2015-09-29

ചോറും മോരും ഡിജിറ്റലാണ്


വിവരസാങ്കേതിക വിദ്യയെ ലോകരാഷ്ട്രങ്ങള്‍ ഏത് വിധത്തില്‍ സ്വീകരിച്ച് ഉപയോഗപ്പെടുത്തുന്നുവെന്ന് കണക്കെടുത്തപ്പോള്‍ 2013ല്‍ മുന്നില്‍ നിന്നത് ഫിന്‍ലന്‍ഡായിരുന്നു. ശൃംഖല ഒരുക്കിവെച്ചതിന്റെ (ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വഴിയോ ഉപഗ്രഹ സംവിധാനം ഉപയോഗിച്ചോ രാജ്യത്തെല്ലായിടത്തും ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കുക) കണക്കെടുത്തത്, ലോക സാമ്പത്തിക ഫോറമായിരുന്നു. ഫിന്‍ലന്‍ഡിലെ 90 ശതമാനം വീടുകളിലും ഇന്റര്‍നെറ്റ് സൗകര്യമുണ്ട്. ബ്രിട്ടനില്‍ 85 ശതമാനം വീടുകളും ഇന്റര്‍നെറ്റ് ബന്ധിതമാണ്, യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയില്‍ 70 ശതമാനവും. പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം അറുപത്തിയെട്ടാമതായിരുന്നു.


പട്ടികയില്‍ ഒന്നാം സ്ഥാനത്തു നിന്ന ഫിന്‍ലന്‍ഡിന്റെ രണ്ട് വര്‍ഷത്തിന് ശേഷമുള്ള (2015ല്‍) സ്ഥിതി ഇങ്ങനെയാണ് - തൊഴിലില്ലായ്മയുടെ നിരക്ക് ഒമ്പത് ദശാംശം നാല് ശതമാനത്തില്‍. തൊഴിലാളികളുടെ കൂലി കുറക്കുകയാണ്, 2019 ആകുമ്പോഴേക്കും അഞ്ച് ശതമാനം കുറക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വില ഉയര്‍ന്ന് നില്‍ക്കുന്നു. അതുകൊണ്ട് തന്നെ പണപ്പെരുപ്പ നിരക്കും. യൂറോ സോണ്‍ മേഖലയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കുള്ളത് ഫിന്‍ലന്‍ഡിലാണ്. 2013ല്‍ അമേരിക്കയിലെ 70 ശതമാനം വീടുകളും ഇന്റര്‍നെറ്റ് ബന്ധിതമായിരുന്നുവെങ്കില്‍ 2011ല്‍ അറുപത് ശതമാനം വീടുകളെങ്കിലും അങ്ങനെയായിരുന്നു. അക്കാലത്താണ് വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം അരങ്ങേറിയത്. ഒരു ശതമാനം വരുന്ന ധനികരെയാണ് ഭരണകൂടം പ്രതിനിധാനം ചെയ്യുന്നതെന്നും 99 ശതമാനം ജനങ്ങളെ അവര്‍ കാണുന്നില്ലെന്നും കുറ്റപ്പെടുത്തിയായിരുന്നു സമരം. അഞ്ച് കോടി അമേരിക്കക്കാര്‍ ഇപ്പോഴും ദരിദ്രരായി തുടരുന്നുവെന്നാണ് 2015ലെ കണക്ക്.


വിവര സാങ്കേതിക വിദ്യയുടെ വികസനം പല സൗകര്യങ്ങളും പ്രദാനം ചെയ്യുന്നുവെന്നതില്‍ തര്‍ക്കമില്ല. പരീക്ഷാ ഫീസ് മുതല്‍ വൈദ്യുതി ചാര്‍ജ് വരെ വരിനില്‍ക്കാതെ ഒടുക്കാന്‍ ഇപ്പോള്‍ സാധിക്കുന്നത് ഇതിന്റെ ഫലമാണ്. സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വേഗത്തില്‍ അറിയുന്നതിനും അതനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിനും സാധിക്കും. ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കും വിധത്തിലുള്ള വ്യവസായം ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂടുതല്‍ അവസരം തുറന്നുനല്‍കുന്ന സാമൂഹിക ശൃംഖലകളും വിവര സാങ്കേതിക വിദ്യയുടെ സൃഷ്ടിയാണ്. ഇവകളെ നല്ല രീതിയിലും അല്ലാതെയും ഉപയോഗപ്പെടുത്തുന്നവരുണ്ട്. ചൂഷണങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കുമായി വിവര സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തുന്നവരും കുറവല്ല. ഇത്തരം സംഗതികള്‍ ആസൂത്രിതമായി നടത്തുന്ന കൂട്ടങ്ങളും ധാരാളം. എങ്കിലും പൊതുവില്‍ വിവര സാങ്കേതിക വിദ്യയുടെ വികാസം, വിവരങ്ങളെ വിരല്‍ത്തുമ്പിലെത്തിക്കുകയും ഏറെ സദ്ഫലങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.


'സ്വച്ഛ് ഭാരത്', 'മേക് ഇന്‍ ഇന്ത്യ' പ്രഖ്യാപനങ്ങള്‍ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭാവനചെയ്തതാണ് 'ഡിജിറ്റല്‍ ഇന്ത്യ'.  നരേന്ദ്ര മോദിയും കൂട്ടരും തെരുവുകളില്‍ നടത്തിയ ചൂല്‍ പ്രയോഗത്തിനപ്പുറത്ത് സ്വച്ഛ് ഭാരത് പ്രവൃത്തിപഥത്തിലേക്ക് പ്രവേശിച്ചതായി തോന്നുന്നില്ല. പദ്ധതി നടത്തിപ്പ് ഏത് വിധത്തിലെന്നതില്‍ വ്യക്തതയൊട്ടില്ലതാനും. സ്‌കൂളുകളില്‍ മൂത്രപ്പുരകളും കക്കൂസുകളും നിര്‍മിക്കുന്നതില്‍ മുന്നോട്ടുപോകാന്‍ സാധിച്ചുവെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അവകാശപ്പെട്ടിരുന്നു. ഇതില്‍ എത്രത്തോളം വസ്തുതയുണ്ടെന്നതും നിര്‍മാണം പൂര്‍ത്തിയായതൊക്കെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായിട്ടാണോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. സ്വച്ഛ് ഭാരതിന് പണം കണ്ടെത്തുന്നതിനായി ടെലികോം സേവനങ്ങള്‍ക്കു മേലും ഇന്ധനവിലക്കു മേലും സര്‍ചാര്‍ജ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പദ്ധതിക്ക് നീക്കിവെക്കുന്ന പണത്തില്‍ അധിക വിഹിതം കേന്ദ്ര സര്‍ക്കാറിനായിരിക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ ആവശ്യപ്പെടുന്നതായും.


ഇന്ത്യയെ ഉത്പാദന കേന്ദ്രമായി മാറ്റുക എന്നതായിരുന്നു മേക്ക് ഇന്‍ ഇന്ത്യ എന്ന പ്രഖ്യാപനത്തിന്റെ കാതല്‍. സ്വദേശത്തെയും വിദേശത്തെയും നിക്ഷേപകരെ ഇതിന്റെ ഭാഗമാക്കാന്‍ വാക്കുകളിലൂടെ വലിയ അധ്വാനം നരേന്ദ്ര മോദി നടത്തിയിരുന്നു. തുടരുന്ന വിദേശ യാത്രകള്‍ക്കിടയില്‍ ഓരോ രാജ്യത്തു നിന്നും മേക്ക് ഇന്‍ ഇന്ത്യയിലേക്ക് ഒഴുകാനിടയുള്ള കോടികളുടെ കണക്കുകള്‍ പ്രധാനമന്ത്രി നിരത്തി. പക്ഷേ, പ്രഖ്യാപനം നടത്തി ഒരാണ്ട് പിന്നിടുമ്പോള്‍ കോടികളൊക്കെ കണക്കുകളായി നില്‍ക്കുകയും നിര്‍മാണ മേഖല ഉണര്‍വ് പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നുവെന്നതാണ് വസ്തുത. ചെലവ് കുറഞ്ഞ നിര്‍മാണ കേന്ദ്രമായി നേരത്തെ തന്നെ മാറുകയും വരും വര്‍ഷങ്ങളിലെ ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ചെയ്ത ചൈനയെ ഒഴിവാക്കി നിക്ഷേപത്തിന്റെ ഒഴുക്ക് ഇന്ത്യയിലേക്ക് തിരിക്കാന്‍ പാകത്തില്‍ യാതൊന്നും വിദേശ നിക്ഷേപകര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടുതന്നെ മേക് ഇന്‍ ഇന്ത്യ വിജയമാകുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്.


വിവര സാങ്കേതിക വിദ്യാ വ്യവസായത്തിന്റെ കാര്യത്തില്‍ ഏറെ മുന്നാക്കം നില്‍ക്കുകയും പുറം തൊഴില്‍ കരാറുകള്‍ നേടിയെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്ത രാജ്യമെന്ന നിലയില്‍ ഈ രംഗത്ത് ഇപ്പോഴും അവസരം ഇന്ത്യക്ക് മുന്നില്‍ തുറന്നു കിടക്കുന്നുണ്ട്. അത് ചൂഷണം ചെയ്യാനാകുമോ എന്ന ശ്രമമാണ് 'ഡിജിറ്റല്‍ ഇന്ത്യ' പ്രഖ്യാപനത്തിലൂടെ നരേന്ദ്ര മോദി നടത്തിയത്. ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങി ഈ മേഖലയിലെ വമ്പന്‍മാരുടെ മേധാവികളെ കണ്ട് അവസരം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതും അതുകൊണ്ടാണ്. എന്നാല്‍ അതിനായി വ്യവസായ പ്രമുഖന്‍മാരുടെ മുമ്പില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം മുമ്പ് പലപ്പോഴുമുണ്ടായതുപോലെ ശുംഭത്തരത്തിന്റെ (കോടതികള്‍ ക്ഷമിക്കട്ടെ) വിളംബരമായി.


ഗുജറാത്തിലെ പാല്‍ ശീതീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്യുമ്പോഴുണ്ടായ അനുഭവം മോദി വിവരിച്ചു. ''അവിടെ ആദിവാസി സ്ത്രീകള്‍ മൊബൈല്‍ ഫോണുപയോഗിച്ച് ചിത്രങ്ങളെടുത്തിരുന്നു. ചിത്രങ്ങള്‍ കൊണ്ട് എന്തുചെയ്യുമെന്ന് ഞാന്‍ ചോദിച്ചു. തിരികെപ്പോയി ചിത്രങ്ങള്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തി പ്രിന്റ് എടുക്കുമെന്ന് അവര്‍ പറഞ്ഞു. മറുപടി കേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഡിജിറ്റല്‍ ലോകത്തിന്റെ ഭാഷ അവര്‍ക്ക് പരിചിതമാണ്.'' ഇത് കേട്ടിരുന്ന വ്യവസായ പ്രമുഖരും അത്ഭുതപ്പെട്ടിട്ടുണ്ടാകണം. ഇപ്പാകത്തില്‍ നില്‍ക്കുന്ന കമ്പോളത്തിലേക്കാണോ തങ്ങളെ ക്ഷണിക്കുന്നത് എന്നതാകും അത്ഭുതത്തിന് കാരണം. ആദിവാസി സ്ത്രീകള്‍ തിരികെ വീട്ടിലെത്തി, കമ്പ്യൂട്ടറിലേക്ക് ചിത്രം പകര്‍ത്തി പ്രിന്റ് എടുക്കുമെന്ന്, ഇന്ത്യയിലെ ആദിവാസികളെക്കുറിച്ച് കേട്ടറിവുള്ളവരാരും വിശ്വസിക്കാന്‍ ഇടയില്ല തന്നെ. സ്വന്തം ഭൂമിയില്‍ നിന്ന് പറിച്ചെറിയപ്പെടുന്ന, ഉപജീവനമെന്നത് ഇപ്പോഴും ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്ന, പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ മരിക്കുന്നത് തുടര്‍ക്കഥയായ ഒരു വിഭാഗത്തിലെ സ്ത്രീകള്‍ മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി, കമ്പ്യൂട്ടറിലേക്ക് പകര്‍ത്തി പ്രിന്റ് എടുത്ത് സൂക്ഷിക്കുന്നു!


ആറ് ലക്ഷം ഗ്രാമങ്ങളെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴി ബന്ധിപ്പിച്ചാലുണ്ടാകുന്ന വിപ്ലവത്തെക്കുറിച്ചും നരേന്ദ്ര മോദി വാചാലനായി. കര്‍ഷകര്‍ക്ക് കമ്പോളത്തിലെ വില അപ്പപ്പോള്‍ അറിയാം, പുതിയ കൃഷിരീതികള്‍ എളുപ്പത്തില്‍ മനസ്സിലാക്കാം. കൃഷി കൂടുതല്‍ ലാഭകരമാക്കാന്‍ ഇനിയെന്ത് വേണ്ടൂ! കടക്കെണി മൂലം ആത്മഹത്യയില്‍ അഭയം തേടുന്ന കര്‍ഷകരുടെ എണ്ണം ദിനേന വര്‍ധിക്കുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് 'ഡിജിറ്റല്‍ ഇന്ത്യ'യിലെ കര്‍ഷകരുടെ സാധ്യതകളെക്കുറിച്ച് വാചാലനാകുന്നത്. ഇനിയിതൊക്കെ സംഭവിച്ചുവെന്ന് കരുതുക, വിപണി തുറന്ന് നല്‍കിയതിലൂടെ ഒഴുകിയെത്തുന്ന ഉത്പന്നങ്ങളോട് കമ്പോളത്തില്‍ മത്സരിക്കാന്‍ ഈ കര്‍ഷകര്‍ക്ക് സാധിക്കുമോ? വില കുറച്ച് സംഭരണം നടത്തുകയും പൂഴ്ത്തിവെച്ച് വില ഉയര്‍ത്തുകയും ചെയ്യുന്ന കുത്തക കമ്പനികളുടെ മുന്നില്‍ ഇവര്‍ക്ക് പിടിച്ചുനില്‍ക്കാനാകുമോ? ഇവകളെ ഏതെങ്കിലും വിധത്തില്‍ നിയന്ത്രിക്കാന്‍ 'ഡിജിറ്റല്‍ പ്രധാനമന്ത്രി'ക്ക് സാധിക്കുമോ? ''നിങ്ങള്‍ക്ക് ഇനി ഞങ്ങളെ പറ്റിക്കാനാകില്ല, എന്റെ കൈയില്‍ ത്രീ ജി (ഇനിയങ്ങോട്ട് ഫോര്‍ ജി) യുണ്ടല്ലോ'' എന്ന ഇന്റര്‍നെറ്റ് സേവനദാതാവിന്റെ പരസ്യത്തില്‍ മയങ്ങുന്ന ഒരാളായി മാറുന്നു ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ പ്രധാനമന്ത്രി.


സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ക്കടലാസുകളില്‍ കുടുങ്ങിക്കിടക്കുന്ന രാജ്യത്തെ സാധാരണക്കാരനെ മോചിപ്പിക്കാന്‍ 'ഡിജിറ്റല്‍ ഇന്ത്യ' വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പറയുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നതിലൂടെ വലിയൊരളവുവരെ ഇത് സാധിക്കും. പക്ഷേ, ജനസംഖ്യയില്‍ വലിയൊരു വിഭാഗം നിരക്ഷരരായി തുടരുന്ന രാജ്യത്ത്, വലിയൊരു വിഭാഗത്തിന് പ്രാഥമിക വിദ്യാഭ്യാസത്തിന് പോലും അവസരമില്ലാത്ത അവസ്ഥയില്‍ ഡിജിറ്റല്‍ സമ്പ്രദായത്തിലൂടെ സേവനങ്ങള്‍ ആസ്വദിക്കാനും വ്യക്തിഗത വിവരങ്ങളുടെ ഡിജിറ്റല്‍ ശേഖരമുണ്ടാക്കാനും സാധിക്കുക എത്രകാലത്തിന് ശേഷമാകും? ജനസംഖ്യയില്‍ വലിയൊരു വിഭാഗം ദാരിദ്ര്യത്തില്‍ തുടരുകയും സാമൂഹിക നീതിയുടെ അടുത്തൊന്നും ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ഭരണാധികാരിയുടെ മുന്‍ഗണനയില്‍ വരേണ്ടത് എന്താണ്? പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി മൊബൈല്‍ ആപ് തുടങ്ങിയെന്നും അതിലൂടെ ജനങ്ങളുമായി അടുത്തിടപഴകാനും അവരുടെ നിര്‍ദേശങ്ങളും പരാതികളും പഠിക്കാന്‍ സാധിക്കുന്നുണ്ടെന്നുമാണ് വ്യവസായ പ്രമുഖരോട് നരേന്ദ്ര മോദി പറഞ്ഞത്. മൊബൈല്‍ ആപ്പിലൂടെ ലഭിച്ച പരാതികളില്‍ എത്രയെണ്ണത്തിനാണ് ഇക്കാലത്തിനിടെ പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിച്ചത് എന്നറിയില്ല. ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയില്ലാത്തതുകൊണ്ട് അന്നത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് എത്രപേര്‍ പങ്കുവെച്ചുവെന്നും അറിയില്ല.


ഭരണത്തിന്റെ രീതി മാറ്റാന്‍, അകറ്റിനിര്‍ത്തപ്പെടുന്നവരെയും ദുര്‍ബലരെയുമൊക്കെ ശൃംഖലയുടെ ഭാഗമാക്കി രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ രൂപം മാറ്റാന്‍, പ്രതീക്ഷയുടെ പുറമ്പോക്കില്‍ മാത്രം നിന്നിരുന്ന ലക്ഷക്കണക്കായ ആളുകളുടെ ജീവിതം മാറ്റിമറിക്കാന്‍ ഒക്കെ 'ഡിജിറ്റല്‍ ഇന്ത്യ' പ്രാവര്‍ത്തികമാകുന്നതിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞുവെച്ചു. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളുമൊക്കെ പരിഹരിക്കാന്‍ ഇതിലപ്പുറം മികച്ചതൊന്ന് ഇല്ലെന്ന് ചുരുക്കം. ഡിജിറ്റലാകുന്നതില്‍ ഏറെ മുന്നിലുള്ള ഫിന്‍ലന്‍ഡിന്റെയും അമേരിക്കയുടെയും സ്ഥിതി തുടക്കത്തില്‍ വിവരിച്ചത് കൂടി പരിഗണിച്ചാല്‍ ഇതിലപ്പുറം മറ്റൊന്നില്ല തന്നെ. പാലും തേനും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിലൂടെ എത്തുന്ന ഇന്ത്യ, അതാണ് ആര്‍ഷ സങ്കല്‍പ്പമെന്നും വേദകാലത്ത് സംന്യാസിമാര്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കൂടി പറഞ്ഞാല്‍...

2015-09-07

മാരാര് മരിച്ചത് നന്നായി


ഹസ്തിനപുരിയിലെ രാജാവും മരുമകനുമായ വിചിത്രവീര്യനു വേണ്ടി അംബയെയും അംബികയെയും അംബാലികയെയും തട്ടിക്കൊണ്ടുവരുന്ന ഭീഷ്മര്‍. സാല്വ രാജാവിനെ മനസ്സാവരിച്ചിരുന്നുവെന്ന് തുറന്നു പറയുന്ന അംബ. സാല്വ രാജാവിന്റെ സമീപത്തേക്ക് അംബയെ അയക്കുന്ന ഭീഷ്മര്‍. മറ്റൊരാള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുന്ന സാല്വന്‍. തന്റെ ദുരിതത്തിനെല്ലാം കാരണം ഭീഷ്മരെന്ന് വിലയിരുത്തി, അദ്ദേഹത്തെ വധിക്കാന്‍ നിശ്ചയമെടുക്കുന്ന അംബ. അവര്‍ക്കുവേണ്ടി ആയുധമെടുക്കുന്ന പരശുരാമന്‍. വ്യാസസൃഷ്ടമായ മഹാഭാരതത്തിലെ പാത്രങ്ങളെ അധികരിച്ച് കുട്ടികൃഷ്ണ മാരാര്‍ എഴുതിയ ഭാരതപര്യടനത്തില്‍ ഭീഷ്മരെയും ദശാവതാരത്തില്‍ ഒന്നെന്ന് വിശ്വസിക്കുന്ന പരശുരാമനെയും ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്.


ഭീഷ്മനെ വധിക്കുക എന്ന നിശ്ചയത്തില്‍ ഇറങ്ങിപ്പുറപ്പെടുന്ന അംബ ആദ്യമെത്തുന്നത് സന്യാസിമാരുടെ നികടത്തിലാണ്. യൗവനയുക്തയും സുന്ദരിയുമായ അംബയെ ആശ്രമത്തില്‍ താമസിക്കാന്‍ അനുവദിക്കുന്നത് ഉചിതമല്ലെന്നായിരുന്നു സന്യാസിമാരുടെ തീരുമാനം.  അതിനിടയിലാണ് പരശുരാമന്‍ ആശ്രമത്തിലേക്ക് എത്തുന്നതും അംബ അദ്ദേഹത്തോട് തന്റെ അവസ്ഥ വിവരിക്കുന്നതും. ക്ഷത്രിയവധം 21 വട്ടം പൂര്‍ത്തിയാക്കി, ആയുധം താഴെവെച്ച പരശുരാമന്‍, അംബക്കു വേണ്ടി ഭീഷ്മരോട് സംസാരിക്കാമെന്നും വഴങ്ങുന്നില്ലെങ്കില്‍ യുദ്ധം ചെയ്ത് വധിക്കാമെന്നും വാക്കുനല്‍കുന്നു. യൗവനയുക്തയും സുന്ദരിയുമായ അംബയെ ആശ്രമത്തില്‍ താമസിപ്പിക്കുന്നത് ഉചിതമാകില്ലെന്ന സംന്യാസിമാരുടെ തീരുമാനത്തെയും ആയുധം താഴെവെക്കുന്നുവെന്ന പ്രതിജ്ഞ ഉപേക്ഷിച്ച് ഭീഷ്മരുമായി ഏറ്റുമുട്ടാന്‍ പരശുരാമന്‍ എടുക്കുന്ന തീരുമാനത്തെയും വിമര്‍ശബുദ്ധ്യാ സമീപിക്കുന്നുണ്ട് കുട്ടികൃഷ്ണമാരാര്‍.


വര്‍ഷങ്ങള്‍ തപം ചെയ്ത് സ്വായത്തമാക്കിയ സംയമത്തിന്, അംബയുടെ സാമീപ്യം ഇളക്കം തട്ടിക്കുമോ എന്ന ഭയം കൂടി സന്യാസിമാരുടെ തീരുമാനത്തിന് പിന്നിലുണ്ടെന്ന് കുട്ടിക്കൃഷ്ണമാരാര്‍ സൂചിപ്പിക്കുന്നു. ഇനി ആയുധമെടുക്കില്ലെന്ന തീരുമാനം മാറ്റാന്‍ വൃദ്ധതാപസിയും അവതാരപുരുഷനുമായ പരശുരാമന്‍ തീരുമാനിച്ചതില്‍, അംബയുടെ യൗവന ലാവണ്യം കാരണമായിട്ടുണ്ടോ എന്ന് സന്ദേഹിക്കുകയും ചെയ്യുന്നു. ദൃഢപ്രതിജ്ഞകളില്‍ നിന്ന് പിന്മാറാനുള്ള പ്രേരണകളെയൊന്നാകെ തള്ളിക്കൊണ്ട്, സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചുനിന്ന ഭീഷ്മരെയും പരശുരാമനെയും താരമ്യം ചെയ്യുന്നുമുണ്ട് കുട്ടികൃഷ്ണ മാരാര്‍. പരശുരാമനെക്കാള്‍ യശോധാവള്യം, ഭീഷ്മനാണെന്ന് പറയുമ്പോഴും പ്രതിജ്ഞകളില്‍ ഉറച്ച്, കീര്‍ത്തി സമ്പാദിക്കാനുള്ള ശ്രമം ഭീഷ്മര്‍ നടത്തുന്നുവോ എന്ന സംശയം മാരാര്‍ ഉന്നയിക്കുകയും ചെയ്യുന്നു.


ഹനുമാന്‍ സേനക്കാര്‍ ഭീഷണിമുഴക്കുകയും സംഘ്പരിവാറിന്റെ അസഹിഷ്ണുത അതിരുകള്‍ ലംഘിക്കുകയും ചെയ്യുന്ന ഇക്കാലത്തെങ്ങാനുമാണ് കുട്ടികൃഷ്ണ മാരാര്‍ ജീവിച്ചിരുന്നതെങ്കില്‍! സര്‍വസംഗ പരിത്യാഗികളായ സന്യാസിമാരെ, വികാരങ്ങള്‍ക്കടിപ്പെടാനിടയുള്ളവരായി ചിത്രീകരിച്ചതിന്റെ പേരില്‍ ക്രൂശിക്കപ്പെടുമായിരുന്നോ? അവതാരപുരുഷന്‍മാരില്‍ ഒരാളെന്ന് വിശ്വസിക്കപ്പെടുന്ന പരശുരാമന്‍, പ്രതിജ്ഞയുപേക്ഷിക്കാന്‍ തീരുമാനിച്ചത്, അംബയുടെ യൗവന ലാവണ്യത്തില്‍ മനംമയങ്ങിയാണെന്ന് ദ്യോതിപ്പിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെടുമായിരുന്നോ? ഹിന്ദുവും അതില്‍ തന്നെ സവര്‍ണനുമായതിനാല്‍ മാരാര്‍ക്ക് വിമര്‍ശങ്ങളൊക്കെ ആകാമെന്ന് സേനക്കാര്‍ തീരുമാനിക്കുമായിരുന്നോ?


സാഹിത്യകാരനും വിമര്‍ശകനുമായ എം എം ബഷീര്‍, രാമായണത്തെ അധികരിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ ഭീഷണിക്കിരയായ പശ്ചാത്തലത്തിലാണ് ഭാരതപര്യടനത്തെക്കുറിച്ച് ഓര്‍ത്തത്. ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുനില്‍ക്കുന്നുവെങ്കില്‍കൂടി രാമായണം പൊതുവില്‍ പരിഗണിക്കപ്പെടുന്നത് ഇതിഹാസ കാവ്യമെന്ന നിലക്കാണ്. അത് പലവിധം വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. വാത്മീകീ രാമായണത്തില്‍ 'വില്ലനാ'യ രാവണനെ നായകനാക്കി സൃഷ്ടികളുണ്ടായി. സീതയെ കേന്ദ്രീകരിച്ചുള്ള രചനകളുണ്ടായി, രാമന്‍ പാലിച്ചുവെന്ന് പറയുന്ന രാജനീതി ശരിയോ എന്ന ചോദ്യം ഇത്തരം രചനകള്‍ ഉയര്‍ത്തുകയും ചെയ്തു. വാത്മീകി വിരചിതമായ രാമായണമോ അതിലെ നായകപാത്രമായ രാമനോ വിമര്‍ശത്തിന് അതീതമായ ഒന്നായിരുന്നില്ല. പിന്നെ എം എം ബഷീറൊരു ലേഖനപരമ്പരയെഴുതുമ്പോള്‍ ഭീഷണിയുമായി രംഗത്തുവരുന്നതിന്റെ കാരണമെന്ത്? 'ഹിന്ദു ദൈവ'മായ രാമനെ വിമര്‍ശിക്കാന്‍ ഒരു മുസ്‌ലിം മുതിരുന്നുവെന്ന് പ്രചരിപ്പിക്കുകയാണ് ഉദ്ദേശ്യം. ഇത്തരം പ്രചാരണത്തിന് ഉതകുന്ന അന്തരീക്ഷം നിലവിലുണ്ടെന്ന് മനസ്സിലാക്കുകയും അത് രാഷ്ട്രീയലാഭമുണ്ടാക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരുമാണ് ഇവര്‍.


ഹിന്ദു വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുമ്പോള്‍പ്പോലും സാഹിത്യകൃതി എന്ന അസ്തിത്വം രാമായണത്തിനും മഹാഭാരതത്തിനുമൊക്കെയുണ്ട്. വിശാലമായ ഭാവനയിലുള്ള അതിരറ്റ വിശ്വാസം മൂലമാണ് ഇതിലില്ലാത്തതൊന്നും മറ്റെവിടെയുമുണ്ടാകില്ലെന്ന് മഹാഭാരത കര്‍ത്താവ് പ്രഖ്യാപിച്ചത്. അത്തരമൊരു പ്രഖ്യാപനം നടത്തുമ്പോള്‍ തുടര്‍ന്നുവരുന്ന തലമുറകള്‍ക്കൊക്കെ വ്യാഖ്യാനിക്കാനുള്ള അനുമതി കൂടിയാണ് രചയിതാവ് നല്‍കുന്നതും. അത്തരം സ്വാതന്ത്ര്യങ്ങള്‍ക്കൊക്കെ വിലങ്ങിടുക എന്നതാണ്, ആ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയെന്ന് അവകാശപ്പെടുന്ന സംഘ്പരിവാരം ഇക്കാലത്ത് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ചെറിയ ഉദാഹരണമാണ് എം എം ബഷീറിനുണ്ടായ അനുഭവം.


രാമായണത്തെയോ മഹാഭാരതത്തെയോ ഒക്കെ, മതത്തിനുള്ളിലേക്ക് പരിമിതപ്പെടുത്തുകയും അവകളെ കൈകാര്യം ചെയ്യാനുള്ള അവകാശം മതത്തിനുള്ളിലുള്ളവര്‍ക്കു മാത്രമായി ചുരുക്കുകയും ചെയ്യാനാണ് ശ്രമം. അതിന് പുറത്തുള്ളവര്‍ കൈകാര്യം ചെയ്യുമ്പോള്‍, 'നമ്മുടെ' ദൈവങ്ങളെയും അവരുടെ ചരിതങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ അന്യമതസ്ഥര്‍ ശ്രമിക്കുന്നുവെന്ന് പ്രചരിപ്പിച്ച് വര്‍ഗീയത വളര്‍ത്തിയെടുക്കാനും. 'ഭഗവാന്‍ കാലുമാറുന്നു', 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' തുടങ്ങിയ സര്‍ഗസൃഷ്ടികള്‍ക്കെതിരെ നീക്കങ്ങളുണ്ടായപ്പോള്‍ സമുഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് എതിര്‍പ്പുകളുയര്‍ന്നിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടാനുള്ള ശ്രമങ്ങളോട് ജാഗ്രത പുലര്‍ത്തപ്പെട്ടിരുന്നു. 'ഈ മേത്തനാരാ രാമായണത്തെക്കുറിച്ച് എഴുതാന്‍' എന്ന തോന്നലിനാണ് പുതിയ കാലത്ത് പ്രാമുഖ്യം. അത്തരമൊരു അവസ്ഥ, കേരളത്തില്‍പ്പോലും സൃഷ്ടിച്ചെടുക്കുന്നതില്‍ സംഘ് പരിവാരം വിജയിച്ചിരിക്കുന്നുവെന്ന് ചുരുക്കം. രാമായണത്തെക്കുറിച്ചെഴുതാന്‍ ബഷീറിന് അവകാശമുണ്ടെന്ന് വാദിച്ച്, 'അജ്ഞാത'രുടെ ആക്രമണത്തിനോ ഹനുമാന്‍ സേനക്കാരുടെ അസഭ്യവര്‍ഷത്തിനോ വിധേയരാകേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടാകണം.


വിവിധ മേഖലകളിലെ കാവിവത്കരണശ്രമങ്ങള്‍ ഊര്‍ജിതമായി മുന്നേറുന്നുണ്ട്. വിവിധ സ്ഥാപനങ്ങളുടെ തലപ്പത്ത് സംഘ ബന്ധുക്കളെ  കുടിയിരുത്തിക്കൊണ്ടിരിക്കയാണ്. ആര്‍ എസ് എസ് ബന്ധമുള്ളവര്‍ പട്ടികയിലില്ലെന്ന കാരണത്താല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനം മാറ്റിവെക്കാന്‍ മാനവവിഭവശേഷി മന്ത്രാലയം നിര്‍ദേശിച്ചതായി വാര്‍ത്ത പുറത്തുവരുന്നുണ്ട്. വിദ്യാഭ്യാസത്തെ 'ഭാരതവത്കരിക്കണ'മെന്ന് ആര്‍ എസ് എസ് നിര്‍ദേശം നല്‍കുമ്പോള്‍ കാവിവത്കരണത്തിന് വേഗം കൂട്ടണമെന്ന ആജ്ഞയായി വേണം കാണാന്‍.  അത് പാലിക്കപ്പെടുമ്പോള്‍ എതിര്‍പ്പുന്നയിക്കുന്നവരെ നേരിടുന്ന രീതിയും കടുക്കും. ഹംപി സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍, പ്രൊഫ. എം എം കല്‍ബുര്‍ഗിയെ 'അജ്ഞാതര്‍' വധിച്ചത് അടുത്തിടെയാണ്. കൊലപാതകത്തെ സ്വാഗതം ചെയ്ത ബജ്‌രംഗ്ദള്‍ നേതാവ്, ഹിന്ദുത്വത്തെ അപമാനിക്കുന്നവര്‍ക്കുള്ള വിധി ഇതാണെന്ന് കുറിക്കുകയും അടുത്ത ഇര യാഥാസ്ഥിതികത്വത്തെ എതിര്‍ക്കുന്ന പ്രൊഫ. കെ എസ് ഭഗവാനാണെന്ന് പറയുകയും ചെയ്തു. ഇതിനൊക്കെയുള്ള സ്വാതന്ത്ര്യം നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ആ സ്വാതന്ത്ര്യം പൂര്‍ണമാക്കാന്‍ പാകത്തിലുള്ള പ്രവൃത്തിയാണ് തുടരേണ്ടതെന്ന് ധരിക്കുകയും ചെയ്യുന്നുണ്ട് ഇക്കൂട്ടര്‍.


കാവിവത്കരണത്തിന്റെ മറുപുറമാണ്, അതിന്റെ ഉള്ളടക്കങ്ങളെ വിമര്‍ശബുദ്ധ്യാ സമീപിക്കുന്നവരെ നിശ്ശബ്ദരാക്കുക എന്നത്. അതില്‍ ഭേദം കാട്ടാറില്ല, ഫാസിസ്റ്റുകളെന്നതിന് ബജ്‌രംഗ്ദള്‍ നേതാവിന്റെ കുറിപ്പ് തെളിവാണ്. തീവ്രഹിന്ദുത്വത്തിന് വിധേയരാകുന്നവരും എതിര്‍ക്കുന്നവരും എന്ന രണ്ട് പക്ഷമേ അവര്‍ക്ക് മുന്നിലുള്ളൂ. അതുകൊണ്ടു തന്നെ കുട്ടികൃഷ്ണ മാരാര്‍, ഇക്കാലത്താണ് ഭാരതപര്യടനം എഴുതിയിരുന്നതെങ്കില്‍ ഹിന്ദുവെന്നതോ സവര്‍ണനെന്നതോ ഘടകമാകുമായിരുന്നില്ലെന്ന് കരുതണം. ദശാവതാരങ്ങളില്‍ ഒന്നെന്ന് വിശ്വസിക്കുന്ന പരശുരാമനെ അംബയുടെ യൗവനലാവണ്യത്തില്‍ സ്വാധീനിക്കപ്പെട്ടവനായി ചിത്രീകരിച്ചതിന് മാരാര്‍ പിഴമൂളേണ്ടിവന്നേനേ. മാരാര്‍ മണ്‍മറഞ്ഞുവെങ്കിലും ഭാരതപര്യടനം നിലനില്‍ക്കുന്നുണ്ട്. പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങാന്‍ ഹനുമാന്‍ സേനക്കാര്‍ക്ക് മടിതോന്നേണ്ട കാര്യമില്ല, കൂട്ടിയിട്ട് കത്തിക്കുകയുമാകാം. ചുരുക്കംചില പ്രസ്താവനകള്‍ക്കപ്പുറത്ത് എതിര്‍പ്പുയരില്ലെന്ന് ഉറപ്പ്.


രാമായണത്തെക്കുറിച്ച് എഴുതിയത് എം എം ബഷീറാകകൊണ്ട്, ഭീഷണിക്കിറങ്ങാന്‍ രണ്ട് വട്ടം ആലോചിക്കേണ്ടിവന്നിട്ടുണ്ടാകില്ല ഹനുമാന്‍ സേനക്കാര്‍ക്ക്. ബഷീറാകകൊണ്ട് തന്നെയാണ് ഭീഷണി ചോദ്യംചെയ്യേണ്ടതില്ലെന്ന് പ്രബുദ്ധ സമൂഹം എളുപ്പത്തില്‍ തീരുമാനിച്ചതും. താനൊരു മുസല്‍മാന്‍ മാത്രമാണെന്ന് എഴുപത്തിയഞ്ചാം വയസ്സില്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് ലേഖന പരമ്പര പൂര്‍ത്തിയാക്കേണ്ടെന്ന് എം എം ബഷീര്‍ തീരുമാനിച്ചതും. ഭീഷണിക്കാര്‍ക്ക് ധൈര്യമേറുന്നു. മറ്റുള്ളവരില്‍ ചിലര്‍ നരേന്ദ്ര മോദി സര്‍ക്കാറിന്റെ വികസനവാഗ്ദാനങ്ങളില്‍ മയങ്ങി, ഇത്തരം ഭീഷണികളെയൊന്നും കാര്യമാക്കേണ്ടതില്ലെന്ന മനോഭാവത്തിലേക്ക് എത്തിയിരിക്കുന്നു. ചിലര്‍, ഭീതിയുടെ നിഴലിലായിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ നിസ്സംഗരും. ഫാസിസത്തിന് വളരാന്‍ ഇതിലും വളക്കൂറുള്ള മണ്ണില്ല തന്നെ.

2015-08-31

കാനേഷുമാരിയില്‍ കാവി കലക്കുമ്പോള്‍


ജനസംഖ്യാ കണക്കെടുപ്പിന്റെ ലക്ഷ്യമെന്താണ്? ഒരു രാജ്യത്തെ ജനങ്ങള്‍ ഏതൊക്കെ മതവിഭാഗങ്ങളില്‍പ്പെടുന്നവരാണ് എന്ന് തിരിച്ചറിയലാണോ? ഓരോ മതവിഭാഗത്തില്‍പ്പെട്ടവരും ഒരോ ദശകത്തിലും എത്രകണ്ട് വര്‍ധിച്ചു/കുറഞ്ഞു എന്ന് കണക്കെടുക്കലാണോ? 2011ല്‍ പൂര്‍ത്തിയായ ജനസംഖ്യാ കണക്കെടുപ്പിന്റെ വിവരങ്ങള്‍ ഘട്ടം ഘട്ടമായി പുറത്തുവിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. 121 കോടിയാളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വേര്‍തിരിച്ച് പ്രസിദ്ധം ചെയ്യുന്നതിന് ഏറെ സമയമെടുക്കുന്നുവെന്നതിനാലാണ് 2011ല്‍ പൂര്‍ത്തിയായ കാനേഷുമാരിയുടെ കണക്കുകള്‍ നാല് വര്‍ഷത്തിന് ശേഷം പുറത്തുവിടുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. സാമുഹിക - സാമ്പത്തിക ഘടകങ്ങളെ കേന്ദ്രീകരിച്ചുള്ള കണക്കുകളാണ് ആദ്യം പുറത്തുവിട്ടത്. മതത്തെ അധികരിച്ചുള്ളത് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നു. 2011ലെ കാനേഷുമാരിക്ക്, മുമ്പ് നടന്നവയെ അപേക്ഷിച്ചുണ്ടായിരുന്ന പ്രത്യേകത സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ജാതി അടിസ്ഥാനത്തിലുള്ള കണക്ക് കൂടി ശേഖരിച്ചുവെന്നതായിരുന്നു. ജാതി തിരിച്ചുള്ള കണക്ക് ഇപ്പോഴും പുറത്തുവന്നിട്ടില്ല. വിവരങ്ങളുടെ വ്യാപ്തി മൂലം സംസ്‌കരിച്ചെടുക്കാന്‍ പ്രയാസമെന്നാണ് ഔദ്യോഗിക വിശദീകരണം.


വിവിധ വിഭാഗങ്ങളുടെ വലുപ്പം, സാമുഹിക - സാമ്പത്തിക അവസ്ഥ, ആണെത്ര, പെണ്ണെത്ര, യുവാക്കളെത്ര, യുവതികളെത്ര, കുട്ടികളെത്ര, തൊഴിലുള്ളവരെത്ര, സ്‌ക്കൂളില്‍ പോകുന്നവരെത്ര എന്ന് തുടങ്ങി രാജ്യത്തെ ജനങ്ങളുടെ ആകെ സമഗ്രമായ വിവരങ്ങളുടെ സഞ്ചയമാണ് സാധാരണനിലക്ക് കാനേഷുമാരിയില്‍ നിന്ന് ലഭിക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ ആസൂത്രണ പ്രക്രിയയെ കൂടുതല്‍ സമഗ്രവും ഫലപ്രദവുമാക്കുന്നത്. ജനസംഖ്യാനുപാതിക പ്രാതിനിധ്യം എല്ലാ വിഭാഗങ്ങള്‍ക്കും കിട്ടുന്നുണ്ടോ ഇല്ലയോ എന്ന് നിശ്ചയിക്കുന്നതും ഇതിനെ അടിസ്ഥാനമാക്കിയാണ്. പ്രാതിനിധ്യം എന്നത് നിയമ നിര്‍മാണ സഭകള്‍ മുതലിങ്ങോട്ട് സകല മേഖലയിലും വരും. ഏതെങ്കിലും വിഭാഗത്തിന് ഏതെങ്കിലും തലങ്ങളില്‍ പ്രാതിനിധ്യം കുറഞ്ഞുപോകുന്നുവെന്ന് കണ്ടാല്‍ അത് പരിഹരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ആലോചിച്ച് നടപ്പാക്കേണ്ടതുണ്ട്. സാമൂഹികമോ സാമ്പത്തികമോ ആയ അളവുകളില്‍ ഏതെങ്കിലും വിഭാഗം/പ്രദേശം പിന്നാക്കം നില്‍ക്കുന്നുവെന്ന് കണ്ടെത്തിയാല്‍ അത് പരിഹരിക്കാനുള്ള നടപടികളും വേണം.


അസ്വാഭാവികമോ അസന്തുലിതമോ ആയ വളര്‍ച്ച/വളര്‍ച്ചാക്കുറവ് ഏതെങ്കിലും മേഖലയിലുണ്ടെന്ന് കണ്ടെത്തിയാല്‍ അതേക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും വേണ്ട പരിഹാരനടപടികള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. ഇന്ത്യയില്‍ പലേടത്തും സ്ത്രീ - പുരുഷാനുപാതത്തിലുള്ള ഏറ്റക്കുറവ് ശ്രദ്ധയില്‍പ്പെട്ടത് കാനേഷുമാരികളിലൂടെയായിരുന്നു. പിറന്നുവീഴുന്നത് പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ കൊന്നുകളയുന്ന പതിവ് പലയിടത്തുമുണ്ടെന്നും അതാണ് അനുപാതം കുറയാനൊരു പ്രധാന കാരണമെന്നും പുറത്തുവന്നത് അനുപാതത്തിലെ അന്തരത്തെക്കുറിച്ചുള്ള പഠനങ്ങളുടെ തുടര്‍ച്ചയായാണ്. പെണ്‍കുഞ്ഞുങ്ങള്‍ക്കായി വിവിധ ഭരണസംവിധാനങ്ങള്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചത് ഇതിന്റെ തുടര്‍ച്ചയായാണ്. സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന വികസന പദ്ധതികളുടെ കുറേയെങ്കിലും സമതുലിതമായ വിതരണം സാധ്യമാക്കിയതിന് പിറകിലും ഈ വിവരശേഖരണത്തിന് വലിയ പങ്കുണ്ട്. ഇന്ത്യയുടെ കാര്യം സവിശേഷമായെടുത്താല്‍ വൈവിധ്യത്തിന്റെ നിലനില്‍പ്പ് തുടരുന്നതിനും അതിലുള്‍ക്കൊള്ളുന്ന സ്വത്വങ്ങളില്‍ ചിലത് അതിജീവിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും കാനേഷുമാരി വലിയപങ്കുവഹിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കൊബാര്‍ ദ്വീപ് സമൂഹങ്ങളിലെ ആദിമ നിവാസികളില്‍ ചിലതിനെ സംരക്ഷിക്കുന്നതിന് സവിശേഷമായ നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം തീരുമാനിച്ചത് ഉദാഹരണമാണ്.


2011ല്‍ യു പി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ നടന്ന കാനേഷുമാരിയുടെ വിവരങ്ങള്‍, 2015ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുറത്തുവിടുമ്പോള്‍ സാമ്പ്രദായികരീതിയില്‍ നിന്ന് ഭിന്നമാണ് കാര്യങ്ങള്‍. വിവരങ്ങള്‍ സര്‍ക്കാറിന്റെ കൂടി ഇംഗിതത്തിന് അനുസരിച്ച് ഘട്ടം ഘട്ടമായി പുറത്തുവിടുകയാണ് ചെയ്യുന്നത്. അതില്‍ തന്നെ മതം അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ കണക്ക് പുറത്തുവിടാന്‍ തിരഞ്ഞെടുത്ത സമയം വിമര്‍ശിക്കപ്പെടുന്നുമുണ്ട്. ബീഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കെ സംഘ് പരിവാറിന് വര്‍ഗീയ പ്രചാരണം നടത്താന്‍ പാകത്തിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത് എന്നതാണ് വിമര്‍ശം. വിവരങ്ങളൊക്കെ നേരത്തെ തയ്യാറായിരുന്നുവെന്നും രാജ്‌നാഥ് സിംഗിനാല്‍ ഭരിക്കപ്പെടുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ അനുവാദം കിട്ടാതിരുന്നതിനാലാണ് കാലേക്കൂട്ടി പുറത്തുപറയാതിരുന്നത് എന്നുമാണ് കണക്കെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. വിവരങ്ങളില്‍ കുറച്ചുഭാഗം ആഭ്യന്തര മന്ത്രാലയം മാധ്യമങ്ങളിലേക്ക് ആസൂത്രിതമായി ചോര്‍ത്തിക്കൊടുത്തു. അതിന് ശേഷമാണ് ഔദ്യോഗികമായി പുറത്തുവിടാന്‍ നിശ്ചയിച്ചത്. വിവരം പുറത്തുവിട്ട സമയത്തിനു നേര്‍ക്കുയരുന്ന ചോദ്യങ്ങള്‍ക്ക് ബലമേകുന്നതാണ് ഈ നടപടികള്‍.


നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെയും അല്ലാതെയും ക്രിസ്ത്യന്‍ - മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ എണ്ണം വര്‍ധിപ്പിക്കുകയാണെന്ന ആക്ഷേപം സംഘ്പരിവാര്‍ സംഘടനകള്‍ കാലങ്ങളായി ഉയര്‍ത്തുന്നുണ്ട്. 'ഘര്‍ വാപ്‌സി' എന്ന ഓമനപ്പേരിട്ട് തിരികെ ഹിന്ദുവാക്കാനുള്ള ശ്രമം സംഘ്പരിവാര്‍ അടുത്തിടെ ആരംഭിച്ചത് ഈ ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. 2011ലെ കാനേഷുമാരിയെ വസ്തുതാപരമായി പരിശോധിച്ചാല്‍ ഈ ആക്ഷേപങ്ങളൊക്കെ അടിസ്ഥാനമില്ലാത്തതാണെന്ന് കാണാനാകും. 1991ലെ കണക്കനുസരിച്ച് രാജ്യത്തെ ഹിന്ദുക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധന 22.71 ശതമാനമായിരുന്നു. ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 1.36 ശതമാനം കുറയുകയും ചെയ്തു. അന്ന് മുസ്‌ലിംകളുടെ എണ്ണത്തിലുണ്ടായ വര്‍ധന 32.88 ശതമാനമായിരുന്നു. വളര്‍ച്ചാ നിരക്ക്, അതിനു മുമ്പത്തെ കണക്കെടുപ്പ് കാലത്തെ അപേക്ഷിച്ച് 2.09 ശതമാനം കൂടി. രണ്ട് ദശകം പിന്നിടുമ്പോള്‍ ഹിന്ദുക്കളുടെ എണ്ണത്തിലുള്ള വര്‍ധന 16.76 ശതമാനമായി കുറഞ്ഞു. വളര്‍ച്ചാ നിരക്ക് 3.17 ശതമാനമായി കുറയുകയാണ് ഉണ്ടായത്. മുസ്‌ലിംകളുടെ കാര്യത്തില്‍ എണ്ണം 24.6 ശതമാനം വര്‍ധിച്ചപ്പോള്‍ വളര്‍ച്ചാ നിരക്ക് 4.92 ശതമാനമായി കുറയുകയാണ് ചെയ്തത്. ക്രിസ്തുമത വിശ്വാസികള്‍ ആകെ ജനസംഖ്യയുടെ 2.3 ശതമാനം മാത്രമേയുള്ളൂ 2011ലെ കണക്കില്‍.


രഥയാത്ര, ബാബ്‌രി മസ്ജിദിന്റെ ധ്വംസനം, ഭീകരവാദികളെന്ന ആരോപണത്തിന്റെ നിഴല്‍, ഗുജറാത്ത് വംശഹത്യ എന്നിങ്ങനെ പല കാരണങ്ങളാല്‍ മുസ്‌ലിം ന്യൂനപക്ഷം അരക്ഷിതരാകുകയും സ്വത്വ സംരക്ഷണത്തിനായി കൂടുതല്‍ സംഘടിതമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന തോന്നല്‍ അവരില്‍ ശക്തമാകുകയും ചെയ്തതാണ് 1991 മുതലിങ്ങോട്ടുള്ള കാലം. അതുകൊണ്ടാണ് 1991ലെ വിവരങ്ങളുമായുള്ള താരതമ്യത്തിന് ശ്രമിച്ചത്. അക്കാലത്ത് ജനസംഖ്യാ വര്‍ധനയുടെ നിരക്ക് മുസ്‌ലിംകളെ സംബന്ധിച്ച് താഴേക്ക് വരികയാണ് ചെയ്തിരിക്കുന്നത്. ന്യൂനപക്ഷം, ആസൂത്രിതമായി ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന സംഘ്പരിവാര്‍ ആരോപണം തെറ്റെന്ന് തെളിയാന്‍ മറ്റൊരു കണക്കും ആവശ്യമില്ല. കണക്കുകളെ ഈ വിധം വിശദീകരിക്കപ്പെടുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ വാര്‍ത്താക്കുറിപ്പായി മാത്രം പുറത്തുവിട്ടാല്‍ മതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചത്. സാധാരണ നിലക്ക് കണക്കുകള്‍ അവതരിപ്പിച്ച് സെന്‍സസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനം നടത്തുകയും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യാറുണ്ട്. ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വലിയ തോതില്‍ വര്‍ധിച്ചുവരികയാണോ എന്നൊരു ചോദ്യമുയര്‍ന്നാല്‍ വസ്തുതകളെ ആധാരമാക്കി അങ്ങനെയല്ലെന്ന് പറയാനേ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നുള്ളൂ. അതിന് അവസരമൊരുക്കാതിരുന്ന മോദി സര്‍ക്കാര്‍, സംഘ്പരിവാരത്തിന് സ്വന്തം പ്രചാരണം ആരംഭിക്കാന്‍ അവസരം തുറന്നിടുകയാണ് ചെയ്തത്.


രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ കണക്കുകളെ വ്യാഖ്യാനിക്കുന്നത് കൂടി ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാകും. ആകെ കണക്കെടുക്കുമ്പോള്‍ ഹിന്ദുക്കളുടെ ജനസംഖ്യ ദശാംശം ഏഴ് ശതമാനം കുറഞ്ഞ് 79.8 ശതമാനമായപ്പോള്‍ മുസ്‌ലിം ജനസംഖ്യ ദശാംശം എട്ട് ശതമാനം വര്‍ധിച്ച് 14.2 ശതമാനമായെന്നാണ് ഓര്‍ഗനൈസര്‍ ചൂണ്ടിക്കാട്ടുന്നത്. ജനസഖ്യയുടെ വളര്‍ച്ചാ നിരക്കിലുണ്ടായ ഇടിവ് മനഃപൂര്‍വം മറച്ചുവെച്ച് ആകെയുണ്ടായ വര്‍ധനയുടെ കണക്ക് ഉയര്‍ത്തിക്കാട്ടുകയും ഇവ്വിധം പോയാല്‍ 'ഇസ്‌ലാമിക ഭാരതം' നിലവില്‍ വരുമെന്ന ആശങ്ക പ്രചരിപ്പിക്കുകയുമാണ് അവര്‍. ഇപ്പോഴത്തെ തോതനുസരിച്ച് 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ മുസ്‌ലിംകളുടെ എണ്ണം 31.1 കോടിയാകുമെന്നും ലോകത്തിലേറ്റവുമധികം മുസ്‌ലിംകളുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും വാദിക്കുകയും ചെയ്യുന്നു. 2050 ആകുമ്പോഴേക്കും ഹിന്ദുക്കളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന എത്രയെന്ന് പ്രവചിക്കാതെ, മുസ്‌ലിംകളുടെ എണ്ണം സങ്കല്‍പ്പിക്കുമ്പോള്‍ ഉദ്ദേശ്യം വ്യക്തമാണ്.


ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിക്കാന്‍, വിവരങ്ങളെ ഉപയോഗപ്പെടുത്തുകയാണ് സംഘ്പരിവാര്‍. അതിന് യോജിക്കും വിധത്തില്‍ വിവരങ്ങള്‍ പുറത്തുവിടുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍. ഔദ്യോഗിക വിശദീകരണങ്ങള്‍ ഒഴിവാക്കുക കൂടി ചെയ്യുമ്പോള്‍ സംഗതി കുറേക്കൂടി എളുപ്പകുമാകും. വിവരശേഖരണം ആസൂത്രണത്തിനോ സമ്പത്തിന്റെയോ അവസരങ്ങളുടെയോ യുക്തിസഹമായ വിതരണത്തിനോ ഉപയോഗിക്കുക എന്നത് ഈ സര്‍ക്കാറിന്റെ അജന്‍ഡയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. ഗുജറാത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ രൂപവത്കരിക്കണമെന്ന നിര്‍ദേശത്തിന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. നരേന്ദ്ര മോദി ഭരിച്ച കാലത്തും അതിന് ശേഷവും അത് നടപ്പാക്കപ്പെട്ടിട്ടില്ല. നിയമപരമായി ചുമതലപ്പെട്ട കാര്യമായിട്ട് കൂടി അതിന് തയ്യാറാകാത്തവര്‍ വസ്തുതകളെ അധിഷ്ഠിതമാക്കി, ജനസംഖ്യാനുപാതിക പ്രാതിനിധ്യമോ വിഭവങ്ങളുടെ വിതരണമോ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ. പ്രദേശങ്ങളുടെയും ജനവിഭാഗങ്ങളുടെയും പിന്നാക്കാവസ്ഥ കൂടി പരിഗണിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വിഭവങ്ങളെ വിഭജിച്ച് നല്‍കുകയും ചെയ്തിരുന്ന ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. പകരം പ്രാബല്യത്തിലായ നിതി ആയോഗ് എന്താണ് ചെയ്യുന്നത് എന്ന് ഇന്നും അജ്ഞാതമായി തുടരുന്നു. പ്രധാനമന്ത്രി സ്വന്തം ഇംഗിതങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ച് പദ്ധതികള്‍ പ്രഖ്യാപിക്കുകയും മന്ത്രാലയങ്ങള്‍ അത് പിന്തുടരാന്‍ നിര്‍ബന്ധിതമാകുകയും ചെയ്യുന്നു. അപ്പോള്‍ പിന്നെ കാനേഷുമാരിയിലെ വിവരങ്ങള്‍ക്ക് സംഘ് പരിവാരത്തിന് പുതിയ ആയുധം നല്‍കുക എന്നതിനപ്പുറം വലിയ പ്രസക്തിയൊന്നും ഇല്ല തന്നെ.

2015-08-20

നിങ്ങള്‍ നിങ്ങളായത് കൊണ്ടും ഞാന്‍ ഞാനായതുകൊണ്ടും


ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കൂട്ടക്കുരുതിയില്‍ നരേന്ദ്ര മോദിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഐസാന്‍ ജഫ്‌രിയുടെ ഭാര്യ സാകിയ ജഫ്‌രി നല്‍കിയ പരാതി 2011 സെപ്തംബറിലാണ് സുപ്രീം കോടതി തീര്‍പ്പാക്കിയത്. സി ബി ഐയുടെ മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും ഇതിനെ അധികരിച്ച് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൈമാറാനും അവിടെ കേസ് പരിഗണിക്കാനുമായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. റിപ്പോര്‍ട്ടുകളിന്‍മേല്‍ പരാമര്‍ശമൊന്നും സുപ്രീം കോടതി നടത്തിയില്ല എന്നതുകൊണ്ട് നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി എന്ന മട്ടില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് സഞ്ജീവ് ഭട്ട് തുറന്ന കത്തെഴുതുന്നത്.


ആ കത്ത് മാത്രം മതി, പോലീസ് സര്‍വീസില്‍ നിന്നുള്ള പുറത്താക്കലിന്. തുറന്നകത്തില്‍ ''താങ്കളുടെ പതിവനുസരിച്ച് നേരിട്ടോ അല്ലാതെയോ ഉള്ള പ്രതികാര നടപടിക്ക് താങ്കളോ ഏജന്റുമാരോ തയ്യാറാവില്ലെന്നും കരുതുന്നു''വെന്ന് സഞ്ജീവ് കുറിച്ചിരുന്നു. പ്രധാനമന്ത്രി പദത്തിലേക്ക് എത്തുകയും സ്വേച്ഛാധിപതിയുടെ ലക്ഷണങ്ങള്‍ കൂടുതലായി കാട്ടുകയും കൂടുതല്‍ ഏജന്റുമാരുണ്ടാകുകയും ചെയ്തപ്പോള്‍ പ്രതികാരം എളുപ്പത്തില്‍ നടപ്പാക്കിയിരിക്കുന്നുവെന്ന് മാത്രം. സഞ്ജീവ് അന്നെഴുതിയ കത്ത് - ഒരാവര്‍ത്തി കൂടി വായിക്കുന്നതിന്


പ്രിയപ്പെട്ട ശ്രീ മോദി,

'ഗുജറാത്തിലെ ആറ് കോടി ജനങ്ങള്‍'ക്ക് തുറന്ന കത്തെഴുതുക എന്നത് താങ്കള്‍ തിരഞ്ഞെടുത്തത് എന്നെ സന്തോഷിപ്പിക്കുന്നു. ഇത് താങ്കളുടെ മനസ്സ് കാണാനൊരു ജാലകം എനിക്ക് നല്‍കുന്നു, മാത്രമല്ല ഇതേ മാധ്യമത്തിലൂടെ താങ്കള്‍ക്ക് മറുപടിയെഴുതാന്‍ എനിക്കൊരു അവസരവും നല്‍കിയിരിക്കുന്നു.


എന്റെ പ്രിയപ്പെട്ട സഹോദരാ, സാകിയ നാസിം ഇഹ്‌സാനും  ഗുജറാത്ത് സര്‍ക്കാറുമായുള്ള പ്രത്യേക അനുമതി ഹരജിയുടെ ഭാഗമായ ക്രിമിനല്‍ അപ്പീലില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി എത്തിച്ചേര്‍ന്ന തീരുമാനത്തെയും പുറപ്പെടുവിച്ച വിധിയെയും താങ്കള്‍ തീര്‍ത്തും തെറ്റായി വ്യാഖ്യാനിച്ചുവെന്ന് തോന്നുന്നു. താങ്കള്‍ തിരഞ്ഞെടുത്ത ഉപദേഷ്ടാക്കള്‍ ഒരിക്കല്‍ കൂടി താങ്കളെ തെറ്റിദ്ധരിപ്പിച്ചിരിക്കാനാണ് സാധ്യത. നിങ്ങളെ തിരഞ്ഞെടുക്കപ്പെട്ട നേതാവായി കാണുന്ന 'ആറ് കോടി ഗുജറാത്തുകാരെ' നിങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതിന് ഇത് കാരണമായി.
ഗുജറാത്തിയായ ഒരു ഇളയ സഹോദരന്‍ എന്ന നിലയില്‍ സുപ്രീം കോടതിയുടെ തീരുമാനത്തെയും ഉത്തരവിനെയും വിശദീകരിച്ച് തരാന്‍ എന്നെ അനുവദിക്കുക. ഈ വിധി സംശയാതീതമാം വിധം മഹത്തരമാണെന്ന് രാഷ്ട്രീയത്തിലെ ഒരു വിഭാഗം വിശേഷിപ്പിക്കുകയും ആവേശഭരിതമായ ആഘോഷങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. താങ്കളുടെ കത്തില്‍ ഇങ്ങനെ പറയുന്നു ''സുപ്രീം കോടതിയുടെ ഉത്തരവില്‍ നിന്ന് ഒരു കാര്യം പ്രകടമാണ്. 2002ലെ  കലാപത്തിന് ശേഷം എനിക്കും ഗുജറാത്ത് സര്‍ക്കാറിനുമെതിരെ ഉന്നയിക്കപ്പെട്ട അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങള്‍ സൃഷ്ടിച്ച അനാരോഗ്യകരമായ അന്തരീക്ഷം ഇല്ലാതായിരിക്കുന്നു.''  


ഞാനൊരു കാര്യം സ്പഷ്ടമാക്കട്ടെ, ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലൊരിടത്തും സാകിയ ജഫ്‌രിയുടെ പരാതിയിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതോ വ്യാജമോ ആണെന്ന് പറഞ്ഞിട്ടില്ല. ഗുജറാത്ത് വംശഹത്യയുടെ ആശയറ്റ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള ദിശയില്‍ വളരെ വലിയ ചുവടുവെപ്പാണ് ബഹൂമാനപ്പെട്ട സുപ്രീം കോടതി ഉത്തരവ് എന്നതാണ് സത്യവും വസ്തുതയും. താങ്കള്‍ക്ക് വ്യക്തമായി അറിവുള്ളത് പോലെ, തന്റെ പരാതി പ്രഥമ വിവര റിപ്പോര്‍ട്ടായി (എഫ് ഐ ആര്‍) രജിസ്റ്റര്‍ ചെയ്യണമെന്ന അപേക്ഷയുമായാണ് സാകിയ ബഹുമാനപ്പെട്ട ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ പ്രത്യേക അനുമതി ഹരജയിലൂടെ സാകിയ ബഹുമാനപ്പെട്ട സുപ്രീം കോടതിയെ സമീപിച്ചു. പരാതി പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഇവര്‍ ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാന്‍ പ്രഗത്ഭനായ അഭിഭാഷകനെ അമികസ് ക്യൂറിയായി (കോടതിയെ സഹായിക്കാന്‍ നിയോഗിക്കപ്പെടുന്ന അഭിഭാഷകന്‍)  നിയോഗിച്ചു.


ദൈര്‍ഘ്യമേറിയ ക്ലേശകരമായ ഇത്തരം നടപടികള്‍ക്ക് ശേഷം സാകിയയുടെ അപ്പീല്‍ അനുവദിക്കുക മാത്രമല്ല സുപ്രീം കോടതി ചെയ്തത്, അവരുടെ പരാതി എഫ് ഐ ആറായി സങ്കല്‍പ്പിച്ച് ക്രിമിനല്‍ പ്രോസീജിയര്‍ കോഡിലെ 173(2) വകുപ്പനുസരിച്ച് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ പ്രത്യേക സംഘത്തോട് നിര്‍ദേശിക്കുക കൂടിയാണ്. താങ്കളുടെയും താങ്കളുടെ സഹോദരീ സഹോദരന്‍മാരായ ആറ് കോടി ഗുജറാത്തികളുടെയും പ്രയോജനത്തിനായി സ്പഷ്ടമാക്കട്ടെ, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലെ 173 (2) പ്രകാരം സമര്‍പ്പിക്കുന്ന ഈ റിപ്പോര്‍ട്ടാണ് സാമാന്യ ജനങ്ങള്‍ പറയുന്ന കുറ്റപത്രം അഥവാ അന്തിമ റിപ്പോര്‍ട്ട്. ശേഖരിച്ച എല്ലാ തെളിവുകളും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടും അധികാരപ്പെട്ട മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാനും പ്രത്യേക സംഘത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്രിമിനല്‍ പ്രോസീജിയര്‍ കോഡിന്റെ രീതിയനുസരിച്ച് സുപ്രീം കോടതിക്ക് സ്വീകരിക്കാവുന്ന സാധ്യമായ ഏറ്റവും നല്ല വഴി ഇതായിരുന്നു. രാജ്യത്തെ നിയമം അതിന്റെ മാര്‍ഗം സ്വീകരിക്കാന്‍ പാകത്തില്‍ ഇതിനെ താങ്കള്‍ സ്വാഗതം ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.


സുപ്രീം കോടതി സാകിയക്ക് നല്‍കിയത് അവര്‍ യഥാര്‍ഥത്തില്‍ ആവശ്യപ്പെട്ടതിലും വളരെയേറെയാണ്. സംശയാതീതമാം വിധം മഹത്തരമെന്ന വ്യാജ സ്തുതിക്ക് വിധേയമാകുന്ന ഈ ഉത്തരവ് യഥാര്‍ഥത്തില്‍ വളരെ ബുദ്ധിപൂര്‍വം എഴുതപ്പെട്ടതാണ്. അത് 2002ലെ കൊടുംക്രൂരത ആസൂത്രണം ചെയ്തവരെയും സാധ്യമാക്കിയവരെയും പ്രതിഫലത്തിന്റെ ദിനത്തിലേക്ക് കുറച്ച് കൂടി അടുപ്പിക്കുന്നു. ഇപ്പോഴത്തെ വ്യാജ വീരസ്യം എളുപ്പത്തില്‍ പറ്റിക്കാവുന്ന ഗുജറാത്ത് ജനതയെ തെറ്റിദ്ധരിപ്പിക്കാനുള്ള സമര്‍ഥമായ ശ്രമമാണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ആത്മവിശ്വാസത്തിന്റെ വ്യാജ ബോധം നിറക്കാനും. ഉത്തരവ് യഥാര്‍ഥത്തില്‍ സങ്കല്‍പ്പിക്കുന്നത് പൂര്‍ത്തിയാകുകയും നീതിന്യായ പ്രത്യാഘാതം ഉണ്ടാകുകയും ചെയ്യുമ്പോള്‍  നമ്മള്‍ വളരെ വ്യത്യസ്തമായ ഒരു ചിത്രം കാണും.


താങ്കളെപ്പോലുള്ളവര്‍ ദുരുദ്ദേശ്യത്തിനായി, ബോധപൂര്‍വമോ അശ്രദ്ധമൂലമോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ 'ആറ് കോടി ഗുജറാത്തി'കളില്‍ ഒരാളെന്ന നിലയില്‍ എനിക്ക് കടുത്ത വേദന തോന്നുന്നു, വഞ്ചിക്കപ്പെടുന്നതായും. അഡോള്‍ഫ് ഹിറ്റ്‌ലറുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന, നാസി ജര്‍മനിയിലെ പ്രചാരണ വിഭാഗം മന്ത്രിയായിരുന്ന പോള്‍ ജോസഫ് ഗീബല്‍സ് ആവിഷ്‌കരിച്ച് നടപ്പാക്കിയ സിദ്ധാന്തം കുറച്ച് കാലത്തേക്ക് ഭൂരിഭാഗം ജനങ്ങളിലും തീര്‍ച്ചയായും ഫലം കാണും. എന്നാല്‍ ഗീബല്‍സിന്റെ പ്രചാരണം കൊണ്ട് എല്ലാവരെയും എല്ലാകാലത്തേക്കും വിഡ്ഢികളാക്കാന്‍ സാധിക്കില്ലെന്ന് ചരിത്രത്തിലെ അനുഭവത്തില്‍ നിന്ന് നമുക്കെല്ലാം അറിയാവുന്നതാണ്.


''വെറുപ്പിനെ ഒരിക്കലും വെറുപ്പുകൊണ്ട് ജയിക്കാനാകില്ല'' എന്ന താങ്കളുടെ തിരിച്ചറിവിനെ ഞാന്‍ പൂര്‍ണമായും പിന്തുണക്കുന്നു. ഈ സംസ്ഥാനത്തെ കഴിഞ്ഞ ഒരു ദശകമായി സേവിക്കുന്ന താങ്കള്‍ക്കും 23 വര്‍ഷമായി ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്ന എനിക്കുമല്ലാതെ മറ്റാര്‍ക്കാണ് ഇത് ഇത്രയും നന്നായി അറിയുക. ഗുജറാത്തിലെ വിവിധ വേദികളില്‍ വെറുപ്പിന്റെ നൃത്തം സംവിധാനം ചെയ്ത് അരങ്ങേറ്റം ചെയ്യപ്പെട്ട 2002ലെ ആ ദിവസങ്ങളില്‍ താങ്കളെ സേവിക്കേണ്ട ദൗര്‍ഭാഗ്യം എനിക്കുണ്ടായി. നമ്മളോരോരുത്തരും വഹിച്ച പങ്കിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യേണ്ട ഉചിതമായ വേദി ഇതല്ല. ഉചിതവും അധികാരപ്പെട്ടതുമായ വേദി ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്. അവിടെ വെറുപ്പിന്റെ ബലതന്ത്രം സംബന്ധിച്ചുള്ള നമ്മുടെ അറിവുകള്‍ ഗുജറാത്തിന്റെ അധികാരം കേന്ദ്രീകരിച്ചുള്ള യഥാര്‍ഥ രാഷ്ട്രീയത്തെ വെളിപ്പെടുത്തും. താങ്കളും സര്‍ക്കാറിനകത്തും പുറത്തുമുള്ള താങ്കളുടെ സുഹൃത്തുക്കളും ഇതിന്റെ പേരില്‍ എന്നെ കൂടുതലായി വെറുക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.


''നുണ പ്രചരിപ്പിക്കുകയും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തവരുടെ വിശ്വാസ്യത ആഗാധ ഗര്‍ത്തത്തിലായിരിക്കുന്നു. ഈ രാജ്യത്തെ ജനങ്ങള്‍ ഇത്തരക്കാരെ ഇനിയൊരിക്കലും വിശ്വസിക്കില്ല'' എന്ന് താങ്കള്‍ പറയുമ്പോള്‍ അതിനോട് യോജിക്കാന്‍ എനിക്ക് സാധിക്കില്ല. പക്ഷേ, എന്റെ പ്രിയപ്പെട്ട സഹോദരാ, ആരാണ് നുണ പ്രചരിപ്പിക്കുകയും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് എന്നതില്‍ താങ്കള്‍ക്ക് തീര്‍ത്തും തെറ്റ് പറ്റിയിരിക്കുന്നു. സത്യം പുറത്തുകൊണ്ടുവരുന്നതിനും നീതി ഉറപ്പാക്കുന്നതിനും വേണ്ടി അവിരാമം പോരാടുന്ന അശരണരരായ ഇരകളല്ല ഗുജറാത്തിന് അപമാനം കൊണ്ടുവന്നത്, മറിച്ച്് രാഷ്ട്രീയ, തിരഞ്ഞെടുപ്പ് വിളവെടുപ്പിനായി വെറുപ്പ് വിതച്ച് വളര്‍ത്തിയയാളുകളുടെ നികൃഷ്ടമായ പ്രവൃത്തികളാണെന്ന് എന്റെ മനസ്സ് പറയുന്നു. ദയവായി ഇതേക്കുറിച്ച് ചിന്തിക്കൂ. ആത്മപരിശോധന ചിലപ്പോഴെങ്കിലും വെളിപാടുകള്‍ക്ക് വഴിതുറക്കാറുണ്ട്.


''ഗുജറാത്തിന്റെ സമാധാനവും ഐക്യവും സൗഹാര്‍ദവുമുള്ള അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍'' താങ്കള്‍ കാണിക്കുന്ന ശുഷ്‌കാന്തിയും അതിന് നടത്തുന്ന ശ്രമങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. 2002ന് ശേഷം ഗുജറാത്തില്‍ വര്‍ഗീയ അക്രമങ്ങള്‍ വലിയ തോതിലുണ്ടായിട്ടില്ല എന്നതില്‍ താങ്കളോടും ബന്ധുക്കളോടും നന്ദിയുണ്ട്. ഇതിന്റെ കാരണം നമ്മുടെ 'ആറ് കോടി ഗുജറാത്തി' കള്‍ക്ക് വ്യക്തമായിട്ടുണ്ടാകണമെന്നില്ല. ഐ പി എസ്സില്‍ എന്റെ 24-ാമത്തെ വര്‍ഷമാണിത്. സംസ്ഥാനം വ്യാപകമായ വര്‍ഗീയ അക്രമങ്ങള്‍ക്ക് സാക്ഷിയായ കാലത്താണ് ഗുജറാത്ത് കേഡറിലേക്ക് എന്നെ നിയോഗിച്ചത്. അഗ്‌നിയാല്‍ ജ്ഞാന സ്‌നാനം ചെയ്യപ്പെട്ടതുകൊണ്ട് അന്ന് മുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും വെറുപ്പിന്റെ വിഭാഗീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന താങ്കളെപ്പോലുള്ളവരുമായി ഇടപെടാനും ശ്രമിച്ചുവരികയാണ്. വര്‍ഗീയ അക്രമം കൊണ്ട് ഏതെങ്കിലും പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ പ്രയോജനമുണ്ടാകുന്ന രാഷ്ട്രീയ അവസ്ഥ ഗുജറാത്ത് മറികടന്ന് കഴിഞ്ഞിരിക്കുന്നുവെന്നാണ് എന്റെ നിരീക്ഷണം. കാരണം വര്‍ഗീയ ചേരിതിരിവ് ഇവിടെ ഏതാണ്ട് പൂര്‍ണമായിക്കഴിഞ്ഞു. വിഭാഗീയ രാഷ്ട്രീയത്തിന്റെ പരീക്ഷണം ഗുജറാത്തില്‍ വളരെ വിജയകമായിരുന്നു. 'ആറ് കോടി ഗുജറാത്തി' കളുടെ ഹൃദയത്തിലും മനസ്സിലും വിള്ളലുണ്ടാക്കുന്നതില്‍ താങ്കളും താങ്കളെപ്പോലെയുള്ളവരും വലിയതോതില്‍ വിജയിച്ചു. കൂടുതല്‍ വര്‍ഗീയ അക്രമം നടത്തേണ്ട ആവശ്യം ഗുജറാത്തില്‍ ഇനി ഇല്ല തന്നെ.


ഏത് സാഹചര്യത്തിലും സമയത്തും ഉത്തമ വിശ്വാസത്തില്‍ പ്രവര്‍ത്തിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ് നമ്മുടേത് പോലുള്ള ഭരണഘടനാ ജനാധിപത്യത്തില്‍. 2002 ഫെബ്രുവരി 27ലെ വിധിനിയന്ത്രിതമായ പ്രഭാതത്തില്‍ ഗോധ്രയില്‍ സംഭവിച്ച അപലപനീയമായ സംഭവത്തോട് പൊടുന്നനെയുണ്ടായ പ്രതികരണമാണ് ഗുജറാത്ത് കൂട്ടക്കുരുതി എന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന്റെ ഇരകളായി തീര്‍ന്നിട്ടുണ്ട് ഒട്ടേറെ സുഹൃത്തുക്കള്‍. ന്യൂട്ടന്റെ നിയമം മുമ്പൊരിക്കലും ഇത്രത്തോളം ദുരുപയോഗം ചെയ്തിട്ടുണ്ടാകില്ല. ന്യൂട്ടന്റെ ഭൗതികശാസ്ത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവിനെയും ധാരണയെയും ആശ്രയിച്ച് നിങ്ങളത് രാഷ്ട്രീയത്തിലും ഭരണത്തിലും പ്രയോഗിക്കുകയായിരുന്നു, കൂട്ടക്കുരുതി അതിന്റെ ഉച്ചസ്ഥായിയിലെത്തിയപ്പോള്‍. ഭരണഘടനാ ജനാധിപത്യത്തിലെ മതേതര ഭരണകൂടത്തിന് വിഭാഗീയമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന,   ഭരണത്തെ സംബന്ധിച്ച് സാര്‍വലൗകികമായി അംഗീകരിക്കപ്പെട്ട തത്വം അന്ന് നിങ്ങള്‍ മനഃപൂര്‍വം മറന്നു, അതാണ് ഇപ്പോള്‍ ഞങ്ങളില്‍ പലരും ശ്രദ്ധയില്ലായ്മമൂലം മറക്കുന്നതും. ന്യൂട്ടന്റെ സിദ്ധാന്തമനുസരിച്ചുള്ള പ്രതിപ്രവര്‍ത്തനത്തിനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് നിയന്ത്രിക്കുക എന്നത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്. അല്ലാതെ നിരപരാധികളായ വ്യക്തികളെ ആസൂത്രിതമായി ലക്ഷ്യമിടുകയും അത് സംവിധാനം ചെയ്ത് നടപ്പാക്കുയുമല്ല!


അത് എന്തായാലും, മഹാത്മയുടെ ഭൂമിയില്‍ സദ്ഭാവന പരത്തുക എന്ന താങ്കളുടെ പ്രഖ്യാപിത ലക്ഷ്യത്തോടുള്ള ഐക്യദാര്‍ഢ്യ പ്രകടനമെന്ന നിലയില്‍ സദ്ഭാവനാ മിഷനില്‍ താങ്കള്‍ക്കൊപ്പം ചേരാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ അതിനുള്ള നല്ല വഴി സത്യം പുറത്തുവരാന്‍ സഹായിക്കുകയും നീതിയുടെ അന്തസ്സത്തയും സൗമനസ്യവും നിലനില്‍ക്കാന്‍ അനുവദിക്കുകയുമാണ്.
പക്ഷേ, മുന്നറിയിപ്പെന്നോണം പറയട്ടെ സ്വാഭാവികവും ഹൃദയത്തില്‍തട്ടിയുള്ളതുമായ സൗമനസ്യം നമുക്ക് ആവശ്യപ്പെടാവുന്ന ഒന്നല്ല, വാങ്ങാവുന്നതോ ഭീഷണിപ്പെടുത്തി ഈടാക്കാവുന്നതോ അല്ല. അത് അര്‍ഹതപ്പെട്ടതാകാന്‍ ശ്രമിക്കാന്‍ മാത്രമേ സാധിക്കൂ. അത്ര എളുപ്പമുള്ള ദൗത്യമല്ല അത്. മഹാത്മയുടെ ഭൂമി മായാനിദ്രയില്‍ നിന്ന് പതുക്കെയാണെങ്കിലും ഉണരുകയാണെന്നത് തീര്‍ച്ചയാണ്.


സമുദായത്തിലെ എല്ലാ വിഭാഗങ്ങളുടെയും കാഴ്ചപ്പാടുകളോട് ഉത്തരവാദിത്വം വേണ്ടതില്ലെന്ന് ഗുജറാത്തിലെ ഏറ്റവും അധികാരമേറിയ വ്യക്തി എന്ന നിലയില്‍ താങ്കള്‍ക്ക് തോന്നുന്നുണ്ടാകും. എന്നാല്‍ സ്വാഭാവിക സൗമനസ്യമില്ലാത്ത അധികാരം കഠാരകള്‍ നീണ്ടുനില്‍ക്കുന്ന, തിരികെ നടക്കാന്‍ സാധിക്കാത്ത പാതയാണെന്ന് ചരിത്രം പലകുറി തെളിയിച്ചിട്ടുണ്ട്. സദ്ഭാവത്തിന് മുന്നോടിയായി സംഭവിക്കേണ്ടതാണ് സമഭാവം. ന്യായബോധവും സൗമനസ്യവുമുള്ള ഭരണം താങ്കളുടെ വിശ്വാസത്തിലെ ആദ്യത്തെ ഖണ്ഡികയും മതവിശ്വാസം അവസാനത്തെ ഖണ്ഡികയുമാകണം. സത്യം എല്ലായിപ്പോഴും കയ്‌പ്പേറിയതും വിഴുങ്ങാന്‍ പ്രയാസമുള്ളതുമായിരിക്കും. ഈ കത്ത് അതെഴുതിയതിന്റെ യഥാര്‍ഥ അന്തസ്സത്തയില്‍ താങ്കള്‍ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളുടെ പതിവനുസരിച്ച് നേരിട്ടോ അല്ലാതെയോ ഉള്ള പ്രതികാര നടപടിക്ക് താങ്കളോ ഏജന്റുമാരോ തയ്യാറാവില്ലെന്നും കരുതുന്നു.
എവിടെയെങ്കിലും സംഭവിക്കുന്ന അനീതി എല്ലായിടത്തുമുള്ള നീതിക്ക് നേര്‍ക്കുയരുന്ന വെല്ലുവിളിയാണെന്ന മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയറിന്റെ വാക്കുകള്‍ ഞാന്‍ ഓര്‍മിപ്പിക്കുന്നു. നീതിക്ക് വേണ്ടി പൊരുതുന്ന അശരണരായ ഇരകളുടെ ആത്മവീര്യം ഇടക്ക് ദുര്‍ബലമായേക്കാം, എന്നാല്‍ ഗീബല്‍സിയന്‍ പ്രചാരണത്തിലൂടെ അത് അടിച്ചമര്‍ത്താനാകില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടം ലോകത്തൊരിടത്തും എളുപ്പമായിട്ടില്ല...ക്ഷയിക്കാത്ത ക്ഷമയും പരാജയപ്പെടാത്ത സ്ഥിരോത്സാഹവും ഈ പോരാട്ടം എല്ലാ കാലത്തും ആവശ്യപ്പെടുന്നു.

ഗുജറാത്തില്‍ സത്യത്തിനും നീതിക്കും വേണ്ടി  കുരിശുയുദ്ധം നടത്തുന്നവരുടെ ആത്മവീര്യം ഈ കവിത സംഗ്രഹിക്കുന്നുണ്ട്. ബറോഡയിലെ എം എസ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥിയായ ഭുചുംഗ് സോനം എഴുതിയ വരികള്‍


എനിക്ക് തത്വങ്ങളുണ്ട്, അധികാരമില്ല
നങ്ങള്‍ക്ക് അധികാരമുണ്ട്, തത്വങ്ങളില്ല
നിങ്ങള്‍ നിങ്ങളായത് കൊണ്ടും
ഞാന്‍ ഞാനായതു കൊണ്ടും
ഒത്തുതീര്‍പ്പിന്റെ ചോദ്യമുയരുന്നില്ല
അതുകൊണ്ട് യുദ്ധം തുടങ്ങാം...

എനിക്ക് സത്യമുണ്ട്, സൈന്യമില്ല
നിങ്ങള്‍ക്ക് സൈന്യമുണ്ട്, സത്യമില്ല
നിങ്ങള്‍ നിങ്ങളായത് കൊണ്ടും
ഞാന്‍ ഞാനായതുകൊണ്ടും
ഒത്തുതീര്‍പ്പിന്റെ ചോദ്യമുയരുന്നില്ല
അതുകൊണ്ട് യുദ്ധം തുടങ്ങാം...

നിങ്ങളെന്റെ തല തല്ലിത്തകര്‍ത്തേക്കാം
ഞാന്‍ പൊരുതും
നിങ്ങളെന്റെ എല്ലുകള്‍ പൊടിച്ചേക്കാം
ഞാന്‍ പൊരുതും
നിങ്ങളെന്നെ ജീവനോടെ കുഴിച്ചിട്ടേക്കാം
ഞാന്‍ പൊരുതും
സത്യം എന്നിലോടുന്നു
ഞാന്‍ പൊരുതും
എന്റെ എല്ലാ കരുത്തുമുപയോഗിച്ച്
ഞാന്‍ പൊരുതും
അവസാന ശ്വാസം വരെ
ഞാന്‍ പൊരുതും
അവിടെ വരെ ഞാന്‍ പൊരുതും
നിങ്ങളുടെ നുണകള്‍ കൊണ്ട് നിങ്ങല്‍ തീര്‍ത്ത കൊട്ടാരം
തകര്‍ന്ന് വീഴും വരെ
നുണകളാല്‍ നിങ്ങളാരാധിക്കുന്ന പിശാച്
എന്റെ സത്യത്തിന്റെ മാലാഖക്ക് മുന്നില്‍ മുട്ടുകുത്തും വരെ

എല്ലാവരോടും നീതിബോധവും കൃപയുമുള്ളവനാകുവാന്‍ വേണ്ട ശക്തി ദയാപരനായ ദൈവം താങ്കള്‍ക്ക് നല്‍കട്ടെ!

സത്യമേവ ജയതേ!

ആശംസകളോടെ

വിശ്വാസപൂര്‍വം

സഞ്ജീവ് ഭട്ട്