2009-10-07

കോടതിയുടെ `ലൗ ജിഹാദ്‌', വാരികയുടേതും


1. മംഗലാപുരത്ത്‌ നഴ്‌സറി സ്‌കൂളില്‍ ജോലി ചെയ്‌തിരുന്ന ടീച്ചറെ പ്രണയിക്കാന്‍, ജിഹാദിനായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ രംഗത്തുവന്നു. ഇസ്‌ലാം സ്വീകരിച്ചാല്‍ ശമ്പളം കൂട്ടിത്തരാമെന്ന്‌ വാഗ്‌ദാനമുണ്ടായിരുന്നു. മംഗലാപുരത്തെ പ്രാദേശിക കേബിള്‍ ടി വി ഇക്കാര്യം പുറത്തുകൊണ്ടുവന്നു.


2. മെച്ചപ്പെട്ട ജോലി വാഗ്‌ദാനം ചെയ്‌ത്‌ മൂന്ന്‌ കുട്ടികളുടെ അമ്മയായ സ്‌ത്രീയെ ജിഹാദ്‌ പ്രവര്‍ത്തകര്‍ കൂട്ടിക്കൊണ്ടുപോയി. പൊന്നാനിയിലെ മതപരിവര്‍ത്തന കേന്ദ്രത്തില്‍ നിന്ന്‌ ഈ സ്‌ത്രീയെയും കുട്ടികളെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കളമശ്ശേരി സ്വദേശിയായ ജോയ്‌ പരാതി നല്‍കിയിട്ടുണ്ട്‌.


3. റീജ്യണല്‍ എന്‍ജിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥിനി ജിഹാദ്‌ പ്രവര്‍ത്തകനായ മലപ്പുറത്തെ ജലാലുദ്ദീന്റെ കെണിയില്‍ വീണു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ പ്രൊഫഷണല്‍ കോളജിലെ വിദ്യാര്‍ഥികളെ കെണിയിലാക്കുന്നതില്‍ വൈദഗ്‌ധ്യം നേടിയ ആളാണ്‌ ജലാലുദ്ദീന്‍. ആര്‍ ഇ സി വിദ്യാര്‍ഥിനി മസനഗുഡിയിലെ ഒരു റിസോര്‍ട്ടിലാണ്‌ എത്തിപ്പെട്ടത്‌. അവിടെവെച്ച്‌ ജലാലുദ്ദീനും കൂട്ടുകാരും വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്‌തു.


4. ഉപ്പള സ്വദേശിയായ ജിഹാദ്‌ പ്രവര്‍ത്തകന്‍ സ്വാദിഖ്‌ കാസര്‍കോട്‌ മുദ്രപുത്തൂരിലെ കംപ്യൂട്ടര്‍ സെന്ററില്‍ നിന്ന്‌ ഒരു പെണ്‍കുട്ടിയെ വലയിലാക്കി. വിവാഹ വാഗ്‌ദാനം ചെയ്‌ത്‌ മതം മാറ്റാനായി പൊന്നാനിയില്‍ കൊണ്ടുപോയി. പക്ഷേ, മതംമാറിയ ശേഷം യത്തീംഖാനയിലാണ്‌ എത്തിപ്പെട്ടത്‌. പിന്നീട്‌ അവിടെ നിന്ന്‌പെണ്‍കുട്ടി രക്ഷപ്പെട്ടു. സ്വാദിഖും യത്തീംഖാനയിലെ മൗലവിയും സുഹൃത്തുക്കളും ലൈംഗികമായി പീഡിപ്പിച്ചുവെന്ന്‌ പെണ്‍കുട്ടി പറയുന്നു.


5. മുക്കത്തിനടുത്ത്‌ കൂമ്പാറയിലെ കൃസ്‌ത്യന്‍ പെണ്‍കുട്ടിയെ ജിഹാദ്‌ പ്രവര്‍ത്തകന്‍ പ്രണയം ഭാവിച്ച്‌ പ്രലോഭിപ്പിച്ചു. പിന്നീട്‌ മതം മാറ്റുന്നതിനായി മംഗലാപുരത്തേക്ക്‌ കൊണ്ടുപോയി. ഈ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും പ്രലോഭിപ്പിച്ചിരുന്നു.


ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ നടത്തുന്ന ഹൈന്ദവ കേരളം എന്ന വെബ്‌സൈറ്റില്‍ 2009 സെപ്‌തംബര്‍ 18ന്‌ പ്രസിദ്ധീകരിക്കുകയും ഹിന്ദു ജനജാഗ്രുതി സമിതി എന്ന വെബ്‌സൈറ്റ്‌ 2009 സെപ്‌തംബര്‍ 19ന്‌ പകര്‍ത്തി നല്‍കുകയും ചെയ്‌ത കാര്യങ്ങളാണ്‌ ഇവ. ഇക്കാര്യങ്ങള്‍ക്ക്‌ തങ്ങളുടെ വിവര സ്രോതസ്സ്‌ `ഹൈന്ദവ കേരളം' ആണെന്ന്‌ ജാഗ്രുതി സമിതി രേഖപ്പെടുത്തിയിട്ടുണ്ട്‌.


`ലൗ ജിഹാദ്‌' പ്രയോഗത്തിന്റെ വ്യാപ്‌തി കണ്ടെത്താന്‍ ഇന്റര്‍നെറ്റില്‍ ഒരൊറ്റ പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയതാണിത്‌. ഹിന്ദു, ക്രിസ്‌ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വലയില്‍ വീഴ്‌ത്തി പീഡനത്തിന്‌ വിധേയരാക്കുകയോ സ്വസമുദായ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ യത്‌നിക്കുകയോ ചെയ്യുന്നവരാണ്‌ `ലൗ ജിഹാദി'കള്‍?എന്നാണ്‌ പ്രചരിപ്പിക്കപ്പെടുന്നത്‌. പത്തനംതിട്ടയില്‍ പ്രൊഫഷണല്‍ കോളജില്‍ പഠിച്ചിരുന്ന മുസ്‌ലിം ചെറുപ്പക്കാരന്‍ എം ബി എക്ക്‌ പഠിച്ചിരുന്ന രണ്ട്‌ പെണ്‍കുട്ടികളെ പ്രണയിച്ച്‌ വലയില്‍ കുടുക്കിയെന്നും മതംമാറ്റിയെന്നും ഒരു പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക്‌ വിവാഹം കഴിച്ചുകൊടുത്തുവെന്നുമുള്ള വാര്‍ത്തകളാണ്‌ `ലൗ ജിഹാദി'നെ വാര്‍ത്തകളില്‍ നിറച്ചത്‌. പ്രകൃതിവിരുദ്ധ ലൈംഗിക വൃത്തിക്ക്‌ പ്രേരിപ്പിച്ചുവെന്നും പറയുന്നു. എല്ലാറ്റിനും കേസുകളുണ്ട്‌.


കലാകൗമുദി വാരിക ഈ കേസുകളുടെ പശ്ചാത്തലത്തില്‍ വിശദമായ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഹൈന്ദവ കേരളം, ഹിന്ദു ജനജാഗ്രുതി സമിതി സൈറ്റുകളില്‍ നിന്ന്‌ തുടക്കത്തില്‍ എടുത്തു ചേര്‍ത്ത ഒന്നു മുതല്‍ അഞ്ചു വരെ കാര്യങ്ങള്‍ സംസ്ഥാന പോലീസിലെ ഇന്റലിജന്‍സ്‌വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ടെന്ന്‌ വാരിക പറയുന്നു. അങ്ങനെയെങ്കില്‍ മൂന്നു സാധ്യതകള്‍ നിലനില്‍ക്കുന്നു.


1. സംസ്ഥാന പോലീസിലെ ഇന്റലിജന്‍സ്‌ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ കലാകൗമുദിക്ക്‌ ലഭിക്കും മുമ്പ്‌ ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകര്‍ക്ക്‌ ലഭിച്ചു. അതുകൊണ്ടാണല്ലോ സെപ്‌തംബര്‍ 18ന്‌ ഇത്‌ പ്രസിദ്ധീകരിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞത്‌. 2. ആര്‍ എസ്‌ എസുകാര്‍ നടത്തുന്ന സൈറ്റില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ്‌ വിഭാഗം റിപ്പോര്‍ട്ട്‌ തയ്യാറാക്കി. 3. ഹൈന്ദവ കേരളം സൈറ്റില്‍ നിന്ന്‌ ലഭിച്ച വിവരങ്ങള്‍ ഇന്റലിജന്‍സിന്റെതായി കലാകൗമുദി പ്രസിദ്ധീകരിച്ചു.


മൂന്നായാലും അപകടങ്ങളുണ്ട്‌. ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ആര്‍ എസ്‌ എസുകാര്‍ക്ക്‌ ആദ്യം ലഭിക്കണമെങ്കില്‍ സംഘടനക്ക്‌ ഇന്റലിജന്‍സ്‌ വിഭാഗത്തില്‍ വലിയ സ്വാധീനം വേണം. ഹൈന്ദവ കേരളം സൈറ്റിലെ റിപ്പോര്‍ട്ട്‌ ഇന്റലിജന്‍സ്‌ സ്വീകരിക്കുന്നുവെങ്കില്‍ ഇന്റലിജന്‍സ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥരില്‍ ചിലരെങ്കിലും വര്‍ഗീയവാദികളാണെന്ന്‌ കരുതേണ്ടിവരും. ഹൈന്ദവകേരളം സൈറ്റിലെ വിവരങ്ങള്‍ ഇന്റലിജന്‍സിന്റെതായി കലാകൗമുദി അവതരിപ്പിച്ചതാണെങ്കില്‍ വര്‍ഗീയ വിഷം വ്യാപിപ്പിക്കാനുള്ള ജോലി മാധ്യമപ്രവര്‍ത്തകരോ മാധ്യമങ്ങളോ ഏറ്റെടുത്തിട്ടുണ്ട്‌ എന്ന്‌ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാകും.


എട്ടു മാസം മുമ്പ്‌ ഈ ലേഖകന്‍ ഇന്ത്യാവിഷനില്‍ ജോലി ചെയ്‌തിരുന്ന കാലത്ത്‌ സഹപ്രവര്‍ത്തകന്റെ മൊബൈലിലേക്ക്‌ ഒരു സന്ദേശം വന്നു. ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വലയില്‍ വീഴ്‌ത്തി ലൈംഗികമായി ഉപയോഗിച്ച്‌ കളങ്കപ്പെടുത്താന്‍ സംഘടിത ശ്രമം നടക്കുന്നെന്നും ഹിന്ദുക്കളായ രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു സന്ദേശം. എ ബി വി പി നേതാവാണ്‌ എസ്‌ എം എസ്‌ അയച്ചത്‌. നേതാവിനെ വിളിച്ച്‌ ഈ സന്ദേശം എവിടെ നിന്നാണ്‌ എന്ന്‌ അന്വേഷിച്ചു. മറ്റൊരു നേതാവ്‌ അയച്ചു തന്നതാണ്‌ എന്നായിരുന്നു മറുപടി. ഇക്കാര്യം അന്നുതന്നെ സഹപ്രവര്‍ത്തകന്‍ വാര്‍ത്തയാക്കുകയും ചെയ്‌തു. `ലൗ ജിഹാദ്‌'ആരോപണം ദീര്‍ഘകാലമായി അന്തരീക്ഷത്തിലുണ്ട്‌ എന്നര്‍ഥം. ഈ എസ്‌ എം എസിന്‌ പിന്നില്‍ ഇസ്‌ലാമിക തീവ്രവാദ സംഘടനയാണെന്ന്‌ പോലീസ്‌ അന്വേഷണത്തില്‍ വ്യക്തമായതായി കലാകൗമുദി പറയുന്നുണ്ട്‌. അത്തരത്തില്‍ വിവരം ലഭിച്ചെങ്കില്‍ അക്കാര്യം പൊതുസമൂഹത്തെ അറിയിക്കാന്‍ സംസ്ഥാന പോലീസിന്‌ ബാധ്യതയുണ്ടായിരുന്നു. അത്‌ ചെയ്യാതിരുന്നുവെങ്കില്‍ സംഗതി ഊര്‍ജിതമായി നടക്കട്ടെ എന്ന്‌ പോലീസ്‌ തീരുമാനിച്ചുവെന്ന്‌ കരുതേണ്ടിവരും.


പത്തനംതിട്ട കേസില്‍ മതം മാറ്റത്തിന്‌ വിധേയരായി എന്നു പറയുന്ന പെണ്‍കുട്ടികള്‍ എം ബി എക്ക്‌ പഠിക്കുന്നവരാണ്‌. ഇവര്‍ക്ക്‌ ഇസ്‌ലാമിനെക്കുറിച്ചുള്ള പുസ്‌തകങ്ങള്‍ നല്‍കിയെന്നും വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്ന്‌ ആവശ്യപ്പെട്ടുവെന്നുമാണ്‌ ആരോപണം. മതകാര്യങ്ങള്‍ പരാമര്‍ശിക്കുന്ന പുസ്‌തകങ്ങള്‍ കൈമാറുന്നത്‌ തെറ്റാണെന്ന്‌ പറയാനാകുമോ? കൈമാറിക്കിട്ടിയ പുസ്‌തകം വായിക്കണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കുന്നത്‌ കിട്ടിയ വ്യക്തിയാണ്‌. വായിച്ചാല്‍ തന്നെ നന്മതിന്മകള്‍ വ്യവച്ഛേദിക്കുന്നതും അവരാണ്‌. എം ബി എക്ക്‌ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക്‌ ഇത്രപോലും തിരിച്ചറിവില്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം. വിവാഹത്തിനായി മതം മാറുന്നത്‌ കേരളത്തില്‍ അപൂര്‍വമായ കാര്യമല്ല. ഇത്‌ നടക്കുന്നത്‌ ഒരു മതത്തിലേക്ക്‌ മാത്രവുമല്ല. ഇത്തരത്തിലുള്ള മാറ്റം കൊണ്ട്‌ ഏതെങ്കിലും മതം കുറ്റിയറ്റുപോകുമെന്ന്‌ ആരെങ്കിലും (`ലൗ ജിഹാദു'കാരുള്‍പ്പെടെ) കരുതുന്നുണ്ടെങ്കില്‍ അതിനെ വിശേഷിപ്പിക്കാന്‍ വിഡ്‌ഢിത്തം എന്ന പദം പോരാതെ വരും.


തോമാശ്ലീഹാ കേരളത്തില്‍ വരികയും കുറച്ചു പേരെയെങ്കിലും ക്രിസ്‌തുമതത്തില്‍ ചേര്‍ക്കുകയും ചെയ്‌തിട്ട്‌ നൂറ്റാണ്ടുകളായി. അന്നു മുതല്‍ ഇന്നോളം സഭയും നേതാക്കളും ഇവിടെ മതം പ്രചരിപ്പിക്കുന്നുണ്ട്‌. സഭ ആരംഭിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയെല്ലാം പിറകില്‍ `മതം പ്രചരിപ്പിക്കുക' ലക്ഷ്യമുണ്ടായിരുന്നു. ഇതിലൂടെ ക്രിസ്‌തുമതത്തിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടവരുടെ എണ്ണവും കുറവല്ല. വടക്കേ ഇന്ത്യയിലും മറ്റും ആദിവാസികളടക്കം പിന്നാക്കം നില്‍ക്കുന്നവരുടെ ഇടയില്‍ മിഷനറിമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ അവര്‍ ചെയ്യുന്ന സേവനങ്ങളും സാമ്പത്തിക സഹായവും നിരവധി പേരെ മതം മാറാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്‌. ദീര്‍ഘകാലമായി നടക്കുന്ന ഈ പ്രവര്‍ത്തനങ്ങളൊന്നും ക്രിസ്‌ത്യന്‍ സംഖ്യ ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമായിട്ടില്ല. ജനിച്ചു വളര്‍ന്ന സാമൂഹിക, മത പരിസരങ്ങളില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരാണ്‌ ബഹു ഭൂരിഭാഗവും എന്നതിന്‌ തെളിവാണിത്‌. മറിച്ചു ചിന്തിക്കുന്നവര്‍ക്ക്‌ അതിന്റെതായ സാമൂഹിക, കുടുംബപരമായ കാരണങ്ങള്‍ കൂടി ഉണ്ടാകുമെന്നുറപ്പ്‌.


വിവാദകേസില്‍ പെണ്‍കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ വാര്‍ത്തകള്‍ വരുന്നത്‌. ഇരകള്‍ എന്ന നിലക്ക്‌ അവരുടെ മൊഴിക്ക്‌ വിശ്വാസ്യത ഏറുകയും ചെയ്യും. സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാന്‍ ഏതൊരാളും ചിലതൊക്കെ മറച്ചുവെക്കുന്നുണ്ടാകുമെന്നതു കൂടി മനസ്സില്‍ വെച്ച്‌ ഈ കേസിനെ സമീപിച്ചാല്‍ കുറേക്കൂടി സമതുലിതമായി കാര്യങ്ങളെ കാണാന്‍ കഴിഞ്ഞേക്കും. `ലൗ ജിഹാദ്‌' കെണി സംസ്ഥാനത്ത്‌ പലേടത്തും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ്‌ കേസ്‌ പരിഗണിച്ച ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ ഉത്തരവിട്ടത്‌. മൂന്‍ ചൊന്ന സൈറ്റുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണോ കോടതി ഉത്തരമൊരു ഉത്തരവിട്ടത്‌ എന്ന്‌ സംശയിക്കേണ്ടിവരും.


സെപ്‌തംബര്‍ 18നും 19നുമാണ്‌ സൈറ്റുകള്‍ ഇത്‌ പ്രസിദ്ധീകരിച്ചത്‌. ഉത്തരവിടുന്നത്‌ ഒക്‌ടോബര്‍ ഒന്നിനുമാണ്‌. സൈറ്റിലുള്ള വിവരങ്ങള്‍ ആധികാരികമെന്ന വ്യാജേന ആരെങ്കിലും കോടതിയുടെ മുന്നിലെത്തിച്ചതാണോ എന്നതും അന്വേഷിക്കേണ്ടതാണ്‌. താടി വളര്‍ത്തിയതിന്‌ കോളജില്‍ നിന്ന്‌ പുറത്താക്കിയത്‌ ചോദ്യംചെയ്‌ത്‌ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ `താലിബാനൈസേഷന്‍' അനുവദിക്കാനാവില്ലെന്ന്‌ പരാമര്‍ശം നടത്തിയ പാരമ്പര്യം നമ്മുടെ കോടതിക്കുണ്ട്‌. ചെറിയ സംഭവങ്ങളില്‍ നിന്ന്‌ വളരെപ്പെട്ടെന്ന്‌ പൊതു നിഗമനങ്ങളിലേക്ക്‌ എത്തുക എന്ന രീതി കോടതികള്‍ സ്വീകരിക്കുന്നതിന്‌ തെളിവുകള്‍ ധാരാളമുണ്ട്‌. ഒരിടത്തെ അക്രമത്തെ മുന്‍നിര്‍ത്തി `സംസ്ഥാനത്തെമ്പാടും ക്രമസമാധാനം തകര്‍ന്നു' എന്ന അഭിപ്രായം പ്രകടിപ്പിച്ചത്‌ ഉദാഹരണമാണ്‌.


അതുപോലുള്ള കേസല്ല ഇത്‌ എന്ന്‌ മനസ്സിലാക്കേണ്ട ബാധ്യത ന്യായാധിപന്‍മാര്‍ക്കുണ്ട്‌. `ലൗ ജിഹാദി'ന്‌ പിന്നില്‍ ദേശീയ, അന്തര്‍ദേശീയ ഗൂഢാലോചനയുണ്ടോ എന്ന്‌ പരിശോധിക്കണമെന്നൊക്കെ ഉത്തരവിടുമ്പോള്‍ അത്തരം മനസ്സിലാക്കലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന്‌ സംശയം തോന്നും. സമാനമായ ആരോപണങ്ങള്‍ രണ്ട്‌ മാസം മുമ്പ്‌ മഹാരാഷ്‌ട്ര നിയമസഭയില്‍ ബി ജെ പി, ശിവസേനാ അംഗങ്ങള്‍ ഉന്നയിച്ചിരുന്നു. കാര്യം മനസ്സിലാക്കും മുമ്പു ആഭ്യന്തര മന്ത്രി ക്രൈം ബ്രാഞ്ച്‌ അന്വേഷണം പ്രഖ്യാപിച്ചു. വീണ്ടുവിചാരമുണ്ടായപ്പോള്‍ അന്വേഷണത്തില്‍ നിന്നും പിന്നാക്കം പോവുകയും ചെയ്‌തു. ഇത്തരം അപക്വമായ നിലപാടുകള്‍ കോടതികളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടോ എന്നും സംശയിക്കേണ്ടി വരുന്നു.


ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. തീവ്രനിലപാടുകള്‍ സ്വീകരിക്കുന്ന ചില സംഘടനകള്‍ അതില്‍ ഉള്‍പ്പെട്ടിട്ടുമുണ്ടാവാം. അതേക്കുറിച്ച്‌ അന്വേഷണം നടത്തി, കുറ്റക്കാരുണ്ടെങ്കില്‍ ശിക്ഷിക്കുകയും വേണം. പക്ഷേ, `ലൗ ജിഹാദ്‌' വ്യാപകമാണെന്ന വിധത്തില്‍ പ്രസ്‌താവനകളുണ്ടാവുമ്പോള്‍ അറിഞ്ഞോ അറിയാതെയോ മറ്റൊരു കൂട്ടരുടെ അജന്‍ഡ നടപ്പാക്കപ്പെടുന്നുണ്ട്‌. ജനങ്ങളില്‍ അവിശ്വാസം വളര്‍ത്തി വര്‍ഗീയമായി വിഭജിച്ച്‌ ഭാവിയിലെങ്കിലും രാഷ്‌ട്രീയ നേട്ടമുണ്ടാക്കാന്‍ യത്‌നിക്കുന്നവരുടെ അജന്‍ഡ. സ്വന്തം പെണ്‍കുട്ടികളെ വലയിലാക്കാന്‍ നടക്കുന്നവര്‍ എന്ന്‌ മറ്റൊരു മത വിഭാഗത്തെക്കുറിച്ച്‌ ഒരു വിഭാഗത്തിലെ രക്ഷിതാക്കള്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍... സുഹൃത്തുക്കളായി കണ്ടിരുന്നവരെ അവിശ്വാസത്തോടെ കാണാന്‍ പ്രേരിപ്പിക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. അതിന്‌ വളമിടരുതെന്ന ചിന്ത ഇന്റലിജന്‍സിനായാലും വാരികക്കായായും കോടതിക്കായാലും ഉണ്ടാകേണ്ടതുണ്ട്‌.