2009-12-26

ചൂണ്ടുവിരലിലെ പാട്‌


ഭരണകൂടങ്ങള്‍ മുന്നോട്ടുവെക്കുന്ന പരിഷ്‌കാരങ്ങള്‍ വിലയിരുത്തപ്പെടുന്നത്‌, അവ ജനങ്ങള്‍ക്ക്‌ എന്തൊക്കെ സഹായം ലഭ്യമാക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ്‌. ഒരു വിഭാഗത്തിനു സഹായം ചെയ്യുന്ന പരിഷ്‌കാരങ്ങള്‍ മറ്റൊരു വിഭാഗത്തിന്റെ അടിസ്ഥാന താത്‌പര്യങ്ങളെ ഹനിക്കുന്നതായി മാറുന്നത്‌ നാം പലപ്പോഴും കണ്ടിട്ടുണ്ട്‌. അടുത്ത കാലത്ത്‌ ഇന്ത്യയില്‍ വലിയ ചര്‍ച്ചാവിഷയമായ പശ്ചിമ ബംഗാള്‍ സര്‍ക്കാറിന്റെ വ്യവസായവത്‌കരണ നയങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പ്രത്യേക സാമ്പത്തിക മേഖലകളും ഉദാഹരണങ്ങളാണ്‌. ബംഗാളില്‍ തൊഴിലില്ലായ്‌മ വര്‍ധിക്കുന്ന സാഹചര്യത്തിലാണ്‌ ഊര്‍ജിതമായ വ്യവസായവത്‌കരണ നയങ്ങള്‍ക്കു ബുദ്ധദേവ്‌ സര്‍ക്കാര്‍ തുടക്കമിട്ടത്‌. സ്വദേശത്തെയും വിദേശത്തെയും വന്‍കിട സ്ഥാപനങ്ങളെ സംസ്ഥാനത്തേക്കു ക്ഷണിക്കുകയും അവര്‍ക്കു ഭൂമി ലഭ്യമാക്കുകയും ചെയ്യുക. അവര്‍ ആരംഭിക്കുന്ന സ്ഥാപനങ്ങളില്‍ ബംഗാളിലെ യുവതലമുറക്ക്‌ തൊഴിലവസരം ഉറപ്പാക്കുക. എന്നാല്‍ ഈ കുത്തകകള്‍ക്ക്‌ ഏറ്റെടുത്ത്‌ നല്‍കിയത്‌ ഭൂരിഭാഗവും കൃഷിഭൂമിയായത്‌ വലിയ ചര്‍ച്ചകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴിവെച്ചു. കൃഷിഭൂമി ഏറ്റെടുക്കുന്നത്‌ ഇപ്പോഴത്തെ കര്‍ഷകരെ മാത്രമല്ല, വരും തലമുറയുടെ ഭക്ഷ്യസുരക്ഷയെക്കൂടി ബാധിക്കുന്നതാണെന്ന വാദം ശക്തമായി ഉയര്‍ന്നു. ഇതു സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ ഇപ്പോഴും ശക്തമായി തുടരുന്നുമുണ്ട്‌.


രാജ്യത്ത്‌ നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങളില്‍ ഇളവ്‌ നല്‍കുന്നതിനാണ്‌ പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തത്‌. സമരങ്ങള്‍, ഹര്‍ത്താലുകള്‍ എന്നിവ ഉത്‌പാദനത്തെ ബാധിക്കുന്നത്‌ തടയുക, നിക്ഷേപം നടത്തുന്നവര്‍ക്ക്‌ പരമാവധി ലാഭം ഉറപ്പാക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, തൊഴില്‍ നിയമങ്ങള്‍ മറികടക്കുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ ചൂഷണത്തിന്‌ ഇരയാവുന്നുവെന്ന വാദം തൊഴിലാളി സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്‌. ഇതുപോലെ തന്നെയാണ്‌ ഓരോ പരിഷ്‌കാര നിര്‍ദേശത്തിന്റെ യും കാര്യം.


ഇതിനൊപ്പം പ്രധാനമാണ്‌ പരിഷ്‌കാരങ്ങള്‍ ആരാണ്‌, ഏത്‌ ആശയത്തിന്റെ വക്താക്കളാണ്‌ നടപ്പാക്കുന്നത്‌ എന്നത്‌. മൂന്നു നൂറ്റാണ്ടിലധികമായി ഇന്ത്യക്കു മേലുണ്ടായിരുന്ന ഉപരോധം അവസാനിപ്പിക്കാനും സിവിലിയന്‍ ആണവ സഹകരണ കരാര്‍ പ്രാബല്യത്തിലാക്കാനും അമേരിക്ക മുന്‍കൈ എടുക്കുമ്പോള്‍ ആ രാജ്യത്തിന്റെ താത്‌പര്യങ്ങള്‍ സംബന്ധിച്ച്‌ സംശയങ്ങള്‍ ഉയരുന്നത്‌ അതുകൊണ്ടാണ്‌. കരാര്‍ പ്രാബല്യത്തിലാവുന്നതോടെ ഇന്ത്യന്‍ ഊര്‍ജമേഖലയില്‍ നിക്ഷേപം നടത്താന്‍ കാത്തിരിക്കുന്ന അമേരിക്കന്‍ കമ്പനികള്‍, ആണവോര്‍ജ പദ്ധതികളില്‍ ഏതെങ്കിലും വിധത്തിലുള്ള അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു തങ്ങളെ ഒഴിവാക്കി നിര്‍ത്താന്‍ സഹായകമായ നിയമം ഇന്ത്യ പാസ്സാക്കണമെന്ന്‌ ആവശ്യപ്പെടുന്നതും മറ്റൊന്നുകൊണ്ടല്ല. ഈ കമ്പനികളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കണമെന്ന നിര്‍ബന്ധ ബുദ്ധി ഉള്ളതുകൊണ്ടാണ്‌ സിവില്‍ ന്യൂക്ലിയര്‍ ഡിസ്‌എബിലിറ്റി നിയമം അംഗീകരിച്ച ശേഷമേ ആണവ കരാര്‍ പ്രാബല്യത്തിലാക്കൂ എന്ന്‌ അമേരിക്ക വ്യക്തമാക്കുന്നത്‌.


ഇവിടെ പരാമര്‍ശിക്കുന്ന പരിഷ്‌കാരം വികസനവുമായി ബന്ധപ്പെട്ടതല്ല. ജനാധിപത്യ വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്‌. ഈ പരിഷ്‌കാരത്തിനു തുടക്കമിടുന്നത്‌ ഗുജറാത്തില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറാണ്‌. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കണമെന്നത്‌ നിര്‍ബന്ധമാക്കിക്കൊണ്ട്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ നിയമം കൊണ്ടുവരികയാണ്‌. ഇത്‌ സംബന്ധിച്ച നിയമഭേദഗതി ബില്‍ ഗുജറാത്ത്‌ നിയമസഭ കഴിഞ്ഞ ദിവസം പാസ്സാക്കി. മതിയായ കാരണങ്ങളില്ലാതെ വോട്ടവകാശം വിനിയോഗിക്കാതിരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനു സംസ്ഥാന സര്‍ക്കാറിന്‌ അധികാരം നല്‍കുന്നതാണ്‌ ബില്‍.


വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരാള്‍ വോട്ടവകാശം വിനിയോഗിക്കാതിരുന്നാല്‍ ഒരു മാസത്തിനകം വ്യക്തമായ കാരണം തെളിവ്‌ സഹിതം സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനെ അറിയിക്കണം. ഇതില്‍ പരാജയപ്പെടുന്ന വോട്ടര്‍ക്ക്‌ എന്തു ശിക്ഷയാണ്‌ ലഭിക്കുക എന്ന്‌ വ്യക്തമല്ല. ഭരണകൂടങ്ങളെ നിശ്ചയിക്കുന്ന ജനാധിപത്യ പ്രക്രിയയില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ്‌ ഉദ്ദേശ്യമെന്നു മോഡിയും ബി ജെ പിയും അവകാശപ്പെടുന്നു. വോട്ടവകാശം വിനിയോഗിക്കുക എന്നത്‌ പൗരന്റെ ഉത്തരവാദിത്വമാണെന്നും അത്‌ നിറവേറ്റാന്‍ നിയമപരമായി നിര്‍ബന്ധിക്കുന്നതിലൂടെ ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കാനാവുമെന്നുമുള്ള വാദത്തില്‍ പ്രത്യക്ഷത്തില്‍ തെറ്റൊന്നും തോന്നാനിടയില്ല.


യൂറോപ്യന്‍ യൂനിയനിലെ അംഗരാജ്യങ്ങളില്‍ മിക്കവയും ഇത്തരം നിയമം നടപ്പാക്കിയിട്ടുണ്ട്‌. പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ വോട്ട്‌ രേഖപ്പെടുത്തുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വോട്ടവകാശം വിനിയോഗിക്കുക എന്നത്‌ നിയപരമായ ബാധ്യതയാക്കി നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച്‌ അമേരിക്കയില്‍ ചര്‍ച്ചകള്‍ നടക്കുന്നു.


ഇന്ത്യയില്‍ പ്രായപൂര്‍ത്തി വോട്ടവകാശം മൗലികമാണെങ്കിലും വോട്ടവകാശം വിനിയോഗിക്കുക എന്നത്‌ ഒഴിവാക്കാനാവാത്ത കടമയായി വ്യവസ്ഥ ചെയ്‌തിട്ടില്ല. ജനാധിപത്യത്തില്‍ വോട്ടവകാശത്തിനുള്ള അധികാരം പോലെ തന്നെ അത്‌ ഉപയോഗിക്കണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കാനുള്ള അധികാരവും ജനങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. ജനാധിപിത്യ പ്രക്രിയയില്‍ വിശ്വാസമില്ലാത്ത ന്യൂനപക്ഷമെങ്കിലും രാജ്യത്തുണ്ട്‌. അവരെക്കൂടി പരിഗണിക്കുന്നതാണ്‌ നമ്മുടെ വിശാലമായ ജനാധിപത്യം എന്നു വേണമെങ്കില്‍ വ്യാഖ്യാനിക്കാവുന്നതാണ്‌. ഈ സ്വാതന്ത്ര്യം മറികടക്കാനും തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നിര്‍ബന്ധമാക്കാനും ഗുജറാത്തിനെ പ്രേരിപ്പിച്ചത്‌ എന്താവും? നേരത്തെ പറഞ്ഞതുപോലെ ജനാധിപത്യം കൂടുതല്‍ ഫലപ്രദമാവണമെന്ന അദമ്യമായ ആഗ്രഹം മാത്രമാണോ നരേന്ദ്ര മോഡിക്കുള്ളത്‌? പുതിയ നിയമം കോടതികളില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത ഗുജറാത്ത്‌ സര്‍ക്കാര്‍ മുന്‍കൂട്ടിക്കാണുന്നില്ലേ? ഈ നിയമത്തെ അംഗീകരിക്കാനാവില്ലെന്നു തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തന്നെ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ നിയമപരമായി നിലനില്‍ക്കാനുള്ള സാധ്യത തുലോം കുറവാണെന്ന്‌ ഏതൊരാള്‍ക്കും വ്യക്തമായി അറിയാവുന്നതാണ്‌. എന്നിട്ടും ഇത്തരത്തിലൊരു നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എന്തായിരിക്കും?


പരിഷ്‌കാരങ്ങള്‍ ആരാണ്‌ കൊണ്ടുവരുന്നത്‌ എന്നതാണ്‌ ഇവിടെ പ്രധാനം. ഏകാധിപത്യ ശൈലി പിന്തുടരുന്ന നേതാവാണ്‌ നരേന്ദ്ര മോഡി എന്നത്‌ ആരും സമ്മതിക്കും. ആര്‍ എസ്‌ എസിനു പോലും സഹിക്കാന്‍ കഴിയാത്ത ഏകാധിപത്യ ശൈലിയുടെ ഉടമ. ബി ജെ പിയുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്കു മോഡിയുടെ പേര്‌ പരിഗണിച്ചപ്പോള്‍ ആര്‍ എസ്‌ എസ്‌ കണ്ട കുറവ്‌ ഈ ഏകാധിപത്യ ശൈലിയായിരുന്നു. തീവ്രഹിന്ദുത്വയുടെ വക്താവാണ്‌ മോഡി എന്നത്‌ അദ്ദേഹം തന്നെ സമ്മതിക്കുന്നതാണ്‌. തീവ്ര ഹിന്ദുത്വ അജന്‍ഡയുടെ പരീക്ഷണശാലയായി ഗുജറാത്ത്‌ മാറിയത്‌ അദ്ദേഹത്തിന്റെ ഭരണകാലത്താണ്‌. മുസ്‌ലിംകളെ വംശഹത്യ ചെയ്യാന്‍ ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണയോടെ നടന്ന കൊടും ക്രൂരതകള്‍ രാജ്യത്തൊട്ടാകെ വിമര്‍ശ വിധേയമായിട്ടും അതിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തി. അതിനു ശേഷം ഇക്കാലത്തിനിടെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബി ജെ പി മേല്‍ക്കൈ നിലനിര്‍ത്തിയിരുന്നു.


ഈ വിജയങ്ങളുടെ കാരണമെന്ത്‌ എന്നറിയാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. ഗുജറാത്തി ജനതയെ വര്‍ഗീയമായി വിഭജിക്കുന്നതില്‍ മോഡി വിജയിച്ചുവെന്നതാണ്‌ ഒന്നാമത്തെ കാരണം. ബാക്കിയുള്ളവരെ ഭീതിയുടെ മുള്‍ മുനയില്‍ നിര്‍ത്തുന്നതിലും. ഇവ രണ്ടും കൂടുതല്‍ ശക്തമായി നിലനിര്‍ത്തുക എന്നതാണ്‌ പുതിയ നിയമത്തിലൂടെ മോഡി ലക്ഷ്യമിടുന്നത്‌. 2002ലെ വംശഹത്യക്കു ശേഷം സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ചില പോക്കറ്റുകളില്‍ ഒതുങ്ങിക്കൂടിയാണ്‌ താമസിക്കുന്നത്‌. ബുത്തടിസ്ഥാനത്തില്‍ വോട്ടെണ്ണുന്ന നിലവിലെ സമ്പ്രദായം തന്നെ ഇവരുടെ വോട്ടുകള്‍ ഏറെക്കുറെ പരസ്യപ്പെടുത്തുന്നുണ്ട്‌. പുതിയ നിയമം പ്രാബല്യത്തിലാവുക കൂടി ചെയ്‌താല്‍ ഇവരുടെ വോട്ടുകള്‍ കൂടുതല്‍ പരസ്യപ്പെടുകയാവും ഫലം. രഹസ്യ ബാലറ്റ്‌ എന്ന സമ്പ്രദായം ആസൂത്രിതമായി തകര്‍ക്കപ്പെടും. വോട്ട്‌ മോഡിക്കെതിരെയാണെന്ന്‌ വ്യക്തമായാല്‍ ഉണ്ടാവാന്‍ ഇടയുള്ള പ്രത്യാഘാതം ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്ന ഭീതിയുടെ അന്തരീക്ഷം കൂടുതല്‍ ശക്തമാവുകയാവും ചെയ്യുക. അത്തരമൊരു സ്ഥിതി നേരിടാന്‍ ശക്തിയില്ലാത്തവര്‍ എന്തുചെയ്യും? എല്ലാവരും മോഡിയുടെ ബി ജെ പിയെ പിന്തുണക്കും. മുമ്പ്‌ വിജയിച്ചതിനേക്കാള്‍ കൂടുതല്‍ പിന്തുണയോടെ മോഡിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വിജയിക്കും. വികസനത്തിന്റെ നായകന്‌ എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്ന്‌ അഹങ്കാരത്തോടെ വാദിക്കാനും കഴിയും.


പുതിയ നിയമം കോടതി നടപടികളിലൂടെ അസാധുവാക്കപ്പെട്ടാല്‍ ഇത്‌ സംബന്ധിച്ച്‌ ദേശീയ തലത്തില്‍ ഒരു ചര്‍ച്ച ഉയര്‍ത്തിവിടാന്‍ കഴിഞ്ഞതില്‍ ബി ജെ പിക്കു സന്തോഷിക്കാനാവും. തങ്ങള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്താകെ ഇത്തരമൊരു സമ്പ്രദായം കൊണ്ടുവരുമെന്നു ബി ജെ പിക്കു വാഗ്‌ദാനം ചെയ്യാം. രാജ്യത്തെ പൗരന്‍മാരെ സംബന്ധിച്ചും അവര്‍ക്കുണ്ടായിരിക്കേണ്ട ദേശീയ ബോധത്തെക്കുറിച്ചും നിയതമായ സങ്കല്‍പ്പങ്ങള്‍ ബി ജെ പി ഇപ്പോള്‍ തന്നെ പ്രചരിപ്പിക്കുന്നുണ്ട്‌. അതിനൊപ്പം പുതിയ മാനദണ്ഡം കൂടി അവതരിപ്പിക്കുകയാണ്‌ മോഡി ചെയ്‌തിരിക്കുന്നത്‌. ഇതു മോഡിയുടെ മാത്രം ആലോചനയില്‍ വിരിഞ്ഞതാണെന്നു കരുതുകവയ്യ. പരീക്ഷണത്തിനു സര്‍വഥാ യോഗ്യമെന്നു ബി ജെ പി കരുതുന്ന ഗുജറാത്തിനെ തിരഞ്ഞെടുത്തുവെന്ന്‌ മാത്രം. ബില്ലിനു നിയമസാധുത ലഭിച്ചാല്‍ ബി ജെ പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി ഇത്‌ വ്യാപിപ്പിക്കാം. ദേശീയതലത്തില്‍ തന്നെ ഇത്തരം വ്യവസ്ഥ നിര്‍ബന്ധമാക്കണമെന്ന്‌ ആവശ്യമുയര്‍ത്താം.


ബി ജെ പിയുടെ ഇത്തരം അജന്‍ഡകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പോലും ആരോഗ്യകരമായ ഒരു സമ്പ്രദായമായി പുതിയ പരിഷ്‌കാരത്തെ കാണാനാവില്ല. വോട്ടവകാശം നിര്‍ബന്ധമാക്കിയ രാജ്യങ്ങളിലൊക്കെ അസാധു, നിഷേധ വോട്ടുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്നാണ്‌ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്‌. രാഷ്‌ട്രീയത്തില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന താത്‌പര്യം കുറഞ്ഞുവരുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു. നയനിലപാടുകള്‍ വിലയിരുത്തി വോട്ട്‌ രേഖപ്പെടുത്തണമോ വേണ്ടയോ എന്നു തീരുമാനിക്കുന്ന അവസ്ഥ മാറി, പോളിംഗ്‌ ബൂത്തില്‍ ചെന്ന്‌ ആദ്യത്തെ പേരുകാരന്റെ നേര്‍ക്ക്‌ വോട്ട്‌ രേഖപ്പെടുത്തി മടങ്ങുന്നവരുടെ എണ്ണം പെരുകുന്നുവെന്നാണ്‌ വോട്ട്‌ ചെയ്യണമെന്നത്‌ നിര്‍ബന്ധമാക്കിയ ആസ്‌ത്രേലിയയിലെ അനുഭവം.


ജനാധിപത്യ സമ്പ്രദായത്തിലെ പങ്കാളിത്തം വോട്ട്‌ രേഖപ്പെടുത്തിയാല്‍ മാത്രമേ ഉണ്ടാവുന്നുള്ളൂ എന്നത്‌ ഏകപക്ഷീയമായ നിലപാടാണ്‌. ഏകാധിപത്യത്തെയും ഫാസിസത്തെയും ഭൂരിപക്ഷ മേല്‍ക്കോയ്‌മ അടിച്ചേല്‍പ്പിക്കുന്നതിനെയും എതിര്‍ക്കുന്നത്‌ ജനാധിപത്യത്തിലെ സജീവമായ പങ്കാളിത്തമാണ്‌. സമൂഹത്തെ വര്‍ഗീയമായി വിഭജിച്ച്‌ രാഷ്‌ട്രീയ നേട്ടമുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുക എന്നതും ജനാധിപത്യത്തില്‍ പങ്കാളികളാവുന്നവരുടെ ബാധ്യതയാണ്‌. ഇതിനെല്ലാം വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയും അതിന്റെ മുഖ്യമന്ത്രിയും വോട്ടവകാശം വിനിയോഗിക്കുന്നതു നിര്‍ബന്ധമാക്കി നിയമം കൊണ്ടുവരുമ്പോള്‍ അതിനെ സംശയത്തോടെ കാണേണ്ടിവരും. അത്‌ ജനാധിപത്യത്തില്‍ സജീവമായി പങ്കെടുക്കുന്നവരുടെ ബാധ്യതയാണ്‌.

2 comments:

  1. ഒരു നല്ല ആലോചനയാണ് അത് എങ്കിലും ലേഖകന്‍ ചൂണ്ടി കാണിച്ച ഒരു ഭീകരമുഖം ഇതിന്‍റെ പിന്നില്‍ കാണാന്‍ കഴിയും .കൊലപാതകങ്ങളും ,വര്‍ഗ്ഗിയ അക്രമങ്ങളും, നൂനപക്ഷ പീഡനങ്ങളും വല്ലാണ്ട് നടക്കുന്ന ഗുജറാത്ത് പുകഞ്ഞോണ്ടിരിക്കുന്ന ഒരു അഗ്നിപര്‍വ്വതമാണ് .അവിടെങ്ങളില്‍ ഉണ്ടാകുന്ന പുകപടലങ്ങള്‍ സൂഷ്മതയോടെ കാണുന്നതായിരിക്കും നല്ലത് .നല്ല ലേഖനം പ്രസക്തമായ വിഷയം

    ReplyDelete
  2. ജനാധിപത്യത്തില്‍ വോട്ടവകാശം വിനിയോഗിക്കുക എന്ന അത്രയും പ്രധാനപ്പെട്ടതാണ് അത് വേണ്ട എന്ന് വെക്കാനുള്ള ഒരാളുടെ അവകാശം.

    വളരെ പ്രസക്തമായ വിഷയം.

    ReplyDelete