2012-09-28

പക്വതയിലെ മതഭേദം!!!



സ്വദേശം കൊല്ലം ജില്ലയിലെ പുനലൂര്‍. താമസിക്കുന്നത് ഗുജറാത്തിലെ അഹമ്മദാബാദില്‍. പിടിക്കപ്പെടുന്നത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ - ഐ എസ് ആര്‍ ഒ)  ബംഗളൂരുവിലെ ഓഫീസില്‍ വെച്ച്, അതും കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നെത്തിയ നിലയില്‍. ഇങ്ങനെ കടക്കുന്നതിന് വേണ്ടി ഐ എസ് ആര്‍ ഒയുടെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മിച്ചതായി കണ്ടെത്തി. ഇതൊക്കെ ചെയ്തത് ഒരു വനിതയായിരിക്കുക, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് ഐ എസ് ആര്‍ ഒ ഓഫീസില്‍ കയറാന്‍ ഉന്നത ഉദ്യോഗസ്ഥരിലാരോ സഹായം ചെയ്തുവെന്ന് അഭ്യൂഹമുയരുക...  പരമ്പരാഗത രീതിയനുസരിച്ച് ഒരു പാട് സാധ്യതകളുള്ള ഒരു സിനിമാറ്റിക് സാഹചര്യം. എന്നിട്ടും നാം വലിയ പക്വത കാട്ടിയിരിക്കുന്നു, അഭിനന്ദനാര്‍ഹമായ പക്വത.

പുനലൂര്‍ നേതാജി മന്ദിരത്തില്‍ ബ്യൂല എം സാമെന്ന നാല്‍പ്പത്തിനാലുകാരിയുടെ കഥ അതിന്റെ സര്‍വ ദുരൂഹതകളോടും കൂടെ നമ്മുടെ മുന്നിലുണ്ട്. ബ്യൂല എങ്ങനെ ഐ എസ് ആര്‍ ഒയുടെ ബംഗളൂരു ഓഫീസിലെത്തി? എങ്ങനെയാണ് അവര്‍ക്ക് അകത്ത് കടക്കാന്‍ സാധിച്ചത്? മണിക്കൂറുകള്‍ അവിടെ ചെലവിടാന്‍ സാധിച്ചത് എങ്ങനെ? എന്നിങ്ങനെ ദുരൂഹതക്ക് വളമാകുന്ന ചോദ്യങ്ങള്‍ അനവധി. അതിനേക്കാള്‍ ദുരൂഹമായിരിക്കുന്നത് നാം കാട്ടിയ വലിയ പക്വതയിലാണ്. രണ്ട് ദശകത്തോളം പഴകിയ ഒരു ചാരക്കഥ സമൂഹത്തിന്റെ മുന്നില്‍ വീണ്ടും ചോദ്യങ്ങളുയര്‍ത്തിയ ഘട്ടത്തിലാണ് ഐ എസ് ആര്‍ ഒയുടെ ഓഫീസിലേക്ക് ബ്യൂല കടന്നെത്തുന്നത്. അന്നത്തെ ഓര്‍മകളുള്ളവരുടെ മനസ്സില്‍ ഉദ്വേഗ മനോഹരമായ ഒരു ചാരക്കഥക്ക് ഇതിലും നല്ല നൂല് കിട്ടാനില്ല. അനധികൃത താമസത്തിന് ഉന്നത ഉദ്യോഗസ്ഥരാരെങ്കിലും വഴിയൊരുക്കിയോ എന്ന സംശയം കൂടി കൂട്ടിച്ചേര്‍ത്താല്‍!!!

രാജ്യത്തെ തന്ത്ര പ്രധാന കേന്ദ്രങ്ങളൊക്കെ  ഭീകരവാദ സംഘടനകളുടെ ഭീഷണി നേരിടുന്നുവെന്ന മുന്നറിയിപ്പ് ഇടക്കിടെ നല്‍കാറുണ്ട്. മുംബൈയിലുണ്ടായത് പോലെ, തീരങ്ങളിലൂടെ കടന്നെത്തുന്ന ഭീകരവാദികള്‍ കൊടിയ അക്രമം അഴിച്ചുവിടാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് രാജ്യത്തോടായി പറഞ്ഞിട്ട് മാസമൊന്നാകുന്നതേയുള്ളൂ. രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ പട്ടികയെടുത്താല്‍ മുന്‍നിരയിലുണ്ട് ഐ എസ് ആര്‍ ഒ കേന്ദ്രങ്ങള്‍. ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന തരത്തിലുള്ള  റിപ്പോര്‍ട്ടുകള്‍ മുന്‍കാലത്തുണ്ടായിട്ടുണ്ട്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസിന്റെ കവാടത്തില്‍ വെടിയൊച്ച കേട്ടത് വലിയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അത്തരം അഭ്യൂഹങ്ങള്‍ക്ക് കൂടിയുള്ള അസുലഭവും അനന്യവുമായ അവസരമാണ് ബ്യൂല തുറന്ന് നലകിയത്.


ഇന്ത്യ കണ്ട മികച്ച 'ഭീകരരി'ല്‍ ഒരാളും ഇപ്പോള്‍ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്നയാളുമായ അബ്ദുന്നാസര്‍ മഅ്ദനിയുടെ അന്‍വാറുശ്ശേരി യത്തീംഖാനയുള്‍ക്കൊള്ളുന്ന കരുനാഗപ്പള്ളിയില്‍ നിന്ന് അധികം അകലെയല്ല പുനലൂര്‍. ദളിത് ഭീകര സംഘടനയുടെ ആദ്യത്തെയും അവസാനത്തെയും ആക്രമണം അരങ്ങേറിയ വര്‍ക്കലയില്‍ നിന്ന് അധികം ദൂരമില്ല പുനലൂരേക്ക്. പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിലെയും (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ - ഡി ആര്‍ ഡി ഒ) മാധ്യമ സ്ഥാപനത്തിലെയും ജീവനക്കാരുള്‍പ്പെടുന്ന 'ഭീകരവാദ ശൃംഖല'യെ കര്‍ണാടക പോലീസ് കണ്ടെത്തിയിട്ട് ഏതാനും ദിവസങ്ങളേയായുള്ളൂ. പിടിയിലായ യുവതി ജോലി ചെയ്യുന്നത് അഹമ്മദാബാദില്‍. പ്രധാനമന്ത്രി പദമോഹവുമായി മുന്നേറുന്ന 'വിരാട് പുരുഷ്'  നരേന്ദ്ര മോഡിയെ വധിക്കാന്‍ ലശ്കറെ ത്വയ്യിബ തയ്യാറാക്കിയ പദ്ധതിയനുസരിച്ചെത്തിയ നിരവധി പേര്‍ ഗുജറാത്ത് പോലീസിന്റെ 'വെടിയുണ്ടയേറ്റ്' പിടഞ്ഞുവീണ നഗരം. ബംഗളൂരുവിലെ സ്‌ഫോടന പരമ്പര കേസ് കഴിഞ്ഞാല്‍ അഹമ്മദാബാദിലെ സ്‌ഫോടന പരമ്പരയിലെ ആരോപണ വിധേയ സ്ഥാനം ചാര്‍ത്തി നല്‍കാനിടയുള്ള മഅ്ദനിയുടെ നാട്ടുകാരി.

അര്‍ഥഗര്‍ഭമായ ഇത്രയും സാഹചര്യങ്ങളുണ്ടായിട്ടും ബ്യൂലയുടെ സന്ദര്‍ശനം നല്‍കിയ അവസരങ്ങളെയാകെ നിഷേധിക്കും വിധത്തില്‍ കര്‍ണാടകത്തിലെ പോലീസും മാധ്യമങ്ങളും പെരുമാറിയെന്നത് കൊണ്ടാണ് അഭിന്ദനാര്‍ഹമായ പക്വത കാട്ടിയെന്ന വിലയിരുത്തല്‍ നടത്തിയത്. അറസ്റ്റിലായയുടന്‍ ബ്യൂലയുടെ ബന്ധുക്കളുമായി പോലീസ് സംസാരിച്ചു. അഹമ്മദാബാദില്‍ നിന്ന് ഭര്‍ത്താവിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. യുവതിയുടെ മാനസിക അസ്വാസ്ഥ്യത്തെക്കുറിച്ച് മനസ്സിലാക്കി. അതുള്‍പ്പെടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറി. എല്ലാ മാധ്യമങ്ങളും അസാധാരണ സംയമനത്തോടെ ബ്യൂലയുടെ മാനസിക അസ്വാസ്ഥ്യത്തെക്കുറിച്ച് വിശദമായി പരാമര്‍ശിച്ച് മറ്റൊരു സൂചനകളിലേക്കൊന്നും വായനക്കാരന്റെ മനസ്സിനെ നയിക്കാതെ ശ്രദ്ധിച്ചു. തുടരന്വേഷണം നടക്കുകയാണെന്ന് ലോകത്തെ അറിയിക്കുകയും ചെയ്തു. എങ്ങനെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയത്? അതിന് സഹായിച്ച സ്റ്റുഡിയോകള്‍ ഏതൊക്കെയാണ്? ഏതെങ്കിലും ശാസ്ത്രജ്ഞന്റെ സഹായം ഇതിനുണ്ടായിരുന്നോ? ഐ എസ് ആര്‍ ഒയുടെ ബംഗളൂരു കേന്ദ്രത്തില്‍ അടുത്തിടെ നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വിതരണം ചെയ്ത തിരിച്ചറിയല്‍ കാര്‍ഡുകളിലൊന്ന് പേര് മാറ്റി ബ്യൂലക്ക് നല്‍കുകയായിരുന്നുവെന്നും വിവരമുണ്ട്. എന്തായാലും അന്വേഷണത്തിന്റെ പുറത്തുവരുന്ന വിവരങ്ങളിലൊന്നിലും അനാവശ്യമായ കടന്നുകയറ്റമുണ്ടാകുന്നില്ല. അല്ലെങ്കില്‍ അത്തരം കടന്ന് കയറ്റങ്ങളുണ്ടാകുന്നില്ലെന്ന് മാധ്യമ സ്ഥാപനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ കണ്ടാല്‍ മനസ്സിലാകും. ഉത്തരവാദിത്വത്തോടെയുള്ള പ്രവര്‍ത്തനം.

ഇതേ നിലപാടുകള്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ചിട്ടുണ്ടോ എന്നത് കൂടി കൂലംകഷമായി ആലോചിക്കേണ്ടതുണ്ട്. 'ലവ് ജിഹാദെ'ന്ന വ്യാജ പ്രചാരണത്തിന് തീപിടിപ്പിക്കാന്‍ തീരുമാനിച്ച കാലത്തുണ്ടായോ! കാശ്മീരില്‍ വെച്ച് നാല് മലയാളികള്‍ 'ഏറ്റുമുട്ടലി'ല്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിറകെ ഭീകരവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട മൂന്നൂറും അഞ്ഞൂറും മുസ്‌ലിംകളെക്കുറിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച കാലത്തുണ്ടായോ? ചെറുതും വലുതുമായ സ്‌ഫോടനങ്ങള്‍ക്ക് തൊട്ടുപിറകെ സംശയിക്കപ്പെടുന്ന ഭീകര സംഘടനകളുടെ പേര് കടും ചുവപ്പിലെ വെളുത്ത അക്ഷരങ്ങളായി ബ്രേക്ക് ചെയ്ത് അവതരിപ്പിക്കുമ്പോഴുണ്ടാകുന്നുണ്ടോ? ഇത്തരം സംശയങ്ങള്‍ മാധ്യമങ്ങളില്‍ വലിയ അക്ഷരങ്ങളില്‍ വരാന്‍ പാകത്തില്‍ വിവരങ്ങള്‍ മനഃപൂര്‍വം ചോര്‍ത്തി നല്‍കാറുണ്ട് നമ്മുടെ പോലീസ് ഉദ്യോഗസ്ഥര്‍. ചില ഘട്ടങ്ങളില്‍ രാഷ്ട്രീയ നേതാക്കളും.


ബംഗളൂരു സ്‌ഫോടന പരമ്പരാക്കേസില്‍ അറസ്റ്റിലായ അബ്ദുന്നാസര്‍ മഅ്ദനിക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നില്‍, ഐ പി എല്‍ മത്സരം നടക്കുന്നതിന് തൊട്ടുമുമ്പുണ്ടായ, ചെറിയ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് കര്‍ണാടകത്തിലെ അന്നത്തെ ആഭ്യന്തര മന്ത്രി വി എസ്ആചാര്യ (ഇപ്പോള്‍ യശശ്ശരീരന്‍) പ്രസ്താവന നടത്തിയത് ഓര്‍ക്കുക. പ്രത്യേകിച്ച് വിവരങ്ങളൊന്നും ലഭിക്കാതെയാണ് ആചാര്യ പ്രസ്താവന നടത്തിയത് എന്ന് പിന്നീട് വ്യക്തമായി. ഭീകരവാദത്തിന്റെ നിഴലിലേക്ക് തള്ളപ്പെട്ടവരുടെ ചുമലിലേക്ക് ഏത് ആരോപണവും ഇറക്കാവെക്കാന്‍ സാധിക്കുന്ന സാഹചര്യം നിലനില്‍ക്കുകയും അത്തരം ഇറക്കിവെക്കലുകള്‍ക്ക് വലിയ മാധ്യമ പിന്തുണ ലഭിക്കുകയും ചെയ്യുന്ന പതിവിവിടെയുണ്ട്. ഇപ്പോഴത് ലംഘിച്ച് ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ പോലീസ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും തയ്യാറായതിന്റെ മനഃശാസ്ത്രം പരിശോധിക്കപ്പെടണം.

ന്യൂനപക്ഷ സമുദായാംഗമാണ് എന്നത് കൊണ്ട് ഒരാളെ ഭീകരവാദിയായി മുദ്രകുത്തി ജയിലില്‍ തള്ളരുതെന്ന് സുപ്രീം കോടതി ഗുജറാത്ത് പോലീസിനോട് നിര്‍ദേശിച്ചത് കൂടി ഇതിനൊപ്പം ചേര്‍ത്തുവായിക്കുമ്പോള്‍ നാമൊക്കെ അകപ്പെട്ടിരിക്കുന്ന അതിദയനീയമായ അവസ്ഥ കുറേക്കൂടി വ്യക്തമാകും. ന്യൂനപക്ഷ സമുദായാംഗങ്ങളെ ടാഡയുടെയും പോട്ടയുടെയും ഇപ്പോള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന്റെയും വകുപ്പുകളുപയോഗിച്ച് ആരോപണവിധേയരാക്കുകയോ തടവിലടക്കുകയോ ചെയ്യുന്നത് പ്രയാസമേറിയ ഒന്നല്ലെന്ന് ഉയര്‍ന്ന ന്യായാസനത്തിന് ബോധ്യപ്പെട്ടതിന്റെ തെളിവായെങ്കിലും ഇത് മനസ്സിലാക്കാം.


ഇത്തരം കഠോര നിയമങ്ങളുടെ വകുപ്പുകള്‍ പ്രയോഗിക്കുന്നതിന് തടയായി നിയമത്തില്‍ തന്നെയുള്ള നിബന്ധനകള്‍ മറികടക്കുന്നതിന് യാതൊരു മടിയുമുണ്ടാകാറുമില്ല. നിലവിലുള്ള സാഹചര്യം ഇതായിരിക്കെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി തന്ത്ര പ്രധാന കേന്ദ്രത്തില്‍ കടന്നുകയറിയത് (കൗതുകം മുന്‍നിര്‍ത്തി ഇത്തരമൊരു കേന്ദ്രത്തിന് മുന്നില്‍ അല്‍പ്പ സമയം നിന്നാലും മതി) ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഒരാളായിരുന്നുവെങ്കില്‍ മാനസിക അസ്വാസ്ഥ്യമെന്ന വാദം തുടക്കത്തില്‍ത്തന്നെ ചോദ്യം ചെയ്യപ്പെടുമായിരുന്നുവെന്ന് ഉറപ്പ്. ലശ്കറെ ത്വയ്യിബയുമായോ ഇന്ത്യന്‍ മുജാഹിദുമായോയുള്ള ബന്ധത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ബ്രേക്കിംഗ് ന്യൂസുകളാകുമായിരുന്നു. നിരോധിക്കപ്പെട്ട സിമിയുടെ മുന്‍കാല നേതാക്കളിലൊരാള്‍ അകന്ന ബന്ധുവാണെന്നതിന്റെ തെളിവുകള്‍ ഹാജരാക്കപ്പെടുമായിരുന്നു. ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമായി കേരളം മാറുന്നതിന്റെ പുതിയ തെളിവുകളിലൊന്നായി ചാനല്‍ ചര്‍ച്ചകളില്‍ സംഘ് പരിവാര്‍ നേതാക്കള്‍ ഇതിനെ ഉയര്‍ത്തിക്കാട്ടുമായിരുന്നു. ഒന്നുമുണ്ടായില്ല, ഭാഗ്യം.

ശാസ്ത്രജ്ഞയാകാന്‍ കൊതിച്ചു വളര്‍ന്ന ബ്യൂല, മാന-സിക അസ്വാസ്ഥ്യത്തിനിടെ ചെയ്ത് പോയ അബദ്ധമായിരുന്നു കടന്നുകയറ്റമെന്ന് തന്നെ തെളിയിക്കപ്പെടട്ടെ. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കൃത്രിമ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി നല്‍കിയ ശാസ്ത്രജ്ഞനുണ്ടെങ്കില്‍, ശാസ്ത്രത്തോടുള്ള ബ്യൂലയുടെ പ്രതിബദ്ധതയില്‍ അതീവ സന്തോഷം തോന്നിയ ഒരാളായിരിക്കട്ടെ അദ്ദേഹം. അതിനപ്പുറത്ത് മാനങ്ങള്‍ ഈ സംഭവത്തിന് ഉണ്ടാകാതെയുമിരിക്കട്ടെ. ഇല്ലാത്ത മാനങ്ങളെ ധ്വനിപ്പിക്കും വിധത്തിലുള്ള സംസാരം ഒഴിവാക്കി പോലീസും (പ്രത്യേകിച്ച് കര്‍ണാടകത്തിലെ പോലീസ്) കഥകള്‍ ചമക്കുന്നത് ഒഴിവാക്കി മാധ്യമങ്ങളും കാണിക്കുന്ന ഉത്തരവാദിത്വം ഇനിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അതിലേക്കുള്ള പാഠങ്ങള്‍ നമ്പി നാരായണനില്‍ നിന്നും സുപ്രീം കോടതിയിലെ ഇപ്പോഴത്തെ വിധിയില്‍ നിന്നും ലഭ്യമായിട്ടുണ്ടാകുമെന്നും. ഇപ്പോള്‍ കാട്ടുന്ന ഉത്തരവാദിത്വം അപവാദമായി പിന്നീട് മാറുകയും ന്യൂനപക്ഷ സമുദായാംഗത്തിനെതിരെ ആരോപണമുണ്ടായാല്‍ വേഗത്തില്‍ മുന്‍വിധികളുണ്ടാകുകയും ചെയ്താല്‍, മാധ്യമ പ്രവര്‍ത്തകരുടെ മനസ്സിലും വര്‍ഗീയത രൂഢമൂലമായിട്ടുണ്ടെന്ന വിലയിരുത്തലിന് ശക്തിയേറും.

ടാഡ നിയത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഗുജറാത്ത് പോലീസ് വരുത്തിയ വീഴ്ചയാണ് സുപ്രീം കോടതി പുതിയ വിധിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുപോലൊരു വ്യവസ്ഥാ ലംഘനം ബംഗളൂരു സ്‌ഫോടന പരമ്പരാ കേസില്‍ ആരോപണ വിധേയനായ അബ്ദുന്നാസര്‍ മഅ്ദനിയുടെ കാര്യത്തിലും സംഭവിച്ചതായി ആരോപണമുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന നിയമ പ്രകാരം കേസെടുത്താല്‍ അന്വേഷിച്ച് തെളിവുകള്‍ ശേഖരിച്ച ശേഷം സര്‍ക്കാര്‍ നിയോഗിക്കുന്ന അതോറിറ്റിക്ക് സമര്‍പ്പിക്കണം. തെളിവുകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ അതോറിറ്റി  പ്രോസിക്യൂഷന്‍ അനുമതി ശിപാര്‍ശ ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണം. തെളിവുകളെല്ലാം ശേഖരിച്ച് ഒരാഴ്ചക്കകം അതോറിറ്റിക്ക് നല്‍കണമെന്നും അവര്‍ ഒരാഴ്ചക്കകം ശിപാര്‍ശ നല്‍കണമെന്നുമാണ് വ്യവസ്ഥ. ഇതൊന്നും മദനിയുടെ കാര്യത്തില്‍ നടന്നിട്ടില്ല.


സമയബന്ധിതമായി അനുമതി നല്‍കണമെന്നത് മഅ്ദനിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നേരത്തെ  ലഭിച്ച അനുമതി മതിയെന്ന നിലപാടാണ് കര്‍ണാടക പോലീസ് സ്വീകരിച്ചത്. ഗുജറാത്ത് പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയ അതേ ന്യായാസത്തിന് മുന്നില്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ വന്നിരുന്നു. ജാമ്യത്തിന് എന്തുകൊണ്ടും അര്‍ഹനെന്ന് ഹരജി പരിഗണിച്ച ബഞ്ചിലംഗമായിരുന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു (സര്‍വീസില്‍ നിന്ന് വിരമിച്ചു) അഭിപ്രായപ്പെടുകയും ചെയ്തു. എന്നിട്ടും ജാമ്യം ലഭിച്ചല്ല. മുന്‍വിധികള്‍ പോലീസിനും മാധ്യമങ്ങള്‍ക്കും മാത്രമല്ല ഉണ്ടാകുന്നത് എന്ന് ചുരുക്കം.

2012-09-24

എ സ്മാര്‍ട്ട് എക്‌സിക്യുട്ടീവ്?


സ്വദേശിയോ വിദേശിയോ ബഹുരാഷ്ട്രമോ ആയ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന ഏതിനത്തെയും വിറ്റഴിക്കുക എന്നതാണ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിന്റെ ജോലി. ഉത്പന്നത്തിന്റെ ആവശ്യകതയോ ഉപഭോക്താവിന്റെ ആവശ്യം നിറവേറ്റുന്നതില്‍ ഉത്പന്നത്തിനുള്ള കഴിവോ ഒന്നും പ്രശ്‌നമല്ല. ഉത്പന്നത്തിന്റെ ഉപഭോഗം വ്യക്തിക്കോ സമൂഹത്തിനോ സൃഷ്ടിക്കാനിടയുള്ള ബുദ്ധിമുട്ടുകളും തടസ്സമല്ല. അത്തരം വിപണനത്തില്‍ വിജയിക്കുന്നയാളാണ് മികച്ച എക്‌സിക്യൂട്ടീവ്. അവര്‍ക്ക് പണവും പദവിയും. പരാജിതര്‍ പുറത്താക്കപ്പെടും. ലാഭത്തില്‍ നിന്ന് ലാഭത്തിലേക്ക് കുതിക്കുക എന്നത് മാത്രം ലക്ഷ്യമാക്കുന്ന കമ്പനികള്‍ക്ക് പരാജയപ്പെടുന്ന എക്‌സിക്യൂട്ടീവുകളെ ആവശ്യമില്ല.

ജോലിയില്‍ പ്രവേശിച്ചത് മുതല്‍ പരാജയപ്പെടുകയാണെങ്കില്‍ പുറത്തേക്കുള്ള വഴി കാണിക്കല്‍ വൈകില്ല. എന്നാല്‍ തുടക്കത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കിയതിന് കമ്പനി മുതലാളി തോളില്‍ തട്ടി അഭിനന്ദിച്ച (യു എസ് പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയുടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ തോളില്‍ തട്ടി അഭിനന്ദിച്ചതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ ഓര്‍ക്കാം) എക്‌സിക്യൂട്ടീവ്, പിന്നീട് പരാജയപ്പെടുകയാണെങ്കിലോ? പഴയ പ്രകടന നിലവാരത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം കമ്പനി നടത്താനിടയുണ്ട്. അതിനെന്തൊക്കെ മാര്‍ഗങ്ങള്‍?


താങ്കളുടെ പ്രകടനം പഴയ നിലയിലല്ല എന്ന് അറിയിക്കുകയും കൂടുതല്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സന്ദേശം ആദ്യം നല്‍കും. പിന്നെ കുറച്ചു കാലം നിരീക്ഷിക്കും. പ്രകടനം മെച്ചമാകുന്നില്ലെന്ന് തോന്നിയാല്‍ നേരിട്ട് സംസാരിക്കും - മുന്നറിയിപ്പിന്റെ സ്വരത്തില്‍ തുടങ്ങി ഭീഷണിയുടെ സ്വരത്തില്‍ അവസാനിക്കുന്ന സംസാരം. ഇത്തരം സംസാരങ്ങളുടെ പരിധികള്‍ അവസാനിച്ചിട്ടും പ്രകടനം മെച്ചപ്പെടുന്നില്ലെങ്കിലോ!! പരസ്യമായി താക്കീത് ചെയ്യും. ജീവനക്കാരുടെ യോഗത്തിലും മറ്റും പ്രകടനത്തിലെ മികവില്ലായ്മ ഉച്ചത്തില്‍ പറയും. പിന്നെയും ഒന്നും നടക്കുന്നില്ലെങ്കില്‍ പകരക്കാരനെ നിയോഗിക്കും.

അമേരിക്കയെ വലിയ കമ്പനിയായും ഡോ. മന്‍മോഹന്‍ സിംഗിനെ മുന്‍കാലത്ത് മികച്ച പ്രകടനം കാഴ്ച വെച്ച എക്‌സിക്യൂട്ടീവായും സങ്കല്‍പ്പിച്ചാല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ വേഗം കൂട്ടാന്‍ ഇപ്പോള്‍ നടക്കുന്ന യത്‌നങ്ങളെക്കുറിച്ചുള്ള കാഴ്ച കുറേക്കൂടി വ്യക്തതയുള്ളതാകും. 2008ല്‍ ആരംഭിച്ച സാമ്പത്തിക മാന്ദ്യം കടത്തിന്റെ കുടിശ്ശികക്കാരാകുന്ന സ്ഥിതിയിലേക്ക് അമേരിക്കയെ എത്തിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളേതാണ്ടെല്ലാം കടക്കെണിയില്‍ നട്ടം തിരിയുകയാണ്. അതിന്റെ ആഘാതവും യു എസ് സമ്പദ്‌വ്യവസ്ഥ നേരിടുന്നു. തൊഴിലില്ലായ്മയുടെ നിരക്ക് സര്‍വകാല റെക്കോര്‍ഡില്‍ നിന്ന് പിന്‍വാങ്ങാന്‍ മടിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ എക്‌സിക്യൂട്ടീവിന്റെ പ്രകടന മികവ് വര്‍ധിപ്പിക്കണമെന്ന ആവശ്യം പല കുറി അവര്‍ ഉന്നയിച്ചു. വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റന്‍ പല കുറി എത്തി. പ്രസിഡന്റ് ബരാക് ഒബാമ തന്നെ നേരിട്ടുവന്ന് യു എസ്സിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യ വഹിക്കേണ്ട പങ്കിനെപ്പറ്റി ഉദ്‌ബോധിപ്പിച്ചു. ഒരു കോച്ച് ഫാക്ടറിയുടെ നിര്‍മാണച്ചുമതല അമേരിക്കന്‍ കമ്പനിക്ക് ലഭ്യമാക്കുകയാണെങ്കില്‍ അത് സൃഷ്ടിക്കാനിടയുള്ള ഏതാനും തൊഴിവസരങ്ങളെക്കുറിച്ച് പോലും പറഞ്ഞു. എന്നിട്ടും ഒന്നും നടക്കുന്നില്ലെന്ന് വന്നാല്‍ പിന്നെ പരസ്യമായി ശാസിക്കുകയല്ലാതെ മാര്‍ഗമില്ലല്ലോ!

അതാണ് അമേരിക്കന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളായി വന്നത്. 'നമ്മുടെ' ആവശ്യങ്ങള്‍ നിറവേറ്റിത്തരാന്‍ സാധിക്കാത്തയാളായി ഇന്ത്യയുടെ പ്രധാനമന്ത്രി മാറിയിരിക്കുന്നുവെന്ന് ആദ്യം പറഞ്ഞു. രാഷ്ട്രീയ സമ്മര്‍ദങ്ങളില്‍ ഉലയുന്ന  കരുത്ത് ചോര്‍ന്ന നേതാവായി മാറി മന്‍മോഹന്‍ സിംഗെന്ന് പിന്നീട് പറഞ്ഞു. അഴിമതിയുടെ കയത്തില്‍ മുങ്ങിയ ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന, കാര്യശേഷിയില്ലാത്ത നേതാവായി മാറിയ മന്‍മോഹന്‍ സിംഗ് ചരിത്രത്തിലെ ദുരന്ത കഥാപാത്രമാകുകയാണെന്ന് ഏറ്റവുമൊടുവില്‍ പറഞ്ഞുവെച്ചു. അന്താരാഷ്ട്ര വേദിയില്‍ ഒരു നേതാവിനെ, തന്ത്രപരമായ സഖ്യത്തിലെ പ്രധാന പങ്കാളിയായി തുടരുന്ന രാജ്യത്തിന്റെ നേതാവിനെ, ഇതിലധികം താറടിച്ച് കാണിക്കുക അസാധ്യമാണ്. 2009ലെ പൊതു തിരഞ്ഞെടുപ്പ് കാലത്ത് ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് എല്‍ കെ അഡ്വാനി ആക്ഷേപിച്ചപ്പോള്‍പ്പോലും ഇത്ര ദുഃഖം തോന്നിയിട്ടുണ്ടാകില്ല മന്‍മോഹന്‍ സിംഗിന്, കോണ്‍ഗ്രസിനും.

ആക്ഷേപം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തനോന്മുഖമാകാന്‍ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. ആഭ്യന്തരകാരണങ്ങളാല്‍ മന്‍മോഹനോളം യോജിച്ച മറ്റൊരു നേതാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം (സോണിയാ ഗാന്ധിയും  മകന്‍ രാഹുല്‍ ഗാന്ധിയും) കരുതുന്നതിനാല്‍ എക്‌സിക്യൂട്ടീവിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് പച്ചക്കൊടി കാട്ടി. ബഹുബ്രാന്‍ഡുകളുടെ ചില്ലറ വില്‍പ്പനയില്‍ 51 ശതമാനവും ഒറ്റ ബ്രാന്‍ഡിന്റെ കാര്യത്തില്‍ 100 ശതമാനവും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതിയായി. ഡീസലിന്റെ സബ്‌സിഡി കുറച്ചു കൂടി പരിമിതപ്പെടുത്തി. സബ്‌സിഡിയോടെയുള്ള പാചക വാതക സിലിന്‍ഡറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറെന്ന് നിജപ്പെടുത്തി. സാമ്പത്തിക വളര്‍ച്ചയുടെ വേഗം തിരിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം തീരുമാനങ്ങളെന്നും നേരിട്ടുള്ള വിദേശ നിക്ഷേപത്തെ ഭയക്കുകയല്ല, അതുപയോഗപ്പെടുത്തി സ്വയം വളരുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ യത്‌നിക്കുന്ന ഏത് എക്‌സിക്യൂട്ടീവും ഉപഭോക്താക്കളോട് നടത്തുന്ന വാചാടോപത്തിന്റെ മറ്റൊരു പതിപ്പ്.

ഡീസലിന്റെയും പാചകവാതകത്തിന്റെയും സബ്‌സിഡി പരിമിതപ്പെടുത്തിയതിലൂടെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം കുറച്ചുവെന്നാണ് അവകാശവാദം. പ്രത്യക്ഷത്തില്‍ ശരിയെന്ന് തോന്നാം. എണ്ണക്കമ്പനികളുടെ നഷ്ടം നികത്തുകയല്ല സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുകയാണ് യഥാര്‍ഥത്തില്‍. വര്‍ഷത്തില്‍ ആറ് സിലിന്‍ഡറെന്ന പരിധി കഴിഞ്ഞാല്‍ മാര്‍ക്കറ്റ് വിലക്ക് സിലിന്‍ഡര്‍ വാങ്ങണം. അത് പൊതുമേഖലാ കമ്പനികളില്‍ നിന്ന് വേണമെന്നില്ല. റിലയന്‍സോ ഷെല്ലോ എസ്സാറോ പോലുള്ള കമ്പനികളുടെ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നാകാം. പൊതുമേഖലാ കമ്പനികളില്‍ നിന്ന് സിലന്‍ഡര്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ട് കൂടി നേരിട്ടാലോ - സ്വകാര്യ കമ്പനികള്‍ക്ക് എളുപ്പത്തില്‍ ഉപഭോക്താക്കളെ കണ്ടെത്താം.


വ്യോമയാന മേഖലയില്‍ 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചതിന് പിന്നാലെ എയര്‍ ഇന്ത്യാ സര്‍വീസുകള്‍ കൂട്ടത്തോടെ വെട്ടിക്കുറക്കുന്നത് ശ്രദ്ധിക്കുക. സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ക്കുള്ള  അവസരമുണ്ടെന്ന്  നിക്ഷേപത്തിന് തയ്യാറെടുക്കുന്ന വിദേശ കമ്പനികളെ ബോധ്യപ്പെടുത്തുകയാണ് ഇതിലൂടെ. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന  വിജയ് മല്യയുടെ കിംഗ് ഫിഷര്‍ പോലുള്ള വ്യോമയാന കമ്പനികളിലേക്ക് വിദേശ നിക്ഷേപമെത്തണമെങ്കില്‍ കൂടുതല്‍ സര്‍വീസ് നടത്തി ലാഭമുണ്ടാക്കാനുള്ള അവസരം രാജ്യത്തുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടേ!! അതാണ് മികച്ച എക്‌സിക്യൂട്ടീവിന്റെ മിടുക്ക്.

പ്രകടനമികവ് വീണ്ടെടുക്കാന്‍ എക്‌സിക്യൂട്ടീവ് നടത്തുന്ന ശ്രമങ്ങള്‍ ബോധ്യപ്പെട്ടാല്‍ കമ്പനി ഉടന്‍ അഭിനന്ദന സന്ദേശമയക്കും. ബഹു ബ്രാന്‍ഡ് ചില്ലറ വില്‍പ്പനയിലും വ്യോമയാന മേഖലയിലും വിദേശനിക്ഷേപം അനുവദിച്ചത് 2004ന് ശേഷം സാമ്പത്തിക പരിഷ്‌കരണം ലക്ഷ്യമിട്ട് ഡോ. മന്‍മോഹന്‍ സിംഗ് എടുത്ത ഏറ്റവം കടുപ്പമേറിയ തീരുമാനമാണെന്ന് യു എസ് മാധ്യമങ്ങള്‍ ഉടന്‍ അച്ചുനിരത്തുമ്പോള്‍ സന്ദേശം വ്യക്തം. കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുമെന്ന് മന്‍മോഹന്‍ പ്രഖ്യാപിക്കുന്നത് ഈ സന്ദേശത്തിന്റെ അര്‍ഥം മനസ്സിലാക്കിയാകണം.

പ്രത്യക്ഷത്തില്‍ ജനത്തെ സാമ്പത്തിക പ്രയാസത്തിലേക്ക് തള്ളിവിടൂന്ന മേല്‍ പറഞ്ഞ തീരുമാനങ്ങള്‍ അമേരിക്കയെ മാത്രമല്ല സന്തുഷ്ടരാക്കിയത്. നമ്മുടെ ഓഹരി വിപണി വലിയ ആവേശം കാട്ടി. തളര്‍ന്നു കിടന്നിരുന്ന വിപണികള്‍ ഊര്‍ജസ്വലമായി. സെന്‍സെക്‌സ് ഒരു ദിനം 400 പോയിന്റിന്റെ നേട്ടം കൈവരിക്കുന്ന സ്ഥിതി തിരിച്ചെത്തി. ഇങ്ങനെ തിരിച്ചെത്തുമ്പോഴും കൂടുതല്‍ ലാഭമുണ്ടാക്കുന്നത് വിദേശ ധനകാര്യ സ്ഥാപനങ്ങളാണെന്നതാണ് യാഥാര്‍ഥ്യം. അവര്‍ കൂടുതല്‍ പണവുമായെത്തും. വിപണിയില്‍ വില ഉയരുന്നതിന് അനുസരിച്ച് വിറ്റൊഴിച്ച് ലാഭമുണ്ടാക്കി മടങ്ങുകയും ചെയ്യും. ഇത്തരത്തിലുള്ള പണമൊഴുക്കിന് കൂടുതല്‍ അവസരമുണ്ടാക്കുന്ന രണ്ട് തീരുമാനങ്ങള്‍ കൂടി പിറകെയുണ്ടായി, ധനമന്ത്രി പി ചിദംബരത്തിന്റെ വക. ഓഹരി വിപണിയിലേക്ക് സാധാരണക്കാരെ കൂടുതലായി ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ 'രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്‌സ് സ്‌കീം'പ്രഖ്യാപിച്ചു.

പത്ത്  ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ ഓഹരി വിപണിയില്‍ നടത്തുന്ന 50,000 രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 50 ശതമാനം നികുതിയിളവാണ് ഈ സ്‌കീമിന്റെ കാതല്‍. ഇനിയും ഓഹരി വിപണിയിലേക്ക് എത്താതെ നില്‍ക്കുന്നവര്‍ക്കുള്ള ക്ഷണം. ഇവര്‍ കൂടി നിക്ഷേപം നടത്തിയാല്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലാഭമെടുപ്പ് കുറേക്കൂടി സുകരമാകുമെന്ന് അര്‍ഥം. നിരന്തരം വിപണി നിരീക്ഷിച്ച് ലാഭമെടുക്കുന്ന വിധത്തില്‍ നിക്ഷേപം നടത്താന്‍ ഇത്തരം വ്യക്തിഗത നിക്ഷേപകര്‍ക്ക് എളുപ്പമല്ല. നികുതി ഇളവ് ലക്ഷ്യമിട്ട് നിക്ഷേപം നടത്താന്‍ തയ്യാറാകുമെന്ന് മാത്രം. വിദേശ സ്ഥാപനങ്ങള്‍ വായ്പ ലഭ്യമാക്കുന്നുണ്ട്. ബോണ്ടുകള്‍ വാങ്ങിയും പണം നല്‍കുന്നു. ഇതിലൂടെ ലഭിക്കുന്ന ആദായത്തിന് (പലിശയില്‍ നിന്നുള്ളത് ഉള്‍പ്പെടെ) 20 ശതമാനം നികുതി ഈടാക്കിയിരുന്നു ഇതുവരെ. അത് അഞ്ച് ശതമാനമായി കുറച്ചുകൊണ്ടുള്ളതാണ് ചിദംബരത്തിന്റെ രണ്ടാമത്തെ തീരുമാനം.


വിദേശ സ്ഥാപനങ്ങള്‍ മാത്രമല്ല, പ്രവാസി സ്ഥാപനങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഓഹരി വിപണിയിലും മറ്റും കൂടുതല്‍ തുക മുടക്കി, കൂടുതല്‍ ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്നതിന്റെ യുക്തി എന്താണ്? സബ്‌സിഡി പരിമിതപ്പെടുത്തി ആ പണം വികസന പദ്ധതികള്‍ക്കായി ചെലവിടാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കി വരുമാനം നഷ്ടപ്പെടുത്തുമ്പോള്‍ ആരുടെ എക്‌സിക്യുട്ടീവുമാരാണ് ഇവരെന്ന സംശയം മാറിക്കിട്ടും.
പ്രവാസി സ്ഥാപനങ്ങള്‍ക്ക് കൂടി ഈ ഇളവിന് അര്‍ഹതയുണ്ടാകുമെന്ന് പറയുമ്പോള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന് കൂടുതല്‍ അവസരമുണ്ടെന്ന് കൂടി പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍. അനധികൃത സമ്പാദ്യം രാജ്യത്തിന് പുറത്തേക്ക് കടത്തുന്നവര്‍ക്ക് മൗറീഷ്യസിലോ കേമാന്‍ ദ്വീപുകളിലോ ഒക്കെ രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനം വഴി രാജ്യത്ത് നിക്ഷേപം നടത്താന്‍ നിലവില്‍ തന്നെ അനുവാദമുണ്ട്. അങ്ങനെ നടത്തുന്ന നിക്ഷേപം കൂടുതല്‍ ആദായകരമായാല്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ തോത് ഉയര്‍ത്താനാകും. കള്ളപ്പണമില്ലാതാക്കാന്‍ ഇതിലും നല്ലൊരു വഴി ആര്‍ക്കെങ്കിലും നിര്‍ദേശിക്കാനാകുമോ? കള്ളപ്പണക്കാരുടെ കൂടി എക്‌സിക്യൂട്ടീവുമാരാണ് ഇവരെന്ന് പറയേണ്ടിവരും.
 

2012-09-18

നവോത്ഥാനം മാനുഫാക്‌ചേഡ് ആന്‍ഡ് മാര്‍ക്കറ്റഡ് ബൈ...



കോഴിക്കോട്ടെ ഒരു വന്‍കിട ഷോപ്പിംഗ് സമുച്ചയം. സര്‍വം ശീതീകൃതം. അവിടെ റിലയന്‍സ് ആരംഭിച്ച ബഹുബ്രാന്‍ഡ് ചില്ലറ വില്‍പ്പനശാലയുടെ കവാടം. മൂലയിലൊരിടത്ത് വില്‍ക്കുന്നത് നാരങ്ങ ചേര്‍ത്ത സോഡ. സര്‍ബത്ത് കിട്ടും, ഉപ്പിട്ട് നാരങ്ങ പിഴിഞ്ഞ സോഡയും. യന്ത്രവത്കൃതമായ ചെറിയ യൂനിറ്റ് സോഡയുണ്ടാക്കാന്‍. ഇന്ത്യയെ 'എമര്‍ജ്' ചെയ്യിക്കാന്‍ 1991ല്‍ ഡോ. മന്‍മോഹന്‍ സിംഗ് ആരംഭിച്ച ഭഗീരഥ പ്രയത്‌നത്തിന്റെ ഉത്കൃഷ്ട ഫലങ്ങളിലൊന്നാണിത്. ലക്ഷം കോടികള്‍ നിക്ഷേപിച്ച് വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന റിലയന്‍സ്, അവരാരംഭിച്ച ബഹു ബ്രാന്‍ഡ് ചില്ലറ വില്‍പ്പനശാലയില്‍ നാരങ്ങാ വെള്ളവും സോഡയുമൊക്കെയൊരുക്കി പാവപ്പെട്ടയാളുകളുടെ ദാഹശമനത്തിന് യത്‌നിക്കുന്നതിലെ സാമൂഹിക ബോധം അത്യുത്തമമെന്ന് പറയണം! ഈ അവസ്ഥയിലേക്ക് രാജ്യത്തെ 'എമര്‍ജ്' ചെയ്യിച്ച ഡോ. മന്‍മോഹന്‍ സിംഗിന്റെ ക്രാന്തദര്‍ശിത്വത്തിന് എന്ത് വിശേഷണ പദം നല്‍കും?!

രാജ്യത്തെയാകെ എമര്‍ജ് ചെയ്യുന്നതിന് 1991 മുതല്‍ ആരംഭിച്ച നടപടികളുടെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുകയും വികസനത്തിന്റെ അവസാനത്തെ ബസ് നഷ്ടമാകാതിരിക്കാന്‍ യത്‌നിക്കുകയുമാണ് കേരളം ചെയ്തിരുന്നത്, പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള  ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയ അവസരങ്ങളില്‍. ആഗോള നിക്ഷേപക സംഗമം സംഘടിപ്പിച്ചത് അതിനു വേണ്ടിയായിരുന്നു. നദി വില്‍ക്കാന്‍ പോകുന്നു, കരി മണല്‍ വില്‍ക്കാന്‍ പോകുന്നുവെന്നൊക്കെ മുറവിളി മുഴക്കി ആ ദൗത്യത്തെ ചിലര്‍ വെള്ളത്തിലാക്കി. അത്തരമൊരു സാഹചര്യം ഇനിയുണ്ടാകരുതെന്ന നിര്‍ബന്ധബുദ്ധിയില്‍ നിന്നാണ് ഇപ്പോഴത്തെ യു ഡി എഫ് സര്‍ക്കാര്‍ എമര്‍ജിംഗ് കേരള സംഘടിപ്പിച്ചത്. പുതിയ കേരളം എത്തരത്തില്‍ 'എമര്‍ജ്' ചെയ്യണമെന്ന് പറഞ്ഞുതരാന്‍ ഡോ. മന്‍മോഹന്‍ സിംഗിനോളം ക്രാന്തദര്‍ശിയായ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയെ കൊണ്ടുവന്നത്.

നെല്ലുത്പാദനം വര്‍ധിപ്പിക്കുന്നതിനോ ഭക്ഷ്യ മേഖലയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കാര്‍ഷിക മേഖലയില്‍ നിക്ഷേപം നടത്തുന്നതിനോ കേരളം ശ്രദ്ധിക്കേണ്ടതില്ലെന്ന് അലുവാലിയ ദീര്‍ഘദര്‍ശനം ചെയ്യുകയുമുണ്ടായി. നെല്‍കൃഷി പോകപ്പോകെ കുറഞ്ഞ് വരികയാണ് കേരളത്തില്‍. ലാഭകരമല്ലാത്തതിനാല്‍ കൃഷിയിറക്കാന്‍ തയ്യാറുള്ളവരുടെ എണ്ണം കുറഞ്ഞതാണ് ഒരു കാരണം. മറ്റൊന്ന് തൊഴിലാളികളുടെ ക്ഷാമം. എല്ലാ പ്രയാസവും സഹിച്ച് കൃഷിയിറക്കി വിളവെടുത്താല്‍ അത് നല്ല വില നല്‍കി കൃത്യ സമയത്ത് ഏറ്റെടുക്കില്ല. കിളിര്‍ക്കാന്‍ തുടങ്ങുമ്പോള്‍ കിട്ടിയ വിലക്ക് സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കേണ്ടിവരും. കൊയ്ത്ത് യന്ത്രമിറക്കുന്നത് തടയാന്‍ വിപ്ലവകാരികളെത്തിയാല്‍ കതിരില്‍ മുള പൊട്ടുകയും ചെയ്യാം. നഗരവത്കരണത്തിന്റെ വേഗം കൂടുതലാണ് താനും.


ഇത്തരമൊരു സാഹചര്യത്തില്‍ പാടം നിലനിര്‍ത്തി നെല്ല് കൃഷി ചെയ്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്നത് അസാധ്യം. ലഭ്യമായ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിച്ച് പണം ഉത്പാദിപ്പിക്കുകയും  അതുപയോഗിച്ച് അരി ഇറക്കി സുഭിക്ഷമായി ഉണ്ണുകയുമാണ് സാധ്യം. അതാണ് അലുവാലിയ ഉപദേശിക്കുന്നത്. കേരളത്തെ 'എമര്‍ജ്' ചെയ്യിക്കുന്നതിന് അത് തന്നെയാണ് വഴിയും. ഈ ഉപദേശം ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് അലുവാലിയ നേരത്തെ തന്നെ നല്‍കിയിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. നെല്‍വയലുകള്‍ കൂടുതലായി നികത്തുന്നതിന് അവസരമൊരുക്കി 2005വരെയുള്ള നികത്തലുകള്‍ നിയമവിധേയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത് അതുകൊണ്ടാവണം. തോട്ടഭൂമിയുടെ അഞ്ച് ശതമാനം വിനോദ സഞ്ചാര ആവശ്യത്തിന് നീക്കിവെക്കാന്‍ നിയമം ഭേദഗതി ചെയ്തതും ഊ ഉപദേശത്തിന്റെ ഊര്‍ജം സ്വീകരിച്ചാകണം.


ഭൂമിയുടെ ക്രയവിക്രയം ധനവിപണിയിലുണ്ടാക്കുന്ന തീരത്തള്ളല്‍, ഭൂമി വികസിപ്പിക്കുന്നത് കമ്പോളത്തിലുണ്ടാക്കുന്ന ഉണര്‍വ്, പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം (കെട്ടിടങ്ങള്‍, റോഡ്, റെയില്‍, വ്യോമ ഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയവ) സാധ്യമാകുന്നതോടെ എത്തിപ്പെടാനിടയുള്ള നിക്ഷേപങ്ങള്‍ എന്നിങ്ങനെ വലിയ സാധ്യതകള്‍ മുന്നിലുണ്ട്. വികസനത്തിനുള്ള അവസാനത്തെ ബസ് സഞ്ചരിക്കേണ്ടതും സാധ്യതകളുടെ ഈ പാതയിലൂടെയാണ്. അതുകൊണ്ടാണ് തരിശുകിടക്കുന്ന ആറന്‍മുളയിലെ പാടശേഖരം നികത്തി വിമാനത്താവളം നിര്‍മിക്കുന്നതിന് പരിസ്ഥിതി വകുപ്പ് (ഉപാധികളോടെയാണെങ്കിലും) അനുമതി നല്‍കിയത്. പരിസ്ഥിതി വകുപ്പിന് വേണ്ട ഉപദേശം ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷന്‍ നല്‍കിയിട്ടുണ്ടാകുമെന്ന് ഉറപ്പ്.

രാജ്യത്ത് ഏറെക്കുറെ 'എമര്‍ജ്' ചെയ്യുകയും കേരളത്തില്‍ 'എമര്‍ജ്' ചെയ്യിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ വികസനത്തിന് ഒരു മറുപുറമുണ്ട്. റിലയന്‍സിന്റെ ശീതീകൃത ചില്ലറ വില്‍പ്പനശാലക്ക് മുന്നില്‍ പാവപ്പെട്ടവന് സര്‍ബത്ത് കുടിക്കാന്‍ സൗകര്യമുണ്ടായപ്പോള്‍ ഇതേ സര്‍ബത്ത് കുറേക്കാലമായി തെരുവോരത്ത് കച്ചവടം ചെയ്തിരുന്നവന്‍ ഉപജീവനത്തിന് വഴിയില്ലാത്തവനായി. അവന്റെ കടകള്‍ ഏറെക്കുറെ തുടച്ച് നീക്കപ്പെട്ടു. സോഡ വിതരണം ചെയ്തിരുന്ന ചെറുകിട കമ്പനികളും ഇല്ലാതായി. സര്‍ബത്തിന് വേണ്ട നന്നാറി, കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്നാകണം ഇപ്പോഴും ലഭ്യമാക്കുന്നത്. അലുവാലിയയുടെ സിദ്ധാന്തമനുസരിച്ചാണെങ്കില്‍ നന്നാറിയുടെ ഉത്പാദനം ഇവിടെ നടക്കേണ്ടതില്ല. വൈകാതെ അത് സംഭവിക്കും. റിലയന്‍സിന്റെ പാടത്തു നിന്ന് നന്നാറിയെത്തും. അതുപോലെ നാരങ്ങയും.


ഇവ രണ്ടും റിലയന്‍സിന്റെ പാടത്തു നിന്ന് കൊണ്ടുവരേണ്ടിവരുമ്പോള്‍ വിലയേറും. ഇന്ന് പത്ത് രൂപക്ക് വില്‍ക്കുന്ന സര്‍ബത്തിന് പതിനഞ്ചോ ഇരുപതോ ഒക്കെയാകും. അങ്ങനെ ഓരോന്നിനും വില കൂടുമ്പോള്‍ അതൊക്കെ വാങ്ങാന്‍ പാകത്തിലുള്ള പണം ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് വിഭവങ്ങളെ ഇപ്പോള്‍ തന്നെ ഉപയോഗിച്ചു തുടങ്ങാനാണ് അലുവാലിയ ഉപദേശിക്കുന്നത്. ഇന്ന് റിലയന്‍സിന്റെ കവാടത്തിലാണ് സര്‍ബത്തെങ്കില്‍ നാളെ അത് വാള്‍മാര്‍ട്ടിന്റെയോ ടെസ്‌കോയുടെയോ കാരെഫോറിന്റെയോ ഒക്കെയായി മാറും. ബ്രാന്‍ഡ് നാമം മാറുന്നതിന് അനുസരിച്ച് സര്‍ബത്തിന് വിലയേറുക സ്വാഭാവികം. 2010ലെ കണക്കനുസരിച്ച് 40,504 കോടി ഡോളര്‍ വിറ്റുവരവുണ്ടായിരുന്ന വാള്‍മാര്‍ട്ടോ 11,988 കോടി ഡോളര്‍ വിറ്റുവരവുണ്ടായിരുന്ന കാരെഫോറിനോ ലാഭമുണ്ടാക്കാന്‍ ഇന്ത്യയിലെ കമ്പോളത്തിലെത്തേണ്ടതില്ല. എന്നിട്ടും അവര്‍ വരുന്നു. വലിയ സമ്മര്‍ദം ഇന്ത്യാ ഗവണ്‍മെന്റില്‍ ചെലുത്തി ബഹുബ്രാന്‍ഡുകളുടെ ചില്ലറ വില്‍പ്പന മേഖല തുറപ്പിക്കുകയും ചെയ്തു. എന്തിന് വേണ്ടി എന്ന ചോദ്യം ഇനി പറഞ്ഞു തരേണ്ടത് 'എമര്‍ജ്' ചെയ്യിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നവര്‍ തന്നെയാണ്.

കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കേരളം ശ്രമിക്കേണ്ടതില്ലെന്ന് അലുവാലിയ പറയുമ്പോള്‍ കേരളത്തെപ്പോലെ ഭൂസമ്പത്ത് കുറവുള്ള, ഇതര മേഖലകളില്‍ നിക്ഷേപ സാധ്യതയുള്ള, പ്രകൃതി വിഭവ ചൂഷണത്തിന് അവസരമുള്ള സംസ്ഥാനങ്ങളും ശ്രമിക്കേണ്ടതില്ലെന്നാണ് അര്‍ഥം. കല്‍ക്കരിയോ ഇരുമ്പയിരോ കുഴിച്ചെടുക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കൃഷിക്കായി മാറ്റിവെക്കുന്നതും അവിടം ഗോത്ര വിഭാഗങ്ങളുടെ ആവാസനിലമാക്കുന്നതും വികസന സാധ്യത പാഴാക്കലാണ്. ഭൂവിസ്തൃതിയുള്ള, വിശാലമായ പ്രദേശമൊന്നാകെ കൃഷിക്കായി നീക്കിയിടുന്ന സംസ്ഥാനങ്ങളില്‍ പാട്ടക്കൃഷിക്ക് ഇപ്പോള്‍ റിലയന്‍സും ടാറ്റയുമൊക്കെ രംഗത്തുണ്ട്. അവര്‍ കൃഷിയിറക്കിക്കോളും.


വൈകാതെ വാള്‍മാര്‍ട്ടിനെപ്പോലുള്ള ഭീമന്‍മാര്‍ ഈ രംഗത്ത് എത്തുകയും ചെയ്യും. അവര്‍ വിതച്ച്,  കൊയ്ത്, കവറിലാക്കി നമുക്ക് അരിയും പയറുമെത്തിക്കും. ഈ വലിയ ജനതതിക്ക് വേണ്ടത്ര ഭക്ഷ്യവസ്തുക്കള്‍ ചുരുങ്ങിയ പ്രദേശത്തു നിന്ന് ഉത്പാദിപ്പിച്ചെടുക്കാന്‍ വേണ്ടി ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ കൃഷി ചെയ്യുന്നതിനുള്ള അനുമതി അലുവാലിയമാര്‍ ലഭ്യമാക്കും. വിപണിക്ക് പിറകെ വിളയും വിത്തും വിദേശ കമ്പനികള്‍ സ്വന്തമാക്കുന്നതോടെ വിലയും വില്‍പ്പനച്ചട്ടങ്ങളും അവര്‍ തീരുമാനിക്കും. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദന, വിതരണ, ഉപഭോഗ അവകാശങ്ങളില്‍ നിന്ന് നീക്കിനിര്‍ത്തുന്നതോടെയാണ് ഒരു ജനതയെ വിധേയപ്പെടുത്തുന്ന നടപടിക്രമം പൂര്‍ത്തിയാകുക. അതിന് അധിക കാലം വേണ്ടിവരില്ലെന്ന് പ്രതീക്ഷിക്കാം. സ്വാതന്ത്ര്യം, രാജ്യത്തിന്റെ പരമാധികാരം എന്നിവയേക്കാളൊക്കെ പ്രധാനമാണ് അതിരുകളില്ലാത്ത വിപണിയുടെ സ്ഥാപനമെന്ന് വിശ്വസിക്കുന്ന മന്‍മോഹന്‍, അലുവാലിയ, ചിദംബരാദികളുള്ളപ്പോള്‍ പ്രതീക്ഷകള്‍ അസ്ഥാനത്താകില്ല തന്നെ.

ഈ സാഹചര്യത്തോട് ഇണങ്ങി നിന്ന് വികസനവേഗം കൈവരിക്കുക എന്നതാണ് എമര്‍ജിംഗ് കേരളയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. അതുകൊണ്ടാണ് ഏക്കറുകണക്കിന് ഭൂമി വിനിയോഗിച്ചുള്ള പദ്ധതികള്‍ വിഭാവനം ചെയ്തതും. വാഗമണ്ണിലെ പുല്‍മേട് നിലവില്‍ ഉത്പാദനക്ഷമമല്ല. ഉത്പാദനക്ഷമമാക്കുന്നതിന് വേണ്ടി അവിടെ കൃഷിയിറക്കാന്‍ സാധിക്കുകയുമില്ല. ആകെ സാധ്യമാകുക ഗോള്‍ഫ് കോഴ്‌സാണ്. പുല്‍മേട് പേരിനെങ്കിലും നിലനില്‍ക്കും. ഗോള്‍ഫ് കളിക്കാനെത്തുന്ന സമ്പന്നര്‍ക്ക് വേണ്ട ആഡംബര സൗകര്യങ്ങള്‍ പിറകെ ഒരുക്കാം. കളിക്കായി നീക്കിയിടുന്നതൊഴികെ പുല്‍മേടുകള്‍ ധനോത്പാദനക്ഷമമായി വിനിയോഗിക്കുകയും ചെയ്യാം.


ഭവനരഹിതരും ഭൂരഹിതരുമായവര്‍, പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവശ്യം വേണ്ട സൗകര്യങ്ങളില്ലാത്തവര്‍, വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് വേണ്ടിയല്ല ഭാവി രാജ്യം കെട്ടിപ്പടുക്കുന്നത്. വലിയ മാളുകളില്‍ ഷോപ്പിംഗിന് പോകുകയും അവിടെ നിന്ന് സര്‍ബത്ത് വാങ്ങിക്കുടിച്ച് റിലയന്‍സിന്റെ പാടങ്ങളില്‍ നിന്നെത്തുന്ന നാരങ്ങയുടെയും നന്നാറിയുടെയും മേന്മയില്‍ അഭിമാനം കൊള്ളുന്നവര്‍ക്കു വേണ്ടിയാണ്. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തെ ആശ്രയിക്കുന്നവര്‍ക്ക് വേണ്ടിയല്ല, മിനറല്‍ വാട്ടര്‍ ഭരണികള്‍ ദിനേന വാങ്ങുന്ന സ്വാശ്രയര്‍ക്ക് വേണ്ടിയാണ്. സബ്‌സിഡി കൂടാതെ ഡീസലും പെട്രോളും വാങ്ങുന്നവര്‍ക്ക് വേണ്ടിയാണ്.

അത്തരമൊരു ഭാവി വിഭാവനം ചെയ്താണ് എമര്‍ജിംഗുകള്‍ ഉണ്ടാകുന്നത്. അനാവശ്യ തര്‍ക്കങ്ങളുയര്‍ത്തി ആ സ്വപ്‌നത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ പിന്തിരിപ്പന്‍മാരോ വികസനവിരോധികളോ ഒക്കെയാണ്. സ്വാതന്ത്ര്യമെന്നത് അടിമത്തം സ്വീകരിക്കാന്‍ കൂടിയുള്ളതാണെന്ന തിരിച്ചറിവില്ലാത്തവരാണ്. അത്തരക്കാര്‍ക്ക് വിട. അലുവാലിയമാര്‍ വാഗ്ദാനം ചെയ്യുന്ന നവോത്ഥാനകാലത്തിലേക്ക് (മലയാള മനോരമയോട് കടപ്പാട്) മുന്നേറാം.
 

2012-09-15

ചാരത്തില്‍ നിന്ന് വാണിഭത്തിലെത്തുമ്പോള്‍



നൂറാമത്തെ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച് ആനന്ദതുന്ദിലരും അഭിമാനപൂരിതരുമായി നില്‍ക്കുകയാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയിലെ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ - ഐ എസ് ആര്‍ ഒ) അംഗങ്ങള്‍. സംഘടനയുടെ ചരിത്രത്തിലെ സുപ്രധാനമായ നിമിഷത്തിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗെത്തിയിരുന്നു. 1975 ഏപ്രില്‍ 19ന് 'ആര്യഭട്ട'യെ സോവിയറ്റ് യൂനിയനിലെ വിക്ഷേപണത്തറയില്‍ നിന്ന് ബഹിരാകാശത്തെത്തിച്ചതാണ് ആദ്യത്തേത്. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളെന്ന (പി എസ് എല്‍ വി) വിക്ഷേപണ വാഹനം അറബിക്കടലിലേക്കുള്ള പ്രൊജക്‌ടൈല്‍ മോഷന്‍ അവസാനിപ്പിച്ചതോടെ, 1993 മുതലാണ് ഉപഗ്രഹ വിക്ഷേപണ രംഗത്തെ വിശ്വസനീയമായ സ്ഥാപനമായി ഐ എസ് ആര്‍ ഒ മാറുന്നത്. പിന്നെയും 14 വര്‍ഷത്തിന് ശേഷം 2007ല്‍ ഉപഗ്രഹ വിക്ഷേപണമെന്നത് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍വഹിക്കാന്‍ ആരംഭിച്ചു.

'ഉപഗ്രഹം വിക്ഷേപിച്ച് കൊടുക്കപ്പെടു'മെന്ന ബോര്‍ഡ് വെച്ചപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍, വലുതായിരുന്നു പ്രതികരണം. 1993മുതല്‍ ഇക്കാലം വരെ പി എസ് എല്‍ വി ഉപയോഗിച്ച് വിക്ഷേപിച്ച ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ എണ്ണം 26. 2007 മുതല്‍ 2012 വരെയുള്ള കാലത്ത് വിക്ഷേപിച്ചത് 26 വിദേശ ഉപഗ്രങ്ങളും. അത്രക്കുണ്ടായിരുന്നു വിക്ഷേപണ വിപണി. അതുകൊണ്ടാണ് ഐ എസ് ആര്‍ ഒക്ക് വാണിജ്യ വിഭാഗം പ്രത്യേകമുണ്ടാക്കിയത് - ആന്‍ട്രിക്‌സ് കോര്‍പറേഷനെന്ന പേരില്‍.
ചാരവൃത്തിക്കേസില്‍ ആരോപണവിധേയനാകുകയും കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത ഐ എസ് ആര്‍ ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്, അന്യായമായി അറസ്റ്റ് ചെയ്തതിനുള്ള നഷ്ടപരിഹാരമായി നല്‍കേണ്ടതില്‍ പത്ത്  ലക്ഷം രൂപ മൂന്ന് മാസത്തിനകം നല്‍കണമെന്ന കേരള ഹൈക്കോടതിയുടെ വിധിയുണ്ടായതിന് ദിവസങ്ങള്‍ക്കകമാണ് നൂറാമത്തെ ഉപഗ്രഹം ബഹിരാകാശത്തെത്തിക്കുക എന്ന നേട്ടം ഐ എസ് ആര്‍ ഒ കൈവരിക്കുന്നത്. ഈ രണ്ട് സംഗതികളും തമ്മില്‍ പ്രത്യക്ഷത്തില്‍ വലിയ ബന്ധമില്ല. പരോക്ഷമായി ഏറെ ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. നമ്പി നാരായണന്‍, മറ്റൊരു ശാസ്ത്രജ്ഞനായ ശശികുമാര്‍ തുടങ്ങിയവരും മാലി സ്വദേശികളായ രണ്ട് സ്ത്രീകളും ആരോപണവിധേയരായ ഐ എസ് ആര്‍ ഒ ചാരക്കേസിന്റെ കഥകളിലേക്ക് മടങ്ങേണ്ടിവരും ആ ബന്ധം മനസ്സിലാക്കാന്‍. 
1994 ഒക്‌ടോബര്‍ നാലിന് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ നിന്ന് മാലി സ്വദേശിനിയായ മറിയം റഷീദയെ പോലീസ് അറസ്റ്റ് ചെയ്യുന്നതോടെ ആരംഭിക്കുന്ന ചാരക്കേസ് അവസാനിക്കുന്നത് 1998ല്‍ ആരോപണവിധേയരെ മുഴുവന്‍ സുപ്രീം കോടതി കുറ്റവിമുക്തരാക്കുന്നതോടെയാണ്. ഖര, ദ്രവ ഇന്ധനങ്ങളാണ് അത്ര കാലവും റോക്കറ്റുകളില്‍ ഉപയോഗിച്ചിരുന്നത്. വാതകത്തിന്റെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് പരമാവധി താഴ്ത്തുമ്പോള്‍ പുറത്തേക്ക് ഗമിക്കുന്ന ഊര്‍ജത്തെ ഇന്ധനമാക്കുന്ന ക്രയോജനിക് എന്‍ജിനിലേക്ക് രാജ്യം കണ്ണ് വെക്കാന്‍ തുടങ്ങിയ കാലം. 1974ല്‍ പൊഖ്‌റാനില്‍ അണുബോംബ് പരീക്ഷണം നടത്തിയതോടെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തെ മറികടന്ന് ബഹിരാകാശ ഗവേഷണ രംഗത്ത് സഹായിച്ചിരുന്ന സോവിയറ്റ് യൂനിയന്‍ ഇല്ലാതായതിനു ശേഷമുള്ള വര്‍ഷങ്ങളും.
ക്രയോജനിക് എന്‍ജിന്റെ രൂപകല്‍പ്പനക്ക് സഹായിക്കുന്ന അവസ്ഥയിലേക്ക്, തന്റെ നേതൃത്വത്തില്‍ നടന്നിരുന്ന ഗവേഷണം മുന്നേറിയിരുന്നുവെന്നും അതിന് തടയിടുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്രതലത്തില്‍ നടന്ന ഗൂഢാലോചനയുടെ ഫലമായിരുന്നു ചാരക്കേസ് എന്നുമാണ് നമ്പി നാരായണന്‍ പറയുന്നത്. അതിരുകടന്ന അവകാശവാദമെന്നോ അഹങ്കാരപ്രകടനമെന്നോ നിങ്ങള്‍ക്ക് വേണമെങ്കില്‍ വിശേഷിപ്പിക്കാമെന്ന് അദ്ദേഹം പറയുന്നത് ആത്മവിശ്വാസത്തോടെ തന്നെയാണ്. ചാരക്കേസിന് പിറകില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സി ഐ എ) ആയിരുന്നുവെന്ന ആരോപണം പില്‍ക്കാലത്ത് ഉയരുകയുണ്ടായി. എന്തായാലും ബഹിരാകാശ ഗവേഷണ മേഖലയില്‍ വലിയൊരു മാറ്റത്തിന് രാജ്യം തയ്യാറെടുത്ത് നില്‍ക്കെ ചാരക്കേസുണ്ടാകുകയും നമ്പി നാരായണനെന്ന വലിയ ശാസ്ത്രജ്ഞന്റെ ഗവേഷണ ബുദ്ധിയെ പാടെ ഇല്ലാതാക്കുകയും ചെയ്തുവെങ്കില്‍ അതിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്നത് വെറും ആരോപണമായി തള്ളിക്കളയാനാകില്ല. വാണിജ്യാടിസ്ഥാനത്തില്‍ ഉപഗ്രഹ വിക്ഷേപണം ആരംഭിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ 26 വിദേശ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ സാധിച്ചുവെന്നത് തന്നെ ആരോപണത്തിന് ബലമേകുന്നു.
നമ്പി നാരായണന്റെ നേതൃത്വത്തില്‍ നടന്നിരുന്ന ഗവേഷണം വിജയം കാണുകയും അദ്ദേഹം അവകാശപ്പെട്ടതു പോലെ ക്രയോജനിക് എന്‍ജിന്‍ തദ്ദേശീയമായി വികസിപ്പിക്കാന്‍ രാജ്യത്തിന് സാധിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഏറ്റവും ചുരുങ്ങിയത് രണ്ടായാരാമാണ്ട് മുതല്‍ തന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണം ഐ എസ് ആര്‍ ഒക്ക് സാധിക്കുമായിരുന്നു. നഷ്ടമായ ഏഴ് വര്‍ഷം ഐ എസ് ആര്‍ ഒക്കും അതുവഴി രാജ്യത്തിനുമുണ്ടാക്കിയ നഷ്ടം സഹസ്ര കോടി ഡോളറിന്റെതാണ്. ആ ഡോളറൊക്കെ സ്വന്തമായത് അപ്പോള്‍ തന്നെ വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപണം ആരംഭിച്ചിരുന്ന ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാഷ്ട്രങ്ങള്‍ക്കാകണം. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതിന് സാമ്പത്തിക നേട്ടമെന്ന ലക്ഷ്യമുണ്ടാകാമെന്നര്‍ഥം. ക്രയോജനിക് എന്‍ജിന്‍ വൈകിയത്, വൈകി ജനിച്ചത് തന്നെ 2010ല്‍ പരീക്ഷിച്ചപ്പോള്‍ പരാജയപ്പെട്ടത്, ഇനിയെപ്പോഴാണ് ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ജിയോസിംക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജി എസ് എല്‍ വി) പരീക്ഷിക്കാന്‍ സാധിക്കുക എന്ന് പറയാന്‍ ഐ എസ് ആര്‍ ഒക്ക് സാധിക്കാത്തത് എന്നിവയൊക്കെ നമ്പി നാരായണന്റെ വാക്കുകളുടെ നിഴലിലാണ്.
വിക്ഷേപണക്കച്ചവടത്തില്‍ മാത്രമല്ല ഇന്ത്യക്ക് നഷ്ടമുണ്ടായത്. ബഹിരാകാശ പര്യവേക്ഷണത്തിന്റെ പുതിയ മേഖലകളിലേക്ക് കടക്കാന്‍ പ്രയാസമുണ്ടായതും കണക്കിലുണ്ട്. ഇക്കാലത്തിനിടെ ആരെയും ആക്രമിച്ചൊടുക്കുക എന്ന ലക്ഷ്യത്തോടെ ബഹിരാകാശത്തെ പല രാഷ്ട്രങ്ങളും ഉപയോഗിച്ചു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പഠന വാഹനങ്ങളെ നിയോഗിച്ചു. ബഹിരാകാശ നിലയം സ്ഥാപിച്ച് അവിടെ ശാസ്ത്രജ്ഞരെ താമസിപ്പിച്ച് ഗവേഷണങ്ങള്‍ നടത്തി. വിനോദ സഞ്ചാരത്തിന് വരെ ബഹിരാകാശം യോജ്യമെന്ന് തെളിയിച്ചു.  നമ്പി നാരായണന്റെ അവകാശവാദം പോലെ ക്രയോജനിക് എന്‍ജിന്‍ നേരത്തെ വികസിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നുവെങ്കില്‍ മേല്‍ച്ചൊന്ന എല്ലാ വിപണികിളിലും ഇന്ത്യക്ക് പങ്കാളിയാകാമായിരുന്നു. അത്തരം അവസരമില്ലാതായതോടെ നഷ്ടമായത് ശാസ്ത്ര, ഗവേഷണ മേഖലകളില്‍ വലിയൊരു മുന്നേറ്റത്തിനുള്ള ഇന്ത്യന്‍ യുവതയുടെ സാധ്യത കൂടിയാണ്.

മൊബൈല്‍ ആശയ വിനിമയം, വാര്‍ത്താ വിതരണം തുടങ്ങി ഉപഗ്രഹ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന മേഖലകളിലെല്ലാം വിദേശ കമ്പനികളുടെ വലിയ സാന്നിധ്യമില്ലാതെ തന്നെ വിപ്ലവം നടത്താന്‍ കഴിയുകയും ചെയ്യുമായിരുന്നു.
വലിയ നഷ്ടങ്ങളിലേക്ക് രാജ്യത്തെ തള്ളിവിടാന്‍ പാകത്തിലൊരു ഗൂഢാലോചന അന്താരാഷ്ട്ര തലത്തില്‍ നടന്നുവെങ്കില്‍ അതില്‍ രാജ്യത്തുള്ളവരുടെ പങ്ക് എത്രത്തോളമുണ്ടായിട്ടുണ്ടാകും. അതുകൊണ്ട് തന്നെ ഗൂഢാലോചന നടന്നിട്ടുണ്ടോ ഉണ്ടെങ്കില്‍ അതിന്റെ ആഭ്യന്തര പങ്കാളികളാരൊക്കെ എന്ന് കണ്ടെത്തേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്. ഓരോ ഉപഗ്രഹവും അതിന്റെ വിക്ഷേപണത്തിന് വേണ്ടിവരുന്ന ചെലവിനേക്കാളധികം വരുമാനം നല്‍കുന്നുണ്ടെന്ന് രാജ്യം മനസ്സിലാക്കിയത് സ്വകാര്യ കമ്പനിയായ ദേവാസുമായി ആന്‍ട്രിക്‌സ് കോര്‍പ്പറേഷനുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നപ്പോഴാണ്.

ദേവാസിന് വേണ്ടി ഐ എസ് ആര്‍ ഒ വിക്ഷേപിച്ച് നല്‍കുമായിരുന്ന രണ്ട് ഉപഗ്രഹങ്ങളിലെ സ്‌പെക്ട്രത്തിന്റെ വില രണ്ട് ലക്ഷം കോടി വരുമെന്നാണ് കണക്ക്. ഇത്രയും വില വരുന്ന, എസ് ബാന്‍ഡെന്ന ദുര്‍ലഭമായ സ്‌പെക്ട്രമടക്കം ചുരുങ്ങിയ വിലക്ക് ഉപഗ്രഹത്തിന്റെ ആയുസ്സ് തീരുന്ന കാലത്തോളം പാട്ടത്തിന് നല്‍കാനാണ് ദേവാസുമായി ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ കരാറുണ്ടാക്കിയത്. 2005ലുണ്ടാക്കിയ കരാറിലെ ക്രമക്കേട് പുറത്തുവന്നത് കഴിഞ്ഞ കൊല്ലം മാത്രം. അത് പുറത്തുവന്നില്ലായിരുന്നുവെങ്കില്‍ ദേവാസിന് വേണ്ടി ഉപഗ്രഹം വിക്ഷേപിച്ച് നല്‍കി, അതിലെ സ്‌പെക്ട്രം മുഴുവന്‍ ചുളുവിലക്ക് പാട്ടത്തിന് നല്‍കാനുള്ള കരാര്‍ നടപ്പാക്കി സ്വന്തം കീശ വീര്‍പ്പിക്കാന്‍ ലാക്ക് നോക്കിയവര്‍ ഐ എസ് ആര്‍ യിലുണ്ടായി. ആ കരാര്‍ ശരിയിട്ട് അംഗീകരിച്ചവര്‍ ബഹിരാകാശ വകുപ്പിലുണ്ടായി. ആ വകുപ്പ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതാകയാല്‍ അവിടുള്ളവരും അറിയാതെയാകില്ല കാര്യങ്ങള്‍.

ദേവാസെന്ന കമ്പനിക്ക് തുടക്കമിട്ടത് ഐ എസ് ആര്‍ ഒയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണെന്നത് കൂടി സ്മരിക്കുമ്പോള്‍ കരാറുണ്ടാക്കിയതും അംഗീകരിക്കപ്പെട്ടതും വെറുതെയല്ലെന്ന് മനസ്സിലാക്കാം. ആന്‍ട്രിക്‌സുമായി കരാറൊപ്പിട്ടതിന് തൊട്ടുപിറകെ ദേവാസിന്റെ ഓഹരികള്‍ ജര്‍മന്‍ കമ്പനി വാങ്ങിയെന്നതും സ്മരിക്കാം.
ബഹുരാഷ്ട്ര കമ്പനികള്‍ക്കോ വിദേശ രാജ്യങ്ങള്‍ക്കോ ഉപകാരം ചെയ്യുന്നതിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സംഘം ഐ എസ് ആര്‍ ഒയുടെ വേലിക്കകത്തുതന്നെയുണ്ടായിരുന്നുവെന്നാണ് ആന്‍ട്രിസ് - ദേവാസ് കരാര്‍ നല്‍കുന്ന പാഠം. ക്രയോജനിക് സാങ്കേതിക വിദ്യ കൈവരിച്ച് ഉപഗ്രഹ വിക്ഷേപണ വിപണിയിലും ബഹിരാകാശ ഗവേഷണ മേഖലയിലും ഇന്ത്യ ശക്തമായ സാന്നിധ്യമാകുന്നതിലൂടെ വിദേശ കമ്പനികള്‍ക്കും രാജ്യങ്ങള്‍ക്കുമുണ്ടാകുന്ന നഷ്ടത്തില്‍ ഉത്കണ്ഠാകുലരായവര്‍ അക്കാലത്ത് ഐ എസ് ആര്‍ ഒയുടെ വേലിക്കകത്ത് ഉണ്ടായിരുന്നോ?

1998ല്‍ ഐ എസ് ആര്‍ ഒ ചാരക്കേസ് കെട്ടുകഥയായിരുന്നുവെന്ന് അംഗീകരിച്ച് ആരോപണവിധേയരെ മുഴുവന്‍ സുപ്രീം കോടതി കുറ്റവിമുക്തരാക്കിയപ്പോള്‍, കെട്ടുകഥയുടെ സ്രഷ്ടാക്കളെക്കുറിച്ച് അന്വേഷിക്കാന്‍ ഭരണകൂടത്തിന് താത്പര്യമുണ്ടായിരുന്നില്ല. ക്രയോജനിക് എന്‍ജിന്റെ ഘടകഭാഗങ്ങള്‍ മീന്‍കുട്ടയില്‍ കടത്തിയതിന്റെയും മറിയം റഷീദയും ഫൗസിയ ഹസനും സ്വന്തം ശരീരം വാണിഭം നടത്തിയതിന്റെയും നിറം പിടിപ്പിച്ച (നുണ) കഥകള്‍ മെനഞ്ഞുണ്ടാക്കാന്‍ തത്രപ്പെട്ട മാധ്യമങ്ങള്‍ക്കും ഈ വഴിക്ക് താത്പര്യമുണ്ടായില്ല. കേരള പോലീസ് കെട്ടിച്ചമച്ച ചാരക്കഥക്ക് പൊലിമയേകിയ ഇന്റലിജന്‍സ് ബ്യൂറോക്കും കള്ളക്കഥയുടെ സ്രഷ്ടാക്കളെ തേടണമെന്ന് തോന്നിയില്ല. അത്തരമൊരു അന്വേഷണം നടന്നിരുന്നുവെങ്കില്‍ ആന്‍ട്രിക്‌സ്- ദേവാസ് കരാറിനോളം ക്രമക്കേടുകളും അഴിമതിയും വളരുമായിരുന്നോ എന്ന് ഇനിയെങ്കിലും ചിന്തിക്കണം.

അകാലത്തില്‍ ഔദ്യോഗിക ജീവിതം അവസാനിച്ചെങ്കിലും തന്നില്‍ ചാര്‍ത്തപ്പെട്ട കളങ്കം മായ്ക്കാന്‍ നമ്പി നാരായണന് സാധിച്ചു, നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവെങ്കിലും അനുവദിപ്പിക്കാനും. കളങ്കം മായ്ക്കാന്‍ ഐ എസ് ആര്‍ ഒയും ഭരണകൂടവും എന്ത് ചെയ്തുവെന്ന ചോദ്യം ശേഷിക്കുകയാണ്. രണ്ട് ലക്ഷം കോടി ഖജനാവിന് നഷ്ടമാകാന്‍ പാകത്തിലൊരു കരാര്‍ പിന്നീട് ചമക്കപ്പെട്ടുവെന്ന് കണ്ടെത്തുമ്പോള്‍ പ്രത്യേകിച്ചും.