സി പി എമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് മൂന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങളില്‍ അവസാനം നടന്നവയുടെ സമാപന സമ്മേളനങ്ങളില്‍ വി എസ് അച്യുതാനന്ദന്‍ പ്രസംഗിച്ച വേദികളില്ലെല്ലാം കൗതുകകരമായ ഒന്നുണ്ടായിരുന്നു. ഭൂമി ഇടപാട് സംബന്ധിച്ച് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്‌ത കേസിനെക്കുറുച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം. കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും നേതാക്കളുടെ അഴിമതിയും മറ്റ് കൊള്ളരുതായ്‌മകളും പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതിന്റെ പ്രതികാരമായി കള്ളക്കേസെടുക്കുന്നുവെന്ന് പറയുന്ന വി എസ് അച്യുതാനന്ദന്‍, ബന്ധുവിന് ഭൂമി അനുവദിച്ചതിന് സ്വീകരിച്ച നടപടിക്രമങ്ങളും അതേച്ചൊല്ലി ആക്ഷേപമുയര്‍ന്നപ്പോള്‍ തന്റെ തന്നെ സര്‍ക്കാര്‍ അത് റദ്ദാക്കിയതും പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടി. അര നൂറ്റാണ്ടിലേറെ നീണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജീവിതം, ദീര്‍ഘനാളത്തെ ആഗ്രഹ പൂര്‍ത്തീകരണമായ അഞ്ച് വര്‍ഷത്തെ മുഖ്യമന്ത്രി സ്ഥാനം, അധികാരത്തില്‍ തിരിച്ചെത്തുന്നതിന്റെ വക്കോളം എല്‍ ഡി എഫിനെക്കൊണ്ടെത്തിച്ച ജനകീയ പിന്തുണ എന്നിവക്കെല്ലാമൊടുവില്‍ 88-ാം വയസ്സില്‍ സ്വന്തം ഭാഗം സ്വയം ന്യായീകരിക്കേണ്ടിവരുന്ന അവസ്ഥ കുറച്ചേറെ സങ്കടകരമാണ്. യു ഡി എഫ് സര്‍ക്കാര്‍ വൈരനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിച്ച് കേസ് ചമച്ചതാണെന്ന വി എസ്സിന്റെ അഭിപ്രായം വാദത്തിന് വേണ്ടി സ്വീകരിക്കുക.
ജില്ലകള്‍ തോറും അദാലത്തുകള്‍ നടത്തുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്നിലാണ് വി എസ്സിന്റെ ബന്ധുവായ സോമന്റെ അപേക്ഷ എത്തുന്നത് എന്ന് കരുതുക. സാധാരണനിലക്ക് എത്താന്‍ ഇടയില്ല. കോണ്‍ഗ്രസിന്റെയോ യു ഡി എഫിന്റെയോ നേതാക്കളില്‍ ആരെയെങ്കിലും സ്വാധീനിച്ച് അപേക്ഷ എത്തിച്ചുവെന്ന് സങ്കല്‍പ്പിക്കുക. വിമുക്ത ഭടനായ തനിക്ക് 1977ല്‍ അനുവദിച്ച ഭൂമി ഇതുവരെ ഉടമസ്ഥതയില്‍ കിട്ടിയില്ലെന്ന പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാനും പരാതി ന്യായമെങ്കില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും ഉമ്മന്‍ ചാണ്ടി നിര്‍ദേശം നല്‍കുമെന്ന് ഉറപ്പ്. ഈ നിര്‍ദേശം അഴിമതിക്കുള്ള ഗൂഢാലോചനയാണെന്ന് കരുതാന്‍ സാധിക്കുമോ? ഏതാണ്ട് ഇത് തന്നെയാണ് മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദനും ചെയ്‌തത്.
1977ല്‍ ഭൂമി അനുവദിച്ചുവെങ്കിലും അതിന്റെ കൈവശാവകാശം ലഭ്യമായിട്ടില്ലെന്നും അത് ലഭ്യമാക്കി ക്രയവിക്രയം ചെയ്യാന്‍ അനുവാദം നല്‍കണമെന്നുമായിരുന്നു വി എസ്സിന്റെ മുന്നിലെത്തിയ പരാതി. വിമുക്ത ഭടന്‍മാര്‍ക്ക് അനുവദിക്കുന്ന ഭൂമി 25 വര്‍ഷത്തിന് ശേഷമേ ക്രയവിക്രയം ചെയ്യാനാകൂ. 1977ല്‍ അനുവദിച്ച ഭൂമി ഇത്രയും കാലം കൈവശക്കാരന് ലഭ്യമാകാത്ത സാഹചര്യത്തില്‍ 25 വര്‍ഷ കാലാവധി 2002ല്‍ കഴിഞ്ഞതായി കണക്കാക്കി ക്രയവിക്രയം നടത്തുന്നതിന് അനുവാദം കൊടുക്കാന്‍ തടസ്സമില്ല. പരാതിക്കാരന്‍ വി എസ്സിന്റെ ബന്ധുവാണെന്നതാണ് കേസിന് കാരണമാകുന്നത്. ബന്ധുവിന് വേണ്ടി വി എസ് അച്യുതാനന്ദന്‍ ജില്ലാ കലക്‌ടറോട് നേരിട്ട് സംസാരിച്ചുവെന്നും ആരോപണമുണ്ട്. വിമുക്ത ഭടന്‍മാര്‍ക്ക് അനുവദിക്കാവുന്ന ഭൂമിയുടെ പരിധിക്കപ്പുറത്ത് അനുവദിക്കപ്പെട്ടുവെന്ന പരാതിയും നിലനില്‍ക്കുന്നു.
ഇതിനെല്ലാം തെളിവുണ്ടാകണം. 1977ല്‍ ഭൂമി അനുവദിച്ചതിന് തെളിവ് വേണം. വി എസ്സിനെ കേസില്‍ കുടുക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെങ്കില്‍ 1977ല്‍ ഭൂമി അനുവദിച്ചത് സംബന്ധിച്ച രേഖകള്‍ സര്‍ക്കാര്‍ ഫയലില്‍ നിന്ന് കാണാതായിക്കാണുമെന്ന് ഉറപ്പ്. ജില്ലാ കലക്‌ടറുമായി വി എസ് ഫോണില്‍ സംസാരിച്ചിരുന്നോ എന്നതിന് ഫയലിലെ കുറിപ്പുകള്‍ തെളിവാണെന്ന് യു ഡി എഫ് അവകാശപ്പെടുന്നു. സംസാരിച്ചുവെന്നല്ലാതെ എന്ത് സംസാരിച്ചുവെന്നത് വ്യക്തമല്ല. പരാതി ന്യായമെങ്കില്‍ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് താന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടതെന്നും ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചത് മന്ത്രിസഭയായിരുന്നുവെന്നും വി എസ് വിശദീകരിക്കുന്നുണ്ട്. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ റവന്യൂ മന്ത്രിയായിരുന്ന കെ പി രാജേന്ദ്രന്‍, മുതിര്‍ന്ന നാല് ഐ എ എസ് ഉദ്യോഗസ്ഥര്‍ എന്നിവരും ആരോപണവിധേയരായുണ്ട്.
തനിക്ക് ലഭിച്ച പരാതി പരിശോധിച്ച് തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച് റവന്യൂ വകുപ്പിന് കൈമാറി, റവന്യൂ വകുപ്പിന്റെ തീരുമാനം മന്ത്രിസഭ അംഗീകരിച്ച ശേഷം ഉത്തരവിറക്കി എന്ന വി എസ്സിന്റെ വിശദീകരണം സൂക്ഷ്‌മമായി ശ്രദ്ധിച്ചാല്‍ തനിക്ക് ഇതില്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് ധ്വനിപ്പിക്കുന്നത് പോലെ തോന്നും. തന്നേക്കാള്‍ ഉത്തരവാദിത്വം റവന്യു വകുപ്പ് കൈകാര്യം ചെയ്‌തിരുന്നയാള്‍ക്കാണെന്നും മന്ത്രിസഭ കൂട്ടായി ആലോചിച്ച് തീരുമാനമെടുത്തതിനാല്‍ ഉത്തരവാദിത്വം മന്ത്രിമാരായിരുന്നവര്‍ക്കെല്ലാമുണ്ടെന്നും വാദിക്കുന്നത് പോലെ തോന്നാം. മന്ത്രിസഭ കൂട്ടായി എടുത്ത തീരുമാനത്തിന് തന്നെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്നതിന് പിറകിലെ രാഷ്‌ട്രീയമാണ് വി എസ് ചൂണ്ടിക്കാട്ടുന്നത്.
പക്ഷേ, കഴിഞ്ഞ ഇടത് സര്‍ക്കാറിന്റെ അഞ്ച് വര്‍ഷമെടുത്ത് പരിശോധിച്ചാല്‍ ഏറ്റവുമധികം ഉയര്‍ന്ന് നില്‍ക്കുന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമില്ലായ്‌മയാണ്. അത് സൃഷ്‌ടിച്ചതില്‍ വലിയൊരു പങ്ക് വി എസ്സിന് ഉണ്ട് താനും. വലിയ തര്‍ക്കത്തിന് കാരണമായ എച്ച് എം ടി ഭൂമി ഇടപാട് ഓര്‍ക്കുക. സ്വന്തം ഗ്രൂപ്പുകാരനായ മന്ത്രി എസ് ശര്‍മയെയും വ്യവസായ മന്ത്രി എളമരം കരീമിനെയും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് അവസാന നിമിഷം സൈബര്‍ പാര്‍ക്കിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ നിന്ന് വി എസ് പിന്‍വാങ്ങി. അതോടെ സൃഷ്‌ടിക്കപ്പെട്ട തര്‍ക്കക്കടലില്‍ നിന്ന് ഇടത് മുന്നണി രക്ഷപ്പെട്ടത് ഏറെക്കാലത്തിന് ശേഷം മാത്രമാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം, യോജിച്ച് എടുത്ത തീരുമാനത്തിന്റെ ഉത്തരവാദിത്വം താനടക്കം എല്ലാവര്‍ക്കുമുണ്ടെന്ന പൊതു തത്വം എന്നിവയൊന്നും വി എസ്സിന് ആ ഘട്ടത്തില്‍ വിഷയമായതേയില്ല. 88-ാം വയസ്സില്‍ ഒരു കേസിന് മുന്നില്‍ നില്‍ക്കുമ്പോള്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ അദ്ദേഹത്തിന് ഓര്‍മയില്‍ വരുന്നുള്ളൂ. ആ സ്വാര്‍ഥതയാണ് കമ്മ്യൂണിസ്റ്റുകാരന്‍, നേതാവ് എന്നീ നിലകളിലെല്ലാം വി എസ് പരാജയമാകാന്‍ കാരണം.
ആര്‍ ബാലകൃഷ്‌ണ പിള്ള, പി കെ കുഞ്ഞാലിക്കുട്ടി, ടോമിന്‍ തച്ചങ്കരി തുടങ്ങി തന്നോട് പകയുള്ള പലരും ഈ കേസിന് പിറകിലുണ്ടെന്നാണ് വി എസ് പറയുന്നത്. ശരിയായിരിക്കാം. ഇവരടക്കം പലര്‍ക്കും (അതില്‍ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ കൂടിയുണ്ടാകും) ഈ ഒറ്റയാനെ തളക്കണമെന്ന തോന്നല്‍ ഉണ്ടായാല്‍ അത്ഭുതമില്ല. ഇടമലയാര്‍ കേസില്‍ പിള്ളക്ക് ശിക്ഷ വാങ്ങിക്കൊടുത്തപ്പോള്‍, കേരളത്തില്‍ മന്ത്രിയായി വിലസാനുള്ള അവസരം കൂടിയാണ് വി എസ് ഇല്ലാതാക്കിയത്. ചുരുങ്ങിയ ദിനങ്ങള്‍ പൂജപ്പുര ജയിലില്‍ കഴിഞ്ഞതിനേക്കാള്‍ വലിയ ദ്രോഹം മന്ത്രി സ്ഥാനം നഷ്‌ടപ്പെട്ടതാണെന്ന് പിള്ള കതുന്നുണ്ടാകും. ഐസ് ക്രീം കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ചെറിയ കുറ്റപ്പെടുത്തലുണ്ടായാല്‍ മന്ത്രി സ്ഥാനം നഷ്‌ടമാകാന്‍ സാധ്യതയുണ്ടെന്ന തോന്നല്‍ പി കെ കുഞ്ഞാലിക്കുട്ടിയെയും വിദ്വേഷിയാക്കിയേക്കാം. തച്ചങ്കരിയുടെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. എന്തിന് പാമൊലിന്‍ അഴിമതിക്കേസില്‍ തന്നെ കുടുക്കാന്‍ വി എസ് ശ്രമിച്ചുവെന്ന് കരുതുന്ന ഉമ്മന്‍ ചാണ്ടിക്കും വിരോധം തോന്നിയേക്കാം.
പൊടുന്നനെ നിയമസഭാ തിരഞ്ഞെടുപ്പുണ്ടായാല്‍ വി എസ്സിന്റെ ജന പിന്തുണയാകും മറികടക്കേണ്ടിവരുന്ന പ്രധാന വെല്ലുവിളിയെന്ന് കരുതുന്ന യു ഡി എഫ് നേതൃത്വം കൂട്ടായി ആലോചിച്ച് തയ്യാറാക്കിയ സംഹാര പദ്ധതിയുമാകാം ഈ കേസ്. അതൊക്കെ സ്ഥാപിക്കപ്പെടണം. അതിനുള്ള ശ്രമമാണ് സമ്മേളനങ്ങളിലെ പ്രസംഗങ്ങളിലൂടെ വി എസ് നടത്തുന്നത്. കേസിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന പ്രഖ്യാപനവും അതുകൊണ്ടാണ്.
വി എസ് എന്ന സമുന്നത വ്യക്തിത്വം ഒറ്റക്ക് നടത്തുന്ന ശ്രമം പക്ഷേ, പ്രതിരോധത്തിന് തികയുമോ എന്ന് സംശയം. കേസ് രജിസ്റ്റര്‍ ചെയ്‌തുവെന്നത് കൊണ്ട് പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കേണ്ടതില്ല എന്ന് സി പി എം പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടതായി വാര്‍ത്തകളുണ്ട്. വി എസ്സിനെതിരായ ആരോപണത്തെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് അവര്‍ പറഞ്ഞതായി വാര്‍ത്തയില്ല. സി പി എമ്മിന്റെ കേരള ഘടകം വി എസ്സിന് വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങുമോ എന്നതും സംശയമാണ്. രണ്ടിലേറെ ഏക്കര്‍ ഭൂമി ഒരാള്‍ക്ക് പതിച്ച് നല്‍കാന്‍ തീരുമാനിക്കുകയും അത് പിന്നീട് റദ്ദാക്കുകയും ചെയ്‌തതിനാല്‍ കേസ് തീര്‍ത്തും ദുര്‍ബലമാണെന്നും അതിനാല്‍ വലിയ ഗൗരവം കല്‍പ്പിക്കേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനിച്ചതാകുമോ? സാധ്യതയില്ല.
എസ് എന്‍ സി ലാവ്‌ലിന്‍ അഴിമതിക്കേസ് വലിയ വാര്‍ത്തയായ ദിവസങ്ങളിലൊന്നില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, അഴിമതിക്കേസുകളില്‍ കോടതി വിധി വരും വരെ നിരപരാധികളെന്ന് അവകാശപ്പെടാന്‍ ആര്‍ ബാലകൃഷ്‌ണ പിള്ളയെയും കെ കരുണാകരനെയും പോലുള്ളയാളുകള്‍ക്ക് അവസരമുണ്ട് എന്ന മറുപടി വി എസ് നല്‍കിയത് ഔദ്യോഗിക വിഭാഗമെന്ന് അറിയപ്പെടുന്നവരുടെ മനസ്സില്‍ നിന്ന് എളുപ്പത്തില്‍ മായുമോ? ജനകീയ ആസൂത്രണ പദ്ധതിയുടെ നടത്തിപ്പിന് വിദേശ ഏജന്‍സിയുടെ പക്കല്‍ നിന്ന് പണം സ്വീകരിച്ചുവെന്ന ആരോപണം ഒളിഞ്ഞും തെളിഞ്ഞുമുന്നയിച്ച് സജീവമാക്കി നിര്‍ത്തിയ നാളുകള്‍ തോമസ് ഐസക്കിനെപ്പോലുള്ളവര്‍ക്ക് മറക്കാനാകുമോ? ലാവ്‌ലിന്‍ ഇടപാടില്‍ മന്ത്രിസഭാ തീരുമാനമുണ്ടായിരുന്നില്ലേ, ആ നിലക്ക് കൂട്ടുത്തരവാദിത്വമില്ലേ എന്ന് ആരെങ്കിലും തിരിഞ്ഞുനിന്ന് ചോദിച്ചാല്‍ വി എസ്സിന് മറുപടിയുണ്ടാകുമോ? ജനകീയാസൂത്രണ പദ്ധതി പാര്‍ട്ടിയില്‍ ആലോചിച്ച് നടപ്പാക്കിയതല്ലേ, താങ്കള്‍ കൂടി പങ്കെടുത്ത കമ്മിറ്റിയിലല്ലേ ആലോചന നടന്നത്, കൂട്ടുത്തരവാദിത്വം ബാധകമല്ലേ എന്ന് ചോദ്യമുയര്‍ന്നാല്‍...
ഇത്തരം വലിയ മാനങ്ങളുള്ള കേസല്ല ഇപ്പോള്‍ വി എസ്സിനെതിരെയുള്ളത്. സ്വന്തം ബന്ധുവിന് കുറച്ച് ഭൂമി അനുവദിക്കാന്‍ മുഖ്യമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്‌തുവെന്നതാണ് കേസ്. ഇത് കോടതിക്ക് മുമ്പാകെ തെളിയക്കപ്പെടുകയാണെങ്കില്‍ (സത്യമല്ല തെളിവുകളാണ് കോടതിക്ക് പ്രധാനം) എന്തായിരിക്കും പിന്നീട് വി എസ്സിന്റെ സ്ഥാനം! ലാവ്‌ലിന്‍ കേസിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന് സി പി എം കേന്ദ്ര നേതൃത്വം നിലപാട് സ്വീകരിച്ചപ്പോള്‍ വിയോജിച്ചയാളാണ് വി എസ്. വ്യക്തി അഴിമതി കാട്ടിയെന്ന് ആരോപണമുയര്‍ന്നാല്‍ അതിനെ രാഷ്‌ട്രീയമായി നേരിടുന്നതിലെ ഔചിത്യമില്ലായ്‌മയാണ് അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അഴിമതി ആരോപണത്തിന് വിധേയനായ പാര്‍ട്ടി സെക്രട്ടറിക്കൊപ്പം വേദി പങ്കിടാന്‍ പോലും മടി കാട്ടുകയും ചെയ്‌തു. ഓര്‍മകളുണങ്ങും മുമ്പ് തനിക്കെതിരായ ആരോപണത്തെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന് സ്വയം പ്രഖ്യാപിക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് നിര്‍മിച്ചടുത്ത പ്രതിച്ഛായയാണ്.
മകനെ ഉയര്‍ന്ന സ്ഥാനത്ത് നിയമിച്ചതിലെ ക്രമവിരുദ്ധത, സി ഡിറ്റ് കേന്ദ്രം റിലയന്‍സിന് കൈമാറിയതിലെ അപാകം എന്നിങ്ങനെ വി എസ്സിനെ ലക്ഷ്യമിട്ടുള്ള ആരോപണങ്ങള്‍ പല ഘട്ടങ്ങളിലായി നില്‍ക്കുകയാണ്. പ്രതിച്ഛായാ നിര്‍മിതിക്ക് തുണയായി നിന്നവര്‍ തന്നെ അതിനെ തച്ചുതകര്‍ക്കാന്‍ ഇവയെല്ലാം ഉപയോഗിക്കുന്നു. പ്രതിച്ഛായാ നിര്‍മിതി സി പി എമ്മില്‍ പ്രതിസന്ധികള്‍ സൃഷ്‌ടിച്ചിരുന്നു. അതുടക്കപ്പെടുമ്പോള്‍ ആ പാര്‍ട്ടിയിലുണ്ടാകുന്ന പ്രതിഫലനമെന്ത് എന്നതില്‍ കൗതുകം ബാക്കി.
വി എസ് ഒരു അഴിമതിക്കാരന്‍ ആണെന്ന് പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത് കുഞ്ഞാലി കുട്ടി - പിള്ള- തച്ചങ്കരി ടീമിന്റെ ഒരു രാഷ്ട്രീയ വങ്കത്തം ആണ്. യഥാര്‍ത്ഥത്തില്‍ വി എസിന്റെ സൈദ്ധാന്തിക വാശിയാണ് പലപ്പോഴും അദ്ധേഹത്തിലെ തന്നെ ഭരണാധികാരിയെന്ന ഗുണത്തെ നിര്‍വീര്യമാക്കിയത്. ഒരു ജനാധിപത്യ സമൂഹത്തില്‍ രാഷ്ട്രീയ എതിരാളികളോട് പൊതു രംഗത്ത് കാണിക്കേണ്ട മാന്യത വി എസിന്റെ ശരീര ശാസ്ത്രം പലപ്പോഴും പ്രകടിപിക്കാറില്ല. ഒരു ശല്യക്കാരനായ, കൊടും വാശിക്കാരാനായ വ്യവഹാരി എന്ന നിലയിലേക്ക് അദ്ദേഹം പലപ്പോഴും സ്വയം താഴുകയായിരുന്നു. വി എസിന്റെ ഈ ശരീര ശാസ്ത്രം അദ്ദേഹത്തിന് പാര്‍ടിക്ക് പുറത്തു നിഷ്പക്ഷരായ കുറച്ചു മിത്രങ്ങളെയും പ്രതിപക്ഷത്ത് നിരവധി ശത്രുക്കളെയും പ്രദാനം ചെയ്തു. വി എസിനെ കേസ് കൊണ്ട് തോല്പിക്കാന്‍ കഴിയില്ല എന്ന് ഇകൂട്ടര്‍ക്ക് അറിയാം. അവര്‍ അദ്ധേഹത്തെ ഒന്ന് കറക്കണം എന്നെ ആഗ്രഹികുന്നുള്ളൂ.
ReplyDelete