2009-10-31

ഓര്‍ക്കണം ഇതു കൂടി


ഇന്ദിരാ പ്രിയദര്‍ശിനി എന്ന വലിയ നേതാവ്‌ വെടിയേറ്റു മരിച്ചതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം, രാജ്യ ചരിത്രത്തിലെ മറ്റൊരു കൊടും ക്രൂരതയെക്കൂടി ഓര്‍മപ്പെടുത്തുന്നു. ഇന്ദിര വെടിയേറ്റുവീണതിന്റെ പിറ്റേന്ന്‌ 1984 നവംബര്‍ ഒന്നു മുതല്‍ പത്തുദിവസം നീണ്ടുനിന്ന നരഹത്യയുടെ. നേതാവിന്റെ കൊലക്കുത്തരവാദി ഒരു സമുദായം തന്നെയാണെന്ന വികാരം ഉണര്‍ത്തിവിട്ട്‌ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയതായിരുന്നു ആ വംശഹത്യ. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലായിരുന്നു തുടക്കം. പിന്നെ അത്‌ ഉത്തര്‍പ്രദേശ്‌, ഹരിയാന, മധ്യപ്രദേശ്‌ എന്നു വേണ്ട സിഖുകാരുടെ സാന്നിധ്യം മാത്രമുള്ള അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിവരെ വ്യാപിച്ചു. ഭീകരര്‍ എന്ന വാക്ക്‌ ഏതെങ്കിലും സമുദായത്തോട്‌ ചേര്‍ത്ത്‌ വായിക്കപ്പെട്ടത്‌ അന്നുമുതലാണ്‌ - `സിഖ്‌ ഭീകരര്‍'. ഈ വംശഹത്യയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആചരിക്കുമ്പോള്‍ ഓര്‍ക്കേണ്ട മറ്റൊരു വസ്‌തുത, ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ ഇന്നോളം ആരെയും ശിക്ഷിച്ചിട്ടില്ല എന്നതാണ്‌. ഡല്‍ഹിയില്‍ പിടഞ്ഞു വീണ മൂവായരത്തോളം സിഖ്‌ ജീവനുകളെ കൊന്നതാരെന്ന്‌ തെളിയിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക്‌ സാധിച്ചില്ല. കണ്ടാലറിയാത്ത, അജ്ഞാതര്‍ നടത്തിയ കൂട്ടക്കൊലയും കൊള്ളിവെപ്പുമായാണ്‌ പല കേസുകളും രജിസ്റ്റര്‍ ചെയ്‌തത്‌. അപൂര്‍വം കേസുകളില്‍ ആരോപണവിധേയരുടെ പേരുകള്‍ കേസുകളിലുണ്ടായിരുന്നു. പക്ഷേ, തെളിവില്ലാത്തതിനാല്‍ ആരും ശിക്ഷിക്കപ്പെട്ടില്ല. രാജ്യത്തിന്റെ മറ്റിടത്തു നടന്ന സിഖ്‌ വിരുദ്ധ കലാപത്തിന്റെ കേസുകളിലും സ്ഥിതി വ്യത്യസ്‌തമായില്ല.


സിഖ്‌ വംശഹത്യയെക്കുറിച്ച്‌ രാജീവ്‌ ഗാന്ധി പറഞ്ഞത്‌ ഇതാണ്‌ `'വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുക സ്വാഭാവികം. ഞാനൊരു തമാശ പറയുകയല്ല. വസ്‌തുത അതാണ്‌'. നമ്മുടെ അന്വേഷണ ഏജന്‍സികളും നീതിന്യായ സംവിധാനവും രാജീവിന്റെ വാക്കുകളെ അംഗീകരിച്ചതുപോലെയാണ്‌ പ്രവര്‍ത്തിച്ചത്‌ എന്ന്‌ വിലയിരുത്തേണ്ടിവരും.


1984 നവംബര്‍ ഒന്നു മുതലുള്ള പത്തു ദിവസങ്ങളില്‍ ഏറ്റവും വലിയ അക്രമങ്ങള്‍ നടന്നത്‌ ഡല്‍ഹിയില്‍ തന്നെയാണ്‌. സജ്ജന്‍ കുമാര്‍, ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍, എച്ച്‌ കെ എല്‍ ഭഗത്ത്‌ തുടങ്ങിയ കോണ്‍ഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയ ആക്രമണം. അക്രമികളെ വിളിച്ചുകൂട്ടി പണവും മദ്യവും ആയുധവും നല്‍കി സിഖുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളിലേക്ക്‌ പറഞ്ഞുവിട്ടു. കാനുകളില്‍ പെട്രോള്‍ നിറച്ചു നല്‍കിയതുപോലും കോണ്‍ഗ്രസ്‌ നേതാക്കളുടെ വീടുകളില്‍ നിന്നാണെന്ന്‌ ആരോപണമുണ്ട്‌. ചിലയിടങ്ങളില്‍ ടൈറ്റ്‌ലറും സജ്ജനും ഭഗത്തും നേരിട്ട്‌ അക്രമികള്‍ക്ക്‌ നേതൃത്വം നല്‍കി. സിഖ്‌ പട്ടികളെ കൊല്ലെടാ... എന്ന ആക്രോശം ആവര്‍ത്തിച്ചു മുഴങ്ങി. കോളനികളില്‍ കയറിയിറങ്ങിയ അക്രമി സംഘം പുരുഷന്‍മാരെ തിരഞ്ഞുപിടിച്ചു കൊന്നു. സ്‌ത്രീകളെ ബലാത്സംഗം ചെയ്‌തു. പലേടത്തും മനുഷ്യരെ ജീവനോടെ ചുട്ടു. തലപ്പാവും താടിയും ധരിച്ച്‌ തെരുവിലിറങ്ങിയവര്‍ വൈകാതെ മൃതേദഹങ്ങളായി. ഗുരുദ്വാരകള്‍ അഗ്നിക്കിരയായി. സിഖുകാരുടെ കടകള്‍ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. പഞ്ചാബില്‍ നിന്ന്‌ ഡല്‍ഹിയിലേക്ക്‌ കുടിയേറി, സ്വ പ്രയത്‌നം കൊണ്ട്‌ വാണിജ്യ മേഖലയില്‍ മേല്‍ക്കൈ നേടിയവരായിരുന്നു സിഖുകാരില്‍ ഭുരിപക്ഷവും. കൊലകള്‍ക്കും സംഘടിതമായ ആക്രമണങ്ങള്‍ക്കും പിന്നിലുള്ള ഒരു ലക്ഷ്യം ഇവരുടെ സമ്പത്ത്‌ കൊള്ളയടിക്കുക എന്നതായിരുന്നു. മൂവായിരം പേരാണ്‌ കൊല്ലപ്പെട്ടതെന്ന്‌ അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. ജീവച്ഛവമാക്കപ്പെട്ടവരും ബന്ധുക്കളുടെ കഴുത്തറുക്കുന്നത്‌ നോക്കിനില്‍ക്കേണ്ടിവന്നതുമൂലം മനോനില തെറ്റിയവരും കൂട്ട ബലാത്സംഗത്തിന്‌ ഇരയായവരും പീഡനങ്ങളുടെ നോവുമായി ഇന്നും ജീവിക്കുന്നു. രാജ്യത്തിന്റെ മറ്റിടങ്ങളില്‍ ഡല്‍ഹിലേതുപോലെ അക്രമം രൂക്ഷമായില്ല. എങ്കിലും സിഖുകാരന്റെ ജീവന്‍ തുലാസിലായിരുന്നു.


ഇന്ദിരയുടെ ഘാതകര്‍, രാജ്യദ്രോഹികള്‍ എന്ന പ്രതിച്ഛായ സിഖുകാര്‍ക്ക്‌ പിന്നീട്‌ ദീര്‍ഘകാലം നിലനിന്നു. പഞ്ചാബിലെ തീവ്രവാദം അടിച്ചമര്‍ത്താനെത്തിയ ജെ എച്ച്‌ റിബൈറോയും കെ പി എസ്‌ ഗില്ലും നിരപരാധികളായ യുവാക്കളെ വെടിവെച്ചു കൊന്ന്‌ ഏറ്റമുട്ടലായി ചിത്രീകരിച്ച്‌ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച്‌ അധികാരത്തില്‍ തുടര്‍ന്നപ്പോള്‍ അതിന്‌ ന്യായീകരണമായത്‌ നേരത്തെ പറഞ്ഞ പ്രതിച്ഛായയായിരുന്നു. ഇങ്ങിനെ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്‌ത ആയിരക്കണക്കിന്‌ സിഖ്‌ യുവാക്കളെ സംബന്ധിച്ച കേസുകളിലും ഒരു തുമ്പും ഇന്നോളമുണ്ടായിട്ടില്ല.


എന്തുകൊണ്ട്‌ ഇത്തരം കേസുകള്‍ തെളിയിക്കപ്പെടാതെ പോവുന്നുവെന്നതും പ്രധാനമാണ്‌. ജഗദീഷ്‌ ടൈറ്റ്‌ലറും സജ്ജന്‍ കുമാറും ആക്രമണത്തിന്‌ നേതൃത്വം നല്‍കുന്നത്‌ നേരില്‍ക്കണ്ടവര്‍ ജീവനോടെയുണ്ട്‌. പക്ഷേ, അവരാരും മൊഴി നല്‍കാന്‍ തയ്യാറല്ല. വലിയ ഭീഷണി ഇവര്‍ നേരിടുന്നുവെന്നതാണ്‌ വസ്‌തുത. ടൈറ്റ്‌ലറുടെ കേസില്‍ ദൃക്‌സാക്ഷിയായ ഒരാള്‍ കോടതിയില്‍ മൊഴി നല്‍കാനായി വന്നിറങ്ങിയപ്പോള്‍ സ്വീകരിച്ച്‌ സി ബി ഐയുടെ ഉദ്യോഗസ്ഥരാണ്‌. ഇദ്ദേഹം മൊഴി നല്‍കാതെ ദിവസങ്ങള്‍ക്കകം തിരിച്ചുപോയി. കോടതി ഇടപെട്ട്‌ മൊഴി രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. ഇയാളെ കണ്ടെത്തനായില്ലെന്നാണ്‌ സി ബി ഐ പിന്നീട്‌ സി ബി ഐ അറിയിച്ചത്‌. വന്‍ മരങ്ങള്‍ വീഴുമ്പോള്‍...


സിഖ്‌ വംശഹത്യക്ക്‌ 2005ല്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയും മാപ്പുചോദിച്ചു. അക്രമങ്ങള്‍ക്ക്‌ ഇരയായവര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കുന്നതിന്‌ 715 കോടി രൂപയുടെ പാക്കേജും പ്രഖ്യാപിച്ചു. എല്ലാം നഷ്‌ടപ്പെട്ട്‌ രണ്ട്‌ ദശകം പിന്നിട്ട ശേഷം ഏതാനും കോടികള്‍. കൊലയാളികള്‍ സൈ്വരവിഹാരം തുടരുകയും ചെയ്യുന്നു. സിഖുകാരുടെ മനസ്സിലെ രോഷത്തിന്റെ കനല്‍ എരിഞ്ഞുകൊണ്ടേയിരിക്കുകയാണ്‌. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍ക്കും സജ്ജന്‍ കൂമാറിനും സീറ്റ്‌ നല്‍കാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ ജര്‍ണയില്‍ സിംഗെന്ന പത്രപ്രവര്‍ത്തകന്റെ ഷൂ പി ചിദംബരത്തിന്റെ നേര്‍ക്ക്‌ പാഞ്ഞത്‌ അതുകൊണ്ടാണ്‌.


1992 ഡിസംബര്‍, 1993 ജനുവരി മാസങ്ങളില്‍ ബോംബെയിലും 2002ല്‍ ഗുജറാത്തിലും അരങ്ങേറിയത്‌ ഡല്‍ഹിയിലെ മാതൃകയായിരുന്നു. ഇവിടെയും കൊലയാളികളും അക്രമികളും ശിക്ഷിക്കപ്പെടുന്നില്ല എന്നതും സമാനതയാണ്‌. അറിയപ്പെടാത്ത ആയിരങ്ങളുടെ രക്തസാക്ഷിത്വം ഓര്‍മയിലുണ്ടാവേണ്ടതിന്റെ ആവശ്യകത ബോംബെയും ഗുജറാത്തും ബോധ്യപ്പെടുത്തുകയാണ്‌

2009-10-28

വെള്ളാപ്പള്ളിയുടെ ജിഹാദ്‌, സഭയുടേതും


ലൗ ജിഹാദ്‌ മൂലം ദക്ഷിണ കാനഡ മേഖയില്‍ നിന്ന്‌ ഒരു വര്‍ഷത്തിനിടെ കാണാതായ യുവതികളുടെ എണ്ണം മൂവായിരമാണെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌, ബജ്‌രംഗ്‌ ദള്‍, ശ്രീരാമ സേന സംഘടനകള്‍ പറയുന്നു. ഇക്കാലത്തിനിടെ സംസ്ഥാനത്ത്‌ ആകെ കാണാതായ യുവതികളുടെ എണ്ണം 30,000 ആണെന്നും ഇവര്‍ ആരോപിക്കുന്നു. ലൗ ജിഹാദ്‌ പ്രസ്ഥാനത്തിനെതിരെ ബോധവത്‌കരണം നടത്താനാണ്‌ ഇവരുടെ തീരുമാനം.


കേരളത്തില്‍ നിരവധി ഈഴവ യുവതികള്‍ പുതിയ ജിഹാദിന്‌ ഇരയായിട്ടുണ്ടെന്നാണ്‌ വെള്ളാപ്പള്ളി പറയുന്നത്‌. സമ്പന്ന ഈഴവ കുടുംബത്തിലെ യുവതികളെയാണ്‌ ജിഹാദുകാര്‍ ലക്ഷ്യമിടുന്നതെന്ന്‌ അദ്ദേഹം എടുത്തുപറയുന്നുണ്ട്‌. ഇതിനെതിരെ സ്‌കൂളുകളിലും കോളജുകളിലും ബോധവത്‌കരണം നടത്താനാണ്‌ എസ്‌ എന്‍ ഡി പി തീരുമാനം.


കേരള കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സിലിന്റെ കീഴിലുള്ള `ജാഗ്രത' എന്ന സംഘടന പുറത്തിറക്കിയ കണക്കനുസരിച്ച്‌ 2006 മുതല്‍ 2009 വരെ തിരുവനന്തപുരം ജില്ലയില്‍ 216 പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ വലയില്‍പ്പെട്ടു. ഇതില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ആറു പേരെ മാത്രമാണ്‌ രക്ഷിക്കാനായത്‌. കൊല്ലത്ത്‌ 98 പെണ്‍കുട്ടികളെ നഷ്‌ടപ്പെട്ടു. 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. ഏഴ്‌ പെണ്‍കുട്ടികള്‍ മാത്രമാണ്‌ രക്ഷപ്പെട്ടത്‌. ജില്ല തിരിച്ചുള്ള കണക്കുകള്‍ തുടരുന്നു. ഒട്ടാകെ നാലായിരത്തോളം പെണ്‍കുട്ടികള്‍ വലയിലായി എന്നാണ്‌ ജാഗ്രതയുടെ കണക്ക്‌. ലൗ ജിഹാദിനെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കാന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ആരംഭിച്ച ജാഗ്രതക്ക്‌ ഒരു ദിവസം മാത്രം 1,500 വിളികള്‍ എത്തിയെന്ന കണക്കും പുറത്തുവന്നിരുന്നു.


കേരള, കര്‍ണാടക ഹൈക്കോടതികളെ അന്വേഷണത്തിന്‌ ഉത്തരവിടാന്‍ പ്രേരിപ്പിക്കും വിധത്തില്‍ സ്‌തോഭജനകമാണ്‌ ഇപ്പറയുന്ന കണക്കുകള്‍. എന്നാല്‍ കര്‍ണാടക പോലീസ്‌ പറയുന്ന മറ്റൊരു കണക്ക്‌ പരിശോധിക്കണം. 2009 സെപ്‌തംബര്‍ 30ന്‌ അവസാനിച്ച മൂന്നുവര്‍ഷത്തിനിടെ ദക്ഷിണ കാനഡ മേഖലയില്‍ കാണാതായ പെണ്‍കുട്ടികളടക്കം സ്‌ത്രീകളുടെ എണ്ണം 404 ആണെന്ന്‌ പോലീസ്‌ പറയുന്നു. ഇതില്‍ 332 പേരെ കണ്ടെത്തി. 57 പേരെക്കുറിച്ചു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിവരം ലഭിക്കാത്തവരില്‍ ഹിന്ദുക്കളും മുസ്‌ലിംകളുമുണ്ട്‌. തങ്ങളുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകളുടെ അടിസ്ഥാനത്തിലാണ്‌ പോലീസ്‌ കണക്കുണ്ടാക്കുന്നത്‌. രജിസ്റ്റര്‍ ചെയ്യപ്പെടാത്ത കേസുകളുണ്ടാവും. അത്‌ ഒരു ആയിരം എണ്ണം വരുമെന്ന്‌ കരുതുക. എന്നാലും കാണാതായ സ്‌ത്രീകളുടെ എണ്ണം 1404 മാത്രമേ വരൂ.


അപ്പോള്‍ പിന്നെ ശ്രീരാമ സേനയും മറ്റും പറയുന്ന 3000വും 30,000വും എവിടെ നിന്നാണ്‌? ഊതിപ്പെരുപ്പിച്ച കണക്കുകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. ഹിന്ദു സമുദായാംഗങ്ങള്‍ക്കിടയില്‍ മുസ്‌ലിംകളെ സംബന്ധിച്ച അവിശ്വാസം ജനിപ്പിക്കുക. അതിലൂടെ തങ്ങളുടെ വര്‍ഗീയ രാഷ്‌ട്രീയം പൂവണിയിപ്പിക്കുക. ഇനി ഈ സംഘടനകള്‍ പറയുന്നതാണ്‌ ശരിയെങ്കില്‍ കര്‍ണാടകത്തിലെ ബി ജെ പി സര്‍ക്കാറിന്‌ ചെയ്യാവുന്ന ഉചിതമായ കാര്യം സ്‌ത്രീകളെ കാണാതാവുന്നതു സംബന്ധിച്ച അന്വേഷണങ്ങളില്‍ നിന്ന്‌ പോലീസിനെ മാറ്റി നിര്‍ത്തി ഈ സംഘടനകളെ ചുമതലപ്പെടുത്തുക എന്നതാണ്‌.


നൂറിന്റെയും ആയിരത്തിന്റെയും കണക്കു പറയാന്‍ വെള്ളാപ്പള്ളി തയ്യാറായില്ല. സമ്പന്ന ഈഴവ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ കുരുക്കിലാക്കാന്‍ ശ്രമിക്കുന്ന ലൗ ജിഹാദിന്റെ പിടിയില്‍ നിരവധി പെണ്‍കുട്ടികള്‍ പെട്ടുപോയിട്ടുണ്ടെന്ന്‌ മാത്രമേ അദ്ദേഹത്തിന്‌ നിശ്ചയമുള്ളൂ. ബിഷപ്‌സ്‌ കൗണ്‍സില്‍ ജില്ല തിരിച്ചുള്ള കണക്ക്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ആ കണക്കനുസരിച്ചാണെങ്കില്‍ ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ നടത്തുന്ന ഹൈന്ദവ കേരളം വെബ്‌സൈറ്റും താനെ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നു പോലീസ്‌ സംശയിക്കുന്ന ജന ജാഗ്രുതി സമിതിയുടെ സൈറ്റും ജന്മഭൂമിയും ഏറെ പിന്നിലായിപ്പോയി. ഇത്രയും കാലം അന്വേഷിച്ചിട്ടും അഞ്ചോ ആറോ കേസുകള്‍ മാത്രമാണ്‌ സൈറ്റുകള്‍ക്കും ജന്മഭൂമിക്കും കണ്ടെത്താനായത്‌. `ജാഗ്രത' പറയുന്നത്‌ അനുസരിച്ചാണെങ്കില്‍ 2006 മുതല്‍ ലൗ ജിഹാദ്‌ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സംഘ്‌പരിവാറുംഅവരുടെ പ്രസിദ്ധീകരണങ്ങളും പറയുന്നത്‌ ഒരു വര്‍ഷം മുമ്പാണ്‌ ഇത്‌ ആരംഭിച്ചതെന്നും.


മൂന്നു വര്‍ഷം മുമ്പ്‌ ആരംഭിച്ച ലൗ ജിഹാദിനെക്കുറിച്ച്‌ അന്വേഷിച്ച്‌ കാണാതായ പെണ്‍കുട്ടികളെത്ര, രജിസ്റ്റര്‍ ചെയ്‌ത കേസെത്ര, രക്ഷപ്പെട്ട പെണ്‍കുട്ടികളെത്ര എന്ന കണക്ക്‌ പ്രസിദ്ധീകരിക്കാന്‍ തയ്യാറായ കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സില്‍, എന്തുകൊണ്ട്‌ ഇത്രയും വൈകി എന്നതാണ്‌ അതിശയം. സ്വന്തം സ്ഥാപനങ്ങള്‍ക്കെതിരെ ഒരു കല്ലേറ്‌ വന്നാല്‍ വിമോചന സമരം ഓര്‍മിപ്പിക്കുന്നവരാണ്‌ അവര്‍. എന്നിട്ടും സമുദായത്തിലെ പെണ്‍കുട്ടികളെ മതം മാറ്റി ഭീകരപ്രവര്‍ത്തനത്തിന്‌ നിയോഗിക്കുന്ന ലൗ ജിഹാദ്‌ ശ്രദ്ധയില്‍പ്പെട്ടിട്ടു സഭ ഇത്രയും കാലം ഒന്നും ചെയ്യാതെ ഇരുന്നു! എന്തിനും ഏതിനും ഇടയലേഖനങ്ങളിലൂടെ സമുദായത്തെ സമുദ്ധരിക്കുന്ന ബിഷപ്പുമാര്‍ ഒരു ഇടയലേഖനം പോലും എഴുതിയില്ല! ഇപ്പോള്‍ ലൗ ജിഹാദ്‌ സംബന്ധിച്ച്‌ ഹിന്ദു ഐക്യ വേദി ആരോപണമുന്നയിച്ചപ്പോഴാണോ കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സിലിന്‌ സമുദായത്തിലെ പെണ്‍കുട്ടികളെക്കുറിച്ച്‌ ചിന്തയുണ്ടായത്‌? അതോ ഈ ആരോപണം സമുദായത്തിനിടയില്‍ സഭാ നേതൃത്വത്തിനുള്ള സ്വാധീനം ഉറപ്പിക്കാനുള്ള ആയുധമാണെന്ന്‌ തിരിച്ചറിഞ്ഞതാണോ?


അഭയ കേസ്‌ വഴിത്തിരിവിലെത്തുകയും മൂന്നു പുരോഹിതര്‍ അറസ്റ്റിലാവുകയും ചെയ്‌തതു സഭക്ക്‌ വലിയ ക്ഷീണമാണുണ്ടാക്കിയത്‌. അറസ്റ്റ്‌ മാത്രമല്ല, പതിനാറു വര്‍ഷത്തോളം ഈ കേസ്‌ മൂടിവെക്കാന്‍ ശ്രമിച്ചതും ഇപ്പോഴും ആരോപണവിധേയരായവര്‍ക്ക്‌ പിന്തുണ നല്‍കുന്നതുമൊക്കെ വിശ്വാസികളില്‍ ന്യൂനപക്ഷത്തിന്റെയെങ്കിലും അപ്രീതിക്ക്‌ കാരണമായിട്ടുണ്ട്‌. ഈ ഘട്ടത്തില്‍ വിശ്വാസി സമൂഹത്തെ ഒന്നിപ്പിച്ച്‌ നിര്‍ത്താനും സഭാ നേതൃത്വത്തിന്റെ അധീശത്വം അരക്കിട്ടുറപ്പിക്കാനും ഇതിലും നല്ലൊരു വിഷയം കിട്ടാനുണ്ടോ? ജാബുവ, ഗ്രഹാം സ്റ്റെയിന്‍സ്‌, കാന്ദമല്‍ തുടങ്ങിയ പേരുകള്‍ ഓര്‍മയിലുണ്ടായിരുന്നെങ്കില്‍ വിശ്വ ഹിന്ദു പരിഷത്തിനൊപ്പം ചേര്‍ന്നു കാത്തലിക്‌ കൗണ്‍സില്‍ ഈ മുറവിളി ഉയര്‍ത്തുമായിരുന്നില്ല.


കെ സി ബി സിയുടെ കണക്കുകള്‍ വിശ്വസിച്ചാല്‍ ഇതു സംബന്ധിച്ച നിരവധി കേസുകള്‍ സംസ്ഥാനത്ത്‌ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്‌. തിരുവന്തപുരത്ത്‌ 26 ഉം കൊല്ലത്ത്‌ 34 ഉം രജിസ്റ്റര്‍ ചെയ്‌തുവെന്നാണ്‌ ഇവരുടെ കണക്ക്‌. ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടും ഒന്നു പോലും വാര്‍ത്തയായില്ല. കേരളത്തില്‍ മാധ്യമങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും എണ്ണം തീരെ കുറഞ്ഞുപോയതുകൊണ്ടാവണം ഇത്‌ എന്ന്‌ വിശ്വസിക്കുക. ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുവെങ്കിലും രക്ഷപ്പെട്ടവരുടെ എണ്ണം കുറവാണ്‌. എന്നിട്ടും ആഭ്യന്തര വകുപ്പിന്റെ കാര്യക്ഷമതയില്ലായ്‌മയെക്കുറിച്ച്‌ ബിഷപ്പുമാര്‍ പരാതി പറഞ്ഞില്ല. ഈ പെണ്‍കുട്ടികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്‌ ഒരു നിവേദനം പോലും നല്‍കിയതുമില്ല. പോലീസ്‌ കാര്യക്ഷമമായി അന്വേഷിക്കാത്തതിനെച്ചൊല്ലി ഒരു കോടതിയെയും സമീപിച്ചില്ല. ആകെ ചെയ്‌തത്‌ ഒരു ലഘുലേഖ തയ്യാറാക്കി. യേശു ക്രിസ്‌തുവിനെപ്പോലും അതിശയിപ്പിക്കുന്ന സഹനമാതൃക തന്നെ !


വെള്ളാപ്പള്ളിയുടെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. എസ്‌ എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ വെള്ളാപ്പള്ളി എത്തുന്നത്‌ പണം ചെലവഴിച്ചാണെന്ന്‌ അദ്ദേഹം പോലും സമ്മതിക്കും. ആ സ്ഥാനത്ത്‌ അദ്ദേഹം തുടരുന്നതും മകന്‍ തുഷാറിനെ പിന്‍ഗാമിയാക്കാന്‍ ശ്രമിക്കുന്നതും പണത്തിന്റെ ബലത്തില്‍ തന്നെ. പണത്തിന്റെ കാര്യത്തില്‍ മോശമല്ലാത്ത ഗോകുലം ഗോപാലനും മുന്‍കാലത്ത്‌ കൂടെ നിന്ന ശ്രീകുമാറും വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ വെള്ളാപ്പള്ളിക്ക്‌ തലവേദനയുണ്ടാവാന്‍ സാധ്യതയുണ്ട്‌. കൂടുതല്‍ പണം വിതറാന്‍ ഗോപാലന്‍ തയ്യാറായാല്‍, അദ്ദേഹത്തിന്റെ രാഷ്‌ട്രീയ, മാധ്യമ ബന്ധങ്ങള്‍ തുണക്കുകയും ചെയ്‌താല്‍, വൈകാതെ യോഗം വെള്ളാപ്പള്ളിക്ക്‌ കൈമോശം വന്നേക്കും. ചുരുങ്ങിയപക്ഷം ഗോപാലന്‍ രൂപവത്‌കരിച്ച സംഘടന വെല്ലുവിളിയായേക്കാം. അപ്പോള്‍ ചെയ്യാവുന്ന കാര്യം സമുദായത്തെ കൂടെ നിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനയുക എന്നതാണ്‌. അതിന്‌ ലൗ ജിഹാദിനെക്കാള്‍ നല്ല ആയുധമെന്താണുള്ളത്‌?


സ്വന്തം സ്വാധീനവും അധികാരവും ഉറപ്പിച്ചു നിര്‍ത്തുക എന്നത്‌ ഓരോരുത്തരുടെയും താത്‌പര്യമാണ്‌. അതിന്‌ എളുപ്പമാര്‍ഗം ചേരിതിരിവുകള്‍ ഉണ്ടാക്കുകയാണ്‌. ബ്രിട്ടീഷുകാര്‍ ഫലപ്രദമായി നടപ്പാക്കുകയും കോണ്‍ഗ്രസുകാര്‍ മൃദുസ്വഭാവത്തില്‍ പിന്തുടരുകയും ആര്‍ എസ്‌ എസ്‌ പിന്തുണയോടെ ബി ജെ പി തീവ്രമായി പരീക്ഷിക്കുകയും ചെയ്‌ത തന്ത്രം. മുന്‍കാലങ്ങളില്‍ ഉപയോഗിച്ച ആയുധങ്ങളില്‍ ചിലത്‌ ഇപ്പോള്‍ തിരിഞ്ഞുകുത്തുന്നുണ്ട്‌. മലേഗാവ്‌, നാന്ദേഡ്‌, താനെ സ്‌ഫോടനങ്ങളില്‍ ഹൈന്ദവ തീവ്രവാദ സംഘടനകള്‍ക്ക്‌ പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നു. മഡ്‌ഗാവില്‍ സ്‌ഫോടനം നടത്തിയതും തുടര്‍ സ്‌ഫോടനങ്ങക്ക്‌ ശ്രമിച്ചതും സനാതന്‍ സംസ്ഥാന്‍ പ്രവര്‍ത്തകരാണെന്ന്‌ വ്യക്തമാവുന്നു. സ്‌ഫോടനങ്ങള്‍ക്കെല്ലാം പിന്നില്‍ `ഭീകരര്‍' (മുസ്‌ലിം ഭീകരര്‍ എന്നേ പ്രയോഗിക്കാറുള്ളൂ. അതുകൊണ്ടാണ്‌ നേരത്തെ ഹൈന്ദവ തീവ്രവാദ സംഘടന എന്ന്‌ ഉപയോഗിച്ചത്‌)ആണെന്ന വാദത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുകയാണ്‌. അപ്പോള്‍ പിന്നെ പുതിയ ആയുധങ്ങള്‍ കണ്ടെത്തേണ്ടിവരും. അത്‌ ലക്ഷ്യം നേടാന്‍ പ്രാപ്‌തമായത്‌ ആവുകയും വേണം. അത്തരം ആയുധങ്ങള്‍ ചിലര്‍ മറ്റാവശ്യങ്ങള്‍ക്ക്‌ പ്രയോജനപ്പെടുത്തിയെന്നും വരും.


ആയുധങ്ങള്‍ തിരഞ്ഞു നടക്കുന്നവര്‍ക്കായി പുതിയ ഒരെണ്ണം മുന്നോട്ടുവെക്കുന്നു- `ക്ലിനിക്കല്‍ ജിഹാദ്‌' . ഇതിന്റെ സ്രോതസ്സ്‌ ജന ജാഗ്രുതി സമിതിയുടെ വെബ്‌ സൈറ്റാണ്‌. കോഴിക്കോട്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിഹാദി സംഘടനയാണ്‌ ഇതിന്റെ പിന്നിലെന്ന്‌ സൈറ്റ്‌ പറയുന്നു. മെഡിക്കല്‍ കോളജുകളിലും മറ്റും പ്രവര്‍ത്തിക്കുന്ന ചില ഡോക്‌ടര്‍മാരെ സംഘടനയില്‍ അംഗമാക്കിയിട്ടുണ്ട്‌. ഇവര്‍ മുസ്‌ലിംകളല്ലാത്ത രോഗികള്‍ക്ക്‌ തെറ്റായ മരുന്നുകള്‍ കുറിച്ചു നല്‍കും. അല്ലെങ്കില്‍ വിലകൂടിയവ മാത്രം നിര്‍ദേശിക്കും. രണ്ടായാലും ഇതരരെ ഇല്ലായ്‌മ ചെയ്യുക ലക്ഷ്യം. `മതേതര' സമൂഹമായതിനാല്‍ ക്ലിനിക്കല്‍ ജിഹാദ്‌ നടക്കുന്നുവെന്ന മുന്നറിയിപ്പ്‌ വിശ്വാസത്തിലെടുക്കാന്‍ സമയമെടുക്കുമെന്ന്‌ ജനജാഗ്രുതി സമിതി രേഖപ്പെടുത്തുന്നു. എങ്കിലും ജിഹാദി ഡോക്‌ടര്‍ കുറിച്ചുതരുന്ന മരുന്നുകളെക്കുറിച്ച്‌ മുന്‍കരുതലെടുക്കാന്‍ ഹൈന്ദവരോട്‌ അഭ്യര്‍ഥിക്കുന്നു സൈറ്റ്‌.


കളം തയ്യാറായിക്കഴിഞ്ഞു. ഇനി കളി തുടങ്ങിയാല്‍ മതി. കേരളത്തിലെവിടെയെങ്കിലും `അബൂബക്കര്‍' എന്ന ഒരു ഡോക്‌ടറുടെ ചികിത്സയിലുള്ള `കൃഷ്‌ണന്‍' എന്ന രോഗി മരിക്കുകയും ഡോക്‌ടര്‍ മരുന്നു കുറിച്ചതിലെ പിഴവാണ്‌ കാരണമെന്ന്‌ ആരോപണമുയരുകയും മാത്രമേ വേണ്ടൂ. ഹിന്ദു ഏകോപന സമിതിക്ക്‌ ലെറ്റര്‍ പാഡിലെ ഒരു ഷീറ്റ്‌ ചെലവാക്കേണ്ടിവരും. സംഗതി `ക്ലിനിക്കല്‍ ജിഹാദാ'ണെന്ന്‌ പ്രസ്‌താവനയിറക്കാന്‍. ബാക്കി കാര്യങ്ങള്‍ ചാനലുകളും പത്രങ്ങളും നോക്കിക്കൊള്ളും. കേരള കൗമുദി, ജന്മഭൂമി തുടങ്ങിയ പത്രങ്ങളില്‍ വലിയ വാര്‍ത്തകള്‍. കലാകൗമുദിയില്‍ സചിത്ര ഫീച്ചര്‍. സമ്പന്ന ഈഴവ കുടുംബങ്ങളിലെ രോഗികള്‍ക്ക്‌ ആയിരക്കണക്കിന്‌ രൂപയുടെ മരുന്നു കുറിച്ച നിരവധി കേസുകളുണ്ടെന്ന്‌ വെള്ളാപ്പള്ളി ആരോപിക്കും. കാത്തലിക്‌ ബിഷ്‌പ്‌സ്‌ കൗണ്‍സിലിന്‌ ജില്ല തിരിച്ചുള്ള കണക്ക്‌ പ്രസിദ്ധപ്പെടുത്താം. മംഗളം, ശുഭം.

2009-10-22

വീണ്ടും ആണവ `നയതന്ത്രം'


ഇന്ത്യന്‍ ആണവ പദ്ധതികളുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ഹോമി ജഹാംഗീര്‍ ഭാഭയുടെ നൂറാം ജന്‍മദിനം ആഘോഷിക്കുകയാണ്‌ ഈ മാസം 30ന്‌. അണുവിഭജനത്തിലൂടെ ഊര്‍ജം സൃഷ്‌ടിക്കുകയും അത്‌ വിനാശം വിതക്കാന്‍ ഉപയോഗിക്കുകയും ചെയ്‌ത അമേരിക്കയും ഈ രംഗത്ത്‌ മുന്നേറിയ സോവിയറ്റ്‌ യൂനിയനടക്കമുള്ള ഏതാനും രാജ്യങ്ങളും തങ്ങളുടെ കണ്ടെത്തലുകള്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഒരു കാലത്ത്‌ ഇന്ത്യയെ ഈ മേഖലയില്‍ നയിച്ച അസാമാന്യ പ്രതിഭാശാലിയായിരുന്നു 56-ാം വയസ്സില്‍ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഹോമി ജഹാംഗീര്‍ ഭാഭ. ആണവോര്‍ജത്തിന്റെ കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്‌ത കൈവരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ദീര്‍ഘവീക്ഷണത്തോടെ ചിന്തിച്ച അദ്ദേഹം ആണവായുധത്തിന്റെ കാര്യത്തിലും രാജ്യത്തിന്‌ മേല്‍ക്കൈയുണ്ടാവണമെന്ന്‌ ആഗ്രഹിച്ചിരുന്നു. ഭൂമിക്കു മേല്‍ അശനിപാതം നടത്താനല്ല, മറിച്ച്‌ രാജ്യത്തിന്റെ പ്രതിരോധത്തിന്‌ ഈ ആയുധങ്ങള്‍ അനിവാര്യമാണെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. 1974ല്‍ പൊഖ്‌റാനില്‍ ഇന്ത്യ ആദ്യത്തെ അണുപരീക്ഷണം നടത്തുന്നത്‌ കാണാന്‍ അദ്ദേഹം ജീവനോടെയുണ്ടായിരുന്നില്ല. പക്ഷേ, ആ പരീക്ഷണത്തിന്‌ ഇന്ത്യയെ പ്രാപ്‌തമാക്കിയത്‌ ഭാഭയുടെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളായിരുന്നുവെന്നത്‌ തര്‍ക്കമറ്റ സംഗതിയാണ്‌. ആദ്യത്തെ ആണവായുധ പരീക്ഷണത്തിന്‌ നേതൃത്വം നല്‍കിയ ഡോ. പി കെ അയ്യങ്കാര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്‌.


ഈ മാസം മുപ്പതിന്‌ ഭാഭയുടെ നൂറാം ജന്മദിനത്തോട്‌ അനുബന്ധിച്ച്‌ സംഘടിപ്പിക്കപ്പെടുന്ന ചടങ്ങുകളില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗു തന്നെ പങ്കെടുത്തേക്കാം. രാജ്യത്തിന്റെ ആണവ ഗവേഷണ മേഖലയെ സ്വന്തം കാലില്‍ നിര്‍ത്താന്‍ ഹോമി ജഹാംഗീര്‍ ഭാഭ നല്‍കിയ സംഭാവനകളെക്കുറിച്ച്‌ അദ്ദേഹം വാചാലനായേക്കാം. പക്ഷേ, ഭാഭയുടെ സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്‌ത്തിക്കൊണ്ടാണ്‌ താനും തന്റെ ഭരണകൂടവും മുന്നോട്ടുനീങ്ങുന്നത്‌ എന്ന കാര്യം അദ്ദേഹം മറച്ചുവെക്കുമെന്നുറപ്പ്‌. അമേരിക്കയുമായി സിവിലിയന്‍ ആണവ സഹകരണത്തിനുള്ള കരാറുണ്ടാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ 2005 ജൂലൈ പതിനെട്ടിന്‌ ഡോ. മന്‍മോഹന്‍ സിംഗ്‌ ഒപ്പുവെച്ചപ്പോള്‍ തുടങ്ങിയ കീഴടങ്ങലുകള്‍ തുടരുകയാണെന്ന സൂചനയാണ്‌ ഡോ. മന്‍മോഹന്‍ സിംഗ്‌ കഴിഞ്ഞ ദിവസവും നല്‍കിയത്‌. ആണവ ഇന്ധനങ്ങളുടെ ഉത്‌പാദനം പൂര്‍ണമായും തടയുന്ന കരാറില്‍ (ഫിസൈല്‍ മെറ്റീരിയല്‍ കട്ട്‌ ഓഫ്‌ ട്രീറ്റി - എഫ്‌ എം സി ടി) ഇന്ത്യ ഒപ്പിടുന്നത്‌ സംബന്ധിച്ച്‌ ചര്‍ച്ചയാവാമെന്നാണ്‌ മന്‍മോഹന്‍ സിംഗ്‌ വ്യക്തമാക്കിയിരിക്കുന്നത്‌.


കഴിഞ്ഞമാസം യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐക്യരാഷ്‌ട്രസഭയുടെ പ്രത്യേക രക്ഷാസമിതി യോഗം ആണവായുധ നിര്‍മാര്‍ജനത്തെ സംബന്ധിച്ച സുപ്രധാന പ്രമേയം അംഗീകരിച്ചിരുന്നു. അമേരിക്ക തയ്യാറാക്കിയ പ്രമേയത്തില്‍ ആണവ നിര്‍വ്യാപന കരാര്‍ (എന്‍ പി ടി), സമഗ്ര പരീക്ഷണ നിരോധ കരാര്‍ (സി ടി ബി ടി) എന്നിവ സാര്‍വലൗകികമായി അംഗീകരിക്കേണ്ടതിനെക്കുറിച്ച്‌ പരാമര്‍ശിച്ചിരുന്നു. ഇതിനൊപ്പം എഫ്‌ എം സി ടിയെക്കുറിച്ചും പറഞ്ഞിരുന്നു. എഫ്‌ എം സി ടി പ്രാബല്യത്തിലാക്കുന്നതിനായി അടുത്ത വര്‍ഷം ജനുവരിയില്‍ യു എസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ പ്രത്യേക ഉച്ചകോടി വിളിച്ചു ചേര്‍ക്കുമെന്ന്‌ പ്രമേയത്തില്‍ പറയുന്നു. ചൈനയും റഷ്യയും അടക്കമുള്ള വന്‍ശക്തികളെല്ലാം ഈ പ്രമേയത്തെ പിന്തുണച്ചു.


1993ല്‍ ബില്‍ ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കെ മുന്നോട്ടുവെച്ച എഫ്‌ എം സി ടി വീണ്ടും അന്താരാഷ്‌ട്ര സമൂഹത്തിന്റെ സജീവ ശ്രദ്ധയില്‍ കൊണ്ടുവരികയാണ്‌ ഒബാമ ചെയ്‌തത്‌. യു എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം ഏകകണ്‌ഠമായി അംഗീകരിക്കപ്പെട്ടുവെങ്കിലും ലോക രാജ്യങ്ങളുടെ നേതാക്കളൊന്നും ഇതിനോട്‌ പ്രതികരിച്ച്‌ കണ്ടില്ല. ഒരു പക്ഷേ, മന്‍മോഹന്‍ സിംഗായിരിക്കും ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തുന്ന ആദ്യത്തെ നേതാവ്‌. വിവേചനരഹിതവും എല്ലാ രാജ്യങ്ങളും അംഗീകരിക്കുന്നതുമായിരിക്കണം കരാറെന്ന ഉപാധി പ്രധാനമന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ട്‌. എന്‍ പി ടിയും സി ടി ബി ടിയും വിവേചനപരമായതിനാല്‍ ഒപ്പുവെക്കാനാവില്ലെന്നതാണ്‌ ഇന്ത്യ ദശകങ്ങളായി പിന്തുടരുന്ന നിലപാട്‌. ഈ സാഹചര്യത്തില്‍ എഫ്‌ എം സി ടി വിവേചനരഹിതമായിരിക്കണമെന്ന ആവശ്യത്തിന്‌ പ്രസക്തി ഏറെയാണ്‌.


1993ല്‍ അമേരിക്ക മുന്നോട്ടുവെക്കുകയും 1995ല്‍ ഐക്യരാഷ്‌ട്രസഭ പിന്തുണക്കുകയും ചെയ്‌ത എഫ്‌ എം സി ടി നേരത്തെ തന്നെ ഇന്ത്യ ചര്‍ച്ചചെയ്‌തിരുന്നു. എഫ്‌ എം സി ടി പോലെ വിവേചനപരമായ ഒരു ആണവ കരാറിലും ഇന്ത്യ പങ്കാളിയാവില്ലെന്ന്‌ 1997ല്‍ പ്രധാനമന്ത്രിയായിരുന്ന ഐ കെ ഗുജ്‌റാല്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ആണവ പദ്ധതികളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ്‌ ഈ നിലപാട്‌ കൈക്കൊള്ളുന്നതെന്ന്‌ അദ്ദേഹം പറയുകയും ചെയ്‌തു. അന്ന്‌ എഫ്‌ എം സി ടിയെ വിവേചപരമായ കരാറായാണ്‌ ഇന്ത്യ കണ്ടിരുന്നത്‌ എന്ന്‌ വ്യക്തം. കരാറില്‍ പില്‍ക്കാലത്ത്‌ മാറ്റമൊന്നും വരുത്തിയിട്ടില്ല. പിന്നെ എന്തുകൊണ്ടാണ്‌ എഫ്‌ എം സി ടിയെ സംബന്ധിച്ച്‌ ചര്‍ച്ചയാവാമെന്ന നിലപാട്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഇപ്പോള്‍ സ്വീകരിച്ചത്‌.
സിവിലിയന്‍ ആണവ സഹകരണ കരാറിന്റെ ധാരണാ പത്രം ഒപ്പുവെച്ചതിന്‌ ശേഷം ഇന്നോളം മന്‍മോഹന്‍ സിംഗും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറും സ്വീകരിച്ച അമേരിക്കന്‍ അനുകൂല നിലപാടിന്റെ തുടര്‍ച്ചയായി ഈ നിലപാട്‌ മാറ്റത്തെ കാണേണ്ടിവരും.


2005 ജൂലൈ പതിനെട്ടിന്‌ ആണവ കരാറിന്റെ ധാരണാപത്രം ഒപ്പിട്ടതുമുതല്‍ ഇതിനൊപ്പം അമേരിക്ക മുന്നോട്ടുവെക്കുകയോ ഇന്ത്യ സമ്മതിക്കുകയോ ചെയ്‌ത രഹസ്യ ധാരണകളെക്കുറിച്ച്‌ അഭ്യൂഹം ഉയര്‍ന്നിരുന്നു. ആണവ കരാര്‍ ഒപ്പുവെച്ചതിന്‌ ശേഷം അമേരിക്കയില്‍ നടന്ന ഒരു സെമിനാറില്‍ എഫ്‌ എം സി ടി പ്രാബല്യത്തിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന്‌ പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതന്‍ ശ്യാം സരണ്‍ പ്രഖ്യാപിക്കുകയുണ്ടായി. ഈ കരാര്‍ സംബന്ധിച്ച ചര്‍ച്ചയാവാമെന്ന്‌ പ്രധാനമന്ത്രി ഇപ്പോള്‍ പറയുമ്പോള്‍ നാല്‌ വര്‍ഷം മുമ്പ്‌ അംഗീകരിച്ച രഹസ്യ ധാരണകള്‍ പ്രാബല്യത്തിലാക്കപ്പെടുന്നുവെന്ന്‌ മാത്രം ധരിച്ചാല്‍ മതി. അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും ഇന്ത്യയില്‍ നിന്ന്‌ ഇന്ധനം നിറക്കാന്‍ അനുമതി നല്‍കുന്നതും അമേരിക്കന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ എന്താവശ്യത്തിന്‌ ഉപയോഗിക്കുന്നുവെന്ന്‌ പരിശോധിക്കാന്‍ അവര്‍ക്ക്‌ അനുമതി നല്‍കുന്നതുമായ കരാറുകളില്‍ ഇന്ത്യ അടുത്തിടെ ഒപ്പുവെച്ചിരുന്നു. അതിന്‌ പിറകെയാണ്‌ എഫ്‌ എം സി ടി സംബന്ധിച്ച പ്രസ്‌താവന.


ഇതിനകം സംഭരിച്ച ആണവ ഇന്ധനവും ആയുധങ്ങളും കരാറിന്റെ ഭാഗമല്ലെന്ന്‌ എഫ്‌ എം സി ടി വ്യക്തമായി പറയുന്നുണ്ട്‌. അതായത്‌ അമേരിക്ക പോലുള്ള വന്‍ശക്തികള്‍ക്ക്‌ ഇതിനകം സംഭരിച്ചുവെച്ച ഇന്ധനമുപയോഗിച്ച്‌ ആണവായുധങ്ങള്‍ നിര്‍മിക്കുന്നത്‌ അനുസ്യൂതം തുടരാനാവുമെന്ന ഉറപ്പ്‌ കരാര്‍ നല്‍കുന്നുണ്ട്‌. എന്നാല്‍ ഇന്ത്യയെപ്പോലെ പരിമിതമായ ഇന്ധന ശേഖരം മാത്രമുള്ള രാജ്യങ്ങള്‍ക്ക്‌ ആയുധ മേഖലയില്‍ തുടര്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന്‌ തടസ്സങ്ങളുണ്ടാവും. ഊര്‍ജാവശ്യം മുന്‍നിര്‍ത്തി ഇന്ത്യ സ്ഥാപിച്ച റിയാക്‌ടറുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം പോലും ഇന്ത്യയുടെ പക്കലില്ല എന്നത്‌ വസ്‌തുതയാണ്‌. ഈ അവസ്ഥയില്‍ ആയുധാവശ്യത്തിനുള്ള ഗവേഷണം തുടരുന്നതിന്‌ വേണ്ടത്ര ഇന്ധനം രാജ്യത്തിന്റെ പക്കലുണ്ടെന്ന്‌ കരുതാനാവില്ല. ആണവ കരാറിന്റെ ഭാഗമായി റിയാക്‌ടറുകളെ സൈനികം, സൈനികേതരം എന്നിങ്ങനെ വിഭജിക്കുമ്പോള്‍ ആയുധാവശ്യത്തിനുള്ള ഇന്ധനങ്ങളുടെ ഉത്‌പാദനം കൂടുതല്‍ കുറയുകയും ചെയ്യും.


രാജ്യത്തിന്റെ അണ്വായുധ ശേഷി സംബന്ധിച്ച്‌ വലിയ സംശയങ്ങള്‍ അടുത്തിടെ ഉയര്‍ന്നതും കണക്കിലെടുക്കണം. 1998ല്‍ ഇന്ത്യ നടത്തിയ ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണം വിജയമായിരുന്നില്ലെന്നും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും പരസ്യമായി പറഞ്ഞത്‌ ഈ പരീക്ഷണത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ആണവ ശാസ്‌ത്രജ്ഞന്‍ കെ സന്താനമാണ്‌. സന്താനത്തിന്റെ വാദങ്ങളെ ആണവോര്‍ജ കമ്മീഷനും മറ്റും എതിര്‍ത്തുവെങ്കിലും പരീക്ഷണം വിജയമായിരുന്നു എന്ന്‌ തെളിയിക്കുന്ന രേഖകളൊന്നും അവര്‍ പുറത്തുവിട്ടിട്ടില്ല. ആയുധ നിര്‍മാണത്തിന്‌ സഹായിക്കുന്ന കൂടുതല്‍ സമ്പുഷ്‌ടീകരിക്കപ്പെട്ട ഇന്ധനം ഇന്ത്യ കൂടുതലായി ഉത്‌പാദിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ്‌ സന്താനത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നത്‌. എന്നിട്ടും എഫ്‌ എം സി ടി സംബന്ധിച്ച ചര്‍ച്ചക്ക്‌ തയ്യാറാണെന്ന്‌ പ്രധാനമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ അമേരിക്കന്‍ സമ്മര്‍ദത്തിന്റെ ചൂട്‌ സുവ്യക്തമാണ്‌.


എന്‍ പി ടിയിലും സി ടി ബി ടിയിലും ഇന്ത്യ ഒപ്പിടണമെന്നതാണ്‌ അമേരിക്കയുടെ പ്രധാന ആവശ്യം. എന്‍ പി ടിയില്‍ ഒപ്പിടുന്ന കാര്യം 1968ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ്‌ ചര്‍ച്ച ചെയ്‌ത്‌ തള്ളിക്കളഞ്ഞതാണ്‌. ഇക്കാര്യത്തില്‍ നിലപാട്‌ മാറ്റണമെങ്കില്‍ പാര്‍ലിമെന്റില്‍ നിന്ന്‌ അംഗീകാരം വാങ്ങേണ്ടിവരും. ഇന്നത്തെ അംഗസംഖ്യ വെച്ചുനോക്കുമ്പോള്‍ അത്‌ ഏറെക്കുറെ അസാധ്യമാണ്‌. സി ടി ബി ടിയില്‍ ഒപ്പിടാന്‍ തീരുമാനിക്കുന്നത്‌ രാജ്യത്ത്‌ വലിയ പ്രതികരണത്തിന്‌ കാരണമാവുമെന്ന്‌ മന്‍മോഹന്‍ സിംഗിന്‌ അറിയാം. രാജ്യത്തിന്റെ പരമാധികാരം അടിയറവെച്ചുവെന്ന വലിയ പ്രചാരണമാവും തീവ്രദേശീയതയുടെ വക്താക്കളായ ബി ജെ പി ഉയര്‍ത്തുക. ഈ സാഹചര്യത്തില്‍ എഫ്‌ എം സി ടി എന്ന അമേരിക്കന്‍ നിര്‍ദേശത്തെ പിന്തുണക്കുക മാത്രമാണ്‌ മന്‍മോഹന്‍ സിംഗിന്റെ മുന്നിലുള്ള പോംവഴി. ഇരുരാജ്യങ്ങളും ഒപ്പുവെച്ചുവെങ്കിലും ഇന്ത്യാ - യു എസ്‌ ആണവ കരാര്‍ ഇതുവരെ പ്രാബല്യത്തിലായിട്ടില്ല. അത്‌ പ്രാബല്യത്തിലാക്കുന്നതിനും ആണവ പുനസ്സംസ്‌കരണത്തിന്‌ കടുത്ത ഉപാധികളോടെയെങ്കിലും ഇന്ത്യക്ക്‌ അനുമതി ലഭിക്കുകയും വേണമെങ്കില്‍ ഒബാമ ഭരണകൂടത്തെ പ്രീതിപ്പെടുത്തേണ്ടതുണ്ട്‌. അതിനുള്ള കുറുക്കുവഴിയാണ്‌ മന്‍മോഹന്‍ സിംഗിന്‌ എഫ്‌ എം സി ടി.


എഫ്‌ എം സി ടി വിവേചനരഹിതമാണെന്ന വാദം പ്രധാനമന്ത്രിയോ ആണവകരാര്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്ന പ്രണാബ്‌ മുഖര്‍ജിയോ അടുത്തിടെ മുന്നോട്ടുവെക്കും. ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ വിളിക്കുന്ന ഉച്ചകോടിയില്‍ കരാറിന്റെ മേന്‍മയെക്കുറിച്ച്‌ ഇന്ത്യന്‍ പ്രതിനിധികള്‍ വാചാലരാവുകയും ചെയ്യും. സമ്പൂര്‍ണ ആണവായുധ നിരോധമെന്ന ഇന്ത്യന്‍ സങ്കല്‍പ്പത്തോട്‌ ചേര്‍ന്നു നില്‍ക്കുന്നതാണ്‌ കരാറെന്ന്‌ വിശദീകരിക്കുകയും ചെയ്യും. പക്ഷേ, ഇതെല്ലാം ഒത്തുതീര്‍പ്പുകളുടെയും കീഴടങ്ങലുകളുടെയും പുതിയ അധ്യായങ്ങള്‍ മാത്രമാണ്‌. ഈ അധ്യായങ്ങളാണ്‌ ഹോമി ജഹാംഗീര്‍ ഭാഭക്ക്‌ മന്‍മോഹനും കൂട്ടരും അര്‍പ്പിക്കുന്ന `ആദരാഞ്‌ജലി'കളും.

2009-10-15

ഏതു ജിന്ന, എന്തു ജിന്ന...


ഒരു രാഷ്‌ട്രത്തിന്റെയും ജനതയുടെയും ചരിത്രം കൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടോ? ചരിത്രം, അത്‌ പഴകിയതായാലും പുതുതായാലും പ്രത്യേകിച്ച്‌ ഗുണമൊന്നുമില്ലെന്നാണ്‌, ഭാവി പ്രധാനമന്ത്രിയെന്ന്‌ കോണ്‍ഗ്രസുകാര്‍ ഉറപ്പിക്കുകയും ജയപ്രദയെപ്പോലുള്ള താരങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ മതം. ഹിമാചല്‍ പ്രദേശില്‍ വാര്‍ത്താ ലേഖകരോട്‌ സംസാരിക്കവെ ഇക്കാര്യം രാഹുല്‍ വ്യക്തമാക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ വാക്കുകള്‍ - ``പാക്കിസ്ഥാന്റെ സ്ഥാപകന്‍ മുഹമ്മദലി ജിന്ന ഇപ്പോള്‍ ചരിത്രമാണ്‌. ജിന്നയെക്കുറിച്ച്‌ അഞ്ചു നിമിഷം പോലും ചിന്തിക്കാനാവില്ല, എന്തിന്‌ ഒരു നിമിഷം പോലും.'' സമീപകാല ചരിത്രവും യുവരാജാവിന്‌ പ്രശ്‌നമാവുന്നില്ല എന്ന്‌ അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനം തെളിയിച്ചു. നേതാവെന്ന ഗോവിന്റെ പിമ്പേ ഗമിക്കുന്നവര്‍ക്കും ഇതൊന്നും പ്രശ്‌നമല്ലെന്ന്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കളുടെ പ്രസ്‌താവനകളും യൂത്ത്‌ കോണ്‍ഗ്രസുകാരുടെ പ്രകടനവും തെളിയിക്കുന്നുമുണ്ട്‌.
വിഭജനത്തില്‍ ജിന്നയേക്കാള്‍ വലിയ പങ്ക്‌ വഹിച്ചത്‌ നെഹ്‌റുവും പട്ടേലുമാണെന്ന ജസ്വന്ത്‌ സിംഗിന്റെ പരാമര്‍ശവും അതേച്ചൊല്ലി ബി ജെ പിയിലുണ്ടായ കോലാഹലവും ചൂണ്ടിക്കാട്ടിയാണ്‌ ജിന്നയെക്കുറിച്ച്‌ ഓര്‍ക്കാന്‍ ഒരു നിമിഷം പോലും തനിക്കില്ലെന്ന്‌ രാഹുല്‍ പറഞ്ഞത്‌. എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന 39കാരനായ ഒരാളുടെ പ്രസ്‌താവനയായിരുന്നു ഇതെങ്കില്‍ അവഗണിക്കാമായിരുന്നു. 2014ലെ തിരഞ്ഞെടുപ്പിനു ശേഷമോ അതിനു മുമ്പോ പ്രധാനമന്ത്രി പദത്തിലേക്ക്‌ എത്തുമെന്ന്‌ കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്ന ഒരാളാകുമ്പോള്‍ ഈ പ്രസ്‌താവനയെ ഗൗരവത്തോടെ കാണേണ്ടിവരും.


കോണ്‍ഗ്രസിന്റെ മുന്‍കാല നേതാവായിരുന്നു മുഹമ്മദ്‌ അലി ജിന്ന. ഹിന്ദു - മുസ്‌ലിം ഐക്യത്തിലൂടെ അവിഭക്ത ഇന്ത്യക്കു വേണ്ടി നിലകൊണ്ട നേതാവ്‌. കോണ്‍ഗ്രസില്‍ നിന്ന്‌ രാജിവെച്ച്‌ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായ ശേഷവും ഇതേ നിലപാട്‌ തുടര്‍ന്നയാള്‍. 1920കളുടെ അവസാനത്തില്‍ മുസ്‌ലിംകള്‍ക്ക്‌ പ്രത്യേക രാജ്യം വേണമെന്ന ആവശ്യത്തിലേക്ക്‌ അദ്ദേഹം തിരിഞ്ഞു. അന്നുമുതല്‍ അതിനായി യത്‌നിച്ചു. ഈ സംക്ഷിപ്‌ത ചരിത്രമെങ്കിലും രാഹുല്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്‌. ഹിന്ദു - മുസ്‌ലിം ഐക്യത്തിന്‌ യത്‌നിക്കുകയും അതിനു വേണ്ടി കരാറുണ്ടാക്കുകയും ചെയ്‌ത വ്യക്തി എന്തുകൊണ്ട്‌ പിന്നീട്‌ മുസ്‌ലിംകള്‍ക്ക്‌ പ്രത്യേക രാഷ്‌ട്രത്തിന്‌ വേണ്ടി വാദിച്ചു എന്ന്‌ അന്നത്തെ കോണ്‍ഗ്രസ്‌ നേതൃത്വം ചിന്തിക്കാത്തതുകൊണ്ടാണ്‌ രാജ്യം രണ്ടായത്‌ എന്നാണ്‌ ജസ്വന്ത്‌ ഇപ്പോഴും പ്രഗത്ഭരായ ചരിത്രകാരന്‍മാര്‍ മുമ്പും നിരീക്ഷിച്ചത്‌.


1916ലാണ്‌ ഹിന്ദു - മുസ്‌ലിം ഐക്യത്തിന്‌ വേണ്ടിയുള്ള ലക്‌നോ കരാര്‍ ജിന്നയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയത്‌. 30 കൊല്ലത്തിന്‌ ശേഷം രാജ്യം സ്വാതന്ത്ര്യത്തിലേക്ക്‌ അടുക്കുമ്പോള്‍ ഈ ചരിത്രം നെഹ്‌റുവും പട്ടേലും അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ മറന്നുപോയി. എല്ലാ വിഭാഗങ്ങള്‍ക്കും ഭരണത്തില്‍ പങ്കാളിത്തം ലഭ്യമാക്കാന്‍ ഉതകുന്ന ഫെഡറല്‍ ഭരണ സമ്പ്രദായം സ്വീകരിക്കണമെന്ന ജിന്നയുടെ അഭിപ്രായം കോണ്‍ഗ്രസ്‌ നേതാക്കള്‍ സ്വീകരിക്കാതിരുന്നത്‌ ഈ മറവി കൊണ്ടാവാം. അനിവാര്യമായ ദുരന്തത്തിന്‌ കാരണമായ ഈ ചരിത്ര നിഷേധത്തിന്റെ പിന്തുടര്‍ച്ചക്കാരന്‍ തന്നെയാണ്‌ താന്‍ എന്ന്‌ തെളിയിക്കുന്നതാണ്‌ രാഹുലിന്റെ ഇപ്പോഴത്തെ പ്രസ്‌താവന. ബഹുസ്വരതയാണ്‌ രാഷ്‌ട്രത്തിന്റെ ഘടനയെന്നും അവരെ ഏകോപിപ്പിച്ച്‌ നിര്‍ത്തുക എന്നത്‌ രാഷ്‌ട്രീയ നേതാക്കളുടെ (സ്റ്റേറ്റ്‌സ്‌മാന്‍ എന്ന ഇംഗ്ലീഷ്‌ പദത്തിന്റെ അര്‍ഥത്തില്‍) കടമയാണെന്നും ഓര്‍ക്കേണ്ടവര്‍ തന്നെയാണ്‌ ജിന്നയെക്കുറിച്ച്‌ ഓര്‍ക്കാന്‍ ഒരു നിമിഷം പോലും മാറ്റിവെക്കേണ്ടതില്ലെന്ന്‌ പറയുന്നത്‌. വന്‍മരം വീഴുമ്പോള്‍ ചുവട്ടിലുള്ള പുല്‍ക്കൊടികള്‍ നശിക്കുക സ്വാഭാവികമെന്ന്‌ 1984ലെ സിഖ്‌ വംശഹത്യയെക്കുറിച്ച്‌ പറഞ്ഞ രാജീവിന്റെ മകനില്‍ നിന്ന്‌ ഭാവിയില്‍ വലിയ സംഭാവനകള്‍ പ്രതീക്ഷിക്കുക.


ഈ വലിയ ചരിത്രത്തില്‍ നിന്ന്‌ രാഹുലിന്റെ കേരള സന്ദര്‍ശനത്തിലേക്ക്‌ വരിക. കലാലയ സന്ദര്‍ശനമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പരിപാടി. തിരഞ്ഞെടുത്ത കലാലയങ്ങളിലൊന്ന്‌ എറണാകുളത്തെ സെന്റ്‌ തെരേസാസ്‌ കോളജായിരുന്നു. കലാലയങ്ങളില്‍ രാഷ്‌ട്രീയം വേണ്ടെന്ന്‌ വാദിക്കുന്നവരുടെ മുമ്പന്തിയിലുള്ളവരാണ്‌ ഇതിന്റെ നടത്തിപ്പുകാര്‍. രാഷ്‌ട്രീയ പ്രവര്‍ത്തനം അനുവദിക്കാത്ത ക്യാമ്പസ്‌. ദശകങ്ങളായി കെ എസ്‌ യുവിനടക്കം പ്രവേശം നിഷേധിച്ചിരിക്കുന്നു ഇവിടെ. ഈ കോളജ്‌ തിരഞ്ഞെടുക്കാന്‍ രാഹുലിനെ അല്ലെങ്കില്‍ സംഘാടകരെ പ്രേരിപ്പിച്ചത്‌ എന്തായിരിക്കും? രാഷ്‌ട്രീയം നിഷിദ്ധമായ കോളജില്‍ രാഷ്‌ട്രീയത്തിന്റെ പ്രാധാന്യം അറിയിക്കുകയായിരുന്നു ലക്ഷ്യമെന്ന്‌ കരുതിയെങ്കില്‍ അത്തരം സംഭാഷണങ്ങളൊന്നും അവിടെ നടന്നതായി വാര്‍ത്തകളില്ല. 39കാരനായ രാഹുല്‍ അവിവാഹിതനായി തുടരുന്നതിന്റെ കാര്യകാരണങ്ങളാണ്‌ പ്രധാന വിഷയമായത്‌. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരത്തിന്റെ വക്താവാണെന്ന്‌ കരുതിയതിനാലാവണം രാഹുലിന്‌ വേദിയൊരുക്കാന്‍ കോളജ്‌ അധികൃതര്‍ താത്‌പര്യം കാട്ടിയത്‌. ജിന്നയെക്കുറിച്ച്‌ ചിന്തിക്കാന്‍ ഒരു നിമിഷം പോലും മാറ്റിവെക്കാന്‍ തയ്യാറല്ലെന്ന പ്രസ്‌താവന കൂടിയാകുമ്പോള്‍ കോളജ്‌ നടത്തിപ്പുകാരുടെ അകമഴിഞ്ഞ താത്‌പര്യം കൂടുതല്‍ അര്‍ഥവത്താവുന്നു.


രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട്‌ സന്ദര്‍ശനവും സമീപകാല ചരിത്രം ഓര്‍മപ്പെടുത്തുന്നുണ്ട്‌. ഈ ചരിത്രം മറന്നത്‌ രാഹുലിന്റെ അനുയായികളാണ്‌. കലാലയ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ രാഹുല്‍ രാത്രി ഭക്ഷണത്തിന്‌ നഗരത്തിലെ ഹോട്ടല്‍ തിരഞ്ഞെടുത്തു. ഇസഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷ ലംഘിച്ചാണ്‌ ഹോട്ടലിലേക്ക്‌ തിരിച്ചത്‌. സുരക്ഷാ ചുമതലയുണ്ടായിരുന്ന കോഴിക്കോട്ടെ അസിസ്റ്റന്റ്‌ കമ്മീഷണര്‍ അല്‍പ്പം ഈര്‍ഷ്യയോടെ ഇതിനോട്‌ പ്രതികരിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ച്‌ സഞ്ചരിച്ച യുവരാജാവിന്റെ ഷര്‍ട്ടില്‍ അല്‍പ്പം ചെളി തെറിച്ചാല്‍ അതുപോലും പ്രശ്‌നമാവുമെന്ന്‌ ഉറപ്പുള്ളതിനാലാവണം ഈര്‍ഷ്യത തോന്നിയത്‌. ``ഇയാള്‍ക്ക്‌ ഈ രാത്രി ഇതിന്റെ വല്ല കാര്യവുമുണ്ടോ? ഈ ചങ്ങായിന്റെ ലൊക്കേഷന്‍ എവിടെയാ?'' അസിസ്റ്റന്റ്‌ കമ്മീഷണറുടെ കമന്റ്‌ പോലീസ്‌ വയര്‍ലെസ്സ്‌ സെറ്റുകളിലൂടെ ഒഴുകി. ഭാവി പ്രധാനമന്ത്രിയെ `ചങ്ങായി' എന്ന്‌ വിശേഷിപ്പിച്ചത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ അപമാനകരമായി തോന്നി. ചെന്നിത്തല മുതല്‍ ലിജു വരെയുള്ളവരുടെ പ്രസ്‌താവനകള്‍, യൂത്ത്‌ കോണ്‍ഗ്രസിന്റെ കമ്മീഷണര്‍ ഓഫീസ്‌ മാര്‍ച്ച്‌ എന്നിവയായിരുന്നു തുടര്‍ച്ച.


15 വര്‍ഷം മാത്രം പഴക്കമുള്ള ചരിത്രം ഇവിടെ ഓര്‍മിക്കാം. 1994ല്‍ പാലക്കാട്‌ പുതുപ്പള്ളിത്തെരുവില്‍ പോലീസ്‌ വെടിവെപ്പുണ്ടായി. സിറാജുന്നീസ എന്ന ബാലിക കൊല്ലപ്പെട്ടു. സംഘര്‍ഷം നിലനില്‍ക്കുന്നു. അന്ന്‌ വയര്‍ലെസ്സ്‌ സെറ്റിലൂടെ ഒഴുകിയെത്തിയത്‌ ഈ വാക്കുകളായിരുന്നു - ``ഐ വാണ്ട്‌ മുസ്‌ലിം ഡെഡ്‌ ബോഡീസ്‌'' (എനിക്ക്‌ മുസ്‌ലിംകളുടെ ശവം വേണം). പറഞ്ഞത്‌ രമണ്‍ ശ്രീവാസ്‌തവ എന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍. ഇങ്ങനെ വയര്‍ലെസ്സ്‌ സെറ്റിലൂടെ പറയുന്നത്‌ കേട്ടതായി അന്ന്‌ കോണ്‍ഗ്രസ്‌ എസിന്റെ എം എല്‍ എയും ഇപ്പോള്‍ കോണ്‍ഗ്രസ്‌ നേതാവുമായ വി സി കബീര്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. ഈ രമണ്‍ ശ്രീവാസ്‌തവയെ പിന്നീട്‌ കേരളത്തിന്റെ ഡി ജി പിയാക്കിയത്‌ 2001ല്‍ അധികാരത്തില്‍ വന്ന യു ഡി എഫ്‌ സര്‍ക്കാറാണ്‌. അദ്ദേഹത്തെ ബി എസ്‌ എഫ്‌ ഡയറക്‌ടര്‍ ജനറലാക്കിയത്‌ രാഹുല്‍ ഗാന്ധിക്ക്‌ നിര്‍ണായക പങ്കുള്ള കേന്ദ്രത്തിലെ യു പി എ സര്‍ക്കാറാണ്‌. ഇപ്പോഴത്തെ `ചങ്ങായി' പ്രയോഗത്തിനെതിരെ വാളെടുത്ത കോണ്‍ഗ്രസ്‌ നേതാക്കളാരും ഈ ചരിത്രം ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടില്ല.


ജിന്നയെ ഓര്‍ക്കാന്‍ ഒരു നിമിഷം പോലും നീക്കിവെക്കില്ലെന്ന്‌ പറയുന്ന, രാഷ്‌ട്രീയം നിഷിദ്ധമെന്ന്‌ പറയുന്ന ക്യാമ്പസ്‌ സന്ദര്‍ശിക്കാന്‍ താത്‌പര്യം കാട്ടുന്ന നേതാവ്‌. അദ്ദേഹത്തിനെതിരായ ചെറിയ പരാമര്‍ശം പോലും സഹിക്കാന്‍ കഴിയാത്ത തലമുതിര്‍ന്നവരും യുവാക്കളുമായ അനുയായിവൃന്ദം. നികൃഷ്‌ടമായ പരാമര്‍ശം നടത്തിയെന്ന്‌ എം എല്‍ എയായിരുന്നയാള്‍ കുറ്റപ്പെടുത്തിയ ഉദ്യോഗസ്ഥനെ സ്ഥാനക്കയറ്റം നല്‍കി ആദരിച്ച അവരുടെ ചരിത്രം. നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യത്തെ മാത്രം ആശ്രയിച്ച്‌ നിലനില്‍ക്കുന്ന നേതാവിനും അതില്‍ നിന്ന്‌ മാത്രം ഊര്‍ജം കണ്ടെത്തുന്ന ഒരു രാഷ്‌ട്രീയ സംവിധാനത്തിനും ഇതിനപ്പുറമൊന്നും സാധിക്കില്ല. അവര്‍ കഴിഞ്ഞുപോയ സംഭവങ്ങള്‍ എളുപ്പത്തില്‍ മറക്കും. അതുകൊണ്ടാണല്ലോ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സജ്ജന്‍ കുമാറിനെയും ജഗ്‌ദീഷ്‌ ടൈറ്റ്‌ലറെയും വീണ്ടും മത്സരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചത്‌. ജര്‍ണയില്‍ സിംഗിന്റെ ഷൂ ചിദംബരത്തിന്റെ നേര്‍ക്ക്‌ പാഞ്ഞപ്പോഴാണ്‌ ഓര്‍മകളുണ്ടായത്‌.


മേല്‍പ്പറഞ്ഞ സംഭവങ്ങളെല്ലാം ചെറുതോ അവഗണിക്കത്തക്കതോ ആയിരിക്കാം. പക്ഷേ, രാജ്യം ഭരിക്കാന്‍ തയ്യാറെടുക്കുന്നവര്‍ തുടര്‍ന്ന്‌ സ്വീകരിക്കാന്‍ പോകുന്ന നിലപാടുകളുടെ സൂചനകള്‍ അതിലുണ്ട്‌. ചരിത്രം മറന്ന്‌ മുന്നോട്ടുപോകുകയെന്നതാണ്‌ അവരുടെ അജന്‍ഡ. സ്വാതന്ത്ര്യത്തിനു ശേഷം നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ രൂപവത്‌കരിച്ച സാമ്പത്തിക, വിദേശ നയങ്ങളെ മന്‍മോഹന്‍ എങ്ങനെ മറവിയിലേക്ക്‌ തള്ളിയോ അതിന്റെ ഇരട്ടി വേഗത്തില്‍ സമൂഹത്തിന്റെ ചരിത്രത്തെ ഇവര്‍ പിന്നോട്ട്‌ തള്ളും. ബാബരി മസ്‌ജിദിനെയും ബോംബെ കലാപത്തെക്കുറിച്ച്‌ അന്വേഷിച്ച ശ്രീകൃഷ്‌ണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെയും തള്ളിയതുപോലെ. ബോധപൂര്‍വമായ ഇത്തരം മറവികളും തള്ളിക്കളയലുകളും അനീതിയുടെ പുതിയ ചരിത്രമാണ്‌ രചിക്കുക.

2009-10-13

ഇതാ ഒരു ഭീകര കേരളം


`ലൗ ജിഹാദി'നെക്കുറിച്ചുള്ള പോസ്റ്റ്‌ തര്‍ക്കത്തിന്‌ കാരണമായ സാഹചര്യത്തില്‍ കണ്ണൂരില്‍ `ഭീകരവേട്ട' നടന്ന കാലത്ത്‌ എഴുതിയ ലേഖനം ഇവിടെ ചേര്‍ക്കുന്നു. കാലഗണന മനസ്സില്‍വെച്ച്‌ വായിക്കാന്‍ അപേക്ഷ


1997 - ആറാം തമ്പുരാന്‍ എന്ന സിനിമ പ്രദര്‍ശനത്തിനെത്തി. പുരാതനമായ നമ്പൂതിരി ഗൃഹം വിലയ്‌ക്കു വാങ്ങുന്ന നായകന്‍ (മോഹന്‍ ലാല്‍) അത്‌ പൊളിച്ചു വില്‌ക്കുമെന്ന്‌ നുണ പറയുന്നു. പൊളിക്കുന്നതിന്‌ പല വഴികള്‍ ആലോചിക്കുന്നു. അതിലൊന്ന്‌ ബോംബ്‌ വെയ്‌ക്കലാണ്‌. മലപ്പുറത്ത്‌ ധാരാളം ബോംബു കിട്ടുമെന്ന്‌ നായകന്‍ പറഞ്ഞുവെയ്‌ക്കുന്നു. അന്നും ഇന്നും കേരളത്തില്‍ ബോംബുകള്‍ കിട്ടാന്‍ സാധ്യതയുള്ള ജില്ല കണ്ണൂരാണ്‌. അതിന്‌ രാഷ്‌ട്രീയ കാരണങ്ങളാണ്‌ അധികം. പക്ഷെ, ആറാം തമ്പുരാന്‌ തിരക്കഥ എഴുതിയ ആളിന്‌ മലപ്പുറം എന്നേ പേനത്തുമ്പില്‍ വന്നുള്ളൂ! എന്തുകൊണ്ട്‌ മലപ്പുറം മനസ്സില്‍ വന്നു?


2008 - സെപ്‌തംബര്‍. ഡല്‍ഹിയിലെ ജാമിഅ നഗറില്‍ ഏറ്റുമുട്ടല്‍(?) നടന്ന ദിവസം. നടന്നത്‌ വ്യാജ ഏറ്റുമുട്ടലാണെന്ന്‌ സംശയമുണ്ടെന്ന റിപ്പോര്‍ട്ട്‌ കൂടി സംപ്രേഷണം ചെയ്‌ത ചാനലിലേക്ക്‌ അന്വേഷണവുമായി ഫോണ്‍ കോള്‍. നിങ്ങളുടെ ചാനലില്‍ നിന്ന്‌ ഇത്തരം റിപ്പോര്‍ട്ട്‌ പ്രതീക്ഷിച്ചില്ലെന്ന്‌ ഫോണില്‍ വിളിച്ചയാളുടെ പരിഭവം. സൈന്യത്തില്‍ നിന്ന്‌ വിരമിച്ച എറണാകുളം ജില്ലക്കാരനായ ക്രിസ്‌ത്യന്‍ നാമധാരിയാണ്‌ ഫോണില്‍. ജാമിഅ നഗര്‍ സംഭവത്തെക്കുറിച്ച്‌ അവിടുത്തുകാര്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ കൂടി നല്‌കാന്‍ ചാനല്‍ ബാധ്യസ്ഥമാണെന്ന്‌ വിശദീകരിച്ചു. ഫോണില്‍ വിളിച്ചയാളുടെ സംശയം തീരുന്നില്ല. രാജ്യസ്‌നേഹത്തിന്റെയും ദേശീയതയുടെയും തലങ്ങളിലേക്ക്‌ സംശയം വളര്‍ന്നു. ഒറീസ്സയില്‍ മതപരിവര്‍ത്തനം നടത്തിയിട്ടില്ല എന്ന ക്രിസ്‌തീയ പുരോഹിതരുടെ വാദം അംഗീകരിച്ചുകൊണ്ടല്ലേ അവിടെ നടക്കുന്ന ക്രൂരതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‌കുന്നത്‌ എന്ന്‌ വാദത്തിന്‌ വേണ്ടി ചോദിച്ചു. അത്‌ ക്രിസ്‌തീയ പുരോഹിതരല്ലേ, ഇത്‌ മുസ്ലീംകളല്ലേ എന്ന്‌ ഫോണില്‍ മറുചോദ്യം!


2008 - ഒക്‌ടോബര്‍. രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിനും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയ്‌ക്കും ഇ മെയിലില്‍ വധഭീഷണി. കൊച്ചിയിലും ദില്ലിയിലും സ്‌ഫോടനങ്ങളുണ്ടാവുമെന്നും സന്ദേശത്തിലുണ്ടായിരുന്നു. ഭീഷണി അയച്ചത്‌ ഹിന്ദു നാമധാരി. ഭീഷണി അയക്കാന്‍ ഉപയോഗിച്ചത്‌ മുസ്ലീം നാമങ്ങള്‍ ചേര്‍ത്തുള്ള ഇ മെയില്‍ വിലാസം. ഇ മെയില്‍ അയച്ചയാളെ പിടികൂടിയ ശേഷവും പോലീസ്‌, വാര്‍ത്ത പുറത്തുവിട്ടത്‌ സസ്‌പെന്‍സ്‌ നിലനിര്‍ത്തിക്കൊണ്ട്‌. രാഷ്‌ട്രപതിയ്‌ക്കും സോണിയാ ഗാന്ധിയ്‌ക്കും വധഭീഷണി എന്ന്‌ ചാനലുകളില്‍ ആദ്യം ബ്രേക്കിംഗ്‌ ന്യൂസ്‌. സന്ദേശം കൊച്ചിയില്‍ നിന്നെന്ന്‌ അടുത്ത ബ്രേക്കിംഗ്‌. കൊച്ചിയില്‍ സ്‌ഫോടനങ്ങളുണ്ടാവുമെന്ന മുന്നറിയിപ്പിനെ എങ്ങിനെ കാണണമെന്ന്‌ ചാനല്‍ അവതാരക, റിപ്പോര്‍ട്ടറോട്‌ ചോദിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ടതുണ്ടെന്ന്‌ ചാനല്‍ റിപ്പോര്‍ട്ടറുടെ വിശകലനം. ഏറെക്കുറെ ഒരു മണിക്കൂര്‍ നീണ്ട സസ്‌പെന്‍സിന്‌ ശേഷം പ്രതി അറസ്റ്റിലായ വാര്‍ത്ത വന്നു- വിശദ വിവരങ്ങളും. വധഭീഷണി അയച്ചതാരെന്ന സംശയം (അതേതെങ്കിലും അഹമ്മദോ മുഹമ്മദോ ആയിരിക്കും എന്ന ഊഹം) അല്‌പ നേരത്തേക്കെങ്കിലും നിലനിര്‍ത്തണമെന്ന (കു)ബുദ്ധി വാര്‍ത്ത ചോര്‍ത്തിയ പോലീസ്‌ ഉദ്യോഗസ്ഥനുണ്ടായിരുന്നോ?


വര്‍ഷങ്ങളായി മലയാളികളുടെ മനസ്സില്‍ വേരു പിടിച്ചുകൊണ്ടിരിക്കുന്ന, വേരു പിടിപ്പിച്ചുകൊണ്ടിരിക്കുന്ന എന്നതാണ്‌ കുറേക്കൂടി ശരി, ചിന്താഗതിയ്‌ക്ക്‌ തെളിവുകളാണ്‌ ഇതെല്ലാം. ഈ ചിന്താഗതി ഏതളവില്‍ അരക്ഷിതത്വ ബോധം സൃഷ്‌ടിക്കുന്നുവെന്ന്‌ കൂടി മനസ്സിലാക്കേണ്ടതുണ്ട്‌. കാശ്‌മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു മലയാളികള്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്ന ദിവസങ്ങള്‍. കണ്ണൂര്‍ കേന്ദ്രമായി പോലീസ്‌ ഭീകരവേട്ട നടത്തുന്നു. വാര്‍ത്തകളുടെ പ്രളയം.


കണ്ണൂരില്‍ നിന്ന്‌ കോഴിക്കോട്ടേയ്‌ക്ക്‌ ദിവസവും ജോലിയ്‌ക്കുവരുന്ന ബിസിനസ്സ്‌ എക്‌സിക്യൂട്ടീവാണ്‌ ഷഹനാസ്‌. സാധാരണ കുടുംബം. ഉമ്മ വീട്ടമ്മയാണ്‌. പതിവുപോലെ ജോലിക്കു പോകാനിറങ്ങിയ ഷഹനാസിനോട്‌ ഉമ്മ പറഞ്ഞത്‌ നീ താടിയൊക്കെ വടിച്ചിട്ട്‌ പോയാ മതി എന്നാണ്‌. മകനെ ഭീകരവാദിയെന്ന്‌ ആരെങ്കിലും മുദ്രകുത്തുമോ എന്ന്‌ ഭയക്കുന്ന സ്ഥിതിയിലേക്ക്‌ ഈ വീട്ടമ്മ എത്തിയിരിക്കുന്നു.


സംശയത്തിന്റെയും അരക്ഷിതത്വ ബോധത്തിന്റെയും ഈ അന്തരീക്ഷം സൃഷ്‌ടിക്കപ്പെട്ടത്‌ എങ്ങിനെ എന്നതാണ്‌ പ്രധാന ചോദ്യം. ഈ അന്തരീക്ഷത്തിന്റെ ഗുണം ആര്‍ക്കാണെന്നതും. കാശ്‌മീരില്‍ നാലു മലയാളികള്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത സ്ഥിരീകരിച്ചതിനു ശേഷമുണ്ടായ സംഭവങ്ങള്‍ പോസ്റ്റ്‌ മോര്‍ട്ടം ചെയ്‌തു നോക്കുന്നത്‌ ഇവിടെ പ്രസക്തമായിരിക്കും. രണ്ടു മലയാളികള്‍ കൊല്ലപ്പെട്ടു എന്നതാണ്‌ ആദ്യം സ്ഥിരീകരിച്ചത്‌. അതിനു തൊട്ടുപിന്നാലെ നമ്മുടെ ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ചോദ്യം ഏറെക്കുറെ ഇതാണ്‌. കേരളം ഭീകരവാദികളുടെ പരിശീലനത്താവളമാണെന്ന്‌ സ്ഥിരീകരിക്കുന്നതല്ലേ ഇപ്പോള്‍ കശ്‌മീരിലുണ്ടായിരിക്കുന്ന സംഭവം? ചാനല്‍ അവതാരകര്‍ സ്വന്തം റിപ്പോര്‍ട്ടര്‍മാരോടും ടെലിഫോണ്‍ ലൈനിലെത്തിയ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ളവരോടും ഇതു ചോദിച്ചു.


കേരളം ഭീകരരുടെ ഒളിത്താവളമോ പരിശീലന കേന്ദ്രമോ ആയി മാറിയെന്ന ആരോപണം തുടര്‍ച്ചയായി ഉന്നയിക്കുന്നത്‌ ബി ജെ പിയോ മറ്റു സംഘപരിവാര്‍ ബന്ധുക്കളോ ആണ്‌. ഇതേ ചോദ്യം വാര്‍ത്താ അവതാരകര്‍ ആദ്യം തന്നെ ഉന്നയിക്കുമ്പോള്‍ സ്വാധീനം വ്യക്തമാണ്‌. കശ്‌മീരില്‍ നടന്നത്‌ എന്താണ്‌ എന്ന്‌ വ്യക്തമാവുന്നതിന്‌ മുമ്പാണ്‌, നിഷ്‌പക്ഷമായും നിസ്സംഗമായും വാര്‍ത്തയെ സമീപിക്കേണ്ടവര്‍ തന്നെ ഈ ചോദ്യം ഉന്നയിച്ചത്‌. മാധ്യമങ്ങള്‍ക്ക്‌ സമചിത്തത നഷ്‌ടപ്പെട്ട ദിവസങ്ങളായിരുന്നു തുടര്‍ന്നുവന്നത്‌. എല്ലാ ചാനലുകളിലും എല്ലായിപ്പോഴും ബ്രേക്കിംഗ്‌ ന്യൂസുകള്‍. പിറ്റേന്നിറങ്ങുന്ന പത്രങ്ങളിലെല്ലാം നിറം പിടിപ്പിച്ച കഥകള്‍ (നുണകള്‍!).


അവയില്‍ ചില സാമ്പിളുകളിലേക്ക്‌ - കാശ്‌മീരില്‍ കൊല്ലപ്പെട്ടവര്‍ക്ക്‌ ലഷ്‌കറെ ത്വയ്യിബയുമായുള്ള ബന്ധം സ്ഥിരീകരിച്ചു. ഭീകരവാദ സംഘടനയിലേക്ക്‌ ആളുകളെ റിക്രൂട്ട്‌ ചെയ്യാന്‍ കേരളത്തില്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു. മൂന്നൂറുപേരെ റിക്രൂട്ട്‌ ചെയ്‌തുവെന്ന്‌ അറസ്റ്റിലായ അബ്‌ദുള്‍ ജലീല്‍ സമ്മതിച്ചു. പാക്‌ അധിനിവേശ കശ്‌മീരില്‍ നിന്ന്‌ ആയുധ പരിശീലനം കഴിഞ്ഞ്‌ മടങ്ങുമ്പോഴാണ്‌ നാലു മലയാളികള്‍ കുപ്‌വാര ജില്ലയില്‍ വെച്ച്‌ കൊല്ലപ്പെട്ടത്‌. പാക്‌ അധിനിവേശ കശ്‌മീരില്‍ നിന്ന്‌ ഭീകരര്‍ക്ക്‌ ഇന്ത്യയിലേക്ക്‌ കടക്കാന്‍ സാഹചര്യമൊരുക്കുന്നതിനിടെയാണ്‌ മലയാളികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്‌. ഇവര്‍ക്കൊപ്പം ലശ്‌കറെ ത്വയ്യിബയുടെ കമാന്‍ഡറും കൊല്ലപ്പെട്ടു. കശ്‌മീരില്‍ കൊല്ലപ്പെട്ടവര്‍ കണ്ണൂരിലുള്ള അബ്‌ദുള്‍ ജലീലിനെ ഫോണില്‍ വിളിച്ചത്‌ ജീവന്‍ രക്ഷിക്കണമെന്ന്‌ അഭ്യര്‍ഥിക്കാന്‍. സൈന്യം വളഞ്ഞപ്പോഴാണ്‌ കശ്‌മീരില്‍ നിന്ന്‌ ജലീലിനെ വിളിച്ചത്‌. കേരളത്തില്‍ നിന്ന്‌ ആളുകളെ റിക്രൂട്ട്‌ ചെയ്യാന്‍ ലശ്‌കറെ ത്വയ്യിബയുടെ കമാന്‍ഡര്‍ കേരളം സന്ദര്‍ശിച്ചു. റിയല്‍ എസ്റ്റേറ്റ്‌ ഏജന്റുമാരായും മറ്റും ഭീകരരോ, റിക്രൂട്ടിംഗ്‌ ഏജന്റുമാരോ വ്യവസ്ഥാപിത രാഷ്‌ട്രീയ പാര്‍ട്ടികളില്‍ പോലും നുഴഞ്ഞു കയറിയിരിക്കുന്നു. - ഏതാനും ദിവസം കൊണ്ട്‌ മലയാളത്തിലെ മാധ്യമങ്ങള്‍ എഴുതിയതും പറഞ്ഞതും ഏറെയാണ്‌. സംസ്ഥാന ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ പറഞ്ഞു, കേന്ദ്ര ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ പറഞ്ഞു, ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു തുടങ്ങിയ വാചകങ്ങള്‍ പൊതുവെ എല്ലാറ്റിലും കാണാമായിരുന്നു.


ഇതില്‍ തന്നെ എല്ലാ മാധ്യമങ്ങളും ഒരേ പോലെ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌, അത്‌ ചാനലുകളില്‍ ബ്രേക്കിംഗ്‌ ന്യൂസും പത്രങ്ങളില്‍ ലീഡ്‌ വാര്‍ത്തയുമായിരുന്നു, കേരളത്തില്‍ നിന്ന്‌ മുന്നൂറു പേരെ ഭീകര സംഘടയിലേക്ക്‌ റിക്രൂട്ട്‌ചെയ്‌തുവെന്നതായിരുന്നു. അറസ്റ്റിലായവര്‍ ചോദ്യംചെയ്യലില്‍ കേരള പോലീസിനോട്‌ ഇക്കാര്യം സമ്മതിച്ചുവെന്ന നിലയിലായിരുന്നു റിപ്പോര്‍ട്ട്‌. കേരളം ഭീകരരുടെ ഒളിത്താവളമായിരിക്കുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന വാര്‍ത്ത. ആഭ്യന്തര മന്ത്രിയുടെ ചുമതലയുണ്ടായിരുന്ന പാലൊളി മുഹമ്മദ്‌ കുട്ടി ഇക്കാര്യം അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്ത വിധം നിഷേധിയ്‌ക്കും വരെ ഈ റിപ്പോര്‍ട്ടുകള്‍ ആധികാരികമായി നിലനിന്നു. നിഷേധിച്ചത്‌ കോടിയേരി ബാലകൃഷ്‌ണനല്ല, പാലൊളി മുഹമ്മദ്‌ കുട്ടിയാണെന്നതുകൊണ്ട്‌ അതിന്റെ വിശ്വാസ്യത സംബന്ധിച്ച്‌ ഭരണകൂടത്തിന്‌ തന്നെ സംശയമുണ്ടായെന്ന്‌ തോന്നുന്നു. മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പിന്നീട്‌ ഇക്കാര്യം ആവര്‍ത്തിച്ചു. ഭീകരവേട്ട സംബന്ധിച്ച്‌ മാധ്യമങ്ങള്‍ അതിശയോക്തി പരമായ വാര്‍ത്തകള്‍ നല്‌കി. അത്‌ ഒരു സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഭരണകൂടം സ്വീകരിച്ച ഈ നിലപാടിനെ സ്വാഗതംചെയ്യാം. പക്ഷെ, അവിടം കൊണ്ട്‌ അവസാനിപ്പിക്കേണ്ട ഗൗരവമേ ഇതിനുള്ളോ?


മുന്നൂറു പേരെ ഭീകര സംഘടനയിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌തു എന്ന വാര്‍ത്ത ഏതാണ്ടെല്ലാ മാധ്യമങ്ങളിലും ഒരേപോലെ വന്നെങ്കില്‍ ആ വിവരം പടര്‍ത്താന്‍ ശ്രമിച്ചത്‌ ചെറിയ ആരെങ്കിലും ആകാന്‍ തരമില്ല. ആരാണ്‌ ഇത്തരം വാര്‍ത്ത നല്‌കിയത്‌ എന്ന്‌ അന്വേഷിക്കേണ്ടതല്ലേ? അറസ്റ്റിലായവരെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ ഈ വിവരം ലഭിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു എന്ന നിലയ്‌ക്കാണ്‌ ഈ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരുന്നത്‌. അങ്ങിനെയെങ്കില്‍ ബോധപൂര്‍വ്വം തെറ്റായ വിവരം നല്‌കിയ ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥര്‍ ആരാണ്‌, അയാളുടെ/അവരുടെ ലക്ഷ്യം എന്തായിരുന്നു എന്നെല്ലാം അന്വേഷിക്കേണ്ടതല്ലേ?


ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്‌. എവിടെ നിന്ന്‌ ഈ വാര്‍ത്ത ലഭിച്ചു എന്ന്‌ അറിയിക്കാനുള്ള ഉത്തരവാദിത്തം. പോലീസോ, മറ്റ്‌ ഏജന്‍സികളുടെ ഉദ്യോഗസ്ഥരോ ഇത്തരത്തില്‍ ഒരു വിവരം നല്‌കിയോ എന്ന്‌ അന്വേഷിക്കാനും അത്‌ പറയാനുമുള്ള ഉത്തരവാദിത്തം. അല്ലെങ്കില്‍ വെറും അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം റിപ്പോര്‍ട്ട്‌ ചെയ്‌തതാണോ ഇത്‌ എന്ന സംശയം നിലനില്‌ക്കും. എന്തുകൊണ്ട്‌
ഇങ്ങിനെ സംശയിക്കേണ്ടിവരുന്നു എന്ന്‌ വ്യക്തമാക്കാന്‍ ഒരു സംഭവം കുറിയ്‌ക്കാം.


അബ്‌ദുള്‍ ജലീലിനെയും ഫൈസലിനെയും കോഴിക്കോട്‌ ചാലപ്പുറത്തെ ക്രൈം ബ്രാഞ്ച്‌ ഓഫീസില്‍ ചോദ്യം ചെയ്യലിന്‌ കൊണ്ടുവന്നു. വിവരമറിഞ്ഞ മാധ്യമ പ്രവര്‍ത്തകരെല്ലാം ഓഫീസിന്‌ മുന്നിലുണ്ട്‌. ഇരുവരെയും കോഴിക്കോട്ടേയ്‌ക്ക്‌ കൊണ്ടുവന്ന ഡി വൈ എസ്‌ പിയെ കണ്ടു. കണ്ണൂരില്‍ മാധ്യമങ്ങളുടെ പടയാണ്‌. സൈ്വര്യമായി ചോദ്യംചെയ്യാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ്‌ കോഴിക്കോട്ടേയ്‌ക്ക്‌ കൊണ്ടുവന്നത്‌ എന്ന്‌ ഡി വൈ എസ്‌ പി പറഞ്ഞു. ഉത്തരമേഖലാ എ ഡി ജി പി കോഴിക്കോട്ടുണ്ട്‌. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ കൂടി ചോദ്യം ചെയ്യലാവാം എന്ന ഉദ്ദേശ്യവുമുണ്ട്‌. നാളെ രാവിലെയോ ഉച്ചയ്‌ക്കോ ഇരുവരെയും കണ്ണൂര്‍ക്ക്‌ തിരികെകൊണ്ടുപോകും. ജലീല്‍ എന്‍ ഡി എഫ്‌ പ്രവര്‍ത്തകനാണ്‌. കോഴിക്കോട്‌ എന്‍ ഡി എഫിന്റെ ആസ്ഥാന ഓഫീസ്‌ ഉള്ള സ്ഥലവും. മറ്റെന്തെങ്കിലും പരിശോധനകള്‍ക്കുള്ള സാധ്യത ആരാഞ്ഞു. ഒന്നുമില്ലെന്ന്‌ ഡി വൈ എസ്‌ പി പറഞ്ഞു. അന്വേഷണത്തിന്റെ രഹസ്യ സ്വഭാവം നിലനിര്‍ത്താന്‍ അദ്ദേഹം കളവു പറഞ്ഞതാകാം. പക്ഷെ, പോലീസില്‍ നിന്ന്‌ ലഭിച്ച വിവരങ്ങള്‍ ഇത്രമാത്രമാണ്‌.


ഈ സംസാരത്തിന്‌ ശേഷം മറ്റൊരു മാധ്യമ പ്രവര്‍ത്തകനെത്തി. പോലീസ്‌ എന്തു പറഞ്ഞുവെന്ന്‌ അന്വേഷിച്ചു. ഡി വൈ എസ്‌ പി പറഞ്ഞ കാര്യങ്ങള്‍ ധരിപ്പിച്ചു. അടുത്ത നിമിഷം വൈകിയെത്തിയ മാധ്യമ പ്രവര്‍ത്തകന്റെ വിശകലനമുണ്ടായി - അബ്‌ദുള്‍ ജലീലിന്റെ എന്‍ ഡി എഫ്‌ ബന്ധം അന്വേഷിക്കാനാണ്‌ പോലീസ്‌ എത്തിയത്‌, എനിക്ക്‌ വ്യക്തമായ വിവരമുണ്ട്‌. ജലീലിന്റെ എന്‍ ഡി എഫ്‌ ബന്ധം മനസ്സിലുളള ഒരു മാധ്യമ പ്രവര്‍ത്തകന്‌ നിഗമനത്തിലെത്താന്‍ വലിയ പ്രയാസമില്ല. ഉന്നത പോലീസ്‌ വൃത്തങ്ങള്‍ സൂചിപ്പിച്ചു എന്ന ഒരു വാചകം കൂടി ചേര്‍ത്താല്‍ ആധികാരികമായ ഒരു റിപ്പോര്‍ട്ട്‌ തയ്യാര്‍. ഇത്തരം നിഗമനങ്ങളിലേക്ക്‌ മാധ്യമപ്രവര്‍ത്തകര്‍ എത്തിപ്പെട്ടതിന്റെ ബാക്കിപത്രമാണോ മുന്നൂറു പേരെ റിക്രൂട്ട്‌ ചെയ്‌തുവെന്ന വാര്‍ത്ത എന്നത്‌ അന്വേഷിക്കേണ്ട ബാധ്യത മാധ്യമങ്ങളുടെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്കുണ്ട്‌.


മുന്നൂറു പേരെ റിക്രൂട്ട്‌ ചെയ്‌തുവെന്നത്‌ ബ്രേക്കിംഗ്‌ ന്യൂസ്‌ ആവുന്ന ദിവസം (പിറ്റേന്ന്‌ പത്രങ്ങളില്‍ ലീഡ്‌ വാര്‍ത്ത) 200 പേരെ കേരളത്തില്‍ നിന്ന്‌ റിക്രൂട്ട്‌ ചെയ്‌തുവെന്ന വാര്‍ത്ത ഇന്റലിജന്‍സ്‌ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഒരു പ്രമുഖ പത്രം വളരെയൊന്നും പ്രാധാന്യം കല്‌പിക്കാതെ പ്രസിദ്ധീകരിച്ചിരുന്നുവെന്നത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌. 300 പേരെ റിക്രൂട്ട്‌ ചെയ്‌തുവെന്ന്‌ പോലീസ്‌ പറഞ്ഞതാണെന്ന്‌ തന്നെ കരുതുക. ഈ വിവരം പ്രസിദ്ധീകരിക്കും മുമ്പ്‌ സ്വാഭാവികമായ ഒരു ആലോചന ഉണ്ടാവില്ലേ. 300 പേരെ കേരളത്തില്‍ നിന്ന്‌ ഭീകര സംഘടനയിലേക്ക്‌ റിക്രൂട്ട്‌ ചെയ്യണമെങ്കില്‍ എത്രകാലം വേണ്ടിവരും. ഇത്രയും പേരെ റിക്രൂട്ട്‌ ചെയ്‌തിട്ടും ആരെയും ഇതുവരെ പിടികൂടാഞ്ഞതെന്ത്‌? പോലീസ്‌ പിടിയിലുള്ള ഒരാള്‍ നല്‌കുന്ന മൊഴിയുടെ വിശ്വാസ്യത എത്രത്തോളമുണ്ട്‌? റിക്രൂട്ട്‌മെന്റിന്‌ മറ്റെന്തെങ്കിലും തെളിവ്‌ പോലീസിന്റെ പക്കലുണ്ടോ? യുക്തിസഹമായ ആലോചനകള്‍ക്കൊന്നും ന്യൂസ്‌ റൂമുകള്‍ വഴങ്ങാതിരുന്ന ദിവസങ്ങളെന്ന്‌ പരിതപിക്കാം.


എന്തുകൊണ്ട്‌ ഇങ്ങിനെ പരിതപിക്കേണ്ടിവരുന്നു എന്നതുകൂടി ആലോചിക്കണം. താന്‍ ജീവിക്കുന്ന സമൂഹത്തോടോ, തന്നോടുതന്നെയോ ഉത്തരവാദിത്തമില്ലാത്ത ഒന്നായി മാധ്യമ പ്രവര്‍ത്തനം മാറിയിരിക്കുന്നു എന്നതുതന്നെയാണ്‌ അതിനുള്ള വിശദീകരണം. കോപ്പികളുടെ എണ്ണം കൂടുതല്‍ ലക്ഷങ്ങളിലേക്കെത്തിക്കാന്‍ പത്രങ്ങളും ടാം റേറ്റിംഗില്‍ മുന്നിലെത്താന്‍ ചാനലുകളും മത്സരിക്കുമ്പോള്‍ പറയുകയോ എഴുതുകയോ ചെയ്യുന്ന വാക്കുകളോടുള്ള ഉത്തരവാദിത്തം കുറയും.


മൂന്നു മാസം മുമ്പ്‌ കൊച്ചിയിലും വയനാട്ടിലും ബോംബ്‌ സ്‌ഫോടനമുണ്ടാവുമെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന്‌ മാധ്യമങ്ങള്‍ പ്രത്യേകിച്ച്‌ ടെലിവിഷന്‍ ചാനലുകള്‍ സൃഷ്‌ടിച്ച ഭീകരാന്തരീക്ഷം ഉദാഹരണമാണ്‌. ഭീഷണി സന്ദേശം ലഭിച്ചത്‌ ടി വി 9 എന്ന ചാനലിന്റെ ബാംഗ്ലൂര്‍ ലേഖകനാണ്‌. ബാംഗ്ലൂരിലും അഹമ്മദാബാദിലും സ്‌ഫോടന പരമ്പരയുണ്ടായതിന്റെ പിറകെ. വൈകിട്ട്‌ ഏഴുമണിക്ക്‌ സ്‌ഫോടനങ്ങളുണ്ടാവുമെന്ന സന്ദേശം വന്നത്‌ പാകിസ്‌താനിലെ ഒരു ഫോണ്‍ നമ്പറില്‍ നിന്നും. സ്വാഭാവികമായും ഭീഷണി ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടണം. ഭീഷണിയുണ്ടെന്ന വിവരം ജനങ്ങളെ അറിയിക്കുകയും അവരെ ജാഗരൂകരാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം ന്യൂസ്‌ ചാനലുകള്‍ക്കുണ്ട്‌. ആ ഉത്തരവാദിത്തം സമചിത്തതയോടെ നിര്‍വഹിക്കുന്നതിന്‌ പകരം അനാവശ്യമായ പരിഭ്രാന്തി സൃഷ്‌ടിക്കാനാണ്‌ അവ മത്സരിച്ചത്‌.


ഭീഷണി സന്ദേശം ലഭിച്ച നിമിഷം മുതല്‍ തത്സമയ റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും തുടങ്ങി. വിരമിച്ച പോലീസ്‌ ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ചര്‍ച്ചകളില്‍ സജീവമായി. നാലോ അഞ്ചോ മണിക്കൂറുകള്‍ ചാനലുകളില്‍ ഭീഷണി സന്ദേശവും സുരക്ഷാ പ്രശ്‌നങ്ങളും കേരളം ആക്രമണത്തിനിരയാവാനുള്ള സാധ്യതകളും നിറഞ്ഞു നിന്നു. ഒരു പൊട്ടിത്തെറിയ്‌ക്കായി മാധ്യമങ്ങളും പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുവെന്നു പോലും തോന്നിപ്പിച്ച മണിക്കൂറുകള്‍. പിറ്റേന്നിറങ്ങിയ പത്രങ്ങളെല്ലാം ഭീതിയുടെ നിമിഷങ്ങളെക്കുറിച്ച്‌ വാചാലരായി. ഇത്തരത്തില്‍ സമചിത്തത നഷ്‌ടപ്പെടുന്നതിന്‌ പിന്നില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള മത്സരം മാത്രമാണെന്ന്‌ കരുതാനാവില്ല. വളരെ പെട്ടെന്ന്‌ തീവ്ര വലതുപക്ഷത്തേക്ക്‌ ചായുന്ന, അല്ലെങ്കില്‍ ഭൂരിപക്ഷ വികാരത്തോടൊപ്പം നില്‌ക്കുന്ന ഒരു മനസ്സ്‌ മാധ്യമങ്ങളെ ഭരിക്കുന്നുവെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.


വിവരങ്ങള്‍ ജനങ്ങള്‍ക്ക്‌ കൈമാറുക എന്ന ഏറെ ഉത്തരവാദിത്തമുള്ള ഒരു ജോലിയ്‌ക്ക്‌ അപ്പുറത്ത്‌, ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്‌ടിക്കുമ്പോള്‍ ഒരു ഭ്രാതൃ സമൂഹം സംശയത്തിന്റെ നിഴലിലേക്ക്‌ തള്ളപ്പെടുന്നു എന്ന തിരിച്ചറിവ്‌ നഷ്‌ടപ്പെട്ടുപോകുന്നു. ഭീഷണി സന്ദേശം അടിസ്ഥാനമില്ലാത്തതാണെന്ന വാര്‍ത്ത പിന്നീട്‌ അറിയിക്കും. പക്ഷെ, സൃഷ്‌ടിച്ച ഭീതിയുടെ അന്തരീക്ഷം ചിലരുടെ മനസ്സിലെങ്കിലും സംശയത്തിന്റെ വിത്തു പാകിയിട്ടുണ്ടാവും. അത്‌ നീക്കാന്‍ മാധ്യമങ്ങള്‍ക്ക്‌ കഴിയാറുമില്ല. മാറാട്‌ പ്രത്യേക കോടതി ജഡ്‌ജിയ്‌ക്ക്‌ നാലു മാസം മുമ്പ്‌ ലഭിച്ച ഭീഷണിക്കത്തിന്‌, കശ്‌മീരില്‍ നാലു യുവാക്കള്‍ കൊല്ലപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ വാര്‍ത്താ മൂല്യമേറുമെന്ന്‌ തിരിച്ചറിയുന്ന മാധ്യമ പ്രവര്‍ത്തകനും ആ വാര്‍ത്തയ്‌ക്ക്‌ ബ്രേക്കിംഗ്‌ ന്യൂസ്‌ സ്ഥാനം നല്‌കുന്ന ചാനലും ഈ തീവ്ര വലതുപക്ഷവത്‌കരണത്തിന്റെ തെളിവുകളാണ്‌. ഇതു ബോധപൂര്‍വമോ അല്ലാതെയോ സംഭവിക്കാം. രണ്ടായാലും അല്‌പമെങ്കിലും പ്രയോജനം ലഭിക്കുന്നത്‌ സംഘപരിവാര്‍ സംഘടനകള്‍ക്കു മാത്രമാണ്‌.


സമീപകാല ചരിത്രം പോലും ഓര്‍മകളിലില്ലാത്തവരുടെ പ്രതിനിധികളായി മാധ്യമപ്രവര്‍ത്തകരും മാറിയതിന്റെ ഫലം കൂടിയാണിത്‌. കെ പി എസ്‌ ഗില്‍ ഉപദേശകനായ ഒരു വെബ്‌ പോര്‍ട്ടല്‍ രാജ്യത്തെ ഭീകര സംഘടനകളുടെ കണക്ക്‌ പ്രസിദ്ധീകരിക്കുമ്പോള്‍ അത്‌ ആധികാരികമായി കണ്ട്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നത്‌ അതിനാലാണ്‌. പഞ്ചാബില്‍ തീവ്രവാദം അടിച്ചമര്‍ത്തിയ ഉദ്യോഗസ്ഥനാണ്‌ കെ പി എസ്‌ ഗില്‍. പുതുതലമുറയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ അദ്ദേഹം ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെ മുന്‍ പ്രസിഡന്റ്‌ മാത്രമാണ്‌. പഞ്ചാബില്‍ ഗില്‍ സൃഷ്‌ടിച്ചത്‌ വ്യാജ ഏറ്റുമുട്ടലുകളുടെ പരമ്പര തന്നെയാണ്‌. ഗില്ലിന്റെ കാലത്ത്‌ കാണാതായ നിരപരാധികളായ സിഖ്‌ യുവാക്കള്‍ നിരവധി. അവര്‍ എവിടെപ്പോയി എന്നറിയാതെ കേഴുന്ന അമ്മമാര്‍ ധാരാളം. തീവ്രവാദം അടിച്ചമര്‍ത്തി എന്ന ഖ്യാതിയുമായി ഗില്ല്‌ പഞ്ചാബ്‌ വിട്ടു. പക്ഷെ, ഈ അമ്മമാരുടെ കണ്ണീരിന്‌ മറുപടി നല്‌കാന്‍ ഭരണകൂടത്തിന്‌ ഇതുവരെ സാധിച്ചിട്ടില്ല. അത്തരമൊരാള്‍ ഉപദേശകനായ വെബ്‌സൈറ്റ്‌ ഭീകര സംഘടനയുടെ പട്ടിക തയ്യാറാക്കിയാല്‍ അതിനെ ആധികാരികമായി കാണുന്നത്‌ എങ്ങിനെ.


അടിയന്തരാവസ്ഥക്കാലത്ത്‌ കനക സിംഹാസനത്തില്‍ കയറി ഇരിക്കുന്നവന്‍ ശുനകനോ ശുംഭനോ എന്ന ഗാനം ആലപിച്ച കോഴിക്കോട്‌ എന്‍ജിനീയറിംഗ്‌ കോളെജ്‌ വിദ്യാര്‍ത്ഥി രാജന്‌ സംഭവിച്ചത്‌ എന്ത്‌ എന്ന സത്യം മുപ്പതു വര്‍ഷത്തിനിപ്പുറവും വെളിപ്പെടുത്താത്ത ഭരണകൂടമാണ്‌ നമ്മുടേത്‌. ഭരണകൂടത്തിന്റെയും പോലീസിന്റെയും മനസ്ഥിതി അതില്‍ നിന്ന്‌ ഏറെയൊന്നും വ്യത്യാസപ്പെട്ടിട്ടുമില്ല. പോലീസ്‌ സ്റ്റേഷനുകളില്‍ ഉരുട്ടിക്കൊല തുടരുന്നത്‌ അതുകൊണ്ടാണ്‌. കാശ്‌മീര്‍, ഗുജറാത്ത്‌, മണിപ്പൂര്‍, ദില്ലി എന്നിവിടങ്ങളില്‍ നിന്നെല്ലാം വ്യാജ ഏറ്റുമുട്ടലുകളുടെ കഥ പുറത്തുവന്നിട്ടുണ്ട്‌. ക്രൂരമായ കൊലപാതകങ്ങളുടെയും ബലാത്സംഗങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്‌. അത്തരം സംഭവങ്ങളില്‍ നീതി നടപ്പാവുകയോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്‌ത സംഭവങ്ങള്‍ കുറവ്‌. ഇതൊന്നും ഓര്‍മയിലില്ലാത്തവരുടെ കൂട്ടങ്ങള്‍ക്ക്‌ സമചിത്തതയുണ്ടാവില്ല. അവര്‍ക്ക്‌ ഉപരിപ്ലവമായ രാജ്യസ്‌നേഹവും വ്യാജ ദേശീയതയും പ്രധാനമാവുകയുംചെയ്യും.


വസ്‌തുതകള്‍ വെളിപ്പെടുത്താന്‍ ഭരണകൂടം തയ്യാറാവാതിരിക്കുകയും അവാസ്‌തവങ്ങളും അര്‍ദ്ധ വാസ്‌തവങ്ങളും നല്‌കാന്‍ ഇന്റലിജന്‍സ്‌, ഉന്നത ഉദ്യോഗസ്ഥ വൃത്തങ്ങള്‍ തയ്യാറാവുകയും ചെയ്യുമ്പോള്‍ അന്തരീക്ഷം കൂടുതല്‍ കലുഷിതമാവും. അത്തരം സാഹചര്യത്തില്‍ കണ്ണൂരെ വീട്ടമ്മയായ ഉമ്മയ്‌ക്ക്‌ സ്വന്തം മകന്റെ താടിരോമങ്ങളെക്കുറിച്ച്‌ വേവലാതിപ്പെടേണ്ടിവരും. കശ്‌മീരില്‍ കൊല്ലപ്പെട്ട മക്കളുടെ ശരീരം വേണ്ടെന്ന്‌ പറഞ്ഞ്‌ മാതാപിതാക്കള്‍ക്ക്‌ രാജ്യസ്‌നേഹം തെളിയിക്കേണ്ടിയും വരും.


മനസ്സുകള്‍ വിഭജിക്കപ്പെടുന്നുവെന്നത്‌ വസ്‌തുതയാണ്‌. അത്‌ അധികാരത്തിലേക്കുള്ള വഴിയാവുമെന്ന്‌ കരുതുന്നവര്‍ ചുറ്റുമുണ്ടെന്നതും. അതിന്‌ ഭരണ സംവിധാനത്തിലും മാധ്യമങ്ങളിലും ഉള്ളവര്‍ അറിഞ്ഞോ അറിയാതെയോ വഴിയൊരുക്കുന്നുണ്ടോ എന്ന ആകുലത പങ്കുവെച്ചുവെന്ന്‌ മാത്രം.

2009-10-07

കോടതിയുടെ `ലൗ ജിഹാദ്‌', വാരികയുടേതും


1. മംഗലാപുരത്ത്‌ നഴ്‌സറി സ്‌കൂളില്‍ ജോലി ചെയ്‌തിരുന്ന ടീച്ചറെ പ്രണയിക്കാന്‍, ജിഹാദിനായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ രംഗത്തുവന്നു. ഇസ്‌ലാം സ്വീകരിച്ചാല്‍ ശമ്പളം കൂട്ടിത്തരാമെന്ന്‌ വാഗ്‌ദാനമുണ്ടായിരുന്നു. മംഗലാപുരത്തെ പ്രാദേശിക കേബിള്‍ ടി വി ഇക്കാര്യം പുറത്തുകൊണ്ടുവന്നു.


2. മെച്ചപ്പെട്ട ജോലി വാഗ്‌ദാനം ചെയ്‌ത്‌ മൂന്ന്‌ കുട്ടികളുടെ അമ്മയായ സ്‌ത്രീയെ ജിഹാദ്‌ പ്രവര്‍ത്തകര്‍ കൂട്ടിക്കൊണ്ടുപോയി. പൊന്നാനിയിലെ മതപരിവര്‍ത്തന കേന്ദ്രത്തില്‍ നിന്ന്‌ ഈ സ്‌ത്രീയെയും കുട്ടികളെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കളമശ്ശേരി സ്വദേശിയായ ജോയ്‌ പരാതി നല്‍കിയിട്ടുണ്ട്‌.


3. റീജ്യണല്‍ എന്‍ജിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥിനി ജിഹാദ്‌ പ്രവര്‍ത്തകനായ മലപ്പുറത്തെ ജലാലുദ്ദീന്റെ കെണിയില്‍ വീണു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ പ്രൊഫഷണല്‍ കോളജിലെ വിദ്യാര്‍ഥികളെ കെണിയിലാക്കുന്നതില്‍ വൈദഗ്‌ധ്യം നേടിയ ആളാണ്‌ ജലാലുദ്ദീന്‍. ആര്‍ ഇ സി വിദ്യാര്‍ഥിനി മസനഗുഡിയിലെ ഒരു റിസോര്‍ട്ടിലാണ്‌ എത്തിപ്പെട്ടത്‌. അവിടെവെച്ച്‌ ജലാലുദ്ദീനും കൂട്ടുകാരും വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തു.


4. ഉപ്പള സ്വദേശിയായ ജിഹാദ്‌ പ്രവര്‍ത്തകന്‍ സ്വാദിഖ്‌ കാസര്‍കോട്‌ മുദ്രപുത്തൂരിലെ കംപ്യൂട്ടര്‍ സെന്ററില്‍ നിന്ന്‌ ഒരു പെണ്‍കുട്ടിയെ വലയിലാക്കി. വിവാഹ വാഗ്‌ദാനം ചെയ്‌ത്‌ മതം മാറ്റാനായി പൊന്നാനിയില്‍ കൊണ്ടുപോയി. പക്ഷേ, മതംമാറിയ ശേഷം യത്തീംഖാനയിലാണ്‌ എത്തിപ്പെട്ടത്‌. പിന്നീട്‌ അവിടെ നിന്ന്‌പെണ്‍കുട്ടി രക്ഷപ്പെട്ടു. സ്വാദിഖും യത്തീംഖാനയിലെ മൗലവിയും സുഹൃത്തുക്കളും ലൈംഗികമായി പീഡിപ്പിച്ചുവെന്ന്‌ പെണ്‍കുട്ടി പറയുന്നു.


5. മുക്കത്തിനടുത്ത്‌ കൂമ്പാറയിലെ കൃസ്‌ത്യന്‍ പെണ്‍കുട്ടിയെ ജിഹാദ്‌ പ്രവര്‍ത്തകന്‍ പ്രണയം ഭാവിച്ച്‌ പ്രലോഭിപ്പിച്ചു. പിന്നീട്‌ മതം മാറ്റുന്നതിനായി മംഗലാപുരത്തേക്ക്‌ കൊണ്ടുപോയി. ഈ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും പ്രലോഭിപ്പിച്ചിരുന്നു.


ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ നടത്തുന്ന ഹൈന്ദവ കേരളം എന്ന വെബ്‌സൈറ്റില്‍ 2009 സെപ്‌തംബര്‍ 18ന്‌ പ്രസിദ്ധീകരിക്കുകയും ഹിന്ദു ജനജാഗ്രുതി സമിതി എന്ന വെബ്‌സൈറ്റ്‌ 2009 സെപ്‌തംബര്‍ 19ന്‌ പകര്‍ത്തി നല്‍കുകയും ചെയ്‌ത കാര്യങ്ങളാണ്‌ ഇവ. ഇക്കാര്യങ്ങള്‍ക്ക്‌ തങ്ങളുടെ വിവര സ്രോതസ്സ്‌ `ഹൈന്ദവ കേരളം' ആണെന്ന്‌ ജാഗ്രുതി സമിതി രേഖപ്പെടുത്തിയിട്ടുണ്ട്‌.


`ലൗ ജിഹാദ്‌' പ്രയോഗത്തിന്റെ വ്യാപ്‌തി കണ്ടെത്താന്‍ ഇന്റര്‍നെറ്റില്‍ ഒരൊറ്റ പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയതാണിത്‌. ഹിന്ദു, ക്രിസ്‌ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വലയില്‍ വീഴ്‌ത്തി പീഡനത്തിന്‌ വിധേയരാക്കുകയോ സ്വസമുദായ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ യത്‌നിക്കുകയോ ചെയ്യുന്നവരാണ്‌ `ലൗ ജിഹാദി'കള്‍?എന്നാണ്‌ പ്രചരിപ്പിക്കപ്പെടുന്നത്‌. പത്തനംതിട്ടയില്‍ പ്രൊഫഷണല്‍ കോളജില്‍ പഠിച്ചിരുന്ന മുസ്‌ലിം ചെറുപ്പക്കാരന്‍ എം ബി എക്ക്‌ പഠിച്ചിരുന്ന രണ്ട്‌ പെണ്‍കുട്ടികളെ പ്രണയിച്ച്‌ വലയില്‍ കുടുക്കിയെന്നും മതംമാറ്റിയെന്നും ഒരു പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക്‌ വിവാഹം കഴിച്ചുകൊടുത്തുവെന്നുമുള്ള വാര്‍ത്തകളാണ്‌ `ലൗ ജിഹാദി'നെ വാര്‍ത്തകളില്‍ നിറച്ചത്‌. പ്രകൃതിവിരുദ്ധ ലൈംഗിക വൃത്തിക്ക്‌ പ്രേരിപ്പിച്ചുവെന്നും പറയുന്നു. എല്ലാറ്റിനും കേസുകളുണ്ട്‌.


കലാകൗമുദി വാരിക ഈ കേസുകളുടെ പശ്ചാത്തലത്തില്‍ വിശദമായ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഹൈന്ദവ കേരളം, ഹിന്ദു ജനജാഗ്രുതി സമിതി സൈറ്റുകളില്‍ നിന്ന്‌ തുടക്കത്തില്‍ എടുത്തു ചേര്‍ത്ത ഒന്നു മുതല്‍ അഞ്ചു വരെ കാര്യങ്ങള്‍ സംസ്ഥാന പോലീസിലെ ഇന്റലിജന്‍സ്‌വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ടെന്ന്‌ വാരിക പറയുന്നു. അങ്ങനെയെങ്കില്‍ മൂന്നു സാധ്യതകള്‍ നിലനില്‍ക്കുന്നു.


1. സംസ്ഥാന പോലീസിലെ ഇന്റലിജന്‍സ്‌ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ കലാകൗമുദിക്ക്‌ ലഭിക്കും മുമ്പ്‌ ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ക്ക്‌ ലഭിച്ചു. അതുകൊണ്ടാണല്ലോ സെപ്‌തംബര്‍ 18ന്‌ ഇത്‌ പ്രസിദ്ധീകരിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞത്‌. 2. ആര്‍ എസ്‌ എസുകാര്‍ നടത്തുന്ന സൈറ്റില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ്‌ വിഭാഗം റിപ്പോര്‍ട്ട്‌ തയ്യാറാക്കി. 3. ഹൈന്ദവ കേരളം സൈറ്റില്‍ നിന്ന്‌ ലഭിച്ച വിവരങ്ങള്‍ ഇന്റലിജന്‍സിന്റെതായി കലാകൗമുദി പ്രസിദ്ധീകരിച്ചു.


മൂന്നായാലും അപകടങ്ങളുണ്ട്‌. ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ആര്‍ എസ്‌ എസുകാര്‍ക്ക്‌ ആദ്യം ലഭിക്കണമെങ്കില്‍ സംഘടനക്ക്‌ ഇന്റലിജന്‍സ്‌ വിഭാഗത്തില്‍ വലിയ സ്വാധീനം വേണം. ഹൈന്ദവ കേരളം സൈറ്റിലെ റിപ്പോര്‍ട്ട്‌ ഇന്റലിജന്‍സ്‌ സ്വീകരിക്കുന്നുവെങ്കില്‍ ഇന്റലിജന്‍സ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥരില്‍ ചിലരെങ്കിലും വര്‍ഗീയവാദികളാണെന്ന്‌ കരുതേണ്ടിവരും. ഹൈന്ദവകേരളം സൈറ്റിലെ വിവരങ്ങള്‍ ഇന്റലിജന്‍സിന്റെതായി കലാകൗമുദി അവതരിപ്പിച്ചതാണെങ്കില്‍ വര്‍ഗീയ വിഷം വ്യാപിപ്പിക്കാനുള്ള ജോലി മാധ്യമപ്രവര്‍ത്തകരോ മാധ്യമങ്ങളോ ഏറ്റെടുത്തിട്ടുണ്ട്‌ എന്ന്‌ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാകും.


എട്ടു മാസം മുമ്പ്‌ ഈ ലേഖകന്‍ ഇന്ത്യാവിഷനില്‍ ജോലി ചെയ്‌തിരുന്ന കാലത്ത്‌ സഹപ്രവര്‍ത്തകന്റെ മൊബൈലിലേക്ക്‌ ഒരു സന്ദേശം വന്നു. ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വലയില്‍ വീഴ്‌ത്തി ലൈംഗികമായി ഉപയോഗിച്ച്‌ കളങ്കപ്പെടുത്താന്‍ സംഘടിത ശ്രമം നടക്കുന്നെന്നും ഹിന്ദുക്കളായ രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു സന്ദേശം. എ ബി വി പി നേതാവാണ്‌ എസ്‌ എം എസ്‌ അയച്ചത്‌. നേതാവിനെ വിളിച്ച്‌ ഈ സന്ദേശം എവിടെ നിന്നാണ്‌ എന്ന്‌ അന്വേഷിച്ചു. മറ്റൊരു നേതാവ്‌ അയച്ചു തന്നതാണ്‌ എന്നായിരുന്നു മറുപടി. ഇക്കാര്യം അന്നുതന്നെ സഹപ്രവര്‍ത്തകന്‍ വാര്‍ത്തയാക്കുകയും ചെയ്‌തു. `ലൗ ജിഹാദ്‌'ആരോപണം ദീര്‍ഘകാലമായി അന്തരീക്ഷത്തിലുണ്ട്‌ എന്നര്‍ഥം. ഈ എസ്‌ എം എസിന്‌ പിന്നില്‍ ഇസ്‌ലാമിക തീവ്രവാദ സംഘടനയാണെന്ന്‌ പോലീസ്‌ അന്വേഷണത്തില്‍ വ്യക്തമായതായി കലാകൗമുദി പറയുന്നുണ്ട്‌. അത്തരത്തില്‍ വിവരം ലഭിച്ചെങ്കില്‍ അക്കാര്യം പൊതുസമൂഹത്തെ അറിയിക്കാന്‍ സംസ്ഥാന പോലീസിന്‌ ബാധ്യതയുണ്ടായിരുന്നു. അത്‌ ചെയ്യാതിരുന്നുവെങ്കില്‍ സംഗതി ഊര്‍ജിതമായി നടക്കട്ടെ എന്ന്‌ പോലീസ്‌ തീരുമാനിച്ചുവെന്ന്‌ കരുതേണ്ടിവരും.


പത്തനംതിട്ട കേസില്‍ മതം മാറ്റത്തിന്‌ വിധേയരായി എന്നു പറയുന്ന പെണ്‍കുട്ടികള്‍ എം ബി എക്ക്‌ പഠിക്കുന്നവരാണ്‌. ഇവര്‍ക്ക്‌ ഇസ്‌ലാമിനെക്കുറിച്ചുള്ള പുസ്‌തകങ്ങള്‍ നല്‍കിയെന്നും വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്ന്‌ ആവശ്യപ്പെട്ടുവെന്നുമാണ്‌ ആരോപണം. മതകാര്യങ്ങള്‍ പരാമര്‍ശിക്കുന്ന പുസ്‌തകങ്ങള്‍ കൈമാറുന്നത്‌ തെറ്റാണെന്ന്‌ പറയാനാകുമോ? കൈമാറിക്കിട്ടിയ പുസ്‌തകം വായിക്കണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കുന്നത്‌ കിട്ടിയ വ്യക്തിയാണ്‌. വായിച്ചാല്‍ തന്നെ നന്മതിന്മകള്‍ വ്യവച്ഛേദിക്കുന്നതും അവരാണ്‌. എം ബി എക്ക്‌ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക്‌ ഇത്രപോലും തിരിച്ചറിവില്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം. വിവാഹത്തിനായി മതം മാറുന്നത്‌ കേരളത്തില്‍ അപൂര്‍വമായ കാര്യമല്ല. ഇത്‌ നടക്കുന്നത്‌ ഒരു മതത്തിലേക്ക്‌ മാത്രവുമല്ല. ഇത്തരത്തിലുള്ള മാറ്റം കൊണ്ട്‌ ഏതെങ്കിലും മതം കുറ്റിയറ്റുപോകുമെന്ന്‌ ആരെങ്കിലും (`ലൗ ജിഹാദു'കാരുള്‍പ്പെടെ) കരുതുന്നുണ്ടെങ്കില്‍ അതിനെ വിശേഷിപ്പിക്കാന്‍ വിഡ്‌ഢിത്തം എന്ന പദം പോരാതെ വരും.


തോമാശ്ലീഹാ കേരളത്തില്‍ വരികയും കുറച്ചു പേരെയെങ്കിലും ക്രിസ്‌തുമതത്തില്‍ ചേര്‍ക്കുകയും ചെയ്‌തിട്ട്‌ നൂറ്റാണ്ടുകളായി. അന്നു മുതല്‍ ഇന്നോളം സഭയും നേതാക്കളും ഇവിടെ മതം പ്രചരിപ്പിക്കുന്നുണ്ട്‌. സഭ ആരംഭിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയെല്ലാം പിറകില്‍ `മതം പ്രചരിപ്പിക്കുക' ലക്ഷ്യമുണ്ടായിരുന്നു. ഇതിലൂടെ ക്രിസ്‌തുമതത്തിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടവരുടെ എണ്ണവും കുറവല്ല. വടക്കേ ഇന്ത്യയിലും മറ്റും ആദിവാസികളടക്കം പിന്നാക്കം നില്‍ക്കുന്നവരുടെ ഇടയില്‍ മിഷനറിമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ അവര്‍ ചെയ്യുന്ന സേവനങ്ങളും സാമ്പത്തിക സഹായവും നിരവധി പേരെ മതം മാറാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്‌. ദീര്‍ഘകാലമായി നടക്കുന്ന ഈ പ്രവര്‍ത്തനങ്ങളൊന്നും ക്രിസ്‌ത്യന്‍ സംഖ്യ ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമായിട്ടില്ല. ജനിച്ചു വളര്‍ന്ന സാമൂഹിക, മത പരിസരങ്ങളില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരാണ്‌ ബഹു ഭൂരിഭാഗവും എന്നതിന്‌ തെളിവാണിത്‌. മറിച്ചു ചിന്തിക്കുന്നവര്‍ക്ക്‌ അതിന്റെതായ സാമൂഹിക, കുടുംബപരമായ കാരണങ്ങള്‍ കൂടി ഉണ്ടാകുമെന്നുറപ്പ്‌.


വിവാദകേസില്‍ പെണ്‍കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ വാര്‍ത്തകള്‍ വരുന്നത്‌. ഇരകള്‍ എന്ന നിലക്ക്‌ അവരുടെ മൊഴിക്ക്‌ വിശ്വാസ്യത ഏറുകയും ചെയ്യും. സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാന്‍ ഏതൊരാളും ചിലതൊക്കെ മറച്ചുവെക്കുന്നുണ്ടാകുമെന്നതു കൂടി മനസ്സില്‍ വെച്ച്‌ ഈ കേസിനെ സമീപിച്ചാല്‍ കുറേക്കൂടി സമതുലിതമായി കാര്യങ്ങളെ കാണാന്‍ കഴിഞ്ഞേക്കും. `ലൗ ജിഹാദ്‌' കെണി സംസ്ഥാനത്ത്‌ പലേടത്തും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ്‌ കേസ്‌ പരിഗണിച്ച ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ ഉത്തരവിട്ടത്‌. മൂന്‍ ചൊന്ന സൈറ്റുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണോ കോടതി ഉത്തരമൊരു ഉത്തരവിട്ടത്‌ എന്ന്‌ സംശയിക്കേണ്ടിവരും.


സെപ്‌തംബര്‍ 18നും 19നുമാണ്‌ സൈറ്റുകള്‍ ഇത്‌ പ്രസിദ്ധീകരിച്ചത്‌. ഉത്തരവിടുന്നത്‌ ഒക്‌ടോബര്‍ ഒന്നിനുമാണ്‌. സൈറ്റിലുള്ള വിവരങ്ങള്‍ ആധികാരികമെന്ന വ്യാജേന ആരെങ്കിലും കോടതിയുടെ മുന്നിലെത്തിച്ചതാണോ എന്നതും അന്വേഷിക്കേണ്ടതാണ്‌. താടി വളര്‍ത്തിയതിന്‌ കോളജില്‍ നിന്ന്‌ പുറത്താക്കിയത്‌ ചോദ്യംചെയ്‌ത്‌ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ `താലിബാനൈസേഷന്‍' അനുവദിക്കാനാവില്ലെന്ന്‌ പരാമര്‍ശം നടത്തിയ പാരമ്പര്യം നമ്മുടെ കോടതിക്കുണ്ട്‌. ചെറിയ സംഭവങ്ങളില്‍ നിന്ന്‌ വളരെപ്പെട്ടെന്ന്‌ പൊതു നിഗമനങ്ങളിലേക്ക്‌ എത്തുക എന്ന രീതി കോടതികള്‍ സ്വീകരിക്കുന്നതിന്‌ തെളിവുകള്‍ ധാരാളമുണ്ട്‌. ഒരിടത്തെ അക്രമത്തെ മുന്‍നിര്‍ത്തി `സംസ്ഥാനത്തെമ്പാടും ക്രമസമാധാനം തകര്‍ന്നു' എന്ന അഭിപ്രായം പ്രകടിപ്പിച്ചത്‌ ഉദാഹരണമാണ്‌.


അതുപോലുള്ള കേസല്ല ഇത്‌ എന്ന്‌ മനസ്സിലാക്കേണ്ട ബാധ്യത ന്യായാധിപന്‍മാര്‍ക്കുണ്ട്‌. `ലൗ ജിഹാദി'ന്‌ പിന്നില്‍ ദേശീയ, അന്തര്‍ദേശീയ ഗൂഢാലോചനയുണ്ടോ എന്ന്‌ പരിശോധിക്കണമെന്നൊക്കെ ഉത്തരവിടുമ്പോള്‍ അത്തരം മനസ്സിലാക്കലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന്‌ സംശയം തോന്നും. സമാനമായ ആരോപണങ്ങള്‍ രണ്ട്‌ മാസം മുമ്പ്‌ മഹാരാഷ്‌ട്ര നിയമസഭയില്‍ ബി ജെ പി, ശിവസേനാ അംഗങ്ങള്‍ ഉന്നയിച്ചിരുന്നു. കാര്യം മനസ്സിലാക്കും മുമ്പു ആഭ്യന്തര മന്ത്രി ക്രൈം ബ്രാഞ്ച്‌ അന്വേഷണം പ്രഖ്യാപിച്ചു. വീണ്ടുവിചാരമുണ്ടായപ്പോള്‍ അന്വേഷണത്തില്‍ നിന്നും പിന്നാക്കം പോവുകയും ചെയ്‌തു. ഇത്തരം അപക്വമായ നിലപാടുകള്‍ കോടതികളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടോ എന്നും സംശയിക്കേണ്ടി വരുന്നു.


ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. തീവ്രനിലപാടുകള്‍ സ്വീകരിക്കുന്ന ചില സംഘടനകള്‍ അതില്‍ ഉള്‍പ്പെട്ടിട്ടുമുണ്ടാവാം. അതേക്കുറിച്ച്‌ അന്വേഷണം നടത്തി, കുറ്റക്കാരുണ്ടെങ്കില്‍ ശിക്ഷിക്കുകയും വേണം. പക്ഷേ, `ലൗ ജിഹാദ്‌' വ്യാപകമാണെന്ന വിധത്തില്‍ പ്രസ്‌താവനകളുണ്ടാവുമ്പോള്‍ അറിഞ്ഞോ അറിയാതെയോ മറ്റൊരു കൂട്ടരുടെ അജന്‍ഡ നടപ്പാക്കപ്പെടുന്നുണ്ട്‌. ജനങ്ങളില്‍ അവിശ്വാസം വളര്‍ത്തി വര്‍ഗീയമായി വിഭജിച്ച്‌ ഭാവിയിലെങ്കിലും രാഷ്‌ട്രീയ നേട്ടമുണ്ടാക്കാന്‍ യത്‌നിക്കുന്നവരുടെ അജന്‍ഡ. സ്വന്തം പെണ്‍കുട്ടികളെ വലയിലാക്കാന്‍ നടക്കുന്നവര്‍ എന്ന്‌ മറ്റൊരു മത വിഭാഗത്തെക്കുറിച്ച്‌ ഒരു വിഭാഗത്തിലെ രക്ഷിതാക്കള്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍... സുഹൃത്തുക്കളായി കണ്ടിരുന്നവരെ അവിശ്വാസത്തോടെ കാണാന്‍ പ്രേരിപ്പിക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. അതിന്‌ വളമിടരുതെന്ന ചിന്ത ഇന്റലിജന്‍സിനായാലും വാരികക്കായായും കോടതിക്കായാലും ഉണ്ടാകേണ്ടതുണ്ട്‌.

2009-10-03

വികസിതക്കൂട്ടായ്‌മയുടെ സ്വപ്‌നങ്ങള്‍


ഗൂപ്പ്‌ എട്ട്‌ - അമേരിക്കയുടെ നേതൃത്വത്തില്‍ രൂപവത്‌കരിച്ച വികസിത രാജ്യങ്ങളുടെ കൂട്ടായ്‌മയാണിത്‌. ഈ കൂട്ടായ്‌മ അവസാനിക്കുകയാണെന്നും അത്‌ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുള്‍ക്കൊള്ളുന്ന ജി-20ല്‍ ലയിക്കുകയാണെന്നുമുള്ള പ്രഖ്യാപനം അടുത്തിടെ പിറ്റ്‌സ്‌ബര്‍ഗില്‍ അവസാനിച്ച ഉച്ചകോടിയിലുണ്ടായി. ആഗോള സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജി-20 ആയിരിക്കും ഇനി കൈക്കൊള്ളുകയെന്നും പ്രഖ്യാപനമുണ്ടായി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ വികസിത രാജ്യകൂട്ടായ്‌മ തീരുമാനിച്ചതിനെ ആവേശത്തോടെയാണ്‌ ഡോ. മന്‍മോഹന്‍ സിംഗ്‌ കാണുന്നത്‌. സാമ്പത്തിക നയപരിപാടികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ അഭിപ്രായം കണക്കിലെടുക്കുമെന്ന പ്രഖ്യാപനവും അദ്ദേഹത്തെ ആവേശഭരിതനാക്കുന്നു. ഇന്ത്യയുടെ വാക്കുകള്‍ക്ക്‌ ഉച്ചകോടിയില്‍ വലിയ പ്രാധാന്യം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.


എല്ലാറ്റിലും തങ്ങള്‍ ഒരു പടി മുന്നിലാണെന്ന വികസിത രാജ്യങ്ങളുടെ ചിന്തക്ക്‌ തിരിച്ചടിയേല്‍ക്കുന്നതും ചെറിയവന്‍ പറയുന്നതു കേള്‍ക്കാന്‍ തയ്യാറാവുന്നതും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്‌. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം വികസിത രാജ്യങ്ങളെ കൂടുതലായി ബാധിക്കുകയും അത്‌ തരണം ചെയ്യാനുള്ള ശ്രമങ്ങള്‍ ഫലം കാണാതിരിക്കുകയും ചെയ്യുമ്പോഴാണ്‌ കൂട്ടായ്‌മ വിപുലീകരിക്കാന്‍ മുന്‍കൈ എടുത്തിരിക്കുന്നത്‌ എന്നത്‌ മറന്നുകൂടാ. `ചേരിചേരാ' പോലെയുള്ള കൂട്ടായ്‌മകളുടെ പ്രസക്തി നഷ്‌ടപ്പെട്ടുവെന്ന്‌ യു എസ്‌ വിദേശകാര്യ ഉപദേഷ്‌ടാവ്‌ സൂസന്‍ എലിസബത്ത്‌ റൈസ്‌ പ്രഖ്യാപിച്ച്‌ ഒരാഴ്‌ച പിന്നിടും മുമ്പാണ്‌ ജി-എട്ടിനെ ജി-20 ആക്കി വിപുലപ്പെടുത്തുന്നതും. സൂസന്‍റൈസിന്റെ പ്രസ്‌താവനയും പിറ്റ്‌സ്‌ബര്‍ഗിലെ പ്രഖ്യാപനവും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമില്ല. പക്ഷേ, ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച്‌ നിലനില്‍ക്കുന്ന കൂട്ടായ്‌മകള്‍ ഒഴിവാക്കാനും അത്തരം ഗ്രൂപ്പുകളിലെ പ്രമുഖരായ പങ്കാളികളെ തങ്ങളുടെ കീഴില്‍
കൊണ്ടുവരാനും വികസിത (പ്രതിസന്ധിബാധിത) രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്‌. അതിന്റെ ഉദാഹരണങ്ങളിലൊന്നാണ്‌ ജി-എട്ട്‌, ജി-20 ആയി വികസിച്ചത്‌.


അമേരിക്കയിലെ ലീമാന്‍ ബ്രദേഴ്‌സ്‌ ബേങ്ക്‌ തകര്‍ന്നതിന്റെ ആദ്യ വാര്‍ഷികം കഴിഞ്ഞ പതിനഞ്ചിന്‌ ആചരിക്കുകയുണ്ടായി. അമേരിക്കന്‍ ധനവിപണിയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നാണ്‌ ഒബാമ അന്ന്‌ പ്രഖ്യാപിച്ചത്‌. ചില ധനകാര്യ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന വഴിവിട്ട നടപടികള്‍ മൂലം ലോക സാമ്പത്തിക മേഖലയൊന്നാകെ പ്രതിസന്ധിയിലാകുന്ന സ്ഥിതി അനുവദിക്കില്ലെന്നും ഒബാമ പറഞ്ഞു. ഏറെക്കുറെ സമാനമായ നിലപാടാണ്‌ ജി -20 ഉച്ചകോടിയും സ്വീകരിച്ചത്‌. പണത്തിന്റെ നിയമവിരുദ്ധമായ ഒഴുക്ക്‌ തടയുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചിട്ടുണ്ട്‌. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി യു എസ്‌ അടക്കമുള്ള വികസിത രാജ്യങ്ങള്‍ ആഭ്യന്തര വിപണി സംരക്ഷിക്കാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ക്കെതിരെ ഉച്ചകോടിയില്‍ വിമര്‍ശമുയരുമെന്നാണ്‌ പ്രതീക്ഷിച്ചത്‌. സംരക്ഷണ നടപടികള്‍ക്കെതിരെ ശക്തമായ സന്ദേശം ഉച്ചകോടിയിലുണ്ടാകുമെന്ന്‌ ഡോ. മന്‍മോഹന്‍ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.


ഇക്കാര്യത്തില്‍ ഇന്ത്യപോലും പ്രതിഷേധം ഉയര്‍ത്തിയില്ല. മറ്റു രാജ്യങ്ങളുടെ കമ്പോളങ്ങള്‍ തുറന്നുകിട്ടണമെന്ന്‌ നിര്‍ബന്ധിക്കുകയും സ്വന്തം കമ്പോളം സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്യുന്ന അമേരിക്കയെപ്പോലുള്ളവയുടെ നടപടിയെ പേരിനെങ്കിലും വിമര്‍ശിക്കാതെ ഇന്ത്യയിലെത്തിയ പ്രധാനമന്ത്രിയാണ്‌ നമ്മുടെ ശബ്‌ദം ജി-20 ശ്രദ്ധിച്ചുവെന്ന്‌ അവകാശപ്പെട്ടത്‌. ആഭ്യന്തര കമ്പോളത്തെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ ധനവിപണിയിലേക്കുകൂടി വ്യാപിപ്പിക്കുകയാണ്‌ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക നിയന്ത്രണ പരിപാടിയിലൂടെ അമേരിക്കയും മറ്റും. അതിരുകളില്ലാത്ത ധനവിപണിയെ പ്രോത്സാഹിപ്പിച്ചവര്‍ കള്ളപ്പണത്തെക്കുറിച്ചും നിയമവിരുദ്ധ പണത്തിന്റെ ഒഴുക്കിനെക്കുറിച്ചും സംസാരിക്കുന്നു. ആഭ്യന്തര ധനവിപണി സംരക്ഷിച്ചു നിര്‍ത്താനുള്ള കൂടുതല്‍ ശക്തമായ നടപടികളുണ്ടാകുമെന്നുകൂടിയാണ്‌ ഇതിന്റെ അര്‍ഥം. പ്രത്യക്ഷവും പരോക്ഷവുമായ വിദേശ നിക്ഷേപത്തിലൂടെ അസംതുലിതമായി വളരുകയും സാമ്പത്തിക വളര്‍ച്ച അവകാശപ്പെടുകയും ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക്‌ ഈ നിയന്ത്രണം കൂടുതല്‍ ദുരിതമാവും സമ്മാനിക്കുക.


വിദേശനയത്തിന്റെ ഭാഗമായി ജവഹര്‍ലാല്‍ നെഹ്‌റു മുന്നോട്ടുവെച്ച പഞ്ചശീല തത്വങ്ങളില്‍ നിന്നാണ്‌ ചേരിചേരാ പ്രസ്ഥാനത്തിന്റെ തുടക്കം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കയും സോവിയറ്റ്‌ യൂനിയനും ചേരികള്‍ക്ക്‌ നേതൃത്വം നല്‍കി ശീതയുദ്ധത്തിലേര്‍പ്പെട്ടിരുന്ന കാലം. ഒരു ചേരിയിലുമല്ലാതെ സ്വതന്ത്രമായി നിലകൊള്ളാന്‍ ഒരു രാജ്യവും മിനക്കെടുമായിരുന്നില്ല. ഇതിനിടയിലാണ്‌ സ്വതന്ത്രമായി നിന്ന്‌ ശക്തി തെളിയിക്കുക എന്ന സിദ്ധാന്തം നെഹ്‌റു മുന്നോട്ടുവെക്കുന്നത്‌. ഇതിനോട്‌ വിവിധ രാജ്യങ്ങള്‍ യോജിച്ചു. 1961 ല്‍ ചേരിചേരാ പ്രസ്ഥാനം നിലവില്‍വരുമ്പോള്‍ 25 രാഷ്‌ട്രങ്ങളാണ്‌ അംഗങ്ങളായുണ്ടായിരുന്നത്‌. അമേരിക്ക - സോവിയറ്റ്‌ ചര്‍ച്ചകള്‍ ആരംഭിക്കുകയും 1991 ല്‍ സോവിയറ്റ്‌ യൂണിയന്‍ തകരുകയും ചെയ്‌തതോടെ ചേരികള്‍ അപ്രത്യക്ഷമായി. പക്ഷേ, ചേരിചേരാ പ്രസ്ഥാനം വ്യക്തിത്വം നിലനിര്‍ത്തി മുന്നോട്ടുപോയി. സോവിയറ്റ്‌ യൂനിയന്‍ ഇല്ലാതായതോടെ ഏകധ്രുവമായി നീങ്ങിയ ലോകത്തിന്‌ ചില ബദലുകളെങ്കിലും സമ്മാനിച്ചത്‌ ഈ പ്രസ്ഥാനമായിരുന്നു. യു എന്‍ രക്ഷാസമിതിയില്‍ റഷ്യയും ചൈനയും ചിലപ്പോഴെങ്കിലും അമേരിക്കക്ക്‌ എതിരായ നിലപാടുകള്‍ സ്വീകരിച്ചതിന്‌ പിന്നില്‍ ഈ പ്രസ്ഥാനത്തിന്റെ സ്വാധീനമുണ്ടായിരുന്നു - പ്രത്യേകിച്ച്‌ ഇറാന്‍, ഉത്തര കൊറിയ, ക്യൂബ രാജ്യങ്ങളുടെ കാര്യത്തില്‍.


ഈ പ്രസ്ഥാനമാണ്‌ അപ്രസക്തമായെന്ന്‌ അമേരിക്ക പറയുന്നത്‌. ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം പല കാര്യങ്ങളിലും ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിന്‌ തടസ്സമാകുന്നുണ്ടെന്നും അമേരിക്ക വ്യക്തമാക്കുന്നു. ലോക വ്യാപാര സംഘടനയുടെ ദോഹവട്ട തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലുണ്ടായ തടസ്സം തന്നെ പരിഗണിക്കുക. കാര്‍ഷിക മേഖലക്കുള്ള സബ്‌സിഡി വികസ്വര, അവികസിത രാജ്യങ്ങള്‍ വെട്ടിക്കുറക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളും അപ്രകാരം ചെയ്യണമെന്ന്‌ വാദിച്ചവരുടെ മുന്‍പന്തിയില്‍ ഇന്ത്യയും ബ്രസീലുമായിരുന്നു. ഇപ്പോള്‍ ഇന്ത്യയെ അനുനയിപ്പിച്ച്‌ ഡബ്ല്യൂ ടി ഒ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചിട്ടുണ്ട്‌. പക്ഷേ, ചേരിചേരാ പോലുള്ള കൂട്ടായ്‌മകള്‍ നിലവിലുള്ള കാലത്തോളം ഇന്ത്യക്കു മേല്‍ പുതിയ സമ്മര്‍ദം ഉണ്ടാകാനും അമേരിക്കന്‍ അനുകൂല നിലപാടില്‍ അവര്‍ മാറ്റം വരുത്താനുമുള്ള സാധ്യത ശക്തമാണ്‌.


ഈ സാധ്യത ഇല്ലാതാക്കണമെങ്കില്‍ ഇത്തരം ഗ്രൂപ്പുകള്‍ ഇല്ലാതാവണം. അത്‌ സാധ്യമാവണമെങ്കില്‍ ഇന്ത്യയെപ്പോലെ കൂട്ടായ്‌മക്ക്‌ നേതൃത്വം നല്‍കുന്ന രാജ്യങ്ങളെ ഒപ്പം നിര്‍ത്തണം. ജി എട്ട്‌ വിപുലീകരിച്ച്‌ ജി-20 ആക്കി, സാമ്പത്തിക നയങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള അധികാരം പുതിയ അംഗങ്ങള്‍ക്ക്‌ കൂടി നല്‍കുമ്പോള്‍ ഒരു എട്ടുകാലി വലകൂടി നെയ്യുന്നുണ്ട്‌. സാമ്പത്തികാധികാരത്തിന്‌ തട്ടുന്ന ഇളക്കം പരിഹരിക്കാന്‍ ഇരകളെ പിടിക്കാനുള്ള വല. ദോഹവട്ട ചര്‍ച്ചകളിലെടുത്ത തീരുമാനം ഉടന്‍ നടപ്പാക്കണമെന്ന്‌ അമേരിക്കയെപ്പോലുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടതും അതിന്റെ തുടര്‍ ചര്‍ച്ചകള്‍ക്ക്‌ മുന്‍കൈ എടുക്കാനും ഇന്ത്യയെ നിയോഗിച്ചതും ഇതിന്റെ ഭാഗമാണ്‌.


ഈജിപ്‌തില്‍ അടുത്തിടെ നടന്ന ചേരിചേരാ ഉച്ചകോടിയില്‍ 105 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. പ്രസ്ഥാനത്തിലെ അംഗ രാജ്യങ്ങളുടെ എണ്ണം 118 ആണ്‌ ഇപ്പോള്‍. ഇത്രയും നേതാക്കള്‍ പങ്കെടുക്കുകയും ലോകജനസംഖ്യയുടെ 55 ശതമാനത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന പ്രസ്ഥാനമാണ്‌ അപ്രസക്തമെന്നും അംഗരാജ്യങ്ങളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയമെന്നും അമേരിക്ക കുറ്റപ്പെടുത്തുന്നത്‌. രൂപംകൊണ്ട കാലത്ത്‌ ലോകരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ചേരിചേരാ പ്രസ്ഥാനത്തിന്‌ ബോധ്യമുണ്ടായിരുന്നു. അക്കാര്യങ്ങളില്‍ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ സ്വീകരിക്കുകയും ചെയ്‌തു. ഇപ്പോള്‍ ആ നിലപാട്‌ തുടരാന്‍ കഴിയുന്നുണ്ടോ എന്നത്‌ സംശയമാണ്‌. ഈജിപ്‌തില്‍ ഒടുവില്‍ ചേര്‍ന്നപ്പോള്‍ ആഗോള ഭീകരവാദവും സാമ്പത്തിക പ്രതിസന്ധിയുമായിരുന്നു പ്രധാന ചര്‍ച്ച. ഇവ ചര്‍ച്ച ചെയ്യുമ്പോള്‍ ആണവ മേഖലയുമായി ബന്ധപ്പെട്ട്‌ ഇറാനോട്‌ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകള്‍ ഉച്ചകോടി ചര്‍ച്ച ചെയ്‌തില്ല. നേതൃപദവി വഹിക്കുന്ന ഇന്ത്യപോലുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ അനുകൂലമായതിന്റെ കൂടി ഫലമായിരുന്നു ഇത്‌. എങ്കിലും ചേരിചേരാ പ്രസ്ഥാനം നിലവിലുണ്ട്‌.


ദോഹവട്ട തീരുമാനങ്ങളിലെ അനീതി ചോദ്യംചെയ്‌തു ബ്രസീലും ഇന്ത്യയും മുന്‍കൈ എടുത്ത്‌ രുപവത്‌കരിച്ച കുറുമുന്നണി നിലവിലുണ്ട്‌. ഇത്തരം കൂട്ടായ്‌മകള്‍ ഇല്ലാതായാലേ ഏകപക്ഷീയമായി കാര്യങ്ങള്‍ നടപ്പാക്കി എടുക്കാനാവൂ. അതിന്‌ ഉചിതമായ വഴി കൂട്ടായ്‌മകള്‍ക്ക്‌ നേതൃത്വം നല്‍കുന്ന രാജ്യങ്ങളെ തങ്ങളുടെ കൂടെക്കൂട്ടുക എന്നതാണ്‌. തീരുമാനങ്ങളെടുക്കുന്നതില്‍ അവര്‍ക്ക്‌ പങ്കാളിത്തമുണ്ടെന്ന്‌ വരുത്തുകയും. ആഗോള സാമ്പത്തിക ശക്തി എന്നത്‌ ഇനിമുതല്‍ ജി-20 ആയിരിക്കുമെന്ന്‌ പ്രഖ്യാപിച്ചതിലൂടെ ഒരു പരിധിവരെ ലക്ഷ്യം നേടിയിരിക്കുന്നു. പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ആഭ്യന്തര കമ്പോളം സംരക്ഷിച്ചു നിര്‍ത്തുന്നതിനെതിരെ ഉച്ചകോടിയില്‍ വിമര്‍ശമുയര്‍ന്നില്ല. ഇനിയും പ്രതിസന്ധി തുടര്‍ന്നാല്‍ ഉത്തരവാദിത്വമേല്‍ക്കാന്‍ പുതിയ അംഗരാജ്യങ്ങളുണ്ട്‌.


സാമ്പത്തിക, സൈനിക അധീശത്വം നിലനിര്‍ത്തണമെങ്കില്‍ പുതിയ ലോകക്രമം ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന്‌ അമേരിക്ക മുന്‍കൂട്ടി കാണുന്നു. അതിനു മുന്നോടിയായുള്ള നടപടികള്‍ അവര്‍ ആരംഭിച്ചുകഴിഞ്ഞു. അതിന്റെ തുടക്കമാണ്‌ പിറ്റ്‌സ്‌ബര്‍ഗില്‍ കണ്ടത്‌. ചേരിചേരാ പ്രസ്ഥാനം കാലഹരണപ്പെട്ടുവെന്ന ആശയപ്രചാരണത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ല.