2010-01-31

ഗാന്ധിജി വധം (മാതൃഭൂമി വക)


1948 ഫെബ്രുവരി 26ന്‌ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു ആഭ്യന്തര മന്ത്രിയായ സര്‍ദാര്‍ വല്ലഭ്‌ ഭായ്‌ പട്ടേലിനെഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു- ``നമ്മുടെ ഓഫീസുകളിലും പോലീസ്‌ സേനയിലും ആര്‍ എസ്‌ എസ്‌ നുഴഞ്ഞുകയറിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഔദ്യോഗിക രഹസ്യങ്ങള്‍ സൂക്ഷിക്കാനാവുന്നില്ല.'' 1948 ഫെബ്രുവരി 27നു സര്‍ദാര്‍ പട്ടേല്‍ പ്രധാനമന്ത്രിക്കു നല്‍കിയ മറുപടിയില്‍ ഇങ്ങനെ പറഞ്ഞു - ``സവര്‍ക്കറുടെ നേതൃത്വത്തില്‍ ഹിന്ദു മഹാസഭയിലെ ഒരു സംഘമാളുകളാണ്‌ മഹാത്‌മാ ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത്‌. അത്‌ അവര്‍ അനുഭവത്തില്‍ കൊണ്ടുവരികയും ചെയ്‌തു.'' - സര്‍ദാര്‍ പട്ടേല്‍സ്‌ കറസ്‌പോണ്ടന്‍സില്‍ നിന്ന്‌.ഗാന്ധിജിയുടെ വധത്തിനു ശേഷം രാഷ്‌ട്രീയ സ്വയം സേവക്‌ സംഘിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. നിരോധത്തിനു വിശദീകരണം നല്‍കിക്കൊണ്ട്‌ സര്‍സംഘചാലകായിരുന്ന മാധവറാവു സദാശിവറാവു ഗോള്‍വാള്‍ക്കര്‍ക്ക്‌ സര്‍ദാര്‍ പട്ടേല്‍ എഴുതിയ കത്തില്‍, ഗാന്ധിജിയെ കൊലപ്പെടുത്തിയതില്‍ ആര്‍ എസ്‌ എസിനു പങ്കുണ്ടെന്നു വ്യക്തമായി പറയുകയും ചെയ്‌തിരുന്നു. 62 വര്‍ഷം മാത്രം പഴക്കമുള്ള കാര്യങ്ങളാണിത്‌. മഹാത്‌മാഗാന്ധിക്കു നേര്‍ക്കു വെടിയുതിര്‍ത്ത നാഥുറാം വിനായക്‌ ഗോഡ്‌സെ ഹിന്ദു മഹാസഭയില്‍ അംഗമായിരുന്നു. ആര്‍ എസ്‌ എസിലും.ഗോഡ്‌സെക്കൊപ്പം ഗാന്ധി വധക്കേസില്‍ ആരോപണവിധേയരായവര്‍ ഇവരാണ്‌ - നാഥുറാം വിനായക്‌ ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ, ഗോപാല്‍ ഗോഡ്‌സെ, മദന്‍ലാല്‍ പഹ്വ, ശങ്കര്‍ കിസ്‌തയ്യ, ദിഗംബര്‍ ബഡ്‌ഗെ, വിനായക്‌ ഡി സവര്‍ക്കര്‍, വിഷ്‌ണു കാര്‍ക്കറെ. ഇതില്‍ നാഥുറാമിനെയും നാരായണ്‍ ആപ്‌തെയെയും തൂക്കിലേറ്റി. വിനായക്‌ ഡി സവര്‍ക്കറെ കോടതി വെറുതെവിട്ടു. ദിഗംബര്‍ ബഡ്‌ഗെ മാപ്പുസാക്ഷിയായി. ബാക്കിയുള്ളവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ആരോപണവിധേയരില്‍ ഏറെക്കുറെ എല്ലാവരും ഹിന്ദു രാഷ്‌ട്രത്തിനു വേണ്ടി വാദിച്ചവരോ ഈ ആശയം പ്രചരിപ്പിച്ചവരോ ആയിരുന്നു. ഇത്‌ ഏവരും അംഗീകരിക്കുന്നതുമാണ്‌.വിനായക്‌ ഡി സവര്‍ക്കറെ കോടതി വെറുതെവിട്ടുവെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്‌ മഹാത്‌മാ ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടന്നത്‌ എന്ന്‌ സര്‍ദാര്‍ പട്ടേല്‍ പോലും വിശ്വസിച്ചിരുന്നു. ആര്‍ എസ്‌ എസും അതിന്റെ രാഷ്‌ട്രീയ ആയുധമായ ബി ജെ പിയും തങ്ങളുടെ സ്വന്തമെന്ന്‌ അവകാശപ്പെടുന്നയാളാണ്‌ സര്‍ദാര്‍ പട്ടേല്‍. അതുകൊണ്ടാണ്‌ സവര്‍ക്കര്‍ ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്നു പട്ടേല്‍ പോലും വിശ്വസിച്ചിരുന്നു എന്ന്‌ പ്രത്യേകം എടുത്തെഴുതിയത്‌.ചരിത്ര വിവരണത്തില്‍ നിന്നു വര്‍ത്തമാനത്തിലേക്കു വരാം. വലതുപക്ഷ തീവ്രവാദത്തെക്കുറിച്ചു ബ്ലോഗില്‍ കണ്ട കുറിപ്പിനോട്‌ പ്രതികരിക്കവെ അജ്ഞാതനായിരിക്കാന്‍ താത്‌പര്യപ്പെടുന്ന സംഘപരിവാറുകാരന്‍ (താന്‍ സംഘപരിവാരത്തിന്റെ ഭാഗമാണെന്ന്‌ അദ്ദേഹം തന്നെ സൂചിപ്പിക്കുന്നുണ്ട്‌) നല്‍കിയ ഉപദേശത്തിലെ അവസാന വാചകങ്ങള്‍ ഇതാണ്‌. ``ഒടുവില്‍ ഗുജറാത്തിന്റെ ജി ഡി പി 14 ശതമാനമായപ്പോള്‍ താങ്കള്‍ എഴുതിയോ? മാതൃഭൂമി പേപ്പര്‍ എപ്പോഴെങ്കിലും വായിക്കുന്നത്‌ നന്നായിരിക്കും'' സംഘപരിവാരത്തിന്റെ ഭാഗമെന്നു പരസ്യപ്പെടുത്താന്‍ മടിയില്ലാത്ത ഈ അജ്ഞാതന്‍, സ്വാതന്ത്ര്യ സമരത്തിന്റെയും സ്വതന്ത്രവും നിര്‍ഭയവുമായ പത്രപ്രവര്‍ത്തനത്തിന്റെയും പൈതൃകം അവകാശപ്പെടുന്ന മാതൃഭൂമി വായിക്കാന്‍ ശിപാര്‍ശ ചെയ്‌തതിന്റെ കാരണം മനസ്സിലായിരുന്നില്ല.
ഗുജറാത്തിന്റെ ജി ഡി പി 14 ശതമാനമായി എന്ന വാര്‍ത്ത വലുതാക്കിക്കൊടുത്തതുകൊണ്ടോ ഗുജറാത്ത്‌ നേടുന്ന വളര്‍ച്ചയെ അഭിനന്ദിച്ചു ലേഖനമോ മുഖപ്രസംഗമോ എഴുതിയതു കൊണ്ടോ മാതൃഭൂമി പത്രത്തിന്റെ നിലപാട്‌ ബി ജെ പിക്കോ സംഘ രാഷ്‌ട്രീയത്തിനോ അനുകൂലമാണെന്നു വിലയിരുത്തുന്നത്‌ സര്‍വാബദ്ധമായിരിക്കും. എന്നിട്ടും അജ്ഞാതന്‍ എന്തുകൊണ്ട്‌ ഇങ്ങനെ ശിപാര്‍ശ ചെയ്‌തു എന്നു മനസ്സിലായത്‌ 2010 ജനുവരി 29ന്‌ ഇറങ്ങിയ മാതൃഭൂമി പത്രത്തിന്റെ `വിദ്യ' എന്ന പേജ്‌ കണ്ടപ്പോഴാണ്‌. വിദ്യാര്‍ഥികള്‍ക്കു വേണ്ടി പ്രത്യേകം തയ്യാറാക്കുന്നതാണ്‌ ഈ പേജ്‌.ഈ പേജില്‍ ഗാന്ധിജിയുടെ വധത്തെക്കുറിച്ചു കെ കെ വാസു എഴുതിയ കുറിപ്പ്‌ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌ - ``ഗാന്ധിജിയെ വധിക്കാന്‍ ഒരു സംഘമാളുകള്‍ നാളുകള്‍ക്കു മുമ്പേ തയ്യാറെടുപ്പ്‌ നടത്തിയിരുന്നു. കൊലപാതക സംഘത്തില്‍ ഏഴു പേരുണ്ടായിരുന്നു.'' കേസില്‍ ആരോപണ വിധേയനാവുകയും പിന്നീട്‌ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്‌ത വിനായക്‌ ഡി സവര്‍ക്കര്‍ ഒഴികെയുള്ളവരാണ്‌ ഏഴംഗ സംഘം. കൊല ആസൂത്രണം ചെയ്‌തത്‌, 1948 ജനുവരി 20ന്‌ നടന്ന ആദ്യത്തെ ശ്രമം, 1948 ജനുവരി 30ന്‌ ഗാന്ധിജിയെ വധിച്ചത്‌ എന്നിവ സംക്ഷിപ്‌തമായി കുറിപ്പില്‍ തുടര്‍ന്നു വിവരിക്കുന്നു. 
ഇതിലൊരിടത്തും പ്രതികളുടെ തീവ്ര ഹൈന്ദവ രാഷ്‌ട്രീയ നിലപാടിനെ സൂചിപ്പിച്ചിട്ടില്ല. നാഥുറാം വിനായക്‌ ഗോഡ്‌സെ വെറും നാഥുറാം വിനായക്‌ ഗോഡ്‌സെയാണ്‌. ഹിന്ദു മഹാസഭയിലോ ആര്‍ എസ്‌ എസിലോ ഗോഡ്‌സെക്ക്‌ അംഗത്വമുണ്ടായിരുന്നുവെന്ന സൂചന പോലുമില്ല. കേസില്‍ ആരോപണവിധേയനായ വിനായക്‌ ഡി സവര്‍ക്കറെക്കുറിച്ചു പരാമര്‍ശവുമില്ല. ഏഴുപേരടങ്ങുന്ന സംഘം ഒരു സുപ്രഭാതത്തില്‍ ഗാന്ധിജിയെ വധിക്കാന്‍ തീരുമാനിച്ചു. അവരതിന്‌ നാളുകള്‍ക്കു മുമ്പേ തയ്യാറെടുപ്പ്‌ നടത്തി. ആദ്യം ബോംബ്‌ സ്‌ഫോടനത്തിലൂടെ വധിക്കാന്‍ ശ്രമിച്ചു. പിന്നീട്‌ നാഥുറാം ഗോഡ്‌സെ വെടിവെച്ചു കൊന്നു. ഇതിലപ്പുറം ലളിതമായി ഗാന്ധി വധത്തെക്കുറിച്ചു വിദ്യാര്‍ഥികള്‍ക്കു പറഞ്ഞുകൊടുക്കാന്‍ കഴിയില്ല തന്നെ. കുറിപ്പിന്റെ തുടക്കത്തില്‍ ``ഒരു സംഘമാളുകള്‍'' എന്ന്‌ എഴുതിയത്‌ ഒരു കൂട്ടമാളുകള്‍ എന്ന്‌ മാറ്റിയിരുന്നുവെങ്കില്‍ `സംഘ'മെന്ന പ്രയോഗം കൂടി ഒഴിവാക്കി കുറേക്കൂടി സുതാര്യമാക്കാമായിരുന്നു.എന്തുകൊണ്ടാണ്‌ ഇങ്ങനെയൊരു ചരിത്ര പാഠം മുന്നോട്ടുവെക്കപ്പെടുന്നത്‌? ഇത്‌ മനഃപൂര്‍വമല്ലാതെ സംഭവിച്ചുപോകുന്നതാണോ? ബ്ലോഗില്‍ അജ്ഞാതന്‍ നല്‍കിയ ഉപദേശം അതിനു മറുപടി നല്‍കും. ബോധപൂര്‍വം സൃഷ്‌ടിക്കപ്പെടുന്ന ചരിത്ര പാഠമാണിത്‌. അത്‌ വേണ്ടപ്പെട്ടവര്‍ മനസ്സിലാക്കുന്നുമുണ്ട്‌. അതുകൊണ്ടാണ്‌ സംഘപരിവാര്‍ സഹചാരിയെന്നു സൂചിപ്പിക്കാന്‍ മടിയില്ലാത്ത അജ്ഞാതന്‍ നമ്മോട്‌ മാതൃഭൂമി വായിക്കൂ എന്ന്‌ ഉപദേശിക്കുന്നത്‌.ബാബരി മസ്‌ജിദിന്റെ തകര്‍ച്ചയിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ച്‌ അന്വേഷിച്ച്‌ ജസ്റ്റിസ്‌ ലിബര്‍ഹാന്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ ചോരുകയും അത്‌ പിന്നീട്‌ പാര്‍ലിമെന്റില്‍ വെക്കുകയും ചെയ്‌ത ദിവസങ്ങളില്‍ മാതൃഭൂമി പത്രത്തിനു ബാബരി മസ്‌ജിദ്‌, തര്‍ക്ക മന്ദിരമായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌ ബാബരി മസ്‌ജിദിന്‌. അത്‌ രാമജന്‍മഭൂമിയാണെന്നും അവിടെ മുമ്പ്‌ ക്ഷേത്രമുണ്ടായിരുന്നുവെന്നും ഒരു കൂട്ടര്‍ വാദിക്കുകയും പുരാവസ്‌തു ഗവേഷണ വകുപ്പ്‌ ഇതേക്കുറിച്ചു പഠനം നടത്തുകയും കോടതിയില്‍ കേസ്‌ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാവണം തര്‍ക്ക മന്ദിരം എന്ന വാക്കുപയോഗിക്കാന്‍ പത്രം നയപരമായ തീരുമാനമെടുക്കുന്നത്‌. രാഷ്‌ട്രീയ, സാമൂഹിക പ്രശ്‌നങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുമായി ബന്ധപ്പെട്ട്‌ തര്‍ക്ക മന്ദിരം എന്ന വാക്കുപയോഗിക്കുന്നതില്‍ അപാകം കാണുന്നവര്‍ കുറവുമല്ല. അല്ലെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തര്‍ക്ക മന്ദിരം എന്നുപയോഗിക്കുന്നതാണ്‌ നന്നാവുക എന്ന്‌ വാര്‍ത്ത എഴുതിയ ലേഖകന്‍ തീരുമാനിച്ചതുമാവാം.ഇവിടെ പക്ഷേ, ഇത്തരം ന്യായങ്ങളൊന്നും ബാധകമല്ല. 62 വര്‍ഷം മുമ്പ്‌ പകല്‍ വെളിച്ചത്തില്‍ നടന്ന സംഭവം. അതിലെ പ്രതികളുടെ തീവ്ര ഹിന്ദുത്വ നിലപാടുകളെക്കുറിച്ച്‌ അന്നേ പുറത്തുവന്ന വിവരങ്ങള്‍ ലഭ്യമാണ്‌. സര്‍ദാര്‍ പട്ടേലിനെപ്പോലുള്ളവര്‍ എഴുതിയ വിവരങ്ങളും നമ്മുടെ മുന്നിലുണ്ട്‌. എന്നിട്ടും ഗാന്ധി വധത്തിലെ പ്രതികള്‍ `ഒരു സംഘമാളുകള്‍' മാത്രമാവുന്നു. `ഗാന്ധിജിയുടെ വധം: ഒരു ഫ്‌ളാഷ്‌ ബാക്ക്‌' എന്ന കെ കെ വാസുവിന്റെ കുറിപ്പ്‌ ആ ദിവസത്തില്‍ ഉദയം കൊണ്ട വാര്‍ത്ത പോലെയല്ല. മുന്‍കൂട്ടി ആലോചിച്ചു തയ്യാറാക്കി പ്രസിദ്ധീകരിച്ചതാണ്‌. `ഒരു സംഘമാളുകളുടെ' മനുഷ്വത്വഹീനമായ പ്രവൃത്തിയായി വാസു ഗാന്ധിജിയുടെ വധത്തെ കണ്ടുവെങ്കില്‍ അതിന്റെ വസ്‌തുതകള്‍ ചേര്‍ക്കാന്‍ മാതൃഭൂമിക്ക്‌ ബാധ്യതയുണ്ട്‌. അതില്‍ നിന്നു വിട്ടുനില്‍ക്കുന്നത്‌ കൈയബദ്ധമായി കാണാനാവില്ല.സര്‍ദാര്‍ പട്ടേലിന്റെ വാക്കുകളെ വിശ്വസിക്കേണ്ട. ഗാന്ധിജിയുടെ വധത്തിനു പിന്നില്‍ ആര്‍ എസ്‌ എസാണെന്ന വാര്‍ത്തകളുണ്ടായിരുന്നു എന്നെങ്കിലും ചേര്‍ക്കാമായിരുന്നു. ഗാന്ധിജി വധത്തിനു ശേഷം ആര്‍ എസ്‌ എസിനെ നിരോധിച്ചിരുന്നുവെന്ന വസ്‌തുതയും പറയാമായിരുന്നു. ഇതെല്ലാം മുന്‍കാല മാതൃഭൂമിയുടെ താളുകളില്‍ മഷിപുരണ്ടു ജനങ്ങള്‍ക്കു മുന്നിലെത്തിയ വിവരങ്ങളാണ്‌ എന്ന ഓര്‍മയെങ്കിലും ഉണ്ടാവേണ്ടതാണ്‌. ഗാന്ധിജി മാതൃഭൂമിയിലെത്തിയതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന തിരക്കിലാണ്‌ ആ സ്ഥാപനം. ഗാന്ധിജി ജീവിച്ചിരുന്നപ്പോള്‍ എന്തിനെയാണോ അത്രമേല്‍ ശക്തമായി എതിര്‍ത്തിരുന്നത്‌, അതിനെ വെള്ളപൂശുന്നതിനു പുതുതലമുറയില്‍ നിന്ന്‌ ചരിത്രം തമസ്‌കരിക്കുകയാണ്‌ മാതൃഭൂമി. ഇതൊരു തന്ത്രമാണ്‌. ഒരു ഭാഗത്ത്‌ വെള്ളപൂശുമ്പോള്‍ മറുഭാഗത്ത്‌ കുറ്റപ്പെടുത്തലിനും ആരോപണങ്ങള്‍ നിരത്തുന്നതിനും ഉള്ള ഒരു പഴുതും ഒഴിവാക്കാതിരിക്കുക. അജ്ഞാതനായ ഉപദേശിക്കു നന്ദി പറയാം, കരുതലോടെ ഇരിക്കാം.