തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാകത്തിലുള്ള തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാറുകള്‍ക്ക് അവകാശമില്ല. അങ്ങനെ തീരുമാനങ്ങളെടുത്താല്‍ അത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായാണ് കണക്കാക്കുക. ഈ വ്യവസ്ഥ നിലനില്‍ക്കെയാണ് ഒരു മണിക്കൂറിനകം താന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നത്. എന്ത് പ്രഖ്യാപനമാണ് പ്രധാനമന്ത്രി നടത്താന്‍ പോകുന്നത് എന്ന ജിജ്ഞാസയോ ആശങ്കയോ വോട്ടര്‍മാരില്‍ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് മുന്‍കൂട്ടിയുള്ള അറിയിപ്പ്. അവ്വിധം ജനങ്ങളില്‍ ഉത്കണ്ഠ ജനിപ്പിച്ച് തന്റെ വാക്കുകള്‍ പരമാവധി പേരിലേക്ക് എത്തിക്കാനുള്ള ശ്രമം പ്രധാനമന്ത്രിസ്ഥാനം ഉപയോഗിച്ച് നരേന്ദ്ര മോദി നടത്തിയത് തന്നെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ പാകത്തിലുള്ള മിസൈല്‍ വിജയകരമായി രാജ്യം പരീക്ഷിച്ചുവെന്ന പ്രഖ്യാപനം നടത്തിയതും ചട്ടലംഘനമായി കാണണം.
ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ദീര്‍ഘകാലമായി നടത്തിക്കൊിരിക്കുന്ന പരിശ്രമങ്ങളുടെ ഫലമായി കൈവരിച്ച നേട്ടം തന്റെ സര്‍ക്കാറിന്റെ കാലത്തേതെന്ന് ജനത്തെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയുമാണ് നരേന്ദ്ര മോദി. ഇന്ത്യന്‍ യൂനിയനെന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ ഏറ്റവും വലിയ കസേരയിലിരിക്കുന്ന വ്യക്തി, രാഷ്ട്രീയ നേട്ടം മാത്രം മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്ന തീര്‍ത്തും ചെറിയ മനസ്സിന്റെ ഉടമയാണെന്ന് മനസ്സിലാക്കാന്‍ ഇതിലധികം തെളിവു വേണ്ട. യു പി എ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച പദ്ധതികള്‍ പേരുമാറ്റി സ്വച്ച് ഭാരത്, മേക്ക് ഇന്‍ ഇന്ത്യ എന്നൊക്കെ അതി നാടകീയമായി പ്രഖ്യാപിച്ചപ്പോഴുണ്ടായ ലജ്ജയില്ലായ്മ തുടരുകയാണ്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനുള്‍പ്പടെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ നിയന്ത്രണത്തില്‍ നിറുത്താനാണ് ശ്രമിച്ചത്. അതിന് ഏറ്റവുമധികം വഴങ്ങിക്കൊടുത്ത സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുജറാത്തിലെയും കര്‍ണാടകത്തിലെയും നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ തീയതികള്‍ ബി ജെ പി നേതാക്കള്‍ നേരത്തേ അറിഞ്ഞതായി ആക്ഷേപമുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതി കമ്മീഷന്‍ എന്ന് പ്രഖ്യാപിക്കുമെന്ന് ചില ബി ജെ പി നേതാക്കള്‍ നേരത്തെ പറയുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വിവരങ്ങള്‍ ബി ജെ പിയുടെ ഓഫീസിലേക്ക് ചോരുന്നുവെന്ന ആക്ഷേപം ഇതോടെ ശക്തമായി. കമ്മീഷന്റെ നിഷ്പക്ഷതയെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയം ഉന്നയിച്ചു.
'മഹാ ആയുധം' പ്രയോഗിച്ചുവെന്ന വീരവാദത്തിലൂടെ, രാജ്യത്തെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ കാലത്ത് കഴിഞ്ഞുവെന്ന പ്രതീതി ജനങ്ങളില്‍ സൃഷ്ടിക്കാനും അതുവഴി വോട്ടര്‍മാരെ സ്വാധീനിക്കാനും നരേന്ദ്ര മോദി ശ്രമിച്ചപ്പോള്‍ അതിലൊരു ചട്ടലംഘനവും കമ്മീഷന്‍ കാണുന്നില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ടതല്ലെന്നും ഔദ്യോഗിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്നും കമ്മീഷന്‍ വിശദീകരിക്കുന്നു. രാജ്യം സുരക്ഷിതമായി ഉണ്ടെങ്കിലല്ലേ രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കൂ, തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലല്ലേ കമ്മീഷനും അവരുടെ പെരുമാറ്റച്ചട്ടത്തിനും പ്രസക്തിയുണ്ടാകൂ. അതിനാല്‍ രാജ്യ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുന്നതും അത് ജനങ്ങളെ അറിയിക്കുന്നതും ജനഹിതത്തെ സ്വാധീനിക്കാനുള്ള ശ്രമമായി കാണാനാകില്ലെന്നാണ് വിധി. അഥവാ നരേന്ദ്ര മോദി ഏതെങ്കിലും വിധത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയാലും ന്യായം തീര്‍ത്ത് സാധൂകരിക്കാനേ കമ്മീഷന്‍ ശ്രമിക്കൂ.
കൊട്ടിഘോഷിക്കുന്ന ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം, രാജ്യത്തെ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗം എന്നതിലുപരി ഏതുവിധേനയും തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കാനുള്ള ശേഷി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന നേരത്തെ തന്നെ ആര്‍ജിച്ചിട്ടുണ്ട്. ഭാരം കൂടുതലുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി ആര്‍ജിച്ചിട്ടും വര്‍ഷങ്ങളായി. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്‌നി പലകുറി വിജയകരമായി പരീക്ഷിച്ചിട്ടും വര്‍ഷങ്ങളായി. അതുകൊണ്ടുതന്നെ ഉപഗ്രഹവേധ മിസൈലിന്റെ നിര്‍മാണത്തിന് പ്രയാസമില്ല ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്. നിര്‍മിച്ച ആയുധം പരീക്ഷിക്കണമോ വേണ്ടയോ എന്നതില്‍ മാത്രമേ തര്‍ക്കമുണ്ടായിരുന്നുള്ളൂ. ഉപഗ്രഹം തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ട് ബഹിരാകാശത്തെ കലുഷിതമാക്കണമോ എന്ന് ചിന്തിച്ച മുന്‍കാല ഭരണ നേതൃത്വം പരീക്ഷണം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ബഹിരാകാശത്തെ കലുഷിതമാക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളോ ഇത്തരത്തിലുള്ള പരീക്ഷണം ഇതര രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിലുണ്ടാക്കാന്‍ ഇടുള്ള കാലുഷ്യങ്ങളോ ഒന്നും പരിഗണിക്കാത്ത ഭരണാധികാരിക്ക് മുന്‍ പിന്‍ നോക്കേണ്ട ആവശ്യമില്ല. എന്ത് ചെപ്പടി വിദ്യ കാണിച്ചും അധികാരത്തില്‍ തിരിച്ചെത്തുക എന്ന മിനിമം പരിപാടിയേ അദ്ദേഹത്തിന്റെ അജണ്ടയിലുള്ളൂ. തീവ്ര വര്‍ഗീയതയെ രാജ്യ സ്‌നേഹത്തില്‍ ചാലിച്ച് നല്‍കി, ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സംഘ്പരിവാരത്തിന് ഏകാധിപതിയുടെ തീരുമാനം മറ്റൊരു ആയുധം മാത്രം.
ഈ പ്രഖ്യാപനത്തിന് ശേഷമാണ് നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിന് ഔദ്യോഗിക തുടക്കമായത്. അതായത്, ഉപഗ്രഹവേധ മിസൈലിന്റെ പരീക്ഷണവിജയം കൂടി പ്രഖ്യാപിക്കാന്‍ പാകത്തിലാണ് പ്രചാരണ റാലികളുടെ സമയക്രമം നിശ്ചയിച്ചത് എന്ന് ചുരുക്കം. ഭരണകൂടവും അതിനെ നിയന്ത്രിക്കുന്ന സംഘ്പരിവാരവും ആവിഷ്‌കരിച്ച പദ്ധതിക്ക് രാജ്യത്തെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഡി ആര്‍ ഡി ഒ) പോലും വഴങ്ങിക്കൊടുക്കുന്ന അതി ഗുരുതരമായ സാഹചര്യമാണ് രാജ്യത്തുണ്ടായിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ ആദ്യത്തെ പ്രചാരണ റാലിയില്‍ തന്നെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ചതിനെ വിഷയമാക്കാന്‍ നരേന്ദ്ര മോദി മടിച്ചില്ല. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണം, അതേക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായി വരും മുമ്പ് ബി ജെ പിയുടെ റാലിയില്‍ പരാമര്‍ശിച്ച്, അതിന്റെ പേരില്‍ തന്നെ വീണ്ടും പിന്തുണക്കണമെന്ന് അഭ്യര്‍ഥിച്ച അതേ രീതി ഇവിടെയും ആവര്‍ത്തിക്കുന്നു. അല്‍പ്പന് കിട്ടിയ അര്‍ഥം പോലെയാണ് നരേന്ദ്ര മോദിക്ക് ബലാക്കോട്ടും ഉപഗ്രഹവേധ മിസൈലുമൊക്കെ. പരീക്ഷണം നടത്തി മണിക്കൂറുകള്‍ക്കകം അത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് കണ്‍തുറന്ന് കാണാനും ഭരണഘടനാ സ്ഥാപനമെന്ന നിലക്കുള്ള ഉത്തരവാദിത്വം നിറവേറ്റാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിരുന്നുവെങ്കില്‍, കനക സിംഹാസനത്തില്‍ കയറിയിരിക്കുന്നയാളുടെ ശുംഭത്തം അവര്‍ക്ക് തുറന്ന് പറയേി വരുമായിരുന്നു. അതിന് പകരം ശുനകനൊപ്പം ഓരിയിടുന്നത് തുടരുകയാണ് അവര്‍.
ഈ അവസരങ്ങളൊക്കെ ലഭിച്ചതിന് ശേഷവും, 56 ഇഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന നേതാവിന്, അഞ്ചാണ്ടത്തെ ഭരണത്തിന് ശേഷം ജനങ്ങളോട് പറയാനുള്ളത് കരയിലും ആകാശത്തും ബഹിരാകാശത്തും നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് മാത്രമാണ്. അതിലൂടെ രാജ്യത്തെ സുരക്ഷിതമാക്കിയെന്ന വ്യാജം സ്ഥാപിച്ചെടുക്കാനുള്ള ശ്രമം നടത്താനേ അദ്ദേഹത്തിന് സാധിക്കുന്നുള്ളൂ. അഞ്ചാണ്ടു കൊണ്ട് എത്ര തൊഴില്‍ അവസരം സൃഷ്ടിച്ചു? കര്‍ഷകരുടെ ക്ഷേമത്തിന് എന്ത് ചെയ്തു? കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉത്പാദനച്ചെലവിന്റെ ഇരട്ടി വില ലഭ്യമാക്കുമെന്ന വാഗ്ദാനം പാലിക്കാനായോ? തൊഴിലാളികളുടെ കുറഞ്ഞ കൂലി പുതുക്കാനായോ? കൊട്ടിഘോഷിച്ച കക്കൂസ് നിര്‍മാണം എവിടെവരെയായി? ഇതിനകം നിര്‍മിച്ച അശാസ്ത്രീയമായ ലീച്ച് പിറ്റ് കക്കൂസുകള്‍ ഭാവിയിലുണ്ടാക്കാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാന്‍ എന്ത് നടപടിയെടുത്തു? ഇടത്തരം ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാന്‍ എന്തുചെയ്തു? നോട്ട് പിന്‍വലിച്ച നടപടിയിലൂടെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സമ്പദ് വ്യവസ്ഥയെ പൂര്‍വ സ്ഥിതിയിലാക്കാന്‍ എന്തെങ്കിലും ചെയ്‌തോ? ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ (കള്ളപ്പണം ഇല്ലാതാക്കും, കള്ളനോട്ട് തടയും, ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് തടയും) ഏതെങ്കിലും പ്രാപിക്കാനായോ?
അങ്ങനെ നിരവധിയായ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതിരിക്കെയാണ് കരയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്തിയെന്ന വീരവാദം. അതൊക്കെ നടത്തിയെന്നും വിജയം കന്നെും നിര്‍ബന്ധിത രാജ്യസ്‌നേഹത്തിന്റെ (അടിയന്തരാവസ്ഥയിലെ നിര്‍ബന്ധിത വന്ധ്യംകരണം പോലെ) സാഹചര്യത്തില്‍ അംഗീകരിച്ചാല്‍ തന്നെ അതുവഴി 130 കോടിയിലേറെയുള്ള ജനതയില്‍ ഇന്നും ദാരിദ്ര്യത്തില്‍ തുടരുന്ന 50 ശതമാനത്തിന് ഗുണമെന്ത്?
ഉറിയില്‍ സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ശേഷമാണ്, വീരവാദങ്ങളില്‍ ആദ്യത്തേതായ കരയിലൂടെയുള്ള മിന്നലാക്രമണം. ഭീകര കേന്ദ്രങ്ങളാകെ തകര്‍ത്തു, ഇന്ത്യന്‍ മണ്ണിലെ ഒരില അനക്കാന്‍ പോലും ശേഷിയില്ലാത്ത വിധത്തില്‍ ഉന്‍മൂലനം ചെയ്തു എന്നൊക്കെയായിരുന്നു അന്നത്തെ അവകാശവാദം. അതിന് ശേഷം കശ്മീരിലുായ ആക്രമണങ്ങളുടെ എണ്ണമെത്രയാണ്? അവയില്‍ ഏറ്റവും വലുതായിരുന്നില്ലേ പുല്‍വാമയിലേത്?
ഉച്ചഭാഷിണിയിലെ അലര്‍ച്ച കേള്‍ക്കാന്‍ ആട്ടിത്തെളിച്ച് കൊണ്ടുവരുന്ന അനുയായി വൃന്ദങ്ങളുടെയോ വര്‍ഗീയതയില്‍ മുങ്ങി കാഴ്ച നഷ്ടപ്പെട്ടവരുടെയോ മനസ്സില്‍ ഈ ചോദ്യങ്ങളുാകില്ല. മൂന്ന് നേരത്തെ ഭക്ഷണത്തിന് വിയര്‍പ്പൊഴുക്കുന്ന കോടിക്കണക്കിന് സാധാരണക്കാരുടെ മനസ്സില്‍ ഈ ചോദ്യങ്ങളൊക്കെയുണ്ടാകും. അവരുടെ മറുപടി വോട്ടിംഗ് മെഷീനിലെ നീണ്ടമരുന്ന ശബ്ദമാകാന്‍ സാധ്യത ഏറെയാണ്. എതിര്‍ ശബ്ദങ്ങളെയൊക്കെ ഇല്ലാതാക്കി, സര്‍ക്കാറിന്റെ വാഴ്ത്തുമൊഴികള്‍ മാത്രം ജനങ്ങളിലേക്ക് എത്തിച്ച അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാ ഗാന്ധി സര്‍ക്കാറിനെ ജനം വിധിച്ചത് സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. അതാണ് യഥാര്‍ഥ മിന്നലാക്രമണം. തല്ലാനും കൊല്ലാനും രാജ്യത്തു നിന്ന് പുറത്താക്കാനും യത്‌നിക്കുന്നവര്‍ക്ക്, അത്തരക്കാര്‍ക്ക് സ്വതന്ത്രവിഹാരത്തിന് അവസരമുണ്ടാക്കി ഇന്ത്യന്‍ യൂനിയന്റെ അടിസ്ഥാന സ്വഭാവം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരാണ് പെരുമാറ്റച്ചട്ടമുാക്കുക.