2010-01-31

ഗാന്ധിജി വധം (മാതൃഭൂമി വക)


1948 ഫെബ്രുവരി 26ന്‌ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു ആഭ്യന്തര മന്ത്രിയായ സര്‍ദാര്‍ വല്ലഭ്‌ ഭായ്‌ പട്ടേലിനെഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു- ``നമ്മുടെ ഓഫീസുകളിലും പോലീസ്‌ സേനയിലും ആര്‍ എസ്‌ എസ്‌ നുഴഞ്ഞുകയറിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഔദ്യോഗിക രഹസ്യങ്ങള്‍ സൂക്ഷിക്കാനാവുന്നില്ല.'' 1948 ഫെബ്രുവരി 27നു സര്‍ദാര്‍ പട്ടേല്‍ പ്രധാനമന്ത്രിക്കു നല്‍കിയ മറുപടിയില്‍ ഇങ്ങനെ പറഞ്ഞു - ``സവര്‍ക്കറുടെ നേതൃത്വത്തില്‍ ഹിന്ദു മഹാസഭയിലെ ഒരു സംഘമാളുകളാണ്‌ മഹാത്‌മാ ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത്‌. അത്‌ അവര്‍ അനുഭവത്തില്‍ കൊണ്ടുവരികയും ചെയ്‌തു.'' - സര്‍ദാര്‍ പട്ടേല്‍സ്‌ കറസ്‌പോണ്ടന്‍സില്‍ നിന്ന്‌.



ഗാന്ധിജിയുടെ വധത്തിനു ശേഷം രാഷ്‌ട്രീയ സ്വയം സേവക്‌ സംഘിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. നിരോധത്തിനു വിശദീകരണം നല്‍കിക്കൊണ്ട്‌ സര്‍സംഘചാലകായിരുന്ന മാധവറാവു സദാശിവറാവു ഗോള്‍വാള്‍ക്കര്‍ക്ക്‌ സര്‍ദാര്‍ പട്ടേല്‍ എഴുതിയ കത്തില്‍, ഗാന്ധിജിയെ കൊലപ്പെടുത്തിയതില്‍ ആര്‍ എസ്‌ എസിനു പങ്കുണ്ടെന്നു വ്യക്തമായി പറയുകയും ചെയ്‌തിരുന്നു. 62 വര്‍ഷം മാത്രം പഴക്കമുള്ള കാര്യങ്ങളാണിത്‌. മഹാത്‌മാഗാന്ധിക്കു നേര്‍ക്കു വെടിയുതിര്‍ത്ത നാഥുറാം വിനായക്‌ ഗോഡ്‌സെ ഹിന്ദു മഹാസഭയില്‍ അംഗമായിരുന്നു. ആര്‍ എസ്‌ എസിലും.



ഗോഡ്‌സെക്കൊപ്പം ഗാന്ധി വധക്കേസില്‍ ആരോപണവിധേയരായവര്‍ ഇവരാണ്‌ - നാഥുറാം വിനായക്‌ ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ, ഗോപാല്‍ ഗോഡ്‌സെ, മദന്‍ലാല്‍ പഹ്വ, ശങ്കര്‍ കിസ്‌തയ്യ, ദിഗംബര്‍ ബഡ്‌ഗെ, വിനായക്‌ ഡി സവര്‍ക്കര്‍, വിഷ്‌ണു കാര്‍ക്കറെ. ഇതില്‍ നാഥുറാമിനെയും നാരായണ്‍ ആപ്‌തെയെയും തൂക്കിലേറ്റി. വിനായക്‌ ഡി സവര്‍ക്കറെ കോടതി വെറുതെവിട്ടു. ദിഗംബര്‍ ബഡ്‌ഗെ മാപ്പുസാക്ഷിയായി. ബാക്കിയുള്ളവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ആരോപണവിധേയരില്‍ ഏറെക്കുറെ എല്ലാവരും ഹിന്ദു രാഷ്‌ട്രത്തിനു വേണ്ടി വാദിച്ചവരോ ഈ ആശയം പ്രചരിപ്പിച്ചവരോ ആയിരുന്നു. ഇത്‌ ഏവരും അംഗീകരിക്കുന്നതുമാണ്‌.



വിനായക്‌ ഡി സവര്‍ക്കറെ കോടതി വെറുതെവിട്ടുവെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്‌ മഹാത്‌മാ ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടന്നത്‌ എന്ന്‌ സര്‍ദാര്‍ പട്ടേല്‍ പോലും വിശ്വസിച്ചിരുന്നു. ആര്‍ എസ്‌ എസും അതിന്റെ രാഷ്‌ട്രീയ ആയുധമായ ബി ജെ പിയും തങ്ങളുടെ സ്വന്തമെന്ന്‌ അവകാശപ്പെടുന്നയാളാണ്‌ സര്‍ദാര്‍ പട്ടേല്‍. അതുകൊണ്ടാണ്‌ സവര്‍ക്കര്‍ ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്നു പട്ടേല്‍ പോലും വിശ്വസിച്ചിരുന്നു എന്ന്‌ പ്രത്യേകം എടുത്തെഴുതിയത്‌.



ചരിത്ര വിവരണത്തില്‍ നിന്നു വര്‍ത്തമാനത്തിലേക്കു വരാം. വലതുപക്ഷ തീവ്രവാദത്തെക്കുറിച്ചു ബ്ലോഗില്‍ കണ്ട കുറിപ്പിനോട്‌ പ്രതികരിക്കവെ അജ്ഞാതനായിരിക്കാന്‍ താത്‌പര്യപ്പെടുന്ന സംഘപരിവാറുകാരന്‍ (താന്‍ സംഘപരിവാരത്തിന്റെ ഭാഗമാണെന്ന്‌ അദ്ദേഹം തന്നെ സൂചിപ്പിക്കുന്നുണ്ട്‌) നല്‍കിയ ഉപദേശത്തിലെ അവസാന വാചകങ്ങള്‍ ഇതാണ്‌. ``ഒടുവില്‍ ഗുജറാത്തിന്റെ ജി ഡി പി 14 ശതമാനമായപ്പോള്‍ താങ്കള്‍ എഴുതിയോ? മാതൃഭൂമി പേപ്പര്‍ എപ്പോഴെങ്കിലും വായിക്കുന്നത്‌ നന്നായിരിക്കും'' സംഘപരിവാരത്തിന്റെ ഭാഗമെന്നു പരസ്യപ്പെടുത്താന്‍ മടിയില്ലാത്ത ഈ അജ്ഞാതന്‍, സ്വാതന്ത്ര്യ സമരത്തിന്റെയും സ്വതന്ത്രവും നിര്‍ഭയവുമായ പത്രപ്രവര്‍ത്തനത്തിന്റെയും പൈതൃകം അവകാശപ്പെടുന്ന മാതൃഭൂമി വായിക്കാന്‍ ശിപാര്‍ശ ചെയ്‌തതിന്റെ കാരണം മനസ്സിലായിരുന്നില്ല.




ഗുജറാത്തിന്റെ ജി ഡി പി 14 ശതമാനമായി എന്ന വാര്‍ത്ത വലുതാക്കിക്കൊടുത്തതുകൊണ്ടോ ഗുജറാത്ത്‌ നേടുന്ന വളര്‍ച്ചയെ അഭിനന്ദിച്ചു ലേഖനമോ മുഖപ്രസംഗമോ എഴുതിയതു കൊണ്ടോ മാതൃഭൂമി പത്രത്തിന്റെ നിലപാട്‌ ബി ജെ പിക്കോ സംഘ രാഷ്‌ട്രീയത്തിനോ അനുകൂലമാണെന്നു വിലയിരുത്തുന്നത്‌ സര്‍വാബദ്ധമായിരിക്കും. എന്നിട്ടും അജ്ഞാതന്‍ എന്തുകൊണ്ട്‌ ഇങ്ങനെ ശിപാര്‍ശ ചെയ്‌തു എന്നു മനസ്സിലായത്‌ 2010 ജനുവരി 29ന്‌ ഇറങ്ങിയ മാതൃഭൂമി പത്രത്തിന്റെ `വിദ്യ' എന്ന പേജ്‌ കണ്ടപ്പോഴാണ്‌. വിദ്യാര്‍ഥികള്‍ക്കു വേണ്ടി പ്രത്യേകം തയ്യാറാക്കുന്നതാണ്‌ ഈ പേജ്‌.



ഈ പേജില്‍ ഗാന്ധിജിയുടെ വധത്തെക്കുറിച്ചു കെ കെ വാസു എഴുതിയ കുറിപ്പ്‌ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌ - ``ഗാന്ധിജിയെ വധിക്കാന്‍ ഒരു സംഘമാളുകള്‍ നാളുകള്‍ക്കു മുമ്പേ തയ്യാറെടുപ്പ്‌ നടത്തിയിരുന്നു. കൊലപാതക സംഘത്തില്‍ ഏഴു പേരുണ്ടായിരുന്നു.'' കേസില്‍ ആരോപണ വിധേയനാവുകയും പിന്നീട്‌ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്‌ത വിനായക്‌ ഡി സവര്‍ക്കര്‍ ഒഴികെയുള്ളവരാണ്‌ ഏഴംഗ സംഘം. കൊല ആസൂത്രണം ചെയ്‌തത്‌, 1948 ജനുവരി 20ന്‌ നടന്ന ആദ്യത്തെ ശ്രമം, 1948 ജനുവരി 30ന്‌ ഗാന്ധിജിയെ വധിച്ചത്‌ എന്നിവ സംക്ഷിപ്‌തമായി കുറിപ്പില്‍ തുടര്‍ന്നു വിവരിക്കുന്നു. 




ഇതിലൊരിടത്തും പ്രതികളുടെ തീവ്ര ഹൈന്ദവ രാഷ്‌ട്രീയ നിലപാടിനെ സൂചിപ്പിച്ചിട്ടില്ല. നാഥുറാം വിനായക്‌ ഗോഡ്‌സെ വെറും നാഥുറാം വിനായക്‌ ഗോഡ്‌സെയാണ്‌. ഹിന്ദു മഹാസഭയിലോ ആര്‍ എസ്‌ എസിലോ ഗോഡ്‌സെക്ക്‌ അംഗത്വമുണ്ടായിരുന്നുവെന്ന സൂചന പോലുമില്ല. കേസില്‍ ആരോപണവിധേയനായ വിനായക്‌ ഡി സവര്‍ക്കറെക്കുറിച്ചു പരാമര്‍ശവുമില്ല. ഏഴുപേരടങ്ങുന്ന സംഘം ഒരു സുപ്രഭാതത്തില്‍ ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിച്ചു. അവരതിന്‌ നാളുകള്‍ക്കു മുമ്പേ തയ്യാറെടുപ്പ്‌ നടത്തി. ആദ്യം ബോംബ്‌ സ്‌ഫോടനത്തിലൂടെ വധിക്കാന്‍ ശ്രമിച്ചു. പിന്നീട്‌ നാഥുറാം ഗോഡ്‌സെ വെടിവെച്ചു കൊന്നു. ഇതിലപ്പുറം ലളിതമായി ഗാന്ധി വധത്തെക്കുറിച്ചു വിദ്യാര്‍ഥികള്‍ക്കു പറഞ്ഞുകൊടുക്കാന്‍ കഴിയില്ല തന്നെ. കുറിപ്പിന്റെ തുടക്കത്തില്‍ ``ഒരു സംഘമാളുകള്‍'' എന്ന്‌ എഴുതിയത്‌ ഒരു കൂട്ടമാളുകള്‍ എന്ന്‌ മാറ്റിയിരുന്നുവെങ്കില്‍ `സംഘ'മെന്ന പ്രയോഗം കൂടി ഒഴിവാക്കി കുറേക്കൂടി സുതാര്യമാക്കാമായിരുന്നു.



എന്തുകൊണ്ടാണ്‌ ഇങ്ങനെയൊരു ചരിത്ര പാഠം മുന്നോട്ടുവെക്കപ്പെടുന്നത്‌? ഇത്‌ മനഃപൂര്‍വമല്ലാതെ സംഭവിച്ചുപോകുന്നതാണോ? ബ്ലോഗില്‍ അജ്ഞാതന്‍ നല്‍കിയ ഉപദേശം അതിനു മറുപടി നല്‍കും. ബോധപൂര്‍വം സൃഷ്‌ടിക്കപ്പെടുന്ന ചരിത്ര പാഠമാണിത്‌. അത്‌ വേണ്ടപ്പെട്ടവര്‍ മനസ്സിലാക്കുന്നുമുണ്ട്‌. അതുകൊണ്ടാണ്‌ സംഘപരിവാര്‍ സഹചാരിയെന്നു സൂചിപ്പിക്കാന്‍ മടിയില്ലാത്ത അജ്ഞാതന്‍ നമ്മോട്‌ മാതൃഭൂമി വായിക്കൂ എന്ന്‌ ഉപദേശിക്കുന്നത്‌.



ബാബരി മസ്‌ജിദിന്റെ തകര്‍ച്ചയിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ച്‌ അന്വേഷിച്ച്‌ ജസ്റ്റിസ്‌ ലിബര്‍ഹാന്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ ചോരുകയും അത്‌ പിന്നീട്‌ പാര്‍ലിമെന്റില്‍ വെക്കുകയും ചെയ്‌ത ദിവസങ്ങളില്‍ മാതൃഭൂമി പത്രത്തിനു ബാബരി മസ്‌ജിദ്‌, തര്‍ക്ക മന്ദിരമായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌ ബാബരി മസ്‌ജിദിന്‌. അത്‌ രാമജന്‍മഭൂമിയാണെന്നും അവിടെ മുമ്പ്‌ ക്ഷേത്രമുണ്ടായിരുന്നുവെന്നും ഒരു കൂട്ടര്‍ വാദിക്കുകയും പുരാവസ്‌തു ഗവേഷണ വകുപ്പ്‌ ഇതേക്കുറിച്ചു പഠനം നടത്തുകയും കോടതിയില്‍ കേസ്‌ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാവണം തര്‍ക്ക മന്ദിരം എന്ന വാക്കുപയോഗിക്കാന്‍ പത്രം നയപരമായ തീരുമാനമെടുക്കുന്നത്‌. രാഷ്‌ട്രീയ, സാമൂഹിക പ്രശ്‌നങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുമായി ബന്ധപ്പെട്ട്‌ തര്‍ക്ക മന്ദിരം എന്ന വാക്കുപയോഗിക്കുന്നതില്‍ അപാകം കാണുന്നവര്‍ കുറവുമല്ല. അല്ലെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തര്‍ക്ക മന്ദിരം എന്നുപയോഗിക്കുന്നതാണ്‌ നന്നാവുക എന്ന്‌ വാര്‍ത്ത എഴുതിയ ലേഖകന്‍ തീരുമാനിച്ചതുമാവാം.



ഇവിടെ പക്ഷേ, ഇത്തരം ന്യായങ്ങളൊന്നും ബാധകമല്ല. 62 വര്‍ഷം മുമ്പ്‌ പകല്‍ വെളിച്ചത്തില്‍ നടന്ന സംഭവം. അതിലെ പ്രതികളുടെ തീവ്ര ഹിന്ദുത്വ നിലപാടുകളെക്കുറിച്ച്‌ അന്നേ പുറത്തുവന്ന വിവരങ്ങള്‍ ലഭ്യമാണ്‌. സര്‍ദാര്‍ പട്ടേലിനെപ്പോലുള്ളവര്‍ എഴുതിയ വിവരങ്ങളും നമ്മുടെ മുന്നിലുണ്ട്‌. എന്നിട്ടും ഗാന്ധി വധത്തിലെ പ്രതികള്‍ `ഒരു സംഘമാളുകള്‍' മാത്രമാവുന്നു. `ഗാന്ധിജിയുടെ വധം: ഒരു ഫ്‌ളാഷ്‌ ബാക്ക്‌' എന്ന കെ കെ വാസുവിന്റെ കുറിപ്പ്‌ ആ ദിവസത്തില്‍ ഉദയം കൊണ്ട വാര്‍ത്ത പോലെയല്ല. മുന്‍കൂട്ടി ആലോചിച്ചു തയ്യാറാക്കി പ്രസിദ്ധീകരിച്ചതാണ്‌. `ഒരു സംഘമാളുകളുടെ' മനുഷ്വത്വഹീനമായ പ്രവൃത്തിയായി വാസു ഗാന്ധിജിയുടെ വധത്തെ കണ്ടുവെങ്കില്‍ അതിന്റെ വസ്‌തുതകള്‍ ചേര്‍ക്കാന്‍ മാതൃഭൂമിക്ക്‌ ബാധ്യതയുണ്ട്‌. അതില്‍ നിന്നു വിട്ടുനില്‍ക്കുന്നത്‌ കൈയബദ്ധമായി കാണാനാവില്ല.



സര്‍ദാര്‍ പട്ടേലിന്റെ വാക്കുകളെ വിശ്വസിക്കേണ്ട. ഗാന്ധിജിയുടെ വധത്തിനു പിന്നില്‍ ആര്‍ എസ്‌ എസാണെന്ന വാര്‍ത്തകളുണ്ടായിരുന്നു എന്നെങ്കിലും ചേര്‍ക്കാമായിരുന്നു. ഗാന്ധിജി വധത്തിനു ശേഷം ആര്‍ എസ്‌ എസിനെ നിരോധിച്ചിരുന്നുവെന്ന വസ്‌തുതയും പറയാമായിരുന്നു. ഇതെല്ലാം മുന്‍കാല മാതൃഭൂമിയുടെ താളുകളില്‍ മഷിപുരണ്ടു ജനങ്ങള്‍ക്കു മുന്നിലെത്തിയ വിവരങ്ങളാണ്‌ എന്ന ഓര്‍മയെങ്കിലും ഉണ്ടാവേണ്ടതാണ്‌. ഗാന്ധിജി മാതൃഭൂമിയിലെത്തിയതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന തിരക്കിലാണ്‌ ആ സ്ഥാപനം. ഗാന്ധിജി ജീവിച്ചിരുന്നപ്പോള്‍ എന്തിനെയാണോ അത്രമേല്‍ ശക്തമായി എതിര്‍ത്തിരുന്നത്‌, അതിനെ വെള്ളപൂശുന്നതിനു പുതുതലമുറയില്‍ നിന്ന്‌ ചരിത്രം തമസ്‌കരിക്കുകയാണ്‌ മാതൃഭൂമി. ഇതൊരു തന്ത്രമാണ്‌. ഒരു ഭാഗത്ത്‌ വെള്ളപൂശുമ്പോള്‍ മറുഭാഗത്ത്‌ കുറ്റപ്പെടുത്തലിനും ആരോപണങ്ങള്‍ നിരത്തുന്നതിനും ഉള്ള ഒരു പഴുതും ഒഴിവാക്കാതിരിക്കുക. അജ്ഞാതനായ ഉപദേശിക്കു നന്ദി പറയാം, കരുതലോടെ ഇരിക്കാം. 

2010-01-28

മുഖം മറക്കുന്നത്‌ ആരാണ്‌?



നീതിന്യായ സംവിധാനത്തിനു രാജ്യത്തെ ഭരണഘടന ചില അതിര്‍വരമ്പുകള്‍ നിശ്ചയിച്ചിട്ടുണ്ട്‌. നയപരമായ കാര്യങ്ങളില്‍ സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങളില്‍ ഇടപെടാതിരിക്കുക എന്നതാണത്‌. തിരഞ്ഞെടുപ്പ്‌ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞാല്‍ അത്‌ പൂര്‍ത്തിയാവും വരെ കോടതി ഇടപെടല്‍ നിഷിദ്ധമാണ്‌. ഈ വ്യവസ്ഥ ചൈനയുടെ വന്‍മതില്‍ പോലെയാണെന്ന്‌ അടുത്തിടെ കോടതി വ്യക്തമാക്കുകയും ചെയ്‌തു. സാമൂഹിക മാറ്റത്തിന്‌ അനിവാര്യമായ നിയമനിര്‍മാണങ്ങള്‍ കോടതികളില്‍ ചോദ്യം ചെയ്യുന്നത്‌ ഒഴിവാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്‌ ഭരണഘടനയുടെ ഒമ്പതാം പട്ടിക. ജുഡീഷ്യറി, നിയമനിര്‍മാണ സഭ, ഭരണ സംവിധാനം എന്നിവ അധികാരങ്ങളില്‍ കടന്നുകയറുന്നത്‌ ഒഴിവാക്കുക എന്നതാണ്‌ ഇത്തരം നിയന്ത്രണങ്ങളുടെ ലക്ഷ്യം. എങ്കിലും ചില കാര്യങ്ങളില്‍ ഈ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടാറുണ്ട്‌. അത്‌ അനിവാര്യമായ തര്‍ക്കത്തിനു കാരണമാവാറുമുണ്ട്‌. നിയന്ത്രണങ്ങള്‍ ലംഘിക്കാനുള്ള പ്രവണത മിക്കപ്പോഴും പ്രകടിപ്പിച്ചിട്ടുള്ളത്‌ നീതിന്യായ സംവിധാനമാണ്‌.




ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്‌കര്‍, ബി എസ്‌ പി സ്ഥാപക നേതാവ്‌ കാന്‍ഷി റാം തുടങ്ങിയവരുടെ സ്‌മരണ നിലനിര്‍ത്തുന്നതിനായി പ്രതിമകളും പാര്‍ക്കുകളും നിര്‍മിക്കാന്‍ യു പിയിലെ മായാവതി സര്‍ക്കാര്‍ തീരുമാനിച്ചത്‌ വിവിധ കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. പ്രതിമകളും പാര്‍ക്കുകളും നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കോടിക്കണക്കിനു രൂപ ചെലവഴിച്ചതാണ്‌ പ്രധാനമായും ചോദ്യം ചെയ്യപ്പെട്ടത്‌. ഭൂമി ഏറ്റെടുത്തതു സംബന്ധിച്ച മറ്റു ചില കേസുകള്‍ വേറെയുമുണ്ട്‌. ഖജനാവില്‍ നിന്നു കോടികള്‍ ചെലവഴിക്കുന്നുവെന്ന പരാതി പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി ചില കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിലൊന്ന്‌ പാര്‍ക്ക്‌ നിര്‍മിക്കുക എന്നത്‌ സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനമാണെങ്കില്‍ അതില്‍ ഇടപെടാന്‍ കോടതിക്കു കഴിയില്ല എന്നതാണ്‌. മറ്റൊന്ന്‌ പൊതുഖജനാവില്‍ നിന്നു പണം ചെലവഴിച്ചാണ്‌ ഇവ നിര്‍മിക്കുന്നതെങ്കില്‍ ഇങ്ങനെ പണം ധൂര്‍ത്തടിക്കാന്‍ സര്‍ക്കാറുകള്‍ക്ക്‌ അധികാരമുണ്ടോ എന്നു പരിശോധിക്കുമെന്നും.




രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ നിര്‍ണായകമായി സ്വാധീനിച്ച വ്യക്തികളുടെ പേരില്‍ സ്‌മാരകങ്ങള്‍ നിര്‍മിക്കാന്‍ പൊതു ഖജനാവില്‍ നിന്നു പണം ചെലവഴിക്കുന്നതില്‍ തെറ്റുണ്ടോ എന്നതാണ്‌ പ്രധാന പ്രശ്‌നം. ജനങ്ങള്‍ വോട്ട്‌ ചെയ്‌ത്‌ അധികാരത്തിലേറ്റിയ ഒരു മന്ത്രിസഭ, ആലോചിച്ചെടുത്ത തീരുമാനത്തില്‍ ഇടപെടാതെ എങ്ങനെയാണ്‌ ഈ പ്രശ്‌നം പരിഗണിക്കുക എന്നത്‌ വ്യക്തമല്ല. സ്‌മാരകങ്ങള്‍ക്കു പഞ്ഞമില്ലാത്ത രാജ്യമാണ്‌ നമ്മുടെത്‌. നേതാക്കളെ ഓര്‍ക്കുക മാത്രമല്ല ഇവയുടെ ലക്ഷ്യം. അവര്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍, അവര്‍ അനുഷ്‌ഠിച്ച ത്യാഗങ്ങള്‍ ഒക്കെ ഓര്‍ക്കുകയാണ്‌. 




രാജ്യ തലസ്ഥാനമായ ഡല്‍ഹിക്ക്‌ അല്‍പ്പം പരിഹാസത്തോടെയാണെങ്കിലും ഒരു വിളിപ്പേരുണ്ട്‌ - ശ്‌മശാനങ്ങളുടെ നഗരമെന്ന്‌. മഹാത്‌മാ ഗാന്ധി മുതല്‍ ശങ്കര്‍ ദയാല്‍ ശര്‍മ വരെയുള്ളവരുടെ ശവകുടീരങ്ങള്‍ക്കായി ഇവിടെ സര്‍ക്കാറിന്റെ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്‌. പൊതുജനങ്ങള്‍ക്കു കൂടുതല്‍ ഗുണകരമായ രീതിയില്‍ ഉപയോഗിക്കാവുന്ന കോടിക്കണക്കിന്‌ രൂപ വിലയുള്ള ഭൂമി ശവകുടീരങ്ങള്‍ക്കായി നീക്കിവെച്ചതിനെ വേണമെങ്കില്‍ വിമര്‍ശിക്കാം. താത്‌പര്യമുള്ളവര്‍ക്കു പൊതുതാത്‌പര്യ ഹരജി വഴി ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാവുന്നതുമാണ്‌. അങ്ങനെ ശ്രമിക്കാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ സഞ്‌ജയ്‌ ഗാന്ധിയുടെ കാര്യം പ്രത്യേകം പരാമര്‍ശിക്കാവുന്നതാണ്‌. 




നെഹ്‌റുവിന്റെ പേരക്കുട്ടി, പ്രധാനമന്ത്രിയായിരുന്ന ഇന്ദിരയുടെ മകന്‍, പിന്നീട്‌ പ്രധാനമന്ത്രിയായ രാജീവ്‌ ഗാന്ധിയുടെ സഹോദരന്‍ എന്നതില്‍ വലിയ പദവി സഞ്‌ജയ്‌ ഗാന്ധിക്കില്ല. 1980 ജനുവരിയില്‍ ഉത്തര്‍ പ്രദേശിലെ അമേത്തിയില്‍ നിന്ന്‌ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു ലോക്‌സഭാംഗമായി. ആ വര്‍ഷം ജൂണില്‍ വിമാനാപകടത്തില്‍ മരിക്കുകയും ചെയ്‌തു. അടിയന്തരാവസ്ഥക്കാലത്ത്‌ സഞ്‌ജയ്‌ നടത്തിയ ഇടപെടലുകളെല്ലാം കുപ്രസിദ്ധമാണ്‌. നിര്‍ബന്ധിത വന്ധ്യം കരണം മുതല്‍ ചേരികള്‍ തല്ലിത്തകര്‍ക്കല്‍ വരെ നീളുന്ന കൊടിയ ക്രൂരതകളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു. എന്നിട്ടും രാഷ്‌ട്ര ശില്‍പ്പികളായ നേതാക്കള്‍ക്കൊപ്പം സഞ്‌ജയ്‌ ഗാന്ധിക്കും ഡല്‍ഹിയില്‍ ശവകുടീരമൊരുങ്ങി. ഇത്‌ സംബന്ധിച്ച്‌ അന്നുയര്‍ന്ന തര്‍ക്കങ്ങളൊന്നും കോടതി കയറിയിരുന്നില്ല.




ഇപ്പോള്‍ മായാവതി സര്‍ക്കാര്‍ അംബേദ്‌കറിനും കാന്‍ഷി റാമിനും സ്‌മാരകങ്ങള്‍ നിര്‍മിക്കുമ്പോള്‍ അത്‌ കോടതിയിലെത്തുന്നു. കോടതി അത്‌ പരിഗണിക്കുന്നു. മായാവതി സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നു. എന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ സഞ്‌ജയ്‌ ഗാന്ധിയോളം കുലമഹിമ ഈ നേതാക്കള്‍ക്കില്ല എന്നതിനപ്പുറമൊരു മറുപടി നല്‍കാനില്ല. രാജ്യത്തു നിര്‍മിക്കപ്പെട്ട സ്‌മാരകങ്ങളും ഉദ്യാനങ്ങളുമൊക്കെ പിന്നീട്‌ സര്‍ക്കാറുകള്‍ക്കു കോടികള്‍ വരുമാനമുണ്ടാക്കിക്കൊടുക്കുന്ന സഞ്ചാര കേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്നതും വസ്‌തുതയാണ്‌. മൈസൂര്‍ വിനോദ സഞ്ചാരികളുടെ ഇഷ്‌ട സ്ഥലമായി മാറിയത്‌ അവിടുത്തെ ഉദ്യാനത്തിന്റെ മേന്‍മകൊണ്ടു മാത്രമാണ്‌. ഡല്‍ഹിയില്‍ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളില്‍ ഏറെയും ഇത്തരം സ്‌മാരകങ്ങള്‍ തന്നെയാണ്‌. 




സ്‌മാരക നിര്‍മാണം പൊതുതാത്‌പര്യ ഹരജിയുടെ രൂപത്തില്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതിന്റെ പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയമുണ്ട്‌. യു പിയില്‍ അധികാരം പിടിക്കാന്‍ ലക്ഷ്യമിടുന്ന എല്ലാ പാര്‍ട്ടികളും മായാവതിയെ ഇക്കാര്യത്തില്‍ വിമര്‍ശിക്കുന്നത്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ മുന്‍ചൊന്ന വസ്‌തുതകളൊക്കെ മുന്നില്‍ നില്‍ക്കെ നമ്മുടെ നീതിന്യായ സംവിധാനം തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറെടുത്ത തീരുമാനത്തില്‍ അമിത താത്‌പര്യം കാണിച്ച്‌ ഇടപെടുന്നതിന്റെ പിന്നില്‍ ഈ രാഷ്‌ട്രീയം മാത്രമല്ല ഉള്ളതെന്നു കരുതേണ്ടിവരും. അംബേദ്‌കര്‍, കാന്‍ഷി റാം എന്നീ പേരുകള്‍ ഉയര്‍ത്തുന്ന രാഷ്‌ട്രീയത്തോടുള്ള വിയോജിപ്പ്‌ കൂടി ഈ അമിത താത്‌പര്യത്തിലില്ലേ എന്ന്‌ സംശയിക്കേണ്ടിയും വരും.




ഇതേ രാഷ്‌ട്രീയ നിലപാടിന്റെ മറ്റൊരു ഭാഷ്യമാണ്‌ മുഖം മൂടുന്ന പര്‍ദ (ബുര്‍ഖ) ധരിക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ പോളിംഗ്‌ ബൂത്തിലേക്കു പോകേണ്ടെന്നു കൂടി തീരുമാനിക്കണമെന്നു സുപ്രീം കോടതി അഭിപ്രായപ്പെടുമ്പോള്‍ പുറത്തുവരുന്നത്‌. ഇത്‌ സംബന്ധിച്ച കേസിന്റെ അന്തിമ വിധിയിലല്ല ഈ പരാമര്‍ശങ്ങളെന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ഒരാളെ തിരിച്ചറിയുക എന്നതാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ ലക്ഷ്യം. ഈ കാര്‍ഡിലെ ചിത്രം നോക്കി വോട്ട്‌ ചെയ്യാനെത്തിയയാള്‍ അതുതന്നെ എന്ന്‌ ഉറപ്പിക്കുക എന്നതാണ്‌ പോളിംഗ്‌ ബൂത്തിലെ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്‌. അതിന്‌ വിഘാതം സൃഷ്‌ടിക്കുന്ന സാഹചര്യത്തില്‍ മുഖം മറക്കുന്ന പര്‍ദ നിര്‍ബന്ധമെന്നു വാദിക്കുന്നവര്‍ പോളിംഗ്‌ ബൂത്തിലേക്കു വരാതിരിക്കണമെന്നു കോടതി അഭിപ്രായപ്പെടുമ്പോള്‍ അതില്‍ അപകാതയില്ലെന്നു പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍ ഇത്‌ കോടതി പറയേണ്ട അഭിപ്രായമാണോ എന്നതാണ്‌ പ്രധാന ചോദ്യം. 




അന്യപുരുഷന്‍മാരുടെ മുന്നില്‍ മുഖം കാണിക്കാതിരിക്കുക എന്ന മതപരമായ ആചാരം പിന്തുടരുന്നവരാണ്‌ മുഖം മറക്കുന്ന ബുര്‍ഖ ധരിക്കുന്ന സ്‌ത്രീകള്‍. തിരിച്ചറിയല്‍ കാര്‍ഡിനായി ഇവരുടെ ചിത്രമെടുക്കാനും പോളിംഗ്‌ ബൂത്തില്‍ ഇവരെ തിരിച്ചറിയാനും സ്‌ത്രീ ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ തീരുന്ന പ്രശ്‌നമാണിത്‌. ഈ ഒരു സാധ്യത പരിശോധിക്കുന്നത്‌ സംബന്ധിച്ചു തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെയോ സര്‍ക്കാറിന്റെയോ അഭിപ്രായം തേടാന്‍ പോലും മിനക്കെടാതെ, കേസില്‍ അന്തിമ തീര്‍പ്പുണ്ടാവും മുമ്പ്‌ വളരെ രൂക്ഷമായ ചില പരാമര്‍ശങ്ങള്‍ നടത്തേണ്ട ആവശ്യകത എന്തായിരുന്നു?




ഇന്ത്യയിലെ വോട്ടെടുപ്പിന്റെ ചരിത്രത്തിലൊരിടത്തും പര്‍ദ ധരിച്ചെത്തിയവര്‍ ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളില്ല. ജനങ്ങളെ സേവിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ ആയുധങ്ങളുമായെത്തി ബൂത്തുകള്‍ കയ്യേറി ജനഹിതം അട്ടിമറിച്ചതിന്റെ ഉദാഹരണങ്ങള്‍ നിരവധിയുണ്ട്‌. ഇത്തരം എത്ര സംഭവങ്ങളില്‍ ആരോപണവിധേയരായവര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌? വര്‍ഗീയ വിഷം വമിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയെന്ന്‌ ആരോപണവിധേയനായ വരുണ്‍ ഗാന്ധി മറ്റു ബുദ്ധിമുട്ടൊന്നും കൂടാതെ മത്സരിച്ചു ലോക്‌സഭാംഗമായി മാറിയ തിരഞ്ഞെടുപ്പ്‌ സമ്പ്രദായം നിയമവിധേയമായി ഇപ്പോഴും രാജ്യത്തു നിലനില്‍ക്കുന്നു. പ്രത്യക്ഷത്തില്‍ തന്നെ സമുദായസ്‌പര്‍ധ സൃഷ്‌ടിക്കാന്‍ ശ്രമിച്ചവര്‍ക്കും ശ്രമിക്കുന്നവര്‍ക്കും തുണയാവുന്ന നീതിന്യായ സംവിധാനമാണ്‌ പര്‍ദയുടെ കാര്യത്തില്‍ വിധി തീര്‍പ്പിനു മുമ്പ്‌ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത്‌. 




ബുര്‍ഖ നിരോധിക്കാന്‍ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ചു ഫ്രാന്‍സ്‌ സംസാരിക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി. അടുത്തിടെ ഡെന്‍മാര്‍ക്ക്‌ ഈ വഴിക്കു നീങ്ങി. സമാനമായ ആശയം ലണ്ടനിലെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും ഉന്നയിച്ചു. ഈ ആഗോള പരിസരത്തിന്റെ പ്രതിഫലനമാണ്‌ നമ്മുടെ ജഡ്‌ജിമാരുടെ അഭിപ്രായങ്ങളിലുള്ളത്‌. ഫ്രാന്‍സും ബ്രിട്ടനും ഡെന്‍മാര്‍ക്കും നിരോധത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ അതിനു സാമൂഹിക മാറ്റത്തിനപ്പുറത്ത്‌ തലങ്ങളുണ്ട്‌. ബുര്‍ഖ ധരിക്കുന്ന മുസ്‌ലിം സ്‌ത്രീ ഭീകരവാദിയാവാമെന്ന സംശയം ആവര്‍ത്തിച്ച്‌ ഉറപ്പിക്കുകയാണ്‌ അവര്‍. ഏറെക്കുറെ സമാനമായ അവസ്ഥയില്‍ ഇന്ത്യന്‍ `രാഷ്‌ട്രീയം' എത്തി നില്‍ക്കുന്നു. കോടതികള്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ കൂടിയാവുമ്പോള്‍ ഈ `രാഷ്‌ട്രീയം' കുറേക്കൂടി ഉറക്കുകയും ചെയ്യുന്നു.




ഒരു ജനതയെ അവരുടെ മത, സാംസ്‌കാരിക പാരമ്പര്യത്തില്‍ ജീവിതം തുടരാന്‍ അനുവദിക്കുക എന്നത്‌ പരിഷ്‌കൃതമായ ഏത്‌ ഭരണ സംവിധാനത്തിന്റെയും ബാധ്യതയാണ്‌. ഈ ബാധ്യത നിറവേറ്റുക എന്നത്‌ ഓരോ ജനവിഭാഗത്തിനും ഭരണ, നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടാവാന്‍ അനിവാര്യവുമാണ്‌. തങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവെന്നു കരുതുന്ന നേതാക്കളുടെ സ്‌മാരകം നിര്‍മിക്കുന്നതിനെ നീതിന്യായ സംവിധാനം ചോദ്യം ചെയ്യുമ്പോള്‍ ദളിതുകള്‍ക്കുണ്ടാവുന്ന വികാരമെന്തായിരിക്കും? എന്തുകൊണ്ട്‌ തങ്ങളുടെ നേതാക്കളുടെ കാര്യത്തില്‍ മാത്രം ഇത്രമാത്രം പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുന്നുവെന്ന്‌ അവര്‍ ആലോചിച്ചു പോയാല്‍ കുറ്റം പറയാനാവുമോ? 




ഈ രണ്ട്‌ പ്രശ്‌നങ്ങളിലും ഉത്തരങ്ങളുണ്ടാവേണ്ടത്‌ ഭരണ, രാഷ്‌ട്രീയ സംവിധാനങ്ങളില്‍ നിന്നാണ്‌, കോടതികളില്‍ നിന്നല്ല. അത്‌ ഭരണ, രാഷ്‌ട്രീയ സംവിധാനത്തിനു വിട്ടുകൊടുക്കുക എന്നതാണ്‌ കോടതികള്‍ ചെയ്യേണ്ടത്‌. ഇത്തരം പ്രശ്‌നങ്ങള്‍ നിയമ വ്യവസ്ഥയേക്കാളുപരി സാമൂഹിക വ്യവസ്ഥയോടാണ്‌ ബന്ധപ്പെട്ടിരിക്കുന്നത്‌. നിയമ വ്യവസ്ഥകള്‍ പരിശോധിച്ചു വിധി കല്‍പ്പിക്കാം. തെറ്റില്ല. മുഖം മൂടുന്ന പര്‍ദ ധരിച്ചെത്തുന്നവര്‍ പോളിംഗ്‌ ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ മുമ്പാകെ തിരിച്ചറിയലിനു വിധേയമാവണം എന്ന്‌ വിധിക്കാം. അതിനു മുമ്പ്‌ നിങ്ങള്‍ പോളിംഗ്‌ ബൂത്തിലേക്ക്‌ പോകാതിരിക്കുന്നതാണ്‌ നല്ലത്‌ എന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്താതിരിക്കാം. സ്‌മാരകങ്ങള്‍ നിര്‍മിക്കുന്നതിനു പൊതുപ്പണം ഉപയോഗിച്ചത്‌ തെറ്റായിപ്പോയെന്നും വിധിക്കാം. അതിനു മുമ്പ്‌ ഈ നേതാക്കള്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ളവരായിരുന്നുവെന്ന്‌ ഓര്‍ക്കണം. എല്ലാ സ്‌മാരകങ്ങളുടെ കാര്യത്തിലും ഇത്‌ ബാധകമാവുമെന്ന്‌ ഉറപ്പാക്കുകയും വേണം.

2010-01-20

മാറ്റിവരയ്‌ക്കലിന്റെ ലക്ഷ്യങ്ങള്‍


ഉസാമ ബിന്‍ ലാദന്റെ ഒരു പുതിയ ചിത്രം നമുക്ക്‌ നിരവധി കാര്യങ്ങള്‍ പറഞ്ഞുതരും. അതില്‍ ഏറ്റവും പ്രധാനം ഒമ്പത്‌ വര്‍ഷം അമേരിക്കയും സഖ്യശക്തികളും നടത്തിയ ആസുരമായ ആക്രമണത്തിന്‌ ശേഷവും ഉസാമ ജീവനോടെയുണ്ട്‌ എന്നതാണ്‌. നിരവധി വര്‍ഷം നീണ്ട ഒളിവു ജീവിതം ഉസാമ എന്ന വ്യക്തിയുടെ രൂപത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചും ചിത്രം നമുക്ക്‌ വിവരം തരും. ചിത്രത്തില്‍ അത്‌ എവിടെ വെച്ചാണോ എടുത്തത്‌ ആ പ്രദേശത്തെ സൂചിപ്പിക്കുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ ഉസാമ എവിടെയാണ്‌ ഉണ്ടായിരുന്നത്‌ എന്നത്‌ സംബന്ധിച്ച വിവരങ്ങളും ലഭിച്ചേക്കാം. ഇത്തരം യഥാര്‍ഥ ചിത്രം ഇല്ലാതിരിക്കെ അന്വേഷണ ഉദ്യോഗസ്ഥര്‍ അവലംബിക്കുന്ന മാര്‍ഗം കൃത്രിമമായ ചിത്രം സൃഷ്‌ടിക്കുക എന്നതാണ്‌. ഭീകരാക്രമണം, വന്‍ കവര്‍ച്ച തുടങ്ങിയ കേസുകളില്‍ പ്രതിയെന്ന്‌ സംശയിക്കുന്നയാളുടെ രൂപരേഖ സാക്ഷികളും മറ്റും നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ്‌ തയ്യാറാക്കുന്നത്‌ അപൂര്‍വമല്ല. ഇവയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണം യഥാര്‍ഥ പ്രതികളിലേക്ക്‌ എത്തിച്ചേര്‍ന്നതിനും അവര്‍ക്ക്‌ ശിക്ഷ ലഭിച്ചതിനും ഉദാഹരണങ്ങളുമുണ്ട്‌. 



അമേരിക്കയും സഖ്യശക്തികളും കിണഞ്ഞു ശ്രമിച്ചിട്ടും അല്‍ഖാഇദ നേതാവ്‌ ഉസാമയെക്കുറിച്ച്‌ അടുത്തകാലത്തൊന്നും യാതൊരു വിവരവും ലഭിച്ചിട്ടില്ല. അമേരിക്കന്‍ ഇന്റലിജന്‍സ്‌ മേധാവി തന്നെ മാധ്യമങ്ങളോട്‌ പറഞ്ഞ കാര്യമാണിത്‌. എങ്കിലും ഉസാമയെ ജീവനോടെയോ അല്ലാതെയോ പിടികൂടുക എന്ന ലക്ഷ്യത്തില്‍ നിന്ന്‌ പിന്‍മാറാന്‍ അമേരിക്കക്ക്‌ സാധിക്കില്ല. ഉസാമയെ ഇല്ലാതാക്കാതെ അല്‍ഖാഇദയെ പരാജയപ്പെടുത്താനാവില്ല എന്ന തിരിച്ചറിവ്‌ തങ്ങള്‍ക്കുണ്ട്‌ എന്ന്‌ പരസ്യമായി പ്രഖ്യാപിച്ചതും അമേരിക്കയുടെ ഇന്റലിജന്‍സ്‌ മേധാവിയാണ്‌. പിടികൂടാന്‍ സഹായകമായ വിവരം കൈമാറുന്നവര്‍ക്ക്‌ 2.5 കോടി ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ഉസാമയുടെ പുതിയ രൂപം എന്തായിരിക്കുമെന്ന്‌ പരസ്യപ്പെടുത്തുക എന്നത്‌ അമേരിക്കന്‍ ഏജന്‍സികളുടെ കടമയാണ്‌. അതിനാണവര്‍ പുതിയ ചിത്രങ്ങള്‍ സൃഷ്‌ടിച്ചത്‌.




അമേരിക്കയടക്കം ഉസാമയെ വേട്ടയാടുന്ന രാജ്യങ്ങളുടെയൊക്കെ പക്കലുള്ള ചിത്രത്തിനും ദൃശ്യത്തിനും മൂന്നു വര്‍ഷത്തെ പഴക്കമുണ്ട്‌. 2007 സെപ്‌തംബര്‍ ആറിന്‌ അല്‍ഖാഇദ തന്നെ പുറത്തുവിട്ടുവെന്ന്‌ പറയുന്ന ദൃശ്യമാണിത്‌. അതിനു മുമ്പ്‌ 2004ലാണ്‌ ഉസാമയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത്‌. രണ്ട്‌ ദൃശ്യങ്ങള്‍ തമ്മിലും വലിയ മാറ്റമില്ല. `ഭീകരന്‍' എന്ന വാക്ക്‌ ഉച്ചരിക്കുമ്പോള്‍ എല്ലാവരുടെയും മനസ്സിലുയരുന്ന ചിത്രത്തെ പൂര്‍ണമായും തൃപ്‌തിപ്പെടുത്തുന്ന രൂപം. (ഈ വാക്ക്‌ ഇത്തരമൊരു രൂപത്തിലേക്ക്‌ തര്‍ജമ ചെയ്യപ്പെട്ടത്‌ ഏതു വിധത്തിലാണെന്നത്‌ ആലോചിക്കേണ്ടതാണ്‌) കാല്‍മുട്ട്‌ കഴിഞ്ഞ്‌ നീളുന്ന വെളുത്ത പൈജാമ, കുര്‍ത്ത, തലക്കെട്ട്‌, അല്‍പ്പം നര കയറിയ നീണ്ട താടി. 




1957ല്‍ ജനിച്ച്‌ 2007ല്‍ അമ്പത്‌ വയസ്സു പൂര്‍ത്തിയായ മധ്യവയസ്‌കന്‍. ഈ ദൃശ്യം പുറത്തുവന്നതിന്‌ ശേഷം മൂന്നു വര്‍ഷമെത്തുമ്പോള്‍ ഉസാമയുടെ രൂപം എന്തായിരിക്കുമെന്നാണ്‌ ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷന്റെ (എഫ്‌ ബി ഐ) ചിത്രകാരന്‍മാര്‍ ആലോചിച്ചത്‌. ഈ ആലോചനയുടെ നിര്‍മിതി എഫ്‌ ബി ഐ ഔദ്യോഗികമായി പുറത്തുവിടുകയും ചെയ്‌തു. ഇതിനു പിറകെയാണ്‌ ചിത്രമെഴുത്തിന്‌ മാതൃകയാക്കിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്‌.




സ്‌പെയിനിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവും ഇടതുപാര്‍ട്ടികളുടെ കൂട്ടായ്‌മയായ ഇസ്‌ക്വിറെഡ ഉനിഡയുടെ പാര്‍ലിമെന്ററി വക്താവുമായ ഗാസ്‌പര്‍ എല്‍ ലാമസറെസിന്റെ ചിത്രമാണ്‌ 53 കാരനായ ഉസാമയുടെ രൂപം സൃഷ്‌ടിക്കുന്നതിന്‌ ഉപയോഗിച്ചത്‌. ഒളിവില്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ മുഖത്ത്‌ സൃഷ്‌ടിച്ച ചുളിവുകള്‍ എഫ്‌ ബി ഐ സൃഷ്‌ടിച്ച ചിത്രത്തില്‍ വ്യക്തം. നീണ്ട താടി നല്ലവണ്ണം വെട്ടിച്ചുരുക്കിയിട്ടുമുണ്ട്‌. ഒറ്റനോട്ടത്തില്‍ ലാമസറെസും ലാദനും തമ്മില്‍ മാറിപ്പോകും. ഇന്റര്‍നെറ്റില്‍ നിന്ന്‌ ലഭിച്ച ലാമസറെസിന്റെ ചിത്രം ഉപയോഗിച്ചതാണെന്ന്‌ എഫ്‌ ബി ഐയുടെ ചിത്രകാരന്‍ വിശദീകരിച്ചിട്ടുണ്ട്‌. ലാമസറെസ്‌ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ എഫ്‌ ബി ഐ ചിത്രം പിന്‍വലിച്ച്‌ മാപ്പ്‌ ചോദിച്ചു. എന്നാല്‍ മാപ്പപേക്ഷ കൊണ്ട്‌ കാര്യമില്ലെന്നും ഈ മോശപ്പെട്ട സംഭവത്തെക്കുറിച്ച്‌ അന്വേഷണം വേണമെന്നുമാണ്‌ ലാമസറെസിന്റെ ആവശ്യം. 




ഒരു `മുസ്‌ലിം ഭീകര'ന്റെ പുതിയ രൂപം സൃഷ്‌ടിക്കാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ ചിത്രം ഉപയോഗിച്ച അമേരിക്കന്‍ ബുദ്ധിയില്‍ കാവ്യ `നീതി'യുണ്ട്‌. മുന്‍കാലത്ത്‌ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഏറ്റവും വലിയ ശത്രു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളും അതിന്റെ നേതാക്കളുമായിരുന്നു. ഫിദെല്‍ കാസ്‌ട്രോ ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ വകവരുത്താന്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ്‌ ഏജന്‍സി തന്നെ പദ്ധതി തയ്യാറാക്കുകയും വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ ശത്രു സ്ഥാനത്ത്‌ മുസ്‌ലിം ജനതയാണ്‌. സമ്പത്ത്‌, സംസ്‌കാരം, സാമുഹിക കാഴ്‌ചപ്പാട്‌ എന്നിവയിലൊക്കെ പാശ്ചാത്യ നയത്തിന്‌ ശക്തമായ ബദല്‍ തീര്‍ക്കുന്നത്‌ അവരാണ്‌. വിശ്വാസ കാര്യത്തിലും മറ്റും തീര്‍ത്തും വിരുദ്ധ ധ്രുവത്തിലാണെങ്കില്‍ കൂടി സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും എതിരായ പോരാട്ടത്തില്‍ മുസ്‌ലിംകളും കമ്മ്യൂണിസ്റ്റുകളും യോജിക്കുന്നുവെന്ന വിലയിരുത്തല്‍ അമേരിക്കന്‍ നേതൃത്വത്തിനുണ്ട്‌. ഈ വിലയിരുത്തല്‍ നമ്മുടെ നാട്ടിലെ തീവ്ര വലതുപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രചരിപ്പിക്കുന്നത്‌ ഒരു യാദൃച്ഛികത മാത്രവുമല്ല. ഈ സാഹചര്യത്തില്‍ ലോകത്തെ കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ ചിത്രങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന ശേഖരിക്കുന്നുണ്ടോ എന്ന ലാമസറെസിന്റെ ചോദ്യം പ്രസക്തമാണ്‌. ഇന്ന്‌ എതിരാളികളുടെ രൂപത്തില്‍ കണ്ട സാദൃശ്യം നാളെ നയനിലപാടുകളില്‍ കാണാന്‍ പ്രയാസമുണ്ടാവില്ല. അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പ്‌ പല രൂപത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉയരുമ്പോള്‍ പ്രത്യേകിച്ചും.




ഉസാമ ബിന്‍ ലാദന്‍ എന്ന `ഭീകരന്‍' നിലനില്‍ക്കുകയും അദ്ദേഹത്തിന്റെ പുതിയ രൂപം ജനമനസ്സില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യേണ്ടത്‌ അമേരിക്കയുടെ ആവശ്യമാണ്‌ എന്നതാണ്‌ പുതിയ ചിത്ര സൃഷ്‌ടിയുടെ പ്രധാന ഉദ്ദേശ്യം. 2001ല്‍ ഉസാമയുടെ ഏറെ അടുത്ത്‌ അമേരിക്കന്‍ സൈന്യം എത്തിയിരുന്നുവെന്നും അന്ന്‌ കൂടുതല്‍ സൈനികരെ നിയോഗിച്ച്‌ പിടികൂടാന്‍ ശ്രമിക്കാതെ പിന്‍വാങ്ങുകയായിരുന്നുവെന്നും അടുത്തിടെ യു എസ്‌ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട്‌ ഗേറ്റ്‌സ്‌ വെളിപ്പെടുത്തിയിരുന്നു. ഉസാമയുടെ നിലനില്‍പ്പ്‌ അമേരിക്കയുടെ ആവശ്യമായിരുന്നുവെന്നതിന്‌ തെളിവാണിത്‌. 




അഫ്‌ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും അതിര്‍ത്തിയിലുള്ള എത്തിച്ചേരാന്‍ പ്രയാസമുള്ള മലനിരകളില്‍ എവിടെയോ ഉസാമ ഒളിവില്‍ കഴിയുന്നുവെന്നതാണ്‌ അമേരിക്കന്‍ ഏജന്‍സികളുടെ വിലയിരുത്തല്‍. അമേരിക്കന്‍ സൈന്യം, അഫ്‌ഗാന്റെയും പാക്കിസ്ഥാന്റെയും സേനകള്‍, ഇവയുടെ വലയത്തിലുള്ള പ്രദേശം, ഇവിടെ നിന്ന്‌ ഉസാമ പുറത്തുകടന്ന്‌ ലോകത്തെ മറ്റെവിടേക്കെങ്കിലും പോയിട്ടുണ്ടാവുമെന്ന്‌ കരുതുക പ്രയാസം. പിന്നെ എന്തിനാണ്‌ ലോകത്താകെയുള്ള ജനങ്ങളെ അറിയിക്കാനായി ഉസാമയുടെ പുതിയ രൂപം സൃഷ്‌ടിച്ചത്‌? മുപ്പതിനായിരം സൈനികരെ അഫ്‌ഗാനിലേക്ക്‌ കൂടുതലായി നിയോഗിച്ച്‌ നടത്താനിരിക്കുന്ന വലിയ നരനായാട്ടിന്‌ ലോക ജനതയുടെ മുന്നില്‍ ഒരു വിശദീകരണം ആവശ്യമാണ്‌. ഉസാമ എന്ന `ഭീകര യാഥാര്‍ഥ്യം' ഒരിക്കല്‍ കൂടി അടിവരയിട്ട്‌ ഉറപ്പിക്കുക എന്നതാണ്‌ അതിന്‌ ഏറ്റവും യോജിച്ച വഴി.




പാത്ര സൃഷ്‌ടിയിലും അതിന്‌ പ്രചാരം നല്‍കുന്നതിനും അമേരിക്കന്‍ ഏജന്‍സികള്‍ മുന്‍കാലത്തും മികച്ചു നിന്നിരുന്നുവെന്നതു കൂടി കണക്കിലെടുക്കണം. ഉദാഹരണം ഉസാമ തന്നെയാണ്‌. 1998 ആഗസ്റ്റ്‌ 21ന്‌ അഫ്‌ഗാനിലും സുഡാനിലും അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണത്തിന്‌ മുമ്പുവരെ ഉസാമ എന്ന പേര്‌ ലോക ജനതക്ക്‌ പരിചിതമായിരുന്നില്ല. സഊദിയിലെ പ്രശസ്‌തമായ ബിന്‍ ലാദന്‍ കുടുംബത്തില്‍ പിറന്ന്‌ 1979ല്‍ സോവിയറ്റ്‌ യൂനിയന്റെ അധിനിവേശത്തിനെതിരെ പൊരുതാന്‍ അഫ്‌ഗാനിലെത്തിയ ഉസാമയും കൂട്ടാളികളും അമേരിക്കയുടെയും സെന്‍ട്രല്‍ ഇന്റലിജന്‍സ്‌ ഏജന്‍സിയുടെയും സ്വന്തമായിരുന്നു. അബ്‌ദുല്ല യൂസുഫ്‌ അസ്സമിന്റെ നേതൃത്വത്തില്‍ മക്‌താബ്‌ അല്‍ഖദാമത്‌ രൂപവത്‌കരിച്ച്‌ അഫ്‌ഗാന്റെ പരമാധികാരത്തിനു വേണ്ടി പോരടിച്ചവരില്‍ പ്രമുഖന്‍ ഉസാമയായിരുന്നു. 




സോവിയറ്റ്‌ അധിനിവേശത്തിനു ശേഷം പാക്കിസ്ഥാനിലെ പെഷാവറില്‍ തമ്പടിച്ച ഉസാമ 1998ല്‍ മക്താബ്‌ അല്‍ഖദാമതില്‍ നിന്ന്‌ വേറിട്ടു. ഇതിനു പിറകെയാണ്‌ സുഡാനിലും അഫ്‌ഗാനിലും അമേരിക്കയുടെ മിസൈല്‍ ആക്രമണമുണ്ടാവുന്നതും ഉസാമ ബിന്‍ ലാദന്‍ പരിഷ്‌കൃത ലോകത്തിനാകെ വെല്ലുവിളിയും ഭീഷണിയും വിനാശകാരിയുമാണെന്ന്‌ അന്നത്തെ യു എസ്‌ വിദേശകാര്യ സെക്രട്ടറി മെഡലിന്‍ ഓള്‍ബ്രൈറ്റ്‌ പ്രഖ്യാപിക്കുന്നതും. പിന്നീടങ്ങോട്ട്‌ ഉസാമയെക്കുറിച്ചും അല്‍ഖാഇദയെക്കുറിച്ചുമുള്ള ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകളുടെ പ്രളയമായിരുന്നു. അഫ്‌ഗാനിസ്ഥാനിലെ സോവിയറ്റ്‌ വിരുദ്ധ പോരാട്ടത്തിന്‌ പണവും ആയുധവും നല്‍കി സഹായിച്ച അമേരിക്കക്ക്‌ പിന്നീടുടലെടുത്ത മറ്റൊരു സാഹചര്യത്തില്‍ എതിര്‍ സ്ഥാനത്തു നിര്‍ത്തി ആക്രമിക്കാന്‍ പാകത്തിലേക്ക്‌ ഉസാമയുടെ പ്രതിച്ഛായയെ മാറ്റിയെടുക്കുക എന്ന ദൗത്യം യു എസ്‌ ഏജന്‍സികള്‍ ഭംഗിയായി നിര്‍വഹിച്ചു. 




2001ല്‍ ലോക വ്യാപാര കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം കൂടി ചാര്‍ത്തപ്പെട്ടതോടെ സമാനതകളില്ലാത്ത `ഭീകരനാ'യി മാറുകയും ചെയ്‌തു.
ഈ സൃഷ്‌ടിയുടെ മറ്റൊരു അധ്യായമാണ്‌ പുതിയ ചിത്ര സൃഷ്‌ടി. ലാമസറെസിന്റെ ചിത്രം ഉപയോഗിച്ചതിനെച്ചൊല്ലി ഉയര്‍ന്ന വിവാദമുണ്ടായിരുന്നില്ലെങ്കില്‍, ഉസാമയെ പിടികൂടുന്നതില്‍ അമേരിക്കന്‍ ഏജന്‍സികള്‍ കാട്ടുന്ന ശുഷ്‌കാന്തിയുടെ തെളിവായി പൂതിയ ചിത്ര സൃഷ്‌ടി വാഴ്‌ത്തപ്പെടുമായിരുന്നു. സൃഷ്‌ടിക്കുകയും പിന്‍വലിക്കുകയും ചെയ്‌ത പുതിയ ചിത്രങ്ങളിലൊന്ന്‌ കൂടുതല്‍ ശ്രദ്ധേയമാണ്‌. നീണ്ട ശ്‌മശ്രുക്കളില്ല, തലപ്പാവുമില്ല. `ഭീകരന്‌' നല്‍കിയിരുന്ന രൂപ തര്‍ജമയില്‍ നിങ്ങള്‍ ഒതുങ്ങി നില്‍ക്കരുതെന്ന്‌ ഓര്‍മിപ്പിക്കുകയാണ്‌. സംശയത്തിന്റെ നിഴലില്‍ കൂടുതല്‍ രൂപങ്ങളുണ്ടെന്ന ഓര്‍മപ്പെടുത്തലും.




ഇത്തരം രൂപ സൃഷ്‌ടികളുടെ പ്രചാരണത്തിന്‌ മാധ്യമങ്ങളുടെ പിന്തുണയും കുറവല്ല. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിനെക്കുറിച്ച്‌ ബി ബി സി തയ്യാറാക്കിയ പുതിയ ഡോക്യുമെന്ററിയിലുള്ള ഭിന്ദ്രന്‍വാലയുടെ ചിത്രത്തിന്‌ ഉസാമ ബിന്‍ ലാദന്റെ ഛായയാണുള്ളത്‌. ഉസാമയെ അമേരിക്ക (കു) പ്രസിദ്ധനാക്കും മുമ്പ്‌ വിവാദ പുരുഷനായ വ്യക്തിയാണ്‌ ജര്‍ണയില്‍ സിംഗ്‌ ഭിന്ദ്രന്‍വാല. അദ്ദേഹത്തിന്‌ ഉസാമയുടെ ഛായ നല്‍കുന്നത്‌ ചിത്രങ്ങളുപയോഗിച്ചുള്ള ആക്രമണം എത്രമാത്രം ഫലപ്രദമാണെന്ന്‌ വ്യക്തമാവുന്നുമുണ്ട്‌

2010-01-15

ദുര(ദീര്‍ഘ)ദര്‍ശനം



ദൃശ്യങ്ങള്‍ തരംഗരൂപം പ്രാപിച്ച്‌ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച്‌ നമ്മുടെ സ്വീകരണമുറിയിലെ ചെറുപെട്ടിയിലെത്തി ആനന്ദിപ്പിക്കാന്‍ തുടങ്ങിയിട്ട്‌ അമ്പതാണ്ട്‌ പൂര്‍ത്തിയായി. തുടക്കത്തില്‍ ഭൂതല സംപ്രേഷണ നിലയങ്ങളിലൂടെ മാത്രം നടന്നിരുന്ന ഈ പ്രക്രിയ പിന്നീട്‌ കൃത്രിമ ഉപഗ്രഹ സഹായത്തോടെയായതോടെ തരംഗങ്ങള്‍ എല്ലായിടത്തും എത്തിച്ചേരാന്‍ തുടങ്ങി. 1991ല്‍ ആഗോളവത്‌കരണത്തിന്റെയും സ്വകാര്യ വത്‌കരണത്തിന്റെയും വാതിലുകള്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ തുറക്കുവോളം സര്‍ക്കാറുടമസ്ഥതയിലുള്ള ദൂരദര്‍ശന്‍ മാത്രമാണ്‌ ഈ രംഗത്തുണ്ടായിരുന്നത്‌. പിന്നീട്‌ ലോകത്തെ വിവിധ കോണുകളില്‍ നിന്നുള്ള ടെലിവിഷന്‍ ചാനലുകള്‍ സ്വീകരണമുറിയിലെ പെട്ടികളില്‍ എത്തിത്തുടങ്ങി. 




സാധ്യതകള്‍ കണ്ടറിഞ്ഞ ഇന്ത്യന്‍ സംരംഭകരും ഈ വഴിക്ക്‌ നീങ്ങി. കമ്പോളത്തിന്റെ വലിയ സാധ്യതകള്‍ കണ്ടറിഞ്ഞ വന്‍കിട കുത്തകകളെല്ലാം ടെലിവിഷന്‍ വ്യവസായ മേഖലയിലേക്ക്‌ പ്രവേശിച്ചു. സിനിമകള്‍, സിനിമാ അധിഷ്‌ഠിത പരിപാടികള്‍, പരമ്പരകള്‍, ഇടക്കിടെ വാര്‍ത്തകള്‍ എന്ന രീതിയാണ്‌ ഇവയെല്ലാം പൊതുവില്‍ അവലംബിച്ചത്‌. റൂപ്പര്‍ട്ട്‌ മര്‍ഡോക്‌ എന്ന മാധ്യമ മുതലാളിയുടെ സ്റ്റാര്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിന്റെ 24 മണിക്കൂര്‍ വാര്‍ത്താ ചാനല്‍ ഏറ്റെടുത്ത്‌ നടത്തിക്കൊണ്ട്‌ ന്യൂഡെല്‍ഹി ടെലിവിഷന്‍ (എന്‍ ഡി ടി വി) വാര്‍ത്തയോട്‌ അഭിരുചിയുള്ളവര്‍ക്ക്‌ പുതുമകള്‍ സമ്മാനിച്ചു. പിന്നീടിങ്ങോട്ട്‌ മുഴുവന്‍ സമയ വാര്‍ത്താ ചാനലുകളുടെ പ്രവാഹമായിരുന്നു.




ആകാശവാണിയിലുണ്ടായിരുന്നതുപോലുള്ള വാര്‍ത്തകള്‍ ദൃശ്യങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുക എന്ന രീതിയാണ്‌ ദുരദര്‍ശന്‍ സ്വീകരിച്ചുപോന്നിരുന്നത്‌. ഭരണകൂടത്തിനോടുള്ള വിധേയത്വം പൂര്‍ണമായി നിലനിര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധരായിക്കൊണ്ട്‌. അസമിലോ വടക്കു കിഴക്കന്‍ മേഖലയിലോ മറ്റ്‌ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ചെന്നാല്‍ നിങ്ങള്‍ ഇന്ത്യയില്‍ നിന്നാണോ എന്ന്‌ ചോദിച്ചിരുന്ന കാലത്താണ്‌ ദൂരദര്‍ശന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത്‌. ദേശീയ ഐക്യവും അഖണ്ഡതയും ഉറപ്പിക്കുന്നതില്‍ ദൃശ്യമാധ്യമത്തിന്‌ ഏറെ ചെയ്യാനാവുമെന്ന വിലയിരുത്തലിന്റെ ഭാഗമായി ദൂരദര്‍ശന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇതിനൊപ്പം തന്റെ മേധാവിത്വം ഉറപ്പിക്കാന്‍ ഈ മാധ്യമത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്‌തു. 




ഈ മാധ്യമം ഭരണകൂടത്തോട്‌ ഏതളവില്‍ കൂറു പുലര്‍ത്തിയിരുന്നുവെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു 1984ലെ സംഭവങ്ങള്‍. അംഗരക്ഷകരുടെ വെടിയേറ്റ്‌ പ്രധാനമന്ത്രിയായിരുന്ന 1984 ഒക്‌ടോബര്‍ 31ന്‌ ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ ദുരദര്‍ശന്‍ അതിന്‌ പരമാവധി കവറേജ്‌ നല്‍കിയതില്‍ അത്ഭുതമില്ല. പക്ഷേ, നവംബര്‍ ഒന്നു മുതല്‍ പത്തുദിവസത്തോളം ഡല്‍ഹിയിലെ തെരുവുകളില്‍ സിഖുകാരുടെ ജീവന്‍ പന്താടപ്പെട്ടപ്പോള്‍ ഇവരുടെ ക്യാമറകള്‍ ഒരിക്കല്‍ പോലും അവിടേക്ക്‌ തിരിഞ്ഞില്ല. ഡല്‍ഹിയിലെ ദൂരദര്‍ശന്‍ ഓഫീസിന്‌ മുന്നില്‍ നടന്ന സംഭവങ്ങള്‍ പോലും തമസ്‌കരിച്ചുകൊണ്ട്‌ വിധേയത്വത്തിന്‌ പുതിയ മാനങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌തു.
ഇതിനിടയില്‍ തന്നെ ഭൂരിപക്ഷ വര്‍ഗീയതയുടെ അനുരണനങ്ങള്‍ ഈ ദേശീയ മാധ്യമത്തില്‍ കണ്ടുതുടങ്ങിയിരുന്നു. 





ഇതിഹാസങ്ങളുടെ പരമ്പരാ രൂപങ്ങള്‍, എന്തിനെയാണോ രചയിതാക്കള്‍ തള്ളിപ്പറഞ്ഞത്‌ അതിനെയൊക്കെ മഹത്വവത്‌കരിച്ചുകൊണ്ട്‌ നമ്മുടെ സ്വീകരണ മുറികളില്‍ നിറഞ്ഞു. തീവ്ര ഹൈന്ദവവാദികള്‍ നടത്താനിരിക്കുന്ന വലിയ പദ്ധതികളുടെ മുന്നൊരുക്കമായിരുന്നു ഇതെന്ന്‌ മനസ്സിലായില്ല. അല്ലെങ്കില്‍ മനസ്സിലായവര്‍ അതിന്‌ അനുമതി നല്‍കി. 1990ല്‍ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്ന്‌ അയോധ്യയിലേക്ക്‌ എല്‍ കെ അഡ്വാനി ആരംഭിച്ച രഥയാത്രക്ക്‌ പരമാവധി കവറേജ്‌ നല്‍കാന്‍ ദുരദര്‍ശന്‍ ശ്രദ്ധിച്ചിരുന്നു. ഭരണത്തെ താങ്ങിനിര്‍ത്തുന്ന പാര്‍ട്ടി എന്ന നിലയിലുള്ള സ്വാധീനം ബി ജെ പി ഉപയോഗിച്ചിട്ടുണ്ടാവുമെന്ന്‌ ഉറപ്പ്‌. ദൃശ്യ, പത്ര മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ പ്രത്യേകം സൗകര്യമൊരുക്കി കൃത്യമായി ആസൂത്രണം ചെയ്‌താണ്‌ അഡ്വാനി യാത്ര നടത്തിയത്‌.




ദൂരദര്‍ശന്റെ ഇത്തരം രീതികളില്‍ നിന്ന്‌ ഭിന്നമാവും സ്വകാര്യ ചാനലുകളെന്നാണ്‌ പ്രതീക്ഷിക്കപ്പെട്ടിരുന്നത്‌. മുഴുവന്‍ സമയ വാര്‍ത്താ ചാനലുകള്‍ അധികരിച്ചതോടെ അധികാരത്തിലേക്കുള്ള ദല്ലാള്‍ ജോലി ഇവ ഏറ്റെടുക്കുന്നതാണ്‌ കണ്ടത്‌. 1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ബി ജെ പിയുടെ നേതൃത്തിലുള്ള സഖ്യം രൂപവത്‌കരിക്കപ്പെട്ടത്‌ ടെലിവിഷന്‍ സ്റ്റുഡിയോകളിലായിരുന്നു. രാഷ്‌ട്രീയത്തിലെ ഓരോ സ്‌പന്ദനവും ജനങ്ങളിലെത്തിക്കാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു എന്ന ഭാവത്തില്‍ ചാനല്‍ തലവന്‍മാര്‍ കൂടിയായ മാധ്യമ പ്രവര്‍ത്തകര്‍ സഖ്യം വിളക്കിച്ചേര്‍ക്കുന്നതില്‍ വ്യാപൃതരായി. 




കപട ദേശീയതയും അതിനെ നിയന്ത്രിക്കുന്ന ഹിന്ദുത്വ സംഘടനകളും ഒരു വശത്ത്‌. ശക്തിപ്രാപിക്കുന്ന മൂലധന വിപണിയും അതിനെ നിയന്ത്രിക്കുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വവും മറു വശത്ത്‌. ഇവ രണ്ടിനെയും ഒരുപോലെ തൃപ്‌തിപ്പെടുത്തുകയും സ്വയം വളരുകയും ചെയ്യുക എന്ന മാര്‍ഗമാണ്‌ മിക്കവാറും ചാനലുകള്‍ സ്വീകരിച്ചത്‌. രാജ്യത്ത്‌ പലഭാഗത്തും നടന്ന പൊട്ടിത്തെറികള്‍, അവയുടെ പലതിന്റെയും പിന്നിലുണ്ടായ പാക്കിസ്ഥാന്‍ കേന്ദ്രമായ തീവ്ര/ഭീകര വാദ സംഘടനകളുടെ സാന്നിധ്യം ഇവ മൂന്‍ ചൊന്ന രണ്ടു വിഭാഗങ്ങളുടെയും അജണ്ടകള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഇവയെ സഹായിക്കുകയും ചെയ്‌തു. ഭീകരാക്രമണമുണ്ടാവുമ്പോള്‍ ദേശീയ വികാരമുണര്‍ത്താന്‍ ചെലവഴിക്കുന്ന സമയത്തിന്റെ നൂറിലൊരംശം മണിപ്പൂരിലോ ഉത്തരാഖണ്ഡിലോ ഗുജറാത്തിലോ കാശ്‌മീരിലോ വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്ന നിരപരാധികള്‍ക്കു വേണ്ടി നീക്കിവെക്കാന്‍ ഇവര്‍ക്ക്‌ ഉണ്ടാവാറില്ല. 




മുംബൈ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിന്‌ ദിവസങ്ങള്‍ക്കു മുമ്പ്‌ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ചോര്‍ന്നതും കേന്ദ്ര സര്‍ക്കാര്‍ അത്‌ തിരക്കിട്ട്‌ പാര്‍ലിമെന്റില്‍ വെച്ചതും രണ്ട്‌ ദിവസത്തിന്‌ ശേഷം നടന്ന മുംബൈ ആക്രമണ വാര്‍ഷികത്തില്‍ റിപ്പോര്‍ട്ട്‌ ഒലിച്ചുപോയതും നാം കണ്ടതാണ്‌. ബി ജെ പിയോട്‌ പ്രത്യക്ഷത്തില്‍ തന്നെ അനുകൂല മനോഭാവം പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ (ഉത്തരേന്ത്യന്‍ പതിപ്പ്‌) ദിനപ്പത്രത്തിലേക്കാണ്‌ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ചോര്‍ന്നൊലിച്ചത്‌ എന്നത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌. ബി ജെ പിക്കു മാത്രമല്ല, കോണ്‍ഗ്രസിനു കൂടി ആവശ്യമായിരുന്നു ഈ ചോര്‍ച്ച. റിപ്പോര്‍ട്ടിന്റെ ഒരു പ്രതി മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും അത്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കല്‍ ഭദ്രമാണെന്നും അന്ന്‌ ചിദംബരം പറഞ്ഞിരുന്നു. റിപ്പോര്‍ട്ട്‌ ചോര്‍ന്നതെങ്ങനെ എന്നത്‌ കല്‍പ്പാന്തകാലത്തോളം അജ്ഞാതമായി തുടരുകയും ചെയ്യും.


`കെ ആര്‍ നാരായണനും കബീറും' എന്നതില്‍ തുടരുന്നു

കെ ആര്‍ നാരായണനും കബീറും


ദേശീയതലത്തിലെ ഈ മാധ്യമ `വിപ്ലവ'ത്തിന്റെ പശ്ചാത്തലത്തില്‍ വേണം കേരളത്തിലെ മുഴുവന്‍ സമയ വാര്‍ത്താ ചാനലുകളുടെ പ്രവര്‍ത്തനത്തെ വിലയിരുത്താന്‍. ദേശീയ സാഹചര്യത്തില്‍ നിന്ന്‌ ഭിന്നമായി ബി ജെ പിക്കും മറ്റ്‌ സംഘ പരിവാര്‍ സംഘടനകള്‍ക്കും കാര്യമായ വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന സാഹചര്യവും പരിഗണിക്കണം. ആകാശവാണിയും പിന്നീട്‌ ദുരദര്‍ശനും നിശ്ചയിച്ച വാര്‍ത്താ സമയങ്ങളെ അധികരിച്ചുതന്നെയായിരുന്നു ഏഷ്യാനെറ്റിന്റെയും വാര്‍ത്താ സംപ്രേഷണം ആരംഭിച്ചത്‌. ഇതേ മാതൃക പിന്നീട്‌ രംഗത്തു വന്ന സൂര്യ പോലുള്ള ചാനലുകളും സ്വീകരിച്ചു. മുഴുവന്‍ സമയ വാര്‍ത്താ ചാനലുകള്‍ വന്നതോടെ ഈ പരമ്പരാഗത സങ്കല്‍പ്പം അട്ടിറിക്കപ്പെട്ടു. മലയാളികള്‍ ഏതു സമയത്തും വാര്‍ത്ത കാണാന്‍ തയ്യാറാവുമോ എന്ന സംശയങ്ങള്‍ തകര്‍ക്കപ്പെട്ടു. ഏതു നിമിഷവും ബ്രേക്കിംഗ്‌ ന്യൂസ്‌ പ്രതീക്ഷിക്കാവുന്ന അവസ്ഥയിലേക്ക്‌ ഇന്ന്‌ കാര്യങ്ങള്‍ എത്തി. ദൃശ്യങ്ങള്‍ ആദ്യം നല്‍കാനുള്ള മത്സരം. ഇതിനെല്ലാമിടയില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക്‌ സ്ഥാനമില്ല. കഴിഞ്ഞതു കഴിഞ്ഞു എന്ന്‌ ചാനലുകള്‍ മുഖം തിരിക്കും. കഴിഞ്ഞുപോയ ഒരു നിമിഷത്തില്‍ ലഭിച്ച വിവരം നിങ്ങളെ അറിയിച്ചു. ഇപ്പോള്‍ ലഭിക്കുന്നത്‌ ഇപ്പോള്‍ പറയുന്നു എന്ന കേവലവാദം ഉന്നയിക്കാന്‍ അവര്‍ക്ക്‌ എളുപ്പമാണ്‌. 




ഇതിലൊരു മാറ്റം ചൂണ്ടിക്കാട്ടാനാവുക, മുന്‍ രാഷ്‌ട്രപതി കെ ആര്‍ നാരായണന്‍ അന്തരിച്ച സമയത്താണ്‌. നിര്യാണം ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കും മുമ്പേ വാര്‍ത്ത നല്‍കിയവര്‍ അത്‌ പിന്നീട്‌ പിന്‍വലിച്ച്‌ പ്രേക്ഷകരോട്‌ മാപ്പുചോദിച്ചു. പിന്നീടൊരിക്കലും തിരുത്തേണ്ട ആവശ്യം നമ്മുടെ വാര്‍ത്താ ചാനലുകള്‍ക്കുണ്ടായില്ല. കെ ആര്‍ നാരായണന്‌ തലപ്പൊക്കമുണ്ടായിരുന്നതുകൊണ്ടാണ്‌ തിരുത്തല്‍ വേണ്ടിവന്നത്‌. വയനാട്‌ കോയപ്പത്തൊടി വീട്ടില്‍ കബീറിന്‌ അതില്ല. അതുകൊണ്ടാണ്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ച്‌ ആളുമാറി അറസ്റ്റിലായ കബീറിന്‌ ലശ്‌കറെ ത്വയ്യിബ ബന്ധവും ഭീകരപ്പട്ടവും ചാര്‍ത്തി നല്‍കിയ ചാനലുകള്‍, എല്ലാം തെറ്റെന്ന്‌ വ്യക്തമായപ്പോഴും മാപ്പു പറയാന്‍ തയ്യാറാവാതിരുന്നത്‌. കബീര്‍ പെണ്‍വാണിഭക്കേസില്‍ പ്രതിയാണെന്ന വ്യാജ വാര്‍ത്ത നല്‍കി സായൂജ്യമടഞ്ഞത്‌. 




കബീര്‍ എന്ന പേരിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയതാണ്‌. ഇത്തരം പേരുകളില്‍ നമ്മുടെ മാധ്യമങ്ങള്‍, ദൃശ്യ മാധ്യമങ്ങള്‍ പ്രത്യേകിച്ചും, സ്വീകരിക്കുന്ന നിലപാട്‌ ഇത്‌ തന്നെയാണ്‌. ഏറ്റവും ഒടുവില്‍ `ലൗ ജിഹാദ്‌' എന്ന പ്രചാരണത്തിന്‌ സാധുത നല്‍കാന്‍ മത്സരിച്ചപ്പോള്‍ തെളിഞ്ഞതും മറ്റൊന്നല്ല. ഈ മാധ്യമങ്ങളെയാണ്‌ സൂഫിയാ മഅ്‌ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ പ്രശംസിച്ചത്‌. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടു വരുന്നതില്‍ മാധ്യമങ്ങള്‍ കാട്ടുന്ന ഉത്സാഹം ശ്ലാഘനീയമാണെന്നാണ്‌ ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ പറഞ്ഞത്‌. 




കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംസ്ഥാനത്തു നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടു വന്നത്‌ മാധ്യമങ്ങളാണ്‌. തീവ്രവാദത്തെ നേരിടാന്‍ സ്വീകരിക്കേണ്ട നടപടികളും ആവശ്യകതയും മാധ്യമങ്ങള്‍ അവതരിപ്പിച്ചുവെന്നും കോടതി പറഞ്ഞു. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കൂടിയാവുമ്പോള്‍ ഏത്‌ കബീറിനെ ഭീകരവാദിയാക്കുന്നതിലും ആര്‍ക്കും ശങ്കിക്കേണ്ടിവരില്ല.




ജസ്റ്റിസ്‌ ശങ്കരന്റെ വാദം സ്വീകരിച്ചാല്‍ ചാനലുകള്‍ മുന്‍കാലത്ത്‌ നമുക്ക്‌ പറഞ്ഞുതന്ന ചില `വസ്‌തുത'കള്‍ക്ക്‌ വിശദീകരണം തേടേണ്ടിവരും. മലയാളികളായ നാല്‌ യുവാക്കള്‍ കാശ്‌മീരില്‍ കൊല്ലപ്പെട്ടത്‌ വലിയ വാര്‍ത്തയാവുകയും ഇതേക്കുറിച്ച്‌ കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുകയും ചെയ്യുമ്പോള്‍ ചാനലുകള്‍ നമ്മെ അറിയിച്ചത്‌ കേരളത്തില്‍ നിന്ന്‌ മുന്നൂറു പേരെ ഭീകരവാദ പ്രവര്‍ത്തനത്തിനായി റിക്രൂട്ട്‌ ചെയ്‌തുവെന്നാണ്‌. ഒന്നില്‍ നിന്ന്‌ ഒന്നിലേക്ക്‌ പകര്‍ന്ന്‌ ഏതാണ്ടെല്ലാ ചാനലുകളും ഇത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇപ്പോള്‍ തടിയന്റവിട നസീര്‍ കര്‍ണാടക പോലീസിന്‌ നല്‍കിയ മൊഴി എന്ന പേരില്‍ ഇതേ ചാനലുകള്‍ പറയുന്നത്‌ ദക്ഷിണേന്ത്യയില്‍ നിന്ന്‌ ഇരുപതു പേരെ ഭീകര പ്രവര്‍ത്തനത്തിന്‌ റിക്രൂട്ട്‌ ചെയ്‌തുവെന്നതാണ്‌. 280 പേരുടെ കുറവ്‌ ഈ കണക്കില്‍ കാണുന്നുണ്ട്‌. ഈ കുറവ്‌ ചെറുതല്ല. അല്‍ഖാഇദയുടെ കേന്ദ്രമായി ഇപ്പോള്‍ അമേരിക്ക പറയുന്ന യമനില്‍ ആകെ മുന്നൂറോളം അല്‍ഖാഇദക്കാരുണ്ടെന്നാണ്‌ ആ രാജ്യം പറയുന്നത്‌. 280 എന്നത്‌ ചെറിയ സംഖ്യയല്ല എന്ന്‌ ഇതില്‍ നിന്ന്‌ വ്യക്തം. നേരത്തെ നല്‍കിയ മൂന്നൂറ്‌ ശരിയല്ലെങ്കില്‍ തിരുത്താന്‍ ചാനലുകള്‍ തയ്യാറാവണം. മുന്നൂറ്‌ എന്ന കണക്ക്‌ എവിടെ നിന്ന്‌ കിട്ടിയെന്ന്‌ പുറത്തുപറയുകയും വേണം. അല്ല അതില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ മാധ്യമങ്ങളുടെ അത്യുത്സാഹത്തെ ശ്ലാഘിക്കുന്ന കോടതി തന്നെ ഇവര്‍ എവിടെപ്പോയെന്ന്‌ കണ്ടെത്താനുള്ള ഉത്തരവ്‌ കൊടുക്കണം.

കാര്യമുണ്ട്‌, കാരണമില്ലയില്‍ തുടരുന്നു

കാര്യമുണ്ട്‌, കാരണമില്ല



എന്തുകൊണ്ടാണ്‌ ഇത്തരം മണ്ടത്തരങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങാനും അത്‌ നമ്മുടെ മുന്നിലേക്ക്‌ ഛര്‍ദിക്കാനും മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാവുന്നത്‌, എന്തുകൊണ്ടാണ്‌ ഇവര്‍ക്ക്‌ ഇതിന്‌ അവസരം ലഭിക്കുന്നത്‌ എന്നതാണ്‌ പ്രധാന ചോദ്യം. ഉത്തരം ലളിതമാണ്‌ - ഭൂരിപക്ഷ വര്‍ഗീയതയില്‍ രമിച്ചതാണ്‌ നമ്മില്‍ പലരുടെയും മനസ്സ്‌ എന്നത്‌ തന്നെ. അതുകൊണ്ടാണ്‌ സന്തോഷ്‌ മാധവന്റെയും കണിച്ചുകുളങ്ങരക്കേസിലെ പ്രതി സജിത്തിന്റെയും അഭിമുഖമെടുക്കാന്‍ ഉറക്കമിളച്ചു കാത്തിരുന്ന നമ്മുടെ ചാനല്‍ പ്രവര്‍ത്തകര്‍ `ലൗ ജിഹാദെ'ന്ന്‌ സംഘ്‌ പരിവാര്‍ ആക്രോശിച്ചപ്പോള്‍ അതില്‍ ആരോപണവിധേയരായവരോട്‌ പ്രതികരണം തേടാന്‍ മിനക്കെടാതിരുന്നത്‌. അന്‍വാറുശ്ശേരിയിലെ വീട്ടില്‍ നിന്ന്‌ സൂഫിയ മഅ്‌ദനി ഒളിച്ചുകടന്നു (പോലീസും മാധ്യമപ്പടയും 24 മണിക്കൂറും കാവല്‍ നില്‍ക്കുന്നതിനിടെ) എന്ന അഭ്യൂഹം പ്രചരിപ്പിച്ചപ്പോള്‍ അവരെ ഹാജരാക്കണമെന്ന്‌ ശഠിച്ചതിനു പിന്നിലും ഇതേ വികാരം തന്നെയാണ്‌. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന ഉത്‌പന്നങ്ങള്‍ക്ക്‌ കൂടുതല്‍ വിപണിയുണ്ടെന്ന ധാരണ മൂലമാണ്‌ ഇതു മുഴുവനും സംപ്രേഷണം ചെയ്യാന്‍ ചാനലുകള്‍ തയ്യാറായതും.




സംപ്രേഷണം ചെയ്യുന്ന ദൃശ്യം, അതിനൊപ്പം പറയുന്ന വാക്കുകള്‍ ഇവ സൃഷ്‌ടിക്കുന്ന ആഘാതത്തെക്കുറിച്ചുള്ള വീണ്ടുവിചാരം ആവശ്യമില്ലാത്തതായി മാറിയിരിക്കുന്നു. കാര്യത്തില്‍ നിന്ന്‌ കാരണത്തിലേക്ക്‌ യുക്തിപൂര്‍വമായി ആലോചിക്കേണ്ടതില്ല. തേടി വരുന്ന വിവരങ്ങളെക്കുറിച്ച്‌ സ്വന്തം നിലക്ക്‌ അന്വേഷണം നടത്തേണ്ടതുമില്ല. ഇപ്പോള്‍ കിട്ടുന്നത്‌ ഇപ്പോള്‍ നല്‍കാം, അതിനു വിരുദ്ധമായ വിവരം പിന്നീട്‌ ലഭിച്ചാല്‍ വേണമെങ്കില്‍ കൊടുക്കാം, ഇല്ലെങ്കിലും പ്രശ്‌നമില്ല. അപ്പോഴേക്കും നേരത്തെ നല്‍കിയ റിപ്പോര്‍ട്ട്‌ വായുവില്‍ ലയിച്ചിട്ടുണ്ടാവും. ഇരകളാവുന്നവര്‍ വെറും കബീറുമാരായതിനാല്‍ ചോദ്യം ചെയ്യലുകള്‍ ഉണ്ടാവുകയുമില്ല.




സംഘടിതരായവരില്‍ നിന്നാണ്‌ ചോദ്യങ്ങള്‍ ഉയരുക. അതിനെ പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗങ്ങളുണ്ട്‌. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയം വിലയിരുത്താന്‍ സി പി എമ്മിന്റെ പോളിറ്റ്‌ ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ചേര്‍ന്നപ്പോള്‍ നടന്നത്‌ മുമ്പ്‌ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച വഴക്കം മാറാത്ത ഡല്‍ഹിയിലെ ഒരു ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത്‌ ഓര്‍ക്കുന്നു. 




കേരള ഹൗസില്‍ ക്യാമറകള്‍ രണ്ടുണ്ട്‌. ഒന്ന്‌ പിണറായിയുടെ മുറിക്കു മുന്നില്‍. രണ്ടാമത്തേത്‌ നേതാക്കള്‍ കാറില്‍ കയറുന്ന സ്ഥലത്ത്‌. പിന്നെയൊരു ക്യാമറ എ കെ ജി ഭവനില്‍. പിണറായി വിജയന്‍ മുറിക്കു പുറത്തിറങ്ങുമ്പോള്‍ ക്യാമറകളും മൈക്കുമെത്തും. താഴെ കാറില്‍ കയറുന്നിടത്തെത്തുമ്പോള്‍ അടുത്ത സെറ്റ്‌. എ കെ ജി ഭവന്റെ മുന്നില്‍ മൂന്നാമത്തെ വിഭാഗത്തിന്റെ മൈക്കുകള്‍. ഉച്ചഭക്ഷണത്തിന്‌ വരുമ്പോഴും തിരികെപ്പോവുമ്പോഴും ഇതിന്റെ ആവര്‍ത്തനം. തുടര്‍ച്ചയായി മൂന്നു ദിവസം ഇത്‌ പതിവ്‌. പ്രത്യേകിച്ചൊന്നും പറയാനില്ലെന്ന്‌ പറഞ്ഞ്‌ പടിയിറങ്ങി താഴെയെത്തുമ്പോള്‍ വീണ്ടും ചോദ്യങ്ങളുമായി വളയുന്നതിന്റെ മനശ്ശാസ്‌ത്രം മറ്റൊന്നുമല്ല. തിരികെ ചോദ്യം ചെയ്യാന്‍ ത്രാണിയുണ്ട്‌ പിണറായി വിജയന്‌. അങ്ങനെയൊന്നു ചോദ്യം ചെയ്‌തു കിട്ടിയാല്‍ ഒരു ദിവസത്തേക്ക്‌ ആഘോഷിക്കാന്‍ വകയായി. (പിണറായിയെ വിശിഷ്‌ട മാതൃകയായി എടുത്തതാണ്‌, മുഖ്യമന്ത്രായിയിരിക്കെ ഉമ്മന്‍ ചാണ്ടി ക്യാമറകള്‍ക്കു മുന്നില്‍ നിന്ന്‌ ഓടിയൊളിച്ചിരുന്നത്‌ ഓര്‍ക്കുക. പ്രകോപിതനാവരുതെന്ന നിര്‍ബന്ധബുദ്ധിയുള്ളതുകൊണ്ടാവണം ഓടിയൊളിക്കാന്‍ ശ്രമിച്ചത്‌) 




വാര്‍ത്താ ചാനലുകള്‍ ഇത്രയില്ലാതിരുന്ന കാലത്ത്‌ സി പി എം സംസ്ഥാന കമ്മിറ്റി കഴിഞ്ഞിറങ്ങിയ ഇ കെ നായനാര്‍ക്കു മുന്നിലേക്ക്‌ മൈക്കും കൊണ്ടെത്തിയ മാധ്യമ പ്രവര്‍ത്തകനെ ഇ കെ നായനാര്‍ `ഇഡിയറ്റ്‌' എന്ന്‌ വിളിച്ചത്‌ മറവിലെത്താറായിട്ടില്ല. ഇന്ന്‌ 24 മണിക്കൂറും വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്ന കാലത്ത്‌ ഇത്തരമൊരു വിളിക്ക്‌ മാധ്യമ പ്രവര്‍ത്തകര്‍ കാത്തിരിക്കുകയാണ്‌. കാഴ്‌ചക്കാരന്‍ കാര്യം മാത്രമേ അറിയൂ, കാരണം അജ്ഞാതമായിരിക്കും. അതുകൊണ്ടാണ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനിയുടെ തീവ്രമായ പ്രസംഗങ്ങളെക്കുറിച്ച്‌ (തീവ്രമായ വാദം = തീവ്രവാദം) നമ്മെ നിരന്തരം ഓര്‍മിപ്പിക്കുന്നവര്‍, അത്‌ ചാനല്‍ പ്രവര്‍ത്തകരായാലും അവരെ ഉപയോഗിക്കുന്ന രമേശ്‌ ചെന്നിത്തലമാരായിലും ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടവരെക്കുറിച്ചും അക്കാലത്ത്‌ കേന്ദ്ര ഭരണം നടത്തിയിരുന്ന പി വി നരസിംഹറാവുവിനെക്കുറിച്ചും മറന്നുപോവുന്നത്‌. കളമശ്ശേരി ബസ്സ്‌ കത്തിക്കലിന്റെ ആസൂത്രക സൂഫിയ മഅ്‌ദനി തന്നെ എന്ന്‌ ആവര്‍ത്തിച്ച്‌ വിധിക്കുന്നവര്‍, ആ സമയത്ത്‌ അന്യായമായ തടങ്കലിലായിരുന്നു അബ്‌ദുന്നാസര്‍ മഅ്‌ദനിയെന്ന്‌ ഓര്‍ക്കാത്തത്‌. അന്യായങ്ങളെ എതിര്‍ത്തും അവകാശങ്ങള്‍ ആവശ്യപ്പെട്ടും മുന്‍കാലത്ത്‌ ചാരമാക്കപ്പെട്ടത്‌ ആളൊഴിഞ്ഞ ബസ്സുകള്‍ മാത്രമായിരുന്നില്ലല്ലോ!

പ്രസിഡന്റ്‌ പെരിസ്‌ട്രോയിക്കയില്‍ തുടരുന്നു

പ്രസിഡന്റ്‌ പെരിസ്‌ട്രോയിക്ക



ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കോണ്‍ഗ്രസ്‌ നടക്കുന്നു. പ്രതിദിന ചാനല്‍ ചര്‍ച്ചയുടെ വിഷയം ഇതാണ്‌. അവതാരകന്‍ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചരിത്രം തിരക്കി. അറിയാവുന്നതൊക്കെ പറയുന്ന കൂട്ടത്തില്‍ (പൊട്ടും പൊടിയുമേ അറിയൂ എന്നത്‌ വാസ്‌തവം) സോവിയറ്റ്‌ യൂനിയന്റെ തകര്‍ച്ച, ഗോര്‍ബച്ചോവ്‌, ഗ്ലാസ്‌നോസ്‌ത്‌, പെരിസ്‌ട്രോയിക്ക തുടങ്ങിയ കാര്യങ്ങളും പറഞ്ഞു. ഗോര്‍ബച്ചോവിന്‌ മുമ്പാണോ പിമ്പാണോ ഗ്ലാസ്‌നോസ്‌തും പെരിസ്‌ട്രോയിക്കയും സോവിയറ്റ്‌ യൂനിയന്റെ പ്രസിഡന്റായിരുന്നത്‌ എന്ന്‌ അവതാരകന്‍ തിരിച്ചുചോദിച്ചപ്പോള്‍ വിയര്‍ത്തുപോയി.




ദീര്‍ഘകാലത്തെ പ്രവാസത്തിന്‌ ശേഷം പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്‌ നേതാവ്‌ നവാസ്‌ ശെരീഫ്‌ നാട്ടിലേക്ക്‌ മടങ്ങിയെത്തുന്ന ദിവസത്തിന്‌ തലേന്നത്തെ രാത്രി. ചാനലിലെ മുതിര്‍ന്ന എഡിറ്റര്‍ രാത്രി പോകും മുമ്പ്‌ നാളത്തെ പ്രധാന സംഭവങ്ങളെക്കുറിച്ച്‌ ചോദിച്ചു. നവാസ്‌ ശരീഫ്‌ മടങ്ങിയെത്തുന്നുണ്ട്‌, പാക്കിസ്ഥാന്‍ രാഷ്‌ട്രീയത്തിലെ നിര്‍ണായക സംഭവമാവുമെന്ന്‌ അല്‍പ്പം വിവരിച്ചുതന്നെ പറഞ്ഞു. അതിലൊക്കെ എന്ത്‌ കാര്യമിരിക്കുന്നുവെന്ന്‌ അല്‍പ്പം പുച്ഛത്തോടെ പറഞ്ഞ്‌ മുതിര്‍ന്ന എഡിറ്റര്‍ പുറത്തിറങ്ങി നടന്നു. അന്നുതൊട്ടിന്നോളം പാക്കിസ്ഥാനില്‍ നിന്നുണ്ടായത്ര വലിയ സംഭവങ്ങള്‍ ലോകത്തു മറ്റൊരിടത്തു നിന്നുമുണ്ടായിട്ടില്ല. ഇക്കാര്യം മുതിര്‍ന്ന എഡിറ്ററോട്‌ നേരില്‍ തന്നെ പിന്നീട്‌ പറഞ്ഞിരുന്നുവെന്നതിനാല്‍ ഭംഗിക്കുറവില്ല എന്നതിനാലാണ്‌ ഇവിടെ കുറിക്കുന്നത്‌.




നമ്മുടെ ടെലിവിഷന്‍ ചാനലുകളെ നിയന്ത്രിക്കുകയും ചര്‍ച്ചകള്‍ നയിക്കുകയും റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്യുന്നവരുടെ അറിവിന്റെയും വാര്‍ത്തകളോടുള്ള സമീപനത്തിന്റെയും നിലവാരം സൂചിപ്പിക്കാനാണ്‌ ഇത്‌ പറഞ്ഞത്‌. ഇതേ ആളുകള്‍ തന്നെയാണ്‌ പ്രത്യയശാസ്‌ത്രങ്ങളെക്കുറിച്ചും വലതുപക്ഷ ചായ്‌വിനെക്കുറിച്ചും ഇടതു തീവ്രവാദത്തെക്കുറിച്ചും വിചാരണാ ബുദ്ധിയോടെ ചര്‍ച്ചകള്‍ നയിക്കുക. ഇതേയാളുകള്‍ തന്നെഅഫ്‌ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും ഭീകരവാദത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തും. അഫ്‌ഗാനിസ്ഥാനില്‍ ഭരണത്തിലിരുന്ന താലിബാനും ഇപ്പോള്‍ അമേരിക്കക്കെതിരെ പൊരുതുന്ന താലിബാനും ഇവരുടെ മുന്നില്‍ ഒരേ ഭീകരവാദികളാവും. ഇറാഖില്‍ ഇപ്പോള്‍ നടക്കുന്ന സ്‌ഫോടനങ്ങള്‍ ഭീകരാക്രമണങ്ങള്‍ മാത്രമാവും. കൊലയും കൊള്ളയും ബലാത്സംഗങ്ങളും നടത്തുന്ന അധിനിവേശസേനക്കെതിരെ പൊട്ടിത്തെറിക്കാന്‍ തീരുമാനിക്കുന്നവന്‍ ഭീകരനാവും. എണ്ണക്കുമേല്‍ പൂര്‍ണാധിപത്യം സ്ഥാപിക്കുവോളം ഇറാഖില്‍ തുടരണമെങ്കില്‍ അവിടെ സ്‌ഫോടനങ്ങള്‍ തുടരണമെന്നത്‌ അമേരിക്കയുടെ താത്‌പര്യമാവാനിടയുണ്ട്‌ എന്ന തോന്നല്‍ പോലും ഉണ്ടാവില്ല.




വിവരം ശേഖരിക്കാനും അത്‌ വിലയിരുത്തി കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാനും ഇന്നത്തെ കാലത്ത്‌ പ്രയാസമൊന്നുമില്ല. ഒന്നോ രണ്ടോ ക്ലിക്കുകള്‍ക്കപ്പുറത്ത്‌ എല്ലാം ലഭ്യമാണ്‌. പക്ഷേ, അതൊന്നും ആവശ്യമില്ല. കേവല സംഭവങ്ങളായി എല്ലാറ്റിനെയും കാണുന്നതുകൊണ്ടോ നേരത്തെ പറഞ്ഞ വിവരമില്ലായ്‌മ കൊണ്ടോ മാത്രമല്ല ഇതൊന്നും സംഭവിക്കുന്നത്‌. മൂലധനം നിയന്ത്രിക്കുന്ന വലിയൊരു അജണ്ടയുണ്ട്‌. താലിബാന്‍, ഇറാഖ്‌ എന്നിവയെടുക്കുക, ഇവിടെയൊക്കെ സൃഷ്‌ടി, സ്ഥിതി, സംഹാരം എന്നിവയില്‍ അമേരിക്ക എന്ന പൊതുഘടകമുണ്ട്‌. അവരോ അവരുടെ സഹചാരികളോ തന്നെയാണ്‌ നമ്മുടെ മൂലധന വിപണി നിയന്ത്രിക്കുന്നത്‌. ഈ വിപണി സജീവമായി നിര്‍ത്താന്‍ സഹായിക്കുന്നവരാണ്‌ ഇന്ത്യാ രാജ്യം ഭരിക്കുകയും ഭരിക്കാനുള്ള സാധ്യത നിലനിര്‍ത്തുകയും ചെയ്യുന്നത്‌. 




രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ്‌ മൃദുഹിന്ദുത്വ നിലപാടുകളിലൂടെ വോട്ടുറപ്പിക്കുന്നു. ഭരിക്കാനുള്ള സാധ്യത നിലനിര്‍ത്തുന്ന ബി ജെ പിയും അവരെ തുണക്കുന്ന സംഘ പരിവാറും തീവ്ര ഹിന്ദുത്വക്കൊപ്പം ന്യൂനപക്ഷ വിരുദ്ധ നിലപാടെടുക്കുകയും കഴിയാവുന്നിടത്തൊക്കെ വംശഹത്യക്ക്‌ പഴുതു നോക്കുകയും ചെയ്യുന്നു. ഏത്‌ അജണ്ടക്കാണ്‌ അമേരിക്കന്‍ പിന്തുണ കൂടുതലുണ്ടാവുക എന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. ആ അജണ്ട നടപ്പാവണമെങ്കില്‍ വലിയൊരു പ്രചാരണ കോലാഹലം അനിവാര്യമാണ്‌. ഇറാഖിന്റെ കാര്യത്തില്‍ നടന്നതുപോലെ, ഇറാന്റെ കാര്യത്തില്‍ നടക്കുന്നതുപോലെ. അരനൂറ്റാണ്ടിലേറെ നീണ്ട പ്രചാരണത്തിനും കോണ്‍ഗ്രസ്‌ സര്‍ക്കാറുകളുടെ സഹായത്തോടെ നടത്തിയ വിഗ്രഹ സ്ഥാപനത്തിനും ശിലാന്യാസത്തിനു ശേഷം ഒരു പള്ളി തകര്‍ത്തതും അതിലൂടെ സൃഷ്‌ടിച്ച ധ്രുവീകരണത്തിലൂടെ അധികാരം പിടിച്ചതും നാം കണ്ടതാണ്‌. ഇതിന്റെയൊക്കെ ആവര്‍ത്തിനുള്ള ശ്രമമാണ്‌ ഇപ്പോള്‍ ഇവിടെ നടക്കുന്നത്‌. ലവ്‌ ജിഹാദ്‌ പ്രചരിപ്പിച്ചതും ക്ലിനിക്കല്‍ ജിഹാദ്‌ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതും അതിനു വേണ്ടിയാണ്‌. ഒറ്റക്കും തെറ്റക്കും വഴിതെറ്റിപ്പോയ ചിലര്‍ ഭീകരവാദത്തിന്റെ ഏജന്റുമായതിന്റെ മറവില്‍ സഹോദര സമുദായത്തെയാകെ ഭീകരരാക്കുന്നതും. അതിന്‌ ചൂട്ടുപിടിച്ചു കൊടുക്കുന്നവര്‍ക്ക്‌ മൂലധന വിപണിയുടെ പിന്തുണ വേണം. അതിന്‌ അവര്‍ ആരുടെ പക്ഷമായിരിക്കും തിരഞ്ഞെടുക്കുക? പര്‍ദ മാറ്റി സൂഫിയ മഅ്‌ദനിയെ ലോകത്തിന്‌ മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന്‌ ശഠിക്കുന്നവരുടെ പക്ഷം. പര്‍ദക്കു പിന്നില്‍ എപ്പോഴും ഒരു ഭീകരന്‍ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ടെന്ന്‌ പഠിപ്പിച്ചവരുടെ പക്ഷം.

2010-01-14

ശശി സത്യസന്ധനാണ്‌, മൂന്നരതരം

ഉയര്‍ന്ന ഉദ്യോഗങ്ങള്‍ വഹിച്ചിരുന്നവരുടെ രാഷ്‌ട്രീയ പ്രവേശം രാജ്യത്ത്‌ അപൂര്‍വമല്ല. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ തന്നെ ഏറ്റവും വലിയ ഉദാഹരണം. ഇങ്ങനെ രാഷ്‌ട്രീയത്തിലെത്തി അധികാര സ്ഥാനങ്ങള്‍ അലങ്കരിച്ചവര്‍ പിന്നീട്‌ അപ്രസക്തരാവുന്നതും അപൂര്‍വമല്ല. എം പിയും കേന്ദ്രമന്ത്രിയുമൊക്കെയായിരുന്ന എസ്‌ കൃഷ്‌ണകുമാര്‍ മുതല്‍ ധന, വിദേശ വകുപ്പുകള്‍ ഭരിച്ച യശ്വന്ത്‌ സിന്‍ഹവരെയുള്ളവര്‍ ഈ പട്ടികയിലുണ്ട്‌. ഇവരില്‍ ചിലരുടെയെങ്കിലും രാഷ്‌ട്രീയ പ്രവേശം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അതില്‍ ഏറ്റവും മുന്നില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ തന്നെ. 




1991ല്‍ പ്രധാനമന്ത്രിയായ പി വി നരസിംഹറാവു ധനമന്ത്രി സ്ഥാനത്തേക്കു മന്‍മോഹന്‍ സിംഗിനെ നിര്‍ദേശിച്ചത്‌ രാജ്യത്തെയാകെ അമ്പരപ്പിച്ചിരുന്നു. ഇതുപോലെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെത്തിയ അപ്രതീക്ഷിത അതിഥിയാണ്‌ വിദേശകാര്യ സഹമന്ത്രിയായ ശശി തരൂര്‍. ഐക്യരാഷ്‌ട്ര സഭയിലെ അണ്ടര്‍ സെക്രട്ടറി ജനറല്‍ സ്ഥാനം വഹിച്ചിരുന്നതിലൂടെ ലഭിച്ച പരിചയം, ഐക്യരാഷ്‌ട്ര സഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക്‌ മത്സരിച്ചതിലൂടെ മറ്റു രാഷ്‌ട്രങ്ങളിലുണ്ടായ സുപരിചിതത്വം എന്നിവയാവണം വിദേശ കാര്യ മന്ത്രാലയത്തിലേക്കു തന്നെ തരൂരിനെ നിയോഗിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ പ്രേരിപ്പിച്ചത്‌.




തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹമുയര്‍ന്നപ്പോള്‍ മുതല്‍ തരൂര്‍ മാധ്യമങ്ങളില്‍ നിറഞ്ഞുതുടങ്ങി. അമേരിക്കയോടും ഇസ്‌റാഈലിനോടുമുള്ള പക്ഷപാതിത്വം, നെഹ്‌റുവിനെ വിമര്‍ശിച്ചു പുസ്‌തകമെഴുതിയത്‌ എന്നു തുടങ്ങി നിരവധി കാര്യങ്ങള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ത്തപ്പെട്ടു. പക്ഷേ, തരൂരിനു തിരുവനന്തപുരം സീറ്റ്‌ നല്‍കുക എന്ന തീരുമാനം മാറ്റാന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി തയ്യാറായില്ല. വര്‍ഷങ്ങളായി കോണ്‍ഗ്രസിനു വേണ്ടി വിയര്‍പ്പൊഴുക്കുന്ന സംസ്ഥാനത്തെ നേതാക്കളെ തഴഞ്ഞു തരൂരിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലും അതൃപ്‌തിയുണ്ടായി. ഇതു പരിഹരിക്കാന്‍ സോണിയാ ഗാന്ധി സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വത്തെ നേരിട്ടു വിളിച്ചുവെന്നാണ്‌ അക്കാലത്ത്‌ കേട്ടിരുന്നത്‌. 




മാഡത്തിന്റെ സ്ഥാനാര്‍ഥിയാണ്‌ വിജയം ഉറപ്പാക്കണമെന്ന സന്ദേശം തിരുവനന്തപുരത്തെ എല്ലാ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും തുടര്‍ന്നു ലഭിച്ചു. തരൂര്‍ വലിയ ഭൂരിപക്ഷത്തിന്‌ ജയിച്ചു, പ്രതീക്ഷിച്ചതുപോലെ മന്ത്രിയുമായി. തുടര്‍ന്നിങ്ങോട്ടു ചൂടന്‍ വാര്‍ത്തകള്‍ സൃഷ്‌ടിക്കുന്നതിന്റെ മുന്‍പന്തിയില്‍ അദ്ദേഹമുണ്ടായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വിദേശനയത്തെ വിമര്‍ശിച്ചാണ്‌ ഏറ്റവും ഒടുവില്‍ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞത്‌.




നെഹ്‌റുവിന്റെ നയങ്ങളെ വിമര്‍ശിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തരൂര്‍ നിഷേധിച്ചിട്ടുണ്ട്‌. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട്‌ ചെയ്യുകയായിരുന്നു. അസത്യം പ്രചരിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തനത്തിന്റെ ഇരയാണ്‌ താന്‍ എന്നും അദ്ദേഹം വിശദീകരിക്കുന്നു. ബ്രിട്ടീഷ്‌ പ്രഭുസഭയില്‍ അംഗമായ ഭിഖു പരേഖിനെ ആദരിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ വേള്‍ഡ്‌ അഫയേഴ്‌സില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കവെ തരൂര്‍ നടത്തിയെന്നു പറയുന്ന പരാമര്‍ശങ്ങളാണ്‌ തര്‍ക്കത്തിന്‌ ആധാരം. ചടങ്ങില്‍ പ്രഭാഷണം നടത്തിയ ഭിഖു പരേഖ്‌ നെഹ്‌റുവിന്റെ നയങ്ങളെ വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ പ്രാധാന്യം വളരെ വലുതാണെന്ന മിഥ്യാധാരണ സൃഷ്‌ടിക്കുന്നതായിരുന്നു നെഹ്‌റുവിന്റെ നയങ്ങളെന്നായിരുന്നു പരേഖിന്റെ പ്രധാന കുറ്റപ്പെടുത്തല്‍. ആഭ്യന്തര പ്രശ്‌നങ്ങളെ അവഗണിച്ച്‌ ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെയാകെ പ്രതിനിധിയാവാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്ന തോന്നല്‍ ഉളവാക്കാനേ ആ നയങ്ങള്‍ ഉപകരിച്ചുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 




ഇതിനു ശേഷം സംസാരിച്ച തരൂര്‍, മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളിലെ ധാര്‍മികതയെക്കുറിച്ചുള്ള ദൃക്‌സാക്ഷി വിവരണമായി നെഹ്‌റുവിന്റെ വിദേശ നയം എന്നു കുറ്റപ്പെടുത്തിയെന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇത്‌ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട്‌ ചെയ്‌തതാണെന്നു തരൂര്‍ വാദിക്കുന്നു. ചടങ്ങിലെ അധ്യക്ഷന്‍ എന്ന നിലയില്‍ പരേഖ്‌ പറഞ്ഞത്‌ ക്രോഡീകരിച്ച്‌ അവതരിപ്പിക്കുക മാത്രമാണ്‌ ചെയ്‌തതെന്നും അദ്ദേഹം പറയുന്നു.




തരൂരിന്റെ വിശദീകരണം സ്വീകരിച്ച്‌ (കോണ്‍ഗ്രസ്‌ നേതൃത്വം വിശദീകരണം സ്വീകരിച്ച്‌ തര്‍ക്കം അവസാനിപ്പിച്ചു കഴിഞ്ഞു) അദ്ദേഹം നെഹ്‌റുവിന്റെ നയങ്ങളെ വിമര്‍ശിച്ചില്ല എന്നു തന്നെ വിശ്വസിക്കുക. എന്നാലും ബ്രിട്ടീഷ്‌ പ്രഭുസഭയിലെ ഒരംഗം ഇന്ത്യയില്‍ വന്നു നെഹ്‌റുവിന്റെ വിദേശനയത്തെ അടിമുടി വിമര്‍ശിച്ചിട്ടും അതിനു മറുപടി നല്‍കാന്‍ കോണ്‍ഗ്രസ്‌ അംഗം കൂടിയായ നമ്മുടെ വിദേശകാര്യ സഹമന്ത്രി തയ്യാറായില്ല എന്നു തരൂരിനും കോണ്‍ഗ്രസിനും അംഗീകരിക്കേണ്ടിവരും. വിമര്‍ശത്തിന്‌ മറുപടി നല്‍കേണ്ടതില്ല എന്ന്‌ തരൂര്‍ തീരുമാനിച്ചതിന്റെ കാരണം എന്തായിരിക്കും? ഭിഖു പരേഖ്‌ പറഞ്ഞ കാര്യങ്ങളോട്‌ പൂര്‍ണമായ യോജിപ്പ്‌ അദ്ദേഹത്തിനുണ്ട്‌ എന്നതുകൊണ്ടുതന്നെയാണ്‌. തരൂരിന്റെ വിശദീകരണം സ്വീകരിച്ചു തര്‍ക്കങ്ങള്‍ പെട്ടെന്ന്‌ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം തയ്യാറായതിന്റെ കാരണവും മറ്റൊന്നല്ല. 





രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കയും സോവിയറ്റ്‌ യൂനിയനും രണ്ട്‌ ശക്തമായ ചേരികളുടെ നേതൃത്വത്തിലിരിക്കെയാണ്‌ സ്വതന്ത്ര റിപ്പബ്ലിക്കായ ഇന്ത്യയുടെ വിദേശ നയത്തിനു പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു രൂപം നല്‍കുന്നത്‌. രണ്ടു ചേരികളിലും പങ്കാളിയാവേണ്ടെന്ന ആ തീരുമാനത്തിനു സ്വതന്ത്ര വ്യക്തിത്വത്തിന്റെ തെളിമയുണ്ടായിരുന്നു. ചേരികളില്‍ ചേരുന്നില്ല എന്നു നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ അന്താരാഷ്‌ട്ര രംഗത്തെ പല നിര്‍ണായക പ്രശ്‌നങ്ങളിലും അമേരിക്കയും ബ്രിട്ടനുമടങ്ങുന്ന സാമ്രാജ്യത്വ ശക്തികളുടെ അഭിപ്രായങ്ങളെ എതിര്‍ക്കാന്‍ ഇന്ത്യ അന്നു സന്നദ്ധമായിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച നയത്തോടു യോജിപ്പ്‌ പ്രകടിപ്പിച്ച രാജ്യങ്ങള്‍ നിരവധിയായിരുന്നു. പേരിനെങ്കിലും ഇന്നും നിലനില്‍ക്കുന്ന ചേരിചേരാ പ്രസ്ഥാനത്തില്‍ അംഗങ്ങളായി 118 രാജ്യങ്ങളുണ്ട്‌. ഇതുതന്നെ 1955ല്‍ രൂപവത്‌കരിച്ച പ്രസ്ഥാനത്തിന്റെ പ്രസക്തിക്ക്‌ തെളിവ്‌.




ഈ നയവും പിന്നീട്‌ സോവിയറ്റ്‌ യൂനിയനുമായി രൂപപ്പെടുത്തിയ സൗഹൃദവും ഇന്ത്യക്കു ഗുണം ചെയ്‌തിരുന്നു. 1974ല്‍ ആദ്യത്തെ പൊഖ്‌റാന്‍ പരീക്ഷണത്തിനു ശേഷം ഇന്ത്യക്കു മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ആഘാതം ശക്തമാവാതിരുന്നതിന്റെ പ്രധാന കാരണം സോവിയറ്റ്‌ സഹായമായിരുന്നു. ബഹിരാകാശ ഗവേഷണം, പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം സോവിയറ്റ്‌ സഹായം അക്കാലത്തു ലഭിച്ചിരുന്നു. ഇന്ന്‌ വ്യാവസായിക അടിസ്ഥാനത്തില്‍ ഉപഗ്രഹ വിക്ഷേപണം നടത്തുന്ന ഐ എസ്‌ ആര്‍ ഒക്ക്‌ ക്രയോജനിക്‌ എന്‍ജിന്‍ റഷ്യ കൈമാറിയത്‌ അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുന്ന കാലത്തുതന്നെയാണ്‌. തദ്ദേശീയമായി ക്രയോജനിക്‌ എന്‍ജിന്‍ വികസിപ്പിച്ചെടുക്കുന്നതിന്‌ ഐ എസ്‌ ആര്‍ ഒക്കു സാധിച്ചതും റഷ്യന്‍ സഹകരണം കൊണ്ടാണ്‌. അമേരിക്കയുമായി ആണവ കരാറില്‍ ഒപ്പ്‌ വെക്കുന്നതിന്‌ മുന്നോടിയായി ആണവ സാമഗ്രികളുടെ ദാതാക്കളായ രാജ്യങ്ങള്‍ (എന്‍ എസ്‌ ജി) ഇന്ത്യയുമായുള്ള ആണവ വിപണനത്തിന്‌ അനുമതി നല്‍കുന്നതിനു മുമ്പാണ്‌ തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിന്‌ റഷ്യന്‍ സഹകരണം ലഭിച്ചത്‌. ഇതിലെല്ലാം രാജ്യം സ്വീകരിച്ചിരുന്ന വിദേശനയവും അതിന്റെ വിശ്വാസ്യതയും പ്രധാനമായിരുന്നു. 




ഈ വിശ്വാസ്യത തകരുകയാണെന്ന സൂചന ലഭിച്ചു തുടങ്ങിയിട്ട്‌ രണ്ട്‌ ദശാബ്‌ദത്തോളമായി. സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും കമ്പോളങ്ങളുടെ തുറന്നു നല്‍കലിലൂടെയും തുടങ്ങിയ മാറ്റം പിന്നീട്‌ എല്ലാ രംഗങ്ങളിലേക്കും വ്യാപിച്ചു. ഇന്ന്‌ അമേരിക്കയുടെ വിശ്വസ്‌തനായ പങ്കാളി എന്ന `പദവി'യോട്‌ ഏറെ അടുത്തു നില്‍ക്കുന്നു ഇന്ത്യ. ഈ മാറ്റത്തിനു ചുക്കാന്‍ പിടിക്കുന്നത്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയല്ലാതെ മറ്റാരുമല്ല. അതുകൊണ്ടുതന്നെ നെഹ്‌റുവിന്റെ നയങ്ങളെ തള്ളിപ്പറയേണ്ടത്‌ അവരുടെ ആവശ്യമാണ്‌. അത്‌ സത്യസന്ധമായി പറയുന്നുവെന്നതു മാത്രമേ ശശി തരൂര്‍ ചെയ്യുന്നുള്ളൂ. ഈ തുറന്നു പറച്ചിലിന്‌ തരൂരിനോളം യോഗ്യന്‍ മറ്റാരുമില്ല തന്നെ.




മന്ത്രിയായ അദ്ദേഹം മൂന്നു മാസത്തോളം താമസിച്ചത്‌ പ്രതിദിനം അമ്പതിനായിരം രൂപ വാടകയുള്ള ഹോട്ടല്‍ മുറിയിലായിരുന്നു. താന്‍ ജോലി ചെയ്‌തു സമ്പാദിച്ച പണം കൊണ്ടാണ്‌ ഹോട്ടലില്‍ താമസിച്ചതെന്നും സര്‍ക്കാറിന്റെ ഔദാര്യം സ്വീകരിച്ചിട്ടില്ലെന്നും അന്ന്‌ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. തരൂരിന്റെയും അദ്ദേഹത്തിന്റെ സീനിയര്‍ എസ്‌ എം കൃഷ്‌ണയുടെയും ഹോട്ടല്‍വാസം അവസാനിപ്പിച്ചാണ്‌ ലളിത ജീവിതവും ചെലവു കുറക്കലും സിദ്ധാന്തം കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധി അവതരിപ്പിച്ചത്‌. അപ്പോഴും ശശി തരൂര്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. കന്നുകാലി ക്ലാസ്സിലെ യാത്രയെക്കുറിച്ചും അതിനു പ്രേരിപ്പിക്കുന്ന വിശുദ്ധ പശുക്കളെക്കുറിച്ചും. 




അമേരിക്കന്‍ പൗരത്വമുള്ള ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലി ഇന്ത്യയില്‍ സ്വതന്ത്രനായി സഞ്ചരിച്ചു മുംബൈ ആക്രമണത്തിനു സഹായം ചെയ്‌തുകൊടുത്തുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ്‌ രാജ്യത്തേക്കു വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്‌. പാക്‌ വംശജനായ ഹെഡ്‌ലി ചില വേണ്ടാതീനങ്ങള്‍ കാട്ടിയതുകൊണ്ട്‌ അമേരിക്കക്കാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്‌ യുക്തിസഹമല്ലെന്നു ശശി തരൂരിനു ബോധ്യമുണ്ട്‌. അതുകൊണ്ടുതന്നെ അദ്ദേഹം വിസ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതിനെ ചോദ്യം ചെയ്‌തു. പതിവുപോലെ ഇന്റര്‍നെറ്റിലെ സൗഹൃദക്കൂട്ടായ്‌മയായ ട്വിറ്ററിലൂടെയായിരുന്നു ഈ ചോദ്യം ചെയ്യല്‍. തുറന്നുപറച്ചിലുകള്‍ തുടരുമ്പോള്‍ തന്നെ താന്‍ ആരെയാണ്‌ അഭിസംബോധന ചെയ്യേണ്ടത്‌ എന്നതു സംബന്ധിച്ചും തരൂരിനു വ്യക്തമായ ധാരണയുണ്ടെന്നു ട്വിറ്റര്‍ എന്ന മാധ്യമം തിരഞ്ഞെടുത്തതില്‍ നിന്നു വ്യക്തമാണ്‌. 




ഒടുവില്‍ വിവാദമായ നെഹ്‌റൂവിയന്‍ നയങ്ങളുടെ കാര്യവും ട്വിറ്ററില്‍ രേഖപ്പെടുത്താന്‍ അദ്ദേഹം മറന്നില്ല. ഭിഖു പരേഖിന്റെ പ്രഭാഷണം മഹത്തരമായിരുന്നുവെന്നാണ്‌ അദ്ദേഹം ട്വിറ്ററില്‍ രേഖപ്പെടുത്തിയത്‌. താന്‍ നെഹ്‌റുവിനെ വിമര്‍ശിച്ചില്ലെങ്കിലും ഭിഖു പരേഖ്‌ നടത്തിയ വിമര്‍ശത്തെ അംഗീകരിക്കുന്നുവെന്നാണ്‌ ഈ ട്വിറ്റര്‍ കുറിപ്പ്‌ വ്യക്തമാക്കുന്നത്‌.




ഇറാനെതിരെ വോട്ട്‌ ചെയ്‌ത്‌, ഇസ്‌റാഈലില്‍ നിന്ന്‌ ആയുധം വാങ്ങി, അഫ്‌ഗാനിസ്ഥാനിലെ അമേരിക്കന്‍ ആക്രമണത്തിനു പിന്തുണയേകി ഇന്നു കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന വിദേശ നയത്തിനു യോജിക്കുന്ന ബ്രാന്‍ഡ്‌ അംബാസഡര്‍ ശശി തരൂര്‍ തന്നെയാണ്‌. ഈ നയങ്ങള്‍ ഉറക്കെപ്പറയാനാണ്‌ സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും തരൂരിനെ ലോക്‌സഭയിലെത്തിച്ചതും മന്ത്രിയാക്കിയതും. അത്‌ മനസ്സിലാക്കാതെയല്ല, കോണ്‍ഗ്രസ്‌ വക്താക്കള്‍ തരൂരിനെ വിമര്‍ശിക്കാന്‍ മിനക്കെടുന്നത്‌. പാരമ്പര്യം ഞങ്ങള്‍ മറക്കുന്നില്ല എന്നു നടിക്കുന്നുവെന്നു മാത്രം. നയങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുമ്പോള്‍ പൂര്‍വകാലത്തെ തള്ളിപ്പറയേണ്ടിവരുമെന്ന്‌ ഉറപ്പ്‌. അതിനു നിലമൊരുക്കാന്‍ തരൂരിനോളം യോജിച്ച മറ്റൊരാള്‍ കോണ്‍ഗ്രസിലില്ല. രാജ്യത്തിന്റെ സാമ്പത്തിക തലവര മാറ്റിയെഴുതാന്‍ മന്‍മോഹനെയാണ്‌ നരസിംഹറാവു തിരഞ്ഞെടുത്തത്‌. ജനബന്ധമില്ലാത്ത ഒരാള്‍ക്കേ ഈ ക്രിയ ചെയ്യാനാവൂ എന്ന ദീര്‍ഘദര്‍ശിത്വം. അതുതന്നെയാണ്‌ തരൂരിന്റെയും യോഗ്യത. ഇസ്‌റാഈലിനെ അനുകൂലിച്ചതും നെഹ്‌റുവിനെ വിമര്‍ശിച്ചതും അധിക യോഗ്യതയായുണ്ടായിരുന്നു.

2010-01-07

മന്‍മോഹന്റെ മനംപിരട്ടല്‍



രാഷ്‌ട്രത്തിന്റെയും ജനങ്ങളുടെയും നന്മ ലാക്കാക്കിയുള്ള പ്രവര്‍ത്തനമാണ്‌ രാഷ്‌ട്രീയം. രാഷ്‌ട്രീയ പ്രക്രിയയില്‍ പങ്കാളിയായി അധികാരത്തിന്റെ ഭാഗമാവുന്നവര്‍ ഈ ലക്ഷ്യം പ്രാപ്‌തമാക്കുന്നതിനുള്ള ഉപകരണങ്ങളാണ്‌. ജനങ്ങളുടെ അല്ലലില്ലാത്ത ജീവിതത്തിനും അതുവഴി രാജ്യത്തിന്റെ നന്മക്കും സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്തായിരിക്കണം എന്നത്‌ സംബന്ധിച്ചു ഭിന്ന ആശയങ്ങള്‍ നിലവിലുണ്ട്‌. ഭിന്നമായ ആശയങ്ങളില്‍ അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്‌ ഭിന്ന പാര്‍ട്ടികള്‍ നിലനില്‍ക്കുന്നത്‌. ഇതിനെയാണ്‌ നാം പൊതുവില്‍ കക്ഷി രാഷ്‌ട്രീയം എന്നു വിവക്ഷിക്കുന്നത്‌. ഈ നിലക്ക്‌ രാഷ്ട്രീയം, രാഷ്‌ട്രീയ പാര്‍ട്ടി, പ്രവര്‍ത്തകര്‍ എന്നിവരെ ഒരു മേഖലയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയില്ല. 




വികസനകാര്യങ്ങളില്‍ രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നത്‌ ഇപ്പോള്‍ സാധാരണമാണ്‌. നേരത്തെ കോണ്‍ഗ്രസ്‌ പോലുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്ന ഈ ആവശ്യം ഇപ്പോള്‍ സി പി എം പോലും ഉന്നയിക്കുന്നത്‌ പതിവായിരിക്കുന്നു. കക്ഷിരാഷ്‌ട്രീയത്തിന്റെ സങ്കുചിത താത്‌പര്യങ്ങളുടെ സ്വാധീനം നിമിത്തം വികസനം വഴിമുട്ടുന്ന അവസ്ഥയുണ്ടാവരുത്‌ എന്ന ലക്ഷ്യത്തോടെയാണ്‌ ഈ നിലപാട്‌ മുന്നോട്ടുവെക്കപ്പെടുന്നത്‌. എന്നാല്‍ വികസന കാര്യങ്ങളില്‍ എല്ലാ കക്ഷികളും ഏക നിലപാട്‌ സ്വീകരിക്കുക എന്നാല്‍ പ്രത്യയശാസ്‌ത്രങ്ങളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന ഭിന്നത ഇല്ലാതാവുക എന്നു തന്നെയാണ്‌ സാമാന്യമായ അര്‍ഥം.




ശാസ്‌ത്രമേഖലയിലെ രാഷ്‌ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നതാണ്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. തിരുവനന്തപുരത്ത്‌ ശാസ്‌ത്ര കോണ്‍ഗ്രസ്‌ ഉദ്‌ഘാടനം ചെയ്യുമ്പോഴാണ്‌ സുപ്രധാനമായ ഈ പരാമര്‍ശം അദ്ദേഹം നടത്തിയത്‌. രാഷ്‌ട്രീയ ഇടപെടലും ചുവപ്പുനാടയും ശാസ്‌ത്രപുരോഗതിയെ പിന്നോട്ടടിച്ചുവെന്നും ഇത്‌ അവസാനിപ്പിക്കേണ്ടതുണ്ടെന്നും പറഞ്ഞ ഡോ. സിംഗ്‌ ശാസ്‌ത്രമേഖലയില്‍ കൂടുതല്‍ സ്വയം ഭരണാധികാരം അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു. ശാസ്‌ത്ര - സാങ്കേതിക മേഖലയില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ഇതേ ശ്വാസത്തില്‍ പറഞ്ഞുവെച്ചു. 




ആധുനികോത്തരതയും പിന്നിട്ട്‌ മുന്നേറാന്‍ മനുഷ്യനെ സഹായിച്ച മഹത്തായ ശാഖകളില്‍ ഒന്നാണ്‌ ശാസ്‌ത്രം. അതിന്റെ കണ്ടുപിടിത്തങ്ങളില്‍ ഏറെയും ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്‌. സമാന്തരമായി നാശങ്ങളുടെ വിത്തും ഇത്‌ വിതച്ചുകൊണ്ടിരുന്നു. അണുവിഭജനം ശാസ്‌ത്ര നേട്ടമായിരന്നുവെങ്കില്‍ അത്‌ നാഗസാക്കിയിലും ഹിരോഷിമയിലും അഗ്നിമഴയായി പെയ്‌തു. കാര്‍ഷികോത്‌പാദനം വര്‍ധിപ്പിക്കാന്‍ സഹായിച്ച രാസവളങ്ങളും കീടനാശിനികളും പരിസ്ഥിതി മലിനീകരണവും അര്‍ബുദവും സൃഷ്‌ടിച്ചു. പുതിയ വെല്ലുവിളികളെ അതിജീവിക്കാനുള്ള ഗവേഷണങ്ങളാണ്‌ ഇപ്പോള്‍ ശാസ്‌ത്രം നടത്തിക്കൊണ്ടിരിക്കുന്നത്‌. അതിന്റെ ഫലങ്ങള്‍ ദിനേന എന്നോണം നമ്മളില്‍ എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.




ഈ പുരോഗതിയില്‍ ഇന്ത്യ നല്‍കിയ സംഭാവനകള്‍ ചെറുതല്ല. യൂറോപ്യന്‍ ഗണിതശാസ്‌ത്രജ്ഞരുടെ പല കണ്ടുപിടിത്തങ്ങളും ഇന്ത്യയില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ രേഖപ്പെടുത്തപ്പെട്ടവയായിരുന്നുവെന്നത്‌ വസ്‌തുത മാത്രം. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ആധാരശിലയായി മാറിയ പൂജ്യം അഥവാ ശൂന്യം ഇന്ത്യയുടെ സംഭാവനയായിരുന്നു. സി വി രാമന്‍, എസ്‌ ചന്ദ്രശേഖര്‍, ഹോമി ജെ ഭാഭ തുടങ്ങി ലോകത്ത്‌ അറിയപ്പെടുന്ന ഒരുപിടി ശാസ്‌ത്ര ഗവേഷകരെ സമ്മാനിക്കുകയും ചെയ്‌തു. ഇപ്പോള്‍ നാം കാണുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്തിന്റെ സൃഷ്‌ടികളായിരുന്നു ഇവയെല്ലാം. ഇപ്പോള്‍ കൂടുതല്‍ സൗകര്യങ്ങളുണ്ട്‌. വിവരം ശേഖരിക്കാനും വിശകലനം ചെയ്യാനും ഒക്കെയുള്ള സൗകര്യങ്ങള്‍. എന്നിട്ടും വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ രാജ്യത്തിനു കഴിയാത്തതിന്റെ കാരണം രാഷ്‌ട്രീയ ഇടപെടലും ചുവപ്പുനാടയുമാണെന്നാണ്‌ പ്രധാനമന്ത്രി പറയുന്നത്‌.




ചുവപ്പുനാട എന്നത്‌ ശാസ്‌ത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാ രംഗത്തും തടസ്സമായുണ്ട്‌. ദുരന്തബാധിതര്‍ക്ക്‌ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സഹായം എത്താന്‍ വൈകുന്നത്‌ രാജ്യത്ത്‌ സ്ഥിരം കാഴ്‌ചയാണ്‌. ഉദ്യോഗസ്ഥതലത്തില്‍ കാര്യങ്ങള്‍ നീങ്ങുന്നതിനുള്ള തടസ്സമാണ്‌ ഇതിന്‌ പ്രധാന കാരണം. അഴിമതിയുടെ പ്രധാന സ്രോതസ്സും ചുവപ്പുനാട തന്നെയാണ്‌. ഫയല്‍ കുറിപ്പുകളിലൂടെ എന്തും അട്ടിമറിക്കാമെന്ന്‌ ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പോലെ തെളിയിക്കുന്ന മറ്റൊരു കൂട്ടര്‍ ഉണ്ടോ എന്നത്‌ തന്നെ സംശയം. ശാസ്‌ത്രമുള്‍പ്പെടെ മേഖലകളില്‍ നിന്നെല്ലാം ചുവപ്പുനാട കഴിവതും ഇല്ലാതാക്കാനുള്ള ഇച്ഛാശക്തി അധികാരം കയ്യാളുന്ന രാഷ്‌ട്രീയ നേതൃത്വത്തിനാണ്‌ ഉണ്ടാവേണ്ടത്‌. അതിനൊക്കെയാണ്‌ ഡോ. മന്‍മോഹന്‍ സിംഗിനെപ്പോലുള്ളയാളുകളെ ജനങ്ങള്‍ അധികാരത്തിലെത്തിക്കുന്നതും. അവര്‍ തന്നെ ചുവപ്പുനാട ഇല്ലാതാവണമെന്നത്‌ ആവശ്യമോ അഭ്യര്‍ഥനയോ പോലെ മുന്നോട്ടുവെക്കുമ്പോള്‍ അമ്പരക്കുക മാത്രമേ തരമുള്ളൂ.




രാഷ്‌ട്രീയ ഇടപെടലിന്റെ കാര്യത്തിലും ഒരു മേഖലയും പിന്നാക്കം നില്‍ക്കുന്നില്ല. അത്‌ പൂര്‍ണമായും ഒഴിവാക്കാനും കഴിയില്ല. പോലീസിലെ രാഷ്‌ട്രീയ നിയന്ത്രണം ഇല്ലാതാക്കാന്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ശ്രമങ്ങള്‍ മലയാളികള്‍ കണ്ടതാണ്‌. പൊതുവെ പോലീസുകാര്‍ക്കുണ്ടായിരുന്ന ധാര്‍ഷ്‌ട്യം വര്‍ധിക്കുക എന്നതു മാത്രമായിരുന്നു ഫലം. രാഷ്‌ട്രീയ ഇടപെടല്‍ ഇല്ലാതാക്കുക എന്നത്‌ എല്ലായ്‌പ്പോഴും ഗുണകരമാവണമെന്നില്ല. അപ്പോള്‍ രാഷ്‌ട്രീയം ഏതു വിധത്തില്‍ ഇടപെടന്നുവെന്നതും ഏതു രാഷ്‌ട്രീയമാണ്‌ ഇടപെടുന്നത്‌ എന്നതുമാണ്‌ പ്രധാന പ്രശ്‌നം. ഈ അടിസ്ഥാനത്തില്‍ വേണം ശാസ്‌ത്ര രംഗത്തെ രാഷ്‌ട്രീയ ഇടപെടല്‍ ഇല്ലാതാവണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവനയെ വീക്ഷിക്കാന്‍.




ഉദ്‌ഘാടനം ചെയ്യുന്നത്‌ ശാസ്‌ത്രകോണ്‍ഗ്രസായതുകൊണ്ട്‌ ആനുഷംഗികമായി നടത്തിയ പരാമര്‍ശമായി ഡോ. മന്‍മോഹന്‍ സിംഗിന്റെ വാക്കുകളെ കാണാനാവില്ല. കണക്കുകൂട്ടലുകളില്ലാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നയാളല്ല മന്‍മോഹനെന്ന്‌ അധികാരം കയ്യാളിയ 11 വര്‍ഷം മനസ്സിലുള്ളവര്‍ക്കൊക്കെ അറിയാം. രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിച്ച്‌, സ്വകാര്യ പങ്കാളിത്തം അനുവദിച്ച്‌, സ്വയംഭരണാധികാരം നല്‍കി മന്‍മോഹന്‍ ശാസ്‌ത്രമേഖലയില്‍ ലക്ഷ്യമിടുന്നത്‌ എന്താണ്‌? ഇന്ത്യയിലേക്ക്‌ പ്രവേശിക്കാന്‍ ലക്ഷ്യമിടുന്ന വിദേശ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എല്ലാ സൗകര്യവുമൊരുക്കുക എന്നതിനപ്പുറം മറ്റൊന്നുമല്ല. 




ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ രൂപവത്‌കരിക്കുകയും രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ പരിഷ്‌കരിക്കുകയും ചെയ്‌ത വിദേശ സര്‍വകലാശാലകള്‍ക്ക്‌ അനുമതി നല്‍കുന്ന ബില്‍ പാര്‍ലിമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുകയാണ്‌. അതിന്‌ അരങ്ങൊരുക്കുകയാണ്‌ പ്രധാനമന്ത്രി. ബില്ലിലെ വ്യവസ്ഥകളിന്‍മേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ നിര്‍ദേശിച്ച പരിഷ്‌കാരങ്ങള്‍ തെളിവുകള്‍ നല്‍കും. രാജ്യത്ത്‌ പ്രവേശിക്കുന്ന വിദേശ സ്ഥാപനങ്ങള്‍ ഒരു സുപ്രഭാതത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ വിദ്യാര്‍ഥികള്‍ക്കും അവിടെ ജോലി ചെയ്‌തിരുന്നവര്‍ക്കുമുണ്ടാവുന്ന ബുദ്ധിമുട്ട്‌ മുന്നില്‍ കണ്ട്‌ ഇത്തരം സ്ഥാപനങ്ങള്‍ കരുതല്‍ ധനം സര്‍ക്കാറില്‍ കെട്ടിവെക്കണമെന്ന്‌ ബില്ലില്‍ വ്യവസ്ഥയുണ്ടായിരുന്നു. പേരും പ്രശസ്‌തിയുമുള്ള സ്ഥാപനങ്ങളെ ഇത്തരം നിയന്ത്രണങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കി പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ആവശ്യം. ഇത്‌ അംഗീകരിക്കപ്പെട്ടോ ഇല്ലയോ എന്നൊക്കെ ബജറ്റ്‌ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ മനസ്സിലാക്കാം. മറ്റെന്തൊക്കെ സൗകര്യങ്ങളും സൗജന്യങ്ങളും വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ നല്‍കുന്നുവെന്നതും കാത്തിരുന്നു കാണാം.




രാഷ്‌ട്രീയ ഇടപെടല്‍ ഒഴിവാക്കണമെന്ന്‌ പ്രധാനമന്ത്രി ഇപ്പോള്‍ ആവശ്യപ്പെടുന്നത്‌ രാജ്യത്തുള്ള ഏതെങ്കിലും സ്ഥാപനങ്ങളെയോ ശാസ്‌ത്ര പ്രതിഭകളെയോ ഉദ്ദേശിച്ചാണെന്ന്‌ ആരും കരുതേണ്ടതില്ല. ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ വിദ്യാഭ്യാസ കമ്പോളം ലക്ഷ്യമിട്ടെത്തുന്ന വിദേശ സ്ഥാപനങ്ങള്‍ക്ക്‌ ആഭ്യന്തര സ്വകാര്യ മൂലധനത്തിന്റെ സഹായം ആവശ്യമാണ്‌. അതിന്‌ വഴിയൊരുക്കുകയും സ്വയം ഭരണാധികാരം നല്‍കി, സര്‍ക്കാറിന്റെയും മറ്റും നിയന്ത്രണങ്ങളില്‍ നിന്ന്‌ മുക്തമാക്കുകയുമാണ്‌ `രാഷ്‌ട്രീയ ഇടപെടല്‍ ഇല്ലാതാക്കുക' എന്നതിലൂടെ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത്‌. ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവക്ക്‌ കൂട്ടത്തില്‍ ചിലതൊക്കെ ലഭിച്ചേക്കാം. ഈ തിരഞ്ഞെടുപ്പ്‌ ഏറെ സൂക്ഷ്‌മമായി ചെയ്യുന്നതുമായിരിക്കും. അമേരിക്കക്ക്‌ കൂടുതല്‍ താത്‌പര്യമുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാവും തിരഞ്ഞെടുക്കപ്പെടുക എന്ന്‌ ചുരുക്കം. 




സാമുഹ്യ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുകയും അമേരിക്കന്‍ താത്‌പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന പുതിയ രാഷ്‌ട്രീയം കൊണ്ട്‌ നിലവിലുള്ള രാഷ്‌ട്രീയത്തെ ആദേശം ചെയ്യുകയാണ്‌ എല്ലാ മേഖലകളിലും ചെയ്യുന്നത്‌. അതേ തന്ത്രം ശാസ്‌ത്ര മേഖലയില്‍ കൂടി നടപ്പാക്കുക എന്നതാണ്‌ മന്‍മോഹന്റെ അജന്‍ഡ.
ആറു വര്‍ഷമായി രാജ്യം ചര്‍ച്ച ചെയ്യുന്ന ശാസ്‌ത്രവുമായി നേരിട്ട്‌ ബന്ധമുള്ള ഒന്നാണ്‌ അമേരിക്കയുമായി രാജ്യമുണ്ടാക്കിയ ആണവ കരാര്‍. ഈ കരാറിലെ ചില വ്യവസ്ഥകള്‍ ആണവ മേഖലയില്‍ രാജ്യം നടത്തുന്ന ഗവേഷണങ്ങള്‍ തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുമെന്നത്‌ ഇതിനകം വെളിപ്പെട്ട സംഗതിയാണ്‌. ഒരുപക്ഷേ, മൂന്നാം തലമുറയിലെ ആണവ റിയാക്‌ടറുകള്‍ വികസിപ്പിക്കുന്നതിനു പോലും തടസ്സമായേക്കാം. ആണവായുധത്തിന്റെ മൂന്നാമതൊരു പരീക്ഷണം ഈ കരാര്‍ തടയുന്നുമുണ്ട്‌. ഇങ്ങനെ രാജ്യത്തിന്‌ പുറത്തുനിന്നുള്ള രാഷ്‌ട്രീയ നിയന്ത്രണങ്ങള്‍ക്ക്‌ ശാസ്‌ത്രമേഖലയെ കീഴ്‌പ്പെടുത്തിക്കൊടുത്തത്‌ മന്‍മോഹനല്ലാതെ മറ്റൊരാളല്ല താനും. 





നിലവില്‍ തന്നെ സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ്‌ ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ (ഐ എസ്‌ ആര്‍ ഒ). ബഹിരാകാശ മേഖലയെ ഏതൊക്കെ വിധത്തില്‍ രാജ്യത്തിന്‌ പ്രയോജനപ്രദമാം വിധത്തില്‍ ഉപയോഗിക്കാമെന്ന്‌ പഠിക്കുകയും അത്‌ പ്രവൃത്തിയില്‍ കൊണ്ടുവരികയും ചെയ്യുന്നു. ഒപ്പം അന്യ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത്‌ എത്തിച്ച്‌ വിദേശനാണ്യം ഉണ്ടാക്കുകയും ചെയ്യുന്നു. ഈ വ്യാവസായിക പ്രക്രിയയില്‍ ഇസ്‌റാഈലിന്റെ ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുകൊടുക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടും ഐ എസ്‌ ആര്‍ ഒക്ക്‌ ഉണ്ടാവുന്നില്ല. അതാണ്‌ സ്വയംഭരണാധികാരത്തിന്റെ `മേന്‍മ'. ഊര്‍ജോത്‌പാദന മേഖലകളെടുത്താലും ബഹുരാഷ്‌ട്ര കുത്തക വിധേയത്വം പ്രകടമാണ്‌. പാരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിന്റെ പ്രധാന ജോലി സുസ്‌ലോണ്‍ പോലുള്ള കുത്തകകള്‍ക്ക്‌ കാറ്റാടിപ്പാടം സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുത്ത്‌ കൈമാറുക എന്നത്‌ മാത്രമായിരിക്കുന്നു. ഏറെക്കുറെ ഒരു ദല്ലാളിന്റെ ജോലി മാത്രം. ആ ജോലി കുറേക്കൂടി മാന്യവത്‌കരിച്ച്‌ നിര്‍വഹിക്കുകയാണ്‌ മന്‍മോഹന്‍ സിംഗ്‌ ചെയ്യുന്നത്‌. അദ്ദേഹത്തിന്‌ ഇന്ത്യയിലെ കക്ഷി രാഷ്‌ട്രീയ ഇടപെടലുകള്‍ മനംപിരട്ടല്‍ ഉണ്ടാക്കുന്നതില്‍ അത്ഭുതമില്ല തന്നെ.

2010-01-05

പത്തൊമ്പത്‌ തികഞ്ഞ ചോദ്യങ്ങള്‍



ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ സുപ്രധാന അധ്യായമായി മാറിക്കൊണ്ടിരിക്കയാണ്‌ ഹരിയാനയിലെ രുചിക ഗിര്‍ഹോത്ര കേസ്‌. 19 വര്‍ഷത്തിനു ശേഷം പുതിയ കേസ്‌ ചാര്‍ജ്‌ ചെയ്‌ത്‌ മുന്‍ ഡി ജി പി, എസ്‌ പി എസ്‌ റാത്തോഡിനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിക്കുന്നുവെന്നതല്ല, ഈ കേസിനെ പ്രധാനപ്പെട്ടതാക്കുന്നത്‌. അധികാരവും സ്വാധീനവുമുള്ളവര്‍ ഏതു വിധത്തില്‍ നീതിന്യായ സംവിധാനത്തെ മറികടക്കുന്നുവെന്നത്‌ ഈ കേസ്‌ വിവരിച്ചുതരുന്നുവെന്നതാണ്‌. പത്തൊമ്പതു വര്‍ഷം രുചികയുടെയും കേസിലെ സാക്ഷിയായ ആരാധനയുടെയും കുടുംബം അനുഭവിച്ച മാനസിക, ശാരീരിക വ്യഥകള്‍ക്ക്‌ നമ്മുടെ നീതിന്യായ സംവിധാനവും ഭരണകൂടവും എന്ത്‌ നഷ്‌ടപരിഹാരം നല്‍കുമെന്നതുമാണ്‌. 




1990ലാണ്‌ രുചിക എന്ന കൗമാര ടെന്നീസ്‌ താരം അന്ന്‌ ഹരിയാന ലോണ്‍ ടെന്നീസ്‌ അസോസിയേഷന്റെ ഭാരവാഹികൂടിയായിരുന്ന പോലിസ്‌ ഉദ്യോഗസ്ഥന്‍ എസ്‌ പി എസ്‌ റാത്തോഡിന്റെ കയ്യേറ്റത്തിന്‌ ഇരയാവുന്നത്‌. രുചികയുടെ സുഹൃത്തും ടെന്നീസ്‌ കോര്‍ട്ടിലെ പങ്കാളിയുമായിരുന്ന ആരാധനയായിരുന്നു കേസിലെ ഏക സാക്ഷി. അനുരാധയുടെ അമ്മ മധു പ്രകാശ്‌ നടത്തിയ 19 വര്‍ഷം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ്‌ കോടതി ഇപ്പോള്‍ റാത്തോഡിന്‌ ആറു മാസം കഠിന തടവും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചത്‌. രുചികയുടെ കുടുംബത്തോടൊപ്പം ഇവരും വേട്ടയാടപ്പെട്ടു. വേട്ടയാടലിന്റെ ആഴം മധു പ്രകാശും ഭര്‍ത്താവ്‌ ആനന്ദും ഓര്‍ത്തെടുക്കുന്നത്‌ ഇങ്ങനെയാണ്‌ - 





``രുചികയുടെ സഹോദരന്‍ രാഹുലിനെ (ആഷു) കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുത്തു. പോലീസുകാരുടെ ക്രൂരമായ പീഡനം മൂലം രാഹുലിന്റെ കാലുകള്‍ തകര്‍ന്നു. അവരുടെ വീട്‌ റാത്തോഡിന്റെ അഭിഭാഷകന്‍ സ്വന്തമാക്കി. വീട്‌ വില്‍ക്കാന്‍ സുഭാഷിനെ (രുചികയുടെ പിതാവ്‌) ഭീഷണിപ്പെടുത്തുകയായിരുന്നു. ആരാധനയെ പിന്തുടരാന്‍ ആളുകളെ നിയോഗിച്ചിരുന്നു. എനിക്കും ഭര്‍ത്താവ്‌ ആനന്ദിനുമെതിരെ കള്ളക്കേസുകളുണ്ടായി. ആരാധനക്കെതിരെയും കേസുകള്‍. ആനന്ദ്‌ ജോലിയില്‍ നിന്നു സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ടു. കാലാവധി പൂര്‍ത്തിയാവും മുമ്പ്‌ നിര്‍ബന്ധിത വിരമിക്കലിനു വിധേയനാവുകയും ചെയ്‌തു. നാനൂറിലേറെത്തവണയാണ്‌ ഇവര്‍ കോടതികളില്‍ കയറിയിറങ്ങിയത്‌. റാത്തോഡിന്റെയാളുകളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ രഹസ്യമായി സഞ്ചരിക്കേണ്ടിവന്നു. വാഹനങ്ങള്‍ മാറിക്കയറി കോടതികളിലേക്ക്‌ യാത്ര ചെയ്‌തു.''




മാഫിയാ നേതാവിന്റെ കണ്ണില്‍ കരടായി മാറുന്ന നായക കഥാപാത്രത്തിനും കുടുംബത്തിനും അനുഭവിക്കേണ്ടിവരുന്ന യാതനകള്‍ ചലച്ചിത്രങ്ങളില്‍ കണ്ട ഓര്‍മ നല്‍കുന്നുണ്ടാവും ഈ വാചകങ്ങള്‍. ഇവിടെ മാഫിയാ നേതാവിന്റെ സ്ഥാനത്ത്‌ പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്‌. അധികാരവും സ്വാധീനവുമുള്ള ഇയാളുടെ കൂട്ടാളികള്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ തന്നെയാണ്‌. ഒരു പക്ഷേ, രാഷ്‌ട്രീയക്കാരും. 19 വര്‍ഷം രുചികയുടെയും ആരാധനയുടെയും കുടുംബം ക്രൂരതകള്‍ക്ക്‌ ഇരയാവുമ്പോള്‍ എസ്‌ പി എസ്‌ റാത്തോഡിന്‌ സ്ഥാനക്കയറ്റങ്ങളുണ്ടായി. കേസിന്‌ ആസ്‌പദമായ സംഭവം നടക്കുമ്പോള്‍ ഐ ജിയായിരുന്ന അദ്ദേഹം ഡി ജി പിയായി. സസുഖം സേവനത്തില്‍ നിന്ന്‌ വിരമിച്ചു. ഇതിനിടക്ക്‌ രുചിക സ്വയം ജീവനൊടുക്കിയിരുന്നു. ഈ ആത്മാഹുതി പോലും ഭരണസംവിധാനത്തിന്റെ കണ്ണില്‍ വെളിച്ചമായുദിച്ചില്ല. 
രുചികക്കും കുടുംബത്തിനും നീതി ആവശ്യപ്പെട്ട്‌ മുറവിളികൂട്ടുന്ന മാധ്യമങ്ങളൊന്നും അന്ന്‌ രംഗത്തുണ്ടായില്ല. 




സംഭവം നടക്കുമ്പോള്‍ ഐ ജി റാങ്കിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‌ എങ്ങനെയാണ്‌ ഇത്രത്തോളം സ്വാധീനം ചെലുത്താന്‍ സാധിച്ചത്‌ എന്നതാണ്‌ പ്രധാന വിഷയം. താഴേത്തട്ടില്‍ ജോലിചെയ്യുന്ന പോലീസ്‌ ഉദ്യോഗസ്ഥരെ തന്റെ അധികാരം ഉപയോഗിച്ചു ചൊല്‍പ്പടിക്കു നിര്‍ത്താന്‍ കഴിഞ്ഞിരിക്കാം. പക്ഷേ, അതിനുമപ്പുറത്തുള്ള സ്വാധീനം റാത്തോഡിനുണ്ടെന്നു സംഭവങ്ങളുടെ ഗതിവിഗതികള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ പ്രയാസമില്ല. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന്‌ ആരോപിച്ചു പിതാവ്‌ സമര്‍പ്പിച്ച പരാതിയില്‍ ഫസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്‌ (എഫ്‌ ഐ ആര്‍) രജിസ്റ്റര്‍ ചെയ്യാന്‍ പോലൂം ഹരിയാന പോലീസ്‌ തയ്യാറായില്ല. 





പിന്നീട്‌ കോടതി ഇടപെടലിലൂടെ അന്വേഷണം സി ബി ഐക്കു കൈമാറിയപ്പോള്‍ രുചികയുടെ ആത്മഹത്യയുടെ ഉത്തരവാദിത്വം എസ്‌ പി എസ്‌ റാത്തോഡിനു മേല്‍ ചുമത്തേണ്ട എന്ന്‌ ഇന്ത്യയിലെ ഏറ്റവും സവിശേഷമായ ഈ അന്വേഷണ ഏജന്‍സി അഭിപ്രായപ്പെട്ടു. നിലവിലുള്ള കേസ്‌ ദുര്‍ബലമാവുമെന്നതായിരുന്നു സി ബി ഐ ഉദ്യോഗസ്ഥരുടെ വാദം. ഇതു കേട്ടയുടന്‍ ആത്മഹത്യയുടെ ഉത്തരവാദിത്വം എന്ന കുറ്റാരോപണം ഒഴിവാക്കാന്‍ ചണ്ഡീഗഢ്‌ ആന്‍ഡ്‌ ഹരിയാന ഹൈക്കോടതി വിചാരണക്കോടതിക്ക്‌ നിര്‍ദേശം നല്‍കി. ഒട്ടും ദുര്‍ബലമാക്കാതെ സി ബി ഐ സമര്‍പ്പിച്ച കേസില്‍ വിചാരണ പൂര്‍ത്തിയായപ്പോള്‍ റാത്തോഡിന്‌ ലഭിച്ച ശിക്ഷ ആറു മാസത്തെ കഠിന തടവും ആയിരം രൂപ പിഴയും. ശിക്ഷ വിധിച്ച കോടതി അപ്പീല്‍ നല്‍കാനുള്ള അവസരം നല്‍കി റാത്തോഡിന്‌ ഉടന്‍ ജാമ്യം അനുവദിക്കുകയും ചെയ്‌തു.




പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി കയ്യേറ്റം ചെയ്‌ത കേസില്‍ ഉള്‍പ്പെട്ട പോലീസ്‌ ഉദ്യോഗസ്ഥന്‌ കാലാകാലങ്ങളില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കിയ സര്‍ക്കാറുകള്‍, ലൈംഗിക കയ്യേറ്റക്കുറ്റം അന്വേഷിച്ചപ്പോള്‍ കേസ്‌ അട്ടിമറിക്കാന്‍ റാത്തോഡ്‌ കാട്ടിയ ക്രൂരതകളെ നിസ്സാരമായി കണ്ട സി ബി ഐ ഉദ്യോഗസ്ഥര്‍, കേസ്‌ നടത്തിപ്പിലെ കാലതാമസം, റാത്തോഡിന്റെ പ്രായം എന്നിവ കണക്കിലെടുത്ത്‌ ലഘുവായ ശിക്ഷമാത്രം വിധിച്ച നീതിന്യായ സംവിധാനം. ഇതില്‍ ആരെയൊക്കെ നാം പ്രതിസ്ഥാനത്ത്‌ നിര്‍ത്തണം. 





ലൈംഗിക കയ്യേറ്റവും കേസ്‌ ഒതുക്കിത്തീര്‍ക്കുന്നതിന്‌ റാത്തോഡിന്റെ നിര്‍ദേശപ്രകാരമുള്ള ക്രൂരതകളും നടക്കുന്ന ആദ്യഘട്ടത്തില്‍ ഓം പ്രകാശ്‌ ചൗത്താലയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷനല്‍ ലോക്‌ദളിന്റെ സര്‍ക്കാറാണ്‌ ഹരിയാനയില്‍ അധികാരത്തിലിരുന്നത്‌. കോണ്‍ഗ്രസ്‌ നേതാക്കളായ ഭജന്‍ ലാലും ബന്‍സി ലാലും മുഖ്യമന്ത്രിമാരായിരുന്നപ്പോഴാണ്‌ റാത്തോഡിന്‌ സ്ഥാനക്കയറ്റം നല്‍കിയത്‌. റാത്തോഡിന്‌ ഈ ഭരണകൂടങ്ങളില്‍ നിന്നു സഹായം ലഭിച്ചിരുന്നോ എന്നത്‌ അന്വേഷിക്കപ്പെടേണ്ടതാണ്‌. ഏതൊക്കെ രാഷ്‌ട്രീയ നേതാക്കളാണ്‌ സഹായിക്കാന്‍ മുന്‍കൈ എടുത്തത്‌ എന്നത്‌ പുറത്തുവരേണ്ടതുമാണ്‌. 




സി ബി ഐയെ സ്വാധീനിക്കാന്‍ റാത്തോഡ്‌ ശ്രമിച്ചിരുന്നുവെന്നു തുറന്നു പറഞ്ഞത്‌ ഏജന്‍സിയില്‍ ഡെപ്യൂട്ടി ഡയറക്‌ടറായി വിരമിച്ച ആര്‍ എം സിംഗാണ്‌. തന്റെ മേലുദ്യോഗസ്ഥരെ റാത്തോഡ്‌ സ്വാധീനിച്ചിട്ടുണ്ടാവാം എന്ന സംശയം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്‌തു. സ്വാധീനത്തിനു വഴങ്ങിയാണോ ആത്മഹത്യാക്കുറ്റം റാത്തോഡിനുമേല്‍ ചുമത്തേണ്ട എന്നു സി ബി ഐ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്‌ എന്നതും പുറത്തുവരണം. രുചികയുടെയും ആരാധനയുടെയും കുടുംബങ്ങളെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച്‌ അന്നു സി ബി ഐ അന്വേഷിക്കാതിരുന്നത്‌ എന്തുകൊണ്ടാണെന്നും അറിയണം. 1998ല്‍ അന്വേഷണം ഏറ്റെടുത്ത സി ബി ഐ രണ്ടായിരത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നിട്ടും ഒമ്പതു വര്‍ഷം വേണ്ടിവന്നു വിചാരണ പൂര്‍ത്തിയാകാന്‍. കോടതി നടപടികള്‍ പൂര്‍ത്തിയാവാനുണ്ടായ കാലതാമസം ശിക്ഷ തീരുമാനിച്ചപ്പോള്‍ റാത്തോഡിന്‌ ഗുണകരമായത്‌ എന്തുകൊണ്ടാണെന്നതിനും വിശദീകരണം ആവശ്യമായി വരുന്നു. 





കൗമാരമധ്യത്തില്‍വെച്ചു ലൈംഗികമായ കയ്യേറ്റത്തിന്‌ ഇരയായ പെണ്‍കുട്ടിക്കും അവളുടെ കുടുംബത്തിനും മാനസികവും ധാര്‍മികവുമായി പിന്തുണ നല്‍കി കൂടെ നില്‍ക്കേണ്ടിയിരുന്ന സമൂഹം കാട്ടിയ ഉത്തരവാദിത്വമില്ലായ്‌മ പരിശോധിക്കപ്പെടണം. ഫീസൊടുക്കിയില്ലെന്ന കാരണം പറഞ്ഞ്‌ രുചികയെ സ്‌കൂളില്‍ നിന്നു പുറത്താക്കാന്‍ മുന്‍കൈയെടുത്ത ക്രിസ്‌തുദാസന്‍മാരായ മാനേജര്‍മാര്‍ക്കും അധ്യാപകര്‍ക്കുമെതിരെ എന്ത്‌ നടപടിയാണ്‌ ഉണ്ടാവുക എന്നതും അറിയണം. 





ഇപ്പോള്‍ നാം കേള്‍ക്കുന്ന കോലാഹലങ്ങളെല്ലാം എസ്‌ പി എസ്‌ റാത്തോഡിനെ കേന്ദ്രീകരിച്ച്‌ മാത്രമുള്ളതാണ്‌. ആത്മഹത്യയുടെ ഉത്തരവാദിത്വം റാത്തോഡിനു മേല്‍ ചുമത്തി കൂടുതല്‍ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന്‌ നടപടികള്‍ സ്വീകരിക്കുന്നതില്‍ മാത്രം ഇവ ഒതുങ്ങിനില്‍ക്കുന്നു. തന്നെ അനധികൃതമായി കസ്റ്റഡിയിലെടുത്ത്‌ മൂന്നാം മുറക്ക്‌ വിധേയനാക്കി എന്നത്‌ സംബന്ധിച്ച്‌ രുചികയുടെ സഹോദരന്‍ നല്‍കിയ പരാതിയിലും അന്വേഷണം നടന്നേക്കാം. പക്ഷേ, കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ നടന്ന ശ്രമങ്ങളില്‍ കൂട്ടുനിന്ന രാഷ്‌ട്രീയ നേതാക്കളെക്കുറിച്ചും ഉദ്യോഗസ്ഥ മേധാവികളെക്കുറിച്ചുമൊന്നും ഒന്നും പുറത്തുവരാന്‍ പോകുന്നില്ല. റാത്തോഡിനെ സംബന്ധിച്ചു വരും ദിവസങ്ങള്‍ ബുദ്ധിമുട്ടേറിയതായിരിക്കും. പക്ഷേ, നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാന്‍ ഏതറ്റം വരെ പോകാനും മടിയില്ലാത്ത രാഷ്‌ട്രീയ, ഉദ്യോഗസ്ഥ ഗൂഢ സംഘത്തിനു ബുദ്ധിമുട്ടൊന്നുമുണ്ടാവാന്‍ ഇടയില്ല. 




ക്രിമിനല്‍ നടപടിച്ചട്ടത്തില്‍ ഭേദഗതി വരുത്തുന്നതിനു നടപടികള്‍ സ്വീകരിക്കാന്‍ രുചിക കേസ്‌ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിച്ചിട്ടുണ്ട്‌. പരാതികളെല്ലാം എഫ്‌ ഐ ആറായി രജിസ്റ്റര്‍ ചെയ്യണമെന്നത്‌ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ബലാത്സംഗം പോലുള്ള കേസുകളുടെ വിചാരണ രണ്ട്‌ മാസത്തിനകം പൂര്‍ത്തിയാക്കാന്‍ വ്യവസ്ഥ ചെയ്‌തു കൊണ്ടുവന്ന ഭേദഗതി പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്‌തു. അറസ്റ്റ്‌ ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കിയും വിജ്ഞാപനം പുറപ്പെടുവിച്ചു. അറസ്റ്റിലാവുന്നയാളെ ഉടന്‍ വൈദ്യപരിശോധനക്കു വിധേനാക്കണമെന്നത്‌ നിര്‍ബന്ധമാക്കുകയും ചെയ്‌തിട്ടുണ്ട്‌. അറസ്റ്റ്‌ ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി സുപ്രീം കോടതി വര്‍ഷങ്ങള്‍ക്കു മുമ്പേ ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. ഒരാളെ അറസ്റ്റ്‌ ചെയ്യുമ്പോള്‍ ബന്ധുക്കളെ അല്ലെങ്കില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളെ വിവരം അറിയിക്കണമെന്നാണ്‌ സുപ്രീം കോടതി ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്‌. ഇതൊന്നും പാലിക്കപ്പെടാറില്ലെന്നത്‌ വസ്‌തുത. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്രാബല്യത്തിലാക്കിയ ഭേദഗതികളും പുല്ലു തിന്നാനുള്ള സാധ്യത കുറവ്‌. 





മാത്രമല്ല, ഇതെല്ലാം അറസ്റ്റ്‌ രേഖപ്പെടുത്തുന്ന കേസുകളില്‍ മാത്രമാണ്‌. അനധികൃതമായ കസ്റ്റഡി അനിയന്ത്രിതമായി തുടരുന്ന പോലീസാണ്‌ നമ്മുടെ രാജ്യത്തുള്ളത്‌. വീട്ടില്‍ നിന്ന്‌ വിളിച്ചിറക്കിക്കൊണ്ടുപോവുന്ന ഒരാളെ ആഴ്‌ചകള്‍ക്കു ശേഷം മറ്റൊരിടത്തു നിന്നു സംശയാസ്‌പദ സാഹചര്യത്തില്‍ പിടികൂടി എന്ന്‌ രേഖപ്പെടുത്തുന്ന പ്രാകൃതമായ സമ്പ്രദായം. ഈ സമ്പ്രദായത്തിന്റെ ഇര കൂടിയാണ്‌ രുചികയുടെ സഹോദരന്‍. ഇത്തരം അനധികൃത കസ്റ്റഡിയും മറ്റും ഇല്ലാതാക്കാന്‍ നടപടി ഇപ്പോഴും ഉണ്ടാവുന്നില്ല. 




ഈ കീഴ്‌വഴക്കങ്ങള്‍ നമ്മെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു - രുചികയുടെ രക്തസാക്ഷിത്വം അല്‍പ്പകാലം കൂടി വാര്‍ത്തകളിലുണ്ടാവും. പുതിയ കേസില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള തന്ത്രങ്ങളുമായി റാത്തോഡ്‌ മുന്നോട്ടുപോകും. മറ്റു കാര്യങ്ങളെല്ലാം മറവിയിലേക്ക്‌ മടങ്ങും. അടുത്തൊരു രുചിയയുണ്ടാവുമ്പോള്‍ നാം ഓര്‍മകളില്‍ തിരഞ്ഞ്‌ ഇവളെ വീണ്ടും ഓര്‍ക്കും. അത്രമാത്രം.