2019-02-25

സംഹാരം + ഭയം = അധികാരം


2001 അവസാനം ഗുജറാത്തിലെ മുഖ്യമന്ത്രിക്കസേരയില്‍ അവരോധിതനാകുമ്പോള്‍ പാളയത്തില്‍ പടയുണ്ടായിരുന്നു. കൃഷിയിലും കച്ചവടത്തിലും വ്യവസായത്തിലും മേല്‍ക്കൈയുണ്ടായിരുന്ന പട്ടേലന്മാര്‍ അധികാരത്തില്‍ അവരുടെ പങ്ക് ചോദിച്ചുവാങ്ങിയിരുന്നു. മുഖ്യാധികാര സ്ഥാനത്ത്  സമുദായാംഗമല്ലെങ്കില്‍ അവര്‍ കലാപക്കൊടി ഉയര്‍ത്തുമായിരുന്നു. പട്ടേലന്‍മാര്‍ക്കിടയില്‍ സമാന്യത്തിലധികം സ്വാധീനമുണ്ടായിരുന്ന കേശുഭായിയെ നീക്കിക്കൊണ്ട് മുഖ്യമന്ത്രിക്കസേരയില്‍ അവരോധിതനാകുമ്പോള്‍ അടുത്തൊരു അധികാരക്കലാപത്തില്‍ നിഷ്‌കാസിതനാകാന്‍ പോകുന്നയാളെന്ന പ്രതീതിയാണ് പുറമേക്കുണ്ടായിരുന്നത്. അല്ലെങ്കില്‍ അധികം വൈകാതെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പരാജയത്തോടൊപ്പം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിഷ്‌കാസിതനാകാന്‍ പോകുന്ന നേതാവ് എന്ന പ്രതീതി.

ഇതൊക്കെ അപ്രസക്തമാക്കിക്കൊണ്ട്  13 വര്‍ഷക്കാലം ആ കസേരയില്‍ അമര്‍ന്നിരിക്കാനും രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയരാനും വേണ്ട ഊര്‍ജം വംശഹത്യാ ശ്രമത്തിലെ ചോരയില്‍ നിന്നായിരുന്നു.
2002ല്‍ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപിടിച്ച് 58 പേര്‍ മരിച്ചപ്പോള്‍ കൊല്ലപ്പെട്ടവരൊക്കെ അയോധ്യയില്‍ നിന്ന് മടങ്ങിയ കര്‍സേവകരാണെന്ന് പ്രചരിപ്പിച്ച്, കത്തിക്കരിഞ്ഞ മൃതദേഹം അഹമ്മദാബാദിലേക്ക് കൊണ്ടുവന്ന് പൊതുദര്‍ശനത്തിനുവെച്ച്, ഭൂരിപക്ഷത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരമുണ്ടാക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശിച്ച്, പോലീസ് നിഷ്‌ക്രിയരായി കൊലക്കും ബലാത്സംഗത്തിനും കൊള്ളിവെപ്പിനും കൊള്ളക്കും അരങ്ങൊരുക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കണ്‍ട്രോള്‍ റൂമിലേക്ക് രണ്ട് മന്ത്രിമാരെ നിയോഗിച്ച്, സമാനതകളില്ലാത്ത അക്രമം അരങ്ങേറുമ്പോഴും പട്ടാളത്തെ നിയോഗിക്കുന്നത് വൈകിപ്പിച്ച് ഒക്കെ സംഘടിപ്പിച്ച വംശഹത്യാ ശ്രമം. അതിലൂടെ സൃഷ്ടിച്ചെടുത്ത ധ്രുവീകരണവും ഭീതിയുടെ അന്തരീക്ഷവുമായിരുന്നു ചോദ്യംചെയ്യപ്പെടാത്ത നേതാവ് എന്നതിലേക്കുള്ള വളര്‍ച്ചയുടെ വളവും വെള്ളവും.


ആ 'പ്രതി'ച്ഛായയാണ് പാര്‍ട്ടിയിലെ ഇതര നേതാക്കളെയൊക്കെ തള്ളിമാറ്റിക്കൊണ്ട് പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം നേടാന്‍ ഉപയോഗിച്ചത്, പിന്നീട് പ്രധാനമന്ത്രിയാകാനും. കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാറിനെതിരെ ഉയര്‍ന്ന ലക്ഷം കോടികളുടെ അഴിമതിക്കഥകള്‍ വഴി എളുപ്പമാക്കുകയും ചെയ്തു.


അഞ്ചാണ്ട് തികച്ച്, തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ 'ചോദ്യംചെയ്യപ്പെടാത്ത നേതാവ്' എന്നതിന് മങ്ങലേറ്റിരിക്കുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ തോല്‍വി, പ്രതിപക്ഷത്തെ വലിയ പാര്‍ട്ടിക്ക് ഊര്‍ജം നല്‍കിയിരിക്കുന്നു. ഇത്രനാളും 'പപ്പു'വെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്ന നേതാവിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ കുഴങ്ങുന്നു. എല്ലാറ്റിനുമപരി തോല്‍പ്പിച്ചേ അടങ്ങൂവെന്ന വാശിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യത്തിന് വട്ടംകൂട്ടുന്നു. യു പിയില്‍ പ്രാബല്യത്തില്‍ വന്ന എസ് പി - ബി എസ് പി സഖ്യം അവിടെ കനത്ത തോല്‍വി സമ്മാനിക്കുമെന്ന തിരിച്ചറിവുണ്ടായിരിക്കുന്നു. അഞ്ച് വര്‍ഷത്തിനിടെ ചെയ്തതിലും ചെയ്യാത്തതിലുമുള്ള ജനങ്ങളുടെ രോഷത്തിനൊപ്പമാണ് മറ്റ് പ്രതികൂല സാഹചര്യങ്ങള്‍.


ഇത് മറികടക്കാന്‍ എന്താകും നേതാവും പരിവാരവും ചെയ്യുക എന്ന ശങ്ക  അന്തരീക്ഷത്തിലുയരാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്തെങ്കിലും ചെയ്യാതിരിക്കില്ല എന്ന് മുന്‍ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. വര്‍ഗീയധ്രുവീകരണത്തിന്റെ ആഴം കൂട്ടാന്‍ പാകത്തിലൊരു കലാപത്തിന്റെ സാധ്യത പലരും ചൂണ്ടിക്കാട്ടി. ഇതുവരെ അത്തരത്തില്‍ വ്യാപ്തിയുള്ള അനിഷ്ടങ്ങളൊന്നുമുണ്ടായില്ല. പകരം പുല്‍വാമയുണ്ടായി. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിലെ അംഗങ്ങള്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണം ഇന്ത്യന്‍ യൂനിയന്‍ കണ്ട് പഴകിയ ഒന്നായിരുന്നില്ല. പരമാവധി ആഘാതം ഉറപ്പാക്കാന്‍ തീരുമാനിച്ച്, അതിന് പാകത്തില്‍ സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ച് നടപ്പാക്കിയ ഒന്ന്.


44 സൈനികരുടെ ജീവനെടുത്ത ആക്രമണം അപലപിക്കപ്പെടേണ്ടതാണ്. അതിന് പിറകില്‍ പ്രവര്‍ത്തിച്ചവര്‍ അരായാലും, അതില്‍ സ്വദേശി - വിദേശി ഭേദമില്ല, അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുകയും വേണം. ആ ലക്ഷ്യം മുന്‍ നിര്‍ത്തി ഭരണകൂടം ആത്മാര്‍ഥത കാട്ടിയാല്‍ അതിനെ സര്‍വാത്മനാ പിന്തുണക്കുകയും വേണം.
എന്നാല്‍, അതിലപ്പുറമുള്ള രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പുല്‍വാമക്ക് ശേഷമുള്ള നേതാവിന്റെയും പരിവാരത്തിന്റെയും പ്രവൃത്തികളില്‍ കാണുമ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിനൊപ്പം രാജ്യസ്‌നേഹ മുറവിളികളുടെ അന്തരീക്ഷ സൃഷ്ടി കൂടി സാധ്യമാക്കുന്ന ഒന്നായി ചാവേര്‍ ആക്രമണം ഉപയോഗിക്കപ്പെടുകയാണോ എന്ന് സംശയിക്കണം. മേല്‍ച്ചൊന്ന പ്രതികൂല സാഹചര്യങ്ങളെയാകെ നേരിടാനുള്ള വജ്രായുധമായി പുല്‍വാമ മാറുകയാണ്.


ആക്രമണത്തെത്തുടര്‍ന്ന് രാജ്യത്ത് പലേടത്തും കശ്മീരുകാര്‍ ആക്രമിക്കപ്പെട്ടു. അവര്‍ ബഹിഷ്‌കൃതരായി. ഹോസ്റ്റലുകളില്‍ നിന്നും വാടക വീടുകളില്‍ നിന്നും ഇറക്കിവിടപ്പെട്ടു. കശ്മീരികളെ ബഹിഷ്‌കരിക്കണമെന്ന് ഭരണഘടനാ പദവി വഹിക്കുന്ന ഗവര്‍ണര്‍ പരസ്യമായി ആഹ്വാനം ചെയ്തു. അത്തരം അക്രമണോത്സുകമായ ഒറ്റപ്പെടുത്തലുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സംഘ്പരിവാരത്തിന്റെ പാര്‍ശ്വ സംഘങ്ങള്‍ സജീവമായി രംഗത്തുണ്ടുതാനും. ഇവ്വിധത്തില്‍ കശ്മീരുകാരെ ഒറ്റപ്പെടുത്താനും അതിലൂടെ മുസ്‌ലിം വിരുദ്ധ വികാരമുണര്‍ത്താനും ശ്രമം നടക്കുമ്പോള്‍ പതിവ് മൗനത്തിലായിരുന്നു പരമാധികാരിയായ നേതാവ്. ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമികള്‍ ദളിതുകളെയും മുസ്‌ലിംകളെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്തപ്പോള്‍ മൗനം കൊണ്ട് നല്‍കിയ അംഗീകാരത്തിന്റെ മറ്റൊരുപതിപ്പ്. രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം പുല്‍വാമയിലുണ്ടെന്ന് തിരിച്ചറിഞ്ഞുള്ള മൗനം. ഒടുവില്‍, കശ്മീരികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന സുപ്രീം കോടതി വിധി വന്നതിന് ശേഷം അക്രമങ്ങളെ അപലപിച്ചൊരു പ്രസ്താവന. വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതിന് ശേഷമുള്ള ഈ അപലപിക്കല്‍, കടമ നിറവേറ്റിയെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള തന്ത്രം മാത്രമായേ കണക്കാക്കാനാകൂ.


കശ്മീരുകാര്‍ മാത്രമല്ല, പുല്‍വാമ ആക്രമണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് സംശയങ്ങളുന്നയിക്കുന്നവര്‍ പോലും ഭീഷണിയുടെ മുനയിലാണ്. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരില്‍ കേസില്‍ ഉള്‍പ്പെടുത്തപ്പെടുകയോ അറസ്റ്റിലാകുകയോ ചെയ്തവര്‍ കുറവല്ല. 44 ജീവനുകളെടുത്ത ചാവേര്‍ ആക്രമണം നടത്താന്‍ പാകത്തിലുള്ള സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കാന്‍ ജയ്‌ഷെ മുഹമ്മദിന് എങ്ങനെ സാധിച്ചുവെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇത്തരത്തില്‍ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയെങ്കിലും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നോ അവര്‍ എന്തെങ്കിലും മുന്നറിയിപ്പ് നല്‍കിയിരുന്നോ എന്ന ചോദ്യത്തിനും ഉത്തരമില്ല. മുംബൈയില്‍ നടന്ന അസാധാരണമായ ആക്രമണത്തിന് ശേഷം വിവര ശേഖരണത്തിന് അത്യാധുനിക ഉപകരണങ്ങള്‍ നമ്മുടെ രാജ്യം വാങ്ങിയിരുന്നു. അതൊക്കെയും പരാജയപ്പെട്ടതിന്റെ ഫലമാണോ ഈ ആക്രമണം.


ഈ നേതാവിന്റെ കാലത്താണ് ഉറിയിലും പത്താന്‍കോട്ടും സേനാ കേന്ദ്രങ്ങള്‍ക്കു നേര്‍ക്ക് ആക്രമണമുണ്ടായത്. ഉറിയ്ക്ക് മറുപടിയായിരുന്നു കൊട്ടിഘോഷിക്കപ്പെട്ട അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണം. ഇന്ത്യയെ ലക്ഷ്യമിട്ട് അതിര്‍ത്തിക്കപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭീകരവാദ കേന്ദ്രങ്ങളില്‍ വലിയ നാശം വിതക്കാന്‍ മിന്നലാക്രമണത്തിലൂടെ സാധിച്ചുവെന്ന് നേതാവ് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. അതൊക്കെ വെറും വീരവാദം മാത്രമായിരുന്നുവെന്നാണോ പുല്‍വാമയിലെ ആക്രമണം തെളിയിക്കുന്നത്? ഇന്ത്യയിലേക്ക് വന്‍തോതില്‍ സ്‌ഫോടകവസ്തു കടത്താന്‍ അതിര്‍ത്തിക്കപ്പുറത്തുള്ള ശക്തികള്‍ക്ക് സാധിക്കുന്നുവെങ്കില്‍ മിന്നലാക്രമണം വെറും മിന്നലായിരുന്നുവെന്ന് മനസ്സിലാക്കേണ്ടേ?


ഈ ചോദ്യങ്ങളൊക്കെ ഇപ്പോള്‍ ചോദിക്കേണ്ടതാണോ എന്ന ചോദ്യമാണ് ഇതിനെല്ലാമുള്ള മറുപടി. രാജ്യം ആക്രമിക്കപ്പെടുമ്പോള്‍ ഭരണാധികാരിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ രാജ്യദ്രോഹികളാവാതെ തരമില്ല. ഇപ്പോള്‍ വേണ്ടത് നേതാവിനും പരിവാരത്തിനും കരുത്തേകല്‍ മാത്രമാണെന്നാണ് സംഘ ഗാനം. ആ ഗാനത്തിന് വര്‍ഗീയതയുടെ താളം കൂടി ഉണ്ടാക്കുകയാണ് കശ്മീരുകാരോട് വെറുപ്പു വളര്‍ത്തുന്നതിന്റെ ഉദ്ദേശ്യം. അവ്വിധമുള്ള വെറുപ്പുവളര്‍ത്തല്‍, ഇപ്പോള്‍ തന്നെ ഇന്ത്യന്‍ മുഖ്യധാരയില്‍ നിന്ന് അകന്നുപോയ ജനതയെ എത്രത്തോളം കൂടുതല്‍ അകറ്റുമെന്നതിനെക്കുറിച്ച് ആലോചിക്കാന്‍ രാഷ്ട്രതന്ത്രജ്ഞനല്ല നേതാവ്. കൂടുതല്‍ അകല്‍ച്ച, കൂടുതല്‍ സംഘര്‍ഷത്തിലേക്ക് വഴി തുറന്നാല്‍ അതും മുതലെടുപ്പിന് ആയുധമാക്കാമെന്ന ആലോചനക്കാകും പ്രാമുഖ്യം. സംഘര്‍ഷങ്ങളിലൂടെ സൃഷ്ടിച്ചെടുക്കുന്ന ഭീതി അധികാരമുറപ്പിക്കാന്‍ സഹായകമാണെന്ന അനുഭവപരിചയമാണ് നയിക്കുന്നത്. അതുകൊണ്ടാണ് ഇനിയങ്ങോട്ട് ഉന്‍മൂലനമാണ് മാര്‍ഗമെന്ന് കാലാള്‍പ്പടയുടെ മേധാവി പ്രഖ്യാപിക്കുന്നത്.


രാജ്യ സുരക്ഷ അപകടത്തിലാക്കാന്‍ ശത്രുക്കള്‍ യത്‌നിക്കുമ്പോള്‍ കരുത്തനായ നേതാവാണ് ആവശ്യമെന്ന നാമജപഘോഷയാത്രകള്‍ തുടങ്ങിക്കഴിഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത നേതാവ് എന്ന 'പ്രതി'ച്ഛായ തിരികെപ്പിടിക്കാന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇതിലും നല്ലൊരു വഴി കിട്ടാനേയില്ല. അതുകൊണ്ടാണ് സര്‍വകക്ഷി യോഗത്തിലെ ധാരണകള്‍ ലംഘിച്ച്, പുല്‍വാമ ആക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമം നേതാവിന്റെ തൊട്ടടുത്ത അനുചരനായ പാര്‍ട്ടി പ്രസിഡന്റ് തന്നെ തുടങ്ങിവെച്ചത്. അതിലൊരു വലിയ അപകടം നേതാവോ അനുചരനോ പ്രതീക്ഷിച്ചില്ലെന്ന് മാത്രം.


പുല്‍വാമയില്‍ ചാവേര്‍ ആക്രമണം നടക്കുമ്പോള്‍  ഗുജറാത്തിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ അന്താരാഷ്ട്ര ചാനലിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിന്റെ തിരക്കിലായിരുന്നു നേതാവ്. സി ആര്‍ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട വിവരം പുറത്തുവന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ഫോട്ടോ ഷൂട്ട് അവസാനിച്ചത്. ഈ വിവരം അറിഞ്ഞതിന് ശേഷവും ഫോട്ടോ ഷൂട്ട് തുടര്‍ന്നതാണോ അതോ ഫോട്ടോ ഷൂട്ടിന്റെ തിരക്കുകള്‍ക്കിടെ വിവരം നേതാവിനെ അറിയിക്കേണ്ടെന്ന് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതാണോ എന്നതില്‍ വ്യക്തയില്ല. ഇതില്‍ വ്യക്തത ആവശ്യപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയില്ല. അറിഞ്ഞിട്ടും ഫോട്ടോ ഷൂട്ട് തുടര്‍ന്നുവെന്നാണെങ്കിലും ഉദ്യോഗസ്ഥര്‍ അറിയിച്ചില്ല എന്നാണെങ്കിലും രോഗി ഇച്ഛിച്ചത് പോലെ കിട്ടിയ വജ്രായുധത്തിന് മൂര്‍ച്ചയില്ലാതാകും.


ഉദ്യോഗസ്ഥര്‍ അറിയിക്കാതിരുന്നതാണെന്ന് വിശ്വസിക്കുക പ്രയാസം. ഗുജറാത്ത് വംശഹത്യാ ശ്രമം തടയുന്നതിന് നടപടിയെടുക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കാറിനടിയില്‍ പട്ടിക്കുഞ്ഞ് പെട്ടാല്‍ അതില്‍ യാത്ര ചെയ്യുന്നയാള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന് മറുപടി പറഞ്ഞ നേതാവ്, ചാവേര്‍ ആക്രമണത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വലിയ വില കല്‍പ്പിക്കുമെന്ന് കരുതുന്നതിലാണ് അബദ്ധം. സംഹാരം ഏതുവിധത്തിലാണ് ഉപയോഗിക്കേണ്ടത് എന്ന് വംശഹത്യാനന്തരം അരങ്ങേറിയ വ്യാജ ഏറ്റുമുട്ടലുകളിലൂടെയും തെളിയിച്ചിട്ടുണ്ടല്ലോ!

No comments:

Post a Comment