2013-11-28

പ്ലീനത്തിന്റെ ദൗര്‍ബല്യങ്ങള്‍


സി പി എമ്മിന്റെ കേരള ഘടകം പ്ലീനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതും അതിന് കേന്ദ്ര കമ്മിറ്റിയുടെ അനുമതി ലഭിച്ചതുമതൊന്നും യഥാകാലം പൊതുവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായില്ല. അതുകൊണ്ടു തന്നെ പാലക്കാട്ടെ പ്ലീനത്തിന്റെ വിവരം പുറത്തുവന്നപ്പോള്‍, ഓര്‍ക്കാപ്പുറത്തൊരു പ്ലീനമെന്ന തോന്നലാണ് സൃഷ്ടിക്കപ്പെട്ടത്. പ്ലീനം വിളിച്ച് വ്യക്തത വരുത്താന്‍ പാകത്തില്‍, എന്ത് വെല്ലുവിളിയാണ് പാര്‍ട്ടി നേരിടുന്നത് എന്ന ചോദ്യമുയര്‍ന്നതിനൊപ്പം പ്രചരിപ്പിക്കപ്പെട്ട ഉത്തരം വി എസ് അച്യുതാനന്ദനെ പാര്‍ട്ടിയില്‍ നിന്നോ കുറഞ്ഞപക്ഷം പ്രതിപക്ഷനേതൃ സ്ഥാനത്തുനിന്നോ ഉച്ചാടനം ചെയ്യാനുള്ള വേദിയാണ് പാലക്കാട്ടേത് എന്നതായിരുന്നു. ഇതൊന്നുമല്ല, സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച്, പുതിയ കാലത്ത് കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ വെല്ലാന്‍ പാകത്തില്‍ പാര്‍ട്ടിയെ ഒരുക്കുക എന്നതാണ് ഉദ്ദേശ്യമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഖപത്രത്തിലൂടെ വിശദീകരിച്ചു. ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗജന്യവും നിര്‍ബന്ധിതവുമായ പാര്‍ട്ടി വിദ്യാഭ്യാസം ഏര്‍പ്പെടുത്തുമെന്നും.


സംഘടനാപരമായ ദൗര്‍ബല്യമെന്നാല്‍ അത് സംഘടനയിലെ അംഗങ്ങളിലുണ്ടായ ദൗര്‍ബല്യമാണ്. ലക്ഷക്കണക്കായ അണികളില്‍ പത്തോ നൂറോ പേര്‍ ദുര്‍ബലരായാല്‍ അത് സംഘടനയെ ബാധിക്കില്ല. സംഘടനയെ ബാധിക്കും വിധത്തില്‍ ദൗര്‍ബല്യമുണ്ടായെങ്കില്‍ അണികളില്‍ വലിയൊരു വിഭാഗം, കമ്മ്യൂണിസ്റ്റ് രീതികളില്‍ നിന്ന് (പാര്‍ട്ടി ഭാഷയില്‍) അകന്നിരിക്കുന്നുവെന്നാണ് അര്‍ഥം. ഈ അകല്‍ച്ച മുന്‍കൂട്ടി മനസ്സിലാക്കി തിരുത്തുന്നതില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്ന് കൂടിയാണ് അര്‍ഥം. അതുകൊണ്ടാണ് ഓര്‍ക്കാപ്പുറത്തൊരു പ്ലീനം വിളിച്ച് സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കേണ്ടിവരുന്നത്. അണികളുടെ വീഴ്ചകള്‍ മുന്‍കൂട്ടി മനസ്സിലാക്കി, ഉചിതമായ സമയത്ത് തിരുത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ദൗര്‍ബല്യം നേതൃത്വത്തിനാണ്. അത് തിരുത്താതെ, അണികളെ തിരുത്തുക എളുപ്പമല്ല. സി പി എമ്മിലെ വലിയ വെട്ടിനിരത്തലിന് വേദിയായ പാലക്കാട്ട് പ്ലീനം അരങ്ങേറുമ്പോള്‍ അത്തരമൊരു തിരുത്തുണ്ടാകുമോ? പാര്‍ട്ടി കോണ്‍ഗ്രസുകള്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയ ദൗര്‍ബല്യങ്ങള്‍ തിരുത്തപ്പെടാതെ കിടക്കുമ്പോള്‍ പ്ലീനത്തിലൊരു പ്രതീക്ഷ വെക്കുന്നത് അബദ്ധമാകും.


ത്രിപുര മുഖ്യമന്ത്രിയായി തുടരുന്ന മണിക് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ പാലക്കാട്ടെത്തിയ കഥ പാര്‍ട്ടി അംഗങ്ങളില്‍ ചിലര്‍ തന്നെ പറഞ്ഞുകേട്ടിട്ടുണ്ട്. സി പി എമ്മിന്റെ കേരളത്തിലെ എല്ലാ ജില്ലാ കമ്മിറ്റികളും ഒന്നിനൊന്ന് സമ്പന്നമാണ്. പാലക്കാട് ജില്ലാ കമ്മിറ്റിയും മോശമല്ല. ജില്ലാ ആസ്ഥാനത്ത് അന്നുണ്ടായിരുന്നതില്‍ വെച്ച് ഏറ്റവും മികച്ച ഹോട്ടലില്‍, മണിക് സര്‍ക്കാറിന് സൗകര്യമൊരുക്കി ജില്ലാ കമ്മിറ്റി. പക്ഷേ, ഈ സൗകര്യം സ്വീകരിക്കാന്‍ പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മണിക് സര്‍ക്കാര്‍ തയ്യാറായില്ല. ജില്ലാ കമ്മിറ്റി ഓഫീസിലെ മുറികളിലൊന്നില്‍ താമസിച്ചുകൊള്ളാമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്തായാലും ത്രിനക്ഷത്ര ഹോട്ടല്‍ മുറി മണിക് സര്‍ക്കാര്‍ ഉപേക്ഷിക്കുക തന്നെ ചെയ്തു. കോഴിക്കോട്ടെ പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയപ്പോഴും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലായിരുന്നു ഈ നേതാവിന്റെ താമസം. അതുകൊണ്ട് തന്നെ പാലക്കാട്ടെ കഥ കെട്ടിച്ചമച്ചതാകാന്‍ വഴിയില്ല. 34 കൊല്ലം തുടര്‍ച്ചയായി അധികാരത്തിലിരുന്ന പശ്ചിമ ബംഗാളില്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ ബിമന്‍ ബോസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ താമസിക്കുകയും വസ്ത്രം സ്വയം കഴുകുകയും ചെയ്യുന്നു.


മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട്, മലമ്പുഴയില്‍ കന്നി മത്സരത്തിനെത്തിയ പൊളിറ്റ് ബ്യൂറോ അംഗം, പ്രചാരണക്കാലം മുഴുവന്‍ പ്രമുഖ വ്യവസായിയുടെ വസതിയില്‍ താമസിക്കുകയും ധനാഢ്യരുടെ വീടുകളില്‍ നിന്ന് മാത്രം ഭക്ഷണം കഴിക്കുകയും ചെയ്ത കാലത്തിന് ശേഷമായിരുന്നു മണിക് സര്‍ക്കാറിന്റെ പാലക്കാട് സന്ദര്‍ശനം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കായി കേരള സംസ്ഥാന കമ്മിറ്റി ഫഌറ്റ് സമുച്ചയം പണിതിട്ട് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് ബംഗാളില്‍ സംസ്ഥാന സെക്രട്ടറി, വസ്ത്രം സ്വയം കഴുകി, സംസ്ഥാന കമ്മിറ്റി ഓഫീസിലെ മുറിയില്‍ ജീവിക്കുന്നത്.


മാറിയ കാലഘട്ടത്തിന്റെ സൗകര്യങ്ങളോടും അത് തുറന്നിടുന്ന അവസരങ്ങളോടും പ്രതികരിക്കാതെ ഇനിയുള്ള കാലത്ത് ജീവിക്കുക അസാധ്യമെന്നത് അംഗീകരിക്കേണ്ടതുണ്ട്. പക്ഷേ, ഈ കാലഘട്ടം തുറന്നിട്ട, ചൂഷണത്തിന്റെ അവസരങ്ങള്‍ കൂടി ഉപയോഗിക്കപ്പെടുത്തുകയും സമ്പത്ത് സമാഹരിക്കുകയും ചെയ്യാന്‍ പാര്‍ട്ടി അംഗങ്ങള്‍ തയ്യാറാകുന്നുവെന്നതാണ് വസ്തുത. അതില്‍ നിന്ന് അവരെ വിലക്കാന്‍ ഉചിതമായ സമയത്ത് ഇടപെടാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. അത്തരമൊരു ഇടപെടല്‍ വേണ്ടതാണെന്ന തോന്നല്‍ നേതൃത്വത്തിന് അപ്പോഴുണ്ടായതുമില്ല. ആ ചൂഷണത്തിന് അവസരമൊരുക്കാന്‍ പാകത്തിലുള്ള തീരുമാനങ്ങള്‍ അധികാര സ്ഥാനങ്ങളിലിരുന്ന നേതാക്കള്‍ കൈക്കൊള്ളുകയും ചെയ്തു.  സാമ്പത്തിക പരിഷ്‌കാരങ്ങളെയും ആഗോളവത്കരണത്തെയും എതിര്‍ക്കുകയും അതിന്റെ ഗുണഫലങ്ങളില്‍ അഭിരമിക്കുകയും ചെയ്തത് സ്വാഭാവികമായി സൃഷ്ടിച്ച വൈരുധ്യം, അണികള്‍ക്ക് പാര്‍ട്ടിയുടെ ദര്‍ശനങ്ങളോടുണ്ടായിരുന്ന ബാധ്യത ഇല്ലാതാക്കി. അടിസ്ഥാന വര്‍ഗത്തിന്റെ പാര്‍ട്ടിയായി അവകാശപ്പെട്ടിരുന്ന സി പി എം, ആ വിഭാഗത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് അകലുകയോ അധികാരത്തിലെത്തിയ കാലങ്ങളില്‍  സാമൂഹികക്ഷേമ പരിപാടികളിലൂടെ മാത്രം അവരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുകയോ ആണുണ്ടായത്.


ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയുടെയും മറ്റും കാര്യത്തില്‍, കുടിയേറ്റ വോട്ട് ബേങ്കിനെ തൃപ്തിപ്പെടുത്താനായി നിഷേധാത്മക നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. ഇത്തരം നിലപാടുകള്‍, പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ ഹ്രസ്വകാല നേട്ടം പോലുമുണ്ടാക്കിക്കൊടുത്തില്ലെന്നാണ് ഇതുവരെയുള്ള ചരിത്രം. അടിസ്ഥാന വര്‍ഗത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളെ കണ്ണടച്ചില്ലാതാക്കിയതു  മൂലം പാര്‍ട്ടിയുടെ സ്വഭാവം ഇല്ലാതാകുകയും ചെയ്തു. അടിസ്ഥാനവര്‍ഗം തന്നെ പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ അനിവാര്യമായ തിരഞ്ഞെടുപ്പ് വിജയം സാധ്യമാക്കാന്‍ സഹായിക്കാത്ത വിധം ചുരുങ്ങിയത് ആ വിഭാഗത്തെ വേണ്ടവിധത്തില്‍ പരിഗണിക്കാതെ, ഇടച്ചേരിക്കാരിലേക്ക് ശ്രദ്ധയൂന്നാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചു. ഇത്തരം നിലപാടുകളിലൊന്നിലും മാറ്റമുണ്ടാക്കാന്‍ പ്ലീനം ലക്ഷ്യമിടുന്നില്ല.


പ്ലീനത്തിന് മുന്നോടിയായി എഴുതിയ ലേഖനത്തില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ജനാധിപത്യവിരുദ്ധമായി നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെ പിണറായി വിജയന്‍ കുറ്റപ്പെടുത്തുന്നുണ്ട്. കുടിയേറ്റക്കാരുടെ വോട്ടും ക്രിസ്തീയ സഭകള്‍ക്ക് സി പി എമ്മിനോടുള്ള മനോഭാവത്തിലൊരു മാറ്റവും പ്രതീക്ഷിച്ച് പരിസ്ഥിതിക്കും അവിടുത്തെ യഥാര്‍ഥവാസികള്‍ക്കും വിരുദ്ധമായ നിലപാട് സ്വീകരിക്കുകയാണ് സി പി എം. ഈ പക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടിക്ക് അനിയന്ത്രിതമായി തുടരുന്ന ഖനന, ക്വാറി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നീങ്ങാന്‍ സാധിക്കുമോ? മണല്‍ ഖനനത്തിനെതിരെ നീങ്ങാന്‍ സാധിക്കുമോ? ഇല്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്നതാണ്, സ്വകാര്യ മേഖലയില്‍ കരിമണല്‍ ഖനനം അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന സമരത്തില്‍ ഗ്രൂപ്പ് ഭിന്നത കൂടാതെ സി പി എം നേതാക്കള്‍ പങ്കെടുത്തത്. രാഷ്ട്രീയ നിലപാടുകള്‍ ശരിയാക്കാതെ എങ്ങനെയാണ് സി പി എം, അണികളുടെ ദൗര്‍ബല്യത്തെ നീക്കി, സംഘടനാപരമായ കരുത്ത് ആര്‍ജിക്കുക എന്നത് മനസ്സിലാക്കാന്‍ പ്രയാസമുള്ളതാണ്.


പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം ക്വാറി ഖനനം, മണല്‍ ഖനനം, റിയല്‍ എസ്റ്റേറ്റ്, വിനോദ സഞ്ചാര വികസനം എന്നിങ്ങനെ കേരളത്തില്‍ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലകളിലെല്ലാമുണ്ട്. ഇവയെല്ലാം തന്നെ അധികൃതമോ അനധികൃതമോ ആയ ഊഹവിപണികളെ വളര്‍ത്തിവലുതാക്കിയിട്ടുണ്ട്. ഈ വിപണിയുടെ ശൃംഖല സി പി എം അണികളിലേക്ക് ആഴത്തില്‍ വ്യാപിച്ചിട്ടുണ്ട്. ഈ ശൃംഖലയില്‍ പങ്കാളികളാണെന്ന ആരോപണം പാര്‍ട്ടിയുടെ നേതൃനിരയിലുള്ള ചിലര്‍ക്കെങ്കിലുമെതിരെ ഉയര്‍ന്നിരിക്കുന്നു. ലിസ് നക്ഷേപത്തട്ടിപ്പ് നടത്തിയവര്‍, അനധികൃത ഇടപാടുകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പാര്‍ട്ടി നേതാക്കളെ കൈക്കൂലിയുമായി സമീപിച്ചത്, ശൃംഖലയുടെ കണ്ണികള്‍ അവിടെയുള്ളതുകൊണ്ടാണ്. സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് മുഖപത്രം രണ്ട് കോടി രൂപ ബോണ്ടായി സ്വീകരിച്ചതും ഭൂട്ടാന്‍ ലോട്ടറിയുടെ ഫലപ്രഖ്യാപനം പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചാനലില്‍ നിരന്തരം സംപ്രേഷണം ചെയ്തതുമൊക്കെ ഇത്തരം ശൃംഖലകളുടെ കണ്ണികളുണ്ടായതുകൊണ്ടാണ്.


ലിസും ലോട്ടറിയുമൊക്കെ പുറത്തുവന്നപ്പോള്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാനും തിരുത്താനും സി പി എം തയ്യാറായി എന്നത് അംഗീകരിക്കുന്നു. മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്നും ഈ ഉത്തരവാദിത്വം ഇക്കാലത്ത് പ്രതീക്ഷിക്കുകയും വയ്യ. പക്ഷേ, പുറത്തറിഞ്ഞ ഇത്തരം ഇടപാടുകള്‍ക്കപ്പുറത്ത് ചെറുതും വലുതുമായ ഇടപാടുകള്‍ വേറെയും നടക്കുന്നുണ്ട്. അത് നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം വലുതായിരിക്കുന്നു. അണികളെ നിയന്ത്രിക്കാന്‍ സാധിക്കണമെങ്കില്‍, ഇത്തരം ഇടപാടുകളില്‍ നിന്ന് നേതാക്കള്‍ വിട്ടുനില്‍ക്കണം. അതില്ലെന്ന തോന്നല്‍ അണികള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലുമുണ്ടായിരിക്കുന്നു. ദല്ലാള്‍ ബൂര്‍ഷ്വാസിയുടെ സ്ഥാനത്താണ് നേതാക്കളും (എല്ലാവരുമല്ല) പാര്‍ട്ടി അണികളും പാര്‍ട്ടി എന്ന സ്ഥാപനവും ഇപ്പോള്‍ നില്‍ക്കുന്നത്. അതിലൊരു മാറ്റമുണ്ടാകാതെ, പ്ലീനത്തിന്റെ കല്‍പ്പനകള്‍ ഫലം കാണില്ല.


നേതാക്കള്‍ ആഡംബരജീവിതരീതികളുടെ അടിമകളാകുന്നു, പാര്‍ലിമെന്ററി വ്യാമോഹം നേതാക്കള്‍ക്കിടയില്‍ വര്‍ധിക്കുന്നു എന്നു തുടങ്ങി, കഴിഞ്ഞ രണ്ട് പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ആവര്‍ത്തിച്ച സ്വയം വിമര്‍ശങ്ങള്‍, ഫലമെന്തെങ്കിലുമുണ്ടാക്കിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. മൂവായിരം രൂപയുടെ ചെരുപ്പ് വാങ്ങുന്ന ചിത്രം, ഏറ്റവും പ്രചാരമുള്ള പത്രത്തിന്റെ മുന്‍പേജില്‍ അച്ചടിച്ച് കാണാന്‍ ആഗ്രഹിക്കുന്നവരും കണ്ടല്‍ സമൃദ്ധമായ ദ്വീപുകള്‍ വന്‍കിട വ്യവസായികള്‍ക്ക് തീറെഴുതുന്നതിന് ചുക്കാന്‍ പിടിക്കുന്നവരും ഇപ്പോഴുമുണ്ട് പാര്‍ട്ടിയുടെ നേതൃനിരയില്‍.
ആദര്‍ശനിഷ്ഠവും പ്രത്യയശാസ്ത്രബന്ധിതവുമായ ഒരു ഭൂതകാലമുണ്ടായിരുന്നുവെന്ന ഗൃഹാതുരത്വത്തിന്റെ കാവലുണ്ട് ഇപ്പോഴും പാര്‍ട്ടിക്ക്. ആ കാവല്‍ തുടരണമെന്ന് പൊതുസമൂഹം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉയരുന്ന വലിയ അഴിമതി ആരോപണത്തേക്കാള്‍, ഇടത് നേതാക്കള്‍ക്കെതിരായ ചെറിയ ആരോപണത്തിന് വലിയ പ്രാധാന്യം ലഭിക്കുന്നത്. ഈ കാവലില്‍ തന്നെയാണ് തങ്ങളെന്ന് ബോധ്യപ്പെടുത്താന്‍ സി പി എം നിരന്തരം ശ്രമിക്കുന്നുണ്ട്. അതിന്റെ മറ്റൊരു വേദി മാത്രമാണ് പാലക്കാട്ടെ പ്ലീനം. അതങ്ങനെ അല്ലാതാകണമെങ്കില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കണം. മണിക് സര്‍ക്കാറും ബിമന്‍ ബോസുമൊക്കെ ഇപ്പോഴും കാട്ടുന്ന ഇച്ഛാശക്തിയുണ്ടാകണം.

2013-11-25

ഉമ്മനും നരേന്ദ്രനും സമ്പര്‍ക്കവും


ആണ്ടോടാണ്ട് അരങ്ങേറുന്ന സമ്പര്‍ക്ക മഹാമഹം. ജനങ്ങളുടെ പരാതി പരിഹരിക്കുക എന്നതിനപ്പുറത്ത് അവരുമായി കൂടുതല്‍ അടുക്കുക എന്നതാണ് സമ്പര്‍ക്കത്തിന്റെ ഉദ്ദേശ്യമെന്ന വിശദീകരണം. സമ്പര്‍ക്കവേദിയിലേക്ക് ആംബുലന്‍സിലും സ്ട്രച്ചറിലുമെത്തി വെയിലാറുവോളം കാത്തുകിടന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ കടാക്ഷക്കനിവ് ലഭിച്ചതിന്റെ അപദാനങ്ങള്‍ എമ്പാടും. അമൃതേത്തുകള്‍ ഒഴിവാക്കി, മോരും കട്ടന്‍ ചായയും കുടിച്ച് അര്‍ധരാത്രിയോളം ജനങ്ങള്‍ക്കൊപ്പം ചെലവിട്ട നേതാവിനെക്കുറിച്ചുള്ള സങ്കീര്‍ത്തനങ്ങള്‍ വേറെയുമുണ്ട്. മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ്, ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ, ഉമ്മന്‍ ചാണ്ടി വീണ്ടും ജനസമ്പര്‍ക്കത്തിനിറങ്ങിയതെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. സോളാര്‍ കേസിലെ സമരത്തിന്റെ ഭാഗമായ ഉപരോധ വഴിപാട് എല്ലായിടത്തും അവര്‍ നടത്തുന്നുമുണ്ട്. എങ്കിലും സമ്പര്‍ക്കത്തിലേക്ക് ജനങ്ങള്‍, ധാരാളമായി എത്തുന്നു. ആ നിലക്ക് ഇതൊരു ജനകീയ പരിപാടിയാണ്. ഇന്ത്യന്‍ യൂനിയനിലെ ഇതര സംസ്ഥാനങ്ങളിലൊന്നും കാണാത്ത ഒന്നാണ് താനും.


ജനങ്ങളുടെ പ്രശ്‌നം നേരിട്ട് കേട്ട് പരിഹരിക്കാനെത്തുന്ന മുഖ്യമന്ത്രി.
ജനകീയതയില്‍ ഉമ്മന്‍ ചാണ്ടിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ രാജ്യത്ത് മറ്റൊരാളില്ലെന്നാണ് കരുതിയിരുന്നത്. അവാര്‍ഡിന്റെ സാധുതയെക്കുറിച്ച് സംശയങ്ങളുന്നയിക്കപ്പെട്ടുവെങ്കിലും ഐക്യരാഷ്ട്ര സഭയുടെ നിര്‍ണയ ഏജന്‍സിയും അതുതന്നെ കരുതിയിരിക്കണം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയേക്കാള്‍ ജനകീയനായ മുഖ്യമന്ത്രിയാണ്, ഇപ്പോള്‍ പ്രധാനമന്ത്രി സ്ഥാനം ലാക്കാക്കി പര്യടന മഹാമഹം നടത്തുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെന്ന് സംശയലേശമന്യെ വ്യക്തമായത് അടുത്തിടെയാണ്. പ്രായപൂര്‍ത്തിയായ മകള്‍ക്ക് പ്രണയബന്ധമുണ്ടെന്ന് സംശയിക്കുന്ന പിതാവിന്, ജനസമ്പര്‍ക്ക പരിപാടിയിലെത്തി പരാതി നല്‍കാനാകില്ല. ഇനി പരാതി നല്‍കിയാല്‍ തന്നെ, ഉപദേശിച്ച് മടക്കി അയക്കാനേ ഉമ്മന്‍ ചാണ്ടിക്ക് സാധിക്കൂ.


ഗുജറാത്തില്‍ സ്ഥിതി ഇതല്ല. മകളെക്കുറിച്ച് സംശയങ്ങളുള്ള പിതാവിന് നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാം. പെണ്‍കുട്ടിയെ നിരീക്ഷിക്കാന്‍ സംസ്ഥാന പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിലെ സമര്‍ഥരായ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി നിയോഗിക്കും. ഫോണ്‍ സംഭാഷണങ്ങള്‍ മുഴുവന്‍ ചോര്‍ത്തിയെടുക്കും. പെണ്‍കുട്ടി വഴിവിട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കി, പിതാവിന്റെ പരാതിക്ക് പരിഹാരം കാണും. മുഖ്യമന്ത്രി മുന്‍കൈ എടുത്ത് നടത്തുന്ന ഈ സേവനത്തെ പെണ്‍കുട്ടിയുടെ കുടുംബം പില്‍ക്കാലത്ത് നന്ദിയോടെ സ്മരിക്കുകയും ചെയ്യും.


ജനസമ്പര്‍ക്കം നൂറ്റിയൊന്ന് ആവര്‍ത്തിച്ചാലും ഇത്രത്തോളം ജനകീയനാകാന്‍ ഉമ്മന്‍ ചാണ്ടിക്ക് സാധിക്കില്ലെന്ന് നിശ്ചയം. ചില കുടുംബങ്ങളുടെ സ്വകാര്യ പ്രശ്‌നങ്ങള്‍, പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചിട്ടില്ല എന്ന് പറയുന്നത് വസ്തുതാവിരുദ്ധമാകും. മുന്‍ മന്ത്രിയും പത്‌നിയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് കരാറുണ്ടാക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തിരുന്നു. മന്ത്രിസഭക്കും മുഖ്യമന്ത്രിക്ക് തന്നെയും പ്രതിച്ഛായാനഷ്ടമുണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിച്ച സോളാര്‍ കേസിലെ മുഖ്യ ആരോപണവിധേയരില്‍ ഒരാളായ ബിജു രാധാകൃഷ്ണന്‍, എറണാകുളത്തെ ഗസ്റ്റ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടതും കുടുംബ പ്രശ്‌നം പറയാനാണ്. തത്കാലത്തേക്കൊരു പരിഹാരമുണ്ടാക്കിയിരുന്നു അന്ന്. പക്ഷേ, ഏതെങ്കിലുമൊരു സാധാരണക്കാരന് ഈ സേവനം ലഭ്യമാക്കാന്‍ ഇവിടുത്തെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല, തയ്യാറാകുകയുമില്ല. ഇത്തരമൊരു വിവേചനം കാട്ടാന്‍ ഗുജറാത്തിലെ മുഖ്യമന്ത്രി നരേന്ദ്ര മോഡി തയ്യാറായില്ലെന്നാണ്, തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മകളെ നിരന്തരം നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്ന് പിതാവ് പറയുമ്പോള്‍, വ്യക്തമാകുന്നത്. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പോലും പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിരീക്ഷിച്ച്, പരിഹരിക്കാന്‍ ശ്രദ്ധിക്കുന്ന,  മുഖ്യമന്ത്രിയുണ്ടെങ്കില്‍ അദ്ദേഹമായിരിക്കുമല്ലോ ഏറ്റവും ജനകീയന്‍!


ഗുജറാത്തിലെ ഈ ജനസമ്പര്‍ക്കത്തിന് പക്ഷേ, താരതമ്യം അധോലോക സംഘങ്ങളുടെ പ്രവര്‍ത്തനരീതികളുമായാണ്. രഹസ്യ നിരീക്ഷണത്തിലൂടെയാണ് വിവര ശേഖരണം. എന്തിന് വേണ്ടിയാണ് വിവരം ശേഖരിച്ചത് എന്ന് പരസ്യപ്പെടുത്തില്ല. ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളും പരസ്യമാകില്ല. തന്റെ സാമ്രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുവെന്നാണ് നിരീക്ഷണങ്ങളിലൂടെ ലഭിച്ച വിവരമെങ്കില്‍, ഉന്‍മൂലനമായിരിക്കും ചിലപ്പോള്‍ പരിഹാര ക്രിയ. കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ അടക്കലുമാകാം. എന്തിനും മടിക്കാത്ത സാഹെബ്. സാഹെബിന്റെ ഇംഗിതങ്ങളൊക്കെ സാധിപ്പിച്ച് നല്‍കാന്‍ തയ്യാറായിരിക്കുന്ന സഹമന്ത്രി. (മുന്‍ മന്ത്രിയാണെങ്കിലും സ്വാധീനശക്തി അളന്നാല്‍ ഇപ്പോഴും മന്ത്രിതുല്യനാണ് അമിത് ഷാ) അദ്ദേഹത്തിന് കീഴില്‍, മനശ്ചാഞ്ചല്യം കൂടാതെ എന്ത് ക്രൂരതയും കാട്ടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടം. 2002 മുതലിങ്ങോട്ട് ദീര്‍ഘകാലം ഗുജറാത്തില്‍ നിലനിന്ന ഈ ഭരണ സംവിധാനം അധോലോക സംവിധാനത്തെ വെല്ലുന്നതായിരുന്നു.  സാഹെബിന് പ്രിയപ്പെട്ട യുവതിയെ നിരീക്ഷിക്കാന്‍ ഗുജറാത്ത് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ ആ സംവിധാനം നിയോഗിച്ചുവെന്ന് പറഞ്ഞാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. തന്റെ ആവശ്യപ്രകാരമാണ് മകളെ നിരീക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്ന് പിതാവ് ആവര്‍ത്തിച്ചാല്‍ അതിലും അത്ഭുതമില്ല.


ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി നടന്ന ബെസ്റ്റ് ബേക്കറി കൂട്ടക്കൊല കേസില്‍ സാക്ഷിയായിരുന്ന സാഹിറ ശൈഖിനെ സ്വാധീനിക്കാന്‍ മോഡി ഭരണകൂടത്തിന്റെ പിന്തുണയോടെ നടന്ന ശ്രമങ്ങള്‍ കുപ്രസിദ്ധമാണ്. വംശഹത്യാ കേസുകളിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നുവെന്നതും തര്‍ക്കമറ്റ വസ്തുതയാണ്. ഇതിനെയൊക്കെ പിന്തുണച്ച ഭരണകൂടത്തിന്, ഈ കേസില്‍ മോഡിക്ക് അനുകൂലമായി ഒരു മൊഴി ഉണ്ടാക്കിയെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. പെണ്‍കുട്ടിയുടെ പിതാവ് കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ, ഈ സംഭവം പ്രസക്തമല്ലാതായെന്ന് വാദിച്ച് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയുടെ വിശ്വാസ്യത നിലനിര്‍ത്തേണ്ടത് ബി ജെ പിയുടെ ആവശ്യമാണ്. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ഉറച്ച പ്രവര്‍ത്തകനും ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന സഞ്ജയ് ജോഷിയെ ലൈംഗിക അപവാദക്കേസിലുള്‍പ്പെടുത്താന്‍ വ്യാജ ദൃശ്യങ്ങള്‍ ചമച്ചതിന് പിന്നില്‍ സാഹെബായിരുന്നുവെന്ന് ആരോപണമുണ്ടായിട്ട് അതേക്കുറിച്ചൊന്ന് അന്വേഷിക്കാന്‍ പോലും തയ്യാറാകാതെ മോഡിക്ക് പിറകില്‍ ഉറച്ചുനിന്ന പാര്‍ട്ടിയാണ് ബി ജെ പി. ഇക്കാലമത്രയും ഗുജറാത്തില്‍ അരങ്ങേറിയ ക്രൂരതകളെ, ന്യായീകരിച്ച പാര്‍ട്ടിയില്‍ നിന്ന് മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നതാണ് തെറ്റ്.


പിതാവ് കാര്യങ്ങള്‍ വ്യക്തമാക്കിയെന്ന് പറയുന്ന ബി ജെ പി, എന്ത് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകളെ നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടത് എന്ന് പിതാവ് വ്യക്തമാക്കിയിട്ടിെല്ലന്നത് ഓര്‍ക്കണം. പെണ്‍കുട്ടി ഹോട്ടലില്‍ താമസിക്കുകയാണെങ്കില്‍ അവിടെ പുരുഷന്‍മാരാരെങ്കിലുമുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കണമെന്ന് സാഹെബ് ആവശ്യപ്പെട്ടതായി അമിത് ഷാ പറയുന്നുണ്ട്. ഇത്രയും താത്പര്യം, ബ്രഹ്മചാരിയായി അറിയപ്പെടുന്ന സാഹെബ് പ്രകടിപ്പിച്ചത് എന്തുകൊണ്ടെന്ന സംശയവും നിലനില്‍ക്കുന്നു. മറച്ചുവെക്കാന്‍ ചിലതുള്ളതുകൊണ്ടാണ് നിരന്തര നിരീക്ഷണമുണ്ടായതെന്നും ഈ പെണ്‍കുട്ടിയില്‍ നിന്ന് ചില വിവരങ്ങള്‍ താനറിഞ്ഞിട്ടുണ്ട് എന്ന തെറ്റിദ്ധാരണ മൂലമാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നും മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ ആരോപിച്ചിട്ടുണ്ട്.


ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യാജമായി തയ്യാറാക്കി എന്ന ആരോപണം നേരിടുന്നുണ്ട് ഗുജറാത്ത് ഭരണകൂടം. അങ്ങനെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയെന്ന് ആരോപിക്കപ്പെടുന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടി വേണം നിയമവിരുദ്ധമായ നിരീക്ഷണങ്ങളെ വിലയിരുത്താന്‍. മറ്റാരൊക്കെ ഇത്തരത്തില്‍ നിരീക്ഷിക്കപ്പെട്ടിരുന്നുവെന്ന ചോദ്യവും പ്രസക്താണ്. നരേന്ദ്ര മോഡിയുടെ വിമര്‍ശകര്‍ നിശ്ചയമായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ടാകണം. മോഡിയുടെ കാര്‍മികത്വത്തില്‍ അരങ്ങേറിയ വംശഹത്യ, വ്യാജ ഏറ്റുമുട്ടല്‍ പരമ്പരകളുടെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ യത്‌നിച്ചവരും നിരീക്ഷണവിധേയരായിട്ടുണ്ടാകും. വിമര്‍ശകര്‍ സുരക്ഷിതരായി ഇരിക്കേണ്ടത്, നടപ്പ് സമ്പ്രദായം ജനാധിപത്യത്തിന്റെതാണെന്ന് പുറം ലോകത്തെ ബോധ്യപ്പെടുത്താന്‍ മോഡിയുടെത് പോലുള്ളൊരു ഭരണകൂടത്തിന് അനിവാര്യമാണ്. അതിനാല്‍ വിമര്‍ശകരെ നിരീക്ഷിച്ച് ശേഖരിക്കുന്ന വിവരങ്ങള്‍ സ്വയം പ്രതിരോധത്തിന് വേണ്ടി ഉപയോഗിക്കുക മാത്രമേ ചെയ്തിട്ടുണ്ടാകൂ. ഏറ്റുമുട്ടല്‍ കൊലകള്‍ സൃഷ്ടിക്കാന്‍ മടിയില്ലാത്ത കൂട്ടര്‍ക്കിടയില്‍ വിമര്‍ശകരിപ്പോഴും ജീവാപായമില്ലാതെ തുടരുന്നത് അതുകൊണ്ടാകണം. വിമര്‍ശകരായ ഉദ്യോഗസ്ഥര്‍ പ്രതികാര നടപടികള്‍ക്ക് വിധേയരാകുന്നുണ്ട് എന്നത് മറന്നല്ല ഇത് പറയുന്നത്.  


ഫാസിസ്റ്റ് സ്വഭാവം നിലനിര്‍ത്തുന്ന ഭരണകൂടവും അതിന്റെ എല്ലാ ക്രൂരതകളെയും പിന്തുണക്കുന്ന ഉദ്യോഗസ്ഥരും പരസ്പരം സംശയിക്കുക സ്വാഭാവികമാണ്. കൂറുകാട്ടി കൂടെ നില്‍ക്കുന്നവരെയാകും ഇത്തരം ഭരണകൂടം കൂടുതല്‍ നിരീക്ഷണത്തിന് വിധേയരാക്കുക എന്ന ബോധ്യം സിംഗാളിനുണ്ട്. അതുകൊണ്ടാണ്, പെണ്‍കുട്ടിയെ നിരീക്ഷിക്കാന്‍ അമിത് ഷാ ഫോണിലൂടെ നിര്‍ദേശിച്ചത് റെക്കോര്‍ഡ് ചെയ്യാന്‍ ഐ പി എസ് ഉദ്യോഗസ്ഥനായ ജി എല്‍ സിംഗാള്‍ തീരുമാനിച്ചത്. അമിത് ഷാ കൂടി ആരോപണവിധേയനായ ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനാണ് സിംഗാള്‍. ഇത്തരത്തില്‍ ആരൊക്കെ എന്തൊക്കെ രേഖപ്പെടുത്തിവെച്ചിട്ടുണ്ട് എന്നത് മോഡിയെയും കൂട്ടരെയും തുടര്‍ന്നും വേവലാതിപ്പെടുത്തിക്കൊണ്ടേയിരിക്കും.


കൂടെയുണ്ടായിരുന്നവര്‍ കൂറുമാറിയാല്‍ ഇക്കൂട്ടരെന്താണ് ചെയ്യുക? ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രി ഹരേണ്‍ പാണ്ഡ്യയുടെ അനുഭവം അതിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. പാണ്ഡ്യയുടെ കൊലക്ക് പിന്നില്‍ നരേന്ദ്ര മോഡിയാണെന്ന ആരോപണം ബന്ധുക്കള്‍ ഉന്നയിക്കുന്നുണ്ട്. 2002ലെ വംശഹത്യയെക്കുറിച്ച് അന്വേഷിച്ച സ്വതന്ത്ര കമ്മീഷനോട് ഹരേണ്‍ പാണ്ഡ്യ സംസാരിച്ചുവെന്നും അതിനു ശേഷം പാണ്ഡ്യയുടെ ഫോണ്‍ ചോര്‍ത്താന്‍ മോഡി ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നുവെന്നും നാനാവതി കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയില്‍ ഗുജറാത്ത് മുന്‍ ഡി ജി പി ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞിട്ടുണ്ട്. ശങ്കര്‍ സിംഗ് വഗേല, കേശുഭായ് പട്ടേല്‍ തുടങ്ങിയ നേതാക്കളും നിരന്തര നിരീക്ഷണത്തിന്‍ കീഴിലായിരുന്നുവെന്ന് ശ്രീകുമാര്‍ പറയുന്നു. പരീക്ഷിച്ച് വിജയം കണ്ട ഇത്തരമൊരു 'ജനസമ്പര്‍ക്ക' സംവിധാനം രാജ്യത്താകെ സ്ഥാപിക്കുന്നതിനാണ് നരേന്ദ്ര മോഡി ഇപ്പോള്‍ പര്യടനം നടത്തുന്നത്. സാഹെബിന്റെ വിമര്‍ശകരും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരും ഒരുപോലെ കരുതിയിരിക്കുക. അത്തരം കരുതലുള്ളതുകൊണ്ടാണ് മോഡി അധികാരത്തിലെത്തിയാല്‍ രാജ്യം വിട്ട് പോകുമെന്ന് യു ആര്‍ അന്തമൂര്‍ത്തിയെപ്പോലുള്ളവര്‍ പ്രഖ്യാപിക്കുന്നത്.

2013-11-18

കസ്തൂരിയിലൊരു 'വിമോചന'സമരം!


''സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ ഉത്തരവാദിത്വമുള്ള പദവികളില്‍ ഇരിക്കുന്നവരേ, നല്ല മനസ്സുള്ള സ്ത്രീ പുരുഷന്‍മാരേ: നമുക്ക് സൃഷ്ടിയുടെ സംരക്ഷകരാകാം, പ്രകൃതിയില്‍ ദൈവം കരുതിവെച്ച പദ്ധതിയുടെ സംരക്ഷകരാകാം, പരസ്പരം സംരക്ഷകരാകാം, പരിസ്ഥിതിയുടെയും സംരക്ഷകരാകാം''
         - പോപ്പ് ഫ്രാന്‍സിസ്, മാര്‍ച്ച് 18, 2013
                     സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍


''കാടുകള്‍ അപ്രത്യക്ഷമാകുന്നതിനും പച്ച വിരിപ്പ് നാശോന്മുഖമാകുന്നതിനും കാരണം ആദിവാസികളല്ല. കരാറുകാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ഭരണവര്‍ഗ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന അത്യാര്‍ത്തി പൂണ്ട സംഘമാണതിന് കാരണക്കാര്‍. കാട് കൊള്ളയടിക്കലും വ്യാപകമായ മരം വെട്ടും മുതലാളിത്ത വികസനത്തിന്റെ പ്രതിരോധിക്കാനാകാത്ത രീതിയാണ്''
- സി പി ഐ (എം), ആദിവാസികളെ
കുറി ച്ചുള്ള നയരേഖ.


തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയും കോഴിക്കോട് ജില്ലയിലെ പശുക്കടവും ഇടുക്കി ജില്ലയിലെ ചീയപ്പാറയുമൊക്കെ ഒര്‍മയില്‍ നിന്ന് മറയാന്‍ കാലമായിട്ടില്ല. ജീവനും സ്വത്തും അപഹരിച്ച് പൊട്ടിയ ഉരുളുകളുടെ സൃഷ്ടിക്ക്, മനുഷ്യന്റെ ചെയ്തികള്‍ തന്നെയാണ് കാരണമെന്ന് പരിസ്ഥിതി തീവ്രവാദികള്‍ ആരോപിക്കുന്നുണ്ട്. അതില്‍ വസ്തുതയുണ്ടെന്ന് ക്രിസ്തീയ സഭയിലെ  പുരോഹിതര്‍ മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ വരെ സമ്മതിക്കും. കേരളത്തില്‍ കാലാവസ്ഥക്ക് മാറ്റമുണ്ടായിട്ടുണ്ടെന്നും അത് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ടെന്നും കുടിവെള്ള ക്ഷാമവും വൈദ്യുതി കമ്മിയും അനുഭവപ്പെടുന്ന വേനലില്‍ ഇവരൊക്കെ തല കുലുക്കി സമ്മതിക്കും. ജലസമൃദ്ധിയുടെയും ചൂടിനെ  വെന്നൊഴുകിയിരുന്ന കാറ്റിന്റെയും കാലങ്ങളെക്കുറിച്ച് മധുരസ്മൃതികള്‍ അയവിറക്കുകയും ചെയ്യും. നഷ്ട സമ്പത്തുക്കളെക്കുറിച്ച് ഓര്‍മിക്കുന്നവര്‍ക്ക്, ഇപ്പോഴനുഭവിക്കുന്ന ചെറിയ ആശ്വാസങ്ങള്‍ വരും തലമുറക്കായി കാത്തുവെക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന തോന്നല്‍ ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് പഠിച്ച് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെയും അതില്‍ വലിയ തോതില്‍ വെള്ളം ചേര്‍ത്ത് അവതരിപ്പിച്ച കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെയും എതിര്‍ക്കാന്‍ അവര്‍ തയ്യാറാകുന്നത്.


ഈ റിപ്പോര്‍ട്ടുകളെക്കുറിച്ച് വലിയ തോതില്‍ തെറ്റിദ്ധാരണകള്‍ പരത്തിയാണ് എതിര്‍ക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. റിപ്പോര്‍ട്ട് നടപ്പാക്കേണ്ടവര്‍ അതിന്റെ നല്ല വശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ തയ്യാറായില്ല. തെറ്റിദ്ധാരണകള്‍ പരത്തിയവര്‍, ആ പ്രചാരണം നേരത്തെ ആരംഭിക്കുകയും എതിരഭിപ്രായങ്ങളെ അടിച്ചോടിക്കാന്‍ പാകത്തിലുള്ള വിദ്വേഷം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. ആ പ്രചാരണത്തിന്റെ നേതൃത്വത്തില്‍ കത്തോലിക്കാ സഭയുണ്ടായിരുന്നു, മലയോര കര്‍ഷകര്‍ക്കിടയില്‍ സ്വാധീനമുറപ്പിച്ച കേരളാ കോണ്‍ഗ്രസുണ്ടായിരുന്നു, മലയോര കര്‍ഷകര്‍ക്കിടയില്‍ ഏത് വിധത്തിലും സ്വാധീനമുറപ്പിക്കണമെന്ന് ലക്ഷ്യമിട്ട സി പി എമ്മുണ്ടായിരുന്നു.


ആറ് സംസ്ഥാനങ്ങളിലായി 1,64,280 ചരുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് പശ്ചിമഘട്ട മേഖലയില്‍. ഇതില്‍ 60,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ, പരിസ്ഥിതിയെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള മേഖലയായി പ്രഖ്യാപിക്കണമെന്നാണ് കസ്തൂരിരംഗന്‍ സമിതി ശിപാര്‍ശ ചെയ്തത്. ഇതനുസരിച്ചാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം. ഈ മേഖലയില്‍ ഉള്‍പ്പെടുന്ന ഇടുക്കി, കൊല്ലം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ പ്രദേശങ്ങളില്‍ ജീവിക്കുന്ന കര്‍ഷകര്‍, അതില്‍ തന്നെ കുടിയേറ്റ കര്‍ഷകരാണ് പ്രധാനം, ഒന്നാകെ കുടിയൊഴിയേണ്ടിവരുമെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. ഈ മേഖലകളില്‍ ഇനിയൊരു ആശുപത്രി പോലും പണിയാനാകില്ലെന്ന് വരെ പ്രചരിപ്പിച്ച് ജനങ്ങളെയാകെ ഭീതിയിലാഴ്ത്തി. കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് ക്വാറികള്‍, ഖനനം, മണല്‍ ഖനനം എന്നിവയാണ് ഈ മേഖലകളില്‍ നിന്ന് അഞ്ച് വര്‍ഷം കൊണ്ട് ഒഴിവാക്കേണ്ടത്. 20,000 ചരുതശ്ര മീറ്ററി (ചതുരശ്ര അടിയല്ല)ലധികമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് വിലക്കി. ഇത്തരം തീരുമാനങ്ങള്‍ ഏത് വിധത്തിലാണ് കൃഷിയെയും കര്‍ഷകരെയും ബാധിക്കുക എന്ന ചോദ്യത്തിന് സമരത്തിന് നേതൃത്വം നല്‍കുന്ന കത്തോലിക്കാ സഭക്കോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ ഉത്തരമില്ല. ക്വാറികളൊക്കെ നിര്‍ത്തുന്നതോടെ വീട് വെക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയുണ്ടാകുമെന്ന വാദമാണ് ഇവരുയര്‍ത്തുന്നത്.


പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളില്‍ രാസവളവും കീടനാശിനിയുമുപയോഗിക്കുന്നത് നിരോധിക്കണമെന്ന് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. പൂര്‍ണ നിരോധം പ്രായോഗികമല്ലെന്ന നിലപാടാണ് കസ്തൂരി രംഗന്‍ കമ്മിറ്റി സ്വീകരിച്ചത്, അതാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചതും. ഇടുക്കി, വയനാട് മേഖലകളില്‍ അര്‍ബുദബാധ വ്യാപകമായതിന് കാരണം അമിതമായ രാസവള, കീടനാശിനി പ്രയോഗമാണെന്ന വിലയിരുത്തല്‍ നിലവിലുണ്ട്. അതൊരുപരിധി വരെ വസ്തുതയാണെന്ന് ഇപ്പോള്‍ സമരത്തിനുള്ളവര്‍ പോലും സമ്മതിക്കും. രാസവളവും കീടനാശിനിയും നിയന്ത്രണങ്ങളൊന്നുമില്ലാതെ തുടര്‍ന്നുമുപയോഗിക്കാന്‍ അനുമവാദം നല്‍കി രോഗപീഡകള്‍ കൂടാന്‍ അനുവദിക്കണമോ എന്ന് വ്യക്തമാക്കേണ്ടത് സമരത്തിന് നേതൃത്വം നല്‍കുന്നവരാണ്.


കുടിയേറ്റ കര്‍ഷകരില്‍ ഭൂരിഭാഗവും ക്രിസ്തുമത വിശ്വാസികളാണ്. അതുകൊണ്ട് തന്നെ സഭാ നേതൃത്വം വലിയ ആശങ്ക പ്രകടിപ്പിക്കുന്നതില്‍ അത്ഭുതമില്ല. സഭയുടെ സ്വത്തുക്കള്‍ വര്‍ധിപ്പിക്കുന്നതില്‍ ഈ വിഭാഗം ഇക്കാലത്തിനിടെ വഹിച്ച പങ്ക് വലുതാണ്, വരും കാലത്ത് ഈ പ്രവര്‍ത്തനം അവര്‍ തുടരേണ്ടതുമുണ്ട്. അതുകൊണ്ടാണ് പൗരോഹിത്യം, ജനപ്രതിനിധികളെ വഴിയില്‍ തടയണമെന്ന് വരെ ആഹ്വാനം ചെയ്ത് രംഗത്തുവന്നിരിക്കുന്നത്. കുഞ്ഞാടുകളുടെ കൃഷിയിടങ്ങള്‍ സംരക്ഷിച്ച്, അവരുടെ ജീവിതം സുഗമമായി മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പാക്കാനുള്ള വ്യഗ്രത ഇതില്‍ തുലോം കുറവാണ്. ആ വ്യഗ്രതയുണ്ടായിരുന്നുവെങ്കില്‍ മാധവ് ഗാഡ്ഗില്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് അത് വിശ്വാസികളെ പഠിപ്പിച്ച്, പോപ്പ് ഫ്രാന്‍സിസ് ആഹ്വാനം ചെയ്തത് പോലെ പ്രകൃതിയില്‍ ദൈവം കരുതിവെച്ച പദ്ധതിയുടെ സംരക്ഷകരായി ജീവജാലങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പിന് വേണ്ടി യത്‌നിച്ചേനേ. ഇപ്പോള്‍ സഭയെടുത്തിരിക്കുന്ന നിലപാട് നിലവില്‍ കുടിയേറിയവരുടെ സൗഖ്യത്തേക്കാളുപരി, ഭാവിയിലെ കുടിയേറ്റത്തിന്റെ സാധ്യതകള്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. അത്തരം കുടിയേറ്റങ്ങള്‍ക്ക് സംഭവിച്ചാല്‍ കൂടുതല്‍ ജീവനുകള്‍ പ്രകൃതിക്ഷോഭത്തിന് ഇരകളാകുക എന്നതാകും ഫലം. അണികളില്‍ ഭൂരിഭാഗവും കുടിയേറ്റക്കാരായ, പൗരോഹിത്യത്തിന്റെ ഇംഗിതങ്ങള്‍ക്കപ്പുറത്തുള്ള രാഷ്ട്രീയ നിലപാട് അന്യമായ കേരള കോണ്‍ഗ്രസ് മുന്‍പിന്‍ നോക്കാതെ സഭക്കൊപ്പം നില്‍ക്കുക സ്വാഭാവികം.


പക്ഷേ, സി പി എമ്മും സി പി ഐയും ഈ വഴി സ്വീകരിക്കുമ്പോള്‍, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വികസനവും പരിസ്ഥിതി സംരക്ഷണവും യോജിച്ച് പോകേണ്ടതിന്റെ ആവശ്യതയെക്കുറിച്ചും ഇക്കാലത്തിനിടെ പൊതുവിലുണ്ടായ അവബോധത്തെയാകെ തകര്‍ക്കുകയാണ് അവര്‍. ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണവും മുന്‍നിര്‍ത്തി നിയമ നിര്‍മാണങ്ങള്‍ക്ക് ശ്രമിച്ച 1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ പുറത്താക്കാന്‍ നടന്ന വിമോചന സമരത്തിന്റെ നേതൃത്വത്തില്‍ സഭയുണ്ടായിരുന്നു. ആ സമരം ഏതളവിലാണ് കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ മാറ്റമുണ്ടാക്കിയതെന്ന് അറിയാത്തവരല്ല ഇടത് പാര്‍ട്ടികളുടെ നേതാക്കള്‍. സ്വകാര്യ സ്വാശ്രയ പ്രൊഫഷനല്‍ കോളജുകള്‍ അനുവദിച്ച് കിട്ടുന്നതിന് സഭാ നേതൃത്വം സ്വീകരിച്ച നിലപാടും അനുവദിച്ച് കിട്ടിയതിന് ശേഷം അവര്‍ നടത്തിയ മറുകണ്ടംചാടലും നിയമനിര്‍മാണത്തിന് ശ്രമിച്ചപ്പോള്‍ രണ്ടാം വിമോചന സമരത്തിന് നടത്തിയ ആഹ്വാനവും അറിയാത്തവരുമല്ല. ജീവകാരുണ്യ  മേഖലയിലും വിദ്യാഭ്യാസ രംഗത്തും സംഭാവനകള്‍ നല്‍കുമ്പോള്‍ തന്നെ, സമൂഹത്തില്‍ തുല്യാവസരമുറപ്പാക്കി മുന്നോട്ടുപോകാന്‍ നടത്തിയ ശ്രമങ്ങളെ, പ്രതിരോധിച്ച ചരിത്രമാണ് സഭക്ക്. ആറ് മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം അവകാശമാക്കി നിയമം കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ക്കാന്‍ ആദ്യമെത്തിയത് സഭയായിരുന്നുവെന്നത് സമീപകാല ചരിത്രം.


ഈ അവസ്ഥയില്‍ സഭയുമായി കൈകോര്‍ത്ത് സമരത്തിന്, സി പി എമ്മും സി പി ഐയും അടക്കം ഇടത് പാര്‍ട്ടികള്‍ അണിനിരക്കുമ്പോള്‍, അതിനൊരു ലക്ഷ്യമേയുള്ളൂ - പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കുക എന്നത്. വിമോചനസമരത്തിന് ശേഷം ഇക്കാലമത്രയും കോണ്‍ഗ്രസിനെയോ കേരളാ കോണ്‍ഗ്രസിനെയോ അതുവഴി യു ഡി എഫിനെയോ പിന്തുണച്ച കുടിയേറ്റ കര്‍ഷകര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാനായാല്‍ വരുംകാല തിരഞ്ഞെടുപ്പുകളിലൊക്കെ നേട്ടമുണ്ടാക്കാമെന്ന വ്യാമോഹം. സുപ്രീം കോടതിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍. അത് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. നാളെ ഇടതു  മുന്നണിയുടെ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍, ഇപ്പോള്‍ യു ഡി എഫ് സര്‍ക്കാറെടുക്കുന്ന അതേ നിലപാടേ സ്വീകരിക്കാനാകൂ. അപ്പോള്‍ പള്ളിയും പട്ടക്കാരും എതിരാകും. തത്കാല ലാഭമെന്നതിനപ്പുറത്തൊന്നും ഇടതു പാര്‍ട്ടികള്‍ക്ക് ഇവിടെ കിട്ടാനില്ല.


കാട് കൊള്ളയടിക്കലും വ്യാപകമായ മരംവെട്ടും രീതിയാക്കിയ മുതലാളിത്ത വികസനത്തോട് യോജിച്ച് നില്‍ക്കുക വഴി പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടില്‍ വെള്ളം ചേര്‍ക്കുകയാണ് ഇടതിന് നേതൃത്വം നല്‍കുന്ന സി പി എമ്മിന്റെ കേരള ഘടകം. ഈ വെള്ളം ചേര്‍ക്കലില്‍ വിഭാഗീയതയുടെ അര്‍ബുദമില്ലെന്ന് മാത്രം പാര്‍ട്ടിക്ക് ആശ്വസിക്കാം. നടപ്പാക്കേണ്ടത് മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തന്നെയാണെന്ന് പ്രഖ്യാപിച്ച വി എസ് അച്യുതാനന്ദന്‍ പോലും, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാനാകുമെന്ന പഴുത് കണ്ടപ്പോള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പോലും നടപ്പാക്കരുതെന്ന നിലപാടെടുത്തു.


സഭയും രാഷ്ട്രീയപാര്‍ട്ടികളുമടക്കം നിക്ഷിപ്ത താത്പര്യക്കാര്‍ അന്ധമായ എതിര്‍പ്പുമായി രംഗത്തുവന്നതോടെ, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് മൂലം യഥാര്‍ഥത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോ എന്ന പരിശോധനപോലും അസാധ്യമായിരിക്കുന്നു. അത്തരത്തിലെന്തിങ്കുമുണ്ടെങ്കില്‍ അതേക്കുറിച്ച് ചിന്തിക്കാന്‍ പോലും അവസരമില്ല. ആകെയുള്ളത് സമരത്തിന്റെ മറവില്‍ അക്രമങ്ങള്‍ സൃഷ്ടിച്ച് കേസുകളുടെയും മറ്റും രേഖകള്‍ കത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്. അത് ആവോളം ആസ്വദിക്കപ്പെടട്ടെ. റിപ്പോര്‍ട്ടിന്റെ വസ്തുതകള്‍ ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കാന്‍ ത്രാണിയുള്ള സി പി എമ്മിനെപ്പോലുള്ള പാര്‍ട്ടികള്‍ പോലും തത്കാലത്തെ രാഷ്ട്രീയ നേട്ടത്തെ പ്രധാനമായി കാണുമ്പോള്‍ വാഴുക അക്രമങ്ങള്‍ക്കുള്ള സ്വാതന്ത്ര്യമായിരിക്കും. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സമരാഹ്വാനക്കാര്‍ക്ക് ഒഴിയാനും സാധിക്കില്ല.

2013-11-15

ഇന്റലിജന്‍സിലൊരു സംശയം (പ്രേരണ - മോഡി)


മഹാരാഷ്ട്രയിലെ  മലേഗാവില്‍ 2006ലുണ്ടായത് പോലുള്ള സ്‌ഫോടനങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന് 2007ല്‍ ആന്ധ്രാ പ്രദേശിലെ മക്ക മസ്ജിദിലുണ്ടായ സ്‌ഫോടനത്തിന് മുമ്പ് രാജ്യത്തെ ഇന്റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കേന്ദ്ര സര്‍ക്കാറോ ഇന്റലിജന്‍സ് ഏജന്‍സിയുടെ അക്കാലത്തെയോ പില്‍ക്കാലത്തെയോ മേധാവികളോ നിഷേധിച്ചിട്ടില്ല. മലേഗാവില്‍ സ്‌ഫോടനങ്ങളുണ്ടായി ദിവസങ്ങള്‍ക്കകം, അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ്‌  ഓഫ് ഇന്ത്യ (സിമി)യാണെന്ന് മഹാരാഷ്ട്ര പോലീസിലെ ഭീകരവിരുദ്ധ വിഭാഗം (എ ടി എസ്) കണ്ടെത്തി സുത്രധാരനെന്ന് ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. മലേഗാവിലുണ്ടായത് പോലൊരു സ്‌ഫോടനം മക്ക മസ്ജിദിലുണ്ടാകുമെന്ന് ഇന്റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുമ്പോള്‍, അതിന് പിന്നില്‍ സിമിയല്ലാതെ മറ്റാരുമാകാന്‍ തരമില്ലെന്ന് വിശ്വസിക്കപ്പെടുക സ്വാഭാവികം. ഹേമന്ദ് കാര്‍ക്കറെയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍, മലേഗാവ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഹിന്ദുത്വ ഭീകരവാദ സംഘടനയാണെന്ന നിഗമനമുണ്ടായി. അതിന് നേതൃത്വം നല്‍കിയത് മിലിറ്ററി ഇന്റലിജന്‍സില്‍ പ്രവര്‍ത്തിച്ചിരുന്ന കേണല്‍ ശ്രീകാന്ത് പുരോഹിതായിരുന്നുവെന്നും അന്വേഷണ സംഘം ആരോപിച്ചു. മലേഗാവില്‍ പൊട്ടിത്തെറിച്ച ബോംബ് സ്ഥാപിച്ചിരുന്ന ഇരുചക്ര വാഹനം, സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അഭിനവ് ഭാരത് എന്ന സംഘടനയുടെ ഭാരവാഹിയായിരുന്ന പ്രജ്ഞാ സിംഗിന്റെ പേരിലുള്ളതായിരുന്നുവെന്നും കണ്ടെത്തി. അന്വേഷണത്തില്‍ പാളിച്ചയുണ്ടാകുക സ്വാഭാവികം, അത് മനഃപൂര്‍വമാകാം, അല്ലാതെയുമാകാം. പക്ഷേ, ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ കാര്യത്തിലോ?


മലേഗാവിലുണ്ടായത് പോലുള്ള സ്‌ഫോടനം മക്ക മസ്ജിദിലുമുണ്ടാകാന്‍ ഇടയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുമ്പോള്‍, അത് ഏതെങ്കിലും വിവരങ്ങളുടെ അടിസ്ഥാനത്തിലാകണം. സിമിയെ കേന്ദ്രീകരിച്ച് എ ടി എസ് അന്വേഷണം തുടരുകയും അറസ്റ്റുകള്‍ നടത്തുകയും ചെയ്ത കാലത്താണ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പുണ്ടാകുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തയ്യാറായത് എന്ന സംശയം സ്വാഭാവികം. എ ടി എസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലോ ഇന്റലിജന്‍സ് സ്വമേധയാ നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലോ? എ ടി എസ്സിന്റെ നിഗമനങ്ങള്‍ തള്ളിക്കളയപ്പെടുകയും മലേഗാവിലെ ക്രൂരതക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഹിന്ദുത്വ ഭീകരവാദ ശൃംഖലയാണെന്ന അന്വേഷണ റിപ്പോര്‍ട്ട് നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് കൂടുതല്‍ പ്രധാനമാണ്.


മലേഗാവിലെ സ്‌ഫോടനം നടത്തിയത് ഹിന്ദുത്വ ഭീകരവാദ ശൃംഖലയിലെ അംഗങ്ങളാണെങ്കില്‍, 2006ലുണ്ടായതുപോലുള്ള സ്‌ഫോടനം മക്ക മസ്ജിദിലുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ഈ ശൃംഖലയെക്കുറിച്ച് അറിവുണ്ടായിട്ടുണ്ടാകുമോ? അങ്ങനെയെങ്കില്‍ അത് തുറന്നു പറയാത്തത് എന്തുകൊണ്ട്? എ ടി എസ്സിന്റെ അന്വേഷണത്തില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെങ്കില്‍, ഇന്റലിജന്‍സ് സംവിധാനം കൊണ്ട് എന്ത് പ്രയോജനം? വിവരശേഖരണത്തിനായി എ ടി എസ് തന്നെ റിക്രൂട്ട് ചെയ്തവരില്‍ ഒരാളെയാണ് മലേഗാവ് സ്‌ഫോടനത്തിന് ശേഷം അവര്‍ ആദ്യം അറസ്റ്റ് ചെയ്തത് എന്ന ആരോപണം കൂടി നിലനില്‍ക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ കൂടുതല്‍ പ്രസക്തമാകുന്നുണ്ട്. ഈ ചോദ്യങ്ങള്‍ക്ക് ഒരു കാലത്തും ഉത്തരം കിട്ടില്ല എന്നതും ഉത്തരമുണ്ടെങ്കില്‍ കൂടി അത് പുറത്തുവിടാന്‍ ഭരണസംവിധാനം തയ്യാറാകില്ലെന്നതുമാണ് വസ്തുത.


ഐ എസ് ആര്‍ ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ആര്‍ ബി ശ്രീകുമാര്‍ എന്ന വിരമിച്ച ഐ പി എസ് ഉദ്യോഗസ്ഥനെതിരെ ബി ജെ പി രംഗത്തുവന്ന സാഹചര്യത്തിലാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ വിനിമയം ചെയ്ത വിവരങ്ങളിലെ വൈരുധ്യത്തെക്കുറിച്ച് സൂചിപ്പിച്ചത്. വൈരുധ്യസമൃദ്ധിയുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ പാചകം ചെയ്‌തെടുത്ത റിപ്പോര്‍ട്ടുകളും നിരവധി ചൂണ്ടിക്കാട്ടാനാകും. ഈ റിപ്പോര്‍ട്ടുകളെ പ്രായേണ അംഗീകരിച്ച് മുന്നോട്ടുപോകുകയാണ് ഭരണത്തിലിരിക്കുന്നവര്‍ ചെയ്യാറ്. അതിലെ വൈരുധ്യമോ സത്യവിരുദ്ധതയോ ബോധ്യപ്പെട്ടാലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നടപടികളിലേക്ക് കടക്കാറില്ല. ഭരണത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ ആധികാരികതയില്‍ സംശയലേശമില്ലാത്ത പാര്‍ട്ടിയാണ് ബി ജെ പി, ഭീകരാക്രമണങ്ങളുടെ കാര്യത്തിലാണെങ്കില്‍ വിശേഷിച്ചും. ഏതാണ്ടെല്ലാ റിപ്പോര്‍ട്ടുകളും മുന്‍ കാലങ്ങളില്‍ ലശ്കറെ ത്വയ്യിബയുമായി ബന്ധമുള്ള സിമി പ്രവര്‍ത്തകരെയോ പിന്നീട് ഇന്ത്യന്‍ മുജാഹിദീനിനെയോ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് എന്നതുകൊണ്ടാണ് ബി ജെ പിക്ക് ശങ്കക്ക് വകയില്ലാതിരിക്കുന്നത്.


രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ഐ എസ് ആര്‍ ഒ ചാരക്കേസ് കെട്ടിച്ചമച്ച ഒന്നാണെന്ന് നീതിന്യായ സംവിധാനം വ്യക്തമാക്കിയതാണ്. കേസില്‍ താനടക്കമുള്ളവരെ കുടുക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ശാസ്ത്രജ്ഞനായ നമ്പി നാരായണന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു, അതില്‍ ആര്‍ ബി ശ്രീകുമാര്‍ പങ്കാളിയായെന്നും. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരത്ത് വന്നപ്പോള്‍ നമ്പി നാരായണനെ കണ്ടിരുന്നു. ആ കൂടിക്കാഴ്ചയില്‍, ചാരക്കേസിനെക്കുറിച്ചും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെക്കുറിച്ചും സംസാരിച്ചുവെന്ന് നമ്പി നാരായണന്‍ പറഞ്ഞിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് ബി ജെ പിയുടെ ദേശീയ നേതൃത്വം ആര്‍ ബി ശ്രീകുമാറിനെതിരെ രംഗത്തുവന്നത്. ആര്‍ ബി ശ്രീകുമാര്‍ ആ ഗൂഢാലോചനയില്‍ പങ്കാളിയായിട്ടുണ്ടെന്ന് കരുതിയാല്‍ തന്നെ (ശ്രീകുമാര്‍ ഇത് നിഷേധിക്കുകയും ചാരവൃത്തി നടന്നുവെന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നുണ്ട്) ബി ജെ പി ഇപ്പോഴതുന്നയിക്കുന്നതില്‍ നിക്ഷിപ്ത താത്പര്യമുണ്ട്. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവരോധിതനായ നരേന്ദ്ര മോഡിക്കെതിരെ കര്‍ശന നിലപാടെടുത്ത ശ്രീകുമാറിനെ ക്ഷീണിപ്പിക്കുക എന്ന താത്പര്യം. ഇതല്ല, ബഹിരാകാശ മേഖലയില്‍ രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ള ശാസ്ത്രജ്ഞന്റെ ഔദ്യോഗിക, വ്യക്തി ജീവിതങ്ങള്‍ കേസില്‍ക്കുടുക്കി നശിപ്പിച്ചതില്‍ വൈകിയുണ്ടായ രോഷമാണ് കാരണമെന്ന് വാദത്തിന് വേണ്ടി സമ്മതിക്കാം.


രണ്ടായാലും ഇന്റലിജന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം സംശയലേശമില്ലാത്ത വിധം കൃത്യതയുള്ളതാണെന്ന ബോധ്യത്തില്‍ നിന്ന് ബി ജെ പി തെല്ലെങ്കിലും മാറിയിരിക്കുന്നുവെന്ന് ചുരുക്കം. അങ്ങനെയെങ്കില്‍, ഒരു ദശകം മുമ്പ് ഗുജറാത്തിലെ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ ചില റിപ്പോര്‍ട്ടുകളുടെ ആധികാരികത സംബന്ധിച്ച സംശയങ്ങളോടുള്ള പ്രതികരണത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ? ഗുജറാത്ത് വംശഹത്യക്ക് ശേഷം അരങ്ങേറിയ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കെല്ലാം പിന്തുണയായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നരേന്ദ്ര മോഡിയെയും സംഘ് പരിവാരത്തിന്റെ മറ്റ് മുതിര്‍ന്ന നേതാക്കളെയും വധിക്കുക എന്ന ലക്ഷ്യത്തോടെ ലശ്കറെ ത്വയ്യിബ ബന്ധമുള്ള തീവ്രവാദികള്‍ എത്തുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. അതില്‍ മൂന്നെണ്ണത്തിന്റെയെങ്കിലും ആധികാരികത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സാദിഖ് ജമാല്‍, സുഹ്‌റാബുദ്ദീന്‍ ശൈഖ്, ഇശ്‌റത് ജഹാന്‍ എന്നീ പേരുകളില്‍ സുപരിചിതമായ വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൃത്രിമമായി തയ്യാറാക്കി എന്ന ആരോപണമാണ് ഉയര്‍ന്നത്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി അക്കാലത്ത് ഗുജറാത്തിലെ ഇന്റലിജന്‍സ് വിഭാഗത്തിന് നേതൃത്വം നല്‍കിയവരെ ചോദ്യം ചെയ്യാന്‍ സി ബി ഐ ശ്രമിച്ചപ്പോള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു ബി ജെ പി. ഇത്തരം നടപടികള്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്.


ഐ എസ് ആര്‍ ഒ ചാരക്കേസിന്റെ കാര്യത്തില്‍, കെട്ടിച്ചമക്കലിനെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചുമെല്ലാം പരാതിപ്പെടാന്‍ നമ്പി നാരായണനടക്കമുള്ളവരുണ്ട്. ഗുജറാത്തിലെ സംഭവങ്ങളില്‍ പരാതി പറയാന്‍ വ്യക്തികള്‍ ശേഷിക്കുന്നില്ല. ചില കേസുകളില്‍ പോലീസിന്റെ ബുള്ളറ്റിന് ഇരയായത് ആരാണ് എന്ന് തിരിച്ചറിഞ്ഞിട്ടു പോലുമില്ല. മേല്‍പ്പറഞ്ഞ മൂന്ന് കേസുകളിലും വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കാളികളായിട്ടുണ്ടെന്നാണ് ഇതിനകം പുറത്തുവന്ന വിവരം. മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ പോലീസുകാര്‍ പിടികൂടി കൈമാറിയ ആളുകളെയാണ് അഹമ്മദാബാദിലെത്തിച്ച് വെടിവെച്ചു കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചത്. അതിന് സാധുതയേകാന്‍ പാകത്തിലുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് രജീന്ദര്‍ കുമാറിനെപ്പോലുള്ള ഉദ്യോഗസ്ഥര്‍ ചമച്ചുകൊടുത്തുവെന്നാണ് ആരോപണം. ഐ എസ് ആര്‍ ഒ ചാരക്കേസ് സൃഷ്ടിക്കുന്നതിന് അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എയുമായി ആര്‍ ബി ശ്രീകുമാറിനെപ്പോലുള്ള ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഏറ്റെടുക്കും മുമ്പ്, ഗുജറാത്തില്‍ മോഡിയുടെ മൂക്കിന് താഴെ, മോഡിയുടെയും മന്ത്രിസഭയിലെ അംഗങ്ങളുടെയും അറിവോടെ നടന്നുവെന്ന് പറയപ്പെടുന്ന, നിസ്സഹായരുടെ ജീവനെടുത്ത ഗൂഢാലോചനയെക്കുറിച്ച്  നടക്കുന്ന അന്വേഷണത്തെ തള്ളിപ്പറയാതിരിക്കുകയെങ്കിലും വേണം ബി ജെ പി.


സ്വന്തം താത്പര്യങ്ങള്‍ക്ക് ഗുണകരമാകുന്ന ആരോപണങ്ങളെ ഏറ്റെടുക്കുകയും മറ്റുള്ളവയെ പ്രതിരോധിക്കുകയും ചെയ്യുക എന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ പതിവ് സ്വഭാവങ്ങളിലൊന്നാണ്. രാജ്യ സ്‌നേഹത്തില്‍ രണ്ടടി മുന്നില്‍ നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന, കറയില്ലാത്ത ദേശീയ വികാരത്തിന്റെ പൈതൃകം ചുമലിലേറ്റുന്ന ബി ജെ പിക്ക് ഇക്കാര്യത്തില്‍ മറ്റുള്ള പാര്‍ട്ടികളേക്കാള്‍ വലിയ ബാധ്യതയുണ്ട്. ഏതെങ്കിലുമൊരു വിഭാഗത്തെ ഭീകരവാദ മുദ്രകുത്തി മാറ്റിനിര്‍ത്തുന്നതിലെ അനൗചിത്യം, പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായതിന് ശേഷം നരേന്ദ്ര മോഡി ചൂണ്ടിക്കാട്ടുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളുടെ കുരുതി അരങ്ങേറിയ മണ്ണിലിപ്പോള്‍, വികസന പ്രവര്‍ത്തനങ്ങളിലേറെയും നടക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള മേഖലകളിലാണെന്ന് മോഡി അവകാശപ്പെടുന്നുമുണ്ട്. ദേശത്തിന്റെ അഖണ്ഡത ഊട്ടിയുറപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചുവെന്ന് കരുതപ്പെടുന്ന സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പിന്തുടര്‍ച്ചാവകാശം നേടിയെടുക്കാന്‍ വല്ലാതെ വിയര്‍പ്പൊഴുക്കുകയും ചെയ്യുന്നു.


അതുകൊണ്ടുതന്നെ ഇന്റലിജന്‍സ് സംവിധാനം ഗുജറാത്ത് എപ്പിസോഡുകളില്‍ എന്ത് പങ്ക് വഹിച്ചുവെന്നതു കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെടാനുള്ള ഉത്തരവാദിത്വം ബി ജെ പിക്കുണ്ട്. അതെല്ലാം മറന്നേക്കൂ, ഐ എസ് ആര്‍ ഒ ചാരക്കേസില്‍ ആര്‍ ബി ശ്രീകുമാര്‍ വഹിച്ച പങ്കാണ് അന്വേഷിക്കേണ്ടത് (ശ്രീകുമാര്‍ ആ ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന് കരുതിയാല്‍ തന്നെയും) എന്നാണ് നിലപാടെങ്കില്‍ അതിന് ഒരു പ്രതികാരത്തിന്റെ ഛായയുണ്ടാകും. തീരെ വില കുറഞ്ഞ പ്രതികാരത്തിന്റെ ഛായ.

2013-11-08

ലാവ്‌ലിന്‍ 'വിജയ'ഗാഥ


ആന്ധ്രയില്‍ നിന്ന് അരി ഇറക്കുമതി ചെയ്തതില്‍ അഴിമതി നടന്നുവെന്ന ആരോപണം മുതല്‍ ഇന്നോളം കേരളത്തിലുയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ വളരെ കുറച്ചെണ്ണത്തില്‍ മാത്രമാണ് കുറ്റം തെളിയിക്കപ്പെടുകയോ പ്രതികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്തിരിക്കുന്നത്. രാഷ്ട്രീയത്തിലെ ഉയര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളില്‍, ശിക്ഷിക്കപ്പെട്ടത് ആര്‍ ബാലകൃഷ്ണ പിള്ളയെന്ന കേരള കോണ്‍ഗ്രസ്/യു ഡി എഫ് നേതാവ് മാത്രമായിരിക്കും. നീതി ചെയ്താല്‍ മാത്രം പോരാ, ചെയ്തത് നീതിയാണെന്ന് ബോധ്യപ്പെടുത്തുക കൂടി വേണമെന്നാണ് ജൂഡീഷ്യറിയുടെ കാര്യത്തിലുള്ള മാനദണ്ഡം. അഴിമതിക്കേസുകളില്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ നേതാക്കളുടെ കാര്യത്തിലും ഏതാണ്ട് ഇതു തന്നെയാണ് സ്ഥിതി. അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കോടതിയുടെ തീര്‍പ്പുണ്ടായാല്‍ മാത്രം പോരാ, ആ തീര്‍പ്പുണ്ടാകുന്നതില്‍ അവിഹിതമായ ഇടപെടലുകളുണ്ടായിട്ടില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുക കൂടി വേണം. അത്തരമൊരു ബോധ്യപ്പെടല്‍ ജനങ്ങള്‍ക്കുണ്ടായത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമായിരിക്കും. കേരളത്തില്‍ അത്തരമൊരു ബോധ്യപ്പെടല്‍ അടുത്ത കാലത്തൊന്നുമുണ്ടായിട്ടുണ്ടാകാന്‍ ഇടയില്ല.


എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ ആരോപണവിധേയനാക്കാനുള്ള സി ബി ഐയുടെ തീരുമാനം ചോദ്യം ചെയ്ത് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മറ്റുള്ളവരും നല്‍കിയ ഹരജി സി ബി ഐ പ്രത്യേക കോടതി അംഗീകരിച്ചപ്പോഴും സ്ഥിതി ഭിന്നമല്ല. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിന് ക്യാനഡയിലെ എസ് എന്‍ സി ലാവ്‌ലിന്‍ കമ്പനിയുമായി 1991-96 കാലത്തെ യു ഡി എഫ് സര്‍ക്കാറുണ്ടാക്കിയ കണ്‍സല്‍ട്ടന്‍സി കരാര്‍, 1996-2001 കാലത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തിപ്പ് കരാറാക്കുകയും അറ്റകുറ്റപ്പണിക്ക് വേണ്ട ഉപകരണങ്ങള്‍ ക്യാനഡയില്‍ നിന്ന് വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. ഉപകരണങ്ങള്‍ അവിടെ നിന്ന് വാങ്ങുന്നതിന് പ്രത്യുപകാരമായി തലശ്ശേരിയിലൊരു ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് 100 കോടി രൂപ സമാഹരിച്ച് നല്‍കാമെന്ന സഹായ വാഗ്ദാനം കാനഡയിലെ ഏജന്‍സി നല്‍കുകയും ചെയ്തു. 370ലേറെ കോടി രൂപ ചെലവാക്കി മൂന്ന് ജലവൈദ്യുത പദ്ധതികള്‍ നവീകരിച്ചത് വഴി, ഉദ്ദേശിച്ച ഉത്പാദന വര്‍ധന ഉണ്ടായില്ലെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) പരിശോധനാ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. തലശ്ശേരിയിലെ ക്യാന്‍സര്‍ സെന്ററിനായി വാഗ്ദാനം ചെയ്ത 100 കോടി രൂപയില്‍ ആകെ ലഭിച്ചത് എട്ട് കോടി മാത്രമാണെന്നും വ്യക്തമാക്കപ്പെട്ടു. ഇത് രണ്ടുമാണ് ദശകത്തോളം നീണ്ട ആരോപണപ്രത്യാരോപണങ്ങള്‍ക്കും (നടന്നത് വേട്ടയാടലാണെന്ന് പിണറായി വിജയന്‍) കേസിനും  കാരണമായത്.


ഉദ്ദേശിച്ച ഉത്പാദന വര്‍ധനയുണ്ടായില്ലെന്ന് സി എ ജി പറയുമ്പോള്‍ ചെലവഴിച്ച 370 കോടി രൂപയും നഷ്ടമായെന്ന് അര്‍ഥമുണ്ടോ? ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം നേടിയെടുക്കാന്‍ പാകത്തിലൊരു കരാര്‍ ഉണ്ടാക്കാതിരുന്നത് ബോധപൂര്‍വമാണോ? ഇവയിലൂടെ അവിഹിതമായ നേട്ടം പിണറായി വിജയനുള്‍പ്പെടെ ആരോപണവിധേയരായവര്‍ ഉണ്ടാക്കിയോ; അല്ലെങ്കില്‍ ഇവരിലൂടെ സി പി എമ്മിനോ മറ്റോ നേട്ടമുണ്ടായോ? ഈ ചോദ്യങ്ങളുടെ ഉത്തരമാണ് ജനങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ ലഭിക്കേണ്ടത്. ഇതില്‍ സാമ്പത്തിക നേട്ടം പിണറായിക്കുണ്ടായിട്ടില്ലെന്ന് സി ബി ഐ തന്നെ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. മറ്റ് ചോദ്യങ്ങള്‍ക്കൊന്നും വിടുതല്‍ ഹരജി അനുവദിച്ച് സി ബി ഐ പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിച്ചപ്പോഴും  വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. അല്ലെങ്കില്‍ ഉത്തരം ലഭിച്ചുവെന്ന തോന്നല്‍ ഏറെക്കുറെ നിഷ്പക്ഷമായി ഈ കേസിനെ നോക്കിക്കാണുന്നവര്‍ക്കുണ്ടായിട്ടില്ല. അതെന്തുകൊണ്ട് എന്ന് അന്വേഷിക്കുന്നതിന് മുമ്പ്, ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണമെന്നുള്ള ഉദ്ദേശ്യം ഈ കേസിലുള്‍പ്പെട്ട കക്ഷികള്‍ക്കുണ്ടായിരുന്നോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്.


കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് (370ലേറെ കോടി രൂപയെന്ന കണക്കില്‍) കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചപ്പോള്‍ കരാറിന് മുന്‍കൈ എടുത്ത വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയനോ അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയോ (അഴിമതിയോ അഴിമതിയുണ്ടെന്ന ആരോപണമോ സഹിക്കാത്തയാളായി ആന്റണി തുടര്‍ന്നിരുന്ന കാലം) ഈ ആരോപണത്തെ പിന്തുണക്കകയോ ഏറ്റുപാടുകയോ ചെയ്തിരുന്നില്ല. ജനകീയാസൂത്രണ പദ്ധതിയിലെ വൈദേശിക ഇടപെടലിന്റെ തെളിവായി 19 കോടി രൂപയുടെ സഹായം ചൂണ്ടിക്കാട്ടുകയും നാലാം ലോക വാദികളായി നേതൃത്വം മാറിയെന്ന് ആരോപിക്കുകയും ചെയ്ത് മലപ്പുറം സമ്മേളനത്തില്‍ പാര്‍ട്ടി പിടിക്കാന്‍ ശ്രമിച്ച വി എസ് അച്യുതാനന്ദന്‍, വലിയ പരാജയം ഏറ്റുവാങ്ങിയതിന് പിറകെയാണ് സി പി എമ്മിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ലാവ്‌ലിന്‍ ശക്തമായ ആയുധമാകുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം നടത്തിയിരുന്ന പ്രചാരണങ്ങളിലൂടെ സൃഷ്ടിക്കാന്‍ സാധിക്കാതിരുന്ന ഗൗരവം, സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി, നേരിട്ടും അല്ലാതെയും വി എസ് നടത്തിയ പ്രസ്താവനകളിലൂടെ ലാവ്‌ലിന്‍ അഴിമതി ആരോപണത്തിന് കൈവന്നു. ലിസ് കോഴ, അന്യ സംസ്ഥാന ലോട്ടറികളുടെ മൊത്ത വിതരണക്കാരന്‍ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് സി പി എം മുഖപത്രമായ ദേശാഭിമാനി മുന്‍കൂറായി സ്വീകരിച്ച രണ്ട് കോടി രൂപ, സംസ്ഥാനത്തെ ധനാഢ്യരുമായി പാര്‍ട്ടി നേതാക്കള്‍ക്കുണ്ടായിരുന്ന ബന്ധം കൂടുതലായി പുറത്തുവന്നത്, നേതാക്കളുടെ ജീവിതരീതിയിലുണ്ടായ ആഡംബരത്തിന്റെ സാന്നിധ്യം എന്നിങ്ങനെ പല കാരണങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട അന്തരീക്ഷം, വി എസ്സിന്റെ വാക്കുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത സൃഷ്ടിക്കുകയും ചെയ്തു.


അഴിമതി ആരോപണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രഖ്യാപിച്ച നേതാവും പാര്‍ട്ടിയും, സി ബി ഐ അന്വേഷണമെന്ന ഹരജിയെ എതിര്‍ക്കാന്‍, സര്‍ക്കാര്‍ ചെലവില്‍ സുപ്രീം കോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകനെ വരുത്തിയപ്പോള്‍ മടിയില്‍ കനമുണ്ടെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായാല്‍ അത്ഭുതമില്ല. സി ബി ഐ, പ്രോസിക്യൂഷന് അനുമതി തേടിയപ്പോള്‍ അത് നല്‍കരുതെന്ന് മന്ത്രിസഭക്ക് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയപ്പോള്‍ ഈ തോന്നലിന് വിശ്വാസ്യത ഏറുകയും ചെയ്തു. മന്ത്രിസഭയുടെ ശിപാര്‍ശ തള്ളിക്കൊണ്ട് ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചതടക്കം നിയമ നടപടികള്‍, (ഗവര്‍ണറുടെ നടപടി നിയമപരമാണോ ജനായത്തരീതിയില്‍ അഭികാമ്യമാണോ എന്നീ സംശയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ) വിചാരണയില്‍ നിന്ന് ഒഴിവാകാന്‍ നടത്തിയ അവസാന പരിശ്രമങ്ങളായി വീക്ഷിക്കപ്പെട്ടത് സ്വാഭാവികം. ഇത്തരം ശ്രമങ്ങളില്ലായിരുന്നുവെങ്കില്‍, വിടുതല്‍ ഹരജി കുറേക്കൂടി നേരത്തെ സമര്‍പ്പിക്കാമായിരുന്നു. കേസ് നീട്ടിക്കൊണ്ടുപോകാനും പരമാവധികാലം തന്നെ അതില്‍ കുടുക്കിനിര്‍ത്താനും ശ്രമമുണ്ടായി എന്ന് പിണറായി വിജയന്‍ ഇപ്പോള്‍ പറയുമ്പോള്‍ അതില്‍ അദ്ദേഹത്തിന്റെ തന്നെ സംഭാവന ഏറെയുണ്ടെന്ന് ചുരുക്കം.


ബാലാനന്ദന്‍, സുബൈദ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിലും പരക്കെ പ്രചരിപ്പിക്കപ്പെട്ട അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലും കൃതികള്‍ രചിച്ചവരാണ് ഇതിലേക്ക് സംഭാവന ചെയ്തവരില്‍ മറ്റൊരു  വിഭാഗം. പല കാരണങ്ങളാല്‍ സി പി എമ്മിന്റെ ഔദ്യോഗിക വിഭാഗവുമായി അകന്നവരാണ് ഇവരിലേറെയും. ഇടതുപക്ഷത്തിന്റെ വലതു വ്യതിയാനത്തില്‍ ആത്മാര്‍ഥമായ ഖേദം തോന്നിയവരുണ്ട്. വി എസ് അച്യുതാനന്ദന്റെ നിലപാടുകളോട് യോജിച്ച് നില്‍ക്കുന്നുവെന്ന് പറയുന്നത് ഫാഷനായി കണ്ടവരുണ്ട്. പ്രശസ്തനോ പ്രത്യയശാസ്ത്ര വിശാരദനോ ആകാന്‍ ചുളുവില്‍ ലഭിച്ച അവസരമായി ലാവ്‌ലിന്‍ ആരോപണങ്ങളെ പ്രയോജനപ്പെടുത്തിയവരുമുണ്ട്. രാഷ്ട്രീയ കാരണങ്ങള്‍ക്കൊപ്പം വ്യക്തിപരമായ കാരണങ്ങളുമുണ്ടായിരുന്നു അഴിമതി ആരോപണത്തിന് സാധുതയേകും വിധത്തില്‍ സംസാരിച്ചതിന്. അതിനപ്പുറത്ത് നേരത്തെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വസ്തുതാപരമായ ഉത്തരം വേണമെന്ന നിര്‍ബന്ധം ഇവരില്‍ പലര്‍ക്കുമുണ്ടായിരുന്നോ എന്നത് സംശയമാണ്.


സി പി എമ്മിന്റെ ഔദ്യോഗിക നേതൃത്വം പ്രതിനിധാനം ചെയ്യുന്ന അഴിമതിയുടെയും ക്രമവിരുദ്ധതയുടെയും പ്രതീകമായി ലാവ്‌ലിന്‍ അഴിമതിയെ ചൂണ്ടിക്കാണിക്കുകയും അതിനെ പുറത്തുകൊണ്ടുവരാതെ വിശ്രമമില്ലെന്ന് പ്രഖ്യാപിക്കുകയുമാണ് വി എസ് അച്യുതാനന്ദനെന്ന് പ്രഘോഷിക്കുകയും ചെയ്ത മാധ്യമങ്ങളാണ് മറ്റൊരു വിഭാഗം. ആ നിലപാടില്‍ അവര്‍ ഉറച്ച് നിന്നിരുന്നുവെങ്കില്‍ വിടുതല്‍ ഹരജി തള്ളിക്കൊണ്ടുള്ള കോടതി വിധി വന്നതോടെ, സി പി എമ്മിലെ വിഭാഗീയ തര്‍ക്കങ്ങളില്‍ മേല്‍ക്കൈ നേടാന്‍ ലാവ്‌ലിന്‍ കേസിനെ വി എസ് ഉപയോഗിച്ചുവെന്ന് മാധ്യമങ്ങള്‍ സംഘഗാനം ആലപിക്കില്ലായിരുന്നു. വസ്തുത പുറത്തുവരണമെന്ന നിര്‍ബന്ധം അവര്‍ക്കുമുണ്ടെന്ന് തോന്നുന്നില്ല. അതിനപ്പുറത്ത് ഈ കേസ് ഇനിയും സൃഷ്ടിക്കാനിടയുള്ള വിവാദസമൃദ്ധതയിലാണ് താത്പര്യം. ഒരുപക്ഷേ, അതില്‍ മാത്രവും.


നാളെ, വിടുതര്‍ ഹരജി അനുവദിച്ച സി ബി ഐ പ്രത്യേക കോടതിയുടെ വിധി ഹൈക്കോടതി അസ്ഥിരപ്പെടുത്തിയേക്കാം. മുമ്പ് പറഞ്ഞതെല്ലാം അപ്രസക്തമായെന്നും കൂടുതല്‍ പറയുമെന്ന് കരുതി കാത്തുനില്‍ക്കേണ്ടെന്നും ഇപ്പോള്‍ പറഞ്ഞ വി എസ് അച്യുതാനന്ദന്‍, 'ഞാന്‍ പറഞ്ഞതെല്ലാം ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ എന്ന് തിരുത്തിച്ചോദിച്ചേക്കാം.' പഴയ കൃതികളിലെ വാക്കും വാക്യവും ചൂണ്ടിക്കാട്ടി,  'ഞങ്ങളുടെ വാദം ശരിയായിരുന്നില്ലേ എന്ന് പറഞ്ഞേക്കാം.' വിഭാഗീയ മത്സരത്തില്‍ വിജയിക്കാനുള്ള ആയുധമായി ലാവ്‌ലിനെ വി എസ് ഉപയോഗിച്ചുവെന്ന് ഇപ്പോള്‍ ആര്‍ത്തുവിളിക്കുന്നവര്‍ വീണ്ടും അഴിമതിക്കെതിരായ വി എസ്സിന്റെ യുദ്ധത്തിലെ വര്‍ണോജ്ജ്വല അധ്യായമെന്ന് വിശേഷിപ്പിച്ച് രംഗത്തുവരാം.


ലാവ്‌ലിനെ ഉപേക്ഷിച്ച,് പാമോലിന്‍ കേസിലെത്തിയാലും ഇത്തരം വൈരുദ്ധ്യങ്ങള്‍ ധാരാളം കാണം. കേസ് വൈകിപ്പിക്കാനോ അട്ടിമറിക്കാനോ നടന്ന ശ്രമങ്ങള്‍. പിന്‍വലിക്കലും പുനസ്ഥാപിക്കലും വീണ്ടും പിന്‍വലിക്കലുമൊക്കെ. കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിന്റെ (സി പി എമ്മിലെ വിഭാഗീയതയോളം കാര്‍ക്കശ്യവും വൈരനിര്യാതനബുദ്ധിയും വാര്‍ത്താഗൗരവവും അതിനില്ലെങ്കിലും) ഏറിയും കുറഞ്ഞുമുള്ള സാന്നിധ്യം അവിടെയുമുണ്ട്. രണ്ട് ദശകം പൂര്‍ത്തിയായിട്ടും പാമൊലിന്‍ ഇടപാടില്‍ സര്‍ക്കാര്‍ ഖജാനക്ക് നഷ്ടമുണ്ടായോ, ഉണ്ടായെങ്കില്‍ അതിന്റെ ഉത്തരവാദിയാരാണ് എന്നിവയൊന്നും കണ്ടെത്താനായിട്ടില്ല. ഇനി കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷ ആരെങ്കിലും വെച്ചുപുലര്‍ത്തുന്നുണ്ടോ ആവോ? ഇത്രയും കാലം പിന്തുടര്‍ന്നുവെന്നത് കൊണ്ട് വി എസ് അച്യുതാനന്ദന്‍ ഒരുപക്ഷേ പ്രതീക്ഷിക്കുന്നുണ്ടാകും. എസ് എന്‍ സി ലാവ്‌ലിന്‍ കേസിലേതുപോലൊരു വിടുതല്‍ ഉത്തരവ് പാമൊലിന്‍ കേസില്‍ ഉണ്ടായാല്‍ വി എസ് അംഗീകരിക്കുമായിരുന്നുമില്ല. ഉന്നത രാഷ്ട്രീയ നേതാക്കളുള്‍പ്പെട്ട അഴിമതിക്കേസുകള്‍ രാഷ്ട്രീയപ്രബുദ്ധമായ കേരളം കൈകാര്യം ചെയ്യുമ്പോള്‍ ഇതിലധികമൊന്നും ഭാവിയിലും ഉണ്ടാകില്ല.


ലാവ്‌വിന്‍ കേസിലെ നഷ്ടപ്പെട്ട 370ലേറെ കോടി ഉദ്ദേശിച്ച ഫലം ലഭ്യമാക്കിയോ എന്ന് അന്വേഷിക്കുമ്പോള്‍ അന്ന് കേരളത്തിലുണ്ടായിരുന്ന വൈദ്യുതി ലഭ്യതയെക്കുറിച്ച് ഓര്‍ക്കേണ്ടതുണ്ട്. അത്രയും തുക ചെലവഴിച്ചില്ലായിരുന്നുവെങ്കില്‍ ഈ മൂന്ന് പദ്ധതികളുടെ ഇന്നത്തെ സ്ഥിതി എന്താകുമായിരുന്നുവെന്നും പഠിക്കേണ്ടതുണ്ട്. അതൊന്നും നടക്കുന്നില്ലെങ്കില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കലാകും ഫലം.

2013-11-02

ഉരുക്കുമനുഷ്യരുടെ മതേതര പാരമ്പര്യം


സ്വാതന്ത്ര്യത്തിന് ശേഷം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കുന്നതില്‍ വഹിച്ച സുപ്രധാനമായ പങ്ക്, വേണ്ട ഘട്ടങ്ങളില്‍ സൈനിക നടപടി സ്വീകരിക്കാന്‍ മടി കാണിക്കാതിരുന്ന മനോദാര്‍ഢ്യം എന്നിവയാണ് ഹൈസ്‌കൂള്‍ ക്ലാസുകളിലെ സാമൂഹികശാസ്ത്ര പാഠങ്ങളില്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിനെ പരിചയപ്പെടുത്തുമ്പോള്‍ ആദ്യമുണ്ടായിരുന്നത്. അത് ഇപ്പോഴും അങ്ങനെയായിരിക്കുമെന്ന് കരുതുന്നു. ആ നടപടികള്‍ക്കിടെയുണ്ടായ വലിയ വംശഹത്യയെക്കുറിച്ച് സാമൂഹികശാസ്ത്ര പാഠങ്ങളിലുണ്ടാകില്ല. അത്തരത്തിലൊന്ന് നടന്നുവെന്ന് ഇന്ത്യന്‍ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി സമ്മതിച്ചിട്ടുമില്ല, അതേക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുമില്ല. ഹൈദരാബാദിനെ സ്വതന്ത്ര രാജ്യമായി നിലനിര്‍ത്താന്‍ നൈസാം ശ്രമിച്ചപ്പോള്‍, സൈനിക ഇടപെടലിലൂടെ ഹൈദരാബാദിനെ ഇന്ത്യന്‍ യൂനിയന്റെ ഭാഗമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു - ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയും സര്‍ദാര്‍ പട്ടേല്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപ പ്രധാനമന്ത്രിയുമായ സര്‍ക്കാര്‍.


സൈനിക നടപടിക്ക് ശേഷം നടന്ന ആക്രമണങ്ങളില്‍ 40,000 മുസ്‌ലിംകളെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് അന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. അന്വേഷണത്തിന് നിയോഗിക്കപ്പെട്ട രണ്ടംഗ കമ്മീഷനില്‍ ഒരാള്‍ പ്രൊഫസര്‍ സുന്ദര്‍ലാലായിരുന്നുവെന്നും അദ്ദേഹം ഹിന്ദുമത വിശ്വാസത്തില്‍ അടിയുറച്ചുനിന്ന ആളായിരുന്നുവെന്നും എ ജി നൂറാനി രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ രണ്ട് ലക്ഷത്തോളം മുസ്‌ലിംകള്‍ കൊല ചെയ്യപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. സ്വാതന്ത്ര്യത്തിന് ശേഷം സൈനിക ഇടപെടലുണ്ടാകുന്നതിന് മുമ്പ്, നൈസാം സര്‍ക്കാറും അതിന്റെ അര്‍ധസൈനിക വിഭാഗവുമായ റസാക്കര്‍മാരും ഹൈന്ദവരെ വലിയ തോതില്‍ ദ്രോഹിച്ചുവെന്നും അതിന്റെ പ്രതികാരമായിരുന്നു സൈനിക ഇടപെടലിന് ശേഷമുണ്ടായ വംശഹത്യയെന്നും പറയപ്പെടുന്നുണ്ട്.


കാരണമെന്തായാലും ഇന്ത്യന്‍ യൂനിയന്റെ ഭാഗമായതിന് പിറകെ, ആയിരക്കണക്കിന് ജീവനുകള്‍ ഹൈദരാബാദിലെ തെരുവുകളില്‍ പൊലിഞ്ഞു. ആ വംശഹത്യക്ക് സൈന്യത്തിന്റെതടക്കം പിന്തുണയുണ്ടായിരുന്നുവെന്നും അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. സ്വാതന്ത്ര്യാനന്തരം ദീര്‍ഘകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ആ റിപ്പോര്‍ട്ട് പുറത്തുവരാന്‍ ആഗ്രഹിച്ചിട്ടുണ്ടാകില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും സര്‍ദാര്‍ പട്ടേലിന്റെയും ഭരണത്തിന്‍കീഴില്‍ ഇത്തരത്തിലൊന്ന് സംഭവിച്ചുവെന്ന് സമ്മതിക്കാന്‍ ആ പാര്‍ട്ടി ആഗ്രഹിക്കാതിരിക്കുക സ്വാഭാവികം.
ഇതോടൊപ്പം രാഷ്ട്രീയ സ്വയം സേവക് സംഘിനോട് (ആര്‍ എസ് എസ്) സര്‍ദാര്‍ പട്ടേല്‍ സ്വീകരിച്ചിരുന്ന നിലപാടുകളും പരിശോധിക്കേണ്ടതുണ്ട്. മഹാത്മാ ഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് നിരോധിക്കപ്പെട്ടിരുന്നു ആര്‍ എസ് എസ്. ഇനി മേലാല്‍ നല്ല നടപ്പായിരിക്കുമെന്ന് സംഘ നേതൃത്വം ഉറപ്പ് നല്‍കുകയും ആ ഉറപ്പിനെ വിശ്വസിക്കാമെന്ന് സര്‍ദാര്‍ പട്ടേല്‍ നിലപാടെടുക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നിരോധം നീക്കിയത്.


മഹാത്മാ ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ മധുരം വിതരണം ചെയ്ത നേതാക്കള്‍ തന്നെയാണ്, സംഘടന നിരോധിക്കപ്പെട്ടപ്പോള്‍ അറസ്റ്റൊഴിവാക്കാന്‍ ഗാന്ധി വധത്തില്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി നെഹ്‌റുവിനും പട്ടേലിനും ടെലഗ്രാമടിച്ചത്. അവര്‍ തന്നെയാണ് ഇനി നല്ല നടപ്പായിരിക്കുമെന്ന ഉറപ്പും നല്‍കിയത്. ഗാന്ധി വധത്തില്‍ ആര്‍ എസ് എസ്സിനുള്ള പങ്ക് പുറത്തുവന്നതോടെ ഈ സംഘടനയെ നിരോധിക്കണമെന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു നിലപാടെടുത്തു. ആര്‍ എസ് എസ്സിന്റെ പങ്ക് സംബന്ധിച്ച് നിയമപ്രകാരമുള്ള തെളിവ് ലഭിക്കാതെ നിരോധിക്കാനാകില്ലെന്നായിരുന്നു സര്‍ദാര്‍ പട്ടേല്‍ പറഞ്ഞത്. നിയമ വ്യവസ്ഥകളുടെ കണ്ണിലൂടെ നോക്കിയാല്‍ പട്ടേലിന്റെ നിലപാടില്‍ തെറ്റില്ല. പക്ഷേ, ഇതേ പട്ടേലാണ്, ആര്‍ എസ് എസ്സിന്റെ പങ്ക് സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുകയോ ഗാന്ധി വധത്തിലെ വിചാരണ തീരുകയോ ചെയ്യുന്നതിന് മുമ്പ് സംഘ് നേതൃത്വത്തിന്റെ ഉറപ്പ് പരിഗണിച്ച് നിരോധം നീക്കാന്‍ ശിപാര്‍ശ ചെയ്തത്. ദണ്ഡനം കൊണ്ട് ഒരു സംഘടനയെയും തകര്‍ക്കാനാകില്ലെന്ന് പട്ടേല്‍ വാദിച്ചു. കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കുമുള്ളതാണ് ദണ്ഡനം. ആര്‍ എസ് എസ്സുകാര്‍ കള്ളന്‍മാരോ കൊള്ളക്കാരോ അല്ല. രാജ്യത്തെ സ്‌നേഹിക്കുന്നവരാണെന്നും പട്ടേല്‍ വാദിച്ചു.


സാമൂഹികശാസ്ത്ര പാഠങ്ങളിലില്ലാത്ത ഈ സംഭവം കൂടി ഓര്‍ത്തുകൊണ്ടുവേണം സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പാരമ്പര്യത്തെച്ചൊല്ലി ബി ജെ പിയും കോണ്‍ഗ്രസും തമ്മിലുയര്‍ന്ന തര്‍ക്കത്തിലേക്ക് കടക്കാന്‍. ആദ്യ പ്രധാനമന്ത്രി പട്ടേലായിരുന്നുവെങ്കില്‍ രാജ്യം ഇപ്പോഴിങ്ങനെയാകില്ലായിരുന്നുവെന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവനെയെ വിലയിരുത്താന്‍. സര്‍ദാര്‍ പട്ടേല്‍ മതനിരപേക്ഷ നിലപാടിലുറച്ചുനിന്ന നേതാവായിരുന്നുവെന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വാക്കുകളോട് പ്രതികരിക്കവെ, സര്‍ദാറിന്റെ മതനിരപക്ഷതയാണ്, വോട്ട് ബേങ്ക് മതനിരപേക്ഷതയല്ല ആവശ്യമെന്ന നരേന്ദ്ര മോഡിയുടെ നിലപാടിനെ പരിശോധിക്കാന്‍. രാജ്യത്തിന്റെ അഖണ്ഡത ഉറപ്പാക്കിയ, മതേതര നിലപാടുകാരനായ സമുന്നത നേതാവ് കോണ്‍ഗ്രസ്സുകാരനായിരുന്നുവെന്നതില്‍ അഭിമാനമുണ്ടെന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വാക്കുകളെ വായിക്കാന്‍. (സര്‍ദാര്‍ പട്ടേലുണ്ടായിരുന്ന കോണ്‍ഗ്രസും ഇന്നുള്ള ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്ര (ഇന്ദിര) സും ഒന്നാണോ ആവോ).


പട്ടേല്‍ വിശേഷിപ്പിക്കപ്പെടുന്നത് ഉരുക്കുമനുഷ്യനായാണ്. ഇതിന്റെ മാതൃകകള്‍ സൃഷ്ടിക്കാനുള്ള ശ്രമം ബി ജെ പി ഏറെക്കാലം മുമ്പേ തുടങ്ങിയിട്ടുണ്ട്. എല്‍ കെ അഡ്വാനിയെ ലോഹ പുരുഷ്, അടല്‍ ബിഹാരി വാജ്പയിയെ വികാസ് പുരുഷ് എന്നിങ്ങനെയൊക്കെ വിശേഷിപ്പിച്ചതിന് പിറകിലെ ചേതോവികാരം മറ്റൊന്നായിരുന്നില്ല. ഇനി നരേന്ദ്ര മോഡിയെ ഏത് വിധത്തിലാകും വിശേഷിപ്പിക്കുക എന്നത് മാത്രമേ ഈ ശ്രേണിയില്‍ സംശയഹേതുവായുള്ളൂ. രാജ്യത്തിന്റെ അഖണ്ഡത ഊട്ടിയുറപ്പിക്കാന്‍ ദൃഢനിശ്ചയം ചെയ്യുകയും അത് സൈനികേതരവും സൈനികവുമായ മാര്‍ഗങ്ങളിലൂടെ നടപ്പാക്കുകയും ചെയ്ത നേതാവിന്റെ പാരമ്പര്യം ഏറ്റെടുക്കാന്‍  പൂര്‍വാധികം ആവേശത്തോടെ ഇപ്പോള്‍ ശ്രമിക്കുമ്പോള്‍, രാജ്യം വിഭാഗീയ ശ്രമങ്ങള്‍ക്കിയിലൂടെ കടന്നു പോകുകയാണെന്നും അതിനെ ഇല്ലാതാക്കാന്‍ ഉരുക്കുമനുഷ്യന്റെ പുനരവതാരം ആവശ്യമാണെന്നും ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്.


പൊട്ടിത്തറികള്‍ സൃഷ്ടിക്കുന്ന ഭീകരവാദികള്‍ (എല്ലാ മുസ്‌ലിംകളും ഭീകരവാദികളല്ല, പക്ഷേ, ഭീകരവാദികളെല്ലാം മുസ്‌ലിംകളാണ് എന്ന മോഡി വാക്യം ഓര്‍ക്കാം), നിലവിലുള്ള ഭരണകൂടത്തെ സായുധ കലാപത്തിലൂടെ അട്ടിമറിക്കാന്‍ പദ്ധതിയിടുന്ന മാവോയിസ്റ്റുകള്‍ (അവര്‍ സ്വാധീനമുറപ്പിച്ചിരിക്കുന്ന പ്രദേശത്തില്‍ വലിയൊരു ഭാഗം ദശകത്തോളമായി ബി ജെ പി ഭരിക്കുന്ന ഛത്തിസ്ഗഢാണ്), ന്യായമായ കാരണങ്ങളാല്‍ ഭരണകൂടത്തിനെതിരെ സമരം ചെയ്യാനിറങ്ങിയ വടക്കുകിഴക്കന്‍ മേഖലയിലെ വിവിധ വിഭാഗങ്ങള്‍ എന്ന് തുടങ്ങി പലതിനെയും ചൂണ്ടിക്കാട്ടാനാകും. അതൊക്കെ അഖണ്ഡതക്കുള്ള വെല്ലുവിളിയാണെന്ന് രാജ്യസ്‌നേഹവും ദേശീയബോധവും (ആര്‍ എസ് എസ്സിന്റെ കാര്യത്തില്‍ പട്ടേല്‍ കണ്ട ഗുണങ്ങളായി വായിക്കുക) ഉള്ളവര്‍ക്കൊക്കെ തോന്നും. അവകളെ നേരിടുന്നതില്‍, ദീര്‍ഘകാലമായി ഭരണകൂടം പരാജയപ്പെട്ടുപോകുമ്പോള്‍ ഒരു ഉരുക്കുമനുഷ്യനുണ്ടാകാതെ തരമില്ല. അടിച്ചമര്‍ത്താനുള്ള തീരുമാനമെടുക്കാനും അത് നടപ്പാക്കാനും ദൃഢതയുള്ള ഒരാള്‍. അതു തന്നെയാണ് മോഡി ഉദ്ദേശിക്കുന്നതും ബി ജെ പി ഏറ്റെടുത്ത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും.


ആര്‍ എസ് എസ്സിനെയും ആശയപരമായി അതിന്റെ ആദ്യ രാഷ്ട്രീയ രൂപമായിരുന്ന ഹിന്ദു മഹാസഭയെയും നേരിട്ട് കുറ്റപ്പെടുത്താന്‍ സര്‍ദാര്‍ പട്ടേല്‍ തയ്യാറായിട്ടുണ്ടെന്നത് തര്‍ക്കമറ്റ സംഗതിയാണ്. മഹാത്മാ ഗാന്ധിയുടെ വധത്തിന് ശേഷം, ആര്‍ എസ് എസിനെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ, ഗാന്ധി വധത്തിലേക്ക് നയിച്ച അന്തരീക്ഷത്തിന്റെ സൃഷ്ടിയില്‍ ആര്‍ എസ് എസ്സും ഹിന്ദുമഹാസഭയും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പട്ടേല്‍ പറഞ്ഞിട്ടുണ്ട്. ഇതേ കാര്യം പാര്‍ലിമെന്റിലും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ, ആര്‍ എസ് എസ്സിനെ നിരോധിക്കുക എന്ന നിര്‍ദേശത്തെ എതിര്‍ക്കുകയും ചെയ്തു. നെഹ്‌റുവിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ആര്‍ എസ് എസ്സിനെ നിരോധിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ സന്നദ്ധനായത് എന്ന എല്‍ കെ അഡ്വാനിയുടെ അഭിപ്രായത്തെ, നിരോധം പിന്‍വലിക്കുന്നതിന് പട്ടേല്‍ കാണിച്ച താത്പര്യം കണക്കിലെടുക്കുമ്പോള്‍ ശരിവെക്കേണ്ടിവരും.


ചുരുക്കത്തില്‍ മന്‍മോഹന്‍ സിംഗ് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കുന്ന, നെഹ്‌റുവും അബുല്‍ കലാം ആസാദുമൊക്കെ പിന്തുടര്‍ന്ന മതനിരപേക്ഷ പാരമ്പര്യത്തിന്റെ അതേ അര്‍ഥത്തിലുള്ള വക്താവായിരുന്നോ പട്ടേല്‍ എന്നതില്‍ സംശയമുയരുക സ്വാഭാവികം. രാജ്യം മതേതരമാകുമ്പോഴും അത് ഭൂരിപക്ഷമതത്തിന്റെ ഇംഗിതത്തിനൊപ്പമാകണമെന്ന വിചാരം പട്ടേലിനുണ്ടായിരുന്നുവെന്ന് കരുതണം.  ഹിന്ദു മഹാസഭയല്ല, കോണ്‍ഗ്രസാണ് ആര്‍ എസ് എസ്സിന്റെ രാഷ്ട്രീയ നിലപാടുകളുടെ നടത്തിപ്പ് മാര്‍ഗമായി മാറേണ്ടത് എന്ന തോന്നല്‍ പട്ടേലിനുണ്ടായിരുന്നുവെന്ന വിമര്‍ശം നേരത്തെ തന്നെ ഉയര്‍ന്നിരുന്നതാണ്. സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജം നല്‍കുക എന്ന ലക്ഷ്യത്തോടെ, ആചാരങ്ങളെ ഉപയോഗിച്ചതിലൂടെ കോണ്‍ഗ്രസിനെ ഹിന്ദു മതത്തോട് ചേര്‍ത്തു നിര്‍ത്താന്‍ ശ്രമമുണ്ടായെന്ന ആക്ഷേപം ബാലഗംഗാധര തിലകന്റെ രാഷ്ട്രീയ നിലപാടുകളെ വിശകലനം ചെയ്യുന്നവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം നിലപാടുകള്‍ ഉയര്‍ത്തിവിട്ട ഭീതി, വിഭജനത്തിന് കാരണമായെന്നും വിലയിരുത്തലുകളുണ്ട്.


ആ പാരമ്പര്യമാണ് പിന്തുടരേണ്ടതെന്ന് ചൂണ്ടിക്കാട്ടുകയും അതില്‍ നിന്ന് വ്യതിചലിച്ച കോണ്‍ഗ്രസിനെ (മൃദു ഹിന്ദുത്വ നിലപാടുകള്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യാനന്തരം പലപ്പോഴും സ്വീകരിച്ചത് മറക്കുന്നില്ല) തള്ളി ബി ജെ പിയെ ഭൂരിപക്ഷ മത വിഭാഗം സ്വീകരിക്കുകയും വേണമെന്ന് പരോക്ഷമായി പറയുകയാണ് മോഡിയും ബി ജെ പിയും ചെയ്യുന്നത്. അതുകൊണ്ടാണ് ആദ്യത്തെ പ്രധാനമന്ത്രി സര്‍ദാര്‍ പട്ടേലായിരുന്നുവെങ്കില്‍ രാജ്യത്തിന്റെ ഇപ്പോഴത്തെ ചിത്രം ഇങ്ങനെയായിരിക്കില്ല എന്ന് മോഡി ആവര്‍ത്തിക്കുന്നത്.
സര്‍ദാറായിരുന്നു ആദ്യ പ്രധാനമന്ത്രിയെങ്കില്‍ കോണ്‍ഗ്രസിലെ കുടുംബവാഴ്ചയുണ്ടാകുമായിരുന്നില്ല എന്ന നേരിട്ടുള്ള അര്‍ഥവും കൂടിയുണ്ട് മോഡിയുടെ വാക്കുകള്‍ക്ക്. അതൊരു സാധ്യതയായി കാണാം. നെഹ്‌റുവിനെ മാറ്റിനിര്‍ത്താന്‍ സാധിക്കുമായിരുന്നു, പക്ഷേ, ഇന്ദിരാ പ്രിയദര്‍ശിനിയുടെ വഴി മുടക്കാന്‍ അത് മതിയാകുമായിരുന്നോ എന്ന് പിന്നീടുള്ള രാഷ്ട്രീയ പ്രയോഗങ്ങള്‍ കണ്ടറിഞ്ഞവര്‍ക്ക് സംശയം തോന്നാന്‍ ഇടയുണ്ട്.
600 അടി ഉയരമുള്ള സര്‍ദാറിന്റെ പ്രതിമ, ഗുജറാത്തില്‍ ഉയരുകയാണ്. 18,000 കോടിയിലേറെ കമ്മി കാണിക്കുന്ന ബജറ്റുള്ള സര്‍ക്കാര്‍ 2,500  കോടി രൂപ ഇതിനായി ചെലവിടുന്നു. പ്രതിമയുടെ ഉയരം, സര്‍ദാറിന്റെ ഉയരം കൂട്ടുമെന്നും അത് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് തണലേകുമെന്നുമുള്ള പ്രതീക്ഷയില്‍.