കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) വിനോദ് റായ് കൂട്ടിയും കിഴിച്ചും, സര്‍ക്കാര്‍ ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയതാണ് (കു)പ്രസിദ്ധമായ ടെലികോം കുംഭകോണ ആരോപണത്തിന് ആധാരം. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രവും ലൈസന്‍സും അനുവദിക്കുമ്പോള്‍ ടെലികോം വകുപ്പ് കൈകാര്യം ചെയ്തിരുന്ന എ രാജ, വകുപ്പിലെ ഉദ്യോഗസ്ഥര്‍, ക്രമവിരുദ്ധമായി ലൈസന്‍സ് സ്വന്തമാക്കിയ കമ്പനികളുടെ ഉത്തരവാദപ്പെട്ട ചുമതലകളിലുണ്ടായിരുന്നവര്‍ തുടങ്ങി നിരവധി പേര്‍ ആരോപണവിധേയരായി.
സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) അന്വേഷണം നടത്തിയ കുറ്റപത്രത്തിന്‍മേല്‍ പ്രത്യേക കോടതി വിചാരണ പൂര്‍ത്തിയാക്കി, സകലരെയും കുറ്റവിമുക്തരാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചു. പ്രോസിക്യൂഷന്റെ കുറ്റകരമായ അനാസ്ഥ, ഇത്തരമൊരു വിധിക്ക് പ്രധാനകാരണമായെന്ന് വിചാണാ കോടതി ജഡ്ജി ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രത്യേക കോടതി വിധി ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സി ബി ഐ.
ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന നയമനുസരിച്ചാണ് രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രവും ലൈസന്‍സും വിതരണം ചെയ്തത്. സ്‌പെക്ട്രം ലേലം ചെയ്തിരുന്നുവെങ്കില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുമായിരുന്ന പണം കണക്കാക്കിയാണ് സി എ ജി 1.76 ലക്ഷം കോടിയുടെ നഷ്ടം കണക്കാക്കിയത്. ഇത്രയും നഷ്ടം ഖജനാവിന് വരുത്തിക്കൊണ്ട് ടെലികോം സേവന രംഗത്തുള്ള സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുത്തതില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. സര്‍ക്കാറിന്റെ പ്രഖ്യാപിത നയമനുസരിച്ചാണ് തീരുമാനങ്ങളെടുത്തതെന്നും അതില്‍ ക്രമക്കേട് കാട്ടിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ അഴിമതിയില്ലെന്നുമാണ് എ രാജയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും വാദം. സര്‍ക്കാര്‍ തന്നത് കൈനീട്ടി സ്വീകരിച്ചുവെന്നും അതില്‍ അപാകമില്ലെന്നും കമ്പനികളും വാദിക്കുന്നു. ആ വാദമങ്ങനെ തുടരും. വിചാരണാ കോടതി വിധി ചോദ്യംചെയ്ത് സി ബി ഐ സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുമ്പോഴും ഈ വാദങ്ങള്‍ ഉയര്‍ന്നുവരും.
ഈ അഴിമതി ആരോപണം 2014ലെ തിരഞ്ഞെടുപ്പില്‍ നന്നായി ഉപയോഗിച്ചിരുന്നു ബി ജെ പിയും സഖ്യകക്ഷികളും. പ്രചാരണത്തിന് നേതൃത്വം നല്‍കിയ നരേന്ദ്ര മോദി, ഈ ആരോപണം പരാമര്‍ശിക്കാത്ത ഒരു യോഗം പോലുമില്ല. രാജ്യം അഴിമതിമുക്തമാക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളില്‍ പ്രധാനം. ഈ വാഗ്ദാനം പാലിക്കാനാണോ അതോ അഴിമതി ആരോപണം നേരിടുന്നവര്‍ക്ക് വേണ്ട സഹായം ചെയ്യാനാണോ അധികാരമേറിയ ശേഷം നരേന്ദ്ര മോദി ശ്രമിച്ചത് എന്നതാണ് ഉയരുന്ന ചോദ്യം. അതിലേക്ക് വരണമെങ്കില്‍ ടെലികോം ഇടപാടില്‍ സ്വാന്‍ ടെലികോം എന്ന കമ്പനിയെക്കുറിച്ചുയര്‍ന്ന ആരോപണങ്ങള്‍ പ്രത്യേകമായി കണക്കിലെടുക്കണം.
രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രവും ലൈസന്‍സും ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ നിലവില്‍ മൊബൈല്‍ സേവന രംഗത്തുള്ള കമ്പനികള്‍ അപേക്ഷിക്കരുതെന്ന വ്യവസ്ഥ വെച്ചിരുന്നു. അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന് (എ ഡി എ ജി) കീഴിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സ് (ആര്‍ കോം) നേരത്തെ തന്നെ മൊബൈല്‍ സേവന രംഗത്തേക്ക് പ്രവേശിച്ചതാണ്. അതുകൊണ്ട് എ ഡി എ ജിയുടെ കമ്പനികള്‍ക്കൊന്നും പുതിയ ലൈസന്‍സിന് അപേക്ഷിക്കാനാകുമായിരുന്നില്ല.
ടു ജി ലൈസന്‍സിന് അപേക്ഷ ക്ഷണിക്കാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നതോടെ, അത്രയും നാള്‍ സ്വാന്‍ ക്യാപിറ്റല്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പൊടുന്നനെ സ്വാന്‍ ടെലികോം ആയി മാറി.
സ്വാന്‍ ടെലികോമിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമായുള്ളത് ടൈഗര്‍ ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണെന്ന് കാണിച്ച് സ്വാന്‍ അധികൃതര്‍ ടെലികോം മന്ത്രാലയത്തിന് കത്ത് നല്‍കുകയും ചെയ്തു. എന്തായാലും രാജ്യമാകെ മൊബൈല്‍ സേവനങ്ങള്‍ നല്‍കാന്‍ അനുവാദമുള്ള ലൈസന്‍സും സ്‌പെക്ട്രവും നേടിയെടുത്തു സ്വാന്‍, ഇതിനായി മുടക്കിയത് 1650 കോടി രൂപ. ലൈസന്‍സും സ്‌പെക്ട്രവും സ്വന്തമാക്കിയതിന് പിറകെ കമ്പനിയുടെ 45 ശതമാനം ഓഹരി ഇതിസലാത്ത് എന്ന വിദേശകമ്പനിക്ക് വിറ്റു. അതിലൂടെ ലഭിച്ചത് നാലായിരത്തിലേറെ കോടി രൂപ. മുടക്കുമുതലിന്റെ ഇരട്ടിയിലധികം അപ്പോള്‍ തന്നെ ലാഭം. 55 ശതമാനം ഓഹരി കൈവശം തുടരുകയും ചെയ്തു.
പൊടുന്നനെ രൂപമെടുത്ത്, വലിയ ലാഭം കൊയ്ത സ്വാന്‍ ടെലികോം യഥാര്‍ഥത്തില്‍ എ ഡി എ ജിയുടെ സൃഷ്ടിയായിരുന്നുവെന്നാണ് ആരോപണം. ടെലികോം ഇടപാട് നടക്കുമ്പോള്‍ സ്വാനിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയത് എ ഡി എ ജിയിലെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സില്‍ നിന്നായിരുന്നു. 2007 മാര്‍ച്ച് ഒന്നിന് എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബേങ്കുകളുടെ മുംബൈ ബ്രാഞ്ചില്‍ സ്വാന്‍ ടെലികോം അക്കൗണ്ട് തുടങ്ങി. മാര്‍ച്ച് രണ്ടിനാണ് ടെലികോം ലൈസന്‍സുകള്‍ക്ക് സ്വാന്‍ അപേക്ഷിക്കുന്നത്. അക്കൗണ്ട് തുറക്കാന്‍ എച്ച് ഡി എഫ് സി ബേങ്കിന് നല്‍കിയ കത്ത് റിലയന്‍സ് ടെലികോമിന്റെ ലെറ്റര്‍ ഹെഡിലായിരുന്നു. ആര്‍ കോമിന്റെ ഭാഗമായ കമ്പനിയാണ് സ്വാന്‍ എന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ലൈസന്‍സിന് അപേക്ഷിക്കണമെങ്കില്‍ കമ്പനി അക്കൗണ്ടില്‍ 1030 കോടി രൂപ വേണമായിരുന്നു. 2007 മാര്‍ച്ച് രണ്ടിന് ഇത്രയും തുക സ്വാനിന്റെ ബേങ്ക് അക്കൗണ്ടിലേക്ക് വന്നു. 974 കോടി രൂപ വന്നത് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സില്‍ നിന്നായിരുന്നു. സ്വാന്‍ ടെലികോം എന്നത് അനില്‍ അംബാനി ഗ്രൂപ്പ് സൃഷ്ടിച്ച 'വ്യാജ'നായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ഇതിലധികമൊന്നും വേണ്ട. നിലവില്‍ ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അപേക്ഷിക്കാന്‍ യോഗ്യരല്ലെന്ന വ്യവസ്ഥ മറികടക്കാന്‍ എ ഡി എ ജി 'വ്യാജ' കമ്പനിയുണ്ടാക്കിയെന്നാണ് ആരോപണം. ഇതില്‍ ഉറച്ചുനില്‍ക്കുന്നതു കൊണ്ടാണല്ലോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി ബി ഐ, ടെലികോം കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്.
ജ്യേഷ്ഠന്‍ മുകേഷിനോളം നല്ല കച്ചവടക്കാരനല്ല അനില്‍. അതുകൊണ്ടുതന്നെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് വീണു. ഇതെങ്ങനെയെങ്കിലും വിറ്റൊഴിഞ്ഞ് തടിയൂരാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. വിവിധ ബേങ്കുകളില്‍ നിന്ന് ആര്‍ കോം എടുത്ത വായ്പകള്‍ കുടിശ്ശികയായി നില്‍ക്കുന്നു. (അത് വൈകാതെ കിട്ടാക്കടമായി എഴുതിത്തള്ളാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ) എ ഡി എ ജിയുടെ മറ്റ് കമ്പനികളുടെ സാമ്പത്തിക നിലയും അത്ര ഭദ്രമല്ലെന്നാണ് റിപ്പോര്‍ട്ട്. എല്ലാ കമ്പനികളും ചേര്‍ന്ന് വിവിധ ബേങ്കുകളില്‍ കുടിശ്ശികയാക്കിയത് ശത കോടികള്‍. എല്ലാം ചേര്‍ത്താല്‍ ആകെ കടം ഒരു ലക്ഷം കോടിയോളമാകുമെന്നാണ് കണക്ക്.
ഈ അവസ്ഥയിലുള്ള എ ഡി എ ജിയുടെ കീഴിലുള്ള റിലയന്‍സ് എയ്‌റോസ്ട്രക്ചറാണ് ഫ്രഞ്ച് കമ്പനിയായ ദസൗള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന് സംയുക്ത സംരംഭമുണ്ടാക്കി ഇന്ത്യന്‍ വ്യോമസേനക്ക് വേണ്ടി പോര്‍വിമാനങ്ങളും അതിന്റെ ഭാഗങ്ങളും നിര്‍മിക്കാന്‍ പോകുന്നത്. മറ്റു മേഖലകളില്‍ പ്രതിസന്ധി നേരിടുന്ന ഗ്രൂപ്പ് പുതിയ സംരംഭത്തില്‍ വിജയം കണ്ടുകൂടെന്നില്ല. പക്ഷേ, ഇത്തരത്തിലൊരു കരാര്‍ നേടിയെടുക്കാന്‍ പാകത്തില്‍ എന്ത് പരിചയമുണ്ട് എ ഡി എ ജിയുടെ കമ്പനിക്ക് എന്ന ചോദ്യം പ്രസക്തമാണ്. ദസൗള്‍ട്ട് നിര്‍മിക്കുന്ന പോര്‍വിമാനമായ റാഫേല്‍ വാങ്ങുന്നതിന് ആദ്യത്തെ കരാറുണ്ടാക്കിയത് ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറായിരുന്നു. പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സും ദസൗള്‍ട്ടും ചേര്‍ന്നുള്ള സംയുക്ത സംരംഭമായിരുന്നു അന്ന് കരാറില്‍. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം കരാര്‍ പൊളിച്ചു. അപ്പോഴാണ് കൂടിയ വിലയ്ക്ക് വിമാനം വാങ്ങാനും നിര്‍മാണച്ചുമതല റിലയന്‍സ് ഉള്‍പ്പെടുന്ന സംയുക്ത സംരംഭത്തിന് നല്‍കാനും തീരുമാനിച്ചത്. സംയുക്ത സംരംഭമുണ്ടാക്കാന്‍ പാകത്തില്‍ എ ഡി എ ജി, കമ്പനി രൂപവത്കരിക്കുന്നത് നരേന്ദ്ര മോദി പുതിയ കരാര്‍ ഒപ്പിടുന്നതിന് പന്ത്രണ്ട് ദിവസം മുമ്പ് മാത്രം. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സും സ്‌പെക്ട്രവും വാങ്ങിയെടുക്കുന്നതിന് സ്വാന്‍ ടെലികോമിനെ സൃഷ്ടിച്ചതുപോലെ. സ്വാന്‍ പരോക്ഷ സൃഷ്ടിയായിരുന്നുവെങ്കില്‍ പ്രതിരോധ കമ്പനി പ്രത്യക്ഷ സൃഷ്ടിയായിരുന്നുവെന്ന് മാത്രം.
ആദ്യമുണ്ടാക്കിയത് റിലയന്‍സ് ഡിഫന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി. ദസൗള്‍ട്ടുമായുള്ള സംയുക്ത സംരംഭം ഉറപ്പായതോടെ റിലയന്‍സ് എയ്‌റോസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന പുതിയ കമ്പനിയുണ്ടാക്കി. റാഫേല്‍ വാങ്ങാനുള്ള തീരുമാനം നരേന്ദ്ര മോദി പ്രഖ്യാപിച്ച് രണ്ടാഴ്ചക്ക് ശേഷമാണ് ഈ കമ്പനി ഉടലെടുക്കുന്നത്. റിലയന്‍സ് എയ്‌റോസ്ട്രക്ചറും ദസൗള്‍ട്ടും ചേരുന്ന ദസൗള്‍ട്ട് റിലയന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡ് ഇപ്പോള്‍ നിലവില്‍ വന്നു. അതില്‍ റിലയന്‍സ് എയ്‌റോസ്ട്രക്ചറിന് 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഈ സംയുക്ത കമ്പനിയാണ് റാഫേല്‍ പോര്‍ വിമാനങ്ങളും അതിന്റ ഭാഗങ്ങളും നിര്‍മിക്കാന്‍ പോകുന്നത്.
വിമാന നിര്‍മാണത്തില്‍ പരിചയമുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡിനെ ഒഴിവാക്കി, എ ഡി എ ജിയില്‍ പൊട്ടിമുളച്ച തകരയെ ഉള്‍പ്പെടുത്തിയതിന്റെ കാര്യകാരണങ്ങള്‍ ചോദിക്കരുത്. ജ്യേഷ്ഠന്‍ അംബാനി മൊബൈല്‍ സേവന രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ പരസ്യ മോഡലായി നിന്ന്, ഡിജിറ്റല്‍ ഇന്ത്യാ... എന്ന് ഉദ്‌ഘോഷിച്ചയാള്‍ അനിയന്‍ അംബാനിക്കൊരു ചെറു സഹായം ചെയ്യുന്നതില്‍ അത്ഭുതം കൂറാനില്ല. അദാനി, എസ്സാര്‍ ഗ്രൂപ്പുകള്‍ക്ക് ചെയ്യുന്ന സഹായങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് തുലോം തുച്ഛം.
ഒരു കമ്പനി തട്ടിക്കൂട്ടി, അതുവഴി ടെലികോം ലൈസന്‍സും സ്‌പെക്ട്രവും സ്വന്തമാക്കി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ നിയമ നടപടി നേരിടുന്നവര്‍ (ആ ഇടപാടില്‍ അനില്‍ അംബാനിക്ക് നേരിട്ട് പങ്കാളിത്തമില്ലെന്ന് സി ബി ഐ ആണയിട്ടിട്ടുണ്ട്) അതേ മാതൃകയില്‍ കമ്പനിയുണ്ടാക്കി പ്രതിരോധക്കരാറിന്റെ ഗുണഭോക്താക്കളാകുമ്പോള്‍, അതിന് അവസരമൊരുക്കുന്ന ഭരണാധികാരികള്‍ കള്ളക്കളിക്ക് കൂട്ടു നില്‍ക്കുക മാത്രമല്ല, മുമ്പ് നടന്ന ക്രമവിരുദ്ധ ഇടപാടുകളെ റദ്ദാക്കുക കൂടിയാണ്. രാജ്യം അഴിമതിമുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതും. അഴിമതിക്കേസുകള്‍ ഇല്ലാതാകുകയും കേസിന് ആധാരമായേക്കാവുന്ന സംഗതികള്‍ അംഗീകാരമുള്ളതാക്കുകയും ചെയ്താലും രാജ്യം അഴിമതിമുക്തമാകും! അത് മനസ്സിലാക്കലാണ് യഥാര്‍ഥ രാജ്യ സ്‌നേഹം.
No comments:
Post a Comment