എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ ഒരാഴ്ചക്കാലം ക്ഷേത്രത്തിനുള്ളില്‍ തടഞ്ഞുവെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ ആരോപണവിധേയരായ ഏഴ് പേരില്‍ ഒരാളൊഴികെയുള്ളവര്‍ക്ക് പത്താന്‍കോട്ടിലെ വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നു. കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തുകയും കുറ്റകൃത്യത്തില്‍ പങ്കാളിയാകുകയും തെളിവ് നശിപ്പിക്കുകയും ചെയ്തുവെന്ന് തെളിഞ്ഞ മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവാണ് ശിക്ഷ. ബലാത്സംഗത്തിന് 25 വര്‍ഷത്തെ കഠിന തടവ് വേറെയും വിധിച്ചിട്ടുണ്ട്. മറ്റ് മൂന്ന് പേര്‍ക്ക് അഞ്ച് വര്‍ഷം തടവും. രണ്ട് കൂട്ടര്‍ക്കും പിഴയും വിധിച്ചിട്ടുണ്ട്. ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ അധികാരത്തിന്റെ ബലം ഉപയോഗിച്ചും അല്ലാതെയും നടത്തിയ അട്ടിമറി ശ്രമം കണക്കിലെടുക്കുമ്പോള്‍ ഈ വിധി ആശ്വാസപ്രദമാണ്.
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനും സമാനതകളില്ലാത്ത ക്രൂരതകള്‍ക്കും ഇരയാക്കപ്പെട്ട പെണ്‍കുട്ടി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യത്തുയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ജമ്മു കശ്മീരിലെ കത്വയില്‍ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള ക്രൂരതകള്‍ അനുഭവിക്കേണ്ടി വന്നത് എട്ട് വയസ്സുള്ള കുട്ടിയാണ്. ബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളില്‍ തടഞ്ഞുവെച്ച് മയക്കുമരുന്ന് നല്‍കി മയക്കിക്കിടത്തിയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലൈംഗികമായി ഉപദ്രവിച്ചത്. ഇതിന് ഒത്താശ ചെയ്യാനും തെളിവുകള്‍ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാനും പോലീസ് ഉദ്യോഗസ്ഥരടക്കം മറ്റ് മൂന്ന് പ്രതികള്‍ ശ്രമിച്ചു. നിയമവാഴ്ച ഉറപ്പാക്കാനും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാനും ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മറച്ചുപിടിക്കാന്‍ ശ്രമിച്ചുവെന്നത് ഗൗരവമേറിയ പ്രശ്നമാണ്. എന്നിട്ടും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കാനോ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാനോ കോടതി തയ്യാറായില്ല. പരമാവധി ശിക്ഷയായ വധശിക്ഷ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന വാദം അംഗീകരിക്കുമ്പോള്‍ തന്നെ, ഇത്തരം പ്രതികള്‍ സമൂഹത്തില്‍ സ്വതന്ത്രരായി വിഹരിക്കുകയും പൗരാവകാശങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കും വിധത്തിലുള്ള തീര്‍പ്പ് നല്‍കേണ്ട ഉത്തരവാദിത്തമുണ്ടായിരുന്നു നീതിന്യായ സംവിധാനത്തിന്.
പ്രതികള്‍ മുമ്പൊരിക്കലും കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതും മനപ്പരിവര്‍ത്തനം സാധ്യമാക്കി പുനരധിവസിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നതും ചൂണ്ടിക്കാട്ടിയാണ് പരമാവധി ശിക്ഷ വിധിക്കാത്തത് എന്ന് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കുന്നുണ്ട്. എട്ട് വയസ്സുള്ള കുട്ടിയെ ലൈംഗികമായി ആക്രമിക്കാനും മയക്കുമരുന്ന് നല്‍കി, ക്ഷേത്രത്തിനുള്ളില്‍ തടവില്‍ പാര്‍പ്പിക്കാനും മയങ്ങിക്കിടക്കുന്ന കുഞ്ഞു ശരീരത്തെ ക്രൂരതകള്‍ക്ക് വിധേയമാക്കാനും മടിക്കാത്ത മനസ്സുകളില്‍ പരിവര്‍ത്തനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്, വിശാലമായ നീതി ബോധത്തിന് ഒരുപക്ഷേ യോജിച്ചതായേക്കാം. എന്നാല്‍ നീതി നടപ്പാക്കിയെന്ന തോന്നല്‍ സമൂഹത്തിലുണ്ടാക്കാന്‍ പോന്നതല്ലെന്ന് നിസ്സംശയം പറയാം. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍പ്പോലും സമൂഹത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ വധശിക്ഷ വിധിച്ച ചരിത്രമുണ്ട് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് എന്നത് പ്രത്യേകം ഓര്‍ക്കണം.
എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത് കൊണ്ടുമാത്രമല്ല, ഈ കേസ് ഇന്ത്യന്‍ യൂനിയന്റെ ശ്രദ്ധയില്‍ വരുന്നത്. ഈ കേസില്‍ ആരോപണ വിധേയരായവരെ സംരക്ഷിക്കാന്‍ ഹിന്ദുത്വ വര്‍ഗീയ ശക്തികളും അതിന്റെ രാഷ്ട്രീയ രൂപമായ ബി ജെ പിയും കച്ചമുറുക്കി രംഗത്തുവന്നതു കൊണ്ടുകൂടിയാണ്. ജമ്മുവിലെ അഭിഭാഷകരില്‍ ഒരു വിഭാഗം ഇവര്‍ക്കൊപ്പം ചേരുകയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതികള്‍ക്കായി സൗജന്യമായി കോടതിയില്‍ ഹാജരാകാമെന്ന പ്രഖ്യാപനവും ഇവരില്‍ ചിലര്‍ നടത്തി. 'ഇവളെയൊക്കെ കൊന്നത് നന്നായി' എന്ന് തുടങ്ങുന്ന അഭിപ്രായം സാമൂഹിക മാധ്യമത്തിലൂടെ പ്രകടിപ്പിച്ച സംഘ്പരിവാര്‍ നേതാവും മകനും അതിനെ പിന്തുണക്കാന്‍ മടികാണിക്കാതിരുന്നവരും നമ്മുടെ മുന്നിലുണ്ട്.
കൊല ചെയ്യപ്പെട്ടത് മുസ്ലിം നാടോടികളായ ബഖര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ്. അവളെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയതിന് 'ഹിന്ദു' സമുദായത്തിലെ അംഗങ്ങളെ കള്ളക്കേസില്‍പ്പെടുത്തുകയും അതുവഴി ഹിന്ദുക്കളെ വേട്ടയാടുകയാണെന്നുമാണ് വര്‍ഗീയ വാദികള്‍ സംഘടിതമായി പ്രചരിപ്പിച്ചത്. അതിന് നേതൃത്വം നല്‍കാന്‍ അന്ന് ജമ്മു കശ്മീര്‍ ഭരിച്ചിരുന്ന പി ഡി പി - ബി ജെ പി സഖ്യ സര്‍ക്കാറില്‍ അംഗങ്ങളായിരുന്നവരുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ജമ്മുവിലെ നേതാക്കളില്‍ ചിലര്‍ പോലും പ്രതികളെ സംരക്ഷിക്കാന്‍ രംഗത്തുവന്നു. ഈ പ്രതികള്‍ക്ക് സഹായം നല്‍കുന്നതിനായി ഹിന്ദു ഏകത മഞ്ച് എന്നൊരു സംഘടന രൂപവത്കരിച്ച് ജമ്മുവില്‍ പ്രകടനം നടത്താന്‍ പോലും ഇക്കൂട്ടര്‍ തയ്യാറായി. ജമ്മുവില്‍ മാത്രമല്ല, രാജ്യത്താകെ വര്‍ഗീയ ധ്രുവീകരണത്തിന്റെ ആക്കം കൂട്ടാനുള്ള ഉപാധിയായി കത്വ കേസിനെ വര്‍ഗീയ ശക്തികള്‍ ഉപയോഗിച്ചു. ഈ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍, നിയമ വ്യവസ്ഥയെ ചോദ്യം ചെയ്ത് നീതി നടപ്പാക്കുന്നത് തടയാന്‍ ശ്രമിച്ചവര്‍ രക്ഷപ്പെടുന്നുണ്ട്. അതിനെ വര്‍ഗീയമായി ഉപയോഗിക്കാന്‍ ശ്രമിച്ചവര്‍ ഒരു പോറലുപോലുമേല്‍ക്കാതെ രാഷ്ട്രീയ വിജയം ആഘോഷിച്ച് സുരക്ഷിതരായി തുടരുന്നുണ്ട്.
രാജ്യം ഹിന്ദു രാഷ്ട്രമാകാന്‍ കുതിക്കുമ്പോള്‍, ഇതര മതസ്ഥര്‍ക്ക് ഇവിടെ എന്തുകാര്യം? എന്ന ചോദ്യത്തിന്റെ കൂടി രക്തസാക്ഷിയാണ് ആ പെണ്‍കുട്ടി. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള ഇടത്തുനിന്ന് ബഖര്‍വാല്‍ വിഭാഗത്തെ പുറത്താക്കുക എന്ന ഉദ്ദേശ്യം ഈ ആക്രമണത്തിന് പിന്നിലുണ്ടായിരുന്നുവെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നുണ്ടെന്ന് കോടതി തന്നെ നിരീക്ഷിക്കുമ്പോള്‍ പ്രത്യേകിച്ചും. അതുകൊണ്ടു തന്നെ ഈ കൊടും ക്രൂരതയുടെ ഉത്തരവാദിത്തം അത് നടപ്പാക്കിയ ഏതാനും പേരിലോ കേസൊതുക്കിത്തീര്‍ക്കാന്‍ കൂട്ടുനിന്ന മറ്റുള്ളവരിലോ ഒതുങ്ങുന്നില്ല. വര്‍ഗീയതയുടെ കാളകൂടം വമിപ്പിച്ച്, എന്ത് ക്രൂരതയും ചെയ്യാന്‍ പാകത്തിലേക്ക് ഒരു വിഭാഗം ആളുകളെ എത്തിക്കുകയും അത്തരം ക്രൂരതകള്‍ ചെയ്തവരെ സംരക്ഷിക്കാന്‍ നിയമം കൈയിലെടുക്കാന്‍ മടിക്കേണ്ടതില്ലെന്ന മാനസികാവസ്ഥ വലിയൊരു വിഭാഗത്തില്‍ സൃഷ്ടിക്കുകയും ചെയ്ത സംഘ്പരിവാരം കൂടിയാണ് വിചാരണ ചെയ്യപ്പെടേണ്ടത്.
ഏത് ക്രൂരതയെയും വര്‍ഗീയത പരിചയാക്കി പ്രതിരോധിക്കാമെന്നും അധികാരം പിടിക്കാനുള്ള പ്രചാരണോപാധിയായി ഉപയോഗിക്കാമെന്നും തെളിയിച്ച അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന വിരാട പുരുഷന്‍മാര്‍ കൂടിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടത്. അവരുടെ അധ്യക്ഷതയില്‍ മുന്‍കാലത്ത് അരങ്ങേറിയ കൊടും ക്രൂരതകള്‍ സംബന്ധിച്ച കേസുകള്‍ അട്ടിമറിക്കപ്പെടുമ്പോള്‍ നിശ്ശബ്ദമായി കണ്ടുനിന്ന നിയമ - നീതിന്യായ സംവിധാനങ്ങള്‍ക്ക് കൂടി ഉത്തരവാദിത്തമുണ്ട് കത്വയിലെ കുഞ്ഞിന്റെ ജീവനില്‍.
ഈ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ വിശാല്‍ ജന്‍ഗോത്ര (ശിക്ഷിക്കപ്പെട്ട മുഖ്യ പ്രതി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച സാഞ്ജി റാമിന്റെ മകന്‍) നേരിട്ട ആരോപണം ചെറുതായിരുന്നില്ല. ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറിലായിരുന്ന വിശാലിനെ, എട്ട് വയസ്സുകാരിയെക്കുറിച്ചുള്ള വിവരം അറിയിച്ച് വിളിച്ചുവരുത്തിയെന്നും പെണ്‍കുട്ടിയെ ഉപദ്രവിച്ച ശേഷം അയാള്‍ മടങ്ങിയെന്നുമായിരുന്നു ആരോപണം. ഇതിനെ പ്രതിഭാഗം നേരിട്ടത് മുസഫര്‍ നഗറിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിശാലുണ്ടായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നത് പോലുള്ള ആക്രമണം നടക്കുന്ന ദിവസം പരീക്ഷ എഴുതുകയുമായിരുന്നു എന്നുമുള്ള രേഖകള്‍ ഉപയോഗിച്ചാണ്. ഇത് കോടതി സ്വീകരിക്കുകയും ചെയ്തു.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശും അതുവഴി രാജ്യവും പിടിക്കാന്‍ ആവിഷ്‌കരിച്ച തന്ത്രങ്ങളിലൊന്ന് വിജയകരമായി പരീക്ഷിക്കപ്പെട്ടത് മുസഫര്‍ നഗറിലായിരുന്നു. സംഘ്പരിവാരത്തിന്റെ വര്‍ഗീയ വിഭജന അജന്‍ഡ ഏതാണ്ട് പൂര്‍ണമായി നടപ്പാക്കപ്പെട്ട പ്രദേശം. അവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന്, അതും യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് ഭരിക്കുമ്പോള്‍, രേഖകള്‍ സൃഷ്ടിച്ചെടുക്കുക എന്നത് പ്രയാസമുള്ള കാര്യമേയല്ല. അത് സ്വീകരിക്കപ്പെടുമ്പോള്‍ തെളിവുകളെ മാത്രം ആധാരമാക്കുന്ന നീതിന്യായം വിജയിക്കും. പക്ഷേ നീതി വിജയിക്കണമെന്നില്ല.
ഈ കേസില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിച്ച അഭിഭാഷക ദീപിക സിംഗ് രജാവത്താണ് ആറ് പേരുടെ ശിക്ഷയെങ്കിലും ഉറപ്പാക്കിയ വിചാരണക്കോടതി വിധിയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത്. അവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍ ഒറ്റക്കെട്ടായി രംഗത്തുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന ഭീഷണി അവര്‍ പലകുറി നേരിട്ടു. സ്വന്തം വീട്ടിലേക്ക് കയറുമ്പോള്‍ പോലും ചുറ്റുപാടും നോക്കി സുരക്ഷ ഉറപ്പാക്കേണ്ട അവസ്ഥ. ദീപികയെയും കുടുംബത്തെയും സാമൂഹികമായി ഒറ്റപ്പെടുത്താനും ശ്രമമുണ്ടായി. ഇതില്‍ മനംമടുത്ത് കുടുംബാംഗങ്ങള്‍ പോലും ദീപികയെ വിമര്‍ശിച്ചു. കേസില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ ഒരു അഭിഭാഷകയെ ഭീഷണിപ്പെടുത്താനും അവരുടെ കുടുംബത്തെ ഒറ്റപ്പെടുത്താനും ശ്രമമുണ്ടായപ്പോള്‍ പ്രതിരോധിക്കാനുള്ള ശ്രമം സമൂഹത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. സംഘ്പരിവാരത്തിന്റെ വര്‍ഗീയ അജന്‍ഡകള്‍ക്കും അതു നടപ്പാക്കാന്‍ അവര്‍ സ്വീകരിക്കുന്ന വഴികള്‍ക്കും വഴങ്ങിക്കൊടുത്ത് ജീവിക്കുകയാണ് വേണ്ടതെന്ന സ്വയം ബോധ്യം സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സൃഷ്ടിക്കപ്പെട്ടതിന്റെ ഫലമാണ് ഈ അവസ്ഥ.
അവിടേക്ക് രാജ്യത്തെ എത്തിച്ചിരിക്കുന്നുവെന്ന തിരിച്ചറിവ് കൂടിയാണ് കത്വ കേസ് ഇന്ത്യന്‍ യൂനിയന് നല്‍കുന്ന പാഠം. അവിടെ പ്രതിപ്പട്ടികയിലുള്ള ആറ് പേര്‍ ശിക്ഷിക്കപ്പെടുന്നുവെന്നത് സാമൂഹികമായ മാറ്റത്തിന് ഹേതുവാകുന്നില്ല. വര്‍ഗീയതയുടെ കൊടിയ വിഷം കുത്തിവെച്ച്, എന്ത് ക്രൂരതയും ചെയ്യാന്‍ മടിക്കാത്തവരെ സൃഷ്ടിച്ചെടുക്കുന്ന സംഘ്പരിവാര അജന്‍ഡയെ തകര്‍ക്കാന്‍ പാകത്തില്‍ സാമൂഹിക - രാഷ്ട്രീയ മാറ്റമുണ്ടായാലേ കത്വയിലെ പെണ്‍കുഞ്ഞിനും കുടുംബത്തിനും അവരുള്‍ക്കൊള്ളുന്ന സമൂഹത്തിനും നീതി കിട്ടൂ. പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് വിധിക്കപ്പെട്ട, അധികാരമുപയോഗിച്ച് ഇളവുചെയ്യാന്‍ സാധിക്കുന്ന, ദണ്ഡന
നീതി നടപ്പാക്കിയെന്ന പ്രതീതി സൃഷ്ടിക്കുന്നതേയുള്ളൂ.
No comments:
Post a Comment