2009-12-26

ചൂണ്ടുവിരലിലെ പാട്‌


ഭരണകൂടങ്ങള്‍ മുന്നോട്ടുവെക്കുന്ന പരിഷ്‌കാരങ്ങള്‍ വിലയിരുത്തപ്പെടുന്നത്‌, അവ ജനങ്ങള്‍ക്ക്‌ എന്തൊക്കെ സഹായം ലഭ്യമാക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ്‌. ഒരു വിഭാഗത്തിനു സഹായം ചെയ്യുന്ന പരിഷ്‌കാരങ്ങള്‍ മറ്റൊരു വിഭാഗത്തിന്റെ അടിസ്ഥാന താത്‌പര്യങ്ങളെ ഹനിക്കുന്നതായി മാറുന്നത്‌ നാം പലപ്പോഴും കണ്ടിട്ടുണ്ട്‌. അടുത്ത കാലത്ത്‌ ഇന്ത്യയില്‍ വലിയ ചര്‍ച്ചാവിഷയമായ പശ്ചിമ ബംഗാള്‍ സര്‍ക്കാറിന്റെ വ്യവസായവത്‌കരണ നയങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പ്രത്യേക സാമ്പത്തിക മേഖലകളും ഉദാഹരണങ്ങളാണ്‌. ബംഗാളില്‍ തൊഴിലില്ലായ്‌മ വര്‍ധിക്കുന്ന സാഹചര്യത്തിലാണ്‌ ഊര്‍ജിതമായ വ്യവസായവത്‌കരണ നയങ്ങള്‍ക്കു ബുദ്ധദേവ്‌ സര്‍ക്കാര്‍ തുടക്കമിട്ടത്‌. സ്വദേശത്തെയും വിദേശത്തെയും വന്‍കിട സ്ഥാപനങ്ങളെ സംസ്ഥാനത്തേക്കു ക്ഷണിക്കുകയും അവര്‍ക്കു ഭൂമി ലഭ്യമാക്കുകയും ചെയ്യുക. അവര്‍ ആരംഭിക്കുന്ന സ്ഥാപനങ്ങളില്‍ ബംഗാളിലെ യുവതലമുറക്ക്‌ തൊഴിലവസരം ഉറപ്പാക്കുക. എന്നാല്‍ ഈ കുത്തകകള്‍ക്ക്‌ ഏറ്റെടുത്ത്‌ നല്‍കിയത്‌ ഭൂരിഭാഗവും കൃഷിഭൂമിയായത്‌ വലിയ ചര്‍ച്ചകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴിവെച്ചു. കൃഷിഭൂമി ഏറ്റെടുക്കുന്നത്‌ ഇപ്പോഴത്തെ കര്‍ഷകരെ മാത്രമല്ല, വരും തലമുറയുടെ ഭക്ഷ്യസുരക്ഷയെക്കൂടി ബാധിക്കുന്നതാണെന്ന വാദം ശക്തമായി ഉയര്‍ന്നു. ഇതു സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ ഇപ്പോഴും ശക്തമായി തുടരുന്നുമുണ്ട്‌.


രാജ്യത്ത്‌ നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങളില്‍ ഇളവ്‌ നല്‍കുന്നതിനാണ്‌ പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തത്‌. സമരങ്ങള്‍, ഹര്‍ത്താലുകള്‍ എന്നിവ ഉത്‌പാദനത്തെ ബാധിക്കുന്നത്‌ തടയുക, നിക്ഷേപം നടത്തുന്നവര്‍ക്ക്‌ പരമാവധി ലാഭം ഉറപ്പാക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, തൊഴില്‍ നിയമങ്ങള്‍ മറികടക്കുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ ചൂഷണത്തിന്‌ ഇരയാവുന്നുവെന്ന വാദം തൊഴിലാളി സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്‌. ഇതുപോലെ തന്നെയാണ്‌ ഓരോ പരിഷ്‌കാര നിര്‍ദേശത്തിന്റെ യും കാര്യം.


ഇതിനൊപ്പം പ്രധാനമാണ്‌ പരിഷ്‌കാരങ്ങള്‍ ആരാണ്‌, ഏത്‌ ആശയത്തിന്റെ വക്താക്കളാണ്‌ നടപ്പാക്കുന്നത്‌ എന്നത്‌. മൂന്നു നൂറ്റാണ്ടിലധികമായി ഇന്ത്യക്കു മേലുണ്ടായിരുന്ന ഉപരോധം അവസാനിപ്പിക്കാനും സിവിലിയന്‍ ആണവ സഹകരണ കരാര്‍ പ്രാബല്യത്തിലാക്കാനും അമേരിക്ക മുന്‍കൈ എടുക്കുമ്പോള്‍ ആ രാജ്യത്തിന്റെ താത്‌പര്യങ്ങള്‍ സംബന്ധിച്ച്‌ സംശയങ്ങള്‍ ഉയരുന്നത്‌ അതുകൊണ്ടാണ്‌. കരാര്‍ പ്രാബല്യത്തിലാവുന്നതോടെ ഇന്ത്യന്‍ ഊര്‍ജമേഖലയില്‍ നിക്ഷേപം നടത്താന്‍ കാത്തിരിക്കുന്ന അമേരിക്കന്‍ കമ്പനികള്‍, ആണവോര്‍ജ പദ്ധതികളില്‍ ഏതെങ്കിലും വിധത്തിലുള്ള അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു തങ്ങളെ ഒഴിവാക്കി നിര്‍ത്താന്‍ സഹായകമായ നിയമം ഇന്ത്യ പാസ്സാക്കണമെന്ന്‌ ആവശ്യപ്പെടുന്നതും മറ്റൊന്നുകൊണ്ടല്ല. ഈ കമ്പനികളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കണമെന്ന നിര്‍ബന്ധ ബുദ്ധി ഉള്ളതുകൊണ്ടാണ്‌ സിവില്‍ ന്യൂക്ലിയര്‍ ഡിസ്‌എബിലിറ്റി നിയമം അംഗീകരിച്ച ശേഷമേ ആണവ കരാര്‍ പ്രാബല്യത്തിലാക്കൂ എന്ന്‌ അമേരിക്ക വ്യക്തമാക്കുന്നത്‌.


ഇവിടെ പരാമര്‍ശിക്കുന്ന പരിഷ്‌കാരം വികസനവുമായി ബന്ധപ്പെട്ടതല്ല. ജനാധിപത്യ വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്‌. ഈ പരിഷ്‌കാരത്തിനു തുടക്കമിടുന്നത്‌ ഗുജറാത്തില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറാണ്‌. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കണമെന്നത്‌ നിര്‍ബന്ധമാക്കിക്കൊണ്ട്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ നിയമം കൊണ്ടുവരികയാണ്‌. ഇത്‌ സംബന്ധിച്ച നിയമഭേദഗതി ബില്‍ ഗുജറാത്ത്‌ നിയമസഭ കഴിഞ്ഞ ദിവസം പാസ്സാക്കി. മതിയായ കാരണങ്ങളില്ലാതെ വോട്ടവകാശം വിനിയോഗിക്കാതിരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനു സംസ്ഥാന സര്‍ക്കാറിന്‌ അധികാരം നല്‍കുന്നതാണ്‌ ബില്‍.


വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരാള്‍ വോട്ടവകാശം വിനിയോഗിക്കാതിരുന്നാല്‍ ഒരു മാസത്തിനകം വ്യക്തമായ കാരണം തെളിവ്‌ സഹിതം സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനെ അറിയിക്കണം. ഇതില്‍ പരാജയപ്പെടുന്ന വോട്ടര്‍ക്ക്‌ എന്തു ശിക്ഷയാണ്‌ ലഭിക്കുക എന്ന്‌ വ്യക്തമല്ല. ഭരണകൂടങ്ങളെ നിശ്ചയിക്കുന്ന ജനാധിപത്യ പ്രക്രിയയില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ്‌ ഉദ്ദേശ്യമെന്നു മോഡിയും ബി ജെ പിയും അവകാശപ്പെടുന്നു. വോട്ടവകാശം വിനിയോഗിക്കുക എന്നത്‌ പൗരന്റെ ഉത്തരവാദിത്വമാണെന്നും അത്‌ നിറവേറ്റാന്‍ നിയമപരമായി നിര്‍ബന്ധിക്കുന്നതിലൂടെ ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കാനാവുമെന്നുമുള്ള വാദത്തില്‍ പ്രത്യക്ഷത്തില്‍ തെറ്റൊന്നും തോന്നാനിടയില്ല.


യൂറോപ്യന്‍ യൂനിയനിലെ അംഗരാജ്യങ്ങളില്‍ മിക്കവയും ഇത്തരം നിയമം നടപ്പാക്കിയിട്ടുണ്ട്‌. പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ വോട്ട്‌ രേഖപ്പെടുത്തുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വോട്ടവകാശം വിനിയോഗിക്കുക എന്നത്‌ നിയപരമായ ബാധ്യതയാക്കി നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച്‌ അമേരിക്കയില്‍ ചര്‍ച്ചകള്‍ നടക്കുന്നു.


ഇന്ത്യയില്‍ പ്രായപൂര്‍ത്തി വോട്ടവകാശം മൗലികമാണെങ്കിലും വോട്ടവകാശം വിനിയോഗിക്കുക എന്നത്‌ ഒഴിവാക്കാനാവാത്ത കടമയായി വ്യവസ്ഥ ചെയ്‌തിട്ടില്ല. ജനാധിപത്യത്തില്‍ വോട്ടവകാശത്തിനുള്ള അധികാരം പോലെ തന്നെ അത്‌ ഉപയോഗിക്കണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കാനുള്ള അധികാരവും ജനങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. ജനാധിപിത്യ പ്രക്രിയയില്‍ വിശ്വാസമില്ലാത്ത ന്യൂനപക്ഷമെങ്കിലും രാജ്യത്തുണ്ട്‌. അവരെക്കൂടി പരിഗണിക്കുന്നതാണ്‌ നമ്മുടെ വിശാലമായ ജനാധിപത്യം എന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാവുന്നതാണ്‌. ഈ സ്വാതന്ത്ര്യം മറികടക്കാനും തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നിര്‍ബന്ധമാക്കാനും ഗുജറാത്തിനെ പ്രേരിപ്പിച്ചത്‌ എന്താവും? നേരത്തെ പറഞ്ഞതുപോലെ ജനാധിപത്യം കൂടുതല്‍ ഫലപ്രദമാവണമെന്ന അദമ്യമായ ആഗ്രഹം മാത്രമാണോ നരേന്ദ്ര മോഡിക്കുള്ളത്‌? പുതിയ നിയമം കോടതികളില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത ഗുജറാത്ത്‌ സര്‍ക്കാര്‍ മുന്‍കൂട്ടിക്കാണുന്നില്ലേ? ഈ നിയമത്തെ അംഗീകരിക്കാനാവില്ലെന്നു തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തന്നെ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ നിയമപരമായി നിലനില്‍ക്കാനുള്ള സാധ്യത തുലോം കുറവാണെന്ന്‌ ഏതൊരാള്‍ക്കും വ്യക്തമായി അറിയാവുന്നതാണ്‌. എന്നിട്ടും ഇത്തരത്തിലൊരു നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എന്തായിരിക്കും?


പരിഷ്‌കാരങ്ങള്‍ ആരാണ്‌ കൊണ്ടുവരുന്നത്‌ എന്നതാണ്‌ ഇവിടെ പ്രധാനം. ഏകാധിപത്യ ശൈലി പിന്തുടരുന്ന നേതാവാണ്‌ നരേന്ദ്ര മോഡി എന്നത്‌ ആരും സമ്മതിക്കും. ആര്‍ എസ്‌ എസിനു പോലും സഹിക്കാന്‍ കഴിയാത്ത ഏകാധിപത്യ ശൈലിയുടെ ഉടമ. ബി ജെ പിയുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്കു മോഡിയുടെ പേര്‌ പരിഗണിച്ചപ്പോള്‍ ആര്‍ എസ്‌ എസ്‌ കണ്ട കുറവ്‌ ഈ ഏകാധിപത്യ ശൈലിയായിരുന്നു. തീവ്രഹിന്ദുത്വയുടെ വക്താവാണ്‌ മോഡി എന്നത്‌ അദ്ദേഹം തന്നെ സമ്മതിക്കുന്നതാണ്‌. തീവ്ര ഹിന്ദുത്വ അജന്‍ഡയുടെ പരീക്ഷണശാലയായി ഗുജറാത്ത്‌ മാറിയത്‌ അദ്ദേഹത്തിന്റെ ഭരണകാലത്താണ്‌. മുസ്‌ലിംകളെ വംശഹത്യ ചെയ്യാന്‍ ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണയോടെ നടന്ന കൊടും ക്രൂരതകള്‍ രാജ്യത്തൊട്ടാകെ വിമര്‍ശ വിധേയമായിട്ടും അതിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തി. അതിനു ശേഷം ഇക്കാലത്തിനിടെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബി ജെ പി മേല്‍ക്കൈ നിലനിര്‍ത്തിയിരുന്നു.


ഈ വിജയങ്ങളുടെ കാരണമെന്ത്‌ എന്നറിയാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. ഗുജറാത്തി ജനതയെ വര്‍ഗീയമായി വിഭജിക്കുന്നതില്‍ മോഡി വിജയിച്ചുവെന്നതാണ്‌ ഒന്നാമത്തെ കാരണം. ബാക്കിയുള്ളവരെ ഭീതിയുടെ മുള്‍ മുനയില്‍ നിര്‍ത്തുന്നതിലും. ഇവ രണ്ടും കൂടുതല്‍ ശക്തമായി നിലനിര്‍ത്തുക എന്നതാണ്‌ പുതിയ നിയമത്തിലൂടെ മോഡി ലക്ഷ്യമിടുന്നത്‌. 2002ലെ വംശഹത്യക്കു ശേഷം സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ചില പോക്കറ്റുകളില്‍ ഒതുങ്ങിക്കൂടിയാണ്‌ താമസിക്കുന്നത്‌. ബുത്തടിസ്ഥാനത്തില്‍ വോട്ടെണ്ണുന്ന നിലവിലെ സമ്പ്രദായം തന്നെ ഇവരുടെ വോട്ടുകള്‍ ഏറെക്കുറെ പരസ്യപ്പെടുത്തുന്നുണ്ട്‌. പുതിയ നിയമം പ്രാബല്യത്തിലാവുക കൂടി ചെയ്‌താല്‍ ഇവരുടെ വോട്ടുകള്‍ കൂടുതല്‍ പരസ്യപ്പെടുകയാവും ഫലം. രഹസ്യ ബാലറ്റ്‌ എന്ന സമ്പ്രദായം ആസൂത്രിതമായി തകര്‍ക്കപ്പെടും. വോട്ട്‌ മോഡിക്കെതിരെയാണെന്ന്‌ വ്യക്തമായാല്‍ ഉണ്ടാവാന്‍ ഇടയുള്ള പ്രത്യാഘാതം ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്ന ഭീതിയുടെ അന്തരീക്ഷം കൂടുതല്‍ ശക്തമാവുകയാവും ചെയ്യുക. അത്തരമൊരു സ്ഥിതി നേരിടാന്‍ ശക്തിയില്ലാത്തവര്‍ എന്തുചെയ്യും? എല്ലാവരും മോഡിയുടെ ബി ജെ പിയെ പിന്തുണക്കും. മുമ്പ്‌ വിജയിച്ചതിനേക്കാള്‍ കൂടുതല്‍ പിന്തുണയോടെ മോഡിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വിജയിക്കും. വികസനത്തിന്റെ നായകന്‌ എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്ന്‌ അഹങ്കാരത്തോടെ വാദിക്കാനും കഴിയും.


പുതിയ നിയമം കോടതി നടപടികളിലൂടെ അസാധുവാക്കപ്പെട്ടാല്‍ ഇത്‌ സംബന്ധിച്ച്‌ ദേശീയ തലത്തില്‍ ഒരു ചര്‍ച്ച ഉയര്‍ത്തിവിടാന്‍ കഴിഞ്ഞതില്‍ ബി ജെ പിക്കു സന്തോഷിക്കാനാവും. തങ്ങള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്താകെ ഇത്തരമൊരു സമ്പ്രദായം കൊണ്ടുവരുമെന്നു ബി ജെ പിക്കു വാഗ്‌ദാനം ചെയ്യാം. രാജ്യത്തെ പൗരന്‍മാരെ സംബന്ധിച്ചും അവര്‍ക്കുണ്ടായിരിക്കേണ്ട ദേശീയ ബോധത്തെക്കുറിച്ചും നിയതമായ സങ്കല്‍പ്പങ്ങള്‍ ബി ജെ പി ഇപ്പോള്‍ തന്നെ പ്രചരിപ്പിക്കുന്നുണ്ട്‌. അതിനൊപ്പം പുതിയ മാനദണ്ഡം കൂടി അവതരിപ്പിക്കുകയാണ്‌ മോഡി ചെയ്‌തിരിക്കുന്നത്‌. ഇതു മോഡിയുടെ മാത്രം ആലോചനയില്‍ വിരിഞ്ഞതാണെന്നു കരുതുകവയ്യ. പരീക്ഷണത്തിനു സര്‍വഥാ യോഗ്യമെന്നു ബി ജെ പി കരുതുന്ന ഗുജറാത്തിനെ തിരഞ്ഞെടുത്തുവെന്ന്‌ മാത്രം. ബില്ലിനു നിയമസാധുത ലഭിച്ചാല്‍ ബി ജെ പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി ഇത്‌ വ്യാപിപ്പിക്കാം. ദേശീയതലത്തില്‍ തന്നെ ഇത്തരം വ്യവസ്ഥ നിര്‍ബന്ധമാക്കണമെന്ന്‌ ആവശ്യമുയര്‍ത്താം.


ബി ജെ പിയുടെ ഇത്തരം അജന്‍ഡകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പോലും ആരോഗ്യകരമായ ഒരു സമ്പ്രദായമായി പുതിയ പരിഷ്‌കാരത്തെ കാണാനാവില്ല. വോട്ടവകാശം നിര്‍ബന്ധമാക്കിയ രാജ്യങ്ങളിലൊക്കെ അസാധു, നിഷേധ വോട്ടുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്നാണ്‌ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്‌. രാഷ്‌ട്രീയത്തില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന താത്‌പര്യം കുറഞ്ഞുവരുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു. നയനിലപാടുകള്‍ വിലയിരുത്തി വോട്ട്‌ രേഖപ്പെടുത്തണമോ വേണ്ടയോ എന്നു തീരുമാനിക്കുന്ന അവസ്ഥ മാറി, പോളിംഗ്‌ ബൂത്തില്‍ ചെന്ന്‌ ആദ്യത്തെ പേരുകാരന്റെ നേര്‍ക്ക്‌ വോട്ട്‌ രേഖപ്പെടുത്തി മടങ്ങുന്നവരുടെ എണ്ണം പെരുകുന്നുവെന്നാണ്‌ വോട്ട്‌ ചെയ്യണമെന്നത്‌ നിര്‍ബന്ധമാക്കിയ ആസ്‌ത്രേലിയയിലെ അനുഭവം.


ജനാധിപത്യ സമ്പ്രദായത്തിലെ പങ്കാളിത്തം വോട്ട്‌ രേഖപ്പെടുത്തിയാല്‍ മാത്രമേ ഉണ്ടാവുന്നുള്ളൂ എന്നത്‌ ഏകപക്ഷീയമായ നിലപാടാണ്‌. ഏകാധിപത്യത്തെയും ഫാസിസത്തെയും ഭൂരിപക്ഷ മേല്‍ക്കോയ്‌മ അടിച്ചേല്‍പ്പിക്കുന്നതിനെയും എതിര്‍ക്കുന്നത്‌ ജനാധിപത്യത്തിലെ സജീവമായ പങ്കാളിത്തമാണ്‌. സമൂഹത്തെ വര്‍ഗീയമായി വിഭജിച്ച്‌ രാഷ്‌ട്രീയ നേട്ടമുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുക എന്നതും ജനാധിപത്യത്തില്‍ പങ്കാളികളാവുന്നവരുടെ ബാധ്യതയാണ്‌. ഇതിനെല്ലാം വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയും അതിന്റെ മുഖ്യമന്ത്രിയും വോട്ടവകാശം വിനിയോഗിക്കുന്നതു നിര്‍ബന്ധമാക്കി നിയമം കൊണ്ടുവരുമ്പോള്‍ അതിനെ സംശയത്തോടെ കാണേണ്ടിവരും. അത്‌ ജനാധിപത്യത്തില്‍ സജീവമായി പങ്കെടുക്കുന്നവരുടെ ബാധ്യതയാണ്‌.

2009-12-21

കണ്ണാടികളില്‍ പ്രതിബിംബിക്കുന്നത്‌

2002ന്റെ തുടക്കം

മുഴുവന്‍ സമയവും വാര്‍ത്താ സംപ്രേഷണം നടത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പുതുതായി ആരംഭിക്കുന്ന ടെലിവിഷന്‍ ചാനലിന്റെ ന്യൂസ്‌ ടീമിലേക്ക്‌ ആളുകളെ തിരഞ്ഞെടുക്കാന്‍ അഭിമുഖം നടക്കുന്നു. വലിയ മൂക്കുകളില്ലാത്ത രാജ്യമായതിനാല്‍ എനിക്കും അഭിമുഖം നടത്തുന്ന സംഘത്തില്‍ ഇരിക്കേണ്ടിവന്നു. മൂന്നു ദിവസത്തിനിടെ അഭിമുഖ പരീക്ഷക്ക്‌ ഹാജരായത്‌ നൂറിലധികം പേര്‍. നാലാം ദിവസം തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക തയ്യാറായപ്പോള്‍ അഭിമുഖം നടത്തിയ സംഘത്തിന്‌ നേതൃത്വം നല്‍കിയയാള്‍ അഭിമാനം സ്‌ഫുരിക്കുന്ന മുഖത്തോടെ ഇങ്ങനെ പറഞ്ഞു. ``കണ്ടോ ഈ പട്ടികയില്‍ ഒരു മേത്തന്‍ (മുസ്‌ലിംകളെ അല്‍പ്പം ആക്ഷേപത്തോടെ വിശേഷിപ്പിക്കാന്‍ മധ്യ, ദക്ഷിണ കേരളത്തില്‍ ഉപയോഗിക്കുന്ന വാക്ക്‌) പോലുമില്ല. അതുണ്ടാവില്ലെന്ന്‌ അഭിമുഖം നടക്കുമ്പോള്‍ തന്നെ ഞാന്‍ ഉറപ്പാക്കിയിരുന്നു.'' അഭിമുഖത്തിന്‌ എത്തിയ ഒരാളുടെ പേരു പോലും ജാതിയുടെയും മതത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയിരുന്നില്ല എന്നതിനാല്‍ ഇദ്ദേഹത്തിന്റെ വാക്കുകള്‍ എന്നില്‍ അത്ഭുതമോ അമ്പരപ്പോ സൃഷ്‌ടിച്ചു. ക്ഷോഭവും. മറ്റൊരു ചാനലിന്റെ മോശമല്ലാത്ത സ്ഥാനത്ത്‌ ഇദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.


2008 ഡിസംബര്‍ അഞ്ച്‌

കണ്ണൂരിലെ പെരുമണ്ണില്‍ അമിത വേഗതയില്‍ വന്ന ജീപ്പ്‌ സ്‌ക്കൂള്‍ കുട്ടികളുടെ ഇടയിലേക്ക്‌ പാഞ്ഞുകയറി പത്ത്‌ പിഞ്ചു കുട്ടികള്‍ മരിച്ചു. പ്രമുഖമായ ഒരു വാര്‍ത്താ ചാനലിന്റെ ന്യൂസ്‌ റൂം. വാര്‍ത്തയുടെ ഗൗരവം മനസ്സിലാക്കി വാര്‍ത്ത സ്വയം അവതരിപ്പിക്കാന്‍ തീരുമാനിച്ച്‌ സ്റ്റുഡിയോയിലേക്ക്‌ പായുന്ന വാര്‍ത്താ വിഭാഗം മേധാവി സഹപ്രവര്‍ത്തകരോട്‌ പറഞ്ഞത്‌ ഇങ്ങനെ ``സ്‌ക്രീനില്‍ ശവങ്ങള്‍ മാത്രം കാണിക്കുക, മറ്റൊന്നും വേണ്ട.'' ഈ സംപ്രേഷണം രാത്രി വൈകുവോളം തുടര്‍ന്നു. ഇതിനിടെ പിഞ്ഞുകുഞ്ഞുങ്ങളുടെ ചലനമറ്റ ശരീരം തുടര്‍ച്ചയായി കാണിക്കുന്നതിലെ അപാകതയും ഈ ദൃശ്യങ്ങള്‍ സൃഷ്‌ടിക്കുന്ന വേദനയും ചൂണ്ടിക്കാട്ടി പലരും വിളിച്ചിരുന്നുവെന്നും എന്നാല്‍ തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ വാര്‍ത്താ വിഭാഗം മേധാവി തയ്യാറായില്ലെന്നും ചാനലില്‍ എനിക്ക്‌ പരിചയമുള്ളവര്‍ പിന്നീട്‌ പറഞ്ഞു.


സിഖ്‌ ഭീകരന്‍


1974ല്‍ ജനിക്കുകയും പത്ത്‌ വര്‍ഷത്തിനിപ്പുറം എല്ലാ ദിവസവും രാവിലെ അന്യവീടുകളുടെ മൂറ്റത്ത്‌ പറന്നു വീഴുന്ന പത്രം അവര്‍ എണീക്കും മുമ്പ്‌ വായിക്കാന്‍ ശ്രമിക്കുകയും വെളുപ്പിനെ വേര്‍തിരിക്കുന്ന തടിച്ചതും നേര്‍ത്തതുമായ കറുത്തവരകള്‍ക്ക്‌ വിശ്വാസ്യത ഏറെയുണ്ടെന്ന്‌ വിശ്വസിക്കുകയും ചെയ്‌തിരുന്ന ബാല്യം. അന്ന്‌ മനസ്സിലേക്ക്‌ ആഴത്തില്‍ തറഞ്ഞ വാക്കുകളിലൊന്ന്‌ `സിഖ്‌ ഭീകരന്‍' എന്നതായിരുന്നു. അച്ഛന്‍ ജോലി ചെയ്യുന്ന കൊച്ചിയിലെ നാവിക സേനാ കേന്ദ്രത്തില്‍ കുറവല്ലാത്ത എണ്ണം സിഖുകാരുണ്ട്‌. `ഭീകരന്‍'മാര്‍ക്കിടയില്‍ ജോലി ചെയ്യേണ്ടിവരുന്ന അച്ഛന്‍! വീട്ടിലെ റേഡിയോ നന്നാക്കാന്‍ നാവികസേനയിലെ ആശയവിനിമയ വിഭാഗത്തില്‍ എന്‍ജിനീയറായ ജവഹര്‍ എന്ന സിഖുകാരനെ അച്ഛന്‍ കൂട്ടിക്കൊണ്ടുവന്നതും ഓര്‍ക്കുന്നു. നീണ്ട താടിയും പിരിച്ചുവെച്ച മീശയും കറുത്തതുണിയില്‍ പൊതിഞ്ഞ കുടുമയും - `ഭീകരന്‍' എന്ന്‌ ഉറപ്പിക്കാന്‍ വലിയ പ്രയാസമുണ്ടായിരുന്നില്ല.


`സിഖ്‌ ഭീകരന്‍' എന്ന്‌ വാക്ക്‌ സമൃദ്ധമായി പത്രങ്ങളില്‍ വന്നത്‌ മൂലം സൃഷ്‌ടിക്കപ്പെട്ട ഈ സംശയം മാറാന്‍ വര്‍ഷങ്ങളെടുത്തു. വെളുപ്പിനെ വേര്‍തിരിക്കുന്ന കറുത്തതും നേര്‍ത്തതുമായ വരകളെ വിശ്വസിക്കുമ്പോള്‍ അല്‍പ്പം സൂക്ഷിക്കണമെന്ന്‌ പാഠവും. നിക്ഷിപ്‌ത താത്‌പര്യങ്ങള്‍ എവിടെയൊക്കെ ഏത്‌ അളവില്‍ ഉണ്ടാവുന്നു, മാനുഷിക പരിഗണനകള്‍ മാറ്റിവെച്ച്‌ വാര്‍ത്തകളെ സംഭ്രമജനകമാക്കാന്‍ എങ്ങനെയെല്ലാം ശ്രമങ്ങള്‍ നടക്കുന്നുവെന്ന്‌ സൂചിപ്പിക്കാനാണ്‌ ഞാന്‍ പത്രപ്രവര്‍ത്തന ജോലി ചെയ്‌ത ചെറിയ കാലത്തിനിടെ നടന്ന രണ്ട്‌ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയത്‌.


പത്രങ്ങളുടെ മേധാവിത്വം മുഴുവന്‍ സമയ വാര്‍ത്താ ചാനലുകള്‍ ചോദ്യം ചെയ്യുകയും അതിനെ നേരിടാന്‍ പത്രങ്ങള്‍ സജ്ജമാവുകയും ചെയ്യുന്ന കാലമാണിത്‌. ഇതിനിടയില്‍ ധാര്‍മികത, വിശ്വാസ്യത എന്നിവക്കൊന്നും സ്ഥാനമുണ്ടാവില്ല. വ്യക്തികളുടെ അവകാശങ്ങള്‍ പരിഗണിക്കപ്പെടില്ല. രാഷ്‌ട്രീയബോധത്തിന്റെ ആവശ്യവുമില്ല. മത്സരോന്‍മുഖതമൂലം യാദൃച്ഛികമായി കൈമോശം വന്നുപോവുന്നവയാണ്‌ ഇവയെന്ന്‌ വേണമെങ്കില്‍ വാദിക്കാം. അത്തരമൊരു യാദൃച്ഛികതയില്‍ ഒതുങ്ങുന്നതല്ല കാര്യങ്ങള്‍ എന്ന്‌ വ്യക്തമാക്കുന്നതാണ്‌ മേല്‍ വിവരിച്ച സംഭവങ്ങള്‍. അരാഷ്‌ട്രീയ മനോഭാവവും തീവ്ര വലതുപക്ഷ ചിന്തകളും സ്വാഭാവികമെന്നോണം പ്രചരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്‌ എന്ന്‌ വേണം കരുതാന്‍. ഈ ശ്രമത്തില്‍ അബദ്ധത്തില്‍ പെട്ടുപോകുന്നവരെപ്പോലും പൂര്‍ണമായും കുറ്റവിമുക്തരാക്കാന്‍ പറ്റില്ല തന്നെ. കാരണം വാര്‍ത്താ - ആശയ പ്രചാരണ ജോലി ഏറ്റെടുക്കുന്നവര്‍ ചരിത്രവും സാമൂഹ്യ പശ്ചാത്തലവും പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ സൃഷ്‌ടിക്കാന്‍ പോകുന്ന ആഘാതവും അറിഞ്ഞിരിക്കാന്‍ ബാധ്യതപ്പെട്ടവരാണ്‌ എന്നതുകൊണ്ടു തന്നെ.


പട്ടി വിവാദം


മുംബൈ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം നവംബര്‍ 26ന്‌ രാജ്യം സമുചിതമായി ആചരിച്ചിരുന്നു. ആക്രമണത്തോടൊപ്പം മലയാളി മധ്യമങ്ങള്‍ ആഘോഷിച്ച ഒരു വിവാദത്തിന്റെ വാര്‍ഷികം കൂടിയാണിത്‌. ടാജ്‌ ഹോട്ടലില്‍ ഭീകരരുടെ വെടിയേറ്റ്‌ മരിച്ച മേജര്‍ സന്ദീപ്‌ ഉണ്ണിക്കൃഷ്‌ണന്റെ കുടുംബത്തെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ ആക്ഷേപിച്ചുവെന്ന വിവാദത്തിന്റെ. ഒന്നാം വാര്‍ഷികം. ഈ വിവാദത്തിന്‌ വഴി തുറന്നത്‌ ഇങ്ങനെയാണ്‌. ബി ജെ പിയുടെ യുവജനവിഭാഗത്തിന്റെ പ്രമുഖനായ ഒരു നേതാവ്‌ ഫോണില്‍ വിളിക്കുന്നു. മേജര്‍ സന്ദീപ്‌ ഉണ്ണിക്കൃഷ്‌ണന്‌ ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ കേരളത്തിന്റെ മന്ത്രിമാരാരും ബംഗളൂരുവില്‍ പോകാത്തത്‌ അപമാനിക്കലാണ്‌ എന്നാണ്‌ ഇദ്ദേഹത്തിന്റെ വാദം. ഇങ്ങനെ അപമാനിച്ചതിനെതിരെ തങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ പോവുകയാണ്‌. മന്ത്രിമാരാരും പോകാതെ സന്ദീപ്‌ ഉണ്ണിക്കൃഷ്‌ണനെ കേരളം അപമാനിച്ചത്‌ വാര്‍ത്തയാക്കണം എന്ന ആവശ്യവും.


കര്‍ണാടക മുഖ്യമന്ത്രി ബി എസ്‌ യെദിയൂരപ്പ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത്‌ രാജ്യത്തെ ഭരണസംവിധാനങ്ങളുടെയാകെ പ്രതിനിധിയായി കണക്കാക്കേണ്ടേ, അഖണ്ഡ ഭാരതവും വിശാല ദേശീയതയും പറയുന്ന നിങ്ങള്‍ അങ്ങനെ ചിന്തിക്കേണ്ടേ എന്ന ചോദ്യത്തിന്‌ യുവേ നേതാവ്‌ വ്യക്തമായ മറുപടിയൊന്നും നല്‍കിയില്ല. അല്‍പ്പ സമയത്തിനകം ഒരു ചാനലില്‍ ഫ്‌ളാഷ്‌ ന്യൂസ്‌ മിന്നി. നേരത്തെ യുവ നേതാവ്‌ എന്നോട്‌ പറഞ്ഞ അതേ വാചകം. തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ ബാക്കിയായിരുന്നു സന്ദീപ്‌ ഉണ്ണിക്കൃഷ്‌ണന്റെ പിതാവിനെ മുഖ്യമന്ത്രി പട്ടി എന്ന്‌ വിളിച്ചുവെന്ന വാര്‍ത്ത. മലയാളത്തിലെ മാധ്യമങ്ങള്‍ എല്ലാം ഏറ്റുപിടിച്ചു. ഇതിനോടുള്ള പ്രതികരണം തേടി ദുഃഖാര്‍ത്തനായ പിതാവിന്റെ മുന്നിലെത്തി. ദുഃഖവും ക്ഷോഭവും മൂലം അദ്ദേഹം മറുപടി നല്‍കി. അതും കൊഴുപ്പിച്ചു. ദിവസങ്ങള്‍ക്കകം ഈ വിവാദം അതിന്റെ സ്വാഭാവിക മരണത്തിലെത്തുകയും ചെയ്‌തു. ആര്‍ക്കാണ്‌ നേട്ടമുണ്ടായത്‌? കപടമായ ദേശീയ വികാരം ഉണര്‍ത്തി നേട്ടമുണ്ടാക്കാന്‍ ആരാണോ ശ്രമിച്ചത്‌ അവര്‍ക്ക്‌ താത്‌ക്കാലത്തേക്ക്‌ മാത്രം.


വി എസ്സിനെ കേള്‍ക്കുമ്പോള്‍


ഇവിടെ മറ്റൊരു പ്രശ്‌നം കൂടി ഉയരുന്നുണ്ട്‌. 87ലേക്ക്‌ കടന്ന വി എസ്‌ അച്യുതാനന്ദന്‍ എന്ന രാഷ്‌ട്രീയ നേതാവിന്റെ വാക്കുകളെ നാം എങ്ങനെ വ്യാഖാനിക്കുന്നുവെന്നത്‌. ഈ വ്യാഖ്യാനം എങ്ങനെ നടത്തണം എന്നതും. കൂടുതല്‍ വിദ്യാഭ്യാസത്തിനൊന്നും അവസരം കിട്ടാതെ തയ്യല്‍ തൊഴിലിലേക്ക്‌ തിരിഞ്ഞ ഒരാള്‍. തന്റെ ചുറ്റുപാടും നടക്കുന്ന അടിച്ചമര്‍ത്തലുകള്‍ കണ്ട്‌ വേദനിച്ച ഒരാള്‍. സഖാവ്‌ പി കൃഷ്‌ണപിള്ളയില്‍ നിന്ന്‌ കേട്ടും സ്വയം വായിച്ചും കമ്മ്യൂണിസത്തെ മനസ്സിലാക്കിയ ഒരാള്‍. അങ്ങനെയൊരാള്‍ക്ക്‌ ഈ ആശയങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നത്‌ അക്ഷരാഭ്യാസമില്ലാത്ത സഹജീവികള്‍ക്കായിരുന്നു. അതിന്‌ അനുസൃതമായ ഭാഷയേ അയാള്‍ക്ക്‌ സ്വീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. പിന്നീടിങ്ങോട്ടുള്ള ദശാബ്‌ദങ്ങളിലെല്ലാം വി എസ്‌ അച്യുതാനന്ദന്‍ അഭിമുഖീകരിച്ചിരുന്നത്‌ ഇത്തരമൊരു ജനതയെയാണ്‌. അവരുടെ മനസ്സിലേക്ക്‌ തന്റെ ആശയങ്ങള്‍ എത്തിക്കാന്‍ പാകത്തിലുള്ള ഭാഷ, അതിനു വേണ്ട അംഗവിക്ഷേപങ്ങള്‍ ഒക്കെ അദ്ദേഹം സ്വീകരിച്ചിട്ടുണ്ടാവും. ഈ പശ്ചാത്തലമുള്ള ഒരാള്‍ മകന്റെ മരണത്തില്‍ ദുഃഖിച്ചിരിക്കുന്ന പിതാവിനെ മുന്‍ചൊന്ന വിധത്തില്‍ വിശേഷിപ്പിച്ചിട്ടുണ്ടാവുമോ എന്ന്‌ ആലോചിക്കാനും പരിശോധിക്കാനുമുള്ള ബുദ്ധിയും മനസ്സും ഉണ്ടാവാതെ പോയതിന്‌ മാധ്യമങ്ങളും അതിന്റെ പ്രവര്‍ത്തകരും മറ്റാരെയും പഴിക്കേണ്ടതില്ല.
ഇതിനൊപ്പം അധികം പഴക്കമില്ലാത്ത ചിലതു കൂടി ഓര്‍മിപ്പിക്കാം.


1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ നേതാവ്‌ സുശീലാ ഗോപാലനും കോണ്‍ഗ്രസ്‌ നേതാവ്‌ ദേവദത്ത്‌ ജി പുറക്കാടും അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നു. പ്രചാരണ യോഗത്തില്‍ വി എസ്‌ അച്യുതാനന്ദന്‍ പ്രസംഗിക്കുന്നു. പ്രസംഗത്തിലെ ഒരു പരാമര്‍ശം ഇങ്ങനെ - ``നമ്മുടെ സ്ഥാനാര്‍ഥി, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കരുത്തയായ നേതാവ്‌, സാക്ഷാല്‍ എ കെ ജിയുടെ പ്രിയപത്‌നി സുശീലാ ഗോപാലന്‍, സുശീലാ ഗോപാലന്‍, ഒരു റോസാപുഷ്‌പം. അപ്പുറത്തോ ഒരു തീട്ടക്കണ്ടി. ഈ സുശീലാ ഗോപാലന്‍ ആഞ്ഞൊന്നു മൂത്രമൊഴിച്ചാല്‍ ഒലിച്ചുപോകാവുന്നതേയുള്ളൂ ഈ തീട്ടക്കണ്ടി.''


എന്തുകൊണ്ട്‌ ഇത്തരം ഭാഷ എന്ന്‌ വേണമെങ്കില്‍ നമുക്ക്‌ നെറ്റി ചുളിക്കാം. പക്ഷേ, പാടത്തും പറമ്പിലും പണിയെടുത്ത്‌ ക്ഷീണിച്ച്‌ പാര്‍ട്ടിയുടെ യോഗ സ്ഥലത്തെത്തുന്നവരുടെ മനസ്സില്‍ കാര്യങ്ങളെത്താനും അവരില്‍ ആവേശമുണരാനും സംസ്‌കൃതമായ പദങ്ങളുപയോഗിച്ചുള്ള ഗിരിപ്രഭാഷണമല്ല വേണ്ടതെന്ന പ്രായോഗികജ്ഞാനത്തെ അടിസ്ഥാനമാക്കിയാണ്‌ വി എസ്‌ പ്രസംഗിച്ചത്‌. വി എസ്സിന്റെ വാക്കുകള്‍ അന്നൊരു പത്രപ്രവര്‍ത്തകനും അതേപടി പത്രത്തിലേക്ക്‌ പകര്‍ത്തിയില്ല. തന്നെ ആക്ഷേപിച്ചുവെന്ന്‌ ആരോപിച്ച്‌ ദേവദത്ത്‌ ജി പുറക്കാട്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കിയതുമില്ല. വി എസ്‌ ഉദ്ദേശിച്ചത്‌ എന്താണെന്ന്‌ എല്ലാവര്‍ക്കും അറിയാമായിരുന്നു. റിപ്പോര്‍ട്ടിംഗ്‌ എന്നതില്‍ പാലിക്കേണ്ട സംയമനത്തെക്കുറിച്ച്‌ പത്രപ്രവര്‍ത്തകര്‍ക്ക്‌ ബോധമുണ്ടായിരുന്നു. അനാവശ്യ വിവാദങ്ങള്‍ സൃഷ്‌ടിക്കലല്ല തങ്ങളുടെ ജോലി എന്ന തിരിച്ചറിവുമുണ്ടായിരുന്നു. ഇത്‌ നഷ്‌ടപ്പെട്ടപ്പോഴാണ്‌ പട്ടി പ്രയോഗത്തെക്കുറിച്ച്‌ വിവാദമുണ്ടായത്‌, അല്ലെങ്കില്‍ വിവാദമുണ്ടാക്കാനുള്ള ഹിന്ദുത്വവാദത്തിന്റെ ശ്രമങ്ങള്‍ക്ക്‌ മാധ്യമങ്ങള്‍ അരു നിന്നു കൊടുത്തത്‌. വി എസ്‌ അച്യുതാനന്ദന്‍ പ്രസംഗത്തിനിടെ നടത്തുന്ന അംഗവിക്ഷേപങ്ങളെ കളിയാക്കാന്‍ ശ്രമിക്കുന്നതും.


ബര്‍ണാഡ്‌ ഷാ പറഞ്ഞത്‌...


കേള്‍ക്കണമെങ്കില്‍ ഇങ്ങനെ തന്നെ പറയണമെന്ന്‌ പറഞ്ഞത്‌ ബര്‍ണാഡ്‌ഷായാണ്‌ എന്ന വാചകം പൂരിപ്പിക്കാതെ പ്രൊഫ. എം എന്‍ വിജയന്‍ കുഴഞ്ഞുവീണു മരിച്ചതും നമുക്കൊരു ആഘോഷമായിരുന്നു. സി പി എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ക്കെതിരെ പാഠം മാസിക പ്രയോഗിച്ച ഭാഷ ഉചിതമായിരുന്നോ എന്ന ചോദ്യത്തിന്‌ മറുപടി പറഞ്ഞുവരുമ്പോഴാണ്‌ പ്രൊഫ. എം എന്‍ വിജയന്‍ ഈ വാചകം പാതിയില്‍ പറഞ്ഞു നിര്‍ത്തി കടന്നുപോയത്‌. സി പി എമ്മിലെ ഗ്രൂപ്പുപോരില്‍ പാഠത്തെ ന്യായീകരിച്ചവര്‍ തന്നെ മന്ത്രി ജി സുധാകരനെ വാമൊഴി വഴക്കത്തിന്റെ പേരില്‍ ആക്ഷേപിക്കുന്നതും നമ്മള്‍ കണ്ടു. അപ്പോള്‍ കേള്‍ക്കണമെങ്കില്‍ ഇങ്ങനെ തന്നെ പറയണമെന്ന സിന്താദ്ധം ബാധകമായിരുന്നില്ല. എന്തുകൊണ്ട്‌ ഇത്തരം വൈരുദ്ധ്യങ്ങളുണ്ടാവുന്നുവെന്ന ചിന്തക്ക്‌ സ്ഥാനമില്ല. കാരണം മണിക്കൂറുകള്‍ മാത്രം ആയുസ്സുള്ള വിവാദവും അത്‌ ഉണ്ടാക്കാന്‍ ഇടയുള്ള പ്രേക്ഷക സാന്നിധ്യവും അതിലൂടെ പിന്നീട്‌ ലഭിച്ചേക്കാവുന്ന ധനലാഭവും മാത്രമേ മുന്നിലുള്ളൂ. അതിനപ്പുറത്തുള്ള നയ നിലപാടുകളോ, ആശയ ദൃഢതയോ ആവശ്യമില്ലെന്ന തോന്നല്‍ ശക്തമാണ്‌.


അതിന്റെ തുടര്‍ച്ചയാണ്‌ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തുവന്നപ്പോള്‍ ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന പത്രത്തിന്‌ ബാബരി മസ്‌ജിദ്‌ തര്‍ക്ക മന്ദിരമായത്‌. ആരാണ്‌ തര്‍ക്കമുയര്‍ത്തിയത്‌? ആര്‍ക്കാണ്‌ അതുകൊണ്ട്‌ നേട്ടമുണ്ടായത്‌? ആ നേട്ടത്തിന്റെ ഫലമെന്തായിരുന്നു? എന്ന ചോദ്യങ്ങളൊക്കെ അവര്‍ക്ക്‌ അപ്രസക്തമാവുന്നത്‌. ഇത്തരം മാധ്യമങ്ങള്‍ക്ക്‌ സ്വാതന്ത്ര്യാനന്തരം ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ്‌ ബല്ലഭ്‌ പന്തിന്‌ ബാബരി മസ്‌ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു അയച്ച സന്ദേശങ്ങള്‍ നഷ്‌ടപ്പെട്ടത്‌ വാര്‍ത്തയാവില്ല. ആ സന്ദേശങ്ങളുമായി കോടതിയില്‍ ഹാജരാവാന്‍ പോയ ഉത്തര്‍ പ്രദേശ്‌ സര്‍ക്കാറിലെ ഉദ്യോഗസ്ഥന്‍ അപകടത്തില്‍ മരിച്ചതില്‍ പിതാവ്‌ ദുരൂഹത ആരോപിക്കുന്നതും വാര്‍ത്തയാവില്ല. അവര്‍ക്ക്‌ സിനിമാ നടിയുടെ ദാമ്പത്യം തകര്‍ച്ചയിലേക്ക്‌ എന്നതായിരിക്കും കൂടുതല്‍ പ്രിയപ്പെട്ട വിഷയം. താരദാമ്പത്യങ്ങളുടെ തകര്‍ച്ചയെക്കുറിച്ച്‌ അവര്‍ ചര്‍ച്ചകള്‍ നടത്തും.


ഇതേ ലാഘവത്തോടെ `ലൗ ജിഹാദ്‌' `റോമിയോ ജിഹാദ്‌' തുടങ്ങി ആസൂത്രിതമായി സൃഷ്‌ടിച്ചെടുത്ത പദാവലികള്‍ പ്രേക്ഷകമനസ്സുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കും. പ്രണയം നടിച്ച്‌ മതം മാറ്റാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം `ലൗ ജിഹാദ്‌' എന്ന രണ്ട്‌ വാക്കുകളിലേക്ക്‌ ചുരുക്കുമ്പോള്‍ അര്‍ഥത്തിലും വ്യാപ്‌തിയിലുമുണ്ടാവുന്ന മാറ്റത്തെക്കുറിച്ച്‌ ആലോചനകള്‍ ആവശ്യമേയില്ല. ഇത്തരം സാമാന്യവത്‌കരണം പൊതുബോധത്തില്‍ സൃഷ്‌ടിക്കാന്‍ ഇടയുള്ള തെറ്റിദ്ധാരണയെക്കുറിച്ച്‌ ചിന്തിക്കേണ്ട ബാധ്യതയുമില്ല. കാരണം, നമ്മള്‍ വണിക്കുകള്‍ മാത്രമാണ്‌, വാര്‍ത്തകള്‍ ചരക്കുകളും. മെച്ചപ്പെട്ട വിപണനത്തെക്കുറിച്ച്‌ മാത്രമേ ആലോചിക്കേണ്ടതുള്ളൂ. അതിന്‌ ഏത്‌ വഴി സ്വീകരിച്ചാലും തെറ്റില്ല എന്നതാണ്‌ സിദ്ധാന്തം. ആ മുന്നേറ്റത്തിനിടെ മുറിവേല്‍ക്കുന്നതാര്‍ക്ക്‌, നേട്ടമുണ്ടാവുന്നതാര്‍ക്ക്‌ എന്നുള്ള കണക്കെടുപ്പൊന്നും സാധ്യമല്ല തന്നെ. സ്‌ക്രീനില്‍ മണിക്കൂറുകളോളം കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം കാണിക്കുന്നതില്‍ തെല്ലും മനസ്‌താപം തോന്നാത്തത്‌ അതുകൊണ്ടാണ്‌.


സംഭവങ്ങളെ കണ്ണാടിയിലെന്ന പോലെ പ്രതിബംബിക്കുന്നുവെന്ന അവകാശവാദമാണ്‌ മുഴുവന്‍ സമയ ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ ആരംഭിക്കുമ്പോള്‍ ഉയര്‍ന്ന അവകാശവാദം. എന്നാല്‍ അതിനും ശേഷമാണ്‌ അമേരിക്കന്‍ സൈന്യത്തിനൊപ്പം ചാനല്‍ ക്യാമറകള്‍ സഞ്ചരിച്ച്‌ അവര്‍ക്ക്‌ അനുകൂലമായ വാര്‍ത്തകള്‍ മെനഞ്ഞെടുത്ത്‌ എംബഡഡ്‌ ജര്‍ണലിസം നിലവില്‍ വന്നത്‌. ഇവിടെ സാഹചര്യങ്ങള്‍ വ്യത്യാസമുണ്ടെന്നതേയുള്ളൂ. നമ്മള്‍ എംബഡ്‌ ചെയ്യുന്നത്‌ അരാഷ്‌ട്രീയതയോ തീവ്രവലതുപക്ഷ രാഷ്‌ട്രീയത്തിന്റെ വിത്തുകളോ ആണെന്ന്‌ മാത്രം. അതുകൊണ്ടാണ്‌ സംഘപരിവാര്‍ സംഘടനകള്‍ മുന്നോട്ടുവെക്കുന്ന പദാവലികള്‍ക്ക്‌ വളരെ എളുപ്പത്തില്‍ മാധ്യമങ്ങളില്‍ പ്രയോഗക്ഷമതയുണ്ടാവുന്നത്‌. നാല്‌ മലയാളി യുവാക്കള്‍ കാശ്‌മീരില്‍ കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്ത പുറത്തുവന്നതിന്‌ തൊട്ടുപിറകെ സംസ്ഥാന ആഭ്യന്തര മന്ത്രിയോട്‌ കേരളത്തില്‍ ഭീകരപ്രവര്‍ത്തനം വ്യാപിച്ചതിന്‌ തെളിവല്ലേ ഈ സംഭവം എന്ന്‌ ടെലിവിഷന്‍ വാര്‍ത്താ അവതാരകന്‍ ചോദിക്കുന്നത്‌. ഒറ്റനോട്ടത്തില്‍ ഈ ചോദ്യത്തില്‍ തെറ്റ്‌ പറയാനാവില്ല. പക്ഷേ, ഒന്നും സ്ഥിരീകരിക്കുന്നതിന്‌ മുമ്പ്‌ ഈ ചോദ്യംചോദിക്കുമ്പോള്‍ സംതുലിതമായ മനസ്സല്ല വാര്‍ത്താ അവതാരകന്റേത്‌ എന്നെങ്കിലും സമ്മതിക്കേണ്ടിവരും. അവിടെയാണ്‌ മേത്തനെ തിരഞ്ഞെടുക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയവരുണ്ടായിരുന്നു എന്നതിന്റെ പ്രസക്തി.


എന്തിന്റെ കയ്യാള്‍


രണ്ട്‌ പ്രവണതകള്‍ സമാന്തരമായി സഞ്ചരിക്കുന്നുണ്ട്‌. ഒന്ന്‌ ജനപിന്തുണയുള്ള രാഷ്‌ട്രീയ നേതാക്കളെ അവരുടെ പ്രവര്‍ത്തന ചരിത്രത്തില്‍ നിന്ന്‌ വേര്‍തിരിച്ച്‌ ഇന്നലെ നടന്ന സംഭവങ്ങളുടെ പേരില്‍ അപഹസിക്കാനുള്ള (വിമര്‍ശിക്കലല്ല) ശ്രമം. മറ്റൊന്ന്‌ തീവ്ര വലതുപക്ഷ ആശയങ്ങളുടെ ആസൂത്രിതവും സമര്‍ഥവുമായ പ്രചാരണം. വി എസ്‌ അച്യുതാനന്ദനോ ജി സുധാകരനോ മാത്രമല്ല, എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഒക്കെ അപഹസിക്കപ്പെടുന്നുണ്ട്‌. നയനിലപാടുകളുടെ അടിസ്ഥാനത്തിലുള്ള വിമര്‍ശനമോ കുറ്റപ്പെടുത്തലോ ആല്ല, പരിപൂര്‍ണമായ അപഹാസം തന്നെ. സാമ്പത്തികമായി ഇടത്തരക്കാരോ, കൂടുതല്‍ സമ്പത്ത്‌ സമാഹരിച്ചുകൊണ്ടിരിക്കുന്ന ഇടത്തരക്കാരോ ആണ്‌ ഭൂരിഭാഗം പ്രേക്ഷകര്‍, അല്ലെങ്കില്‍ വായനക്കാര്‍. അവന്‌ താത്‌പര്യമുള്ള വിഭവമാണെങ്കിലേ കച്ചവടം നടക്കൂ. അതിന്‌ ഏറ്റവും ഗുണകരമായത്‌ അരാഷ്‌ട്രീയതയോ തീവ്രവലതുപക്ഷ ആശയങ്ങളോ ആണെന്ന തിരിച്ചറിവില്‍ നിന്നാണ്‌ ഇത്തരം അപഹസിക്കലുകളും ലൗ ജിഹാദ്‌ പോലുള്ള പദാവലികളുടെ പ്രചാരണവും ഉണ്ടാവുന്നത്‌. അരാഷ്‌ട്രീയതയുടെ പൂരകവസ്‌തുവായി തീവ്രവലതുപക്ഷ ആശയങ്ങള്‍ മാറുകയും ചെയ്യുന്നു.


1980ല്‍ ഭാരതീയ ജനതാ പാര്‍ട്ടി എന്ന പുതിയ നാമം സ്വീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങിയവര്‍ ഏറ്റവും ആദ്യം നേട്ടമുണ്ടാക്കിയത്‌ നഗര മേഖലകളിലായിരുന്നു. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, മാംഗ്ലൂര്‍, ഭോപ്പാല്‍ തുടങ്ങിയ ഇടത്തരക്കാരുടെ നഗര മേഖലയില്‍. ഗ്രാമങ്ങളില്‍ ഇപ്പോഴും ബി ജെ പിക്ക്‌ ശക്തിയാര്‍ജിക്കാനായിട്ടില്ലെന്ന്‌ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോലും തെളിഞ്ഞിട്ടുമുണ്ട്‌.

2009-12-17

സര്‍ക്കാര്‍ വിലാസത്തിലെ വിളമ്പ്‌


സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്ന ആക്ഷേപം മുഖ്യമന്ത്രിയും കുറഞ്ഞത്‌ രണ്ട്‌ മന്ത്രിമാരും പ്രകടിപ്പിച്ചിട്ട്‌ ഒരു മാസം തികയുന്നതേയുള്ളൂ. ദേശീയ തൊഴിലുറപ്പ്‌ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാത്തതിന്‌ ജില്ലാ കലക്‌ടര്‍മാരെയും വകുപ്പ്‌ മേധാവികളെയും മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ വിമര്‍ശിക്കുകയും ചെയ്‌തു. ഇതിനൊപ്പം തന്നെയാണ്‌ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നതും.


2011ല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്നാണ്‌ സര്‍ക്കാറിന്റെ വാഗ്‌ദാനം. ജീവനക്കാരുടെ ക്ഷാമബത്ത വലിയ കാലതാമസമില്ലാതെ അനുവദിക്കാന്‍ ശ്രദ്ധിക്കുന്ന ധനമന്ത്രിയുള്ളപ്പോള്‍ ഈ വാഗ്‌ദാനം നടപ്പാവുമെന്ന്‌ തന്നെ കരുതണം. നടപ്പു സമ്പ്രദായമനുസരിച്ചാണെങ്കില്‍ ഇപ്പോഴുള്ള ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ച്‌ അഞ്ചോ ആറോ ശതമാനം ക്ഷാമബത്ത കൂടി അനുവദിക്കുകയാവും ചെയ്യുക. അതായത്‌ പതിനായിരം രൂപ ഇപ്പോള്‍ അടിസ്ഥാന ശമ്പളമുള്ളയാള്‍ക്ക്‌ ക്ഷാമബത്ത 64 ശതമാനം ലയിപ്പിക്കുമ്പോള്‍ അടിസ്ഥാന ശമ്പളം 16,400 ആയി മാറും. ഇതിന്റെ നിശ്ചിത ശതമാനം ക്ഷാമബത്തയും അനുവദിക്കും.


സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനക്കു ചില സാമ്പത്തിക സിദ്ധാന്തങ്ങള്‍ കൂടി നമ്മുടെ ധനമന്ത്രിയുടെ മനസ്സിലുണ്ട്‌. കേരളത്തില്‍ വാങ്ങല്‍ ശേഷി കൂടുതലുള്ളവരില്‍ വലിയൊരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരാണ്‌. അവരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊടുത്താല്‍ വാങ്ങല്‍ ശേഷിയും വര്‍ധിക്കും. കമ്പോളങ്ങള്‍ സജീവമാവും. സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ മെച്ചപ്പെടും. നികുതിയിനത്തില്‍ കൂടുതല്‍ പണം സര്‍ക്കാര്‍ ഖജനാവിലേക്കു ലഭിക്കുകയും ചെയ്യുമെന്നാണ്‌ സിദ്ധാന്തം. സാമൂഹിക സിദ്ധാന്തവുമുണ്ട്‌ ശമ്പള പരിഷ്‌കരണത്തിന്‌. സര്‍ക്കാറുകള്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ നടപ്പാക്കേണ്ടത്‌ സര്‍ക്കാര്‍ ജീവനക്കാരാണ്‌. അവരുടെ ആവശ്യങ്ങള്‍ വേണ്ട വിധത്തില്‍ നിറവേറ്റിയാല്‍ മാത്രമേ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാകൂ. അതിലൂടെയേ ജനങ്ങള്‍ക്കു കൂടുതല്‍ സഹായം ലഭിക്കൂ. സാമ്പത്തിക സിദ്ധാന്തം ഒരുപക്ഷേ പ്രാവര്‍ത്തികമായേക്കും. സാമൂഹിക സിദ്ധാന്തം പ്രാവര്‍ത്തികമാകാന്‍ സാധ്യത കുറവാണ്‌. അതിന്‌ തെളിവാണ്‌ മുഖ്യമന്ത്രിയും മന്ത്രിമാരുമുയര്‍ത്തിയ ആക്ഷേപങ്ങള്‍.


സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യശേഷിക്ക്‌ ഒരു അനുഭവ സാക്ഷ്യം. യു ഡി എഫ്‌, എല്‍ ഡി എഫ്‌ ഭരണകാലങ്ങളില്‍ നടന്ന സംഭവങ്ങള്‍ പ്രത്യേകം വിവരിക്കാം. 2003ല്‍ യു ഡി എഫ്‌ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്‌ തസ്‌തികയില്‍ സര്‍വീസില്‍ പ്രവേശിച്ച ഒരാള്‍ രാജ്യത്തിനകത്ത്‌ മികച്ച മറ്റൊരു ജോലി സ്വീകരിക്കാനായി അഞ്ചു വര്‍ഷത്തെ അവധിക്ക്‌ അപേക്ഷിച്ചു. ഇത്തരമൊരു സൗകര്യം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതാണ്‌. ഇത്തരം അപേക്ഷ ലഭിച്ചാല്‍ തീരുമാനമെടുക്കാനുള്ള അവകാശം സര്‍ക്കാറിനുമാണ്‌. അവധി അനുവദിക്കാമെന്നോ അനുവദിക്കാനാവില്ലെന്നോ ശിപാര്‍ശ ചെയ്‌തു സര്‍ക്കാറിലേക്ക്‌ അപേക്ഷ കൈമാറുക എന്ന ബാധ്യതയാണ്‌ ഉദ്യോഗസ്ഥര്‍ക്കുള്ളത്‌. അപേക്ഷ താന്‍ ജോലി ചെയ്യുന്ന ഓഫീസില്‍ നിന്നു പോലും മുന്നോട്ടു നീങ്ങുന്നില്ല എന്നതാണ്‌ ഈ ജീവനക്കാരന്‍ കണ്ടത്‌.


പരിചയമുള്ള ഒരു പത്രപ്രവര്‍ത്തകന്‍ വഴി മന്ത്രിയെ തന്നെ സമീപിച്ചു. മന്ത്രി ഉടന്‍ വിളിച്ചുപറയുകയും ചെയ്‌തു. എന്നിട്ടും അപേക്ഷ മുന്നോട്ട്‌ നീങ്ങിയില്ല. പത്രപ്രവര്‍ത്തകനിലൂടെ വീണ്ടും മന്ത്രിയെ കണ്ടു. ഒന്നും നടന്നില്ല. ഇതു പലകുറി ആവര്‍ത്തിച്ചു. അഞ്ച്‌ മാസത്തിനിടെ ആറാം വട്ടം ഇക്കാര്യം മന്ത്രിയുടെ മുന്നിലെത്തിയപ്പോള്‍ അദ്ദേഹം വകുപ്പ്‌ മേധാവിയെ വിളിച്ചു പൊട്ടിത്തെറിച്ചു. താന്‍ പറഞ്ഞ ഒരു കാര്യം ഇത്രയും കാലമായിട്ടും നടക്കാത്തതിലെ ഈര്‍ഷ്യ അല്‍പ്പം സഭ്യേതരമായ ഭാഷയില്‍ തന്നെ മന്ത്രി പ്രകടിപ്പിച്ചു. പിന്നെ കാര്യങ്ങള്‍ ശരവേഗത്തിലായിരുന്നു. അഞ്ച്‌ ദിവസം കൊണ്ട്‌ അവധി അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ്‌ വന്നു.


അഞ്ച്‌ വര്‍ഷത്തിനിപ്പുറം 2009ല്‍ വി എസ്‌ അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ തന്റെ അവധി അഞ്ച്‌ വര്‍ഷത്തേക്കു കൂടി നീട്ടുന്നതിന്‌ ഇതേ ജീവനക്കാരന്‍ അപേക്ഷ നല്‍കി. അല്‍പ്പകാലം കാത്തിരുന്നു. പിന്നെ അപേക്ഷ മുന്നോട്ടുനീങ്ങിയോ എന്ന അന്വേഷണമായി. ഒരിഞ്ച്‌ നീങ്ങിയിട്ടില്ലെന്ന്‌ ഉറപ്പായപ്പോള്‍ പഴയ വിദ്യ വീണ്ടും പ്രയോഗിക്കാന്‍ തീരുമാനിച്ചു. സുഹൃത്തായ പത്രലേഖകനെ വിളിച്ചു കാര്യം പറഞ്ഞു. മന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ ഒന്നു വിളിച്ചു പറയിപ്പിക്കാനും ഏര്‍പ്പാടാക്കി. പത്രലേഖകരായതുകൊണ്ട്‌ മന്ത്രിയുടെ ഓഫീസില്‍ നിന്നു പ്രത്യേക പരിഗണന ലഭിച്ചു. അവര്‍ ഉടന്‍ വകുപ്പിലെ ഉദ്യോഗസ്ഥരെ വിളിച്ചു പറയുകയും ചെയ്‌തു. ഇതും പലകുറി ആവര്‍ത്തിച്ചു.


ആറ്‌ മാസം കഴിഞ്ഞപ്പോള്‍ വിവരം കിട്ടി. അവധി നീട്ടാനായി നല്‍കിയ അപേക്ഷയുടെ അസ്സല്‍ കാണാനില്ല. നേരത്തെ അപേക്ഷിച്ചിരുന്നുവെന്നും അത്‌ കാണാതായതിനാല്‍ രണ്ടാമതൊന്നു നല്‍കുകയാണെന്നും കാണിച്ച്‌ വീണ്ടും അപേക്ഷിച്ചു. മന്ത്രിയുടെ ഓഫീസില്‍ പത്രലേഖകന്‍ ചെന്ന്‌ കാര്യം ധരിപ്പിച്ചു. അവര്‍ വീണ്ടും വകുപ്പുദ്യോഗസ്ഥരെ വിളിച്ച്‌ കാര്യങ്ങള്‍ പറഞ്ഞു. പക്ഷേ, ഫയല്‍ നീങ്ങിയില്ല. പത്രലേഖകന്‍ പലകുറി മന്ത്രിയാപ്പീസില്‍ കയറിയിറങ്ങി. അവര്‍ പരമാവധി സഹകരിച്ചുവെന്നു പറയാതിരിക്കാന്‍ കഴിയില്ല. എത്ര വട്ടമാണ്‌ വകുപ്പ്‌ മേധാവികളെ വിളിച്ചതെന്നു മന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്കു പോലും തിട്ടമുണ്ടാവില്ല. നാല്‌ മാസത്തിന്‌ ശേഷം അവധി നീട്ടി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി.


മറ്റൊരു ജോലി ചെയ്യുന്നയാള്‍ അവധി എടുക്കാനും പിന്നീട്‌ അതു നീട്ടാനും അപേക്ഷ നല്‍കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ചെറിയ അതൃപ്‌തിയുണ്ടാവുക സ്വാഭാവികം. മറ്റു കാര്യങ്ങള്‍ക്കു നല്‍കുന്ന അപേക്ഷപോലെ അത്‌ കൈകാര്യം ചെയ്യണമെന്നുമില്ല. പക്ഷേ, മന്ത്രിയുടെ ഓഫീസിനെയോ മന്ത്രിയെ തന്നെയോ നേരിട്ടു കണ്ടു കാര്യങ്ങള്‍ ധരിപ്പിക്കാനും അവരെക്കൊണ്ട്‌ ഉദ്യോഗസ്ഥ മേധാവികളെ വിളിപ്പിക്കാനും ശേഷിയുള്ള പത്രലേഖകര്‍ സുഹൃത്തുക്കളായുണ്ടായിട്ടും സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഒരു സൗകര്യം പ്രയോജനപ്പെടുത്താന്‍പെട്ട പാടിന്റെ ലഘു ചിത്രമാണ്‌ വിവരിച്ചത്‌. ഇതിനൊന്നും പാങ്ങില്ലാത്തവര്‍ സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യം നേടിയെടുക്കണമെങ്കില്‍ എന്തൊക്കെ ചെയ്യേണ്ടിവരും? റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ക്കാനോ, വിദ്യാഭ്യാസ മേഖലയിലെ സംവരണത്തിനു ക്രീമിലെയറല്ലെന്ന സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാനോ എത്തുന്നവരുടെ കാര്യമെടുക്കുക. ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും കൈക്കൂലി നല്‍കേണ്ടിവരുമെന്ന്‌ ഉറപ്പ്‌. എല്ലാ മേഖലകളിലൂം കൊണ്ടുപിടിച്ചു കമ്പ്യൂട്ടര്‍വത്‌കരണം നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാലത്താണ്‌ ഇതെന്നുകൂടി ഓര്‍ക്കണം. വേഗത്തില്‍ കാര്യങ്ങള്‍ നടത്താനാണല്ലോ കമ്പ്യൂട്ടര്‍വത്‌കരണം.


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തോല്‍വി വിലയിരുത്തിയ ഇടതുമുന്നണി കണ്ടെത്തിയ ഒരു കാര്യം, ഈ സര്‍ക്കാര്‍ ജനോപകാരപ്രദമായ നിരവധി കാര്യങ്ങള്‍ ചെയ്‌തുവെന്നും എന്നാല്‍ അതൊന്നും ജനങ്ങളില്‍ എത്തിക്കാനായില്ലെന്നുമാണ്‌. മന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ വിളിച്ചു പറഞ്ഞാല്‍പോലും പ്രവര്‍ത്തിക്കാത്ത ഒരു ഉദ്യോഗസ്ഥ സംവിധാനത്തെക്കൊണ്ട്‌ എങ്ങനെയാണ്‌ ജനോപകാരപ്രദമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുക. ശമ്പള പരിഷ്‌കാരത്തിലുണ്ടാവുന്ന കാലതാമസത്തെക്കുറിച്ചു മുറവിളി കൂട്ടുകയാണ്‌ ജീവനക്കാരും അവരുടെ സംഘടനകളും. വൈകാതെ പരിഷ്‌കരണമുണ്ടാവുമെന്ന്‌ സര്‍ക്കാര്‍ ഉറപ്പും നല്‍കുന്നു. സ്വന്തം ഉത്തരവാദിത്വത്തെക്കുറിച്ചു ജീവനക്കാരും സംഘടനകളും സംസാരിക്കുന്നുണ്ടോ എന്ന്‌ അറിയില്ല. എന്നാല്‍ ഉത്തരവാദിത്വം നിര്‍വഹിക്കും വിധത്തിലേക്ക്‌ സര്‍ക്കാര്‍ ജീവനക്കാരെ മാറ്റിത്തീര്‍ക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ഒന്നും ചിന്തിക്കുന്നില്ല എന്നത്‌ ഉറപ്പാണ്‌. അല്ലെങ്കില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ജീവനക്കാരുടെ കാര്യക്ഷമതയെക്കുറിച്ചു പരസ്യമായി ആക്ഷേപമുന്നയിക്കേണ്ടിവരില്ലായിരുന്നു. തൊഴിലുറപ്പ്‌ പദ്ധതി നടത്തിപ്പില്‍ കലക്‌ടര്‍മാര്‍ക്കും വകുപ്പു മേധാവികള്‍ക്കും വീഴ്‌ചപറ്റി എന്നു പരിതപിക്കേണ്ടിവരില്ലായിരുന്നു.


ഇനി സര്‍ക്കാര്‍ ആ നിലക്ക്‌ എന്തെങ്കിലും നീക്കങ്ങള്‍ നടത്തിയാല്‍ സംഘടിത ശക്തിയുപയോഗിച്ചു ജീവനക്കാര്‍ ചെറുത്തു തോല്‍പ്പിക്കും. അത്തരം സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുമുണ്ട്‌. ഇതു മറികടക്കാനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തി ഏതെങ്കിലും മുന്നണിക്ക്‌ ഉണ്ടോ എന്നതാണ്‌ ചോദ്യം. അതില്ലെങ്കില്‍ സര്‍ക്കാറിന്റെ ജനപ്രിയ പദ്ധതികളുടെ പ്രയോജനം ജനങ്ങളിലേക്കെത്തിക്കാനായില്ല എന്ന പരിദേവനം നേതാക്കള്‍ക്കു പലകുറി ആവര്‍ത്തിക്കേണ്ടിവരും, മുന്നണി ഭേദമില്ലാതെ.


പ്രകടനം വിലയിരുത്തി സ്ഥാനക്കയറ്റവും ശമ്പളക്കയറ്റവും അനുവദിക്കുന്നതാണ്‌ സ്വകാര്യ മേഖലയിലെ പതിവ്‌. ഈ സമ്പ്രദായം സര്‍ക്കാര്‍ സര്‍വീസിലും നടപ്പാക്കണമെന്ന ആവശ്യം വൈകാതെ ഉയരും. അന്നു സ്വകാര്യ കുത്തകകളുടെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു പരാതി പറയാനും ആളുണ്ടാവും. സ്വന്തം ഉത്തരവാദിത്വം നിറവേറ്റാന്‍ തയ്യാറാവാതിരുന്നതിന്റെ പ്രതിഫലമാണിതെന്ന തിരിച്ചറിവ്‌ അന്നുമുണ്ടാവില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യസമയത്തു ജനങ്ങള്‍ക്കു ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാന്‍, നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാത്ത ഉദ്യോഗസ്ഥര്‍ക്ക്‌ പിഴ ഉള്‍പ്പെടെ ശിക്ഷ ഉറപ്പുവരുത്തും വിധത്തില്‍ നിയമം കൊണ്ടുവരാനാണ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌.


ഇത്‌ ആദ്യത്തെ പടിയാണ്‌. അടുത്തപടി സേവനങ്ങള്‍ സ്വകാര്യ മേഖലക്കു കൈമാറലാവും. ഇപ്പോള്‍ തന്നെ തൊഴിലുറപ്പ്‌ പദ്ധതിയുടെ നടത്തിപ്പ്‌ സര്‍ക്കാറിതര സംഘടനകള്‍ക്കു കൈമാറാന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ആലോചിക്കുന്നുണ്ട്‌. അതിനെ സ്വകാര്യവത്‌കരണമായി കണ്ട്‌ എതിര്‍ക്കാന്‍ ഇതേ സര്‍ക്കാര്‍ ജീവനക്കാര്‍ മുന്‍പന്തിയിലുണ്ടാവും. തങ്ങളെ ഏല്‍പ്പിച്ച ജോലി ഉത്തരവാദിത്തത്തോടെ ചെയ്യാത്തതുകൊണ്ടാണ്‌ സര്‍ക്കാറിതര സംഘടനകള്‍ക്കും സ്വകാര്യ ഏജന്‍സികള്‍ക്കും കൈമാറുന്നത്‌ എന്ന ചിന്ത ഉണ്ടാവുകയേയില്ല. സ്വകാര്യവത്‌കരണത്തെ എതിര്‍ക്കുന്നവര്‍ പോലും ഇത്തരം മാറ്റങ്ങളെ സ്വാഗതം ചെയ്യുന്ന സ്ഥിതിയിലേക്കു കാര്യങ്ങളെത്തും.


അനുബന്ധം


സര്‍ക്കാറിന്റെ കീഴിലുള്ള ഒരു സ്ഥാപനം. ഏഴായിരത്തില്‍ കുറവ്‌ ശമ്പളം വാങ്ങുന്നവരാരും ഇവിടെയില്ല. ഒരു ജീവനക്കാരന്‍ സവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തിനു പണം പിരിക്കലാണ്‌ ഇവിടുത്തെ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗത്തിന്റെ ഇപ്പോഴത്തെ ജോലി. ഓഫീസിലെത്തി ഹാജരൊപ്പിട്ട ശേഷം പിരിവിനിറങ്ങും. ആദിവാസികളില്‍ നിന്നു പോലും പിരിവെടുത്തുവെന്നാണ്‌ സ്ഥിരീകരിക്കപ്പെട്ട വിവരം. തങ്ങള്‍ക്ക്‌ ജോലി നല്‍കുന്ന ഉദ്യോഗസ്ഥരായതിനാല്‍ പിരിവ്‌ നല്‍കാതിരിക്കാന്‍ പാവപ്പെട്ട ആദിവാസികള്‍ക്ക്‌ കഴിയില്ലല്ലോ

2009-12-15

നീതിയുടെ നിറം, ന്യായത്തിന്റെയും


ന്യൂഡല്‍ഹിയിലെ ജാമിയ മില്ലിയ സര്‍വകലാശാലക്കടുത്തുള്ള ബട്‌ല ഹൗസ്‌ പ്രസിദ്ധമാണ്‌. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയുടെ പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ ഡല്‍ഹി പോലീസ്‌ `ഏറ്റുമുട്ടലില്‍' വധിച്ചത്‌ ഇവിടെവെച്ചാണ്‌. ഇന്ത്യന്‍ മുജാഹിദീന്റെ പ്രവര്‍ത്തകരെന്ന്‌ ആരോപിക്കപ്പെടുന്ന രണ്ടു പേരെ ഇവിടെ നിന്ന്‌ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. `ഏറ്റുമുട്ടലി'നിടെ ഡല്‍ഹി പോലീസിലെ മോഹന്‍ ചന്ദ്‌ ശര്‍മ വെടിയേറ്റു മരിക്കുകയും ചെയ്‌തു. നടന്നത്‌ വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമാണ്‌. എന്നാല്‍ ഇതേക്കുറിച്ച്‌ അന്വേഷിച്ച്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡല്‍ഹി പോലീസിനു നല്ല സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിട്ടുണ്ട്‌.


ഈ കേസില്‍ ഡല്‍ഹി പോലീസ്‌ രേഖപ്പെടുത്തിയ എഫ്‌ ഐ ആര്‍ (ഫസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്‌ - പ്രഥമ വിവര റിപ്പോര്‍ട്ട്‌) ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ കേസില്‍ ആരോപണവിധേയനായ ബട്‌ല ഹൗസിന്റെ കെയര്‍ ടേക്കര്‍അബ്‌ദുര്‍റഹ്‌മാന്റെ മകന്‍ സിയാഉര്‍റഹ്‌മാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. കൊല്ലപ്പെട്ട യുവാക്കളുടെയും പോലീസ്‌ ഇന്‍സ്‌പെക്‌ടറുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സിയാഉര്‍റഹ്‌മാന്‍ ആവശ്യപ്പെട്ടു. ഇവ രണ്ടും നല്‍കാന്‍ വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഈ നിര്‍ദേശം ചോദ്യം ചെയ്‌തു ഡല്‍ഹി പോലീസ്‌ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പ്രഥമ വിവര റിപ്പോര്‍ട്ട്‌ കൈമാറാന്‍ കോടതി ഉത്തരവിട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ കൈമാറാന്‍ കഴിയില്ലെന്ന ഡല്‍ഹി പോലീസിന്റെ വാദം അംഗീകരിക്കുകയും ചെയ്‌തു.


ഒരു കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ട്‌ പൊതുരേഖയാണ്‌. ഇത്‌ ആവശ്യപ്പെട്ടാല്‍, പ്രത്യേകിച്ച്‌ കേസില്‍ ആരോപണവിധേയരായവര്‍, നല്‍കാന്‍ പോലീസിന്‌ ബാധ്യതയുണ്ട്‌. ബട്‌ല ഹൗസില്‍ ഭീകരര്‍ തമ്പടിച്ചിരിക്കുന്നുവെന്നു വിവരം നല്‍കിയയാളാരെന്നു വെളിപ്പെടുമെന്ന ന്യായം ചൂണ്ടിക്കാട്ടിയാണ്‌ എഫ്‌ ഐ ആര്‍ കൈമാറാന്‍ പോലീസ്‌ വിസമ്മതിച്ചത്‌. വിവരം കൈമാറിയ ആളുടെ പേരു വിവരങ്ങള്‍ നീക്കിയ ശേഷം എഫ്‌ ഐ ആര്‍ കൈമാറാന്‍ തടസ്സമില്ല. ഇത്‌ തന്നെയാണ്‌ കോടതി ചൂണ്ടിക്കാട്ടിയതും. സംഭവം നടന്ന്‌ ഒരു വര്‍ഷത്തിനു ശേഷം എഫ്‌ ഐ ആറിന്റെ പകര്‍പ്പ്‌ കിട്ടാന്‍ ഹൈക്കോടതിയുടെ ഉത്തരവ്‌ വേണ്ടിവരുന്നുവെന്നത്‌ തന്നെ നമ്മുടെ സംവിധാനങ്ങള്‍ എത്രത്തോളം അതാര്യമാണെന്നതിനു തെളിവാണ്‌. ബട്‌ല ഹൗസ്‌ സംഭവത്തിന്‌ ഒരാഴ്‌ച മുമ്പ്‌ ഡല്‍ഹിയില്‍ നടന്ന സ്‌ഫോടന പരമ്പരയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ന്യായമാണ്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ കൈമാറുന്നതിനുള്ള തടസ്സമായി പോലീസ്‌ ചൂണ്ടിക്കാട്ടിയത്‌. ഈ വാദം കോടതി അംഗീകരിച്ചു.


മരണകാരണം എന്തെന്ന്‌ അറിയാന്‍ മൃതദേഹത്തില്‍ നടത്തുന്ന ശാസ്‌ത്രീയ പരിശോധനയാണ്‌ പോസ്റ്റ്‌മോര്‍ട്ടം. ബട്‌ല കേസില്‍ രണ്ടു യുവാക്കളും പോലീസ്‌ ഉദ്യോഗസ്ഥനും എങ്ങനെ കൊല്ലപ്പെട്ടുവെന്നു വ്യക്തമാക്കുന്നതാവണം റിപ്പോര്‍ട്ട്‌. വെടിയുണ്ടയേറ്റ ഭാഗം, അതുമൂലമുണ്ടായ മുറിവിന്റെ ആഴം തുടങ്ങിയ കാര്യങ്ങളും അതിലുണ്ടാവണം. ഈ റിപ്പോര്‍ട്ട്‌ പരസ്യപ്പെടുത്തുന്നത്‌ അതിനു മുമ്പ്‌ നടന്ന സ്‌ഫോടനത്തിന്റെ അന്വേഷണത്തെ ഏതു വിധത്തില്‍ ബാധിക്കുമെന്നത്‌ വ്യക്തമല്ല. എങ്ങനെയാണ്‌ അന്വേഷണത്തെ ബാധിക്കുക എന്ന്‌ കോടതി ചോദിച്ചതുമില്ല. പോലീസ്‌ ഇത്തരമൊരു വാദം മുന്നോട്ടുവെച്ചു, കോടതി അംഗീകരിച്ചു. എഫ്‌ ഐ ആര്‍ കൈമാറാനുള്ള വിവരാവകാശ കമ്മീഷന്റെ നിര്‍ദേശം തടയാന്‍ കഴിയാത്തതുകൊണ്ടു മാത്രം അതു നല്‍കാന്‍ നിര്‍ദേശിച്ചതാണ്‌ എന്ന്‌ കരുതണം. എന്തെങ്കിലും തൊടുന്യായം കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കോടതി എഫ്‌ ഐ ആറിന്റെ പകര്‍പ്പ്‌ നല്‍കേണ്ട എന്ന്‌ വിധിക്കുമായിരുന്നു.


ഈ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ട്‌ സുപ്രീം കോടതി നടത്തിയ ചില നിരീക്ഷണങ്ങള്‍ കൂടി പരാമര്‍ശിക്കേണ്ടതുണ്ട്‌. സംഭവത്തില്‍ പോലീസ്‌ നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തി അന്വേഷണം കാര്യക്ഷമമായതിനാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന്‌ സുപ്രീം കോടതി തീരുമാനിക്കുന്നതില്‍ തെറ്റ്‌ പറയാനാവില്ല. എന്നാല്‍ ഇവിടെ കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഇപ്രകാരമാണ്‌- ``ഇത്തരം അന്വേഷണം പോലീസിനെ അനാവശ്യമായി പീഡിപ്പിക്കുന്നതായി മാറും. പോലീസിന്റെ മനോവീര്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ക്രിമിനലുകള്‍ ക്രിമിനലുകള്‍ തന്നെയാണ്‌. ഇവരെ സമൂഹത്തിന്റെ ഏതെങ്കിലും വിഭാഗവുമായി കൂട്ടിച്ചേര്‍ക്കേണ്ട കാര്യമില്ല''. കൊല്ലപ്പെട്ടവരും പിടിയിലായവരും ക്രിമിനലുകളാണെന്ന മുന്‍വിധിയില്‍ കേസിന്റെ വിചാരണ തുടങ്ങും മുമ്പ്‌ തന്നെ കോടതി എത്തിയിരിക്കുന്നു.


നമ്മുടെ ന്യായാസനങ്ങള്‍ യുക്തിയോ സാമാന്യ നീതിബോധമോ കൂടാതെ വിധി പുറപ്പെടുവിക്കുന്നതിനും നിരീക്ഷണങ്ങള്‍ നടത്തുന്നതിനും ദൃഷ്‌ടാന്തമാണ്‌ മേല്‍പ്പറഞ്ഞ രണ്ട്‌ കാര്യങ്ങള്‍. ഇനി നമ്മുടെ പരിസരത്തു നടക്കുന്ന മതംമാറ്റ വിവാദത്തിലെ കോടതി ഇടപെടലുകളിലേക്കു വരിക. പ്രണയക്കുരുക്കില്‍പ്പെടുത്തി മതം മാറ്റിക്കുന്ന `ലൗ ജിഹാദ്‌' നടക്കുന്നുണ്ടോ എന്ന്‌ കണ്ടെത്താനും അതിന്‌ അന്താരാഷ്‌ട്ര ബന്ധങ്ങളുണ്ടോ എന്ന്‌ പരിശോധിക്കാനും വിദേശത്തു നിന്ന്‌ പണം വരുന്നുണ്ടോ എന്ന്‌ അന്വേഷിക്കാനുമാണ്‌ ഹൈക്കോടതി ആദ്യം ഉത്തരവിട്ടത്‌. പത്തനംതിട്ടയിലെ ഒരു കോളജിലെ വിദ്യാര്‍ഥിയും മറ്റും ഉള്‍പ്പെട്ട കേസാണ്‌ ഇത്തരമൊരു ഉത്തരവിനു നിദാനം. പിന്നീട്‌ ഈ കേസ്‌ വീണ്ടും പരിഗണിച്ചപ്പോള്‍ കേരളത്തില്‍ `ലൗ ജിഹാദ്‌' നടക്കുന്നുവെന്നു പറഞ്ഞിട്ടില്ല എന്നു കോടതി വ്യക്തമാക്കി. ഈ കേസ്‌ മൂന്നാം വട്ടം പരിഗണിച്ചപ്പോള്‍ ലൗ ജിഹാദിനെക്കുറിച്ച്‌ അന്വേഷിച്ചു സംസ്ഥാന ഡി ജി പിയും ജില്ലാ പോലീസ്‌ സൂപ്രണ്ടുമാരും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ടും പരിശോധിച്ചതിന്റെ ഫലം കോടതി വായിച്ചു.


റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ കോടതി ഉദ്ധരിച്ചു. മൂന്നു വര്‍ഷത്തിനിടെ നാലായിരത്തോളം പേര്‍ പ്രണയ വിവാഹത്തിന്റെ പേരില്‍ മതം മാറിയിട്ടുണ്ട്‌. ഇതില്‍ 2,800 കേസിലും പെണ്‍കുട്ടികളെയാണ്‌ മതം മാറ്റിയിരിക്കുന്നത്‌. കുലീന കുടുംബത്തിലെ പെണ്‍കുട്ടികളെ പ്രണയത്തിന്റെ പേരില്‍ മതം മാറ്റാന്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച്‌ ശ്രമം നടക്കുന്നുണ്ടെന്ന സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. `ലൗ ജിഹാദ്‌' സംബന്ധിച്ചു ജില്ലാ പോലീസ്‌ സൂപ്രണ്ടുമാര്‍ ഡി ജി പിക്കു നല്‍കിയ റിപ്പോര്‍ട്ടിലും പിന്നീട്‌ പോലീസ്‌ സൂപ്രണ്ടുമാര്‍ ഹൈക്കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടിലും വൈരുധ്യങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. മതം മാറ്റുന്നതിനുള്ള കേന്ദ്രങ്ങള്‍ ചിലയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മതം മാറുന്നവര്‍ക്കു സാമ്പത്തിക സഹായം ലഭ്യമാക്കുന്നുണ്ടെന്നുമുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ കോടതി ഉദ്ധരിച്ചു. നീണ്ട ഉദ്ധരണികള്‍ക്ക്‌ ശേഷം നിര്‍ബന്ധിത മതം മാറ്റം തടയുന്നതിന്‌ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന നിര്‍ദേശമാണ്‌ കോടതി നല്‍കുന്നത്‌.


പോലീസിന്റെയോ സ്‌പെഷല്‍ ബ്രാഞ്ചിന്റെയോ റിപ്പോര്‍ട്ടുകള്‍ കോടതി സ്വീകരിച്ചതായി വ്യക്തമാക്കുന്നില്ല. പിന്നെ എന്തിനാണ്‌ ഇത്രയും ഉദ്ധരിച്ചത്‌ എന്ന്‌ വ്യക്തമല്ല. `ലൗ ജിഹാദി'ന്റെ പേരില്‍ തീവ്ര ഹിന്ദുത്വ സംഘടനകളും സമുദായ സംഘടനകളും ആരോപണങ്ങളുന്നയിക്കുകയും പ്രചണ്ഡമായ പ്രചാരണം ചില മാധ്യമങ്ങളെങ്കിലും നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ്‌ പ്രണയത്തിന്റെ പേരില്‍ നാലായിരം മതം മാറ്റങ്ങള്‍ നടന്നുവെന്ന റിപ്പോര്‍ട്ട്‌ കോടതി ഉദ്ധരിക്കുന്നത്‌. ഇതില്‍ മതം മാറ്റമെന്ന ഏകലക്ഷ്യം മുന്‍നിര്‍ത്തി പ്രണയിച്ച സംഭവങ്ങളുണ്ടോ എന്നത്‌ വ്യക്തമാക്കുന്നുമില്ല. ഇതുണ്ടാക്കുന്ന ആത്യന്തിക ഫലം ഇത്തരമൊരു സംഭാഷണമായിരിക്കും. ``ലൗ ജിഹാദെന്നത്‌ നേരുതന്നെ. കോടതി പറഞ്ഞതു കേട്ടില്ലേ? 4000 പേരെയാണ്‌ മൂന്നു വര്‍ഷത്തിനിടെ മതം മാറ്റിയത്‌''. എന്തിനാണ്‌ ഇത്തരമൊരു പോതുസംഭാഷണത്തിനും അതുവഴിയുള്ള പ്രചാരണത്തിനും കോടതി വഴിയൊരുക്കുന്നത്‌ എന്നത്‌ അജ്ഞാതമാണ്‌.


കോടതി ഒന്നും പറഞ്ഞിട്ടില്ല എന്ന്‌ സാങ്കേതികമായി വാദിക്കാം. പോലീസ്‌ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിക്കുക മാത്രമാണ്‌ ചെയ്‌തത്‌. ഈ റിപ്പോര്‍ട്ടുകള്‍ ആധികാരികമാണെന്നു പറഞ്ഞിട്ടുമില്ല. പോലീസ്‌ റിപ്പോര്‍ട്ടുകള്‍ ലോഭമില്ലാതെ ഉദ്ധരിച്ചുള്ള കോടതി നടപടിക്കു ശേഷം ആദ്യം നടന്നത്‌ ബി ജെ പി നേതാക്കളുടെ പത്രസമ്മേളനങ്ങളാണ്‌. സ്വമേധയാ ഒന്നും പറയാതിരുന്ന കോടതി ഹിന്ദുത്വ വാദികള്‍ക്ക്‌ ചില പ്രചാരണ സാമഗ്രികള്‍ പ്രദാനം ചെയ്‌തുവെന്നു കരുതേണ്ടിവരും.


ഡി ജി പിക്കു ജില്ലാ പോലീസ്‌ സൂപ്രണ്ടുമാര്‍ നല്‍കിയ റിപ്പോര്‍ട്ടും അവര്‍ കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടെങ്കില്‍ അതിന്റെ കാരണം അന്വേഷിക്കുകയാണ്‌ ആദ്യം വേണ്ടത്‌. കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ പോലീസിനെ കുറ്റപ്പെടുത്താം. പരസ്യമായി വിമര്‍ശിക്കാം. പക്ഷേ, അതിനൊന്നും മുതിരാതെ പോലീസ്‌ റിപ്പോര്‍ട്ടിലെ വൈരുധ്യത്തെക്കുറിച്ച്‌ പരസ്യപ്രസ്‌താവന നടത്തുന്നു കോടതി. ഇവിടെയും എന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ പ്രസക്തിയില്ല. സാമുദായിക ചേരിതിരിവ്‌ സൃഷ്‌ടിക്കാനിടയുള്ള കേസുകളില്‍ എല്ലാവരും സ്വയം ഏര്‍പ്പെടുത്തുന്ന നിയന്ത്രണമുണ്ട്‌. വസ്‌തുതകള്‍ പൂര്‍ണമായി വിശകലനം ചെയ്‌ത്‌ ബോധ്യപ്പെടും മുമ്പ്‌ വിലയിരുത്തലുകളോ നിരീക്ഷണങ്ങളോ നടത്താതിരിക്കുക എന്നതാണ്‌ അതില്‍ പ്രധാനം.


റിപ്പോര്‍ട്ടില്‍ വൈരുധ്യമുണ്ട്‌, പോലീസ്‌ സമര്‍പ്പിച്ച 18 റിപ്പോര്‍ട്ടുകളില്‍ 14ഉം അവ്യക്തവും ആവശ്യമായ വിവരങ്ങള്‍ ഇല്ലാത്തതുമാണ്‌ എന്നീ നിരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ വസ്‌തുതകള്‍ മറച്ചുവെക്കാന്‍ ശ്രമം നടക്കുന്നുവെന്ന ധാരണ സൃഷ്‌ടിക്കപ്പെടുന്നുണ്ട്‌. ഇതോടെ നേരത്തെ സൂചിപ്പിച്ച സംഭാഷണ ശകലത്തിന്റെ കൂടി ഇതുകൂടി ചേര്‍ക്കപ്പെടും - ``പോലീസ്‌ ഒളിച്ചുകളിക്കയല്ലേ, അവരുടെ റിപ്പോര്‍ട്ട്‌ ശരിയല്ലെന്നു കോടതി തന്നെ പറഞ്ഞില്ലേ?'' ആര്‍ക്കാണ്‌ ഈ സംശയത്തിന്റെ ആനുകൂല്യം? അവര്‍ ഇതിനകം വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്‌. `ലൗ ജിഹാദി'നെതിരെ അടുത്ത ഘട്ടം പ്രചാരണത്തിനു വട്ടം കൂട്ടുന്നുമുണ്ട്‌.


ഒരേ നീതിന്യായ സംവിധാനത്തിന്റെ രണ്ട്‌ വേദികള്‍. ഒരിടത്ത്‌ രേഖ രഹസ്യമാക്കി സൂക്ഷിക്കാനുള്ള പോലീസിന്റെ അധികാരം ഉറപ്പിക്കുന്നു. മറ്റൊരിടത്ത്‌ പോലീസ്‌ സമര്‍പ്പിച്ച രേഖകള്‍ സ്വീകാര്യമെന്നോ സ്വീകാര്യമല്ലെന്നോ പറയാതെ അതില്‍ നിന്ന്‌ നിര്‍ലോഭം ഉദ്ധരിക്കുന്നു. റിപ്പോര്‍ട്ടില്‍ വേണ്ടത്ര വിവരങ്ങളില്ലെന്നു പരസ്യ പ്രസ്‌താവന നടത്തുകയും ചെയ്യുന്നു. ഇതിലൊക്കെ എന്തെങ്കിലും സംശയങ്ങള്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കരുത്‌. കാരണം, നിങ്ങള്‍ മതമൗലികവാദിയായി ചിത്രീകരിക്കപ്പെട്ടേക്കാം. കുറഞ്ഞത്‌ കോടതിയലക്ഷ്യത്തില്‍ പ്രതി ചേര്‍ക്കപ്പെടുകയെങ്കിലുമാവാം. അതിനാല്‍ മൗനം ...ഭൂഷണം.


ആഫ്‌റ്റര്‍ ഇഫക്‌ട്‌


നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരണമെന്ന കോടതി നിര്‍ദേശത്തോടെ നേരത്തെ `ലൗ ജിഹാദി'ന്റെ ജില്ല തിരിച്ചുള്ള കണക്ക്‌ പ്രസിദ്ധീകരിച്ച കേരള കാത്തലിക്‌ ബിഷപ്‌സ്‌ കോണ്‍ഫറന്‍സ്‌ നിലപാട്‌ മാറ്റി. കെ സി ബി സിയുടെ പ്രസിദ്ധീകരണമായ ജാഗ്രതയില്‍ വന്ന `ലൗ ജിഹാദി'ന്റെ കണക്കിനെക്കുറിച്ചു തങ്ങള്‍ക്കു യാതൊന്നും അറിയില്ലെന്നാണ്‌ ഇപ്പോള്‍ ബിഷപ്പുമാര്‍ പറയുന്നത്‌. മതപരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരുന്നതിനെ എതിര്‍ക്കുമെന്നും അതു മത സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

2009-12-09

എല്ലാവരും `തത്‌പര'കക്ഷികള്‍


തടിയന്റവിട നസീര്‍ - കോഴിക്കോട്ടെയും എറണാകുളത്തെയും സ്‌ഫോടനങ്ങളുടെയും ഭീകരവാദവുമായി ബന്ധപ്പെട്ട്‌ കേരളത്തില്‍ ഇതിനകം നടന്നുവെന്ന്‌ പറയുന്ന പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന്‌ കരുതുന്ന യുവാവ്‌. ഇതുവരെ കേട്ട കഥകളില്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലശ്‌കറെ ത്വയ്യിബ എന്ന ഭീകര പ്രസ്ഥാനത്തിന്റെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായിരുന്നു നസീര്‍. അമേരിക്കയില്‍ അറസ്റ്റിലായ ഡേവിഡ്‌ ഹെഡ്‌ലിയുടെ മൊഴിയനുസരിച്ച്‌ ബംഗ്ലാദേശ്‌ പോലീസ്‌ അറസ്റ്റ ്‌ചെയ്‌ത ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്‌ലാമി എന്ന ഭീകര സംഘടനയുടെ നേതാവില്‍ നിന്ന്‌ ലഭിച്ച മൊഴിയനുസരിച്ചാണ്‌ നസീറിനെ പിടികൂടിയതെന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ ഈ കണ്ണൂര്‍ക്കാരന്റെ `വലിപ്പം' വര്‍ധിച്ചിരിക്കുന്നു.


കളമശ്ശേരിയില്‍ ബസ്സ്‌ കത്തിച്ചും കോഴിക്കോട്‌ ബസ്‌ സ്റ്റാന്‍ഡിന്‌ സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ സ്‌ഫോടനം നടത്തിയും നടന്നയാളല്ല, മറിച്ച്‌ ഭീകരവാദത്തിന്റെ അന്താരാഷ്‌ട്ര ശൃംഖലയിലെ കണ്ണിയാണ്‌. ഇയാള്‍ക്കെതിരെ കേരളത്തില്‍ എട്ട്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നാണ്‌ ഔദ്യോഗിക വിവരം. ബംഗളുരു നഗരത്തിന്റെ പല ഭാഗങ്ങളില്‍ സ്‌ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട്‌ കര്‍ണാടക പോലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസ്‌ ഇതിനേക്കാളൊക്കെ വലുതാണ്‌. അതുകൊണ്ടാണ്‌, ഇന്ത്യന്‍ രേഖകള്‍ പ്രകാരം മേഘാലയ അതിര്‍ത്തിയില്‍ വെച്ച്‌ അറസ്റ്റിലായ നസീറിനെ ചോദ്യം ചെയ്യുന്നതിനായി ബംഗളൂരുവിലേക്ക്‌ കൊണ്ടുവന്നത്‌. കേരളം, ഗുജറാത്ത്‌, കാശ്‌മീര്‍ സംസ്ഥാനങ്ങളിലെ പോലീസ്‌ ഇയാളെ ചോദ്യം ചെയ്യുന്നതിനായി വരിയിലുണ്ട്‌.


ഇത്തരമൊരു അന്താരാഷ്‌ട്ര സിനാരിയോ നിലനില്‍ക്കുമ്പോഴാണ്‌ ബംഗളുരുവിലേക്ക്‌ നിയോഗിക്കപ്പെട്ട പോലീസ്‌ ഉദ്യോഗസ്ഥനെ സംബന്ധിച്ച്‌ കേരളത്തില്‍ തര്‍ക്കമുയരുന്നത്‌. കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ കേസില്‍ മഅ്‌ദനിയെയും ഭാര്യ സൂഫിയയെയും രക്ഷിച്ചെടുക്കാന്‍ സി പി എമ്മും സംസ്ഥാന സര്‍ക്കാറും ബോധപൂര്‍വം ഉത്തര മേഖലാ ഐ ജി ടോമിന്‍ തച്ചങ്കരിയെ ബംഗളൂരു ദൗത്യം ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ്‌ യുവമോര്‍ച്ച നേതാവ്‌ കെ സുരേന്ദ്രന്‍ ആരോപിച്ചത്‌. ഇരുപത്തിനാല്‌ മണിക്കൂറിനപ്പുറം യു ഡി എഫ്‌ കണ്‍വീനറും കോണ്‍ഗ്രസ്‌ നേതാവുമായ പി പി തങ്കച്ചന്‍ ഇതേ ആരോപണം ആവര്‍ത്തിച്ചു. വീണ്ടുമൊന്ന്‌ രാവെളുത്തപ്പോള്‍ തച്ചങ്കരിയെ നിയോഗിച്ചത്‌ സര്‍ക്കാറിന്റെ അറിവോടെയല്ലെന്ന്‌ മുഖ്യമന്ത്രി അച്യുതാനന്ദന്‍ തന്നെ പറഞ്ഞു. ഉദ്യോഗസ്ഥനെ അയച്ചത്‌ ആഭ്യന്തര വകുപ്പാണെന്ന്‌ മന്ത്രി കോടിയേരി ബാലകൃഷ്‌ണനും. ഭീകരവാദത്തേക്കാള്‍ വലിയ സംഭവം ഉദ്യോഗസ്ഥനെച്ചൊല്ലിയുള്ള തര്‍ക്കമായി മാറാന്‍ ഇതിലപ്പുറം ഒന്നും ആവശ്യമില്ല തന്നെ.


കേരള പോലീസില്‍ നല്ല പേരുള്ള ഉദ്യോഗസ്ഥനാണ്‌ ഇപ്പോള്‍ ഉത്തരമേഖലാ ഐ ജിയായി പ്രവര്‍ത്തിക്കുന്ന ടോമിന്‍ തച്ചങ്കരിയെന്ന്‌ സി പി എമ്മുകാര്‍ പോലും പറയില്ല. സര്‍വീസില്‍ കയറിയ കാലം മുതല്‍ വിവാദങ്ങള്‍ ഇദ്ദേഹത്തിന്റെ അകമ്പടിയായുണ്ടായിരുന്നു. പോലീസ്‌ ഉദ്യോഗസ്ഥനായിരിക്കെ തന്നെ സ്റ്റുഡിയോ നടത്തുകയും മ്യൂസിക്‌ ആല്‍ബം നടത്തുകയും ചെയ്‌തു. വ്യാജ സി ഡി കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട പോലീസ്‌ സംഘം ഇദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ പരിശോധന നടത്തിയത്‌ തര്‍ക്കങ്ങള്‍ക്ക്‌ കാരണമായിരുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതൃത്വവുമായി, പ്രത്യേകിച്ച്‌ സി പി എമ്മിന്റെ, ഈ ഉദ്യോഗസ്ഥനുള്ള അടുപ്പം പരസ്യമാണ്‌. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാനുള്ള താത്‌പര്യവും പ്രസിദ്ധം.


ഒമ്പതു വര്‍ഷം മുമ്പ്‌ പാലക്കാട്‌ ജില്ലയിലെ വാളയാര്‍ കാടുകളില്‍ വീരപ്പനു വേണ്ടി നടന്ന മാസങ്ങള്‍ നീണ്ട തിരച്ചിലിനിടെ പ്രാദേശിക, ദേശീയ മാധ്യമങ്ങളില്‍ അന്ന്‌ അവിടെ സൂപ്രണ്ടായിരുന്ന ടോമിന്‍ ജെ തച്ചങ്കരി നിറഞ്ഞു നിന്നത്‌ ഓര്‍മയിലുണ്ട്‌. പിണറായി വിജയന്റെതെന്ന വ്യാജേന ഒരു വീടിന്റെ ചിത്രം ഇ മെയില്‍ വഴി പ്രചരിച്ച കേസില്‍ പ്രതികളെ പിടികൂടാന്‍ ഇദ്ദേഹം പ്രത്യേക താത്‌പര്യമെടുത്തത്‌ അടുത്തിടെ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ സംശയമുന്നയിക്കുന്ന യു ഡി എഫ്‌ അധികാരത്തിലിരിക്കുമ്പോഴും തച്ചങ്കരി കേരള സര്‍വീസിലുണ്ടായിരുന്നു. അന്നുവരെ നിലവിലുണ്ടായിരുന്ന സംശയങ്ങളുടെ പേരില്‍ യു ഡി എഫ്‌ സര്‍ക്കാര്‍ എന്തെങ്കിലും നടപടി അദ്ദേഹത്തിനെതിരെ സ്വീകരിച്ചതായി അറിവില്ല. കാലാകാലങ്ങളില്‍ നല്‍കേണ്ട ശമ്പള വര്‍ധനയും സ്ഥാനക്കയറ്റവും അനുവദിച്ചിട്ടുമുണ്ട്‌. ഈ പശ്ചാത്തലത്തില്‍വേണം യുവമോര്‍ച്ച നേതാവും യു ഡി എഫ്‌ കണ്‍വീനറുമുന്നയിച്ച ആരോപണങ്ങളെയും അതിന്‌ മുഖ്യമന്ത്രി നല്‍കിയ ഭാഗിക അംഗീകാരത്തെയും കാണാന്‍.


മുബൈ ഭീകരാക്രമണത്തിന്‌ ശേഷം ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കാതലായ മാറ്റം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട്‌ കൊണ്ടുവന്നിട്ടുണ്ട്‌. അതിലേറ്റവും പ്രധാനം നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ എന്ന ഏജന്‍സിയുടെ (എന്‍ ഐ എ) രൂപവത്‌കരണമാണ്‌. രാജ്യത്തെവിടെ ഭീകരവാദവുമായി ബന്ധപ്പെട്ട കേസുണ്ടോ അതിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം എന്‍ ഐ എയെ അറിയിച്ചിരിക്കണമെന്നാണ്‌ വ്യവസ്ഥ. കഴിഞ്ഞ ദിപാവലിയുടെ തലേന്ന്‌ മഡ്‌ഗാവിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ വിവരങ്ങള്‍ കൃത്യമായി അറിയിക്കാത്തതിന്‌ ഗോവ ചീഫ്‌ സെക്രട്ടറിയോട്‌ എന്‍ ഐ എ വിശദീകരണം തേടിയത്‌ കഴിഞ്ഞ ദിവസമാണ്‌. അത്രയും കാര്യക്ഷമമാണ്‌ കാര്യങ്ങള്‍. ഈയൊരു സാഹചര്യത്തില്‍ അന്താരാഷ്‌ട്ര ബന്ധങ്ങളുണ്ടെന്ന്‌ ആരോപിക്കപ്പെടുന്ന തടിയന്റവിട നസീറിനെ ആരൊക്കെ ചോദ്യം ചെയ്യുമെന്ന്‌ ഊഹിച്ചു നോക്കുക.


നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ എന്തായാലുമുണ്ടാവും. ബംഗളുരു സ്‌ഫോടനത്തെക്കുറിച്ച്‌ വിവരം തേടുന്നതിനാല്‍ കര്‍ണാടക പോലീസുണ്ടാവും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ റോ, ഐ ബി ഉദ്യോഗസ്ഥരുമുണ്ടാവാം. ഇവരെയൊക്കെ വെട്ടിച്ച്‌ കളമശ്ശേരി ബസ്സ്‌ കത്തിക്കല്‍ (നസീറിനു മേല്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങളില്‍ ഏറ്റവും ലഘുവായത്‌ ഒരുപക്ഷേ, ഇതായിരിക്കും) കേസില്‍ മഅ്‌ദനിയെക്കുറിച്ചുള്ള വിവരങ്ങള്‍ നസീര്‍ വെളിപ്പെടുത്തുന്നത്‌ തടയണമെങ്കില്‍ തച്ചങ്കരിയുടെ കഴിവ്‌ അപാരമായിരിക്കണം. എന്‍ ഐ എ, റോ, ഐ ബി എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഏജന്‍സികളാണ്‌. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിയന്ത്രണത്തിലുള്ള, ഡോ. മന്‍മോഹന്‍ സിംഗ്‌ നയിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഏജന്‍സികള്‍. തച്ചങ്കരി അന്വേഷണം അട്ടിമറിക്കുന്നുണ്ടെങ്കില്‍ അത്‌ ഈ ഏജന്‍സികളിലെ ഉദ്യോഗസ്ഥരുടെ കൂടി കഴിവുകേടായിരിക്കും. ബംഗളൂരുവിലെ പോലീസ്‌ സംഘ ചാലനത്തിലൂടെ ബി ജെ പിയുടെ നേതൃപദവിയിലെത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി എസ്‌ യെദിയൂരപ്പയുടെ അധീനതയിലുള്ളതാണ്‌. ഇവരെ പറ്റിക്കാനും തച്ചങ്കരിക്ക്‌ കഴിയുമോ?


അങ്ങനെ സാധിച്ചാല്‍ പിന്നെ ഇത്തരം വലിയ ഏജന്‍സികള്‍ക്കൊക്കെ എന്ത്‌ പ്രസക്തി? അവയെ നിയന്ത്രിക്കുന്ന ഭരണകൂടങ്ങള്‍ക്ക്‌ എന്ത്‌ വിശ്വാസ്യത? സ്വന്തം പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരിലും അവിശ്വാസമുണ്ടോ എന്ന്‌ വ്യക്തമാക്കേണ്ടത്‌ സുരേന്ദ്രന്റെയും തങ്കച്ചന്റെയും ബാധ്യത. മുഖ്യമന്ത്രി അറിയാതെ ഐ ജി പോയത്‌ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരുമെന്ന്‌ പ്രഖ്യാപിച്ച രമേശ്‌ ചെന്നിത്തലയുടെതും. മഡ്‌ഗാവ്‌ സ്‌ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം എന്‍ ഐ എക്ക്‌ കൈമാറാതെ ഗോവയിലെ കോണ്‍ഗ്രസ്‌ സര്‍ക്കാറിന്‌ കീഴിലുള്ള പോലീസ്‌ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന്‌ കൂടി ചെന്നിത്തലക്ക്‌ പരാതിപ്പെടാവുന്നതാണ്‌.


സ്വന്തം ഉദ്യോഗസ്ഥരില്‍ മാത്രമല്ല, സഹമന്ത്രിയില്‍പ്പോലും വിശ്വാസമില്ലെന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞതിന്റെ പൊരുള്‍. തനിക്ക്‌ നിശ്ചയിക്കപ്പെട്ട ജോലി സ്ഥലം (ഔദ്യോഗികഭാഷയില്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌) വിട്ടുപോവണമെങ്കില്‍ ഒരു പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ പോലും മേലധികാരിയെ വിവരം അറിയിച്ചിരിക്കണമെന്നാണ്‌ ചട്ടം. ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥാനാവുമ്പോള്‍ അത്‌ ഡി ജി പി തലത്തിലോ മന്ത്രി തലത്തിലോ ഒക്കെ അറിയേണ്ടിവരും. ഇത്തരം ചട്ടങ്ങളൊന്നും അറിയാത്തയാളാണ്‌ സംസ്ഥാന മുഖ്യമന്ത്രി എന്ന്‌ കരുതാന്‍ ന്യായമില്ല. അപ്പോള്‍ പിന്നെ ഇതില്‍ മറ്റ്‌ രാഷ്‌ട്രീയം കാണേണ്ടിവരും. അത്‌ സി പി എമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടുള്ളതാണെന്ന്‌ വിലയിരുത്തേണ്ടിയും വരും. തച്ചങ്കരിയുടെ കാര്യത്തില്‍ സംശയമുള്ള മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭ തന്നെയാവുമല്ലോ അദ്ദേഹത്തെ ഉത്തരമേഖലയുടെ ഐ ജിയായി നിയമിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടാവുക. നിയമനത്തിനെതിരെ മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം എന്തെങ്കിലും പറഞ്ഞതായി ഇതുവരെ വിവരമൊന്നുമില്ല. യുവമോര്‍ച്ച നേതാവും യു ഡി എഫ്‌ കണ്‍വീനറും ആരോപണമുന്നയിച്ചപ്പോഴാവും തന്റെ സംശയങ്ങള്‍ അദ്ദേഹത്തിന്‌ ഓര്‍മവന്നിട്ടുണ്ടാവുക എന്ന്‌ കരുതി സമാധാനിക്കുക.


ഭീകരവാദത്തെച്ചൊല്ലിയുള്ള ആശങ്കയല്ല ഇവര്‍ക്കൊന്നുമുള്ളത്‌. അതിന്റെ പേരില്‍ തെല്ലെങ്കിലും നേട്ടമുണ്ടാക്കാനാവുമോ എന്ന ചിന്തയാണ്‌. യുവമോര്‍ച്ച നേതാവിന്റെ രാഷ്‌ട്രീയതാത്‌പര്യം വിശദീകരിക്കാതെ തന്നെ വ്യക്തം. സമുഹത്തെ വര്‍ഗീയമായി വേര്‍തിരിച്ച്‌ അതിന്റെ ഡിവിഡന്‍ഡ്‌ ബാലറ്റുപെട്ടിയില്‍ ഉറപ്പിക്കുക എന്നത്‌ സംഘപരിവാര്‍ തന്ത്രം. അത്‌ അവര്‍ ഭംഗിയായി നടപ്പാക്കിയതിന്റെ തെളിവുകള്‍ (ചോരപ്പാടുകളും) ഏറെയുണ്ട്‌ ചരിത്രത്തില്‍. ഇതെങ്കിലും മനസ്സിലാക്കാനുള്ള പഠിപ്പെങ്കിലും വേണ്ടേ യു ഡി എഫിന്റെ കണ്‍വീനര്‍ക്ക്‌? അദ്ദേഹത്തെ ആ സ്ഥാനത്തേക്ക്‌ നിയോഗിച്ച മുന്നണി നേതാക്കള്‍ക്ക്‌? മാധ്യമ പ്രവര്‍ത്തകരുടെ പെട്ടെന്നുള്ള ചോദ്യത്തിന്‌ പൊടുന്നനെ മറുപടി പറയും മുമ്പ്‌ തന്റെ വാക്കുകള്‍ ഹിന്ദുത്വ അജന്‍ഡക്ക്‌ ആധികാരിത നല്‍കുന്നതാവും എന്ന്‌ ഓര്‍ക്കേണ്ട ബാധ്യതയില്ലേ ആറു പതിറ്റാണ്ടോളം കമ്മ്യൂണിസ്റ്റ്‌ രാഷ്‌ട്രീയം പയറ്റിയ സഖാവ്‌ വി എസ്‌ അച്യുതാനന്ദന്‌?


ഇതെല്ലാം മറന്നേക്കൂ, നമുക്ക്‌ തത്‌കാലം തടിയന്റവിടെ നസീറിന്റെ മൊഴികള്‍ ആഘോഷിക്കാം. മജീദ്‌ പറമ്പായി മുതല്‍ സര്‍ഫറാസ്‌ നവാസ്‌ വരെയുള്ളവരുടെ മൊഴികള്‍ മുന്‍കാലങ്ങളില്‍ ആഘോഷിച്ചതുപോലെ. ഒരു വര്‍ഷം മുമ്പ്‌ കണ്ണൂരിലെ ഭീകരവേട്ട ആഘോഷമാക്കിയപ്പോള്‍ ലശ്‌കറെ ത്വയ്യിബയിലേക്ക്‌ 300 മലയാളികളെ റിക്രൂട്ട്‌ ചെയ്‌തുവെന്നത്‌ ഇപ്പോള്‍ നസീറിന്റെ മൊഴിയോടെ ദക്ഷിണേന്ത്യയില്‍ നിന്നാകെ 20 ആയി കുറഞ്ഞതില്‍ കുണ്‌ഠിതപ്പെടാം. കഴിഞ്ഞ മെയില്‍ ഡല്‍ഹിയില്‍ അറസ്റ്റിലായ ലശ്‌കറെ ത്വയ്യിബയുടെ നേപ്പാള്‍ കമാന്‍ഡറെന്ന്‌ പോലീസ്‌ പറയുന്ന മുഹമ്മദ്‌ ഉമര്‍ മദനി മലബാറില്‍ നിന്ന്‌ ആളുകളെ റിക്രൂട്ട്‌ ചെയ്യാന്‍ ശ്രമിച്ചെന്ന്‌ ഡല്‍ഹി പോലീസ്‌ അന്ന്‌ പറഞ്ഞിരുന്നു. മദനിയും നസീറും തമ്മില്‍ ബന്ധമുണ്ടോ എന്ന്‌ ആലോചിക്കാം. അങ്ങനെ ആശയക്കുഴപ്പങ്ങള്‍ വര്‍ധിപ്പിക്കാം. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നതാണല്ലോ സുഖം, സുഖകരം.

2009-12-04

മുതിര്‍ന്നവരുടെ കുട്ടിക്കളികള്‍


കലാലയ രാഷ്‌ട്രീയത്തിന്റെ ആവശ്യകത സംബന്ധിച്ച്‌ കേരളത്തില്‍ സജീവ ചര്‍ച്ച തുടങ്ങിയിട്ട്‌ ഒരു ദശാബ്‌ധത്തിലേറെയായി. കലാലയ രാഷ്‌ട്രീയം നിരോധിക്കണമെന്ന്‌ ആവശ്യപ്പെടുന്ന ശക്തമായ ചേരി നിലവിലുണ്ട്‌. ഇവര്‍ നടത്തിയ നിയമ നടപടികളുടെ ഫലമായി വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തപ്പെട്ടു. സ്‌കൂളുകളില്‍ സംഘടനകളെ അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ്‌ നടത്തുന്നത്‌ കോടതി നിരോധിക്കുന്നിടം വരെ കാര്യങ്ങളെത്തി. നിരോധം നിലവിലുണ്ടെങ്കിലും സ്‌കൂള്‍ പാര്‍ലിമെന്റ്‌ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ എസ്‌ എഫ്‌ ഐയും കെ എസ്‌ യും മറ്റും വിജയത്തിന്റെ കണക്കുകളുമായി രംഗത്തുവരാറുമുണ്ട്‌.


കലാലയ രാഷ്‌ട്രീയവും സംഘടനാ സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെടുന്ന ചേരിയും സുശക്തമാണ്‌. ജനാധിപത്യ സമ്പ്രദായം, തിരഞ്ഞെടുപ്പ്‌ രീതി, ഭരണക്രമം എന്നിവ സംബന്ധിച്ച്‌ പുതിയ തലമുറക്ക്‌ വിവരങ്ങള്‍ പകര്‍ന്നു നല്‍കാന്‍ കലാലയ രാഷ്‌ട്രീയം അനിവാര്യമാണെന്ന്‌ ഇവര്‍ വാദിക്കുന്നു. രാജ്യത്തിന്റെ സമ്പന്ന രാഷ്‌ട്രീയ പാരമ്പര്യത്തെക്കുറിച്ചുള്ള ജ്ഞാനം പകര്‍ന്നു നല്‍കാനും ഇത്‌ ആവശ്യമാണെന്നും വാദമുണ്ട്‌. ഇതൊക്കെ നടക്കുന്നുണ്ടോ എന്ന്‌ ചോദിച്ചാല്‍ ഉണ്ട്‌ എന്ന്‌ ഉറപ്പിച്ചു പറയാന്‍ കഴിയില്ല.


രാഷ്‌ട്രീയ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ വാദിക്കുന്ന വിദ്യാര്‍ഥി സംഘടനകളില്‍ ആഭ്യന്തര ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ എന്ന മറു ചോദ്യം എതിര്‍പക്ഷം ഉന്നയിക്കാറുണ്ട്‌. ഓരോ വര്‍ഷവും യൂനിറ്റ്‌ മുതല്‍ സംസ്ഥാന തലം വരെ സമ്മേളനങ്ങള്‍ നടത്തുന്നത്‌ രീതിയാക്കിയ എസ്‌ എഫ്‌ ഐക്ക്‌ മറുപടി പറയാന്‍ ബുദ്ധിമുട്ടുണ്ടാവാറില്ല. കേരളത്തിലെ രണ്ടാമത്തെ വലിയ വിദ്യാര്‍ഥി പ്രസ്ഥാനവും നാഷനല്‍ സ്റ്റുഡന്‍സ്‌ യൂനിയന്റെ (ഇന്ദിരാഗാന്ധി) സംസ്ഥാന ഘടകവുമായ കെ എസ്‌ യുവിന്‌ ഇക്കാര്യത്തില്‍ മറുപടി എളുപ്പമായിരുന്നില്ല. കാരണം 21 വര്‍ഷമായി സംഘടനാ തിരഞ്ഞെടുപ്പ്‌ എന്നത്‌ നടന്നിരുന്നില്ല. ഇപ്പോള്‍ എന്‍ എസ്‌ യുവിന്റെയും യൂത്ത്‌ കോണ്‍ഗ്രസിന്റെയും സംഘടനാ ചുമതല രാഹുല്‍ ഗാന്ധി ഏറ്റെടുത്തതിന്‌ ശേഷം തിരഞ്ഞെടുപ്പ്‌ നടത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്‌. അതിന്റെ ഭാഗമായി കെ എസ്‌ യുവിലെ തിരഞ്ഞെടുപ്പ്‌ സമംഗളം പൂര്‍ത്തിയായി.


സംഘടനാ സംവിധാനം ശക്തമാക്കുന്നതിന്‌ സുതാര്യവും ജനാധിപത്യപരവുമായ തിരഞ്ഞെടുപ്പ്‌ എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഉദ്ദേശ്യം. കഴിവും ബുദ്ധിയും നേതൃപാടവവുമുള്ളവര്‍ നേതൃത്വത്തിലേക്ക്‌ എത്താന്‍ ഈ സമ്പ്രദായം വഴിയൊരുക്കുമെന്ന പ്രതീക്ഷ. വിദ്യാര്‍ഥി സംഘടനകള്‍ മാത്രമല്ല, മറ്റ്‌ രാഷ്‌ട്രീയ, സാമുഹിക സംഘടനകള്‍ക്കുമൊക്കെ സ്വീകരിക്കാവുന്ന/ സ്വീകരിക്കേണ്ട മാര്‍ഗം.


രാഹുല്‍ പ്രതീക്ഷിച്ചത്ര സുതാര്യമായി കെ എസ്‌ യുവിലെ തിരഞ്ഞെടുപ്പ്‌ നടന്നോ എന്നത്‌ സംശയമാണ്‌. സംസ്ഥാന കോണ്‍ഗ്രസിലെ മാറുന്ന ഗ്രൂപ്പ്‌ സമവാക്യങ്ങള്‍ക്ക്‌ അനുസരിച്ചായിരുന്നു തിരഞ്ഞെടുപ്പ്‌ എന്നത്‌ ഏറെക്കുറെ വ്യക്തമാണ്‌. ദുര്‍ബലമായ ഗ്രൂപ്പിന്റെ പിന്‍ബലമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും കെ പി സി സി പ്രസിഡന്റായ ശേഷം രമേശ്‌ ചെന്നിത്തല ഹൈക്കമാന്‍ഡില്‍ നേടിയെടുത്ത സ്വാധീനം ശക്തമാണ്‌. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ്‌ അതൃപ്‌തരാണ്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്ന സിദ്ദിഖിനെ മാറ്റിയതും പിന്നീട്‌ ഉമ്മന്‍ ചാണ്ടിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന്‌ തിരികെ നിയമിച്ചതുമൊക്കെ അതൃപ്‌തി വര്‍ധിപ്പിക്കുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ കെ എസ്‌ യു തിരഞ്ഞെടുപ്പ്‌ തങ്ങളുടെ ഗ്രൂപ്പിന്റെ ശക്തി തെളിയിക്കാനുള്ള മാര്‍ഗമായി എ ഗ്രൂപ്പ്‌ കണ്ടിരുന്നു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്‌തുവെന്നതാണ്‌ ഫലം സൂചിപ്പിക്കുന്നത്‌. വരാനിരിക്കുന്ന ഗ്രൂപ്പ്‌ രാഷ്‌ട്രീയത്തിന്റെ മുന്നൊരുക്കമായി കെ എസ്‌ യു തിരഞ്ഞെടുപ്പിനെ വ്യാഖ്യാനിക്കുകയും ചെയ്യാം.


ഗ്രൂപ്പ്‌ രാഷ്‌ട്രീയത്തിന്റെ തലത്തില്‍ നിന്ന്‌ സംഘടനാ തലത്തിലേക്ക്‌ കടന്നാല്‍ ഈ തിരഞ്ഞെടുപ്പുകള്‍ മറ്റു ചില പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. ഫൗണ്ടേഷന്‍ ഫോര്‍ അഡ്വാന്‍സ്‌ഡ്‌ മാനേജ്‌മെന്റ്‌ ഓഫ്‌ ഇലക്‌ഷന്‍സ്‌ (എഫ്‌ എ എം ഇ - ഫെയിം) എന്ന സ്വകാര്യ സംഘടനയാണ്‌ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത്‌. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍മാര്‍ ചേര്‍ന്ന്‌ രൂപവത്‌കരിച്ച സംഘടനയാണ്‌ ഫെയിം. ഈ സംഘടനക്ക്‌ പണം കൊടുത്ത്‌ തിരഞ്ഞെടുപ്പ്‌ നടത്തിക്കുകയാണ്‌ രാഹുല്‍ ചെയ്യുന്നത്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളെ കണ്ടെത്താന്‍ അഭിമുഖ പരീക്ഷ നടത്തിയതിന്‌ ശേഷമുള്ള രാഹുലിന്റെ പരീക്ഷണങ്ങളിലൊന്ന്‌. പാര്‍ട്ടിക്ക്‌ കീഴിലുള്ള വിദ്യാര്‍ഥി സംഘടനയുടെ തിരഞ്ഞെടുപ്പ്‌ സ്വകാര്യ ഏജന്‍സിക്ക്‌ കരാര്‍ കൊടുത്ത്‌ നടത്തേണ്ടി വരുന്നത്‌ കോണ്‍ഗ്രസ്‌ എന്ന വലിയ പ്രസ്ഥാനത്തിന്‌ ഒട്ടൊക്കെ അപമാനകരമാണ്‌.


രാഷ്‌ട്രീയ സംഘടന `പ്രൊഫഷണലി മാനേജ്‌' ചെയ്യപ്പെടുന്ന ഒന്നായി മാറണമെന്ന സങ്കല്‍പ്പത്തിന്റെ തുടക്കത്തിലുള്ള പ്രക്രിയകളായി ഇതിനെ കാണണം. സാമൂഹികമായ കാഴ്‌ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ വളര്‍ന്നുവരേണ്ട രാഷ്‌ട്രീയ ബോധത്തെ കോര്‍പ്പറേറ്റ്‌വത്‌കരിക്കുന്നതിന്റെ ആദ്യപടികള്‍. നിലപാടുകളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തില്‍ നേതാക്കള്‍ ഉയര്‍ന്നുവരേണ്ടതിന്‌ പകരം സംഘടനക്ക്‌ പുറമെ നിന്നുള്ള ഏജന്‍സി നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ നേതൃനിരയില്‍ എത്തുന്ന സ്ഥിതി. മാത്രവുമല്ല, പാര്‍ട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ്‌ സ്വയം നടത്താന്‍ കഴിയാത്ത സംഘടന എന്ന പേരുദോഷം പുറമെയും. ഇവര്‍ എങ്ങനെയാണ്‌ മറ്റ്‌ വിദ്യാര്‍ഥികളെ രാഷ്‌ട്രീയമായി നയിക്കാന്‍ യോഗ്യരാവുക എന്ന്‌ ചോദിച്ചാല്‍ ഉത്തരം...?


എന്‍ എസ്‌ യുവിന്‌ പ്രത്യേകിച്ച്‌ ഭരണഘടനയൊന്നുമുള്ളതായി അറിവില്ല. എന്നാല്‍ അതല്ല കെ എസ്‌ യുവിന്റെ സ്ഥിതി. സ്വന്തമായ ഭരണഘടനയും തിരഞ്ഞെടുപ്പ്‌ മാനദണ്ഡങ്ങളുമൊക്കെയുണ്ട്‌. യൂനിറ്റ്‌ മുതല്‍ സംസ്ഥാന തലം വരെ നേതൃഘടന എങ്ങനെയാണെന്നൊക്കെ നിര്‍വചിച്ചിട്ടുണ്ട്‌. ഈ ഘടനപോലും മാറ്റാന്‍ ഫെയിമിന്‌ സ്വാതന്ത്ര്യം ലഭിച്ചു. പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, ട്രഷറര്‍ പദവികളിലേക്ക്‌ തിരഞ്ഞെടുപ്പ്‌ നടത്തണമെന്നാണ്‌ ഭരണഘടന നിര്‍ദേശിക്കുന്നത്‌. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ്‌ സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച്‌ ജനറല്‍ സെക്രട്ടറിമാരെയും എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളെയും നിശ്ചയിക്കും. സംഘടനയുടെ ജില്ലാ പ്രസിഡന്റുമാര്‍ എക്‌സിക്യൂട്ടീവില്‍ അംഗങ്ങളായിരിക്കും. ഓരോ പ്രദേശത്തെയും പ്രതിനിധികള്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലുണ്ടാവും. അതാതിടത്തെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക്‌ സാധിക്കുകയും ചെയ്യും. സജീവമായ ഒരു രാഷ്‌ട്രീയ സംവിധാനത്തിന്റെ ചെറു രൂപമായിരുന്നു ഇത്‌. എന്നാല്‍ ഫെയിം നല്‍കിയ മാനദണ്ഡപ്രകാരം പ്രസിഡന്റ്‌ സ്ഥാനത്തേക്കും ദേശീയ സമ്മേളന പ്രതിനിധിയെ കണ്ടെത്താനും മാത്രമാണ്‌ തിരഞ്ഞെടുപ്പ്‌.


എല്ലാവരും പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഏറ്റവും കൂടുതല്‍ വോട്ട്‌ കിട്ടുന്നയാള്‍ പ്രസിഡന്റ്‌. തൊട്ടുപിറകിലുള്ളയാള്‍ വൈസ്‌ പ്രസിഡന്റ്‌. തുടര്‍ന്ന്‌ വോട്ടുകളുടെ എണ്ണമനുസരിച്ച്‌ ആറ്‌ ജനറല്‍ സെക്രട്ടറിമാരും രണ്ട്‌ ദേശീയ സമ്മേളന പ്രതിനിധികളും. ഇത്‌ ഏത്‌ ജനാധിപത്യ സമ്പ്രദായത്തിലെ രീതിയാണെന്ന്‌ അറിയില്ല. പക്ഷേ, പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നവരില്‍ ഒമ്പത്‌ പേര്‍ക്ക്‌ സ്ഥാനങ്ങള്‍ ലഭിക്കും. മത്സരിക്കാന്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം സ്ഥാനങ്ങളുണ്ടാവുമെന്നതിനാല്‍ അതൃപ്‌തി അത്രയും കുറയുമായിരിക്കും.


ഫെയിമിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ തിരഞ്ഞെടുപ്പ്‌ നടത്തുമ്പോള്‍ സ്വന്തം ഭരണഘടന എന്നത്‌ വെറും കടലാസ്‌ കഷണം മാത്രമാണെന്ന്‌ അല്‍പ്പം ബുദ്ധിയുള്ള കെ എസ്‌ യുക്കാര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനാവില്ല. ഫെയിമിന്റെ നിര്‍ദേശങ്ങള്‍ എന്‍ എസ്‌ യു നേതൃത്വം അംഗീകരിച്ചുവെന്നും അതിന്റെ പോഷക സംഘടനയായതിനാല്‍ തങ്ങളും അംഗീകരിക്കുന്നുവെന്നും കെ എസ്‌ യു നേതാക്കള്‍ക്ക്‌ വാദിക്കാം. പക്ഷേ, അതാണോ രാഷ്‌ട്രീയവും സംഘടനാപരവുമായ പഠന മാതൃക? ഫെയിമിന്റെ നിര്‍ദേശങ്ങള്‍ എന്‍ എസ്‌ യു അംഗീകരിച്ചതിനാല്‍ കെ എസ്‌ യുവിന്റെ നേതൃയോഗം വിളിച്ചു ചേര്‍ത്ത്‌ സംഘടനയുടെ ഭരണഘടന ഭേദഗതി ചെയ്‌ത്‌ തിരഞ്ഞെടുപ്പിന്റെ രീതി മാറ്റി എഴുതണമായിരുന്നു. അതിനൊന്നും മിനക്കെടാതിരിക്കുമ്പോള്‍ ഭരണഘടനക്ക്‌ അതിന്റെ നേതാക്കളും അവര്‍ക്ക്‌ മാര്‍ഗ നിര്‍ദേശം നല്‍കുന്ന വലിയ നേതാക്കളും നല്‍കുന്ന വില എന്തെന്ന്‌ എളുപ്പത്തില്‍ മനസ്സിലാവും.


ഭാവി തലമുറയെ രാഷ്‌ട്രീയ, സംഘടനാ രീതികള്‍ പഠിപ്പിക്കുക എന്ന വലിയ ദൗത്യത്തിന്‌ ചേര്‍ന്ന രീതി ഭരണഘടന ഭേദഗതി ചെയ്യുന്നതിന്‌ നടപടികള്‍ സ്വീകരിക്കുക എന്നത്‌ തന്നെയായിരുന്നു. സംഘടനയുടെ അടിസ്ഥാന ലിഖിതത്തിന്‌ വില കല്‍പിക്കപ്പെടാതിരിക്കുമ്പോള്‍ കെ എസ്‌ യു എന്നത്‌ വലിയൊരു ആള്‍ക്കൂട്ടം മാത്രമാവും. സംഘടനയുടെ ലക്ഷ്യങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനം ഈ ആള്‍ക്കൂട്ടത്തില്‍ നിന്ന്‌ പ്രതീക്ഷിക്കാനുമാവില്ല. ഭരണഘടനക്കും രാജ്യത്തെ നിയമ സംവിധാനങ്ങള്‍ക്കുമൊന്നും വലിയ പ്രസക്തിയില്ലെന്ന്‌ കോണ്‍ഗ്രസും അവരുടെ കേന്ദ്ര സര്‍ക്കാറും തെളിയിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ കെ എസ്‌ യുവില്‍ ഇതിനൊക്കെ എന്ത്‌ പ്രസക്തി. ഡോ. മന്‍മോഹന്‍ പാര്‍ലിമെന്റിലും മന്ത്രിസഭയിലും ആലോചിച്ചാണോ എല്ലാം ചെയ്യുന്നത്‌. പുറത്തുള്ള ഏജന്‍സി പറയുന്നു; അദ്ദേഹം അനുസരിക്കുന്നു. മൂന്ന്‌ പ്രതിരോധ കരാറുകളില്‍ ഒപ്പിടണമെന്ന്‌ അമേരിക്ക പറഞ്ഞപ്പോള്‍ അദ്ദേഹം അത്‌ അനുസരിച്ചത്‌ നാം കണ്ടതാണ്‌. ഇറാനെതിരെ ഐ എ ഇ എയില്‍ വോട്ട്‌ ചെയ്‌തതും അങ്ങിനെതന്നെയല്ലേ. അപ്പോള്‍ പിന്നെ ഫെയിമിന്റെ നിര്‍ദേശം കെ എസ്‌ യു സ്വീകരിച്ചതില്‍ തെറ്റൊന്നുമില്ല തന്നെ. പുതിയ കാലത്തിന്റെ രാഷ്‌ട്രീയം അതാണ്‌, അതുതന്നെയാണ്‌ പുതുതലമുറയെ പഠിപ്പിക്കേണ്ടതും.


ഇതൊക്കെയാണെങ്കിലും 21 വര്‍ഷത്തിനു ശേഷം കെ എസ്‌ യുവില്‍ തിരഞ്ഞെടുപ്പ്‌ നടന്നുവെന്നതിന്റെ വലുപ്പം കുറയുന്നില്ല. സ്വകാര്യ സുരക്ഷാ ഭടന്‍മാരെ കാവല്‍ നിര്‍ത്തി തിരഞ്ഞെടുപ്പ്‌ വലിയ കശപിശയൊന്നും കൂടാതെ നടത്തി എന്നതില്‍ ഫെയിമിന്റെ ഭാരവാഹികള്‍ക്ക്‌ അഭിമാനിക്കാം. സംഘടനാ തിരഞ്ഞെടുപ്പ്‌ നടത്താന്‍ എ ഐ സി സി നിയോഗിച്ചയാളെ തല്ലിയോടിച്ച ചരിത്രമുണ്ട്‌ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക്‌. അവരുടെ പിന്‍ഗാമികളെ വരിനിര്‍ത്തി വോട്ട്‌ ചെയ്യിച്ച്‌ ഫലം പ്രഖ്യാപിക്കുക എന്നത്‌ ചെറിയ കാര്യമല്ല തന്നെ.

2009-12-03

ആന്‍ഡേഴ്‌സണിന്റെ ആയുരാരോഗ്യത്തിന്‌


മുംബൈ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം രാജ്യം സമുചിതമായി ആചരിച്ചിട്ടു ദിവസങ്ങള്‍ ആവുന്നേയുള്ളൂ. വിചാരണ അവസാനിപ്പിച്ച,്‌ ആക്രമണത്തിനിടെ പിടിയിലായ കസബിനെ തൂക്കിലേറ്റുക എന്ന മുറവിളി വാര്‍ഷികത്തില്‍ ഉയര്‍ന്നിരുന്നു. കസബിനെ ഇന്ത്യാ ഗേറ്റില്‍ പരസ്യമായി തൂക്കിലേറ്റണമെന്നു ശിവസേനയെപ്പോലുള്ള സംഘടനകള്‍ നേരത്തെ ആവശ്യപ്പെട്ടതാണ്‌. രാജ്യത്തെ ഞെട്ടിച്ച സംഭവത്തെ വൈകാരികമായി സമീപിക്കുന്നവരുടെ പ്രതികരണമായി ഇതിനെ വിലയിരുത്തുക. പക്ഷേ, ഈ ആവശ്യം ഉയര്‍ത്തുന്നവര്‍ വാറന്‍ ആന്‍ഡേഴ്‌സന്റെ കാര്യത്തില്‍ എന്ത്‌ നിലപാടെടുക്കുമന്ന്‌ ആലോചിക്കുന്നത്‌ കൗതുകകരമായിരിക്കും.


യൂനിയന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷന്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായിരുന്നു ആന്‍ഡേഴ്‌സണ്‍. വിചാരണക്കു ഹാജരാകാന്‍ ആവശ്യപ്പെട്ട്‌ ഇന്ത്യയിലെ കോടതികള്‍ പലതവണ സമന്‍സയച്ചിട്ടും ഹാജരാകാത്തയാള്‍. ഇയാളെ കണ്ടെത്തുന്നതിന്‌ ഇന്ത്യന്‍ ഏജന്‍സികള്‍ അന്താരാഷ്‌ട്ര അന്വേഷണ ഏജന്‍സികളുടെ സഹായം തേടിയിരുന്നു. ആന്‍ഡേഴ്‌സണെ കണ്ടെത്താനായില്ലെന്നാണ്‌ അവര്‍ നല്‍കിയ വിവരം. ഇതേത്തുടര്‍ന്ന്‌ ഇയാള്‍ ഒളിവില്‍ പോയതായി 1992ല്‍ ഇന്ത്യന്‍ കോടതി പ്രഖ്യാപിച്ചു. പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീസിന്റെ ഒരു പ്രവര്‍ത്തകന്‍ 2002ല്‍ ന്യൂയോര്‍ക്കിലെ ആന്‍ഡേഴ്‌സണ്‍ എസ്റ്റേറ്റ്‌ സന്ദര്‍ശിച്ചപ്പോള്‍ കണ്ടത്‌ ആര്‍ഭാട ജീവിതം നയിക്കുന്ന വാറന്‍ ആന്‍ഡേഴ്‌സണിനെയാണ്‌. ഇയാളെ വിചാരണക്കു വിട്ടുകിട്ടുന്നതിന്‌ അമേരിക്കന്‍ ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ തയ്യാറാവുമോ? ഹിറ്റ്‌ലറുടെ കാലത്തു ജൂതരെ കൂട്ടക്കൊല ചെയ്‌ത പട്ടാള ക്യാമ്പിന്റെ കാവല്‍ക്കാരനായി നിന്നതിന്‌ 89 കാരനായ ജോണ്‍ ദെംജാന്‍ജുക്കിനെ വിചാരണ ചെയ്യാന്‍ എല്ലാ സഹായവും ചെയ്യുന്ന അമേരിക്ക അതേ നീതിബോധം ആന്‍ഡേഴ്‌സണിന്റെ കാര്യത്തിലും പ്രകടിപ്പിക്കുമോ? രണ്ട്‌ ചോദ്യങ്ങള്‍ക്കും ഇല്ല എന്നായിരിക്കും ഉത്തരമെന്ന്‌ 25 വര്‍ഷത്തെ ചരിത്രം നമുക്കു പറഞ്ഞുതരും.


1984 ഡിസംബര്‍ രണ്ടിനു രാത്രിയിലും മൂന്നിനു പുലര്‍ച്ചെയുമായി ഭോപ്പാലിലെ യൂനിയന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷന്റെ പ്ലാന്റില്‍ നിന്നു പുറത്തേക്കു വമിച്ച മീഥൈല്‍ ഐസോ സയനേറ്റ്‌ എന്ന വിഷവാതകം 3,787 ജീവനുകള്‍ എടുത്തുവെന്നാണ്‌ ഔദ്യോഗിക കണക്ക്‌. വിഷവാതകം ചോര്‍ന്ന്‌ ഒരാഴ്‌ചക്കകം പ്ലാന്റിന്റെ ചുറ്റുപാടുമായി മരിച്ചുവീണവരുടെ എണ്ണം പതിനായിരത്തോളമാണെന്നാണ്‌ അനൗദ്യോഗിക കണക്കുകള്‍. വിഷബാധ മൂലം രോഗങ്ങള്‍ക്കടിപ്പെട്ട്‌ പിന്നീട്‌ മരിച്ചത്‌ കാല്‍ലക്ഷത്തോളം പേരാണ്‌. ഗര്‍ഭത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ട കുഞ്ഞുങ്ങള്‍ നിരവധി. വൈകല്യങ്ങളുമായി പിറന്നവരും അനേകം. ഒട്ടാകെ അഞ്ചു ലക്ഷം പേര്‍ വിഷവാതകത്തിന്റെ ഇരകളായി. ഈ ദുരന്തത്തിന്റെ പ്രധാന ഉത്തരവാദിയാണ്‌ ആന്‍ഡേഴ്‌സണ്‍.


1970കളുടെ തുടക്കത്തിലാണ്‌ ഭോപ്പാലില്‍ യൂനിയന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷന്‍ കീടനാശിനി നിര്‍മാണ പ്ലാന്റ്‌ സ്ഥാപിക്കുന്നത്‌. കീടനാശിനി ഉത്‌പാദിപ്പിക്കുന്നതിനു വേണ്ട മാരക രാസവസ്‌തുക്കളുടെ വലിയ ശേഖരം ഇവിടേക്കു കൊണ്ടുവന്നിരുന്നു. നിര്‍ദിഷ്‌ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയല്ല ഇവയൊന്നും സൂക്ഷിച്ചിരുന്നത്‌. പ്ലാന്റില്‍ നിന്നുള്ള അവശിഷ്‌ടങ്ങള്‍ സംസ്‌കരിക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നില്ല. വിഷാംശമുള്ള രാസവസ്‌തുക്കളുടെ അവശിഷ്‌ടങ്ങള്‍ പുറത്തേക്ക്‌ തള്ളിയതു മൂലമുണ്ടായ മലിനീകരണം അന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വലിയ പ്രശ്‌നമായിരുന്നില്ല. പക്ഷേ, രാസവസ്‌തുക്കള്‍ വേണ്ടവിധം സൂക്ഷിക്കാത്തതു മൂലം പ്ലാന്റിനുള്ളിലുണ്ടായ അപകടങ്ങള്‍ ആശങ്കകള്‍ സൃഷ്‌ടിച്ചിരുന്നു. കുത്തക കമ്പനിയായ യൂനിയന്‍ കാര്‍ബൈഡിനെയും ഭോപ്പാല്‍ പ്ലാന്റില്‍ ഓഹരി പങ്കാളിത്തമുണ്ടായിരുന്ന ഇന്ത്യന്‍ ധനകാര്യ കമ്പനികളെയും പിണക്കാന്‍ ആരും തയ്യറായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം അപകടങ്ങള്‍ മൂടിവെക്കപ്പെട്ടു. ഈ അലംഭാവങ്ങളുടെ തുടര്‍ച്ചയാണ്‌ 1984 ഡിസംബര്‍ രണ്ടിന്‌ രാത്രി സംഭവിച്ചത്‌.


മീഥൈല്‍ ഐസോ സയനേറ്റ്‌ സൂക്ഷിച്ചിരുന്ന ഗോഡൗണിലേക്ക്‌ വെള്ളം ഒലിച്ചെത്തിയെന്നും വെള്ളവുമായി പ്രതിപ്രവര്‍ത്തിച്ചുണ്ടായ വാതകത്തിന്റെ സമ്മര്‍ദം താങ്ങാന്‍ സംഭരണശാലയുടെ ഭിത്തികള്‍ക്കു കഴിഞ്ഞില്ലെന്നും അതാണ്‌ വാതകച്ചോര്‍ച്ചക്കു കാരണമായതെന്നുമാണ്‌ കമ്പനി നല്‍കിയ വിശദീകരണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനു വിശദീകരണമൊന്നുമുണ്ടായില്ല. ദുരന്തമുണ്ടാവുന്നതിന്‌ ഏതാനും മാസം മുമ്പ്‌ അമേരിക്കയിലെ കാര്‍ബൈഡ്‌ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ ഭോപ്പാലിലെ പ്ലാന്റ്‌ സന്ദര്‍ശിച്ചിരുന്നു. പ്ലാന്റിലെ വാല്‍വുകളിലെ ചോര്‍ച്ചയും മറ്റും ചൂണ്ടിക്കാട്ടിയ ഈ ഉദ്യോഗസ്ഥര്‍ മാരക രാസവസ്‌തുക്കള്‍ ഏതു നിമിഷവും അന്തരീക്ഷത്തിലേക്കു വ്യാപിച്ചു ദുരന്തം വിതക്കാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. വെസ്റ്റ്‌ വിര്‍ജീനിയയില്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷന്‍ സ്ഥാപിച്ചിരുന്ന പ്ലാന്റിനെ അപേക്ഷിച്ചു സുരക്ഷാ ക്രമീകരണങ്ങള്‍ തുലോം കുറവാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം അറിയാമായിരുന്നിട്ടും ആന്‍ഡേഴ്‌സണ്‍ നടപടികളൊന്നും സ്വീകരിച്ചില്ല.


അറിയാതെ സംഭവിച്ച അപകടമല്ല, മനഃപൂര്‍വം വിളിച്ചുവരുത്തിയ ദുരന്തമാണ്‌ ഭോപ്പാലിലുണ്ടായത്‌ എന്നതിന്‌ തെളിവാണിത്‌. എന്നിട്ടും കോടതി നടപടികള്‍ക്കിടെ അമേരിക്കയിലേക്കു കടക്കാന്‍ ആന്‍ഡേഴ്‌സണ്‌ സാധിച്ചു. അമേരിക്കയിലെ സുസജ്ജമായ അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച്‌ ന്യൂയോര്‍ക്കിലെ ആന്‍ഡേഴ്‌സണ്‍ എസ്റ്റേറ്റില്‍ ആഡംബരപൂര്‍ണമായ ഒളിവു ജീവിതം നയിക്കാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. 2001ല്‍ ആന്‍ഡേഴ്‌സണെ പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകന്‍ കണ്ടെത്തിയിട്ടും ഇയാളെ കൈമാറണമെന്ന്‌ ആവശ്യപ്പെടാന്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും രണ്ട്‌ വര്‍ഷമെടുത്തു. പ്രായം, ആരോഗ്യ സ്ഥിതി തുടങ്ങിയ മാനുഷിക വശങ്ങള്‍ പരിഗണിച്ച്‌ ആന്‍ഡേഴ്‌സനെ കൈമാറാന്‍ ആവശ്യപ്പെടേണ്ടതില്ലെന്നായിരുന്നു അന്ന്‌ കേന്ദ്ര സര്‍ക്കാറിന്‌ ലഭിച്ച നിയമോപദേശം!


ദുരന്തത്തിനു കാരണക്കാരായവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുന്നതില്‍ മാത്രമല്ല, ഇരയായവര്‍ക്ക്‌ നഷ്‌ടപരിഹാരം ലഭ്യമാക്കുന്നതിലും വലിയ വീഴ്‌ചയാണ്‌ സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുണ്ടായത്‌. ഇരകളും അവരെ സഹായിക്കാനെത്തിയ ചില സന്നദ്ധ സംഘടനകളും നടത്തിയ കോടതി വ്യവഹാരങ്ങളുടെ തുടര്‍ച്ചയായാണ്‌ എന്തെങ്കിലും സഹായം ലഭിച്ചത്‌. ദുരന്തത്തിനുള്ള നഷ്‌ടപരിഹാരമായി യൂനിയന്‍ കാര്‍ബൈഡ്‌ കമ്പനി വാഗ്‌ദാനം ചെയ്‌തത്‌ 47 കോടി ഡോളര്‍ മാത്രമായിരുന്നു. ഇരകളായ അഞ്ചു ലക്ഷം പേര്‍ക്കായി ഇത്‌ പങ്കിട്ടാല്‍ ഇന്നത്തെ നിലയില്‍ പതിനായിരം രൂപയില്‍ അല്‍പ്പം അധികം മാത്രമേ ഒരാള്‍ക്ക്‌ ലഭിക്കൂ. ഈ നഷ്‌ടപരിഹാരത്തുക പൂര്‍ണമായും അംഗീകരിക്കപ്പെട്ടിട്ടില്ല. അമേരിക്കയിലെയും ഇന്ത്യയിലെയും കോടതികളില്‍ കേസ്‌ നിലവിലുണ്ട്‌.


ദുരന്തത്തെത്തുടര്‍ന്ന്‌ പൂട്ടിയ പ്ലാന്റില്‍ ശേഷിച്ച വിഷ മാലിന്യങ്ങള്‍ നീക്കാനും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഈ മാലിന്യങ്ങള്‍ ഭൂഗര്‍ഭ ജലത്തില്‍ കലര്‍ന്നു വീണ്ടും ദുരിതം വിതക്കുകയാണ്‌. ഏതാനും വര്‍ഷം മുമ്പ്‌ മധ്യപ്രദേശ്‌ സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ മാലിന്യങ്ങള്‍ ഭൂഗര്‍ഭ ജലത്തില്‍ കലരുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേഷും മധ്യപ്രദേശിലെ ബി ജെ പി സര്‍ക്കാറും പറയുന്നത്‌ ഈ മാലിന്യങ്ങള്‍ പരിസ്ഥിതിക്ക്‌ ദോഷമൊന്നും ചെയ്യുന്നില്ല എന്നാണ്‌. രാസ മാലിന്യങ്ങളൊക്കെ പ്ലാന്റിലെ ഒരു മുറിയില്‍ ഭദ്രമായി പൂട്ടിവെച്ചിരിക്കുകയാണെന്നാണ്‌ വിശദീകരണം. ഈ മാലിന്യം സുരക്ഷിതമായി സംസ്‌കരിക്കാന്‍ 25 കൊല്ലത്തിനിടെ നടപടിയൊന്നുമുണ്ടായില്ലെന്നതിന്റെ കുറ്റസമ്മതം കൂടിയായി വേണം കേന്ദ്ര മന്ത്രിയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും പ്രഖ്യാപനത്തെ കാണാന്‍.


രാസ മാലിന്യങ്ങള്‍ പ്ലാന്റില്‍ നിന്ന്‌ നീക്കണമെന്ന ഇന്ത്യയുടെ ആവശ്യം യൂനിയന്‍ കാര്‍ബൈഡ്‌ കമ്പനി അംഗീകരിച്ചില്ല. മാലിന്യം നീക്കാന്‍ ശ്രമിക്കുന്നതു മറ്റൊരു ദുരന്തത്തിനു കാരണമാവുമെന്ന ആശങ്ക യൂനിയന്‍ കാര്‍ബൈഡിനുണ്ടായിരുന്നുവെന്നു തന്നെ കരുതണം. 2001 ല്‍ യൂനിയന്‍ കാര്‍ബൈഡ്‌ കോര്‍പ്പറേഷനെ മറ്റൊരു അമേരിക്കന്‍ കുത്തകയായ ഡൗ കെമിക്കല്‍സ്‌ ഏറ്റെടുത്തതോടെ രാസമാലിന്യം ഏറെക്കുറെ ഇന്ത്യയുടെ ബാധ്യതയായി മാറിയിട്ടുണ്ട്‌. യൂനിയന്‍ കാര്‍ബൈഡ്‌ പ്രഖ്യാപിച്ച 47 കോടി ഡോളറിന്റെ നഷ്‌ടപരിഹാരത്തോടെ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വമെല്ലാം പൂര്‍ണമായി എന്ന നിലപാടാണ്‌ ഡൗ കെമിക്കല്‍സ്‌ സ്വീകരിച്ചിരിക്കുന്നത്‌. മാലിന്യത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക്‌ ഒന്നും ചെയ്യാനില്ലെന്നും അവര്‍ വാദിക്കുന്നു.


നഷ്‌ടങ്ങള്‍ ഭോപ്പാലിലെ ജനങ്ങളുടെത്‌ മാത്രമായി ശേഷിക്കുന്ന ദയനീയ കാഴ്‌ചയാണ്‌ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍. രോഗങ്ങള്‍ പിന്തുടരുന്നവരുടെ നീണ്ട നിരയുണ്ട്‌ ഇവിടെ. ഇവരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാന്‍ ബാധ്യതയുള്ള ഭരണകൂടങ്ങള്‍ ഭോപ്പാലിനെ ദുരന്ത വിനോദ സഞ്ചാര വ്യവസായമാക്കി മാറ്റി കൂടുതല്‍ പണമുണ്ടാക്കാനുള്ള ശ്രമത്തിലും. ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തത്തിന്റ ശേഷിപ്പിന്‌ ഇത്തരമൊരു വാണിജ്യ സാധ്യതയുണ്ടെന്നു തിരിച്ചറിഞ്ഞ ബുദ്ധിയെ അംഗീകരിക്കണം. ഉക്രെയിനിലെ ചെര്‍ണോബില്‍ പൊട്ടിത്തെറിച്ച ആണവ നിലയം ഇപ്പോള്‍ ഇത്തരമൊരു `വിനോദ സഞ്ചാര' കേന്ദ്രമാണ്‌. ചെര്‍ണോബില്‍ സന്ദര്‍ശിച്ചു മെഴുകുതിരികള്‍ കത്തിക്കാന്‍ ആയിരങ്ങള്‍ എത്തുന്നു. അതുപോലെ ഭോപ്പാലിലെ ദുരന്തബാധിതരെ കാണാനും ആളുകള്‍ ഏറെ എത്താന്‍ ഇടയുണ്ട്‌. യൂനിയന്‍ കാര്‍ബൈഡ്‌ കമ്പനിയെയും ആന്‍ഡേഴ്‌സണിനെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയാത്തവര്‍ക്ക്‌ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുക ഇതു തന്നെയാണ്‌.


മുംബൈയില്‍ 166 പേരുടെ മരണത്തിനു കാരണക്കാരായ ഭീകരവാദികളില്‍ ഒരാളായ കസബിനെ വിചാരണ കൂടാതെ തൂക്കിലേറ്റാന്‍ ആവശ്യപ്പെടുന്ന ഇന്ത്യയുടെ പൊതുബോധം യൂനിയന്‍ കാര്‍ബൈഡിന്റെ കാര്യത്തിലും ആന്‍ഡേഴ്‌സണിന്റെ കാര്യത്തിലും ഒരു ജാഗ്രതയും കാട്ടിയില്ല എന്നതും കാണാതിരുന്നുകൂടാ. ദുരന്തം ഭോപ്പാലിലെ ജനതക്കു വിട്ടുകൊടുത്ത നമ്മള്‍, അതിനു കാരണമായത്‌ കോടികള്‍ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച കമ്പനിയുടെയും അതിന്റെ മേധാവിയുടെയും കുടിലതയാണെന്നതു ബോധപൂര്‍വം മറന്നു. 3,787 പേരെ കൊലപ്പെടുത്തിയ (ഔദ്യോഗിക കണക്ക്‌ അംഗീകരിച്ചാല്‍), വരാനിരിക്കുന്ന ഒരു തലമുറയെ നിശ്ശേഷം ഇല്ലാതാക്കിയ ഈ കുറ്റങ്ങള്‍ക്ക്‌ എന്ത്‌ ശിക്ഷ വിധിക്കേണ്ടിവരും. മുംബൈ ആക്രണത്തിന്റെ ആസൂത്രകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പാക്കിസ്ഥാനുമേല്‍ വലയ സമ്മര്‍ദമാണ്‌ ചെലുത്തുന്നത്‌. അത്‌ വേണ്ടതുമാണ്‌. മൂംബൈ ആക്രമണത്തിന്റെ ആസൂത്രകര്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി അമേരിക്കക്കു മുന്നില്‍ സമര്‍പ്പിക്കാനും ഇന്ത്യന്‍ ഭരണാധികാരികള്‍ മടിക്കുന്നില്ല. എന്നിട്ടും 25 വര്‍ഷമായി നീതി തേടുന്ന ഒരു ജനതയുടെ മുറവിളി അമേരിക്കന്‍ ഭരണകൂടത്തിന്റെ മുമ്പാകെ അവതരിപ്പിക്കാന്‍ ഇവര്‍ മറന്നുപോയി.


ആന്‍ഡേഴ്‌സണെ അറസ്റ്റ്‌ ചെയ്‌ത്‌ ഹാജരാക്കാന്‍ കഴിഞ്ഞ ജൂലൈ 22ന്‌ ഭോപ്പാല്‍ ചീഫ്‌ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി സി ബി ഐക്കു നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ, 88വയസ്സുള്ള കുറ്റവാളിക്ക്‌ മനുഷ്യത്വപരമായ പരിഗണന നല്‍കാന്‍ തന്നെയായിരിക്കും കേന്ദ്രം തയ്യാറാകുക.

ഈ പാനോപചാരം

അമേരിക്കന്‍ കമ്പനികളില്‍ നിന്ന്‌ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതിന്റെ കണക്കുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കൈക്കൂലി നല്‍കിയ കമ്പനികള്‍ക്കു പിഴ ചുമത്തിയ കാര്യം അമേരിക്കന്‍ ഭരണകൂടം ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തെ അറിയിച്ചപ്പോഴാണ്‌ ഇക്കാര്യം നമ്മുടെ ഭരണകര്‍ത്താക്കള്‍ അറിഞ്ഞത്‌. കൈക്കൂലി വാങ്ങിയതില്‍ ഇന്ത്യന്‍ ഇന്‍സെക്‌ടിസൈഡ്‌ ബോര്‍ഡിലെ ഉദ്യോഗസ്ഥരും അംഗങ്ങളുമുണ്ടായിരുന്നു. കൈക്കൂലി നല്‍കിയത്‌ ഡൗ കെമിക്കല്‍സ്‌ എന്ന കമ്പനിയാണ്‌. 2001ല്‍ യൂനിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്ത അതേ കമ്പനി. തങ്ങളുടെ ഉത്‌പന്നങ്ങള്‍ക്ക്‌ ഇന്ത്യയില്‍ വേഗത്തില്‍ രജിസ്‌ട്രേഷന്‍ കിട്ടുന്നതിനും വിപണനം
സുഗമമാക്കുന്നതിനുമാണ്‌ കൈക്കൂലി നല്‍കിയത്‌ എന്ന്‌ ഡൗ കെമിക്കല്‍സ്‌ തന്നെ സമ്മതിക്കുന്നു. 1996നും 2001നുമിടയില്‍ നിരവധി ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കിയിട്ടുണ്ട്‌. കീടനാശിനികളുടെയും മറ്റും വിപണനം നിയന്ത്രിക്കുന്നതിനു ചുമതലപ്പെട്ട വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയതായി ഡൗ കെമിക്കല്‍സ്‌ പറയുന്നു. 100 ഡോളറില്‍ താഴെയുള്ള ചെറിയ തുകയാണ്‌ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയത്‌. അഞ്ചു വര്‍ഷത്തിനിടെ കൈമാറിയത്‌ 87,400 ഡോളര്‍ മാത്രവും.


ഡൗ പോലുള്ള കുത്തകളുടെ സ്വാധീനത്തിനും പ്രലോഭനത്തിനും വഴങ്ങുന്നവര്‍ ഭരണ നേതൃത്വത്തില്‍ മാത്രമല്ല, ഉദ്യോഗസ്ഥ തലത്തിലും ധാരാളമാണെന്നതിന്‌ തെളിവാണ്‌ ഈ വെളിപ്പെടുത്തല്‍. വലിയ ദുരന്തങ്ങള്‍ നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല എന്നതിനും. അമേരിക്കയില്‍ നിരോധിക്കപ്പെട്ട കീടനാശിനികളുടെയും മറ്റും ഇന്ത്യയിലെ വിപണനം സുഗമമാക്കുന്നതിനാവും ഈ കൈക്കൂലി എന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല.
ഭോപ്പാലിലെ ദ'ുരന്തത്തിന്‌ ഉചിതമായ പ്രായശ്ചിത്തം ചെയ്യാതെ യൂനിയന്‍ കാര്‍ബൈഡിന്റെ (ഇപ്പോള്‍ ഡൗവിന്റെ) ഉത്‌പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന്‌ നിലപാടെടുക്കാന്‍ നമ്മുടെ ഭരണകൂടത്തിന്‌ അന്നു കഴിഞ്ഞില്ല, ഇപ്പോള്‍ കഴിയുകയുമില്ല.


ഭോപ്പാലിലെ ദുരന്തത്തിനു ശേഷവും യൂനിയന്‍ കാര്‍ബൈഡ്‌ പുറത്തിറക്കിയിരുന്ന ഉത്‌പന്നങ്ങള്‍ (എവറെഡി ബാറ്ററി പോലുള്ളവ) ഇന്ത്യയില്‍ സുലഭമായിരുന്നു. അഞ്ച്‌ ലക്ഷം ജനങ്ങളെ ദുരിതക്കയത്തിലേക്കു തള്ളിവിട്ട ഒരു കമ്പനിയുടെ ഉത്‌പന്നങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കളെ തുടര്‍ന്നും ചൂഷണം ചെയ്യുന്നതില്‍ ആര്‍ക്കും ഒരു ചേതവുമുണ്ടായില്ല. പിന്നീട്‌ അവര്‍ സ്വന്തം ഉത്‌പന്നങ്ങള്‍ വിപണിയിലിറക്കുന്നതിന്‌ കൈക്കൂലി നല്‍കിയപ്പോള്‍ അതും നമ്മള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. കൈക്കൂലി നല്‍കിയെന്നു ഡൗ കെമിക്കല്‍സ്‌ വെളിപ്പെടുത്തിയ ശേഷവും ഇന്ത്യന്‍ ഭരണകൂടം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയൊന്നുമെടുത്തില്ല. അന്വേഷണം നടത്തുന്നുവെന്ന പതിവ്‌ മറുപടി കൃഷി മന്ത്രാലയം നല്‍കി. കൂടുതല്‍ ദുരന്തങ്ങള്‍ക്കു കാത്തിരിക്കുന്ന ഭരണകൂടവും അതിനെ പിന്തുണക്കുന്ന ജനതയും. ആന്‍ഡേഴ്‌സണെപ്പോലുള്ളവര്‍ക്ക്‌ ആയുസ്സും ആര്‍ഭാടവും നേരുക മാത്രമേ അവര്‍ക്കു ചെയ്യാനുള്ളൂ.



2009-11-26

`രാജ്യസ്‌നേഹ'ത്തിനപ്പുറത്ത്‌


``അതിര്‍ത്തിത്തര്‍ക്കങ്ങള്‍, പകരക്കാരെ ഉപയോഗിച്ച്‌ നടത്തുന്ന യുദ്ധങ്ങള്‍ സൃഷ്‌ടിക്കുന്ന പ്രകോപനം, മത യാഥാസ്ഥിതികത്വം, പരിഷ്‌കരണങ്ങള്‍ക്ക്‌ വാദിക്കുന്ന തീവ്രവാദം, വംശീയ സംഘര്‍ഷങ്ങള്‍, സാമൂഹ്യ - സാമ്പത്തിക അസമത്വം എന്നിവ ദക്ഷിണേഷ്യയുടെ മുദ്രയായി മാറിയിരിക്കുന്നു''
- ജനറല്‍ ദീപക്‌ കപൂര്‍, ഇന്ത്യന്‍ കരസേനയുടെ മേധാവി


``അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പ്രഥമസ്ഥാനത്ത്‌ തുടരുന്നുണ്ടെങ്കിലും ചരിത്രപരമായ ഭിന്നതകള്‍, പ്രത്യയശാസ്‌ത്രപരമായ പക്ഷപാതിത്വങ്ങള്‍, സാമ്പത്തിക അസമത്വം, ഊര്‍ജ സുരക്ഷ, ജലക്ഷാമം എന്നിവയും സംഘര്‍ഷങ്ങളുടെ സൃഷ്‌ടിയില്‍ ചെറുതല്ലാത്ത പങ്ക്‌ വഹിക്കുന്നുണ്ട്‌. പുതിയകാലത്തെ സംഘര്‍ഷങ്ങള്‍ രാഷ്‌ട്രങ്ങളുമായി ബന്ധപ്പെട്ടുള്ളവ മാത്രമല്ല, ഉപ ദേശീയതകള്‍, തീവ്രവാദം, മതമൗലികവാദം, വംശീയ താത്‌പര്യങ്ങള്‍ എന്നിവ കൂടി കാരണങ്ങളാണ്‌''
- എ കെ ആന്റണി, പ്രതിരോധ മന്ത്രി


രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറിലാണ്‌ ഇവര്‍ ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്‌. പശ്ചിമേഷ്യയെപ്പോലെ ദക്ഷിണേഷ്യയും സംഘര്‍ഷത്തിന്റെ കേന്ദ്ര ബിന്ദുവായി മാറുന്നുവെന്ന അഭിപ്രായവും ഇരുവരും പ്രകടിപ്പിച്ചു കണ്ടു.


മൂംബൈയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ്‌ ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്‌. എട്ടിടങ്ങളിലായി നടത്തിയ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 164 പേര്‍ കൊല്ലപ്പെട്ടു. ഭീകരരില്‍ ഒമ്പതു പേരും കൊല്ലപ്പെട്ടു. അജ്‌മല്‍ അമീര്‍ കസബിനെ മാത്രമാണ്‌ ജീവനോടെ പിടികൂടിയത്‌. നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തിയ വലിയ ആഘാതമേല്‍പ്പിക്കുന്നത്‌ രാജ്യം ഇതിന്‌ മുമ്പ്‌ പലതവണ കണ്ടതാണ്‌. ഒരു നഗരത്തിന്റെ പലഭാഗത്തായി തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ നടത്തുന്നതും പലകുറി ആവര്‍ത്തിച്ചു. പാര്‍ലിമെന്റിനു നേര്‍ക്ക്‌ പോലും ആക്രമണമുണ്ടായി. ഇവകളോടൊന്നും താരതമ്യം ചെയ്യാനാവില്ല മുംബൈയെ. താജ്‌ മഹല്‍, ഒബ്‌റോയ്‌ ട്രിഡന്റ്‌ ഹോട്ടലുകളിലും ജൂത അധിവാസ കേന്ദ്രമായ നരിമാന്‍ ഹൗസിലും തമ്പടിച്ച ഭീകരര്‍ മൂന്നു ദിവസത്തോളം രാജ്യത്തെ ഉത്‌കണ്‌ഠയുടെ മുള്‍ മുനയില്‍ നിര്‍ത്തി. ദേശീയ സുരക്ഷാ ഗാര്‍ഡ്‌ അടക്കമുള്ള പ്രത്യേക പരിശീലനം സിദ്ധിച്ച വിഭാഗങ്ങളുടെ സംയുക്ത ശ്രമത്തിനൊടുവിലാണ്‌ അവരെ കീഴടക്കാനായത്‌.


ഇതുകൊണ്ടു മാത്രമല്ല മൂംബൈയിലെ ആക്രമണം മറ്റുള്ളവയില്‍ നിന്ന്‌ വ്യത്യസ്‌തമാവുന്നത്‌. ആസൂത്രണം, നടത്തിപ്പ്‌, പരമാവധി ആഘാതമേല്‍പ്പിക്കല്‍ എന്നിവയിലെല്ലാം രാജ്യത്തെയാകെ അമ്പരിപ്പിക്കാന്‍ അക്രമികള്‍ക്ക്‌ കഴിഞ്ഞു. ആക്രമണം നടത്തുന്നതിനിടെപ്പോലും അതിന്റെ ആസൂത്രകരുമായി ഭീകരര്‍ ഉപഗ്രഹ ഫോണിലൂടെ ആശയ വിനിയമം നടത്തി. ഇന്ത്യന്‍ സുരക്ഷാ സേനയുടെ നീക്കങ്ങള്‍ ഒരു പരിധിവരെ അറിയാനും പ്രതിരോധ തന്ത്രങ്ങള്‍ മെനയാനും ഈ ആശയ വിനിമയം അവരെ സഹായിച്ചിട്ടുണ്ടാവാം. അതുകൊണ്ടാവണം മൂന്നു ദിവസത്തോളം പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞത്‌.


അക്രമികള്‍ എത്രപേരുണ്ടായിരുന്നുവെന്നത്‌ സംബന്ധിച്ച്‌, ആക്രമണം ആരംഭിച്ച്‌ മൂന്നാം ദിവസം പോലും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ വ്യക്തമായ രൂപമുണ്ടായിരുന്നില്ല. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക്‌ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ആക്രമണത്തെ ഇങ്ങനെ സംഗ്രഹിക്കാം. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലശ്‌കറെ ത്വയ്യിബ ആസുത്രണം ചെയ്‌തതായിരുന്നു ആക്രമണ പദ്ധതി. ഇത്‌ നടപ്പാക്കാന്‍ തിരഞ്ഞെടുത്തവര്‍ക്ക്‌ ലശ്‌കര്‍ മൂന്നുമാസത്തോളം പരിശീലനം നല്‍കി. കറാച്ചിയില്‍ നിന്ന്‌ കപ്പല്‍ വഴി ഗുജറാത്ത്‌ തീരത്തെത്തിയ അക്രമികള്‍ ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട്‌ പിടിച്ചെടുത്ത്‌ മുംബൈ തീരത്തോട്‌ അടുത്തു. തുടര്‍ന്ന്‌ റബ്ബര്‍ ബോട്ടില്‍ മുംബൈ നഗരത്തില്‍ പ്രവേശിച്ചു. നാല്‌ സംഘങ്ങളായി തിരിഞ്ഞായിരുന്നു ആക്രമണം. ഛത്രപതി ശിവജി റെയില്‍വേ ടെര്‍മനില്‍ രക്തത്തില്‍ മുക്കിയ രണ്ടുപേരില്‍ ഒരാളാണ്‌ അമീര്‍ അജ്‌മല്‍ കസബ്‌. നവംബര്‍ 29ന്‌ ടാജ്‌ മഹല്‍ ഹോട്ടലിലെ എല്ലാ ഭാഗത്തെയും പരിശോധന പൂര്‍ത്തിയായതോടെയാണ്‌ ആക്രമണത്തിന്റെ പിടിയില്‍ നിന്ന്‌ മുംബൈ മോചിതയായത്‌.


ഇത്തരം ഗുരുതരമായ വെല്ലുവിളികളുണ്ടാവുമ്പോള്‍ നേരിടുന്നതില്‍ ഇന്ത്യന്‍ സംവിധാനങ്ങള്‍ക്കുള്ള പോരായ്‌മ, ആക്രമണത്തെക്കുറിച്ചുള്ള യാതൊരു മുന്നറിയിപ്പും നല്‍കാന്‍ കഴിയാതിരുന്ന ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ പരാജയം തൂടങ്ങി നിരവധി വിഷയങ്ങള്‍ മുംബൈ സംഭവത്തിന്‌ ശേഷം ഉയര്‍ന്നുവന്നു. ഡല്‍ഹിയില്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ക്ക്‌ പ്രാദേശിക കേന്ദ്രങ്ങളുണ്ടാക്കുകയും ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന്‌ അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്‍ മാതൃകയില്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ ഐ എ) രൂപവത്‌കരിക്കുകയുമാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പ്രധാന നടപടികള്‍. തീര സുരക്ഷ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്‌തു. മുംബൈക്കു ശേഷം രാജ്യത്ത്‌ വലിയ ആക്രമണങ്ങള്‍ ഇതുവരെ ഉണ്ടായില്ല എന്നത്‌ തങ്ങള്‍ സ്വീകരിച്ച കര്‍ശന നടപടികളുടെ മേന്‍മയായി സര്‍ക്കാറിന്‌ അവകാശപ്പെടാം.


ആക്രമണത്തെക്കുറിച്ച്‌ അമേരിക്കന്‍ ഏജന്‍സികളുടെ കൂടി സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ അതിന്റെ ആസൂത്രകര്‍ ലശ്‌കറെ ത്വയ്യിബയുടെ നേതാക്കളാണെന്ന്‌ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇത്‌ സംബന്ധിച്ച തെളിവുകള്‍ പാക്കിസ്ഥാന്‌ കൈമാറി. ആ രാജ്യം ലശ്‌കര്‍ നേതാക്കളായ ഏഴു പേരെ അറസ്റ്റ്‌ ചെയ്‌തു. ആക്രമണത്തിനിടെ പിടിയിലായ കസബും നേരത്തെ തന്നെ ഉത്തര്‍പ്രദേശ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്ന രണ്ടുപേരെയും മുംബൈയിലെ പ്രത്യേക കോടതിയില്‍ വിചാരണ നേരിടുകയാണ്‌. അന്വേഷണങ്ങളും കോടതി നടപടികളും മുറപോലെ നടക്കും. രാജ്യത്തിനെതിരായ യുദ്ധമാണ്‌ നടന്നതെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്ത സാഹചര്യത്തില്‍ അതിന്‌ പതിവില്‍കവിഞ്ഞ വേഗവും കാര്യക്ഷമതയും ഉണ്ടാവുകയും ചെയ്യും. അന്വേഷണങ്ങള്‍ക്കും കുറ്റവാളികളെ കണ്ടെത്തലുകള്‍ക്കുമപ്പുറത്ത്‌ എന്തുകൊണ്ട്‌ ഇത്തരം ആക്രമണങ്ങള്‍ എന്ന പ്രശ്‌നത്തില്‍ അധിഷ്‌ഠിതമായ ഗൗരവമേറിയ ചിന്തകള്‍ ഉണ്ടായോ എന്നത്‌ സംശയാണ്‌.


ഇവിടെയാണ്‌ പശ്ചിമേഷ്യക്കൊപ്പം ദക്ഷിണേഷ്യയും സംഘര്‍ഷങ്ങളുടെ കേന്ദ്രമായിമാറുന്നതിലെ ആശങ്ക പങ്കുവെച്ചുകൊണ്ട്‌ കരസേനാ മേധാവി ദീപക്‌ കപൂറും പ്രതിരോധ മന്ത്രി എ കെ ആന്റണിയും പറഞ്ഞ വാക്കുകള്‍ അര്‍ഥവത്താവുന്നത്‌. ആ വാക്കുകളില്‍ എല്ലാമുണ്ട്‌, ഒപ്പം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല, കഴിയില്ല എന്ന നിസ്സഹായതയുമുണ്ട്‌. രാജ്യത്തിന്‌ നേര്‍ക്കുണ്ടായ അത്യപൂര്‍വവും ശക്തവുമായ ആക്രമണമെന്ന നിലക്ക്‌ ദേശീയതയുമായി ബന്ധപ്പെടുത്തി ഏറെ വൈകാരികമായാണ്‌ ജനങ്ങള്‍ മുംബൈ സംഭവത്തെ സമീപിച്ചത്‌. ജനതയുടെ വികാരം പങ്കുവെച്ചുകൊണ്ട്‌ രാഷ്‌ട്രീയ നേതാക്കളും ഭരണാധികാരികളും സമാനമായ നിലപാട്‌ സ്വീകരിച്ചു. (മൂന്നു ദിവസം നീണ്ട ആക്രമണവും അതിനെ ചെറുക്കാനുള്ള സുരക്ഷാ സേനയുടെ ശ്രമങ്ങളും തത്സമയ സംപ്രേഷണ മത്സരമാക്കിയ ടെലിവിഷന്‍ ചാനലുകളെയും അത്‌ ഒരു ഹോളിവുഡ്‌ സിനിമപോലെ കണ്ടിരിക്കുകയും ചെയ്‌തവരെ ഒഴിവാക്കാം)


ആക്രമണം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമേല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങാന്‍ ഇനിയും സമയമെടുക്കും. പക്ഷേ, പൊതു ജീവിതത്തില്‍ അതേല്‍പ്പിച്ച മുറിവുകള്‍ ഏറെക്കുറെ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ദേശീയത, രാജ്യത്തിനെതിരായ യുദ്ധം തുടങ്ങിയ കേവല കാരണങ്ങള്‍ക്കപ്പുറത്ത്‌ ആക്രമണത്തിന്റെ കാര്യകാരണങ്ങള്‍ അന്വേഷിക്കുകയും പരിഹാരം തേടുകയും ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. ഭാവിയില്‍ ഇത്തരമൊരു സ്ഥിതി വിശേഷം ഉണ്ടാവാതിരിക്കാന്‍ അതാണ്‌ വേണ്ടതും. പലവിധ ആക്രമണങ്ങള്‍ക്ക്‌ വിധേയമായിട്ടും ഇത്തരമൊരു ആലോചനയാണ്‌ നമ്മുടെ നേതാക്കളും നമ്മള്‍ തന്നെയും ചെയ്യാതിരുന്നതും.
പശ്ചിമേഷ്യയോട്‌ തെക്കനേഷ്യയെ താരതമ്യം ചെയ്‌ത്‌ കരസേനാ മേധാവിയും പ്രതിരോധ മന്ത്രിയും നടത്തിയ വിശകലനങ്ങള്‍ ഈ വഴിക്ക്‌ ചില സൂചനകള്‍ നല്‍കുന്നുണ്ട്‌. ജനിച്ചുവളര്‍ന്ന ഭൂമിയില്‍ നിന്ന്‌ ഒരു ജനതയെ പറിച്ചെറിഞ്ഞ്‌ അവിടെ ആധിപത്യം സ്ഥാപിക്കാന്‍ ഇസ്‌റാഈലിന്‌ വഴിയൊരുക്കിക്കൊടുത്തതാണ്‌ പശ്ചിമേഷ്യ ഇന്നും സംഘര്‍ഷ ഭരിതമായി തുടരാന്‍ കാരണം. അധിനിവേശത്തില്‍ നിന്ന്‌ അവരെ പിന്‍മാറ്റാന്‍ അധിനിവേശത്തിന്‌ വഴിയൊരുക്കിയവര്‍ക്കു പോലും ഇന്നും കഴിയുന്നുമില്ല.


സമാനമായ സാഹചര്യമാണ്‌ അഫ്‌ഗാനിസ്ഥാനിലും ഒരു പരിധിവരെ പാക്കിസ്ഥാനിലും ഇന്ന്‌ നിലനില്‍ക്കുന്നത്‌. ലോകവ്യാപാര കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ പേരില്‍ അല്‍ഖാഇദക്കും അതിന്റെ തലവനായ ഉസാമ ബിന്‍ ലാദനുമെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്ക പിന്നീട്‌ അഫ്‌ഗാന്‍ ജനതയെ വേട്ടയാടുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. അമേരിക്കയുടെ ഭീകരവിരുദ്ധ `യുദ്ധ'ത്തെ സര്‍വാത്മനാ പിന്തുണച്ച പാക്കിസ്ഥാന്‍ ഒമ്പതു വര്‍ഷത്തിനിപ്പുറം എത്തി നില്‍ക്കുന്നത്‌ പൊട്ടിത്തെറികളുടെയും രക്തപ്പുഴയുടെയും നടുക്കാണ്‌. മതയാഥാസ്ഥികത്വം, തീവ്രവാദം, വംശീയ സംഘര്‍ഷം എന്നിവക്കൊപ്പം സാമ്പത്തിക, സാമുഹ്യ അസമത്വങ്ങളും ഇവിടുത്തെ സംഘര്‍ഷങ്ങള്‍ക്ക്‌ കാരണമാവുന്നുണ്ടെന്നാണ്‌ ഈ രാജ്യങ്ങളില്‍ നിന്ന്‌ പുറത്തുവരുന്ന നിഷ്‌പക്ഷമെന്ന്‌ കരുതാവുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന്‌ മനസ്സിലാവുന്നത്‌. തോക്കുകള്‍ക്ക്‌ പഞ്ഞമില്ലാത്ത അഫ്‌ഗാനില്‍ പട്ടിണിയാണ്‌.


വര്‍ഷങ്ങളായി അമേരിക്കന്‍ സൈന്യത്തിന്റെ നേരിട്ടുള്ള ആക്രമണത്തിന്‌ വിധേയമാവുന്ന (പ്രത്യക്ഷത്തില്‍ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചിട്ടില്ല, ആക്രമണങ്ങള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അവര്‍ നിഷേധിക്കുകയും ചെയ്യും) അഫ്‌ഗാനോട്‌ ചേര്‍ന്നു കിടക്കുന്ന പാക്‌ അതിര്‍ത്തി ഗ്രാമങ്ങളുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. വിദേശരാജ്യത്തിന്റെ മിസൈലുകളില്‍ നിന്ന്‌ തങ്ങളെ സംരക്ഷിക്കാന്‍ ഭരണകൂടം മടിക്കുന്നത്‌ കണ്ട്‌ മടുത്താണ്‌ അവര്‍ ആയുധമെടുത്തത്‌. ഇപ്പോള്‍ ഒരു ഭാഗത്തു നിന്ന്‌ പാക്‌ സൈന്യവും മറു ഭാഗത്തു നിന്ന്‌ അമേരിക്കന്‍ മിസൈലുകളും അവരെ മുച്ചൂടും മുടിക്കാന്‍ ശ്രമിക്കുന്നു. ഇവിടുത്തെ ജനതയുടെ സാമുഹ്യ, സാമ്പത്തിക അവസ്ഥയെക്കുറിച്ച്‌ ആരും ചിന്തിക്കാറുപോലുമില്ല. ക്രൂരതകള്‍ കണ്ട്‌ മടുത്ത്‌, പ്രതികാര വാഞ്‌ഛയുമായി നടക്കുന്ന ഇത്തരക്കാരുടെ മനസ്സുകളെയാണ്‌ ലശ്‌കര്‍ പോലുള്ള സംഘടനകള്‍ പലപ്പോഴും ലക്ഷ്യമിടുന്നത്‌. സ്വന്തം വാദങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ലശ്‌കര്‍ നേതാക്കള്‍ക്ക്‌ പ്രയാസമുണ്ടാവില്ല.


ഇസ്‌റാഈലുമായി ഇന്ത്യയുണ്ടാക്കുന്ന കോടികളുടെ ആയുധ ഇടപാട്‌. അതിലൂടെ ഇസ്‌റാഈലിന്‌ ലഭിക്കുന്ന വരുമാനം. ആ വരുമാനം ഫലസ്‌തീന്‍ ജനതക്കുമേല്‍ തീയുണ്ടയായി വര്‍ഷിക്കുന്നുവെന്ന വാദത്തിന്‌ കനമേറെയുണ്ട്‌. തങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന മിസൈലുകള്‍ തൊടുക്കുന്ന അമേരിക്കയുടെ ഒരു കൈ ഇന്ത്യയുടെ കൈയുമായി ചേര്‍ത്തുവെച്ചിരിക്കുന്നുവെന്ന വാദവും എളുപ്പത്തില്‍ തറഞ്ഞുകയറാന്‍ പാകത്തിലുള്ളതാണ്‌. ഈ ഹസ്‌തദാനം ദിനം പ്രതി മുറുകുകയാണ്‌. ഭീകരതക്കെതിരെ എന്ന പേരില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക്‌ ഇന്ത്യയുടെ എല്ലാ പിന്തുണയുമുണ്ട്‌. തങ്ങളെ കൊന്നൊടുക്കുന്നവനോട്‌ ഏല്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവന്റെ സഹായിയെങ്കിലും അപായപ്പെടുത്തണമെന്ന ആഹ്വാനം. ഇത്‌ ഉചിതമായ ഭാഷയിലും വികാരത്തിലും വസ്‌തുതകളും അതിഭാവുകത്വം കലര്‍ന്ന കഥകളും ചേര്‍ത്ത്‌ അവതരിപ്പിക്കപ്പെടുമ്പോള്‍ ചാവേറാകാന്‍ ആളുണ്ടാവുക സ്വാഭാവികം. എന്നാല്‍ ഈ ആശയപ്രചാരണത്തിന്‌ അവസരമൊരുക്കിക്കൊടുക്കുന്നത്‌ നമ്മള്‍ തന്നെയാണെന്ന വസ്‌തുതയും മറന്നുകൂട.


ഇസ്‌റാഈലും അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ്‌ നമ്മുടെ ഭരണകൂടം. അതുവഴി അവര്‍ ചെയ്യുന്ന പാതകങ്ങളുടെ ചോര സ്വന്തം ദേഹത്തു കൂടി പുരളുകയാണെന്നത്‌ അവഗണിച്ചുകൊണ്ട്‌. ഈ ബന്ധം കൊണ്ട്‌ എന്തെങ്കിലും വിധത്തിലുള്ള പ്രയോജനം ലഭിക്കുന്നുണ്ടോ എന്നതിലും സംശയങ്ങളുണ്ട്‌. മുംബൈ ആക്രമണത്തിന്റെ അന്വേഷണത്തില്‍ അമേരിക്ക പങ്കാളിയായിരുന്നു. അമേരിക്കന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതില്‍ അവിടെയും കേസ്‌ നിലവിലുണ്ട്‌. എന്നിട്ടും ആക്രമണത്തിന്റെ സൂത്രധാരന്‍മാരെന്ന്‌ ഇന്ത്യ തെളിവുകളോടെ ആരോപിക്കുന്നവര്‍ക്കെതിരെ പാക്കിസ്ഥാനെക്കൊണ്ട്‌ നടപടിയെടുപ്പിക്കാന്‍ അമേരിക്കക്ക്‌ സാധിക്കുന്നില്ല. ഇന്ത്യക്കെതിരെ തുടരുന്ന ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആ രാജ്യത്തിന്‌ മേല്‍ കാര്യമായ സമ്മര്‍ദം അമേരിക്ക ചെലുത്തുന്നുമില്ല. അഫ്‌ഗാന്‍ അതിര്‍ത്തിയിലെ ഗോത്രവര്‍ഗ ജനതക്കു മേല്‍ മിസൈല്‍ വര്‍ഷിക്കാന്‍ മടിയില്ലാത്തവര്‍ക്ക്‌ നയതന്ത്ര സമ്മര്‍ദം ചെലുത്താന്‍ മടിയെന്ത്‌?


പുതിയ ഇഴയടുപ്പങ്ങള്‍ രാജ്യത്തിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടോ എന്നതാണ്‌ പ്രധാന ചോദ്യം. ഇന്ത്യയുടെ വാക്കുകള്‍ക്ക്‌ ഏതെങ്കിലും ചേരിയുടെ ഗന്ധമുണ്ടോ എന്നതും. ഇതിന്‌ മറുപടി കാണുകയാണ്‌ ആദ്യം വേണ്ടത്‌. നഷ്‌ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനായില്ലെങ്കില്‍ വീണ്ടും മുംബൈകളെ കാത്തിരിക്കേണ്ടിവരുമെന്നുറപ്പ്‌. സാമ്പത്തിക അധിനിവേശത്തിന്റെ ഇരകളായി മാറുന്നവര്‍ക്കിടയിലേക്ക്‌ പരിഷ്‌കരണങ്ങള്‍ക്ക്‌ വാദിക്കുന്ന തീവ്ര ആശയക്കാര്‍ വേരുകള്‍ ആഴ്‌ത്തുന്നുണ്ട്‌. അത്‌ മറ്റൊരു ഭാഗത്ത്‌ വലിയ അസ്വസ്ഥതകള്‍ സൃഷ്‌ടിച്ചുകൊണ്ടേയിരിക്കുന്നു. വംശം, പ്രദേശം, ഉപദേശീയത തുടങ്ങിയവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വേറെ. പ്രസംഗങ്ങളില്‍ ഇവ ഓര്‍മിക്കുകയും ആക്രമണങ്ങളുടെ വാര്‍ഷികങ്ങളില്‍ രാജ്യത്തിനെതിരായ യുദ്ധം തുടങ്ങിയ കേവല വാദങ്ങളില്‍ തലപൂഴ്‌ത്തുകയും ചെയ്യാം. ഇരകളില്‍ ഭൂരിഭാഗവും തെരുവുകളിലുള്ളവരാണല്ലോ!


ഇവര്‍ കരുത്തുറ്റ സ്‌ത്രീകളാണ്‌

ഹേമന്ത്‌ കാര്‍ക്കറെ, വിജയ്‌ സലസ്‌കര്‍, അശോക്‌ കാംതെ, സന്ദീപ്‌ ഉണ്ണിക്കൃഷ്‌ണന്‍ തുടങ്ങി അക്രമികളുടെ വെടിയേറ്റു വീണ ധീരന്‍മാര്‍. വര്‍ഷമൊന്ന്‌ പിന്നിടുമ്പോഴും ഇതില്‍ ചിലരുടെ മരണങ്ങളെക്കുറിച്ചെങ്കിലും സംശയങ്ങള്‍ തുടരുന്നുണ്ട്‌. മഹാരാഷ്‌ട്രയിലെ ഭീകരവിരുദ്ധ സേനയുടെ തലവനായിരുന്ന ഹേമന്ത്‌ കാര്‍ക്കറെ. ആക്രമണത്തിന്റെ വിവരമറിഞ്ഞയുടന്‍ കാമ ആശുപത്രിയിലേക്ക്‌ പാഞ്ഞെത്തി. ഭീകരരുടെ വെടിയേറ്റു വീണു. കാര്‍ക്കറെക്ക്‌ പിറകെ കാമ ആശുപത്രിക്ക്‌ മുന്നിലേക്ക്‌ തിരിച്ച വിജയ്‌ സലസ്‌കറുടെയും അശോക്‌ കാംതെയുടെയും വിധി വ്യത്യസ്‌തമായില്ല. ഈ മൂന്ന്‌ ഉദ്യോഗസ്ഥരുടെ വിധവകള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷകള്‍ നല്‍കി കാത്തിരിക്കുകയാണ്‌ ഇപ്പോഴും. തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ എങ്ങനെയാണ്‌ കൊല്ലപ്പെട്ടത്‌ എന്നറിയാന്‍.


രാജ്യം മുമ്പ്‌ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരാക്രമണമുണ്ടാവുമ്പോള്‍ സ്വാഭാവികമായുണ്ടാവുന്ന ആശയക്കുഴപ്പങ്ങള്‍ ഇവരുടെ കാര്യത്തിലുമുണ്ടായിട്ടുണ്ടാവും. കൃത്യമായി കാര്യങ്ങള്‍ പരസ്‌പരം അറിയിക്കാനും പഴുതില്ലാത്ത ഒരു ഓപ്പറേഷന്‍ ആസുത്രണം ചെയ്‌ത്‌ രംഗത്തിറങ്ങാനും മഹാരാഷ്‌ട്ര പോലീസിന്‌ കഴിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ സംഭവമറിഞ്ഞയുടന്‍ കര്‍മോത്സുകരായ ഈ ഉദ്യോഗസ്ഥര്‍ ആക്രമണ സ്ഥലത്തേക്ക്‌ തിരിച്ചതില്‍ അത്ഭുതമില്ല. അക്രമികളെക്കുറിച്ചോ അവരുടെ പക്കലുള്ള ആയുധങ്ങളെക്കുറിച്ചോ അറിവില്ലാതെ ഏറ്റുമുട്ടലിനൊരുങ്ങിയ ധീരര്‍, അവര്‍ ഇരകളായി വീണു. ഒരു പക്ഷേ, ഇവര്‍ ഇത്രയും സാഹസികത കാട്ടിയിരുന്നില്ലെങ്കില്‍ കൂടുതല്‍ നിരപരാധികളുടെ ജീവന്‍ നഷ്‌ടമാവുകയും ചെയ്യുമായിരുന്നു.


പക്ഷേ, അക്രമികളെ നേരിടാന്‍ ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റ്‌ ധരിച്ച്‌ പോയ ഹേമന്ത്‌ കാര്‍ക്കറെയുടെ മൃതദേഹം ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ജാക്കറ്റുണ്ടായിരുന്നില്ല എന്നത്‌ വസ്‌തുതയായി ശേഷിക്കുന്നു. എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിച്ചുവെന്ന കവിത കാര്‍ക്കറെയുടെ ചോദ്യത്തിന്‌ മറുപടികള്‍ ഉണ്ടാവുന്നില്ല. മഹാരാഷ്‌ട്ര പോലീസിനു വേണ്ടി വാങ്ങിയ ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റുകളെ സംബന്ധിച്ച പ്രധാന രേഖകളൊന്നും കാണുന്നില്ല എന്ന മറുപടിയും കവിത കാര്‍ക്കറെക്ക്‌ ലഭിച്ചിട്ടുണ്ട്‌. കൂടുതല്‍ പോലീസിനെ കാമ ആശുപത്രിക്കു സമീപത്തേക്ക്‌ അയക്കണമെന്ന്‌ ഹേമന്ത്‌ ആവശ്യപ്പെട്ടിരുന്നുവെന്നും 40 മിനുട്ടിനു ശേഷവും കൂടുതല്‍ പോലീസുകാര്‍ നിയോഗിക്കപ്പെട്ടില്ല എന്നും കവിത പറയുന്നു. എന്തുകൊണ്ടാണ്‌ കൂടുതല്‍ പോലീസുകാരെ വിന്യസിക്കാന്‍ കഴിയാതിരുന്നത്‌ എന്ന കവിതയുടെ ചോദ്യത്തിന്‌ മറുപടിയില്ല.


ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റിനെ സംബന്ധിച്ച അവ്യക്തതകളും തുടരുന്നു. ധീരരക്തസാക്ഷികള്‍ എന്ന്‌ രാജ്യം വിശേഷിപ്പിക്കുന്നവരുടെ കാര്യത്തിലാണ്‌ ഇത്തരം വീഴ്‌ചകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. എന്താണ്‌ യഥാര്‍ഥത്തില്‍ സംഭവിച്ചത്‌ എന്ന്‌ ബന്ധുക്കളോട്‌ തുറന്നുപറയാനുള്ള സത്യസന്ധതയെങ്കിലും കാണിക്കുക എന്നതായിരിക്കും ഇവര്‍ക്ക്‌ നല്‍കാവുന്ന ഏറ്റവും വലിയ ആദരാഞ്‌ജലി.


ഗോഡ്‌സെയുടെ മകനായ ഗാന്ധിജിയുടെ പേരില്‍ റേഷന്‍ കാര്‍ഡുണ്ടാവുന്ന നാട്ടില്‍, നിലവാരം കുറഞ്ഞ ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റ്‌ വാങ്ങി, അതിന്റെ രേഖകള്‍ നശിപ്പിച്ചു കളഞ്ഞിട്ടുണ്ടെങ്കില്‍ അത്ഭുതപ്പെടേണ്ടതില്ല.