2017-01-16

പത്മനാഭനും രാധാകൃഷ്ണനാണ്!


ബഹുമുഖങ്ങള്‍, അവയില്‍ നിന്നൊക്കെ ബഹുവിധം സംസാരങ്ങള്‍ - ജനത്തെ സംശയത്തിന്റെ, ആശയക്കുഴപ്പത്തിന്റെ നിഴലിലേക്ക് നീക്കാനും അതുവഴി വെറുപ്പിന്റെ വിത്ത് മുളപ്പിച്ചെടുക്കാനും ഇതില്‍പ്പരം പറ്റിയ ഉപായം മറ്റൊന്നുണ്ടെന്ന് തോന്നുന്നില്ല. അധിനിവേശ - ഫാസിസ്റ്റ് ശക്തികളും വര്‍ഗീയത മാത്രം അജന്‍ഡയാക്കിയവരും എക്കാലവും ഈ മാര്‍ഗം ഉപയോഗിച്ചിട്ടുണ്ട്. ഏകാധിപത്യവും ഏകാധിപത്യത്തിലേക്ക് നീങ്ങുന്ന ഭരണവും ഈ മാര്‍ഗം അവലംബിക്കും. ജനം ഭിന്നിച്ചുനില്‍ക്കുകയും വെറുപ്പിനെ മാത്രം ആധാരമാക്കി ചേരികളുണ്ടാകുകയും ചെയ്യുക എന്നത് ഇക്കൂട്ടരെ സംബന്ധിച്ച് അത്രത്തോളം പ്രധാനമാണ്. ഭൂരിപക്ഷ വര്‍ഗീയതയെ ആളിക്കത്തിച്ച് അധികാരം ഉറപ്പാക്കാന്‍ ശ്രമിക്കുന്നവര്‍, ഇന്ത്യന്‍ യൂനിയനില്‍ ദീര്‍ഘകാലമായി പയറ്റുന്ന തന്ത്രവുമാണിത്.


രാഷ്ട്രീയ സ്വയം സേവക് സംഘിന് മുമ്പ്, സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയിരുന്ന കോണ്‍ഗ്രസില്‍ തീവ്ര, മൃദു നിലപാടുകളെടുത്ത ചേരികളുണ്ടായിരുന്നു. അവ രണ്ടും അടിസ്ഥാനപരമായി ഭൂരിപക്ഷമതവുമായി ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു. അതിലെ തീവ്ര നിലപാടുകള്‍ ഹിന്ദുത്വ അജന്‍ഡക്കും ആര്‍ എസ് എസ്സിന്റെ രൂപവത്കരണത്തിനും രണ്ട് രാഷ്ട്രമെന്ന വാദത്തിനുമൊക്കെ വഴിമരുന്നിട്ടിട്ടുണ്ട്. തീവ്ര - മൃദു നിലപാടുകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ അതിനായി വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം ഈ ദ്വന്ദ്വം ഫലപ്രദമായി ഉപയോഗിക്കപ്പെട്ടത് 1980ല്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ രൂപവത്കരണത്തിന് ശേഷമാണ്. 80കളുടെ അവസാനത്തില്‍ രാമക്ഷേത്ര നിര്‍മാണം അജന്‍ഡയായി ഉയര്‍ത്തി എല്‍ കെ അഡ്വാനി രഥയാത്രക്കിറങ്ങിയപ്പോള്‍ ലോഹപുരുഷന്‍ തീവ്ര മുഖവും അടല്‍ ബിഹാരി വാജ്‌പേയി മൃദു മുഖവുമായി വിശേഷിപ്പിക്കപ്പെട്ടു. അത്തരമൊരു നേതൃദ്വയത്തെ സ്ഥാപിച്ചെടുക്കുന്നതില്‍ ദേശീയ മാധ്യമങ്ങള്‍ അവരുടേതായ പങ്ക് വഹിക്കുകയും ചെയ്തു. വര്‍ഗീയ അജന്‍ഡകളില്ലാത്ത പാര്‍ട്ടികളെ സഖ്യത്തിലേക്ക് കൊണ്ടുവരുന്നതിനും മറ്റും മിതമുഖത്തിന്റെ ആവശ്യം അക്കാലത്ത് ബി ജെ പിക്കുണ്ടായിരുന്നു. അത് ഫലം കാണുകയും ചെയ്തു. എന്നാല്‍ ഫലത്തില്‍ തീവ്ര - മൃദു മുഖങ്ങള്‍ പരസ്പര പൂരകങ്ങളായി വര്‍ത്തിക്കുക മാത്രമാണ് ചെയ്തിരുന്നത്. രഥയാത്രയെയോ അതിന്റെ പാര്‍ശ്വങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട വര്‍ഗീയ അക്രമങ്ങളെയോ ഒരു കാലത്തും വാജ്പയി വിമര്‍ശിച്ചിരുന്നില്ല എന്ന് ഓര്‍ക്കുക.


2002ല്‍ ഗുജറാത്തില്‍ വംശഹത്യാ ശ്രമമുണ്ടായപ്പോള്‍ എ ബി വാജ്പയിയായിരുന്നു പ്രധാനമന്ത്രി. അക്രമം തടയുന്നതിന് സൈന്യത്തെ നിയോഗിക്കണമെന്ന രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്റെ നിര്‍ദേശങ്ങളെ ദിവസങ്ങളോളം തള്ളിക്കളഞ്ഞ്, നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സംഘ്പരിവാര സംഘടനകള്‍ ആസൂത്രണം ചെയ്ത പദ്ധതി 'വിജയകര'മായി പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കി. പിന്നീട് ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച വാജ്പയി 'രാജധര്‍മം' പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുവെന്ന പ്രതീതി ജനിപ്പിച്ച് തീവ്ര നിലപാടുകാര്‍ക്കൊപ്പമല്ല താനെന്ന തോന്നല്‍ ജനിപ്പിക്കുകയും ചെയ്തു. വംശഹത്യാ ശ്രമത്തിനിടെയുണ്ടായ കൊടിയ ക്രൂരതകളുടെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയപ്പോള്‍, രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ആസൂത്രിതമായി അട്ടിമറിക്കപ്പെട്ടപ്പോള്‍ ഒന്നും മിതവാദ മുഖത്തു നിന്ന് ശബ്ദങ്ങളൊന്നും പുറപ്പെട്ടില്ല. പക്ഷേ, അപ്പോഴും 'രാജധര്‍മം' ഓര്‍മിപ്പിക്കാന്‍ കാണിച്ച ധൈര്യത്തിന്റെ പേരില്‍ ബി ജെ പിയിലെ മിതവാദ മുഖമെന്ന പ്രതിച്ഛായ വാജ്പയിയില്‍ നിലനിന്നു.


ഗുജറാത്ത് 'മാതൃക'യുടെ മേന്മ നിരത്തി ദേശീയ രാഷ്ട്രീയത്തിലേക്ക് നരേന്ദ്ര മോദി ചുവടുറപ്പിച്ചപ്പോള്‍ തീവ്രമുഖമായിരുന്ന എല്‍ കെ അഡ്വാനി മിതത്തിന്റെ മുഖംമൂടി എടുത്തണിയുന്ന കാഴ്ചകണ്ടു. സഖ്യകക്ഷികളുടെ വിശ്വാസമാര്‍ജിക്കണമെങ്കില്‍ ഈ മുഖംമൂടിയില്ലാതെ സാധിക്കില്ലെന്ന തിരിച്ചറിവ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥി അഡ്വാനിയല്ലെങ്കില്‍ ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്ന് പിന്‍മാറുമെന്ന് ജനതാദള്‍ യുനൈറ്റഡ് നേതാവ് നിതീഷ് കുമാര്‍ പറഞ്ഞിരുന്നത് ഓര്‍ക്കുക. പ്രധാനമന്ത്രിപദമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള കുറുക്കുവഴിയെന്നതിനപ്പുറത്ത്, അടിസ്ഥാന അജന്‍ഡകളില്‍ നിന്നുള്ള മാറ്റമായി ഈ മുഖംമൂടിയെ കാണാന്‍ സാധിക്കില്ല. അതിനെയൊക്കെ അതിജീവിക്കാനുള്ള ശേഷി നരേന്ദ്ര മോദിയുടെ തീവ്രമുഖത്തിനുണ്ടായിരുന്നതിനാല്‍ വിലപ്പോയില്ലെന്ന് മാത്രം. നരേന്ദ്ര മോദിയെ പരോക്ഷമായി വിമര്‍ശിച്ച് അങ്കത്തിനുള്ള ബാല്യം വിട്ടിട്ടില്ലെന്ന് തെളിയിക്കുമ്പോഴും വര്‍ഗീയ അജന്‍ഡകളില്‍ എന്തെങ്കിലും മാറ്റം അഡ്വാനിക്കുണ്ടായെന്ന് കരുതാനാകില്ല. പല വിധ സംസാരങ്ങളുണ്ടെങ്കിലും ലക്ഷ്യം ഒന്നുതന്നെയെന്ന് ചുരുക്കം.


അസഹിഷ്ണുതയുടെ അന്തരീക്ഷം രാജ്യത്താകെ സൃഷ്ടിക്കപ്പെടുകയും വിമര്‍ശിക്കാനൊരുമ്പെടുന്നവര്‍ രാജ്യം വിട്ടുപോകണമെന്ന് സംഘ്പരിവാര നേതാക്കള്‍ നിരന്തരം പ്രസ്താവനയിറക്കുകയും ചെയ്ത സാഹചര്യത്തിലും കണ്ടത് ഇതേ തന്ത്രമായിരുന്നു. അത്തരം നിലപാടുകളെ പിന്തുണക്കുന്നില്ലെന്ന പ്രസ്താവനയുമായി ചിലര്‍ രംഗത്തുവന്നു. വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായും വിളിച്ചുവരുത്തി ഉപദേശിച്ചുവെന്നോ ശാസിച്ചുവെന്നോ ഒക്കെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അസഹിഷ്ണുതയുടെ അന്തരീക്ഷത്തെ രാഷ്ട്രപതി പലകുറി വിമര്‍ശിച്ച ശേഷം, രാഷ്ട്രപതി പറഞ്ഞതില്‍ കഴമ്പുണ്ടെന്ന വാദവുമായി നരേന്ദ്ര മോദി തന്നെ രംഗത്തുവന്നു. ഭൂരിപക്ഷ മതത്തിന്റേത് എന്ന് സംഘ്പരിവാരം വ്യാഖ്യാനിക്കുന്ന കാര്യങ്ങളൊക്കെ രാജ്യത്തിന് ഗുണകരമാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും അതിന് പരമാവധി പ്രചാരം നല്‍കുകയും ചെയ്ത്, അവകളെ പിന്തുണക്കുന്നതല്ലേ രാജ്യസ്‌നേഹമെന്ന സംശയം ജനത്തില്‍ ഉണര്‍ത്തി, വിമര്‍ശമുന്നയിക്കുന്നവരെയൊക്കെ രാജ്യദ്രോഹികളായി കാണേണ്ടതല്ലേ എന്ന തോന്നല്‍ ജനിപ്പിച്ച്, അതിനുശേഷമൊരു മിതവാദം. ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളെ സംരക്ഷിക്കുന്ന, ബഹുസ്വരതയുടെ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധരായ, ഉത്തരവാദിത്തമുള്ള പാര്‍ട്ടിയും ഭരണകൂടവുമാണ് തങ്ങളെന്ന മിതസ്വരം.


ഈ തന്ത്രങ്ങളുടെ കേരളപ്പതിപ്പ് അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. കുമ്മനം രാജശേഖരന്‍ ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റായി ചുമതലയേല്‍ക്കുകയും കേന്ദ്ര നേതൃത്വം (അമിത് ഷായെന്ന് പറയുന്നതാകും കൂടുതല്‍ ശരി) കേരളത്തിലെ കാര്യങ്ങളില്‍ കൂടുതലായി ഇടപെടുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഇത് ഊര്‍ജിതമായത്. ഉത്തര്‍ പ്രദേശില്‍ പയറ്റിയ 'ലവ് ജിഹാദ്' ആരോപണം ആദ്യം മുളപൊട്ടിയത് കര്‍ണാടകത്തിലും കേരളത്തിലുമായിരുന്നു. അതിന്‍മേല്‍ കാറ്റുപടര്‍ത്താനുള്ള ശ്രമങ്ങള്‍ അന്ന് കേരളത്തില്‍ വിലപ്പോയില്ല, കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെയും വെള്ളാപ്പള്ളി നടേശന്റെയും പിന്തുണയുണ്ടായിരുന്നിട്ട് കൂടി. ആ സാഹചര്യമല്ല ഇപ്പോഴെന്ന്, നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച അധിക വോട്ടുകള്‍ കണക്കിലെടുത്ത് കേന്ദ്ര നേതൃത്വവും ആര്‍ എസ് എസ്സും വിലയിരുത്തുന്നുണ്ട്. അതുകൊണ്ടാണ് വെറുപ്പിന്റെ വിത്തിറക്കാനുള്ള ശ്രമം പരസ്യമായി തന്നെ നടത്താന്‍ ബി ജെ പിയുടെ ഒരു വിഭാഗം നേതാക്കള്‍ വീണ്ടും ശ്രമം തുടങ്ങിയത്.


നോട്ട് പിന്‍വലിച്ച നടപടിയെ വിമര്‍ശിച്ച എം ടി വാസുദേവന്‍ നായര്‍ക്കെതിരെയും സിനിമാ ഹാളുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി മറയാക്കി സംവിധായകന്‍ കമലിനെതിരെയും സംഘ്പരിവാരത്തിലെ ഒരു വിഭാഗം അഴിച്ചുവിടുന്ന ആക്രമണം ഈ ശ്രമങ്ങളുടെ ഭാഗമാണ്. രാജ്യ പുരോഗതി ലാക്കാക്കി 'മഹാനായ' ഭരണാധികാരി അനുഷ്ഠിച്ച കര്‍മത്തെ വിമര്‍ശിക്കുന്ന സാഹിത്യകാരന്‍, ദേശീയത ഊട്ടിയുറപ്പിക്കുന്നതിനായി സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ മാനിക്കാന്‍ വിസമ്മതം കാട്ടുന്ന മുസ്‌ലിമായ സംവിധായകന്‍. ഇവര്‍ക്കു നേരെ നടത്തുന്ന ആക്രമണം സാമാന്യജനങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കുമെന്ന തിരിച്ചറിവ് സംഘ്പരിവാരത്തിനുണ്ട്. ഈ ആക്രമണത്തെ പ്രതിരോധിക്കാന്‍ നടത്തുന്ന ശ്രമങ്ങളെയൊക്കെ രാജ്യസ്‌നേഹത്തിന്റെ കോലുകൊണ്ട് അളക്കാമെന്നും. ഇതിനെ പ്രതിരോധിക്കാനുയരുന്ന വാദങ്ങളൊക്കെ പരോക്ഷമായി (കപട) രാജ്യസ്‌നേഹത്തിന്റെയും (വ്യാജ) ദേശീയതയുടെയും പ്രചാരണത്തിന് ഉപയുക്തമാകുമെന്ന ബോധ്യം സംഘ്പരിവാരത്തിനുണ്ട്. സ്വന്തം പാളയത്തില്‍ നിന്ന് തന്നെ വിമര്‍ശമുയരുക കൂടി ചെയ്താല്‍ പ്രചാരണത്തിന് കൊഴുപ്പ് കൂടും. അങ്ങനെ വിമര്‍ശിക്കപ്പെടുമ്പോള്‍, ആദ്യമുന്നയിച്ച ആരോപണങ്ങള്‍ കൂടുതല്‍ ആഴത്തില്‍ വിശകലനം ചെയ്യപ്പെടുമെന്ന പ്രതീക്ഷ.


മതനിരപേക്ഷ നിലപാടുകള്‍ പിന്തുടരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നയങ്ങളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തില്‍ നടത്തുന്ന വാഗ്വാദങ്ങളെപ്പോലെയല്ല ഇത്. അതില്‍ ഏത് ഭാഗത്തിന് പ്രാമുഖ്യം ലഭിച്ചാലും സമൂഹത്തില്‍ വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ വിത്തുകള്‍ മുളപ്പിക്കുന്നില്ല. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും അതിനെ പ്രതിരോധിക്കുമ്പോഴും വര്‍ഗീയവികാരം സൃഷ്ടിക്കാന്‍ പാകത്തിലുള്ള രണ്ട് തലയുള്ള വാളാണ് ഇപ്പോള്‍ പ്രയോഗിക്കപ്പെടുന്നത്. അതിന്റെ ആഘാതം മനസ്സിലാകാത്തതുകൊണ്ടാണ് ബി ജെ പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്രമായ എ എന്‍ രാധാകൃഷ്ണന്റെ വാക്കുകള്‍ക്ക് വലിയ പ്രാമുഖ്യം ലഭിക്കുന്നത്. ആ വാക്കുകളിലെ വസ്തുതാപരമായ തെറ്റുകളോ ചരിത്ര നിഷേധമോ ഒന്നും വിഷയമാകാതെ ആഘോഷിക്കപ്പെടുന്നത്. ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്തിന് ശേഷം തിരുവനന്തപുരം ലോക്‌സഭാ സീറ്റിലെ ഉപതിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ മാത്രം പ്രാമുഖ്യം ലഭിച്ച സി കെ പത്മനാഭന്റെ വിമര്‍ശം വലിയ വാര്‍ത്തയാകുന്നത്. നമ്മുടെ സാമൂഹിക ഘടനയില്‍ സ്വാധീനമുറപ്പിച്ച വ്യക്തിത്വങ്ങളെ വിമര്‍ശിക്കാനും  വിമര്‍ശത്തെ പ്രതിരോധിക്കാനും അര്‍ഹതയുള്ളവരാണോ അത് ചെയ്യുന്നത് എന്ന ന്യായമായ ചോദ്യം സ്വയം ഉന്നയിക്കേണ്ട കാലം കൂടിയാണ് ഇന്നത്തേത്. അതുണ്ടായില്ലെങ്കില്‍ വെറുപ്പിന്റെ വിത്തിറക്കാനുള്ള പ്രചാരണങ്ങളില്‍ അറിഞ്ഞോ അറിയാതെയോ പങ്കാളികളാകുകയാകും ഫലം.


ഫലശൂന്യമായ തര്‍ക്കങ്ങള്‍ വാര്‍ത്താ വിസ്‌ഫോടനമായി കണക്കാക്കപ്പെടുന്ന കാലത്ത്, ഇതും ആ ഗണത്തില്‍ ഇരിക്കട്ടെ എന്ന ചിന്ത അത്ര നിഷ്‌കളങ്കമല്ല തന്നെ. വലിയ അക്ഷരങ്ങളില്‍ മിന്നിമറയുന്ന വാര്‍ത്തക്കപ്പുറത്ത് എ എന്‍ രാധാകൃഷ്ണനെയും സി കെ പത്മനാഭനെയും നിയന്ത്രിക്കുന്ന അജന്‍ഡകളുണ്ട്. ആ അജന്‍ഡകളെ കൃത്യമായി വിക്ഷേപിക്കുന്ന ശക്തികളുമുണ്ട്. തീവ്ര - മിത ദ്വയത്തെ നിര്‍വചിച്ച് സംഘ് അജന്‍ഡകള്‍ക്ക് അധികാരത്തില്‍ ഇടം നല്‍കിയ ചരിത്രം അത്ര അകലെയുള്ളതല്ല. ഒരേ അജന്‍ഡയില്‍ വേരൂന്നി പലവിധത്തില്‍ സംസാരിക്കുന്നവര്‍ക്ക് പല ലക്ഷ്യങ്ങളില്ലെന്ന മനസ്സിലാക്കലും പ്രധാനമാണ്.

2017-01-03

ചില 'രാജ്യദ്രോഹ' വിചാരങ്ങള്‍


130 കോടി ജനങ്ങളെ, അസാധു നോട്ടുകള്‍ കൈവശംവെക്കുന്ന കുറ്റവാളികളായി ചിത്രീകരിച്ച്, അസാധുവാക്കിയ നോട്ടുകള്‍ ഇനിയും കൈവശംവെച്ചാല്‍ പിഴചുമത്തുമെന്ന് ഭീഷണിപ്പെടുത്തി ബേങ്കുകളിലേക്ക് തിരിച്ചെത്തിച്ച ശേഷം ഇതാ ബേങ്കുകളൊക്കെ പണം കൊണ്ട് നിറഞ്ഞിരിക്കുന്നു, ഇത്ര ചെറിയകാലം കൊണ്ട് ഖജാന നിറയുന്നത് ലോക ചരിത്രത്തിലെവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുന്ന ഭരണാധികാരിയെ വിഡ്ഢി എന്നോ ജനദ്രോഹി എന്ന് വിശേഷിപ്പിച്ചാല്‍ ഇന്ത്യന്‍ യൂനിയനില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതൊരുപക്ഷേ, 'രാജ്യദ്രോഹ'മായി ചിത്രീകരിക്കപ്പെട്ടേക്കാം. പക്ഷേ, ആ 'രാജ്യദ്രോഹം' അനുഷ്ഠിക്കാതെ നിവൃത്തിയില്ലാത്ത അവസ്ഥ നിലനില്‍ക്കുന്നുവെന്നത് കാണാതിരിക്കാനും സാധിക്കില്ല.


ജനം അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് യാതൊരു മുന്നറിയിപ്പും കൂടാതെ ഭരണ കൂടം പിടിച്ചെടുക്കുന്ന കാഴ്ചയാണ് നവംബര്‍ എട്ടിന് രാത്രി കണ്ടത്.  പിടിച്ചെടുത്ത സമ്പത്തിന്‍മേലുള്ള പൂര്‍ണാധികാരം എന്ന് ജനത്തിന് തിരിച്ചുനല്‍കുമെന്ന് പറയാന്‍ ഭരണാധികാരിക്ക് സാധിക്കുന്നില്ല. അതേ ഭരണാധികാരിയാണ് ബേങ്കുകളൊക്കെ പണം കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുമെന്നും അവകാശപ്പെടുന്നത്. ഇതിലെ വൈരുധ്യം സ്വയം മനസ്സിലാക്കാനുള്ള ബുദ്ധിപോലുമില്ലാത്തയാളിന്റെ കാര്യത്തില്‍ 'രാജ്യദ്രോഹം' അനുഷ്ഠിക്കാതെ നിവൃത്തിയില്ല.


പിടിച്ചെടുത്ത സമ്പത്തിന്‍മേലുള്ള പൂര്‍ണാധികാരം ജനങ്ങള്‍ക്ക് തിരികെ നല്‍കിക്കഴിഞ്ഞാല്‍, ബേങ്കുകളിലേക്ക് എത്തിയ പണത്തില്‍ ഭൂരിഭാഗവും വിപണിയിലേക്ക് ഒഴുകും. നിറഞ്ഞ ഖജാന ഒഴിയുമെന്ന് ചുരുക്കം. അങ്ങനെ ഒഴിയാനുള്ള സാധ്യത നിലനില്‍ക്കെ, ഇതാ ഖജാന നിറഞ്ഞിരിക്കുന്നു, അതിന്റെ ഗുണം നിങ്ങള്‍ക്ക് കിട്ടുമെന്നൊക്കെ വിശ്വസിച്ച് പുതിയതെന്ന് ജനത്തിന് തോന്നാവുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുന്ന ഭരണാധികാരിയെക്കുറിച്ച് ചിന്തിക്കുമ്പോഴും 'രാജ്യദ്രോഹം' മാത്രമേ അനുഷ്ഠിക്കാനാകൂ.


ജനത്തിന്റെ സമ്പത്ത് പിടിച്ചെടുത്ത നവംബര്‍ എട്ടിന് രാത്രി, ഭരണാധികാരി വാചാലനായത് കള്ളപ്പണത്തെക്കിറിച്ച്, കള്ള നോട്ടിനെക്കുറിച്ച്, അഴിമതിയെക്കുറിച്ച്, ഭീകരവാദത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായത്തെക്കുറിച്ച് ഒക്കെയായിരുന്നു. ഇതൊക്കെ തടയാനുള്ള മാന്ത്രിക വിദ്യയാണ് ഈ പിടിച്ചെടുക്കല്‍ എന്നായിരുന്നു പ്രഖ്യാപനം. അസാധുവാക്കിയ 15.44 ലക്ഷം കോടിയില്‍ മൂന്ന് മുതല്‍ നാല് വരെ ലക്ഷം കോടി ബേങ്കുകളിലേക്ക് തിരിച്ചെത്താതിരിക്കുമെന്നും അതൊക്കെ കള്ളപ്പണമായിരുന്നുവെന്ന് അവകാശപ്പെടാന്‍ സാധിക്കുമെന്നുമായിരുന്നു പ്രതീക്ഷ. അസാധുവാക്കിയതില്‍ 14 ലക്ഷം കോടിയിലേറെ ഇതിനകം തിരിച്ചെത്തിക്കഴിഞ്ഞു. പ്രവാസ ജീവിതം നയിക്കുന്ന ഇന്ത്യക്കാര്‍ കൈവശം വെച്ചിരിക്കുന്ന നോട്ടുകള്‍, നാട്ടിലുള്ളവര്‍ തന്നെ ഇനിയും ബേങ്കുകളിലേക്ക് എത്തിക്കാത്ത നോട്ടുകള്‍ ഒക്കെ പരിഗണിച്ചാല്‍ 95 ശതമാനത്തിലധികം തിരിച്ചെത്തുമെന്ന് കരുതണം. 100 ശതമാനവും തിരിച്ചെത്തുമെന്നാണ് കേന്ദ്ര റവന്യൂ സെക്രട്ടറി നേരത്തെ പറഞ്ഞിരുന്നത്. എന്തായാലും  സമ്പദ് വ്യവസ്ഥയില്‍ നിന്ന് ലക്ഷക്കണക്കിന് കോടിയുടെ കള്ളപ്പണം ഇല്ലാതാക്കാന്‍ സാധിച്ചുവെന്ന പ്രഖ്യാപനത്തിന് അരയും തലയും മുറുക്കി കാത്തിരുന്ന ഭരണാധികാരി, നിരാശനായെന്ന് ചുരുക്കം. ആ നിരാശ, പുതുവര്‍ഷത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പ്രകടവുമായിരുന്നു.


500, 1000 നോട്ടുകള്‍ അസാധുവാക്കിയതോടെ ആ ശ്രേണിയിലുള്ള കള്ള നോട്ടുകള്‍ അപ്രത്യക്ഷമായിട്ടുണ്ടാകുമെന്ന് ഉറപ്പ്. രാജ്യത്ത് വ്യവഹരിക്കപ്പെടുന്ന കള്ളനോട്ട് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ 2015 - 16 വര്‍ഷത്തെ കണക്കനുസരിച്ച് 29.64 കോടി മാത്രമാണ്. ആകെ വിപണിയിലുള്ള (ഉണ്ടായിരുന്ന) 16.41 ലക്ഷം കോടിയുടെ 0,0018 ശതമാനം മാത്രം. ആ കാറ്റാടിയോടുള്ള യുദ്ധം എത്രമാത്രം വിജയിച്ചുവെന്ന് പുതിയ പ്രഭാഷണത്തില്‍ ഡോണ്‍ ക്വിക്‌സോട്ട് പറഞ്ഞിട്ടില്ല. അസാധുവാക്കിയതിന്റെ വ്യാജനുമായി വിഹരിക്കാന്‍ മാത്രം വിഡ്ഢിത്തം കള്ളനോട്ട് അച്ചടിക്കുന്നവര്‍ കാണിക്കില്ല. പുതുതായി വിപണിയിലെത്തിച്ചതിന്റെ വ്യാജനിറക്കാനാകുമോ എന്ന ഗവേഷണത്തിലായിരിക്കുമല്ലോ അക്കൂട്ടര്‍.


അഞ്ഞൂറ്, ആയിരം നോട്ടുകള്‍ ഇല്ലാതായതോടെ ഭീകരവാദത്തിന്റെ നടുവൊടിഞ്ഞുവെന്നാണ് മറ്റൊരു അവകാശവാദം. ഭീകരവാദികള്‍ക്ക് ഇന്ത്യന്‍ രൂപ തന്നെ വേണമെന്ന നിര്‍ബന്ധമില്ലെന്ന് അതിന്റെ ശൃംഖലകളെക്കുറിച്ച് അറിയാവുന്നവര്‍ക്കൊക്കെ അറിയാം. അവര്‍ക്ക് ആയുധങ്ങള്‍ കിട്ടുന്ന വഴിക്ക് രാജ്യാതിര്‍ത്തികള്‍ ബാധകമല്ലെന്നും. അതുകൊണ്ട് തന്നെ നോട്ട് അസാധുവാക്കല്‍ ഭീകരവാദത്തിന്റെ നട്ടെല്ലൊടിച്ചുവെന്നൊക്കെ പറയുന്നതിലെ വിഡ്ഢിത്തം ചെറുതല്ല തന്നെ.


നോട്ട് പിന്‍വലിച്ചതിന്റെ അമ്പത് ദിവസം പൂര്‍ത്തിയാകുമ്പോള്‍ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പൊതുവില്‍ പ്രചരിച്ചിരുന്നത്. നികുതി കുറയണം, കൂടുതല്‍ പേര്‍ നികുതി നല്‍കുന്നവരായി മാറണം എന്നതാണ് സമ്പദ് വ്യവസ്ഥക്ക് ഗുണകരമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുക കൂടി ചെയ്തതോടെ പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചു. ഒന്നും സംഭവിച്ചില്ല. നഗരങ്ങളിലെ ഇടത്തരക്കാര്‍ വീടുവെക്കുന്നതിന് വായ്പയെടുത്താല്‍ ഒമ്പത് ലക്ഷത്തിന് നാല് ശതമാനവും 12 ലക്ഷത്തിന് മൂന്ന് ശതമാനവും പലിശയിളവുണ്ടാകുമെന്നതാണ് 'വലിയ' പ്രഖ്യാപനങ്ങളിലൊന്ന്. നഗര മേഖലയിലെ പാവപ്പെട്ടവര്‍ക്ക് വീടുവെക്കുന്നതിനും മറ്റും കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ ഇപ്പോള്‍ തന്നെ ഗ്രാന്റുകള്‍ നല്‍കുന്നുണ്ട്. അതിന്റെ കൂടെച്ചേരുന്നതാണോ ഈ പലിശയിളവ് എന്നത് വരുംകാലത്തേ വ്യക്തമാകൂ.


2017ല്‍ വായ്പയെടുക്കുന്നവര്‍ക്കേ ആനുകൂല്യമുള്ളൂ. നോട്ട് പിന്‍വലിച്ചതിനെത്തുടര്‍ന്ന് തളര്‍ന്ന ചെറുകിട - ഇടത്തരം വ്യവസായ, വാണിജ്യ മേഖലകളില്‍ നിന്നുള്ളവരാകും ഈ വായ്പയുടെ ഉപഭോക്താക്കള്‍. പ്രതിസന്ധി തുടരുന്നതിനാല്‍, ഈ ഗണത്തില്‍പ്പെട്ട എത്രപേര്‍ 2017ല്‍ വീടുവെക്കാന്‍ ശ്രമിക്കും? ഈ പ്രഖ്യാപനം പ്രയോജനം ചെയ്യാനുള്ള സാധ്യത കുറവ്. ഗ്രാമീണ മേഖലയില്‍ വീടുവെക്കുന്നതിന് രണ്ട് ലക്ഷം രൂപവരെ വായ്പയെടുക്കുന്നവര്‍ക്കുമുണ്ട് മൂന്ന് ശതമാനം പലിശയിളവ്. നോട്ട് പിന്‍വലിക്കല്‍ മൂലം തകര്‍ന്ന ഗ്രാമീണ മേഖലയിലുള്ളവരില്‍ എത്രപേര്‍ 2017ല്‍ വീടുവെക്കാന്‍ ശ്രമിക്കും? രണ്ട് ലക്ഷം വരെയുള്ള വായ്പകൊണ്ട് ഗ്രാമങ്ങളിലുള്ളവര്‍ക്ക് വീടുവെക്കാനാകുമെന്ന് പ്രധാനമന്ത്രി ഇപ്പോഴും കരുതുന്നുവെങ്കില്‍, അതേക്കുറിച്ച് പിന്നെ എന്തെങ്കിലും പറയുന്നതില്‍ അര്‍ഥമില്ല.


സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന ഗര്‍ഭിണികള്‍ക്ക് ആറായിരം രൂപയുടെ ധനസഹായമാണ് അടുത്തത്. 2013ല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ഇത് വ്യവസ്ഥ ചെയ്തിരുന്നു. അത് നടപ്പാക്കുക മാത്രമേ ഈ പ്രഖ്യാപനത്തിലുള്ളൂ. പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തിലെ വ്യവസ്ഥ എന്തുകൊണ്ട് ഇത്രകാലം നടപ്പാക്കിയില്ല എന്ന ചോദ്യത്തിനുള്ള മറുപടി കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കണമായിരുന്നു. സൂക്ഷ്മ - ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍ക്ക് ബേങ്കുകള്‍ നല്‍കുന്ന ഒരു കോടി രൂപവരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്നുണ്ട്. ഇത് രണ്ട് കോടിയായി ഉയര്‍ത്തി. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുക്കുന്ന വായ്പകള്‍ക്കും സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കും. നോട്ട് പിന്‍വലിച്ചതോടെ പ്രതിസന്ധിയിലാകുകയോ പ്രവര്‍ത്തനം നിര്‍ത്തുകയോ ചെയ്ത ഇത്തരം വ്യവസായ സ്ഥാപനങ്ങള്‍, നിലനില്‍പ്പിന് വേണ്ടി ശ്രമിക്കുമോ അതോ പുതിയ വായ്പയെടുത്ത് കടം വര്‍ധിപ്പിക്കാന്‍ യത്‌നിക്കുമോ?


പിന്നെയുള്ളത് കറന്‍സിരഹിത സമൂഹത്തിലേക്കുള്ള വിപ്ലവകരമായ മാറ്റത്തിലേക്കുള്ള അവകാശവാദമാണ്. കൈയില്‍ നോട്ടില്ലാതായതോടെ ജനസംഖ്യയില്‍ ചെറുതല്ലാത്ത വിഭാഗം അതിലേക്ക് മാറിയിട്ടുണ്ട് എന്നത് വസ്തുതയാണ്. രാജ്യമാകെ അതിലേക്ക് മാറാന്‍ പാകത്തിലുള്ള അടിസ്ഥാന സൗകര്യം ഇല്ലെന്നിരിക്കെ, ഓണ്‍ലൈന്‍ ഇടപാടുകള്‍ സുരക്ഷിതമാക്കുന്നതിന് വേണ്ട സംവിധാനം ഇല്ലെന്നിരിക്കെ ഈ അവകാശവാദത്തെയും മുഖവിലക്കെടുക്കാനാകില്ല. ഓണ്‍ലൈന്‍ ഇടപാടുകള്‍ വ്യാപകമായ അമേരിക്കയില്‍ ഇപ്പോഴും 45 ശതമാനം കറന്‍സിയിലാണ് ക്രയവിക്രയം. ബ്രിട്ടനിലെ സ്ഥിതിയും ഭിന്നമല്ല. ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നവരെ പറ്റിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നതായാണ് ബ്രിട്ടനിലെ ഔദ്യോഗിക ഏജന്‍സികള്‍ തന്നെ പറയുന്നത്. അതില്‍ തന്നെ കൂടുതല്‍ നടക്കുന്നത്, ഫോണില്‍ വിളിച്ച്, വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് നടത്തുന്ന തട്ടിപ്പുകളാണ്. അത്തരം സംഗതികള്‍ കറന്‍സി രഹിത സമൂഹത്തിലേക്കുള്ള വിപ്ലവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യാ മഹാരാജ്യത്ത് നടക്കുന്നുണ്ട്. അക്ഷരമറിയാത്ത, ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതിന് താനും ഇരയാകാമെന്നും അറിയാത്ത കോടിക്കണക്കിന് ആളുകളുള്ള രാജ്യത്ത് മൊബൈല്‍ ഫോണ്‍ ബേങ്കായി മാറുമ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയണം.


ആധാര്‍ ബന്ധിതമായ ഓണ്‍ലൈന്‍ ഇടപാടുകള്‍ വ്യാപിപ്പിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ആലോചിക്കുന്നത്. ആധാര്‍ വിവരങ്ങള്‍ ഇതിനകം തന്നെ റിലയന്‍സ് അടക്കമുള്ള കമ്പനികളുടെയൊക്കെ പക്കലുണ്ട്. വ്യക്തി വിവരങ്ങളൊക്കെ ചോര്‍ന്ന അവസ്ഥയിലാണ് ആധാര്‍ സ്വന്തമായുള്ള ആളുകള്‍. അതുകൊണ്ട് തന്നെ കൂടുതല്‍ പേര്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഉപഭോക്താക്കളുടെ അറിവില്ലാതെ സംഭവിക്കുന്ന തട്ടിപ്പുകള്‍ക്ക് ബേങ്കുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അവ്വിധം നഷ്ടമാകുന്ന പണം ഒരുപക്ഷേ, അവര്‍ തിരികെ കൊടുത്തേക്കാം. ഉപഭോക്താക്കളെ കബളിപ്പിച്ച് വിവരങ്ങളെടുത്ത് നടത്തുന്ന തട്ടിപ്പുകളാണെങ്കില്‍, അതിലൂടെയുണ്ടാകുന്ന നഷ്ടത്തിന് ബേങ്ക് ഉത്തരവാദിയാകില്ല. നിലവില്‍ തന്നെ പലവിധ ചൂഷണങ്ങള്‍ കൊണ്ട് പൊറുതിമുട്ടി നില്‍ക്കുന്ന വലിയൊരു വിഭാഗം ജനതയെ സംഘടിത തട്ടിപ്പിന്റെ സാധ്യതയിലേക്ക് കൂടി എറിഞ്ഞുകൊടുക്കുകയാണോ നരേന്ദ്ര മോദി സര്‍ക്കാര്‍ എന്ന് ന്യായമായും സംശയിക്കണം.


ജനങ്ങളുടെ സമ്പത്ത് പിടിച്ചെടുത്ത്, കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ യുദ്ധമെന്ന് പ്രഖ്യാപിച്ച്, ശൂന്യമായ കൈകളുമായി നില്‍ക്കുകയാണ് ഭരണാധികാരി. രാജ്യത്തെ രക്ഷിക്കാനായി താന്‍ നടത്തിയ ശ്രമത്തെ പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞും സത്യസന്ധരായ ആളുകള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദം രേഖപ്പെടുത്തിയും വാചാടോപത്തിലൂടെ വികാരമുണര്‍ത്താനുള്ള പുതിയ തന്ത്രങ്ങള്‍ പയറ്റുന്നു.  വിഡ്ഢിത്തം അകമ്പടി പോകുന്ന ഈ വാചാടോപത്തിന്റെ നെല്ലും പതിരും തിരിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നതാണ് നോട്ട് പിന്‍വലിച്ച നടപടിയുടെ ഏറ്റവും വലിയ ഗുണഫലം. അത് ശബ്ദഘോഷങ്ങളാല്‍ പ്രകടിപ്പിക്കപ്പെടുന്നില്ലെന്ന് മാത്രം. അടിയന്തരാവസ്ഥക്കാലത്തുയര്‍ന്ന പ്രതിഷേധങ്ങള്‍ക്കും ശബ്ദഘോഷങ്ങളുടെ അകമ്പടിയുണ്ടായിരുന്നില്ലല്ലോ!

2016-12-12

പരാജയം പേറുന്ന ചുമലും അഴിമതി തുറന്നിട്ട 56'' നെഞ്ചും


'ഗുജറാത്തിനെപ്പോലെ രാജ്യത്തെ വികസിപ്പിക്കണമെങ്കില്‍ അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ച് വേണ'മെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഏത് പ്രതിസന്ധിയും താങ്ങാനുള്ള ശേഷി പ്രധാനമന്ത്രിയുടെ ചുമലുകള്‍ക്കുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം പറയുകയും ചെയ്തു. കള്ളപ്പണം ഇല്ലാതാക്കാനും അഴിമതി തുടച്ചുനീക്കാനും ലാക്കാക്കി, 500, 1000 നോട്ടുകള്‍ പിന്‍വലിക്കാനെടുത്ത തീരുമാനം അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചില്‍ നിന്നുണ്ടായതാകണം. അതേത്തുടര്‍ന്നുളവാകുന്ന ഏത് പ്രതിസന്ധിയും നേരിടാനുള്ള ശക്തി ആ ചുമലുകള്‍ക്കുണ്ടെന്നാണ് അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത്. നോട്ട് പിന്‍വലിക്കാനെടുത്ത തീരുമാനം അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചിന്റേത് മാത്രമായിരുന്നുവെന്നും അതുളവാക്കിയ പ്രതിസന്ധി അദ്ദേഹം തന്നെ നേരിടുകയാണ് വേണ്ടതെന്നുമാണ് ജെയ്റ്റ്‌ലി പറഞ്ഞത് എന്ന് വേണമെങ്കില്‍ വാദിക്കാം.


കള്ളപ്പണം ഇല്ലാതാക്കുക എന്നതായിരുന്നു പ്രഥമോദ്ദേശ്യം. ഡിജിറ്റല്‍ ഇന്ത്യയിലേക്ക് അതിവേഗത്തില്‍ മാറുക എന്നതാണ് പ്രധാന ഉദ്ദേശ്യമെന്ന് പിന്നീട് വിശദീകരിക്കുന്നുണ്ടെങ്കിലും. അകെ പിന്‍വലിച്ചത് 15.44 ലക്ഷം കോടി മൂല്യം വരുന്ന കറന്‍സി. അതില്‍ 11.55 ലക്ഷം കോടി മൂല്യം വരുന്നത്, ഡിസംബര്‍ ആറായപ്പോഴേക്കും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന കണക്ക്. ഡിസംബര്‍ 30 ആകുമ്പോഴേക്ക് ഏതാണ്ട് മുഴുവനും ബാങ്കുകളില്‍ തിരിച്ചെത്തുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. പണമായും പൊന്നായും ഇതിനകം പിടിച്ചെടുത്തതിന്റെ മൂല്യം ഏതാണ്ട് 200 കോടി വരും. രണ്ടര ലക്ഷത്തിലധികം നിക്ഷേപിക്കപ്പെട്ട അക്കൗണ്ടുകള്‍ മുഴുവന്‍ പരിശോധിച്ച്, നിയമവിധേയമായ സമ്പാദ്യമാണോ അല്ലയോ എന്ന് തരംതിരിച്ചതിന് ശേഷമേ വിപണിയില്‍ വ്യാപരിച്ചിരുന്നവയില്‍ കണക്കില്‍പ്പെടാത്ത പണമുണ്ടായിരുന്നോ എന്ന് തിട്ടപ്പെടുത്താനാകൂ. അതിനെത്ര കാലമെടുക്കും?


ബാങ്കുകളിലേക്ക് തിരിച്ചെത്താത്ത നോട്ടുകളുടെ കാര്യത്തില്‍ റിസര്‍വ് ബാങ്കിന് ബാധ്യതയുണ്ടെന്ന് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇപ്പോള്‍ പിന്‍വലിച്ച 500, 1000 നോട്ടുകള്‍ ആര്, എപ്പോള്‍ കൊണ്ടുവന്നാലും മാറ്റിക്കൊടുക്കാന്‍ റിസര്‍വ് ബാങ്കിന് ഉത്തരവാദിത്തമുണ്ടെന്ന് ചുരുക്കം. ആകയാല്‍ ബാങ്കുകളിലേക്ക് തിരിച്ചെത്താത്തതൊക്കെ കണക്കില്‍പ്പെടാത്ത പണമായിരുന്നുവെന്നൊരു പ്രഖ്യാപനം നടത്താന്‍ അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചിന് സാധിക്കില്ല. ലക്ഷക്കണക്കായ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച്, കറുത്തതും വെളുത്തതും തിരിച്ചതിന് ശേഷമൊരു പ്രഖ്യാപനം സാധ്യമായേക്കും. അതുവരെ വലിയ പരാജയത്തിന്റെ ഭാരം പേറേണ്ടിവരും അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ച്.


വിപണിയില്‍ കൈമാറ്റം ചെയ്യപ്പെട്ടിരുന്നവയില്‍ ആറ് ശതമാനമേ കള്ളപ്പണമുള്ളൂവെന്നാണ് സര്‍ക്കാറിന്റെ തന്നെ കണക്ക്. അതായത് 92,640 കോടി രൂപ. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വയം വെളിപ്പെടുത്തല്‍ പദ്ധതിയനുസരിച്ച് കണ്ടെടുത്തതായി കേന്ദ്ര സര്‍ക്കാര്‍ തന്നെ പറയുന്നത് 62,250 കോടി രൂപയാണ്. 30,000 കോടി മാത്രമേ ബാക്കിയുള്ളൂവെന്ന് ചുരുക്കം. ഡിസംബര്‍ 30 ആകുമ്പോഴേക്കും ഏതാണ്ട് ഈ കണക്കിലേക്ക് കാര്യങ്ങളെത്തുമെന്നാണ് പ്രതീക്ഷ. ചിലപ്പോള്‍ ഇത്രയും പണം കൂടി വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ നിയമവിധേയമാക്കപ്പെടുകയും ചെയ്യാം. അങ്ങനെ വന്നാല്‍ കള്ളപ്പണം കണ്ടെത്താനായി പ്രഖ്യാപിച്ച കടുത്ത നടപടി, പണം നിയമവിധേയമാക്കാന്‍ ഉപയുക്തമായി എന്ന് വരും. അങ്ങനെ വന്നാല്‍ അതിലും വലിയൊരു പരാജയം അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചിന് ഉണ്ടാകാനേ ഇല്ല.


വിപണയില്‍ കൈമാറ്റം ചെയ്യപ്പെടുന്ന കറന്‍സിയില്‍ ആറ് ശതമാനമേ കള്ളപ്പണമുള്ളൂവെന്ന കണക്ക് മുന്നിലിരിക്കെ മൂന്ന് മുതല്‍ അഞ്ച് ലക്ഷം കോടി രൂപ കള്ളപ്പണമായുണ്ടെന്നും അത് കണ്ടെത്താനാകുമെന്നും വിശ്വസിച്ചത് എങ്ങനെ എന്ന് മനസ്സിലാകുന്നില്ല. മാത്രവുമല്ല, അനധികൃത സമ്പാദ്യമുണ്ടാക്കുകയും അത് വെളുപ്പിച്ചെടുക്കുകയും ചെയ്യുന്നവരുടെ (വക്ര) ബുദ്ധിയെ അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചും അതിനെ ഉപദേശിച്ച വിദഗ്ധരും തീരെ കുറച്ചുകണ്ടു. രാജ്യത്ത് നിലനില്‍ക്കുന്ന പല നിയമങ്ങളെയും നോക്കുകുത്തിയാക്കിയും അത് നടപ്പാക്കാന്‍ ശ്രമിക്കുന്നവരെ പ്രലോഭിപ്പിച്ചുമാണ് കള്ളപ്പണത്തിന്റെ ഉത്പാദനവും അതിന്റെ വെളുപ്പിക്കലും നടക്കുന്നത്. അതിന് തടയിടാന്‍ ശ്രമമുണ്ടാകുമ്പോള്‍ അവര്‍ കണ്ടെത്താന്‍ ഇടയുള്ള പുതിയ വഴികളെക്കുറിച്ച് ഊഹം പോലുമുണ്ടായില്ലേ ഇവര്‍ക്ക്? എന്തിന് ജന്‍ധന്‍ അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ച് വെളുപ്പിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്ന് പോലും ആലോചിക്കാനുള്ള ബുദ്ധിയുണ്ടായില്ല ഭരണ നേതൃത്വത്തിന്.


വികാരം മുറ്റുന്ന ശബ്ദഘോഷം മാത്രം പുറപ്പെടുവിക്കുന്ന നെഞ്ചില്‍ ബുദ്ധി പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ടാണ് ഈ ചെയ്യുന്നതൊക്കെ രാജ്യത്തിന് വേണ്ടിയാണ്, രാജ്യ നന്മക്ക് വേണ്ടി അല്‍പ്പം ബുദ്ധിമുട്ടനുഭവിക്കാന്‍ ജനം തയ്യാറാകണം എന്നൊക്കെ പറഞ്ഞ് വികാരമുണര്‍ത്തി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്. വസ്തുതകളും കണക്കുകളും എതിരാകുമ്പോള്‍ അഭികാമ്യമായ മാര്‍ഗം വികാരത്തിന്റേതാണ്. കറന്‍സിയുടെ കാര്യത്തില്‍ വികാരം വര്‍ഗീയമാക്കാന്‍ പ്രയാസമാകയാല്‍, രാജ്യത്തെ ഉപയോഗിക്കുന്നുവെന്ന് മാത്രം.


അഴിമതിയുടെ കാര്യമെടുത്താല്‍ അവിടെയും അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചും അതിന്റെ ഉപദേശകരും പരാജയപ്പെടുന്നുവെന്നതാണ് വസ്തുത. നോട്ട് പിന്‍വലിച്ചപ്പോള്‍, കുറച്ച് കാലത്തേക്ക് അവ ഉപയോഗിക്കാവുന്ന ഇടങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിലൊന്ന് പെട്രോള്‍ പമ്പായിരുന്നു. അന്ന് മുതല്‍ ആയിരത്തിന്റെ നോട്ട് വാങ്ങി 900 രൂപ പകരം നല്‍കിയ പമ്പുടമകള്‍ ധാരാളം. അഞ്ഞൂറ് വാങ്ങി നാല് നൂറിന്റെ നോട്ട് നല്‍കിയവരും കുറവല്ല. നോട്ട് സ്വീകരിക്കാന്‍ അനുമതിയുണ്ടായിരുന്ന കേന്ദ്രങ്ങളിലൊക്കെ ഇത്തരം ഇടപാടുകള്‍ നടന്നിട്ടുണ്ട്. പണം വെളുപ്പിക്കലിന്റെ വേദിയായി ബാങ്ക് ശാഖകള്‍ മാറിയെന്നതിന്റെ സൂചനയാണ് ഡല്‍ഹിയിലെ ആക്‌സിസ് ബാങ്ക് ശാഖയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന നല്‍കുന്നത്. വ്യാജ അക്കൗണ്ടുകളിലൂടെ ലക്ഷങ്ങള്‍ വെളുപ്പിച്ചുവെന്നും അതിന് ബാങ്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നുമാണ് ആരോപണം. ഈ മാതൃകയില്‍ ഏതൊക്കെ ബാങ്ക് ശാഖകളില്‍ ഇടപാട് നടന്നിട്ടുണ്ടാകും? അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്ക് എത്ര ശതമാനം കമ്മീഷന്‍ കിട്ടിയിട്ടുണ്ടാകും? കണക്കില്‍പ്പെടാത്ത പണം മാറിക്കൊടുക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ബാങ്കുകളിലുണ്ടാകില്ലേ? അവര്‍ക്കും കമ്മീഷന്‍ കിട്ടിയിട്ടുണ്ടാകില്ലേ?


രാജ്യത്തെ ഭൂരിഭാഗം എ ടി എമ്മുകളും പൂട്ടിക്കിടക്കുമ്പോഴാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടായിരത്തിന്റെ പുതിയ നോട്ടുകളുടെ കെട്ടുകള്‍ പിടിച്ചെടുക്കുന്നത്. അതും കോടികള്‍. പിടിച്ചതിനേക്കാള്‍ കൂടുതല്‍ അളയിലുണ്ടാകുമെന്ന് ഇന്ത്യന്‍ യൂണിയന്റെ ചരിത്രം അറിയാവുന്നവര്‍ക്കൊന്നും സംശയമുണ്ടാകാന്‍ ഇടയില്ല. രണ്ടായിരം മൂല്യമുള്ള നോട്ടിന്റെ കെട്ടുകള്‍ എവിടെ നിന്നാണ് ഇങ്ങനെ പുറമേക്ക് പ്രവഹിക്കുന്നത്? ബാങ്കുകളുടെ, അവിടുത്തെ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇങ്ങനെ പ്രവഹിക്കില്ലല്ലോ? ഉപകാരസ്മരണയില്ലാതെ, നോട്ടു കെട്ടുകള്‍ കൈമാറാന്‍ ബാങ്കുദ്യോഗസ്ഥര്‍ തയ്യാറാകുമോ? ഇതൊക്കെ അഴിമതിയുടെ ഗണത്തില്‍ വരില്ലേ? അഴിമതി ഇല്ലാതാക്കുക എന്ന ഉദ്ദേശ്യം അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ച് പറയുമ്പോള്‍, യാഥാര്‍ഥ്യം അഴിമതിക്കുള്ള പുതിയ അവസരങ്ങള്‍ തുറന്നിട്ടു എന്നതാണ്. അഴിമതിക്കുള്ള പഴയ അവസരങ്ങളൊക്കെ ഇളക്കം തട്ടാതെ അവിടെ നിലനില്‍ക്കുകയും ചെയ്യുന്നു. അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ ഗാന്ധി കൈക്കൂലിയായി കൈപ്പറ്റിയിരുന്നവര്‍ക്ക് രണ്ടായാരത്തിന്റെ ഗാന്ധി ആവശ്യപ്പെടാനുള്ള അവസരമുണ്ടാകുകയും ചെയ്തിരിക്കുന്നു.


ഈ തീരുമാനം കൊണ്ട് ഏറ്റവും വലഞ്ഞിരിക്കുന്നത് ഗ്രാമീണ, കാര്‍ഷിക മേഖലയിലുള്ളവരാണ്. അതായത് രാജ്യത്തെ ജനസംഖ്യയില്‍ 65 ശതമാനം വരുന്നവര്‍. അവരുടെ വരുമാനമാണ് കമ്പോളത്തെ ചലിപ്പിക്കുന്നത്. കാര്‍ഷികോത്പാദനം വര്‍ധിക്കുകയും കര്‍ഷകരുടെ പക്കല്‍ പണമുണ്ടാകുകയും ചെയ്യുമ്പോഴാണ് ടെലിവിഷന്റെ, മോട്ടേര്‍ സൈക്കിളിന്റെ, ട്രാക്ടറിന്റെ ഒക്കെ വില്‍പ്പന വര്‍ധിക്കാറ്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും മഴ വേണ്ടത്രയില്ലാത്തതുകൊണ്ട് കാര്‍ഷിക മേഖലയില്‍ വേണ്ടത്ര വരുമാനമുണ്ടായില്ല. അതിന്റെ ആഘാതം മേല്‍പ്പറഞ്ഞ ഉത്പന്നങ്ങളുടെ വിപണനത്തില്‍ വലിയ കുറവുണ്ടാക്കുകയും ചെയ്തു. ഇക്കുറി ഉത്തരേന്ത്യയെ സംബന്ധിച്ച് മഴ ആവശ്യത്തിന് ലഭിച്ചിരുന്നു. അതുവഴി വരുമാനം വര്‍ധിക്കുമെന്നും വിപണി സജീവമാകുമെന്നും പ്രതീക്ഷിച്ചിരിക്കെയാണ് നോട്ട് പിന്‍വലിച്ച്, വലിയ പ്രതിസന്ധിയിലേക്ക് ഗ്രാമീണ - കാര്‍ഷിക മേഖലകളെ തള്ളിവിട്ടിരിക്കുന്നത്. ഭാവിയിലെ നേട്ടങ്ങള്‍ക്ക് വേണ്ടി ചെറിയ വേദന സഹിക്കൂ എന്ന വികാരം തുളുമ്പുന്ന ആഹ്വാനം യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഏറെ അകലെയാണെന്ന് ചുരുക്കം.


പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് പണം കിട്ടാനില്ല. ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നത് പരിമിതവും. അല്ലെങ്കില്‍ തന്നെ വട്ടിപ്പലിശക്കാരന്റെ മടിശ്ശീലയെ വലിയ തോതില്‍ ആശ്രയിക്കുന്ന രാജ്യത്തെ കാര്‍ഷിക മേഖല, അതിനെ കൂടുതല്‍ ആശ്രയിക്കാന്‍ നിര്‍ബന്ധിതമാകും. വട്ടിപ്പലിശക്കാരനും നോട്ടിന് ക്ഷാമമുണ്ട്. അതുകൊണ്ട് തന്നെ അവന്‍ പലിശ വീണ്ടും കൂട്ടും. നിലവില്‍ തന്നെയുള്ള കൊള്ളപ്പലിശ ഇനിയും കൂടുന്ന സ്ഥിതി. അതിനെ ആശ്രയിക്കേണ്ടി വരുന്ന കര്‍ഷകന്‍. അഴിമതിയുടെ മാത്രമല്ല, കൊള്ളപ്പലിശയുടെ കൂടി സാധ്യത വര്‍ധിപ്പിച്ച് നല്‍കിയിരിക്കുന്നു അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ച്.


ഇതൊക്കെയുണ്ടാക്കുന്ന പ്രത്യാഘാതം വഹിക്കാനുള്ള ശേഷി ആ ചുമലുകള്‍ക്കുണ്ടെന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ വാക്കുകളെ വിശ്വസിക്കാം. ചുമലുകളുടെ ശേഷിക്കൊപ്പം നെഞ്ചിന്റെ കാഠിന്യത്തെക്കുറിച്ച് കൂടി ജെയ്റ്റ്‌ലിക്ക് പറയാമായിരുന്നു. 2002ല്‍ ഗുജറാത്തില്‍ വംശഹത്യാ ശ്രമമുണ്ടായപ്പോള്‍, ഏത് ക്രൂരതയും വഹിക്കാന്‍ ശേഷിയുണ്ട് ചുമലുകള്‍ക്കെന്ന് തെളിയിച്ചതാണല്ലോ! കാറിനടിയില്‍ പട്ടിക്കുഞ്ഞ് പെട്ടാല്‍ യാത്രക്കാരനെ പഴിക്കുന്നതില്‍ എന്തുകാര്യമെന്ന് പ്രതികരിച്ചപ്പോഴും ചുമലുകളുടെ ദൃഢതയും നെഞ്ചിന്റെ കാഠിന്യവും ബോധ്യപ്പെട്ടതാണ്. കള്ളപ്പണത്തോടുള്ള നാട്ടങ്കത്തില്‍ പരാജയപ്പെട്ട്, കള്ളപ്പണത്തിന്റെ കൊളോസിയത്തില്‍ പയറ്റാന്‍ മടിച്ച്, അഴിമതിയുടെ പുതിയ സാധ്യതകള്‍ തുറന്നിട്ട്, ദുരിതത്തിലായ ജനകോടികളെ വികാരം വിളമ്പി തളക്കാന്‍ ശ്രമിക്കുമ്പോള്‍ ആ ചുമലുകളുടെ ശേഷിയെക്കുറിച്ച് സംശയമേയില്ല, അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചിന്റെ കാഠിന്യത്തെക്കുറിച്ചും.

2016-12-05

ദേശീയതയാണ് ചോറ്, അതുതന്നെ മോരും


സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനം ഉയരുമ്പോള്‍ എഴുന്നേറ്റ് നിന്നില്ല എന്നതിന്റെ പേരില്‍ ആളുകള്‍ ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്തകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കാരിയായ വനിതാ സുഹൃത്തിനൊപ്പം മുംബൈയിലെ തീയറ്ററില്‍ പോയ യുവാവ്, ആക്രമിക്കപ്പെട്ടത് ദേശീയ ഗാനം ഉയര്‍ന്നപ്പോള്‍ വനിതാ സുഹൃത്ത് എഴുന്നേറ്റ് നിന്നില്ല എന്നതിന്റെ പേരിലായിരുന്നു. മഹാരാഷ്ട്രയില്‍, ഗോവയില്‍, ഗുജറാത്തില്‍ ഒക്കെ ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്തകള്‍ വന്നിരുന്നു. തിരുവനന്തപുരത്ത് സര്‍ക്കാറിന്റെ ഉടമസ്ഥതിലുള്ള തീയറ്ററില്‍ ദേശീയ ഗാനം ഉയര്‍ന്നപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കുകയും എഴുന്നേറ്റ് നില്‍ക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പ്രതികരിക്കുകയും ചെയ്തതിന്റെ പേരില്‍ യുവാവ് ആക്രമിക്കപ്പെട്ട സംഭവവമുണ്ടായി. ഇത്തരം കേസുകളൊക്കെ ഉണ്ടായ ഘട്ടങ്ങളില്‍, ദേശീയ ഗാനം കേട്ടാല്‍ എഴുന്നേറ്റ് നില്‍ക്കണമെന്നത് ഇന്ത്യന്‍ യൂണിയനില്‍ നിയമം മൂലം നിര്‍ബന്ധമാക്കിയിട്ടില്ല എന്ന വസ്തുത വിശദീകരിക്കപ്പെട്ടിരുന്നു. അത് തീയറ്ററുകളിലും ബാധകമാണെന്നും. ദേശീയ ഗാനത്തോട് മനഃപൂര്‍വം അനാദരവ് കാട്ടുന്നത് മാത്രമാണ് രാജ്യത്ത് കുറ്റകരമാക്കിയിട്ടുള്ളത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം.


തീയറ്ററുകളില്‍ സിനിമ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ പതാകയുടെ ചിത്രം സഹിതം ദേശീയഗാനം കേള്‍പ്പിക്കണമെന്നത് നിര്‍ബന്ധമാക്കുകയും ആ സമയത്ത് കാണികളൊക്കെ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുകയും ചെയ്ത സുപ്രീം കോടതി ഉത്തരവിനെ വിലയിരുത്തേണ്ടത് ഈ പശ്ചാത്തലത്തിലാണ്. ദേശീയഗാനം പതിവായി അനാദരിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി വിമുക്തഭടന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ റോയ് എന്നിവരുടെ ഇടക്കാല ഉത്തരവ്. സിനിമ ആരംഭിക്കുന്നതിന് മുമ്പ് തീയറ്ററുകളുടെ വാതിലുകള്‍ അടച്ച്, കാണികള്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സാഹചര്യം ഇല്ലാതാക്കി വേണം ദേശീയഗാനം കേള്‍പ്പിക്കാനെന്നും പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പ്രാഥമികമായി ഇന്ത്യക്കാരനാണെന്ന തോന്നലാണ് ഈ ദേശത്ത് വസിക്കുന്ന ഒരാളില്‍ ഉണ്ടാകേണ്ടത്, മാതൃഭൂമിയോടുള്ള സ്‌നേഹം മനസ്സില്‍ രൂഢമൂലമാകുകയും വേണം തുടങ്ങിയ നിരീക്ഷണങ്ങളോടെയാണ് പരമോന്നത കോടതിയുടെ ഉത്തരവ്.


അടച്ചിട്ട മുറിയില്‍ എഴുന്നേറ്റുനിന്ന് ദേശീയഗാനം കേട്ടാല്‍ ഉണ്ടാകുന്നതാണോ ഈ തോന്നലുകള്‍ എന്ന ചോദ്യം കോടതി സ്വയം ചോദിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. ഇന്ത്യക്കാരനാണെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കേണ്ട ബാധ്യത ആരുടേതാണ് എന്നതും അതില്‍ രാജ്യത്തിനും അതിനെ നിയന്ത്രിക്കുന്നവര്‍ക്കുമുള്ള ഉത്തരവാദിത്തമെന്തെന്ന ചോദ്യവും പരമോന്നത കോടതി സ്വയം ചോദിക്കേണ്ടതായിരുന്നു. ജനസംഖ്യയില്‍ വലിയൊരു വിഭാഗം അന്നന്നത്തെ അന്നത്തിന് പ്രയാസപ്പെടുകയും ജീവീതം മുന്നോട്ടുകൊണ്ടുപോകാന്‍ അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അനന്തമായി കാത്തിരിക്കുകയും ചെയ്യുമ്പോഴാണ് ഇന്ത്യക്കാരനെന്ന വികാരത്തിന്റെ പ്രാധാന്യവും മാതൃഭൂമിയോട് സ്‌നേഹമുണ്ടാകേണ്ടതിന്റെ ആവശ്യകതയും പഠിപ്പിക്കപ്പെടുന്നത്. അതിലെ യുക്തിരാഹിത്യവും അത് പഠിപ്പിക്കാന്‍ കണ്ടെത്തിയ വഴിയുടെ അപഹാസ്യതയും ജനത്തിന് ബോധ്യപ്പെടാന്‍ പ്രയാസമുണ്ടാകില്ല.


ഏത് രാജ്യവും ഭരിക്കുന്നവരുടെ നിര്‍ണയങ്ങള്‍ക്ക് വിധേയമാണ്. അവരുടെ നിര്‍ണയങ്ങള്‍ പാലിക്കപ്പെടുക എന്നതാണ് രാജ്യത്തോട് കാട്ടുന്ന കൂറായി ഭരണകൂടം നിര്‍വചിക്കുന്നത്. ഭരണകൂടത്തിന്റെ തീരുമാനങ്ങളോടുള്ള എതിര്‍പ്പ്, അത് ഏത് വിധത്തിലുള്ളതാണെങ്കിലും,  സംശയദൃഷ്ടിയോടെ വീക്ഷിക്കപ്പെടും. ഭാഷ, വേഷം, മതം, ജാതി, ഭക്ഷണം തുടങ്ങി പലതിലും വൈവിധ്യം നിലനില്‍ക്കുന്ന രാജ്യത്ത് അതിനെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് ഭരണകൂടം പ്രകടിപ്പിക്കുമ്പോഴാണ് ഒരൊറ്റ ജനത എന്ന വികാരത്തിന് സാധ്യതയുണ്ടാകുക. അത്തരത്തിലൊരു പരിഗണന സ്വാതന്ത്ര്യത്തിന്റെ 69 വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായിട്ടില്ലെന്ന് നിസ്സംശയം പറയാം. അതുകൊണ്ടാണ് 'ഞങ്ങള്‍ ഇന്ത്യക്കാരല്ലെന്ന്' വടക്കന്‍ കിഴക്കന്‍ മേഖലയിലെ ജനതയില്‍ ചില വിഭാഗങ്ങള്‍ ഇപ്പോഴും പറയുന്നത്. സ്വയം നിര്‍ണയാവകാശമോ സ്വാതന്ത്ര്യമോ വിവിധ ജനവിഭാഗങ്ങള്‍ ആവശ്യപ്പെടുന്നത്. ആ വിഭാഗങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പഠിക്കാനോ പരിഹാരം കാണാനോ ഇത്രകാലത്തിനിടെ ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ല. വിഘടനവാദമെന്ന് ആരോപിച്ച് അടിച്ചമര്‍ത്തുകയും ജനം രാജ്യത്തിനൊപ്പമാണെന്ന് മേനി പറയുകയുമാണ് പതിവ്. അടിച്ചമര്‍ത്തലുകള്‍ തടസ്സം കൂടാതെ നടക്കാന്‍ പാകത്തില്‍ നിയമങ്ങള്‍ കൊണ്ടുവരികയും അത് മനുഷ്യത്വരഹിതമായി നടപ്പാക്കുകയും ചെയ്തതിന്റെ കൂടിയാണ് ഇന്ത്യന്‍ യൂണിയന്റെ ചരിത്രം. അതിലെ നീതികേട് ചൂണ്ടിക്കാട്ടിയുള്ള പരാതികള്‍ വര്‍ഷങ്ങളായി നീതിപീഠത്തിന്റെ പരിഗണനയില്‍ ഇരിക്കുകയും ചെയ്യുന്നു. അവയുടെയൊക്കെ മുകളിലിരുന്നാണ് പരമോന്നത കോടതി, അടച്ചിട്ട സിനിമാ ഹാളിലെ ദേശീയഗാനാലാപനം കേട്ട് രാജ്യസ്‌നേഹിയാകണമെന്ന് കല്‍പ്പിക്കുന്നത്.


ഇടക്കാല ഉത്തരവിലെ യുക്തിരാഹിത്യത്തേക്കാള്‍ പ്രധാനമാണ് അത് പുറപ്പെടുവിക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യം. 2014 മെയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടി, അധികാരത്തിലെത്തിയതിന് ശേഷം രാജ്യസ്‌നേഹം, ദേശീയത എന്നീ സങ്കല്‍പ്പങ്ങള്‍ ഏത് വിധത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത് എന്നത് ആലോചിക്കേണ്ടതുണ്ട്. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് നേതാവുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു നല്‍കിയ പരാതിയില്‍ രോഹിത് വെമുല, ദേശദ്രോഹ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടവനായിരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ തീവ്രവാദവും ദേശദ്രോഹവും പ്രചരിപ്പിക്കുന്ന സംഘങ്ങളിലെ അംഗമായിരുന്നു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സര്‍വകലാശാല അധികൃതര്‍ക്ക് അയച്ച അഞ്ച് കത്തുകളിലും ദേശദ്രോഹ പ്രവൃത്തികളെക്കുറിച്ച് ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ആരാഞ്ഞിരുന്നു.


മാട്ടിറച്ചി നിരോധം മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം മൂലം നടപ്പാക്കിയതിന് പിറകെ മാട്ടിറച്ചി കഴിക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നത് രാജ്യ വിരുദ്ധമായി ചിത്രീകരിക്കപ്പെട്ടു. അതിന്റെ പേരിലാണ് ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ഒരു കൂട്ടം  'രാജ്യ സ്‌നേഹി'കള്‍ തല്ലിക്കൊന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാട്ടിറച്ചിയുടെ പേരില്‍ പലരും മര്‍ദനത്തിന് ഇരയായത്. രാജ്യ സ്‌നേഹവും ദ്രോഹവും തീരുമാനിച്ചത് നിയമവ്യവസ്ഥയോ അത് വ്യവച്ഛേദിക്കാന്‍ നിയോഗിക്കപ്പെട്ട ആസനങ്ങളോ ആയിരുന്നില്ല. മറിച്ച് തീവ്ര ഹിന്ദുത്വ അജന്‍ഡയുടെ വക്താക്കളായ സംഘപരിവാര സംഘടനകളിലെ പ്രവര്‍ത്തകരായിരുന്നു. പുതിയ മാനദണ്ഡങ്ങളനുസരിച്ച് നിശ്ചയിക്കപ്പെട്ട 'രാജ്യസ്‌നേഹം' പരിപാലിക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് രാജ്യം വിട്ടുപോകാമെന്ന് പ്രഖ്യാപിച്ചവരില്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി അധികാരത്തിലെത്തിയവരുമുണ്ടായിരുന്നു. അത്തരക്കാര്‍ക്ക് മൗനം കൊണ്ട് പിന്തുണ നല്‍കിയിരുന്നു പരമാധികാരി.


ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഉയര്‍ന്നുവെന്ന് പറയപ്പെടുന്ന മുദ്രാവാക്യത്തിന്റെ പേരിലും പലരും രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെട്ടു. അവരെ കോടതി മുറിയിലേക്ക് കൊണ്ടുവന്നപ്പോള്‍ ആക്രമിച്ചൊതുക്കാന്‍ സന്നദ്ധരായി നിന്നിരുന്നു നീതിന്യായ സംവിധാനത്തിന്റെ ഭാഗമായ കറുത്ത കോട്ടുകാര്‍. രാജ്യദ്രോഹികളെ ഇനിയും ആക്രമിക്കുമെന്ന് ആക്രോശിക്കാന്‍, പരമോന്നത നീതി പീഠത്തിന്റെ ഇടപെടലിന് ശേഷവും, ഇക്കൂട്ടര്‍ക്ക് മടിയുണ്ടായിരുന്നില്ല. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം അതേക്കുറിച്ച് അന്വേഷിച്ച് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്‍മേല്‍ എന്തെങ്കിലും നടപടിയുണ്ടായതായി കേട്ടുകേള്‍വിയില്ല. ഈ സാഹചര്യത്തില്‍ ദേശക്കൂറ് സിനിമാ തീയറ്ററില്‍ പുലരണമെന്ന് സുപ്രീം കോടതി പറയുമ്പോള്‍ അതുണ്ടാക്കാന്‍ ഇടയുള്ള ആഘാതത്തെക്കുറിച്ചൊരു ധാരണ ഉയര്‍ന്ന ന്യായാസനങ്ങള്‍ക്ക് വേണ്ടതാണ്.


തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിന് പത്ത് ദിവസത്തെ സമയമാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്. അതിന് ശേഷം ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കാത്തവരുടെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കും? അങ്ങനെ നടപടി സ്വീകരിക്കാന്‍ നിലവിലുള്ള നിയമങ്ങളില്‍ എന്തെങ്കിലും വ്യവസ്ഥയുണ്ടോ? ഇല്ലെന്നാണ് പരിമിതമായ നിയമജ്ഞാനം. സുപ്രീം കോടതിയുടെ നിര്‍ദേശം വരുന്നതിന് മുമ്പ് തന്നെ ദേശീയഗാനത്തിന്റെ പേരില്‍ അക്രമത്തിന് മടികാട്ടാതിരുന്ന സംഘപരിവാര പ്രവര്‍ത്തകര്‍ക്ക് പുതിയ സാഹചര്യം തുറന്ന് നല്‍കുന്ന അവസരം ചെറുതല്ലെന്ന് ചുരുക്കം. ദേശസ്‌നേഹം പ്രകടിപ്പിക്കാത്തവനെ കൈകാര്യം ചെയ്യുന്നതില്‍ എന്ത് തെറ്റെന്നാകും ചോദ്യം. പരമോന്നത കോടതിയുടെ നിര്‍ദേശം പാലിക്കാത്തവന് രാജ്യത്ത് പൊറുക്കാന്‍ എന്ത് അവകാശം? നിയമവ്യവസ്ഥ ശിക്ഷ നിര്‍വചിക്കാത്ത സാഹചര്യത്തില്‍ അത് തീരുമാനിച്ച് നടപ്പാക്കാനുള്ള ഉത്തരവാദിത്തം രാജ്യസ്‌നേഹികള്‍ക്കല്ലെങ്കില്‍ മറ്റാര്‍ക്കാണ്?


രാജ്യത്തിന് വേണ്ടി സകലതും സഹിക്കാന്‍ നിര്‍ബന്ധിക്കുന്ന ഭരണമാണ് നടക്കുന്നത്. അത്യാവശ്യത്തിനുള്ള പണത്തിന് വേണ്ടി ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നില്‍ വരി നില്‍ക്കുന്നത് പൗരന്റെ കടമയായി, രാജ്യസ്‌നേഹത്തിന്റെ തെളിവായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന സാഹചര്യം. അങ്ങനെ വരിനിന്ന് അനുസരണ കാട്ടുന്നവര്‍ക്കുള്ളതാണ്, അല്ലെങ്കില്‍ അവര്‍ക്ക് മാത്രമുള്ളതാണ് രാജ്യമെന്ന സന്ദേശം നല്‍കപ്പെടുന്ന അന്തരീക്ഷവും. അതില്‍ വമുഖത കാട്ടുന്നവര്‍, അതിനെ വിമര്‍ശിക്കുന്നവര്‍ ഒക്കെ കണക്കില്‍പ്പെടാത്ത ധനമൊളിപ്പിക്കുന്നതിനെ പിന്താങ്ങുന്ന സാമൂഹിക വിരുദ്ധരായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ദുരിതമനുഭവിക്കുന്ന ജനതയുടെ കാര്യത്തില്‍ പ്രകടിപ്പിക്കപ്പെടാത്ത ജാഗ്രത, സിനിമാ ഹാളുകളിലെ ദേശീയഗാനത്തിന്റെ കാര്യത്തിലുണ്ടാകുമ്പോള്‍ നീതിന്യായ സംവിധാനം ഏത് പക്ഷത്താണെന്ന ചോദ്യം സ്വാഭാവികമാണ്. അനുസരണയുള്ള ജനതയെ സൃഷ്ടിച്ചെടുക്കാന്‍ ഭരണകൂടം നടത്തുന്ന യത്‌നത്തിന്റെ മറ്റൊരു മുഖമായി മാത്രമേ  സിനിമാഹാളിലെ ദേശീയ ഗാനാലാപനത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെയും കാണാനാകൂ.