2010-01-05

പത്തൊമ്പത്‌ തികഞ്ഞ ചോദ്യങ്ങള്‍ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ സുപ്രധാന അധ്യായമായി മാറിക്കൊണ്ടിരിക്കയാണ്‌ ഹരിയാനയിലെ രുചിക ഗിര്‍ഹോത്ര കേസ്‌. 19 വര്‍ഷത്തിനു ശേഷം പുതിയ കേസ്‌ ചാര്‍ജ്‌ ചെയ്‌ത്‌ മുന്‍ ഡി ജി പി, എസ്‌ പി എസ്‌ റാത്തോഡിനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിക്കുന്നുവെന്നതല്ല, ഈ കേസിനെ പ്രധാനപ്പെട്ടതാക്കുന്നത്‌. അധികാരവും സ്വാധീനവുമുള്ളവര്‍ ഏതു വിധത്തില്‍ നീതിന്യായ സംവിധാനത്തെ മറികടക്കുന്നുവെന്നത്‌ ഈ കേസ്‌ വിവരിച്ചുതരുന്നുവെന്നതാണ്‌. പത്തൊമ്പതു വര്‍ഷം രുചികയുടെയും കേസിലെ സാക്ഷിയായ ആരാധനയുടെയും കുടുംബം അനുഭവിച്ച മാനസിക, ശാരീരിക വ്യഥകള്‍ക്ക്‌ നമ്മുടെ നീതിന്യായ സംവിധാനവും ഭരണകൂടവും എന്ത്‌ നഷ്‌ടപരിഹാരം നല്‍കുമെന്നതുമാണ്‌. 
1990ലാണ്‌ രുചിക എന്ന കൗമാര ടെന്നീസ്‌ താരം അന്ന്‌ ഹരിയാന ലോണ്‍ ടെന്നീസ്‌ അസോസിയേഷന്റെ ഭാരവാഹികൂടിയായിരുന്ന പോലിസ്‌ ഉദ്യോഗസ്ഥന്‍ എസ്‌ പി എസ്‌ റാത്തോഡിന്റെ കയ്യേറ്റത്തിന്‌ ഇരയാവുന്നത്‌. രുചികയുടെ സുഹൃത്തും ടെന്നീസ്‌ കോര്‍ട്ടിലെ പങ്കാളിയുമായിരുന്ന ആരാധനയായിരുന്നു കേസിലെ ഏക സാക്ഷി. അനുരാധയുടെ അമ്മ മധു പ്രകാശ്‌ നടത്തിയ 19 വര്‍ഷം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ്‌ കോടതി ഇപ്പോള്‍ റാത്തോഡിന്‌ ആറു മാസം കഠിന തടവും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചത്‌. രുചികയുടെ കുടുംബത്തോടൊപ്പം ഇവരും വേട്ടയാടപ്പെട്ടു. വേട്ടയാടലിന്റെ ആഴം മധു പ്രകാശും ഭര്‍ത്താവ്‌ ആനന്ദും ഓര്‍ത്തെടുക്കുന്നത്‌ ഇങ്ങനെയാണ്‌ - 

``രുചികയുടെ സഹോദരന്‍ രാഹുലിനെ (ആഷു) കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുത്തു. പോലീസുകാരുടെ ക്രൂരമായ പീഡനം മൂലം രാഹുലിന്റെ കാലുകള്‍ തകര്‍ന്നു. അവരുടെ വീട്‌ റാത്തോഡിന്റെ അഭിഭാഷകന്‍ സ്വന്തമാക്കി. വീട്‌ വില്‍ക്കാന്‍ സുഭാഷിനെ (രുചികയുടെ പിതാവ്‌) ഭീഷണിപ്പെടുത്തുകയായിരുന്നു. ആരാധനയെ പിന്തുടരാന്‍ ആളുകളെ നിയോഗിച്ചിരുന്നു. എനിക്കും ഭര്‍ത്താവ്‌ ആനന്ദിനുമെതിരെ കള്ളക്കേസുകളുണ്ടായി. ആരാധനക്കെതിരെയും കേസുകള്‍. ആനന്ദ്‌ ജോലിയില്‍ നിന്നു സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ടു. കാലാവധി പൂര്‍ത്തിയാവും മുമ്പ്‌ നിര്‍ബന്ധിത വിരമിക്കലിനു വിധേയനാവുകയും ചെയ്‌തു. നാനൂറിലേറെത്തവണയാണ്‌ ഇവര്‍ കോടതികളില്‍ കയറിയിറങ്ങിയത്‌. റാത്തോഡിന്റെയാളുകളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ രഹസ്യമായി സഞ്ചരിക്കേണ്ടിവന്നു. വാഹനങ്ങള്‍ മാറിക്കയറി കോടതികളിലേക്ക്‌ യാത്ര ചെയ്‌തു.''
മാഫിയാ നേതാവിന്റെ കണ്ണില്‍ കരടായി മാറുന്ന നായക കഥാപാത്രത്തിനും കുടുംബത്തിനും അനുഭവിക്കേണ്ടിവരുന്ന യാതനകള്‍ ചലച്ചിത്രങ്ങളില്‍ കണ്ട ഓര്‍മ നല്‍കുന്നുണ്ടാവും ഈ വാചകങ്ങള്‍. ഇവിടെ മാഫിയാ നേതാവിന്റെ സ്ഥാനത്ത്‌ പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്‌. അധികാരവും സ്വാധീനവുമുള്ള ഇയാളുടെ കൂട്ടാളികള്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ തന്നെയാണ്‌. ഒരു പക്ഷേ, രാഷ്‌ട്രീയക്കാരും. 19 വര്‍ഷം രുചികയുടെയും ആരാധനയുടെയും കുടുംബം ക്രൂരതകള്‍ക്ക്‌ ഇരയാവുമ്പോള്‍ എസ്‌ പി എസ്‌ റാത്തോഡിന്‌ സ്ഥാനക്കയറ്റങ്ങളുണ്ടായി. കേസിന്‌ ആസ്‌പദമായ സംഭവം നടക്കുമ്പോള്‍ ഐ ജിയായിരുന്ന അദ്ദേഹം ഡി ജി പിയായി. സസുഖം സേവനത്തില്‍ നിന്ന്‌ വിരമിച്ചു. ഇതിനിടക്ക്‌ രുചിക സ്വയം ജീവനൊടുക്കിയിരുന്നു. ഈ ആത്മാഹുതി പോലും ഭരണസംവിധാനത്തിന്റെ കണ്ണില്‍ വെളിച്ചമായുദിച്ചില്ല. 
രുചികക്കും കുടുംബത്തിനും നീതി ആവശ്യപ്പെട്ട്‌ മുറവിളികൂട്ടുന്ന മാധ്യമങ്ങളൊന്നും അന്ന്‌ രംഗത്തുണ്ടായില്ല. 
സംഭവം നടക്കുമ്പോള്‍ ഐ ജി റാങ്കിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‌ എങ്ങനെയാണ്‌ ഇത്രത്തോളം സ്വാധീനം ചെലുത്താന്‍ സാധിച്ചത്‌ എന്നതാണ്‌ പ്രധാന വിഷയം. താഴേത്തട്ടില്‍ ജോലിചെയ്യുന്ന പോലീസ്‌ ഉദ്യോഗസ്ഥരെ തന്റെ അധികാരം ഉപയോഗിച്ചു ചൊല്‍പ്പടിക്കു നിര്‍ത്താന്‍ കഴിഞ്ഞിരിക്കാം. പക്ഷേ, അതിനുമപ്പുറത്തുള്ള സ്വാധീനം റാത്തോഡിനുണ്ടെന്നു സംഭവങ്ങളുടെ ഗതിവിഗതികള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ പ്രയാസമില്ല. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന്‌ ആരോപിച്ചു പിതാവ്‌ സമര്‍പ്പിച്ച പരാതിയില്‍ ഫസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്‌ (എഫ്‌ ഐ ആര്‍) രജിസ്റ്റര്‍ ചെയ്യാന്‍ പോലൂം ഹരിയാന പോലീസ്‌ തയ്യാറായില്ല. 

പിന്നീട്‌ കോടതി ഇടപെടലിലൂടെ അന്വേഷണം സി ബി ഐക്കു കൈമാറിയപ്പോള്‍ രുചികയുടെ ആത്മഹത്യയുടെ ഉത്തരവാദിത്വം എസ്‌ പി എസ്‌ റാത്തോഡിനു മേല്‍ ചുമത്തേണ്ട എന്ന്‌ ഇന്ത്യയിലെ ഏറ്റവും സവിശേഷമായ ഈ അന്വേഷണ ഏജന്‍സി അഭിപ്രായപ്പെട്ടു. നിലവിലുള്ള കേസ്‌ ദുര്‍ബലമാവുമെന്നതായിരുന്നു സി ബി ഐ ഉദ്യോഗസ്ഥരുടെ വാദം. ഇതു കേട്ടയുടന്‍ ആത്മഹത്യയുടെ ഉത്തരവാദിത്വം എന്ന കുറ്റാരോപണം ഒഴിവാക്കാന്‍ ചണ്ഡീഗഢ്‌ ആന്‍ഡ്‌ ഹരിയാന ഹൈക്കോടതി വിചാരണക്കോടതിക്ക്‌ നിര്‍ദേശം നല്‍കി. ഒട്ടും ദുര്‍ബലമാക്കാതെ സി ബി ഐ സമര്‍പ്പിച്ച കേസില്‍ വിചാരണ പൂര്‍ത്തിയായപ്പോള്‍ റാത്തോഡിന്‌ ലഭിച്ച ശിക്ഷ ആറു മാസത്തെ കഠിന തടവും ആയിരം രൂപ പിഴയും. ശിക്ഷ വിധിച്ച കോടതി അപ്പീല്‍ നല്‍കാനുള്ള അവസരം നല്‍കി റാത്തോഡിന്‌ ഉടന്‍ ജാമ്യം അനുവദിക്കുകയും ചെയ്‌തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി കയ്യേറ്റം ചെയ്‌ത കേസില്‍ ഉള്‍പ്പെട്ട പോലീസ്‌ ഉദ്യോഗസ്ഥന്‌ കാലാകാലങ്ങളില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കിയ സര്‍ക്കാറുകള്‍, ലൈംഗിക കയ്യേറ്റക്കുറ്റം അന്വേഷിച്ചപ്പോള്‍ കേസ്‌ അട്ടിമറിക്കാന്‍ റാത്തോഡ്‌ കാട്ടിയ ക്രൂരതകളെ നിസ്സാരമായി കണ്ട സി ബി ഐ ഉദ്യോഗസ്ഥര്‍, കേസ്‌ നടത്തിപ്പിലെ കാലതാമസം, റാത്തോഡിന്റെ പ്രായം എന്നിവ കണക്കിലെടുത്ത്‌ ലഘുവായ ശിക്ഷമാത്രം വിധിച്ച നീതിന്യായ സംവിധാനം. ഇതില്‍ ആരെയൊക്കെ നാം പ്രതിസ്ഥാനത്ത്‌ നിര്‍ത്തണം. 

ലൈംഗിക കയ്യേറ്റവും കേസ്‌ ഒതുക്കിത്തീര്‍ക്കുന്നതിന്‌ റാത്തോഡിന്റെ നിര്‍ദേശപ്രകാരമുള്ള ക്രൂരതകളും നടക്കുന്ന ആദ്യഘട്ടത്തില്‍ ഓം പ്രകാശ്‌ ചൗത്താലയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷനല്‍ ലോക്‌ദളിന്റെ സര്‍ക്കാറാണ്‌ ഹരിയാനയില്‍ അധികാരത്തിലിരുന്നത്‌. കോണ്‍ഗ്രസ്‌ നേതാക്കളായ ഭജന്‍ ലാലും ബന്‍സി ലാലും മുഖ്യമന്ത്രിമാരായിരുന്നപ്പോഴാണ്‌ റാത്തോഡിന്‌ സ്ഥാനക്കയറ്റം നല്‍കിയത്‌. റാത്തോഡിന്‌ ഈ ഭരണകൂടങ്ങളില്‍ നിന്നു സഹായം ലഭിച്ചിരുന്നോ എന്നത്‌ അന്വേഷിക്കപ്പെടേണ്ടതാണ്‌. ഏതൊക്കെ രാഷ്‌ട്രീയ നേതാക്കളാണ്‌ സഹായിക്കാന്‍ മുന്‍കൈ എടുത്തത്‌ എന്നത്‌ പുറത്തുവരേണ്ടതുമാണ്‌. 
സി ബി ഐയെ സ്വാധീനിക്കാന്‍ റാത്തോഡ്‌ ശ്രമിച്ചിരുന്നുവെന്നു തുറന്നു പറഞ്ഞത്‌ ഏജന്‍സിയില്‍ ഡെപ്യൂട്ടി ഡയറക്‌ടറായി വിരമിച്ച ആര്‍ എം സിംഗാണ്‌. തന്റെ മേലുദ്യോഗസ്ഥരെ റാത്തോഡ്‌ സ്വാധീനിച്ചിട്ടുണ്ടാവാം എന്ന സംശയം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്‌തു. സ്വാധീനത്തിനു വഴങ്ങിയാണോ ആത്മഹത്യാക്കുറ്റം റാത്തോഡിനുമേല്‍ ചുമത്തേണ്ട എന്നു സി ബി ഐ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്‌ എന്നതും പുറത്തുവരണം. രുചികയുടെയും ആരാധനയുടെയും കുടുംബങ്ങളെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച്‌ അന്നു സി ബി ഐ അന്വേഷിക്കാതിരുന്നത്‌ എന്തുകൊണ്ടാണെന്നും അറിയണം. 1998ല്‍ അന്വേഷണം ഏറ്റെടുത്ത സി ബി ഐ രണ്ടായിരത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നിട്ടും ഒമ്പതു വര്‍ഷം വേണ്ടിവന്നു വിചാരണ പൂര്‍ത്തിയാകാന്‍. കോടതി നടപടികള്‍ പൂര്‍ത്തിയാവാനുണ്ടായ കാലതാമസം ശിക്ഷ തീരുമാനിച്ചപ്പോള്‍ റാത്തോഡിന്‌ ഗുണകരമായത്‌ എന്തുകൊണ്ടാണെന്നതിനും വിശദീകരണം ആവശ്യമായി വരുന്നു. 

കൗമാരമധ്യത്തില്‍വെച്ചു ലൈംഗികമായ കയ്യേറ്റത്തിന്‌ ഇരയായ പെണ്‍കുട്ടിക്കും അവളുടെ കുടുംബത്തിനും മാനസികവും ധാര്‍മികവുമായി പിന്തുണ നല്‍കി കൂടെ നില്‍ക്കേണ്ടിയിരുന്ന സമൂഹം കാട്ടിയ ഉത്തരവാദിത്വമില്ലായ്‌മ പരിശോധിക്കപ്പെടണം. ഫീസൊടുക്കിയില്ലെന്ന കാരണം പറഞ്ഞ്‌ രുചികയെ സ്‌കൂളില്‍ നിന്നു പുറത്താക്കാന്‍ മുന്‍കൈയെടുത്ത ക്രിസ്‌തുദാസന്‍മാരായ മാനേജര്‍മാര്‍ക്കും അധ്യാപകര്‍ക്കുമെതിരെ എന്ത്‌ നടപടിയാണ്‌ ഉണ്ടാവുക എന്നതും അറിയണം. 

ഇപ്പോള്‍ നാം കേള്‍ക്കുന്ന കോലാഹലങ്ങളെല്ലാം എസ്‌ പി എസ്‌ റാത്തോഡിനെ കേന്ദ്രീകരിച്ച്‌ മാത്രമുള്ളതാണ്‌. ആത്മഹത്യയുടെ ഉത്തരവാദിത്വം റാത്തോഡിനു മേല്‍ ചുമത്തി കൂടുതല്‍ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന്‌ നടപടികള്‍ സ്വീകരിക്കുന്നതില്‍ മാത്രം ഇവ ഒതുങ്ങിനില്‍ക്കുന്നു. തന്നെ അനധികൃതമായി കസ്റ്റഡിയിലെടുത്ത്‌ മൂന്നാം മുറക്ക്‌ വിധേയനാക്കി എന്നത്‌ സംബന്ധിച്ച്‌ രുചികയുടെ സഹോദരന്‍ നല്‍കിയ പരാതിയിലും അന്വേഷണം നടന്നേക്കാം. പക്ഷേ, കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ നടന്ന ശ്രമങ്ങളില്‍ കൂട്ടുനിന്ന രാഷ്‌ട്രീയ നേതാക്കളെക്കുറിച്ചും ഉദ്യോഗസ്ഥ മേധാവികളെക്കുറിച്ചുമൊന്നും ഒന്നും പുറത്തുവരാന്‍ പോകുന്നില്ല. റാത്തോഡിനെ സംബന്ധിച്ചു വരും ദിവസങ്ങള്‍ ബുദ്ധിമുട്ടേറിയതായിരിക്കും. പക്ഷേ, നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാന്‍ ഏതറ്റം വരെ പോകാനും മടിയില്ലാത്ത രാഷ്‌ട്രീയ, ഉദ്യോഗസ്ഥ ഗൂഢ സംഘത്തിനു ബുദ്ധിമുട്ടൊന്നുമുണ്ടാവാന്‍ ഇടയില്ല. 
ക്രിമിനല്‍ നടപടിച്ചട്ടത്തില്‍ ഭേദഗതി വരുത്തുന്നതിനു നടപടികള്‍ സ്വീകരിക്കാന്‍ രുചിക കേസ്‌ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിച്ചിട്ടുണ്ട്‌. പരാതികളെല്ലാം എഫ്‌ ഐ ആറായി രജിസ്റ്റര്‍ ചെയ്യണമെന്നത്‌ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ബലാത്സംഗം പോലുള്ള കേസുകളുടെ വിചാരണ രണ്ട്‌ മാസത്തിനകം പൂര്‍ത്തിയാക്കാന്‍ വ്യവസ്ഥ ചെയ്‌തു കൊണ്ടുവന്ന ഭേദഗതി പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്‌തു. അറസ്റ്റ്‌ ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കിയും വിജ്ഞാപനം പുറപ്പെടുവിച്ചു. അറസ്റ്റിലാവുന്നയാളെ ഉടന്‍ വൈദ്യപരിശോധനക്കു വിധേനാക്കണമെന്നത്‌ നിര്‍ബന്ധമാക്കുകയും ചെയ്‌തിട്ടുണ്ട്‌. അറസ്റ്റ്‌ ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി സുപ്രീം കോടതി വര്‍ഷങ്ങള്‍ക്കു മുമ്പേ ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. ഒരാളെ അറസ്റ്റ്‌ ചെയ്യുമ്പോള്‍ ബന്ധുക്കളെ അല്ലെങ്കില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളെ വിവരം അറിയിക്കണമെന്നാണ്‌ സുപ്രീം കോടതി ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്‌. ഇതൊന്നും പാലിക്കപ്പെടാറില്ലെന്നത്‌ വസ്‌തുത. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്രാബല്യത്തിലാക്കിയ ഭേദഗതികളും പുല്ലു തിന്നാനുള്ള സാധ്യത കുറവ്‌. 

മാത്രമല്ല, ഇതെല്ലാം അറസ്റ്റ്‌ രേഖപ്പെടുത്തുന്ന കേസുകളില്‍ മാത്രമാണ്‌. അനധികൃതമായ കസ്റ്റഡി അനിയന്ത്രിതമായി തുടരുന്ന പോലീസാണ്‌ നമ്മുടെ രാജ്യത്തുള്ളത്‌. വീട്ടില്‍ നിന്ന്‌ വിളിച്ചിറക്കിക്കൊണ്ടുപോവുന്ന ഒരാളെ ആഴ്‌ചകള്‍ക്കു ശേഷം മറ്റൊരിടത്തു നിന്നു സംശയാസ്‌പദ സാഹചര്യത്തില്‍ പിടികൂടി എന്ന്‌ രേഖപ്പെടുത്തുന്ന പ്രാകൃതമായ സമ്പ്രദായം. ഈ സമ്പ്രദായത്തിന്റെ ഇര കൂടിയാണ്‌ രുചികയുടെ സഹോദരന്‍. ഇത്തരം അനധികൃത കസ്റ്റഡിയും മറ്റും ഇല്ലാതാക്കാന്‍ നടപടി ഇപ്പോഴും ഉണ്ടാവുന്നില്ല. 
ഈ കീഴ്‌വഴക്കങ്ങള്‍ നമ്മെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു - രുചികയുടെ രക്തസാക്ഷിത്വം അല്‍പ്പകാലം കൂടി വാര്‍ത്തകളിലുണ്ടാവും. പുതിയ കേസില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള തന്ത്രങ്ങളുമായി റാത്തോഡ്‌ മുന്നോട്ടുപോകും. മറ്റു കാര്യങ്ങളെല്ലാം മറവിയിലേക്ക്‌ മടങ്ങും. അടുത്തൊരു രുചിയയുണ്ടാവുമ്പോള്‍ നാം ഓര്‍മകളില്‍ തിരഞ്ഞ്‌ ഇവളെ വീണ്ടും ഓര്‍ക്കും. അത്രമാത്രം.