2018-08-27

ചിലത് പൊളിച്ചുപണിയാനുമുണ്ട്


'തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്ക'മെന്ന് മുന്‍കാലത്ത് സാന്ദര്‍ഭികമായും ഇപ്പോള്‍ നിരന്തരവും പരാമര്‍ശിക്കുന്നത് ഒട്ടൊക്കെ കാല്‍പ്പനികമായാണ്. വെള്ളപ്പൊക്കത്തെ അതീജീവിച്ചവരെന്ന തോന്നലാണ് തൊണ്ണൂറ്റൊമ്പതിനെ (ഇംഗ്ലീഷ് കലണ്ടറനുസരിച്ച് 1924) കാല്‍പ്പനികമാക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. മഴയെക്കുറിച്ച്, ജലവിതാനത്തിലുണ്ടായ ഉയര്‍ച്ചയെക്കുറിച്ച്, അതുണ്ടാക്കിയ നാശനഷ്ടങ്ങളെക്കുറിച്ച്, സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ നടത്തിയ യത്‌നത്തെക്കുറിച്ച് ഒക്കെ പൂര്‍ണ വിവരങ്ങള്‍ ലഭ്യവുമല്ല. അതുകൊണ്ടുകൂടിയാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം കാല്‍പ്പനികം കൂടിയായി മാറുന്നത്.
2018 അങ്ങനെയല്ല. വസ്തുനിഷ്ഠ വിവരങ്ങളായി, ചിത്രങ്ങളും ദൃശ്യങ്ങളുമായി ഏതാണ്ട് മുഴുവന്‍ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ 2018ലെ വെള്ളപ്പൊക്കം നമ്മളെ സംബന്ധിച്ച് വലിയ ആലോചനകള്‍ക്ക്, അതിന്റെ അടിസ്ഥാനത്തിലുള്ള ആസൂത്രണത്തിന് പ്രേരകമാകേണ്ടതാണ്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് എന്നിവയൊഴികെ ജില്ലകളെല്ലാം മഴയുടെ, വെള്ളപ്പൊക്കത്തിന്റെ, കുത്തൊഴുക്കിന്റെ, ഉരുള്‍പൊട്ടലിന്റെ ഒക്കെ തീവ്രത അനുഭവിച്ച് കഴിഞ്ഞിരിക്കുന്നു. ദുരന്തത്തിന്റെ വ്യാപ്തി ഇത്രത്തോളമായത് എന്തുകൊണ്ടെന്ന ചോദ്യമാണ് ആദ്യം പരിശോധിക്കപ്പെടേണ്ടത്? വ്യാപ്തി കുറക്കാന്‍ നമുക്ക് ഏതെങ്കിലും വിധത്തില്‍ സാധിക്കുമായിരുന്നോ എന്നതും.

കാലാവസ്ഥ

കാലാവസ്ഥയിലെ മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിന് ഉപഗ്രഹ സഹായം ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കാലാവസ്ഥാ പ്രവചനം കൃത്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ നിരവധി ഉപഗ്രഹങ്ങള്‍ ഇന്നുണ്ടുതാനും. എന്നിട്ടും മാറ്റങ്ങള്‍ കൃത്യമായി മനസ്സിലാക്കി, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്‍കരുതലെടുക്കാന്‍ പാകത്തിലുള്ള വിവരങ്ങള്‍ സമാഹരിക്കാന്‍ നമ്മുടെ കാലാവസ്ഥാ വിഭാഗത്തിന് ഇപ്പോഴും സാധിക്കുന്നില്ല എന്നത് വലിയ പോരായ്മയാണ്. കേരളത്തെ സംബന്ധിച്ച്, വേനല്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ മഴ തുടങ്ങിയിരുന്നു ഇക്കുറി. കാലവര്‍ഷത്തിന്റെ ആരംഭത്തെ സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിപ്പുകള്‍ നല്‍കുകയും ചെയ്തു. സാധാരണ കാലവര്‍ഷമെന്ന അറിയിപ്പാണ് ആദ്യമുണ്ടായത്, പിന്നീട് പതിവില്‍ ലഭിക്കുന്നതിനേക്കാള്‍ 15 ശതമാനത്തോളം അധികം മഴ ലഭിക്കുമെന്നും അറിയിച്ചു.  മെയ് രണ്ടാം വാരം മുതല്‍ ആഗസ്റ്റ് മൂന്നാം വാരം വരെ കേരളത്തിലുണ്ടായത് ഈ പ്രവചനത്തിന്റെ നൂറു ശതമാനം അധികം മഴയായിരുന്നു.


സാധാരണ മണ്‍സൂണിന് പുറത്ത്, ബംഗാള്‍ ഉള്‍ക്കടലിലും മറ്റും രൂപംകൊണ്ട ന്യൂനമര്‍ദങ്ങളുടെ ഫലവും ഇതിന് കാരണമായിട്ടുണ്ട്. ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത, അതുവഴി ഉണ്ടാകാന്‍ ഇടയുള്ള മഴയുടെ ആധിക്യം എന്നിവ സംബന്ധിച്ച് മുന്‍കൂട്ടി അറിവ് നല്‍കാന്‍ കാലാവസ്ഥാ വകുപ്പിന് സാധിച്ചില്ല. രൂപംകൊണ്ട ന്യൂനമര്‍ദം എത്രദിവസം കരുത്തോടെ നില്‍ക്കുമെന്ന് കൃത്യമായി കണക്കാക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞതുമില്ല. അതുകൊണ്ടാണ് മൂന്ന് ദിവസത്തേക്ക് കനത്ത മഴ എന്ന മുന്നറിയിപ്പ് ആദ്യം നല്‍കിയ അവര്‍, ആ സമയപരിധി അവസാനിക്കുമ്പോഴേക്ക് വീണ്ടും രണ്ട് ദിവസത്തേക്കോ മൂന്ന് ദിവസത്തേക്കോ മൂന്നറിയിപ്പുകള്‍ നല്‍കിയത്. ഈ സാഹചര്യം പ്രളയ സാധ്യത മുന്‍കൂട്ടി കാണുന്നതിനും അതിനനുസരിച്ച് സംസ്ഥാനത്തെ അണക്കെട്ടുകളിലെ വെള്ളം നിയന്ത്രിത അളവില്‍ പുറത്തേക്ക് തള്ളി, വലിയ കുത്തൊഴുക്കുണ്ടാകുന്നത് തടയാനും കഴിയാത്ത അവസ്ഥ സൃഷ്ടിച്ചു.

വൈദ്യുതി ബോര്‍ഡും അണക്കെട്ടുകളുടെ മാനേജുമെന്റും

മഴയുടെ തീവ്രതയെക്കുറിച്ചും തുടര്‍ച്ചയെക്കുറിച്ചും കാലാവസ്ഥാ വിഭാഗത്തില്‍ നിന്ന് കൃത്യമായ വിവരം ലഭിക്കാതിരുന്നത് വൈദ്യുതി ബോര്‍ഡിന്റെയും അണക്കെട്ടുകള്‍ മാനേജ്‌ചെയ്യുന്ന അതോറിറ്റിയുടെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നൊരുക്കങ്ങളെ ബാധിച്ചു. കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പാകത്തില്‍ അണക്കെട്ടുകളില്‍ പരമാവധി വെള്ളം സംഭരിക്കുക എന്നതിനാണ് കേരള സംസ്ഥാന വിദ്യത്ച്ഛക്തി ബോര്‍ഡിന്റെ മുന്‍ഗണന. അതിനനുസരിച്ചാവണം അസാധാരണമായ മഴക്കാലത്തും അവര്‍ തന്ത്രമാവിഷ്‌കരിച്ചിട്ടുണ്ടാകുക. ഇടമലയാറിലും പെരിങ്ങള്‍ക്കുത്തിലും ഇടുക്കിയിലും അപകടകരമാം വിധം ജലനിരപ്പ് ഉയര്‍ന്നതും എല്ലായിടത്തു നിന്നും ഒരേസമയം വലിയ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടിവന്നതും അതുകൊണ്ടാണ്. ഇടമലയാറിലെയും ഇടുക്കിയിലെയും വെള്ളം ഒരുമിച്ചെത്തിയതാണ് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ചത്.


അണക്കെട്ടുകള്‍ മാനേജുചെയ്യുന്ന അതോറിറ്റി ഏറ്റവും ദയനീയമായി പരാജയപ്പെട്ടതിന്റെ ദൂഷ്യം ഏറെ അനുഭവിച്ചത് പന്തളം, ചെങ്ങന്നൂര്‍ പ്രദേശങ്ങളിലും കുട്ടനാട്ടിലുമായിരുന്നു. പിന്നെ പാലക്കാട്ടും വയനാടും. ആ പരാജയത്തിന്റെയും ഒരു കാരണം കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തില്‍ നിന്ന് കൃത്യമായ മുന്നറിയിപ്പുകള്‍ ലഭിക്കാത്തതാണ്. പരാധീനതയുണ്ടായിരിക്കെ തന്നെ, അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച്, കൂടുതല്‍ വെള്ളം തുറന്നുവിടേണ്ടിവരുമെന്നും മഴമൂലം നിറഞ്ഞുകിടക്കുന്ന പമ്പയിലേക്ക് കൂടുതല്‍ വെള്ളമെത്തുന്നത് ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുമെന്നും മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട ബാധ്യത അവര്‍ക്കുണ്ടായിരുന്നു.

ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി സ്വീകരിച്ചത് പോലുള്ള മുന്‍കരുതല്‍ നടപടികള്‍ പമ്പയുടെയും അച്ചന്‍കോവിലിന്റെയും മണിമലയാറിന്റെയും തീരങ്ങളില്‍ സ്വീകരിക്കണമായിരുന്നു. അതുണ്ടായില്ല എന്നതും വൈകി ലഭിച്ച ജാഗ്രതാ അറിയിപ്പുകളോട് അവിടങ്ങളില്‍ താമസിക്കുന്നവര്‍ ഏറെക്കുറെ നിസ്സംഗമായി പ്രതികരിച്ചതും പന്തളത്തും ചെങ്ങന്നൂരിലും അപ്പര്‍ കുട്ടനാട്ടിലും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കുമുണ്ടായ നാശനഷ്ടം ഒഴിവാക്കാനാകില്ലായിരുന്നുവെങ്കിലും, ജംഗമ സ്വത്തുവകകള്‍ക്കുണ്ടായ നാശം കുറച്ചുകൊണ്ടുവരാന്‍ അല്‍പ്പം നേരത്തെയുള്ള ജാഗ്രത കൊണ്ട് സാധിക്കുമായിരുന്നു.

ദുരന്തനിവാരണ അതോറിറ്റി

കാലാവസ്ഥാ വിഭാഗം, വൈദ്യുതി ബോര്‍ഡ്, അണക്കെട്ടുകളുടെ മാനേജുമെന്റ് അതോറിറ്റി എന്നിവയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതീക്ഷിക്കാവുന്ന പ്രളയത്തിന്റെ വ്യാപ്തി മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്തമാണ് ദുരന്ത നിവാരണ അതോറിറ്റിക്കുള്ളത്. ഈ മൂന്ന് ഏജന്‍സികളുടെ ഭാഗത്തുമുണ്ടായ വീഴ്ചകള്‍ ദുരന്ത നിവാരണത്തെ പ്രതികൂലമായി ബാധിച്ചു. മുന്‍കൂട്ടി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാനാകാതെ, ദുരന്തമുണ്ടായതിന് ശേഷമുള്ള രക്ഷാ പ്രവര്‍ത്തനത്തിലേക്ക് അതോറിറ്റിക്ക് ചുരുങ്ങേണ്ടിവന്നു. അവിടെപ്പോലും അവശ്യം വേണ്ട സംവിധാനങ്ങളുടെ കുറവ് അവരെ വലച്ചു.

രക്ഷാ പ്രവര്‍ത്തനത്തിന് സേനാ വിഭാഗങ്ങളെ നിയോഗിക്കണമെന്ന കേരള സര്‍ക്കാറിന്റെ ആവശ്യത്തോട് തുടക്കത്തില്‍ തണുപ്പന്‍മട്ടില്‍ പ്രതികരിച്ച കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയും പ്രതിരോധ മന്ത്രാലയവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തു. പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കി, സ്വയം നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവാദിത്തമുള്ള കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയാണ് (നിയമപ്രകാരം അതവരുടെ ബാധ്യതയാണ്) ഇവ്വിധം പെരുമാറിയത്.

ഇവിടെയാണ് സാഹചര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി മത്സ്യത്തൊഴിലാളികളും നാട്ടുകാരും സര്‍വവും മറന്ന് രംഗത്തുവന്നത്. പലമേഖലകളില്‍ വൈദഗ്ധ്യം നേടിയവരേക്കാള്‍ എളുപ്പത്തില്‍ അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി. ജീവനുകള്‍ രക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെന്തൊക്കെ എന്നതില്‍ പഠിച്ചുണ്ടാക്കുന്ന വൈദഗ്ധ്യത്തേക്കാള്‍ പ്രായോഗികമായ അറിവ് പ്രധാനമാണെന്ന് അവര്‍ തെളിയിക്കുകയും ചെയ്തു. അവരില്ലായിരുന്നുവെങ്കില്‍ ആള്‍നാശം ഏറെ വലുതാകുമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കോസ്റ്റ്ഗാര്‍ഡ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍, ഉത്തരാഖണ്ഡിലെയും മറ്റും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, പറഞ്ഞത് കേരളമല്ലായിരുന്നുവെങ്കില്‍ മരണ സംഖ്യ പതിനായിരമെങ്കിലുമാകുമായിരുന്നുവെന്നാണ്. അത്രയും ഗുരുതരമായ സാഹചര്യത്തെയാണ് മറികടന്നത് എന്ന് ചുരുക്കം.

മുന്‍കാല വീഴ്ചകളുടെ സംഭാവന

അണകളുടെ ബാഹുല്യവും മഴയുടെ അളവിലുണ്ടായ കുറവും സംസ്ഥാനത്തെ ഏതാണ്ടെല്ലാ പുഴകളിലെയും വെള്ളമൊഴുക്ക് കുറച്ചിട്ടുണ്ട്. വേനലില്‍ വരണ്ടുണങ്ങുന്ന സ്ഥിതി. മെലിഞ്ഞ പുഴയുടെ തീരങ്ങള്‍ കൈയേറാന്‍ നമ്മളാരും മടി കാണിച്ചില്ല. ആദ്യം കൃഷിയിറക്കി, പിന്നെ വീടു പണിതു, വൈകാതെ റിസോര്‍ട്ടുകളും ഹോട്ടലുകളും ഫഌറ്റുകളുമുയര്‍ത്തി. മലകള്‍ ഇടിക്കാനും അധികൃതമായും അനധികൃതമായും ക്വാറികള്‍ തുടങ്ങാനും മടിച്ചില്ല നമ്മള്‍. ചെരിച്ച് ചെത്താവുന്ന മലഞ്ചെരിവുകളിലൊക്കെ വീടുകളും റിസോര്‍ട്ടുകളുമുയര്‍ന്നു. ഇതൊക്കെ കണ്ടിട്ടും കാണാത്ത മട്ടുനടിച്ചു നമ്മുടെ ഭരണ സംവിധാനങ്ങള്‍. നിലവിലുള്ള നിയമങ്ങള്‍ ലംഘിച്ച്, ഇവയെ ക്രമവത്കരിച്ചുനല്‍കാന്‍ മടികാണിച്ചതുമില്ല. നഗരങ്ങളിലെ അനധികൃത നിര്‍മാണങ്ങള്‍ പിഴയീടാക്കി ക്രമവത്കരിച്ച് കൊടുക്കാന്‍ ഈ സര്‍ക്കാറും തൊട്ടു മുമ്പത്തെ യു ഡി എഫ് സര്‍ക്കാറും നടത്തിയ ശ്രമം ചെറുതായിരുന്നില്ല. ഇത്തരം ക്രമവത്കരിക്കലുകള്‍ നിയമം ലംഘിച്ചുള്ള കൂടുതല്‍ നിര്‍മാണങ്ങള്‍ നടത്താന്‍ പ്രേരകമാകുകയാണെന്ന ചിന്ത ഭരണാധികാരികള്‍ക്ക് ഇക്കാലം വരെ ഉണ്ടായിട്ടുമില്ല.


1977 ജനുവരി ഒന്നിന് മുമ്പ് ഭൂമി കൈയേറിയവര്‍ക്കൊക്കെ പട്ടയം നല്‍കുമെന്ന പ്രഖ്യാപനം പതിറ്റാണ്ടുകള്‍ക്കിപ്പുറവും നടപ്പാക്കിത്തീര്‍ന്നിട്ടില്ല. ഇപ്പോഴും പട്ടയവിതരണങ്ങള്‍ മേളകളായി അരങ്ങേറുന്നു. ഇതിങ്ങനെ പൂര്‍ത്തിയാകാതെ കിടക്കുന്നത് കൂടുതല്‍ കൈയേറ്റങ്ങള്‍ക്കും കുടിയേറ്റങ്ങള്‍ക്കും കാരണമാകുന്നുവെന്നതാണ് വസ്തുത. അതൊന്നും പട്ടയ വിതരണം പൂര്‍ത്തിയാക്കണമെന്ന തോന്നല്‍ ഭരണാധികാരികളിലോ അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലോ ഉണ്ടാക്കുന്നില്ല. അതിന്റെയൊക്കെ ഫലം കൂടിയാണ് മഴ കനത്തപ്പോള്‍ ഉരുള്‍പൊട്ടലായും മണ്ണിടിച്ചിലായും നമ്മള്‍ കണ്ടത്. അണമുറിഞ്ഞൊഴുകിയ ജലം കരുത്തായപ്പോള്‍ പുഴകള്‍ അവയുടെ സ്ഥലം തിരിച്ചെടുക്കാനാണ് ശ്രമിച്ചത്. അവിടങ്ങളിലൊക്കെ നിര്‍മാണങ്ങള്‍ നടത്തി തടസ്സങ്ങളുണ്ടാക്കിയവരാണ് പുഴകളെ വഴിമാറിയൊഴുകാന്‍ നിര്‍ബന്ധിതമാക്കിയത്.


ഏതാണ്ട് ഇതേ അവസ്ഥയാണ് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നകാര്യത്തിലുമുണ്ടായത്. ഇക്കാര്യത്തില്‍ നേരത്തെയുണ്ടാക്കിയ നിയമത്തില്‍ പലകുറി ഇളവ് നല്‍കുകയും പിഴയീടാക്കി ക്രമവത്കരിക്കുകയും ചെയ്തതിലൂടെ കൂടുതല്‍ ഇടങ്ങള്‍ നികത്തപ്പെടുന്ന സ്ഥിതിയുണ്ടായി. അസാധാരണമാം വിധം പെയ്തിറങ്ങിയ വെള്ളത്തെ ഉള്‍ക്കൊള്ളാന്‍ പാകത്തിലുണ്ടായിരുന്ന വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയതോടെ വെള്ളം കിട്ടിയ പഴുതുകളിലൂടെ ഉയര്‍ന്നൊഴുകി. അതിലേക്കാണ് പുഴ വെള്ളവും അണ തുറന്നുവിട്ട അധിക വെള്ളവും ചേര്‍ന്നത്. ഒഴുകിയെത്തിയ വെള്ളത്തിന് ഒഴുക്കില്ലാതായതോടെ ചോര്‍ന്നുപോകാന്‍ പോലും പറ്റാത്ത സ്ഥിതിയുമുണ്ടായി. നാശനഷ്ടങ്ങളുടെ വ്യാപ്തി വര്‍ധിക്കാന്‍ അതും കാരണമായി.

ആ നിലയ്ക്ക് ഇന്ന് കേരളം നേരിടുന്ന ദുരന്തം മനുഷ്യ നിര്‍മിതം തന്നെയാണ്. അതിന് ഭരണാധികാരികളെ പഴിക്കുന്നതിനൊപ്പം സ്വയം പഴിക്കുക കൂടി വേണം മലയാളികള്‍.


തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കമെന്ന ഓര്‍മയില്‍ നിന്ന് 2018ലെ വെള്ളപ്പൊക്കമെന്ന യാഥാര്‍ഥ്യത്തിലേക്ക് എത്തുമ്പോള്‍ ഒരുപാട് സംഗതികള്‍ നമ്മളെ തുറിച്ചുനോക്കുന്നുണ്ട്. നമ്മള്‍ തന്നെ സൃഷ്ടിച്ച, നമ്മുടെ തന്നെ ഭരണകൂടങ്ങള്‍ പലകാരണങ്ങളാല്‍ (അഴിമതി, സ്വാധീനം, സ്വജനപക്ഷപാതം ഒക്കെയുണ്ട്) കണ്ണടച്ച് വളര്‍ത്തിയ പലതും. മുന്‍കാലങ്ങളില്‍ ഒറ്റക്കും തെറ്റക്കുമുണ്ടായ ദുരന്തങ്ങള്‍ മുന്നറിയിപ്പായിരുന്നു. അതില്‍ സഹതപിച്ച് നിഷ്‌ക്രിയരായിരുന്ന സമൂഹത്തിന്റെ മേലാണ് പ്രളയജലമൊഴുകിയത്, കുന്നുകള്‍ അടര്‍ന്നുവീണത്. ഇത് മനസ്സിലാക്കിയുള്ള പുനര്‍ നിര്‍മാണത്തിന് ഭരണകൂടം തയ്യാറാകുകയും അതു മനസ്സിലാക്കി പ്രതികരിക്കാന്‍ നമ്മള്‍ സന്നദ്ധരാകുകയും ചെയ്താലേ വരാനിരിക്കുന്ന ദുരന്തങ്ങളുടെ ആഘാതം കുറക്കാനാകൂ. പ്രളയത്തെ തോല്‍പ്പിക്കാന്‍, വിഷമത്തിലായവരെ സഹായിക്കാന്‍ ഒക്കെയായി രൂപമെടുത്ത കൂട്ടായ്മയുടെ അടുത്ത ഉത്തരവാദിത്തം അതാണ്.

2018-07-30

ജ്യേഷ്ഠന് പരസ്യ മോഡല്‍, അനിയന് മൂന്നാന്‍


കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) വിനോദ് റായ് കൂട്ടിയും കിഴിച്ചും, സര്‍ക്കാര്‍ ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയതാണ് (കു)പ്രസിദ്ധമായ ടെലികോം കുംഭകോണ ആരോപണത്തിന് ആധാരം. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രവും ലൈസന്‍സും അനുവദിക്കുമ്പോള്‍ ടെലികോം വകുപ്പ് കൈകാര്യം ചെയ്തിരുന്ന എ രാജ, വകുപ്പിലെ ഉദ്യോഗസ്ഥര്‍, ക്രമവിരുദ്ധമായി ലൈസന്‍സ് സ്വന്തമാക്കിയ കമ്പനികളുടെ ഉത്തരവാദപ്പെട്ട ചുമതലകളിലുണ്ടായിരുന്നവര്‍ തുടങ്ങി നിരവധി പേര്‍ ആരോപണവിധേയരായി.


സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ) അന്വേഷണം നടത്തിയ കുറ്റപത്രത്തിന്‍മേല്‍ പ്രത്യേക കോടതി വിചാരണ പൂര്‍ത്തിയാക്കി, സകലരെയും കുറ്റവിമുക്തരാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചു. പ്രോസിക്യൂഷന്റെ കുറ്റകരമായ അനാസ്ഥ, ഇത്തരമൊരു വിധിക്ക് പ്രധാനകാരണമായെന്ന് വിചാണാ കോടതി ജഡ്ജി ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രത്യേക കോടതി വിധി ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സി ബി ഐ.


ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന നയമനുസരിച്ചാണ് രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രവും ലൈസന്‍സും വിതരണം ചെയ്തത്. സ്‌പെക്ട്രം ലേലം ചെയ്തിരുന്നുവെങ്കില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുമായിരുന്ന പണം കണക്കാക്കിയാണ് സി എ ജി 1.76 ലക്ഷം കോടിയുടെ നഷ്ടം കണക്കാക്കിയത്. ഇത്രയും നഷ്ടം ഖജനാവിന് വരുത്തിക്കൊണ്ട് ടെലികോം സേവന രംഗത്തുള്ള സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുത്തതില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. സര്‍ക്കാറിന്റെ പ്രഖ്യാപിത നയമനുസരിച്ചാണ് തീരുമാനങ്ങളെടുത്തതെന്നും അതില്‍ ക്രമക്കേട് കാട്ടിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ അഴിമതിയില്ലെന്നുമാണ് എ രാജയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും വാദം. സര്‍ക്കാര്‍ തന്നത് കൈനീട്ടി സ്വീകരിച്ചുവെന്നും അതില്‍ അപാകമില്ലെന്നും കമ്പനികളും വാദിക്കുന്നു. ആ വാദമങ്ങനെ തുടരും. വിചാരണാ കോടതി വിധി ചോദ്യംചെയ്ത് സി ബി ഐ സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുമ്പോഴും ഈ വാദങ്ങള്‍ ഉയര്‍ന്നുവരും.


ഈ അഴിമതി ആരോപണം 2014ലെ തിരഞ്ഞെടുപ്പില്‍ നന്നായി ഉപയോഗിച്ചിരുന്നു ബി ജെ പിയും സഖ്യകക്ഷികളും. പ്രചാരണത്തിന് നേതൃത്വം നല്‍കിയ നരേന്ദ്ര മോദി, ഈ ആരോപണം പരാമര്‍ശിക്കാത്ത ഒരു യോഗം പോലുമില്ല. രാജ്യം അഴിമതിമുക്തമാക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളില്‍ പ്രധാനം. ഈ വാഗ്ദാനം പാലിക്കാനാണോ അതോ അഴിമതി ആരോപണം നേരിടുന്നവര്‍ക്ക് വേണ്ട സഹായം ചെയ്യാനാണോ അധികാരമേറിയ ശേഷം നരേന്ദ്ര മോദി ശ്രമിച്ചത് എന്നതാണ് ഉയരുന്ന ചോദ്യം. അതിലേക്ക് വരണമെങ്കില്‍ ടെലികോം ഇടപാടില്‍ സ്വാന്‍ ടെലികോം എന്ന കമ്പനിയെക്കുറിച്ചുയര്‍ന്ന ആരോപണങ്ങള്‍ പ്രത്യേകമായി കണക്കിലെടുക്കണം.


രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രവും ലൈസന്‍സും ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ നിലവില്‍ മൊബൈല്‍ സേവന രംഗത്തുള്ള കമ്പനികള്‍ അപേക്ഷിക്കരുതെന്ന വ്യവസ്ഥ വെച്ചിരുന്നു. അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന് (എ ഡി എ ജി) കീഴിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സ് (ആര്‍ കോം) നേരത്തെ തന്നെ മൊബൈല്‍ സേവന രംഗത്തേക്ക് പ്രവേശിച്ചതാണ്. അതുകൊണ്ട് എ ഡി എ ജിയുടെ കമ്പനികള്‍ക്കൊന്നും പുതിയ ലൈസന്‍സിന് അപേക്ഷിക്കാനാകുമായിരുന്നില്ല.
ടു ജി ലൈസന്‍സിന് അപേക്ഷ ക്ഷണിക്കാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നതോടെ, അത്രയും നാള്‍ സ്വാന്‍ ക്യാപിറ്റല്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പൊടുന്നനെ സ്വാന്‍ ടെലികോം ആയി മാറി.


സ്വാന്‍ ടെലികോമിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമായുള്ളത് ടൈഗര്‍  ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണെന്ന് കാണിച്ച് സ്വാന്‍ അധികൃതര്‍ ടെലികോം മന്ത്രാലയത്തിന് കത്ത് നല്‍കുകയും ചെയ്തു. എന്തായാലും രാജ്യമാകെ മൊബൈല്‍ സേവനങ്ങള്‍ നല്‍കാന്‍ അനുവാദമുള്ള ലൈസന്‍സും സ്‌പെക്ട്രവും നേടിയെടുത്തു സ്വാന്‍,  ഇതിനായി മുടക്കിയത് 1650 കോടി രൂപ. ലൈസന്‍സും സ്‌പെക്ട്രവും സ്വന്തമാക്കിയതിന് പിറകെ കമ്പനിയുടെ 45 ശതമാനം ഓഹരി ഇതിസലാത്ത് എന്ന വിദേശകമ്പനിക്ക് വിറ്റു. അതിലൂടെ ലഭിച്ചത് നാലായിരത്തിലേറെ കോടി രൂപ. മുടക്കുമുതലിന്റെ ഇരട്ടിയിലധികം അപ്പോള്‍ തന്നെ ലാഭം. 55 ശതമാനം ഓഹരി കൈവശം തുടരുകയും ചെയ്തു.


പൊടുന്നനെ രൂപമെടുത്ത്, വലിയ ലാഭം കൊയ്ത സ്വാന്‍ ടെലികോം യഥാര്‍ഥത്തില്‍ എ ഡി എ ജിയുടെ സൃഷ്ടിയായിരുന്നുവെന്നാണ് ആരോപണം. ടെലികോം ഇടപാട് നടക്കുമ്പോള്‍ സ്വാനിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയത് എ ഡി എ ജിയിലെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സില്‍ നിന്നായിരുന്നു. 2007 മാര്‍ച്ച് ഒന്നിന് എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബേങ്കുകളുടെ മുംബൈ ബ്രാഞ്ചില്‍ സ്വാന്‍ ടെലികോം അക്കൗണ്ട് തുടങ്ങി. മാര്‍ച്ച് രണ്ടിനാണ് ടെലികോം ലൈസന്‍സുകള്‍ക്ക് സ്വാന്‍ അപേക്ഷിക്കുന്നത്. അക്കൗണ്ട് തുറക്കാന്‍ എച്ച് ഡി എഫ് സി ബേങ്കിന് നല്‍കിയ കത്ത് റിലയന്‍സ് ടെലികോമിന്റെ ലെറ്റര്‍ ഹെഡിലായിരുന്നു. ആര്‍ കോമിന്റെ ഭാഗമായ കമ്പനിയാണ് സ്വാന്‍ എന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.


ലൈസന്‍സിന് അപേക്ഷിക്കണമെങ്കില്‍ കമ്പനി അക്കൗണ്ടില്‍ 1030 കോടി രൂപ വേണമായിരുന്നു. 2007 മാര്‍ച്ച് രണ്ടിന് ഇത്രയും തുക  സ്വാനിന്റെ ബേങ്ക് അക്കൗണ്ടിലേക്ക് വന്നു. 974 കോടി രൂപ വന്നത് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സില്‍ നിന്നായിരുന്നു. സ്വാന്‍ ടെലികോം എന്നത് അനില്‍ അംബാനി ഗ്രൂപ്പ് സൃഷ്ടിച്ച 'വ്യാജ'നായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ഇതിലധികമൊന്നും വേണ്ട. നിലവില്‍ ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ അപേക്ഷിക്കാന്‍ യോഗ്യരല്ലെന്ന വ്യവസ്ഥ മറികടക്കാന്‍ എ ഡി എ ജി 'വ്യാജ' കമ്പനിയുണ്ടാക്കിയെന്നാണ് ആരോപണം. ഇതില്‍ ഉറച്ചുനില്‍ക്കുന്നതു കൊണ്ടാണല്ലോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി ബി ഐ, ടെലികോം കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്.


ജ്യേഷ്ഠന്‍ മുകേഷിനോളം നല്ല കച്ചവടക്കാരനല്ല അനില്‍. അതുകൊണ്ടുതന്നെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് വീണു. ഇതെങ്ങനെയെങ്കിലും വിറ്റൊഴിഞ്ഞ് തടിയൂരാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. വിവിധ ബേങ്കുകളില്‍ നിന്ന് ആര്‍ കോം എടുത്ത വായ്പകള്‍ കുടിശ്ശികയായി നില്‍ക്കുന്നു. (അത് വൈകാതെ കിട്ടാക്കടമായി എഴുതിത്തള്ളാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ) എ ഡി എ ജിയുടെ മറ്റ് കമ്പനികളുടെ സാമ്പത്തിക നിലയും അത്ര ഭദ്രമല്ലെന്നാണ് റിപ്പോര്‍ട്ട്. എല്ലാ കമ്പനികളും ചേര്‍ന്ന് വിവിധ ബേങ്കുകളില്‍ കുടിശ്ശികയാക്കിയത് ശത കോടികള്‍. എല്ലാം ചേര്‍ത്താല്‍ ആകെ കടം ഒരു ലക്ഷം കോടിയോളമാകുമെന്നാണ് കണക്ക്.


ഈ അവസ്ഥയിലുള്ള എ ഡി എ ജിയുടെ കീഴിലുള്ള റിലയന്‍സ് എയ്‌റോസ്ട്രക്ചറാണ് ഫ്രഞ്ച് കമ്പനിയായ ദസൗള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന് സംയുക്ത സംരംഭമുണ്ടാക്കി ഇന്ത്യന്‍ വ്യോമസേനക്ക് വേണ്ടി പോര്‍വിമാനങ്ങളും അതിന്റെ ഭാഗങ്ങളും നിര്‍മിക്കാന്‍ പോകുന്നത്. മറ്റു മേഖലകളില്‍ പ്രതിസന്ധി നേരിടുന്ന ഗ്രൂപ്പ് പുതിയ സംരംഭത്തില്‍ വിജയം കണ്ടുകൂടെന്നില്ല. പക്ഷേ, ഇത്തരത്തിലൊരു കരാര്‍ നേടിയെടുക്കാന്‍ പാകത്തില്‍ എന്ത് പരിചയമുണ്ട് എ ഡി എ ജിയുടെ കമ്പനിക്ക് എന്ന ചോദ്യം പ്രസക്തമാണ്. ദസൗള്‍ട്ട് നിര്‍മിക്കുന്ന പോര്‍വിമാനമായ റാഫേല്‍ വാങ്ങുന്നതിന് ആദ്യത്തെ കരാറുണ്ടാക്കിയത് ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറായിരുന്നു. പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സും ദസൗള്‍ട്ടും ചേര്‍ന്നുള്ള സംയുക്ത സംരംഭമായിരുന്നു അന്ന് കരാറില്‍. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം കരാര്‍ പൊളിച്ചു. അപ്പോഴാണ് കൂടിയ വിലയ്ക്ക് വിമാനം വാങ്ങാനും നിര്‍മാണച്ചുമതല റിലയന്‍സ് ഉള്‍പ്പെടുന്ന സംയുക്ത സംരംഭത്തിന് നല്‍കാനും തീരുമാനിച്ചത്. സംയുക്ത സംരംഭമുണ്ടാക്കാന്‍ പാകത്തില്‍ എ ഡി എ ജി, കമ്പനി രൂപവത്കരിക്കുന്നത് നരേന്ദ്ര മോദി പുതിയ കരാര്‍ ഒപ്പിടുന്നതിന് പന്ത്രണ്ട് ദിവസം മുമ്പ് മാത്രം. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സും സ്‌പെക്ട്രവും വാങ്ങിയെടുക്കുന്നതിന് സ്വാന്‍ ടെലികോമിനെ സൃഷ്ടിച്ചതുപോലെ. സ്വാന്‍ പരോക്ഷ സൃഷ്ടിയായിരുന്നുവെങ്കില്‍ പ്രതിരോധ കമ്പനി പ്രത്യക്ഷ സൃഷ്ടിയായിരുന്നുവെന്ന് മാത്രം.


ആദ്യമുണ്ടാക്കിയത് റിലയന്‍സ് ഡിഫന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി. ദസൗള്‍ട്ടുമായുള്ള സംയുക്ത സംരംഭം ഉറപ്പായതോടെ റിലയന്‍സ് എയ്‌റോസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന പുതിയ കമ്പനിയുണ്ടാക്കി. റാഫേല്‍ വാങ്ങാനുള്ള തീരുമാനം നരേന്ദ്ര മോദി പ്രഖ്യാപിച്ച് രണ്ടാഴ്ചക്ക് ശേഷമാണ് ഈ കമ്പനി ഉടലെടുക്കുന്നത്. റിലയന്‍സ് എയ്‌റോസ്ട്രക്ചറും ദസൗള്‍ട്ടും ചേരുന്ന ദസൗള്‍ട്ട് റിലയന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡ് ഇപ്പോള്‍ നിലവില്‍ വന്നു. അതില്‍ റിലയന്‍സ് എയ്‌റോസ്ട്രക്ചറിന് 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഈ സംയുക്ത കമ്പനിയാണ് റാഫേല്‍ പോര്‍ വിമാനങ്ങളും അതിന്റ ഭാഗങ്ങളും നിര്‍മിക്കാന്‍ പോകുന്നത്.


വിമാന നിര്‍മാണത്തില്‍ പരിചയമുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡിനെ ഒഴിവാക്കി, എ ഡി എ ജിയില്‍ പൊട്ടിമുളച്ച തകരയെ ഉള്‍പ്പെടുത്തിയതിന്റെ കാര്യകാരണങ്ങള്‍ ചോദിക്കരുത്. ജ്യേഷ്ഠന്‍ അംബാനി മൊബൈല്‍ സേവന രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ പരസ്യ മോഡലായി നിന്ന്, ഡിജിറ്റല്‍ ഇന്ത്യാ... എന്ന് ഉദ്‌ഘോഷിച്ചയാള്‍ അനിയന്‍ അംബാനിക്കൊരു ചെറു സഹായം ചെയ്യുന്നതില്‍ അത്ഭുതം കൂറാനില്ല. അദാനി, എസ്സാര്‍ ഗ്രൂപ്പുകള്‍ക്ക് ചെയ്യുന്ന സഹായങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് തുലോം തുച്ഛം.


ഒരു കമ്പനി തട്ടിക്കൂട്ടി, അതുവഴി ടെലികോം ലൈസന്‍സും സ്‌പെക്ട്രവും സ്വന്തമാക്കി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ നിയമ നടപടി നേരിടുന്നവര്‍ (ആ ഇടപാടില്‍ അനില്‍ അംബാനിക്ക് നേരിട്ട് പങ്കാളിത്തമില്ലെന്ന് സി ബി ഐ ആണയിട്ടിട്ടുണ്ട്) അതേ മാതൃകയില്‍  കമ്പനിയുണ്ടാക്കി പ്രതിരോധക്കരാറിന്റെ ഗുണഭോക്താക്കളാകുമ്പോള്‍, അതിന് അവസരമൊരുക്കുന്ന ഭരണാധികാരികള്‍ കള്ളക്കളിക്ക് കൂട്ടു നില്‍ക്കുക മാത്രമല്ല, മുമ്പ് നടന്ന ക്രമവിരുദ്ധ ഇടപാടുകളെ റദ്ദാക്കുക കൂടിയാണ്. രാജ്യം അഴിമതിമുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതും. അഴിമതിക്കേസുകള്‍ ഇല്ലാതാകുകയും കേസിന് ആധാരമായേക്കാവുന്ന സംഗതികള്‍ അംഗീകാരമുള്ളതാക്കുകയും ചെയ്താലും രാജ്യം അഴിമതിമുക്തമാകും! അത് മനസ്സിലാക്കലാണ് യഥാര്‍ഥ രാജ്യ സ്‌നേഹം.

2018-07-23

...പണ്ടേപ്പോലെ ഫലിക്കുന്നില്ല


അമ്പത്തിയാറിഞ്ച് നെഞ്ചളവ് ഉദ്‌ഘോഷിച്ച കരുത്തന്‍ പതറിപ്പോയോ? ശബ്ദ നിയന്ത്രണം കൊണ്ടും വാഗ് പ്രയോഗത്തിലെ ചടുതല കൊണ്ടും മാന്ത്രികാന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്ന കഴിവിന് മങ്ങലേറ്റുവോ? അവാസ്തവങ്ങളെ വാസ്തവ പ്രതീതി ജനിപ്പിക്കും വിധത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച മികവ് ഇല്ലാതായോ? ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സര്‍ക്കാറിന്റെയും അതില്‍ പരമാധികാരിയായ നരേന്ദ്ര മോദിയുടെയും വിശ്വാസ്യതയും സത്യസന്ധതയും ചോദ്യംചെയ്യപ്പെട്ടപ്പോള്‍ മറുപടി ഇല്ലാതായോ? അവിശ്വാസ പ്രമേയത്തിന്‍മേല്‍ ലോക്‌സഭയില്‍ നടന്ന പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ച അവസാനിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങളാണിത്. ഇത് തന്നെയാണ് 2019 ഏപ്രില്‍ - മെയ് മാസങ്ങളിലായി നടക്കേണ്ട (2018 അവസാനത്തിലും നടക്കാം) പൊതുതെരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കാന്‍ ഇടയുള്ള ഒരു ഘടകം.


അവിശ്വാസ പ്രമേയം അംഗീകരിപ്പിക്കാന്‍ തക്ക അംഗബലം ലോക്‌സഭയില്‍ പ്രതിപക്ഷത്തിന് ഉണ്ടായിരുന്നില്ല. പ്രതിപക്ഷം എത്രത്തോളം യോജിച്ചു നില്‍ക്കുന്നുവെന്ന് മനസ്സിലാക്കാന്‍ മാത്രമേ പ്രമേയചര്‍ച്ചയും അതിന്‍മേലുള്ള വോട്ടിംഗും സഹായിക്കുമായിരുന്നുള്ളൂ. ഒഡീഷയില്‍ നിന്നുള്ള ബിജു ജനതാദള്‍ (ബി ജെ ഡി) അംഗങ്ങളുടെ ബഹിഷ്‌കരണവും തമിഴ്‌നാട്ടില്‍ നിന്നുള്ള ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ ഐ എ ഡി എം കെ) അംഗങ്ങളുടെ ബി ജെ പി പിന്തുണയും ഒഴിച്ചുനിര്‍ത്തിയാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ചുനിന്നു. അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ആന്ധ്രാ പ്രദേശില്‍ നിന്നുള്ള തെലുഗു ദേശം പാര്‍ട്ടി (ടി ഡി പി) ആകയാലും അവരുടെ ആക്ഷേപങ്ങള്‍ പരോക്ഷമായി തെലങ്കാനയെ കേന്ദ്രീകരിക്കുന്നതിനാലും തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്നത് ഏറെക്കുറെ ഉറപ്പുമായിരുന്നു. അവരുടെ ബഹിഷ്‌കരണം ബി ജെ പിയെ തുണക്കുന്നതാണെന്ന് പറയുക വയ്യ.


അതേസമയം കാല്‍നൂറ്റാണ്ടിലേറെയായി ബി ജെ പിയുടെ സഖ്യശക്തിയായി തുടരുന്ന ശിവ സേന, സഭ ബഹിഷ്‌കരിച്ചത് ബി ജെ പിക്ക് നേരിട്ട ചെറുതല്ലാത്ത തിരിച്ചടിയാണ്. ഭരണത്തില്‍ പങ്കാളിയായിരിക്കുന്ന പാര്‍ട്ടിക്ക് പോലും വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്ത സര്‍ക്കാറാണിതെന്ന സന്ദേശമാണ് ബഹിഷ്‌കരണത്തിലൂടെ ശിവസേന നല്‍കിയത്. ഇത്രയുമായിട്ടും അവരെ എന്‍ ഡി എയില്‍ നിന്ന് പുറത്താക്കാനുള്ള ധൈര്യം ബി ജെ പിക്ക് ഇല്ലാതെ പോകുമ്പോള്‍, സ്വന്തം ശക്തി ചോര്‍ന്നുപോയിട്ടുണ്ടെന്ന് സമ്മതിക്കുകയാണ് ആ പാര്‍ട്ടിയും 'കരുത്ത്' അവകാശപ്പെടുന്ന നരേന്ദ്ര മോദി - അമിത് ഷാ ദ്വന്ദ്വവും. അതും ഈ അവിശ്വാസ ചര്‍ച്ചയുടെ പാര്‍ശ്വഫലമാണ്.


ദുര്‍ബലനായ, പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ത്രാണിയില്ലാത്ത നേതാവ് എന്ന വിശേഷണങ്ങളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൂര്‍ണമായി മറികടക്കുന്ന കാഴ്ചയും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കണ്ടു. നരേന്ദ്ര മോദിയുടെ കരുത്തനായ നേതാവെന്ന സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയെ കീറിയെറിയാന്‍ പാകത്തിലുള്ള നേതാവായി വളര്‍ന്നിരിക്കുന്നുവെന്ന് തെളിയിക്കുകയായിരുന്നു രാഹുല്‍. കെട്ടുകാഴ്ചകളിലൂടെ അരങ്ങ് സ്വന്തമാക്കുന്ന നരേന്ദ്ര മോദിയുടെ പതിവുകള്‍ക്ക് (പാര്‍ലിമെന്റ് കവാടത്തിലെ നമസ്‌കാരം, സ്വന്തം പേര് അച്ചടിച്ച കോട്ട്, ചൈനയുടെ പ്രസിഡന്റുമൊത്തുള്ള ഊഞ്ഞാലാട്ടം, തെരുവ് വൃത്തിയാക്കാന്‍ ചൂലെടുക്കല്‍, യോഗാഭ്യാസ പ്രകടനം തുടങ്ങി പലത്) അതേ രീതിയില്‍ മറുപടി നല്‍കാന്‍ യാതൊരു പ്രായസവുമില്ലെന്ന്, പ്രസംഗ ശേഷം പ്രധാനമന്ത്രിയെ ആശ്ലേഷിക്കാന്‍ എത്തിയതിലൂടെ, അതിലൂടെ സൃഷ്ടിച്ച അമ്പരപ്പിലൂടെ, കണ്‍ചിമ്മിയുള്ള പരിഹാസത്തിലൂടെ രാഹുല്‍ കാണിച്ചുകൊടുത്തു. ആരോപണങ്ങളുടെയും മറുപടികളുടെയും കനം തൂക്കി നോക്കി നേട്ടമുണ്ടാക്കിയത് ഭരണപക്ഷമാണോ പ്രതിപക്ഷമാണോ എന്ന ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും അരങ്ങ് സ്വന്തമാക്കിയത് രാഹുലാണെന്നതില്‍ തര്‍ക്കമില്ല. അവിശ്വാസ പ്രമേയ ചര്‍ച്ച സംവാദ വിഷയമാകുമ്പോള്‍ ജനമനസ്സില്‍ ആദ്യമെത്തുക രാഹുലിന്റെ പ്രകടനമായിരിക്കുമല്ലോ!


അവിശ്വാസ പ്രമേയത്തിന് പാര്‍ലിമെന്റിന്റെ കഴിഞ്ഞ സമ്മേളനത്തില്‍ തന്നെ നോട്ടീസ് നല്‍കിയിരുന്നു. അന്ന് ചര്‍ച്ച അനവദിക്കാതിരുന്ന സര്‍ക്കാര്‍ (സാങ്കേതികമായി സ്പീക്കറാണ്) ഈ സമ്മേളനത്തില്‍ ചര്‍ച്ചയാകാമെന്ന് തീരുമാനിച്ചതിന്റെ കാരണമെന്താണ്? അവിശ്വാസ പ്രമേയം അംഗീകരിക്കാത്തതില്‍ പ്രതിഷേധമുയരുന്നത് സഭയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്നത് ഒഴിവാക്കുകയും നിയമ നിര്‍മാണ പ്രക്രിയ വിഘ്‌നമില്ലാതെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുക എന്ന സദുദ്ദേശ്യമാണെന്നാണ് ബി ജെ പിയുടെ വാദം. അത്ര നിഷ്‌കളങ്കമായി പ്രവര്‍ത്തിക്കുന്നതാണ് ഈ സര്‍ക്കാറെന്നും അതിനെ തുണക്കുന്ന സംഘ്പരിവാറെന്നും വിശ്വസിക്കുക പ്രയാസം.


ഡിസംബറില്‍, പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പാര്‍ലിമെന്റിന്റെ അവസാന സമ്മേളനമായിരിക്കുമിത് (അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കാനൊരു ചെറിയ സമ്മേളനം നടന്നേക്കാം). ഇനിയൊരു ബലപരീക്ഷണത്തിന് പാര്‍ലിമെന്റ് വേദിയാകില്ലെന്നിരിക്കെ, അവിശ്വാസം ചര്‍ച്ചക്കെടുത്ത് ശബ്ദഘോഷം ആവര്‍ത്തിച്ച്, താനൊഴിഞ്ഞുണ്ടോ നേതാവീ ത്രിഭുവനത്തിങ്കലെന്ന പ്രതീതി സൃഷ്ടിക്കുക എന്നത് നരേന്ദ്ര മോദി ഉദ്ദേശിച്ചിരിക്കണം. കണ്ടില്ലേ എത്ര ദുര്‍ബലമാണീ പ്രതിപക്ഷം എന്നും എത്ര ദുര്‍ബലമാണ് അതിന്റെ നേതൃത്വം എന്നും തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പറയാന്‍ പാകത്തിലൊരു അവസ്ഥ അവിശ്വാസപ്രമേയ ചര്‍ച്ചക്കൊടുവിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കണം. രാഹുല്‍ ഗാന്ധിയുടെ പ്രകടനവും പ്രതിപക്ഷപാര്‍ട്ടികള്‍ പൊതുവില്‍ യോജിച്ചതും അതൊക്കെ ഇല്ലാതാക്കി.


പാര്‍ലിമെന്ററി ജീവിത്തില്‍ (മുഖ്യമന്ത്രിയായി തുടങ്ങി പ്രധാനമന്ത്രിയായി തുടരുന്ന) ഒരിക്കല്‍പ്പോലും ഇത്ര തീഷ്ണമായ ആക്രമണം നരേന്ദ്ര മോദി നേരിട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് നിയമസഭയില്‍ അദ്ദേഹം വിരളമായേ എത്തിയിട്ടുള്ളൂ. പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കിയും കഴിയുമെങ്കില്‍ ഒന്നാകെ സസ്‌പെന്‍ഡ് ചെയ്തും ജനാധിപത്യത്തെ 'പുഷ്‌കലമാക്കിയ' സ്പീക്കര്‍മാരുണ്ടായിരുന്നതിനാല്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല അക്കാലത്ത്. മുഖത്ത് നോക്കി സംസാരിച്ചവര്‍ തന്നെ വിരളം (സംസ്ഥാന ബി ജെ പിയിലെ നേതാക്കള്‍ പോലുമില്ല). പ്രധാനമന്ത്രിയായതിന് ശേഷം പാര്‍ലിമെന്റിലും സ്ഥിര സാന്നിധ്യമായിരുന്നില്ല. ആരാലും ചോദ്യംചെയ്യപ്പെടാത്ത, മുഖത്തുനോക്കി വിമര്‍ശിക്കാന്‍ ആരും ധൈര്യപ്പെടാത്ത നേതാവെന്ന പ്രതിച്ഛായ നിലനിര്‍ത്താന്‍ ഇക്കാലം വരെ സാധിക്കുകയും ചെയ്തു. അതിനൊരു വിരാമമിടുകയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ചെയ്തത്.


നരേന്ദ്ര മോദി വിമര്‍ശനശരങ്ങളുടെയും ആരോപണങ്ങളുടെയും മുഖ്യ ലക്ഷ്യമായി. പ്രധാനമന്ത്രി സത്യസന്ധനല്ല എന്ന് മുഖത്തു നോക്കി പറയുന്നത് കേട്ടിരിക്കേണ്ടിവന്നു നരേന്ദ്ര മോദിയ്ക്ക്. സത്രീകളെ, ദളിതുകളെ, ന്യൂനപക്ഷങ്ങളെ സംഘ്പരിവാര്‍ പിന്തുണയുള്ള അക്രമിക്കൂട്ടം അടിച്ചുകൊല്ലുമ്പോള്‍ മൗനം കൊണ്ട് പിന്തുണക്കുകയാണെന്ന ആരോപണം സഹിച്ചിരിക്കേണ്ടി വന്നു. 35,000 കോടി രൂപ പൊതുമേഖലാ ബേങ്കുകള്‍ക്ക് കുടിശ്ശിക വരുത്തിയ വ്യവസായി സുഹൃത്തിന് 45,000 കോടിരൂപയുടെ കരാര്‍ കൈമാറിയതിന്റെ താത്പര്യമെന്തെന്ന ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ നില്‍ക്കേണ്ടിവന്നു. ഫ്രഞ്ച് കമ്പനിയുമായുള്ള കരാര്‍ പുതുക്കിയപ്പോള്‍ പോര്‍ വിമാനങ്ങളുടെ വില ഇരട്ടിയിലധികം വര്‍ധിപ്പിച്ചതിന് പിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിന് മുന്നില്‍ പ്രതിരോധ കരാറുകളിലെ രഹസ്യം സൂക്ഷിക്കാന്‍ ബാധ്യതയുണ്ടെന്ന സാങ്കേതികത്വം പറഞ്ഞ് തടിയൂരേണ്ടി വന്നു. ബി ജെ പിയുടെ പ്രസിഡന്റ് അമിത് ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനി, പൊടുന്നനെ കൂറ്റന്‍ ലാഭമുണ്ടാക്കിയത് എങ്ങനെ എന്ന ചോദ്യത്തെ, മറുപടി പറയാനില്ലാത്തതുകൊണ്ട്, അവഗണിക്കേണ്ടി വന്നു.


കള്ളപ്പണം തടയാനും കള്ളനോട്ട് ഇല്ലാതാക്കാനും ഭീകരവാദ സംഘടനകളുടെ സാമ്പത്തിക പിന്‍ബലം തകര്‍ക്കാനും ലക്ഷ്യമിട്ടാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. രാജ്യത്തെ ജനങ്ങളുടെയാകെ സമ്പാദ്യം പിടിച്ചെടുക്കും വിധത്തിലുള്ള നടപടി, കോടിക്കണക്കായ ആളുകളെ മാസങ്ങളോളം ദുരിതത്തിലേക്ക് തള്ളിവിട്ടു. ചെറുകിട - ഇടത്തരം വ്യാപാര - വ്യവസായ സ്ഥാപനങ്ങള്‍ അന്ന് നേരിട്ട പ്രതിസന്ധിയുടെ ആഘാതം ഇപ്പോഴും തുടരുന്നുണ്ട്. കാര്‍ഷിക മേഖല അതിന്റെ കെടുതിയില്‍ നിന്ന് ഇനിയും പൂര്‍ണമായി മോചിതമായിട്ടില്ല. ഇത്രയും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ച തീരുമാനം എന്ത് നേട്ടമാണ് സമ്മാനിച്ചതെന്ന ചോദ്യത്തിന് യാതൊരു മറുപടിയുമുണ്ടായിരുന്നില്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. വിപ്ലവകരമായ നടപടിയെന്ന് വിശേഷിപ്പിച്ച തീരുമാനം ഫലമൊന്നുമുണ്ടാക്കിയില്ലെങ്കില്‍ അത് തുറന്നു പറയാനുള്ള ബാധ്യതയുണ്ട് പ്രധാനമന്ത്രി സ്ഥാനത്തിന്. ആ സ്ഥാനത്തിരിക്കുമ്പോള്‍ നരേന്ദ്ര മോദിക്കും. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് ഒന്നര മണിക്കൂറിലധികം സമയമെടുത്ത് പറഞ്ഞ മറുപടിയില്‍, നാലര വര്‍ഷം കൊണ്ട് പതിനെണ്ണായിരം ഗ്രാമങ്ങളെ വൈദ്യൂതീകരിച്ചതും കക്കൂസുകള്‍ നിര്‍മിച്ച് നല്‍കിയതും സാധാരണക്കാര്‍ക്ക് ബേങ്ക് അക്കൗണ്ട്  തുറക്കാന്‍ സൗകര്യമൊരുക്കിയതുമൊക്കെ നേട്ടങ്ങളായി പറഞ്ഞിട്ട്, 'ഡിമോണിറ്റൈസേഷന്‍' എന്ന വാക്ക് ഒരിക്കല്‍പ്പോലും പറയാതിരിക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് സത്യസന്ധതയില്ലെന്നത് ആരോപണം മാത്രമല്ലാതാകുകയാണ്.


അവിശ്വാസം രേഖപ്പെടുത്തുന്നവര്‍ക്ക്, സര്‍ക്കാറിന്റെ നേട്ടങ്ങള്‍ നിരത്തി മറുപടി നല്‍കാനെടുത്തതിലും കൂടുതല്‍ സമയം നരേന്ദ്ര മോദി എടുത്തത് മുന്‍കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാറുകളെ കുറ്റപ്പെടുത്താനും രാഹുല്‍ ഗാന്ധിയുടെ കുടുംബത്തെ ആക്രമിക്കാനുമായിരുന്നു. സര്‍ക്കാറിന്റെ നേട്ടങ്ങള്‍ നിരത്തി, പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്ന് സ്വയം സമ്മതിക്കുകയാണ് ഇവിടെ നരേന്ദ്ര മോദി. അതുകൊണ്ടാണ് എതിരാളിയുടെ ചരിത്രം ചികയാന്‍ മെനക്കെടുന്നത്. രാഹുലിനെയും കുടുംബത്തെയും പരിഹസിക്കാന്‍ കൂടുതല്‍ സമയം ചെലവിടുമ്പോള്‍, എതിരാളി ശക്തനാണെന്ന് അംഗീകരിക്കുകയാണ് നരേന്ദ്ര മോദി.


അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ തീരുമാനിക്കുമ്പോള്‍ നരേന്ദ്ര മോദി - അമിത് ഷാ സഖ്യം ലക്ഷ്യമിട്ടത് നടന്നില്ല എന്ന് മാത്രമല്ല, പ്രതിപക്ഷസഖ്യം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടുവെന്നത് കൂടിയാണ് സംഭവിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ അത് ശരിയായി തിരിച്ചറിയുന്നുണ്ടോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. ഈ അന്തരീക്ഷത്തെ മറികടക്കാന്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് വിത്തിടാന്‍ സംഘപരിവാരം ശ്രമിക്കുമോ എന്നതും.

2018-05-07

റബര്‍ സ്റ്റാമ്പാണ് (ഒന്നോര്‍മിപ്പിച്ചെന്നേയുള്ളൂ)


ക്രമമനുസരിച്ചാണെങ്കില്‍ 2019 മെയ് രണ്ടാം വാരത്തിന് ശേഷം പട്ടാഭിഷേകം നടക്കണം. കാലം ഇവ്വിധം തുടര്‍ന്നാല്‍ സര്‍വാധികാര്യക്കാര്‍ മാറാനുള്ള സാധ്യത ഏറെയാണ്. സര്‍വാധികാര്യക്കാര്‍ ഏത് പക്ഷത്തുനിന്നായാലും സഹകാര്യക്കാരും ഉപകാര്യക്കാരുമൊക്കെയായി എണ്ണം എഴുപതോളം വരും. എല്ലാവരും ഒന്നാം നമ്പറുകാരന്‍ മുമ്പാകെ പ്രതിജ്ഞയെടുക്കണം. അലങ്കരിച്ച, അശോക ഹാളില്‍ പ്രൗഢഗംഭീരമായ ചടങ്ങില്‍, വരിഷ്ഠ വ്യക്തികളെ സാക്ഷിയാക്കി എന്നൊക്കെ രേഖപ്പെടുത്തപ്പെടുന്ന മുഹൂര്‍ത്തം. അടുത്തകുറി ഒരു കൗതുകമുണ്ടാകും. ദിവസമൊന്നുക്ക് 11 പേര്‍ക്കേ പ്രതിജ്ഞയുണ്ടാകൂ. അതാണ് പുതിയ തീരുമാനം. ഏത് ചടങ്ങായാലും ദൈര്‍ഘ്യം ഒരു മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. ശിഷ്ട സമയം സപ്രമഞ്ജക്കട്ടിലില്‍ സുഷുപ്തി. ചടങ്ങിന്റെ ദൈര്‍ഘ്യമെന്നാല്‍ പങ്കെടുക്കുന്ന സമയമെന്നേ അര്‍ഥമുള്ളൂ. അതില്‍ വ്യക്തികളെ ആദരിക്കല്‍/പ്രതിജ്ഞ ചൊല്ലിക്കൊടുക്കല്‍/പുരസ്‌കാരം വിതരണം ചെയ്യല്‍ എന്നിത്യാദി എന്തെങ്കിലുമുണ്ടെങ്കില്‍ അത് ദിവസം പതിനൊന്ന് എന്ന് നിജപ്പെടുത്തിയിട്ടുണ്ട്.


അടുത്ത വര്‍ഷം മെയ് രണ്ടാം വാരം നടക്കുന്ന പട്ടാഭിഷേകച്ചടങ്ങ്, സഹകാര്യക്കാരുടെയും ഉപകാര്യക്കാരുടെയും മുന്‍കാല കണക്കുകളുടെ ശരാശരിയെടുത്ത് പരിശോധിച്ചാല്‍, പൂര്‍ത്തിയാകണമെങ്കില്‍ ഏതാണ്ട് ഏഴ് ദിവസമെടുക്കും. കൊട്ടാരത്തിലാണ് പട്ടാഭിഷേകം. അവിടുത്തെ ഉദ്യാനമാണെങ്കില്‍ ലോകപ്രശസ്തം. വിനോദസഞ്ചാരമാകട്ടെ വലിയ വ്യവസായവും. കൊട്ടാരം കേന്ദ്രീകരിച്ച് ഏഴ് ദിവസവും ആഘോഷം ഏര്‍പ്പാടാക്കിയാല്‍ സഞ്ചാരികളുടെ എണ്ണം കൂടും, ഖജാന കൊഴുക്കും. കഴിഞ്ഞ പട്ടാഭിഷേകത്തിന് അയല്‍പക്കക്കാരായ ദരിദ്രനാരായണന്‍മാര്‍ക്ക് മാത്രമേ 'സര്‍വാണി സദ്യ' ഉണ്ടായിരുന്നുള്ളൂ. ആഘോഷം ഏഴ് നാള്‍ നീളുമ്പോള്‍ ആഢ്യന്‍മാരായവരെയൊക്കെ ആദ്യം വിളിക്കാം. കാമ ക്രോധ ലോഭ മോഹങ്ങളില്‍ തുമ്പിക്കൈ മുക്കിയവരെയൊക്കെ. സംഗതി കൊഴുക്കും. നൂറ്റിമുപ്പത് കോടി ജനം ഊണുറക്കമുപേക്ഷിച്ച് ആഘോഷത്തില്‍ പങ്കാളിയാകും. ജനാധിപത്യം പൂത്തുലയും.


ഇതല്‍പ്പം അതിശയോക്തിയോ ആക്ഷേപഹാസ്യമോ ആണ്. അശോകഹാളിലെ ചടങ്ങുകള്‍ ഒരു മണിക്കൂറിലധികം നീളരുതെന്ന് നിജപ്പെടുത്തിയെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനെ ദീര്‍ഘകാലം മുമ്പ് അറിയിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി ഭവന്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു മണിക്കൂര്‍ നീണ്ട ചടങ്ങിനിടെ 11 പേര്‍ക്കേ പുരസ്‌കാരം (ദേശീയ ചലച്ചിത്ര പുരസ്‌കാരം) നല്‍കാനാകൂ എന്ന് കണക്കെടുത്തത് ആരാണാവോ? ഇങ്ങനെയൊരു അറിയിപ്പ് നേരത്തെ നല്‍കുകയും 11 പേര്‍ക്കേ തൃക്കൈയില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ അവസരമുണ്ടാകൂ എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നുവെങ്കില്‍, അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കിയ അറിയിപ്പില്‍ അക്കാര്യം പറയാമായിരുന്നു. എങ്കില്‍ അവസാന നിമിഷത്തെ ഈ തര്‍ക്കം ഒഴിവാക്കാമായിരുന്നു. രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് പുരസ്‌കാരം വാങ്ങണമെന്ന് നിര്‍ബന്ധമുള്ളവര്‍, പതിനൊന്നംഗ പട്ടികയില്‍പ്പെടാതിരുന്നാല്‍, ഡല്‍ഹിയാത്ര ഒഴിവാക്കുമായിരുന്നു.


11 പേര്‍ക്ക് രാഷ്ട്രപതി വിതരണം ചെയ്തുകഴിഞ്ഞാല്‍, ശേഷിക്കുന്നവയൊന്നാകെ മാനവവിഭവശേഷി മന്ത്രി വിതരണം ചെയ്യാന്‍ തീരുമാനിച്ചത് ഉചിതമായില്ല. സ്ഥാനവലിപ്പമനുസരിച്ച് ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ കഴിഞ്ഞേ ക്യാബിനറ്റ് മന്ത്രി വരൂ. ആകയാല്‍ ഭാവിയിലെങ്കിലും പുരസ്‌കാര വിതരണം ഇനി പറയും വിധത്തില്‍ ക്രമപ്പെടുത്തുന്നതാണ് രാജ്യത്തിന് അന്തസ്സ്. രാഷ്ട്രപതി - 11, ഉപരാഷ്ട്രപതി - 9, പ്രധാനമന്ത്രി - 7, പിന്നെ എന്തുമാകാം. ഹിന്ദു വിശ്വാസമനുസരിച്ച് ഒറ്റസംഖ്യക്കുള്ള പ്രാധാന്യം കൂടി കണക്കിലെടുത്താണ് ഇങ്ങനെ നിര്‍ദേശിക്കുന്നത്. നാഗ്പൂരിലെ ഹെഡ്‌ഗേവാര്‍ ഭവനുമായി കൂടിയാലോചിച്ച് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ ഇത്തരം പുരസ്‌കാര വിതരണമൊക്കെ അങ്ങ് നാഗ്പൂരിലേക്ക് മാറ്റുന്നതും ആലോചിക്കാവുന്നതാണ്.


പരിഹാസ്യമെന്ന് തോന്നുമെങ്കിലും ഗൗരവം കുറഞ്ഞ സംഗതിയല്ല ദേശീയ പുരസ്‌കാര വിതരണ വേദിയിലുണ്ടായത്. 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി, ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ സാമൂഹിക - രാഷ്ട്രീയ സാഹചര്യത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിലോമ സ്വഭാവമുള്ള മാറ്റങ്ങളുടെ മറ്റൊരു മുഖമാണ് രാഷ്ട്രപതി ഭവനില്‍ അരങ്ങേറിയത്. ആ സംഗതിക്ക് വിധേയപ്പെടാന്‍ രാഷ്ട്രപതി നിര്‍ബന്ധിതനായിരുന്നു, പഴയ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ എന്ന നിലക്കല്ല. സമ്പൂര്‍ണാധികാരിയുടെ മുന്നില്‍ ഭയത്തോടെ കൈകൂപ്പുന്ന പടയാളിയെപ്പോലെ. കേന്ദ്ര സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന റബര്‍ സ്റ്റാമ്പിന്റെ സ്ഥാനമേ രാഷ്ട്രപതിക്കൂള്ളൂവെന്ന്, രാജ്യത്തെ ജനാധിപത്യവ്യവസ്ഥയെക്കുറിച്ച് കുറച്ചെങ്കിലും അറിയുന്നവര്‍ക്ക് അറിയാം. എങ്കിലും ആ സ്റ്റാമ്പിന് വിലകൊടുക്കാറുണ്ട്, ജനങ്ങളുടെ ഹിതം ആര്‍ജിച്ച് അധികാരത്തിലെത്തുന്ന പരമാധികാരികള്‍.


ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും പ്രധാനമന്ത്രിമാരായിരിക്കെ പ്രസിഡന്റ് പദം അലങ്കരിച്ചയാളാണ് ഗ്യാനി സെയില്‍ സിംഗ്. ഇന്ദിരയുടെയും രാജീവിന്റെയും വിനീത വിധേയനെന്ന് പേരു കേള്‍പ്പിച്ച വ്യക്തിത്വം. സംശയം തോന്നുന്ന തപാല്‍ ഉരുപ്പടികള്‍ തുറന്നുപരിശോധിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അധികാരം നല്‍കിക്കൊണ്ടൊരു നിയമം കൊണ്ടുവരാന്‍ നിശ്ചയിച്ചു. പൗരന്റെ സ്വകാര്യതയില്‍ ഭരണകൂടം ഇടപെടുന്നതില്‍ ഒരു പരിധിയൊക്കെ വേണമെന്ന് സെയില്‍ സിംഗിന് തോന്നി. നിയമത്തിന് അംഗീകാരം നല്‍കാതെ അദ്ദേഹം തിരിച്ചയച്ചു. ലോക്‌സഭയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷമുണ്ടായിരുന്നു പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക്. രാജ്യസഭയിലും വേണ്ടുവോളം. (ഒന്നോ രണ്ടോ വോട്ടിന്റെ ഭൂരിപക്ഷം ലോക്‌സഭയിലും രാജ്യസഭയില്‍ ന്യൂനപക്ഷവുമായിരുന്നില്ല) എന്നിട്ടും ബില്ല് രണ്ടാമത് പ്രസിഡന്റിന് അയക്കേണ്ടെന്ന് രാജീവ് ഗാന്ധി തീരുമാനിച്ചു. (രണ്ടാം വട്ടം അയക്കുകയാണെങ്കില്‍ അംഗീകരിക്കുക മാത്രമേ പ്രസിഡന്റിന് മാര്‍ഗമുള്ളൂ)


രാഷ്ട്രപതി സ്ഥാനത്തിരുന്നവരും, സര്‍ക്കാറുകളുടെ ഇംഗിതം നിഷേധിച്ച്, സ്വന്തം വ്യക്തിത്വം രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത്തരം പ്രവൃത്തികള്‍ ജനങ്ങളെ ശാക്തീകരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുമുണ്ട്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യാ ശ്രമം അവസാനിപ്പിക്കാന്‍ പട്ടാളത്തെ നിയോഗിക്കാന്‍ നിര്‍ദേശിച്ചും അതിന് മുമ്പ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച് നല്‍കിയ സ്വാതന്ത്ര്യദിന പ്രസംഗം ഒഴിവാക്കി, അധസ്ഥിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാജ്യത്തോട് സംസാരിച്ചും കെ ആര്‍ നാരായണന്‍. വിദ്വേഷവും വെറുപ്പും വിതച്ച്, വര്‍ഗീയ ഫാഷിസ്റ്റുകള്‍ രാജ്യത്തെ സംഘര്‍ഷഭൂമിയാക്കാന്‍ യത്‌നിച്ചപ്പോള്‍ മിതമായ ഭാഷയിലാണെങ്കില്‍പ്പോലും പ്രണാബ് മുഖര്‍ജി, അങ്ങനെ ചിലര്‍.
അങ്ങനെയൊന്നുമുണ്ടാകില്ലെന്നും രാഷ്ട്രപതി ഭവന് റബര്‍ സ്റ്റാമ്പിന്റെ പ്രസക്തിപോലുമുണ്ടാകില്ലെന്നും ഉറപ്പാക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍.


രാഷ്ട്രപതിയുടെ വ്യക്തിത്വത്തിനോ അദ്ദേഹത്തിന്റെ അഭിപ്രായത്തിനോ അപൂര്‍വ അവസരങ്ങളില്‍പ്പോലും അംഗീകാരം നല്‍കാന്‍ ഭരണകൂടം ഉദ്ദേശിക്കുന്നില്ല എന്ന് പരോക്ഷമായി പറയുന്നു, ദേശീയ ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം ക്രമീകരിക്കുക വഴി കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. രാഷ്ട്രപതി സ്ഥാനം, പരമാധികാരിയുടെ ഔദാര്യമാണെന്ന് ഓര്‍മപ്പെടുത്തുകയാണ്. തന്റെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതില്‍ ഇപ്പോള്‍ പ്രകടിപ്പിച്ച അപ്രീതി, നാട്യം മാത്രം. ഒന്നും മിണ്ടാതെ അനുസരിച്ചുവെന്ന തോന്നലിനേക്കാള്‍ വിശ്വസനീയത, എതിര്‍പ്പുന്നയിച്ച ശേഷം കീഴടങ്ങി എന്നതിനാണല്ലോ!


സര്‍വകലാശാലകളുള്‍പ്പെടെ ഏതാണ്ടെല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹിന്ദുത്വ അജന്‍ഡക്കൊപ്പിച്ച് നീങ്ങുന്നുവെന്ന് ഉറപ്പാക്കാന്‍ ഭരണകൂടം ഔദ്യോഗികമായി ശ്രമിക്കുന്നുണ്ട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി സംഘ്പരിവാരം രാഷ്ട്രീയമായി നടത്തുന്ന (വര്‍ഗീയ രാഷ്ട്രീയം) ശ്രമങ്ങള്‍ വേറെ. ഇതിന് പുറമെയാണ് സംഘ്പരിവാര്‍ സൃഷ്ടികളായ അക്രമിക്കൂട്ടങ്ങള്‍ ഭീതിവിതച്ച് നടത്തുന്ന ശ്രമങ്ങള്‍. സൈന്യം, പൊലീസ് എന്ന് തുടങ്ങി ഏതാണ്ടെല്ലാ വിഭാഗങ്ങളെയും സംഘ ചിന്തകളോട് യോജിപ്പുള്ളവയാക്കാനുള്ള ഉദ്യമം വേറെ. അതിന് പാകത്തിലാണ് നേതൃത്വത്തിലേക്ക് ആളെ നിയോഗിക്കുക. അവിടെ സീനിയോറിറ്റിയൊന്നും ഘടകമാകാറില്ല. വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. നീതിന്യായ സംവിധാനത്തിലേക്കും സംഘ സ്വാധീനം എത്തുകയോ നേരത്തെയുണ്ടായിരുന്ന സംഘ സ്വാധീനം ചിലരെങ്കിലും പരസ്യമാക്കുകയോ ചെയ്തിരിക്കുന്നു. വിരമിക്കുമ്പോള്‍ ഗോ മാതാവിനെ സ്മരിക്കുന്നവരും സിനിമാ ഹാളിലെ ദേശീയഗാനാലാപനം ഏതളവില്‍ രാജ്യസ്‌നേഹം വളര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടുന്നവരും അതിനുള്ള ചെറിയ തെളിവുകള്‍ മാത്രം.


ഇത്തരം ശ്രമങ്ങള്‍ നടക്കുകയും ചിലരൊക്കെ പഥസഞ്ചലനത്തിന് തയ്യാറാകുകയും ചെയ്തതുകൊണ്ട് 'ഹിന്ദു രാഷ്ട്ര' ത്തിലേക്കുള്ള യാത്രക്ക് വേഗം കൂടുകയില്ല. അതിന് എല്ലാവരും തങ്ങളുടെ അജന്‍ഡ നടപ്പാക്കാന്‍ സന്നദ്ധതയുള്ളവരാകണം. അല്ലെങ്കില്‍ അങ്ങനെ സന്നദ്ധതയുള്ളവരെ മാത്രം തിരഞ്ഞെടുത്ത് സ്ഥാനങ്ങളില്‍ നിയോഗിക്കണം. സുപ്രീം കോടതിയിലേക്ക് ജസ്റ്റിസ് കെ എം ജോസഫിനെ നിയോഗിക്കാന്‍ നിര്‍ദേശിക്കുമ്പോള്‍, എതിര്‍പ്പുന്നയിക്കുന്നതിന്റെ കാരണം മറ്റൊന്നല്ല. അതൊരു ജോസഫിനെ മാത്രം ഉദ്ദേശിച്ചല്ല. പരമാധികാരിയുടെ, ആ അധികാരിയുടെ പിറകിലെ സംഘ കുടുംബത്തിന്റെ താത്പര്യങ്ങളാണ് സംരക്ഷിക്കേണ്ടതെന്ന് ഇതുവരെ തോന്നിത്തുടങ്ങിയിട്ടില്ലാത്ത ജോസഫുമാരെ ഉദ്ദേശിച്ചാണ്. കരസേനാ മേധാവി സ്ഥാനത്തേക്ക് സീനിയോറിറ്റി പരിഗണിക്കാതിരുന്നവര്‍, സുപ്രീം കോടതി ജഡ്ജിയെ നിയമിക്കുമ്പോള്‍ സനീയോറിറ്റി പരിഗണിക്കണമെന്ന് നിര്‍ബന്ധം പിടിക്കും.


അത്തരം നിര്‍ബന്ധങ്ങള്‍ക്ക് മുന്നില്‍ ഒത്തുതീര്‍പ്പിന്റെ വഴി തിരഞ്ഞെടുക്കുമ്പോള്‍, പരമോന്നത നീതിപീഠത്തിലെ അഭിപ്രായ ഭിന്നത കുറേക്കൂടി വിസ്തൃതമാകും. പരമോന്നത നീതിപീഠത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്ന വിമത ജഡ്ജിമാര്‍, രാജ്യത്തെ ഒറ്റുകൊടുക്കുകയാണെന്ന പ്രചാരം വൈകാതെ ബലപ്പെടും. അതോടെ വഴങ്ങാത്ത ജോസഫുമാര്‍ പുറത്തുപോകും, അകത്തിരിക്കണമെന്നും അധികാരം വേണമെന്നും നിര്‍ബന്ധമുള്ളവര്‍ വഴങ്ങും. ഇവ്വിധമാണ് കാര്യങ്ങളെന്ന് സംഘ്പരിവാരത്തിന്, ജനങ്ങളെക്കൂടി ബോധ്യപ്പെടുത്താം. പൂര്‍വാശ്രമത്തിലെ സംഘബന്ധം പോലും ഇപ്പോഴത്തെ വിധേയത്വത്തിന് തടസ്സമാകില്ലെന്ന് ഉറപ്പിക്കാം. രാഷ്ട്രപതി ഭവനെ ചട്ടം പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുമ്പെട്ടിറങ്ങുന്നത് അതുകൊണ്ടാണ്. പദവിയുടെ ഭാരത്താല്‍ വരും ദിവസങ്ങളില്‍ മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കണമെന്ന തോന്നലുണ്ടാവരുതെന്ന മുന്നറിയിപ്പും.


ഏതാണ്ടെല്ലാറ്റിലും ഈ സ്ഥിതിയാകുമ്പോള്‍ വര്‍ഗീയതയെ പിന്തുണക്കുന്നവരൊക്കെ പരസ്യമായി രംഗത്തുവരും. എതിര്‍പ്പുള്ളവര്‍ പോലും വിധേയരാകും, അല്ലെങ്കില്‍ ഭയം കൊണ്ട് നിശ്ശബ്ദരാകും. ഇതെല്ലാമായിരുന്നു രാഷ്ട്രപതിഭവനിലെ അശോക ഹാളിലും അവിടേക്കുള്ള യാത്രയിലും കണ്ടത്. ഭയത്തിന് കീഴടങ്ങാത്തവര്‍ക്കായി മാറ്റിവെച്ച സീറ്റുകളില്‍ അവര്‍ ആളുകളെ പകരംവെക്കുകയും ചെയ്തു. അതൊരു മുന്നറിയിപ്പ് കൂടിയാണ്.