇവിടെ നിന്ന് ലഭിക്കുന്നു. ഒന്നാം യു പി എ സര്‍ക്കാറില്‍ വാണിജ്യമാണ് കമല്‍ നാഥ് കൈകാര്യം ചെയ്‌തിരുന്നത്. ബ്രസീലുമായി ചേര്‍ന്ന് കുറുമുന്നണിയുണ്ടാക്കി ലോക വ്യാപാര സംഘടനയുടെ ദോഹ വട്ട തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനെ ചെറുക്കുന്നതിന് അന്ന് കമല്‍ നാഥ് മുന്‍കൈ എടുത്തു.
ഒരു ഭാഗത്ത് അമേരിക്കക്ക് ഉന്‍മുഖമായി ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് കമല്‍ നാഥ് ഇതിന് തുനിഞ്ഞത്. രണ്ടാമത് യു പി എ അധികാരത്തില്‍ വന്നപ്പോള്‍ കമല്‍ നാഥിനെ വാണിജ്യ വകുപ്പില്‍ നിന്ന് മാറ്റി. പകരം വന്നത് ആനന്ദ് ശര്‍മ. യു എസ് വിദേശകാര്യ മന്ത്രാലയത്തിന് എംബസി അയച്ച സന്ദേശങ്ങളില്‍ നല്ല പട്ടികയില്‍പ്പെടുന്നയാളാണ് ആനന്ദ് ശര്‍മ. 2009ല്‍ രണ്ടാം യു പി എ സര്‍ക്കാര്‍ വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പയച്ച സന്ദേശമാണിതെന്നത് പ്രത്യേകം പ്രസ്‌താവിക്കേണ്ടതാണ്.
ഈ ഇടപെടല്‍ എന്ന് തുടങ്ങിയെന്ന് മാത്രമേ ഇനി വ്യക്തമാകാനുള്ളൂ. 1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അമേരിക്ക പണമൊഴുക്കിയെന്ന ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേരള മാഫിയയുണ്ടെന്ന് എംബസി രേഖപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തം. പഴയ ആരോപണത്തിന് ഇത് വിശ്വാസ്യത ഏറ്റുകയും ചെയ്യുന്നു. 1959ലേത് അന്ന് അവര്‍ക്കുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ഭീതിയുടെ ഫലമായിരുന്നുവെന്ന് ആശ്വസിക്കുക. എന്നാല്‍ ഇപ്പോഴത്തെ ഇടപെടലുകളില്‍ അത്തരം ആശ്വാസങ്ങള്‍ക്ക് സ്ഥാനമില്ല.
1991ല്‍ നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ ന്യൂനപക്ഷ സര്‍ക്കാറില്‍ ധനമന്ത്രി സ്ഥാനത്തേക്ക് ഡോ. മന്‍മോഹന്‍ സിംഗ് എത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. എവിടെ നിന്ന് വന്നു ഈ അപ്രതീക്ഷിത അതിഥിയെന്നതിന് വിക്കിലീക്‌സ് ചോര്‍ത്തിയെടുത്ത രേഖകള്‍ ഒരു പരിധിവരെ മറുപടി നല്‍കുന്നുണ്ട്. അന്നുമുതലിങ്ങോട്ട് മന്‍മോഹന്‍ സിംഗ് സ്വീകരിച്ച സാമ്പത്തിക പരിഷ്‌കരണ നയങ്ങള്‍ക്കെല്ലാം അമേരിക്കന്‍ ചായ്‌വുണ്ടായിരുന്നു. പിന്നീട് ദേശഭക്തിയുടെ പരകോടിയില്‍ നില്‍ക്കുന്ന ബി ജെ പിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടായപ്പോഴാണ് ഇന്ത്യയും അമേരിക്കയും സ്വാഭാവിക സഖ്യകക്ഷികളാണെന്ന പ്രഖ്യാപനമുണ്ടായത്. അതിന്റെ തുടര്‍ച്ചയാണ് 2004ല്‍ ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി പദമേറിയപ്പോള്‍ സംഭവിച്ചത്.
കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടിയുടെ ശക്തമായ സമ്മര്‍ദമുണ്ടായിട്ടും പ്രധാനമന്ത്രി പദം നിരസിച്ച സോണിയാ ഗാന്ധി, പകരം നിര്‍ദേശിച്ചത് പരിചയവും പാരമ്പര്യവുമുള്ള പ്രണാബ് മുഖര്‍ജിയെയായിരുന്നില്ല, മന്‍മോഹന്‍ സിംഗിനെയായിരുന്നു. എന്തുകൊണ്ടായിരുന്നു ഈ തിരഞ്ഞെടുപ്പ് എന്നതിനും വിക്കിലീക്‌സ് ചോര്‍ത്തിയ രേഖകള്‍ ഇപ്പോള്‍ നമുക്ക് വ്യക്തത തരുന്നുണ്ട്. ആണവ കരാര്‍ പ്രാബല്യത്തിലാക്കാന്‍ എടുത്ത താത്‌പര്യം, ആണവോര്‍ജ സമിതിയില്‍ ഇറാനെതിരെ വോട്ട് ചെയ്യാനെടുത്ത തീരുമാനം, സാമ്പത്തിക മാന്ദ്യത്തില്‍ തളര്‍ന്ന അമേരിക്കക്ക് തുണയേകാന്‍ പ്രതിരോധ കരാറുകളുണ്ടാക്കാനെടുത്ത മുന്‍കൈ എന്ന് തുടങ്ങി മന്‍മോഹന്റെ സേവനങ്ങള്‍ നിരവധിയാണ്.
ഈ പ്രതിരോധ കരാറിന്റെ കാര്യത്തിലാണ് പ്രതിച്ഛായയുടെ കാര്യത്തില്‍ അതീവ തത്‌പരനായ എ കെ ആന്റണി തടശിലയാകുന്നത്. പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ശേഷം കേന്ദ്ര മന്ത്രിസഭയുടെ വിശാലമായ പുനസ്സംഘടന പ്രധാനമന്ത്രി ഉദ്ദേശിക്കുന്നുണ്ട്. എ കെ ആന്റണിയില്‍ നിന്ന് പ്രതിരോധ വകുപ്പ് നീക്കം ചെയ്‌താല്‍ അത്ഭുതപ്പെടാനില്ല. കാരണം അത് അമേരിക്കയുടെ ആവശ്യമാണ്.
കച്ചവടത്തിനെത്തിയവര്‍ അധികാരം പിടിക്കുകയും നൂറ്റാണ്ടിലേറെ ഭരിക്കുകയും ചെയ്‌തതാണ് ചരിത്രം. അധികാരം പിടിക്കാന്‍ അന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഏറെ പാടുപെടേണ്ടിവന്നിരുന്നു. ഇന്ന് അതിന്റെ ആവശ്യം അമേരിക്കക്കില്ല. അടിമത്വം സ്വയം സ്വീകരിക്കാന്‍ ഭരണാധിപന്‍മാര്‍ സന്നദ്ധരാകുമ്പോള്‍ അവരില്‍ പ്രതീക്ഷ പുലര്‍ത്തുന്ന ഒരു ജനതക്ക് അടിമയാകുന്നതില്‍ അഭിമാനിക്കാം. ജനാധിപത്യത്തില്‍ തലയുയര്‍ത്തി നടക്കുകയും ചെയ്യാം.