2011-01-25

ഇലിനയുടെ റിപ്പബ്ലിക്ക്‌ (നമ്മുടെയും)



പരമാധികാര സ്ഥാനം ജനങ്ങള്‍ക്ക്‌ നല്‍കുകയും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ഭരണം നടത്തുകയും ചെയ്യുന്ന സമ്പ്രദായം പ്രാബല്യത്തിലാക്കിയിട്ട്‌ 61 വര്‍ഷം പൂര്‍ത്തിയാകുകയാണ്‌ ഇന്ന്‌. പതിവുപോലെ ആഡംബരസമൃദ്ധമായിരിക്കും ആഘോഷങ്ങള്‍. പ്രധാന പ്രതിപക്ഷമായ ബി ജെ പി കാശ്‌മീരിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തി `രാജ്യാന്തസ്സ്‌' വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. ജമ്മു കാശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന്‌ ആവര്‍ത്തിക്കുന്നതിന്റെ ഭാഗമാണ്‌ ബി ജെ പിയുടെ പതാക ഉയര്‍ത്തല്‍. ലാല്‍ ചൗക്കില്‍ സെന്‍ട്രല്‍ റിസര്‍വ്‌ പോലീസ്‌ ഫോഴ്‌സ്‌ (സി ആര്‍ പി എഫ്‌) പതാക ഉയര്‍ത്തിയാല്‍ പോര, തങ്ങള്‍ തന്നെ ഉയര്‍ത്തണമെന്ന നിര്‍ബന്ധബുദ്ധിയുണ്ട്‌ അവര്‍ക്ക്‌. 


ഉയരുന്ന പതാകയേക്കാള്‍ ഉയര്‍ത്തുന്ന കരങ്ങളിലാണ്‌ രാജ്യസ്‌നേഹത്തിന്റെ കൂറ്‌ തെളിയിക്കപ്പെടേണ്ടത്‌. കുറഞ്ഞത്‌ നാലിടത്തെ സ്‌ഫോടനങ്ങളിലെങ്കിലും തങ്ങളുടെ സഹോദര സംഘടനകള്‍ക്ക്‌ പങ്കുണ്ടെന്ന്‌ സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മത മൊഴിയോടെ സ്ഥാപിക്കപ്പെട്ട സാഹചര്യത്തില്‍ രാജ്യസ്‌നേഹത്തിന്റെ മൊത്തക്കച്ചവടം ഇപ്പോഴും തങ്ങളുടെ പക്കലാണെന്ന്‌ തെളിയിക്കേണ്ടത്‌ ബി ജെ പിയുടെ ബാധ്യതയായി മാറി. ഒപ്പം ജനശ്രദ്ധ തിരിക്കുകയും വേണം. ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിക്കുകയും അത്‌ തടയപ്പെടുകയും ചെയ്യുകയാണെങ്കില്‍, അല്ലെങ്കില്‍ അതിന്റെ പേരിലൊരു സംഘര്‍ഷമുണ്ടാകുകയാണെങ്കില്‍ യു പി എ സര്‍ക്കാറിനെയും ജമ്മു കാശ്‌മീരിലെ ഉമര്‍ അബ്‌ദുല്ല സര്‍ക്കാറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താം. അതിന്റെ ഗുണം രാജ്യവ്യാപകമായി അനുഭവിക്കുകയും ആകാം. ഇതിലപ്പുറമൊരു രാഷ്‌ട്രീയ ഉദ്ദേശ്യം ലാല്‍ ചൗക്കിലേക്കുള്ള മാര്‍ച്ചില്‍ ബി ജെ പിക്കില്ല.

കാശ്‌മീരിലെ പതാക ഉയര്‍ത്തല്‍ തടയാനും ക്രമസമാധാനപാലനം ഉറപ്പാക്കാനും നിര്‍ദേശിക്കുന്ന കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാറും മറ്റൊരു വശത്ത്‌ കപട ദേശീയ ബോധത്തിന്റെയും വ്യാജ രാജ്യസ്‌തുതിയുടെയും ഭാഗത്തുനില്‍ക്കുന്നതും കാണുന്നുണ്ട്‌. സി പി ഐ (മാവോയിസ്റ്റ്‌) യുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയ, വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷക്ക്‌ വിധിച്ച ബിനായക്‌ സെന്നിന്റെ ഭാര്യ ഇലിന സെന്നിനെതിരെ മഹാരാഷ്‌ട്ര പോലീസിലെ ഭീകരവിരുദ്ധ വിഭാഗം (എ ടി എസ്‌) കേസെടുത്തത്‌ അതുകൊണ്ടാണ്‌. പൃഥ്വിരാജ്‌ ചവാന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ - എന്‍ സി പി സര്‍ക്കാറാണ്‌ മഹാരാഷ്‌ട്ര ഭരിക്കുന്നത്‌. പോലീസ്‌ ഹാജരാക്കിയ തെളിവുകളെല്ലാം സ്വീകരിച്ച്‌ ബിനായക്‌ സെന്നിനെ ഛത്തീസ്‌ഗഢിലെ കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചത്‌ ഇതിനകം വലിയ വിമര്‍ശത്തിന്‌ കാരണമായിട്ടുണ്ട്‌. വിധിയെ വിമര്‍ശിച്ച്‌ വാര്‍ത്താ സമ്മേളനം നടത്തവെ താന്‍ ഈ രാജ്യത്ത്‌ സുരക്ഷിതയാണോ എന്നതില്‍ ഇലിന സെന്‍ പരസ്യമായി സംശയം പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ നീതിന്യായ സംവിധാനം ഇത്തരത്തിലാണ്‌ പെരുമാറുന്നതെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത്‌ അഭയം തേടുന്നതിനെക്കുറിച്ച്‌ ആലോചിക്കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന, അങ്ങനെ വിശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന രാജ്യത്താണ്‌ മധ്യവയസ്സ്‌ കഴിഞ്ഞ ഒരു സ്‌ത്രീക്ക്‌ ഇങ്ങനെ പറയേണ്ടിവരുന്നത്‌ എന്നത്‌ പ്രധാനമാണ്‌. മനുഷ്യാവകാശ പ്രവര്‍ത്തകന്‍, ആദിവാസി മേഖലയില്‍ സേവനം ചെയ്യാന്‍ തയ്യാറായ ഡോക്‌ടര്‍ എന്നീ നിലകളില്‍ ബിനായക്‌ സെന്‍ നേരത്തെ തന്നെ അറിയപ്പെട്ടിരുന്നു. രണ്ട്‌ വര്‍ഷത്തിലധികം വിചാരണത്തടവില്‍ കഴിയേണ്ടിവന്ന അദ്ദേഹത്തിന്‌ ജാമ്യം നല്‍കണമെന്ന ആവശ്യം പല കോണുകളില്‍ നിന്ന്‌ ഉയര്‍ന്നിരുന്നു. ഇതും കോടതി നടപടികളും അദ്ദേഹത്തെ കൂടുതല്‍ പ്രശസ്‌തനാക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ ഭാര്യ എന്ന നിലയിലും സാമൂഹിക പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമെന്ന നിലയിലും ഇലിനയും പ്രസിദ്ധയായിരുന്നു. സി പി ഐ (മാവോയിസ്റ്റ്‌)യെ നേരിടാന്‍ ഛത്തീസ്‌ഗഢ്‌ സര്‍ക്കാര്‍ രൂപവത്‌കരിച്ച സാല്‍വ ജുദും എന്ന സ്വകാര്യ ഗുണ്ടാപ്പടയുടെ അതിക്രമങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിലും ഏറ്റുമുട്ടലുകള്‍ക്കിടയില്‍ ദുരിതമനുഭവിക്കുന്ന ആദിവാസികളെ സഹായിക്കുന്നതിലും ഇവര്‍ മുന്നില്‍ നിന്നു. 


അതുകൊണ്ടുതന്നെ പോലീസിലെയോ ഇന്റലിജന്‍സ്‌ ബ്യൂറോയിലെയോ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ നിന്ന്‌ ഒഴിഞ്ഞ്‌ സൈ്വരമായി ഒരു ചായ കുടിക്കാന്‍ പോലും ഇവര്‍ക്ക്‌ കഴിഞ്ഞ കുറേക്കാലമായി കഴിഞ്ഞിട്ടുണ്ടാവില്ല. മാവോയിസ്റ്റുകളാണ്‌ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയെന്ന്‌ എല്ലാ വിശേഷാവസരങ്ങളിലും പതിവായി ഓര്‍മിപ്പിക്കുന്ന പ്രധാനമന്ത്രിയാണ്‌ ഭരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ മാവോയിസ്റ്റുകള്‍, അനുയായികള്‍, അനുഭാവികള്‍ എന്നിവരെല്ലാം എല്ലായ്‌പ്പോഴും നിരീക്ഷണവലയത്തിലാണ്‌. മാവോയിസ്റ്റുകള്‍ക്ക്‌ വലിയ സ്വാധീനശക്തിയില്ലാത്ത കേരളത്തെപ്പോലെയല്ല, സംസ്ഥാനത്തിന്റെ പകുതിയിലേറെ സ്ഥലത്ത്‌ ഭരണം പോലും അവര്‍ നിയന്ത്രിക്കുന്ന ഛത്തീസ്‌ഗഢ്‌. അതുകൊണ്ട്‌ അവിടെ നീരീക്ഷണ വലയം കൂടുതല്‍ ശക്തവുമാണ്‌.

ഇങ്ങനെയുള്ള ഇലിന സെന്‍ മഹാരാഷ്‌ട്രയിലെ വാര്‍ധയില്‍ സംഘടിപ്പിച്ച വനിതാ സമ്മേളനത്തില്‍ വിദേശികള്‍ പങ്കെടുത്തതാണ്‌ മഹാരാഷ്‌ട്ര പോലീസിലെ ഭീകരവിരുദ്ധ വിഭാഗത്തെ (ആന്റി ടെററിസ്റ്റ്‌ സ്‌ക്വാഡ്‌ - എ ടി എസ്‌) പ്രകോപിപ്പിച്ചത്‌. സമ്മേളനത്തില്‍ ക്ഷണമനുസരിച്ച്‌ പങ്കെടുത്തത്‌ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന്‌ ഇലിന പറയുന്നു. ഇവരില്‍ പാക്കിസ്ഥാനില്‍ നിന്നെത്തിയ സഹീദ ഹീനക്ക്‌ വിസ അനുവദിച്ചപ്പോള്‍ തന്നെ ഇളവുകളുണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെ ഇവര്‍ എത്തുന്നുവെന്ന വിവരം പോലീസിനെ അറിയിക്കേണ്ടിയിരുന്നില്ല. മറ്റ്‌ രണ്ട്‌ പേരുടെ കാര്യം പോലീസിനെ അറിയിച്ചില്ല എന്നതാണ്‌ സമ്മേളനത്തിന്റെ സംഘാടക സമിതി അംഗം എന്ന നിലയില്‍ ഇലിന ചെയ്‌ത കുറ്റമെന്ന്‌ എ ടി എസ്‌ പറയുന്നു. ശ്രീലങ്ക, ബംഗ്ലാദേശ്‌ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഒളിച്ചും പാത്തും വാര്‍ധയിലെത്തിയതല്ല. വിസക്ക്‌ അപേക്ഷിച്ച്‌, അനുവാദം ലഭിച്ച്‌ ഒക്കെ എത്തിയതാണ്‌. വിദേശ പൗരന്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ സംഘാടക സമിതി പോലീസിനെ അറിയിക്കുക എന്നത്‌ നിയമപരമായി ചെയ്യേണ്ട കാര്യമാണ്‌. അത്‌ ചെയ്‌തില്ല എന്നത്‌ നിയമപരമായ കോണില്‍ തെറ്റുമാണ്‌. പക്ഷേ, ഭീകരവിരുദ്ധ വിഭാഗം ഇടപെട്ട്‌ കേസെടുപ്പിക്കാന്‍ പാകത്തിലുള്ള ഗൗരവം അതിനുണ്ടോ എന്ന ചോദ്യം ശേഷിക്കുന്നു.

അമേരിക്കയില്‍ നിന്ന്‌ മുംബൈയിലേക്ക്‌ പല കുറി പറന്ന്‌ വേണ്ട വിവരങ്ങളെല്ലാം ശേഖരിച്ച്‌ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി കടന്നുപോകുമ്പോള്‍ ഇതേ ഭീകരവിരുദ്ധ വിഭാഗം ഇവിടെയുണ്ടായിരുന്നു. മുംബൈയില്‍ ആക്രമണത്തിന്‌ തിരഞ്ഞെടുത്ത സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ദൃശ്യങ്ങളും ശേഖരിച്ച്‌ ലശ്‌കറെ ത്വയ്യിബക്ക്‌ കൈമാറിയത്‌ താനാണെന്ന്‌ അമേരിക്കയിലെ കോടതിയില്‍ ഹെഡ്‌ലി നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പറയുന്നുണ്ട്‌. എന്നിട്ടും ഹെഡ്‌ലിയെക്കുറിച്ചൊരു പരാമര്‍ശം പോലും കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ എ ടി എസ്‌ ഉള്‍പ്പെടുത്തിയില്ല. ഹെഡ്‌ലിയുടെ കാര്യത്തിലില്ലാത്ത താത്‌പര്യം ഇലിനയുടെ കാര്യത്തില്‍ കാട്ടിയത്‌ എന്തുകൊണ്ടാകും? അമേരിക്കന്‍ പോലീസിന്റെ കസ്റ്റഡിയിലാണ്‌ ഹെഡ്‌ലി. അതുകൊണ്ട്‌ തന്നെ ആഭ്യന്തര സുരക്ഷക്ക്‌ ഇപ്പോള്‍ ഭീഷണിയല്ല. സി പി ഐ (മാവോയിസ്റ്റ്‌) യുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്തി കോടതി ജീവപര്യന്തം തടവിന്‌ വിധിച്ച ഒരാളുടെ ഭാര്യ സ്വതന്ത്രയായി വിഹരിക്കുകയും ഭര്‍ത്താവിന്റെ മോചനത്തിനു വേണ്ടി ശ്രമിക്കുകയും ചെയ്യുന്നത്‌ ആഭ്യന്തര സുരക്ഷക്ക്‌ തീര്‍ത്തും വെല്ലുവിളി തന്നെയാണ്‌. കേസെടുക്കണം, കഴിയുമെങ്കില്‍ അറസ്റ്റ്‌ ചെയ്‌ത്‌ തടവില്‍ സൂക്ഷിക്കണം.

ഇത്‌ തന്നെയാണ്‌ പരമാധികാരം ജനങ്ങള്‍ക്ക്‌ നല്‍കി പ്രതിനിധികള്‍ ഭരണം നടത്തുന്ന രീതി. പ്രതിനിധികളുടെ ഭരണം അറുപതാണ്ട്‌ പിന്നിട്ടിട്ടും അതിന്റെ ആനുകൂല്യങ്ങളൊന്നും ഇതുവരെ സിദ്ധിച്ചിട്ടില്ലാത്ത ആദിവാസി വിഭാഗങ്ങളെ തന്റെ കഴിവും അറിവും ഉപയോഗിച്ച്‌ സഹായിക്കാനെത്തിയ ഡോക്‌ടറെ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ ശിക്ഷിക്കുക. അദ്ദേഹത്തിന്‌ വേണ്ടി രംഗത്തിറങ്ങിയ ഭാര്യയെ കേസില്‍ കുടുക്കുക. ഏതെങ്കിലും പ്രത്യയശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നുവെന്നത്‌ ഒരു കുറ്റമായി കാണാനാകുമോ? ഇതേ പ്രത്യയശാസ്‌ത്രം പ്രാവര്‍ത്തികമാക്കിയ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്‌ മന്‍മോഹന്‍ സിംഗ്‌. പ്രത്യയശാസ്‌ത്രത്തിന്റെ നടപ്പാക്കലിന്‌ അക്രമത്തിന്റെ പാത തിരഞ്ഞെടുക്കുന്നത്‌ പിന്തുണക്കാവുന്ന കാര്യമല്ല. പക്ഷേ, സര്‍വസന്നാഹങ്ങളുമുപയോഗിച്ച്‌ അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നതിനെ അക്രമമായി കാണാനാകുമോ? 


മറ്റൊരു പ്രത്യയശാസ്‌ത്രത്തിന്റെ നടപ്പാക്കലിന്‌ വേണ്ടിയാണ്‌ ഇറാഖിലും അഫ്‌ഗാനിസ്ഥാനിലുമൊക്കെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം അഗ്നി വര്‍ഷിക്കുന്നത്‌. ആ അക്രമത്തിന്‌ നേതൃത്വം നല്‍കുന്നവരുമായി തോളില്‍ കൈയിട്ടു നില്‍ക്കാന്‍ മടി കാട്ടാത്തവരാണ്‌ നമ്മുടെ ഭരണകൂടം. അവിടെ ജനങ്ങള്‍ക്കാണോ പരമാധികാരം? 


ജനങ്ങള്‍ക്ക്‌ പരമാധികാരമെന്നാല്‍ അവരുടെ ഇംഗിതമെന്ന്‌ കൂടിയാണ്‌ അര്‍ഥം. ആ ഇംഗിതമെന്ത്‌ എന്ന്‌ അറിയാന്‍ ജമ്മു കാശ്‌മീരില്‍ ജനഹിത പരിശോധന വേണമെന്ന്‌ ആവശ്യപ്പെട്ടതിനാണ്‌ അരുന്ധതി റോയിക്കെതിരെ കോടതിയുടെ നിര്‍ദേശപ്രകാരം രാജ്യദ്രോഹത്തിന്‌ കേസെടുത്തത്‌. പരമാധികാരം പോയിട്ട്‌ അഭിപ്രായം തുറന്നുപറയാനുള്ള സ്വാതന്ത്ര്യം പോലും അനുവദിക്കില്ലെന്നാണ്‌ പ്രാതിനിധ്യ ഭരണകൂടത്തിന്റെ നിലപാട്‌. ഇലിനക്കും അരുന്ധതിക്കുമെതിരെ കേസെടുക്കുമ്പോള്‍ പുറം ലോകം അറിയും. ചില പ്രതിഷേധ ശബ്‌ദങ്ങളെങ്കിലും ഉയരുകയും ചെയ്യും. സി പി ഐ (മാവോയിസ്റ്റ്‌) യുമായി ബന്ധമുണ്ടെന്ന്‌ ആരോപിച്ച്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടക്കുകയോ വെടിവെച്ച്‌ കൊല്ലുകയോ ചെയ്‌ത നിരക്ഷരരായ ആദിവാസികളുടെ കാര്യത്തില്‍ ഇതൊന്നുമുണ്ടാകില്ല. അറിയപ്പെടാത്ത ആ രക്തസാക്ഷികള്‍ക്ക്‌ കൂടി വേണ്ടിയാണ്‌ രാജ്യം റിപ്പബ്ലിക്കായത്‌. അതിനെ അധികാര വര്‍ഗത്തിന്റെ സ്വന്തം റിപ്പബ്ലിക്കാക്കുകയും അതിനുമേല്‍ കയറി ഇരുന്ന്‌ വിസര്‍ജിക്കുകയുമാണ്‌ പ്രതിനിധികള്‍. അഴിമതി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം തുടങ്ങി പല ജാതി വിസര്‍ജ്യങ്ങള്‍. ഈ സ്ഥാനത്തേക്ക്‌ തിരിച്ചെത്താന്‍ മറ്റു ചിലരുടെ രാജ്യസ്‌നേഹ പ്രകടനങ്ങളും. അതിനെല്ലാം മറയിട്ടാണ്‌ ആഘോഷമായ പരേഡുകള്‍ നടക്കുക. സേനാ ഹെലിക്കോപ്‌റ്ററുകള്‍ പുഷ്‌പവൃഷ്‌ടി നടത്തുക. രാജ്യത്തിന്റെ വലിപ്പത്തെക്കുറിച്ച്‌ നമ്മെ തെറ്റിദ്ധരിപ്പിക്കുക. ഇലിനയെപ്പോലെ, അനുഭവത്തിന്റെ ചൂടുള്ളവര്‍ തിരിച്ചറിയുന്നത്‌ കാപട്യമായിരിക്കും.

2011-01-20

നിണത്തില്‍ നീരാടി റിപ്പബ്ലിക്ക്‌



ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നര്‍മബോധം ആരെയും അസൂയപ്പെടുത്തുന്നതാണ്‌. സി പി ഐ (മാവോയിസ്റ്റ്‌) നേതാവ്‌ ആസാദിനെയും (ചേറുകുരി രാജ്‌കുമാര്‍) മാധ്യമ പ്രവര്‍ത്തകനായ ഹേമചന്ദ്ര പാണ്ഡെയെയും കൊലപ്പെടുത്തിയതിനെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ്‌ നര്‍മബോധത്തിന്റെ ഏറ്റവും പുതിയ തിരനോട്ടമുണ്ടായത്‌. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കൈകളില്‍ സ്വന്തം മക്കളുടെ ചോരക്കറ പുരണ്ടിട്ടില്ലെന്ന്‌ പ്രതീക്ഷിക്കുന്നുവെന്നാണ്‌ ജസ്റ്റിസുമാരായ അഫ്‌താബ്‌ ആലം നിരീക്ഷിച്ചത്‌. ജസ്റ്റിസ്‌ അഫ്‌താബ്‌ ആലത്തിനൊപ്പം ജസ്റ്റിസ്‌ ആര്‍ എം ലോധയും ചേരുന്ന ബഞ്ചാണ്‌ ഹരജി പരിഗണിക്കുന്നത്‌.

മഹാരാഷ്‌ട്രയോട്‌ ചേര്‍ന്നു കിടക്കുന്ന ആന്ധ്രാ പ്രദേശിലെ ആദിലാബാദ്‌ ജില്ലയിലെ വനപ്രദേശത്തുവെച്ചുണ്ടായ ഏറ്റുമുട്ടലില്‍ ആസാദിനെയും പാണ്ഡെയെയും കൊലപ്പെടുത്തിയെന്നാണ്‌ പോലീസിന്റെ അവകാശവാദം. സി പി ഐ (മാവോയിസ്റ്റ്‌) യുടെ വലിയ സംഘം വനമേഖലയില്‍ തമ്പടിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ സ്ഥലത്തെത്തിയ പോലീസ്‌ സംഘത്തിനു നേര്‍ക്ക്‌ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തുവെന്നും പ്രത്യാക്രമണത്തില്‍ ആസാദും പാണ്ഡെയും കൊല്ലപ്പെട്ടുവെന്നും പറയുന്നു. പിറ്റേന്ന്‌ പത്രങ്ങളിലെല്ലാം വെടിയേറ്റ്‌ മരിച്ചുകിടക്കുന്ന ഇവരുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. സാധാരണ ഷര്‍ട്ടും പാന്റ്‌സും ധരിച്ച നിലയിലായിരുന്നു ആസാദ്‌. വെടിയേറ്റ പരുക്കുകളൊഴിച്ചാല്‍ ഏറ്റുമുട്ടല്‍ നടന്നതിന്റെ ഒരു ലക്ഷണവും ശരീരത്തിലുണ്ടായിരുന്നില്ല. ഏറെ അടുത്തുനിന്നാണ്‌ രണ്ട്‌ പേര്‍ക്കും നേര്‍ക്ക്‌ വെടിയുതിര്‍ത്തതെന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. ഏറ്റുമുട്ടല്‍ നടന്നുവെന്ന പോലീസിന്റെ അവകാശവാദം സംശയത്തിന്റെ കാര്‍മേഘത്തിനുള്ളിലാണ്‌. ഈ കൊലയെക്കുറിച്ച്‌ സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളുടെ വിശദീകരണം തേടിയ കോടതി നിരവധി ചോദ്യങ്ങള്‍ക്ക്‌ അവര്‍ ഉത്തരം പറയേണ്ടിവരുമെന്ന മുന്നറിയിപ്പ്‌ നല്‍കിയിട്ടുമുണ്ട്‌.

ഒറ്റനോട്ടത്തില്‍ നീതിന്യായ സംവിധാനത്തിന്റെ നിരീക്ഷണങ്ങളും മുന്നറിയിപ്പുകളും മനുഷ്യാവകാശങ്ങളെക്കുറിച്ച്‌ ആകുലപ്പെടുന്നവരെ സന്തോഷിപ്പിക്കുന്നതാണ്‌. പക്ഷേ, ഇതിനെ നീതിന്യായ വ്യവസ്ഥയുടെ നര്‍മബോധത്തിന്റെ പ്രതിഫലനമായി കാണാനാണ്‌ സമകാലീന ചരിത്രം പ്രേരിപ്പിക്കുന്നത്‌. `ഏറ്റുമുട്ടല്‍ കൊല' എന്ന കലാവിരുന്ന്‌ നമ്മുടെ ഭരണകൂടം നടപ്പാക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. അതിന്‌ ഇരകളായവരുടെ ബന്ധുക്കള്‍ നീതി തേടി കോടതികള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ടും കാലങ്ങളായി. അപൂര്‍വം ചില കേസുകളില്‍ നീതി നടപ്പാക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഭൂരിഭാഗം കേസുകളിലും നിയമയുദ്ധം മടുത്ത്‌ ഇരകളുടെ ബന്ധുക്കള്‍ പിന്‍വാങ്ങുകയാണ്‌ പതിവ്‌. ധീരദേശാഭിമാനി ഭഗത്‌ സിംഗിന്റെ മരുമകള്‍ സുര്‍ജിത്‌ കൗര്‍ 21 വര്‍ഷമായി നിയമയുദ്ധം തുടരുന്നതിന്റെ റിപ്പോര്‍ട്ട്‌ അടുത്തിടെ പുറത്തുവന്നു. ഖാലിസ്ഥാന്‍ വാദവുമായി ബന്ധമുണ്ടെന്ന്‌ ആരോപിച്ച്‌ പോലീസ്‌ പിടിച്ചുകൊണ്ടുപോയതിനു ശേഷം കാണാതായ ബന്ധുവിന്റെ കേസിലാണ്‌ സുര്‍ജിത്‌ യുദ്ധം തുടരുന്നത്‌. ഇത്തരത്തില്‍ എത്ര കേസുകള്‍ പഞ്ചാബിലുണ്ടായിട്ടുണ്ട്‌. 


കെ പി എസ്‌ ഗില്ല്‌, ഡി ജി പിയായിരിക്കെ പഞ്ചാബില്‍ നടന്ന `ഏറ്റുമുട്ടല്‍ കൊല'കള്‍ കുപ്രസിദ്ധമാണ്‌. കെ പി എസ്‌ ഗില്ലിന്‌ എന്തെങ്കിലും ദോഷം ഇതുമൂലമുണ്ടായതായി അറിവില്ല. ഈ അരുംകൊലകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ അക്ഷീണം പ്രയത്‌നിച്ചയാള്‍ തോക്കിന്‌ ഇരയായപ്പോഴും ആര്‍ക്കും ഒരു പ്രയാസവുമുണ്ടായില്ല. ഇവിടെയൊന്നും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കൈകളില്‍ സ്വന്തം മക്കളുടെ രക്തക്കറ പുരണ്ടിട്ടില്ലെന്ന്‌ പ്രതീക്ഷിക്കാം!

ഭരണാധികാരം കൈയാളുന്നവരോ അധികാരത്തിന്റെ അരികുചേര്‍ന്ന്‌ നില്‍ക്കുന്നവരോ അധികാരത്തിന്റെ പ്രതിപുരുഷ സ്ഥാനത്തുള്ള പോലീസ്‌, സൈന്യം എന്നിവയോ ജനങ്ങളെ കൊലപ്പെടുത്തുമ്പോഴാണ്‌ റിപ്പബ്ലിക്കിന്റെ കൈകളില്‍ കറ പുരളുന്നത്‌. 1984ല്‍ സുപ്രീം കോടതിയുടെ ചുറ്റിലും ആയിരക്കണക്കിന്‌ സിഖുകാരുടെ ജീവന്‍ ചുട്ടെരിഞ്ഞപ്പോള്‍ അതിന്‌ എല്ലാ ഒത്താശയും ഭരണകൂടത്തില്‍ നിന്നുണ്ടായിരുന്നു. പോലീസും സൈന്യവും കൊള്ളിവെപ്പിന്‌ മൗനാനുവാദം നല്‍കി മാറിനിന്നു. ഇതുമായി ബന്ധപ്പെട്ട എത്ര കേസുകളില്‍ കുറ്റവാളികള്‍ നിയമത്തിന്‌ മുന്നിലെത്തി? ഇവിടെ റിപ്പബ്ലിക്കിന്റെ കൈയില്‍ ചോരയുടെ കറ പറ്റിയിരുന്നില്ലേ? സജ്ജന്‍ കുമാറിനെപ്പോലുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപണവിധേയരായ ചില കേസുകളെങ്കിലും ഇപ്പോഴും സജീവമായി നില്‍ക്കുന്നത്‌ കോടതികളുടെ ഇടപെടല്‍ കൊണ്ടാണെന്നത്‌ മറക്കുന്നില്ല. പക്ഷേ, കൊല ചെയ്യപ്പെട്ട നിരപരാധികളുടെ ബന്ധുക്കള്‍, കൂട്ടബലാത്സംഗത്തിന്‌ ഇരയായ സ്‌ത്രീകള്‍, ആക്രമണത്തിന്റെ മുറിവും പേറി ജീവച്ഛവമായി തുടരുന്നവര്‍, ഇവര്‍ക്കൊന്നും നീതി ലഭ്യമാക്കാന്‍ സാധിക്കാത്ത നീതിന്യായ സംവിധാനം റിപ്പബ്ലിക്കിന്റെ കൈയിലെ ചോരയെക്കുറിച്ച്‌ ഉറക്കെ ചിന്തിക്കുമ്പോള്‍ അതിനെ നര്‍മബോധമല്ലാതെ മറ്റെന്തായാണ്‌ കാണുക.

2002ലെ ഗുജറാത്ത്‌ വംശഹത്യ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന `ഏറ്റുമുട്ടല്‍ കൊലകള്‍', പാക്കിസ്ഥാനില്‍ നിന്ന്‌ നുഴഞ്ഞുകയറിയ തീവ്രവാദികളെന്ന്‌ ആരോപിച്ച്‌ ജമ്മു കാശ്‌മീരില്‍ സൈനികര്‍ നടത്തിയ കൊലകള്‍, ഉത്തരാഖണ്ഡ്‌, ഉത്തര്‍ പ്രദേശ്‌ എന്നിവിടങ്ങളിലെല്ലാം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട വ്യാജ ഏറ്റുമുട്ടലുകള്‍ അങ്ങനെ പട്ടിക നീളുകയാണ്‌. ഗുജറാത്തിലെയും മഹാരാഷ്‌ട്രയിലെയും ആന്ധ്രാ പ്രദേശിലെയും ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി ഇല്ലാതാക്കിയ സുഹ്‌റാബുദ്ദീന്‍ ശൈഖ്‌, തുള്‍സി റാം പ്രജാപതി, ജാവീദ്‌ ഗുലാം ശൈഖ്‌, ഇശ്‌റത്ത്‌ ജഹാന്‍ എന്നിങ്ങനെയുള്ള പട്ടിക വേറെയും. മാവോയിസ്റ്റുകളെ നേരിടാനെന്ന പേരില്‍ സാല്‍വ ജുദും എന്ന സ്വകാര്യ ഗുണ്ടാപ്പട രൂപവത്‌കരിച്ച്‌ അവര്‍ക്ക്‌ ആയുധവും പരീശീലനവും നല്‍കി പരസ്‌പരം കൊല്ലിച്ചതിന്റെ കഥകള്‍ വേറെ. മാവോയിസ്റ്റുകളെന്ന്‌ ആരോപിച്ച്‌ 12 ആദിവാസികളെ നിര്‍ദയം കൊന്ന്‌ തള്ളിയതിന്റെ കേസ്‌ ഇപ്പോഴും സുപ്രീം കോടതിക്ക്‌ മുന്നിലുണ്ട്‌. ഈ കേസ്‌ പരിഗണിച്ചപ്പോഴാണ്‌ സാല്‍വാ ജുദൂമിനെക്കുറിച്ചും അതിന്‌ സര്‍ക്കാറുമായുള്ള ബന്ധത്തെക്കുറിച്ചും കോടതി ചോദിച്ചത്‌. സ്വന്തം മക്കളുടെ ചോരയുടെ കറ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കൈയില്‍ പുരണ്ടിട്ടുണ്ടോ എന്ന സംശയം അസ്ഥാനത്താണ്‌, റിപ്പബ്ലിക്ക്‌ മക്കളുടെ ചോരയില്‍ കുളിച്ചുനില്‍ക്കുകയാണ്‌. 


ഈ സമകാലിക സംഭവങ്ങള്‍ നീതിന്യായ സംവിധാനത്തിന്റെ ശ്രദ്ധയില്‍പ്പെട്ടവയാണ്‌. ചില കേസുകളിലെങ്കിലും കോടതിയുടെ ഇടപെടലുകള്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമായെന്നതും ശരിയാണ്‌. എന്നാല്‍ എത്ര കേസുകളില്‍ നീതി നടപ്പായി? നിയമവാഴ്‌ച ഉറപ്പാക്കേണ്ടവര്‍ കൊലക്കത്തി പായിക്കുന്നവരായി മാറിയപ്പോള്‍ അതില്‍ എത്രപേരെ ശിക്ഷിക്കാന്‍ സാധിച്ചു? ഇത്തരം ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നതിന്‌ പകരം തട്ടുപൊളിപ്പന്‍ സിനിമകളിലെ സംഭാഷണങ്ങളെ അനുകരിക്കും വിധത്തില്‍ സംസാരിക്കുമ്പോള്‍ അതിനെ നര്‍മ ബോധമെന്നല്ലാതെ മറ്റെങ്ങനെയാണ്‌ വിശേഷിപ്പിക്കുക!

ഡല്‍ഹി ബട്‌ല ഹൗസിലുണ്ടായ `ഏറ്റുമുട്ടലിനെ'ക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി സുപ്രീം കോടതി തീര്‍പ്പാക്കിയിട്ട്‌ വര്‍ഷം രണ്ടാകുന്നതേയുള്ളൂ. രണ്ട്‌ യുവാക്കളാണ്‌ ബട്‌ല ഹൗസില്‍ കൊല്ലപ്പെട്ടത്‌. ഡല്‍ഹി പോലീസിലെ ഇന്‍സ്‌പെക്‌ടറും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലാണ്‌ നടന്നത്‌ എന്ന പോലീസിന്റെ അവകാശവാദം ചോദ്യം ചെയ്യപ്പെട്ടു. പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസ്‌ വാദത്തെ സഹായിക്കുന്നതായിരുന്നില്ല. എങ്കിലും ബട്‌ല ഹൗസ്‌ ഏറ്റുമുട്ടലിനെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നത്‌ പോലീസിന്റെ മനോവീര്യം കെടുത്തുമെന്നാണ്‌ ഹരജിയില്‍ തീര്‍പ്പുകല്‍പ്പിച്ച്‌ സുപ്രീം കോടതി പറഞ്ഞത്‌. സ്വന്തം മക്കളുടെ ചോരയുടെ കറ റിപ്പബ്ലിക്കിന്റെ കൈയില്‍ പുരണ്ടിട്ടില്ലെന്ന്‌ പ്രതീക്ഷിക്കുന്നുവെന്ന നിരീക്ഷണമൊന്നും അന്നുണ്ടായില്ല. 


ഭീകരവാദികളെന്ന്‌ ആരോപിക്കപ്പെടുന്ന രണ്ട്‌ പേരും ഒരു പോലീസ്‌ ഇന്‍സ്‌പെക്‌ടറും കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്‌ രാജ്യദ്രോഹമാണെന്ന്‌ കോടതി കരുതിയിട്ടുണ്ടാകുമോ? ഉണ്ടാകാനാണ്‌ സാധ്യത. അത്രത്തോളം വൈകാരികവത്‌കരിക്കപ്പെട്ടിരിക്കുന്നു രാജ്യസ്‌നേഹമെന്ന വാക്ക്‌. അതിനെ മറികടക്കാന്‍ സുപ്രീം കോടതിയിലെ ജഡ്‌ജിമാര്‍ക്ക്‌ പോലും സാധിച്ചിട്ടുണ്ടാവില്ല.
മാവോയിസ്റ്റുകളാണ്‌ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയെന്നാണ്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും സഹപ്രവര്‍ത്തകരും ആവര്‍ത്തിക്കുന്നത്‌. ഭീകരവാദ സംഘടനകളുടെ പട്ടികയില്‍പ്പെടുത്തി സി പി ഐ (മാവോയിസ്റ്റ്‌) എന്ന സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്‌. കുഴിബോംബുകള്‍ ഉപയോഗിച്ച്‌ നടത്തിയ ആക്രമണത്തിലൂടെ കഴിഞ്ഞ വര്‍ഷം സി ആര്‍ പി എഫിലെ മാത്രം നൂറോളം സൈനികരെ മാവോയിസ്റ്റുകള്‍ വധിച്ചിട്ടുമുണ്ട്‌. എന്നിട്ടും ആസാദിന്റെയും ഹേമചന്ദ്ര പാണ്ഡെയുടെയും കൊലപാതകത്തില്‍ ചെറിയ ഉത്‌കണ്‌ഠ സുപ്രീം കോടതി പ്രകടിപ്പിക്കുന്നുണ്ട്‌. എന്തായാലും നല്ലത്‌. ഒരു കേസിലെങ്കിലും സത്യം പുറത്തുവരാന്‍ കോടതിയുടെ ഇടപെടല്‍ സഹായിച്ചേക്കുമല്ലോ.

റിപ്പബ്ലിക്കിന്റെ കൈകളില്‍പ്പറ്റിയ കറകളുടെ മറ്റ്‌ തെളിവുകളാണ്‌ മക്ക മസ്‌ജിദ്‌ സ്‌ഫോടനക്കേസില്‍ ഇപ്പോള്‍ ജാമ്യം ലഭിച്ച അബ്‌ദുല്‍ കലീമും മലേഗാവ്‌ സ്‌ഫോടനക്കേസില്‍ ആരോപണവിധേയരായി ജയിലില്‍ കഴിയുന്നവരും. സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മത മൊഴി അനുസരിച്ചാണെങ്കില്‍ ഈ സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ കാവി ഭീകര സംഘങ്ങളാണ്‌. അത്‌ വസ്‌തുതയാണെങ്കില്‍ ഈ യുവാക്കളെ ഇത്രയും കാലം ജയിലില്‍ അടച്ചത്‌ റിപ്പബ്ലിക്കിന്റെ കൈകളില്‍ പറ്റിയ കറയാണ്‌.

ഭീകരാക്രമണക്കേസില്‍ ആരോപണവിധേയരാക്കിയതോടെ ഇവരുടെയും കുടുംബങ്ങളുടെയും ജീവിതം ദുരിതപൂര്‍ണമായതിന്റെ ഉത്തരവാദിത്വവും ഭരണകൂടത്തിനുണ്ട്‌. കേസില്‍പ്പെടുത്തുകയും ബലപ്രയോഗത്തിലൂടെ കുറ്റം സമ്മതിപ്പിക്കുകയും ചെയ്‌ത പോലീസ്‌ ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിരിക്കുന്നു. ഈ കറ നീക്കാന്‍ എന്താണ്‌ ചെയ്യുക? കേസില്‍ തെറ്റായി ഉള്‍പ്പെടുത്തിയതുകൊണ്ട്‌ നിരവധി വര്‍ഷം വിചാരണത്തടവില്‍ കഴിയേണ്ടിവന്നവര്‍ക്ക്‌ പുതിയ ജീവിതം തുടങ്ങാന്‍ പാകത്തില്‍ സഹായമൊന്നും ചെയ്യുന്ന പതിവ്‌ നമ്മുടെ ഭരണകൂടത്തിനില്ല. വിചാരണത്തടവുകാരായി കഴിഞ്ഞ കാലത്ത്‌ ജയിലില്‍ നല്ല ഭക്ഷണവും വസ്‌ത്രവും കിടക്കാന്‍ ഇടവും നല്‍കിയില്ലേ, അതിനുള്ള ചെലവ്‌ തങ്ങള്‍ വഹിച്ചില്ലേ എന്ന മറുചോദ്യമുന്നയിക്കും വിധത്തിലാണ്‌ ഇക്കാര്യത്തെ ഭരണകൂടം സമീപിക്കുന്നത്‌.
റിപ്പബ്ലിക്കിന്റെ കൈകളുടെ സംശുദ്ധിയെക്കുറിച്ച്‌ സംശയങ്ങള്‍ പ്രകടിപ്പിക്കുന്ന നീതിന്യായ സംവിധാനം ഈ നിര്‍ഭാഗ്യവാന്‍മാരെക്കുറിച്ച്‌ കൂടി ചിന്തിക്കേണ്ടതുണ്ട്‌. മനഃപൂര്‍വം കേസുകളില്‍ കുടുക്കി ജയിലില്‍ അടച്ച്‌ പീഡിപ്പിക്കാന്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക്‌ ശിക്ഷ ഉറപ്പാക്കുകയും വേണം. ഇതൊന്നും നടക്കുന്നില്ലെങ്കില്‍, നടക്കാനുള്ള സാധ്യത തുലോം കുറവാണെന്ന്‌ അനുഭവസാക്ഷ്യം, മുന്‍ചൊന്ന നിരീക്ഷണത്തിലെ നര്‍മ ബോധത്തിന്‌ കറുപ്പ്‌ നിറത്തിന്റെ അകമ്പടി കൂടിയുണ്ടാവും. 

2011-01-19

ചില പെട്രോള്‍ കാര്യങ്ങള്‍



ലിറ്ററിന്‌ 1.22 രൂപ നഷ്‌ടത്തിലാണ്‌ ഇപ്പോഴും പെട്രോള്‍ വില്‍ക്കുന്നത്‌ എന്ന്‌ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിലപിക്കുന്നു. ഒരു മാസത്തിനിടെ രണ്ട്‌ തവണയായി ലിറ്ററിന്‌ ആറ്‌ രൂപയോളം പെട്രോള്‍ വില വര്‍ധിപ്പിച്ചതിന്‌ ശേഷമാണ്‌ ഈ നിലവിളി. പെട്രോളിന്റെ വില അന്താരാഷ്‌ട്ര വിപണിയിലെ വിലക്ക്‌ ആനുപാതികമായി നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക്‌ വിട്ടുകൊടുത്തതിനു ശേഷം അഞ്ചാം തവണയാണ്‌ വില വര്‍ധിപ്പിക്കുന്നത്‌. ഡീസല്‍, പാചക വാതകം, മണ്ണെണ്ണ എന്നിവയുടെ വിലയിന്‍മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം തുടരുന്നുണ്ട്‌. ഇത്‌ കൂടി ഇല്ലാതാക്കണമെന്നാണ്‌ അംബാനി സഹോദരന്‍മാരുടെ അടുത്ത സുഹൃത്തായ പെട്രോളിയം മന്ത്രി മുരളി ദേവ്‌റയുടെ ആഗ്രഹം. പെട്രോളിയം ഉത്‌പന്നങ്ങളുടെ ചില്ലറ വില്‍പ്പനയില്‍ പ്രവേശിച്ച സ്വകാര്യ കമ്പനികളിലൊന്ന്‌ റിലയന്‍സാണ്‌. പെട്രോളിയം മന്ത്രിയുടെ പ്രകടനത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ സന്തുഷ്‌ടനല്ലെന്നും വകുപ്പ്‌ മറ്റാരെയെങ്കിലും ഏല്‍പ്പിക്കുമെന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍. ഡീസലിന്റെയും പാചകവാതകത്തിന്റെയും കൂടി വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക്‌ വിട്ടുകൊടുത്തില്ല എന്നതാകണം പ്രധാനമന്ത്രിയുടെ അപ്രീതിക്ക്‌ മുഖ്യകാരണം. അത്‌ കൂടി വിട്ടുകൊടുത്താലല്ലേ റിലയന്‍സിനും ഷെല്ലിനും അവരുടെ ചില്ലറ വില്‍പ്പന കുറേക്കൂടി ഭംഗിയായി നടത്തിക്കൊണ്ടുപോകാന്‍ സാധിക്കൂ.!

ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കമ്പോളത്തിന്‌ വിട്ടുകൊടുത്താല്‍ അത്‌ വിലക്കയറ്റം രൂക്ഷമാക്കുമെന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഭയന്നിരുന്നത്‌. അത്‌ ഏറെക്കുറെ ശരിയാണ്‌ താനും. പൊതു ഗതാഗത, ചരക്ക്‌ കടത്ത്‌ മേഖലകളിലെ വാഹനങ്ങള്‍ പ്രധാനമായും ഡീസല്‍ ഇന്ധനമായവയാണ്‌. ഡീസലിന്റെ വില അന്താരാഷ്‌ട്ര വിപണിക്ക്‌ ആനുപാതികമായി വര്‍ധിച്ചാല്‍ ചരക്ക്‌ നീക്കത്തിന്‌ ചെലവേറും. പൊതു ഗതാഗത സംവിധാനങ്ങളും നിരക്ക്‌ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാകും. അത്‌ വിലക്കയറ്റത്തിനും അതുവഴി പണപ്പെരുപ്പത്തിനും വഴിവെക്കും. പെട്രോള്‍ വില വര്‍ധിച്ചാല്‍ ഇങ്ങനെയൊരു സ്ഥിതിവിശേഷമുണ്ടാകില്ലെന്നാണ്‌ കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തല്‍. പെട്രോള്‍ ഉപയോഗിക്കുന്നത്‌ ഇരുചക്ര വാഹനങ്ങളോ കാറോ സ്വന്തമായുള്ളവരാണ്‌. ദാരിദ്ര്യ രേഖക്ക്‌ മുകളിലുള്ളവരും സാമ്പത്തികമായി ഉയര്‍ന്ന ശ്രേണിയിലുള്ളവരും. അവര്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരുന്നത്‌ സാധാരണക്കാരെ ബാധിക്കുന്നതല്ലെന്നും വാദമുണ്ട്‌. എന്നാല്‍ ഇത്‌ എത്രത്തോളം ശരിയാണ്‌ എന്നത്‌ തര്‍ക്ക പ്രശ്‌നമാണ്‌. 


വന്‍തോതിലുള്ള ചരക്ക്‌ നീക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വാദം ശരിയാണ്‌. അതായത്‌ ഉത്‌പാദന കേന്ദ്രത്തില്‍ നിന്നുള്ള ചരക്ക്‌ നീക്കം ഇത്തരത്തില്‍ നടക്കും. വൈദ്യുതിയോ ഡീസലോ ഇന്ധനമായ ട്രെയിനിലോ ഡീസല്‍ ഇന്ധനമായ ട്രക്കുകളിലോ ചരക്ക്‌ നീക്കം സാധ്യമാണ്‌. ഈ ചരക്ക്‌ നീക്കം നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള സംഭരണശാലകളിലേക്കാകും. അവിടെ നിന്ന്‌ ഗ്രാമങ്ങളിലേക്കുള്ള കടത്ത്‌ ഡീസല്‍ ഇന്ധനമായ വാഹനങ്ങളെ ആശ്രയിച്ചുള്ളതാകണമെന്നില്ല. അതായത്‌ പെട്രോള്‍ വില വര്‍ധിക്കുന്നത്‌ മൂലം വിലക്കയറ്റം നേരിടേണ്ടിവരുന്നത്‌ ഗ്രാമങ്ങളിലെ ഉപഭോക്താക്കളാണ്‌. നഗരങ്ങള്‍ താരതമ്യേന വാങ്ങല്‍ശേഷി കൂടിയ ആളുകളുടെ സംഗമ സ്ഥാനമാണ്‌. ഗ്രാമങ്ങള്‍ മറിച്ചും. അവിടെ ഉത്‌പാദിപ്പിക്കുന്ന വസ്‌തുക്കള്‍ക്ക്‌ പലപ്പോഴും ന്യായ വില ലഭിക്കില്ല. അവിടേക്ക്‌ എത്തുന്ന ഉത്‌പന്നങ്ങള്‍ക്ക്‌ അധിക വില നല്‍കേണ്ടിയും വരും. വിലക്കയറ്റം സൃഷ്‌ടിക്കാതെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ബാധ്യതാഭാരം കുറക്കുകയാണ്‌ കേന്ദ്ര സര്‍ക്കാറെന്ന വാദം ഇവിടെ അപ്രസക്തമാണെന്ന്‌ ചുരുക്കം.

ഇത്രയും വര്‍ധന വരുത്തിയ ശേഷവും നഷ്‌ടക്കണക്ക്‌ പാടുന്നതിലുമുണ്ട്‌ വൈരുധ്യം. കമ്പനികള്‍ പൊതുമേഖലയിലാണ്‌. അതായത്‌ സര്‍ക്കാറിന്റെ സ്വന്തം ഉടമസ്ഥതയില്‍. ഈ കമ്പനികള്‍ വിദേശത്തുനിന്ന്‌ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്‌ത്‌ സംസ്‌കരിച്ച്‌ ചില്ലറ വില്‍പ്പനശാലകളിലെത്തിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര പെട്രോളിയം ഉത്‌പാദനം ആഭ്യന്തര ആവശ്യത്തിന്റെ ഇരുപത്‌ ശതമാനത്തോളം നേരിടാനേ തികയൂ. ബാക്കി 80 ശതമാനവും വിദേശത്തു നിന്ന്‌ ഇറക്കുകയാണ്‌ ചെയ്യുന്നത്‌. ഇറക്കുമതി ചെയ്‌ത്‌, സംസ്‌കരിച്ച്‌, വിപണ ശൃംഖലയിലെത്തിക്കുന്നതിന്റെ ചെലവുമായി താരതമ്യം ചെയ്‌താണ്‌ 1.22 രൂപ ഇപ്പോഴും നഷ്‌ടമുണ്ടെന്ന്‌ കമ്പനികള്‍ പറയുന്നത്‌. കമ്പനികളുടെ നഷ്‌ടമെന്ന്‌ പറഞ്ഞാല്‍ അതിന്റെ യഥാര്‍ഥ ഉടമസ്ഥരായ സര്‍ക്കാറിന്റെ നഷ്‌ടമെന്ന്‌ അര്‍ഥം. പെട്രോള്‍ ലിറ്ററിന്‌ 61 രൂപയില്‍ അധികം ഉപഭോക്താക്കള്‍ നല്‍കുമ്പോള്‍ അതിന്റെ പകുതിയോളം സര്‍ക്കാര്‍ ചുമത്തുന്ന നികുതിയാണ്‌. അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിന്‌ സര്‍ക്കാര്‍ ചുങ്കം ഈടാക്കുന്നുണ്ട്‌. സംസ്‌കരിച്ച്‌ വിപണിയിലെത്തിക്കുന്ന പെട്രോളിനും ഡീസലിനും മേല്‍ ചുമത്തുന്ന നികുതി ഏറെക്കുറെ ഇങ്ങനെയാണ്‌: എക്‌സൈസ്‌ തീരുവ = 14.35 ശതമാനം. കസ്റ്റംസ്‌ തീരുവ = 7.5 ശതമാനം. വില്‍പ്പന നികുതി/മൂല്യ വര്‍ധിത നികുതി = 20 ശതമാനം. 61 രൂപ പെട്രോളിന്‌ നല്‍കുന്ന ഒരു ഉപഭോക്താവ്‌ 26 രൂപയോളം സര്‍ക്കാര്‍ ഖജനാവിലേക്ക്‌ നല്‍കുന്നു. ഈ തുക മറച്ചുവെച്ചാണ്‌ ഇപ്പോഴും 1.22 രൂപ ലിറ്ററിന്‌ നഷ്‌ടം വരുന്നുവെന്ന്‌ എണ്ണക്കമ്പനികള്‍/സര്‍ക്കാര്‍ വാദിക്കുന്നത്‌.

കഴിഞ്ഞ പൊതുബജറ്റില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി നിരക്കുകള്‍ ഭേദഗതി ചെയ്‌തപ്പോള്‍ വില വര്‍ധിച്ചിരുന്നു. അന്ന്‌ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്‌, ശ്രീലങ്ക എന്നിവിടങ്ങളിലെ വിലകളുമായി താരതമ്യം ചെയ്‌ത്‌ ഇന്ത്യയില്‍ ഇപ്പോഴും വില കുറവാണെന്ന്‌ സ്ഥാപിക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്‌. അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണക്കുള്ള വില മാത്രമല്ല ആഭ്യന്തര വിപണിയിലെ വിലയെ നിശ്ചയിക്കുന്നത്‌ എന്ന വസ്‌തുത മറച്ചുവെച്ചായിരുന്നു ഈ ന്യായീകരണം. സള്‍ഫറിന്റെ അംശം കൂടുതലുള്ളതും കുറഞ്ഞതുമായ രണ്ടിനം എണ്ണ അന്താരാഷ്‌ട്ര വിപണിയില്‍ ലഭ്യമാണ്‌. സള്‍ഫറിന്റെ അംശം കൂടുതലുള്ളത്‌, അതിന്‌ വില താരതമ്യെന കുറവാണ്‌, സംസ്‌കരിക്കുക പ്രയാസമാണ്‌. എന്നാല്‍ ഇത്തരം സംസ്‌കരണത്തിന്‌ ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വേണ്ടത്ര വൈദഗ്‌ധ്യം കൈവരിച്ചിട്ടുണ്ട്‌. അതില്ലാത്തതുകൊണ്ടാണ്‌ അയല്‍ രാജ്യങ്ങള്‍ക്ക്‌ കൂടുതല്‍ വില ഈടാക്കേണ്ടിവരുന്നത്‌. ഒപ്പം ആ രാജ്യങ്ങളിലെ ഭൗമശാസ്‌ത്ര, രാഷ്‌ട്രീയ പ്രത്യേകതകള്‍ കൊണ്ടും.

ഒരു ലിറ്റര്‍ അസംസ്‌കൃത എണ്ണ സംസ്‌കരിച്ച്‌ പെട്രോള്‍, ഡീസല്‍, പാചക വാതകം, മണ്ണെണ്ണ തുടങ്ങിയ ഉത്‌പന്നങ്ങളാക്കി വേര്‍തിരിക്കുന്നതിന്‌ എന്ത്‌ ചെലവ്‌ വരുമെന്നത്‌ ഇന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ രഹസ്യമാണ്‌. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളും ഇന്ത്യന്‍ കമ്പനികളുടെ പക്കലുള്ള ഉപകരണങ്ങളുടെ മികവും പഠനവിധേയരാക്കിയവരുടെ കണക്കനുസരിച്ച്‌ ഒരു ലിറ്റര്‍ സംസ്‌കരിക്കുന്നതിന്‌ വേണ്ടിവരിക അഞ്ചര രൂപ മാത്രമാണ്‌. ഒരു ബാരല്‍ എന്നാല്‍ 158.99 ലിറ്റര്‍ എന്നാണ്‌ കണക്ക്‌. ബാരലിന്‌ 90 ഡോളര്‍ കണക്കാക്കിയാല്‍ ഇന്ത്യന്‍ രൂപയില്‍ വില 4095. ഒരു ലിറ്റര്‍ അസംസ്‌കൃത എണ്ണക്ക്‌ വില 26 രൂപ. സംസ്‌കരണച്ചെലവ്‌ അഞ്ചര രൂപയും ചരക്ക്‌ കടത്തിനുള്ള കൂലി ലിറ്ററിന്‌ അഞ്ച്‌ രൂപയും (ഇത്രയും തുക ഒരു കാലത്തുമുണ്ടാകില്ല) കണക്കാക്കിയാലും ഒരു ലിറ്റര്‍ പെട്രോളിന്‌ ആകെ ചെലവ്‌ 36 രൂപ. ഈ പെട്രോളാണ്‌ 61 രൂപ കൊടുത്തുവാങ്ങി നമ്മള്‍ നിശ്ശബ്‌ദം പോരുന്നത്‌.

ഒരു ഭാഗത്ത്‌ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കോടികള്‍ ചെലവിടുന്നുവെന്ന്‌ സര്‍ക്കാര്‍ പറയുന്നു. മറ്റൊരു ഭാഗത്ത്‌ വിലക്കയറ്റത്തിന്‌ വഴിയൊരുക്കും വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഈ വൈരുധ്യത്തിനിടയില്‍ സര്‍ക്കാറിനെ ആശങ്കപ്പെടുത്തുന്നത്‌ പണപ്പെരുപ്പ നിരക്കിന്റെ കണക്കുകള്‍ മാത്രമാണ്‌. ഭക്ഷ്യവസ്‌തുക്കളുടെ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക്‌ 16 ശതമാനത്തില്‍ ഏറെയായിരിക്കുന്നു. ആകെ പണപ്പെരുപ്പ നിരക്ക്‌ ഒമ്പത്‌ ശതമാനത്തിലും. ആകെ നിരക്ക്‌ അഞ്ചിനോടടുപ്പിച്ച്‌ നിര്‍ത്തുക എന്നതാണ്‌ കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം. ആരോഗ്യമുള്ള സമ്പദ്‌ഘടനയുടെ ലക്ഷണമായി ധനതത്വ ശാസ്‌ത്രജ്ഞര്‍ വിലയിരുത്തുന്നത്‌ അഞ്ച്‌ ശതമാനത്തോട്‌ അടുത്ത പണപ്പെരുപ്പ നിരക്കാണ്‌. ഇത്‌ സാധ്യമാക്കാന്‍ റിസര്‍വ്‌ ബേങ്കിന്റെ നിരക്കുകള്‍ ക്രമീകരിക്കുകയാണ്‌ ചെയ്യുന്നത്‌. റിപ്പോ, റിവേഴ്‌സ്‌ റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ച്‌ വിപണിയിലേക്കുള്ള പണമൊഴുക്ക്‌ നിയന്ത്രിക്കും. അതിലൂടെ പണപ്പെരുപ്പ നിരക്കില്‍ ചെറിയ മാറ്റം വരുത്താന്‍ പലപ്പോഴും സാധിക്കുകയും ചെയ്യും. കാലാവസ്ഥ അനുകൂലമാകുകയും ഉത്‌പാദനം മെച്ചപ്പെടുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായി വിപണിയില്‍ വിലകള്‍ ഇടിയും. അപ്പോഴും പണപ്പെരുപ്പ നിരക്കില്‍ കുറവുണ്ടാകും. ഇത്തരം സാഹചര്യങ്ങളൊന്നുമില്ലാതെ ഒന്നൊന്നര വര്‍ഷം മുമ്പ്‌ പണപ്പെരുപ്പം പണച്ചുരുക്കത്തിലേക്ക്‌ എത്തിയത്‌ രാജ്യം കണ്ടു. വില വര്‍ധിച്ചുനില്‍ക്കുകയും പണച്ചുരുക്കം അനുഭവപ്പെടുകയും ചെയ്‌ത സ്ഥിതിയായിരുന്നു അന്ന്‌. അതായത്‌ ധനതത്വശാസ്‌ത്രത്തിന്റെ സൂക്ഷ്‌മാര്‍ഥങ്ങളുപയോഗിച്ചുള്ള വിശകലനവും തിരുത്തലും അതിലൂടെ സൃഷ്‌ടിക്കപ്പെടുന്ന പ്രതിച്ഛായയും മാത്രമാണ്‌ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്‌. അതിനപ്പുറത്തുള്ള യഥാര്‍ഥ ബാധ്യത ജനങ്ങളുടെ ചുമലില്‍ കെട്ടിവെക്കുകയും ചെയ്യുന്നു.

26 രൂപയോളം നികുതി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക്‌ മുതല്‍ക്കൂട്ടുകയും സര്‍ക്കാറിന്റെ നഷ്‌ടം നികത്താനെന്ന പേരില്‍ പെട്രോള്‍ വില വര്‍ധിപ്പിക്കുകയും ചെയ്യുമ്പോഴും സിദ്ധാന്തങ്ങളുടെ പ്രയോഗവത്‌കരണമാണ്‌ നടക്കുന്നത്‌. ഇതുമൂലം ഉയരുന്ന വിലകളെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന ക്ഷാമബത്തയുടെ ആനുകൂല്യം സര്‍ക്കാറിന്‌ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ ലഭിക്കും. അപ്പോഴും പുറത്തുനിര്‍ത്തപ്പെടുന്നത്‌ നാം മുമ്പേ പറഞ്ഞ ഗ്രമ വാസികളോ സാധാരണക്കാരോ ആണ്‌.
കഴിവുള്ളവര്‍ അതിജീവിക്കട്ടെ എന്ന ഫാസിസ്റ്റ്‌ തത്വശാസ്‌ത്രത്തിന്റെ ഭംഗ്യന്തരേണയുള്ള നടപ്പാക്കലാണിത്‌. പലവിധ സമ്മര്‍ദങ്ങള്‍ക്ക്‌ വഴങ്ങി ഭരണകൂടം നടപ്പാക്കുന്ന സാമ്പത്തിക നയങ്ങളെ സ്വാംശീകരിക്കാനും അതിനെ ഉപയോഗപ്പെടുത്താനും കഴിയാത്തവര്‍ പുറന്തള്ളപ്പെടും. അത്‌ തന്നെയാണ്‌ ഡോ. മന്‍മോഹന്‍ സിംഗ്‌ ഉദ്ദേശിക്കുന്നതും. 



രാജ്യത്ത്‌ കൃഷിക്കാരുടെ എണ്ണം ഇത്രയുമധികം ആവശ്യമില്ലെന്ന്‌ മുന്‍കാലത്ത്‌ മന്‍മോഹന്‍ അഭിപ്രായപ്പെട്ടത്‌ കൂടി ഓര്‍ക്കുക. അതുകൊണ്ട്‌ പെട്രോള്‍ വില ഒറ്റപ്പെട്ട ഏകകമല്ല. അത്‌ തുടരുന്ന ഒരു പദ്ധതിയുടെ തുലോം ചെറിയ ഘടക പദാര്‍ഥം മാത്രമാണ്‌. മറ്റുള്ളവ നമ്മുടെ പരിസരത്തുണ്ട്‌, ചിലതിനെ നാം അറിയുന്നു. മറ്റ്‌ ചിലതിനെ അറിയാതെ പേറുന്നു. നേരിട്ടറിയുന്നവരില്‍ ചിലര്‍ ജീവന്‍ തന്നെ അവസാനിപ്പിച്ച്‌ കഴിവുള്ളവരുടെ അതിജീവനത്തിന്‌ വഴിയൊരുക്കുകയും ചെയ്യുന്നു.

2011-01-13

മാനസാന്തരത്തിന്റെ പൊരുള്‍



വിവിധ സ്‌ഫോടനങ്ങളില്‍ തനിക്കുള്ള പങ്ക്‌ സമ്മതിച്ച്‌ സ്വാമി അസിമാനന്ദ്‌ മൊഴി നല്‍കിയത്‌ സി ബി ഐ ഉദ്യോഗസ്ഥരുടെ കടുത്ത സമ്മര്‍ദത്തിന്‌ വഴങ്ങിയാണെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍. ബലം പ്രയോഗിച്ച്‌ കുറ്റസമ്മതത്തിന്‌ പ്രേരിപ്പിച്ച സി ബി ഐ, പിന്നീട്‌ മൊഴി മനഃപൂര്‍വം മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കുകയായിരുന്നുവെന്ന്‌ ആര്‍ എസ്‌ എസ്സും ബി ജെ പിയും. കുറ്റം സമ്മതിച്ച്‌ മൊഴി നല്‍കുന്നതിന്‌ മുമ്പ്‌ ചിന്തിച്ച്‌ തീരുമാനമെടുക്കാന്‍ രണ്ട്‌ ദിവസത്തെ സമയം അനുവദിച്ചിരുന്നുവെന്ന്‌ മജിസ്‌ട്രേറ്റ്‌. കുറ്റം സമ്മതിച്ചാലുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച്‌ പല കുറി അസിമാനന്ദിന്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തു. എന്നിട്ടും സ്വാമി കുറ്റം സമ്മതിക്കാന്‍ തീരുമാനിച്ചു. ഹൈദരാബാദിലെ ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ, മക്ക മസ്‌ജിദ്‌ സ്‌ഫോടനക്കേസില്‍ ആരോപണവിധേയനായി ജയിലില്‍ കഴിയേണ്ടിവന്ന കലീം എന്ന യുവാവ്‌ ചെയ്‌ത സഹായങ്ങള്‍ തന്റെ മനസ്സില്‍ മാറ്റങ്ങളുണ്ടാക്കിയെന്നും അതുകൊണ്ട്‌ കുറ്റം സമ്മതിക്കാന്‍ തീരുമാനിച്ചുവെന്നുമാണ്‌ അസിമാനന്ദ്‌ മജിസ്‌ട്രേറ്റ്‌ മുമ്പാകെ നല്‍കിയ മൊഴി.

നിരവധി മനുഷ്യരുടെ ജീവനെടുത്ത നാല്‌ സ്‌ഫോടനങ്ങളുടെ ആസുത്രണത്തില്‍ അസിമാനന്ദ്‌ പങ്കാളിയായെന്നാണ്‌ ഇതുവരെ പുറത്തുവന്ന വിവരം. പൊടുന്നനെയുണ്ടായ വികാരവിക്ഷോഭത്തിന്റെ ഫലമായിരുന്നില്ല ഈ ആക്രമണങ്ങളൊന്നും. മാസങ്ങള്‍ നീണ്ട ആലോചനകള്‍ക്ക്‌ ശേഷം സുസംഘടിതമായി ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയവയായിരുന്നു. ആദ്യ ആക്രമണത്തിന്‌ മലേഗാവ്‌ തിരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചത്‌ താനാണെന്ന്‌ കുറ്റസമ്മത മൊഴിയില്‍ അസിമാനന്ദ്‌ തന്നെ പറയുന്നു. മലേഗാവിലെ ജനസംഖ്യയില്‍ 80 ശതമാനവും മുസ്‌ലിംകളാണെന്നതാണ്‌ ആദ്യ ലക്ഷ്യസ്ഥാനമാക്കാന്‍ കാരണം. വര്‍ഗീയത ഭ്രാന്തായി പടര്‍ന്നിരുന്നുവെന്ന്‌ ചുരുക്കം. ഈ ഉന്മത്താവസ്ഥക്കാണ്‌ ഹൈദരാബാദ്‌ ജയിലിലെ കലീമിന്റെ സേവനസന്നദ്ധത വിരാമമിട്ടതെന്നാണ്‌ അസിമാനന്ദയുടെ പക്ഷം. മാനസാന്തരത്തിന്‌ വലിയ സമയമൊന്നും ആവശ്യമില്ല. പക്ഷേ, അസിമാനന്ദയുടെ മാനസാന്തരത്തിന്‌ പിറകില്‍ ഇതുമാത്രമോ എന്ന സംശയം അസ്ഥാനത്തല്ല.

പ്രഗ്യാ സിംഗ്‌ താക്കൂര്‍, വിരമിച്ച മേജര്‍ രമേഷ്‌ ഉപാധ്യായ്‌, ലഫ്‌റ്റനന്റ്‌ കേണലായിരുന്ന ശ്രീകാന്ത്‌ പുരോഹിത്‌, സുനില്‍ ജോഷി, ദേവേന്ദര്‍ ഗുപ്‌ത, ലോകേഷ്‌ ശര്‍മ, സന്ദീപ്‌ ഡാങ്കെ, രാമചന്ദ്ര കല്‍സാന്‍ഗ്രെ, സ്വാമി അസിമാനന്ദ്‌ എന്ന്‌ തുടങ്ങി ഇരുപതോളം പേരാണ്‌ ഹിന്ദുത്വ ഭീകരവാദ ശൃംഖലയില്‍ ഉള്‍പ്പെട്ടവരായി ആരോപിക്കപ്പെടുന്നത്‌. ഇവര്‍ക്ക്‌ വേണ്ട സഹായം നല്‍കിയെന്ന ആരോപണം ആര്‍ എസ്‌ എസ്‌ നേതാവായ ഇന്ദ്രേഷ്‌ കുമാറും നേരിടുന്നു. ഈ ചെറിയ വൃത്തം മാത്രമാണോ ഈ നാല്‌ സ്‌ഫോടനങ്ങള്‍ നടത്തിയത്‌? ഈ വൃത്തത്തില്‍ തന്നെ ആഭ്യന്തര ഭിന്നിപ്പിന്റെ സൂചനകളുമുണ്ട്‌. ഇന്ദ്രേഷ്‌ കുമാറിനെ പാക്കിസ്ഥാന്റെ ചാരന്‍ എന്നാണ്‌ ഇന്ദ്രേഷ്‌ വിശേഷിപ്പിച്ചത്‌ എന്ന്‌ അസിമാനന്ദ്‌ പറയുന്നു. ഇന്ദ്രേഷിനെ വിശ്വാസത്തിലെടുക്കാന്‍ ശ്രീകാന്ത്‌ പുരോഹിത്‌ തയ്യാറായിരുന്നില്ല എന്ന്‌ ഇതില്‍ നിന്ന്‌ അനുമാനിക്കാം. ഈ വിശ്വാസമില്ലായ്‌മക്കിടയിലും സ്‌ഫോടനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഇവരൊന്നിച്ച്‌ പ്രവര്‍ത്തിച്ചുവെന്നാണോ കരുതേണ്ടത്‌? അതോ ഇത്തരം ഭിന്നിപ്പുകളെ അടക്കിനിറുത്തി സ്‌ഫോടനങ്ങള്‍ നടത്തി, സാമുദായിക ധ്രുവീകരണം രൂക്ഷമാക്കി അധികാരത്തെ ലക്ഷ്യമിട്ട്‌ നീങ്ങിയ മറ്റേതെങ്കിലും വ്യക്തികളോ സംഘടനകളോ ഉണ്ടായിരുന്നോ?

ഇവിടെയാണ്‌ അസിമാനന്ദയുടെ മാനസാന്തരത്തെക്കുറിച്ച്‌ വലിയ സംശയങ്ങള്‍ ഉടലെടുക്കുന്നത്‌. രാഷ്‌ട്രീയ സ്വയം സേവക്‌ സംഘി(ആര്‍ എസ്‌ എസ്‌)ന്‌ സ്‌ഫോടനങ്ങളിലുള്ള പങ്കിനെക്കുറിച്ച്‌ അസിമാനന്ദ മൊഴി നല്‍കിയെന്ന തരത്തിലാണ്‌ ഇപ്പോള്‍ വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നത്‌. എന്നാല്‍ രാഷ്‌ട്രീയ സ്വയം സേവക്‌ സംഘിന്റെ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ അംഗമായ ഇന്ദ്രേഷ്‌ കുമാറിന്റെ പങ്ക്‌ സംബന്ധിച്ച്‌ മാത്രമാണ്‌ അസിമാനന്ദ്‌ പറഞ്ഞിരിക്കുന്നത്‌. ഒരു സംഘടനയില്‍ അംഗമായ വ്യക്തി സ്വന്തം നിലക്ക്‌ എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ അതില്‍ സംഘടനക്ക്‌ ഉത്തരവാദിത്വമില്ല. ഈ ന്യായം ആര്‍ എസ്‌ എസ്സിനും ബാധകമാണ്‌. അസിമാനന്ദിന്റെ മൊഴി സൂക്ഷ്‌മമായി പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒന്ന്‌ അദ്ദേഹം പുതുതായി ഒന്നും പറഞ്ഞിട്ടില്ല എന്നതാണ്‌. അജ്‌മീര്‍ ദര്‍ഗ, മക്ക മസ്‌ജിദ്‌, മലേഗാവ്‌ എന്നിവിടങ്ങളിലും സംഝോത എക്‌സ്‌പ്രസിലുമുണ്ടായ സ്‌ഫോടനങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്ന വിവിധ ഏജന്‍സികള്‍ ഇതിനകം കണ്ടെത്തിയ വിവരങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്‌. അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ്‌ ചെയ്യുകയോ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുകയോ പിടികൂടാനായി പാരിതോഷികം പ്രഖ്യാപിക്കുകയോ ഒക്കെ ചെയ്‌തവരെക്കുറിച്ച്‌ മാത്രമേ അസിമാനന്ദ്‌ പറയുന്നുള്ളൂ. ആക്രമണം ആസൂത്രണം ചെയ്‌ത ശൃംഖല പരമാവധി ഇന്ദ്രേഷ്‌ കുമാറില്‍ അവസാനിപ്പിക്കാന്‍ പാകത്തിലുള്ള മൊഴി.

സ്‌ഫോടനങ്ങള്‍ നടത്തുന്നതിന്‌ വേണ്ട ധനസമ്പാദനമായിരുന്നു തന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന്റെ ചുമതല എന്ന്‌ അസിമാനന്ദ്‌ മൊഴി നല്‍കിയിട്ടുണ്ട്‌. പണം അദ്ദേഹം സമ്പാദിച്ച്‌ കൊടുത്തിട്ടുണ്ടാകണം. അതുകൊണ്ടാണല്ലോ സ്‌ഫോടനങ്ങളുണ്ടായത്‌. പക്ഷേ, പണം എവിടെ നിന്ന്‌ സമ്പാദിച്ചുവെന്ന്‌ സ്വാമി അസിമാനന്ദ്‌ പറഞ്ഞിട്ടില്ല. ഗുജറാത്തിലെ ഡാംഗ്‌സ്‌ ജില്ലയില്‍ സ്ഥാപിച്ച ആശ്രമത്തില്‍ 2006ല്‍ നടത്തിയ ശബരീ കുംഭിനു വേണ്ടിയും അവിടെ ശബരീ ക്ഷേത്രം പണിയുന്നതിന്‌ വേണ്ടിയും പിരിച്ചെടുത്ത പണമാണ്‌ ആക്രമണത്തെ സഹായിക്കാന്‍ ഉപയോഗിച്ചതെന്ന വാദം ഉയരുന്നുണ്ട്‌. അത്രമാത്രം മതിയാവുമോ ഇത്തരത്തിലുള്ള വലിയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക്‌? 


കേണല്‍ പുരോഹതിന്‌ ശേഷം അറസ്റ്റിലായ ദയാനന്ദ്‌ പാണ്ഡെയുടെ ലാപ്‌ടോപ്പില്‍ നിന്ന്‌ ചില സംഭാഷണ ശകലങ്ങള്‍ മഹാരാഷ്‌ട്ര പോലീസിലെ ഭീകരവിരുദ്ധ വിഭാഗം കണ്ടെത്തിയിരുന്നു. അതില്‍ കേണല്‍ ധര്‍, ബി ജെ പിയുടെ മുന്‍ എം പി ബി എല്‍ ശര്‍മ, അപ്പോളോ ആശുപത്രിയിലെ ഡോക്‌ടര്‍ ആര്‍ പി സിംഗ്‌ എന്നിവരുമായി ദയാനന്ദും കേണല്‍ പുരോഹിതും സംസാരിക്കുന്നതിന്റെ വിശദാംശങ്ങളുണ്ട്‌. ഇതില്‍ വി എച്ച്‌ പി നേതാവ്‌ അശോക്‌ സിംഘാള്‍ അടക്കമുള്ളവരെക്കുറിച്ച്‌ പരാമര്‍ശിക്കുന്നു. ഇതില്‍ കേണല്‍ പുരോഹിത്‌ പറഞ്ഞ ചില വാചകങ്ങള്‍ ഇതാണ്‌ -``നമ്മുടെ പങ്കാളിത്തത്തിന്‌ തെളിവ്‌ കൊടുക്കാന്‍ ഇസ്‌റാഈലികള്‍ ആവശ്യപ്പെടുന്നു. കൂടുതലായി എന്ത്‌ തെളിവാണ്‌ അവര്‍ക്കു വേണ്ടത്‌? നമ്മള്‍ രണ്ട്‌ ഓപ്പറേഷന്‍ നേരത്തെ നടത്തി. രണ്ടും വിജയകരമായിരുന്നു. എല്ലാറ്റിനും വേണ്ട ഉപകരണങ്ങള്‍ സംഘടിപ്പിച്ചത്‌ ഞാനാണ്‌.''

ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട വിരലിലെണ്ണാവുന്ന ആളുകള്‍ക്ക്‌ ഇസ്‌റാഈലുകാരുമായി ബന്ധമുണ്ടായത്‌ എങ്ങനെ എന്ന ചോദ്യം അവശേഷിക്കുന്നു. ഡാംഗ്‌സിലെ ആശ്രമത്തില്‍ ശബരീ കുംഭിന്റെ മറവില്‍ ഏതാനും പേര്‍ ചേര്‍ന്ന്‌ ആലോചിച്ച്‌ തയ്യാറാക്കിയ പദ്ധതി ഏത്‌ വിധത്തിലാണ്‌ ഇസ്‌റാഈലുകാരുടെ അറിവിലെത്തിയത്‌? രഹസ്യം സൂക്ഷിക്കാനും അറസ്റ്റൊഴിവാക്കാനും മൂന്ന്‌ സംഘങ്ങളായി തിരിഞ്ഞുവെന്നും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പരസ്‌പരം അന്വേഷിക്കരുതെന്ന്‌ ധാരണയിലെത്തിയെന്നുമാണ്‌ അസിമാനന്ദിന്റെ മൊഴി. സ്വന്തം ശൃംഖലക്കുള്ളില്‍പ്പോലും രഹസ്യമായി സൂക്ഷിച്ച കാര്യങ്ങള്‍ ഇസ്‌റാഈലുകാരെ ധരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നോ? കേണല്‍ പുരോഹിത്‌ പറയുന്ന ഇസ്‌റാഈലൂകാരെക്കുറിച്ച്‌ അസിമാനന്ദിന്‌ വിവരമൊന്നുമുണ്ടായിരുന്നില്ലേ?

ഹിന്ദുത്വ ഭീകരവാദ ശൃംഖലക്ക്‌ സംഭാവനകള്‍ നല്‍കിയവരില്‍ രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളും ഉള്‍പ്പെടുമെന്നതാണ്‌ മറ്റൊരു വിവരം. അഭിനവ്‌ ഭാരതിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ശ്യാം ആപ്‌തെയെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ മഹാരാഷ്‌ട്ര പോലീസിന്‌ ഈ വിവരം ലഭിച്ചത്‌. ഏതൊക്കെ വ്യവസായികളാണ്‌ ഇവര്‍ക്ക്‌ പണം നല്‍കിയത്‌ എന്നത്‌ പുറത്തുവന്നിട്ടില്ല. അഭിനവ്‌ ഭാരത്‌ എന്ന അധികമൊന്നും അറിയപ്പെടാത്ത (സ്‌ഫോടനത്തിന്റെ ആസൂത്രണം നടക്കുന്ന കാലത്ത്‌) സംഘടനക്ക്‌ വ്യവസായ പ്രമുഖര്‍ പണം സംഭാവന ചെയ്യണമെങ്കില്‍ അതിന്‌ പിറകില്‍ മറ്റ്‌ സ്വാധീനങ്ങളുണ്ടാകാതെ തരമില്ല. മുടക്കുന്ന പണം ഏതെങ്കിലും വിധത്തില്‍ മുതലാക്കണമെന്ന നിര്‍ബന്ധ ബുദ്ധിയില്ലാത്ത വ്യവസായികള്‍ രാജ്യത്തുണ്ടെന്ന്‌ വിശ്വസിക്കുക പ്രയാസം.

അസിമാനന്ദിന്റെ ആശ്രമത്തിലെ സന്ദര്‍ശകപ്പട്ടികയും പ്രധാനമാണ്‌. ആര്‍ എസ്‌ എസ്‌ മേധാവിയായിരുന്ന കെ എസ്‌ സുദര്‍ശന്‍, ഇപ്പോഴത്തെ മേധാവി മോഹന്‍ ഭാഗവത്‌, മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാന്‍, ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി എന്നിങ്ങനെ നീളുന്നു പ്രമുഖരുടെ നിര. ആത്മീയപ്രൗഢി മാത്രം കണക്കിലെടുത്താണോ ഈ നിര ആശ്രമവാതില്‍ക്കലെത്തിയത്‌ എന്ന ചോദ്യവും പ്രധാനമാണ്‌. ഇസ്രാഈലുകാര്‍, വ്യവസായികള്‍, ഭരണാധികാരികള്‍, ആര്‍ എസ്‌ എസ്‌ നേതാക്കള്‍ എന്നിങ്ങനെ ചോദ്യചിഹ്നത്തിന്റെ പിറകില്‍ നിരവധിയാളുകളുണ്ട്‌. ഇതിനെയൊന്നും അഭിമുഖീകരിക്കുന്നില്ല അസിമാനന്ദയുടെ കുറ്റസമ്മത മൊഴി. കൊച്ചു ഭൂമികുലുക്കമുണ്ടാക്കി എല്ലാം അതില്‍ മറവ്‌ ചെയ്യാനുള്ള തന്ത്രമാകണം അസിമാനന്ദിന്റെ മാനസാന്തരം. 


വധശിക്ഷ തന്നെ ലഭിച്ചേക്കാം, എങ്കിലും കുറ്റം സമ്മതിക്കുകയാണ്‌ എന്ന്‌ മജിസ്‌ട്രേറ്റ്‌ മുമ്പാകെ പറയുമ്പോള്‍, ആര്‍ഷഭാരത സംസ്‌കൃതിക്കുവേണ്ടി ചെയ്യുന്ന ജീവത്യാഗമെന്ന്‌ ആ ഉന്മത്ത മനസ്സ്‌ ആദര്‍ശവത്‌കരിച്ചിട്ടുണ്ടാവും. അഖണ്ഡഭാരത സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കാനും ഹിന്ദുത്വ മേധാവിത്വം നടപ്പാക്കാനും അനുസ്യൂതം പ്രവര്‍ത്തിക്കേണ്ട സംഘടനയെയും അതിന്റെ നേതാക്കളെയും രക്ഷിക്കുകയാണ്‌ എന്ന തോന്നലുമുണ്ടായിട്ടുണ്ടാകണം. അല്ലാതെ ജയിലില്‍ ഭക്ഷണം കൊണ്ടുവന്നു തരാന്‍ ഒരു കലീം തയ്യാറായി എന്നതുകൊണ്ടുമാത്രം മാനസാന്തരമുണ്ടായെന്ന്‌ പറഞ്ഞാല്‍ സംഘ്‌ പരിവാറിന്റെ ചരിത്രമറിയാകുന്നവരാരും സമ്മതിക്കാന്‍ ഇടയില്ല. 


സുഹ്‌റാബുദ്ദീന്‍ ശൈഖിനെ വെടിവെച്ചു കൊന്ന ശേഷം ഏറ്റുമുട്ടലായി ചിത്രീകരിച്ചതാണെന്ന്‌ ഗുജറാത്ത്‌ പോലീസ്‌ തന്നെയാണ്‌ സുപ്രീം കോടതിയെ അറിയിച്ചത്‌. എന്നാല്‍ സംഘ്‌ പരിവാറും അതിന്റെ നേതാക്കളും ഇപ്പോഴും വാദിക്കുന്നത്‌ നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലശ്‌കറെ ത്വയ്യിബ പ്രവര്‍ത്തകനായ സുഹ്‌റാബുദ്ദീനെ പോലീസ്‌ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ്‌. ബി ജെ പിയുടെ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന പോലീസ്‌ സുപ്രീം കോടതിയെ അറിയിച്ച വിവരം പോലും അംഗീകരിക്കാന്‍ തയ്യാറില്ലാത്ത പരിവാറിന്റെ ഭാഗമാണ്‌ അസിമാനന്ദും.

ഇത്‌ യഥാര്‍ഥത്തില്‍ കുറ്റസമ്മത മൊഴിയല്ല. വിവരങ്ങള്‍ മറച്ചുവെക്കാനോ അന്വേഷണത്തെ പരിമിതപ്പെടുത്താനോ ലക്ഷ്യമിട്ടുള്ള തന്ത്രമാണ്‌. ഏതാനും പേരെ ബലി കൊടുത്തുകൊണ്ടാണെങ്കില്‍ പോലും ഭീകരവാദികള്‍ എന്ന മുദ്രയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ആര്‍ എസ്‌ എസ്‌ നടത്തുന്ന ശ്രമത്തിന്റെ ഭാഗം. മഹാത്‌മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക്‌ ഗോഡ്‌സെയും അതിന്‌ ഗൂഢാലോചന നടത്തിയവരും ആര്‍ എസ്‌ എസ്സിന്റെ `മുന്‍ പ്രവര്‍ത്തകര്‍' മാത്രമായിരുന്നല്ലോ!

2011-01-07

കാരസ്‌കരത്തിന്റെ കുരു



മറവ്‌ ചെയ്യാന്‍ തുടങ്ങുമ്പോഴത്തെ തിരിച്ചുവരവാണ്‌ ബൊഫോഴ്‌സ്‌ കോഴക്കേസിന്റെത്‌. ഈ തിരിച്ചുവരവ്‌ കോണ്‍ഗ്രസിനെയും കേന്ദ്ര സര്‍ക്കാറിനെയും ആശയക്കുഴപ്പത്തിലാക്കുന്നു. കോഴക്കേസ്‌ മൂടി വെക്കാന്‍ ആസൂത്രിത ശ്രമം നടന്നുവെന്ന പൊതുവിശ്വാസത്തെ ഉറപ്പിക്കുകയും ചെയ്യുന്നു. എ ബി ബൊഫോഴ്‌സില്‍ നിന്ന്‌ ഹൊവിറ്റ്‌സര്‍ തോക്കുകള്‍ വാങ്ങാനുള്ള കരാര്‍ ഉറപ്പിച്ചപ്പോള്‍ രാജ്യത്തെ രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഇടനിലക്കാരും കോഴ വാങ്ങിയെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം. അതില്‍ ഒട്ടാവിയോ ക്വത്‌റോച്ചി വിചാരണ നേരിട്ടിട്ടില്ല. വിന്‍ ഛദ്ദ വിചാരണക്കാലത്ത്‌ മരിക്കുകയും ചെയ്‌തു. വിന്‍ ഛദ്ദയും ക്വത്‌റോച്ചിയും കോഴയായി (കമ്മീഷന്‍ എന്ന്‌ ഓമനപ്പേര്‌) 41 കോടി രൂപ കൈപ്പറ്റിയെന്നാണ്‌ ഇപ്പോള്‍ ആദായ നികുതി വകുപ്പിന്റെ അപ്പലേറ്റ്‌ ട്രൈബ്യൂണല്‍ കണ്ടെത്തിയിരിക്കുന്നത്‌. ഈ തുകക്ക്‌ നികുതി ഒടുക്കാന്‍ ബാധ്യതയുണ്ടെന്നും അത്‌ പിരിച്ചെടുക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ നികുതി നിയമങ്ങള്‍ ശിക്ഷാഭയം കൂടാതെ ലംഘിക്കാന്‍ കഴിയുന്ന രാജ്യമാണ്‌ ഇന്ത്യയെന്ന ധാരണയുണ്ടാകുമെന്നും ട്രൈബ്യൂണല്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.

ബൊഫോഴ്‌സ്‌ ഇടപാടില്‍ അഴിമതിയുണ്ടായിട്ടില്ലെന്നാണ്‌ ആരോപണം ഉയര്‍ന്ന കാലത്ത്‌ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയും കോണ്‍ഗ്രസും ആവര്‍ത്തിച്ചിരുന്നത്‌. അതേ നിലപാട്‌ തന്നെയാണ്‌ കോണ്‍ഗ്രസിനും ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിനുമുള്ളത്‌. അതുകൊണ്ടാണ്‌ ക്വത്‌റോച്ചിയുടെ ബേങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കാനും അദ്ദേഹത്തിനെതിരെ ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിരുന്ന റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ ഒഴിവാക്കാനും അവര്‍ തയ്യാറായത്‌. ക്വത്‌റോച്ചിക്കെതിരായ നിയമ നടപടികള്‍ പിന്‍വലിക്കാനുള്ള അപേക്ഷയുമായി സി ബി ഐ കോടതിയെ സമീപിക്കുന്നതിന്‌ പിറകിലും കോണ്‍ഗ്രസിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും താത്‌പര്യമുണ്ട്‌. കോഴ കൈപ്പറ്റിയെന്ന്‌ ട്രൈബ്യൂണല്‍ കണ്ടെത്തിയ ശേഷവും കേസ്‌ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്‌ സി ബി ഐ. ട്രൈബ്യൂണല്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പുതിയ നിര്‍ദേശങ്ങളൊന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന്‌ സി ബി ഐയുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തവുമാണ്‌.

ആദായ നികുതി വകുപ്പിന്റെ അപ്പലേറ്റ്‌ ട്രൈബ്യൂണല്‍ നീതിന്യായ സംവിധാനത്തിന്റെ അധികാരങ്ങളുള്ള സ്ഥാപനമാണ്‌. അത്‌ പുറപ്പെടുവിക്കുന്ന ഉത്തരവ്‌ നിയമപരമായി പാലിക്കപ്പെടേണ്ടതുമാണ്‌. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ബിനായക്‌ സെന്നിനെ മാവോയിസ്റ്റ്‌ ബന്ധത്തിന്‌ ഛത്തീസ്‌ഗഢിലെ കോടതി ജീവപര്യന്തം തടവുശിക്ഷക്ക്‌ വിധിച്ചത്‌ വലിയ വിമര്‍ശത്തിന്‌ കാരണമായിരുന്നു. ഇതിനോട്‌ പ്രതികരിക്കവെ ആഭ്യന്തര മന്ത്രി പി ചിദംബരം പ്രകടിപ്പിച്ച അഭിപ്രായം ശ്രദ്ധേയമാണ്‌. നീതിന്യായ പ്രക്രിയയുടെ ഭാഗമായി ഒരു കോടതി വിചാരണ ചെയ്‌ത്‌ സെന്നിന്‌ ശിക്ഷ വിധിക്കുകയായിരുന്നു. ഇതില്‍ എതിരഭിപ്രായമുള്ളവരുണ്ടാകാം. അത്തരക്കാര്‍ സെന്നിന്റെ ശിക്ഷ ചോദ്യം ചെയ്‌ത്‌ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കുകയാണ്‌ വേണ്ടത്‌. നിയമ വാഴ്‌ചയെ ബഹുമാനിക്കുന്നവര്‍ നിയമ പ്രക്രിയയെയും ബഹുമാനിക്കണം. വിചാരണക്കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുകയും നീതിക്ക്‌ വേണ്ടി പോരാടുകയുമാണ്‌ നിയമ പ്രക്രിയയെ ബഹുമാനിക്കേണ്ടവര്‍ ചെയ്യേണ്ടത്‌. ഈ അഭിപ്രായം ബിനായക്‌ സെന്നിന്റെ കാര്യത്തില്‍ മാത്രമല്ല ബൊഫോഴ്‌സ്‌ കോഴക്കേസിലും ബാധകമാണ്‌.

കോഴപ്പണം കൈമാറ്റം ചെയ്‌തുവെന്നും അതിന്‍മേലുള്ള നികുതി ഈടാക്കണമെന്നുമാണ്‌ വിധി. ഇത്‌ പാലിക്കാന്‍ ബാധ്യതയുള്ള കേന്ദ്ര സര്‍ക്കാര്‍ കോഴപ്പണത്തിന്റെ നികുതി പിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണം. അങ്ങനെ നികുതി പിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ ബൊഫോഴ്‌സ്‌ ഇടപാടില്‍ കോഴയുണ്ടെന്ന്‌ അംഗീകരിക്കേണ്ടിവരും. അതിന്‌ തയ്യാറുണ്ടോ നിയമ വാഴ്‌ചയെ അങ്ങേയറ്റം ബഹുമാനിക്കുന്ന പി ചിദംബരവും കൂട്ടരും? അപ്പലേറ്റ്‌ ട്രൈബ്യൂണലിന്റെ മുന്നില്‍ വന്ന കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വാഭാവികമായും വാദി ഭാഗത്താണ്‌ നില്‍ക്കേണ്ടത്‌. കേന്ദ്ര ഖജനാവിലേക്ക്‌ നികുതി ഇനത്തില്‍ പണം ലഭിക്കാന്‍ ഇടയുള്ള കേസില്‍ ആരോപണവിധേയനൊപ്പം നില്‍ക്കാന്‍ സര്‍ക്കാറിന്‌ സാധിക്കില്ലല്ലോ. ബൊഫോഴ്‌സ്‌ ഇടപാടില്‍ കോഴ കൈമാറിയെന്ന്‌ ഉറപ്പിക്കാന്‍ പാകത്തിലുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും ക്വത്‌റോച്ചിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ സാധിക്കില്ലെന്നും അതിനാല്‍ കേസ്‌ അവസാനിപ്പിക്കണമെന്നും അപേക്ഷിച്ച സി ബി ഐയെ തുടര്‍ന്നും പിന്തുണക്കുകയാണ്‌ കേന്ദ്ര സര്‍ക്കാറെങ്കില്‍ ട്രൈബ്യൂണല്‍ വിധി ചോദ്യം ചെയ്യാന്‍ അവര്‍ തയ്യാറാകേണ്ടിയരും. ട്രൈബ്യൂണല്‍ വിധി ചോദ്യം ചെയ്‌ത്‌ വിന്‍ ഛദ്ദയുടെ മകന്‍ കോടതിയെ സമീപിച്ചാല്‍ കേന്ദ്ര സര്‍ക്കാറും അതിന്‌ കീഴിലുള്ള ആദായ നികുതി വകുപ്പും എന്ത്‌ നിലപാട്‌ സ്വീകരിക്കും? ബൊഫോഴ്‌സ്‌ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിനും കോണ്‍ഗ്രസിനും ഊരാക്കുടുക്കാകുകയാണ്‌.

അപ്പലേറ്റ്‌ ട്രൈബ്യൂണല്‍ കണ്ടെത്തിയ കാര്യങ്ങളില്‍ പുതുമയില്ലെന്നും അതെല്ലാം തങ്ങള്‍ 1999ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നതാണെന്നും സി ബി ഐ വാദിക്കുന്നുണ്ട്‌. അതായത്‌ ക്വത്‌റോച്ചിക്ക്‌ കോഴ ലഭിച്ചുവെന്നതിനുള്ള തെളിവുകള്‍ സി ബി ഐയുടെ പക്കലുണ്ട്‌ എന്ന്‌ അര്‍ഥം. അങ്ങനെയെങ്കില്‍ കേസ്‌ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്‌ എന്തുകൊണ്ടാണെന്ന്‌ സി ബി ഐ വിശദീകരിക്കേണ്ടിവരും. ക്വത്‌റോച്ചിയുടെ മരവിപ്പിച്ച ബേങ്ക്‌ അക്കൗണ്ടുകള്‍ വീണ്ടും സജീവമാക്കാന്‍ ആവശ്യപ്പെട്ടതും റെഡ്‌കോര്‍ണര്‍ നോട്ടീസ്‌ പിന്‍വലിക്കാന്‍ ഇന്റര്‍പോളിനോട്‌ അപേക്ഷിച്ചതും എന്തിനെന്നും സി ബ ഐ തന്നെ തുറന്നു പറയേണ്ടിവരും. വെറുമൊരു കോഴക്കേസ്‌ പ്രതിയെ 11 വര്‍ഷം വിചാരണയെന്ന വാള്‍മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചതിലുള്ള മനോവിഷമം കൊണ്ടാണോ കേസ്‌ അവസാനിപ്പിക്കാന്‍ അപേക്ഷ നല്‍കിയത്‌? അതോ കോണ്‍ഗ്രസിന്റെയും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെയും ഇംഗിതത്തിന്‌ വഴങ്ങിയോ?

1987ല്‍ ബൊഫോഴ്‌സ്‌ കോഴ ആരോപണം കത്തിപ്പടര്‍ന്ന നാള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്‌ സിറ്റ്‌സര്‍ലന്‍ഡിലെ ബേങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണത്തെക്കുറിച്ച്‌. ക്വത്‌റോച്ചിയും വിന്‍ ഛദ്ദയും സ്വീകരിച്ച കോഴപ്പണം സ്വിസ്‌ ബേങ്കിലെ അക്കൗണ്ടുകളിലേക്കാണ്‌ എത്തിയതെന്ന്‌ ട്രൈബ്യൂണല്‍ ഉത്തരവ്‌ വ്യക്തമാക്കുന്നു. 23 വര്‍ഷത്തിന്‌ ശേഷവും സ്വിസ്‌ ബേങ്ക്‌ അക്കൗണ്ടുകളില്‍ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവരെ കണ്ടെത്താന്‍ നമ്മുടെ ഭരണകൂടത്തിന്‌ എന്തുകൊണ്ട്‌ സാധിക്കുന്നില്ല എന്നതിലേക്ക്‌ കൂടി ഇത്‌ വെളിച്ചം വീശുന്നുണ്ട്‌. ലഭ്യമായ രേഖകള്‍ പരിശോധിച്ച്‌ ക്വത്‌റോച്ചിയുടെയും വിന്‍ ഛദ്ദയുടെയും പണമൊഴുകിയ വഴി കണ്ടെത്താന്‍ ആദായ നികുതി വകുപ്പിന്റെ ട്രൈബ്യൂണലിന്‌ സാധിച്ചു. സ്വിസ്‌ സര്‍ക്കാറുമായി നിലനില്‍ക്കുന്ന ഇരട്ടനികുതിയൊഴിവാക്കല്‍ കരാറിലെ വ്യവസ്ഥകള്‍ കള്ളപ്പണം കണ്ടെത്തുന്നതിന്‌ തടസ്സമാണെന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും പറയുന്നത്‌. നിശിതമായ പരിശോധനകളിലൂടെ കള്ളപ്പണം സൂക്ഷിച്ചവരെക്കുറിച്ചുള്ള വിവരം ശേഖരിക്കാനാകുമെന്നാണ്‌ ട്രൈബ്യൂണല്‍ ഉത്തരവ്‌ പറഞ്ഞുതരുന്നത്‌. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ മടി കാണിക്കുമ്പോള്‍ പുറത്തുവരാനിടയുള്ള വിവരങ്ങളെക്കുറിച്ച്‌ അവര്‍ക്കുള്ള ശങ്ക വ്യക്തമാണ്‌.

ട്രൈബ്യൂണല്‍ വിധിയില്‍ പറഞ്ഞ കാര്യങ്ങള്‍ തങ്ങള്‍ കുറ്റപത്രത്തില്‍ പറഞ്ഞവയാണെന്ന സി ബി ഐയുടെ വാദം നൂറ്‌ ശതമാനം ശരിയാണ്‌. എ ഇ സര്‍വീസസ്‌, മായോ അസോസിയേറ്റ്‌സ്‌, പനാമ കേന്ദ്രമായ സ്വെന്‍സ്‌ക എന്നിവയൊക്കെ സി ബി ഐയുടെ കുറ്റപത്രത്തിലല്ല ആദ്യം ഇടം പിടിച്ചത്‌. 1987ലും 88ലും എന്‍ റാമും ചിത്രാ സുബ്രഹ്മണ്യവും പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടുകളിലായിരുന്നു. ഇതേ റിപ്പോര്‍ട്ടുകളില്‍ തന്നെയാണ്‌ മൊറെസ്‌കോ, പിറ്റ്‌കോ, മൊയ്‌നിയോ തുടങ്ങിയ കമ്പനികളിലൂടെ ഹിന്ദുജ സഹോദരന്‍മാരിലേക്ക്‌ (ഗോപിചന്ദ്‌, പ്രകാശ്‌ചന്ദ്‌, ശ്രീചന്ദ്‌) ഒഴുകിയ കോഴപ്പണത്തിന്റെ കണക്കുകള്‍ വന്നത്‌. ഇതും സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നു. പക്ഷേ, വിചാരണക്കോടതിക്ക്‌ മുമ്പാകെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സി ബി ഐ പരാജയപ്പെട്ടു. യഥാര്‍ഥ രേഖകള്‍ ഹാജരാക്കാത്ത സാഹചര്യത്തില്‍ ഹിന്ദുജ സഹോദരന്‍മാര്‍ക്കെതിരായ ആരോപണം തള്ളിക്കളയുകയാണ്‌ വിചാരണക്കോടതി ചെയ്‌തത്‌. വിവരങ്ങളും വസ്‌തുതകളുമല്ല അതിന്‌ അടിസ്ഥാനമായ തെളിവുകളാണ്‌ പ്രധാനം. അതുണ്ടാക്കാന്‍ സി ബി ഐക്ക്‌ സാധിച്ചില്ല. പക്ഷേ, ആദായ നികുതി വകുപ്പിന്‌ അത്‌ സാധിച്ചിരിക്കുന്നു. 


അതുകൊണ്ടാകണമല്ലോ ട്രൈബ്യൂണല്‍ കോഴ കണക്കൂകൂട്ടി നികുതി ഒടുക്കാന്‍ നിര്‍ദേശിച്ചത്‌. വിന്‍ ഛദ്ദക്കും ക്വത്‌റോച്ചിക്കും കോഴപ്പണം ലഭിച്ചുവെന്നത്‌ ആദായ നികുതി വകുപ്പ്‌ നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ നികുതി ഒടുക്കാന്‍ അവര്‍ വിന്‍ ഛദ്ദയോട്‌ ആവശ്യപ്പെട്ടത്‌. ഈ നോട്ടീസ്‌ ചോദ്യം ചെയ്‌ത്‌ വിന്‍ ഛദ്ദയുടെ മകന്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ്‌ ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചത്‌. ആദായ നികുതി വകുപ്പിന്‌ നേരത്തെ ബോധ്യപ്പെട്ട കോഴ സി ബി ഐക്ക്‌ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. രണ്ട്‌ ഏജന്‍സികളും ഒരേ സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതുമാണ്‌. ഇതാണ്‌ യഥാര്‍ഥ നാനാത്വം. ഒരേ കേസില്‍ ഒരേ സര്‍ക്കാറിന്റെ കീഴിലുള്ള ഏജന്‍സികള്‍ ഭിന്ന നിലപാടുകള്‍ സ്വീകരിക്കുക. ഒരു ഏജന്‍സി ശിക്ഷ വിധിക്കുമ്പോള്‍ മറ്റൊരു ഏജന്‍സി കേസ്‌ തന്നെ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെടുക. ജനായത്ത സമ്പ്രദായത്തിന്റെ വിജയത്തിന്‌ മറ്റൊരു തെളിവും ഹാജരാക്കേണ്ടതില്ല.

മൂന്ന്‌ കത്തുകള്‍ കൈമാറ്റം ചെയ്‌തുവെന്നത്‌ രാജ്യദ്രോഹമായി കണക്കാക്കി ജീവപര്യന്തം ശിക്ഷ വിധിക്കുന്ന രാജ്യത്താണ്‌ ഇതെല്ലാം നടക്കുന്നത്‌. കത്തില്‍ ആരുടെയും ഒപ്പില്ല. എന്നിട്ടും അത്‌ യഥാര്‍ഥ രേഖയായി കോടതി വിലക്കെടുത്തു. മറ്റൊരിടത്ത്‌ യഥാര്‍ഥ രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന്‌ പറഞ്ഞ്‌ കുറ്റവിമുക്തരാക്കുകയും ചെയ്‌തു. യഥാര്‍ഥ രേഖകള്‍ ഹാജരാക്കാതെ വിചാരണ നടപടികള്‍ തുടരുന്നത്‌ പൊതുഖജനാവിലെ പണം അനാവശ്യമായി ചെലവഴിക്കലാകുമെന്നും ഹിന്ദുജ സഹോദരന്‍മാരെ വിട്ടയച്ചപ്പോള്‍ കോടതി പറഞ്ഞിരുന്നു. സംശയങ്ങള്‍ തുടരുന്നവര്‍ക്ക്‌ അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ടെന്നത്‌ മാത്രമാണ്‌ ഏക ആശ്വാസം.

2011-01-04

ചില ഉദ്യോഗസ്ഥാശ്ലീലങ്ങള്‍



ശ്ലീല എന്നതിന്‌ സഭ്യമായ എന്നാണ്‌ ശബ്‌ദതാരാവലി നല്‍കുന്ന അര്‍ഥം. അശ്ലീല എന്നതിന്‌ സഭ്യമല്ലാത്തത്‌ എന്നാകും. അശ്ലീലമെന്ന വാക്ക്‌ ഉച്ചരിക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ പൊതുവിലെത്തുക ലൈംഗികതയുമായി ബന്ധപ്പെട്ട ദൃശ്യസൂചകങ്ങളാണ്‌. എന്നാല്‍ അത്‌ മാത്രമല്ല സഭ്യേതരമെന്ന അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നത്‌. മറ്റുള്ളവര്‍ക്ക്‌ അരോചകമായി തോന്നുന്ന ഏതൊരു പ്രവൃത്തിയും സഭ്യേതരമായി കാണേണ്ടിവരും. ഇത്‌ കുറേയൊക്കെ വ്യക്തിയധിഷ്‌ഠിതമാണ്‌ താനും. എന്നാല്‍ സഭ്യേതരമെന്ന്‌ വ്യക്തിഭേദമില്ലാതെ വിലയിരുത്തപ്പെടുന്ന സംഗതികള്‍ ധാരാളമുണ്ട്‌. മരണവീട്ടില്‍ ആരെങ്കിലും പൊട്ടിച്ചിരിക്കുന്നത്‌, ചിരിക്കുന്നയാളിന്‌ പ്രത്യേകിച്ച്‌ മാനസികാസ്വാസ്ഥ്യമൊന്നുമില്ലെങ്കില്‍, തീര്‍ത്തും സഭ്യേതരമാണ്‌. പരിധിവിട്ട അശ്ലീല പെരുമാറ്റം.

സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ മാനസികാസ്വാസ്ഥ്യമുള്ളവരുണ്ടോ? സര്‍വീസില്‍ കയറുന്നതിന്‌ വൈദ്യ പരിശോധനാ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാണ്‌. അതുകൊണ്ട്‌ ഗുരുതരമായ മാനസികാസ്വാസ്ഥ്യമുള്ളവര്‍ സര്‍വീസിലെത്തുക പ്രയാസം. ചെറിയ മാനസികാസ്വാസ്ഥ്യങ്ങള്‍ ഉള്ളവരുണ്ടാകാം. അത്തരം അസ്വസ്ഥതകള്‍ ഇല്ലാത്തവരുടെ എണ്ണം തുലോം കുറയുന്ന കാലമാണെന്നത്‌ കൂടി പരിഗണിക്കുക. എങ്കിലും മരണവീട്ടില്‍ ചെന്ന്‌ പൊട്ടിച്ചിരിക്കാന്‍ മാത്രം അസ്വസ്ഥതകളുള്ളവര്‍ ഉണ്ടാകാന്‍ ഇടയില്ല. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ചില പ്രതികരണങ്ങള്‍ അശ്ലീലമാകുന്നത്‌ അതുകൊണ്ടാണ്‌. അശ്ലീല സ്വഭാവം മാത്രമല്ല ഇവിടെ പ്രതിഫലിക്കുന്നത്‌ സേവന, വേതന വ്യവസ്ഥകളുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ ജോലിയോടുള്ള ആത്മാര്‍ഥത കൂടിയാണ്‌.

മുന്‍ മുഖ്യമന്ത്രി കഥാവശേഷനാകുമ്പോള്‍ പൊതു അവധിയും മുന്‍ മന്ത്രി അന്തരിക്കുമ്പോള്‍ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകള്‍ക്ക്‌ അവധിയും പ്രഖ്യാപിക്കുന്ന പതിവ്‌ ഇന്ത്യയില്‍, വിശേഷിച്ച്‌ കേരളത്തില്‍ മാത്രം നിലനില്‍ക്കുന്നതാകണം. അന്തരിച്ച നേതാവിനോടുള്ള ആദരവ്‌ പ്രകടിപ്പിക്കേണ്ടത്‌ അവധി പ്രഖ്യാപിച്ചാണോ എന്നതില്‍ ഭിന്നാഭിപ്രായമുണ്ട്‌. എങ്കിലും കീഴ്‌വഴക്കം അങ്ങനെയാണ്‌. കെ കരുണാകരന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ അവധിക്കുള്ള സാധ്യത കണ്ട സര്‍ക്കാറുദ്യോഗസ്ഥര്‍ നിരവധി. ഇത്തവണയും ലീഡര്‍ ആശുപത്രിയില്‍ നിന്ന്‌ കല്യാണിയിലേക്ക്‌ മടങ്ങി അവധി സാധ്യത ഇല്ലാതാക്കുമോ എന്ന്‌ ശങ്കിച്ചവരില്‍ എന്‍ ജി ഒ യൂനിയന്‍, അസോസിയേഷന്‍ ഭേദമില്ല. കരുണാകരന്റെ നില അതീവ ഗുരുതരമെന്ന്‌ ചാനലുകള്‍ ബ്രേക്കിംഗ്‌ ന്യൂസ്‌ നല്‍കിത്തുടങ്ങിയതോടെ സര്‍ക്കാറുദ്യോഗസ്ഥരുടെ രക്ത സമ്മര്‍ദം വര്‍ധിച്ചു.

രക്തസമ്മര്‍ദം വര്‍ധിക്കാന്‍ കാരണം ചില ദിവസക്കണക്കുകളാണ്‌. ഡിസംബര്‍ 20നാണ്‌ കരുണാകരന്റെ നില ഗുരുതരമാകുന്നത്‌. മരണം സംഭവിച്ചാല്‍ പിറ്റേന്ന്‌ അവധിയെന്ന കണക്ക്‌ കൂട്ടലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ക്രമപ്പെടുത്തിത്തുടങ്ങി. 21ന്‌ നില അല്‍പ്പം മെച്ചപ്പെട്ടുവെന്ന വാര്‍ത്ത വന്നു. ഇതോടെ ലീഡര്‍ ഇക്കുറിയും പറ്റിക്കുമെന്ന്‌ പരസ്യമായും രഹസ്യമായും പറഞ്ഞ സര്‍ക്കാര്‍ ജീവനക്കാര്‍ നിരവധി. 22ന്‌ വൈകുന്നേരത്തോടെ ആരോഗ്യ നില വീണ്ടും ഗുരുതരമായി. ഇതോടെയാണ്‌ സര്‍ക്കാര്‍ ജീവനക്കാരുടെ രക്തസമ്മര്‍ദം വീണ്ടും ഉയര്‍ന്നത്‌. 23ന്‌ മരിച്ചാല്‍ 24ന്‌ അവധി. 25 ക്രിസ്‌മസ്‌ അവധി. 25ന്‌ ഞായറാഴ്‌ച. മൂന്ന്‌ ദിവസം തുടര്‍ച്ചയായി ജോലിക്ക്‌ പോകേണ്ട. ഇതില്‍പ്പരം ആനന്ദിക്കാന്‍ വകയെന്തുണ്ട്‌!

23ന്‌ രാവിലെ സ്ഥിതി ഗുരുതരമായി തുടരുന്നുവെന്ന്‌ ചാനലുകള്‍ ബ്രേക്കിംഗ്‌ ന്യൂസ്‌ നല്‍കിയതോടെ മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകളിലേക്ക്‌ പ്രവഹിച്ച കോളുകളിലേറെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെതായിരുന്നു. അറിയാന്‍ ഒന്നേയുള്ളൂ, മരണം ഇന്നുണ്ടാകുമോ? ഉണ്ടായാല്‍ നാളെ അവധി പ്രഖ്യാപിക്കില്ലേ? നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ നേരത്തെ നിര്‍ത്തിയെന്ന്‌ അറിഞ്ഞതോടെ മരണം ഉറപ്പിച്ച്‌ അനന്തപുരിയിലെ സര്‍ക്കാര്‍ ലാവണത്തില്‍ നിന്ന്‌ വീട്ടിലേക്ക്‌ തിരിച്ചവരും കുറവല്ല. ഇത്രയും ധൈര്യമില്ലാത്തവര്‍ വീണ്ടും വീണ്ടും മാധ്യമ സ്ഥാപനങ്ങളിലേക്ക്‌ വിളിച്ചു. 23ന്‌ മരിച്ചില്ലെങ്കില്‍ പിന്നെ 26നേ അത്‌ സംഭവിക്കാവൂ എന്ന ആഗ്രഹം തുറന്ന്‌ പറയാനും ആരും മടിച്ചില്ല. 26ന്‌ മരിച്ചാല്‍ 27ന്‌ അവധി. 25 ക്രിസ്‌മസ്‌, 26 ഞായര്‍, 27ന്‌ ലീഡര്‍ മരിച്ചതിന്റെ അവധി. അപ്പോഴും മൂന്ന്‌ ദിവസം തുടര്‍ച്ചയായി കിട്ടും. ഇന്നായില്ലെങ്കില്‍ ഇനി 26നേ സംഭവിക്കാവൂ എന്ന്‌ പ്രാര്‍ഥിച്ച്‌ പഴവങ്ങാടി ഗണപതിക്ക്‌ നാളികേരമടിക്കാമെന്ന്‌ വഴിപാട്‌ നേര്‍ന്നവര്‍ വരെയുണ്ട്‌ സെക്രട്ടേറിയറ്റില്‍.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊരു അസൗകര്യമുണ്ടാക്കേണ്ടെന്ന്‌ ലീഡര്‍ കരുതി. 23ന്‌ വൈകിട്ട്‌ അഞ്ചരക്ക്‌ മരണം സ്ഥിരീകരിച്ചു. അപ്പോഴും ചിലരുടെ പരാതി തീര്‍ന്നില്ല. ഒരു മണിക്കൂര്‍ നേരത്തെ മരിച്ചിരുന്നുവെങ്കില്‍ സന്ധ്യയാകുമ്പോഴേക്കും വീടെത്താമായിരുന്നുവെന്ന്‌ ചിലര്‍. എന്തായാലും മരിച്ചു, അതൊരു മണിക്കൂര്‍ മുമ്പേയായിരുന്നുവെങ്കില്‍ എക്‌സിക്യൂട്ടീവോ ഇന്റര്‍സിറ്റിയോ പിടിച്ച്‌ നാട്ടിലേക്ക്‌ മടങ്ങാന്‍ സൗകര്യമാകുമായിരുന്നുവെന്ന്‌ മറ്റു ചിലര്‍. അവധി ദിവസം രാവിലെ വീട്ടിലേക്ക്‌ യാത്ര ചെയ്യേണ്ടിവരുന്നതു കൊണ്ട്‌ ഒരു ദിവസം നഷ്‌ടമാകുന്നതിന്റെ ദുഃഖമാണ്‌ പങ്ക്‌ വെക്കപ്പെട്ടത്‌. ഈ മനോനിലയെ അശ്ലീലമെന്ന്‌ മാത്രം വിളിച്ചാല്‍ മതിയോ?

ഹര്‍ത്താല്‍ സാധ്യത തെളിയുന്ന അവസരങ്ങളിലും ഈ പതിവുണ്ട്‌. ഹര്‍ത്താലുണ്ടെന്ന്‌ ഉറപ്പിക്കാന്‍ മാധ്യമ സ്ഥാപനങ്ങളിലേക്ക്‌ വിളിക്കുന്നവരില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്‌. ജോലി കിട്ടിയിട്ട്‌ വേണം ലീവെടുക്കാന്‍ എന്ന സിനിമാ ഫലിതം വെറുംവാക്കല്ലെന്ന്‌ ബോധ്യപ്പെടുന്നത്‌ ഇവിടെയാണ്‌. ലീവ്‌, അവധി, ശമ്പള വര്‍ധന, കാലാകാലങ്ങളില്‍ ക്ഷാമബത്ത അനുവദിക്കല്‍ എന്നിവക്കെല്ലാം പ്രാധാന്യം നല്‍കിയ ശേഷം ജോലി. അതും പരമാവധി സാവധാനത്തില്‍. അതാണ്‌ നാട്ടുനടപ്പ്‌. അത്തരക്കാരാണ്‌ ഇപ്പോള്‍ അഞ്ച്‌ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ശമ്പള വര്‍ധനയെച്ചൊല്ലി തര്‍ക്കിക്കുന്നത്‌.

സമരത്തിന്‌ ആഹ്വാനം ചെയ്യാന്‍ പോലും അവസരം നല്‍കാതെ ശമ്പളം പരിഷ്‌കരിക്കാന്‍ ഇടതു സര്‍ക്കാര്‍ കാട്ടിയ ശുഷ്‌കാന്തിയെ ഇടത്‌ അനുകൂല സംഘടനകള്‍ സ്വാഗതം ചെയ്യുന്നു. കൂട്ടിയത്‌ പോരെന്നും ഫിറ്റ്‌മെന്റ്‌ ബെനിഫിറ്റ്‌ പോരെന്നും യു ഡി എഫ്‌ അനുകൂല സംഘടനകള്‍ വിലപിക്കുന്നു. കുറഞ്ഞത്‌ ആയിരം രൂപയെങ്കിലും എല്ലാവര്‍ക്കും മാസശമ്പളത്തില്‍ വര്‍ധനയുണ്ടാകുമെന്നതാണ്‌ ഇപ്പോഴത്തെ ഫിറ്റ്‌മെന്റ്‌ ബെനിഫിറ്റ്‌. ഇത്‌ പോരെന്നാണ്‌ യു ഡി എഫ്‌ അനുകൂല സംഘടനാ നേതാക്കളുടെ മതം. ജോലിയുടെ കാര്യത്തില്‍ പക്ഷേ, കാര്യങ്ങള്‍ പണ്ടേപ്പടി തുടരും. ബസ്സിന്റെയും ട്രെയിനിന്റെയും സമയം കണക്കാക്കി ജോലിക്ക്‌ വരും. അതിന്‌ കണക്കാക്കി മടങ്ങുകയും ചെയ്യും. പഞ്ചിംഗ്‌ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ ചെറുത്തുതോല്‍പ്പിക്കും. കൈക്കൂലി വാങ്ങുന്നത്‌ തുടരും. അതിലെങ്ങാന്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ പണിമുടക്കം. ഇത്‌ ശ്ലീലമോ അശ്ലീലമോ?

ദിവസവും കോഴിക്കോട്ട്‌ വന്ന്‌ ജോലി ചെയ്‌ത്‌ മടങ്ങുന്ന കൊച്ചിക്കാരന്റെ കഥ കൂടി കേള്‍ക്കാം. ഇദ്ദേഹം രാവിലെ ഇന്റര്‍സിറ്റി എക്‌സ്‌പ്രസില്‍ കോഴിക്കോട്ടേക്ക്‌ പുറപ്പെടും. പതിവായി വൈകുന്ന ഈ ട്രെയിന്‍ കോഴിക്കോട്ടെത്തുമ്പോള്‍ മണി പതിനൊന്ന്‌. റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ അര മണിക്കൂര്‍ ബസ്‌ യാത്ര. പതിനൊന്നരക്ക്‌ ഇദ്ദേഹം ജോലി തുടങ്ങും. ഒരു മണിക്ക്‌ ഉച്ചഭക്ഷണത്തിന്‌ പോയാല്‍ രണ്ട്‌ മണിക്ക്‌ തിരികെ സീറ്റിലെത്തും. വൈകിട്ട്‌ നാലേകാലോടെ കോഴിക്കോട്‌ വിടുന്ന ഇന്റര്‍സിറ്റി എക്‌സ്‌പ്രസില്‍ മടങ്ങണം. മൂന്നേ കാലിനെങ്കിലും ഓഫീസില്‍ നിന്ന്‌ ഇറങ്ങിയാലേ വൈകിട്ടത്തെ ഗതാഗത തടസ്സം മറികടന്ന്‌ റെയില്‍വേ സ്റ്റേഷനിലെത്താനാകൂ. ഓഫീസിലുണ്ടാകുന്ന ആകെ സമയം രണ്ടേമുക്കാല്‍ മണിക്കൂര്‍. അതില്‍ എത്ര നേരം ജോലി ചെയ്യുന്നുണ്ടാകും?

പ്രമുഖമായ സ്ഥാപനത്തില്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്‌തികയിലും അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ തസ്‌തികയിലും ജോലി ചെയ്യുന്ന രണ്ട്‌ പേരുടെ കാര്യം കൂടി ഉദാഹരിക്കാം. എക്‌സ്റ്റന്‍ഷന്‍ ഓഫീസറുടെ നിലവിലുള്ള ശമ്പള സ്‌കെയില്‍ 10,790 - 18,000 ആണ്‌. പുതുക്കുമ്പോള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്‌ 18,740 - 31,360. ഓഫീസിലെത്തി ഒപ്പ്‌ വെച്ചാലുടന്‍ ലൈബ്രറിയിലേക്ക്‌ നീങ്ങുന്ന നമ്മുടെ കഥാനായകന്‍ വൈകുവോളം അവിടെ തുടരും. ചിലപ്പോള്‍ ഉച്ചക്കൊപ്പിട്ട്‌ വീട്ടിലേക്ക്‌ പോയാല്‍ ഓഫീസിലേക്ക്‌ വരാറേയില്ല. അദ്ദേഹത്തിന്റെ എക്‌സ്റ്റന്‍ഷന്‍ ജോലി സസുഖം തുടരുന്നു. വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ മേലുദ്യോഗസ്ഥരെല്ലാം തൃപ്‌തികരമല്ലെന്ന്‌ പതിവായി രേഖപ്പെടുത്തുന്നു. എങ്കിലും എക്‌സ്റ്റഷനില്‍ മാറ്റമില്ല. അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ക്ക്‌ പ്രചാരണ വിഭാഗത്തിന്റെ മേല്‍നോട്ടമാണ്‌. ജോലിയില്‍ ചേര്‍ന്ന്‌ ഇതുവരെ ഒരു വാര്‍ത്താക്കുറിപ്പ്‌ പോലും അദ്ദേഹം തയ്യാറാക്കിയതായി സഹപ്രവര്‍ത്തകര്‍ക്ക്‌ വിവരമില്ല. എന്തെങ്കിലും തയ്യാറാക്കാന്‍ സഹപ്രവര്‍ത്തകരോട്‌ നിര്‍ദേശിച്ചിട്ടുമില്ല. ഇദ്ദേഹത്തിന്‌ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന സ്‌കെയില്‍ 20,740 - 33,680.

ഇത്‌ പതിനായിരക്കണക്കിന്‌ ഉദാഹരണങ്ങളില്‍ ഒന്നോ രണ്ടോ മാത്രം. പ്രകടനം മോശമായാല്‍ ജനങ്ങള്‍ ബാലറ്റിലൂടെ പ്രതികരിക്കുന്ന ജനാധിപത്യ വ്യവസ്ഥയിലാണ്‌ ഇത്തരം ഉദ്യോഗസ്ഥര്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ തുടരുന്നത്‌. ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്താനും തീരെ മോശമെങ്കില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാനും വ്യവസ്ഥ ചെയ്‌താല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സമ്മതിക്കുമോ? അവരുടെ സംഘടനകള്‍ വെറുതെയിരിക്കുമോ? ദീപസ്‌തംഭം മഹാശ്ചര്യം ഇനിയും കൂടണം ശമ്പളം എന്ന്‌ ആവര്‍ത്തിക്കുന്നവര്‍ ഇത്തരം കാര്യങ്ങളോട്‌ പുറംതിരിഞ്ഞു നില്‍ക്കുന്നതും അശ്ലീലമല്ലേ? ചുരുക്കത്തില്‍ കേരളത്തില്‍ ഇന്ന്‌ നിലനില്‍ക്കുന്ന ഏറ്റവും വലിയ അശ്ലീലം സര്‍ക്കാര്‍ സര്‍വീസായി മാറിയിരിക്കുന്നു. നേതാവിന്റെ മരണം മുതല്‍ ശമ്പള പരിഷ്‌കരണം വരെ അതിന്‌ സാക്ഷിയുമാണ്‌. സഭ്യമായി പെരുമാറാന്‍ തീരുമാനിക്കേണ്ടത്‌ അവര്‍ തന്നെയാണ്‌. അതിനവര്‍ തയ്യാറാകില്ലെന്ന്‌ മാത്രം.

* * * * *
മുന്‍കൂര്‍ ജാമ്യം: അഹങ്കാരം കൊണ്ട്‌ പറയല്ലടാ... എന്ന്‌ തുടങ്ങുന്ന ഇന്നസെന്റ്‌ സിനിമാ ഫലിതം ഏറെ പ്രസിദ്ധമാണ്‌. അതൊന്ന്‌ പരിഷ്‌കരിച്ചാല്‍ (എല്ലാറ്റിലും പരിഷ്‌കാരത്തിന്റെ കാലമല്ലേ) അസൂയ കൊണ്ട്‌ പറയേല്ലടാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേ എന്ന്‌ തുടങ്ങാം. വേണമെങ്കില്‍ ഈ സൗകര്യം ആവോളമോ അതിലധികമോ ആസ്വദിക്കാന്‍ അവസരമുള്ളയാളാണ്‌ ലേഖകന്‍. കൈക്കൂലിപ്പണം മേലുദ്യോഗസ്ഥന്‍ മാസാന്ത്യത്തില്‍ വീതംവെച്ച്‌ നല്‍കുന്ന സോഷ്യലിസം കണ്ടറിഞ്ഞയാളും.