''...ഭരണകൂടം നഗരത്തിലും ആദിവാസി മേഖലകളിലും നടത്തിയ ചെലവുകള്‍ ഞങ്ങള്‍ പരിശോധിക്കുന്ന ഒരു ദിവസം വരും - കഴിഞ്ഞ 65 വര്‍ഷത്തിലേറെക്കാലമായി ആദിവാസികള്‍ വഞ്ചിക്കപ്പെട്ടത് എങ്ങനെയെന്നും അവരുടെ അവകാശങ്ങള്‍ എങ്ങനെ ഹനിക്കപ്പെട്ടുവെന്നും പരിശോധിക്കുന്ന ഒരു ദിവസം. ദരിദ്രരുടെ കരച്ചില്‍ കേട്ടില്ല. പ്രതികരണം അവരര്‍ഹിക്കുന്നതായിരുന്നില്ല. ചൂഷിതരായവര്‍, നിയമം കൈയിലെടുത്തു'' -
ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ ജസ്റ്റിസുമാരായ ജി എസ് സിംഗ്‌വിയും എസ് ജെ മുഖോപാധ്യായയും അടങ്ങുന്ന ബഞ്ചിന്റേതാണ് ഈ അഭിപ്രായപ്രകടനം. സി പി ഐ (മാവോയിസ്റ്റ്) യുടെ നേതാവ് നാരായണ്‍ സന്യാലിന് വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ നടപ്പാക്കുന്നത് തത്കാലത്തേക്ക് നിര്‍ത്തിവെക്കുന്ന വിധിയിലാണ് കോടതി ഈ അഭിപ്രായപ്രകടനം നടത്തിയത്. കുഴി ബോംബുകള്‍ പൊട്ടിച്ചും പതിയിരുന്ന് ആക്രമിച്ചും അര്‍ധ സൈനിക വിഭാഗത്തിലെയും പോലീസിലെയും അംഗങ്ങളെ കൊലപ്പെടുത്തുകയും ആളുകളെ തട്ടിക്കൊണ്ടുപോയി വിലപേശുകയും വികസനത്തിന്റെ ബിംബങ്ങളായ മൊബൈല്‍ ടവറുകളും പാലങ്ങളുമൊക്കെ തകര്‍ക്കുകയും ചെയ്യുന്ന സി പി ഐ (മാവോയിസ്റ്റ്) യുടെ ഒരു നേതാവിന്റെ ഹരജി പരിഗണിക്കവെ ഇത്തരത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ പരമോന്നത നീതിപീഠത്തെ പ്രേരിപ്പിച്ചത് എന്തായിരിക്കും?
അതെന്തായാലും മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ പാകത്തിലുള്ള അവവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നുവെന്ന് ബഹുമാനപ്പെട്ട ജസ്റ്റിസുമാര്‍ മനസ്സിലാക്കുന്നുവെന്ന് ചുരുക്കം. ഈ സാഹചര്യം മനസ്സിലായിട്ടും നിയമം കൈയിലെടുക്കാന്‍ നിര്‍ബന്ധിതരായ കൂട്ടരെ ഭീകരവാദികളെന്നും രാജ്യദ്രോഹികളെന്നും ആരോപിച്ച് ശിക്ഷ വിധിക്കുന്ന ഭരണ, നീതി നിര്‍വഹണ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഉന്നത നീതിപീഠത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ കാട്ടുന്ന ദൃഢത നീതി നടപ്പാക്കുമ്പോള്‍ ഇത്തരം ന്യായാസനങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടോ എന്നത് കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അങ്ങിനെ സംഭവിക്കുന്നുണ്ടെങ്കില്‍ മാത്രമേ ന്യായാധിപന്‍മാരുടെ വാക്കുകള്‍ക്ക് അര്‍ഥമുണ്ടാകൂ. അല്ലെങ്കില്‍ ടെലിവിഷന്‍ സ്‌ക്രീനുകളിലെ ബ്രേക്കിംഗ് ന്യൂസുകള്‍ക്കും പത്രങ്ങളിലെ വലിയ തലക്കെട്ടുകള്‍ക്കുമപ്പുറത്ത് വെറും വാചാടോപമായി അത് മാറും.
ഇവിടെ കോടതിയുടെ പരിഗണനക്കുവന്നത് നാരായണ്‍ സന്യാല്‍ എന്ന വ്യക്തിക്ക് വിധിച്ച ശിക്ഷ ന്യായമോ എന്ന ചോദ്യമാണെങ്കിലും കേസിന്റെ സാഹചര്യം മനസ്സിലാക്കി സാമൂഹിക നീതിയുടെ തലത്തിലേക്ക് സഞ്ചരിക്കുകയാണ് ന്യായാധിപന്‍മാര്‍. ഇത്തരം സഞ്ചാരങ്ങള്‍ അത്യപൂര്‍വമല്ല ഇന്ത്യന്‍ നീതിന്യായ സംവിധാനത്തില്‍. 2002ല്‍ ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യയുടെ ഭാഗമായി നടന്ന ഒമ്പത് കേസുകള്‍ അന്വേഷിക്കുന്നതിന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സി ബി ഐ) മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും അന്വേഷണ മേല്‍നോട്ടം സുപ്രീം കോടതി ഏറ്റെടക്കുകയും ചെയ്തപ്പോഴും രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ് അനുവദിച്ചതിലെ അഴിമതിയും ക്രമക്കേടും സംബന്ധിച്ച് സി ബി ഐ നടത്തിയിരുന്ന അന്വേഷണത്തിന്റെ മേല്‍നോട്ടം കോടതിക്ക് കീഴിലാക്കിയപ്പോഴും പരമോന്നത നീതിപീഠം നീതിയുടെ വിശാലമായ താത്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയാണെന്ന പ്രതീതി ജനിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം ഇടപെടലുകള്‍ ഉപരിപ്ലവമായ ചെറിയ മാറ്റങ്ങളേ ഉണ്ടാക്കിയുള്ളൂവെന്നാണ് സൂക്ഷ്മ വിലയിരുത്തലില്‍ മനസ്സിലാകുന്നത്.
ഗുജറാത്ത് വംശഹത്യക്കിടെ നടന്ന ഒമ്പത് കൂട്ടക്കുരുതികളുടെ അന്വേഷണമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ആദ്യം കൈമാറിയത്. ഗുല്‍ബര്‍ഗ സൊസൈറ്റിയിലേതുള്‍പ്പെടെ കൂട്ടക്കൊലകളില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുള്‍പ്പെടെ 62 ഉന്നതരുടെ പങ്കാളിത്തം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാകിയ ജഫ്‌രി നല്‍കിയ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തോട് പിന്നീട് ആവശ്യപ്പെടുകയും ചെയ്തു. ഒമ്പത് കേസുകളില്‍ ചിലതില്‍ വിചാരണ പൂര്‍ത്തിയായി, ഏതാനും പേര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. പക്ഷേ, ഒരു കേസില്‍പ്പോലും ആക്രമണങ്ങളുടെ പിറകിലെ ഗൂഢാലോചനയോ അതില്‍ സംഘ് പരിവാര്‍ സംഘടനകളിലെ നേതാക്കള്‍ വഹിച്ച പങ്കോ തെളിയിക്കപ്പെട്ടില്ല.
സാകിയ ജഫ്‌രി നല്‍കിയ പരാതിയിലെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ടാണ് സംഘം സുപ്രീം കോടതിയില്‍ നല്‍കിയത്. ഈ റിപ്പോര്‍ട്ട് പഠിക്കുന്നതിന് മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രനെ നിയോഗിച്ചു. നരേന്ദ്ര മോഡിയെ പ്രോസിക്യൂട്ട് ചെയ്യേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും ആരോപണങ്ങള്‍ വസ്തുനിഷ്ഠമാണോ എന്ന് തെളിയിക്കപ്പെടേണ്ടത് വിചാരണയിലാണെന്നുമുള്ള റിപ്പോര്‍ട്ടായിരുന്നു രാജു രാമചന്ദ്രന്റേത്. ഈ റിപ്പോര്‍ട്ടുകളുള്‍പ്പെടെ രേഖകള്‍ ഇപ്പോള്‍ പരസ്യമാണ്. നരേന്ദ്ര മോഡിക്കെതിരെ സമര്‍പ്പിക്കപ്പെട്ട രേഖകളെല്ലാം വ്യാജമോ തെറ്റായി രേഖപ്പെടുത്തപ്പെട്ടതോ ആണെന്ന നിഗമനമാണ് പ്രത്യേക അന്വേഷണ സംഘം അവതരിപ്പിക്കുന്നത്.
ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അനുവദിക്കണമെന്ന് മോഡി ആഹ്വാനം ചെയ്തതായി പറയപ്പെടുന്ന യോഗത്തില്‍ സഞ്ജീവ് ഭട്ട് പങ്കെടുത്തില്ലെന്ന ഇതര ഉദ്യോഗസ്ഥരുടെ വാദം പ്രത്യേക അന്വേഷണ സംഘം സ്വീകരിക്കുന്നു. ഇവരില്‍ ഭൂരിഭാഗവും സര്‍വീസിലിരിക്കെയോ വിരമിച്ചതിന് ശേഷമോ മോഡി സര്‍ക്കാറില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയവരാണെന്ന വസ്തുത അംഗീകരിച്ച് തന്നെയാണ് പ്രത്യേക സംഘം ഇവരുടെ മൊഴികള്‍ സ്വീകരിക്കുന്നത്. അക്കാലത്ത് ചീഫ് സെക്രട്ടറിയായിരുന്ന ഒരാള്‍ പറയുന്നത് തനിക്ക് കാര്യങ്ങള്‍ ഓര്‍മയില്ലെന്നാണ്. ഇതും പ്രത്യേക സംഘം സ്വീകരിച്ചു. താന്‍ യോഗത്തില്‍ പങ്കെടുത്തുവെന്ന സഞ്ജീവ് ഭട്ടിന്റെ മൊഴി മാത്രം സംഘത്തിന് തെറ്റായി തോന്നി.
വ്യാപകമായ അക്രമത്തിന് സാധ്യതയുണ്ടെന്ന് കാണിച്ച് അന്ന് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പോലീസ് കമ്മീഷണറുടെയും ഓഫീസുകളിലേക്ക് ഫാക്‌സ് സന്ദേശം അയച്ചിരുന്നുവെന്ന സഞ്ജീവ് ഭട്ടിന്റെ വാദവും രാഘവന്‍ സംഘം സ്വീകരിക്കുന്നില്ല. സഞ്ജീവ് ഭട്ട് ഇപ്പോള്‍ ഹാജരാക്കുന്ന ഫാക്‌സ് സന്ദേശം വ്യാജമാണെന്നും അതിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകള്‍ കള്ള ഒപ്പാണെന്നും അവര്‍ വാദിക്കുന്നു. സബര്‍മതി എക്‌സ്പ്രസ്സിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപിടിച്ച് കൊല്ലപ്പെട്ടവരുടെ മൃതദേഹം അഹമ്മദാബാദിലേക്ക് കൊണ്ടുവരുന്നതിനായി സ്വീകരിച്ചത് വി എച്ച് പി നേതാവ് ജയന്ത് പട്ടേലാണെന്ന രേഖ ശരിയല്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. മൃതദേഹം ഗോധ്രയില്‍ നിന്ന് സ്വീകരിച്ചതും അഹമ്മദാബാദില്‍ ഏറ്റെടുത്തതും പോലീസുകാരാണ്. ജയന്ത് പട്ടേലാണെന്ന് രേഖപ്പെടുത്തിയത് ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ തെറ്റാണ്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ശിപര്‍ശ ചെയ്യുന്നുമുണ്ട് പ്രത്യേക സംഘം.
വംശഹത്യ നടക്കുമ്പോള്‍ അഹമ്മദാബാദ് സിറ്റി പോലീസ് കമ്മീഷണറായിരുന്ന പി സി പാണ്ഡെ, ഡെപ്യൂട്ടി കമ്മീഷണറായിരുന്ന എം കെ ടാണ്ഠന്‍ തുടങ്ങി പോലീസ് ഉദ്യോഗസ്ഥരൊക്കെത്തന്നെ അക്രമം തടയുന്നതിന് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിയെന്നാണ് രാഘവന്‍ സംഘം പറയുന്നത്. പരിമിതമായ സൈനികരേ ഇവരുടെ പക്കലുണ്ടായിരുന്നുള്ളൂ, അതുകൊണ്ട് മാത്രം അക്രമം തടയാന്‍ സാധിക്കുമായിരുന്നില്ല എന്ന് കൂടി പറഞ്ഞുവെക്കുകയും ചെയ്യുന്നു. അന്ന് മോഡി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന അശോക് ഭട്ടും ഐ കെ ജഡേജയും പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ പോയതിലും അസ്വാഭാവികമായി യാതൊന്നും സംഘം കാണുന്നില്ല. ഈ റിപ്പോര്‍ട്ടും ഇതിലെ കണ്ടെത്തലുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടുന്ന രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ടും അഹമ്മദാബാദിലെ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനക്ക് വിടാനാണ് സുപ്രീം കോടതി തീരുമാനിച്ചത്.
സുപ്രീം കോടതിയുടെ തീരുമാനം നിയമവ്യവസ്ഥയനുസരിച്ച് ശരിയായിരിക്കാം. പക്ഷേ, അന്വേഷണ മേല്‍നോട്ടം സ്വയമേറ്റെടുത്ത പരമോന്നത കോടതിക്ക് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വസ്തുനിഷ്ഠമാണോ എന്ന് വിലയിരുത്തേണ്ട ബാധ്യതയുണ്ടായിരുന്നു. മോഡിക്കെതിരെ നിലപാടെടുക്കുന്ന എല്ലാവരും വ്യാജരേഖാ നിര്‍മാതാക്കളോ സമ്മര്‍ദത്തിന് വഴങ്ങി മൊഴി നല്‍കുന്നവരോ (ഗുജറാത്ത് മുന്‍ എ ഡി ജി പി, ആര്‍ ബി ശ്രീകുമാറിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്) ആയി ചിത്രീകരിക്കുകയും ഗുരുതരമായ ആരോപണം നേരിടുന്ന പി സി പാണ്ഡെയെപ്പോലുള്ള ഉദ്യോഗസ്ഥരെപ്പോലും സ്തുത്യര്‍ഹ സേവനത്തിന്റെ ഉത്തമോദാഹരണങ്ങളായി ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. തങ്ങളെ ഏതൊക്കെ വിധത്തിലാണ് ഈ ഉദ്യോഗസ്ഥര്‍ സഹായിച്ചതെന്ന് സംഘ് പരിവാര്‍ അക്രമികള്‍ ഒളി ക്യാമറക്ക് മുന്നില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രി നരേന്ദ്ര മോഡി തനിക്ക് ഒളിത്താവളമൊരുക്കിയതിനെക്കുറിച്ച് പറഞ്ഞതും മറവിയിലേക്ക് മായാനായിട്ടില്ല. ഇതൊക്കെ മുന്നിലുണ്ടായിട്ടും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറാനാണ് പരമോന്നത നീതി പീഠം തീരുമാനിച്ചത്. അതേക്കുറിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രകടിപ്പിച്ച സംശയങ്ങള്‍ ഈ ഘട്ടത്തില്‍ കണക്കിലെടുക്കേണ്ടെന്ന് നിശ്ചയിക്കുകയും ചെയ്തു.
ഇതേ നിലപാട് തന്നെയാണ് നാരായണ്‍ സന്യാലിന്റെ കേസ് പരിഗണിച്ചപ്പോള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളിലുമുള്ളത്. ഇക്കാലത്തിനിടെ ആദിവാസികള്‍ വഞ്ചിക്കപ്പെട്ടത് എങ്ങനെയെന്നും അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടത് എങ്ങനെയെന്നും തങ്ങള്‍ പരിശോധിക്കുന്ന ഒരു ദിവസം വരുമെന്നാണ് നീതിപതികളുടെ മുന്നറിയിപ്പ്. എന്നാണ് ആ ദിവസം വരിക! അപ്പോഴേക്കും ആദിവാസികളെന്ന വിഭാഗം ഇന്ത്യന്‍ മണ്ണില്‍ ബാക്കിയുണ്ടാകുമോ?
കേരളത്തിലെ ആദിവാസികളുടെ ഒരു കേസ് ഇപ്പോഴും സുപ്രീം കോടതിക്ക് മുന്നിലുണ്ട്. ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് ഹരജി. ഇത് പരിഗണിച്ച് ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് എത്ര സമയപരിധി കേരള സര്‍ക്കാറിന് മുന്നില്‍ കോടതി വെച്ചുവെന്ന് അവര്‍ക്ക് തന്നെ നിശ്ചയമുണ്ടാകില്ല. സ്വന്തം ഉത്തരവ് നടപ്പാക്കാന്‍ പോലും സാധിക്കാത്ത ഒരു സംവിധാനം വരുമൊരു ദിവസമെന്നൊക്കെ മുന്നറിയിപ്പ് നല്‍കുമ്പോള്‍ അതിനെ വാചാടോപം മാത്രമായേ കാണാനാകൂ. ഗുജറാത്തിലെ ഇരകളെക്കുറിച്ച് വ്യാകുലപ്പെടുകയും നീതി ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്ത് അന്വേഷണ മേല്‍നോട്ടം ഏറ്റെടുക്കുകയും പിന്നീട് അന്വേഷണ റിപ്പോര്‍ട്ടിലെ വൈരുദ്ധ്യങ്ങള്‍ പോലും വിഴുങ്ങിക്കൊണ്ട് കീഴ്‌ക്കോടതി തീരുമാനിക്കട്ടെ എന്ന് പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ പുറത്തുവരുന്നതും മറ്റൊന്നല്ല.
ടെലികോം ലൈസന്‍സുകളുടെ വിതരണക്കാര്യത്തില്‍ ധനമന്ത്രാലയമോ പ്രധാനമന്ത്രിയുടെ ഓഫീസോ അറിയാതെ തീരുമാനമെടുക്കാനും നടപ്പാക്കാനും സാധിക്കില്ലെന്ന് വ്യക്തമായി അറിയാവുന്ന നീതിന്യായ സംവിധാനം എ രാജയുടെയും കനിമൊഴിയുടെയും ഏതാനും സര്‍ക്കാര്‍ - സ്വകാര്യ ഉദ്യോഗസ്ഥരുടെയും അറസ്റ്റോടെ അന്വേഷണ മേല്‍നോട്ടം അവസാനിപ്പിക്കുമ്പാള്‍ അതുവരെ ധാര്‍മികരോഷത്തില്‍ ചാലിച്ച് പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് വിലയൊന്നുമില്ലെന്ന് തിരിച്ചറിയപ്പെടുകയാണ്.
ചൂഷണം ചെയ്യുകയോ അടിച്ചമര്‍ത്തുകയോ അക്രമത്തിന് കൂട്ടുനില്‍ക്കുകയോ ചെയ്യുകയും ഇരകളെ ഭീകര/തീവ്ര വാദികളോ രാജ്യദ്രോഹികളോ ആയി ചിത്രീകരിക്കുകയും ചെയ്യുന്ന ഭരണകൂടം, അതിനെ വിമര്‍ശിക്കുന്നുവെന്ന ധ്വനി ജനിപ്പിച്ച് നിലനില്‍ക്കുന്ന സംവിധാനങ്ങളെ ഹാനികൂടാതെ തുടരാന്‍ അനുവദിക്കുന്ന നീതിന്യായ വ്യവസ്ഥ. അതാണ് മിക്കവാറും നമുക്ക് മുന്നില്‍ സംഭവിക്കുന്നത്. ഈ പ്രക്രിയക്കിടെ കോടതികള്‍ നടത്തുന്ന സുരേഷ് ഗോപി സംഭാഷണങ്ങള്‍ നമ്മെ ആവേശത്തില്‍ ആറാടിക്കും. മാവോയിസ്റ്റ് നേതാവ് ആസാദിനെയും (ചേറുകുരി രാജ്കുമാര്‍) പത്രപ്രവര്‍ത്തകനായ ഹേമചന്ദ്ര പാണ്ഡെയെയും വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചതാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ''സ്വന്തം കുഞ്ഞുങ്ങളുടെ ചോര ഭരണകൂടത്തിന്റെ കൈകളില്‍ പറ്റിയിട്ടില്ലെന്ന് ഉറപ്പാക്കു''മെന്ന് പ്രഖ്യാപിച്ചത് ഇതേ കോടതിയാണ്. ഈ അഭിപ്രായം ഉത്തേജിതനാക്കാത്ത ഇന്ത്യന്‍ പൗരനുണ്ടാകുമോ? ഇത്തരം ആവേശങ്ങള്‍ക്കിടയില്‍ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന ആപ്തവാക്യം മറന്ന് പോകുകയും ചെയ്യും.
സ്വതാല്പര്യത്തിനും,ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾക്കുംവേണ്ടി നീതിനടപ്പാക്കപ്പെടുന്ന നിയമസംവിധാനമുള്ളപ്പോൾ ഇന്ത്യൻ മണ്ണിൽ ഹരിജനത്തിനും മറ്റ് അടിസ്ഥാനവിഭാഗത്തിനും നിയമപരിരക്ഷ വിദൂരമായ സ്വപ്നമാണ്.കോടതികളെ ഭയപ്പെടുന്ന ജനസമൂഹം ന്യായമായ നിയമവ്യവസ്ഥക്കുവേണ്ടി ഇന്ത്യയിൽ ശബ്ദമുയർതാത്ത കാലത്തോളം ഇന്ത്യയിൽ കലർപ്പില്ലാത്ത നിയമവിധികൾ ഉണ്ടാകില്ല.നല്ല ലേഖനം
ReplyDelete