2014-02-28

സു(ധീര)കുമാര ചരിതം ഒന്നാം ദിവസം


കേരളത്തിലെ വിവിധ ജാതി വിഭാഗങ്ങള്‍ക്ക് അവരെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സംഘടനകള്‍കൊണ്ട് എന്താണ് പ്രയോജനം. എണ്ണം കൊണ്ടും സമ്പത്ത് കൊണ്ടും തീര്‍ത്തും ദുര്‍ബലമായ ചില വിഭാഗങ്ങളുടെ പരാധീനതകളും പരാതികളും ഉന്നയിക്കുന്നതിനൊരു വേദിയായി ചില സംഘടനകളെങ്കിലും നിലവിലുണ്ട് എന്നത് സമ്മതിക്കാം. സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ധര്‍ണയില്‍ അവസാനിക്കുന്നതാണ് അവയുടെ പരമാവധി മുന്നേറ്റം. ചില നിയമസഭാ മണ്ഡലങ്ങളിലെങ്കിലും വിജയം നിര്‍ണയിക്കുന്നതിലൊരു ഘടകമാണെന്നതില്‍ ആ മണ്ഡലത്തിലെ ജനപ്രതിനിധി ഇവരുടെ പരാതികള്‍ ഏറ്റെടുത്ത് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാറുമുണ്ട്. ഇത്തരം സംഘടനകളുടെ നേതൃതലത്തിലുള്ളവരെ ഏതെങ്കിലും പാര്‍ട്ടികളുടെ നേതാക്കളോ മന്ത്രിമാരോ അങ്ങോട്ടുപോയി കണ്ടതായി ചരിത്രമില്ല. അത്തരത്തിലൊരു കാഴ്ച സംസ്ഥാനത്താകെയുള്ള വോട്ട് രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാക്കില്ലെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് സന്ദര്‍ശനങ്ങളുടെ ചരിത്രം രചിക്കപ്പെടാതെ പോകുന്നത്.


ഒരു പാര്‍ലിമെന്റ് മണ്ഡലത്തിലെ വിജയം നിര്‍ണയിക്കാനുള്ള ത്രാണിയെങ്കിലുമുണ്ടെങ്കിലേ, നേതാക്കളുടെയും മന്ത്രിമാരുടെയും സന്ദര്‍ശനാനുമതി വേഗത്തില്‍ ലഭിക്കുകയെങ്കിലും ചെയ്യൂ. ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ നാടാര്‍ വിഭാഗം സമ്മര്‍ദമുയര്‍ത്തിയതും അന്ന് നാടാര്‍ വിഭാഗവുമായി ചര്‍ച്ചകള്‍ നടത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറായതും ശക്തന്‍ നാടാരുടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലൂടെ അതിന് പ്രതിഫലം ലഭിച്ചതും തെളിവായ് പറയാം.


ഇത്തരമൊരു അവസ്ഥയില്‍ നിന്ന് വേണം എണ്ണം കൊണ്ടോ വണ്ണം കൊണ്ടോ സമ്പത്തു കൊണ്ടോ അവകാശപ്പെടുന്ന വരേണ്യതകൊണ്ടോ  വലിയ സംഘടനകളായി മാറിയ എസ് എന്‍ ഡി പി, എന്‍ എസ് എസ് തുടങ്ങിയ സംഘടനകളെയും അവയുടെ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളെയും അതിനെ വിലവെക്കാന്‍ തയ്യാറാകുന്ന രാഷ്ട്രീയ നേതൃത്വത്തെയും വിലയിരുത്താന്‍. സമുദായ പരിഷ്‌കരണമായിരുന്നു ഈ സംഘടനകളുടെയൊക്കെ രൂപവത്കരണോദ്ദേശ്യം. അതില്‍ വലിയ സംഭാവനകള്‍ നല്‍കാന്‍ അവക്ക് സാധിച്ചിട്ടുമുണ്ട്. ക്രിസ്തീയ സഭകള്‍ മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണെങ്കില്‍ക്കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും സ്ഥാപിച്ച് സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ജനങ്ങളെ സേവിക്കാന്‍ തയ്യാറായത് ജാതി സംഘടനകള്‍ മാതൃകയാക്കിയിരുന്നു.


ഹിന്ദു മതത്തിനുള്ളില്‍ നിലനിന്നിരുന്ന തീണ്ടലിന്റെയും തൊടീലിന്റെയും പ്രത്യക്ഷ രൂപങ്ങളെങ്കിലും അവസാനിപ്പിക്കുന്നതിനുള്ള യത്‌നത്തിലും വലിയ സംഭാവനകള്‍ ഇവക്ക് നല്‍കാനായി. ഇല്ലത്തെ കാര്യസ്ഥവും വലിയ തിരുമേനിമാരുടെ സംബന്ധവുമായി കഴിഞ്ഞ് കൂടിയിരുന്ന സമുദായത്തിന് വ്യക്തിത്വം സ്ഥാപിച്ച് നല്‍കുന്നതില്‍ എന്‍ എസ് നേതൃത്വം വഹിച്ച പങ്ക് ചെറുതല്ല താനും. പക്ഷേ, ഇതെല്ലാം ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് മാത്രമാണ് ഇന്ന്.


പുതിയ കാലഘട്ടത്തില്‍ സമുദായത്തിന്റെ എന്ത് പ്രശ്‌നങ്ങളാണ് ഈ സംഘടനകള്‍ അഭിമുഖീകരിക്കുന്നത്? അല്ലെങ്കില്‍ സംഘടനകളും അവരുടെ നേതൃത്വവും അഭിമുഖീകരിക്കേണ്ട പ്രശ്‌നങ്ങളോ പരാധീനതകളോ ഈ സമുദായങ്ങള്‍ നേരിടുന്നുണ്ടോ? ഈ സംഘടനകള്‍, നിലവില്‍ പിന്തുടരുന്ന സമ്മര്‍ദ രീതി കൂടാതെ തന്നെ സമുദായങ്ങളെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം അഭിസംബോധന ചെയ്യുന്നില്ലേ? കാല്‍ നൂറ്റാണ്ടിനിടെ, എസ് എന്‍ ഡി പി യോഗ നേതൃത്വം സജീവമായി ഇടപെട്ട ഏക പ്രശ്‌നം പി എസ് സി നിയമനങ്ങളിലെ ക്രമക്കേട് മൂലം സംവരണ സമുദായങ്ങള്‍ക്ക് നഷ്ടപ്പെട്ട തൊഴിലവസരങ്ങള്‍ തിരികെക്കിട്ടുക എന്നതായിരുന്നു. അവസരനഷ്ടമുണ്ടായ ഇതര സമുദായങ്ങളെ കൂടെ നിര്‍ത്തി, സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനും ജസ്റ്റിസ് നരേന്ദ്രന്റെ നേതൃത്വത്തിലൊരു കമ്മീഷനെ നിയോഗിപ്പിച്ച് വസ്തുതകള്‍ കണ്ടെത്താനും സാധിച്ചു.


നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ബാക്ക് ലോഗ് നികത്തപ്പെട്ടില്ലെങ്കിലും ഭാവിയില്‍ അവസരനഷ്ടമുണ്ടാകാതിരിക്കാന്‍ പാകത്തിലൊരു സംവിധാനം ഏര്‍പ്പെടുത്തപ്പെട്ടു. ഈ പ്രക്ഷോഭത്തിന്റെ നേതൃനിരയില്‍ എസ് എന്‍ ഡി പിയുണ്ടായിരുന്നുവെങ്കിലും പരിഹാരമാര്‍ഗങ്ങളുണ്ടാക്കുന്നതില്‍ വിജയമുണ്ടാകാന്‍ കാരണം കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ നടത്തിയ സമ്മര്‍ദമായിരുന്നുവെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാകും.


എന്‍ എസ് എസ്സിന്റെ കാര്യമെടുത്താലും സംവരണവിഷയത്തിലുള്ള ഇടപെടല്‍ മാത്രമാണ്, ആ സമുദായത്തെ സംബന്ധിച്ച്, കാല്‍ നൂറ്റാണ്ടിനിടയിലെ ഏക സംഭാവന എന്ന് പറയേണ്ടിവരും. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിന് പിന്നാലെ, സംവരണ വിഭാഗങ്ങളില്‍ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും അതിന് വേണ്ടി നടന്ന വ്യവഹാരങ്ങളില്‍ പങ്കാളികളാകുകയും അനുകൂല ഉത്തരവ് നേടിയെടുക്കുകയും ചെയ്തു എന്‍ എസ് എസ് നേതൃത്വം. പിന്നീട് രണ്ട് കുറി പരീക്ഷിച്ച് പരാജയപ്പെട്ട നായരീഴവ ഐക്യത്തിന്റെ കാലത്തും സംവരണ കാര്യത്തില്‍ ഈ സംഘടനകള്‍ ഭിന്നാഭിപ്രായം നിലനിര്‍ത്തിയിരുന്നു.


രണ്ട് സംഘടനകള്‍ക്കും പൊതുവായുള്ള താത്പര്യത്തില്‍ മുഖ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. അതില്‍ എയിഡഡ് വിഭാഗത്തില്‍പ്പെടുന്നവ, സര്‍ക്കാര്‍ ശമ്പളമുള്ളതിനാല്‍ പ്രയാസമേതും കൂടാതെ നടന്ന് പോകും. പൊതുഭരണവും അധ്യാപക - അനധ്യാപക നിയമനത്തിലെ കോഴ പിരിക്കലും മാത്രമാണ് സംഘടനകള്‍ക്കുള്ള ജോലി. സ്വാശ്രയമാണെങ്കില്‍ (അതില്‍ എന്‍ എസ് എസ് അല്‍പ്പം പിന്നാക്കമാണ്) സര്‍വ സീമകളും ലഘിച്ച ലേലം വിളിയായതിനാല്‍, പൊന്‍മുട്ടയിടുന്ന താറാവായി അല്‍പ്പകാലം കൂടി നിലനില്‍ക്കും. അവിടെ പണമാണ് അവസരം നിശ്ചയിക്കുക, സ്വസമുദായാംഗമെന്നത് അതിന് പിറകിലേ വരൂ. കുറി, സ്വാശ്രയ സംഘങ്ങള്‍ വഴി നടത്തപ്പെടുന്ന മൈക്രോ ഫിനാന്‍സ് സംരംഭം എന്നിവയൊക്കെയാണ് ഇതര സേവന മേഖലകള്‍. അതൊക്കെ ചില സ്വാംശീകരണങ്ങള്‍ മാത്രമാണ്. ഏതെങ്കിലും സംഘടനകളുടെ പ്രേരണയാലോ മുന്‍കൈയാലോ അല്ലല്ലോ മലബാറിലെ ഭൂരിഭാഗം മേഖലകളിയും പണപ്പയറ്റിന്റെ രൂപത്തില്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ മൈക്രോ ഫിനാന്‍സ് സംരംഭങ്ങളുണ്ടായത്. അതിനെ അന്നും ഇന്നും ആരും മൈക്രോ ഫിനാന്‍സ് എന്ന ഓമനപ്പേരിട്ട് വിളിച്ചിട്ടില്ല എന്ന് മാത്രം.


വര്‍ഷാവര്‍ഷം ബജറ്റവതരിപ്പിച്ച് പാസ്സാക്കുക, മന്നം ജയന്തി ആഘോഷിക്കുകയും മന്നം സമാധി ആചരിക്കുകയും ചെയ്യുക എന്നിവയിലേക്ക് കാര്യപരിപാടി ചുരുങ്ങിയ അവസ്ഥയിലാണ് എന്‍ എസ് എസ്. ശ്രീനാരായണ ഗുരു ജയന്തി ആഘോഷവും സമാധി ആചരണവും, ശിവഗരി തീര്‍ഥാടന നടത്തിപ്പിലെ പങ്കാളിത്തം എന്നിവയില്‍ ഏറെക്കുറെ അവസാനിക്കുന്നു എസ് എന്‍ ഡി പിയുടെ കാര്യപരിപാടിയും. പിന്നീടുള്ളത് രാഷ്ട്രീയ പാര്‍ട്ടികളുടെ മാതൃകയില്‍ സംഘടിപ്പിക്കപ്പെടുന്ന സമ്മേളനങ്ങളും അവയില്‍ ആവര്‍ത്തിക്കുന്ന കരുത്തിന്റെ പ്രഖ്യാപനവും മാത്രമാണ്. താലമേന്തുന്ന വനിതാ രത്‌നങ്ങളും ബഹുവര്‍ണക്കുടകളും (എസ് എന്‍ ഡി പിയുടെ കാര്യത്തില്‍ പീതവര്‍ണക്കുടകള്‍ക്ക് മുന്‍തൂക്കമുണ്ടാകും) കാണികള്‍ക്ക് സമ്മാനിക്കുന്നത് കൗതുകമാണോ ആചാരങ്ങളുടെ ആവര്‍ത്തനമുണ്ടാക്കുന്ന വെറുപ്പാണോ എന്നതില്‍ മാത്രമേ തര്‍ക്കമുള്ളൂ.  ഇങ്ങനെ നിഷ്‌ക്രിയവും ഭാവനാശൂന്യവുമാകുന്ന സംഘടനകള്‍ക്കും അവയെ നിലനിര്‍ത്തേണ്ടത് സ്വന്തം നിലനില്‍പ്പിന് അനിവാര്യമാണെന്ന് തിരിച്ചറിയുന്ന നേതാക്കള്‍ക്കും അര്‍ഹിക്കുന്നതിലുമധികം വലുപ്പമുണ്ടെന്ന് അവകാശപ്പെടുകയും അത് നേടിയെടുക്കാന്‍ വേണ്ടി നാടകങ്ങള്‍ സൃഷ്ടിക്കുകയും മാത്രമേ നിവൃത്തിയുള്ളൂ. അതിലൊന്നാണ് അടുത്തിടെ പെരുന്നയില്‍ കണ്ടത്. അതിന്റെ തന്നെ മറ്റ് രംഗങ്ങളാണ് നായരീഴവ ഐക്യ സ്ഥാപനവും പിന്നീടുള്ള വേര്‍പിരിയല്‍ പ്രഖ്യാപനങ്ങളും (ഭിന്നകാലങ്ങളില്‍).


ഇത്തരം പ്രഹസനങ്ങളിലൂടെ, ഗോലിയാത്തുകളെന്ന് അവകാശപ്പെടാന്‍ സുകുമാരന്‍ നായര്‍, വെള്ളാപ്പള്ളി നടേശന്‍ ആദിയായവര്‍ക്ക് അവസരം നല്‍കുന്നതില്‍ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, വിശിഷ്യ കോണ്‍ഗ്രസ് നല്‍കിയ സംഭാവനകള്‍ ചെറുതല്ലാത്തതാണ്. എന്‍ എസ് എസ്, എസ് എന്‍ ഡി പി നേതാക്കളെ അങ്ങോട്ട് ചെന്ന് വണങ്ങുന്നതില്‍ നിന്ന് പ്രായേണ വിട്ടുനില്‍ക്കുന്നുണ്ട് ഇടത് മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി പി എമ്മിന്റെ നേതാക്കളെങ്കിലും (എല്ലാ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന സന്ദര്‍ശനങ്ങളെ ഒഴിവാക്കി നിര്‍ത്തുന്നു, അതിലെ അനാവശ്യവും അയുക്തിയും ഓര്‍മിച്ചുകൊണ്ടുതന്നെ) ഇതര മത വിഭാഗങ്ങളുടെ നേതൃത്വത്തോട് സ്വീകരിക്കുന്ന ഭിന്ന സമീപനം, തങ്ങളെ വന്ന് കണ്ടില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന ഭീഷണിയുയര്‍ത്താന്‍ എന്‍ എസ് എസ്, എസ് എന്‍ ഡി പി നേതൃത്വങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിന്റെ പേരില്‍ താമരശ്ശേരി രൂപതാ ബിഷപ്പിനെ മുന്‍കൂര്‍ അനുമതി വാങ്ങിക്കണ്ട പിണറായി വിജയന്‍, ഏതാണ്ട് സമാന നിലപാട് സ്വീകരിച്ച എസ് എന്‍ ഡി പിയുടെ മലനാട് മേഖലാ നേതാക്കളെ കാണാന്‍ ആലോചിച്ചിട്ട് പോലുമുണ്ടാകില്ല.


വിവിധ വിഷയങ്ങളില്‍ ദീര്‍ഘദൃഷ്ടിയോടെയുള്ള നയനിലപാടുകള്‍ സ്വീകരിക്കുകയും അതിന്റെ ന്യായയുക്തി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ വിജയം നേടുകയും ചെയ്യേണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍, തിരഞ്ഞെടുപ്പ് വിജയത്തിന് എളുപ്പവഴിയിലുള്ള ക്രിയയായി സമുദായബന്ധത്തെ കാണുന്നത് കൊണ്ടുകൂടിയാണ് കെ പി സി സി പ്രസിഡന്റ് വരുമ്പോള്‍ മുറിയടച്ചിരിക്കാനുള്ള ധാര്‍ഷ്ട്യം സുകുമാരന്‍ നായരെപ്പോലുള്ളവര്‍ക്കുണ്ടാകുന്നത്. കെ പി സി സിയുടെ പ്രസിഡന്റല്ല, എ ഐ സി സിയുടെ പ്രതിനിധി നേരിട്ട് വന്ന് സംസാരിക്കാന്‍ പാകത്തില്‍ വലുപ്പമുണ്ട് തങ്ങള്‍ക്ക് എന്ന മിഥ്യാബോധം സുകുമാരന്‍ നായര്‍ക്ക് സൃഷ്ടിച്ച് നല്‍കുന്നതില്‍ വലിയ പങ്ക് ഇപ്പോള്‍ അപമാനിതനായ സുധീരന്റെ  പൂര്‍വസൂരികള്‍ക്കുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് എ ഐ സി സിയുടെ പ്രതിനിധിയായ വിലാസ് റാവു ദേശ്മുഖിനെ എന്‍ എസ് എസ് ആസ്ഥാനത്തേക്ക് ആനയിച്ച് ചര്‍ച്ച നടത്തിയത് ചെറിയ ഉദാരഹണം മാത്രം.


സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്നവരാകരുത് കോണ്‍ഗ്രസ് നേതാക്കളെന്ന് ഇപ്പോള്‍ ഗീര്‍വാണം മുഴക്കുന്ന നേതാക്കളും താമസം വിനാ പൂര്‍വസൂരികളുടെ കാലടികളെപ്പിന്തുടരുന്നത് കാണേണ്ടിവരുമോ എന്നതില്‍ മാത്രമേ സംശയമുള്ളൂ.
സമുദായ നേതാക്കള്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യത്തെക്കുറിച്ച് മുന്‍കാലങ്ങളില്‍ വാതോരാതെ സംസാരിച്ചിരുന്ന വി എം സുധീരന്‍, കെ പി സി സി പ്രസിഡന്റായി ദിവസങ്ങള്‍ക്കുള്ളില്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്ക് പോയത് 'ആചാര്യനോ'ടുള്ള ബഹുമാനസൂചകം മാത്രമാണെന്ന് ധരിപ്പാന്‍ അന്നാഹാരം കഴിപ്പവര്‍ക്ക് (വി എസ് അച്യുതാനന്ദനോടും മുല്ലപ്പള്ളി രാമചന്ദ്രനോടും കടപ്പാട്) പ്രയാസമുണ്ടാകും. രമേശ് ചെന്നിത്തലക്ക് താക്കോല്‍ സ്ഥാനം ലഭിച്ചപ്പോള്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനം നായര്‍ സമുദായത്തിന് നഷ്ടമായെന്ന് കരുതുന്ന എന്‍ എസ് എസ് നേതൃത്വത്തെ, ഇതര സമുദായാംഗമാണെങ്കിലും എന്‍ എസ് എസ്സിനെയും മന്നത്തപ്പനെയുമൊക്കെ ആദരിക്കുന്നവനാണെന്ന് ബോധ്യപ്പെടുത്താന്‍ തന്നെയായിരുന്നു സുധീരശ്രമം. അതുവഴി സമദൂരബന്ധ പുനഃസ്ഥാപനവും. എന്തായാലും ഈഴവനായ കെ പി സി സി പ്രസിഡന്റിനെ കവാടത്തില്‍ വെച്ച് സ്വീകരിച്ച് ആഢ്യത്വത്തില്‍ കുറവ് വരുത്താന്‍ നായര്‍ പ്രമാണി തയ്യാറായില്ല. പരോക്ഷമായി നിലകൊള്ളുന്ന ജാതിത്വത്തെ ഇല്ലായ്മചെയ്യാനുള്ള പരിഷ്‌കരണമാണ് കാലങ്ങള്‍ക്ക് മുമ്പേ തുടങ്ങേണ്ടിയിരുന്നത്. അത്തരം ഭാവനകളില്ലാതായതു കൊണ്ടുകൂടിയാണ് എന്‍ എസ് എസ്സിന്റെ ജനറല്‍ സെക്രട്ടറിക്ക് ഈ ധാര്‍ഷ്ട്യമുണ്ടാകുന്നതും.    

2014-02-25

അമൃതാനന്ദ'മാ'യം


അമൃതാനന്ദമയിയെക്കുറിച്ചും അവരുടെ ആശ്രമത്തെക്കുറിച്ചും മുന്‍കാലത്തും ഇപ്പോഴുമുയര്‍ന്ന ആരോപണങ്ങള്‍ ഏതെങ്കിലും വിധത്തില്‍ മതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നുണ്ടോ? ലൈംഗിക അതിക്രമം, അനധികൃത സ്വത്ത് സമ്പാദനം, സമ്പാദ്യത്തിന്റെ ദുരുപയോഗം, ഭൂമി കൈയേറ്റം എന്ന് തുടങ്ങിയ ആരോപണങ്ങള്‍ എങ്ങനെയാണ് മതത്തിനും ഹിന്ദു ധര്‍മ സ്ഥാനപങ്ങള്‍ക്കും എതിരായി മാറുക? ആരോപണങ്ങള്‍ക്ക് ഈ സ്വഭാവം ചാര്‍ത്തിനല്‍കാന്‍ ശ്രമിക്കുന്നവര്‍ ലക്ഷ്യമാക്കുന്നത് എന്താണ്?


ഗായത്രി എന്ന് മഠം പുനര്‍നാമകരണം നടത്തിയ ഗെയില്‍ ട്രെഡ്‌വെല്‍ എന്ന ആസ്‌ത്രേലിയക്കാരി തന്റെ പുസ്തകത്തില്‍ അമൃതാനന്ദമയിക്കും ആശ്രമത്തിനും അതിന്റെ നേതൃതലത്തിലുള്ളവര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഈ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടോ എന്നറിയാന്‍ ചില മാധ്യമങ്ങളെങ്കിലും നടത്തിയ ശ്രമങ്ങളും. ഈ ആരോപണങ്ങളോട് തുടക്കത്തില്‍ മൗനം പാലിച്ച അമൃതാനന്ദമയിയും മഠവും പിന്നീട് നടത്തിയ പ്രതികരണത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്. ''വിചാരിച്ച കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ പലരും പലതും പറഞ്ഞു നടക്കുന്നുണ്ട്'', ''മറ്റ് പലരും ത്യാഗത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഒന്നും പ്രവര്‍ത്തിക്കുന്നില്ല. മക്കളെല്ലാവരും ജീവന്‍മുക്തരായവരോ വേദം പഠിച്ചവരോ അല്ല. അവര്‍ക്ക് പലകാര്യങ്ങളിലും തെറ്റ് പറ്റിയിട്ടുണ്ടാകാം. എന്നാല്‍ പലരും പറഞ്ഞു നടക്കുന്നതു പോലുള്ള കാര്യങ്ങള്‍ ആശ്രമത്തില്‍ സംഭവിച്ചിട്ടില്ല. മതവികാരം ഇളക്കിവിട്ട് ഗുസ്തി പിടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്''. ആരോപണങ്ങളെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത് അമൃതാനന്ദമയിയുടെ ആശ്രമം നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മറക്കരുത്, അത് മറക്കാന്‍ തനിക്കാകില്ല എന്നുമാണ്. അമൃതാനന്ദമയി മഠത്തിനു നേര്‍ക്ക് നടക്കുന്ന ആക്രമണം എല്ലാ ഹൈന്ദവ മതസ്ഥാപനങ്ങള്‍ക്കും നേര്‍ക്കുള്ള ആക്രമണമാണെന്നാണ് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍ അഭിപ്രായപ്പെട്ടത്.


വിചാരിച്ച കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ പലരും പലതും പറഞ്ഞു നടക്കുന്നുവെന്ന് അമൃതാനന്ദമയി പറയുമ്പോള്‍ 20 കൊല്ലത്തോളം കൂടെ നടന്ന ഗെയില്‍ ട്രെഡ്‌വെല്ലിനെയാണ് ഉദ്ദേശിക്കുന്നത് എന്ന് കരുതണം. താന്‍ വിചാരിച്ച കാര്യങ്ങള്‍ നടക്കണമെന്ന് ആഗ്രഹിച്ച ഒരാള്‍ ഇത്രയും കാലം തന്റെ അടുത്ത പരിചാരികയായുണ്ടായിരുന്നുവെന്നാണ് അമൃതാനന്ദമയി പറയുന്നത്. മറ്റു ചിലര്‍ വിചാരിച്ച കാര്യങ്ങള്‍ ബലം പ്രയോഗിച്ച്, തന്റെ മേല്‍ നടപ്പാക്കിയെന്നാണ് ഗെയില്‍ ട്രെഡ്‌വെലിന്റെ വാദം. സ്വാര്‍ഥ വിചാരങ്ങളുമായി നടക്കുന്നവര്‍ ആശ്രമത്തിലുണ്ടെന്നും അത് നടത്തിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുമാണ് അമൃതാനന്ദമയിയുടെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കേണ്ടത്. വേദം പഠിപ്പിക്കാനും മക്കള്‍ക്ക് സേവനം ചെയ്യാന്‍ മനസ്സിനെ പാകപ്പെടുത്തിയെടുക്കാനും താന്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്ന തുറന്ന സമ്മതമായി വേണം ഇതിനെ കാണാന്‍. 20 കൊല്ലം പരിചാരികയായി കൂടെ നടന്ന സ്ത്രീയുടെ മനസ്സിനെ, താനുദ്ദേശിക്കും വിധത്തില്‍ പാകപ്പെടുത്തിയെടുക്കാന്‍ സാധിച്ചില്ലെന്ന് സമ്മതിക്കുമ്പോള്‍ സുധാമണിയില്‍ നിന്ന് അമൃതാനന്ദമയിയിലേക്കുള്ള വളര്‍ച്ച വെറും അവകാശവാദം മാത്രമായി മാറും. വള്ളിക്കാവിലും മറ്റ് ഉപകേന്ദ്രങ്ങളിലും നടക്കുന്നത് ആത്മീയ വ്യാപാരം മാത്രമാണെന്ന, ദീര്‍ഘകാലമായുള്ള വിമര്‍ശത്തെ അംഗീകരിക്കലായി ഇതിനെ കാണേണ്ടിവരും.


മതവികാരം ഇളക്കിവിട്ട് ഗുസ്തി പിടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് പറയുമ്പോള്‍, ആ ശ്രമം ആര് നടത്തുന്നുവെന്ന് കൂടി പറയാനുള്ള പ്രാഥമിക ഉത്തരവാദിത്വം അമൃതാനന്ദമയിക്കുണ്ട്. ആരോപണമുന്നയിച്ച ആസ്‌ത്രേലിയക്കാരിക്ക് കേരളത്തില്‍ മതവികാരം ഇളക്കിവിടേണ്ട ആവശ്യമില്ല തന്നെ. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ അവിശ്വസിക്കേണ്ടതില്ലെന്ന് ആശ്രമത്തില്‍ ദീര്‍ഘകാലം അന്തേവാസിയായിരുന്ന, അമൃതാനന്ദമയിയുടെ ആദ്യത്തെ ജീവചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവായ പ്രൊഫ. രാമകൃഷ്ണന്‍ നായര്‍ പറയുന്നു. ഇദ്ദേഹം ഏത് മതത്തിന്റെ വികാരം ഇളക്കിവിടാനാണ് ശ്രമിക്കുന്നത്? പുസ്തകത്തിലെ പരാമര്‍ശങ്ങളും രാമകൃഷ്ണന്‍ നായരുടെ അഭിപ്രായവും പ്രസിദ്ധം ചെയ്ത മാധ്യമങ്ങളാണ് മതവികാരം ഇളക്കിവിടാന്‍ ശ്രമിച്ചത് എന്നാണെങ്കില്‍, കേരളത്തില്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നത് മാത്രമേ പരിഹാരമുള്ളൂ. സാധാരണ നിലക്ക് ഇത്തരം പരാമര്‍ശങ്ങളെയൊക്കെ വെളിപ്പെടുത്തലുകളായി അവതരിപ്പിക്കുന്നതാണ് മാധ്യമങ്ങളുടെ (ദൃശ്യത്തിലെങ്കിലും) പതിവെങ്കില്‍ ഈ പുസ്തകത്തിലെ ഉള്ളടക്കത്തെ ആരോപണമെന്ന നിലക്ക് പരാമര്‍ശിക്കാന്‍ ശ്രദ്ധിച്ചിരുന്നുവെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.


മതവികാരം ഇളക്കിവിടാന്‍ ശ്രമമെന്ന കുറ്റപ്പെടുത്തലില്‍ അമൃതാനന്ദമയി പരിമിതപ്പെടുത്തുമ്പോള്‍ ഹൈന്ദവ മതസ്ഥാപനങ്ങള്‍ക്കെല്ലാം നേര്‍ക്കുള്ള ആക്രമണമാണിതെന്ന് പി പരമേശ്വരന്‍ കുറ്റപ്പെടുത്തുന്നു. സംഘ് പരിവാരത്തിന്റെ ആകെ അഭിപ്രായമാണ് ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടറിലൂടെ പൂറത്തുവരുന്നത്. സത്യസായി ബാബയെക്കുറിച്ച് അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിരവധി ആരോപണങ്ങളുയര്‍ന്നിരുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നത് മുതല്‍ കൊലപാതകം വരെയുള്ള ആരോപണങ്ങള്‍. സത്യസായിയുടെ നിര്യാണത്തിന് ശേഷം പ്രശാന്തി നിലയത്തില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുന്നുവെന്ന ആരോപണങ്ങളുണ്ടായി. ഇവിടെ നിന്ന് പുറത്തേക്ക് കടത്തിയ ലക്ഷക്കണക്കിന് രൂപ പോലീസ് പിടികൂടുകയും ചെയ്തു. ഇത്തരം ആരോപണങ്ങള്‍ ഏതെങ്കിലും ഹിന്ദു മത സ്ഥാപനത്തിന്റെ പ്രശസ്തിയെയോ നിലനില്‍പ്പിനെയോ ബാധിച്ചതായി അറിവില്ല. പെണ്‍കുട്ടികളെ ലൈംഗികമായി കൈയേറ്റം ചെയ്തതിന് ആശാറം ബാപ്പുവും മകന്‍ നാരായണ്‍ സായിയും അറസ്റ്റിലായപ്പോഴും രാജ്യത്തെ ഹിന്ദു മത സ്ഥാപനങ്ങള്‍ക്ക് അഹിതമെന്തെങ്കിലുമുണ്ടായതായി അറിവില്ല. ആശാറാമിന്റെയും മകന്റെയും അറസ്റ്റും ഹിന്ദുമത സ്ഥാപനങ്ങള്‍ക്കു നേര്‍ക്കുള്ള ആക്രമണമായി പി പരമേശ്വരന്‍ കാണുന്നുവെങ്കില്‍, ആ ആക്രമണത്തില്‍ ചെറിയൊരു പങ്കിന് കാര്‍മികത്വം വഹിച്ചത് സാക്ഷാല്‍ നരേന്ദ്ര മോദിയാണ്. അദ്ദേഹത്തെ തള്ളിപ്പറയുമോ ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഡയറക്ടര്‍?


സത്യസായിയെയോ ആശാറാമിനെയോ അപേക്ഷിച്ച് ആര്‍ എസ് എസ്സുമായി നേരിട്ട് ദൃഢബന്ധം നിലനിര്‍ത്തുന്നുണ്ട് അമൃതാനന്ദമയീ മഠം. അത് അമൃതാനന്ദമയിയുടെ അറിവോടെയാണോ അല്ലയോ എന്നതിലേ തര്‍ക്കം ബാക്കിയുള്ളൂ. ഈ ദൃഢബന്ധം മൂലമാണ് ഇത് ഹിന്ദുമതസ്ഥാപനങ്ങള്‍ക്കു നേര്‍ക്കുള്ള ആക്രമണമായി പി പരമേശ്വരന്‍ വിലയിരുത്തുന്നത്. അത്തരം വിലയിരുത്തലുകള്‍ക്ക് വലിയ പ്രചാരം നല്‍കി മതവികാരം ഇളക്കിവിടാനും ആശ്രമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതിനെ തടയാനും ശ്രമിക്കുന്നത് സംഘ് പരിവാറും അതിന്റെ ജിഹ്വകളുമാണെന്ന് ചുരുക്കം. പ്രതിരോധിക്കേണ്ടത്, മതത്തിന്റെ പേരിലാണെന്ന സംഘിന്റെ സന്ദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാകണം മതവികാരം ഇളക്കിവിടാന്‍ ശ്രമമെന്ന അമൃതാനന്ദമയിയുടെ പ്രതികരണവും.


അമൃതാനന്ദമയിക്കും ആശ്രമത്തിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചൊന്നും അറിവില്ലായ്മ നടിച്ചുകൊണ്ടാണ്, ആശ്രമം നല്‍കിയ സേവനങ്ങള്‍ മറക്കരുത് എന്ന് സംസ്ഥാന മുഖ്യമന്ത്രി ഏവരോടും ആഹ്വാനം ചെയ്തത്. ഡീംഡ് സര്‍വകലാശാലാ പദവിയുള്ള അമൃത മെഡിക്കല്‍ കോളജ്, നിരവധിയായ സ്‌കൂളുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സുനാമി ബാധിതരടക്കമുള്ളവര്‍ക്കായി നിര്‍മിച്ചു നല്‍കിയ വീടുകള്‍  തുടങ്ങിയവയൊക്കെ ഓര്‍ത്തുപോയിട്ടുണ്ടാകണം ഉമ്മന്‍ ചാണ്ടി. ഇവയിലൊക്കെ ഏത് വിധം സേവനങ്ങള്‍ നടക്കുന്നുവെന്ന് അന്വേഷിക്കേണ്ട ബാധ്യത കൂടിയുണ്ട് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക്. ഇവക്കൊക്കെ വേണ്ടി സര്‍ക്കാറിളവുകള്‍ എന്തൊക്കെ നല്‍കിയിട്ടുണ്ടെന്നും അതിന് ആനുപാതികമായ സേവനം ലഭിക്കുന്നുണ്ടോയെന്നും കൂടി അന്വേഷിക്കണം. അമൃത മെഡിക്കല്‍ കോളജിലെ സീറ്റുകള്‍ക്കുള്ള തലവരി, സ്വാമിമാര്‍ സംഭാവന രൂപത്തില്‍ ഈടാക്കുന്ന സമ്പ്രദായത്തിന്റെ ഇരകളായവര്‍ ഇവിടെ നിരവധിയുണ്ട്.


ജോലിക്ക് അര്‍ഹമായ കൂലി ആവശ്യപ്പെട്ട് കേരളത്തില്‍ ആദ്യമായി നഴ്‌സുമാര്‍ സമരം ചെയ്തത് ഇവിടെയാണ്. എല്ലാവരോടും ക്ഷമിക്കാന്‍ പഠിപ്പിക്കുന്ന അമൃതാനന്ദമയിയുടെ ശിഷ്യന്‍മാരായ മാനേജ്‌മെന്റ് വിദഗ്ധര്‍ ഏത് രീതിയിലാണ് ആ സമരത്തെ നേരിട്ടത് എന്നത് എല്ലാവരും കണ്ടതുമാണ്. വിദേശത്തുനിന്നൊഴുകിയെത്തുന്ന കോടിക്കണക്കിന് രൂപയിലൊരു വിഹിതം (കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ അത് 60 കോടിയോളം രൂപയാണ്. ഇത് ഏത് വിധത്തില്‍ ചെലവിട്ടുവെന്നതിന്റെ കണക്ക് അമൃതാനന്ദമയി ആശ്രമം കേന്ദ്ര സര്‍ക്കാറിന് നല്‍കിയിട്ടുമില്ല) ചെലവിട്ട് ഏതാനും പേര്‍ക്ക് വീട് വെച്ച് കൊടുക്കുന്നതില്‍ ദയാവായ്പിന്റെ കണികയോ സേവനത്തിന്റെ ഉദാത്തതയോ കാണുന്നുവെങ്കില്‍ കാഴ്ചക്കും കാഴ്ചപ്പാടിനും തകരാറുണ്ടെന്ന് കരുതേണ്ടിവരും.


ആത്മീയതയുടെയോ ദൈവത്തിന്റെ തന്നെയോ പ്രതിരൂപമായി സ്വയം ചിത്രീകരിച്ച്, അതിനെ വിശ്വസിപ്പിക്കാന്‍ പാകത്തിലുള്ള പ്രകടനങ്ങള്‍ നടത്തുകയും കഥകള്‍ മെനഞ്ഞ് അസൂത്രിതമായി പ്രചരിപ്പിക്കുകയും ചെയ്ത്  സമ്പാദിച്ച പണം ചെലവഴിച്ച് കെട്ടിപ്പടുക്കുന്ന വ്യാപാര, വ്യവസായ കേന്ദ്രങ്ങളാണ് അമൃതാനന്ദമയി മഠത്തിന് കീഴിലുള്ള സ്ഥാപനങ്ങളെല്ലാം.  വാണിജ്യത്തെ കൂടുതല്‍ പുഷ്ടിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രകടിപ്പിക്കുന്ന കാരുണ്യമാണ് പലപ്പോഴും പെരുപ്പിച്ചെഴുതപ്പെട്ട കഥകളായി പുറത്തേക്ക് എത്തുക. ചികിത്സാ, പഠന സൗകര്യങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ളവ പെരുപ്പിച്ചെഴുതാനുള്ള കഥകളുടെ തന്തുക്കള്‍ മാത്രമാണ്. അനധികൃത നിര്‍മാണങ്ങള്‍, സാമ്പത്തിക തിരിമറികള്‍, ഭൂമി കൈയേറ്റങ്ങള്‍ എന്നിവക്കെല്ലാമുള്ള മറയുമായി ഇവ മാറും. മഠം നടത്തുന്ന സേവനങ്ങളെക്കുറിച്ച് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നതും അതുകൊണ്ടാണ്.


ഇത്തരം തടകളൊന്നും പ്രയോജനം ചെയ്യാതെ വന്നാല്‍ ഉപയോഗിക്കാവുന്ന ആയുധമാണ് മതവികാരം ഇളക്കിവിടുന്നുവെന്ന ആരോപണം. സംഘ് പരിവാര്‍ വക്താക്കള്‍ ഈ ആരോപണമുന്നയിക്കുമ്പോള്‍, അമൃതാനന്ദമയി മഠത്തെ പരിവാരത്തോട് ചേര്‍ന്നു നില്‍ക്കുന്ന സ്ഥാപനമായി ചിത്രീകരിക്കുന്നതിനൊപ്പം അനുയായിവൃന്ദത്തെ ഒപ്പം നിര്‍ത്താനുള്ള അവസരവും അവര്‍ക്കുണ്ട്. ഇതേ ആരോപണം അമൃതാനന്ദമയി നേരിട്ടുന്നയിക്കുമ്പോള്‍, ജാതിമതഭേദമില്ലാതെ എല്ലാവരെയും മക്കളായി കണ്ട് സേവനം ചെയ്യുന്നുവെന്ന അവകാശവാദത്തെ സ്വയം ഖണ്ഡിക്കുകയാണ് അവര്‍. ഹിന്ദുമത സ്ഥാപനമായി സ്വയം അംഗീകരിക്കുകയും അതിന്റെ രക്ഷക്ക് ഹിന്ദുത്വ ശക്തികളുണ്ടാകണമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു അമൃതാനന്ദമയി. വര്‍ഷങ്ങളുടെ യത്‌നം കൊണ്ട്, അമൃതാനന്ദമയിയും ആശ്രമമുള്‍പ്പെടെ സ്ഥാപനങ്ങളും സ്വന്തമാക്കിയ മുഖംമൂടിയല്ല, സംഘ് പരിവാര്‍ ശക്തികളുമായുള്ള ചേര്‍ന്നുനില്‍ക്കലാണ് ഇനിയുള്ള രക്ഷാമാര്‍ഗമെന്ന തിരിച്ചറിയലും ഇവിടെയുണ്ട്. ഈ ഭീഷണി തിരിച്ചറിഞ്ഞ് നേരിടാന്‍ കരുത്തില്ലാത്തതുകൊണ്ടാണ്, മഠത്തിന്റെ സേവനങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി പറയുന്നത്. പ്രതികരണം പഠിച്ചിട്ടാകാമെന്ന് വി എസ് അച്യുതാനന്ദനും മഠത്തെ അവിശ്വസിക്കേണ്ടെന്ന് വി എം സുധീരനും കോറസ് പാടുന്നത്. പതിവില്‍ കവിഞ്ഞുള്ള കരുതല്‍, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാക്കുകള്‍ക്കുണ്ടാകുന്നത്. അവിടെ നാരായണ്‍ കുട്ടി, സത്‌നാം സിംഗ്, ഗെയില്‍ ട്രെഡ്‌വെല്‍ തുടങ്ങി അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ ഇരകളേക്കാള്‍ സ്ഥാനമുണ്ട് അമൃതാനന്ദമയിയുടെ ഭീഷണിക്ക്.

2014-02-23

കാരസ്‌കരത്തിന്‍ കുരു...


ബംഗളൂരു സ്‌ഫോടന പരമ്പര കേസില്‍ അബ്ദുന്നാസര്‍ മഅ്ദനിയില്‍ ആരോപിക്കപ്പെടുന്ന പങ്കാളിത്തം അഞ്ച് വര്‍ഷം മുമ്പ് വലിയ ചര്‍ച്ചാവിഷയമായിരുന്നു.  അതുമൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്.  പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍, എങ്ങനെയെങ്കിലുമൊരു ജയം ലാക്കാക്കി അബ്ദുന്നാസര്‍ മഅ്ദനിക്ക് കൂടി സ്വീകാര്യനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ സി പി എം തീരുമാനിച്ചത് കൂടിയാണ് ബംഗളൂരു സ്‌ഫോടനക്കേസില്‍ സവിശേഷമായ ഊന്നല്‍ നല്‍കാന്‍ പലരെയും പ്രേരിപ്പിച്ചത്.


കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട് ജയില്‍മോചിതനായ ശേഷം മഅ്ദനി നടത്തിയ യാത്രകളെക്കുറിച്ചുള്ള വിവരങ്ങള്‍,  ഓരോ സ്ഥലത്തും കണ്ടവരെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍,  കൊച്ചിയിലെ വീട്ടില്‍ മഅ്ദനിയെ കാണാനെത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍, അങ്ങനെയെത്തിയവരില്‍ ചിലര്‍ സംസാരിച്ചത് അബദ്ധത്തില്‍ കേട്ടുവെന്ന് അവകാശപ്പെട്ടവരുടെ മൊഴിപ്പകര്‍പ്പുകള്‍ തുടങ്ങിയ വിഭവങ്ങള്‍ പത്രത്താളുകളിലും ടെലിവിഷന്‍ സ്‌ക്രീനുകളിലും നിറഞ്ഞുനിന്നു. ഭീകരരിലൊരാളായി നേരത്തെ തന്നെ ചിത്രീകരിക്കപ്പെട്ടിരുന്ന മഅ്ദനിക്ക് രാജ്യം കണ്ട കൊടുംഭീകരരിലൊരാളെന്ന സ്ഥാനക്കയറ്റം നല്‍കും വിധത്തിലുള്ള പ്രചാരണങ്ങള്‍.


പത്രമാധ്യമങ്ങളില്‍ നിറഞ്ഞ വിവരങ്ങള്‍ തന്നെ തെളിവായി ചൂണ്ടിക്കാട്ടി കര്‍ണാടക പോലീസ് മഅ്ദനിയെ പിന്നീട് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. പൊന്നാനി മണ്ഡലം, പതിവുപോലെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച് ഉള്‍പുളകം കൊണ്ട് നിന്നിരുന്നു അതിന് മുമ്പ് തന്നെ.  മഅ്ദനിയുടെ സാന്നിധ്യമുണ്ടായില്ലെങ്കിലും ഇത്രയും വലിയൊരു തോല്‍വിയുണ്ടാകുമായിരുന്നുവെന്നും മഅ്ദനിയെ കൂടെക്കൂട്ടി രണ്ട് പേര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കേണ്ടതില്ലായിരുന്നുവെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പിന്നീട് വിലയിരുത്തിയിട്ടുണ്ടാകണം.  തുറന്നു പറഞ്ഞിട്ടുണ്ടാകില്ലെന്ന് മാത്രം.


അഞ്ച് വര്‍ഷം മുമ്പ് അബ്ദുന്നാസര്‍ മഅ്ദനിക്കെതിരെ കേരളത്തില്‍ നടന്ന പ്രചാരണങ്ങള്‍ക്ക് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു.  ഈ പ്രചാരണത്തെ ഏറ്റെടുത്ത ദേശീയ മാധ്യമങ്ങള്‍ക്ക്, പഴയൊരു ഭീകരവാദിയെ പുതിയൊരു പശ്ചാത്തലത്തില്‍ ലഭിച്ചതിന്റെ ആവേശവും.  ലശ്കറെ ത്വയ്യിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറെന്ന് ആരോപിക്കപ്പെടുന്ന തടിയന്റവിട നസീറുമായി ബന്ധമുണ്ടെന്നതിനാല്‍ ലശ്കറെ ത്വയ്യിബയുമായി മഅ്ദനിക്ക് ബന്ധമുണ്ടെന്ന് ഗണിതശാസ്ത്ര സിദ്ധാന്തപ്രകാരം അവര്‍ സ്ഥാപിച്ചു.  ലശ്കറെ ത്വയ്യിബയുടെ രാജ്യത്തെ പ്രധാന അധോകേന്ദ്രങ്ങളിലൊന്നായി കേരളം മാറുകയാണെന്ന് വാദിക്കാന്‍ ഒരു വിഭാഗം ദേശീയ മാധ്യമങ്ങള്‍ക്കെങ്കിലും  സാധിച്ചു.  അതിന്റെ തുടര്‍ച്ചയെന്നോണം ഭീകരവാദികളുടെ കേന്ദ്രമായി കേരളം മാറുന്നതിലുള്ള ഉത്കണ്ഠ നരേന്ദ്ര മോദിയെപ്പോലുള്ളവര്‍ പ്രകടിപ്പിക്കുകയും ചെയ്തു.
ജനായത്തം ആവൃത്തികളിലൊന്ന് പൂര്‍ത്തിയാക്കി, അടുത്തവട്ടം മഷിപുരട്ടലിനൊരുങ്ങുമ്പോള്‍ പഴയ ചില വൃത്താന്തങ്ങളുടെ പുതിയ സ്ഥിരീകരണം പുറത്തുവന്നിട്ടുണ്ട്.


മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന് കുറച്ചുകാലത്തേക്ക് നിരോധിക്കപ്പെട്ട രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ നിലവിലെ നേതൃത്വം, രാജ്യത്ത് പലേടത്തും സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തുവെന്നതാണ് ആരോപണം. ആര്‍ എസ് എസ് കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ഇന്ദ്രേഷ് കുമാറിന്റെ പേര് ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സര്‍സംഘ് ചാലക് മോഹന്‍  ഭഗവതിന്റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. അജ്മീര്‍ ദര്‍ഗ, മക്ക മസ്ജിദ് എന്നിവിടങ്ങളിലും സംഝോത എക്‌സ്പ്രസ്സിലുമുണ്ടായ സ്‌ഫോടനങ്ങളുള്‍പ്പെടെ അഞ്ച് ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഹിന്ദുത്വ ഭീകരവാദ ശൃംഖലക്കായിരുന്നുവെന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ കുറ്റസമ്മത മൊഴി നല്‍കിയിരുന്നു, നവകുമാര്‍ സര്‍ക്കാര്‍ എന്ന സ്വാമി അസിമാനന്ദ.  ഒറ്റക്കിരുന്ന് ആലോചിച്ച് തീരുമാനമെടുക്കാന്‍ മജിസ്‌ട്രേറ്റ് അനുവദിച്ച 48 മണിക്കൂര്‍ സമയം അവസാനിച്ച ശേഷമാണ് മൊഴി രേഖപ്പെടുത്തപ്പെട്ടത് എങ്കിലും വിവരങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിറകെ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയതിനാലാണ് കുറ്റസമ്മത മൊഴി നല്‍കിയത് എന്ന് അസിമാനന്ദ പിന്നീട് പറഞ്ഞു.


ആ മൊഴിയിലാണ് സ്‌ഫോടനാസൂത്രണങ്ങളില്‍ ഇന്ദ്രേഷ്‌കുമാറിനുണ്ടായിരുന്ന പങ്കിനെക്കുറിച്ച് അസിമാനന്ദ പറഞ്ഞത്.  എന്നാല്‍, കേസന്വേഷിച്ച സി ബി ഐയോ പിന്നീട് അന്വേഷണമേറ്റെടുത്ത നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയോ (എന്‍ ഐ എ)  ഇന്ദ്രേഷ് കുമാറിന് പങ്കുണ്ടോ എന്നത് അന്വേഷിച്ചില്ല.  സ്‌ഫോടനങ്ങള്‍ നടത്താന്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് വിശാലമായി അന്വേഷിക്കാനും അന്വേഷണ ഏജന്‍സി തയ്യാറായില്ല. അസിമാനന്ദയുടെ കുറ്റസമ്മതമൊഴിയില്‍ പരാമര്‍ശിച്ച സ്‌ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ വലിയ പുരോഗതി പിന്നീടുണ്ടായതായും അറിയില്ല. സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതൊഴിച്ചാല്‍. കേസില്‍ ഉള്‍പ്പെടുകയും ഒളിവില്‍ കഴിയുന്നതായി അന്വേഷണ ഏജന്‍സി പറയുകയും ചെയ്യുന്നവരുടെ വിവരങ്ങള്‍ (ചിത്രങ്ങളടക്കം) പുറത്തുവിട്ടുവെങ്കിലും ഇവരെ പിടികൂടാന്‍ സാധിച്ചില്ല.  അസിമാനന്ദ കുറ്റസമ്മത മൊഴി നല്‍കുന്നത് 2010 ഡിസംബറിലാണ്. മൂന്ന് വര്‍ഷം പിന്നിട്ടിട്ടും അതിന്‍മേല്‍ കാര്യമായ നടപടികളുണ്ടാകാതിരുന്നതിന്റെ കാരണം അജ്ഞാതമാണ്.


ഇക്കാലത്തിനിടെ നാല് തവണയായി അസിമാനന്ദയെ കണ്ട് സംസാരിച്ചതിന്റെ വിവരങ്ങളാണ് കാരവന്‍ മാസികയുടെ ലേഖിക പുറത്തുവിട്ടത്.  രാജ്യത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്താനുള്ള പദ്ധതിക്ക് ഇന്ദ്രേഷ് കുമാറിന്റെ മാത്രമല്ല മോഹന്‍ ഭഗവതിന്റെ കൂടി അനുഗ്രഹാശിസ്സുകളുണ്ടായിരുന്നുവെന്ന് സംഭാഷണത്തില്‍ അസിമാനന്ദ പറയുന്നു.  ഇത് ഹിന്ദുക്കള്‍ക്ക് വേണ്ടി ചെയ്യുന്ന മഹത്തായ കാര്യമാണെന്നാണ് മോഹന്‍ ഭഗവത് പറഞ്ഞതെന്നും അസിമാനന്ദ പറയുന്നുണ്ട്. ഈ വിവരം പുറത്തുവന്നപ്പോള്‍, അഞ്ച് വര്‍ഷം മുമ്പ് അബ്ദുന്നാസര്‍ മഅ്ദനിയുടെ കാര്യത്തില്‍ കാണിച്ച ജാഗ്രതയോ ആവേശമോ രാജ്യത്ത് ആര്‍ക്കെങ്കിലുമുണ്ടായോ? സംശയമാണ്. ആവേശമില്ലായ്മ എന്തുകൊണ്ടായിരിക്കും? ഭൂരിപക്ഷവര്‍ഗീയത, അതിന്റെ സര്‍വ തീവ്രതയോടും പ്രയോഗക്ഷമമാകണമെന്ന് ആഗ്രഹിക്കുന്ന ആര്‍ എസ് എസ്സിന്റെ മേധാവി സ്‌ഫോടനങ്ങളുടെ ആസുത്രണത്തില്‍ പങ്കാളിയായെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടായിട്ടുണ്ടാകുമോ? അതോ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താനുള്ള പദ്ധതിക്ക് ആര്‍ എസ് എസ് മേധാവി അനുഗ്രഹാശിസ്സുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതു നന്നായെന്ന് കരുതിയിട്ടുണ്ടാകുമോ? ദൗര്‍ഭാഗ്യവശാല്‍, ദേശീയ പൊതുബോധം രണ്ടാമത്തെ ചോദ്യത്തിന് അനുകൂല ഉത്തരം നല്‍കിയാണ് നില്‍ക്കുന്നത് എന്ന് സംശയിക്കേണ്ടിവരും.


വര്‍ഗീയതയെ എതിര്‍ക്കുകയും രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവവും സാംസ്‌കാരിക ബഹുസ്വരതയും നിലനിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് പത്ത് വര്‍ഷമായി രാജ്യം ഭരിക്കുന്നത്. ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ടുതന്നെ.  എന്നിട്ടും കുറ്റസമ്മതമൊഴിയില്‍ പറയുകയും അസിമാനന്ദ അഭിമുഖത്തില്‍ ആവര്‍ത്തിക്കുകയും ചെയ്ത വലിയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടായിരിക്കും? ഇത്തരമൊരു അന്വേഷണം നടക്കുകയും ആരോപണങ്ങള്‍ ശരിയെന്ന് തെളിയുകയും ചെയ്താല്‍ അത് രാഷ്ട്രീയമായി ഗുണം ചെയ്യുക തങ്ങള്‍ക്കാണെന്ന് ഉറപ്പുണ്ടായിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ അതിന് മെനക്കെട്ടില്ല.  ദേശീയ പൊതുബോധം അനുകൂല ഉത്തരം നല്‍കിയ രണ്ടാമത്തെ ചോദ്യത്തിനൊപ്പം നില്‍ക്കുകയോ അത്തരത്തിലാണ് വികാരമെന്ന് മനസ്സിലാക്കി, എതിര്‍ക്കുന്നത് ഭൂരിപക്ഷ വോട്ടുകളെ പ്രതികൂലമാക്കുമെന്ന് തിരിച്ചറിയുകയോ ചെയ്യുന്നുണ്ടാകണം കോണ്‍ഗ്രസ് പാര്‍ട്ടി.


സ്‌ഫോടനങ്ങളുടെ ആസൂത്രണത്തില്‍ ആര്‍ എസ് എസ് നേതൃത്വം പങ്കാളിയായെന്ന ആരോപണമുയര്‍ന്നതോടെ ഈ സംഘടനയെ നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.  എന്നാല്‍, ആര്‍ എസ് എസ്സിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ പോലും ചിദംബരത്തിന്റെയും സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെയും നേതൃത്വത്തിലുണ്ടായിരുന്ന ആഭ്യന്തരമന്ത്രാലയം തയ്യാറായില്ല.  ഇത്തരം സ്‌ഫോടനങ്ങളെ രാജ്യത്തിനെതിരായ യുദ്ധമായാണ് സാധാരണ വിവക്ഷിക്കാറ്.  അത്തരം യുദ്ധങ്ങള്‍ ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പല സംഘടനകളെയും ഭീകരവാദ സംഘടനകളുടെ പട്ടികയില്‍പ്പെടുത്തി നിരോധിച്ചിരിക്കുന്നത്.  അതില്‍ കണ്ണിചേര്‍ക്കാന്‍ പാകത്തിലേക്ക് വളര്‍ന്നിട്ടുണ്ട് ഈ സംഘടനയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുമ്പോഴും നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയവും അതിന്റെ നിയന്ത്രണം കൈയാളുന്ന കോണ്‍ഗ്രസ് നേതൃത്വവും തയ്യാറാകുന്നില്ലെങ്കില്‍ ദേശീയ പൊതുബോധത്തെ ഭയക്കുന്ന അവസ്ഥയിലേക്ക് അവരെത്തിയെന്ന് മാത്രമേ അര്‍ഥമാക്കാനാകൂ.  ഭീകരാക്രമണങ്ങളില്‍ ആര്‍ എസ് എസ്സിന്റെയും ബി ജെ പിയുടെയും നേതൃത്വത്തിന് പങ്കുണ്ടെന്ന് ആഭ്യന്തര മന്ത്രി പദം ഏറ്റെടുത്തയുടന്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെ പരസ്യമായി പറഞ്ഞതും വിമര്‍ശമുയര്‍ന്നപ്പോള്‍ ഖേദപ്രകടനം നടത്തിയതും ഓര്‍ക്കുക.


അതുമല്ലെങ്കില്‍, വരാനിരിക്കുന്നത് ആര്‍ എസ് എസ്സിന്റെ രാഷ്ട്രീയരൂപമായ ബി ജെ പിയുടെ നേതൃത്വത്തിലുള്ള ഭരണമാണെന്ന് കരുതുന്ന ഉദ്യോഗസ്ഥവൃന്ദത്തിലെ വിഭാഗം അന്വേഷണവുമായി മുന്നോട്ടുപോകാന്‍ തയ്യാറാകുന്നുണ്ടാകില്ല.  പരമാധികാരിയാകാന്‍ പോകുന്നത് നരേന്ദ്ര മോദിയാണെന്ന് വിശ്വസിക്കുന്നവരുണ്ടെങ്കിലോ (അത്തരക്കാര്‍ വിവിധ തലങ്ങളിലുണ്ടെന്നതില്‍ തര്‍ക്കം വേണ്ട) അവരൊരിക്കലും അന്വേഷണം മുന്നോട്ടുപോകുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്ന് കരുതാനാകില്ല. അതുകൊണ്ടു കൂടിയാകണം  മൂന്ന് വര്‍ഷം മുമ്പ് അസിമാനന്ദ വെളിപ്പെടുത്തിയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണമുണ്ടാകാതിരുന്നത്.  ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണമെന്ന ആവശ്യം പോലും ഉയരാതിരിക്കുന്നതും.


'ഒരുകാലില്ലാത്ത, നിത്യരോഗി ജാമ്യം ലഭിച്ച് പുറത്തുവന്നാല്‍ ഉണ്ടാകാനിടയുള്ള കൊടിയ അപകടങ്ങളെ'ക്കുറിച്ച് നമ്മുടെ അന്വേഷണ ഏജന്‍സികള്‍ അപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും. അത് ഭരണകൂടങ്ങള്‍ (കോണ്‍ഗ്രസ്, ബി ജെ പി ഭേദമില്ലാതെ) ആവര്‍ത്തിച്ചുകൊണ്ടുമിരിക്കും. ജയിലിന് പുറത്ത് എവിടെയിരുന്നാലും അപകടകാരിയാകാന്‍ ഇടയുണ്ടിയാളെന്ന് നമ്മുടെ നീതിപീഠം വിലയിരുത്തുകയും ചെയ്യും.

2014-02-17

അയിത്തമുണ്ട് കട്ടായം


'എന്തുകൊണ്ടെന്നെ തീണ്ടാപ്പാടകലെ നിര്‍ത്തുന്നു'വെന്നാണ് കരുത്തിന്റെ പ്രതീകമായി സംഘ് പരിവാര്‍ വാഴ്ത്തുന്ന നരേന്ദ്ര മോദി ചോദിക്കുന്നത്. കേരള പുലയര്‍ മഹാസഭയുടെ ഒരു വിഭാഗം കൊച്ചിയില്‍ സംഘടിപ്പിച്ച യോഗത്തില്‍, ശ്രീനാരായണ ധര്‍മ പരിപാലനയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സാക്ഷിയാക്കി, മോദി ഈ ചോദ്യമുന്നയിക്കുമ്പോള്‍ ഒരു കാലത്ത് തീണ്ടലിന്റെയും തൊടീലിന്റെയും ഇരകളായിരുന്ന, ജാതിവിവേചനത്തിന്റെ ദൂഷ്യം ചെറുതല്ലാത്ത അളവില്‍ ഇപ്പോഴും അനുഭവിക്കുന്ന ജനവിഭാഗം അതിനെ സഹതാപത്തോടെയോ രോഷത്തോടെയോ വീക്ഷിക്കാനുള്ള സാധ്യത ഏറെയാണ്.  നരേന്ദ്ര മോദിയെ ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് പ്രഖ്യാപിക്കുന്ന വെള്ളാപ്പള്ളി നടേശന്‍, പിന്നാക്ക വിഭാഗങ്ങളുടെ ഐക്യത്തിന് ശ്രമിക്കുമെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്യുമ്പോള്‍ ഈ ചോദ്യം കേരള രാഷ്ട്രീയത്തില്‍ നാനാര്‍ഥങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യത ഏറെയുമാണ്.  നരേന്ദ്ര മോദിയെന്ന പിന്നാക്കക്കാരന്‍ ഗുജറാത്തിലെ മേല്‍ജാതി വിഭാഗമായ പട്ടേലുമാരില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളും അതിനെ അതിജയിച്ച് ഉയര്‍ന്നുവന്നതിന്റെ കഥകളും വിവരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതൃസമിതിയില്‍ അംഗമായ രാഷ്ട്രീയ നിരീക്ഷകരുള്ളപ്പോള്‍ പ്രത്യേകിച്ചും.


എന്ത് തൊട്ടുകൂടായ്മയാണ് നരേന്ദ്ര മോദി നേരിടുന്നത്? അത് കേരളത്തിലെ ഈഴവ, പുലയ വിഭാഗങ്ങള്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് നേരിട്ടതുമായി ഏതെങ്കിലും വിധത്തില്‍ താരതമ്യം അര്‍ഹിക്കുന്നതാണോ? അത്തരം താരതമ്യത്തിന് ഉതകും വിധത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന രാഷ്ട്രീയ നിരീക്ഷകര്‍ യഥാര്‍ഥത്തില്‍ ഏത് ചേരിയിലാണ്?  ഈ ചോദ്യങ്ങളൊക്കെ അഭിമുഖീകരിക്കപ്പെടേണ്ടതാണ്?  ടി പി വധക്കേസിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമോ വേണ്ടയോ എന്ന തര്‍ക്കത്തിനും കെ പി സി സി പ്രസിഡന്റ് നിയമനത്തിലെ മുപ്പിളമത്തര്‍ക്കത്തിനും ഉപയോഗിക്കുന്ന സമയത്തില്‍ കുറച്ചൊരു ഭാഗം സമൂഹത്തെ വര്‍ഗീയവിഷത്താല്‍ ലിപ്തമാക്കാന്‍ നടക്കുന്ന ആസൂത്രിത ശ്രമത്തെക്കുറിച്ച് ചിന്തിക്കാന്‍ മാറ്റിവെക്കുന്നത് നന്നായിരിക്കും.


നരേന്ദ്ര മോദി പിന്നാക്ക സമുദായക്കാരനാണെന്നതിലും അവിടെനിന്ന് അധികാരത്തിന്റെ ഉയരങ്ങളിലേക്ക് എത്തിയവനാണെന്നതിലും അത് നിലനിര്‍ത്താന്‍ കെല്‍പ്പുള്ളവനാണെന്നതിലും തര്‍ക്കമില്ല.  പക്ഷേ, ഗുജറാത്തിലെ പിന്നാക്ക സമുദായക്കാരന്‍ നേരിട്ട(ടുന്ന) ജാതി വിവേചനത്തിനെതിരെ ഈ പുമാന്‍ ഇക്കാലത്തിനിടെ എന്തെങ്കിലും ചെയ്തതായി ചരിത്രമില്ല.  മറിച്ച് സംഘ് പരിവാറിന്റെ തത്വസംഹിതകളോട് ചേര്‍ന്നുനിന്ന് സവര്‍ണവത്കരിക്കപ്പെടാനും അതിലൂടെ പിന്നാക്കമുദ്രയെ മായ്‌ച്ചെടുക്കാനുമാണ് ശ്രമിച്ചത്. അത് ഫലം കണ്ടതിന്റെ കൂടി ബാക്കിയായിരുന്നു കേശുഭായ് പട്ടേലിനെ അട്ടിമറിച്ച് നേടിയെടുത്ത ഗുജറാത്തിലെ സിംഹാസനം. പതിമൂന്നാണ്ടായി ഈ 'പുരുഷോത്തമന്‍' ഗുജറാത്തിനെ അടക്കിവാഴുന്നു. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ദളിത് വിഭാഗങ്ങള്‍ക്കായി ഇക്കാലത്തിനിടെ എന്ത് ചെയ്തു, തൊട്ടുകൂടായ്മയെക്കുറിച്ച് വിലപിക്കുന്ന ദേഹം എന്നത് ഇവിടെ പ്രസക്തമാണ്.  ദളിതുകള്‍ക്ക് ഭൂമി അനുവദിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയമം കൊണ്ടുവന്നെങ്കിലും അത് നടപ്പാക്കാന്‍ ശ്രമമുണ്ടായില്ല, ഇതുവരെ. തൊട്ടുകൂടായ്മയെക്കുറിച്ച്, കേരളത്തില്‍ വന്ന് വിലപിക്കുമ്പോള്‍, താന്‍ അധികാരം കൈയാളുന്ന മണ്ണിലെ അനീതിയുടെ ചരിത്രം തിരുത്താന്‍ എന്തെങ്കിലും ചെയ്‌തോ എന്ന് സ്വയം ചോദിക്കേണ്ട ബാധ്യതയുണ്ട് നരേന്ദ്ര മോദിക്ക്.


വംശഹത്യയുടെ നിണമുണങ്ങാത്ത പാടുകള്‍ ശേഷിക്കുന്ന അഹമ്മദാബാദില്‍ നിന്നും മോദിയുടെ ആസ്ഥാനമായ ഗാന്ധിനഗറില്‍ നിന്നും മുന്നൂറോളം കിലോമീറ്റര്‍ അകലെയാണ് ധാന്‍ഗഢ്.  ഉയര്‍ന്ന ജാതിക്കാരുടെ അതിക്രമത്തെക്കുറിച്ച് പരാതിപ്പെടാനെത്തിയ, ദളിത് യുവാക്കള്‍ക്ക് നേര്‍ക്കുണ്ടായ പോലീസ് വെടിവെപ്പില്‍ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടത് രണ്ട് വര്‍ഷം മുമ്പ് മാത്രം.  പ്രതിഷേധപ്രകടനത്തിനു നേര്‍ക്ക് പോലീസ് സേന എ കെ 47 തോക്കുപയോഗിച്ച്, ജനായത്ത ഇന്ത്യയില്‍ ചരിത്രം സൃഷ്ടിച്ചത് ധാന്‍ഗഢില്‍ മാത്രമാണെന്ന്, ഈ കൊലയെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് പ്രക്ഷോഭരംഗത്തുള്ളവര്‍ പറയുന്നു.  ബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടികള്‍ നീതി തേടി സമീപിക്കുമ്പോള്‍ അവഗണിക്കുകയോ തുടര്‍പീഡനത്തിന് ഇരയാക്കുകയോ ചെയ്ത കഥകളുമുണ്ട് മോദി ഭരണത്തിന്‍ കീഴില്‍ അമരുന്ന ഗുജറാത്തില്‍ നിന്ന്.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് കൂടിയായ രാഷ്ട്രീയ നിരീക്ഷകന്‍ പറയും വിധത്തില്‍, ജാതിയിലുയര്‍ന്നവരുടെ പീഡനങ്ങള്‍ക്കിരയായി,  അതിനെ അതിജയിച്ച് നേതൃനിരയിലെത്തിയ നേതാവാണ് മോദിയെങ്കില്‍, ആ ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇത്തരം അനീതികളോട് എടുക്കുന്ന സമീപനം എന്തായിരിക്കണം?


ധാന്‍ഗഢ് അതിക്രമത്തിന്റെ പേരില്‍ എന്തെങ്കിലും നടപടി ഗുജറാത്ത് സര്‍ക്കാര്‍ എടുത്തതായി റിപ്പോര്‍ട്ടുകളില്ല.  ദളിത് പെണ്‍കുട്ടികളുടെ പീഡനത്തിന്റെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല.  ഇതിനപ്പുറത്ത് നൂറിലധികം ഇനം തൊട്ടുകൂടായ്മ ഗുജറാത്ത് സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  ജാതിയില്‍ താഴ്ന്നവര്‍ക്ക് ഹോട്ടലുകളിലെ ബഞ്ചില്‍ ഇരിക്കാന്‍ സാധിക്കില്ല, അത്തരക്കാര്‍ക്ക് എറിഞ്ഞുകളയാവുന്ന ഗ്ലാസ്സുകളില്‍ മാത്രമേ വെള്ളമോ ചായയോ നല്‍കുകയുള്ളൂ എന്ന് തുടങ്ങി, പിന്നാക്കക്കാരന്‍ പ്രസിഡന്റായ പഞ്ചായത്തിന്റെ യോഗത്തില്‍ ഉയര്‍ന്ന ജാതിക്കാരായ അംഗങ്ങള്‍ എത്താത്ത അവസ്ഥ വരെ നിലനില്‍ക്കുന്നു.  ഇതൊക്കെ അവസാനിപ്പിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നത് കൂടി വ്യക്തമാക്കിയ ശേഷം വേണം 'പുരുഷോത്തമനാ'യ ഈ ഭരണാ(ഏകാ)ധിപതി സ്വയം ഇരയുടെ സ്ഥാനം സ്വീകരിച്ച്, കേരളത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍.


ഏതെങ്കിലും വിധത്തിലുള്ള തൊട്ടുകൂടായ്മ നരേന്ദ്ര മോദിക്കുണ്ടെങ്കില്‍ അത് എന്നു മുതലാണ് ഉണ്ടായത് എന്നതു കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. ആര്‍ എസ് എസ്സിന്റെ കുഞ്ഞാടും ആട്ടിടയനുമായിരുന്ന കാലത്ത് തൊട്ടുകൂടായ്മയുണ്ടായിരുന്നില്ല. ബി ജെ പിയുടെ അഖിലേന്ത്യാ സെക്രട്ടറിയും എല്‍ കെ അദ്വാനിയുടെ വിനാശം വിതച്ച രഥയാത്രയുടെ സംഘാടകനുമായിരുന്ന കാലത്ത് തൊട്ടുകൂടായ്മയുണ്ടായിരുന്നില്ല. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും, ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളുടെ സംഘാടകനുമായിരുന്ന കാലത്ത് തൊട്ടുകൂടായ്മയുണ്ടായിരുന്നില്ല. പട്ടേലായ കേശുഭായിയെ അട്ടിമറിച്ച്, പിന്നാക്കക്കാരന്റെ വിജയം ആഘോഷിച്ച് ഗുജറാത്തിന്റെ മുഖ്യമന്ത്രിക്കസേര കൈക്കലാക്കിയ മോദി, അതുറപ്പിക്കാനായി രുധിരാഭിഷേകം നടത്തിയത് മുതലാണ് തൊട്ടുകൂടായ്മയുണ്ടായത്.


സബര്‍മതി എക്‌സ്പ്രസിലെ ആറാം നമ്പര്‍ ബോഗിക്ക് തീപ്പിടിച്ച് 58 പേര്‍ മരിച്ചതിനെ ആയുധമാക്കിയെടുത്ത്, ആസൂത്രിതമായ ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയും അക്രമികള്‍ക്ക് വിഘാതം സൃഷ്ടിക്കാതിരിക്കാന്‍ പോലീസിനെ നിര്‍വീര്യമാക്കുകയും ചെയ്ത കാലത്ത് മോദി ഭരണകൂടത്തിന്റെ അനുഗ്രഹാശീര്‍വാദങ്ങളോടെ അരങ്ങേറിയ വംശഹത്യ, പരമാവധി ആഘാതം സൃഷ്ടിക്കുവോളം ഗുജറാത്തിലേക്ക് പട്ടാളത്തെ അയക്കാതിരുന്ന എ ബി വാജ്പയ് - എല്‍ കെ അദ്വാനി ഭരണകൂടത്തിന്റെ മനഃപൂര്‍വമായ അലസതയാണ് തൊട്ടുകൂടായ്മ സൃഷ്ടിച്ചത്. കൊലക്കത്തിയുമായി പാഞ്ഞുനടന്നവരെ, കൂട്ടബലാത്സംഗത്തില്‍ ആനന്ദം കണ്ടെത്തിയവരെ സംരക്ഷിക്കാന്‍ മടികാട്ടാതിരുന്ന മനോനിലയാണ് തൊട്ടുകൂടായ്മ സൃഷ്ടിച്ചത്. അറസ്റ്റിലായവരെ രക്ഷിക്കാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കുകയോ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയോ ചെയ്തതാണ് മോദിയെ തൊട്ടുകൂടാത്തവനാക്കിയത്.  വംശഹത്യ സൃഷ്ടിച്ച പ്രതിച്ഛായാനഷ്ടം (ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍) പരിഹരിക്കാന്‍ ആസൂത്രിതമായി വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ സംഘടിപ്പിച്ചതുകൊണ്ട് കൂടിയാണ് തീണ്ടാപ്പാടകലെ നിര്‍ത്തണമെന്ന് മനഃസാക്ഷിയുള്ളവര്‍ക്കൊക്കെ തോന്നിയത്.


ഇതെല്ലാം വസ്തുതകളായി മുന്നില്‍ നില്‍ക്കെ, അയിത്തം കല്‍പ്പിച്ചുവെന്ന് പറഞ്ഞ് മോദി പ്രകടിപ്പിക്കുന്ന നിസ്സഹായതയും രോഷവുമൊക്കെ, ആത്മാര്‍ഥതയുടെ അംശം കലര്‍ന്നതാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുന്നുവെങ്കില്‍ അവരോട് സഹതപിക്കുക മാത്രമേ മാര്‍ഗമുള്ളൂ. നോക്കൂ, രാജ്യത്തെ ഏതെങ്കിലും നീതിനിര്‍വഹണ സംവിധാനത്തിന് മുന്നില്‍ മോദി ആരോപണവിധേയനായ കേസുകള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യമുന്നയിക്കുന്നവരെ പുച്ഛിച്ച് തള്ളാനേ സാധിക്കൂ.  മറിച്ച് വിശ്വസിക്കുന്ന വെള്ളാപ്പള്ളി നടേശന്‍മാരും പുലയ മഹാസഭാ നേതാക്കളുമുണ്ടെങ്കില്‍ അവര്‍ക്ക്,  മറ്റ് ലക്ഷ്യങ്ങളുണ്ടാകണം. അധികാരത്തിന്റെ പരമപദം പൂകാന്‍ വെമ്പി നില്‍ക്കുന്ന ദേഹം, നാളെ ആ സിംഹാസനത്തില്‍ അരുളിമരുവുകയാണെങ്കില്‍ അപ്പോള്‍ ലഭിക്കാനിടയുള്ള നേട്ടങ്ങളെക്കുറിച്ച് അവര്‍ വെമ്പലോടെ ചിന്തിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് വ്യാഴവട്ടം മുമ്പ് അരങ്ങേറിയ കുരുതികളെയും അതിന്റെ പ്രതികളെ സംരക്ഷിക്കാന്‍ നടന്ന(ക്കുന്ന) ഹീനമായ ശ്രമങ്ങളെയുമൊക്കെ മറന്ന്, ഇത്രയും കാലം മനസ്സിലാക്കിയില്ലല്ലോ ഈ മഹാനെ എന്ന പൈങ്കിളി സാഹിത്യം വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ രചിക്കുന്നത്.


പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അര്‍ഹതപ്പെട്ട അവസരങ്ങള്‍ ഇല്ലാതാക്കിയതില്‍ ഖേദം പൂണ്ട്, സംവരണ സംരക്ഷണ മുന്നണിയുണ്ടാക്കിയ കാലം വെള്ളാപ്പള്ളി നടേശന്റെ ഓര്‍മയിലുണ്ടാകണം. മുസ്‌ലിംകള്‍ക്കും ഈഴവരാദി പിന്നാക്ക വിഭാഗങ്ങള്‍ക്കും നഷ്ടപ്പെട്ട അവസരങ്ങള്‍ തിരിച്ചെടുക്കാന്‍, മുസ്‌ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികളുമായി കൈകോര്‍ത്ത് നിന്നിരുന്നു ശ്രീനാരായണ ധര്‍മ പരിപാലന യോഗം.  ഇതുപോലെ ചില അവസരനിഷേധങ്ങളെക്കുറിച്ച് അന്വേഷിച്ച് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, മുസ്‌ലിംകളടക്കം ന്യൂനപക്ഷങ്ങള്‍ നേരിടുന്ന സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെക്കുറിച്ച് പരാമര്‍ശിച്ചു.  അത് പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് അനുവദിച്ചപ്പോള്‍, അത് ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ച ഏക ഭരണകൂടം നരേന്ദ്ര മോദിയുടെതായിരുന്നു. ഗുജറാത്ത് ഹൈക്കോടതിയില്‍ വ്യവഹാരം പരാജയപ്പെട്ടപ്പോള്‍ സുപ്രീം കോടതിലേക്ക് നീങ്ങാന്‍ മടിയുണ്ടായിരുന്നില്ല തൊട്ടുകൂടായ്മയുടെ ഈ ഇരക്ക്. സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന എസ് എന്‍ ഡി പിയോഗവും തുടരുന്ന അനീതിയോട് നിരന്തരം പോരടിക്കുന്നുവെന്ന് അവകാശപ്പെടുന്ന പുലയ മഹാസഭയുടെ, മോദിപക്ഷ വിഭാഗവും ഈ നടപടിയെ എങ്ങനെയാണ് കാണുന്നത് എന്നത് വ്യക്തമാക്കേണ്ടതുണ്ട്. മോദി പ്രധാനമന്ത്രിപദം പൂകുകയും ബി ജെ പി കേരളത്തില്‍ ശക്തമാകുകയും ചെയ്താല്‍, ശ്രീനാരായണീയരുടെയും പുലയരടക്കമുള്ള ദളിതരുടെയും ഏതൊക്കെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത് എന്നതും വ്യക്തമാക്കണം.


ഇതേക്കുറിച്ചൊന്നും എസ് എന്‍ ഡി പിയുടെ ഔദ്യോഗിക നേതൃത്വവും പുലയ മഹാസഭയുടെ വിമത നേതൃത്വവും ചിന്തിച്ചിട്ടുണ്ട് എന്ന് കരുതുന്നില്ല. അധികാര രാഷ്ട്രീയത്തിലെ തുഷാരോദയവും അതുവഴി നടക്കാനിടയുള്ള സമ്പദ് സമാഹരണവും മാത്രമേ വെള്ളാപ്പള്ളി ആലോചിച്ചിട്ടുണ്ടാകൂ. അതുതന്നെയാകണം പുലയ മഹാസഭയുടെ വിമത നേതൃത്വത്തിന്റെയും ചിന്താവഴി.  ഇവക്ക് മുന്നില്‍ തൊട്ടുകൂടായ്മയുടെ ഇരയായി സ്വയം അവരോധിക്കുന്ന നരേന്ദ്ര മോദി, ഭാവിയിലൊരു വലിയ സാമുദായിക ധ്രുവീകരണം സ്വപ്‌നം കാണുന്നുണ്ട്.  കോണ്‍ഗ്രസ്, സി പി എം കക്ഷികള്‍ ഇന്നത്തെ നിലയില്‍ തന്നെ മുന്നോട്ടുപോകാനാണ് ഉദ്ദേശ്യമെങ്കില്‍ മോദി സ്വപ്‌നം കണ്ടത് പകലായിരുന്നില്ലെന്ന് പിന്നീട് വിലയിരുത്തേണ്ടിവരും.