2013-06-10

ഇന്റലിജന്‍സിന്റെ കളികള്‍, മോഡിയുടേതും


ഭരണകൂടം സ്വന്തം ജനങ്ങളുടെ മേല്‍ ചാരപ്രവര്‍ത്തനം നടത്തുന്നത് പുതിയ കാര്യമല്ല. ഭരണകൂടത്തിന് ജനങ്ങളുടെ മേല്‍ വിശ്വാസം നഷ്ടപ്പെടുന്നത് കൊണ്ടല്ല, ജനങ്ങള്‍ക്ക് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതു കൊണ്ടാണ് ഇത്തരം ചാര പ്രവര്‍ത്തനം അനിവാര്യമായി വരുന്നത്. വിശ്വാസരാഹിത്യം തങ്ങളുടെ സ്ഥിരതക്ക് ഭീഷണിയാകും വിധത്തില്‍ വളര്‍ന്നു വരുമോ എന്ന് അറിയുകയും അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ പാകത്തില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയുമാണ് ഈ ചാരപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം. അതിനപ്പുറത്ത് ഭീകരവാദ/തീവ്രവാദ പ്രസ്ഥാനങ്ങള്‍ വേരുകള്‍ ആഴ്ത്തുന്നുണ്ടോ, ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് അവരില്‍ അനുതാപമുണ്ടാകുന്നുണ്ടോ എന്ന കണ്ടെത്തല്‍ കൂടി ഇത്തരം ചാര പ്രവര്‍ത്തനത്തിന്റെ ലക്ഷ്യമാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ നിന്ന് പൗരന്‍മാരുടെ വിവരങ്ങള്‍ രഹസ്യമായി ചോര്‍ത്തിയെടുക്കാന്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ ഭരണകൂടം വരെ തയ്യാറാകുന്നതും ഈ വിവരശേഖരണം ഭീകരവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ അനിവാര്യമാണെന്ന് പ്രസിഡന്റ് ബരാക് ഒബാമ തുറന്ന് പറയുന്നതും ഭരണകൂടം ചാരപ്രവര്‍ത്തനം നടത്തുന്നുവെന്നതിന് തെളിവാണ്. ഒരുപക്ഷേ, ശത്രു രാജ്യത്തിന്റെ രഹസ്യങ്ങള്‍ ശേഖരിക്കാന്‍ ചെലവഴിക്കുന്ന സമ്പത്തിനേക്കാള്‍ (മനുഷ്യ വിഭവശേഷിയായാലും പണമായാലും) ഏറെ അധികം സ്വന്തം ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഭരണകൂടങ്ങള്‍ ചെലവിടുന്നുണ്ടാകണം.


കേന്ദ്ര ഇന്റലിജന്‍സ്, സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ എന്നിവ ഇന്ത്യയില്‍ നടത്തുന്ന പ്രവര്‍ത്തനവും മറ്റൊന്നല്ല. ഈ വിവരശേഖരണത്തിന്റെ പ്രധാന ന്യൂനത, ഭരണത്തിലിരിക്കുന്ന കക്ഷിക്ക്/കക്ഷികള്‍ക്ക്/വ്യക്തികള്‍ക്ക് ഹിതകരമായവയാകും പ്രധാനമായും സമര്‍പ്പിക്കപ്പെടുക എന്നതാണ്. ആഗോളതലത്തില്‍ തന്നെ ചില പ്രത്യേക വിഭാഗങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ പ്രധാന ലക്ഷ്യമാണ്. 'ഇസ്‌ലാമിക തീവ്രവാദ'മെന്നത്, ആവര്‍ത്തിച്ച് പറഞ്ഞ് ഉറപ്പിക്കപ്പെട്ടതിന് ശേഷം, മുസ്‌ലിംകള്‍ വിവരശേഖരണ ഏജന്‍സികളുടെ ലക്ഷ്യങ്ങളില്‍ പ്രധാന ഇനമാണ്. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍പ്പോലും അതങ്ങനെയാകുന്നുവെന്നതാണ് കൗതുകകരമായ വസ്തുത. അതുകൊണ്ട് തന്നെ വിവരശേഖരണം സൃഷ്ടിച്ച ഇരകളില്‍ ഭൂരിഭാഗവും അവര്‍ തന്നെ. ഇന്ത്യയിലെ സാഹചര്യവും ഏറെ ഭിന്നമല്ല. മുസ്‌ലിംകളോ ഇടത് തീവ്രവാദ പ്രസ്ഥാനവുമായി ബന്ധമുള്ളവരോ അതിനോട് അനുഭാവം മനസ്സിലെങ്കിലും സൂക്ഷിക്കുന്നവരോ ഇരകളാക്കപ്പെടുന്നു. അതുകൊണ്ടാണ് ആദിവാസികേന്ദ്രങ്ങളില്‍ വാര്‍ത്താ ശേഖരണാര്‍ഥമെത്തുന്നവര്‍ പോലും പൊടുന്നനെ മാവോയിസ്റ്റ് അനുഭാവികളായി ചിത്രീകരിക്കപ്പെടുന്നതും കസ്റ്റഡിയിലാകുന്നതും.


ഭരണ നേതൃത്വത്തിന് ഹിതകരമായ വിവര ശേഖരണം മാത്രമല്ല, ഇവിടെ നടക്കുന്നത്. ഭരണകൂടത്തിനോ അതിന് നേതൃത്വം നല്‍കുന്നവര്‍ക്കോ ഉപയോഗിക്കാന്‍ പാകത്തില്‍ വ്യാജ വിവരങ്ങള്‍ ചമച്ച് നല്‍കുന്നുമുണ്ടെന്ന് സംശയിക്കണം. നേരത്തെ തന്നെ ഉയര്‍ന്ന സംശയം സ്ഥിരീകരിക്കുകയാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. 2004 ജൂണ്‍ 15നാണ് ഇശ്‌റത്ത് ജഹാന്‍, മലയാളിയായ ജാവീദ് ഗുലാം ശൈഖ്, അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവര്‍ അഹമ്മദാബാദ് വിമാനത്താവളത്തിന് അടുത്തുവെച്ച് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലശ്കറെ ത്വയ്യിബ സംഘാംഗങ്ങളായ നാല് പേരെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നതായിരുന്നു പോലീസ് പുറത്തുവിട്ട വിവരം. ആദ്യ ദിനങ്ങളില്‍ പോലീസിന്റെ അവകാശവാദം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. വൈകാതെ ചോദ്യങ്ങളുയര്‍ന്നു. മുംബൈ സ്വദേശിയായ ഇശ്‌റത്തിന്റെ ബന്ധുക്കളും ജാവീദിന്റെ പിതാവ് ഗോപിനാഥ പിള്ളയും നടത്തിയ നിയമയുദ്ധം, ഏറ്റുമുട്ടലെന്ന ഗുജറാത്ത് പോലീസിന്റെ വാദത്തെ പൊളിച്ചുകളഞ്ഞു.


ഇശ്‌റത്തിനെയും ജാവീദിനെയും മുംബൈയില്‍ നിന്ന് തട്ടിക്കൊണ്ടു വന്ന്, നേരത്തെ തന്നെ ഗുജറാത്ത് പോലീസിന്റെ പിടിയാലിയാരുന്ന മറ്റ് രണ്ട് പേര്‍ക്കൊപ്പം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ഇപ്പോള്‍ ഏറെക്കുറെ വ്യക്തമായിരിക്കുന്നു. അംജദ് അലി റാണയും സീഷന്‍ ജോഹറും പാക്കിസ്ഥാന്‍ സ്വദേശികളാണെന്നാണ്, കൊല നടത്തിയ കാലത്ത് ഗുജറാത്ത് പോലീസ് പറഞ്ഞിരുന്നത്. ഇത് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആരോപണവിധേയരാണ്, വിചാരണക്കുള്ള നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നു.


ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന വാദം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ തന്നെ ഇവരെ നാല് പേരെ ലശ്കറെ ത്വയ്യിബയുമായി ബന്ധമുള്ള ഭീകരവാദികളായി ചിത്രീകരിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ആധികാരികതയും തര്‍ക്ക വിഷയമായിരുന്നു. സംസ്ഥാന ഇന്റലിജന്‍സല്ല ഇത്തരമൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേന്ദ്ര ഇന്റലിജന്‍സിന്റെ ഗുജറാത്തിലെ ഡയറക്ടറായിരുന്ന രാജേന്ദ്ര കുമാറെന്ന ഐ പി എസ് ഉദ്യോഗസ്ഥനായിരുന്നു. സംസ്ഥാന ഇന്റലിജന്‍സ്, നരേന്ദ്ര മോഡിയുടെ കീഴില്‍ വരുന്നതാകയാല്‍ അവര്‍ തെറ്റായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനിടയുണ്ടെന്നും കേന്ദ്ര ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട് ആധികാരികമാണെന്നും അതുകൊണ്ടു തന്നെ ഏറ്റുമുട്ടലിലാണ് നാല് പേരെയും വധിച്ചതെന്നും ഗുജറാത്ത് സര്‍ക്കാര്‍ വാദിച്ചിരുന്നു. ഈ വാദം തന്നെയാണ് ബി ജെ പി കേന്ദ്ര നേതൃത്വവും ഏറ്റുപാടിയിരുന്നത്. കേന്ദ്ര ഇന്റലിജന്‍സിന്റെ ഗുജറാത്തിലെ ഡയറക്ടര്‍ ആസ്ഥാനത്തേക്ക് കൈമാറുകയും അവിടെ നിന്ന് സംസ്ഥാന പോലീസിന് നീട്ടിനല്‍കുകയും ചെയ്ത പ്രസ്തുത റിപ്പോര്‍ട്ടിന്റെ ആധികാരികത സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറാകുകയും ചെയ്തില്ല.


ഇശ്‌റത്തും ജാവീദും അംജദും ജോഹറും ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരായിരുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യാജ സൃഷ്ടിയായിരുന്നുവെന്നാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനി(സി ബി ഐ)ലെ ഉദ്യോഗസ്ഥരുടെ നിഗമനം. അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഐ പി എസ് ഉദ്യോഗസ്ഥന്‍ രാജേന്ദ്ര കുമാറിനെ അവര്‍ ചോദ്യം ചെയ്തിരുന്നു.
ഈ കേസില്‍ മാത്രമല്ല ഇത്തരം ദുരൂഹമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുള്ളത്. സൈക്കിള്‍ റിപ്പയര്‍ കട നടത്തിയിരുന്ന സാദിഖ് ജമാല്‍ എന്ന യുവാവിനെ അഹമ്മദാബാദിലെ തെരുവില്‍ ഗുജറാത്ത് പോലീസ് വെടിവെച്ചിട്ടത് 2003 ജനുവരി 13നാണ്. 'ലശ്കറെ ത്വയ്യിബയുടെ പ്രവര്‍ത്തകനായിരുന്നു സാദിഖ് ജമാല്‍', എന്ന കേന്ദ്ര ഇന്റലിജന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടാണ് ഈ കൊലക്കും ന്യായീകരണമായുണ്ടായിരുന്നത്. സാദിഖ് ജമാലിനെ വെടിവെച്ചു കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് അന്വേഷണങ്ങളില്‍ ഇപ്പോള്‍ തെളിയുന്നത്. അപ്പോള്‍ പിന്നെ  ഈ കൊലക്ക് കാരണമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ആധികാരിതകയും സംശയിക്കണം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാദിഖിന്റെ സഹോദരന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.


2002ലെ ഗുജറാത്ത് വംശഹത്യക്ക് ശേഷമുള്ള വര്‍ഷങ്ങളില്‍ കുറഞ്ഞത് എട്ട് ഏറ്റുമുട്ടല്‍ കൊലകളെങ്കിലും അഹമ്മദാബാദിലെ തെരുവുകളിലുണ്ടായി. ഇവയിലെല്ലാം കൊല്ലപ്പെട്ടവരുടെ ലശ്കറെ ത്വയ്യിബ ബന്ധം വ്യക്തമാക്കുന്ന കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടാണ്, നടന്നത് ഏറ്റുമുട്ടല്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ ഗുജറാത്ത് പോലീസും ഭരണകൂടവും ഉപയോഗിച്ചിരുന്നത്. കുറഞ്ഞത് മൂന്ന് കേസുകളിലെങ്കിലും (സുഹ്‌റാബുദ്ദീന്‍ ശൈഖ് കേസാണ് മൂന്നാമത്തേത്) ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യാജമായി തയ്യാറാക്കിയതായിരുന്നുവെന്ന ആരോപണം ഇപ്പോള്‍ ശക്തമാണ്. മറ്റ് ഏറ്റുമുട്ടല്‍ കൊലകളും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍, ഇത്തരം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ എന്തുകൊണ്ട് ചമക്കപ്പെട്ടുവെന്ന് അന്വേഷണം നടക്കേണ്ടതുണ്ട്.


നരേന്ദ്ര മോഡിയെ വധിക്കാന്‍ ലശ്കറെ ത്വയ്യിബയുടെ പ്രവര്‍ത്തകര്‍ നിരന്തരമെത്തുന്നുവെന്ന പ്രതീതി ജനിപ്പിക്കും വിധത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കപ്പെട്ടത് യാദൃച്ഛികമാകുമെന്ന് വിലയിരുത്തിയാല്‍ ഭോഷ്‌കാകും. 2002ലെ ഗുജറാത്ത് വംശഹത്യ, മോഡിയുടെ പ്രതിച്ഛായയെ വലിയ തോതില്‍ ബാധിച്ചിരുന്നു. വംശഹത്യക്ക് എല്ലാ പിന്തുണയും നല്‍കിയെന്ന ആരോപണം നേരിടുകയും ചെയ്യുന്നു. ഭീതിയുടെ അന്തരീക്ഷം മുതലെടുത്ത് ഗുജറാത്തില്‍ തുടര്‍ച്ചയായി അധികാരത്തിലെത്തിയെങ്കിലും പ്രതിച്ഛായാ നഷ്ടം വലുതാണ്. ഇപ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ കച്ചകെട്ടിയിറങ്ങുമ്പോഴും എന്‍ ഡി എയിലെ ഘടകകക്ഷികളില്‍ ചിലതെങ്കിലും മോഡിയെ അംഗീകരിക്കാതിരിക്കുന്നതിന് കാരണവും മറ്റൊന്നല്ല. മോശം പ്രതിച്ഛായ ഇല്ലാതാക്കാന്‍ ഫലപ്രദമായ ആയുധമായി ഏറ്റുമുട്ടല്‍ കൊലകളെ നരേന്ദ്ര മോഡി ഉപയോഗിച്ചിരുന്നുവോ? ആ തന്ത്രത്തിന് കേന്ദ്ര ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥര്‍ അരു നിന്നുവോ? ലശ്കറെ ത്വയ്യിബ നിരന്തരം വേട്ടയാടുന്ന നേതാവ് എന്നതിനപ്പുറം ഭൂരിപക്ഷ വര്‍ഗീയതയുടെ പ്രീതി പിടിച്ചുപറ്റാന്‍ പറ്റിയ ആയുധം മറ്റൊന്നുണ്ടോ?


ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടത് കേന്ദ്രം ഭരിക്കുന്നവരുടെ ബാധ്യതയാണ്. ഇന്റലിജന്‍സ് ഏജന്‍സികളിലെയും പോലീസിലെയും എന്തിന് പട്ടാളത്തിലെപ്പോലും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ സമ്പൂര്‍ണാധികാര ലബ്ധി ലാക്കാക്കി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം നേരത്തെ തന്നെ നിലവിലുണ്ട്. നരേന്ദ്ര മോഡിക്ക് വേണ്ടി കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി എന്നതും ആ റിപ്പോര്‍ട്ട്, വിശ്വസിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് ആസ്ഥാനം തയ്യാറായി എന്നതും രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന ആരിലും ഉത്കണ്ഠ ജനിപ്പിക്കുന്നതാണ്. ഇത്രയൊക്കെയായിട്ടും മതേതരത്വത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വതമോ ആ പാര്‍ട്ടി നയിക്കുന്ന കേന്ദ്ര ഭരണകൂടമോ ഒരന്വേഷണത്തിനും തയ്യാറാകുന്നതേയില്ല. മലേഗാവ് സ്‌ഫോടനക്കേസില്‍ മുസ്‌ലിം ചെറുപ്പക്കാരെ ആരോപണവിധേയരാക്കി അറസ്റ്റ് ചെയ്തതിന് പിറകില്‍ മഹാരാഷ്ട്ര പോലീസിലെ ഭീകരവിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നതിലും അടുത്തിടെ കൂടുതല്‍ വ്യക്തത കൈവന്നിട്ടുണ്ട്. ഇക്കാര്യത്തിലും സമഗ്രമായ അന്വേഷണത്തിന് നടപടികളുണ്ടായിട്ടില്ല.


ജനങ്ങള്‍ക്കുമേല്‍ ചാരപ്രവര്‍ത്തനം നടത്തുന്ന ഏജന്‍സികളെ, അവയുടെ വീഴ്ചകള്‍ പുറത്തുവന്നാല്‍പ്പോലും തള്ളിപ്പറയാന്‍ ഭരണകൂടത്തിന് മടിയുണ്ടാകും. അതുകൊണ്ടാകും അന്വേഷണം നടത്തി, കുറ്റക്കാരുണ്ടെങ്കില്‍ കണ്ടെത്താന്‍ നടപടി സ്വീകരിക്കാത്തത്. ഈ വിഭാഗങ്ങളുടെ മനോവീര്യം തകര്‍ക്കുന്ന ഒരു നടപടിക്കും രാജ്യം (ഇപ്പോള്‍ രാജ്യമെന്നാല്‍ ഭരണകൂടമാണ്) തയ്യാറാകരുതല്ലോ? ഭീകരതയെ ചെറുക്കാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് പൗരന്‍മാരുടെയാകെ വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുന്ന അമേരിക്കന്‍ മാതൃകയോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ ഇന്റലിജന്‍സ് ഏജന്‍സികളെ തള്ളിപ്പറയുമെന്ന് പ്രതീക്ഷിക്കുന്നതും തെറ്റ് തന്നെ.


2013-06-07

ചെന്നിത്തലയുടെ തിരുമുറിവുകള്‍


കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം കയ്യാലപ്പുറത്തെ തേങ്ങയായി ഇരിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം, ഉപമുഖ്യമന്ത്രി സ്ഥാനത്തോടെയായിരിക്കുമെന്നും ആഭ്യന്തര വകുപ്പ് കൈയാളിക്കൊണ്ടായിരിക്കുമെന്നുമുള്ള വാര്‍ത്തകളുടെയൊക്കെ ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിക്കുന്നത്. വാര്‍ത്ത മാധ്യമ സൃഷ്ടിയായാലും അല്ലെങ്കിലും കെ പി സി സി അധ്യക്ഷ പദത്തിലെത്തിയ ശേഷം രമേശ് ചെന്നിത്തല അഭിമുഖീകരിക്കുന്ന വലിയ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നുവെന്നതാണ് വസ്തുത. മന്ത്രിസഭയിലേക്ക്, ആഭ്യന്തര വകുപ്പിന്റെ ചുമതലയോടെ എത്തിയാല്‍ പോലും പരിഹരിക്കപ്പെടാത്ത പ്രതിസന്ധി. ഉന്നത/രണ്ടാം സ്ഥാനം ലഭിക്കുക എന്ന ഏക ഉദ്ദേശ്യത്തില്‍ വിലപേശിയ നേതാവെന്ന പ്രതിച്ഛായ സൃഷ്ടിക്കപ്പെട്ടുവെന്നതാണ് അതില്‍ പ്രധാനം. മന്ത്രിയാകേണ്ട, കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നാല്‍ മതിയെന്ന് തീരുമാനിച്ചാലും പ്രയാസം തീരില്ല. രണ്ട് ടേമിലധികം കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന എ ഐ സി സി തീരുമാനം ലംഘിച്ച് തുടരുമ്പോള്‍ പദവിയില്ലാതെ അര നിമിഷം കഴിയാന്‍ വയ്യാത്ത നേതാവായി ചിത്രീകരിക്കപ്പെടുകയും ചെയ്യും.


എന്തുകൊണ്ടിത്തരമൊരു ദുരവസ്ഥ? ആലോചിക്കേണ്ടത് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ഐ ഗ്രൂപ്പും തന്നെയാണ്. ഉമ്മന്‍ ചാണ്ടിയെന്ന നേതാവിനെ തീരെ ചെറുതാക്കിക്കണ്ടുവെന്നതാണ് ചെന്നിത്തലയുടെ ആദ്യത്തെ പാളിച്ച. സമുദായ സന്തുലനമെന്ന എന്‍ എസ് എസ്, എസ് എന്‍ ഡി പി മുറവിളിക്ക് പരിഹാരം മന്ത്രിസഭയില്‍ രണ്ടാമനായി താനെത്തുക എന്നതല്ലാതെ മറ്റൊന്നുമില്ലെന്ന് ധരിച്ച് വശായതും. പൊതുവെ മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണം നേരിടാറുണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി. അതിനുമപ്പുറത്ത് സമുദായ നേതാക്കളുമായി ചങ്ങാത്തം പുലര്‍ത്തി, അവരുടെ സൗകര്യത്തിനനുസരിച്ച് പാര്‍ട്ടി പരിപാടികള്‍ പോലും മാറ്റി, പ്രതിച്ഛായ സ്വയം കളഞ്ഞുകുളിച്ചുവെന്നതാണ് മൂന്നാമത്തെ പ്രശ്‌നം.


കെ കരുണാകരന്റെ സ്വന്തമാളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പൊടുന്നനെ വളര്‍ന്ന രമേശ് ചെന്നിത്തല, മുരളീധരന്റെ രംഗപ്രവേശത്താല്‍ അസ്വസ്ഥനായി ജി കാര്‍ത്തികേയന്‍, എം ഐ ഷാനവാസ് എന്നിവര്‍ക്കൊപ്പം തിരുത്തല്‍വാദിയായി മാറിയതും വാഹനാപകടത്തിലേറ്റ പരുക്കിന്റെ ചികിത്സക്ക് ലീഡര്‍ അമേരിക്കയിലേക്ക് പോയ കാലത്ത്, അദ്ദേഹത്തെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കാന്‍ എ ഗ്രൂപ്പിനൊപ്പം നിന്നതും  അത്ര പഴയ ചരിത്രമല്ല. അന്നും ലീഡറോട് നേരിട്ടേറ്റുമുട്ടാന്‍ എ കെ ആന്റണിക്ക് പിന്‍ബലമായി നിന്നയാളാണ് ഉമ്മന്‍ ചാണ്ടി. പിന്നീട് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ, തനിക്ക് നേതാവാകാന്‍ സമയമായെന്ന് തോന്നിയപ്പോള്‍, പഴയ കൂറ് മാറ്റിവെച്ച് രംഗത്തുവന്നയാളുമാണ് ഉമ്മന്‍ ചാണ്ടി. ആന്റണിയുടെ പേരില്‍ ഗ്രൂപ്പ് നിലനില്‍ക്കുന്നുവെന്നേയുള്ളൂ, ഏറെക്കാലമായി അത് ഉമ്മന്‍ ചാണ്ടി ഗ്രൂപ്പാണ്. ഗ്രൂപ്പിലെ അതൃപ്തരെ ഒതുക്കാനും അടുപ്പമുള്ളവരെ വളര്‍ത്താനും ശ്രദ്ധിച്ച്, തന്റെ അധീശത്വം ഭംഗിയായി നിലനിര്‍ത്തുന്നുണ്ട് ഉമ്മന്‍ ചാണ്ടി. അത്തരമൊരാളോട് നേര്‍ക്കുമ്പോള്‍ കരുതലോടെ നീങ്ങാന്‍ കഴിഞ്ഞില്ല രമേശ് ചെന്നിത്തലക്ക്, മാറ്റാന്റെ അടവ് മുന്‍കൂട്ടി കണ്ട് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ പാകത്തില്‍ ആരും ക്യാമ്പിലുണ്ടായിരുന്നുമില്ല.


കേരള യാത്രക്ക് മുന്നോടിയായി പത്രങ്ങളിലെഴുതിയ ലേഖനത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ വിമര്‍ശിച്ചതോടെ തുടങ്ങി പാളിച്ചകള്‍. വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുകയാണ്, കൊള്ളയും പിടിച്ചുപറിയും സ്ത്രീ പീഡനവും സംസ്ഥാനത്ത് പെരുകുന്നു എന്നിങ്ങനെ ലേഖനത്തിലെഴുതിയപ്പോള്‍ അത് ഉമ്മന്‍ ചാണ്ടിയെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ലക്ഷ്യമിട്ടാണെന്ന് ആരെയും പറഞ്ഞ് മനസ്സിലാക്കേണ്ടതില്ല. ഈ വിമര്‍ശത്തെ അംഗീകരിച്ച് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകുമോ? തന്റെ ഭരണം പരാജയമായിരുന്നുവെന്നും ചെന്നിത്തലയെ ഉള്‍പ്പെടുത്തി മന്ത്രിസഭയെ ശക്തിപ്പെടുത്തി ഭരണം കാര്യക്ഷമമാക്കിയെന്നുമുള്ള ഖ്യാതി സ്വീകരിക്കാന്‍ മാത്രം സഹൃദയനാകുമോ ഉമ്മന്‍ ചാണ്ടി? ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും, എട്ടാണ്ടിലേറെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് വാണരുളിയിട്ടും മനസ്സിലായിട്ടില്ലെന്ന് വന്നാല്‍ ആ രാഷ്ട്രീയ ബുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടും.


കോണ്‍ഗ്രസ് തര്‍ക്കത്തിലുണ്ടായ വാര്‍ത്താ പ്രളയത്തില്‍ ഉമ്മന്‍ ചാണ്ടി സ്വീകരിച്ച, മാധ്യമ സൃഷ്ടിയാണ് എല്ലാമെന്നും മാധ്യമങ്ങള്‍ക്ക് സ്വന്തം വിശ്വാസ്യതയില്‍ താത്പര്യമില്ലെങ്കില്‍ തനിക്കെന്ത് ചെയ്യാനാകുമെന്നുമൊക്കെയുള്ള നിലപാട് യഥാര്‍ഥത്തില്‍ സൂക്ഷ്മമായി പഠിക്കേണ്ടത് ചെന്നിത്തലയും ഐ ഗ്രൂപ്പുമാണ്. ഭാവിയില്‍ അപകടങ്ങളൊഴിവാക്കാന്‍ അത് നന്നായിരിക്കും. കേരള യാത്ര സമാപിച്ച് ദിവസങ്ങള്‍ക്കകമാണ് 'രമേശ് മന്ത്രിസഭയിലേക്ക്' എന്ന വാര്‍ത്ത കേരളത്തിലെ ഏറ്റവും സര്‍ക്കുലേഷനുള്ള പത്രം മുഖ്യ വാര്‍ത്തയായി നല്‍കുന്നത്. ഉമ്മന്‍ ചാണ്ടിക്ക് ഏറ്റവും അടുപ്പമുള്ള പത്രത്തില്‍ അത്തരമൊരു വാര്‍ത്ത മുഖ്യ വാര്‍ത്തയായി വരുമ്പോള്‍ തന്നെ അതിലെ അപകടം ചെന്നിത്തലക്ക് മനസ്സിലാകേണ്ടതായിരുന്നു.


പിന്നീട് എല്ലാ മാധ്യമങ്ങളും ആ വാര്‍ത്ത ഏറ്റെടുത്തു. വലിയ ചര്‍ച്ചയായി, എ, ഐ ഭേദമില്ലാതെ എല്ലാ നേതാക്കളും പ്രതികരണവുമായി രംഗത്തുവന്നു. ബഹളങ്ങള്‍ക്കിടെ മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും ചര്‍ച്ച നടത്തി, തൊട്ടുപിറകെ വാര്‍ത്ത വന്നു; ഉപമുഖ്യമന്ത്രി പദത്തില്‍ തീരുമാനമായെന്ന്. പിറ്റേന്ന് രാവിലെ ഉപമുഖ്യമന്ത്രിപദത്തിന്റെ കാര്യം മുന്നണിയില്‍ ആലോചിച്ചിട്ടില്ലെന്നും അത്തരമൊരു സ്ഥാനമുണ്ടെങ്കില്‍ അതിന്റെ ആദ്യ അവകാശം തങ്ങള്‍ക്കാണെന്നും പി കെ കുഞ്ഞാലിക്കുട്ടി ഏറ്റവും സര്‍ക്കുലേഷനുള്ള പത്രത്തിന്റെ ഉടമസ്ഥതയിലുള്ള ചാനലിനോട് പ്രതികരിച്ചു. ഇത്രയുമായപ്പോഴെങ്കിലും നേരം വെളുക്കേണ്ടതായിരുന്നു രമേശ് ചെന്നിത്തലക്കും ഐ ഗ്രൂപ്പിനും. അതുണ്ടായില്ല, അതിന്റെ ക്ഷീണമാണ് ഇപ്പോള്‍ തേച്ചാലും കുളിച്ചാലും മാറാത്ത വിധം നിലനില്‍ക്കുന്നത്.


ഇത്രയുമൊക്കെ നടന്ന ശേഷമാണ് മാധ്യമ സൃഷ്ടിയായും മാധ്യമങ്ങള്‍ക്ക് അവരുടെ വിശ്വാസതയിലെ താത്പര്യമില്ലായ്മയായും വാര്‍ത്തകളെ ഉമ്മന്‍ ചാണ്ടി വിശേഷിപ്പിക്കുന്നത്. എന്തുകൊണ്ട് ഈ വിശേഷണം എന്നറിയണമെങ്കില്‍ കുറച്ച് കൂടി കാര്യങ്ങള്‍ 'റീവൈന്റ്' ചെയ്താല്‍ മതിയാകും. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന, സി പി എം വിഭാഗീയത പാരമ്യത്തില്‍ നിന്ന, കാലത്ത് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് എഴുന്നേറ്റ ശേഷം ''മാധ്യമ സിന്‍ഡിക്കേറ്റെന്ന് ആക്ഷേപിക്കുന്നവര്‍ തന്നെ മാധ്യമങ്ങളെ ഉപയോഗിക്കുക'' എന്ന ആരോപണം വി എസ് ഉന്നയിച്ചിരുന്നു. വി എസിന്റേത് മാത്രമായ അംഗവിക്ഷേപങ്ങളോടെ ആ വാക്കുകള്‍ ഓര്‍ത്തു നോക്കുക. ദീര്‍ഘ വീക്ഷണത്തോടെയുള്ളതായിരുന്നു ആ വാക്കുകളെന്ന് ഉമ്മന്‍ ചാണ്ടിയുടെ, മാധ്യമ സൃഷ്ടി ആരോപണവും വാര്‍ത്തകളുടെ ഒഴുക്കും കാണുമ്പോള്‍ തോന്നിപ്പോകും.


മുന്നണിയിലെ രണ്ടാം കക്ഷിയായ മുസ്‌ലിം ലീഗിന് കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ രമേശ് ചെന്നിത്തല സ്വീകാര്യനായിരിക്കും. മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനത്തേക്ക് ചെന്നിത്തലയെ ആനയിക്കുമ്പോള്‍ അത് സമുദായ സന്തുലനത്തിന്റെ കണക്കിലെഴുതലായി മാത്രമേ നിലവിലുള്ള എന്‍ എസ് എസ്, എസ് എന്‍ ഡി പി സമ്മര്‍ദ സാഹചര്യത്തില്‍ വിലയിരുത്താനാകൂ. ലീഗിന്റെ പ്രതിനിധികളില്‍ അഞ്ചാമതൊരാള്‍ മന്ത്രിസഭയില്‍ എത്തിയപ്പോഴാണ് സമുദായ സന്തുലനം തകര്‍ന്നുവെന്ന ആരോപണമുണ്ടായത്. താക്കോല്‍ സ്ഥാനത്തേക്ക് ചെന്നിത്തല എത്തുമ്പോള്‍, സന്തുലനം തകര്‍ന്ന പ്രശ്‌നത്തിനുള്ള പരിഹാരമെന്ന നിലയില്‍ അത് വ്യവഹരിക്കപ്പെടുമെന്ന് ലീഗ് കരുതുന്നു. രമേശ് മന്ത്രിസഭയില്‍ വരുന്നത് കൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന്  ജി സുകുമാരന്‍ നായര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും മനസ്സിലിരുപ്പ് അതല്ലെന്ന് എല്ലാവര്‍ക്കുമെന്ന പോലെ ലീഗിനുമറിയാം. ലീഗിന്റെ രണ്ടാം സ്ഥാനം തങ്ങളിടപെട്ട് ഇല്ലാതാക്കി എന്ന് അഹങ്കരിക്കാന്‍ എന്‍ എസ് എസിനും എസ് എന്‍ ഡി പിക്കും അവസരമുണ്ടാക്കുന്നത് ശരിയല്ലെന്നും അവര്‍ കരുതുന്നുണ്ടാകണം.


ഇതിന് മുമ്പ് നടന്ന കേരള യാത്രക്കിടെ (നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചെന്നിത്തല നടത്തിയത്) പത്തനംതിട്ടയിലെ പര്യടനം, നായര്‍ മഹാ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരുന്നു. ചെന്നിത്തല  ഹരിപ്പാട് മത്സരിച്ചതിന്റെ ക്രഡിറ്റും എന്‍ എസ് എസ് അവകാശപ്പെട്ടിരുന്നു. ചെന്നിത്തലക്ക് മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനം നല്‍കാമെന്ന ഉറപ്പ് കോണ്‍ഗ്രസ് നേതൃത്വം തങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്ന അവകാശവാദവും എന്‍ എസ് എസ് പിന്നീട് നടത്തി. കെ പി സി സി പ്രസിഡന്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എടുക്കുന്നതിനേക്കാള്‍  താത്പര്യം ഒരു സമുദായ സംഘടന എടുക്കുന്നുവെങ്കില്‍ ആ നേതാവിന്റെ കാര്യത്തില്‍ ചില്ലറ സംശയം ആര്‍ക്കും തോന്നാം. അത്തരം സംശയം മുസ്‌ലിം ലീഗിനുണ്ടായിട്ടുണ്ടാകണം. അതുകൊണ്ട് കൂടിയാണ് ഉമ്മന്‍ ചാണ്ടിയുടെ തന്ത്രങ്ങള്‍ക്കൊപ്പം നിന്ന് ഉപമുഖ്യമന്ത്രി പദത്തിന്റെ സാധ്യത അവര്‍ ഇല്ലാതാക്കിയത്.


ഏറെ ചെറുപ്പത്തില്‍ മന്ത്രിയായി, പലവട്ടം എം പിയായി, ഹിന്ദി ഭാഷ വശത്താക്കിക്കൊണ്ട് എ ഐ സി സി നേതാക്കളുമായി മറ്റ് കേരള നേതാക്കള്‍ക്കില്ലാത്ത അടുപ്പം ഉണ്ടാക്കി എന്നിങ്ങനെ പല മേന്മകളുമുണ്ടാകാം രമേശ് ചെന്നിത്തലക്ക്. കെ പി സി സി അധ്യക്ഷപദത്തില്‍ തുടര്‍ന്ന കാലത്തോളം ആരും ചോദ്യം ചെയ്യാനുണ്ടായതുമില്ല. അതൊന്നും പക്ഷേ, ഉമ്മന്‍ ചാണ്ടിയുടെ അടവുകള്‍ തിരിച്ചറിഞ്ഞ് പയറ്റാനുള്ള പഠിപ്പായില്ലെന്ന് രമേശ് ചെന്നിത്തല ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാകണം. പാര്‍ട്ടിക്കുള്ളിലെ ബന്ധുബലം കൊണ്ടല്ല ഉമ്മന്‍ ചാണ്ടി യുദ്ധം ജയിക്കുന്നത്. പുറത്തുള്ള സുഹൃത്തുക്കളെ കൃത്യ സമയത്ത് ഉപയോഗിച്ചുകൊണ്ടാണ്. അങ്ങനെ ഉപയോഗിക്കുന്നതില്‍ പരാതിയില്ലാത്ത ശക്തരായ ബന്ധുക്കള്‍ ഏറെയുണ്ട് താനും.


പാര്‍ട്ടിയില്‍ ഒന്നാമനെന്ന സ്ഥാനം കോണ്‍ഗ്രസിനെയോ യു ഡി എഫിനെയോ സംബന്ധിച്ച് മുഖ്യമന്ത്രി, മന്ത്രി എന്നീ പദവികളെക്കാള്‍ വലുതല്ല. അതുകൊണ്ടാണ് വെറും എം എല്‍ എയായി തുടര്‍ന്ന കാലത്തും പാര്‍ട്ടി സ്ഥാനങ്ങളൊന്നും ഉമ്മന്‍ ചാണ്ടി സ്വീകരിക്കാതിരുന്നത്. പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തലക്കെതിരെ ചെറുവിരലനക്കാന്‍ അദ്ദേഹം തയ്യാറാകാതിരുന്നതും മറ്റൊന്നുകൊണ്ടല്ല. കെ പി സി സി പ്രസിഡന്റ് സ്ഥാനമുപേക്ഷിച്ച് മന്ത്രിയാകാന്‍ പുറപ്പെട്ടാല്‍ ഗതിയെന്താകുമെന്ന് അനുഭവജ്ഞാനമുള്ള കെ മുരളീധരന്‍ മുന്‍കൂട്ടി പറഞ്ഞുകൊടുത്തതാണ്. ആ മുന്നറിയിപ്പ് മുഖവിലക്കെടുത്തിരുന്നുവെങ്കില്‍ അല്‍പ്പം കരുതലോടെ നീങ്ങുമായിരുന്നു. ഇനി ആകെ പറയാവുന്നത്, ഈ പാര്‍ട്ടിയെക്കുറിച്ചും മുന്നണിയെക്കുറിച്ചും നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല എന്ന് മാത്രം.

2013-05-31

നായരീഴവ പുലിവാല്‍


ഉണ്ടിരുന്ന നായര്‍ക്കൊരു വിളി തോന്നി എന്ന് പറഞ്ഞത് പോലെയായിരുന്നു (രമേശ് ചെന്നിത്തല നായരായതു കൊണ്ടല്ല ഈ ചൊല്ല് ഇവിടെ ഉപയോഗിച്ചത്) കേരള യാത്ര. ലോക്‌സഭാ തിരഞ്ഞെടുപ്പ് 2014ല്‍ മാത്രം നടക്കാനിരിക്കെ, കോണ്‍ഗ്രസ് പാര്‍ട്ടിയെ അതിന് സന്നദ്ധമാക്കുക എന്ന ഉദ്ദേശ്യം യാത്രക്കു മേല്‍ ആരോപിക്കുക എളുപ്പമായിരുന്നില്ല. യാത്രാരംഭ ദിനത്തില്‍ വിവിധ പത്രങ്ങളില്‍ ഒരേസമയം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സംസ്ഥാന സര്‍ക്കാറിനെ ഒന്നാകെയും ആഭ്യന്തര വകുപ്പിനെ പ്രത്യേകിച്ചും രമേശ് ചെന്നിത്തല വിമര്‍ശിച്ചപ്പോള്‍ ഒരു നേരം അരി ഭക്ഷണം കഴിച്ചിരുന്നവര്‍ക്കൊക്കെ കാര്യങ്ങള്‍ വ്യക്തമായിരുന്നു. യാത്രാന്ത്യത്തില്‍ ആവശ്യപ്പെടുക നേതൃമാറ്റമാണോ ആഭ്യന്തര വകുപ്പോടെയുള്ള ഉപമുഖ്യമന്ത്രി പദമാണോ എന്ന ആശങ്ക മാത്രമേ വര്‍ണ്യത്തിലുണ്ടായിരുന്നുള്ളൂ.


വാഗ്ദാനങ്ങളില്‍ ജനം വിശ്വസിക്കാത്ത അവസ്ഥ സംജാതമായിരിക്കുന്നുവെന്ന് ലേഖനത്തില്‍ പറയുകയും കേരളത്തിന്റെ ഇനിയും പരിഹരിക്കപ്പെടാത്ത ആവശ്യങ്ങള്‍ ജനങ്ങളില്‍ നിന്ന് എഴുതി വാങ്ങുകയും ചെയ്തതിനാലാണ് നേതൃമാറ്റമുന്നയിച്ചേക്കുമോ എന്ന സംശയമുയര്‍ന്നത്. അതിനുള്ള സമയമായില്ലെന്ന് തോന്നിയതുകൊണ്ടാകണം ആഭ്യന്തര വകുപ്പോടെയുള്ള ഉപമുഖ്യമന്ത്രിപദമെന്ന ആവശ്യത്തിലൊതുങ്ങാന്‍ ചെന്നിത്തല തീരുമാനിച്ചത്. ഏറ്റമൊടുവില്‍, മുന്നണിയിലെ രണ്ടാമത്തെ കക്ഷിയുടെ നേതാവിന് മന്ത്രിസഭയില്‍ ലഭിക്കുന്ന പ്രാധാന്യം അരക്കഴഞ്ച് പോലും കുറയാന്‍ പാടില്ലെന്ന നിര്‍ബന്ധ ബുദ്ധിയാല്‍ മുസ്‌ലിം ലീഗ് ഇടഞ്ഞു. എങ്കിലും ഹൈക്കമാന്‍ഡിന്റെ പ്രത്യേക അനുവാദം വാങ്ങി, മന്ത്രിസഭയിലേക്ക് ചെന്നിത്തല വലതുകാല്‍ വെച്ച് കയറുമെന്ന് തന്നെ വേണം കരുതാന്‍. ഇടഞ്ഞു നില്‍ക്കുന്നവരും അടുത്തു നില്‍ക്കുന്നവരും ലഡു ഭക്ഷിച്ച് നിറഞ്ഞ് ചിരിക്കുന്ന ദൃശ്യ, ചിത്രങ്ങള്‍ വൈകാതെ കാണാനുമാകും. ഉപമുഖ്യമന്ത്രിപദമുള്‍പ്പെടെ കോണ്‍ഗ്രസില്‍ ഇപ്പോഴുണ്ടായ തര്‍ക്കങ്ങളെല്ലാം മാധ്യമ സൃഷ്ടിയെന്ന് പറയുന്നവരെല്ലാം ദൃശ്യ, ചിത്രങ്ങളിലുണ്ടാകുകയും ചെയ്യും.


ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് മന്ത്രിസഭ രണ്ടാണ്ട് പിന്നിടുമ്പോള്‍ അതിഘോരമായ വിധത്തില്‍ പ്രതിച്ഛായാ പ്രതിസന്ധിയൊന്നും നേരിടുന്നില്ല. സ്വന്തം കാര്യങ്ങള്‍ വൃത്തിയായി നോക്കാന്‍ ത്രാണിയുള്ള ഘടകകക്ഷികളെല്ലാം അത് ഭംഗിയായി നിര്‍വഹിക്കുന്നു, കോണ്‍ഗ്രസിന്റെ മന്ത്രിമാരും താത്പര്യ സംരക്ഷണത്തിന്റെ പാതയില്‍ സുഗമമായി മുന്നേറുന്നു. വിലക്കയറ്റം, പൊതു സ്വത്തിന്‍മേലുള്ള കൈയേറ്റം, ആദിവാസി മേഖലകളില്‍ നിന്നുള്ള പട്ടിണി മരണം തുടങ്ങിയ അസ്വാരസ്യങ്ങളുണ്ടാകുമ്പോള്‍ പ്രഖ്യാപനങ്ങളിലൂടെ ജനവികാരം തണുപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. അതിനപ്പുറത്ത് സര്‍ക്കാറിന്റേതായ ജനക്ഷേമ പ്രവൃത്തികള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് പൊതു സമ്പര്‍ക്ക വിഭാഗത്തിലൂടെ വരുന്ന പരസ്യങ്ങള്‍ പരിശോധിച്ച് വിലയിരുത്താവുന്നതാണ്.


2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, കഴിഞ്ഞ തവണത്തെ 16 സീറ്റിന്റെ നേട്ടം ആവര്‍ത്തിക്കില്ലെന്ന് കോണ്‍ഗ്രസിലെയും യു ഡി എഫിലെയും നേതാക്കള്‍ മനസ്സിലെങ്കിലും സമ്മതിക്കുന്നുണ്ടാകണം. ഇത്തരമൊരു സാഹചര്യത്തില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനമുപേക്ഷിച്ച്, മന്ത്രിയാകാന്‍ രമേശ് ചെന്നിത്തല എന്തുകൊണ്ട് തത്പരനാകുന്നു? ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടാകാന്‍ ഇടയുള്ള കുറേക്കൂടി അനുകൂല സാഹചര്യം മുതലെടുത്ത് ഒരു നേതൃമാറ്റത്തിന് തന്നെ കളമൊരുക്കാന്‍ ശ്രമിച്ചു കൂടേ ചെന്നിത്തലക്ക്? യു ഡി എഫിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ തലവനെന്ന സ്ഥാനം, ഒരു നിലക്ക് നോക്കിയാല്‍ മുഖ്യമന്ത്രിയേക്കാള്‍ മുകളിലാണ്. അതുപേക്ഷിക്കേണ്ട സാഹചര്യം എന്താണ് നിലനില്‍ക്കുന്നത്? കോണ്‍ഗ്രസിലെയും യു ഡി എഫിലെയും, അധികാരത്തിലെത്തിയ കാലത്തൊക്കെ ആവര്‍ത്തിക്കപ്പെട്ട, ഗ്രൂപ്പ്/കക്ഷി യുദ്ധങ്ങളില്‍ സമുദായ സംഘടനകള്‍ ഇടപെടുമ്പോള്‍ സംഭവിക്കുന്നത് എന്താണ്?


രമേശ് ചെന്നിത്തലയെ സംബന്ധിച്ച് കെ പി സി സി പ്രസിഡന്റ് പദവിയില്‍ രണ്ട് ടേം കഴിഞ്ഞിരിക്കുന്നു. മൂന്നാമത്തെ ടേമിന്റെ അവസാന ഘട്ടത്തിലുമാണ്. എ ഐ സി സിയുടെ വൈസ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത രാഹുല്‍ ഗാന്ധി സംഘടനാ സംവിധാനത്തെ അഴിച്ച് പണിയാന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളിലൊന്ന് ദീര്‍ഘകാലമായി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നവരെ മാറ്റുക എന്നതാണ്. അതനുസരിച്ചാണെങ്കില്‍ ചെന്നിത്തലക്ക് വൈകാതെ സ്ഥാനചലനമുണ്ടാകും. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞാല്‍, വെറുമൊരു ഹരിപ്പാട് എം എല്‍ എയായി ചുരുങ്ങുക എന്നത് ചെന്നിത്തലയെ സംബന്ധിച്ച് സഹിയാവതല്ല. സ്ഥാനമൊഴിഞ്ഞതിന് ശേഷം മന്ത്രി സ്ഥാനത്തിന് ശ്രമിച്ചാല്‍ കെ മുരളീധരന്റെ വിലയേ തനിക്കുമുണ്ടാകൂ എന്ന് അദ്ദേഹം തിരിച്ചറിയുന്നുമുണ്ട്. ഉണ്ടിരുന്ന നായര്‍ക്ക് തോന്നിയ വിളിയല്ല, മറിച്ച് കാറ്റുള്ളപ്പോള്‍ പാറ്റുന്നവന്റെ സാമര്‍ഥ്യമാണ് കേരളയാത്രയിലൂടെ കണ്ടത് എന്ന് ചുരുക്കം. അധികാരമില്ലാതെ ഇനി പറ്റില്ലെന്ന് (മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ അഞ്ച് വര്‍ഷത്തേക്ക് നോക്കേണ്ടിവരില്ലെന്ന ശങ്ക രൂഢമൂലമാണ് മനസ്സില്‍) ചെന്നിത്തല തുറന്ന് പറയുക തന്നെയാണ്. ചെന്നിത്തലയല്ല, കോണ്‍ഗ്രസില്‍ നിന്ന് ആര് തന്നെ മന്ത്രിസഭയില്‍ വന്നാലും യു ഡി എഫ് സര്‍ക്കാര്‍ ഇപ്പോഴേത് വഴിക്കാണോ സഞ്ചരിക്കുന്നത്, ആ വഴിക്ക് തന്നെ സഞ്ചാരം തുടരുമെന്നതില്‍ സംശയമില്ലാത്തതിനാല്‍ ജനത്തിനോ വോട്ടര്‍ പട്ടികയില്‍ പേരുള്ള, വോട്ട് ചെയ്യുന്ന ജനത്തിനോ ഇവിടെ വലിയ കാര്യമൊന്നുമില്ല.


ഈ യുദ്ധത്തിലെ ഏറ്റവുമധികം നികൃഷ്ടമായ സംഗതി, നായര്‍ സര്‍വീസ് സൊസൈറ്റിയും (എന്‍ എസ് എസ്) ശ്രീനാരായണ ധര്‍മ പരിപാലന  യോഗവും (എസ് എന്‍ ഡി പി) സ്വീകരിച്ച നിലപാടുകളാണ്. തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തുമെന്ന ഭീഷണിയാണ് ഇരു സംഘടനകളുടെയും നേതാക്കള്‍ പ്രത്യക്ഷമായും പരോക്ഷമായും മുഴക്കുന്നത്. മുന്നാക്ക സമുദായ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തെ കാബിനറ്റ് മന്ത്രിയുടെ പദവിയിലേക്ക് ഉയര്‍ത്തി, അവിടെ എന്‍ എസ് എസ് നേതാവ് കൂടിയായ ആര്‍ ബാലകൃഷ്ണ പിള്ളയെ പ്രതിഷ്ഠിക്കുകയും ഭാര്യാ പീഡന ആരോപണത്തെത്തുടര്‍ന്ന് രാജിവെച്ച ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചുള്‍പ്പെടുത്തിയും എന്‍ എസ് എസ്സിന്റെ അപ്രീതി നീക്കാന്‍ ശ്രമിച്ചു ഉമ്മന്‍ ചാണ്ടി. രണ്ട് കാര്യങ്ങളും ഇതുവരെ നടന്നില്ലയെങ്കില്‍ കൂടി ഇത്തരമൊരു നിര്‍ദേശം ചര്‍ച്ചാവിധേയമാക്കിയത് എന്‍ എസ് എസ് സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന് വ്യക്തം. ഗണേഷിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാമെന്ന് മുസ്‌ലിം ലീഗ് പറയുമ്പോള്‍ ചര്‍ച്ചകള്‍ നടന്നു/നടക്കുന്നുവെന്നത് സ്ഥിരീകരിക്കപ്പെടുന്നുമുണ്ട്.


ബാലകൃഷ്ണ പിള്ളക്ക് സ്ഥാനലബ്ദിയുണ്ടായാല്‍ അത് സമുദായത്തിന്റെ കണക്കില്‍ എഴുതേണ്ടെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഉടന്‍ പ്രതികരിച്ചു. ഭരണത്തിലെ സമുദായ സന്തുലനമില്ലായ്മയായിരുന്നു എന്‍ എസ് എസ്സും എസ് എന്‍ ഡി പിയും നേരത്തെ മുതല്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രശ്‌നം. മുസ്‌ലിം ലീഗിന്റെ പ്രതിനിധിയായി അഞ്ചാമതൊരാള്‍ മന്ത്രിസഭയിലേക്ക് വന്നതോടെയാണ് ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മന്ത്രിസഭയെന്ന പ്രശ്‌നം ഈ സംഘടനകള്‍ കൂടുതല്‍ ശക്തമായി ഉന്നയിച്ചത്. ഭൂരിപക്ഷ സമുദായാംഗങ്ങള്‍ക്ക് പലായനം ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് വരെ സുകുമാരന്‍ നായര്‍ പറഞ്ഞു. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ മന്ത്രിസഭയില്‍ ഭൂരിപക്ഷമായതുകൊണ്ട് എന്തൊക്കെ ബുദ്ധിമുട്ടുകളാണ് ഭൂരിപക്ഷ സമുദായത്തിന് ഉണ്ടായതെന്ന് പറയാതെയാണ് ഈ ആരോപണങ്ങളെല്ലാം സുകുമാരന്‍ നായര്‍ ഉന്നയിച്ചത്, വെള്ളാപ്പള്ളി നടേശന്‍ പിന്തുണച്ചത്.


ഈ മന്ത്രിസഭ മൂലം എന്‍ എസ് എസ്സിനും എസ് എന്‍ ഡി പിക്കുമുണ്ടായ ബുദ്ധിമുട്ടുകളും ഇവര്‍ ഇതുവരെ പറഞ്ഞിട്ടുമില്ല. രമേശ് ചെന്നിത്തലെയെ മന്ത്രിസഭയില്‍ അംഗമാക്കാത്തതായിരുന്നു ഇടക്കാലത്ത് എന്‍ എസ് എസ്സിനുണ്ടായിരുന്ന ബുദ്ധിമുട്ടെന്ന് സുകുമാരന്‍ നായരുടെ മുന്‍കാല പ്രസ്താവനകളില്‍ നിന്ന് മനസ്സിലാക്കാനാകും. രമേശ് മന്ത്രിസഭയില്‍ എത്തിയാലും ഗണേഷിനെ തിരിച്ചെടുത്താലും തീരില്ല അരിശമെന്നാണ് ഇപ്പോഴത്തെ നിലപാട്. പിന്നെ എന്താണ് വേണ്ടതെന്ന് തുറന്ന് പറയാന്‍ സുകുമാരന്‍ നായര്‍ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. വെള്ളാപ്പള്ളിയും അതിന് തയ്യാറാകണം. മറിച്ച് ഇരു മുന്നണികളും ഭൂരിപക്ഷ സമുദായത്തെ ദ്രോഹിക്കുകയാണെന്ന ധാരണ പരത്തി, ഹൈന്ദവ വര്‍ഗീയ ശക്തികള്‍ക്ക് തുണയേകാനാണ് ഉദ്ദേശ്യമെങ്കില്‍ അക്കാര്യവും നേരെ ചൊവ്വെ പറയാവുന്നതാണ്.


കാര്യങ്ങള്‍ തീര്‍ത്തും അവ്യക്തമായി നിര്‍ത്തി, സര്‍ക്കാറിനെ വരച്ചവരയില്‍ നിര്‍ത്താന്‍ ത്രാണിയുള്ളവരാണ് തങ്ങളെന്ന മിഥ്യാബോധം സൃഷ്ടിച്ച്, അതില്‍ അഭിരമിച്ചിരിക്കാനാണ് ശ്രമമെങ്കില്‍ അതൊരു മാടമ്പിത്തരം മാത്രമേ ആകൂ. ദീര്‍ഘകാലം അതിന് ആയുസ്സുണ്ടാകുകയുമില്ല. അതിന് തെളിവാണ്, ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പാസ്സാക്കിയ പ്രമേയം. തന്റെ കള്ള് കച്ചവടത്തിന്റെ പങ്ക് പറ്റിയവരാണ് പ്രമേയം പാസ്സാക്കിയതെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില്‍ കഴമ്പുണ്ടാകും. പക്ഷേ, പങ്ക് നല്‍കി നേതാക്കളെ വളര്‍ത്തിയെടുത്തത് എന്തിനെന്ന ചോദ്യത്തിന് കൂടി വെള്ളാപ്പള്ളി മറുപടി പറയേണ്ടിവരുമെന്ന് മാത്രം. ആലപ്പുഴ ഡി സി സി പാസ്സാക്കിയ പ്രമേയം അത്രത്തോളം അസഹ്യമെങ്കില്‍ (അതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ അനുവദിച്ച സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കാന്‍ എന്‍ എസ് എസ്സും എസ് എന്‍ ഡി പിയും തീരുമാനിച്ചത്. ചില നായന്‍മാരെങ്കിലും എന്‍ എസ് എസ്സിലെ സ്ഥാനമുപേക്ഷിച്ച് സര്‍ക്കാര്‍ സ്ഥാനം നിലനിര്‍ത്തി കൂറുകാട്ടുകയും ചെയ്തു)


ആലപ്പുഴ ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിക്കാനും അത് നടത്തിക്കാട്ടാനും രണ്ട് സമുദായ നേതാക്കളും മുന്‍കൈ എടുക്കണം. യഥാവിധിയെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത് 2016ലാണ്. അന്ന് ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയാണ് മത്സരിക്കുന്നതെങ്കില്‍ പരാജയപ്പെടുത്താന്‍ ഈ നായരീഴവ പ്രഭൃതികള്‍ക്ക് സാധിക്കുമോ? ചെങ്ങന്നൂരില്‍ പി സി വിഷ്ണുനാഥിനെ തോല്‍പ്പിക്കാന്‍ സാധിക്കുമോ? പെരുന്നയിലും കണിച്ചുകുളങ്ങരയിലും കാട്ടുന്ന തിണ്ണിമിടുക്ക് മാത്രമേയുള്ളൂ ഈ നേതാക്കള്‍ക്ക് എന്ന് തിരിച്ചറിയാത്തവരായി അവരും അനാവശ്യഭക്തി കാട്ടുന്ന രാഷ്ട്രീയ നേതാക്കളും മാത്രമേ കാണൂ. അതുകൊണ്ടാണ് എന്‍ എസ് എസ്സിനും എസ് എന്‍ ഡി പിക്കുമൊക്കെ ബോര്‍ഡ്, കോര്‍പ്പറേഷന്‍, ദേവസ്വം, സര്‍വകലാശാല സ്ഥാനങ്ങള്‍ നല്‍കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായതും.


രമേശ് ചെന്നിത്തലയുടെ മന്ത്രി മോഹവും എന്‍ എസ് എസ് - എസ് എന്‍ ഡി പി നേതാക്കളുടെ ഉണ്ടയില്ലാ വെടികളും അതിനോട് മത്സരിക്കാന്‍ തത്രപ്പെട്ട് മുസ്‌ലിം ലീഗ് സ്വീകരിക്കുന്ന കടുത്ത നിലപാടുകളും അനാവശ്യ സ്പര്‍ധയുടെ അന്തരീക്ഷം സൃഷ്ടിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.  മന്ത്രിയാകാന്‍ പുറപ്പെട്ട് തീര്‍ത്തും ക്ഷീണിതനായി മാറിയ രമേശ് ചെന്നിത്തല, മന്ത്രിസഭാ പ്രവേശം ഏതെങ്കിലും വിധത്തില്‍ സാധ്യമാക്കി, ലഡു വിതരണ ദൃശ്യ - ചിത്രങ്ങളില്‍ അഭിനയിച്ച് ക്ഷീണം മാറ്റിയേക്കും. അപ്പോഴും നായരീഴവ നേതാക്കള്‍ സൃഷ്ടിച്ച അന്തരീക്ഷ മലിനീകരണം നിലനില്‍ക്കും. ആലപ്പുഴ ഡി സി സിയുടെ ധൈര്യമെങ്കിലും കെ പി സി സിയും മുഖ്യമന്ത്രിയും കാട്ടിയാല്‍ ഈ മലിനീകരണത്തിന്റെ തോത് കുറച്ച് കൊണ്ടുവരാനെങ്കിലും സാധിക്കും.

2013-05-18

ശ്രീശാന്തിനെ മാത്രമോ പഴിക്കേണ്ടത്?



കള്ളപ്പണത്താല്‍ സംഘടിപ്പിക്കപ്പെട്ട്, നികുതിയൊടുക്കാത്ത പണത്താല്‍ വളര്‍ന്ന അടിമുടി വ്യാജമായ ഒരു കളി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന പേരില്‍ ആഘോഷിക്കപ്പെടുന്ന, ഇരുപതോവര്‍ ക്രിക്കറ്റിനെ ഇതില്‍ ചുരുക്കി വിശേഷിപ്പിക്കുക അബദ്ധമാകും. ആ വ്യാജ നിര്‍മിതിയിലുള്ള വഞ്ചനയുടെ മുഖം കുറേക്കൂടി വ്യക്തമാകുന്നു എന്നത് മാത്രമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. സ്റ്റേഡിയത്തിലിരച്ചു കയറുന്ന കാണികളെയും ടെലിവിഷനു മുന്നില്‍ ചടഞ്ഞിരിക്കുന്ന പ്രേക്ഷകരെയും വിഡ്ഢികളാക്കുന്ന, മുന്‍കൂട്ടി വിലപറഞ്ഞുറപ്പിച്ച് നടത്തുന്ന നാടകം മാത്രമാണ് കളിക്കളത്തില്‍ അരങ്ങേറുന്നതെന്ന ആരോപണത്തെ കൂടുതല്‍ ശരിവെച്ചിരിക്കുന്നു ഇപ്പോള്‍ പുറത്ത് വന്ന വാതുവെപ്പ്/ഒത്തുകളി വിവരങ്ങള്‍. ശ്രീശാന്തെന്ന, പല കാരണങ്ങളാല്‍ നേരത്തെ തന്നെ ക്രിക്കറ്റിനകത്തും പുറത്തും പ്രശസ്തനും കുപ്രശസ്തനുമായ താരം അതിലകപ്പെട്ടുവെന്നതാണ് മലയാളികളെ സംബന്ധിച്ച് ഇതിലൊരു പ്രത്യേകത. നേരത്തെ അര്‍ധ മലയാളിയായ അജയ് ജഡേജ, ഒത്തുകളിയില്‍ ആരോപണവിധേയനായപ്പോള്‍ തന്നെ, ഒന്നിലും പിന്നാക്കമാകില്ലെന്ന് നാം തെളിയിച്ചതുമാണ്.


മത്സര ഫലം സംബന്ധിച്ച വാതുവെപ്പ് സാധാരണമാണ്. നമ്മുടെ നാട്ടിന്‍പുറങ്ങളിലൊക്കെ കൗതുകത്തിനും തമാശക്കും അരങ്ങേറുന്നതുള്‍പ്പെടെ സംഘടിതമായുള്ള വലിയ വാതുവെപ്പുകള്‍ വരെ. അങ്ങനെ സംഘടിതമായി വാതുവെക്കുന്നവര്‍ തങ്ങളുടെ ഭാഗം ജയിക്കാനും  ലാഭമുറപ്പാക്കാനും ചില കളിക്കാരെ പണം നല്‍കി വശത്താക്കുന്ന രീതിയായിരുന്നു മുമ്പ്. അത് ക്രിക്കറ്റില്‍ മാത്രമല്ല, ഫുട്‌ബോളിലുമൊക്കെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ രീതിയില്‍ നിന്ന് മാറി ഓരോ പന്തിലും വാതുവെപ്പ് സാധ്യത സൃഷ്ടിച്ച് ചൂതാട്ടത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തിയെന്നതാണ് ക്രിക്കറ്റിനെയും വിശിഷ്യാ ഐ പി എല്ലിനെയും സംബന്ധിച്ച പ്രാധാന്യം. ക്രിക്കറ്റിനെ ഏറെ ജനപ്രിയമാക്കിയ തത്സമയ സംപ്രേഷണത്തിന്റെ മാതൃകയില്‍ തത്സമയം വാതുവെപ്പുകള്‍ സംഘടിപ്പിക്കുക കൂടിയാണ് ചൂതാട്ട ശൃംഖല.


ഒരു മത്സരം തുടങ്ങുമ്പോള്‍ ആദ്യമായി എറിയാനെത്തുന്ന കളിക്കാരന്‍ വൈഡ് എറിയുമോ എന്നത് വാതുവെപ്പിന് ഇനമാണ്. കളി തുടങ്ങുമ്പോഴാണ് വാതുവെപ്പും നടക്കുക. വാതുവെപ്പുകാരുമായി നേരത്തെ ധാരണയുണ്ടാക്കിയ ഏറുകാരന്‍, എന്തെങ്കിലുമൊരു സിഗ്നല്‍ ഏറിന് മുമ്പ് നല്‍കും. ലോക്കറ്റ് കടിക്കുക, മുഖം തുടക്കാനെടുത്ത തൂവാല കൈയില്‍ കെട്ടുക അങ്ങനെ എന്തെങ്കിലും. വൈഡ് എറിയുമെന്ന സൂചനയാണിത്. ആദ്യ പന്ത് വൈഡാകുമോ ഇല്ലയോ എന്ന വാതുവെപ്പ് ഓണ്‍ലൈനോ മൊബൈല്‍ ഫോണോ ഒക്കെ ഉപയോഗിച്ച് ഉടന്‍ നിലവില്‍ വരും.  ബാറ്റ്‌സ്മാന്റെ കാര്യമെടുത്താല്‍ ആദ്യ പന്തില്‍ പുറത്താകുമോ ഇല്ലയോ എന്നതാകാം പന്തയ ഇനം. കളിക്കളത്തിലേക്ക് ഇറങ്ങി നടക്കുമ്പോഴാകും ബാറ്റ്‌സ്മാന്‍ സൂചന നല്‍കുക. ഒരോവറില്‍ വിട്ടു നല്‍കുന്ന റണ്‍സ്, അവസാന ഓവറിലെ അവസാന പന്ത് നൊ ബോളോ വൈഡോ ആകല്‍, ക്യാച്ചുകള്‍ വിട്ടുകളയല്‍ എന്നിങ്ങനെ കളിക്കളത്തിലെ ഓരോ നീക്കവും വാതുവെപ്പിന് കാരണമാകും. ഇതെല്ലാം പണം നല്‍കി, മുന്‍കൂട്ടി നിശ്ചയിക്കപ്പെടുമെന്ന് മാത്രം.


യഥാര്‍ഥത്തില്‍ ഇതാണ് ഇപ്പോള്‍ നടക്കുന്ന യഥാര്‍ഥ കളി. ഈ കളിക്ക് കൂട്ടുനില്‍ക്കാത്തവരുണ്ടാകാം. പക്ഷേ, ഭൂരിഭാഗവും അങ്ങനയല്ലെന്ന് തന്നെ മനസ്സിലാക്കേണ്ടിവരും. കളിക്കളത്തിലെ പ്രകടനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് അത് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല.
ഇത്തരത്തിലൊരു കളിയുടെ ആവശ്യമെന്ത്? അത് ഒരു പന്ത് പോലും വിടാതെ സംപ്രേഷണം ചെയ്ത് കാണികളെ വഞ്ചിക്കുന്നതിന്റെ ആവശ്യമെന്ത്? ഈ കളിയും അതിന്റെ തത്സമയ സംപ്രേഷണവും അനുവദിച്ച്, കളിക്ക് വിനോദ നികുതി ഇളവ് ചെയ്ത് കൊടുത്ത് കാണികളെക്കൂട്ടി ഭരണ സംവിധാനം കൂടെ നില്‍ക്കുന്നത് എന്തുകൊണ്ട്? കളിക്കാനിറങ്ങുന്നവര്‍  കാട്ടുന്ന തട്ടിപ്പിനേക്കാള്‍ അധികം ഐ പി എല്ലെന്ന മഹാമഹത്തിന്റെ സംഘാടനത്തിലുണ്ടാകുകയും അതിന് നേതൃത്വം നല്‍കാന്‍ ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയുണ്ടാകുകയും ചെയ്യുന്നുവെന്ന ഉത്തരത്തിലേക്കാണ് എത്തുക. ആ തട്ടിപ്പിന്റെ വലുപ്പം നേരത്തെ പുറത്തുവന്നതാണ്. ആദായ നികുതി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) എന്നിവ അന്വേഷണം ആരംഭിച്ചതുമാണ്. പക്ഷേ, എവിടെയും എത്തിയില്ലെന്ന് മാത്രം.


ഐ പി എല്ലെന്ന മാമാങ്കത്തെ നിയന്ത്രിക്കുന്നത് ബോര്‍ഡ് ഫോര്‍ കണ്‍ട്രോള്‍ ഓഫ് ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബി സി സി ഐ) യാണ്. ശരത് പവാര്‍, അരുണ്‍ ജെയ്റ്റ്‌ലി, സി പി ജോഷി (കേന്ദ്ര മന്ത്രി), നരേന്ദ്ര മോഡി, രാജീവ് ശുക്ല (കേന്ദ്ര മന്ത്രി) തുടങ്ങി കൊടിയുടെ നിറമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ക്കൊക്കെ നേരിട്ടും അല്ലാതെയും ബന്ധമുള്ള ബി സി സി ഐ. ഒരു നിയമത്തിനും വഴങ്ങാന്‍ കൂട്ടാക്കില്ലെന്ന് പ്രഖ്യാപിച്ച് നില്‍ക്കുന്ന ബി സി സി ഐ, നടത്തുന്ന മാമാങ്കത്തിന് ഈ നേതാക്കള്‍ നിയന്ത്രിക്കുന്ന രാഷ്ട്രീയ, ഭരണ സംവിധാനങ്ങള്‍ മൂക്കുകയറിടുമെന്ന് കരുതാനാകുമോ?  


ഐ പി എല്ലിന്റെ ഇതുവരെയുള്ള ചരിത്രം ഇങ്ങനെ സംഗ്രഹിക്കാം. അഴിമതി, അതിന്റെ ഉപോത്പന്നമായ കള്ളപ്പണം, പണമൊഴുക്കി നേടിയെടുത്ത ക്രമരഹിതമായ സൗകര്യങ്ങള്‍ എന്ന് വേണ്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ (ഐ പി എല്‍) ക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അതിരുകളില്ല. ഇതിലുള്‍ക്കൊണ്ട എല്ലാ ടീമുകളുടെയും ഉടസ്ഥരെക്കുറിച്ച് സംശയങ്ങളുയര്‍ന്നു. മേളയുടെ മുഖ്യ നടത്തിപ്പുകാരനായിരുന്ന ലളിത് മോഡിയുടെ (ഐ പി എല്ലിന്റെ മുന്‍ ചെയര്‍മാന്‍) എല്ലാ പ്രവര്‍ത്തനങ്ങളും ചോദ്യം ചെയ്യപ്പെട്ടു. ലളിത് മോഡിയുടെ ദുരൂഹ ഇടപാടുകള്‍ അന്വേഷിക്കാന്‍ ആദായ നികുതി, എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പുകളും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (സി ബി ഐ) കച്ചകെട്ടിയിറങ്ങി. ബി സി സി ഐ നടത്തിയ ആഭ്യന്തര അന്വേഷണം വേറെയും. കേള്‍വിപ്പെട്ട എല്ലാ അഴിമതിക്കേസുകളുടെയും കാര്യത്തിലെന്ന പോലെ പലേടത്തും റെയ്ഡുകളുണ്ടായി. വിലപ്പെട്ട രേഖകള്‍ കണ്ടെടുത്തതായി വാര്‍ത്തകള്‍ വന്നു. ലളിത് മോഡിയും കൂട്ടരും ഇതാ കുടുങ്ങാന്‍ പോകുന്നു. മൗറീഷ്യസിലും മറ്റും രജിസ്റ്റര്‍ ചെയ്ത കമ്പനികളിലൂടെ ഐ പി എല്‍ ടീമുകളിലേക്ക് ഒഴുകിയെത്തിയ കോടികളുടെ കണക്ക് പുറത്തുവരും, അങ്ങനെ ഒഴുകിയ പണത്തിന്റെ സ്രോതസ്സ് വെളിപ്പെടാന്‍ പോകുന്നു എന്നിങ്ങനെ പല പ്രതീക്ഷകള്‍.

ഒന്നും സംഭവിച്ചില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് ലളിത് മോഡിയെ ഒന്ന് ചോദ്യം ചെയ്യാന്‍ പോലും സാധിച്ചില്ല. റെയ്ഡുകള്‍ കൊടുമ്പിരിക്കൊണ്ട കാലത്ത് ലളിത് മോഡിയുടെ ഓഫീസില്‍ നിന്ന് ലാപ്‌ടോപ്പും സ്യൂട്‌കേസുമായി കടന്ന് കളഞ്ഞ മദ്യ രാജാവിന്റെ വളര്‍ത്തുപുത്രിയെ നാട്ടിലുണ്ടായിട്ട് പോലും ചോദ്യം ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് ആര്‍ക്കും അറിയില്ല. ക്രമക്കേട് പുറത്തുവരുവോളം ലളിത് മോഡിയുടെ തലതൊട്ടപ്പനായിരുന്നു എന്‍ സി പി നേതാവും ക്രിക്കറ്റ് രാഷ്ട്രീയത്തിലെ കരുത്തനുമായ ശരത് പവാര്‍. കോടികളുടെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളുയര്‍ന്നതോടെ മോഡിയെ കൈവിട്ട് പവാര്‍ സംശുദ്ധനായി. അതുവരെ മോഡി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പവാറുമായുള്ള ബന്ധം ഏതളവില്‍ ഉപയോഗിക്കപ്പെട്ടുവെന്ന് ആരും ചോദിച്ചതേയില്ല.


രാജീവ് ശുക്ല മുതല്‍ സി പി ജോഷി വരെ കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമായവര്‍ ക്രിക്കറ്റ് അസോസിയേഷന്‍ രാഷ്ട്രീയത്തിലും ഐ പി എല്‍ പോലുള്ള മേളകളുടെ സംഘാടനത്തിലും അന്നോളം നടത്തിയിരുന്ന ഇടപെടലുകളില്‍ ആര്‍ക്കും സംശയവുമുണ്ടായില്ല. ക്രിക്കറ്റ് രാഷ്ട്രീയത്തില്‍ അടവും തൊഴിലും ശീലിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലിയും നരേന്ദ്ര മോഡിയും നേതൃസ്ഥാനത്തുള്ള ബി ജെ പിക്കും ചോദ്യങ്ങളോ സംശയങ്ങളോ ഉണ്ടായില്ല, ഇനിയൊട്ട് ഉണ്ടാകുകയുമില്ല.


അഴിമതിയുടെയും സ്വജന സംരക്ഷണത്തിന്റെയും ഈ കഥകള്‍ക്ക് മുകളില്‍ നിന്നുകൊണ്ടാണ് വാതുവെപ്പിലുള്‍പ്പെട്ട കളിക്കാരെക്കുറിച്ച് നാം സംസാരിക്കേണ്ടത്. കള്ളപ്പണം വെളുപ്പിക്കാന്‍ സംഘാടകര്‍ ഐ പി എല്ലിനെ ഉപയോഗിച്ചപ്പോള്‍ എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗം കളിക്കാര്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചുവെന്ന് മാത്രമേയുള്ളൂ. വലിയ കള്ളന്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിച്ച നിയമ നിര്‍ഹവണ സംവിധാനം, കളിക്കാരുടെ ഫോണ്‍ ചോര്‍ത്തി അറസ്റ്റ് ചെയ്ത്, അതിനെ ആഘോഷമാക്കുമ്പോള്‍ പുച്ഛിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. എല്ലാവരുടെയും പൊന്‍മുട്ടയിടുന്ന താറാവാണ് ഐ പി എല്‍. വാതുവെപ്പ് തെളിഞ്ഞത് കൊണ്ട് മാത്രം കളി നിര്‍ത്തില്ല. ഒത്തുകളിച്ചവരെ പുറത്താക്കി മാമാങ്കം പൂര്‍വാധികം ഭംഗിയായി തുടരുമെന്ന് ബി സി സി ഐ അധ്യക്ഷന്‍ ശ്രീനിവാസന്‍ (ഇദ്ദേഹത്തിനുമുണ്ട് ഐ പി എല്‍ ടീം) പ്രഖ്യാപിച്ചത്  അതുകൊണ്ടാണ്.


സമ്പത്തും അധികാരവും മാത്രമായിരുന്നില്ല കോടികളുടെ ഈ വിനോദത്തിന് ചൂഷണം ചെയ്യപ്പെടുന്നത്. അത്തരം ചൂഷണങ്ങളുടെ ചില ദുര്‍ഗന്ധപൂരിതമായ കഥകള്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ പുറത്ത് വരികയും ചെയ്തിരുന്നു.
മാഫിയക്ക് വേണ്ട എല്ലാ ചേരുവകളും ഇതിലുണ്ട്. കള്ളപ്പണം, ലഹരി, ലൈംഗിക വാണിജ്യം അങ്ങനെയെല്ലാം. കളിക്കളത്തിന് പുറത്തെ പ്രതികാരത്തിന്റെ ലോകത്തേക്ക് കൂടി കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ടെന്ന് വേണം ശ്രീശാന്തിന്റെയും മറ്റ് രണ്ട് പേരുടെയും അനുഭവത്തില്‍ നിന്ന് മനസ്സിലാക്കാന്‍. ഒറ്റുകാരില്ലാതെ ഈയൊരു വിവരം പുറത്തുപോകില്ലല്ലോ. വാതുവെപ്പില്‍ 10 ലക്ഷം നഷ്ടപ്പെട്ടപ്പോള്‍ ബന്ധുവിന്റെ മകനെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം മോചന ദ്രവ്യമാവശ്യപ്പെടുകയും പോലീസിലറിയിച്ചുവെന്ന് മനസ്സിലായപ്പോള്‍ ആ 13കാരനെ കൊന്ന് കത്തിക്കുകയും ചെയ്ത എം ബി എക്കാരന്‍ ഏതളവിലുള്ള കുറ്റകൃത്യത്തിനും ഇത് പ്രേരകമാകുന്നുവെന്നതിന് തെളിവാണ്.


കള്ളപ്പണത്തിന്റെ ലഭ്യമായ കണക്കുകള്‍ പോലും മൂടിവെച്ചും ഗത്യന്തരമില്ലാത്തഘട്ടത്തില്‍ പിടിയിലാകുന്നവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പോലും മറച്ചുവെച്ചും കള്ളത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഭരണകൂടമാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് ഈ കളി അനുസ്യൂതം തുടരും. അടിമുടി വ്യാജമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെ നാമതിനെ ആസ്വദിക്കും. ഏറുകാരനും അടിക്കാരനും വേണ്ടി ഘോരഘോരം വാദിക്കും.