2019-03-11

രാജ്യദ്രോഹത്തിലെ അഴിമതി സാധ്യതകള്‍


അഞ്ചാണ്ടു മുമ്പ് രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ അധികാരത്തില്‍ പത്താണ്ട് പിന്നിട്ട യു പി എ സര്‍ക്കാറിനെതിരെ കഠിനമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതില്‍ പ്രധാനപ്പെട്ടവ ടെലികോം, കല്‍ക്കരി എന്നിവയുമായി ബന്ധപ്പെട്ടവയായിരുന്നു. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രവും ലൈസന്‍സും വിതരണം ചെയ്തതില്‍ 1.78 ലക്ഷം കോടി രൂപയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിനുണ്ടായെന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയത്. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യമെന്ന, 2001ല്‍ എ ബി വാജ്പയി പ്രധാനമന്ത്രിയായിരിക്കെ സ്വീകരിച്ച നയപ്രകാരമാണ് ലൈസന്‍സുകള്‍ വിതരണം ചെയ്തത്. ലൈസന്‍സ് ലഭിച്ചവര്‍ക്ക് കുറഞ്ഞ നിരക്കില്‍ സ്‌പെക്ട്രം ലഭ്യമാക്കാന്‍ വ്യവസ്ഥ ചെയ്തത് മൊബൈല്‍ സേവനങ്ങള്‍ രാജ്യത്ത് വ്യാപിപ്പിക്കാനുദ്ദേശിച്ചായിരുന്നു. മത്സരാധിഷ്ഠിത ലേലം നടത്തിയിരുന്നുവെങ്കില്‍ സ്‌പെക്ട്രത്തിന് ലഭിക്കുമായിരുന്ന വില കണക്കാക്കിയ സി എ ജി, അതുമായി താരതമ്യം ചെയ്താണ് ഖജനാവിനുണ്ടായ നഷ്ടം കണക്കാക്കിയത്.


കല്‍ക്കരിപ്പാടങ്ങളുടെ വിതരണത്തിന് യു പി എ സര്‍ക്കാര്‍ അടിസ്ഥാനമാക്കിയതും, മുന്‍കാലത്തെ സര്‍ക്കാറുകള്‍ ആവിഷ്‌കരിച്ച നയമായിരുന്നു. അതിലും മത്സരാധിഷ്ഠിത ലേലം നടത്തിയിരുന്നുവെങ്കില്‍ സര്‍ക്കാര്‍ ഖജനാവിന് ഉണ്ടാകുമായിരുന്ന നേട്ടം സി എ ജി കണക്കാക്കി. ലേലം നടത്താതിരുന്നത് മൂലമുണ്ടായ നഷ്ടത്തിന് യു പി എ സര്‍ക്കാറിനെ ഉത്തരവാദിയാക്കി. പ്രകൃതി വിഭവങ്ങള്‍, പരമാവധി ചൂഷണം ചെയ്ത് ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന വന്‍കിട കുത്തകകള്‍ക്ക് സൗജന്യ നിരക്കില്‍ വിഭവങ്ങള്‍ നല്‍കേണ്ടതുണ്ടോ എന്നത് അടിസ്ഥാനപരമായ ചോദ്യമാണ്. സൗജന്യ നിരക്കില്‍ വിഭവങ്ങള്‍ നേടിയെടുക്കുന്ന കുത്തക കമ്പനികള്‍ അതിന്റെ ആനുകൂല്യം സാധാരണക്കാരായ ജനങ്ങള്‍ക്ക് കൈമാറുമോ എന്നതും പ്രധാനപ്പെട്ട ചോദ്യംതന്നെ.


ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സര്‍ക്കാറുകളെ നയിക്കാന്‍ പാകത്തില്‍ ജനപിന്തുണ ലഭിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് നല്‍കേണ്ടത്. കുത്തകകള്‍ക്ക് സൗജന്യനിരക്കില്‍ വിഭവങ്ങള്‍ വിതരണം ചെയ്യണമോ വേണ്ടയോ എന്നതൊക്കെ നയപരമായ തീരുമാനമാണ്. അത്തരം നയങ്ങളുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ കാതലായ വ്യത്യാസം ഇല്ലെന്നതാണ് വസ്തുത. അവ മാത്രമല്ല, ഇന്ത്യാ മഹാരാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതിരുകളില്ലാത്ത കമ്പോളവും അതിന് പരമാവധി സ്വാതന്ത്ര്യം അനുവദിക്കുന്നതിലൂടെ ഉടലെടുക്കുന്ന അവസരങ്ങളുടെ വിനിയോഗവുമാണ് മുന്നോട്ടുള്ള വികസനത്തിന്റെ പാതയായി കാണുന്നത്. കമ്പോള നിയന്ത്രിതമായ സമ്പദ് വ്യവസ്ഥ ഇതിനകം പ്രദാനം ചെയ്ത സൗകര്യങ്ങളെ, അവഗണിച്ച് മുന്നോട്ടുപോകാന്‍ ഈ രാഷ്ട്രീയ സംവിധാനങ്ങള്‍ക്കൊന്നും സാധിക്കില്ല തന്നെ.


നയത്തില്‍ വ്യത്യാസമില്ലാത്ത പാര്‍ട്ടികള്‍, അതിലൊന്ന് മുന്‍കാലത്ത് ആവിഷ്‌കരിച്ച നയം രണ്ടാമത്തേത് പിന്തുടര്‍ന്നപ്പോള്‍ അഴിമതി ആരോപണവുമായി രംഗത്തുവന്നത് രാഷ്ട്രീയ മുതലെടുപ്പ് മാത്രമുദ്ദേശിച്ചായിരുന്നു. അതിലവര്‍ വിജയം കണ്ടതുകൊണ്ടാണ് 2014 മെയ് അവസാനം നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്. അങ്ങനെ മുതലെടുക്കുമ്പോഴും പത്താണ്ട് പ്രധാനമന്ത്രി സ്ഥാനത്തിരുന്ന ഡോ. മന്‍മോഹന്‍ സിംഗിനു നേര്‍ക്ക്, ജനം വിശ്വസിക്കും വിധത്തിലുള്ള ആരോപണം ഉന്നയിക്കാന്‍ ബി ജെ പിയ്‌ക്കോ അതിന്റെ പ്രചാരണച്ചുമതല ഏറ്റെടുത്ത് രാജ്യമാകെ സഞ്ചരിച്ച നരേന്ദ്ര മോദിക്കാ സാധിച്ചിരുന്നില്ല. ആരോപണങ്ങളോട് പ്രതികരിക്കുന്നില്ല എന്നോ നിരന്തരം മൗനം പാലിക്കുന്നുവെന്നോ അഴിമതിക്ക് അവസരം നല്‍കും വിധത്തില്‍ ദുര്‍ബലനായെന്നോ ഒക്കെയായിരുന്നു ആക്ഷേപങ്ങള്‍. അവയോടും പ്രതികരിച്ചിരുന്നില്ല ഡോ. മന്‍മോഹന്‍ സിംഗ്.


കുറഞ്ഞ നിരക്കില്‍ ടെലികോം സേവനങ്ങള്‍ ജനങ്ങളുടെ പക്കലെത്തിക്കാന്‍ പാകത്തിലുള്ള നയവും വൈദ്യുതോത്പാദനത്തിന് ചെലവ് കുറയ്ക്കാന്‍ പാകത്തില്‍ കല്‍ക്കരിയുടെ വില കുറയും വിധത്തിലുള്ള നയവും അദ്ദേഹത്തെ സംബന്ധിച്ച് തികച്ചും ശരിയായിരുന്നു. അതുകൊണ്ടു തന്നെ അഴിമതി ആരോപണങ്ങള്‍ യുക്തിസഹമാണെന്ന് ഡോ. മന്‍മോഹന്‍ സിംഗിന് തോന്നിയിട്ടുണ്ടാകില്ല. എന്നാല്‍ ഇതേ നയങ്ങള്‍ ശരിയെന്ന് വിശ്വസിക്കുകയും അതിലൊന്നിന്റെ ആവിഷ്‌ക്കര്‍ത്താക്കളാകുകയും ചെയ്തവരാണ് അഴിമതി ആരോപണം ഏറ്റുപിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്.


അഞ്ചാണ്ട് പിന്നിട്ട്, രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ അഴിമതി ആരോപണം തന്നെയാണ് മുഖ്യ വിഷയം. ആരോപണം നേരിടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് എന്ന വ്യത്യാസമുണ്ടെന്ന് മാത്രം. സര്‍ക്കാര്‍ സ്വീകരിച്ച നയമനുസരിച്ച് വിഭവങ്ങള്‍ വിതരണം ചെയ്തതാണ് യു പി എ സര്‍ക്കാറിന്റെ കാലത്ത് വലിയ കുംഭകോണ ആരോപണത്തിന് വഴിവെച്ചതെങ്കില്‍ റാഫേല്‍ പോര്‍ വിമാനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച നയം ലംഘിച്ച് ഇടപാട് നടത്തിയെന്നാണ് ആരോപണം.

നയം ലംഘിക്കാന്‍ നിര്‍ദേശം നല്‍കിയത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നാണ് ഇതിനകം പുറത്തുവന്ന രേഖകള്‍ തെളിയിക്കുന്നത്. പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിന് 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച നയം ലംഘിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാകുന്നത്, പ്രധാനമന്ത്രിയുടെ അറിവില്ലാതെയാകുമോ? പ്രധാനമന്ത്രിയുടെ അറിവില്ലാതെ തീരുമാനമെടുക്കാന്‍ ആ ഓഫീസ് തയ്യാറാകുന്നുവെങ്കില്‍ സ്വന്തം ഓഫീസിനെപ്പോലും വരുതിയില്‍ നിര്‍ത്താന്‍ കഴിയാത്ത വ്യക്തിയായി നരേന്ദ്ര മോദി മാറും. സകലതും സ്വന്തം നിയന്ത്രണത്തിലാകണമെന്ന് ആഗ്രഹിക്കുന്ന, അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന, കരുത്തനെന്ന് സംഘപരിവാരം വിശേഷിപ്പിക്കുന്ന നരേന്ദ്ര മോദിയുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു ഓഫീസെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളാണ് റാഫേല്‍ ഇടപാടില്‍ ആ ഓഫീസ് നടപ്പാക്കിയത്.


റാഫേല്‍ പോര്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസ്സൗള്‍ട്ട് ഏവിയേഷനുമായി പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അത്തരം ചര്‍ച്ചകള്‍ ഇന്ത്യന്‍ യൂണിയന്റെ വിലപേശല്‍ ശേഷിയെ ദുര്‍ബലപ്പെടുത്തുമെന്നും പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥന്‍ എഴുതിയ കുറിപ്പ് പുറത്തുവന്നിട്ടുണ്ട്. ദസ്സൗള്‍ട്ട് ഏവിയേഷനുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യന്‍ യൂണിയന്റെ (രാജ്യത്തിന്റെ) വിലപേശല്‍ ശക്തിയെ ദുര്‍ബലപ്പെടുത്തും വിധത്തില്‍ പ്രധാനമന്ത്രി ഇടപെട്ടത് എന്തിനു വേണ്ടിയാണ്? ഫ്രഞ്ച് കമ്പനിക്ക് വേണ്ടി ഇന്ത്യന്‍ യൂണിയന്റെ വിലപേശല്‍ ശക്തി ഇല്ലാതാക്കുന്നത് രാജ്യ സ്‌നേഹമാണോ? ബാങ്ക് ഗ്യാരണ്ടിയോ ഫ്രഞ്ച് സര്‍ക്കാറിന്റെ ഗ്യാരണ്ടിയോ കൂടാതെ ദസ്സൗള്‍ട്ട് ഏവിയേഷനുമായി കരാറുണ്ടാക്കരുതെന്ന നിര്‍ദേശം ലംഘിച്ചതും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ്. ഓഫീസ് ഇടപെട്ടെന്ന് പറഞ്ഞാല്‍ പ്രധാനമന്ത്രി പറഞ്ഞിട്ട് എന്നാണ് അര്‍ത്ഥം. നിര്‍ദിഷ്ട വ്യവസ്ഥകള്‍ക്കനുസരിച്ച് ഉത്പന്നം വിതരണം ചെയ്യാന്‍ വിദേശ കമ്പനി തയ്യാറാകുമെന്ന് ഉറപ്പാക്കാന്‍ തയ്യാറാകാതെ കരാറിലൊപ്പിടാന്‍ നിര്‍ദേശിക്കുന്ന പ്രധാനമന്ത്രി ഏതെങ്കിലും വിധത്തിലുള്ള അഴിമതി കാണിക്കുന്നുണ്ടോ? ഇന്ത്യയുടെ പ്രതിരോധ താത്പര്യങ്ങള്‍ക്ക് ഉതകും വിധത്തില്‍ കരാറുണ്ടാക്കണമെന്ന നിര്‍ദേശം ലംഘിക്കുന്നത് രാജ്യ സ്‌നേഹമാണോ?


യു പി എ സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ ധാരണയനുസരിച്ച്, 126 റാഫേല്‍ വിമാനങ്ങള്‍ വ്യോമസേനക്ക് ലഭ്യമാക്കുന്നതായിരുന്നു കരാര്‍. 18 എണ്ണം ദസ്സൗള്‍ട്ടില്‍ നിന്ന് നേരിട്ട് വാങ്ങും. 108 എണ്ണം ദസ്സൗള്‍ട്ടും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനവും ചേര്‍ന്ന് രൂപീകരിക്കുന്ന സംയുക്ത കമ്പനിയുണ്ടാക്കും. ഇതില്‍ മാറ്റം വരുത്തി 36 എണ്ണം മാത്രം വാങ്ങിയാല്‍ മതിയെന്ന് തീരുമാനിച്ചത് ഇന്ത്യന്‍ വ്യോമസേനയെ ശക്തിപ്പെടുത്താനാണോ? 126 പോര്‍ വിമാനങ്ങളെങ്കിലും വേണമെന്നായിരുന്നു വ്യോമസേനയുടെ ആവശ്യം. ദസ്സൗള്‍ട്ടില്‍ നിന്ന് 36 എണ്ണം വാങ്ങിയാല്‍ മതിയെന്ന് തീരുമാനിച്ച നരേന്ദ്ര മോദി ബാക്കി 90 എണ്ണം വാങ്ങുന്നതിന് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രഹരശേഷി വര്‍ധിപ്പിക്കാനായി വ്യോമസേന ആവശ്യപ്പെട്ട പോര്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് നടപടി സ്വീകരിക്കാത്ത പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സര്‍ക്കാറും രാജ്യത്തോട് കൂറുള്ളവരാകുമോ?


അഞ്ച് വര്‍ഷം മുമ്പ് നരേന്ദ്ര മോദി, രാജ്യാമാകെ തൊണ്ടകീറിയ അഴിമതി ആരോപണം, പ്രകൃതി വിഭവങ്ങള്‍ ലേലം ചെയ്തിരുന്നുവെങ്കില്‍ ഖജനാവിലേക്ക് കിട്ടുമായിരുന്ന തുക കണക്കാക്കി, അതു നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലിയായിരുന്നു. ഇവിടെ നയവിരുദ്ധമായി കാര്യങ്ങള്‍ ചെയ്തതിന്റെ, അവ്വിധം ചെയ്യാന്‍ പ്രധാനമന്ത്രി തന്നെ പ്രേരിപ്പിച്ചതിന്റെ, അതിലൂടെ അധികമായി ചെലവിടേണ്ടി വന്ന തുകയുടെ ഒക്കെ പ്രശ്‌നമാണ്. അതിലുപരി രാജ്യതാത്പര്യങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതിന്റെ പ്രശ്‌നമാണ്. ആ നിലക്ക് രാജ്യസ്‌നേഹവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്.


രാജ്യത്തിന്റെ വിലപേശാനുള്ള ശക്തി കുറച്ച്, രാജ്യത്തിന്റെ സമ്പത്ത് വേണ്ടത്ര ഉറപ്പില്ലാതെ വിദേശ കമ്പനിക്ക് കൈമാറാന്‍ നിശ്ചയിച്ച്, ആവശ്യപ്പെട്ട പോര്‍വിമാനങ്ങള്‍ വാങ്ങിനല്‍കാതെ വ്യോമസേനയെ ദുര്‍ബലമാക്കി, ആ ദൗര്‍ബല്യം തുടരാന്‍ പാകത്തില്‍ പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന് നടപടികള്‍ തുടങ്ങാതെ അങ്ങനെ പലവിധത്തില്‍ രാജ്യതാത്പര്യങ്ങളെ ഹനിക്കുന്നത്. രാജ്യതാത്പര്യങ്ങളെ ഹനിക്കുന്നതൊക്കെ രാജ്യദ്രോഹമാണ് (സംഘപരിവാര മാനദണ്ഡങ്ങളനുസരിച്ചാണെങ്കില്‍ മാപ്പര്‍ഹിക്കാത്ത രാജ്യദ്രോഹം).


റാഫേല്‍ ഇടപാട് എന്നത് പോര്‍വിമാനത്തിന് വിലയല്‍പ്പം കൂട്ടി നല്‍കി ദസ്സൗള്‍ട്ട് ഏവിയേഷന് ലാഭമുണ്ടാക്കിക്കൊടുക്കുകയും അതിന്റെ കമ്മീഷന്‍ പോക്കറ്റിലാക്കുകയും ചെയ്തതല്ല എന്നര്‍ത്ഥം. കമ്മീഷന്‍ പോക്കറ്റിലാക്കിയിട്ടുണ്ടോ എന്നത് വേറെ അന്വേഷിക്കേണ്ടതാണ്. എച്ച് എ എല്ലിന് പകരം പ്രതിരോധ സാമഗ്രികളുടെ നിര്‍മാണത്തില്‍ മുന്‍പരിചയമില്ലാത്ത അനില്‍ അംബാനിയുടെ കമ്പനിയെ ദസ്സൗള്‍ട്ടിന്റെ പങ്കാളിയാക്കിയതിന് അംബാനി സഹോദരന്‍മാരില്‍ നിന്ന് കോഴയായോ സംഭാവനയായോ പണം പറ്റിയിട്ടുണ്ടോ എന്നതും അന്വേഷിക്കണം.


ആ വകകള്‍ക്കും അഞ്ച് വര്‍ഷം മുമ്പത്തെ നഷ്ടക്കണക്കിനേക്കാള്‍ ഗൗരവമുണ്ട്. ഈ സംഘപരിവാര്‍ കാലത്ത്, അതിനേക്കാള്‍ ഗൗരവമുള്ളത് രാജ്യദ്രോഹമെന്ന ആരോപണത്തിനാണ്. പ്രധാനമന്ത്രിയെ, ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി മുദ്രകുത്തപ്പെടുന്ന ഇക്കാലത്ത്, വിദേശകമ്പനിയുമായുള്ള ഇടപാടില്‍ രാജ്യത്തിന്റെ വിലപേശല്‍ ശക്തി ഇല്ലാതാക്കാന്‍ പാകത്തില്‍ നരേന്ദ്ര മോദി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹവും നേരിടണം രാജ്യദ്രോഹിയെന്ന ആരോപണം. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് രേഖ മോഷ്ടിച്ചുവെന്നോ മോഷ്ടിച്ച രേഖയണ് തെളിവായി ഹാജരാക്കുന്നത് എന്ന് അപഹസിച്ചോ രാജ്യദ്രോഹം പ്രവര്‍ത്തിച്ചെന്ന ആരോപണത്തിന് തടയിടാനാകില്ല.

No comments:

Post a Comment