2017-06-29

ട്രംപിന് മോദി കൂട്ട്


ആഘോഷമായ കൂടിക്കാഴ്ച. വെള്ളക്കൊട്ടാരത്തില്‍ വിഭവ സമൃദ്ധമായ വിരുന്ന്. എന്റെ പുറം നീ ചൊറിഞ്ഞാല്‍ നിന്റെ പുറം ഞാന്‍ ചൊറിയാമെന്ന ചൊല്ലിനെ നാണിപ്പിക്കും വിധത്തിലുള്ള പുകഴ്ത്തലുകള്‍. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിറഞ്ഞു നില്‍ക്കുകയാണ് ആഗോള മാധ്യമങ്ങളില്‍. പ്രസിഡന്റായി ട്രംപ് ചുമതലയേറ്റ ശേഷം വൈറ്റ് ഹൗസിലെ തീന്‍മേശയിലേക്ക് ആനയിക്കപ്പെട്ട ആദ്യത്തെ രാഷ്ട്ര നേതാവ് എന്നത് ചില്ലറ ഖ്യാതിയല്ല. അതില്‍ പുളകം കൊണ്ട് നില്‍ക്കുന്നു ഇന്ത്യന്‍ യൂണിയനും അതിലെ 130 കോടിയിലേറെ വരുന്ന ജനങ്ങളും. ആ പുളകം രാജ്യാതിര്‍ത്തി കടന്ന് ഒഴുകുന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. ലോകത്തെ പ്രമുഖരായ രാഷ്ട്രത്തലവന്‍മാരില്‍ മുന്‍നിരയിലാണ് നരേന്ദ്ര മോദിയുടെ സ്ഥാനമെന്ന് ഇസ്‌റാഈല്‍ വിശേഷിപ്പിച്ചു കഴിഞ്ഞു.


ആ വിരുന്നിന്റെ സമയത്തിനുമുണ്ടായിരുന്നു പ്രത്യേകത. 1805ല്‍ ഐക്യനാടുകളുടെ പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്‌സണാണ് വൈറ്റ് ഹൗസില്‍ ആദ്യമായൊരു ഇഫ്താര്‍ നടത്തിയത്. ഉച്ചക്ക് ശേഷം നടത്തിയിരുന്ന വിരുന്ന് ഇഫ്താറാക്കി മാറ്റാന്‍ തോമസ് ജെഫേഴ്‌സണ്‍ തീരുമാനിച്ചത് റമസാന്‍ വ്രതം അനുഷ്ഠിക്കുന്ന തുണീസ്യയുടെ പ്രതിനിധി സിദി സുലൈമാന്‍ മെല്ലിമെല്ലിയുടെ സൗകര്യം കൂടി പരിഗണിച്ചാണ്. 1996ല്‍ ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരിക്കെ വൈറ്റ് ഹൗസിലെ ആദ്യത്തെ പെരുന്നാള്‍ സല്‍ക്കാരം നടന്നു. പിന്നീടിങ്ങോട്ടുള്ള 20 വര്‍ഷവും ഇഫ്താറോ പെരുന്നാള്‍ സല്‍ക്കാരമോ മുടങ്ങാതെ നടന്നിരുന്നു വൈറ്റ് ഹൗസില്‍. ജോര്‍ജ് ബുഷ് പ്രസിഡന്റായിരുന്ന എട്ട് വര്‍ഷവും ഇത് മുടങ്ങിയില്ല. 2001ല്‍ വേള്‍ഡ് ട്രേഡ് സെന്ററിനു നേര്‍ക്കുണ്ടായ ആക്രമണത്തിന് ശേഷം മുസ്‌ലിം വിരുദ്ധത അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴും ഈ പതിവ് മുടങ്ങിയില്ല. 20 വര്‍ഷമായി തുടരുന്ന ആ പതിവ് ഡൊണാള്‍ഡ് ട്രംപ് അവസാനിപ്പിച്ച് ദിവസങ്ങള്‍ക്കകമാണ് മോദിക്ക് വൈറ്റ് ഹൗസിലേക്ക് ചുവന്ന പരവതാനി വിരിച്ചത്.


മുസ്‌ലിംകളെല്ലാം ഭീകരരല്ല പക്ഷേ, ഭീകരരെല്ലാം മുസ്‌ലിംകളാണ് എന്ന് സിദ്ധാന്തിച്ച, പട്ടിക്കുഞ്ഞ് കാറിനടിയില്‍പ്പെട്ടാല്‍ യാത്രക്കാരന്‍ എങ്ങനെ ഉത്തരവാദിയാകുമെന്ന് ഗുജറാത്ത് വംശഹത്യാ ശ്രമത്തില്‍ നിന്ന് കൈകഴുകിയ നേതാവിനെ ആദ്യത്തെ വിരുന്നിന് തിരഞ്ഞെടുക്കുമ്പോള്‍ അതിലൊരു ഏകാശയ സാഹോദര്യമുണ്ട്. അതുകൊണ്ടാണ് ട്രംപിനൊപ്പം മുന്‍നിരയിലുണ്ട് നരേന്ദ്ര മോദിയെന്ന് ഇസ്‌റാഈല്‍ പ്രതികരിച്ചതും.


ആ രാഷ്ട്രീയത്തിനൊപ്പം പ്രധാനമാണ് കൂടിക്കാഴ്ച ഇന്ത്യന്‍ യൂണിയന് എന്ത് സമ്മാനിക്കുമെന്നത്. ഏറ്റവും പ്രധാന ഗുണഫലമായി ചിത്രീകരിക്കപ്പെടുന്നത് പാക്കിസ്ഥാനെതിരെ യോജിച്ച നിലപാടെടുത്തതാണ്. ഭീകര സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന രീതി പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന താക്കീത് അമേരിക്ക പരസ്യമായി നല്‍കുമ്പോള്‍ അത് നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്നു. മുമ്പൊരിക്കലും ഇത്ര കഠിനമായ താക്കീത് അമേരിക്ക നല്‍കിയിട്ടില്ലത്രെ. ഇതോടെ അന്താരാഷ്ട്ര വേദികളില്‍ പാക്കിസ്ഥാന്‍ കൂടുതലായി ഒറ്റപ്പെടുമെന്നും ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകരപ്രവര്‍ത്തനത്തിന് അവര്‍ നല്‍കുന്ന പിന്തുണ കൂടുതല്‍ രാഷ്ട്രങ്ങള്‍ അംഗീകരിക്കുന്ന അവസ്ഥയുണ്ടാകുമെന്നുമൊക്കെ പ്രതീക്ഷിക്കാം.


അതുവഴി ഇന്ത്യ നേരിടുന്ന ഭീകരഭീഷണി കുറയുമെന്നും. അതേസമയം വാക്കുകൊണ്ട് പാക്കിസ്ഥാനെ തള്ളിപ്പറയുകയും പ്രവൃത്തി കൊണ്ട് അവരെ സഹായിക്കുകയും ചെയ്യുന്ന രീതി അമേരിക്ക തുടരുമോ എന്നത് കണ്ടറിയണം. ട്രംപിനെ സംബന്ധിച്ച് ഇന്ത്യയെപ്പോലെ തന്നെ മോശമല്ലാത്ത കമ്പോളമാണ് പാക്കിസ്ഥാനും. വിറ്റഴിക്കല്‍ വില്‍പ്പനക്കായി അവരുടെ പക്കലുള്ള പ്രധാന ഇനം ആയുധങ്ങളാണ്. ആ വില്‍പ്പന പാക്കിസ്ഥാനിലേക്ക് ഉണ്ടാകില്ലെന്ന ഉറപ്പ് ട്രംപില്‍ നിന്ന് നേടിയെടുക്കാന്‍ നരേന്ദ്ര മോദിക്ക് ആകാത്തിടത്തോളം കാലം നയതന്ത്ര വിജയമെന്നത് പേരില്‍ ഒതുങ്ങുന്നത് മാത്രമാണ്.


പാക്കിസ്ഥാനെതിരെ ഇന്ത്യക്കൊപ്പം നില്‍ക്കുന്നുവെന്ന പ്രതീതി ജനിപ്പിച്ചാല്‍ പിന്നെ കച്ചവടം എളുപ്പമാണെന്ന് ഐക്യനാടുകളുടെ ഭരണ സംവിധാനം മനസ്സിലാക്കിയിരിക്കുന്നുവെന്നതാണ് പ്രധാനം. വൈറ്റ് ഹൗസിലെ വിരുന്നിന് മുമ്പ് തന്നെ അതിനുള്ള കളമൊരുക്കിയിരുന്നു ട്രംപ്. ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സ്വലാഹുദ്ദീനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ചത് അതിനാണ്. ഇന്ത്യയെ പ്രീതിപ്പെടുത്താന്‍ സ്വീകരിക്കുന്ന നടപടികളെ ഐക്യരാഷ്ട്ര വേദികളില്‍ ചൈന എതിര്‍ത്തു തോല്‍പ്പിച്ചുകൊള്ളുമെന്ന ഉറപ്പ് ഐക്യനാടുകള്‍ക്കും അതിന്റെ പ്രസിഡന്റിനുമുണ്ട്. കച്ചവടത്തിന് മുട്ടുണ്ടാകുകയുമില്ല. പാക്‌വിരുദ്ധത വലിയ വായില്‍ പ്രകടിപ്പിച്ച ട്രംപ് മോദിയോട് ചിലത് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ നീക്കണമെന്നതാണ് ഒന്ന്. വ്യാപാരാധിഷ്ഠിത ബൗദ്ധിക സ്വത്തവകാശം ഇന്ത്യ നടപ്പാക്കുന്നത് അമേരിക്കയുടെ കച്ചവടങ്ങള്‍ക്ക് തടയിടുന്നത് ആകാതിരിക്കുകയും വേണം.


സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായ നൊവാര്‍ട്ടിസ്, അമേരിക്കയിലെയും വലിയ ഔഷധ നിര്‍മാതാക്കളാണ്. നൊവാര്‍ട്ടിസിന്റെ അമേരിക്കയിലെ പ്ലാന്റില്‍ നിന്നാണ് അര്‍ബുദത്തിനുള്ള വിശിഷ്ട ഔഷധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്ലീവെക് ഉത്പാദിപ്പിക്കുന്നത്. ആഗോള വിപണിയില്‍ ഇതിന് വില 2,500 ഡോളറോളം വരും (ഇന്ത്യന്‍ രൂപയില്‍ ഒന്നര ലക്ഷത്തോളം) ഗ്ലീവെകിന്റെ ജനറിക് രൂപം ഇന്ത്യന്‍ വിപണിയിലുണ്ട്. അതിന് വില 250 ഡോളറോളം (ഇന്ത്യന്‍ രൂപയില്‍ 15,000). ഇത് തന്നെ സബ്‌സിഡി നിരക്കിലാണ് ഇന്ത്യയില്‍ പൊതുവെ വില്‍ക്കുന്നത്. ഇന്ത്യയില്‍ പേറ്റെന്റെടുത്ത് ഗ്ലീവെകിന്റെ ജനറിക് രൂപങ്ങളുടെ വില്‍പ്പന ഇല്ലാതാക്കാന്‍ നൊവാര്‍ട്ടിസ് ശ്രമിച്ചിരുന്നു.


വ്യാപാരാധിഷ്ഠിത ബൗദ്ധിക സ്വത്തവകാശ കരാറനുസരിച്ച് വികസ്വര - അവികസിത രാഷ്ട്രങ്ങള്‍ക്ക് ഇത്തരം ഔഷധങ്ങള്‍ സ്വന്തമായി ഉത്പാദിപ്പിച്ച് വില്‍ക്കാന്‍ അനുമതിയുണ്ട്. ആ അവകാശം സംരക്ഷിക്കണമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയും നൊവാര്‍ട്ടിസിന്റെ പേറ്റന്റ് അപേക്ഷ സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു. ജനറിക് മരുന്നുകളുടെ ഉത്പാദനത്തിന് അവസരം നല്‍കാത്ത വിധത്തില്‍ ബൗദ്ധിക സ്വത്തവകാശം അംഗീകരിക്കുകയും നൊവാര്‍ട്ടിസ് പോലുള്ള കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയെ കൈയടക്കാന്‍ അവസരമൊരുക്കുകയും ചെയ്യുക എന്നതാണ് പ്രധാന ആവശ്യം.


പേറ്റന്റ് കുത്തക മാത്രമല്ല, പേറ്റന്റില്ലാത്ത മരുന്നുകളുടെ കാര്യത്തിലും അമേരിക്കക്ക് താത്പര്യങ്ങളുണ്ട്. ഇത്തരം മരുന്നുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഇന്ത്യ ചുമത്തുന്നത് 21 ശതമാനം നികുതിയാണ്. ഇത് പൂര്‍ണമായും എടുത്തുകളയണമെന്നതാണ് മറ്റൊരു ആവശ്യം.  ഇന്ത്യയിലെ ചികിത്സാച്ചെലവ് വലിയ തോതില്‍ കുറക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് അമേരിക്കയുടെ വാഗ്ദാനം. ഇത്തരം മരുന്നുകള്‍  ഇന്ത്യന്‍ കമ്പനികള്‍ ഉത്പാദിപ്പിക്കുന്നത് ആഭ്യന്തര ആവശ്യത്തിന് വേണ്ടി മാത്രമല്ല. ഇതര മൂന്നാം ലോക രാഷ്ട്രങ്ങളിലേക്ക് കയറ്റി അയക്കാന്‍ കൂടിയാണ്. ചെലവ് കുറഞ്ഞ ഇന്ത്യന്‍ മരുന്നുകളെ ഈ രാഷ്ട്രങ്ങള്‍ വലിയ തോതില്‍ ആശ്രയിക്കുന്നുമുണ്ട്. പേറ്റന്റില്ലാത്ത മരുന്നുകളുടെ ഇറക്കുമതിച്ചുങ്കം നീക്കുകയും അമേരിക്കയില്‍ നിന്ന് ഇവ ഇന്ത്യയിലേക്ക് കുത്തിയൊലിക്കുകയും ചെയ്താല്‍ ഇവിടുത്തെ കമ്പനികള്‍ പ്രതിസന്ധിയിലാകും. അതോടെ ഇന്ത്യയിലെ ഔഷധ വിപണി മാത്രമല്ല, ഇതര മൂന്നാം ലോക രാഷ്ട്രങ്ങളിലെ വിപണി കൂടിയാണ് അമേരിക്കന്‍ കമ്പനികളുടെ പിടിയിലേക്ക് വരിക.


വിവരസാങ്കേതിക വിദ്യാ മേഖലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം കൂടുതലാണ് ഇന്ത്യയില്‍. അതില്‍ കുറവു വരുത്തി അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ കമ്പോളത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ അവസരമൊരുക്കണമെന്നതും ആവശ്യമാണ്. 130 കോടിയിലേറെ വരുന്ന ജനസംഖ്യ, വിശാലമായ ഭൂപ്രദേശം, വിവര സാങ്കേതിക വിദ്യക്ക് നല്‍കപ്പെടുന്ന പ്രാമുഖ്യം - കച്ചവടം കൊഴുക്കാന്‍ ഇതിലപ്പുറമെന്ത് വേണമെന്ന് അമേരിക്കന്‍ കമ്പനികള്‍ ചിന്തിക്കുന്നുണ്ട്. സോളാര്‍ പാനലുകള്‍, പ്രകൃതി വാതകം തുടങ്ങിയവ മുതല്‍ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന വസ്തുക്കള്‍ വരെ ഇന്ത്യന്‍ കമ്പോളത്തില്‍ വിറ്റഴിക്കാന്‍ പാകത്തിലുള്ള ഇളവുകള്‍ അമേരിക്ക ആവശ്യപ്പെടുന്നു.


ഇതൊക്കെ സാധ്യമാകുകയും കമ്പനികളുടെ കച്ചവടം കൂടുകയും ചെയ്താലേ അമേരിക്കയില്‍ തൊഴിലവസരം വര്‍ധിക്കൂ. അമേരിക്കക്കാര്‍ക്ക് തൊഴിലുറപ്പാക്കുമെന്നതായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ ട്രംപിന്റെ പ്രധാന വാഗ്ദാനം. അതിലേക്കൊരു വഴി തുറക്കാന്‍, ആദ്യത്തെ വിരുന്ന് നരേന്ദ്ര മോദിക്ക് നല്‍കുകയും പാക് വിരുദ്ധത പറഞ്ഞ് ഇന്ത്യന്‍ വികാരം അനുകൂലമാക്കുകയും ചെയ്താല്‍ ട്രംപിന് നഷ്ടമൊന്നുമില്ല. തീവ്ര ദേശീയതയിലും വ്യാജ രാജ്യസ്‌നേഹത്തിലും അധിഷ്ഠിതമായ പ്രചാരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന വികാരവും തീവ്ര വര്‍ഗീയ അജന്‍ഡ നടപ്പാക്കുന്നതിലൂടെയുള്ള ധ്രുവീകരണവും മതി അധികാരത്തിലുള്ള തുടര്‍ച്ചക്ക് എന്ന് നരേന്ദ്ര മോദിയും സംഘവും കരുതുന്നു. ആ വികാര സൃഷ്ടിക്ക് വളമേകി കച്ചവടത്തിന്റെ വഴി കൂടുതല്‍ തുറക്കാന്‍ ശ്രമിക്കുകയാണ് അമേരിക്ക. ആ തന്ത്രത്തില്‍ വീഴാനുള്ളതേയുള്ളൂ, പ്രകടനപരതക്കപ്പുറം ശൂന്യത മാത്രമുള്ള ഈ നേതാവ് എന്ന് മനസ്സിലാക്കാന്‍ വംശ വിദ്വേഷത്തിലും മുസ്‌ലിം വിരുദ്ധതയിലും മോദിയോട് മത്സരിക്കുന്ന ട്രംപ് എന്ന രാഷ്ട്രീയക്കാരന്‍ വേണ്ടതില്ല, പഴയ കച്ചവടക്കാരനായ ട്രംപ് ധാരാളം മതി.


പ്രതിരോധത്തില്‍ വാഗ്ദാനം ചെയ്ത സഹകരണവും കച്ചവടക്കണ്ണോടെയാണ്. മേഖലയില്‍ ചൈനയുടെ സ്വാധീനം വര്‍ധിച്ചുവരികയും ഇന്ത്യയുടെ അയല്‍ രാഷ്ട്രങ്ങളുമായെല്ലാം അവര്‍ വലിയ സൗഹൃദമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. അതിനൊരു ചെക്ക് പോസ്റ്റായി ഇന്ത്യയുണ്ടാകണമെങ്കില്‍ പ്രതിരോധ സഹകരണം വര്‍ധിപ്പിച്ചേ മതിയാകൂ ഐക്യനാടുകള്‍ക്ക്. ആ സഹകരണം മേഖലയിലൊരു പ്രതിസന്ധി സൃഷ്ടിച്ചാല്‍ അവിടെയും കൊഴുക്കുക അമേരിക്കയുടെ കച്ചവടമാകുമല്ലോ.  


ഈ വിരുന്നിനിടെ എച്ച് 1 ബി വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കി ഇന്ത്യക്കാരുടെ തൊഴിലവസരം കുറക്കാന്‍ ശ്രമിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ ഉന്നയിക്കാന്‍ പോലും നരേന്ദ്ര മോദിക്കായില്ല. പുറം തൊഴില്‍ കരാറുകള്‍ കുറക്കാന്‍ അമേരിക്കന്‍ കമ്പനികളെ ട്രംപ് ഭരണകൂടം നിര്‍ബന്ധിക്കുന്നത് ഇന്ത്യയിലെ ഐ ടി കമ്പനികളിലെ തൊഴിലവസരം ഇല്ലാതാക്കുന്നതിലെ ആശങ്ക അറിയിച്ചതുമില്ല. സിവില്‍ ആണവ സഹകരണ കരാര്‍ പ്രാബല്യത്തിലാക്കുന്നതിന്റെ ഭാഗമായി ജനറല്‍ ഇലക്ട്രിക്കല്‍സും വെസ്റ്റിംഗ് ഹൗസും എന്നാണ് ഇന്ത്യയില്‍ റിയാക്ടര്‍ നിര്‍മാണത്തിന് എത്തുക എന്ന് ചോദിച്ചതുമില്ല. ഇതൊന്നും ചോദിക്കാനുള്ള അവസരത്തിന് വേണ്ടിയല്ലല്ലോ വെള്ളക്കൊട്ടാരത്തില്‍ വിരുന്നൊരുക്കിയത്! വിരുന്നിന് വിളിച്ചപ്പോള്‍ വെച്ച അജന്‍ഡക്ക് അപ്പുറത്തെന്തെങ്കിലും ഉരിയാടാനോ സ്വന്തം പേര് തുന്നിച്ചേര്‍ത്ത കുപ്പായമിട്ട് മേനി നടിക്കാനോ അവസരമില്ല, ബറാക് ഒബാമയല്ലല്ലോ ഡൊണാള്‍ഡ് ട്രംപ്.

2017-06-21

ഐക്യം വരുന്നു, വഴിമാറിക്കോ....


പതിപക്ഷ ഐക്യം. രാജ്യം വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ കൈകളില്‍ അമരുന്നത് തടയാനുള്ള ഏക മാര്‍ഗം. ഐക്യത്തിന് മാര്‍ഗങ്ങള്‍ ആരായാന്‍ തുടങ്ങിയത് 2014 മെയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി ലോക് സഭയില്‍ ഒറ്റക്ക് അധികാരത്തിലെത്തിയ നാള്‍ മുതലാണ്. കൃത്യമായി പറഞ്ഞാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ദിവസം കടലില്‍ മുങ്ങിയ സമയം മുതല്‍. കേവല ഭൂരിപക്ഷം നേടിയ ബി ജെ പിയും അവര്‍ക്കൊപ്പം അണിനിരന്ന കരിങ്കാലിപ്പാര്‍ട്ടികളും ചേര്‍ന്ന് ആകെ നേടിയത് 31 ശതമാനം വോട്ട് മാത്രം. ഇപ്പുറത്ത് ആകെയുള്ളത് 69 ശതമാനം വോട്ട്. ഈ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടാല്‍ നരേന്ദ്ര മോദിയുടെയോ ബി ജെ പിയുടെയോ അവരെയാകെ നിയന്ത്രിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെയോ പൊടി, അധികാരസോപാനത്തിലുണ്ടാകുകയേയില്ല!


പൂര്‍വസൂരികള്‍ ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് തന്റെ പക്കലുമുണ്ടെന്ന ബലത്തില്‍ (കെ കരുണാകരനോട് കടപ്പാട്) കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതല്‍ മതനിരപേക്ഷ സഖ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ദീര്‍ഘകാലമായി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന പ്രകാശ് കാരാട്ട് (ഇപ്പോള്‍ സീതാറാം യെച്ചൂരി) വരെയും ഏകാധിപതിയുടെ ച്ഛായയില്‍ നില്‍ക്കുന്ന മമതാ ബാനര്‍ജി മുതല്‍ പ്രത്യയശാസ്ത്രത്തിന്റെ കെട്ടുപാടുകളില്ലാത്ത ജനാധിപത്യത്തിന്റെ കാവല്‍ മാലാഖയായ അരവിന്ദ് കെജ്‌രിവാള്‍ വരെയും പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും പറഞ്ഞു. സംഘഗാനം മുഴങ്ങുന്നതിനിടെയാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ബെല്ലടിച്ചത്. ഭിന്നിച്ച് മത്സരിക്കുന്നതിന് ന്യായമുണ്ടായിരുന്നു കോണ്‍ഗ്രസിന്, ആം ആദ്മി പാര്‍ട്ടിക്ക്, ബി എസ് പിക്ക്, സമാജ്‌വാദി പാര്‍ട്ടിക്ക് എന്തിന് എല്ലാ മണ്ഡലത്തിലും പത്ത് വോട്ട് തികച്ചുകിട്ടുമെന്ന് പ്രതീക്ഷയില്ലാത്ത സി പി എമ്മിന്.


ബീഹാറില്‍ മണി മുഴങ്ങിയപ്പോള്‍ കഥയില്‍ കുറച്ച് മാറ്റം വന്നു. നിതീഷ് കുമാറും ലാലുവും കൈകോര്‍ത്തപ്പോള്‍ ഒപ്പം നിന്നു കോണ്‍ഗ്രസ്. അന്നുയര്‍ന്ന വലിയ ചര്‍ച്ച ജനതാദളങ്ങളുടെ ഏകീകരണമായിരുന്നു. ജനതാദള്‍ യുണൈറ്റഡ്, ജനതാദള്‍ എസ് (ദേവഗൗഡ ഫെയിം), സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, ബിജു ജനതാദള്‍ (നവീന്‍ പട്‌നായിക്ക് ഫെയിം), രാഷ്ട്രീയ ലോക്ദള്‍ (അജിത് സിംഗ് ഫെയിം) എന്നിങ്ങനെയുള്ളവയുടെ ഏകീകരണം. ബീഹാറില്‍ മതനിരപേക്ഷ മഹാസഖ്യത്തോടൊപ്പം നില്‍ക്കാന്‍ സമാജ്‌വാദിയോ ജനതാദളോ (എസ്) തയ്യാറാകാതിരുന്നതോടെ ഗണപതിക്കുവെച്ച ഏകീകരണം കാക്കകൊത്തിപ്പോയി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍ സി പിയും മൂപ്പിളമത്തര്‍ക്കത്തിലേര്‍പ്പെട്ട്, പ്രതിപക്ഷ ഐക്യം ബലപ്പെടുത്തി. ശിവസേനയെ പിന്തള്ളി, ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും വരുംകാലത്ത് ശിവസേനയില്ലാതെ അധികാരത്തിലെത്താന്‍ തങ്ങള്‍ക്കാകുമെന്ന് വെല്ലുവളി ഉയര്‍ത്തുകയും ചെയ്തു.


ഉത്തര്‍ പ്രദേശ് മുതല്‍ മണിപ്പൂര്‍ വരെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും പ്രതിപക്ഷ ഐക്യം വാചാലമായി. ഒന്നായ സമാജ്‌വാദി പാര്‍ട്ടിയെ രണ്ടായി കണ്ട് കോണ്‍ഗ്രസ് സഖ്യത്തിലായത് മാത്രം മിച്ചം. വര്‍ഗീയ ഫാസിസത്തെ ചെറുക്കാന്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും രാഷ്ട്രീയ ലോക്ദളുമൊക്കെ ഒറ്റക്ക് കച്ചകെട്ടി. പ്രതിപക്ഷ പാളയത്തെ വോട്ടുകള്‍ ഭിന്നിച്ച് സംഘ്പരിവാര രഥം അധികാരത്തിലേറി. മറ്റ് നാലിടത്ത് കൂടി ബി ജെ പി അധികാരത്തിലെത്തിയപ്പോള്‍ വീണ്ടും ദീര്‍ഘനിശ്വാസം - പ്രതിപക്ഷ ഐക്യം. എല്ലായിടത്തും ഒറ്റക്ക് മത്സരിച്ച് 'കരുത്ത് തെളിയിക്കാനായതി'ല്‍ ആത്മസംതൃപ്തിയുള്ള ഇടതുപക്ഷവും ഈ ദീര്‍ഘ നിശ്വാസം പങ്കിട്ടു - പ്രതിപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം.
തിരഞ്ഞെടുപ്പുകള്‍ക്കപ്പുറത്ത് രാജ്യത്തെ ഇളക്കിമറിച്ച പ്രശ്‌നങ്ങളുണ്ടായപ്പോഴുമുണ്ടായി ഐക്യാഹ്വാനങ്ങള്‍. മാട്ടിറച്ചി നിരോധം പ്രാബല്യത്തിലാക്കി മഹാരാഷ്ട്ര നിയമം കൊണ്ടുവന്നതിന് പിറകെ ഗോവധ നിരോധം രാജ്യത്ത് നടപ്പാക്കാന്‍ സംഘ്പരിവാര പിന്തുണയുള്ള അക്രമി സംഘങ്ങള്‍ രംഗത്തെത്തുകയും ദാദ്രിയില്‍ തുടങ്ങിയ കൊലകള്‍ മറ്റു ദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തപ്പോള്‍ യോജിച്ച് പ്രതിരോധിക്കണമെന്ന് ഉറക്കെച്ചിന്തിച്ചിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍. സംഘ്്പരിവാര പിന്തുണയും ഭരണകൂടത്തിന്റെ മൗനാനുവാദവുമുള്ള അതിക്രമത്തെ അപലപിച്ചുള്ള പ്രസ്താവനകള്‍ കൊണ്ട് മാധ്യമ ഓഫീസുകള്‍ നിറച്ചു.


മദ്രാസ് ഐ ഐ ടിയില്‍ തുടങ്ങി, ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ ജീവനെടുത്ത്, ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രാജ്യദ്രോഹികളുടെ പട്ടിക തീര്‍ത്ത്, കോടതി വളപ്പിലിട്ട് 'പ്രതികളെ' കൈയേറ്റം ചെയ്ത് സംഘ്പരിവാരം മുന്നേറിയപ്പോള്‍ ഒറ്റക്കും കൂട്ടായും സാന്നിധ്യമറിയിച്ചു നമ്മുടെ പ്രതിപക്ഷ നേതാക്കള്‍. കന്നുകാലിക്കടത്തെന്ന് ആരോപിച്ച് ദളിതുകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഉനയില്‍ രുപമെടുത്തെ പ്രതിഷേധവും സഹാരണ്‍പൂരില്‍ താക്കൂറുകളുടെ സംഘടിതാക്രമണത്തിനെതിരെ ഭീം ആര്‍മിയുടെ നേതൃത്വത്തിലുയര്‍ന്ന പ്രതിരോധവും സാന്നിധ്യം കൊണ്ട് ശക്തമാക്കാന്‍ പ്രതിപക്ഷക്കൂട്ടായ്മയുണ്ടായില്ല. ഏറ്റവുമൊടുവില്‍ മധ്യപ്രദേശിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലുമൊക്കെ കര്‍ഷകര്‍ തെരുവിലിറങ്ങിയപ്പോഴും പ്രതിപക്ഷക്കൂട്ടായ്മയെ കണ്ടില്ല. ഈ പ്രശ്‌നങ്ങളൊക്കെ ആദ്യമറിഞ്ഞ് പ്രതിഷേധമുയര്‍ത്താനും ഇരകളാക്കപ്പെടുന്നവര്‍ക്ക് സംരക്ഷണമൊരുക്കാനും ബാധ്യതയുണ്ട് ഐക്യാഹ്വാനക്കാരായ പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്ക്. അതിനവര്‍ ഉണ്ടാകുന്നില്ല. ഇരകള്‍ സ്വയം പ്രതിഷേധശബ്ദവുമായെത്തുമ്പോള്‍ അതിനോട് ചേര്‍ന്നുനില്‍ക്കാനുള്ള ത്രാണി, പ്രസ്താവനകളിലൊഴിച്ച്, ഇല്ലാതെ പോയി ഈ പാര്‍ട്ടികള്‍ക്ക്.


അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച്, ബേങ്കിനും എ ടി എമ്മിനും മുന്നില്‍ ജനത്തെ വരിനിര്‍ത്തി ശിക്ഷിച്ചപ്പോള്‍  ഐക്യാഹ്വാനക്കാര്‍ വീണ്ടും യോഗം ചേര്‍ന്നു. നേതൃത്വം മമതാ ബാനര്‍ജിക്കും അരവിന്ദ് കെജ്‌രിവാളിനും നല്‍കാനാകില്ലെന്ന് പറഞ്ഞ് പിരിഞ്ഞു. മമതയുടെയും കെജ്‌രിവാളിന്റെയും പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ തെരുവിലിറങ്ങിയപ്പോള്‍ പാര്‍ട്ടി ഓഫീസുകളില്‍ അടയിരുന്ന്, പ്രതിപക്ഷ ഐക്യത്തിന്റെ കാലിക പ്രസക്തി ചര്‍ച്ചചെയ്തു. പ്രതിപക്ഷ ഐക്യമങ്ങനെ പൂത്തുലഞ്ഞുനില്‍ക്കുമ്പോഴാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പു വരുന്നത്. ഒറ്റക്കെട്ടായി നേരിടുമെന്ന് വെവ്വേറെ പ്രസ്താവനയിറക്കി ആദ്യം. പിന്നെ ഒരുമിച്ചിരുന്ന് ആലോചിച്ചു. സ്വന്തം സ്ഥാനാര്‍ഥിയെ നിശ്ചയിച്ച്, നിലവില്‍ പ്രതിപക്ഷത്തും ഭരണപക്ഷത്തുമല്ലാത്ത പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കുക എന്നത് പഴഞ്ചന്‍ തന്ത്രമെന്ന് വിലയിരുത്തി. ഭരണപക്ഷം അവരുടെ സ്ഥാനാര്‍ഥിയെ തീരുമാനിച്ച് അറിയിക്കട്ടെ അതിന് ശേഷം മത്സരതന്ത്രം നിശ്ചയിക്കാമെന്ന് നിരൂപിച്ച് പിരിഞ്ഞു. ഏവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് ആലോചിക്കാമെന്ന നരേന്ദ്ര മോദി - അമിത് ഷാ സഖ്യത്തിന്റെ വാഗ്ദാനം അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്ന് ഉറപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ മുതല്‍ സി പി എം ജനറല്‍ സെക്രട്ടറി വരെയുള്ളവര്‍ കൈയടിച്ചു.  കാത്തിരുന്നു കാണുകയും എതിരാളിയുടെ കൈയറിഞ്ഞ് കളിക്കുകയും തന്ത്രമാണ്. പയറ്റില്‍ ജയിച്ചില്ലെങ്കിലും എതിരാളിയെ വിറപ്പിക്കാന്‍ അതുധാരാളമെന്ന് ഗണിച്ചു.


ആ കളത്തിലേക്കാണ് ബീഹാര്‍ ഗവര്‍ണറും ദളിത് നേതാവുമായ രാം നാഥ് കോവിന്ദിനെ നരേന്ദ്ര മോദി കൊണ്ടുവന്നു നിര്‍ത്തിയത്. എല്‍ കെ അഡ്വാനി, മോഹന്‍ ഭഗവത്, ദ്രൗപതി മുര്‍മു, സുഷമ സ്വരാജ്, തവര്‍ ചന്ദ് ഗെലോട്ട് എന്നിങ്ങനെ ജ്യോതിഷികള്‍ക്ക് പ്രവചിപ്പാന്‍ പല പേരുകള്‍ നല്‍കിക്കൊണ്ടൊരു പുഴിക്കടകന്‍. വിവാദമുക്തന്‍, വിനീതവിധേയന്‍, ദുര്‍ബലജനത്തിന്റെ പ്രതിനിധി എന്നിങ്ങനെ വാഴ്ത്തുവചനങ്ങള്‍  ഏറെയുണ്ട് രാം നാഥ് കോവിന്ദിന്. അവ കൊണ്ട് സംഘ്പരിവാര ബന്ധവും വര്‍ഗീയ അജന്‍ഡകളോടുള്ള പ്രതിബദ്ധതയും മറക്കപ്പെടുമ്പോള്‍  പ്രതിപക്ഷ സ്ഥാനാര്‍ഥി ദളിത് വിഭാഗക്കാരനല്ലെങ്കില്‍ പിന്തുണ എന്‍ ഡി എക്കെന്ന് ബി എസ് പി പ്രഖ്യാപിച്ചു. ബീഹാര്‍ ഗവര്‍ണര്‍ രാഷ്ട്രപതി ഭവനിലേക്ക് എത്തുന്നതിലെ സന്തോഷം മറച്ചുവെക്കാന്‍ പണിപ്പെട്ടു ജെ ഡി (യു) നേതാവ് നിതീഷ് കുമാര്‍.


ബീഹാറിലെ മഹാ വിജയത്തിന് ശേഷം നരേന്ദ്ര മോദിയോട് മൃദുമനസ്സുണ്ടാകുകയും നോട്ട് നിരോധത്തില്‍പ്പോലും പിന്തുണയര്‍പ്പിക്കുകയും പ്രതിപക്ഷ ചര്‍ച്ചകള്‍ക്ക് ഇല്ലാത്ത സമയം പ്രധാനമന്ത്രിയുടെ വിരുന്നിനുണ്ടാകുകയും ചെയ്യുന്ന നിതീഷ്, കോവിന്ദിനെ പിന്തുണക്കാന്‍ സാധ്യത ഏറെ. ഇതിന് പിറകെയാണ് തെലങ്കാന രാഷ്ട്ര സമിതിക്കും ജയലളിതക്കു ശേഷം പലതായി നില്‍ക്കുന്ന എ ഐ എ ഡി എം കെക്കും നവീന പടനായകന്റെ ബിജു ജനതാദളിനും കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ആനന്ദാതിരേകമുണ്ടായത്. അതോടെ തീര്‍ന്നു രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ പ്രതിപക്ഷത്തിന്റെ പയറ്റു തന്ത്രവും എതിരാളിയെ വിറപ്പിക്കും വിധത്തിലുള്ള മത്സരവും.


ദളിത് വിഭാഗത്തില്‍ നിന്നുള്ള, വിവാദ മുക്ത സൗമ്യ മുഖത്തെ അവതരിപ്പിക്കുന്നതിലൂടെ പ്രതിപക്ഷ നിരയില്‍ വിള്ളലുണ്ടാക്കാനാകുമെന്ന മോദി - ഷാ തന്ത്രം വിജയിക്കുന്ന കാഴ്ചയാണ് കാണുന്നത്. യോജിച്ച് എതിര്‍ക്കുമെന്ന് പറയുന്നവര്‍ക്ക് ഒരിടത്തും യോജിക്കാനാകുന്നില്ലെന്ന് ജനത്തെ ബോധ്യപ്പെടുത്താന്‍ എളുപ്പത്തില്‍ സാധിച്ചു അവര്‍ക്ക്. പ്രതിപക്ഷ പാര്‍ട്ടികളുടെയും എന്‍ ഡി എ ഇതര പാര്‍ട്ടികളുടെയും  നേതാക്കളുമായി ആശയവിനിമയം നടത്തി എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയെ മത്സരിപ്പിച്ച്, ഏകാധിപത്യമുഖം കൂടി പേറുന്ന വര്‍ഗീയ ഫാസിസത്തെ ചെറുക്കാന്‍ ഞങ്ങളുണ്ടാകുമെന്ന് ജനത്തോട് പറയാനുള്ള അവസരമാണ് മൂന്ന് വര്‍ഷമായി ആവര്‍ത്തിക്കപ്പെടുന്ന പ്രതിപക്ഷ ഐക്യം ഇല്ലാതാക്കിയത്.


തീവ്ര ഹിന്ദുത്വം സകലതിലും പിടിമുറുക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ രാജ്യദ്രോഹത്തിന്റെ കള്ളിയില്‍പ്പെടുത്തുകയും സവര്‍ണാധിപത്യം ഉറപ്പാക്കാന്‍ പാകത്തില്‍ സോഷ്യല്‍ എന്‍ജിനീയറിംഗ് നടപ്പാക്കപ്പെടുകയും ഭീതിയുടെ അന്തരീക്ഷത്തിന് കനമേറുകയും ചെയ്യുന്ന ഈ കാലത്ത് പഴയ തന്ത്രങ്ങള്‍ മതിയാകില്ലെന്ന് മനസ്സിലാക്കാത്തവരുടെ ഐക്യപ്പെടല്‍ പ്രയോജനരഹിതമാണ്. അവകാശങ്ങളും സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ ഇല്ലാതാകുന്നത്, കാത്തിരുന്ന് കാണാനേ അവര്‍ക്കാകൂ. എതിരാളിയുടെ കൈയറിയുമ്പോഴേക്കും കളി കൈവിട്ടിട്ടുണ്ടാകുമെന്ന് ഇനിയും ബോധ്യപ്പെടാത്തവര്‍ക്ക് പുതിയ രാഷ്ട്രപതിക്ക് ഭാവുകങ്ങള്‍ മുന്‍കൂറായി നല്‍കാം, 2019നായി കാത്തിരിക്കാം.

2017-06-19

അംബാനിമാറ്റ് രാജ്യസ്‌നേഹം


കൃഷ്ണ - ഗോദാവരി ബേസിനിലെ ഡി - 6 ബ്ലോക്ക് ഇനിയും ആഴത്തില്‍ കുഴിക്കാന്‍ പദ്ധതി തയ്യാറാക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസും ബ്രിട്ടീഷ് പെട്രോളിയവും. രണ്ട് കമ്പനികളും ചേര്‍ന്ന് 40,000 കോടി രൂപ നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. അതുവഴി 2020 മുതല്‍ 2022 വരെയുള്ള കാലത്ത് പ്രതിദിനം 30 മുതല്‍ 35 വരെ ദശലക്ഷം യൂണിറ്റ് പ്രകൃതി വാതകം ഉത്പാദിപ്പിക്കുമെന്നാണ് വാഗ്ദാനം.  ബേസിനിലെ ഡി - 55 ബ്ലോക്കില്‍ ഖനനം നടത്താനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്. 2017 അവസാനിക്കും മുമ്പ് പുതിയ പദ്ധതിയുടെ അനുമതി അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

റോഡ്, റെയില്‍, ഊര്‍ജം എന്നീ മേഖലകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ആകയാല്‍ റിലയന്‍സ് - ബി പി സംയുക്ത സംരംഭത്തിന്റെ പദ്ധതിക്ക് അനുമതി നല്‍കുമെന്ന് തന്നെ പ്രതീക്ഷിക്കണം. രാജ്യത്തിന് ഗുണം വരുന്ന പദ്ധതിയാകയാല്‍, രാജ്യസ്‌നേഹം കുത്തകപ്പാട്ടത്തിനെടുത്തിരിക്കുന്ന പാര്‍ട്ടിയുടെയും പരിവാരത്തിന്റെയും പ്രതിനിധികള്‍ക്ക് അനുമതി നല്‍കാതിരിക്കാനാകില്ല. അതുകൊണ്ടാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മേധാവി മുകേഷ് അംബാനിയും ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുടെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ബോബ് ഡഡ്‌ലിയും സന്ദര്‍ശനാനുമതി തേടിയപ്പോള്‍ ആയത് പ്രധാനമന്ത്രി ഉടന്‍ അനുവദിച്ചത്. മോദിയെ സന്ദര്‍ശിച്ച് പദ്ധതികളുടെ വിശദ വിവരങ്ങള്‍ ബോധ്യപ്പെടുത്തിയ അംബാനിയും ഡഡ്‌ലിയും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനെയും കണ്ടു. സര്‍വാധികാര്യക്കാരെ കാര്യങ്ങളറിയിച്ച്, കൈകൊടുത്ത് പിരിഞ്ഞതാണ്. പെട്രോളിയം മന്ത്രിയെ കണ്ടത് ആചാരങ്ങള്‍ ലംഘിക്കേണ്ടെന്ന് കരുതിയാകണം.


പര്യവേക്ഷണം, ഉത്പാദനം, സംഭരണം, വിതരണം എന്നിങ്ങനെ പെട്രോളിയം ഉത്പന്നങ്ങളുടെയും പ്രകൃതി വാതകത്തിന്റെയും സകല മേഖലകളിലും ആധിപത്യമുറപ്പിക്കാനാണ് സംയുക്ത സംരംഭത്തിന്റെ പദ്ധതിയെന്ന് ബ്രിട്ടീഷ് പെട്രോളിയത്തിന്റെ മേധാവി അറിയിച്ചിട്ടുണ്ട്. പെട്രോളിന്റെ വിലക്കു മേലുണ്ടായിരുന്ന സര്‍ക്കാര്‍ നിയന്ത്രണം നീക്കി, റിലയന്‍സ് അടക്കമുള്ള കമ്പനികള്‍ക്ക് സൗകര്യമൊരുക്കിയിരുന്നു ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാര്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തിലേറിയപ്പോള്‍ ഡീസലിന്റെ വിലയിലെ നിയന്ത്രണം കൂടി നീക്കി കൂടുതല്‍ സൗകര്യമൊരുക്കി. പാചക വാതകമടക്കം ഇതര പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിന്‍മേലുള്ള നിയന്ത്രണം കൂടി ഇല്ലാതാക്കുന്ന രാജ്യസ്‌നേഹാധിഷ്ഠിത ലക്ഷ്യത്തിലേക്ക് ചരിക്കുകയാണ് സര്‍ക്കാര്‍.


അതുകൂടി മുന്നില്‍ക്കണ്ടാണ് സര്‍വതല പദ്ധതിയുമായി റിലയന്‍സ് - ബി പി സംയുക്തം എത്തിയിരിക്കുന്നത്. അതങ്ങനെ പ്രാബല്യത്തിലായാല്‍ വൈകാതെ പൊതുമേഖലയില്‍ എണ്ണക്കമ്പനികള്‍ ആവശ്യമില്ലാതെ വരും. ജിയോയുമായി ടെലികോം - ഇന്റര്‍നെറ്റ് മേഖലയില്‍ പിടിമുറുക്കിയ റിലയന്‍സ് ഗ്രൂപ്പിന്റെ പരസ്യത്തില്‍ മോഡലായി സകല സഹായവും നല്‍കിയ മോദി(ജി) റിലയന്‍സ് - ബി പി സംയുക്തത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ സാധ്യത ഏറെയാണ്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന പദ്ധതികളെ പ്രോത്സാഹിപ്പിക്കേണ്ടത് രാജ്യസ്‌നേഹികളുടെ കടമ തന്നെ. അത്തരം സംഗതികള്‍ക്ക് ബ്രാന്‍ഡ് അംബാസഡറാകുക എന്നത് അതിരറ്റ രാജ്യസ്‌നേഹത്തിന്റെ പ്രകടനവുമാണ്.


എ ബി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെയാണ് സ്വകാര്യ കമ്പനികള്‍ക്ക് അസവരം തുറന്നുനല്‍കാന്‍ പാകത്തില്‍ പര്യവേക്ഷണ ലൈസന്‍സിംഗ് നയം പുതുക്കിയത്. ആ പുതുക്കലിന്റെ ഫലമായി കൃഷ്ണ ഗോദാവരി ബേസിനിലെ ഡി - 6 ബ്ലോക്കില്‍ പ്രകൃതി വാതക പര്യവേക്ഷണം നടത്താന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് - നികോ റിസോഴ്‌സസ് ലിമിറ്റഡ് സംയുക്തത്തിന് അനുവാദം കിട്ടി. 40 ദശലക്ഷം യൂണിറ്റ് പ്രതിദിനം ഉത്പാദിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. ആകെ മൂലധനച്ചെലവ് 247 കോടി ഡോളറും. അതിന് ശേഷം ഉത്പാദനം 80 ദശലക്ഷം യൂണിറ്റാക്കുമെന്ന് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ച റിലയന്‍സ് - നികോ സംയുക്തം മൂലധനച്ചെലവ് 884 കോടി ഡോളറാക്കി ഉയര്‍ത്തി. ഉത്പാദനം ഇരട്ടിക്കുമ്പോള്‍ മൂലധനച്ചെലവ് നാലിരട്ടിയാകുന്ന മാന്ത്രിക വിദ്യ റിലയന്‍സ് സംയുക്തത്തിന് മാത്രമേ അറിയൂ. ഈ നിര്‍ദേശം 33 ദിവസം കൊണ്ട് അംഗീകരിച്ച് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ റിലയന്‍സിനോടുള്ള വിധേയത്വം (ഇന്നത്തെ കണക്കില്‍ രാജ്യസ്‌നേഹാധിഷ്ഠിത വിധേയത്വം) പ്രകടിപ്പിച്ചു.


എന്തായാലും കച്ചവടം മുന്നോട്ടുപോയി. 2009ല്‍ ഉത്പാദനം ആരംഭിച്ചു. തുടക്കത്തില്‍ പ്രതിദിനം 60 ദശലക്ഷം യൂണിറ്റ് ഉത്പാദനം. പിന്നെയതങ്ങ് കുറയാന്‍ തുടങ്ങി. 15 ദശലക്ഷം യൂണിറ്റിലേക്ക് താഴ്ന്നു. കരാറനുസരിച്ച് ഉത്പാദനം നടത്താത്തതിന് റിലയന്‍സിന് മേല്‍ 180 കോടി ഡോളര്‍ പിഴ ചുമത്താന്‍ യു പി എ സര്‍ക്കാര്‍ തീരുമാനിച്ചു. തര്‍ക്കമുണ്ടായിരുന്നു റിലയന്‍സ് സംയുക്തത്തിന്. അവര്‍ പരിഹാരഫോറത്തില്‍ അപ്പീല്‍ നല്‍കി.
അതങ്ങനെ നില്‍ക്കുമ്പോഴാണ് പ്രകൃതി വാതകം യൂണിറ്റൊന്നിന് 2.34 ഡോളര്‍ പോരെന്നും 4.2 ഡോളര്‍ വേണമെന്നും ആവശ്യപ്പെട്ട്  മുകേഷ് അംബാനിയുടെ റിലയന്‍സ് കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചത്.


മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ അതിന് തയ്യാറായിരുന്നുവെങ്കിലും അനില്‍ അംബാനിയുടെ റിലയന്‍സ് കോടതിയില്‍ പോയി. ബോംബെ ഹൈക്കോടതി പഴയ കരാറനുസരിച്ച് വില 2.34 ഡോളറായി തുടരണമെന്ന് വിധിച്ചു. മുകേഷ് അംബാനി സുപ്രീം കോടതിയില്‍ പോയി, ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്‍ വിരമിക്കുന്ന ദിവസം പ്രകൃതി വിഭവങ്ങളുടെ ഉടമസ്ഥത സര്‍ക്കാറിനാണെന്നും അവര്‍ക്ക് വില നിശ്ചയിക്കാമെന്നും വിധിച്ചു. അങ്ങനെ പ്രകൃതി വാതക വില യൂണിറ്റൊന്നിന് 4.2 ഡോളറായി. അനില്‍ അംബാനിക്കുണ്ടായ നഷ്ടത്തേക്കാള്‍ വലുതായിരുന്നു യുണിറ്റൊന്നിന് 2.34 ഡോളറിന് മുകേഷ് അംബാനിയില്‍ നിന്ന് പ്രകൃതി വാതകം വാങ്ങാന്‍ കരാറുണ്ടാക്കിയ പൊതുമേഖലാ കമ്പനിയായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്.


വില കൂട്ടിക്കിട്ടുന്നതിന് വേണ്ടിയാണ് റിലയന്‍സ് - നികോ സംയുക്തം ഉത്പാദനം കുറച്ചതെന്ന ആക്ഷേപം നിലനില്‍ക്കുന്നു. അതുമൂലം  സര്‍ക്കാര്‍ ഖജനാവിനുണ്ടായ നഷ്ടം കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണക്കാക്കി സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. ഉത്പാദനച്ചെലവ് പെരുപ്പിച്ച് കാട്ടി (247 കോടിയില്‍ നിന്ന് 884 കോടിയാക്കിയ മാന്ത്രിക വിദ്യ) കേന്ദ്ര സര്‍ക്കാറിന് നല്‍കേണ്ട ലാഭവിഹിതം നല്‍കാതിരുന്നതിലെ ക്രമക്കേടും സി എ ജി ചൂണ്ടിക്കാട്ടിയിരുന്നു. സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയില്‍ കേസ് നടക്കുന്നു. രണ്ട് വര്‍ഷം മുമ്പ് റിലയന്‍സിന്റെ വിശദീകരണം തേടിയ പരമോന്ന കോടതി, പിന്നീട് ഇക്കാര്യം ഓര്‍ത്തിട്ടേയില്ല. രാജ്യസ്‌നേഹാധിഷ്ഠിത മറവിയാണോ എന്ന് സംശയിക്കണം. രാജസ്ഥാനിലെയും ഹൈദരാബാദിലെയും കോടതികള്‍ 'ഗോമാതാവി'ന്റെ കാര്യത്തില്‍ പ്രകടിപ്പിച്ച ഉത്കണ്ഠ കണക്കിലെടുത്താല്‍ സംശയം അസ്ഥാനത്തല്ല.


അംബാനി സംയുക്തത്തിന്റെ പ്രകൃത്യാലുള്ള തട്ടിപ്പ് വേറെയുമുണ്ടായി. കൃഷ്ണ ഗോദാവരി ബേസിനില്‍ പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന് (ഒ എന്‍ ജി സി) അനുവദിച്ച ബ്ലോക്കില്‍ അവര്‍ കടന്നു കയറി. 2009 ഏപ്രില്‍ ഒന്നു മുതല്‍ റിലയന്‍സ് സംയുക്തം വാതകം കുഴിച്ചെടുത്തത് ഒ എന്‍ ജി സിക്ക് അനുവദിച്ച ബ്ലോക്കില്‍ നിന്നായിരുന്നു. ആരോപണം അന്വേഷിക്കാന്‍ റിട്ടയേഡ് ജസ്റ്റിസ് എ പി ഷായെ നിയോഗിച്ചു. സംഗതി ഉള്ളത് തന്നെയെന്ന് കമ്മീഷന്‍ കണ്ടെത്തി. 11,000 കോടി രൂപ പിഴയായി റിലയന്‍സില്‍ നിന്ന് ഈടാക്കണമെന്ന് നിര്‍ദേശിച്ചു. 155 കോടി ഡോളര്‍ (ഏതാണ്ട് 11,000 കോടി രൂപ) പിഴയായി നല്‍കാന്‍ പെട്രോളിയം മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു. ഇതിലും തര്‍ക്കമുണ്ടായി മുകേഷ് അംബാനിക്ക്. അദ്ദേഹം തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചു. അതങ്ങനെ തുടരുകയാണ്.


കെ ജി ബേസിനിലെ ഡി - 6ല്‍ പ്രകൃതി വാതക ഖനനം നടത്തിയതിലെ അഴിമതിയും തട്ടിപ്പും സംബന്ധിച്ച് സുപ്രീം കോടതിയിലും തര്‍ക്ക പരിഹാര ഫോറത്തിലും കേസ് നിലനില്‍ക്കുന്നുവെന്നത് വസ്തുത. അതങ്ങനെ നില്‍ക്കുമ്പോഴാണ് ബ്രിട്ടീഷ് പെട്രോളിയത്തെ കൂട്ടുപിടിച്ച് 40,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി മുകേഷ് അംബാനി വീണ്ടും വരുന്നത്. നിക്ഷേപം പെരുപ്പിച്ച് കാട്ടിയും വാഗ്ദാനം ചെയ്ത ഉത്പാദനം നടത്താതെയും പൊതുഖജനാവിന് വരുത്തിയ നഷ്ടം നികത്തുകയും ഒ എന്‍ ജി സിയുടെ പാടം ചോര്‍ത്തിയ വകയില്‍ നല്‍കേണ്ട പിഴ ഒടുക്കുകയും ചെയ്തതിന് ശേഷം പുതിയ പദ്ധതിയെക്കുറിച്ച് ആലോചിക്കാമെന്നതാണ് സാധാരണ നിലക്കുള്ള രാജ്യസ്‌നേഹം. ഇപ്പോള്‍ വ്യവഹരിക്കപ്പെടുന്നത് പോലുള്ള രാജ്യസ്‌നേഹമില്ലാതെ, കച്ചവടം നടത്താന്‍ തുനിയുന്നവര്‍ പോലും പഴയ കണക്കുകള്‍ തീര്‍ത്തിട്ട് പുതിയത് ആലോചിക്കാമെന്നേ പറയൂ. അങ്ങനെ ചിന്തിച്ച്, അംബാനിക്ക് ഗുണം ചെയ്യുന്ന ഒരു പദ്ധതിയും ഇല്ലാതാക്കുന്നതല്ല രാജ്യസ്‌നേഹം.


റിലയന്‍സ് - ബി പി സംയുക്തം പ്രകൃതി വാതകം കുഴിച്ചെടുത്താല്‍ ഊര്‍ജമേഖലയിലുണ്ടാകുന്ന കുതിപ്പ് ഗംഭീരമായിരിക്കും. അതുവഴി വ്യാവസായിക ഉത്പാദനം വര്‍ധിക്കും, തൊഴിലസവരം കൂടും, പ്രതിശീര്‍ഷ വരുമാനമുയരും അങ്ങനെ നേട്ടങ്ങള്‍ പലതുണ്ട്. അങ്ങനെയാകുമ്പോള്‍ അംബാനി - ബി പി സംയുക്തത്തിന് പരവതാനി വിരിക്കുകയാണ് രാജ്യസ്‌നേഹി ചെയ്യേണ്ടത്. പഴയ കണക്കുകള്‍ എഴുതിത്തള്ളി രാജ്യസ്‌നേഹം തീവ്രമാക്കുകയും ആകാം.


സര്‍ക്കാറിനെ വെട്ടിച്ചുണ്ടാക്കുന്ന പണം കള്ളപ്പണമാണെന്നാണ് വെപ്പ്. അതൊക്കെ തടയാനുദ്ദേശിച്ചാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിന്‍വലിച്ച് ജനത്തെ മുഴുവന്‍ എ ടി എമ്മിനും ബാങ്കിനും മുന്നില്‍ വരി നിര്‍ത്തി അനുസരണം പഠിപ്പിച്ചത്. ആധാറിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചതും ബാങ്ക് അക്കൗണ്ടുകള്‍ക്ക് മുഴുവന്‍ ആധാര്‍ നിര്‍ബന്ധമാക്കിയതുമൊക്കെ അതിനാണ്. അതൊന്നും പക്ഷേ അംബാനിമാര്‍ക്ക് ബാധകമല്ല. സര്‍ക്കാറിനെ വെട്ടിച്ച് അവരുണ്ടാക്കിയത് മുഴുവന്‍, പുതിയ നിക്ഷേപം നടത്തി രാജ്യത്തെ സമ്പല്‍ സമൃദ്ധിയിലേക്ക് നയിക്കാനുള്ള പണമാണ്. ആകയാല്‍ അത് വെള്ളപ്പണമാണെന്ന് രാജ്യസ്‌നേഹികള്‍ക്കൊക്കെ ബോധ്യപ്പെടും. ആര്‍ക്കെങ്കിലും ബോധ്യപ്പെടാതെയുണ്ടെങ്കില്‍ അവരുടെ രാജ്യക്കൂറ് സംശയാസ്പദം തന്നെ.


കൃഷ്ണ ഗോദാവരി ബേസിനിലെ വാതക നിക്ഷേപം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ (ജി എസ് പി സി) പൊതുപണം 20,000 കോടി രൂപ കടലില്‍ കലക്കിയപ്പോള്‍ അവിടുത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയായിരുന്നു. 2,20,000 കോടി രൂപ മൂല്യം വരുന്ന വാതക നിക്ഷേപം ജി എസ് പി സി കണ്ടെത്തിയെന്ന വിടുവായത്തം അന്ന് വിളിച്ചുപറഞ്ഞതും മറ്റാരുമല്ല. കോടികള്‍ ഗ്യാസാക്കി, രാജ്യസ്‌നേഹം പ്രകടിപ്പിച്ച് മുന്‍പരിചയമുള്ള സ്ഥിതിക്ക് അംബാനി - ബി പി സംയുക്തം വരുമ്പോള്‍ അതൊട്ടും കുറക്കേണ്ടതില്ല.