2012-02-01

നായരു പിടിച്ച സ്വര്‍ണ്ണവാല്‍



വാഴക്കൃഷി തുടങ്ങാന്‍ ആലോചിക്കുമ്പോള്‍ തന്നെ കുലക്ക്‌ വില പറഞ്ഞുറപ്പിക്കുന്ന സമ്പ്രദായം പുതിയതല്ല. വാഴ കുലച്ച്‌ ചീര്‍പ്പുകള്‍ക്ക്‌ കനം വെച്ച്‌ പഴുക്കാന്‍ തുടങ്ങുമ്പോഴത്തെ വിപണി സാധ്യതയെക്കുറിച്ച്‌ കണക്ക്‌ കൂട്ടിയാണ്‌ വില പറഞ്ഞുറപ്പിക്കുക. കുല വില്‍പ്പനക്കെത്തിക്കാറാകുമ്പോള്‍ വിപണിയില്‍ ആവശ്യം ഏറെയായിരിക്കുമെന്ന്‌ കര്‍ഷകന്‍ വാദിക്കും. അതുകൊണ്ടു തന്നെ ഉയര്‍ന്ന വില വേണമെന്നും. തിരിച്ചായിരിക്കും വാങ്ങാന്‍ ശ്രമിക്കുന്നവന്റെ വാദം. വില പറയാന്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ മത്സരത്തിന്‌ സാധ്യതയുണ്ടാകും. അതനുസരിച്ച്‌ വില കൂടാനും സാധ്യതയുണ്ട്‌. വിലയുറപ്പിച്ചു കഴിഞ്ഞാല്‍ നിശ്ചിത സമയത്ത്‌ വാഴക്കുല നല്‍കാന്‍ കര്‍ഷകന്‍ ബാധ്യസ്ഥനാണ്‌. തന്റെ തോട്ടത്തിലേത്‌ കാറ്റു വീഴ്‌ച കൊണ്ട്‌ നശിച്ചാല്‍ മറ്റെവിടെ നിന്നെങ്കിലും വാങ്ങി നല്‍കേണ്ടിവരുമെന്ന്‌ ചുരുക്കം.

ഇത്തരം അവധി വ്യാപാരങ്ങള്‍ പലപ്പോഴും കുത്തക കമ്പനികള്‍ക്ക്‌ ലാഭം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമാണ്‌. ആവശ്യവസ്‌തുക്കളുടെതുള്‍പ്പെടെ വില വര്‍ധിക്കാന്‍ ഈ രീതി കാരണമാകുന്നുവെന്ന വിമര്‍ശം ശക്തമാണ്‌. ഏതാണ്ട്‌ സമാനമായ ഇടപാടാണ്‌ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ്‌ ആര്‍ ഒ) യുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ്‌ കോര്‍പ്പറേഷന്‍ നടത്തിയത്‌. കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ പാകത്തിലുള്ള വിക്ഷേപണ വാഹനം (പോളാര്‍ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍ - പി എസ്‌ എല്‍ വി) പരീക്ഷിക്കുകയും അത്‌ അറബിക്കടലില്‍ പതിക്കുകയും ചെയ്‌തിരുന്ന ഒരു കാലമുണ്ടായിരുന്നു ഐ എസ്‌ ആര്‍ ഒയുടെ ചരിത്രത്തില്‍. അത്‌ മറികടന്ന്‌ പി എസ്‌ എല്‍ വി വിജയകരമായി പരീക്ഷിക്കുകയും അതുപയോഗിച്ച്‌ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയും ചെയ്‌തതോടെ ഐ എസ്‌ ആര്‍ ഒയെത്തേടി വിദേശ രാജ്യങ്ങള്‍ എത്തിത്തുടങ്ങി. ഇന്ത്യക്ക്‌ വേണ്ടി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനൊപ്പം അന്യ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ കൂടി ഭ്രമണപഥത്തിലെത്തിച്ച്‌ പ്രവര്‍ത്തനം വാണിജ്യാധിഷ്‌ഠിതമാക്കി ഐ എസ്‌ ആര്‍ ഒ. അത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മറ്റും ലക്ഷ്യമിട്ട്‌ രൂപവത്‌കരിച്ചതാണ്‌ ആന്‍ട്രിക്‌സ്‌ കോര്‍പ്പറേഷന്‍.

ഈ കോര്‍പ്പറേഷനും ഐ എസ്‌ ആര്‍ ഒയില്‍ ഉയര്‍ന്ന സ്ഥാനത്തു നിന്ന്‌ വിരമിച്ച ഒരു ശാസ്‌ത്രജ്ഞന്‍ ചെയര്‍മാനായ ദേവാസ്‌ മള്‍ട്ടി മീഡിയ ലിമിറ്റഡുമാണ്‌ അവധി വ്യാപാരത്തിന്‌ കരാറുണ്ടാക്കിയത്‌. ജര്‍മന്‍ കമ്പനിക്ക്‌ നിക്ഷേപമുള്ള ദേവാസിന്‌ വേണ്ടി രണ്ട്‌ കൃത്രിമ ഉപഗ്രഹങ്ങള്‍ (ജി സാറ്റ്‌ - ആറ്‌, ജി സാറ്റ്‌ - ആറ്‌ എ) ഐ എസ്‌ ആര്‍ ഒ വിക്ഷേപിക്കും. ഇതിന്റെ ചെലവിലേക്കായി 2,000 കോടി രൂപ ദേവാസ്‌ നല്‍കും. ഉപഗ്രങ്ങള്‍ ഭ്രമണപഥത്തിലെത്തുന്നതോടെ അവയിലെ ഭൂരിഭാഗം ട്രാന്‍സ്‌പോണ്ടറുകളും 12 വര്‍ഷത്തേക്ക്‌ ദേവാസിന്‌ പാട്ടത്തിന്‌ നല്‍കും. ഒപ്പം 70 മെഗാ ഹെട്‌സ്‌ എസ്‌ ബാന്‍ഡ്‌ സ്‌പെക്‌ട്രം 20 വര്‍ഷത്തെ പാട്ടത്തിന്‌ ലഭ്യമാക്കും. 2005ല്‍ ആന്‍ട്രിക്‌സും ദേവാസും ഒപ്പിട്ട, ഈ വ്യവസ്ഥകളടങ്ങിയ കരാറാണ്‌ ഇപ്പോള്‍ ഐ എസ്‌ ആര്‍ ഒയുടെ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ അടക്കമുള്ളവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നയിടം വരെ എത്തി നില്‍ക്കുന്നത്‌.

2000 കോടി രൂപ ദേവാസില്‍ നിന്ന്‌ സ്വീകരിച്ച്‌ അവര്‍ക്കായി വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളുടെ ട്രാന്‍സ്‌പോണ്ടറുകളില്‍ ഭൂരിഭാഗവും അവര്‍ക്ക്‌ പാട്ടത്തിന്‌ നല്‍കുന്നതില്‍ ഒറ്റനോട്ടത്തില്‍ അപാകമില്ല. മാത്രവുമല്ല അവര്‍ക്ക്‌ വേണ്ടി വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളെന്ന്‌ കരാറില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ അത്‌ തന്നെയാണ്‌ നീതിയും. അതുകൊണ്ടാണ്‌ കരാറില്‍ യാതൊരു തെറ്റുമില്ലെന്ന്‌ ജി മാധവന്‍ നായര്‍ ഇപ്പോള്‍ വാദിക്കുന്നത്‌. ഇത്തരത്തിലാണ്‌ ബഹിരാകാശ മേഖല ഇനി മുന്നോട്ടുപോകേണ്ടതെന്ന കാര്യത്തിലും മുന്‍ ചെയര്‍മാന്‌ സന്ദേഹമില്ല.

രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സും സ്‌പെക്‌ട്രവും അനുവദിച്ചതില്‍ വലിയ അഴിമതി നടന്നുവെന്ന ആരോപണം നിലനില്‍ക്കുകയാണ്‌. 2001ലെ വിലക്ക്‌ 2008ല്‍ സ്‌പെക്‌ട്രം അനുവദിച്ചപ്പോള്‍ 1.76 ലക്ഷം കോടിയുടെ നഷ്‌ടമുണ്ടായെന്നാണ്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍. ആറ്‌ മുതല്‍ എട്ട്‌ വരെ മെഗാ ഹെട്‌സ്‌ സ്‌പെക്‌ട്രമാണ്‌ വിവിധ കമ്പനികള്‍ക്ക്‌ രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിനായി അനുവദിച്ചത്‌. ആ ഇടപാടില്‍ 1.76 ലക്ഷം കോടി നഷ്‌ടമുണ്ടായെങ്കില്‍ ദേവാസിന്‌ 70 മെഗാ ഹെട്‌സ്‌ എസ്‌ ബാന്‍ഡ്‌ സ്‌പെക്‌ട്രം 20 വര്‍ഷത്തെ പാട്ടത്തിന്‌ നല്‍കുമ്പോള്‍ കുറഞ്ഞത്‌ രണ്ട്‌ ലക്ഷം കോടിയുടെ നഷ്‌ടം കേന്ദ്ര ഖജനാവിനുണ്ടാകുമെന്ന്‌ സി എ ജി ചൂണ്ടിക്കാട്ടി. അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ദേവാസുമായുള്ള കരാര്‍ റദ്ദാക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഈ തീരുമാനം ചോദ്യം ചെയ്‌ത്‌ അന്താരാഷ്‌ട്ര തര്‍ക്ക പരിഹാര കോടതിയെ ദേവാസ്‌ സമീപിച്ചിരിക്കയാണ്‌.

വാഴക്കുലയുടെ കാര്യം പോലെ തന്നെയാണ്‌ ഇപ്പറയുന്ന സ്‌പെക്‌ട്രത്തിന്റെയും അവസ്ഥ. ട്രാന്‍സ്‌പോണ്ടറുകളുടെ കാര്യവും ഭിന്നമല്ല. മൊബൈല്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ നിരവധിയാണ്‌. ഇവര്‍ക്ക്‌ രാജ്യത്തിന്റെ മുക്കിലും മൂലയിലും സേവനങ്ങള്‍ ലഭ്യമാക്കണമെങ്കില്‍ അതിനനുസരിച്ച്‌ സ്‌പെക്‌ട്രം ലഭിക്കണം. മൂന്നാം തലമുറ കടന്ന്‌ നാലാം തലമുറയിലേക്ക്‌ മൊബൈല്‍ സേവനങ്ങള്‍ നീങ്ങുകയാണ്‌. അതായത്‌ കമ്പനികള്‍ക്ക്‌ കൂടുതല്‍ സ്‌പെക്‌ട്രം വേണം. ഇന്ത്യ വിക്ഷേപിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളില്‍ ലഭ്യമായ സ്ഥലത്തില്‍ വലിയൊരു ഭാഗം പ്രതിരോധ ആവശ്യങ്ങള്‍ക്കായി നീക്കിവെക്കപ്പെടും. അതിന്‌ ശേഷം സര്‍ക്കാറിന്റെ ആവശ്യങ്ങള്‍ക്കാണ്‌ പരിഗണന. അതിനും ശേഷമേ സ്വകാര്യ കമ്പനികള്‍ക്ക്‌ ലഭിക്കൂ. സ്‌പെക്‌ട്രമെന്നത്‌ ഏറെ ദൗര്‍ലഭ്യം നേരിടുന്ന വലിയ വിലയുള്ള ഒന്നാണെന്ന്‌ വ്യക്തം. 


ഇത്തരത്തിലുള്ള സ്‌പെക്‌ട്രത്തില്‍ തന്നെ എസ്‌ ബാന്‍ഡിന്‌ സവിശേഷത ഏറെയാണ്‌. മൊബൈല്‍ സേവനങ്ങള്‍ക്ക്‌ ഇന്ത്യയില്‍ ലഭ്യമായ സ്‌പെക്‌ട്രം എന്നതാണ്‌ എസ്‌ ബാന്‍ഡിന്റെ മൂല്യം ഉയര്‍ത്തുന്നത്‌. ഈ ബാന്‍ഡില്‍ 70 മെഗാ ഹെട്‌സ്‌ 1,000 കോടി രൂപക്ക്‌ ദേവാസിന്‌ കൈമാറാമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. രണ്ട്‌ ഉപഗ്രങ്ങള്‍ നിര്‍മിച്ച്‌, വിക്ഷേപിക്കാനുള്ള സമയവും അവ ഭ്രമണപഥത്തിലെത്തുന്ന സമയത്ത്‌ ട്രാന്‍സ്‌പോണ്ടറുകളുടെയും സ്‌പെക്‌ട്രത്തിന്റെയും ആവശ്യകതയും അന്ന്‌ അതിന്‌ ലഭിക്കാനുള്ള വിലയും ആന്‍ട്രിക്‌സ്‌ കോര്‍പ്പറേഷന്‍ നേരായ വിധത്തില്‍ കണക്ക്‌ കൂട്ടിയിരുന്നുവെങ്കില്‍ 1,000 കോടിയെന്ന വിലയെന്ന്‌ പോലും വിശേഷിപ്പിക്കാന്‍ സാധിക്കാത്ത തുകക്ക്‌ പാട്ടക്കരാറുണ്ടാക്കില്ലായിരുന്നു. മാധവന്‍ നായര്‍ പറയുന്നത്‌ പോലെ ട്രാന്‍സ്‌പോണ്ടറുകളുടെയും സ്‌പെക്‌ട്രത്തിന്റെയും വേര്‍തിരിവ്‌ കൃത്യമായി അറിഞ്ഞാല്‍ മാത്രം മനസ്സിലാക്കാവുന്ന സങ്കീര്‍ണത ഈ കണക്കിലില്ല.

ട്രാന്‍സ്‌പോണ്ടറുകളില്‍ രണ്ടെണ്ണം ദേവാസിന്‌ നല്‍കാനാണ്‌ കരാറുണ്ടാക്കിയതെന്ന്‌ ജി മാധവന്‍ നായര്‍ വിശദീകരിക്കുന്നു. ചുരുങ്ങിയത്‌ പത്ത്‌ ട്രാന്‍സ്‌പോണ്ടറുകള്‍ പാട്ടത്തിന്‌ നല്‍കുന്ന കാര്യം കരാറില്‍ പറയുന്നുണ്ടെന്നതാണ്‌ വസ്‌തുത. ഇത്‌ ആദ്യത്തെ ഉപഗ്രഹത്തിലെ മാത്രം കഥ. ട്രാന്‍സ്‌പോണ്ടറും സ്‌പെക്‌ട്രവും തമ്മിലുള്ള വ്യത്യാസമറിയാത്ത ജനങ്ങളുടെ മുന്നിലേക്ക്‌ ആന്‍ട്രിക്‌സ്‌ - ദേവാസ്‌ കരാര്‍ എത്തിയിട്ടില്ല എന്നാണോ മാധവന്‍ നായര്‍ ധരിച്ചിരിക്കുന്നത്‌? കരാറിന്റെ സംക്ഷിപ്‌തം ഏതാനും മാസം മുമ്പ്‌ ഹിന്ദു ദിനപ്പത്രം പ്രസിദ്ധീകരിച്ചുവെന്നത്‌ മറക്കാതിരിക്കുക. അതിലാണ്‌ ആദ്യ ഉപഗ്രഹത്തിലെ 8.1 മെഗാഹെട്‌സ്‌ ശേഷിയുള്ള അഞ്ച്‌ ട്രാന്‍സ്‌പോണ്ടറുകളും 2.7 മെഗാ ഹെട്‌സ്‌ ശേഷിയുള്ള അഞ്ച്‌ ട്രാന്‍സ്‌പോണ്ടറുകളും ദേവാസിന്‌ പാട്ടത്തിന്‌ നല്‍കുമെന്ന്‌ വ്യക്തമായി പറയുന്നത്‌. ഇതിങ്ങനെ നേരെ മുന്നില്‍ നില്‍ക്കുമ്പോള്‍ രണ്ടെണ്ണം മാത്രമേ നല്‍കാനുദ്ദേശിച്ചിരുന്നുള്ളൂ എന്ന്‌ പറഞ്ഞാല്‍ വിശ്വസിക്കുക പ്രയാസം. ഒരു ഉപഗ്രഹത്തിലെ 12 ട്രാന്‍സ്‌പോണ്ടറുകള്‍ ടാറ്റ സ്‌കൈക്ക്‌ പാട്ടത്തിന്‌ നല്‍കിയ ചരിത്രം ഐ എസ്‌ ആര്‍ ഒയുടെ മുന്‍ ചെയര്‍മാന്‍ തന്നെ പറയുമ്പോള്‍ കുത്തക കമ്പനികളെ സേവിക്കാന്‍ സ്ഥാപനം ഏറെക്കാലമായി ശ്രമിച്ചുവരികയായിരുന്നുവെന്നാണ്‌ മനസ്സിലാകുന്നത്‌.

ദേവാസുമായുണ്ടാക്കിയ കരാര്‍ മൂലം സര്‍ക്കാറിന്‌ നഷ്‌ടമൊന്നുമുണ്ടായിട്ടില്ലെന്നാണ്‌ മുന്‍ ചെയര്‍മാന്റെ മറ്റൊരു അവകാശവാദം. ഇതേ വാദമാണ്‌ രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്‌ അനുവദിച്ചതിലെ അഴിമതിയെക്കുറിച്ച്‌ ആരോപണമുയര്‍ന്നപ്പോഴും 1.76 ലക്ഷം കോടിയാണ്‌ നഷ്‌ടമെന്ന സി എ ജി റിപ്പോര്‍ട്ട്‌ പുറത്തുവന്നപ്പോഴും ഡോ. മന്‍മോഹന്‍ സിംഗ്‌ മുതല്‍ കപില്‍ സിബല്‍ വരെയുള്ളവര്‍ ആവര്‍ത്തിച്ചത്‌. ഇപ്പോള്‍ തര്‍ക്കം നഷ്‌ടത്തിന്റെ തോത്‌ ഇത്രയും വലുതാണോ അല്ലയോ എന്നതിലാണ്‌. അത്തരത്തില്‍ വാദിക്കാന്‍ രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ സാധിക്കും. ഒരുപക്ഷേ, അവര്‍ക്കതിന്‌ യുക്തികളുമുണ്ടാകും. ജനങ്ങള്‍ക്ക്‌ ഏറെക്കുറഞ്ഞ നിരക്കില്‍ ടെലികോം സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്‌ വേണ്ടി സ്‌പെക്‌ട്രം കുറഞ്ഞ നിരക്കില്‍ (മത്സരാധിഷ്‌ഠിത ലേലം ഒഴിവാക്കി, ആദ്യം വരുന്നവര്‍ക്ക്‌ ആദ്യം എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്‌ ടെലികോം ലൈസന്‍സ്‌ നല്‍കിയത്‌) സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക്‌ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചാല്‍ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. അത്‌ ന്യായീകരിക്കാന്‍ രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ സാധിക്കും. മിനുട്ടിന്‌ ഒരു പൈസ നിരക്കില്‍ ഫോണ്‍ വിളിച്ച്‌ ആനന്ദിക്കാന്‍ (അതിലെ ചതികള്‍ വേറെ) അവസരം ലഭിക്കുന്ന ജനം രാഷ്‌ട്രീയക്കാരെ പ്രകീര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ ദേവാസിന്റെ കാര്യത്തില്‍ ഇത്തരം ന്യായങ്ങള്‍ നിരത്താന്‍ മാധവന്‍ നായര്‍ക്കോ ഈ കരാറിന്‌ വേണ്ടി നിലകൊണ്ട മറ്റുള്ള ശാസ്‌ത്രജ്ഞര്‍ക്കോ അര്‍ഹതയില്ല.

2005ല്‍ ആന്‍ട്രിക്‌സുമായി കരാറുണ്ടാക്കിയ ശേഷം ജര്‍മന്‍ കമ്പനിയില്‍ നിന്ന്‌ നിക്ഷേപം സ്വീകരിച്ച ദേവാസ്‌, മള്‍ട്ടി മീഡിയ സര്‍വീസുകള്‍ ആരംഭിക്കുന്നതിനാണ്‌ ട്രാന്‍സ്‌പോണ്ടറുകളും സ്‌പെക്‌ട്രവും സ്വന്തമാക്കാന്‍ ശ്രമിച്ചത്‌. നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക്‌ സൗജന്യ നിരക്കില്‍ സ്‌പെക്‌ട്രം അനുവദിക്കുന്നതില്‍ അല്‍പ്പം മര്യാദ കാണാന്‍ ശ്രമിക്കുകയെങ്കിലുമാകാം. പുതിയൊരു കമ്പനിക്ക്‌ അവരുദ്ദേശിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാനും വളരാനും ലാഭമെടുക്കാനും പാകത്തില്‍ സൗകര്യങ്ങള്‍ ചെയ്‌തു കൊടുക്കാന്‍ എന്ത്‌ ബാധ്യതയാണ്‌ ശാസ്‌ത്ര സമൂഹത്തിനുള്ളത്‌? സ്‌പെക്‌ട്രത്തിന്റെയും ട്രാന്‍സ്‌പോണ്ടറുകളുടെയും ആവശ്യകതയും അതിന്റെ ദൗര്‍ലഭ്യവും വ്യക്തമായി അറിയാവുന്ന ശാസ്‌ത്രജ്ഞര്‍ തന്നെ ഇതിനൊക്കെ മുന്‍കൈ എടുക്കുമ്പോള്‍ വരും കാലത്ത്‌ ഈ കമ്പനിയുടെ കുത്തക ഉറപ്പാക്കുക എന്നത്‌ ലക്ഷ്യമിട്ടിട്ടുണ്ടാകണം. അത്‌ ലക്ഷ്യമായിരുന്നുവെങ്കില്‍ കോടികളുടെ കിലുക്കം ഈ കരാറിന്റെ മുന്നിലും പിന്നിലും ഉണ്ടാകണം. ദേവാസിന്റെ തലപ്പത്ത്‌ ഐ എസ്‌ ആര്‍ ഒയില്‍ നിന്ന്‌ വിരമിച്ച ശാസ്‌ത്രജ്ഞന്‍ എത്തിപ്പെട്ടത്‌ യാദൃച്ഛികമാണെന്നും ഈ കരാറുറപ്പിക്കുന്നതില്‍ അദ്ദേഹത്തിന്‌ യാതൊരു പങ്കുമില്ലായിരുന്നുവെന്നും വിശ്വസിക്കാന്‍ പ്രയാസമാണ്‌.

ടെലികോം ലൈസന്‍സ്‌ ലഭിച്ച സ്വകാര്യ കമ്പനികളുടെ ഓഹരികള്‍ വളരെ ഉയര്‍ന്ന വിലക്ക്‌ വിദേശ കമ്പനികള്‍ക്ക്‌ വിറ്റ്‌ ലാഭമുണ്ടാക്കിയത്‌ ആ മേഖലയിലെ അഴിമതിയുടെ ഭാഗമാണെന്നാണ്‌ ആരോപിക്കപ്പെടുന്നത്‌. ലൈസന്‍സ്‌ നേടിയ ശേഷം ഓഹരികള്‍ വിറ്റ്‌ ലാഭമെടുക്കുകയാണ്‌ ചെയ്‌തതെന്നും അതല്ല സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്‌ വേണ്ട മൂലധനം വിദേശത്തു നിന്ന്‌ ലഭ്യമാക്കുന്നതിന്‌ വേണ്ടി നിക്ഷേപ സമാഹരണം നടത്തുകയാണ്‌ ചെയ്‌തതെന്നും ഇതേക്കുറിച്ച്‌ ഭിന്നാഭിപ്രായമുണ്ട്‌. ഇവിടെ ആന്‍ട്രിക്‌സ്‌ കോര്‍പ്പറേഷനുമയി കരാറുണ്ടാക്കിയതിനു ശേഷം 2008ല്‍ ജര്‍മനിയിലെ ഡ്യൂഷെ ടെലികോം എ ജിക്ക്‌ 17 ശതമാനം ഓഹരി ദേവാസ്‌ വിറ്റത്‌ 318 കോടി രൂപക്കായിരുന്നു. ആന്‍ട്രിക്‌സുമായുണ്ടാക്കിയ കരാര്‍ കാണിച്ചാണ്‌ ഓഹരി വിറ്റതെന്ന്‌ മനസ്സിലാക്കാന്‍ ഗവേഷണ ബുദ്ധിയുടെയൊന്നും ആവശ്യമില്ല.
ഈ കരാറിലാണ്‌ ക്രമവിരുദ്ധമായൊന്നും നടന്നിട്ടില്ലെന്ന്‌ ജി മാധവന്‍ നായര്‍ ആവര്‍ത്തിക്കുന്നത്‌. അത്‌ തന്നെ അദ്ദേഹത്തിന്റെ കൈകള്‍ ശുദ്ധമല്ലെന്ന തോന്നല്‍ ശക്തമാക്കുന്നു. 



മാധവന്‍ നായരുടെ കാര്യത്തില്‍ സംഭവിച്ചത്‌ ഉയര്‍ന്ന തലത്തില്‍ നിന്നുള്ള വീഴ്‌ചയാണ്‌. അതിന്‌ ആഘാതം കൂടും. ഉന്നത സ്ഥാനം അലങ്കരിച്ച മലയാളികളില്‍ സുപ്രീം കോടതിയുടെ ചീഫ്‌ ജസ്റ്റിസായി വിരമിച്ച കെ ജി ബാലകൃഷ്‌ണനാണ്‌ മാധവന്‍ നായര്‍ക്ക്‌ മുമ്പ്‌ ആരോപണങ്ങള്‍ നേരിടേണ്ടി വന്ന ഒരാള്‍. കുത്തക കമ്പനികളുടെ കേസുകള്‍ അദ്ദേഹം തീര്‍പ്പാക്കിയതിലെ ന്യായാന്യായങ്ങള്‍ ചോദ്യം ചെയ്‌തുള്ള ഹരജി അടുത്തിടെ പോലും സമര്‍പ്പിക്കപ്പെട്ടു. ബാലകൃഷ്‌ണനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക്‌ വലിയ പ്രാമുഖ്യം നല്‍കിയ മാധ്യമങ്ങള്‍ (ദേശീയവും പ്രാദേശികവും) മാധവന്‍ നായരുടെ കാര്യത്തില്‍ വലിയ താത്‌പര്യം കാട്ടാത്തതിന്‌ കാരണങ്ങള്‍ പലതുണ്ടാകാം. ബാലകൃഷ്‌ണന്റെ കാര്യത്തില്‍ അന്വേഷണത്തിന്‌ പോലും തയ്യാറാകാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ മാധവന്‍ നായരുടെ കാര്യത്തില്‍ നടപടി സ്വീകരിച്ചുവെന്ന്‌ മാത്രം. ഉത്തരവാദികളെ വേഗത്തില്‍ നിശ്ചയിക്കേണ്ട ആവശ്യം സര്‍ക്കാറിനുണ്ടായി എന്നതാണ്‌ അതിന്റെ അര്‍ഥം. ഈ കരാറിന്‌ വേണ്ടിയുള്ള ചരടു വലി ഐ എസ്‌ ആര്‍ ഒയുടെ നാല്‌ ചുവരുകള്‍ക്കുള്ളില്‍ നില്‍ക്കുന്നതല്ലെന്ന സംശയം ഇതോടെ ബലപ്പെടുകയും ചെയ്യുന്നു. 


പ്രധാനമന്ത്രിയുടെ കീഴിലുള്ള ബഹിരാകാശ വകുപ്പ്‌ 2010ല്‍ സി എ ജിയുടെ റിപ്പോര്‍ട്ട്‌ പുറത്തുവരും വരെ കരാറിനെക്കുറിച്ച്‌ യാതൊന്നുമറിഞ്ഞില്ലെന്ന്‌ പറഞ്ഞാല്‍ ചോദ്യം ചെയ്യപ്പെടുക ആ വകുപ്പിന്റെ നിലനില്‍പ്പ്‌ തന്നെയാണ്‌. അവധി, സ്വതന്ത്ര്യ വ്യാപാരങ്ങളുടെ അപ്പോസ്‌തലനാണ്‌ നമ്മുടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌. ഐ എസ്‌ ആര്‍ ഒയിലെ വാഴക്കുല വ്യാപാരം അദ്ദേഹം അറിയാതിരിക്കുമോ!