2009-10-15

ഏതു ജിന്ന, എന്തു ജിന്ന...


ഒരു രാഷ്‌ട്രത്തിന്റെയും ജനതയുടെയും ചരിത്രം കൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടോ? ചരിത്രം, അത്‌ പഴകിയതായാലും പുതുതായാലും പ്രത്യേകിച്ച്‌ ഗുണമൊന്നുമില്ലെന്നാണ്‌, ഭാവി പ്രധാനമന്ത്രിയെന്ന്‌ കോണ്‍ഗ്രസുകാര്‍ ഉറപ്പിക്കുകയും ജയപ്രദയെപ്പോലുള്ള താരങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ മതം. ഹിമാചല്‍ പ്രദേശില്‍ വാര്‍ത്താ ലേഖകരോട്‌ സംസാരിക്കവെ ഇക്കാര്യം രാഹുല്‍ വ്യക്തമാക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ വാക്കുകള്‍ - ``പാക്കിസ്ഥാന്റെ സ്ഥാപകന്‍ മുഹമ്മദലി ജിന്ന ഇപ്പോള്‍ ചരിത്രമാണ്‌. ജിന്നയെക്കുറിച്ച്‌ അഞ്ചു നിമിഷം പോലും ചിന്തിക്കാനാവില്ല, എന്തിന്‌ ഒരു നിമിഷം പോലും.'' സമീപകാല ചരിത്രവും യുവരാജാവിന്‌ പ്രശ്‌നമാവുന്നില്ല എന്ന്‌ അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനം തെളിയിച്ചു. നേതാവെന്ന ഗോവിന്റെ പിമ്പേ ഗമിക്കുന്നവര്‍ക്കും ഇതൊന്നും പ്രശ്‌നമല്ലെന്ന്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കളുടെ പ്രസ്‌താവനകളും യൂത്ത്‌ കോണ്‍ഗ്രസുകാരുടെ പ്രകടനവും തെളിയിക്കുന്നുമുണ്ട്‌.
വിഭജനത്തില്‍ ജിന്നയേക്കാള്‍ വലിയ പങ്ക്‌ വഹിച്ചത്‌ നെഹ്‌റുവും പട്ടേലുമാണെന്ന ജസ്വന്ത്‌ സിംഗിന്റെ പരാമര്‍ശവും അതേച്ചൊല്ലി ബി ജെ പിയിലുണ്ടായ കോലാഹലവും ചൂണ്ടിക്കാട്ടിയാണ്‌ ജിന്നയെക്കുറിച്ച്‌ ഓര്‍ക്കാന്‍ ഒരു നിമിഷം പോലും തനിക്കില്ലെന്ന്‌ രാഹുല്‍ പറഞ്ഞത്‌. എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന 39കാരനായ ഒരാളുടെ പ്രസ്‌താവനയായിരുന്നു ഇതെങ്കില്‍ അവഗണിക്കാമായിരുന്നു. 2014ലെ തിരഞ്ഞെടുപ്പിനു ശേഷമോ അതിനു മുമ്പോ പ്രധാനമന്ത്രി പദത്തിലേക്ക്‌ എത്തുമെന്ന്‌ കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്ന ഒരാളാകുമ്പോള്‍ ഈ പ്രസ്‌താവനയെ ഗൗരവത്തോടെ കാണേണ്ടിവരും.


കോണ്‍ഗ്രസിന്റെ മുന്‍കാല നേതാവായിരുന്നു മുഹമ്മദ്‌ അലി ജിന്ന. ഹിന്ദു - മുസ്‌ലിം ഐക്യത്തിലൂടെ അവിഭക്ത ഇന്ത്യക്കു വേണ്ടി നിലകൊണ്ട നേതാവ്‌. കോണ്‍ഗ്രസില്‍ നിന്ന്‌ രാജിവെച്ച്‌ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായ ശേഷവും ഇതേ നിലപാട്‌ തുടര്‍ന്നയാള്‍. 1920കളുടെ അവസാനത്തില്‍ മുസ്‌ലിംകള്‍ക്ക്‌ പ്രത്യേക രാജ്യം വേണമെന്ന ആവശ്യത്തിലേക്ക്‌ അദ്ദേഹം തിരിഞ്ഞു. അന്നുമുതല്‍ അതിനായി യത്‌നിച്ചു. ഈ സംക്ഷിപ്‌ത ചരിത്രമെങ്കിലും രാഹുല്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്‌. ഹിന്ദു - മുസ്‌ലിം ഐക്യത്തിന്‌ യത്‌നിക്കുകയും അതിനു വേണ്ടി കരാറുണ്ടാക്കുകയും ചെയ്‌ത വ്യക്തി എന്തുകൊണ്ട്‌ പിന്നീട്‌ മുസ്‌ലിംകള്‍ക്ക്‌ പ്രത്യേക രാഷ്‌ട്രത്തിന്‌ വേണ്ടി വാദിച്ചു എന്ന്‌ അന്നത്തെ കോണ്‍ഗ്രസ്‌ നേതൃത്വം ചിന്തിക്കാത്തതുകൊണ്ടാണ്‌ രാജ്യം രണ്ടായത്‌ എന്നാണ്‌ ജസ്വന്ത്‌ ഇപ്പോഴും പ്രഗത്ഭരായ ചരിത്രകാരന്‍മാര്‍ മുമ്പും നിരീക്ഷിച്ചത്‌.


1916ലാണ്‌ ഹിന്ദു - മുസ്‌ലിം ഐക്യത്തിന്‌ വേണ്ടിയുള്ള ലക്‌നോ കരാര്‍ ജിന്നയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയത്‌. 30 കൊല്ലത്തിന്‌ ശേഷം രാജ്യം സ്വാതന്ത്ര്യത്തിലേക്ക്‌ അടുക്കുമ്പോള്‍ ഈ ചരിത്രം നെഹ്‌റുവും പട്ടേലും അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ മറന്നുപോയി. എല്ലാ വിഭാഗങ്ങള്‍ക്കും ഭരണത്തില്‍ പങ്കാളിത്തം ലഭ്യമാക്കാന്‍ ഉതകുന്ന ഫെഡറല്‍ ഭരണ സമ്പ്രദായം സ്വീകരിക്കണമെന്ന ജിന്നയുടെ അഭിപ്രായം കോണ്‍ഗ്രസ്‌ നേതാക്കള്‍ സ്വീകരിക്കാതിരുന്നത്‌ ഈ മറവി കൊണ്ടാവാം. അനിവാര്യമായ ദുരന്തത്തിന്‌ കാരണമായ ഈ ചരിത്ര നിഷേധത്തിന്റെ പിന്തുടര്‍ച്ചക്കാരന്‍ തന്നെയാണ്‌ താന്‍ എന്ന്‌ തെളിയിക്കുന്നതാണ്‌ രാഹുലിന്റെ ഇപ്പോഴത്തെ പ്രസ്‌താവന. ബഹുസ്വരതയാണ്‌ രാഷ്‌ട്രത്തിന്റെ ഘടനയെന്നും അവരെ ഏകോപിപ്പിച്ച്‌ നിര്‍ത്തുക എന്നത്‌ രാഷ്‌ട്രീയ നേതാക്കളുടെ (സ്റ്റേറ്റ്‌സ്‌മാന്‍ എന്ന ഇംഗ്ലീഷ്‌ പദത്തിന്റെ അര്‍ഥത്തില്‍) കടമയാണെന്നും ഓര്‍ക്കേണ്ടവര്‍ തന്നെയാണ്‌ ജിന്നയെക്കുറിച്ച്‌ ഓര്‍ക്കാന്‍ ഒരു നിമിഷം പോലും മാറ്റിവെക്കേണ്ടതില്ലെന്ന്‌ പറയുന്നത്‌. വന്‍മരം വീഴുമ്പോള്‍ ചുവട്ടിലുള്ള പുല്‍ക്കൊടികള്‍ നശിക്കുക സ്വാഭാവികമെന്ന്‌ 1984ലെ സിഖ്‌ വംശഹത്യയെക്കുറിച്ച്‌ പറഞ്ഞ രാജീവിന്റെ മകനില്‍ നിന്ന്‌ ഭാവിയില്‍ വലിയ സംഭാവനകള്‍ പ്രതീക്ഷിക്കുക.


ഈ വലിയ ചരിത്രത്തില്‍ നിന്ന്‌ രാഹുലിന്റെ കേരള സന്ദര്‍ശനത്തിലേക്ക്‌ വരിക. കലാലയ സന്ദര്‍ശനമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പരിപാടി. തിരഞ്ഞെടുത്ത കലാലയങ്ങളിലൊന്ന്‌ എറണാകുളത്തെ സെന്റ്‌ തെരേസാസ്‌ കോളജായിരുന്നു. കലാലയങ്ങളില്‍ രാഷ്‌ട്രീയം വേണ്ടെന്ന്‌ വാദിക്കുന്നവരുടെ മുമ്പന്തിയിലുള്ളവരാണ്‌ ഇതിന്റെ നടത്തിപ്പുകാര്‍. രാഷ്‌ട്രീയ പ്രവര്‍ത്തനം അനുവദിക്കാത്ത ക്യാമ്പസ്‌. ദശകങ്ങളായി കെ എസ്‌ യുവിനടക്കം പ്രവേശം നിഷേധിച്ചിരിക്കുന്നു ഇവിടെ. ഈ കോളജ്‌ തിരഞ്ഞെടുക്കാന്‍ രാഹുലിനെ അല്ലെങ്കില്‍ സംഘാടകരെ പ്രേരിപ്പിച്ചത്‌ എന്തായിരിക്കും? രാഷ്‌ട്രീയം നിഷിദ്ധമായ കോളജില്‍ രാഷ്‌ട്രീയത്തിന്റെ പ്രാധാന്യം അറിയിക്കുകയായിരുന്നു ലക്ഷ്യമെന്ന്‌ കരുതിയെങ്കില്‍ അത്തരം സംഭാഷണങ്ങളൊന്നും അവിടെ നടന്നതായി വാര്‍ത്തകളില്ല. 39കാരനായ രാഹുല്‍ അവിവാഹിതനായി തുടരുന്നതിന്റെ കാര്യകാരണങ്ങളാണ്‌ പ്രധാന വിഷയമായത്‌. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരത്തിന്റെ വക്താവാണെന്ന്‌ കരുതിയതിനാലാവണം രാഹുലിന്‌ വേദിയൊരുക്കാന്‍ കോളജ്‌ അധികൃതര്‍ താത്‌പര്യം കാട്ടിയത്‌. ജിന്നയെക്കുറിച്ച്‌ ചിന്തിക്കാന്‍ ഒരു നിമിഷം പോലും മാറ്റിവെക്കാന്‍ തയ്യാറല്ലെന്ന പ്രസ്‌താവന കൂടിയാകുമ്പോള്‍ കോളജ്‌ നടത്തിപ്പുകാരുടെ അകമഴിഞ്ഞ താത്‌പര്യം കൂടുതല്‍ അര്‍ഥവത്താവുന്നു.


രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട്‌ സന്ദര്‍ശനവും സമീപകാല ചരിത്രം ഓര്‍മപ്പെടുത്തുന്നുണ്ട്‌. ഈ ചരിത്രം മറന്നത്‌ രാഹുലിന്റെ അനുയായികളാണ്‌. കലാലയ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ രാഹുല്‍ രാത്രി ഭക്ഷണത്തിന്‌ നഗരത്തിലെ ഹോട്ടല്‍ തിരഞ്ഞെടുത്തു. ഇസഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷ ലംഘിച്ചാണ്‌ ഹോട്ടലിലേക്ക്‌ തിരിച്ചത്‌. സുരക്ഷാ ചുമതലയുണ്ടായിരുന്ന കോഴിക്കോട്ടെ അസിസ്റ്റന്റ്‌ കമ്മീഷണര്‍ അല്‍പ്പം ഈര്‍ഷ്യയോടെ ഇതിനോട്‌ പ്രതികരിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ച്‌ സഞ്ചരിച്ച യുവരാജാവിന്റെ ഷര്‍ട്ടില്‍ അല്‍പ്പം ചെളി തെറിച്ചാല്‍ അതുപോലും പ്രശ്‌നമാവുമെന്ന്‌ ഉറപ്പുള്ളതിനാലാവണം ഈര്‍ഷ്യത തോന്നിയത്‌. ``ഇയാള്‍ക്ക്‌ ഈ രാത്രി ഇതിന്റെ വല്ല കാര്യവുമുണ്ടോ? ഈ ചങ്ങായിന്റെ ലൊക്കേഷന്‍ എവിടെയാ?'' അസിസ്റ്റന്റ്‌ കമ്മീഷണറുടെ കമന്റ്‌ പോലീസ്‌ വയര്‍ലെസ്സ്‌ സെറ്റുകളിലൂടെ ഒഴുകി. ഭാവി പ്രധാനമന്ത്രിയെ `ചങ്ങായി' എന്ന്‌ വിശേഷിപ്പിച്ചത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ അപമാനകരമായി തോന്നി. ചെന്നിത്തല മുതല്‍ ലിജു വരെയുള്ളവരുടെ പ്രസ്‌താവനകള്‍, യൂത്ത്‌ കോണ്‍ഗ്രസിന്റെ കമ്മീഷണര്‍ ഓഫീസ്‌ മാര്‍ച്ച്‌ എന്നിവയായിരുന്നു തുടര്‍ച്ച.


15 വര്‍ഷം മാത്രം പഴക്കമുള്ള ചരിത്രം ഇവിടെ ഓര്‍മിക്കാം. 1994ല്‍ പാലക്കാട്‌ പുതുപ്പള്ളിത്തെരുവില്‍ പോലീസ്‌ വെടിവെപ്പുണ്ടായി. സിറാജുന്നീസ എന്ന ബാലിക കൊല്ലപ്പെട്ടു. സംഘര്‍ഷം നിലനില്‍ക്കുന്നു. അന്ന്‌ വയര്‍ലെസ്സ്‌ സെറ്റിലൂടെ ഒഴുകിയെത്തിയത്‌ ഈ വാക്കുകളായിരുന്നു - ``ഐ വാണ്ട്‌ മുസ്‌ലിം ഡെഡ്‌ ബോഡീസ്‌'' (എനിക്ക്‌ മുസ്‌ലിംകളുടെ ശവം വേണം). പറഞ്ഞത്‌ രമണ്‍ ശ്രീവാസ്‌തവ എന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍. ഇങ്ങനെ വയര്‍ലെസ്സ്‌ സെറ്റിലൂടെ പറയുന്നത്‌ കേട്ടതായി അന്ന്‌ കോണ്‍ഗ്രസ്‌ എസിന്റെ എം എല്‍ എയും ഇപ്പോള്‍ കോണ്‍ഗ്രസ്‌ നേതാവുമായ വി സി കബീര്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. ഈ രമണ്‍ ശ്രീവാസ്‌തവയെ പിന്നീട്‌ കേരളത്തിന്റെ ഡി ജി പിയാക്കിയത്‌ 2001ല്‍ അധികാരത്തില്‍ വന്ന യു ഡി എഫ്‌ സര്‍ക്കാറാണ്‌. അദ്ദേഹത്തെ ബി എസ്‌ എഫ്‌ ഡയറക്‌ടര്‍ ജനറലാക്കിയത്‌ രാഹുല്‍ ഗാന്ധിക്ക്‌ നിര്‍ണായക പങ്കുള്ള കേന്ദ്രത്തിലെ യു പി എ സര്‍ക്കാറാണ്‌. ഇപ്പോഴത്തെ `ചങ്ങായി' പ്രയോഗത്തിനെതിരെ വാളെടുത്ത കോണ്‍ഗ്രസ്‌ നേതാക്കളാരും ഈ ചരിത്രം ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടില്ല.


ജിന്നയെ ഓര്‍ക്കാന്‍ ഒരു നിമിഷം പോലും നീക്കിവെക്കില്ലെന്ന്‌ പറയുന്ന, രാഷ്‌ട്രീയം നിഷിദ്ധമെന്ന്‌ പറയുന്ന ക്യാമ്പസ്‌ സന്ദര്‍ശിക്കാന്‍ താത്‌പര്യം കാട്ടുന്ന നേതാവ്‌. അദ്ദേഹത്തിനെതിരായ ചെറിയ പരാമര്‍ശം പോലും സഹിക്കാന്‍ കഴിയാത്ത തലമുതിര്‍ന്നവരും യുവാക്കളുമായ അനുയായിവൃന്ദം. നികൃഷ്‌ടമായ പരാമര്‍ശം നടത്തിയെന്ന്‌ എം എല്‍ എയായിരുന്നയാള്‍ കുറ്റപ്പെടുത്തിയ ഉദ്യോഗസ്ഥനെ സ്ഥാനക്കയറ്റം നല്‍കി ആദരിച്ച അവരുടെ ചരിത്രം. നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യത്തെ മാത്രം ആശ്രയിച്ച്‌ നിലനില്‍ക്കുന്ന നേതാവിനും അതില്‍ നിന്ന്‌ മാത്രം ഊര്‍ജം കണ്ടെത്തുന്ന ഒരു രാഷ്‌ട്രീയ സംവിധാനത്തിനും ഇതിനപ്പുറമൊന്നും സാധിക്കില്ല. അവര്‍ കഴിഞ്ഞുപോയ സംഭവങ്ങള്‍ എളുപ്പത്തില്‍ മറക്കും. അതുകൊണ്ടാണല്ലോ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സജ്ജന്‍ കുമാറിനെയും ജഗ്‌ദീഷ്‌ ടൈറ്റ്‌ലറെയും വീണ്ടും മത്സരിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചത്‌. ജര്‍ണയില്‍ സിംഗിന്റെ ഷൂ ചിദംബരത്തിന്റെ നേര്‍ക്ക്‌ പാഞ്ഞപ്പോഴാണ്‌ ഓര്‍മകളുണ്ടായത്‌.


മേല്‍പ്പറഞ്ഞ സംഭവങ്ങളെല്ലാം ചെറുതോ അവഗണിക്കത്തക്കതോ ആയിരിക്കാം. പക്ഷേ, രാജ്യം ഭരിക്കാന്‍ തയ്യാറെടുക്കുന്നവര്‍ തുടര്‍ന്ന്‌ സ്വീകരിക്കാന്‍ പോകുന്ന നിലപാടുകളുടെ സൂചനകള്‍ അതിലുണ്ട്‌. ചരിത്രം മറന്ന്‌ മുന്നോട്ടുപോകുകയെന്നതാണ്‌ അവരുടെ അജന്‍ഡ. സ്വാതന്ത്ര്യത്തിനു ശേഷം നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ രൂപവത്‌കരിച്ച സാമ്പത്തിക, വിദേശ നയങ്ങളെ മന്‍മോഹന്‍ എങ്ങനെ മറവിയിലേക്ക്‌ തള്ളിയോ അതിന്റെ ഇരട്ടി വേഗത്തില്‍ സമൂഹത്തിന്റെ ചരിത്രത്തെ ഇവര്‍ പിന്നോട്ട്‌ തള്ളും. ബാബരി മസ്‌ജിദിനെയും ബോംബെ കലാപത്തെക്കുറിച്ച്‌ അന്വേഷിച്ച ശ്രീകൃഷ്‌ണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെയും തള്ളിയതുപോലെ. ബോധപൂര്‍വമായ ഇത്തരം മറവികളും തള്ളിക്കളയലുകളും അനീതിയുടെ പുതിയ ചരിത്രമാണ്‌ രചിക്കുക.

5 comments:

  1. ചരിത്രങ്ങള്‍ വിസ്മരിക്കുന്നവര്‍ ചരിത്രങ്ങളാവില്ല. നാളെത്തെ ചരിത്രങ്ങള്‍ അവരെ വിസ്മരിക്കും. ഓര്‍മയില്‍ നമുക്ക് ഓര്‍മ്മപ്പെരുക്കങ്ങള്‍ ഉണ്ടെയേക്കാം വിസ്മരിക്കാന്‍ മനസ്സ് നിര്‍ബന്ധം പറയണം.
    ആത്മാവിനെ പറിച്ചെടുത്തൊരു അഭിവാദ്യങ്ങള്‍

    ReplyDelete
  2. രാജ്യത്തിന്റെ ചരിത്രവും കാലികവുമായ പ്രശ്നങ്ങളും മനസ്സിലാവാതെ ഗ്ലാമര്‍ പ്രധാനമന്ത്രിയാവുമ്പോള്‍ മറ്റൊരു രാജീവ് ആവര്‍ത്തിക്കാതിരുന്നാല്‍ നന്ന് എല്ലാ അര്‍ഥത്തിലും.

    ReplyDelete
  3. "ഒറീസ്സയില്‍ മതപരിവര്‍ത്തനം നടത്തിയിട്ടില്ല എന്ന ക്രിസ്‌തീയ പുരോഹിതരുടെ വാദം അംഗീകരിച്ചുകൊണ്ടല്ലേ അവിടെ നടക്കുന്ന ക്രൂരതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‌കുന്നത്‌ എന്ന്‌ വാദത്തിന്‌ വേണ്ടി ചോദിച്ചു."

    ഉദാത്ത പത്ര പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനശിലയാകേണ്ട മഹത്തായ ആശയം.

    ഇനിയിപ്പോള്‍ ഇന്ത്യയില്‍ ഭീകരപ്രവര്ത്തനം നടത്തുന്നില്ല എന്ന പാക്കിസ്ഥാന്റെ വാദം അംഗീകരിച്ച് സംഘപരിവാര്‍ പാക്കിസ്ഥാങ്കാരോടു കാട്ടുന്ന ക്രൂരതകളേക്കുറിച്ചും, അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന അവരുടെ വാദം അംഗീകരിച്ച് സംഘപരിവാര്‍ ഇന്ത്യന്‍ പ്രധാന മന്ത്രിയെ അവിടേക്കു കടന്നു കയറാന്‍ വിട്ടതിനേക്കുറിച്ചും ഒക്കെ താങ്കള്‍ വാര്‍ത്തകള്‍ പടച്ചു വിടും എന്നു കരുതുന്നു.

    മതേതര പത്രപ്രവര്‍ത്ത്നം എത്ര എളുപ്പം, സത്യത്തിന്റെ കൂടെ നില്‍ക്കണമെങ്കില്‍ എന്തെല്ലാം ചെയ്യണം അല്ലേ, കാര്യങ്ങല്‍ പോയി അന്വേഷിക്കണം, വിലയിരുത്തണം, സ്ത്യം കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്യണം.. ഉള്ള പണി പോകും.. ജീവിക്കേണ്ടേ..

    ഒരു ദിവസ്സം പണ്ട് മെത്രാന്മാര്‍ പറഞ്ഞപോലെ (നമ്മുടേ പിള്ളേര്‍ നമ്മുടേ കോളേജില്‍ത്തന്നെ പോയാല്‍ മതി) മാധ്യമ ഉടമയും ഒരു തീരുമാനമെടുക്കുന്നതു വരെ ഇമ്മാതിരി പത്ര പ്രവര്‍ത്തനം നടത്തുകയല്ലാതെ എന്തു ചെയ്യും..

    ReplyDelete
  4. മറ്റൊരു രാജീവ് ആകില്ലെന്നു വിശ്വസിക്കാന്‍ കാരണങ്ങളൊന്നുമില്ല. രാഹുലിന്റെ ഇതു വരെയുള്ള പ്രസ്താവനകള്‍ മാത്രം നോക്കിയാല്‍ മതി, ഇങ്ങേര് അച്ഛന്‍ രജീവിനേയും തോല്പ്പിക്കുമെന്ന് മനസിലാക്കാന്‍, മണ്ടത്തരം മാത്രമേ പറയൂ എന്ന് ശാഠ്യമാണ്.

    ReplyDelete
  5. മറ്റൊരു രാജീവ് ആകില്ലെന്നു വിശ്വസിക്കാന്‍ കാരണങ്ങളൊന്നുമില്ല. രാഹുലിന്റെ ഇതു വരെയുള്ള പ്രസ്താവനകള്‍ മാത്രം നോക്കിയാല്‍ മതി, ഇങ്ങേര് അച്ഛന്‍ രജീവിനേയും തോല്പ്പിക്കുമെന്ന് മനസിലാക്കാന്‍, മണ്ടത്തരം മാത്രമേ പറയൂ എന്ന് ശാഠ്യമാണ്.

    ReplyDelete