2016-12-12

പരാജയം പേറുന്ന ചുമലും അഴിമതി തുറന്നിട്ട 56'' നെഞ്ചും


'ഗുജറാത്തിനെപ്പോലെ രാജ്യത്തെ വികസിപ്പിക്കണമെങ്കില്‍ അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ച് വേണ'മെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഏത് പ്രതിസന്ധിയും താങ്ങാനുള്ള ശേഷി പ്രധാനമന്ത്രിയുടെ ചുമലുകള്‍ക്കുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം പറയുകയും ചെയ്തു. കള്ളപ്പണം ഇല്ലാതാക്കാനും അഴിമതി തുടച്ചുനീക്കാനും ലാക്കാക്കി, 500, 1000 നോട്ടുകള്‍ പിന്‍വലിക്കാനെടുത്ത തീരുമാനം അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചില്‍ നിന്നുണ്ടായതാകണം. അതേത്തുടര്‍ന്നുളവാകുന്ന ഏത് പ്രതിസന്ധിയും നേരിടാനുള്ള ശക്തി ആ ചുമലുകള്‍ക്കുണ്ടെന്നാണ് അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത്. നോട്ട് പിന്‍വലിക്കാനെടുത്ത തീരുമാനം അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചിന്റേത് മാത്രമായിരുന്നുവെന്നും അതുളവാക്കിയ പ്രതിസന്ധി അദ്ദേഹം തന്നെ നേരിടുകയാണ് വേണ്ടതെന്നുമാണ് ജെയ്റ്റ്‌ലി പറഞ്ഞത് എന്ന് വേണമെങ്കില്‍ വാദിക്കാം.


കള്ളപ്പണം ഇല്ലാതാക്കുക എന്നതായിരുന്നു പ്രഥമോദ്ദേശ്യം. ഡിജിറ്റല്‍ ഇന്ത്യയിലേക്ക് അതിവേഗത്തില്‍ മാറുക എന്നതാണ് പ്രധാന ഉദ്ദേശ്യമെന്ന് പിന്നീട് വിശദീകരിക്കുന്നുണ്ടെങ്കിലും. അകെ പിന്‍വലിച്ചത് 15.44 ലക്ഷം കോടി മൂല്യം വരുന്ന കറന്‍സി. അതില്‍ 11.55 ലക്ഷം കോടി മൂല്യം വരുന്നത്, ഡിസംബര്‍ ആറായപ്പോഴേക്കും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന കണക്ക്. ഡിസംബര്‍ 30 ആകുമ്പോഴേക്ക് ഏതാണ്ട് മുഴുവനും ബാങ്കുകളില്‍ തിരിച്ചെത്തുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. പണമായും പൊന്നായും ഇതിനകം പിടിച്ചെടുത്തതിന്റെ മൂല്യം ഏതാണ്ട് 200 കോടി വരും. രണ്ടര ലക്ഷത്തിലധികം നിക്ഷേപിക്കപ്പെട്ട അക്കൗണ്ടുകള്‍ മുഴുവന്‍ പരിശോധിച്ച്, നിയമവിധേയമായ സമ്പാദ്യമാണോ അല്ലയോ എന്ന് തരംതിരിച്ചതിന് ശേഷമേ വിപണിയില്‍ വ്യാപരിച്ചിരുന്നവയില്‍ കണക്കില്‍പ്പെടാത്ത പണമുണ്ടായിരുന്നോ എന്ന് തിട്ടപ്പെടുത്താനാകൂ. അതിനെത്ര കാലമെടുക്കും?


ബാങ്കുകളിലേക്ക് തിരിച്ചെത്താത്ത നോട്ടുകളുടെ കാര്യത്തില്‍ റിസര്‍വ് ബാങ്കിന് ബാധ്യതയുണ്ടെന്ന് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇപ്പോള്‍ പിന്‍വലിച്ച 500, 1000 നോട്ടുകള്‍ ആര്, എപ്പോള്‍ കൊണ്ടുവന്നാലും മാറ്റിക്കൊടുക്കാന്‍ റിസര്‍വ് ബാങ്കിന് ഉത്തരവാദിത്തമുണ്ടെന്ന് ചുരുക്കം. ആകയാല്‍ ബാങ്കുകളിലേക്ക് തിരിച്ചെത്താത്തതൊക്കെ കണക്കില്‍പ്പെടാത്ത പണമായിരുന്നുവെന്നൊരു പ്രഖ്യാപനം നടത്താന്‍ അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചിന് സാധിക്കില്ല. ലക്ഷക്കണക്കായ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച്, കറുത്തതും വെളുത്തതും തിരിച്ചതിന് ശേഷമൊരു പ്രഖ്യാപനം സാധ്യമായേക്കും. അതുവരെ വലിയ പരാജയത്തിന്റെ ഭാരം പേറേണ്ടിവരും അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ച്.


വിപണിയില്‍ കൈമാറ്റം ചെയ്യപ്പെട്ടിരുന്നവയില്‍ ആറ് ശതമാനമേ കള്ളപ്പണമുള്ളൂവെന്നാണ് സര്‍ക്കാറിന്റെ തന്നെ കണക്ക്. അതായത് 92,640 കോടി രൂപ. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വയം വെളിപ്പെടുത്തല്‍ പദ്ധതിയനുസരിച്ച് കണ്ടെടുത്തതായി കേന്ദ്ര സര്‍ക്കാര്‍ തന്നെ പറയുന്നത് 62,250 കോടി രൂപയാണ്. 30,000 കോടി മാത്രമേ ബാക്കിയുള്ളൂവെന്ന് ചുരുക്കം. ഡിസംബര്‍ 30 ആകുമ്പോഴേക്കും ഏതാണ്ട് ഈ കണക്കിലേക്ക് കാര്യങ്ങളെത്തുമെന്നാണ് പ്രതീക്ഷ. ചിലപ്പോള്‍ ഇത്രയും പണം കൂടി വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ നിയമവിധേയമാക്കപ്പെടുകയും ചെയ്യാം. അങ്ങനെ വന്നാല്‍ കള്ളപ്പണം കണ്ടെത്താനായി പ്രഖ്യാപിച്ച കടുത്ത നടപടി, പണം നിയമവിധേയമാക്കാന്‍ ഉപയുക്തമായി എന്ന് വരും. അങ്ങനെ വന്നാല്‍ അതിലും വലിയൊരു പരാജയം അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചിന് ഉണ്ടാകാനേ ഇല്ല.


വിപണയില്‍ കൈമാറ്റം ചെയ്യപ്പെടുന്ന കറന്‍സിയില്‍ ആറ് ശതമാനമേ കള്ളപ്പണമുള്ളൂവെന്ന കണക്ക് മുന്നിലിരിക്കെ മൂന്ന് മുതല്‍ അഞ്ച് ലക്ഷം കോടി രൂപ കള്ളപ്പണമായുണ്ടെന്നും അത് കണ്ടെത്താനാകുമെന്നും വിശ്വസിച്ചത് എങ്ങനെ എന്ന് മനസ്സിലാകുന്നില്ല. മാത്രവുമല്ല, അനധികൃത സമ്പാദ്യമുണ്ടാക്കുകയും അത് വെളുപ്പിച്ചെടുക്കുകയും ചെയ്യുന്നവരുടെ (വക്ര) ബുദ്ധിയെ അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചും അതിനെ ഉപദേശിച്ച വിദഗ്ധരും തീരെ കുറച്ചുകണ്ടു. രാജ്യത്ത് നിലനില്‍ക്കുന്ന പല നിയമങ്ങളെയും നോക്കുകുത്തിയാക്കിയും അത് നടപ്പാക്കാന്‍ ശ്രമിക്കുന്നവരെ പ്രലോഭിപ്പിച്ചുമാണ് കള്ളപ്പണത്തിന്റെ ഉത്പാദനവും അതിന്റെ വെളുപ്പിക്കലും നടക്കുന്നത്. അതിന് തടയിടാന്‍ ശ്രമമുണ്ടാകുമ്പോള്‍ അവര്‍ കണ്ടെത്താന്‍ ഇടയുള്ള പുതിയ വഴികളെക്കുറിച്ച് ഊഹം പോലുമുണ്ടായില്ലേ ഇവര്‍ക്ക്? എന്തിന് ജന്‍ധന്‍ അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ച് വെളുപ്പിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്ന് പോലും ആലോചിക്കാനുള്ള ബുദ്ധിയുണ്ടായില്ല ഭരണ നേതൃത്വത്തിന്.


വികാരം മുറ്റുന്ന ശബ്ദഘോഷം മാത്രം പുറപ്പെടുവിക്കുന്ന നെഞ്ചില്‍ ബുദ്ധി പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ടാണ് ഈ ചെയ്യുന്നതൊക്കെ രാജ്യത്തിന് വേണ്ടിയാണ്, രാജ്യ നന്മക്ക് വേണ്ടി അല്‍പ്പം ബുദ്ധിമുട്ടനുഭവിക്കാന്‍ ജനം തയ്യാറാകണം എന്നൊക്കെ പറഞ്ഞ് വികാരമുണര്‍ത്തി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്. വസ്തുതകളും കണക്കുകളും എതിരാകുമ്പോള്‍ അഭികാമ്യമായ മാര്‍ഗം വികാരത്തിന്റേതാണ്. കറന്‍സിയുടെ കാര്യത്തില്‍ വികാരം വര്‍ഗീയമാക്കാന്‍ പ്രയാസമാകയാല്‍, രാജ്യത്തെ ഉപയോഗിക്കുന്നുവെന്ന് മാത്രം.


അഴിമതിയുടെ കാര്യമെടുത്താല്‍ അവിടെയും അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചും അതിന്റെ ഉപദേശകരും പരാജയപ്പെടുന്നുവെന്നതാണ് വസ്തുത. നോട്ട് പിന്‍വലിച്ചപ്പോള്‍, കുറച്ച് കാലത്തേക്ക് അവ ഉപയോഗിക്കാവുന്ന ഇടങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിലൊന്ന് പെട്രോള്‍ പമ്പായിരുന്നു. അന്ന് മുതല്‍ ആയിരത്തിന്റെ നോട്ട് വാങ്ങി 900 രൂപ പകരം നല്‍കിയ പമ്പുടമകള്‍ ധാരാളം. അഞ്ഞൂറ് വാങ്ങി നാല് നൂറിന്റെ നോട്ട് നല്‍കിയവരും കുറവല്ല. നോട്ട് സ്വീകരിക്കാന്‍ അനുമതിയുണ്ടായിരുന്ന കേന്ദ്രങ്ങളിലൊക്കെ ഇത്തരം ഇടപാടുകള്‍ നടന്നിട്ടുണ്ട്. പണം വെളുപ്പിക്കലിന്റെ വേദിയായി ബാങ്ക് ശാഖകള്‍ മാറിയെന്നതിന്റെ സൂചനയാണ് ഡല്‍ഹിയിലെ ആക്‌സിസ് ബാങ്ക് ശാഖയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന നല്‍കുന്നത്. വ്യാജ അക്കൗണ്ടുകളിലൂടെ ലക്ഷങ്ങള്‍ വെളുപ്പിച്ചുവെന്നും അതിന് ബാങ്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നുമാണ് ആരോപണം. ഈ മാതൃകയില്‍ ഏതൊക്കെ ബാങ്ക് ശാഖകളില്‍ ഇടപാട് നടന്നിട്ടുണ്ടാകും? അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്ക് എത്ര ശതമാനം കമ്മീഷന്‍ കിട്ടിയിട്ടുണ്ടാകും? കണക്കില്‍പ്പെടാത്ത പണം മാറിക്കൊടുക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ബാങ്കുകളിലുണ്ടാകില്ലേ? അവര്‍ക്കും കമ്മീഷന്‍ കിട്ടിയിട്ടുണ്ടാകില്ലേ?


രാജ്യത്തെ ഭൂരിഭാഗം എ ടി എമ്മുകളും പൂട്ടിക്കിടക്കുമ്പോഴാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടായിരത്തിന്റെ പുതിയ നോട്ടുകളുടെ കെട്ടുകള്‍ പിടിച്ചെടുക്കുന്നത്. അതും കോടികള്‍. പിടിച്ചതിനേക്കാള്‍ കൂടുതല്‍ അളയിലുണ്ടാകുമെന്ന് ഇന്ത്യന്‍ യൂണിയന്റെ ചരിത്രം അറിയാവുന്നവര്‍ക്കൊന്നും സംശയമുണ്ടാകാന്‍ ഇടയില്ല. രണ്ടായിരം മൂല്യമുള്ള നോട്ടിന്റെ കെട്ടുകള്‍ എവിടെ നിന്നാണ് ഇങ്ങനെ പുറമേക്ക് പ്രവഹിക്കുന്നത്? ബാങ്കുകളുടെ, അവിടുത്തെ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇങ്ങനെ പ്രവഹിക്കില്ലല്ലോ? ഉപകാരസ്മരണയില്ലാതെ, നോട്ടു കെട്ടുകള്‍ കൈമാറാന്‍ ബാങ്കുദ്യോഗസ്ഥര്‍ തയ്യാറാകുമോ? ഇതൊക്കെ അഴിമതിയുടെ ഗണത്തില്‍ വരില്ലേ? അഴിമതി ഇല്ലാതാക്കുക എന്ന ഉദ്ദേശ്യം അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ച് പറയുമ്പോള്‍, യാഥാര്‍ഥ്യം അഴിമതിക്കുള്ള പുതിയ അവസരങ്ങള്‍ തുറന്നിട്ടു എന്നതാണ്. അഴിമതിക്കുള്ള പഴയ അവസരങ്ങളൊക്കെ ഇളക്കം തട്ടാതെ അവിടെ നിലനില്‍ക്കുകയും ചെയ്യുന്നു. അഞ്ഞൂറിന്റെയോ ആയിരത്തിന്റെയോ ഗാന്ധി കൈക്കൂലിയായി കൈപ്പറ്റിയിരുന്നവര്‍ക്ക് രണ്ടായാരത്തിന്റെ ഗാന്ധി ആവശ്യപ്പെടാനുള്ള അവസരമുണ്ടാകുകയും ചെയ്തിരിക്കുന്നു.


ഈ തീരുമാനം കൊണ്ട് ഏറ്റവും വലഞ്ഞിരിക്കുന്നത് ഗ്രാമീണ, കാര്‍ഷിക മേഖലയിലുള്ളവരാണ്. അതായത് രാജ്യത്തെ ജനസംഖ്യയില്‍ 65 ശതമാനം വരുന്നവര്‍. അവരുടെ വരുമാനമാണ് കമ്പോളത്തെ ചലിപ്പിക്കുന്നത്. കാര്‍ഷികോത്പാദനം വര്‍ധിക്കുകയും കര്‍ഷകരുടെ പക്കല്‍ പണമുണ്ടാകുകയും ചെയ്യുമ്പോഴാണ് ടെലിവിഷന്റെ, മോട്ടേര്‍ സൈക്കിളിന്റെ, ട്രാക്ടറിന്റെ ഒക്കെ വില്‍പ്പന വര്‍ധിക്കാറ്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും മഴ വേണ്ടത്രയില്ലാത്തതുകൊണ്ട് കാര്‍ഷിക മേഖലയില്‍ വേണ്ടത്ര വരുമാനമുണ്ടായില്ല. അതിന്റെ ആഘാതം മേല്‍പ്പറഞ്ഞ ഉത്പന്നങ്ങളുടെ വിപണനത്തില്‍ വലിയ കുറവുണ്ടാക്കുകയും ചെയ്തു. ഇക്കുറി ഉത്തരേന്ത്യയെ സംബന്ധിച്ച് മഴ ആവശ്യത്തിന് ലഭിച്ചിരുന്നു. അതുവഴി വരുമാനം വര്‍ധിക്കുമെന്നും വിപണി സജീവമാകുമെന്നും പ്രതീക്ഷിച്ചിരിക്കെയാണ് നോട്ട് പിന്‍വലിച്ച്, വലിയ പ്രതിസന്ധിയിലേക്ക് ഗ്രാമീണ - കാര്‍ഷിക മേഖലകളെ തള്ളിവിട്ടിരിക്കുന്നത്. ഭാവിയിലെ നേട്ടങ്ങള്‍ക്ക് വേണ്ടി ചെറിയ വേദന സഹിക്കൂ എന്ന വികാരം തുളുമ്പുന്ന ആഹ്വാനം യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഏറെ അകലെയാണെന്ന് ചുരുക്കം.


പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് പണം കിട്ടാനില്ല. ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നത് പരിമിതവും. അല്ലെങ്കില്‍ തന്നെ വട്ടിപ്പലിശക്കാരന്റെ മടിശ്ശീലയെ വലിയ തോതില്‍ ആശ്രയിക്കുന്ന രാജ്യത്തെ കാര്‍ഷിക മേഖല, അതിനെ കൂടുതല്‍ ആശ്രയിക്കാന്‍ നിര്‍ബന്ധിതമാകും. വട്ടിപ്പലിശക്കാരനും നോട്ടിന് ക്ഷാമമുണ്ട്. അതുകൊണ്ട് തന്നെ അവന്‍ പലിശ വീണ്ടും കൂട്ടും. നിലവില്‍ തന്നെയുള്ള കൊള്ളപ്പലിശ ഇനിയും കൂടുന്ന സ്ഥിതി. അതിനെ ആശ്രയിക്കേണ്ടി വരുന്ന കര്‍ഷകന്‍. അഴിമതിയുടെ മാത്രമല്ല, കൊള്ളപ്പലിശയുടെ കൂടി സാധ്യത വര്‍ധിപ്പിച്ച് നല്‍കിയിരിക്കുന്നു അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ച്.


ഇതൊക്കെയുണ്ടാക്കുന്ന പ്രത്യാഘാതം വഹിക്കാനുള്ള ശേഷി ആ ചുമലുകള്‍ക്കുണ്ടെന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ വാക്കുകളെ വിശ്വസിക്കാം. ചുമലുകളുടെ ശേഷിക്കൊപ്പം നെഞ്ചിന്റെ കാഠിന്യത്തെക്കുറിച്ച് കൂടി ജെയ്റ്റ്‌ലിക്ക് പറയാമായിരുന്നു. 2002ല്‍ ഗുജറാത്തില്‍ വംശഹത്യാ ശ്രമമുണ്ടായപ്പോള്‍, ഏത് ക്രൂരതയും വഹിക്കാന്‍ ശേഷിയുണ്ട് ചുമലുകള്‍ക്കെന്ന് തെളിയിച്ചതാണല്ലോ! കാറിനടിയില്‍ പട്ടിക്കുഞ്ഞ് പെട്ടാല്‍ യാത്രക്കാരനെ പഴിക്കുന്നതില്‍ എന്തുകാര്യമെന്ന് പ്രതികരിച്ചപ്പോഴും ചുമലുകളുടെ ദൃഢതയും നെഞ്ചിന്റെ കാഠിന്യവും ബോധ്യപ്പെട്ടതാണ്. കള്ളപ്പണത്തോടുള്ള നാട്ടങ്കത്തില്‍ പരാജയപ്പെട്ട്, കള്ളപ്പണത്തിന്റെ കൊളോസിയത്തില്‍ പയറ്റാന്‍ മടിച്ച്, അഴിമതിയുടെ പുതിയ സാധ്യതകള്‍ തുറന്നിട്ട്, ദുരിതത്തിലായ ജനകോടികളെ വികാരം വിളമ്പി തളക്കാന്‍ ശ്രമിക്കുമ്പോള്‍ ആ ചുമലുകളുടെ ശേഷിയെക്കുറിച്ച് സംശയമേയില്ല, അമ്പത്തിയാറിഞ്ച് വീതിയുള്ള നെഞ്ചിന്റെ കാഠിന്യത്തെക്കുറിച്ചും.

2016-12-05

ദേശീയതയാണ് ചോറ്, അതുതന്നെ മോരും


സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനം ഉയരുമ്പോള്‍ എഴുന്നേറ്റ് നിന്നില്ല എന്നതിന്റെ പേരില്‍ ആളുകള്‍ ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്തകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കാരിയായ വനിതാ സുഹൃത്തിനൊപ്പം മുംബൈയിലെ തീയറ്ററില്‍ പോയ യുവാവ്, ആക്രമിക്കപ്പെട്ടത് ദേശീയ ഗാനം ഉയര്‍ന്നപ്പോള്‍ വനിതാ സുഹൃത്ത് എഴുന്നേറ്റ് നിന്നില്ല എന്നതിന്റെ പേരിലായിരുന്നു. മഹാരാഷ്ട്രയില്‍, ഗോവയില്‍, ഗുജറാത്തില്‍ ഒക്കെ ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്തകള്‍ വന്നിരുന്നു. തിരുവനന്തപുരത്ത് സര്‍ക്കാറിന്റെ ഉടമസ്ഥതിലുള്ള തീയറ്ററില്‍ ദേശീയ ഗാനം ഉയര്‍ന്നപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരിക്കുകയും എഴുന്നേറ്റ് നില്‍ക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പ്രതികരിക്കുകയും ചെയ്തതിന്റെ പേരില്‍ യുവാവ് ആക്രമിക്കപ്പെട്ട സംഭവവമുണ്ടായി. ഇത്തരം കേസുകളൊക്കെ ഉണ്ടായ ഘട്ടങ്ങളില്‍, ദേശീയ ഗാനം കേട്ടാല്‍ എഴുന്നേറ്റ് നില്‍ക്കണമെന്നത് ഇന്ത്യന്‍ യൂണിയനില്‍ നിയമം മൂലം നിര്‍ബന്ധമാക്കിയിട്ടില്ല എന്ന വസ്തുത വിശദീകരിക്കപ്പെട്ടിരുന്നു. അത് തീയറ്ററുകളിലും ബാധകമാണെന്നും. ദേശീയ ഗാനത്തോട് മനഃപൂര്‍വം അനാദരവ് കാട്ടുന്നത് മാത്രമാണ് രാജ്യത്ത് കുറ്റകരമാക്കിയിട്ടുള്ളത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം.


തീയറ്ററുകളില്‍ സിനിമ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ പതാകയുടെ ചിത്രം സഹിതം ദേശീയഗാനം കേള്‍പ്പിക്കണമെന്നത് നിര്‍ബന്ധമാക്കുകയും ആ സമയത്ത് കാണികളൊക്കെ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുകയും ചെയ്ത സുപ്രീം കോടതി ഉത്തരവിനെ വിലയിരുത്തേണ്ടത് ഈ പശ്ചാത്തലത്തിലാണ്. ദേശീയഗാനം പതിവായി അനാദരിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി വിമുക്തഭടന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ റോയ് എന്നിവരുടെ ഇടക്കാല ഉത്തരവ്. സിനിമ ആരംഭിക്കുന്നതിന് മുമ്പ് തീയറ്ററുകളുടെ വാതിലുകള്‍ അടച്ച്, കാണികള്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സാഹചര്യം ഇല്ലാതാക്കി വേണം ദേശീയഗാനം കേള്‍പ്പിക്കാനെന്നും പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പ്രാഥമികമായി ഇന്ത്യക്കാരനാണെന്ന തോന്നലാണ് ഈ ദേശത്ത് വസിക്കുന്ന ഒരാളില്‍ ഉണ്ടാകേണ്ടത്, മാതൃഭൂമിയോടുള്ള സ്‌നേഹം മനസ്സില്‍ രൂഢമൂലമാകുകയും വേണം തുടങ്ങിയ നിരീക്ഷണങ്ങളോടെയാണ് പരമോന്നത കോടതിയുടെ ഉത്തരവ്.


അടച്ചിട്ട മുറിയില്‍ എഴുന്നേറ്റുനിന്ന് ദേശീയഗാനം കേട്ടാല്‍ ഉണ്ടാകുന്നതാണോ ഈ തോന്നലുകള്‍ എന്ന ചോദ്യം കോടതി സ്വയം ചോദിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. ഇന്ത്യക്കാരനാണെന്ന തോന്നല്‍ ജനങ്ങളില്‍ ഉണ്ടാക്കേണ്ട ബാധ്യത ആരുടേതാണ് എന്നതും അതില്‍ രാജ്യത്തിനും അതിനെ നിയന്ത്രിക്കുന്നവര്‍ക്കുമുള്ള ഉത്തരവാദിത്തമെന്തെന്ന ചോദ്യവും പരമോന്നത കോടതി സ്വയം ചോദിക്കേണ്ടതായിരുന്നു. ജനസംഖ്യയില്‍ വലിയൊരു വിഭാഗം അന്നന്നത്തെ അന്നത്തിന് പ്രയാസപ്പെടുകയും ജീവീതം മുന്നോട്ടുകൊണ്ടുപോകാന്‍ അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അനന്തമായി കാത്തിരിക്കുകയും ചെയ്യുമ്പോഴാണ് ഇന്ത്യക്കാരനെന്ന വികാരത്തിന്റെ പ്രാധാന്യവും മാതൃഭൂമിയോട് സ്‌നേഹമുണ്ടാകേണ്ടതിന്റെ ആവശ്യകതയും പഠിപ്പിക്കപ്പെടുന്നത്. അതിലെ യുക്തിരാഹിത്യവും അത് പഠിപ്പിക്കാന്‍ കണ്ടെത്തിയ വഴിയുടെ അപഹാസ്യതയും ജനത്തിന് ബോധ്യപ്പെടാന്‍ പ്രയാസമുണ്ടാകില്ല.


ഏത് രാജ്യവും ഭരിക്കുന്നവരുടെ നിര്‍ണയങ്ങള്‍ക്ക് വിധേയമാണ്. അവരുടെ നിര്‍ണയങ്ങള്‍ പാലിക്കപ്പെടുക എന്നതാണ് രാജ്യത്തോട് കാട്ടുന്ന കൂറായി ഭരണകൂടം നിര്‍വചിക്കുന്നത്. ഭരണകൂടത്തിന്റെ തീരുമാനങ്ങളോടുള്ള എതിര്‍പ്പ്, അത് ഏത് വിധത്തിലുള്ളതാണെങ്കിലും,  സംശയദൃഷ്ടിയോടെ വീക്ഷിക്കപ്പെടും. ഭാഷ, വേഷം, മതം, ജാതി, ഭക്ഷണം തുടങ്ങി പലതിലും വൈവിധ്യം നിലനില്‍ക്കുന്ന രാജ്യത്ത് അതിനെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് ഭരണകൂടം പ്രകടിപ്പിക്കുമ്പോഴാണ് ഒരൊറ്റ ജനത എന്ന വികാരത്തിന് സാധ്യതയുണ്ടാകുക. അത്തരത്തിലൊരു പരിഗണന സ്വാതന്ത്ര്യത്തിന്റെ 69 വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായിട്ടില്ലെന്ന് നിസ്സംശയം പറയാം. അതുകൊണ്ടാണ് 'ഞങ്ങള്‍ ഇന്ത്യക്കാരല്ലെന്ന്' വടക്കന്‍ കിഴക്കന്‍ മേഖലയിലെ ജനതയില്‍ ചില വിഭാഗങ്ങള്‍ ഇപ്പോഴും പറയുന്നത്. സ്വയം നിര്‍ണയാവകാശമോ സ്വാതന്ത്ര്യമോ വിവിധ ജനവിഭാഗങ്ങള്‍ ആവശ്യപ്പെടുന്നത്. ആ വിഭാഗങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പഠിക്കാനോ പരിഹാരം കാണാനോ ഇത്രകാലത്തിനിടെ ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ല. വിഘടനവാദമെന്ന് ആരോപിച്ച് അടിച്ചമര്‍ത്തുകയും ജനം രാജ്യത്തിനൊപ്പമാണെന്ന് മേനി പറയുകയുമാണ് പതിവ്. അടിച്ചമര്‍ത്തലുകള്‍ തടസ്സം കൂടാതെ നടക്കാന്‍ പാകത്തില്‍ നിയമങ്ങള്‍ കൊണ്ടുവരികയും അത് മനുഷ്യത്വരഹിതമായി നടപ്പാക്കുകയും ചെയ്തതിന്റെ കൂടിയാണ് ഇന്ത്യന്‍ യൂണിയന്റെ ചരിത്രം. അതിലെ നീതികേട് ചൂണ്ടിക്കാട്ടിയുള്ള പരാതികള്‍ വര്‍ഷങ്ങളായി നീതിപീഠത്തിന്റെ പരിഗണനയില്‍ ഇരിക്കുകയും ചെയ്യുന്നു. അവയുടെയൊക്കെ മുകളിലിരുന്നാണ് പരമോന്നത കോടതി, അടച്ചിട്ട സിനിമാ ഹാളിലെ ദേശീയഗാനാലാപനം കേട്ട് രാജ്യസ്‌നേഹിയാകണമെന്ന് കല്‍പ്പിക്കുന്നത്.


ഇടക്കാല ഉത്തരവിലെ യുക്തിരാഹിത്യത്തേക്കാള്‍ പ്രധാനമാണ് അത് പുറപ്പെടുവിക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യം. 2014 മെയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടി, അധികാരത്തിലെത്തിയതിന് ശേഷം രാജ്യസ്‌നേഹം, ദേശീയത എന്നീ സങ്കല്‍പ്പങ്ങള്‍ ഏത് വിധത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത് എന്നത് ആലോചിക്കേണ്ടതുണ്ട്. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് നേതാവുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു നല്‍കിയ പരാതിയില്‍ രോഹിത് വെമുല, ദേശദ്രോഹ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടവനായിരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ തീവ്രവാദവും ദേശദ്രോഹവും പ്രചരിപ്പിക്കുന്ന സംഘങ്ങളിലെ അംഗമായിരുന്നു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സര്‍വകലാശാല അധികൃതര്‍ക്ക് അയച്ച അഞ്ച് കത്തുകളിലും ദേശദ്രോഹ പ്രവൃത്തികളെക്കുറിച്ച് ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ആരാഞ്ഞിരുന്നു.


മാട്ടിറച്ചി നിരോധം മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം മൂലം നടപ്പാക്കിയതിന് പിറകെ മാട്ടിറച്ചി കഴിക്കുകയോ കൈവശം വെക്കുകയോ ചെയ്യുന്നത് രാജ്യ വിരുദ്ധമായി ചിത്രീകരിക്കപ്പെട്ടു. അതിന്റെ പേരിലാണ് ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ഒരു കൂട്ടം  'രാജ്യ സ്‌നേഹി'കള്‍ തല്ലിക്കൊന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാട്ടിറച്ചിയുടെ പേരില്‍ പലരും മര്‍ദനത്തിന് ഇരയായത്. രാജ്യ സ്‌നേഹവും ദ്രോഹവും തീരുമാനിച്ചത് നിയമവ്യവസ്ഥയോ അത് വ്യവച്ഛേദിക്കാന്‍ നിയോഗിക്കപ്പെട്ട ആസനങ്ങളോ ആയിരുന്നില്ല. മറിച്ച് തീവ്ര ഹിന്ദുത്വ അജന്‍ഡയുടെ വക്താക്കളായ സംഘപരിവാര സംഘടനകളിലെ പ്രവര്‍ത്തകരായിരുന്നു. പുതിയ മാനദണ്ഡങ്ങളനുസരിച്ച് നിശ്ചയിക്കപ്പെട്ട 'രാജ്യസ്‌നേഹം' പരിപാലിക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് രാജ്യം വിട്ടുപോകാമെന്ന് പ്രഖ്യാപിച്ചവരില്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി അധികാരത്തിലെത്തിയവരുമുണ്ടായിരുന്നു. അത്തരക്കാര്‍ക്ക് മൗനം കൊണ്ട് പിന്തുണ നല്‍കിയിരുന്നു പരമാധികാരി.


ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഉയര്‍ന്നുവെന്ന് പറയപ്പെടുന്ന മുദ്രാവാക്യത്തിന്റെ പേരിലും പലരും രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെട്ടു. അവരെ കോടതി മുറിയിലേക്ക് കൊണ്ടുവന്നപ്പോള്‍ ആക്രമിച്ചൊതുക്കാന്‍ സന്നദ്ധരായി നിന്നിരുന്നു നീതിന്യായ സംവിധാനത്തിന്റെ ഭാഗമായ കറുത്ത കോട്ടുകാര്‍. രാജ്യദ്രോഹികളെ ഇനിയും ആക്രമിക്കുമെന്ന് ആക്രോശിക്കാന്‍, പരമോന്നത നീതി പീഠത്തിന്റെ ഇടപെടലിന് ശേഷവും, ഇക്കൂട്ടര്‍ക്ക് മടിയുണ്ടായിരുന്നില്ല. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം അതേക്കുറിച്ച് അന്വേഷിച്ച് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്‍മേല്‍ എന്തെങ്കിലും നടപടിയുണ്ടായതായി കേട്ടുകേള്‍വിയില്ല. ഈ സാഹചര്യത്തില്‍ ദേശക്കൂറ് സിനിമാ തീയറ്ററില്‍ പുലരണമെന്ന് സുപ്രീം കോടതി പറയുമ്പോള്‍ അതുണ്ടാക്കാന്‍ ഇടയുള്ള ആഘാതത്തെക്കുറിച്ചൊരു ധാരണ ഉയര്‍ന്ന ന്യായാസനങ്ങള്‍ക്ക് വേണ്ടതാണ്.


തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിന് പത്ത് ദിവസത്തെ സമയമാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്. അതിന് ശേഷം ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് ആദരവ് പ്രകടിപ്പിക്കാത്തവരുടെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കും? അങ്ങനെ നടപടി സ്വീകരിക്കാന്‍ നിലവിലുള്ള നിയമങ്ങളില്‍ എന്തെങ്കിലും വ്യവസ്ഥയുണ്ടോ? ഇല്ലെന്നാണ് പരിമിതമായ നിയമജ്ഞാനം. സുപ്രീം കോടതിയുടെ നിര്‍ദേശം വരുന്നതിന് മുമ്പ് തന്നെ ദേശീയഗാനത്തിന്റെ പേരില്‍ അക്രമത്തിന് മടികാട്ടാതിരുന്ന സംഘപരിവാര പ്രവര്‍ത്തകര്‍ക്ക് പുതിയ സാഹചര്യം തുറന്ന് നല്‍കുന്ന അവസരം ചെറുതല്ലെന്ന് ചുരുക്കം. ദേശസ്‌നേഹം പ്രകടിപ്പിക്കാത്തവനെ കൈകാര്യം ചെയ്യുന്നതില്‍ എന്ത് തെറ്റെന്നാകും ചോദ്യം. പരമോന്നത കോടതിയുടെ നിര്‍ദേശം പാലിക്കാത്തവന് രാജ്യത്ത് പൊറുക്കാന്‍ എന്ത് അവകാശം? നിയമവ്യവസ്ഥ ശിക്ഷ നിര്‍വചിക്കാത്ത സാഹചര്യത്തില്‍ അത് തീരുമാനിച്ച് നടപ്പാക്കാനുള്ള ഉത്തരവാദിത്തം രാജ്യസ്‌നേഹികള്‍ക്കല്ലെങ്കില്‍ മറ്റാര്‍ക്കാണ്?


രാജ്യത്തിന് വേണ്ടി സകലതും സഹിക്കാന്‍ നിര്‍ബന്ധിക്കുന്ന ഭരണമാണ് നടക്കുന്നത്. അത്യാവശ്യത്തിനുള്ള പണത്തിന് വേണ്ടി ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നില്‍ വരി നില്‍ക്കുന്നത് പൗരന്റെ കടമയായി, രാജ്യസ്‌നേഹത്തിന്റെ തെളിവായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന സാഹചര്യം. അങ്ങനെ വരിനിന്ന് അനുസരണ കാട്ടുന്നവര്‍ക്കുള്ളതാണ്, അല്ലെങ്കില്‍ അവര്‍ക്ക് മാത്രമുള്ളതാണ് രാജ്യമെന്ന സന്ദേശം നല്‍കപ്പെടുന്ന അന്തരീക്ഷവും. അതില്‍ വമുഖത കാട്ടുന്നവര്‍, അതിനെ വിമര്‍ശിക്കുന്നവര്‍ ഒക്കെ കണക്കില്‍പ്പെടാത്ത ധനമൊളിപ്പിക്കുന്നതിനെ പിന്താങ്ങുന്ന സാമൂഹിക വിരുദ്ധരായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ദുരിതമനുഭവിക്കുന്ന ജനതയുടെ കാര്യത്തില്‍ പ്രകടിപ്പിക്കപ്പെടാത്ത ജാഗ്രത, സിനിമാ ഹാളുകളിലെ ദേശീയഗാനത്തിന്റെ കാര്യത്തിലുണ്ടാകുമ്പോള്‍ നീതിന്യായ സംവിധാനം ഏത് പക്ഷത്താണെന്ന ചോദ്യം സ്വാഭാവികമാണ്. അനുസരണയുള്ള ജനതയെ സൃഷ്ടിച്ചെടുക്കാന്‍ ഭരണകൂടം നടത്തുന്ന യത്‌നത്തിന്റെ മറ്റൊരു മുഖമായി മാത്രമേ  സിനിമാഹാളിലെ ദേശീയ ഗാനാലാപനത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെയും കാണാനാകൂ.

2016-11-28

പാര്‍ലിമെന്റിലെ പഴംചാക്കല്ല എന്റെ വാക്കുകള്‍!


മൗനം, അതും പ്രതിസന്ധി ഘട്ടങ്ങളില്‍. അതാണ് ശീലം. മൗനത്തിലേ മനനമുണ്ടാകൂ, മനനത്തിനൊടുവിലേ ദര്‍ശനമുണ്ടാകൂ. അതാണ് ഋഷിവര്യന്‍മാര്‍ പഠിപ്പിച്ചത്, പ്രതിസന്ധി ഘട്ടങ്ങളില്‍ മൗനദീക്ഷ അത്രത്തോളം പ്രധാനമാണെന്നും. അതനുഷ്ഠിക്കുകയാണ്, സവിനയം. കടുത്ത തപം അനുഷ്ഠിച്ച്, ഇന്ദ്രിയ നിഗ്രഹം നടത്തിയ മാമുനിമാര്‍ക്ക് പോലും മനമിളകിയിട്ടുണ്ട്. അതുപോലെ ചില ഇളക്കങ്ങള്‍ ഇടക്കിടെയുണ്ടാകും. പ്രത്യേകിച്ച് ആര്‍ക്കുന്ന അനുയായിക്കൂട്ടത്തെ ഉച്ചഭാഷിണിക്ക് മുന്നില്‍ നിന്ന് കാണുമ്പോള്‍. അപ്പോള്‍ ദീക്ഷ മറക്കും. അനുയായിക്കൂട്ടത്തിലൂടെ പ്രതിഫലിക്കുന്നത് രാജ്യത്താകെയുള്ള ജനങ്ങളുടെ സ്‌നേഹവും വിശ്വാസവുമാണെന്ന തെറ്റിദ്ധാരണ കൂടിയാകുമ്പോള്‍  വികാരത്താല്‍ വിക്ഷുബ്ധമാകും. എന്റെ ചെയ്തികളിലെ ശരിയെക്കുറിച്ച് സംസാരിക്കും, കണ്ഠമിടറും. എതിര്‍ക്കുന്നവരുടെ ആത്മാര്‍ഥതയില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ക്ഷോഭമടങ്ങുന്നതോടെ ദീക്ഷയെക്കുറിച്ചുള്ള ഓര്‍മയുണരും. മൗനത്തിലേക്ക് മടങ്ങും.


വികാര വിക്ഷോഭത്താലാണെങ്കിലും എല്ലാം ജനങ്ങളോട് നേരിട്ട് പറഞ്ഞതിനാല്‍ പിന്നെയെന്തിന് ജനപ്രതിനിധികളോട് സംസാരിക്കണമെന്നാണ് ചിന്ത. രാജ്യത്ത് ജനം കൈമാറ്റം ചെയ്ത് വിളയാടിയിരുന്ന ആകെ കറന്‍സിയില്‍ 86 ശതമാനവും പിന്‍വലിക്കുകയാണെന്ന് പറഞ്ഞത് ജനങ്ങളോടാണ്. അതേത്തുടര്‍ന്ന് 50 ദിവസം ദുരിതമനുഭവിക്കേണ്ടിവരുമെന്നും പറഞ്ഞത് അവരോടാണ്. അങ്ങനെ എന്തൊക്കെ ദുരിതങ്ങള്‍ ഈ ജനം മുന്‍കാലങ്ങളില്‍ അനുഭവിച്ചിരിക്കുന്നു. ക്ഷാമം, വരള്‍ച്ച, വെള്ളപ്പൊക്കം, ഭൂകമ്പം അങ്ങനെ പലത്. അതിനെയൊക്കെ അതിജയിച്ചവര്‍ക്ക് ഈ 50 ദിവസമോ ദുര്‍ഘടം?


കറന്‍സി ഉലക്കയാക്കി രാജ്യത്തെ പ്രഹരിക്കാന്‍ ശ്രമിക്കുന്ന പുറത്തും അകത്തുമുള്ളവരെ സംഹരിക്കാന്‍ പ്രയോഗിച്ച ബ്രഹ്മാസ്ത്രമാണിത്. രാജ്യമുണ്ടെങ്കിലേ ജനങ്ങളുള്ളൂ, ജനങ്ങളുണ്ടായതുകൊണ്ട് രാജ്യമുണ്ടാകില്ല. അതറിയാവുന്നവരൊക്കെ മുണ്ടുമുറുക്കിയുടുക്കും, വരിനില്‍ക്കും. യുദ്ധത്തിലെ പങ്കാളികളാണവര്‍. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചവര്‍ക്കെതിരെ, അതിലൂടെ അഴിമതിക്കെതിരെ, കള്ള നോട്ട് ചമച്ച് കമ്പോളത്തിലെത്തിക്കുന്നവര്‍ക്കെതിരെ, അതിലൂടെ രാജ്യത്തെ അരക്ഷിതമാക്കുന്നവര്‍ക്കെതിരെ. ഇതൊക്കെ ഏവര്‍ക്കും മനസ്സിലാകുന്ന കാര്യങ്ങളാണ്, ജനപ്രതിനിധികള്‍ക്ക് വിശേഷിച്ചും. പിന്നെയെന്തിന് അവര്‍ പറയുന്നത് കേള്‍ക്കണം, മറുപടി പറയണം? ഇതിനകം സ്വീകരിച്ച നടപടികള്‍, ഇടക്കിടെ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍, ഏറെക്കഷ്ടമെന്ന് തോന്നിയവര്‍ക്ക് നല്‍കിയ ഇളവുകള്‍ ഒക്കെ രേഖകളായുണ്ട്. അത് വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മടിക്കുന്നവര്‍ക്കേ അനാവശ്യ ചോദ്യങ്ങളുള്ളൂ. അവര്‍ക്കുള്ള മറുമരുന്നിന് മന്ത്രിമാര്‍ തന്നെ ധാരാളം. പുതിയ ദര്‍ശനങ്ങള്‍ക്ക് മൗനവും മനനവും തുടരേണ്ടതുണ്ട്.


അങ്ങനെയുള്ള മൗനമനനങ്ങള്‍ക്കൊടുവിലായിരുന്നു ഈ സ്ഥാനലബ്ധി. പതിമൂന്നാണ്ട് ഭരിച്ച പ്രദേശമാണ് മാതൃകയായി അവതരിപ്പിച്ചത്. അവിടുത്തെ കഥകളാണ് പാടി നടന്നത്. ഏറ്റുപാടിപ്പിച്ചത്. മുഖ്യ സേവകനായി തുടങ്ങി അല്‍പ്പകാലം മാത്രമേ നിയമസഭയില്‍ തുടര്‍ച്ചയായി പോയിരുന്നുള്ളൂ. അക്കാലത്ത് മാത്രമേ അവിടുത്തെ ചര്‍ച്ചകളില്‍ കൗതുകമുണ്ടായിരുന്നുള്ളൂ. കൗതുകമുണ്ടായിരുന്ന കാലത്തേ മറുപടി നല്‍കാന്‍ മെനക്കെട്ടതുമുള്ളൂ. ഒന്നെത്തിനോക്കി മടങ്ങുക എന്നതായിരുന്നു പിന്നീടങ്ങോട്ടത്തെ പതിവ്. തുടര്‍ന്നുള്ള കാര്യങ്ങള്‍ സ്വന്തം മുറിയിലിരുന്ന് ടെലിവിഷനില്‍ കാണും. വേണ്ട സമയത്ത് മന്ത്രിമാരെ വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കും. അല്ലെങ്കില്‍ കുറിപ്പ് കൊടുത്തയക്കും. അത്രയൊക്കെ മതിയായിരുന്നു അവിടെ ജനാധിപത്യം പുഷ്‌കലമായി പുലരാന്‍.


അനാവശ്യ ചോദ്യങ്ങള്‍ അന്നേ പൊറുപ്പിച്ചിരുന്നില്ല. ചോദ്യോത്തരവേളയെന്നൊരനാവശ്യം പാര്‍ലിമെന്ററി സമ്പ്രദായത്തിന്റെ ഭാഗമായതുകൊണ്ട് തുടര്‍ന്നോട്ടെ എന്നുവെച്ചു. ചെറിയൊരു പരിഷ്‌കാരം ഏര്‍പ്പെടുത്തിയെന്ന് മാത്രം. സ്വന്തം പക്ഷത്തെ എം എല്‍ എമാരുടെ പക്കലേക്ക് പൊലീസുകാരെ അയക്കും. വെള്ളക്കടലാസില്‍ ഒപ്പിടുവിച്ചു വാങ്ങിക്കും. അതില്‍ സര്‍ക്കാറിന് പ്രയാസം സൃഷ്ടിക്കാനിടയില്ലാത്ത ചോദ്യങ്ങള്‍ രേഖപ്പെടുത്തി നിയമസഭാ സെക്രട്ടേറിയറ്റിന് നല്‍കും. ഈ ചോദ്യങ്ങള്‍ സഭയിലെത്തിയാല്‍ മന്ത്രിമാര്‍ വിശദമായി മറുപടി പറയും. ഉപചോദ്യങ്ങള്‍ അനുവദിക്കുന്നതില്‍ പിശുക്കുകാട്ടാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം വേറെ നല്‍കും. ദിവസം എട്ട് ചോദ്യത്തിലപ്പുറം സഭാ തലത്തില്‍ വരില്ലെന്ന് ഉറപ്പാക്കും. ആറ് മാസത്തിലൊരിക്കല്‍ സഭ ചേരണമെന്നതിനാല്‍ ആ കണക്കൊക്കുന്നതിന് തൊട്ടു മുമ്പേ ചേരാറുണ്ടായിരുന്നുള്ളൂ.


പ്രധാനപ്പെട്ട നിയമനിര്‍മാണങ്ങളൊക്കെ സഭയുടെ സമ്മേളനം തീരുന്ന അന്നോ അതിന്റെ തലേന്നോ മാത്രമേ അവതരിപ്പിക്കാറുള്ളൂ. സംഖ്യയില്‍ ചെറുതും ദുര്‍ബലവുമായ പ്രതിപക്ഷത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇത് ചോദ്യം ചെയ്യും. ഉടന്‍ പ്രതിപക്ഷത്തെയൊന്നാകെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്യും. പിന്നെ ബില്ല് നിയമമാകാന്‍ സെക്കന്‍ഡുകളുടെ ഇടവേളയേ ആവശ്യമായി വരാറുള്ളൂ. ഇതിലപ്പുറം നല്ലൊരു മാതൃക രാജ്യത്തിന് നല്‍കാനുണ്ടോ? നിയമസഭയുടെ സമയം പാഴാകുന്നില്ല. കൂടുതല്‍ ദിവസം സഭ ചേര്‍ന്നാല്‍ അംഗങ്ങള്‍ക്ക് കൂടുതല്‍ ബത്ത നല്‍കണം, മറ്റു ചെലവുകള്‍ പുറമെ. ഇതൊക്കെ ഒഴിവാക്കാനായി. രാജ്യത്തോട് സ്‌നേഹമുള്ളവര്‍ ഇവ്വിധമല്ലാതെ മറ്റെങ്ങനെ പ്രവര്‍ത്തിക്കണം!


തീരുമാനങ്ങള്‍ വേഗമെടുക്കണം, അത്രതന്നെ വേഗത്തില്‍ നടപ്പാക്കുകയും വേണം. നിയമ നിര്‍മാണവും വേഗത്തിലാകണം, അതിന്റെ പ്രയോഗവും. അത് വൈകിപ്പിക്കാന്‍ മാത്രമുള്ള ചര്‍ച്ചകളില്‍ കഴമ്പില്ല തന്നെ.
സംഗതി ജനാധിപത്യ വിരുദ്ധമാണെന്ന് ആക്ഷേപിച്ചവര്‍ അന്നുമുണ്ടായിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണ, ജനം വലിയ ഭൂരിപക്ഷം നല്‍കി മുഖ്യമന്ത്രിയാക്കിയതിനേക്കാള്‍ വലിയ ജനാധിപത്യമല്ലല്ലോ നിയമസഭയില്‍ അരങ്ങേറുന്നത്. ജനാധിപത്യത്തില്‍ ജനമാണ് വലുത്. അതിന് ശേഷമേ നിയമസഭയും അവിടുത്തെ പ്രതിനിധികളുമൊക്കെ വരൂ. അതാണ് മാതൃക. ആ മാതൃക രാജ്യത്ത് വ്യാപിപ്പിക്കുമെന്നാണ് തെരഞ്ഞെടുപ്പ് റാലികളിലൊക്കെ പറഞ്ഞത്. അതിന് ശ്രമിക്കുമ്പോള്‍ ജനാധിപത്യ ധ്വംസനമെന്നോ ഏകാധിപത്യമെന്നോ ഒക്കെ ആരോപിക്കുന്നവര്‍ക്ക് എന്ത് മറുപടി നല്‍കാന്‍?


മുഖ്യ സേവകനായിരിക്കെ, തിരുവായ്ക്ക് എതിര്‍വായുണ്ടായിരുന്നില്ല സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളില്‍. ആകെയുയര്‍ന്ന എതിര്‍ ശബ്ദം, ബുള്ളറ്റേറ്റ് വഴിയരികില്‍ നിത്യനിദ്രകൊണ്ടു. വംശഹത്യാ ശ്രമത്തിലൂടെ, (വ്യാജ) ഏറ്റുമുട്ടല്‍ കൊലകളിലൂടെ ജനത്തെ ഭീതിയുടെ നിഴലില്‍ വിധേയരായി നിര്‍ത്തി. ദേശീയ ഘടകത്തിലെ ചിലര്‍ എതിര്‍വായാകാന്‍ ശ്രമിച്ചുനോക്കി. അതിലൊരാള്‍ ലൈംഗികാപവാദ സി ഡിയില്‍ ഒതുങ്ങി. സി ഡി വിതരണം ചെയ്യാന്‍ സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥനെ നിയോഗിച്ചത് പുറത്തുവന്നിട്ട്, അത് ചോദ്യം ചെയ്യാന്‍ പോലും കരുത്തില്ലാതെ മറ്റുള്ളവരും. അവസാനലാപ്പില്‍ വിലങ്ങുതടിയാകാനെത്തിയ ലോഹപുരുഷനെ കാരണവസ്ഥാനത്ത് ആദരിച്ചിരുത്തി, മാര്‍ഗ നിര്‍ദേശ മണ്ഡലത്തില്‍ തളച്ചു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയായിരുന്നയാളെ അധ്യക്ഷ സ്ഥാനത്തിരുത്തി പാര്‍ട്ടിയെ അടക്കി.


ഇതില്‍ പലതിനേക്കുറിച്ചുമുയര്‍ന്ന ചോദ്യങ്ങള്‍ക്കൊക്കെ മൗനമായിരുന്നു മറുപടി. മനനത്തിലൂടെ ദര്‍ശനങ്ങളുണ്ടായപ്പോള്‍ കാറിനടിയില്‍ പട്ടിക്കുഞ്ഞ് പെട്ടാല്‍ യാത്രക്കാരനെ പഴിക്കുന്നതിലെ പൊരുത്തക്കേട് രാജ്യത്തോട് പറഞ്ഞു. ഗോമാംസത്തിന്റെ പേരില്‍ കൊല നടന്നപ്പോള്‍, പലേടത്തും ആളുകള്‍ മര്‍ദിക്കപ്പെട്ടപ്പോള്‍ ഒക്കെ ദീക്ഷ മൗനമായിരുന്നു. സര്‍വകലാശാലകളില്‍ കുട്ടികള്‍ വേട്ടയാടപ്പെട്ടപ്പോള്‍, അതിലൊരുവന്‍ സ്വയം ജീവനെടുത്ത് പ്രതിഷേധിച്ചപ്പോള്‍ തുടര്‍ന്നു മൗനം. സ്വന്തം പക്ഷത്തെ ജനപ്രതിനിധികളും നേതാക്കളും സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പ് വളര്‍ത്താന്‍ പാകത്തില്‍ വിഷം വമിപ്പിച്ച് ഓടിനടന്നപ്പോഴും അത് ഭഞ്ജിക്കപ്പെട്ടില്ല. നീണ്ട മനനങ്ങള്‍ ദര്‍ശനങ്ങള്‍ സമ്മാനിച്ചു, സ്വച്ഛ ഭാരത്, മേക് ഇന്‍ ഇന്ത്യ, മാതൃകാ ഗ്രാമം, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ - സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ അങ്ങനെ പലത്.


അതൊക്കെ നടപ്പാക്കിയെടുക്കാനുള്ള പല പരിശ്രമങ്ങളിലൊന്ന് കൂടിയാണ് ഈ നോട്ട് പിന്‍വലിക്കല്‍. അതുവഴി രൂപയുടെ മൂല്യമുയരും (ഡോളറുമായുള്ള വിനിമയത്തില്‍ ഇപ്പോഴത്തെ വീഴ്ച താത്കാലികം മാത്രം!), ബാങ്കുകളുടെ പക്കല്‍ കൂടുതല്‍ പണമുണ്ടാകും, അവരത് കുറഞ്ഞ പലിശക്ക് വായ്പയായി നല്‍കും. പിന്നെയങ്ങോട്ട് രാജ്യത്തിന്റെ പോക്ക് ഒരു പോക്കായിരിക്കും. അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിനെപ്പോലും അമ്പരപ്പിക്കുന്ന ഒരു പോക്ക്. ആ ഗതിവേഗത്തിനായി കാത്തിരിക്കുക. അതിന് വേണ്ടി അല്‍പ്പകാലം ബാങ്കിനും എ ടി എമ്മിനും മുന്നില്‍ വരി നിന്നാല്‍ എന്താണ് പ്രശ്‌നം? കുറച്ചുപേര്‍ കുഴഞ്ഞു വീണ് മരിച്ചാലെന്ത് നഷ്ടം? പണം കിട്ടുമോ എന്ന അനാവശ്യശങ്കയില്‍ ചിലര്‍ ആത്മഹത്യചെയ്താല്‍ ആര്‍ക്കാണ് കുറ്റം? ശസ്ത്രക്രിയകള്‍ കുറച്ചുകാലത്തേക്ക് മാറ്റിവെച്ചാല്‍ എന്താണ് തകരാറ്? വിവാഹങ്ങള്‍ ആര്‍ഭാടരഹിതമായി നടത്തിയാല്‍ ആര്‍ക്കാണ് പ്രയാസം? അതിജീവിക്കാന്‍ ശേഷിയുള്ളവര്‍ക്കേ നിലനില്‍പ്പ് വേണ്ടൂ. അതാണ് ഹിറ്റ്‌ലറും മുസോളിനിയുമൊക്കെ പറഞ്ഞത്. അവരാരോടും മറുപടി പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് പാര്‍ലിമെന്റിന്റെ ചുവപ്പിലും പച്ചയിലും മറുപടി പറയണമെന്ന് ശഠിക്കുന്നത്. ഇല്ലാത്ത വിഷമം ഉണ്ടെന്ന് നടിച്ച്, സഹകരണമേഖലയിലെ കണക്കില്‍ കാണിക്കാത്ത പണത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെടാന്‍ ചില മുഖ്യ സേവകര്‍, സര്‍വകക്ഷി പ്രതിനിധികളെയും കൂട്ടി ഡല്‍ഹിയില്‍ കാണാന്‍ വരുന്നത്? അങ്ങനെ നിര്‍ബന്ധമുള്ളവര്‍ ധനമന്ത്രിയെ കണ്ട് മരുന്ന് വാങ്ങി മടങ്ങിയാല്‍ മതി.


ചോദ്യം ചോദിക്കുന്നവരും മറുപടി ആവശ്യപ്പെടുന്നവരും കുറച്ച് കഴിയുമ്പോള്‍ അടങ്ങും. ഞാന്‍ എനിക്ക് ശരിയെന്ന് തോന്നുന്നതാണ് ചെയ്യുന്നത്. എനിക്ക് ശരിയെന്ന് തോന്നുന്നതാണ് രാജ്യത്തിന് നല്ലത്. ആ നല്ലത് അംഗീകരിക്കുന്നതാണ് രാജ്യസ്‌നേഹം. മുഖ്യ സേവകനായിരിക്കെ ശരിയെന്ന് തോന്നിയതൊക്കെ ചെയ്തു. അത് ഞാനവിടെയുണ്ടായിരുന്ന കാലത്തോളം ആ സംസ്ഥാനത്തിന് നല്ലതായിരുന്നു. ഞാന്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തും, തൊഴില്‍ രഹിതര്‍ക്കൊക്കെ ഞാന്‍ തൊഴില്‍ നല്‍കും, രാജ്യത്തെ ഞാന്‍ വികസനപാതയിലെത്തിക്കും, ഞാന്‍ അഴിമതിയുടെ വേരറുക്കും, വരവില്‍ക്കവിഞ്ഞ് സമ്പാദിച്ച സ്വത്തൊക്കെ ഞാന്‍ രാജ്യത്ത് തിരിച്ചെത്തിക്കും ഇതൊക്കെയായിരുന്നില്ലേ തെരഞ്ഞെടുപ്പ് റാലിയിലെ വാഗ്ദാനങ്ങള്‍? മുപ്പത്തിയൊന്നെങ്കില്‍ മുപ്പത്തിയൊന്ന് ശതമാനം വോട്ട് ചെയ്ത് എന്നെ പ്രധാന സേവകനാക്കിയത് ഈ വാഗ്ദാനം കേട്ടല്ലേ? അപ്പോള്‍ ഞാന്‍ ചെയ്യുന്നതില്‍ ജനത്തിന് വിശ്വാസമുണ്ടാകും. ഞാന്‍ ചെയ്യുന്നതിലേ ജനത്തിന് വിശ്വാസമുണ്ടാകൂ. ആ വിശ്വാസമാണ് പ്രധാനം.


പാര്‍ലിമെന്റിന്റെ ഇരുസഭകളിലും മാറിമാറിയിരുന്ന് പാഴാക്കാന്‍ സമയമില്ല. അവിടെ മറുപടി പറഞ്ഞ് പഴം ചാക്കാക്കാനുള്ളതല്ല വാക്കുകള്‍. മൗനവും മനനവും തുടരും, പുതിയ ദര്‍ശനങ്ങള്‍ക്കായി. അല്ലെങ്കിലും പലതട്ടിലുള്ള ഈ ജനാധിപത്യം, അതിന്റെ ആവശ്യമെന്ത്? നേരിട്ട് ജനങ്ങളുമായി സംവദിക്കാന്‍ മാര്‍ഗമുള്ളപ്പോള്‍. റെഡിയോയിലൂടെ, ടെലിവിഷനിലൂടെ, സാമൂഹിക മാധ്യമങ്ങളിലൂടെ. ജനത്തിന്റെ ഇംഗിതമറിയാന്‍ ആപ്പുകളുള്ളപ്പോള്‍! ഓരോരുത്തര്‍ക്കും നേരിട്ട് കാര്യങ്ങള്‍ പറയാന്‍ സാധിക്കുന്ന കാലത്ത് പ്രതിനിധിയുടെ കാര്യമെന്ത്? പ്രതിനിധികള്‍ക്ക് മറുപടി പറയേണ്ട കാര്യമെന്ത്? അവരുടെ ചോദ്യത്തിന് പ്രസക്തിയെന്ത്? ഇതൊരു ഏകാധിപതിയുടെ ആഗ്രഹമെന്ന് തെറ്റിദ്ധരിക്കരുത്. ഡിജിറ്റല്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ അവ്വിധമാകണമെന്നാണ് സങ്കല്‍പ്പം. അന്നന്നത്തെ അന്നത്തിന് വക മടിശ്ശീലയിലില്ലാത്തവന്‍ മൊബൈലിലൂടെ നിക്ഷേപം നടത്തുന്ന, വായ്പയുടെ തിരിച്ചടവ് നടത്തുന്ന, സര്‍ക്കാറിലേക്കുള്ള വിഹിതം നല്‍കുന്ന സുന്ദര സുരഭില ഡിജിറ്റല്‍ ഇന്ത്യാ... സ്റ്റാന്‍ഡ് അപ് ഇന്ത്യാ...എഴുന്നേറ്റു നിന്ന് അനുസരിക്കുന്നവര്‍ മാത്രമുള്ള ഇന്ത്യാ...

2016-11-21

തൃക്കൈയിലുമുണ്ട് കള്ളപ്പണത്തിന്റെ കറ


മഹാത്മന്‍,
രണ്ടരക്കൊല്ലം മുമ്പ് രാജ്യത്ത് അരങ്ങേറിയ മഹാമഹം അങ്ങ് മറന്നുകാണാന്‍ ഇടയില്ല. അതിന്റെ പരിണാമഗുപ്തിയിലാണല്ലോ അങ്ങ്, പ്രധാനമന്ത്രിപദം ഏറ്റെടുത്തതും താണുവണങ്ങിക്കൊണ്ട് ജനാധിപത്യ ഇന്ത്യയിലെ വലിയ ശ്രീകോവിലിലേക്ക് പ്രവേശിച്ചതും. ആ മഹാമഹത്തിലെ തങ്ങളുടെ പങ്കിന്റെ കണക്ക് ഭാരതീയ ജനതാ പാര്‍ട്ടി 2015 ഡിസംബര്‍ ഒന്നിന് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്. എഴുന്നൂറ്റിപ്പതിനാല് കോടി ഇരുപത്തിയെട്ട് ലക്ഷത്തി അമ്പത്തിയേഴായിരത്തി എണ്ണൂറ്റിപ്പതിമൂന്ന് രൂപ (7,14,28,57,813). ഏതാണ്ട് അഞ്ഞൂറ് കോടിയിലേറെ രൂപ, ചുരുങ്ങിയ പ്രതിപക്ഷമായ കോണ്‍ഗ്രസും ചെലവിട്ടു. കള്ളപ്പണക്കാര്‍ക്കു വേണ്ടി നിലകൊള്ളുന്നവരെന്ന് താങ്കള്‍ ആക്ഷേപിക്കയാല്‍ കോണ്‍ഗ്രസിന്റെ കണക്കുകളെ നമുക്ക് മറക്കാം.


വരവിന്റെ വിവരങ്ങളുണ്ട്. വന്നത് ഏതൊക്കെ കരങ്ങളില്‍ നിന്നെന്ന് വിശദീകരിച്ചിട്ടില്ലെങ്കിലും. ചെലവിന്റെ വിശദാംശങ്ങളുണ്ട്. വരവും ചെലവുമൊക്കെ ചെക്കായോ ഡ്രാഫ്റ്റായോ മാത്രമാണ്. ആകയാല്‍ കൃത്യതക്ക് കുറവില്ല തന്നെ. മഹാമഹത്തിലെ മുഖ്യ താരം അങ്ങായിരുന്നുവല്ലോ? സഞ്ചരിച്ച കിലോമീറ്ററുകള്‍, പങ്കെടുത്ത റാലികള്‍ എന്നിവയെക്കുറിച്ച് ഭിന്നകണക്കുകള്‍ അന്ന് മുതല്‍ പ്രചരിച്ചിരുന്നു. അല്‍പ്പം കൂട്ടിപ്പറയുക എന്നത് ഇന്ത്യന്‍ യൂനിയനിലെ നിസ്വ ജനങ്ങളുടെ സ്വഭാവമാണ്. ഇല്ലാത്ത കണക്കുകള്‍ പറഞ്ഞും പറഞ്ഞത് ആവര്‍ത്തിച്ച് അതില്‍ സ്വയം വിശ്വസിച്ചും ഇല്ലായ്മകളെ മറക്കുന്ന ജനത ആ സ്വഭാവത്തില്‍ എത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അഞ്ഞൂറോളം റാലികളില്‍ അങ്ങ് പങ്കെടുത്തുവെന്നാണ് ചില കണക്കുകള്‍. മൂന്ന് ലക്ഷത്തിലധികം കിലോമീറ്റര്‍ ആകാശമാര്‍ഗേണ താണ്ടിയെന്നും. 150ലധികം റാലികളില്‍ പങ്കെടുത്തുവെന്നും രണ്ടര ലക്ഷം കിലോമീറ്ററോളം സഞ്ചരിച്ചുവെന്നുമാണ് ഏറ്റവും ചുരുങ്ങിയ കണക്ക്. ഊതിപ്പെരുപ്പിക്കലില്‍ വിശ്വാസമില്ലാത്തതിനാല്‍ 150 റാലികള്‍ എന്ന കണക്കാണ് വസ്തുത എന്ന് ധരിക്കാം.


ഗൗതം അദാനിയുടെ കീഴിലുള്ള കര്‍ണാവതി ഏവിയേഷന്റെ ഇ എം ബി - 135ബി ജെ എംബ്രയര്‍ വിമാനവും ഡി എല്‍ എഫിന്റെ കീഴിലുള്ള അഗസ്ത എ ഡബ്ല്യൂ - 139 ഹെലികോപ്ടറുമാണല്ലോ പറക്കലുകള്‍ക്ക് പ്രധാനമായും അങ്ങുപയോഗിച്ചത്. മറ്റൊരു സ്വകാര്യ കമ്പനിയുടെ ബെല്‍ - 412 കോപ്ടറും ഉപയോഗിച്ചിരുന്നു. കുഞ്ഞുകുട്ടി പരാധീനങ്ങളൊന്നുമില്ലെങ്കിലും ഏതാണ്ടെല്ലാ ദിനവും അങ്ങ് അഹമ്മദാബാദിലെ വീട്ടില്‍ നിന്ന് (ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നുവല്ലോ അന്ന്) യാത്ര തുടങ്ങുകയും തിരികെ അവിടെ എത്തി വിശ്രമിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. അഹമ്മദാബാദ് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിലെ രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. സ്വന്തം വീട്ടിലെ ശീതളിമയില്‍ വിശ്രമിക്കാനുള്ള അങ്ങയുടെ സ്വാതന്ത്ര്യത്തെ ആരും ചോദ്യംചെയ്യാന്‍ ഇടയില്ല. പ്രത്യേകിച്ച് രാജ്യത്തിന് വേണ്ടി വീടും കുടുംബവും ഉപേക്ഷിച്ചയാളെന്ന നിലയില്‍.


അങ്ങയുടെ പാര്‍ട്ടി, തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ചെലവ് കണക്ക് ഓടിച്ചൊന്ന് പരിശോധിച്ചതില്‍ കര്‍ണാവതി ഏവിയേഷന്റെ ജെറ്റ് വിമാനമോ ഡി എല്‍ എഫിന്റെ ഹെലിക്കോപ്ടറോ ഉപയോഗിച്ചതായി രേഖയില്ല. സാരഥി എയര്‍വേയ്‌സാണ് അങ്ങുള്‍പ്പെടെ ഏതാണ്ടെല്ലാ നേതാക്കളുടെയും ആകാശ യാത്രകള്‍ ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. ഒ എസ് എസ് ഏവിയേഷന്‍, ഇ എസ് ഇ സി ഏവിയേഷന്‍ എന്നിത്യാദി സ്വകാര്യ ക്ലിപ്തം കമ്പനികളെയും ആകാശ യാത്രകള്‍ ഏര്‍പ്പാട് ചെയ്യാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അദാനിയുടെ ജെറ്റും ഡി എല്‍ എഫിന്റെ കോപ്ടറും മേല്‍പ്പറഞ്ഞ കമ്പനികള്‍ പാട്ടത്തിനെടുത്ത് അങ്ങയുടെയും സഹപ്രവര്‍ത്തകരുടെയും യാത്രകള്‍ക്കായി വിനിയോഗിച്ചുവെന്ന് വിശ്വസിക്കുന്നു. ജനം അങ്ങനെയാണ്, നേതാക്കള്‍ പറയുന്നതും അവരുള്‍ക്കൊള്ളുന്ന പാര്‍ട്ടി പറയുന്നതുമൊക്കെ വിശ്വസിക്കും. നേതാക്കളും അവരുള്‍ക്കൊള്ളുന്ന പാര്‍ട്ടിയും ജനത്തെ എത്ര അവിശ്വസിച്ചാലും.


ജെറ്റൊന്നിന് ഒരു മണിക്കൂര്‍ പറക്കാന്‍ മൂന്ന് ലക്ഷം രൂപയാണ് ചെലവ്. താങ്കളായതിനാലും അധികാരത്തിലെത്തുമെന്ന വിശ്വാസം രൂഢമൂലമായതിനാലും പാതി ഡിസ്‌കൗണ്ട് നല്‍കിയെന്ന് കരുതാം. ഹെലിക്കോപ്ടറൊന്നിന് 75,000 രൂപയാണ് മണിക്കൂറിന് ചെലവ്. താങ്കളായതിനാലും പരമാധികാരിയാകുമെന്ന് ഉറപ്പുള്ളതിനാലും മണിക്കൂറൊന്നിനുള്ള ചെലവ് 35,000 രൂപയാക്കി കുറച്ചുവെന്ന് കരുതാം. ആകെ 150 റാലികള്‍. സഞ്ചരിച്ചത് രണ്ടരലക്ഷം കിലോമീറ്ററും. ഈ യാത്രക്കായി എത്ര മണിക്കൂര്‍ വേണ്ടി വന്നിട്ടുണ്ടാകും. മറ്റ് നേതാക്കള്‍ എത്ര മണിക്കൂര്‍ പറന്നിട്ടുണ്ടാകും? എത്ര കുറച്ചാലും ആയിരം കോടി രൂപയെങ്കിലും താങ്കളുടെയും സഹപ്രവര്‍ത്തകരുടെയും യാത്രകള്‍ക്ക് മാത്രം വേണ്ടി വന്നിട്ടുണ്ടാകില്ലേ? എന്നിട്ടല്ലേ ആകെ മൊത്തം ടോട്ടല്‍ 714 കോടി രൂപയുടെ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി, എല്ലാം ക്ലീനാണെന്ന് അവകാശപ്പെടുന്നത്?


രാജ്യാധികാരം കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തില്‍ അങ്ങും പാര്‍ട്ടിയും ചേര്‍ന്ന് എത്ര കോടി ചെലവിട്ടാലും ജനത്തിന് മനഃക്ലേശമില്ല.  പക്ഷേ, അതിന്റെ യഥാര്‍ഥ കണക്ക് മറച്ചുവെച്ചത്, ഇപ്പോള്‍ ചില്ലറ പ്രയാസമുണ്ടാക്കുന്നുണ്ട്. കണക്കില്‍ക്കൊള്ളാത്ത പണം കള്ളപ്പണമാണെന്നും അതാകെ ഇല്ലാതാക്കുമെന്നുമാണല്ലോ അങ്ങയുടെ മതം. മുമ്പും അതങ്ങനെയായിരുന്നുവെന്ന് ഓര്‍ക്കേണ്ട ബാധ്യത അങ്ങേക്കുണ്ട്. തിരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍ക്കൊള്ളിക്കാതെ ചെലവിട്ടതൊക്കെ കള്ളപ്പണമാണ്. കണക്കിന് പുറത്ത് പാര്‍ട്ടി ഖജാനയിലേക്ക് സ്വീകരിച്ചതും കള്ളപ്പണമാണ്. അതിന്റെ ബലത്തില്‍ കൂടിയാണ് അധികാരം ആസ്വദിക്കുന്നത്. അതുപോകട്ടെ, നിങ്ങളിങ്ങനെ ചെലവ് കുറച്ചുകാട്ടുമ്പോള്‍, നിങ്ങളില്‍ നിന്ന് പണം പറ്റിയവരൊക്കെ ചെലവ് കുറച്ച് കാട്ടേണ്ടിവരില്ലേ?


ഉദാഹരണത്തിന് സാരഥി എയര്‍വേയ്‌സിന്റെ കാര്യമെടുക്കാം. ആകെ ആകാശയാത്രക്ക് 600 കോടി അവര്‍ക്ക് നല്‍കിയെന്ന് കരുതുക. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കില്‍ 300 കോടിയേ കാണിച്ചിട്ടുള്ളൂവെന്നും. (ഇത് രണ്ടും ഊഹക്കണക്ക് മാത്രമാണേ) ബാക്കി 300 കോടി സാരഥി എയര്‍വേയ്‌സ് എങ്ങനെ കൈകാര്യം ചെയ്യും? അവരതിന് എങ്ങനെ നികുതിയൊടുക്കും? നിങ്ങള്‍ 600 കോടി തന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ തുക കുറച്ചുകാട്ടിയെന്നും അവര്‍ക്ക് പറയാനാകുമോ? കള്ളപ്പണം ഉപയോഗിക്കുക മാത്രമല്ല, കണക്കില്‍ കൃത്രിമം കാട്ടി കള്ളപ്പണം സൂക്ഷിക്കാന്‍ വിവിധ ഏജന്‍സികളെ പ്രേരിപ്പിക്കുക കൂടിയാണ് താങ്കളും താങ്കളുടെ പാര്‍ട്ടിയും ചെയ്തത്. കള്ളപ്പണം ഉപയോഗിക്കുന്നതിനേക്കാള്‍ വലിയ കുറ്റമാണ്, കണക്കില്‍ കൃത്രിമം കാട്ടി അതുത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കല്‍. അത്തരം ക്രിയകളുടെ കറ പുരണ്ട കൈകൊണ്ടാണ് രാജ്യത്തെ കള്ളപ്പണക്കാരെ താങ്കള്‍ നേരിടുന്നത്.


കൈയില്‍ അഞ്ച് നയാപൈസയില്ലാത്ത, രാജ്യത്തിന്റെ മാനത്തിനു നേര്‍ക്ക് വലിയ ചോദ്യചിഹ്നമായി തുടരുന്ന കോടിക്കണക്കിനാളുകളുണ്ട് ഇപ്പോഴും. അത്തരക്കാരെ ഏത് വിധേനയും നിലനിര്‍ത്തുകയും ദാരിദ്ര്യം പുറംലോകത്തെ അറിയിച്ച് മാനക്കേടുണ്ടാക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുക എന്ന സദുദ്ദേശ്യത്തിലാണ് പലവക സബ്‌സിഡികള്‍ ഭരണകൂടം നല്‍കുന്നത്. അത്തരം സബ്‌സിഡികളൊക്കെ നേരിട്ട് ബേങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കി, ഉദ്ദിഷ്ടകരങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് നയാപൈസ ചെലവില്ലാതെ ബേങ്ക് അക്കൗണ്ടുകള്‍ തുറക്കാനുള്ള ജന്‍ധന്‍ പരിപാടി അമ്പത്തിയാറിഞ്ച് നെഞ്ചളവും അതിന്റെ എത്രയോ ഇരട്ടി മനസ്സു വലിപ്പവുമുള്ള അങ്ങ് ആരംഭിച്ചത്. ആ അക്കൗണ്ടുകള്‍ കള്ളപ്പണം വെളുപ്പിക്കാനായി ഇപ്പോള്‍ ഉപയോഗിക്കുന്നുവെന്നാണ് അങ്ങുള്‍പ്പെടെ ഭരണാധികാരികള്‍ വിശ്വസിക്കുന്നത്, അങ്ങയുടെ പാര്‍ട്ടി നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. ബി ജെ പി നേതാക്കളുടെ ഭാഷയില്‍ പറഞ്ഞാല്‍, നയാപൈസയുടെ വരുമാനമില്ലാത്ത ദരിദ്രവാസികള്‍, ജന്‍ധന്‍ അക്കൗണ്ടുകളില്‍ 49,000 രൂപ വീതം നിക്ഷേപിച്ച് പണം വെളുപ്പിക്കാനുള്ള കള്ളപ്പണക്കാരുടെ യത്‌നത്തില്‍ പങ്കാളികളാകുന്നു. അമ്പതിനായിരത്തിലധികമായാല്‍ പണം നിക്ഷേപിക്കുന്നതിന് പാന്‍ നമ്പറും മറ്റും നല്‍കണം. അതൊഴിവാക്കാനാണ് 49,000 വീതം നിക്ഷേപിക്കുന്നതെന്നും ബി ജെ പി നേതാക്കള്‍ പറയുന്നു. ആകയാല്‍ സകല ജന്‍ധന്‍ അക്കൗണ്ടുകളും കര്‍ശന നിരീക്ഷണത്തിലാണ്. കള്ളപ്പണത്തിന്റെയും കള്ളപ്പണ സൃഷ്ടിയുടെയും കറ നീക്കിയതിന് ശേഷം പോരെ ജന്‍ധന്‍കാരെ ആക്ഷേപിക്കാന്‍!


ഇതൊക്കെ പോകട്ടെ, കള്ളപ്പണക്കാര്‍ക്കെതിരെ ആരംഭിച്ച കുരിശുയുദ്ധം തുടരുമെന്നും അത് ലക്ഷ്യം കാണുമെന്നും വെക്കുക. ഉത്തര്‍ പ്രദേശിലും പഞ്ചാബിലുമൊക്കെ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ കണക്കില്‍പ്പെടാത്ത പണം ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാന്‍ അങ്ങേക്ക് സാധിക്കുമോ? തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുക എന്ന ആശയം ചര്‍ച്ചചെയ്യണമെന്ന് അഭിപ്രായപ്പെട്ടതായി കണ്ടു. അത് നടപ്പാക്കിയാല്‍ തന്നെ, വോട്ടര്‍മാര്‍ക്ക് നേരിട്ട് പണം കൊടുത്ത് സ്വാധീനിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇല്ലാതാകുമോ? അതില്‍ നിന്ന് അങ്ങയുടെ പാര്‍ട്ടി വിട്ടുനില്‍ക്കുമോ? അതൊന്നും സംഭവിക്കില്ലെന്നിരിക്കെ, 500, 1000 നോട്ടുകള്‍ പിന്‍വലിച്ച, ചരിത്രപരമെന്ന് അങ്ങും പാര്‍ട്ടിയും വിശേഷിപ്പിക്കുന്ന തീരുമാനത്തില്‍ വലിയ കഥയൊന്നുമില്ലെന്ന് തികഞ്ഞ രാജ്യസ്‌നേഹത്തോടെ പറയേണ്ടിവരും. സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍, അതുവഴി രാജ്യത്തെ സംരക്ഷിക്കാന്‍ എന്നൊക്കെയുള്ള പറച്ചിലുകള്‍ ഏറ്റെടുക്കാന്‍ ആളുണ്ടായേക്കും. കുറച്ചുകാലത്തേക്ക് കുറച്ചു പേര്‍. എല്ലാവരെയും എല്ലാ കാലത്തേക്കും പറ്റിക്കാന്‍ അമ്പത്തിയാറിഞ്ച് നെഞ്ചളവും അതിവൈകാരികമായ ശബ്ദഘോഷവും മതിയാകില്ല.


നോട്ട് പിന്‍വലിച്ച തീരുമാനം കാര്‍ഷിക മേഖലയില്‍, ചെറുകിട - ഇടത്തരം വാണിജ്യ - വ്യവസായ മേഖലകളില്‍ ഉണ്ടാക്കുന്ന ആഘാതം ചെറുതാകില്ല. പുതിയ നോട്ടുകള്‍ അച്ചടിച്ച് രാജ്യത്താകെ വിതരണത്തിനെത്തിക്കാന്‍ സമയമെടുക്കും. അഞ്ഞൂറും ആയിരവും പിന്‍വലിക്കുന്നതിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് എത്താന്‍ ചുരുങ്ങിയത് നാല് മാസമെങ്കിലും വേണ്ടിവരുമെന്നാണ് ആര്‍ ബി ഐയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതുവരെയുണ്ടാകുന്ന സ്തംഭനം വിവിധ മേഖലകളില്‍ ഉണ്ടാക്കുന്ന ആഘാതം, മൊത്തം ആഭ്യന്തര ഉത്പാദനത്തെ ഇടിക്കുമെന്ന് ഉറപ്പ്. കുറച്ചുകാലത്തേക്ക് ശതമാനക്കണക്കിലുള്ള വളര്‍ച്ചാ നിരക്ക് ഉയര്‍ത്തിക്കാട്ടി, ആവേശം കൊള്ളാന്‍ പോലും സാധിക്കാത്ത സ്ഥിതിയുണ്ടാകും. കാര്‍ഷിക മേഖലയും ചെറുകിട - ഇടത്തരം വാണിജ്യ വ്യവസായ രംഗവും നേരിടുന്ന പ്രതിസന്ധി നിലവില്‍ തന്നെ അങ്ങയുടെ പ്രീതിക്ക് പാത്രമായിരിക്കുന്ന വന്‍കിട കമ്പനികള്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്ന് നല്‍കിയേക്കും. അവരുടെ പുതിയ വളര്‍ച്ച, കള്ളപ്പണത്തിന്റെ അനുസ്യൂതമായ ഉത്പാദനവും അതിലൊരു പങ്കിന്റെ പാര്‍ട്ടിയിലേക്കുള്ള ഒഴുക്കും ഉറപ്പിക്കുമെന്ന് നിസ്സംശയം പറയാം.


ഇതുമൊരു മഹാമഹമാണ്. ജീവനും സ്വത്തിനും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍, മറ്റ് മാര്‍ഗങ്ങളിലൂടെ അട്ടിമറിക്കാന്‍ ത്രാണിയുള്ള അധികാരിയാണെന്ന് ജനത്തെ ബോധ്യപ്പെടുത്താനുള്ള മഹാമഹം. ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ അനുസരിച്ച്, വരിനില്‍ക്കേണ്ടത് രാജ്യസ്‌നേഹിയുടെ ചുമതലയാണെന്ന ബോധ്യം സൃഷ്ടിച്ചെടുക്കാനാണ് ശ്രമം. അതിലേക്ക് ജനം എത്രത്തോളമെത്തി എന്നുള്ള പരിശോധന കൂടിയാണ് ഈ മഹാമഹം. അതുകൊണ്ട് കൂടിയാണ് നിങ്ങളില്‍ ഭൂരിഭാഗത്തെയും വിശ്വാസത്തിലെടുക്കാനാകില്ലെന്ന് ഭരണകൂടം പറയാതെ പറയുന്നത്.

2016-11-15

കള്ളപ്പണക്കാരും വലിയ കള്ളന്‍മാരും


കള്ളപ്പണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അതൊന്നാകെ ഇല്ലാതാക്കാതെ വിശ്രമമില്ലെന്നും അതിന് സ്വീകരിച്ച നടപടികളുടെ ഭാഗമായി 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത് കൊണ്ടുണ്ടായ പ്രയാസം ഇല്ലാതാക്കാന്‍ 50 ദിവസത്തെ സമയം അനുവദിക്കണമെന്നും അതിനകം പ്രയാസം തീര്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ ദേശം വിധിക്കുന്ന ഏത് ശിക്ഷയും (കഴുവേറ്റലടക്കമെന്ന് ദേശീയ മാധ്യമങ്ങള്‍) സ്വീകരിക്കാമെന്നും രാജ്യത്തിന്റെ പരമാധികാരി (അദ്ദേഹത്തിന്റെ ഭാഷയില്‍ പ്രധാന സേവകന്‍) വികാരവിവശനായി പ്രസ്താവിച്ചിരിക്കുന്നു. തന്റെ ജീവനെടുക്കാന്‍ കള്ളപ്പണക്കാര്‍ ശ്രമിച്ചേക്കാം എങ്കിലും മുന്നോട്ടുവെച്ച കാല്‍ പിന്നോക്കം വെക്കില്ല. രാജ്യത്തിന് വേണ്ടി വീടും കുടുംബവും ത്യജിച്ചയാളിന് കസേരയോട് കമ്പമുണ്ടാകില്ല. അതുകൊണ്ട് തന്നെ എല്ലാം ശുദ്ധീകരിക്കുക എന്നതിനപ്പുറത്തൊരു ലക്ഷ്യം അദ്ദേഹത്തില്‍ കാണേണ്ടതില്ല. ആ ഉദ്ദേശ്യശുദ്ധി രാജ്യത്തെ ദരിദ്രജനകോടികള്‍ക്ക് മനസ്സിലാകാതെ വരില്ല, പ്രത്യേകിച്ച് വികാരവിക്ഷോഭം പരസ്യമാകുക കൂടി ചെയ്കയാല്‍. അതുകൊണ്ടു തന്നെ, ഡിസംബര്‍ 30 വരെ (ഇപ്പോഴത്തെ പ്രതീക്ഷ അനുസരിച്ച്) എ ടി എമ്മുകളുടെയും ബേങ്കുകളുടെയും മുന്നില്‍ വരി നിന്ന് അത്യാവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ശ്രമിക്കുന്നവരൊക്കെ, ഈ ഭരണത്തിന് അതിന്റെ നേതാവിന് ജയ് വിളിക്കുമെന്ന് ഉറപ്പ്.ഡിസംബര്‍ 30 ഓടെ കള്ളപ്പണം ഏതാണ്ട് തീരുമെന്നാണ് പരമാധികാരിയുടെ വാക്കുകള്‍ കേട്ടാല്‍ കരുതേണ്ടത്. ബാക്കിയുള്ളത് കണ്ടുകെട്ടാനും അഴിമതി തുടച്ചുനീക്കാനും ചില പുതിയ പദ്ധതികള്‍ മനസ്സിലുണ്ട്. ഡിസംബര്‍ 30ന് ശേഷം അത് കൂടി പ്രഖ്യാപിക്കും. അതോടെ കള്ളപ്പണമുക്തവും അഴിമതിരഹിതവുമായ രാജ്യത്തിലേക്കുള്ള യാത്രയുടെ വേഗം കൂടും. ''ഇതൊക്കെ ചെയ്യാനല്ലേ നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടത്'' എന്ന് ചോദ്യം. ''അതേ'' എന്ന് സംഘ ഗാനം. ''അഴിമതി ഇല്ലാതാക്കേണ്ടേ?'' എന്ന് ചോദ്യം. ''വേണം'' എന്ന് സംഘഗാനം. ''കള്ളപ്പണം അവസാനിപ്പിക്കേണ്ടേ?'' എന്ന് ചോദ്യം. ''വേണം'' എന്ന് സംഘഗാനം. ചോദ്യോത്തരപംക്തി വരും ദിനങ്ങളില്‍ തുടരും, 'ദേശീയ' ബോധമുള്ള മാധ്യമങ്ങളൊക്കെ അത് പ്രസിദ്ധം ചെയ്യും. അതോടെ, അധ്വാനിച്ചുണ്ടാക്കിയ പണം, തിരുവുള്ളം കനിയുകയാല്‍ മൂല്യമുള്ള കടലാസായി മാറ്റിയെടുത്ത് ഉപജീവനം കഴിക്കേണ്ടിവരുന്ന ജനം, കൂടുതല്‍ വിനയാന്വിതരും നമ്രശിരസ്‌കരും ഉത്തരോത്തരം വിധേയരുമായി മാറുമെന്ന് പ്രതീക്ഷിക്കുക.


കണക്കില്ലാത്ത പണം മുഴുവന്‍ കള്ളപ്പണമാകുന്നു, പരമാധികാരത്തിന്റെ ഭാഷയില്‍ 'കാലാ ധന്‍'. ഉറവിടമേതെന്ന് പറയാന്‍ സാധിക്കാത്ത പണമാണ് കണക്കില്ലാത്തതില്‍ ഒന്ന്. ഉറവിടം പറയാന്‍ സാധിക്കുകയും ഉറവിടത്തിങ്കല്‍ നിന്ന് സര്‍ക്കാര്‍ ഖജാനയിലേക്ക് ചെല്ലേണ്ട വിഹിതം ചെല്ലാതിരിക്കുകയും ചെയ്യുന്നതാണ് കണക്കില്ലെന്ന് പറയുന്നതില്‍ രണ്ടാമത്തേത്. രണ്ടായാലും, നിശ്ചിത വിഹിതവും അതിന്റെ പിഴയും അടച്ച് വേണമെങ്കില്‍ കണക്കുള്ള പണമാക്കി (വെളുപ്പിച്ചത്) മാറ്റാം. ഒന്നുകൂടി വ്യക്തമാക്കാം. വര്‍ഷത്തില്‍ അഞ്ച് ലക്ഷം വരുമാനമുള്ളവന്‍, അമ്പതിനായിരം രൂപ വരുമാന നികുതി ഒടുക്കണമെന്ന് കരുതുക. അത് ഒടുക്കാതിരുന്നാല്‍ വര്‍ഷാന്ത്യം അവന്റെ ഹുണ്ടികയിലുള്ളത് മുഴുവന്‍ 'കാലാ ധന്‍' ആണ്. വെളുപ്പിക്കണമെങ്കില്‍ നിശ്ചിത നികുതിയും അധികാരത്തിങ്കല്‍ നിന്ന് നിശ്ചയിക്കുന്ന പിഴയും ഒടുക്കണം. നവംബര്‍ എട്ടിന് രാത്രി എട്ടടിച്ച സമയത്ത്, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതായ പ്രഖ്യാപനം വരുന്നതിന് മുമ്പ്. ശേഷകാലം, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും രണ്ടര ലക്ഷത്തിലധികം മൂല്യം വരുന്ന നോട്ടുമായി ബേങ്കുകളിലെത്തുന്നവര്‍ മുഴുവന്റെയും സ്രോതസ്സ് അറിയിക്കണം. സ്രോതസ്സില്‍ സംശയം തോന്നിയാല്‍ നികുതിയും പിഴയും അടക്കണം. ലക്ഷണദോഷം കണ്ടാല്‍ ക്രിമിനല്‍ കേസും നേരിടേണ്ടിവരും.


ക്ലിപ്ത വരുമാനമുള്ള വ്യക്തികളും ക്ലിപ്തത്തിനപ്പുറത്ത് കിമ്പളമോ കമ്മീഷനോ ഒക്കെയായി സമ്പാദ്യം നടത്തിയവരോ ഒക്കെയാണ് ഇവ്വിധം കണക്കുബോധ്യപ്പെടുത്തി ചെമ്പകരാമന്‍മാരാകേണ്ടത്. ഇത് ബോധ്യപ്പെടുത്തണമെന്ന് മുന്‍കൂട്ടി അറിയിക്കയാല്‍ രണ്ടര ലക്ഷത്തിലധികത്തിന്റെ  ഉറവിടം വ്യക്തമാക്കാന്‍ പ്രയാസമുള്ളവരാരും ബേങ്കുകളിലെ വരികളിലേക്ക് പോകാന്‍ ഇടയില്ല. അധികമുള്ള പണം, പല വ്യക്തികളുടെ കൈവശം കൊടുത്ത് മാറ്റിയെടുത്ത് അവര്‍ മര്യാദാ പുരുഷോത്തമന്‍മാരാകും. അതിന് സാധിക്കാത്തവര്‍, മൂല്യമില്ലാത്ത കടലാസുകളെ ചുട്ടെരിച്ച് മര്യാദക്കാരാകും. ചേതം ആര്‍ക്ക്? ഇക്കാലത്തിനിടെ ബേങ്കുകളില്‍ വരി നില്‍ക്കാന്‍ സമയം കളഞ്ഞവര്‍ക്ക്, അങ്ങനെ കളഞ്ഞ സമയം പണിക്ക് പോയിരുന്നുവെങ്കില്‍ കൂലി കിട്ടുമായിരുന്നവര്‍ക്ക്, അങ്ങനെ കൂലി കൃത്യമായി കിട്ടിയിരുന്നുവെങ്കില്‍ കുട്ടികള്‍ക്ക് പുസ്തമോ പുതിയ വസ്ത്രമോ വാങ്ങിക്കൊടുക്കാന്‍ കഴിയുമായിരുന്നവര്‍ക്ക്, കൂലിപ്പണം കൃത്യമായി കിട്ടിയിരുന്നുവെങ്കില്‍ ബന്ധുമിത്രകളത്രാദികള്‍ക്ക് ചികിത്സ മുടക്കാതെ നോക്കാമായിരുന്നുവെന്ന് നിരീച്ചവര്‍ക്ക് - അവര്‍ക്കൊക്കെ ചേതമുണ്ടാകും. ആ ചേതം കണക്കാക്കേണ്ട ബാധ്യത പരമാധികാരിക്കില്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിക്കില്ല, അതിനെ നിയന്ത്രിക്കുന്ന പരിവാരത്തിനില്ല.


ഡിസംബര്‍ മുപ്പത് വരെ വിവിധ ബേങ്കുകളില്‍ കിട്ടി ബോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കണക്കെടുക്കും പരമാധികാരി. അതിന്റെ മൂല്യം കണക്കാക്കും. റിസര്‍വ് ബേങ്കിന്റെ കമ്മട്ടത്തില്‍ അടിച്ച്, ജനത്തിന് പൂണ്ടുവിളയാടാന്‍ നല്‍കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ ആകെ മൂല്യം 14 ലക്ഷം കോടിയാണ്. ഡിസംബര്‍ മുപ്പത് വരെ ബേങ്കുകള്‍ വഴി റിസര്‍വ് ബേങ്കിലേക്ക് തിരികെ എത്തിയ അഞ്ഞൂറ്, ആയിരം വഹകളുടെ മുല്യം ഇത്രത്തോളം വരുന്നില്ലെങ്കില്‍? റിസര്‍വ് ബേങ്കിലും ഇതര ബാങ്കുകളിലുമായി 14 ലക്ഷം കോടിയില്‍ എത്ര മൂല്യം വരുന്ന അഞ്ഞൂറും ആയിരവുമുണ്ടായിരുന്നുവെന്ന് ജനമറിയില്ല. ആകയാല്‍ ബേങ്കുകളില്‍ തിരിച്ചെത്തിയതില്‍ ശേഷം വരുന്നതൊക്കെ 'കാലാ ധന്‍' ആയിരുന്നുവെന്ന് പരമാധികാരി പ്രഖ്യാപിക്കും. ഇത്രത്തോളം കള്ളപ്പണം കണ്ടെത്തി നശിപ്പിച്ച പുമാനെ രാജ്യം ഇത്രകാലത്തിനിടെ കണ്ടിട്ടുണ്ടോ എന്ന് അന്വത്തിയാറിഞ്ച് നെഞ്ചില്‍ രണ്ട് ചൂണ്ടുവിരലും ചേര്‍ത്ത് ചോദിക്കും. ഇല്ലേ എന്ന സംഘഗാനം പ്രതീക്ഷിച്ച്!


ഡോളറിലോ യൂറോയിലോ പൗണ്ടിലോ ഒക്കെ പണം സൂക്ഷിച്ചവരുണ്ടാകില്ലേ? സ്വര്‍ണമായി, വൈരങ്ങളായി, ഭൂമിയായി, അപ്പാര്‍ട്ടുമെന്റുകളായി ഒക്കെ കള്ളപ്പണം സൂക്ഷിച്ചവരുണ്ടാകില്ലേ എന്ന് ചോദിച്ചാല്‍. ബിനാമി സ്വത്ത് ഇല്ലാതാക്കാന്‍ നിയമം കൊണ്ടുവന്നില്ലേ എന്ന് ചോദ്യം മറുപടിയായുണ്ട്. വിദേശത്തെ ബേങ്കുകളില്‍ സൂക്ഷിച്ചവകളെക്കുറിച്ച് ചോദിച്ചാലോ, അതൊക്കെ കണ്ടെത്താന്‍ കരാറുണ്ടാക്കിയിട്ടുണ്ടെന്ന് മറുപടി. അപ്പോഴേക്കും ദേശീയതയില്‍ ആറാടി, രാജ്യസ്‌നേഹത്താല്‍ പുളകിത ഗാത്രരായി, അന്നവസ്ത്രാദികളെക്കുറിച്ച് ചിന്തപോലും ശേഷിക്കാത്ത ഉയര്‍ന്ന മനോനിലയിലേക്ക് ജനം മാറിയിട്ടുണ്ടാകും. അവ്വളവുക്ക് അമ്പത് നാള്‍ ധാരാളം മതിയാകും. അവര്‍ക്കീ മറുപടികള്‍ മതിയാകും ജാതകത്തിലെ ശേഷം ചിന്ത്യം കാലത്തോളം തൃപ്തമനസ്‌കരാകാന്‍.


ഇവ്വിധം വ്യക്തികളെ ഇവിടെ വിടുക. മറ്റുചില വ്യക്തികളെ എടുക്കുക. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 2013 വരെയുള്ള ദശകത്തില്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ ഉടയോനായിരുന്നു. ആ നിലക്ക് ബോര്‍ഡ് ഫോര്‍ കണ്‍ട്രോള്‍ ഓഫ് ക്രിക്കറ്റ് ഇന്‍ ഇന്ത്യയുടെ (ബി സി സി ഐ)  ഭരണസമിതിയിലെ അംഗവും. ഇക്കാലത്തിനിടെയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്ന വ്യവസായം തുടങ്ങാന്‍ ബി സി സി ഐ തീരുമാനിച്ചത്; ആ വകയുടെ നടത്തിപ്പിനായി ശരദ് പവാറെന്ന അതികായന്‍ ലളിത് മോദിയെന്ന അവതാരത്തെ ചുമതലയേല്‍പ്പിക്കുന്നത്. നിത അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യന്‍സ് മുതല്‍ ശില്‍പ്പ ഷെട്ടിക്ക് ഓഹരിയുള്ള രാജസ്ഥാന്‍ റോയല്‍സ് വരെയുള്ള ടീമുകള്‍ ഉരുവമെടുക്കുന്നതും അതിന് നിദാനമാകാന്‍ കമ്പനികളുണ്ടാകുന്നതും ഇക്കാലത്താണ്. മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്ത കടലാസ് കമ്പനികളിലൂടെ ഈ ടീമുകളുടെ ഉടമകളായ കമ്പനികളിലേക്ക് കള്ളപ്പണമൊഴുകിയപ്പോള്‍ നമ്മുടെ ബഹുമാന്യനായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ഐ പി എല്ലിനെ ഭരിക്കുന്ന ബി സി സി ഐയുടെ തലപ്പത്തുണ്ടായിരുന്നു -  ഓര്‍മിക്കാന്‍ പറഞ്ഞുവെന്നേയുള്ളൂ.


2003 - 04 സാമ്പത്തിക വര്‍ഷം മുതല്‍ 2009-10 സാമ്പത്തിക വര്‍ഷം വരെയുള്ള കാലത്ത് 2300 കോടി രൂപ വരുമാന നികുതി നല്‍കേണ്ടതായിരുന്നുവെന്നും ആയത് ഉടന്‍ അടച്ച് രശീത് വാങ്ങണമെന്നും കാട്ടി ആദായ നികുതി വകുപ്പ് ബി സി സി ഐക്ക് കത്ത് നല്‍കിയത് 2013ലാണ്. നിശ്ചയിക്കപ്പെട്ട നികുതി ഖജനാവിലേക്ക് ഒടുക്കാതിരുന്നാല്‍, അവ്വിധമുള്ള പണം 'കാലാ ധന്‍' ആണ്. 2003-04 മുതല്‍ 2009 - 10 വരെയുള്ള ഏഴ് സാമ്പത്തിക വര്‍ഷത്തിലായി ബി സി സി ഐ സൂക്ഷിച്ച 'കാലാ ധന'ത്തിന് അന്ന് ഭരണസമിതിയംഗമായിരുന്ന ജെയ്റ്റ്‌ലിയദ്യം ഉത്തരവാദിയാണെന്ന് ചുരുക്കം. ഇപ്പോള്‍ കള്ളപ്പണം പിടിക്കാന്‍ നടക്കുന്നവന്‍ മുന്‍കാലത്ത് കള്ളപ്പണം സൂക്ഷിച്ചിരുന്നയാളോ സൂക്ഷിക്കാന്‍ സഹായം നല്‍കിയയാളോ ആണെന്ന് വേണമെങ്കില്‍ പറയാം.


2009 മുതല്‍ 2014 വരെ ഗുജറാത്ത് പ്രദേശ് ക്രിക്കറ്റ് കമ്മിറ്റിയുടെ പ്രസിഡന്റ്, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ്. അദ്ദേഹം സ്ഥാനമൊഴിഞ്ഞയന്ന് മുതല്‍ ഇപ്പോഴത്തെ ബി ജെ പി പ്രസിഡന്റ് അമിത് ഷായും. വരുമാനത്തിനൊപ്പിച്ച് ബി സി സി ഐ നികുതിയടക്കാത്തതിലോ ഐ പി എല്ലിലേക്ക് കള്ളപ്പണമൊഴുകിയതിലോ ഇവര്‍ക്ക് ഏതെങ്കിലും പങ്കുണ്ടെന്ന് കരുതാന്‍ തരമില്ല. ക്രിക്കറ്റിനെ ഒരു കളി മാത്രമായി കണ്ട് അതിലേക്ക് പിച്ചവെച്ച നിഷ്‌കളങ്കരാണിവര്‍. അതില്‍ പണമൊഴുകുന്നതിനെക്കുറിച്ചോ അവ്വിധമുള്ള ഒഴുക്കില്‍ കള്ളമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ചോ ചിന്തിക്കാന്‍ പോലുമുള്ള കാപട്യം മനസ്സിലുണ്ടാകാത്തവര്‍. ആകയാല്‍ വൈകി മാത്രം അരങ്ങിലെത്തിയവരുടെ, ജീവന്‍ ത്യജിച്ചും കള്ളപ്പണം തടയുമെന്ന പ്രതിജ്ഞാബദ്ധതയെ വിശ്വസിക്കുക.


ആദായ നികുതി വകുപ്പ് നല്‍കിയ നോട്ടീസ്, ബി സി സി ഐ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തീകരിച്ച് വിധിവരാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും. അക്കാലം വരെ ബി സി സി ഐയുടെ പക്കലുണ്ടായിരുന്നത് കറുത്തതോ വെളുത്തതോ എന്ന് തിട്ടപ്പെടുത്താനാകില്ല. ഐ പി എല്ലിലെ കമ്പനികളിലേക്ക് ഒഴുകിയ പണത്തിന്റെ കാര്യത്തിലൂം കോടതി നടപടികളിലൂടെ തീര്‍പ്പുണ്ടാകണം. ഇങ്ങനെ ലക്ഷം കോടികളുടെ കാര്യത്തിലൊക്കെ കോടതി നടപടികള്‍ കഴിഞ്ഞ് വേണം സംഗതി കറുത്തതോ വെളുത്തതോ എന്ന് തീര്‍ച്ചപ്പെടുത്താന്‍. സഹസ്ര കോടികളോ ലക്ഷം കോടികളോ ഒക്കെ 'കാലാ ധന്‍' എന്ന ആരോപണം നേരിട്ടാല്‍ അപ്പീലു കൊടുക്കാന്‍ വകുപ്പുണ്ട്. അത് പരിഗണിക്കാന്‍ ട്രൈബ്യൂണലുകളുണ്ട്, അതു കഴിഞ്ഞാല്‍ കോടതികളും. നിയമത്തിലെ പഴുതുനോക്കി പയറ്റാന്‍ പരിശീലനവും അനുഭവസമ്പത്തും നേടിയ അഭിഭാഷകന്റെ അടവുകള്‍ക്ക് മുന്നില്‍ പതറാത്തതല്ല നീതിന്യായം. ഓഹരി കൈമാറ്റക്കേസില്‍ വോഡഫോന്‍ നികുതിയും പിഴയുമടക്കം 33,000 കോടി ഖജാനയിലടക്കണമെന്ന ഉത്തരവ് കോടതിയില്‍ ആവിയായത് അങ്ങനെയാണ്.


അതൊക്കെ വലിയ സംഘടനകള്‍, വലിയ കമ്പനികള്‍. വലിയ ആളുകള്‍ മുതല്‍ മുടക്കുകയോ വലിയ ആളുകള്‍ ഭരിക്കുകയോ ചെയ്യുന്ന സംവിധാനങ്ങള്‍. അവിടുത്തെ കറുപ്പും വെളുപ്പും തീരുമാനിക്കുന്നതിന് കടമ്പകള്‍ ഏറെയുണ്ട്. രണ്ടര ലക്ഷത്തിന് മേല്‍ കൈവശം വെക്കുന്ന പൗരബോധമില്ലാത്തവന്റെ കാര്യം അങ്ങനെയല്ല. നികുതിയും പിഴയും ചേര്‍ത്ത് അവനെ ഞെരുക്കണം. സ്രോതസ്സിലെ പിശകിന് വിചാരണ ചെയ്ത് വിധിക്കണം. അങ്ങനെയായാലേ ഭയമുണ്ടാകൂ. ഭയമുണ്ടെങ്കിലേ അച്ചടക്കമുണ്ടാകൂ. അച്ചടക്കമുള്ളവനേ നാവടക്കി പണിയെടുക്കൂ. നാവടക്കി പണിയെടുത്താലേ രാജ്യം വികസിക്കൂ. 'രാജ്യത്ത് വികസനം വേണമെന്ന് നിങ്ങള്‍ ആവശ്യപ്പെട്ടില്ലേ' എന്ന് ചോദ്യം. 'ആവശ്യപ്പെട്ടൂ' എന്ന് മറുപടി. 'രാജ്യം വികസിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത് എന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെട്ടില്ലേ' എന്ന് ചോദ്യം. 'ബോധ്യപ്പെട്ടൂ' എന്ന് മറുപടി.


2016-11-13

പെരുമ്പറ മുഴങ്ങുന്നത് എന്തിന്?


യുദ്ധമാണ് നടക്കുന്നത്. രാജ്യത്തെ അസ്ഥിരപ്പെടുത്താനോ ദുര്‍ബലപ്പെടുത്താനോ ശ്രമിക്കുന്നവര്‍ക്കൊക്കെ എതിരെ. അത് രാജാവ് നേരിട്ട് വിളംബരം ചെയ്യുന്നതാണ് നൂറ്റാണ്ടുകളായുള്ള പതിവ്. രാജകീയ വിളംബരം പിന്നെ നാടാകെ പെരുമ്പറ കൊട്ടി അറിയിക്കും. പെരുമ്പറയുടെ മുഴക്കമുണ്ടായാല്‍ ഏറെ പ്രധാനപ്പെട്ടതെന്തോ വരുന്നുണ്ടെന്ന് ജനത്തിന് അറിയാം. അവര്‍ കാതോര്‍ക്കും. വിസമ്മതം കൂടാതെ സ്വീകരിച്ച്, രാജ്യം സുരക്ഷിതമാക്കാന്‍ തങ്ങള്‍ക്കാവതെന്തോ അതൊക്കെ ചെയ്യുക എന്നതാണ് കര്‍ത്തവ്യം. രാജവിളംബരം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാന്‍ പലവിധ സൗകര്യങ്ങളുള്ള ഇക്കാലത്ത് പെരുമ്പറ കൊട്ടി അറിയിക്കേണ്ട ആവശ്യം വരുന്നില്ല. വിളംബരം കൊണ്ട് രാജ്യത്തിനും ജനങ്ങള്‍ക്കുമുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ ചമക്കുകയാണ് പുതിയകാലത്തെ പെരുമ്പറക്കാരുടെ ചുമതല. അതിന് ഉപയോഗിക്കാവുന്ന മാധ്യമങ്ങളൊക്കെ അവര്‍ ഉപയോഗിക്കും.


വിളംബരത്തില്‍ യുദ്ധമെന്ന് നേരിട്ട് പറയണമെന്നുമില്ല, പുതിയ കാലത്ത്. വാക്കിന്റെയും വാക്യത്തിന്റെയും ഇടയില്‍ നിന്ന് ജനം അത് വായിച്ചെടുത്തുകൊള്ളണം. അങ്ങനെ വായിച്ചെടുക്കാന്‍ സഹായിക്കുക എന്നത് കൂടി പെരുമ്പറക്കാരുടെ ഉത്തരവാദിത്തമാണ്. ഭരണകൂടത്തിന്റെ ചൂഷണം അവസാനിപ്പിക്കണമെങ്കില്‍ അവരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യേണ്ടിവരുമെന്ന് വിശ്വസിച്ച് ആയുധമെടുത്ത് അടരാടുന്നവരുണ്ട്. അവര്‍ക്കെതിരെ യുദ്ധം ചെയ്യുക, തങ്ങള്‍ ജനക്ഷേമം ലാക്കാക്കിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അവകാശപ്പെടുന്ന, ഭരണകൂടത്തിന്റെ ബാധ്യതയാണ്. അതിന്റെ ഒരു മുഖമാണ് അടുത്തിടെ ആന്ധ്ര - ഒഡിഷ അതിര്‍ത്തിയിലെ വനത്തില്‍ കണ്ടത്. മധ്യേന്ത്യയില്‍ വര്‍ഷങ്ങളായി നടക്കുന്ന ഒന്നിന്റെ കുറേക്കൂടി രൂഷിതമുഖം. ഭരണകൂടം തടയിട്ട് നിര്‍ത്തിയതിന് ശേഷവും യുദ്ധോത്സുകരാകുന്ന മറ്റു ചിലരുണ്ട്. അവര്‍ക്കെതിരായ ആക്രമണമാണ് ഭോപ്പാലില്‍ കണ്ടത്. യുദ്ധത്തിലും കഥയിലും ചോദ്യങ്ങളില്ല. ചോദ്യങ്ങളുന്നയിക്കാന്‍ അവകാശവുമില്ല. അതിര്‍ത്തികളില്‍ നടക്കുന്നതും അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചില സംസ്ഥാനങ്ങളില്‍ നടക്കുന്നതുമൊക്കെ വിളംബരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒരുവട്ടം അതിര്‍ത്തി കടന്ന് നടത്തിയതും വിളംബരത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ.


എല്ലാറ്റിലും വിളംബര കര്‍ത്താവിനുള്ള പ്രാധാന്യം എല്ലാവരുടെയും ഓര്‍മയില്‍ വേണം. അല്ലെങ്കില്‍ വിളംബരത്തേക്കാളും അതിന്റെ അടിസ്ഥാനത്തിലെ ക്രിയകളേക്കാളും പ്രാധാന്യം കര്‍ത്താവിനാണ്. അല്ലെങ്കില്‍ തന്നെ കര്‍ത്താവില്ലെങ്കില്‍ കര്‍മമെങ്ങനെയുണ്ടാവും. കര്‍ത്താവില്ലാതെ കര്‍മത്തിന് നിലനില്‍പ്പില്ലെന്നാണ് ഭാഷാഭേദം കൂടാതെ എല്ലാ വ്യാകരണവും പഠിപ്പിക്കുന്നത്. ആയതിനാലാണ് പുതിയ 'യുദ്ധമുഖം' തുറന്ന വിളംബരവും നേരിട്ട് നടത്തിയത്. ഇമ്മാതിരി ആണുങ്ങള്‍ ഭൂമിയിലുണ്ടോ എന്ന് പ്രജ അത്ഭുതം കൂറണം. അതിലാണ് അധികാരത്തിന്റെ യഥാര്‍ഥ ചന്തം. ആ ചന്തമേറുമ്പോഴാണ് അധികാരി മാത്രം മതിയല്ലോ എന്ന ചിന്ത ഉറപ്പിച്ചെടുക്കാനാകൂ. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മിനിട്ടുകള്‍ക്കുള്ളില്‍ അസാധുവാകുമെന്ന് വിളംബരം ചെയ്യുമ്പോള്‍, പ്രജകളിലോരോരുത്തരുടെയും ദൈനംദിന ജീവിതം താളം തെറ്റുമെന്ന് അറിയാതെയല്ല. അങ്ങനെയൊരു താളംതെറ്റിക്കലിന് സാധിക്കും വിധത്തില്‍ അധികാരിയുണ്ടായിരിക്കുന്നുവെന്ന്  പ്രജക്ക് ബോധ്യപ്പെടണം. അതുകൂടിയുദ്ദേശിച്ചായിരുന്നു വിളംബരം.


രാജ്യത്തേക്ക് കള്ളനോട്ട് പ്രവഹിപ്പിക്കുന്നത് ഒരു ഒളിയുദ്ധമാണ്. അതിന് പിറകില്‍ ആരാണെന്ന് പ്രജക്കറിയാം. അതുപോലൊരു ഒളിയുദ്ധമുറയാണ്, കള്ളപ്പണം. അതൊക്കെ തടയാനുള്ള പത്തൊമ്പതാമത്തെ അടവാണിത്. ഇനി പുറത്തിറക്കുന്ന നോട്ടുകളുടെ രൂപഘടന പഠിച്ച്, വ്യാജന്‍ അച്ചടിച്ചിറക്കുവോളം അഞ്ഞൂറ്, ആയിരം നോട്ടുകളുടെ വ്യാജന്‍ ഇനി ചെലവാക്കാനാകില്ല. തത്കാലത്തേക്ക് ഈ ഇനത്തിലുള്ള കള്ളനോട്ടുകള്‍ ഉണ്ടാകില്ലെന്ന് ചുരുക്കം. കണക്കില്ലാത്ത പണം പലവിധത്തില്‍ ഒളിപ്പിച്ചവര്‍ക്ക്, സ്രോതസ്സ് വെളിപ്പെടുത്താതെ അത്  പുതിയ നോട്ടിലേക്ക് മാറ്റിയെടുക്കാനാകില്ല. സ്രോതസ്സ് വെളിപ്പെടുത്തിയാല്‍ കേസും കൂട്ടവുമാകും. അത് നേരിടാന്‍ മടിയുള്ളവര്‍ക്ക് സൂക്ഷിച്ചുവെച്ച അഞ്ഞൂറ്, ആയിരം നോട്ടുകള്‍ വെറും കടലാസുകളാണെന്ന് കണക്കാക്കി, തീപൂട്ടാന്‍ ഉപയോഗിക്കാം. വെളുപ്പിച്ചെടുക്കാന്‍ വ്യാജമാര്‍ഗങ്ങളുണ്ടോ എന്ന് അന്വേഷിക്കുകയുമാകാം. അവ്വിധം സൂക്ഷിച്ചുവെച്ച കണക്കില്ലാത്ത പണത്തെ ഭസ്മമാക്കാന്‍ വിളംബരം വഴിയൊരുക്കുമെന്നതില്‍ തര്‍ക്കം വേണ്ട.


അതുകൊണ്ടെല്ലാമായെന്നും ഇന്ത്യന്‍ യൂണിയനില്‍ ഇനി കള്ളപ്പണമില്ലെന്നും അതുണ്ടാകില്ലെന്നുമൊക്കെ പെരുമ്പറ മുഴക്കുന്നതില്‍ കാര്യമില്ല. ആകെ ഉത്പാദിപ്പിക്കപ്പെട്ട, ഉത്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കള്ളപ്പണത്തിന്റെ ന്യൂനഭാഗത്തെ ഇല്ലാതാക്കാനേ ഇത് വഴിവെക്കൂ. ഈ രംഗത്ത് വൈദഗ്ധ്യമുള്ള വന്‍കിടക്കാര്‍ക്കൊന്നും യാതൊരു പ്രയാസവും ഈ തീരുമാനം ഉണ്ടാക്കുന്നുമില്ല.


റിലയന്‍സ് പുതിയ മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിന്റെ ബ്രാന്‍ഡ് അംബാസിഡറെപ്പോലെ അവതരിപ്പിച്ചിരുന്നു. അവര്‍ അവതരിപ്പിച്ചതാണോ ഡിജിറ്റല്‍ ഇന്ത്യാ വിളംബരത്തിന്റെ ഭാഗമായി അദ്ദേഹം സ്വയം ഏറ്റെടുത്തതാണോ എന്ന് നിശ്ചയമില്ല. എന്തായാലും ഇതേ റിലയന്‍സിന്റെ ഉടമസ്ഥന്‍ മുകേഷ് അംബാനിക്ക്, നികുതിയിളവ് നല്‍കി കള്ളപ്പണം സൂക്ഷിക്കുന്ന ബാങ്കുകളിലൊന്നില്‍ നിക്ഷേപമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കുന്ന അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ എന്തെങ്കിലും നടപടി ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. സഹസ്ര കോടികള്‍ ചെലവിട്ട് രാജ്യത്തെ വികസിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്ന അംബാനിയെപ്പോലുള്ളവര്‍ അതിലൊരല്‍പ്പം ഏതെങ്കിലുമൊരു ബാങ്കില്‍ നിക്ഷേപിച്ചാല്‍, അത് രാജ്യത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമായി കാണാനാകില്ല, ആയതിനാല്‍ യുദ്ധം മര്യാദയുമല്ല. അതുകൊണ്ട് അത് വേണ്ടതില്ലെന്ന് വിളംബരമുണ്ടായാല്‍ മതിയായിരുന്നു. ഇതുപോലെ പണം നിക്ഷേപിച്ചിട്ടുള്ള, രാജ്യവികസനത്തിന് യത്‌നിക്കുന്ന മാന്യന്മാര്‍ ധാരളമുണ്ട്. അവരുടെ കാര്യത്തില്‍ മുന്‍കാല സര്‍ക്കാറുകള്‍ കാണിച്ച ഉദാര സമീപനം തുടരുമെന്നൊരു വിളംബരം കൂടി ആകാവുന്നതാണ്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും, തിരിച്ചു കിട്ടിയാല്‍ 15 ലക്ഷം വീതം ഓരോരുത്തരുടെയും അക്കൗണ്ടിലിടും തുടങ്ങിയവ പ്രജയുടെ തൃപ്തിക്കായുണ്ടുതാനും.


അംബാനിയെപ്പോലുള്ള വ്യവസായികള്‍ മാത്രമല്ല, ചില രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും കായിക താരങ്ങളുമൊക്കെ ഇത്തരത്തില്‍ പണം സൂക്ഷിച്ചിട്ടുണ്ട്. അവരൊക്കെ രാജ്യത്തിന് നല്‍കിയ സേവനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ യുദ്ധം പ്രഖ്യാപിച്ച് ബുദ്ധിമുട്ടിക്കുന്നത് ഉചിതമല്ല. കഴിയുമെങ്കില്‍ താമ്രപത്രം നല്‍കണം, കൂടുതല്‍ മികവുകാട്ടാന്‍ പ്രോത്സാഹനമായി. ഇവരൊക്കെ സമാഹരിക്കുന്ന കണക്കില്ലാത്ത പണം, ചില വിദേശ രാഷ്ട്രങ്ങളില്‍ രൂപവത്കരിക്കുന്ന കടലാസ് കമ്പനികളിലൂടെ ഇന്ത്യന്‍ കമ്പനികളിലേക്ക് നിക്ഷേപമായി എത്തുന്നുണ്ട്. ഇതുവഴി സാധ്യമാകുന്ന വ്യവസായ വികസനം കണക്കിലെടുക്കാതിരിക്കാന്‍ ഉത്തരവാദിത്തമുള്ള ഭരണകൂടത്തിന് സാധിക്കുകയില്ല. അതുകൊണ്ട് ഇത്തരം വെളുപ്പിക്കലുകളെ സാധുവാക്കിക്കൊണ്ടുള്ള വിളംബരം ആലോചിക്കാവുന്നതാണ്. അതിനൊരു മുന്‍കാല പ്രാബല്യം നല്‍കിയാല്‍ ഇപ്പോള്‍ കേസില്‍പ്പെട്ട് വിഷമിക്കുന്ന ജഗന്‍മോഹന്‍ റെഡ്ഢി (കോണ്‍ഗ്രസ് നേതാവും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ മകന്‍), കര്‍ണാടകത്തിലെ ജനാര്‍ദന, കരുണാകര, സോമശേഖര റെഡ്ഢിമാര്‍ (കര്‍ണാടകത്തില്‍ താമര വിരിയിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ബെല്ലാരി സഹോദരര്‍) ഒക്കെ രക്ഷപ്പെടും.


കേന്ദ്ര ധനവകുപ്പ് 2012ല്‍ കള്ളപ്പണത്തെക്കുറിച്ചൊരു ധവള പത്രം ഇറക്കിയിരുന്നു. ഏപ്രില്‍ 2000 മുതല്‍ മാര്‍ച്ച് 2011 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലേക്ക് ആകെ എത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 41.80 ശതമാനം മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ വഴിയും 9.17 ശതമാനം സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ വഴിയുമായിരുന്നുവെന്ന് ധവളപത്രത്തില്‍ പറയുന്നു. കടലാസ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് കള്ളപ്പണത്തിന്റെ ഒഴുക്കിന് വഴിയൊരുക്കുന്നവയാണ് മൗറീഷ്യസും സിംഗപ്പൂരും. 2000 - 2011 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ യൂണിയനിലേക്ക് എത്തിയ ആകെ വിദേശ നിക്ഷേപത്തിന്റെ പാതിയും കള്ളപ്പണമായിരുന്നുവെന്ന് ചുരുക്കം. ആറ് വര്‍ഷത്തിനിപ്പുറം അത് വലുതായിട്ടുണ്ടാകാനേ തരമുള്ളൂ. പല വിധത്തില്‍ കഷ്ടപ്പെട്ട് ഇവിടെ ഉത്പാദിപ്പിച്ച കണക്കില്ലാത്ത പണം വിദേശത്തേക്ക് കടത്തി, അവിടെയൊരു കമ്പനി രൂപവത്കരിച്ച് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നവര്‍, അതിന് കാട്ടുന്ന സാഹസികത അത് അംഗീകരിച്ച്, വണങ്ങി നില്‍ക്കുകയേ മാര്‍ഗമുള്ളൂ. അതുകൊണ്ടാണ് അത്തരമാരോപണം നേരിടുന്ന വ്യവസായിയുടെ മൊബൈല്‍ നെറ്റ്‌വര്‍ക്കിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട് നരേന്ദ്ര മോദിജി തന്നെ മാതൃക കാട്ടിയത്.


ഭീഷണിപ്പെടുത്തി പണം വാങ്ങല്‍, വ്യാജ ഉത്പന്നങ്ങളുടെ നിര്‍മിതി - വില്‍പ്പന, കള്ളക്കടത്ത്, മയക്കുമരുന്ന് നിര്‍മാണം - വിപണനം, വ്യാജരേഖ ചമക്കല്‍, അനധികൃത ഖനനം, കാടുവെട്ട്, വ്യാജ ചാരായ വിപണനം, മോഷണം, തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്, ലൈംഗിക ചൂഷണം, ചതി, സാമ്പത്തിക തട്ടിപ്പ്, നിയമം ലംഘിച്ചുള്ള ആയുധ വ്യാപാരം, അഴിമതി, കമ്മീഷന്‍ എന്നിത്യാദി ക്രിയകളിലൂടെയാണ് കള്ളപ്പണം ഉത്പാദിപ്പിക്കപ്പെടുന്നത് എന്നാണ് ധവളപത്രത്തില്‍ പറയുന്നത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ട് ഇവയില്‍ ഏതെങ്കിലുമൊരിനം ഇല്ലാതാക്കപ്പെടുമോ? നോട്ട് പിന്‍വലിച്ചുള്ള യുദ്ധം വിളംബരം ചെയ്തതുപോലൊരു വിളംബരത്തിലൂടെ ഇവയില്‍ ഏതെങ്കിലുമില്ലാതാക്കാന്‍ സാധിക്കുമോ? ഇവയില്‍ ചിലതെങ്കിലും ഇല്ലാതാകണമെങ്കില്‍ ആദ്യം അവസാനിക്കേണ്ടത് വന്‍കിട കമ്പനികളും രാഷ്ട്രീയ - ഭരണ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ്. ആ ബന്ധത്തിന്റെ നിലനില്‍പ്പിനും അതിന്റെ തുടര്‍ച്ചയായുള്ള ലാഭം പങ്കിടലിലും നടക്കുന്നത്ര നിയമ ലംഘനങ്ങള്‍ പ്രജകളുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. ഇത് കൃത്യമായി അറിയുന്നതുകൊണ്ടാണ് ഇത്തരം വിളംബരങ്ങളിലൂടെ പ്രജയെ മോഹവലയത്തിലാക്കാനും ഇനിയങ്ങോട്ട് അനുസരണയാണ് ഉദാത്തമെന്ന് ബോധ്യപ്പെടുത്താനും ശ്രമിക്കുന്നത്.


പ്രധാനപ്പെട്ടത് ചിലതൊക്കെ ചെയ്യുകയാണെന്നാണ് പെരുമ്പറ മുഴക്കം. കൂടുതല്‍ കര്‍ശനമായത് വരാനിരിക്കുന്നുണ്ടെന്നും. വര്‍ഗീയത ഉപയോഗിച്ച് സാമൂഹിക ഘടനയില്‍ മാറ്റം വരുത്താനുള്ള പരീക്ഷണത്തില്‍, സമ്പത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. പണം കൊണ്ട് വരിഞ്ഞുമുറുക്കാന്‍ ഭരണകൂടം തീരുമാനിച്ചാല്‍, ഇതിനകം വരുതിയില്‍ വരാത്തവരൊക്കെ മുട്ടുകുത്തും. അത് സാധിച്ചാല്‍ അജന്‍ഡകളുമായി മുന്നോട്ടുപോകാന്‍ പ്രയാസമുണ്ടാകില്ല. അതിന് വഴികാട്ടുന്ന വിളംബര കര്‍ത്താവ് പരമാധികാരിയാണ്, ചിലപ്പോള്‍ ഭാവിയിലെ ഏകാധിപതിയും. രാജ്യത്തെ രക്ഷിക്കാന്‍ പലനിലക്ക് 'യുദ്ധം' ചെയ്യുന്നവന്‍ ഏക അധിപതിയാകുന്നതില്‍ പ്രജക്ക് വിയോജിപ്പുണ്ടാകുമോ?


-----
ഭൂമിക്ക് കേരള സര്‍ക്കാര്‍ നിശ്ചയിച്ച ന്യായ വില സെന്റിന് എഴുപതിനായിരം. അഞ്ച് സെന്റ് ഭൂമി വിറ്റപ്പോള്‍ ന്യായ വില കണക്കാക്കി നികുതിയൊടുക്കി. യഥാര്‍ഥത്തില്‍ ഭൂമി വിറ്റത് സെന്റിന് മൂന്ന് ലക്ഷം രൂപക്ക്. ആകെ കിട്ടിയത് 15 ലക്ഷം. കരമൊടുക്കിയത് മൂന്നര ലക്ഷത്തിന്. മകളുടെ കല്യാണം, അടുത്ത ബന്ധുവിന്റെ ചികിത്സ തുടങ്ങി ഏതെങ്കിലും അത്യാവശ്യം മുന്‍നിര്‍ത്തി ഭൂമി വിറ്റ് പണം കൈവശം വെച്ചവര്‍ ഇപ്പോള്‍ കള്ളപ്പണക്കാരാണ്. ഇതൊന്ന് വെളുപ്പിക്കണമെങ്കില്‍ ചുരുങ്ങിയത് 30 പേര്‍ക്കായി അമ്പതിനായിരം വീതം നല്‍കി ബാങ്കുകളില്‍ കൊടുത്ത് മാറിയെടുക്കണം. വിശ്വസിച്ചേല്‍പ്പിക്കാവുന്ന 30 പേരെ കണ്ടെത്തണം. അല്‍പ്പം പ്രയാസമുള്ള ഈ കൃത്യത്തിലേര്‍പ്പെടുന്നവര്‍ക്ക് ചെറുതല്ലാത്ത പാരിതോഷികം നല്‍കുകയും വേണം. ഡിസംബര്‍ 31 വരെയുള്ള കാലത്ത് ഇതൊരു ഇടക്കാല തൊഴിലായി വളരാനുള്ള സാധ്യത ഏറെയാണ്.

2016-11-07

സന്ദേശം, സന്ദേശിന് നല്‍കിയതും എന്‍ ഡി ടി വിക്ക് നല്‍കുന്നതും


2002ല്‍ ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യാ ശ്രമത്തിന് ശേഷം, മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഗുജറാത്തി ഭാഷയില്‍ പ്രസിദ്ധം ചെയ്യുന്ന പത്രങ്ങളുടെ അധിപന്‍മാര്‍ക്കൊക്കെ കത്തയച്ചിരുന്നു. പ്രമുഖ ഗുജറാത്തി പത്രം 'സന്ദേശി'ന് അയച്ച കത്ത് ഇവിടെ പരിഭാഷപ്പെടുത്തുന്നു.

''പത്രാധിപര്‍,
സന്ദേശ്

പ്രിയപ്പെട്ട സര്‍,

സബര്‍മതി എക്‌സ്പ്രസിന്റെ കോച്ചുകള്‍ക്ക് തീയിട്ട്, നിരപരാധികളായ ആളുകളെ ചുട്ടെരിച്ചത് സംസ്ഥാനത്തെ സംബന്ധിച്ചും പൊതുവില്‍ മാനവരാശിയെ സംബന്ധിച്ചും തികച്ചും ദൗര്‍ഭാഗ്യകരമായിരുന്നു. മനുഷ്യത്വരഹിതമായ ഈ പ്രവൃത്തി സംസ്ഥാനത്തെ സമാധാന  അന്തരീക്ഷത്തെ കലുഷിതമാക്കി. സമാധാനം പുനസ്ഥാപിക്കുന്നതിന് കഴിയാവുന്ന മികച്ച ശ്രമം സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉടനടിയുണ്ടായി. ജനങ്ങളെയും സര്‍ക്കാറിനെയും ബന്ധിപ്പിക്കുന്നതില്‍ സംസ്ഥാനത്തെ പത്രങ്ങള്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. മാനവികതക്ക് വലിയ രീതിയിലുള്ള സേവനമാണ് നിങ്ങള്‍ ചെയ്തത്...
... ഗോധ്ര സംഭവത്തിന് ശേഷം വര്‍ഗീയ സംഘര്‍ഷമുണ്ടായപ്പോള്‍ താങ്കളുടെ പത്രം സംയമനത്തോടെ പ്രവര്‍ത്തിച്ചുവെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അതില്‍ താങ്കളോട് നന്ദിയുള്ളവനാണ്.

വിശ്വസ്തതയോടെ
നരേന്ദ്ര മോദി
മുഖ്യമന്ത്രി''

2002 ഫെബ്രുവരി 27നാണ് സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ കോച്ചില്‍ തീപടര്‍ന്ന് 58 പേര്‍ കൊല്ലപ്പെട്ടത്. ഫെബ്രുവരി 28ന് വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ഗുജറാത്ത് ബന്ദില്‍ ആരംഭിച്ച കൊലയും കൊള്ളയും കൊള്ളിവെപ്പും ലൈംഗിക അതിക്രമങ്ങളും മൂന്നാഴ്ചയോളം നീണ്ടു. മുസ്‌ലിംകളെ ലക്ഷ്യമിട്ട് ആസൂത്രിതവും സംഘടിതവുമായി നടന്ന ആക്രമണം വംശഹത്യാ ശ്രമമല്ലാതെ മറ്റൊന്നായിരുന്നില്ല. അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും വിധത്തില്‍ ഗുജറാത്തി പത്രങ്ങള്‍ പ്രവര്‍ത്തിച്ചുവെന്ന ആരോപണം ആ ദിവസങ്ങളില്‍ തന്നെ ശക്തമായിരുന്നു. അത്തരം ശ്രമങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്നു സന്ദേശ്. വംശഹത്യാകാലത്ത് ഹിന്ദുത്വ അനുകൂല നിലപാടെടുത്തത് മൂലം സന്ദേശിന്റെ പ്രചാരത്തില്‍ ഒന്നര ലക്ഷത്തിന്റെ വര്‍ധനയുണ്ടായെന്നാണ് കണക്ക്. ഹിന്ദുക്കളുടെ മൃതദേഹം കണ്ടെത്തി, ഹിന്ദു സ്ത്രീകള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു തുടങ്ങി കള്ളങ്ങളും അര്‍ധ സത്യങ്ങളും അഭ്യൂഹങ്ങളും വലിയ തലക്കെട്ടുകളാക്കിയിരുന്നു സന്ദേശ് ആ ദിവസങ്ങളില്‍. അത്തരമൊരു പത്രത്തിന്റെ പത്രാധിപര്‍ക്കാണ്, സംയമനത്തോടെ പ്രവര്‍ത്തിച്ചതില്‍ സന്തോഷം രേഖപ്പെടുത്തിയും മാനവികതക്ക് നല്‍കിയ വലിയ സംഭാവനയില്‍ നന്ദി രേഖപ്പെടുത്തിയും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി കത്തയച്ചത്.


പത്താന്‍കോട്ട് വ്യോമതാവളത്തിനു നേര്‍ക്ക് ഈ വര്‍ഷം ജനുവരിയിലുണ്ടായ  ആക്രമണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അവിടെ സൂക്ഷിച്ചിരുന്ന ആയുധശേഖരത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്, വലിയ കുറ്റമാണെന്ന് കണ്ടെത്തി 'എന്‍ ഡി ടി വി ഇന്ത്യ' എന്ന ഹിന്ദി വാര്‍ത്താ ചാനലിനെതിരെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കയാണ്. ഒരു ദിവസം സംപ്രേഷണം നിര്‍ത്തിവെക്കണമെന്നതാണ് ശിക്ഷ. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി പണ്ടെഴുതിയ കത്തിനെക്കുറിച്ച് ഓര്‍ത്തത്. ഹിന്ദുത്വ അജന്‍ഡയുടെ സാക്ഷാത്കാരത്തിന് ഉതകും വിധത്തില്‍ അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയോ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അത് അഭിനന്ദനാര്‍ഹമാകുന്നത് 2002ലെ മാത്രം കാഴ്ചയല്ല.


നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ പാകത്തിലുള്ള പ്രകോപനപരമായ പ്രസ്താവനകളും പ്രവൃത്തികളും പലതുണ്ടായി. കേന്ദ്ര- സംസ്ഥാന മന്ത്രിസഭയില്‍ അംഗങ്ങളായിരിക്കുന്നവര്‍, ബി ജെ പിയുടെ നേതൃസ്ഥാനങ്ങളിലിരിക്കുന്നവര്‍ ഒക്കെ അതിന്റെ മുന്‍പന്തിയിലുണ്ടായിരുന്നു. വ്യക്തികളും സംഘടനകളുമൊക്കെ നല്‍കിയ പരാതി പരിഗണിച്ച് ചില നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിന്‍മേലുള്ള അന്വേഷണം, രാജ്യത്തെ പൊലീസ് സംവിധാനത്തിന്റെ പതിവ് രീതിയനുസരിച്ച് നടക്കും. അന്വേഷണത്തിലെ പതിവുകള്‍, ന്യായാന്യായങ്ങള്‍ നിശ്ചയിക്കുമ്പോള്‍ സ്വാധീനിക്കും വിധത്തിലാകുമെന്ന് ഉറപ്പ്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കും വിധത്തിലുള്ള പ്രസ്താവനകള്‍ വിലക്കാനോ, പ്രസ്താവന ശരിയായില്ലെന്ന് പറയാനോ സംഘര്‍ഷം സൃഷ്ടിക്കാന്‍ പാകത്തിലുള്ള പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പറയാനോ ഭരണത്തിന്റെയോ പാര്‍ട്ടിയുടെയോ നേതൃത്വത്തിലിരിക്കുന്നവര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം ഇത്തരം ചിലതൊക്കെ വേണ്ടിവരുമെന്ന വിധത്തില്‍ സംസാരിക്കാന്‍ സംഘപരിവാര നേതാക്കള്‍ മടി കാട്ടിയതുമില്ല.


ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച്, ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ ഏകീകരിച്ച് അധികാരം പിടിക്കാനും നിലനിര്‍ത്താനും നടത്തിയ ശ്രമങ്ങള്‍ ഇക്കാലത്തിനിടെയുണ്ടാക്കിയ വലിയ മുറിവുകള്‍, അതിന്റെ തുടര്‍ച്ച സൃഷ്ടിച്ചിരിക്കുന്ന അസ്വസ്ഥതകള്‍, ബഹുസ്വര സമൂഹത്തെ, ഭൂരിപക്ഷ മതത്തിന് മേധാവിത്വമുള്ളതാക്കാന്‍ ഭരണകൂടം തന്നെ മുന്‍കൈയെടുത്ത് നടത്തുന്ന നീക്കങ്ങള്‍ ഇതൊക്കെ രാജ്യത്തിന്റെ, അതില്‍ അധിവസിക്കുന്ന വിവിധ വിഭാഗങ്ങളുടെ സുരക്ഷക്ക് നേര്‍ക്ക് ഉയര്‍ത്തിയിരിക്കുന്ന വെല്ലുവിളി വലിയ കാര്യമായി സംഘ പരിവാരത്തിനോ അവര്‍ നിയന്ത്രിക്കുന്ന ഭരണകൂടത്തിനോ തോന്നന്നുമില്ല.


പത്താന്‍കോട്ടെ വ്യോമതാവളത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആയുധ - ഉപകരണ ശേഖരത്തെക്കുറിച്ച് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നത്, വ്യോമതാവളം ആക്രമിക്കപ്പെട്ടതിന് ശേഷമാണ്. ആക്രമിക്കാന്‍ പദ്ധതിയിട്ടവര്‍ക്ക് താവളത്തെക്കുറിച്ചും അതിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുമൊക്കെ നേരത്തെ തന്നെ വിവരം കിട്ടിയിരുന്നുവെന്ന് ചുരുക്കം. അതെങ്ങനെ സംഭവിച്ചുവെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ടാകണം. എന്തെങ്കിലും നിഗമനങ്ങളിലെത്തിയതായ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അകത്തുകടന്ന് ആക്രമണം നടത്തിയവര്‍ എത്ര പേരുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാന്‍ ആക്രമണം പൂര്‍ത്തിയാകുമ്പോള്‍ പോലും സൈന്യത്തിനോ മറ്റ് ഏജന്‍സികള്‍ക്കോ സാധിച്ചിരുന്നില്ല. ഒടുവില്‍ അക്രമികള്‍ കൊണ്ടുവന്നതും വ്യോമതാവളത്തിലുണ്ടായിരുന്നതുമൊക്കെ പൊട്ടിച്ച് (നിയന്ത്രിത സ്‌ഫോടനം) തീര്‍ത്താണ് വ്യോമതാവളം സുരക്ഷിതമാണെന്ന് സുരക്ഷാ ഏജന്‍സികളും പ്രതിരോധ മന്ത്രാലയവും പ്രഖ്യാപിച്ചത്. ഇത്രയുമൊക്കെയായിട്ടും ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ആദ്യം പറഞ്ഞത്. വീഴ്ചയുണ്ടായെന്നും അന്വേഷിക്കുമെന്നും പിന്നീട് പറയേണ്ടി വന്നു. ഇതേക്കുറിച്ചൊക്കെ അന്വേഷിച്ച് പാളിച്ചകളുണ്ടാകാതെ നോക്കാന്‍ ഉത്തരവാദിത്തമുള്ളവര്‍ എന്‍ ഡി ടി വി ഇന്ത്യക്കെതിരെ നടപടി സ്വീകരിക്കാന്‍ തിടുക്കപ്പെടുമ്പോള്‍, അത് മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്തുക എന്ന അജന്‍ഡയുടെ ഭാഗമാണ്.


രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തറിയിച്ചുവെന്ന് ഇന്ന് കുറ്റപ്പെടുത്തുന്നവര്‍ നാളെ രാജ്യദ്രോഹം പ്രചരിപ്പിച്ചുവെന്ന് കുറ്റപ്പെടുത്താന്‍ മടിക്കാനിടയില്ല. നിലവിലുള്ള ഭരണകൂടത്തെ വിമര്‍ശിക്കുന്നതോ എതിര്‍ക്കുന്നതോ ഒക്കെ രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടുകയുമാകാം. ഭോപ്പാലില്‍ തടവുചാടിയെന്ന് പറയപ്പെടുന്ന എട്ട് പേരെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന മധ്യപ്രദേശ് പോലീസിന്റെ അവകാശവാദത്തെ മാധ്യമങ്ങള്‍ ചോദ്യം ചെയ്യുന്നത് പോലെയുള്ള സംഗതികള്‍, വൈകാതെ രാജ്യദ്രോഹത്തിന്റെ പട്ടികയില്‍പ്പെടുത്തി ശിക്ഷാ നടപടി സ്വീകരിക്കാന്‍ അര്‍ഹതയുള്ളതായി മാറുമെന്ന് ചുരുക്കം. അതിലേക്ക് കാര്യങ്ങളെത്തിക്കാതെ സ്വയം നിയന്ത്രിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്ന സന്ദേശമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കുന്നത്. ഭരണകൂടത്തെയും അതിന്റെ ആയുധങ്ങളെയും സംശയിക്കുന്ന മോശം സംസ്‌കാരത്തില്‍ നിന്ന് മാധ്യമങ്ങള്‍ മാറുന്ന സുന്ദര-മനോജ്ഞ കാലത്തെക്കുറിച്ചാണ് നരേന്ദ്ര മോഡിയും കൂട്ടരും സ്വപ്‌നം കാണുന്നത്. അതിനെയാണ് ചിലര്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നൊക്കെ പറഞ്ഞ് അവഹേളിക്കുന്നത്.


നേരിട്ടോ അല്ലാതെയോ സംഘപരിവാര അജന്‍ഡക്കൊപ്പം നില്‍ക്കുന്ന മാധ്യമങ്ങള്‍ രാജ്യത്ത് ധാരളമാണ്. നെറ്റ്‌വര്‍ക്ക് 18 ശൃംഖലയുടെ ഭൂരിഭാഗം ഓഹരികള്‍ റിലയന്‍സ് സ്വന്തമാക്കിയതിന് പിറകെയാണ് റിലയന്‍സ് മൊബൈല്‍ നെറ്റ്‌വര്‍ക്കിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രത്യക്ഷപ്പെട്ടത്. നെറ്റ്‌വര്‍ക്ക് 18ന് കീഴിലുള്ള ടെലിവിഷന്‍ സ്‌ക്രീനുകള്‍ മോദി അനുകൂലമോ സംഘ അനുകൂലമോ ആയി മാറിത്തുടങ്ങുകയും ചെയ്തു. ഈ മാറ്റത്തിന് തയ്യാറല്ലാത്ത സ്‌ക്രീനുകള്‍ക്കും പത്രങ്ങള്‍ക്കും വലിയ മുന്നറിയിപ്പാണ് എന്‍ ഡി ടി വി ഇന്ത്യക്കെതിരായ നടപടിയിലൂടെ വാര്‍ത്താവിതരണ പ്രക്ഷേപണ വിഭാഗം നല്‍കിയിരിക്കുന്നത്. എതിര്‍ ശബ്ദങ്ങളെ എത്രത്തോളം ദുര്‍ബലമാക്കാമോ അത്രത്തോളം ദുര്‍ബലമാക്കുക, അതിന് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണ് ആദ്യം വേണ്ടതെന്ന് നരേന്ദ്ര മോദിയോളം അറിയുന്നവര്‍ ചുരുക്കമായിരിക്കും. ഗുജറാത്തിനെ അടക്കിവാണ വ്യാഴവട്ടത്തില്‍ അദ്ദേഹം സമര്‍ഥമായി ചെയ്തത് അതായിരുന്നു.


ഓഹരി കൈമാറ്റത്തിന്റെ വിവരം മറച്ചുവെച്ചുവെന്നാരോപിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ എന്‍ ഡി ടി വിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ഏതാനും ദിവസം മുമ്പാണ്. നടപടിക്രമങ്ങളിലെ വീഴ്ച മാത്രമാണുള്ളതെങ്കിലും അതിനെ സെബി വലിയ ഗൗരവത്തില്‍ കാണുന്നതിന് പിറകില്‍ ഭരണകൂടത്തിന്റെ സമ്മര്‍ദമുണ്ടോ എന്ന് പുതിയ സാഹചര്യത്തില്‍ സംശയിക്കേണ്ടിവരും. സന്ദേശിന്റെ പതിപ്പുകള്‍ മാത്രം രാജ്യത്തുണ്ടായാല്‍ മതിയെന്ന ചിന്ത ഭരണകൂടത്തിനുണ്ടെന്ന് തന്നെ കരുതണം. അവരെ അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്ന കാലത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളില്‍ സ്വതന്ത്ര മാധ്യമങ്ങളെന്ന കരടുണ്ടാകരുതെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടാകും.

2016-11-05

മിസ്റ്റര്‍ ചൗഹാന്‍, പഠിക്കൂ ഗുജറാത്ത് മാതൃക!


ആസൂത്രണ മികവോ, പ്രവൃത്തി പരിചയമോ, കൈയടക്കമോ പോര മധ്യപ്രദേശ് പൊലീസിന്. വിശദീകരണ വൈഭവം മുമ്പെപ്പോലെ പ്രകടിപ്പിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ആഭ്യന്തര മന്ത്രി ഭുപീന്ദര്‍ സിംഗിനും സാധിക്കുന്നുമില്ല. പറഞ്ഞത് മാറ്റിപ്പറഞ്ഞും വിഴുങ്ങിയുമൊക്കെ തപ്പിത്തടയുന്നു. പൊലീസിനെ വിശ്വസിക്കുന്നു, ഒരന്വേഷണവുമില്ലെന്ന് ആവര്‍ത്തിച്ചിരുന്നവര്‍ ഒടുവില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് നിത്യശാന്തി തേടുകയാണ്. മധ്യപ്രദേശ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജി എസ് കെ പാണ്ഡെയാണ് ജുഡീഷ്യല്‍ കമ്മീഷനായി പ്രവര്‍ത്തിക്കുക. അന്വേഷണം പൂര്‍ത്തിയാകാന്‍ ചുരുങ്ങിയത് രണ്ട് വര്‍ഷമെടുക്കും. റിപ്പോര്‍ട്ട് എന്തായാലും അത് സ്വീകരിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനില്ല. അന്വേഷണ റിപ്പോര്‍ട്ട് അതിന്‍മേല്‍ സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സഹിതം നിയമസഭയില്‍ സമര്‍പ്പിച്ചാല്‍ മതിയാകും. മധ്യപ്രദേശ് സര്‍ക്കാറിന്റെ അലമാരകളെ അലങ്കരിക്കുന്ന ഇതര റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ഇതും സ്ഥാനം പിടിക്കും. അതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണമെന്നത് നിത്യശാന്തി തേടലാണെന്ന മുന്‍വിധി ഇപ്പോഴേ പ്രഖ്യാപിക്കുന്നത്.


ഇത് വരാനിരിക്കുന്ന സാഹിത്യം. നടപ്പ് സാഹിത്യമാണ് ഇപ്പോള്‍ വ്യാഖ്യാനിക്കേണ്ടത്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ചമ്പല്‍, കൊള്ളക്കാരുടെ താവളമെന്ന നിലയില്‍ കുപ്രസിദ്ധി നേടിയതാണ്. അവരെങ്ങനെ കൊള്ളക്കാരായെന്നത് തത്കാലം വിടുക, അവരെ നേരിടാന്‍ പൊലീസ് ഏറെ വിഷമിച്ചിരുന്നുവെന്നത് ചരിത്രം. ഒടുവില്‍ ഭൂരിഭാഗം പേരും ഇല്ലാതാക്കപ്പെട്ടു. കൊള്ളക്കാരെ ഏറ്റുമുട്ടലില്‍ പോലീസ് വധിച്ചതിന്റെ കഥകള്‍ വീര പരിവേഷത്തോടെ പ്രചരിപ്പിക്കപ്പെട്ടു. ഏറ്റവുമൊടുവില്‍ 2016 ആഗസ്തില്‍ ഭരോസി മല്ല എന്ന കൊള്ളക്കാരനെ പൊലീസ് വെടിവെച്ചിട്ടതോടെ ചമ്പല്‍ ശാന്തമായെന്നാണ് സങ്കല്‍പം. ഏറ്റുമുട്ടലുകളില്‍ മധ്യപ്രദേശ് പോലീസിനുള്ള പ്രവൃത്തി പരിചയം ചമ്പലില്‍ പരിമിതപ്പെട്ടിരിക്കുന്നുവെന്ന് ചുരുക്കം. കൊടും ക്രൂരന്മാരായി ചിത്രീകരിക്കപ്പെട്ട ഇവരെ വെടിവെച്ചിടുമ്പോള്‍, അത് ഏറ്റുമുട്ടലിലായാലും അല്ലെങ്കിലും, വലിയ ചോദ്യങ്ങളൊന്നും പൊലീസീനോ അവരെ നിയന്ത്രിക്കുന്ന ഭരണകൂടത്തിനോ നേരിടേണ്ടി വന്നിട്ടില്ല, വരികയുമില്ല.


ആ പരിചയം കൈമുതലാക്കിയാകണം ഭോപ്പാല്‍ ജയിലില്‍ വിചാരണത്തടവുകാരായിരുന്ന എട്ട് പേരുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടാകുക. ഒറ്റക്കൊറ്റക്ക് താമസിപ്പിച്ചവര്‍ കൂട്ടായി ആലോചിച്ച് ജയില്‍ ചാടാന്‍ തീരുമാനിച്ചെന്നും അവരൊക്കെ ടൂത്ത് ബ്രഷ് ഉപയോഗിച്ച് കാരാഗൃഹം തുറക്കാനുള്ള താക്കോലുണ്ടാക്കിയെന്നും സ്പൂണിനും പ്ലേറ്റിനും മൂര്‍ച്ച കൂട്ടി ഒരു വാര്‍ഡനെ വധിച്ച്, മെത്തവിരി കൂട്ടിക്കെട്ടി ഗോവണിയുണ്ടാക്കി 30 അടി ഉയരമുള്ള മതില്‍ ചാടിയെന്നുമൊക്കെ ജനത്തെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത് അതുകൊണ്ടാകണം. അങ്ങനെ ചാടിപ്പോയവര്‍ പുതുവസ്ത്രങ്ങളും പാദരക്ഷകളുമൊക്കെ വാങ്ങി, ഏതാനും കിലോമീറ്റര്‍ അകലെയുള്ള കുന്നിന്‍ മുകളില്‍ തമ്പടിച്ചെന്നും നാട്ടുകാര്‍ വിവരമറിയച്ചത് അനുസരിച്ച് അവിടെ എത്തിയ പോലീസുകാരെ ആക്രമിച്ചെന്നും പ്രാണരക്ഷാര്‍ഥം പൊലീസുകാര്‍ വെടിയുതിര്‍ത്തപ്പോള്‍ എട്ട് പേരും ജീവന്‍ വെടിഞ്ഞുവെന്നും കഥ ചമച്ചതും ആ പരിചയത്തിന്റെ അടിസ്ഥാനത്തിലാകണം.


ഇത്തരം കൃത്യങ്ങളില്‍ പരിചയ സമ്പത്തുള്ള നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ഫോണ്‍ വിളി അകലത്തുള്ളപ്പോള്‍, അവരെ ഉപയോഗപ്പെടുത്താനുള്ള അവസരം ശിവരാജ് സിംഗ് ചൗഹാനും മധ്യപ്രദേശ് പൊലീസൂം പാഴാക്കിക്കളഞ്ഞു. അതിലിപ്പോള്‍ സ്വയം പരിതപിക്കാനേ മാര്‍ഗമുള്ളൂ. (പഴയ) ആന്ധ്രാ പ്രദേശിലെ ഹൈദരാബാദില്‍ നിന്ന് മഹാരാഷ്ട്രയിലെ ഷോലാപ്പൂരിലേക്കുള്ള ബസ്സില്‍ കയറിയിരുന്ന സുഹ്‌റാബുദ്ദീന്‍ ശൈഖിനെയും കൗസര്‍ബിയെയും തട്ടിക്കൊണ്ടുവന്ന് ഏതാനും ദിവസം അഹമ്മദാബാദില്‍ താമസിപ്പിച്ചതിന് ശേഷം സുഹ്‌റാബുദ്ദീനെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചത് എങ്ങനെ എന്ന് കറുത്ത താടിയോടും നരച്ച താടിയോടും ചോദിക്കാമായിരുന്നു. അല്ലെങ്കില്‍ ഗുജറാത്ത് പോലീസിലെ ഡി ജി വന്‍സാര (റിട്ടയേഡ്) മുതല്‍ അഭയ് ചുദസാമ വരെയുള്ള ഏതെങ്കിലും ഉദ്യോഗസ്ഥരോട് അന്വേഷിക്കാമായിരുന്നു.


ഉന്നത നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടെത്തി ലശ്കറെ ത്വയ്യിബ 'ഭീകരനാ'യിരുന്നു സുഹ്‌റാബുദ്ദീനെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുന്‍കൂട്ടി തയ്യാറാക്കി വെച്ചത് ഏത് വിധത്തിലാണ് ഏറ്റുമുട്ടല്‍ കഥയെ വിശ്വസീയമാക്കിയതെന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തമുണ്ടായിരുന്നു ശിവരാജ് സിംഗ് ചൗഹാന്. തെളിവ് നശിപ്പിക്കുന്നതില്‍ കാട്ടിയ കൈയടക്കമോ, മാതൃകാപരമാണ്. കൗസര്‍ബിയെ കൊന്ന് ചുട്ട് ചാരം പുഴയിലൊഴുക്കി. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് സാക്ഷിയായിരുന്ന തുള്‍സി റാം പ്രജാപതിയെ, അഹമ്മദാബാദിലെ കോടതിയില്‍ ഹാജരാക്കാനെന്ന പേരില്‍ രാജസ്ഥാനിലെ ജയിലില്‍ നിന്ന് കൊണ്ടുവരും വഴി ട്രെയിനില്‍ വെച്ച് വെടിവെച്ചു കൊന്നു. ഒപ്പമുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെ വെടിവെച്ചുവെന്ന ആരും വിശ്വസിക്കുന്ന കഥയും ചമച്ചു.


ഇശ്‌റത് ജഹാന്‍, ജാവീദ് ഗുലാം ശൈഖ് (പ്രാണേഷ് കുമാര്‍ പിള്ള), സീഷന്‍ ജോഹര്‍, അംജദ് അലി റാണ എന്നിവരെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ച കേസിലും ഇതേ കൈയടക്കം ഗുജറാത്ത് കാട്ടിയിട്ടുണ്ട്. നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടെത്തിയ 'ഭീകരര്‍' എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, നാലുപേരുടെ മൃതദേഹത്തിലും ചേര്‍ത്തുവെക്കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ സംഭാവന ചെയ്ത തോക്കുകള്‍ ഒക്കെയുണ്ടായിരുന്നു ഇശ്‌റത് ജഹാന്‍ കേസില്‍. ഇതേക്കുറിച്ചൊക്കെ കേട്ടുകേള്‍വിയെങ്കിലുമുണ്ടാകില്ലേ മധ്യപ്രദേശ് മുഖ്യമന്ത്രിക്കും അവിടുത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും.


2002നും 2006നുമിടയില്‍ ഗുജറാത്തില്‍ മാത്രം അരങ്ങേറിയത് മുപ്പതോളം ഏറ്റുമുട്ടലുകളായിരുന്നു. ഏതാണ്ടെല്ലാറ്റിന്റെയും പിന്നില്‍ ഒരേ ഉദ്യോഗസ്ഥരുമായിരുന്നു. രണ്ടോ മൂന്നോ കേസുകളില്‍ ചില ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി, കുറച്ചുകാലം ജയിലില്‍ കഴിയേണ്ടിവന്നുവെന്നതൊഴിച്ചാല്‍ മറ്റെന്തെങ്കിലും പ്രയാസം നേരിടേണ്ടി വന്നോ? ഇന്റലിജന്‍സ് റിപ്പോര്‍ട്ടും  ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴിമുത്തും ഉദ്ധരിച്ച് ഈ കേസുകളില്‍ പോലും പ്രതിരോധം തീര്‍ക്കാന്‍ ഇപ്പോഴും സാധിക്കുന്നില്ലേ? അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥരില്‍, മൂപ്പെത്തി വിരമിച്ചവരൊഴിച്ച് ബാക്കിയെല്ലാവരും സര്‍വീസില്‍ തിരികെ പ്രവേശിച്ച് സസുഖം വാഴുന്നില്ലേ? മാതൃകകള്‍ ഉണ്ടായിരിക്കെ, വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആളുണ്ടായിരിക്കെ ഇവ്വിധമൊരു സാഹസം വേണ്ടിയിരുന്നോ എന്നേ ചോദ്യമുള്ളൂ.


'ഏറ്റുമുട്ടലി'ല്‍ പങ്കാളികളായ ധീരരായ പൊലീസൂകാരും കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള സംഭാഷണം പുറത്തുവന്നതാണ് സംഗതി വ്യാജം തന്നെ എന്ന തോന്നല്‍ ബലപ്പെടുത്തിയത്. ഒന്നിനെയും ബാക്കിവെക്കരുത് എന്നതടക്കം നിര്‍ദേശങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും വേണ്ടത്ര ജാഗ്രത പാലിക്കാന്‍ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാറിനും അവിടുത്തെ പൊലീസിനും സാധിച്ചില്ല. മുന്‍ മാതൃകകള്‍ മനസ്സിലാക്കി പ്രവൃത്തിക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായി ഇവിടെയും എന്ന് കാണാം. 2002ല്‍ ആസൂത്രിതമായ വംശഹത്യാ ശ്രമമുണ്ടായപ്പോള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മന്ത്രിമാരെ നിയോഗിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ചെയ്തത്. കൃത്യനിര്‍വഹണം വീഴ്ചയില്ലാതെ പൂര്‍ത്തിയായതോടെ വയര്‍ലെസ് സന്ദേശങ്ങളുടെ രേഖകളൊക്കെ നശിപ്പിച്ചും മാതൃക കാട്ടി. പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരുമൊക്കെ ടെലിഫോണില്‍ സംസാരിച്ചതിന്റെ രേഖകളും വൈകാതെ നശിപ്പിച്ചു. ആ വിവരങ്ങളുള്‍ക്കൊള്ളുന്ന സി ഡി കൈവശമുണ്ടെന്ന് കരുതപ്പെടുന്ന ഐ പി എസ് ഉദ്യോഗസ്ഥനെ വിടാതെ പിന്തുടരുകയും ചെയ്തു. വയര്‍ലെസ് സന്ദേശങ്ങള്‍ നശിപ്പിക്കുന്നതിലുണ്ടായ അലംഭാവം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഫോണ്‍ വിളി രേഖകള്‍ ജീവനോടെയിരിക്കുന്നത് തടയാന്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.


നിരോധിക്കപ്പെട്ട സംഘടനയുടെ പ്രവര്‍ത്തകര്‍ എന്ന ആരോപണം, പുനെ, ചെന്നൈ, അഹമ്മദാബാദ് സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന കുറ്റപ്പെടുത്തല്‍, കവര്‍ച്ചയുള്‍പ്പെടെ മറ്റ് കേസുകള്‍ എന്നിവയാല്‍ ചുഴന്ന് ജയിലില്‍ കഴിഞ്ഞിരുന്ന എട്ട് പേരുടെ കാര്യത്തിലൊരു തീര്‍പ്പുണ്ടാക്കാന്‍  ഇതിലും ഭേദപ്പെട്ടതൊക്കെ സ്വന്തം നിലയില്‍ തന്നെ ആസൂത്രണം ചെയ്യാമായിരുന്നു. ഏറ്റുമുട്ടലിന്റെ സമയം അല്‍പ്പം വൈകിപ്പിച്ചിരുന്നുവെങ്കില്‍ കൂടി വിശ്വാസ്യത ഏറുമായിരുന്നു. കൈവിട്ട ആയുധമാണ്, അതിനെ അന്വേഷണം കൊണ്ട് തടയുകയേ ഇനി മാര്‍ഗമുള്ളൂ.


വിദഗ്‌ധോപദേശം സ്വീകരിച്ച്, പഴുതടച്ച് ചെയ്തില്ലെങ്കിലും രാജ്യത്തിന് നല്‍കേണ്ട സന്ദേശം നല്‍കാന്‍ അവസരമൊരുക്കിയ മധ്യപ്രദേശ് സര്‍ക്കാറിനെയും പൊലീസിനെയും സംഘപരിവാരം അകമഴിഞ്ഞ് അഭിനന്ദിക്കേണ്ടതാണ്. 'ഭീകരരാ'ണെങ്കില്‍ അവരെ കൊല്ലുന്നതിന് മനസ്താപം തോന്നേണ്ടതില്ലെന്ന് ജനത്തെ ധരിപ്പിച്ചതില്‍. വെടിവെച്ച് കൊന്നതിന് ശേഷം ഏറ്റുമുട്ടലായി ചിത്രീകരിച്ചതാണെങ്കില്‍ കൂടി, പൊലീസും ഭരണകൂടവും പറയുന്നത് വിശ്വസിക്കുക എന്നതാണ് ജനാധിപത്യത്തില്‍ പങ്കാളികളാകുന്ന ജനത്തിന്റെ ചുമതല എന്ന് ബോധ്യപ്പെടുത്തിയതില്‍. അനാവശ്യ സംശയം ഉന്നയിക്കുന്നതും വയര്‍ലെസ് സംഭാഷണങ്ങളുടെ റെക്കോര്‍ഡുകളോ വഴിപോക്കര്‍ പകര്‍ത്തിയ ദൃശ്യങ്ങളോ അടിസ്ഥാനമാക്കി പൊലീസിനെ കുറ്റപ്പെടുത്തുന്നതും ഒക്കെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന ധാരണ സൃഷ്ടിച്ചതില്‍ ഒക്കെ വലിയ പങ്ക് വഹിച്ചിട്ടുണ്ട് ഭോപ്പാലിലെ ഈ 'ഏറ്റുമുട്ടല്‍.'


ഇവയൊക്കെ മനസ്സിലാക്കി പ്രവര്‍ത്തിക്കാത്തവര്‍ രാജ്യ സ്‌നേഹികളാകാന്‍ തരമില്ല. 'ഭീകരരെ' വധിച്ചത് ചോദ്യം ചെയ്യുക എന്നാല്‍ രാജ്യദ്രോഹം തന്നെയാണു താനും. മനുഷ്യ ജീവനേക്കാള്‍ വിലയുണ്ട് രാജ്യത്തിന്. രാജ്യമുണ്ടെങ്കിലേ മനുഷ്യര്‍ക്ക് ഇടമുണ്ടാകൂ. മനുഷ്യരില്ലെങ്കിലും രാജ്യം നിലനില്‍ക്കും. ആകയാല്‍ രാജ്യത്തിന് പ്രഥമ പരിഗണന നല്‍കണമെന്നതില്‍ തര്‍ക്കം വേണ്ട. ഏറെ കഷ്ടപ്പെട്ട് ജയില്‍ ചാടിയവര്‍, നേരെ പോയി പുത്തന്‍ കുപ്പായവും ഷൂവും വാങ്ങി മലമുകളില്‍ കയറിയിരുന്ന് എവിടെയൊക്കെ സ്‌ഫോടനങ്ങള്‍ നടത്തണമെന്ന് ആലോചിച്ചവര്‍, രാജ്യത്തിന് അവിടെ വസിക്കുന്ന ജനങ്ങള്‍ക്ക് ഒക്കെ വരുത്താനിരുന്ന വലിയ അപകടം ഇവിടെ ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇവര്‍ക്ക് ജയിലിനകത്തും പുറത്തും സഹായം നല്‍കിയവരാരെന്ന് കണ്ടെത്തുകയാണ് ഉത്തരവാദിത്തബോധമുള്ള ഭരണകൂടത്തിന്റെ ചുമതല. അതിനു ശ്രമിക്കാന്‍ അനുവദിക്കാതെ, ഏറ്റുമുട്ടി മരിച്ചതാണോ അതോ കൊന്നതാണോ എന്ന് കണ്ടെത്തണമെന്നാണ് ന്യൂനപ്രതിപക്ഷം ആവശ്യപ്പെടുന്നത്.   ഇത്തരം സംഗതികളില്‍ എഫ് ഐ ആറും സ്വതന്ത്രാന്വേഷണവും നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ആകയാല്‍ ജനാധിപത്യത്തിലെ ഉന്നതമായ മൂല്യങ്ങളെ ഒന്നുകൂടി ഉയര്‍ത്തുക എന്ന ഉദ്ദേശ്യത്തില്‍ സംഗതി ജുഡീഷ്യലാക്കാന്‍ തന്നെ തീരുമാനിച്ചു. മാതൃകകള്‍ പിന്തുടരുന്നതില്‍ ഉണ്ടായ വലിയ വീഴ്ചയെക്കുറിച്ച് പാര്‍ട്ടി തല അന്വേഷണം വേണമെങ്കില്‍ നടത്താവുന്നതുമാണ്.

2016-10-31

ചില 'ഹിന്ദുത്വ' രീതികള്‍!


''ഈ രാജ്യം ഹിന്ദുക്കളുടേതാണെന്നും അതങ്ങനെ ആയിരിക്കുമെന്നും മനസ്സിലുണ്ടാകണം. ശിവ സേന അധികാരത്തിലെത്തിയാല്‍, അങ്ങനെ അധികാരത്തിലെത്തുന്നുവെന്ന് ആദ്യം ഉറപ്പാക്കണം, ഹിന്ദു മതത്തിലേക്കുള്ള പാത എല്ലാവരും സ്വീകരിക്കേണ്ടിവരും'' - 1987ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ശിവസേനാ നേതാവ് ബാല്‍ താക്കറെ ആവര്‍ത്തിച്ച വാക്യങ്ങളാണിവ. ബാല്‍ താക്കറെ, തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയായ മനോഹര്‍ ജോഷി, മറ്റ് പതിനൊന്ന് പേര്‍ എന്നിവര്‍ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് പ്രചാരണം നടത്തിയെന്ന് കാണിച്ച് നല്‍കിയ പരാതി പരിശോധിച്ച ബോംബെ ഹൈക്കോടതി ആരോപണം അടിസ്ഥാനമുള്ളതാണെന്ന് കണ്ടെത്തി. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും വിധത്തില്‍ ഹിന്ദുത്വയും ഹിന്ദൂയിസവും ഉയര്‍ത്തിക്കാട്ടുകയാണ് ഇവര്‍ ചെയ്തതെന്നും ആയത് കുറ്റകരമാണെന്നും ബോംബെ ഹൈക്കോടതി വിധിച്ചു.


ഈ ഉത്തരവ് ചോദ്യം ചെയ്ത് ബാല്‍ താക്കറെ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ ജെ എസ് വര്‍മ, എന്‍ പി സിംഗ്, കെ വെങ്കടസ്വാമി എന്നിവരടങ്ങുന്ന ബഞ്ച് ഹിന്ദുത്വ, ഹിന്ദുയിസം എന്നിവ സംബന്ധിച്ച തര്‍ക്ക വിധേയമായ നിര്‍വചനം മുന്നോട്ടുവെച്ചത്. ഹിന്ദുത്വ, ഹിന്ദുയിസം എന്നിവയെ ഹിന്ദു മതവുമായി നേരിട്ട് ബന്ധിപ്പിക്കാനാകില്ലെന്നും ഈ പ്രയോഗങ്ങള്‍ മതത്തെയല്ല, ജീവിത രീതിയെയാണ് (വേ ഓഫ് ലൈഫ്) പ്രതിനിധാനം ചെയ്യുന്നതെന്നുമായിരുന്നു സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വ്യാഖ്യാനം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് നേട്ടം ലാക്കാക്കി മതത്തെ ഉപയോഗിക്കുന്നതോ ദുരുപയോഗിക്കുന്നതോ തടയുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 123-ാം വകുപ്പിലെ മൂന്നാം ഉപവകുപ്പ് പ്രകാരമുള്ള കുറ്റം ബാല്‍ താക്കറെ അടക്കമുള്ളവര്‍ ചെയ്തതായി കണക്കാക്കാനാകില്ലെന്നും സുപ്രീം കോടതി വിധിച്ചു. രാമക്ഷേത്ര നിര്‍മാണം അജന്‍ഡയായെടുത്ത് എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര അരങ്ങേറുകയും 1992 ഡിസംബര്‍ ആറിന് ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെടുകയും ചെയ്തതിന് ശേഷം, 1995ലായിരുന്നു ഈ വിധി.


ഹിന്ദുത്വ, ഹിന്ദുയിസം എന്നിവ ജീവീത രീതിയാണെന്ന വ്യാഖ്യാനം ശരിയോ തെറ്റോ എന്ന തര്‍ക്കം അന്നുതന്നെ ഉയര്‍ന്നിരുന്നു. ഈ വ്യാഖ്യാനം ശരിയല്ലെന്നും എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യ പരിഗണന വിഭാവനം ചെയ്യുന്ന ഭരണഘടന നിലനില്‍ക്കുന്ന ഇന്ത്യന്‍ യൂനിയനില്‍ ഹിന്ദുത്വയും ഹിന്ദുയിസവും ജീവിതരീതിയായി നിര്‍വചിക്കുന്നത് ഭൂരിപക്ഷ മത വിഭാഗത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടുന്നവര്‍ക്ക്  അവസരങ്ങള്‍ ഒരുക്കുന്നതായി മാറുമെന്നും വാദമുയര്‍ന്നു. രാഷ്ട്രീയത്തെ മതത്തില്‍ നിന്ന് വേറിട്ടതാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍ലവാദിനെപ്പോലുള്ളവരും ഹിന്ദുത്വ നിര്‍വചനത്തില്‍ വ്യക്തത ആവശ്യപ്പെട്ട് ഒ പി ഗുപ്തയെപ്പോലുള്ളവരും സമര്‍പ്പിച്ച ഹരജി പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ അധ്യക്ഷനായ  ഏഴംഗ ബഞ്ച്, ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായ ബഞ്ച് നല്‍കിയ നിര്‍വചനം പുനഃപരിശോധിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്.


രണ്ട് ദശകം മുമ്പ് സുപ്രീം കോടതി നല്‍കിയ വ്യാഖ്യാനം ഹിന്ദുത്വ, ഹിന്ദുയിസം തുടങ്ങിയ വാക്കുകളും അതിന്റെ പരിധിയില്‍ വരുന്നതായി സംഘപരിവാരം അവകാശപ്പെടുന്ന സംഗതികളും തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുന്നതിന് അവസരമൊരുക്കിയിരുന്നു. ഇത് തുടരാന്‍ അനുവദിക്കേണ്ടതുണ്ടോ എന്ന നിര്‍ണായക സംഗതി പരിഗണിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് രാജ്യത്തെ പരമോന്നത കോടതി ചെയ്തിരിക്കുന്നത്.
രാഷ്ട്രീയ പ്രസംഗങ്ങളില്‍ മതത്തെ അടിസ്ഥാനമാക്കിയുള്ള പരാമര്‍ശങ്ങളുണ്ടാകുകയാണെങ്കില്‍, അത് പ്രത്യേകം പ്രത്യേകമായി പരിഗണിക്കണമെന്നും ഏത് സാഹചര്യത്തിലാണ് ഇവ്വിധം ഉപയോഗിച്ചത് എന്ന് പരിശോധിക്കണമെന്നുമാണ് സുപ്രീം കോടതിയുടെ നിലപാട്. രാഷ്ട്രീയ പ്രഭാഷണങ്ങളില്‍ പറയാവുന്നതിന്റെയും പറയരുതാത്തതിന്റെയും പട്ടിക തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) വകുപ്പ്, സ്ഥാനാര്‍ഥിയുടെയോ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെയോ മതത്തെയാണോ അതോ വോട്ടര്‍മാരുടെ മതത്തെയാണോ വ്യവഹരിക്കുന്നത് എന്ന് പരിശോധിക്കുകയാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കുന്നു.


ഹിന്ദുത്വക്കും ഹിന്ദുയിസത്തിനും മതവുമായി ബന്ധമില്ലെന്ന വ്യാഖ്യാനം നിലനിര്‍ത്തുകയെന്നാല്‍ ഹിന്ദുത്വ എന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ തടസ്സമില്ലെന്നാണ് അര്‍ഥം. അതങ്ങനെ നിലനിര്‍ത്തിക്കൊണ്ട് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് നടത്തുന്ന പരിശോധന പ്രഹസനത്തില്‍ അപ്പുറം ഒന്നുമാകാന്‍ ഇടയില്ല. ഹിന്ദുത്വ ജീവിത രീതിയാണെന്നത്, അക്രമോത്സുകമായ വര്‍ഗീയ അജന്‍ഡകള്‍ക്ക് മറയിടാനായി സംഘ്പരിവാരം കാലങ്ങളായി മുന്നോട്ടുവെക്കുന്ന ന്യായമാണ്. അതിനെ അംഗീകരിച്ചു കൊടുത്തുകൊണ്ട് മതത്തെ രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്നതിലെ ന്യായാന്യായങ്ങള്‍ പരിശോധിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്. അങ്ങനെ പരിശോധിച്ചാല്‍ അതില്‍ വിവേചനമുണ്ടാകാനുള്ള സാധ്യത ഏറെയുമാണ്.


ഹിന്ദുവായി ജനിച്ച് ഇപ്പോഴും അങ്ങനെ ജീവിക്കുന്ന (ആധികാരികമെന്ന് സര്‍ക്കാര്‍ കരുതുന്ന എല്ലാ രേഖകളിലും മതം എന്നതിന് ഹിന്ദു എന്നാണ് രേഖപ്പെടുത്തിയത്) എനിക്ക് ആ മതം ഏതെങ്കിലും വിധത്തിലുള്ള ജീവിത രീതി നിഷ്‌കര്‍ഷിച്ച് നല്‍കിയിട്ടില്ല. സംഘ്പരിവാരം മുന്നോട്ടുവെക്കുന്ന ഹിന്ദുത്വവും ഈ മത വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ജീവിത രീതി നിഷ്‌കര്‍ഷിക്കുന്നില്ല. ജാതി, ഭാഷ, ആചാരങ്ങള്‍ എന്ന് തുടങ്ങി വിവിധങ്ങളായ തിരിവുകള്‍ അതിരിട്ട വിഭാഗങ്ങളെയാണ് ഹിന്ദു എന്ന പൊതു വാക്കുകൊണ്ട് പ്രതിനിധാനം ചെയ്യാന്‍ ശ്രമിക്കുന്നത്. അവര്‍ക്കെല്ലാം യോജിക്കുന്ന വിധത്തിലുള്ള പൊതുരീതി ഉണ്ടാകുക എന്നത് ഏറെക്കുറെ അസാധ്യവുമാണ്.  ആകെയുള്ളത് മനുസ്മൃതിയാണ്. അതാകട്ടെ വര്‍ണവ്യവസ്ഥയെ അരക്കിട്ട് ഉറപ്പിക്കുകയും സവര്‍ണ കോയ്മ ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു. അതാണ് സംഘ്പരിവാരം മുന്നോട്ടുവെക്കുന്ന ഹിന്ദുത്വയുടെയും ഹിന്ദുയിസമെന്ന മേനി പറച്ചിലിന്റെയും ആധാരം. അതിനെയാണോ പരമോന്നത കോടതി ജീവിത രീതിയെന്ന് വിശേഷിപ്പിച്ചത്? അതിലൊരു പുനരാലോചന വേണ്ടതില്ല എന്നാണോ ഇപ്പോള്‍ സുപ്രീം കോടതിയുടെ ഏഴംഗ ബഞ്ച് കല്‍പ്പിക്കുന്നത്? ഏതെങ്കിലും വിധത്തിലുള്ള ജീവിത രീതിയായി ഹിന്ദുത്വയും ഹിന്ദുയിസവും മാറിയിട്ടുണ്ടെങ്കില്‍ തന്നെ അത് നിയമപരമെന്ന് സ്ഥാപിച്ചെടുക്കേണ്ട ഉത്തരവാദിത്തം, മതനിരപേക്ഷ ജനാധിപത്യമെന്ന ഭരണഘടനാ വ്യവസ്ഥ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട, നീതിന്യായ സംവിധാനത്തിനുണ്ടോ? അത്തരത്തിലൊരു ശ്രമമുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിച്ച് തിരുത്തുക എന്നത് പരമോന്നത കോടതിയുടെ ബാധ്യതയല്ലേ?


ഇന്ത്യന്‍വത്കരണത്തിന്റെ പര്യായമെന്ന നിലക്ക് ഹിന്ദുത്വയെ മനസ്സിലാക്കുകയും പ്രയോഗിക്കുകയും വേണമെന്നും നിലനില്‍ക്കുന്ന സംസ്‌കാരങ്ങള്‍ തമ്മിലുള്ള അന്തരം ഇല്ലാതാക്കി ഏക സംസ്‌കാരം വികസിപ്പിക്കുകയാണ് ഈ ഇന്ത്യന്‍വത്കരണമെന്നും 1995ല്‍ കോടതി പറഞ്ഞുവെച്ചിട്ടുണ്ട്. ഏക സംസ്‌കാരത്തില്‍ അധിഷ്ഠിതമായ രാഷ്ട്രമെന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ദര്‍ശനത്തിനുള്ള നിയമപരമായ അംഗീകാരമായാണ് ഹിന്ദുത്വത്തിന് കോടതി നല്‍കിയ വിശാലമായ വ്യാഖ്യാനത്തെ സംഘ്പരിവാര നേതാക്കള്‍ സ്വീകരിച്ചത്. അതങ്ങനെ നിലനില്‍ക്കുക എന്നാല്‍ ഹിന്ദു രാഷ്ട്ര സ്ഥാപനത്തിലേക്ക് നീങ്ങാന്‍ സമയമായെന്ന ആര്‍ എസ് എസ് നേതൃത്വത്തിന്റെ പ്രസ്താവനകള്‍ നിയമപരമായി സാധുവാകുകയാണെന്നാണ് അര്‍ഥം. ഹൈന്ദവ പാരമ്പര്യം അംഗീകരിക്കുന്നവരെ മാത്രമേ വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്താന്‍ അനുവദിക്കാവൂ എന്ന് സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലുള്ളവര്‍ ആഹ്വാനം ചെയ്യുന്ന കാലത്താണ് ഏക സംസ്‌കാരം വികസിപ്പിക്കാനുള്ള ഉപാധിയായി ഹിന്ദുത്വയെ ഉപയോഗിക്കണമെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കുന്നതും അത് പുനഃപരിശോധിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്യുന്നത് എന്നത് ഏഴംഗ ബഞ്ചിന്റെ നിലപാടിനെ കൂടുതല്‍ പ്രധാനമാക്കുന്നുണ്ട്.


ജനപ്രാതിനിധ്യ നിയമത്തില്‍ പറയുന്നത്, സ്ഥാനാര്‍ഥിയുടെയോ അവരെ പിന്തുണക്കുന്നവരുടെയോ മതമാണോ സമ്മതിദായകരുടെ മതമാണോ എന്ന് കോടതി തിട്ടപ്പെടുത്തിയാലും ഹിന്ദുത്വ എന്നത് അതിന് പുറത്താണ് നില്‍ക്കുക. ഹിന്ദുത്വയുടെ ഭാഗമെന്ന നിലക്ക് സംഘ്പരിവാരം മുന്നോട്ടുവെക്കുന്ന/മുന്നോട്ടുവെക്കാനിടയുള്ള വിഷയങ്ങളൊക്കെ നിയമത്തിന്റെ കണ്ണില്‍ മതബാഹ്യമായിരിക്കുമെന്ന് ചുരുക്കം. ഗോ സംരക്ഷണവും ഘര്‍വാപസിയും ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാണ്. ഗോ സംരക്ഷണത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, കോടതിയുടെ വിശദീകരണ പ്രകാരമാണെങ്കില്‍ സംസ്‌കാരങ്ങള്‍ക്കിടയിലുള്ള ഭിന്നത ഇല്ലാതാക്കി ഏക സംസ്‌കാരത്തിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഗോ സംരക്ഷണം, അതിന് വേണ്ടി നടത്തുന്ന അക്രമോത്സുകമായ പ്രവൃത്തി ഒക്കെ, അടുത്ത തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സംഘപരിവാരം ഉപയോഗിച്ചാല്‍ നിയമപരമായി ചോദ്യംചെയ്യാനാകില്ലെന്ന് ചുരുക്കം. ഘര്‍ വാപസിയുടെ കാര്യവും ഭിന്നമാകില്ല. ഹിന്ദുത്വ അജണ്ടകളോടുള്ള എതിര്‍പ്പ്, ഇന്ത്യന്‍വത്കരണത്തോടുള്ളതാണെന്ന് വ്യാഖ്യാനിച്ച് രാജ്യദ്രോഹ മുദ്ര ചാര്‍ത്തിക്കൊടുക്കാനും വഴിയുണ്ട്.


1995ല്‍ ജസ്റ്റിസ് ജെ എസ് വര്‍മയുടെ നേതൃത്വത്തിലുള്ള ബഞ്ച് ഈ വിധി പുറപ്പെടുവിച്ചപ്പോഴുണ്ടായിരുന്നതില്‍ അധികം ഭീഷണി, മതനിരപേക്ഷ സമൂഹം ഇന്ന് നേരിടുന്നുണ്ട്. രാജ്യദ്രോഹിയെന്ന് ആര്‍ത്ത്, ആക്രമിക്കാന്‍ മടികാട്ടാത്ത അഭിഭാഷകക്കൂട്ടത്തെ കണ്ടത് സുപ്രീം കോടതിയില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള കോടതിയിലാണ്. സംഘ്പരിവാരത്തിലെ ഇളമുറക്കാരുമായുണ്ടായ വാക്കേറ്റത്തിന് ശേഷം വിദ്യാര്‍ഥിയെ കാണാതായത് സുപ്രീം കോടതിയില്‍ നിന്ന് അധികം അകലെയല്ലാത്ത സര്‍വകലാശാലയിലാണ്. കോടതികളിലും വിദ്യാലയങ്ങളിലും മാത്രമല്ല അടുക്കളയിലേക്ക് വരെ സംഘ്പരിവാരത്തിന്റെ കൈകള്‍ നീളുകയും ജീവനെടുക്കാന്‍ മടി കാട്ടാതിരിക്കുകയും ചെയ്യുന്ന കാലം. അതിനെയൊക്കെ മൗനം കൊണ്ട് പിന്തുണക്കുന്ന ഭരണകൂടം രാജ്യസ്‌നേഹത്തിന്റെയും ദേശീയതയുടെയും വ്യാജ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കാലം. രാജ്യത്തെ സാമൂഹിക സാഹചര്യം നേരിടുന്ന നിര്‍ണായക പ്രതിസന്ധിയെ കാണുന്നില്ലെന്ന് നടിച്ച്, നീതിപീഠമെടുക്കുന്ന തീരുമാനങ്ങള്‍ നിയമപരമായി ശരിയായിരിക്കും, പക്ഷേ, അതൊരിക്കലും സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതായി മാറില്ല.


തെറ്റായ തീരുമാനങ്ങളെടുത്തവര്‍ പിന്നീട് പരിതപിച്ച കാഴ്ച മുമ്പുണ്ടായിട്ടുണ്ട്. പൗരാവകാശങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് അടിയന്തരവാസ്ഥക്കാലത്ത് വിധിച്ചത് തെറ്റായിപ്പോയെന്ന് ജസ്റ്റിസ് പി എന്‍ ഭഗവതിയെപ്പോലുള്ളവര്‍ പിന്നീട് പറഞ്ഞത് ഓര്‍ക്കുക. 1976ല്‍ പി എന്‍ ഭഗവതിയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ ഭൂരിപക്ഷ വിധിക്ക് വിയോജനക്കുറിപ്പെഴുതാന്‍ ജസ്റ്റിസ് എച്ച് ആര്‍ ഖന്നയെപ്പോലെ നട്ടെല്ല് വളയാത്ത ഒരാളെങ്കിലുമുണ്ടായിരുന്നു. ഇന്ന് അതുപോലും ഉണ്ടാകുന്നില്ല. ജഡ്ജി നിയമനത്തില്‍ ഇടപെടാന്‍ അവസരം നോക്കുന്ന സര്‍ക്കാറിനെ നേരില്‍ കാണുമ്പോഴും.

2016-10-21

ഗര്‍ഭമെന്ന തെറ്റും അലസലെന്ന തിരുത്തും


ഗര്‍ഭിണിയാകുന്നതിനും പ്രസവിക്കുന്നതിനുമൊക്കെ അധികാരം കൈയാളുന്ന പാര്‍ട്ടിയുമായോ മുന്നണിയുമായോ ബന്ധമുണ്ടോ? ഉണ്ടെന്ന് വേണം കരുതാന്‍. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുണ്ടായ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഈ സര്‍ക്കാര്‍, കുറച്ച് കൂടി കൃത്യമായി പറഞ്ഞാല്‍ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി, ഏറ്റെടുക്കേണ്ടതില്ലെന്നാണ് നിയമ, പട്ടികവിഭാഗക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി എ കെ ബാലന്റെ അഭിപ്രായം. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സി പി എമ്മിന്റെയോ ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന  മുന്നണിയുടെയോ രാഷ്ട്രീയ വിശദീകരണ യോഗത്തിലല്ല ഈ അഭിപ്രായ പ്രകടനം, മറിച്ച് നിയമസഭയിലാണ്. ജനങ്ങളോടുള്ള കടമ നിറവേറ്റിയിട്ടുണ്ടെന്ന് ജനപ്രതിനിധികളൊക്കെ ഉത്തരവാദിത്തത്തോടെ പറയേണ്ട നിയമസഭയില്‍.


പാലക്കാട് ജില്ലയിലെ അട്ടപ്പാടിയെന്ന, ആലപ്പുഴ ജില്ലയോളം വലുപ്പമുള്ള പ്രദേശം, ആദിവാസികള്‍ വസിക്കുന്ന പ്രദേശം എന്ന നിലക്ക് സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. അവിടെ കുടിയേറ്റം ആരംഭിച്ച കാലം മുതല്‍ ചൂഷണത്തിന് വിധേയരാകുന്ന വിഭാഗവുമാണ് അവര്‍. ആദിവാസികളുടെ ഭൂമി കുടിയേറ്റക്കാരുടെ കൈവശമായതോടെ, ഉപജീവനത്തിന് മാര്‍ഗമില്ലാതായി ഇക്കൂട്ടര്‍ക്ക്. അന്യാധീനപ്പെട്ട ഭൂമി തിരികെ നല്‍കാനാണ് ഇതേ നിയമസഭ ആദ്യം നിയമം പാസ്സാക്കിയത്. അത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങള്‍ പ്രക്ഷോഭം നടന്നു. കുടിയേറ്റക്കാരെന്ന സമ്മര്‍ദത്തെ അതിജീവിക്കാനോ അവരൊരു വോട്ടുബാങ്കാണെന്ന മിഥ്യാധാരണയെ മറികടക്കാനോ സാധിക്കാതിരുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ നിയമം നടപ്പാക്കാന്‍ തുനിഞ്ഞതേയില്ല.


ആദിവാസികളുടെ ഭൂമി കൈയേറിയ കൈയേറ്റക്കാരെ അവിടെ തുടരാന്‍ അനുവദിച്ച്, ആദിവാസികള്‍ക്ക് പകരം ഭൂമി നല്‍കാനാണ് പിന്നീട് നിയമം കൊണ്ടുവന്നത്. എ കെ ബാലന്റെ കൂടി നേതാവായിരുന്ന ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെയായിരുന്നു ഈ നിയമ നിര്‍മാണം. അതു കഴിഞ്ഞിട്ടും രണ്ട് പതിറ്റാണ്ടായി. ആദിവാസികള്‍ക്ക് ഭൂമി വിതരണം പൂര്‍ത്തിയായോ എന്ന് ചോദിച്ചാലോ ഈ സര്‍ക്കാറിന്റെ കാലത്ത് പൂര്‍ത്തിയാകുമോ എന്ന് ചോദിച്ചാലോ മന്ത്രി എ കെ ബാലന് മറുപടിയുണ്ടാകില്ല.


ഇക്കാലത്തിനിടെ ആദിവാസികളുടെ ക്ഷേമത്തിനായി ബജറ്റിലും പുറത്തും അനുവദിച്ച കോടികളിലൂടെ അവരുടെ ജീവിത നിലവാരം ഉയര്‍ത്താനായോ എന്ന് ചോദിച്ചാലും നിലവാരം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ ഈ കോടികള്‍ എങ്ങോട്ട് പോയെന്ന് ചോദിച്ചാലും ഇങ്ങനെ ചോര്‍ന്ന പണത്തിന് ഉത്തരവാദികളെ കണ്ടെത്തിയിട്ടുണ്ടോ എന്ന് ചോദിച്ചാലും എ കെ ബാലന് ഉത്തരമുണ്ടാകില്ല. അഞ്ച് മാസത്തോളം പ്രായമായ പിണറായി മന്ത്രിസഭയിലെ ഒരംഗത്തിന് ഇത്തരം ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം നല്‍കേണ്ട ബാധ്യതയുണ്ടോ എന്നും സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള കാര്യങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ പോരേ എന്നും വേണമെങ്കില്‍ തര്‍ക്കിക്കാം.
2006 മുതല്‍ 2011 വരെ അധികാരത്തിലിരുന്ന വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്തും പട്ടികവിഭാഗ ക്ഷേമം ഭരിച്ചത് ഇതേ ബാലനായിരുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ തര്‍ക്കത്തിന്റെ സാധ്യത കുറയും.


ഈ സമകാലിക ചരിത്രം ഓര്‍ത്തുകൊണ്ട് വേണം അട്ടപ്പാടിയിലെ ശിശു മരണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ നല്‍കിയ മറുപടികളെ കാണാന്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ മരിച്ചിട്ടില്ലെന്നാണ് മറുപടിയുടെ ആദ്യഭാഗം. കുഞ്ഞുങ്ങള്‍ മരിച്ചിട്ടുണ്ടെങ്കില്‍ അത് അലസിപ്പോയതാണെന്നും. സ്ഥിതിവിവരത്തില്‍ ഇത് ശരിയാകാം. എന്തുകൊണ്ട് അലസിപ്പോകുന്നു? അമ്മയുടെ ആരോഗ്യ നില ഭദ്രമല്ലാത്തതുകൊണ്ടാകാം. ഗര്‍ഭസ്ഥ ശിശുവിന്റെ അനാരോഗ്യമാകാം. ഇത് രണ്ടാണെങ്കിലും പ്രതിസ്ഥാനത്ത് ഭരണകൂടമുണ്ടെന്ന് മന്ത്രി എ കെ ബാലന്‍ മനസ്സിലാക്കണം. ഉപജീവനം മുന്നോട്ടുകൊണ്ടുപോകാന്‍ പാകത്തില്‍ ഭൂമിയോ തൊഴിലവസരമോ ഉണ്ടായിരുന്നുവെങ്കില്‍ അമ്മമാര്‍ക്ക് ആരോഗ്യമുണ്ടാകുമായിരുന്നു, അലസിപ്പോകുന്ന ഗര്‍ഭങ്ങളുടെ എണ്ണം കുറയുകയും ചെയ്യുമായിരുന്നു. ഗര്‍ഭിണികളാകുന്ന ആദിവാസി സ്ത്രീകള്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിന് എത്ര പദ്ധതികള്‍ മുന്‍കാലത്ത് ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അതൊക്കെ എവിടെച്ചെന്ന് അവസാനിച്ചുവെന്നും മന്ത്രി പരിശോധിക്കുന്നതും നന്നായിരിക്കും. ഗര്‍ഭം അലസുന്നതിന് കാരണങ്ങളിലൊന്ന് പോഷകാഹാരക്കുറവല്ലേ എന്ന് സംസ്ഥാന മെഡിക്കല്‍ സര്‍വീസില്‍ മികച്ച സേവനം നടത്തി വിരമിച്ച, സി പി എമ്മിന്റെ പഴയ നേതാവ് പി കെ കുഞ്ഞച്ചന്റെ മകള്‍, ജമീലയോട് ചോദിച്ച് ഉറപ്പിക്കാവുന്നതുമാണ്.


അലസിയത് ഈ സര്‍ക്കാറിന്റെ കാലത്താണെങ്കിലും ഗര്‍ഭമുണ്ടായത് യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണെന്നും അവരുടെ കാലത്ത് വേണ്ടത്ര ശ്രദ്ധ ആദിവാസി മേഖലകളില്‍ ഉണ്ടാകാതിരുന്നതാണ് കാരണമെന്നും പറഞ്ഞുവെക്കുകയാണ് മറുപടിയുടെ രണ്ടാം ഭാഗത്ത്. അതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന്, ശ്ലീലത്തില്‍ കുറവുണ്ടോ എന്ന് സംശയിക്കാവുന്ന വിധത്തില്‍ മറുപടി തുടരുകയും ചെയ്യുന്നു. ഈ മറുപടി കേള്‍ക്കുമ്പോള്‍ സഭക്കുള്ളിലിരുന്ന് വായപൊത്തിച്ചിരിച്ച മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ നമ്പൂതിരി ഫലിതം ആസ്വദിച്ചിട്ടുണ്ടാകാം, പക്ഷേ, ആ ദൃശ്യം നിങ്ങളെ നേതാക്കളായും ജനപ്രതിനിധികളായുമൊക്കെ നിശ്ചയിച്ച ജനങ്ങളിലുണ്ടാക്കുന്ന അവമതിപ്പിനെക്കുറിച്ച് കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും.


യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഉരുവമെടുത്തത് എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് അലസിയാല്‍ ഉത്തരവാദിത്തമില്ലെന്ന ന്യായം അംഗീകരിച്ചാല്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ തുടക്കത്തില്‍ അലസിയതൊക്കെ എ കെ ബാലന്‍ പട്ടിക വിഭാഗ വകുപ്പ് കൈകാര്യം ചെയ്തിരുന്ന എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്തായിരിക്കുമല്ലോ. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണോ കഴിഞ്ഞ അഞ്ച് വര്‍ഷം നിയമസഭയില്‍ ബാലന്‍ സംസാരിച്ചത് എന്ന് കൂടി സ്വയം പരിശോധിക്കുക, പാര്‍ട്ടി ഭാഷയില്‍ പറഞ്ഞാലൊരു സ്വയം വിമര്‍ശനം. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ശിശു മരണങ്ങള്‍ രാഷ്ട്രീയ അജണ്ടയാക്കി സന്ദര്‍ശനങ്ങള്‍ നടത്തിയതും പാര്‍ട്ടിയുടെ യുവ എം പി നിരാഹാര സമരം നടത്തിയതുമൊക്കെ മറക്കുകയും അരുത്.


കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുണ്ടായതും ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്നതുമായ ശിശു മരണങ്ങളൊക്കെ മാറിമാറി ഭരിച്ച സര്‍ക്കാറുകളുടെ ശ്രദ്ധക്കുറവിന്റെയും ഇച്ഛാശക്തിയില്ലായ്മയുടെയും ഫലമാണ്. അത് ഇനിയുണ്ടാകില്ലെന്ന് ഉറപ്പാക്കാനും ആദിവാസികളില്‍ ഭൂരഹിതരായി അവശേഷിക്കുന്നവര്‍ക്ക് ഭുമിയും അതിജീവനം സാധ്യമാക്കും വിധത്തിലുള്ള തൊഴിലവസരവും ഉറപ്പാക്കി, അനിഷ്ട സംഭവങ്ങള്‍ ഇല്ലാതാക്കാനുമാണ് എ കെ ബാലനെ പട്ടിക വിഭാഗക്ഷേമ വകുപ്പിന്റെ ചുമതലയില്‍ ഇരുത്തിയത്. അല്ലാതെ 'വെടിവട്ടം' കൂടി സ്വയം ആസ്വദിക്കാനും ഒപ്പമുള്ളവരെ ചിരിപ്പിക്കാനുമല്ല.


സ്വന്തം വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ബന്ധുക്കളെ നിയമിക്കാന്‍ ലെറ്റര്‍ പാഡില്‍ ശിപാര്‍ശക്കത്ത് നല്‍കി പുതുമാതൃക സൃഷ്ടിക്കുകയും അതുവഴി മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക് പോകുകയും ചെയ്ത ഇ പി ജയരാജന് പകരം നിയമസഭയില്‍ മുഖ്യമന്ത്രിയുടെ അടുത്ത സീറ്റ് ഉറപ്പിച്ചയാളാണ് എ കെ ബാലന്‍. മന്ത്രിസഭയിലേക്ക് സി പി എം നിയോഗിച്ച നേതാക്കളില്‍ രണ്ടാമനായെന്ന് ചുരുക്കം. ഇ പി ജയരാജനെപ്പോലെ തന്നെ സി പി എമ്മിന്റെ പരമോന്നത സമിതിയായ കേന്ദ്ര കമ്മിറ്റിയിലെ അംഗവും. ആ നിലക്കുള്ള വളര്‍ച്ച  വ്യക്തി എന്ന നിലക്കുണ്ടായില്ലെങ്കില്‍ തെറ്റായിത്തീരും. ഇപ്പോഴത്തെയൊരു കാലാവസ്ഥയനുസരിച്ച് തിരുത്താന്‍ യോഗമുണ്ടാകാന്‍ സാധ്യത ഏറെയാണ്.

2016-10-18

തെറ്റുതിരുത്തല്‍ അവലോകനം (പണം പ്രതീക്ഷിച്ച്)


പ്രശ്‌നം മാധ്യമങ്ങളുടേതാണ്. അവരങ്ങനെ എല്ലാറ്റിനെയും പൊലിപ്പിച്ച് കാട്ടുകയും ഇല്ലാത്തതൊക്കെ ഉണ്ടെന്ന് വരുത്തുകയും ചെയ്യുകയാണ്. അതൊരു വേട്ടയാടലാണ്. അതിന്റെ ഇരയാണ് താന്‍ എന്നാണ് മന്ത്രി സ്ഥാനം രാജിവെച്ച ഇ പി ജയരാജന്‍ നിയമസഭയില്‍ വിശദീകരിച്ചത്. പ്രതിപക്ഷത്തിന്റെ പക്കല്‍ നിന്ന് പണം വാങ്ങിയാണ് മാധ്യമങ്ങള്‍ തനിക്കെതിരെ രംഗത്തുവന്നതെന്നും സി പി എം കേന്ദ്ര കമ്മിറ്റി അംഗം ആരോപിക്കുന്നു.


ഇതിനേക്കാള്‍ രൂക്ഷമായാണ് കേരള സംസ്ഥാനത്തെ അഭിഭാഷകരില്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ കാര്യത്തില്‍ പ്രതികരിക്കുന്നത്. കോടതി മുറിയിലെത്തി വിവരം ശേഖരിക്കാനോ ബഞ്ചു ക്ലര്‍ക്കുമാരുടെ അടുക്കല്‍ ചെന്ന് വിവരങ്ങള്‍ കൃത്യമെന്ന് ഉറപ്പിക്കാനോ മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കില്ലെന്ന നിലപാടിലാണ് അവര്‍. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയോ സംസ്ഥാന മുഖ്യമന്ത്രിയുടെയോ ഉപദേശങ്ങളോ നിര്‍ദേശങ്ങളോ പാലിക്കാന്‍ തയ്യാറല്ലെന്ന പരോക്ഷ സന്ദേശമാണ് ഇക്കൂട്ടര്‍ നല്‍കുന്നത്. കോടതി ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും ക്രമസമാധാനം ഭഞ്ജിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഇടപെടാന്‍ മടിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയതിന് ശേഷവും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോസ്റ്റര്‍ പതിച്ച് രംഗത്തുവരാന്‍ അഭിഭാഷകര്‍ തയ്യാറായിരിക്കുന്നു.


ഇ പി ജയരാജനെപ്പോലുള്ള സി പി എം നേതാക്കള്‍ മാധ്യമങ്ങളെയോ മാധ്യമ പ്രവര്‍ത്തകരെയോ കുറ്റപ്പെടുത്തി രംഗത്തുവരുന്നതില്‍ പുതുമയില്ല. സി പി എമ്മിലെ തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്ന കാലത്ത് പിണറായി വിജയന്‍ നിരന്തരം മാധ്യമങ്ങളെ വിമര്‍ശിച്ചിരുന്നു. ഇ പി ജയരാജന്‍ തന്നെ മുഖ്യ സ്ഥാനത്തുണ്ടായ, സി പി എമ്മുമായി ബന്ധപ്പെട്ട വലിയ ആരോപണങ്ങളില്‍ ചില മാധ്യമ പ്രവര്‍ത്തകരെ പേരെടുത്ത് പറഞ്ഞായിരുന്നു പിണറായിയുടെ വിമര്‍ശം. ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും മനോവീര്യം നഷ്ടപ്പെട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധം തീര്‍ക്കുക എന്നത് പാര്‍ട്ടി സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നയാളുടെ ഉത്തരവാദിത്തമായിരുന്നു. ആ നിലക്ക് വിമര്‍ശത്തെ ന്യായീകരിക്കാന്‍ പിണറായിക്കും പാര്‍ട്ടിക്കും സാധിക്കുമായിരുന്നു. അന്നുയര്‍ന്ന ആരോപണങ്ങള്‍ ഒരു പരിധിവരെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ളതായിരുന്നു, അത് പരിഹരിക്കാനും പാര്‍ട്ടി തലത്തില്‍ നടപടിയെടുക്കാനും സി പി എം തയ്യാറാകുകയും ചെയ്തിരുന്നുവെന്നത് വിമര്‍ശിക്കാനുള്ള ചെറിയ അവകാശം അവര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.


പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ മന്ത്രിയായിരുന്ന ജയരാജന്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് ബന്ധുക്കളെ നിയമിക്കാന്‍ തീരുമാനിക്കുമ്പോള്‍ അത് സി പി എമ്മിന്റെ ആഭ്യന്തര കാര്യമല്ല. അത്തരം നിയമനങ്ങളെക്കുറിച്ചുള്ള  വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ അത് പിന്തുടരാനും അവ പൊതുസ്വത്തിന്റെ പരിപാലനത്തിന് ഏതളവില്‍ ഗുണകരമാണ് എന്ന് ആലോചിക്കാനും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. വേണ്ട യോഗ്യതയില്ലാത്തവരെയാണ് നിയമിച്ചിട്ടുള്ളത് എന്ന് വ്യക്തമാകുമ്പോള്‍ നടന്നത് സ്വജനപക്ഷപാതമാണെന്ന് തുറന്ന് പറയാന്‍ മാധ്യമങ്ങള്‍ മടിക്കേണ്ട കാര്യവുമില്ല. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്, പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായയെ ബാധിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും പാളിച്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് ചാനല്‍ ചര്‍ച്ചകളിലെത്തിയ സി പി എം നേതാക്കളുമൊക്കെ പറഞ്ഞപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തന്നെയല്ലേ മാധ്യമ പ്രവര്‍ത്തകരും മാധ്യമങ്ങളും വിശ്വസിക്കേണ്ടത്? അതിനനുസരിച്ച് വാര്‍ത്തകള്‍ നല്‍കിയാല്‍ അത് വേട്ടയാകുന്നത് എങ്ങനെ?


പന്ത്രണ്ട് ദിവസം മാധ്യമ വേട്ട അരങ്ങേറിയെന്ന് ജയരാജന്‍ പറയുന്നു. ഈ ദിവസങ്ങളില്‍ സി പി എമ്മിന്റെ ഒരു നേതാവ് പോലും ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിരുന്നില്ല. മുന്‍കാലങ്ങളില്‍ മാധ്യമങ്ങളെ വിമര്‍ശിക്കുന്നതില്‍ പിശുക്ക് കാട്ടിയിട്ടില്ലാത്ത പിണറായി വിജയന്‍ പോലും അതിന് തയ്യാറായില്ല, മാധ്യമങ്ങളില്‍ വരുന്നത് മുഴുവന്‍ ശരിയല്ലെന്ന് പറയാന്‍ പോലും പിണറായി സന്നദ്ധനായിരുന്നില്ല. ഇതിനൊക്കെ ശേഷമാണ് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയത്. തനിക്ക് പിഴവ് പറ്റിയെന്ന് സെക്രട്ടേറിയറ്റില്‍ ജയരാജന്‍ സമ്മതിച്ചുവെന്നാണ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുകയും ചെയ്തു. ഇതിനൊക്കെ ശേഷവും മാധ്യമ വേട്ടയാണ് നടന്നതെന്ന് ജയരാജന്‍ പറയുകയും പ്രതിപക്ഷത്തിന്റെ പണം പറ്റിയാണ് ഈ വേട്ട നടത്തിയത് എന്ന് ആരോപിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനമെന്താണ്? ജയരാജന്‍ പറയുന്നതാണ് വസ്തുതയെങ്കില്‍ മാധ്യമ വേട്ടക്ക് ചൂട്ടുപിടിക്കുകയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയും സഹോദരതുല്യനെന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന പിണറായി വിജയനും ചെയ്തത്. അങ്ങനെയാണോ എന്ന് വിശദീകരിക്കേണ്ട ചുമതല പാര്‍ട്ടി നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമുണ്ട്.


സ്വജനപക്ഷപാതം നടത്തിയെന്ന ആരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് തുടക്കമിടുകയും അതിന് പിറകെ ജയരാജനെക്കൊണ്ട് രാജിവെപ്പിക്കുകയും ചെയ്തത്, കേരള രാഷ്ട്രീയത്തിന് അത്രത്തോളം പരിചിതമല്ലാത്ത നടപടിയാണ്. ആരോപണമുയര്‍ന്നാല്‍ ആരോപണമുന്നയിച്ചവര്‍ തെളിവ് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ അതെന്റെ മനസ്സാക്ഷിക്ക് വിശ്വസിക്കാവതല്ല എന്ന് വിശദീകരിക്കുകയും ചെയ്ത്, ആരോപണവിധേയരെ സംരക്ഷിക്കാന്‍ തത്രപ്പെട്ട ഒരു മുഖ്യമന്ത്രിയെ കണ്ടുപരിചയമുണ്ട് കേരളത്തിന്.


കോഴ, സ്വജനപക്ഷപാതം, അനധികൃത നിയമനം എന്നിങ്ങനെ ആ സര്‍ക്കാറിന്റെ കാലത്ത് ഉയരാത്ത ആരോപണമൊന്നുമില്ല. സംഗതി ഗൗരവമുള്ളതാണെന്നും പാര്‍ട്ടിയും മുന്നണിയുമൊക്കെ ചര്‍ച്ച ചെയ്യുമെന്നും കുറ്റംചെയ്തവരുണ്ടെങ്കില്‍ വിടില്ലെന്നുമൊക്കെ ആവര്‍ത്തിച്ചയാളാണ് അന്നും ഇന്നും കെ പി സി സി പ്രസിഡന്റായിരിക്കുന്ന വി എം സുധീരന്‍. ആരോപണ വിധേയരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് വരെ അദ്ദേഹം വാദിച്ചുനോക്കി. ഒന്നും ഫലം കണ്ടില്ല. ആദര്‍ശധീരനായി തുടരുന്ന അദ്ദേഹം, കെ ബാബുവിനെതിരായ ആരോപണത്തില്‍ റെയ്ഡ് ഉള്‍പ്പെടെ പരിശോധനകള്‍ക്ക് വിജിലന്‍സ് തയ്യാറായപ്പോള്‍ അത് രാഷ്ട്രീയ പ്രേരിതമാണെന്ന പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലപാട് അംഗീകരിക്കാന്‍ തയ്യാറായി. അത്തരമൊരു നിര എതിര്‍പക്ഷത്ത് നില്‍ക്കെ, ആരോപണം പരിശോധിക്കുകയും അതില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ നടപടിയെടുക്കാന്‍ മടിക്കാത്തവരെ വിമര്‍ശിക്കുന്നതില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ല.


ആ കഴമ്പില്ലായ്മ, സാമാന്യ ബോധമുള്ള ജനത്തിന് മനസ്സിലാകുന്ന ഘട്ടത്തിലാണ് മാധ്യമ വേട്ട ആരോപിച്ച് ജയരാജന്‍ രംഗത്തുവരുന്നത്. താന്‍ പ്രവര്‍ത്തിച്ചത് രാജ്യത്തിന് വേണ്ടിയാണെന്നും അഴിമതി ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ അതൃപ്തരായ മാഫിയ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് താന്‍ പുറത്താതയെന്നും വിശദീകരിക്കുന്നത്. സി പി എമ്മിന്റെയും അത് നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെയും മേല്‍ പതിച്ച കളങ്കം, മന്ത്രിയുടെ രാജിയിലൂടെയും വിജിലന്‍സ് അന്വേഷണത്തിലൂടെയും കഴുകിക്കളയാന്‍ നടത്തിയ ശ്രമത്തെ നിഷ്ഫലമാക്കുന്നതാണ് ജയരാജന്റെ നടപടി.


പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ നടത്തിയ ഏറ്റുപറച്ചില്‍ നിയമസഭയില്‍ നടത്താന്‍ ജയരാജന് സാധിക്കില്ല. അത് ചെയ്താല്‍ സ്വജന പക്ഷപാതിത്വം കാട്ടിയെന്ന് സമ്മതിക്കലാകും. നിയമവും ചട്ടവുമനുസരിച്ചാണ് നിയമനങ്ങള്‍ നടത്തിയത്, അതിന്‍മേല്‍ സംശയമുയര്‍ന്ന സാഹചര്യത്തില്‍ രാജിവെച്ചു, അന്വേഷണത്തില്‍ നിരപരാധിത്വം തെളിയുമെന്നൊക്കെ വിശദീകരിച്ച് ഒഴിയാവുന്നതേയുള്ളൂ. അതിന് പകരം മാധ്യമ വേട്ട ആരോപിക്കുകയും അതിന് പ്രതിപക്ഷം പണം നല്‍കിയെന്ന് ആക്ഷേപിക്കുകയുമൊക്കെ ചെയ്യുമ്പോള്‍, നിലവില്‍ ശരമേല്‍ക്കാതെ നില്‍ക്കുന്ന മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ സംശയത്തിന്റെ നിഴലിലാകാനുള്ള സാധ്യത തുറന്നിടുക കൂടിയാണ് ജയരാജന്‍ ചെയ്യുന്നത്.


തെറ്റുണ്ടെങ്കില്‍ തിരുത്തും, അതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നൊക്കെ പാര്‍ട്ടിയുടെ ഉയര്‍ന്ന നേതാക്കളടക്കമുള്ളവര്‍ നേരത്തെ പറഞ്ഞിരുന്നു. അതിന് തെളിവായാണ് ജയരാജന്റെ രാജി അടക്കമുള്ള നടപടികളെ കണ്ടതും. ഇതൊക്കെ സാങ്കേതികമായ തിരുത്തലേ ആകുന്നുള്ളൂ. യഥാര്‍ഥ തിരുത്ത്, വ്യക്തികളുടെ സ്വഭാവത്തിലാണ് വരേണ്ടത്. പ്രത്യേകിച്ച് ഉയര്‍ന്ന നേതൃതലത്തില്‍ വിരാജിക്കുന്നവരുടെ. അതുണ്ടാകുന്നില്ലെങ്കില്‍ രാജി വെച്ചതുകൊണ്ടോ അന്വേഷണം നേരിട്ടതുകൊണ്ടോ പ്രത്യേകിച്ച് ഫലമൊന്നുമുണ്ടാകില്ല.


വീഴ്ചയുണ്ടായെന്ന് പാര്‍ട്ടിക്ക് മുമ്പാകെ സമ്മതിച്ച നേതാവ്, വാക്കിലും പ്രവൃത്തിയിലും തിരുത്തുള്‍ക്കൊണ്ടുവെന്ന തോന്നല്‍ ഉണ്ടാകുമ്പോഴാണ് കീഴ്ഘടകങ്ങളിലുള്ളവര്‍ക്കും അത് പാഠമാകുക. അതിന് പകരം, മാധ്യമങ്ങളുടെ പിഴയാണൊക്കെ എന്ന് വാതോതാരെ വാദിച്ചാല്‍ പാര്‍ട്ടിയെടുക്കുന്ന നടപടികളൊക്കെ രോഗലക്ഷണങ്ങള്‍ മാറുന്നതിനുള്ള ചികിത്സ മാത്രമാണെന്ന് പ്രവര്‍ത്തകരും പൊതുജനവും ധരിക്കും. അതിന് വേണ്ടിയാണല്ലോ ഇത്രയേറെ സമയവും പണവും വ്യയം ചെയ്ത് തെറ്റുതിരുത്തല്‍ രേഖകളൊക്കെ തയ്യാറാക്കി വിതരണം ചെയ്യുന്നത് എന്ന്  വിചാരിക്കുകയും ചെയ്യും.


മാധ്യമങ്ങളുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്‍വിധികളുണ്ട്. അത് അവ്വിധമാക്കിത്തീര്‍ക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് മാധ്യമങ്ങള്‍ വഹിച്ചിട്ടുമുണ്ട്. കോടതി വളപ്പില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ അടിച്ചോടിക്കാന്‍ അഭിഭാഷകര്‍ തീരുമാനിച്ചപ്പോള്‍ ആദ്യ ഘട്ടത്തില്‍ അങ്ങുമിങ്ങുമല്ലാത്ത നിലപാട് അദ്ദേഹം സ്വീകരിച്ചത് എന്ന് അഭിപ്രായമുയര്‍ന്നിരുന്നു. മാധ്യമങ്ങളുടെ മേല്‍ക്കൈ ഇല്ലാതാക്കുക എന്ന അജന്‍ഡ അദ്ദേഹത്തിനുണ്ടെന്ന തോന്നലും പ്രബലമാണ്. അതിന്റെ തുടര്‍ച്ചയാണോ ജയരാജന്റെ മാധ്യമ വിര്‍ശവുമെന്ന സംശയം ബലപ്പെടുകയാണ്. അതില്ലെന്ന് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം സി പി എമ്മിനും മുഖ്യമന്ത്രിക്കു തന്നെയുമുണ്ട്.


രാജിവെച്ചിറങ്ങിയ ജയരാജന്‍ ഇനിയങ്ങോട്ട് ലഭിക്കുന്ന പൊതുയോഗ വേദികളിലെല്ലാം ഈ വിമര്‍ശം തുടരുകയാണെങ്കില്‍, പ്രതിസ്ഥാനത്തു നില്‍ക്കു മാധ്യമങ്ങളും അതിന്റെ പ്രവര്‍ത്തകരും മാത്രമയിരിക്കില്ല, രാജിയിലേക്ക് നയിക്കും വിധത്തില്‍ പൊതുനിലപാടെടുത്ത പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവരായിരിക്കുമെന്ന് അവര്‍ ഓര്‍ക്കുന്നത് നന്നാകും.