2010-01-07

മന്‍മോഹന്റെ മനംപിരട്ടല്‍



രാഷ്‌ട്രത്തിന്റെയും ജനങ്ങളുടെയും നന്മ ലാക്കാക്കിയുള്ള പ്രവര്‍ത്തനമാണ്‌ രാഷ്‌ട്രീയം. രാഷ്‌ട്രീയ പ്രക്രിയയില്‍ പങ്കാളിയായി അധികാരത്തിന്റെ ഭാഗമാവുന്നവര്‍ ഈ ലക്ഷ്യം പ്രാപ്‌തമാക്കുന്നതിനുള്ള ഉപകരണങ്ങളാണ്‌. ജനങ്ങളുടെ അല്ലലില്ലാത്ത ജീവിതത്തിനും അതുവഴി രാജ്യത്തിന്റെ നന്മക്കും സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്തായിരിക്കണം എന്നത്‌ സംബന്ധിച്ചു ഭിന്ന ആശയങ്ങള്‍ നിലവിലുണ്ട്‌. ഭിന്നമായ ആശയങ്ങളില്‍ അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്‌ ഭിന്ന പാര്‍ട്ടികള്‍ നിലനില്‍ക്കുന്നത്‌. ഇതിനെയാണ്‌ നാം പൊതുവില്‍ കക്ഷി രാഷ്‌ട്രീയം എന്നു വിവക്ഷിക്കുന്നത്‌. ഈ നിലക്ക്‌ രാഷ്ട്രീയം, രാഷ്‌ട്രീയ പാര്‍ട്ടി, പ്രവര്‍ത്തകര്‍ എന്നിവരെ ഒരു മേഖലയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയില്ല. 




വികസനകാര്യങ്ങളില്‍ രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നത്‌ ഇപ്പോള്‍ സാധാരണമാണ്‌. നേരത്തെ കോണ്‍ഗ്രസ്‌ പോലുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്ന ഈ ആവശ്യം ഇപ്പോള്‍ സി പി എം പോലും ഉന്നയിക്കുന്നത്‌ പതിവായിരിക്കുന്നു. കക്ഷിരാഷ്‌ട്രീയത്തിന്റെ സങ്കുചിത താത്‌പര്യങ്ങളുടെ സ്വാധീനം നിമിത്തം വികസനം വഴിമുട്ടുന്ന അവസ്ഥയുണ്ടാവരുത്‌ എന്ന ലക്ഷ്യത്തോടെയാണ്‌ ഈ നിലപാട്‌ മുന്നോട്ടുവെക്കപ്പെടുന്നത്‌. എന്നാല്‍ വികസന കാര്യങ്ങളില്‍ എല്ലാ കക്ഷികളും ഏക നിലപാട്‌ സ്വീകരിക്കുക എന്നാല്‍ പ്രത്യയശാസ്‌ത്രങ്ങളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന ഭിന്നത ഇല്ലാതാവുക എന്നു തന്നെയാണ്‌ സാമാന്യമായ അര്‍ഥം.




ശാസ്‌ത്രമേഖലയിലെ രാഷ്‌ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നതാണ്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. തിരുവനന്തപുരത്ത്‌ ശാസ്‌ത്ര കോണ്‍ഗ്രസ്‌ ഉദ്‌ഘാടനം ചെയ്യുമ്പോഴാണ്‌ സുപ്രധാനമായ ഈ പരാമര്‍ശം അദ്ദേഹം നടത്തിയത്‌. രാഷ്‌ട്രീയ ഇടപെടലും ചുവപ്പുനാടയും ശാസ്‌ത്രപുരോഗതിയെ പിന്നോട്ടടിച്ചുവെന്നും ഇത്‌ അവസാനിപ്പിക്കേണ്ടതുണ്ടെന്നും പറഞ്ഞ ഡോ. സിംഗ്‌ ശാസ്‌ത്രമേഖലയില്‍ കൂടുതല്‍ സ്വയം ഭരണാധികാരം അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു. ശാസ്‌ത്ര - സാങ്കേതിക മേഖലയില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ഇതേ ശ്വാസത്തില്‍ പറഞ്ഞുവെച്ചു. 




ആധുനികോത്തരതയും പിന്നിട്ട്‌ മുന്നേറാന്‍ മനുഷ്യനെ സഹായിച്ച മഹത്തായ ശാഖകളില്‍ ഒന്നാണ്‌ ശാസ്‌ത്രം. അതിന്റെ കണ്ടുപിടിത്തങ്ങളില്‍ ഏറെയും ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്‌. സമാന്തരമായി നാശങ്ങളുടെ വിത്തും ഇത്‌ വിതച്ചുകൊണ്ടിരുന്നു. അണുവിഭജനം ശാസ്‌ത്ര നേട്ടമായിരന്നുവെങ്കില്‍ അത്‌ നാഗസാക്കിയിലും ഹിരോഷിമയിലും അഗ്നിമഴയായി പെയ്‌തു. കാര്‍ഷികോത്‌പാദനം വര്‍ധിപ്പിക്കാന്‍ സഹായിച്ച രാസവളങ്ങളും കീടനാശിനികളും പരിസ്ഥിതി മലിനീകരണവും അര്‍ബുദവും സൃഷ്‌ടിച്ചു. പുതിയ വെല്ലുവിളികളെ അതിജീവിക്കാനുള്ള ഗവേഷണങ്ങളാണ്‌ ഇപ്പോള്‍ ശാസ്‌ത്രം നടത്തിക്കൊണ്ടിരിക്കുന്നത്‌. അതിന്റെ ഫലങ്ങള്‍ ദിനേന എന്നോണം നമ്മളില്‍ എത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.




ഈ പുരോഗതിയില്‍ ഇന്ത്യ നല്‍കിയ സംഭാവനകള്‍ ചെറുതല്ല. യൂറോപ്യന്‍ ഗണിതശാസ്‌ത്രജ്ഞരുടെ പല കണ്ടുപിടിത്തങ്ങളും ഇന്ത്യയില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ രേഖപ്പെടുത്തപ്പെട്ടവയായിരുന്നുവെന്നത്‌ വസ്‌തുത മാത്രം. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ആധാരശിലയായി മാറിയ പൂജ്യം അഥവാ ശൂന്യം ഇന്ത്യയുടെ സംഭാവനയായിരുന്നു. സി വി രാമന്‍, എസ്‌ ചന്ദ്രശേഖര്‍, ഹോമി ജെ ഭാഭ തുടങ്ങി ലോകത്ത്‌ അറിയപ്പെടുന്ന ഒരുപിടി ശാസ്‌ത്ര ഗവേഷകരെ സമ്മാനിക്കുകയും ചെയ്‌തു. ഇപ്പോള്‍ നാം കാണുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്തിന്റെ സൃഷ്‌ടികളായിരുന്നു ഇവയെല്ലാം. ഇപ്പോള്‍ കൂടുതല്‍ സൗകര്യങ്ങളുണ്ട്‌. വിവരം ശേഖരിക്കാനും വിശകലനം ചെയ്യാനും ഒക്കെയുള്ള സൗകര്യങ്ങള്‍. എന്നിട്ടും വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ രാജ്യത്തിനു കഴിയാത്തതിന്റെ കാരണം രാഷ്‌ട്രീയ ഇടപെടലും ചുവപ്പുനാടയുമാണെന്നാണ്‌ പ്രധാനമന്ത്രി പറയുന്നത്‌.




ചുവപ്പുനാട എന്നത്‌ ശാസ്‌ത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാ രംഗത്തും തടസ്സമായുണ്ട്‌. ദുരന്തബാധിതര്‍ക്ക്‌ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സഹായം എത്താന്‍ വൈകുന്നത്‌ രാജ്യത്ത്‌ സ്ഥിരം കാഴ്‌ചയാണ്‌. ഉദ്യോഗസ്ഥതലത്തില്‍ കാര്യങ്ങള്‍ നീങ്ങുന്നതിനുള്ള തടസ്സമാണ്‌ ഇതിന്‌ പ്രധാന കാരണം. അഴിമതിയുടെ പ്രധാന സ്രോതസ്സും ചുവപ്പുനാട തന്നെയാണ്‌. ഫയല്‍ കുറിപ്പുകളിലൂടെ എന്തും അട്ടിമറിക്കാമെന്ന്‌ ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പോലെ തെളിയിക്കുന്ന മറ്റൊരു കൂട്ടര്‍ ഉണ്ടോ എന്നത്‌ തന്നെ സംശയം. ശാസ്‌ത്രമുള്‍പ്പെടെ മേഖലകളില്‍ നിന്നെല്ലാം ചുവപ്പുനാട കഴിവതും ഇല്ലാതാക്കാനുള്ള ഇച്ഛാശക്തി അധികാരം കയ്യാളുന്ന രാഷ്‌ട്രീയ നേതൃത്വത്തിനാണ്‌ ഉണ്ടാവേണ്ടത്‌. അതിനൊക്കെയാണ്‌ ഡോ. മന്‍മോഹന്‍ സിംഗിനെപ്പോലുള്ളയാളുകളെ ജനങ്ങള്‍ അധികാരത്തിലെത്തിക്കുന്നതും. അവര്‍ തന്നെ ചുവപ്പുനാട ഇല്ലാതാവണമെന്നത്‌ ആവശ്യമോ അഭ്യര്‍ഥനയോ പോലെ മുന്നോട്ടുവെക്കുമ്പോള്‍ അമ്പരക്കുക മാത്രമേ തരമുള്ളൂ.




രാഷ്‌ട്രീയ ഇടപെടലിന്റെ കാര്യത്തിലും ഒരു മേഖലയും പിന്നാക്കം നില്‍ക്കുന്നില്ല. അത്‌ പൂര്‍ണമായും ഒഴിവാക്കാനും കഴിയില്ല. പോലീസിലെ രാഷ്‌ട്രീയ നിയന്ത്രണം ഇല്ലാതാക്കാന്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ശ്രമങ്ങള്‍ മലയാളികള്‍ കണ്ടതാണ്‌. പൊതുവെ പോലീസുകാര്‍ക്കുണ്ടായിരുന്ന ധാര്‍ഷ്‌ട്യം വര്‍ധിക്കുക എന്നതു മാത്രമായിരുന്നു ഫലം. രാഷ്‌ട്രീയ ഇടപെടല്‍ ഇല്ലാതാക്കുക എന്നത്‌ എല്ലായ്‌പ്പോഴും ഗുണകരമാവണമെന്നില്ല. അപ്പോള്‍ രാഷ്‌ട്രീയം ഏതു വിധത്തില്‍ ഇടപെടന്നുവെന്നതും ഏതു രാഷ്‌ട്രീയമാണ്‌ ഇടപെടുന്നത്‌ എന്നതുമാണ്‌ പ്രധാന പ്രശ്‌നം. ഈ അടിസ്ഥാനത്തില്‍ വേണം ശാസ്‌ത്ര രംഗത്തെ രാഷ്‌ട്രീയ ഇടപെടല്‍ ഇല്ലാതാവണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവനയെ വീക്ഷിക്കാന്‍.




ഉദ്‌ഘാടനം ചെയ്യുന്നത്‌ ശാസ്‌ത്രകോണ്‍ഗ്രസായതുകൊണ്ട്‌ ആനുഷംഗികമായി നടത്തിയ പരാമര്‍ശമായി ഡോ. മന്‍മോഹന്‍ സിംഗിന്റെ വാക്കുകളെ കാണാനാവില്ല. കണക്കുകൂട്ടലുകളില്ലാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നയാളല്ല മന്‍മോഹനെന്ന്‌ അധികാരം കയ്യാളിയ 11 വര്‍ഷം മനസ്സിലുള്ളവര്‍ക്കൊക്കെ അറിയാം. രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിച്ച്‌, സ്വകാര്യ പങ്കാളിത്തം അനുവദിച്ച്‌, സ്വയംഭരണാധികാരം നല്‍കി മന്‍മോഹന്‍ ശാസ്‌ത്രമേഖലയില്‍ ലക്ഷ്യമിടുന്നത്‌ എന്താണ്‌? ഇന്ത്യയിലേക്ക്‌ പ്രവേശിക്കാന്‍ ലക്ഷ്യമിടുന്ന വിദേശ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എല്ലാ സൗകര്യവുമൊരുക്കുക എന്നതിനപ്പുറം മറ്റൊന്നുമല്ല. 




ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ രൂപവത്‌കരിക്കുകയും രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ പരിഷ്‌കരിക്കുകയും ചെയ്‌ത വിദേശ സര്‍വകലാശാലകള്‍ക്ക്‌ അനുമതി നല്‍കുന്ന ബില്‍ പാര്‍ലിമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുകയാണ്‌. അതിന്‌ അരങ്ങൊരുക്കുകയാണ്‌ പ്രധാനമന്ത്രി. ബില്ലിലെ വ്യവസ്ഥകളിന്‍മേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ നിര്‍ദേശിച്ച പരിഷ്‌കാരങ്ങള്‍ തെളിവുകള്‍ നല്‍കും. രാജ്യത്ത്‌ പ്രവേശിക്കുന്ന വിദേശ സ്ഥാപനങ്ങള്‍ ഒരു സുപ്രഭാതത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ വിദ്യാര്‍ഥികള്‍ക്കും അവിടെ ജോലി ചെയ്‌തിരുന്നവര്‍ക്കുമുണ്ടാവുന്ന ബുദ്ധിമുട്ട്‌ മുന്നില്‍ കണ്ട്‌ ഇത്തരം സ്ഥാപനങ്ങള്‍ കരുതല്‍ ധനം സര്‍ക്കാറില്‍ കെട്ടിവെക്കണമെന്ന്‌ ബില്ലില്‍ വ്യവസ്ഥയുണ്ടായിരുന്നു. പേരും പ്രശസ്‌തിയുമുള്ള സ്ഥാപനങ്ങളെ ഇത്തരം നിയന്ത്രണങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കി പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ആവശ്യം. ഇത്‌ അംഗീകരിക്കപ്പെട്ടോ ഇല്ലയോ എന്നൊക്കെ ബജറ്റ്‌ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ മനസ്സിലാക്കാം. മറ്റെന്തൊക്കെ സൗകര്യങ്ങളും സൗജന്യങ്ങളും വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ നല്‍കുന്നുവെന്നതും കാത്തിരുന്നു കാണാം.




രാഷ്‌ട്രീയ ഇടപെടല്‍ ഒഴിവാക്കണമെന്ന്‌ പ്രധാനമന്ത്രി ഇപ്പോള്‍ ആവശ്യപ്പെടുന്നത്‌ രാജ്യത്തുള്ള ഏതെങ്കിലും സ്ഥാപനങ്ങളെയോ ശാസ്‌ത്ര പ്രതിഭകളെയോ ഉദ്ദേശിച്ചാണെന്ന്‌ ആരും കരുതേണ്ടതില്ല. ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ വിദ്യാഭ്യാസ കമ്പോളം ലക്ഷ്യമിട്ടെത്തുന്ന വിദേശ സ്ഥാപനങ്ങള്‍ക്ക്‌ ആഭ്യന്തര സ്വകാര്യ മൂലധനത്തിന്റെ സഹായം ആവശ്യമാണ്‌. അതിന്‌ വഴിയൊരുക്കുകയും സ്വയം ഭരണാധികാരം നല്‍കി, സര്‍ക്കാറിന്റെയും മറ്റും നിയന്ത്രണങ്ങളില്‍ നിന്ന്‌ മുക്തമാക്കുകയുമാണ്‌ `രാഷ്‌ട്രീയ ഇടപെടല്‍ ഇല്ലാതാക്കുക' എന്നതിലൂടെ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത്‌. ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവക്ക്‌ കൂട്ടത്തില്‍ ചിലതൊക്കെ ലഭിച്ചേക്കാം. ഈ തിരഞ്ഞെടുപ്പ്‌ ഏറെ സൂക്ഷ്‌മമായി ചെയ്യുന്നതുമായിരിക്കും. അമേരിക്കക്ക്‌ കൂടുതല്‍ താത്‌പര്യമുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാവും തിരഞ്ഞെടുക്കപ്പെടുക എന്ന്‌ ചുരുക്കം. 




സാമുഹ്യ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുകയും അമേരിക്കന്‍ താത്‌പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന പുതിയ രാഷ്‌ട്രീയം കൊണ്ട്‌ നിലവിലുള്ള രാഷ്‌ട്രീയത്തെ ആദേശം ചെയ്യുകയാണ്‌ എല്ലാ മേഖലകളിലും ചെയ്യുന്നത്‌. അതേ തന്ത്രം ശാസ്‌ത്ര മേഖലയില്‍ കൂടി നടപ്പാക്കുക എന്നതാണ്‌ മന്‍മോഹന്റെ അജന്‍ഡ.
ആറു വര്‍ഷമായി രാജ്യം ചര്‍ച്ച ചെയ്യുന്ന ശാസ്‌ത്രവുമായി നേരിട്ട്‌ ബന്ധമുള്ള ഒന്നാണ്‌ അമേരിക്കയുമായി രാജ്യമുണ്ടാക്കിയ ആണവ കരാര്‍. ഈ കരാറിലെ ചില വ്യവസ്ഥകള്‍ ആണവ മേഖലയില്‍ രാജ്യം നടത്തുന്ന ഗവേഷണങ്ങള്‍ തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുമെന്നത്‌ ഇതിനകം വെളിപ്പെട്ട സംഗതിയാണ്‌. ഒരുപക്ഷേ, മൂന്നാം തലമുറയിലെ ആണവ റിയാക്‌ടറുകള്‍ വികസിപ്പിക്കുന്നതിനു പോലും തടസ്സമായേക്കാം. ആണവായുധത്തിന്റെ മൂന്നാമതൊരു പരീക്ഷണം ഈ കരാര്‍ തടയുന്നുമുണ്ട്‌. ഇങ്ങനെ രാജ്യത്തിന്‌ പുറത്തുനിന്നുള്ള രാഷ്‌ട്രീയ നിയന്ത്രണങ്ങള്‍ക്ക്‌ ശാസ്‌ത്രമേഖലയെ കീഴ്‌പ്പെടുത്തിക്കൊടുത്തത്‌ മന്‍മോഹനല്ലാതെ മറ്റൊരാളല്ല താനും. 





നിലവില്‍ തന്നെ സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ്‌ ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ (ഐ എസ്‌ ആര്‍ ഒ). ബഹിരാകാശ മേഖലയെ ഏതൊക്കെ വിധത്തില്‍ രാജ്യത്തിന്‌ പ്രയോജനപ്രദമാം വിധത്തില്‍ ഉപയോഗിക്കാമെന്ന്‌ പഠിക്കുകയും അത്‌ പ്രവൃത്തിയില്‍ കൊണ്ടുവരികയും ചെയ്യുന്നു. ഒപ്പം അന്യ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത്‌ എത്തിച്ച്‌ വിദേശനാണ്യം ഉണ്ടാക്കുകയും ചെയ്യുന്നു. ഈ വ്യാവസായിക പ്രക്രിയയില്‍ ഇസ്‌റാഈലിന്റെ ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുകൊടുക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടും ഐ എസ്‌ ആര്‍ ഒക്ക്‌ ഉണ്ടാവുന്നില്ല. അതാണ്‌ സ്വയംഭരണാധികാരത്തിന്റെ `മേന്‍മ'. ഊര്‍ജോത്‌പാദന മേഖലകളെടുത്താലും ബഹുരാഷ്‌ട്ര കുത്തക വിധേയത്വം പ്രകടമാണ്‌. പാരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിന്റെ പ്രധാന ജോലി സുസ്‌ലോണ്‍ പോലുള്ള കുത്തകകള്‍ക്ക്‌ കാറ്റാടിപ്പാടം സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുത്ത്‌ കൈമാറുക എന്നത്‌ മാത്രമായിരിക്കുന്നു. ഏറെക്കുറെ ഒരു ദല്ലാളിന്റെ ജോലി മാത്രം. ആ ജോലി കുറേക്കൂടി മാന്യവത്‌കരിച്ച്‌ നിര്‍വഹിക്കുകയാണ്‌ മന്‍മോഹന്‍ സിംഗ്‌ ചെയ്യുന്നത്‌. അദ്ദേഹത്തിന്‌ ഇന്ത്യയിലെ കക്ഷി രാഷ്‌ട്രീയ ഇടപെടലുകള്‍ മനംപിരട്ടല്‍ ഉണ്ടാക്കുന്നതില്‍ അത്ഭുതമില്ല തന്നെ.

7 comments:

  1. മന്മോഹന് എന്ത് ശാസ്ത്രം, കല, സംസ്കാരം, സാഹിത്യം. എല്ലാം സ്വകാര്യ മുതലാളിമാര്‍ക്ക് വിട്ടുകൊടുത്ത് അവര്‍ക്ക് ലാഭമുണ്ടാകണം. ഇന്ത്യയുടെ ജി ഡിപി യും പി പി പി യും സെന്‍സെക്സും പിന്നെ അങ്ങനത്തെ കുറെ കണക്കുകളും ഉയര്‍ന്നുനില്‍ക്കണം. അത്രതന്നെ. അതുതന്നെ പുരോഗതി.

    ReplyDelete
  2. ആങ്ങള ചത്താലും വേണ്ടില നാത്തുന്റെ കണ്ണീരു കാണണം എന്ന് പറയുന്നത് പോലാണ്‌ തലെകെട്ട്കാരന്റെ ചില പോക്കണക്കേടു .രാജ്യതാല്‍പര്യങ്ങള്‍ ഇത്രകണ്ട് അപകടത്തിലാക്കിയ ഒരു പ്രധാനമന്ത്രിയെ കുറിച്ച് ഇവിടെത്തെ കോണ്ഗ്രസ്കാര്‍ക്ക് അഭിമാനിക്കാം

    ReplyDelete
  3. ഇങ്ങനെയൊക്കെ പറയാമോ എന്നറിയില്ല. ഇപ്പോള്‍ തന്നെ വികസനത്തിനെതിരാണ് ഇങ്ങനെയുള്ള വരട്ടു വാദങ്ങള്‍ എന്നാണ് വെപ്പ്. ഓര്‍മ വെച്ച കാലം മുതല്‍ ലിബറലൈസേഷന്‍, ഗ്ലോബലൈസേഷന്‍, സ്വതന്ത്ര വിപണി എന്നൊക്കെ പറാഞ്ഞ് പാശ്ചാത്യ അജണ്ഡകള്‍ നടപ്പിലാക്കുന്നതില്‍ മാത്രമാണ് സിംഗിന്റെ ശ്രദ്ധ. ഇടക്കിടക്ക് പട്ടിണീ എന്നൊക്കെ താണ്‍ഗിവിട്ടാല്‍ കവരേജുമായല്ലോ.അടല്‍ ബിഹാരി വാജ്പേയിയെ പോലെ കോര്‍പറേറ്റ് മാധ്യമ കമ്പനികളുടെ കളി തോഴനായി സിംഗ് മാറിയതി അതിശയം തെല്ലും വേണ്ട.

    ReplyDelete
  4. വസ്തുതകളുടെ അടിസ്ഥാനത്തില്‍ താങ്കളെഴുതുന്ന പോസ്റ്റുകള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ആണവക്കരാറിലും, ഐ എസ് ആര്‍ ഓ യുടെ രാഷ്ടീയത്തിലുമെല്ലാം മന്‍‌മോഹന്‍ സിംഗിന്റെ നിലപാടുകളെ പറ്റി പറയുന്നതിനെ അംഗീകരിക്കുന്നതിനോടൊപ്പം തന്നെ, ശാസ്ത്ര കോണ്‍ഗ്രസ്സില്‍ നടത്തിയ ഒരു പ്രസ്ഥാവനയെ വിദേശയൂണിവേഴ്സിറ്റികളുടെ വരവുമായി ബന്ധിപ്പിച്ച ആ‍ നിസ്സാരതയുടെ ആഴം പേടിപ്പെടുത്തുന്നതാണ്. കാരണം വ്യക്തമാക്കാതെ കാണുന്നതിലെല്ലാം കോണ്‍സ്പിരസി കാണുന്നത് ആരോഗ്യമുള്ള കണ്ണുകള്‍ക്ക് നല്ലതല്ല. ഒരു പത്രപ്രവര്‍ത്തകന് തീര്‍ച്ചയായും അഭികാമ്യവുമല്ല.

    ReplyDelete
  5. മന്മോഹന്‍ സിംഗിന്റെ ഇന്നേവരെയുള്ള രീതി നോക്കിയാല്‍ കോണ്‍സ്പിരസി കാണുന്നതില്‍ തെറ്റുപറയാന്‍ കഴിയില്ല. മാത്രമല്ല വിദേശ യുനിവേര്സിറ്റികളുടെ വരവ് മുന്‍പേ കേള്‍ക്കാന്‍ തുടങ്ങിയതാണല്ലോ.

    ReplyDelete
  6. ഒരു പത്രപ്രവര്‍ത്തകന് കക്ഷി രാഷ്ട്രീയമുള്ളതില്‍ തെറ്റില്ല, എന്നാല്‍ ഒരു പക്കാ പ്രാദേശിക കക്ഷിരാഷ്ട്രീയക്കാരന്റെ നിലപാടുകളില്‍ നിന്നും ചിന്തകളില്‍ നിന്നും മാറ്റമില്ലാത്ത പത്രപ്രവര്‍ത്തകന്‍ ഒരു തരത്തിലും സമൂഹത്തിന് ഗുണകരമല്ല.

    ReplyDelete
  7. വളരെ ശരിയാണ്.ഒരു പക്കാ പ്രാദേശിക കക്ഷിരാഷ്ട്രീയക്കാരന്റെ നിലപാടുകളില്‍ നിന്നും ചിന്തകളില്‍ നിന്നും മാറ്റമില്ലാത്ത പത്രപ്രവര്‍ത്തകന്‍ ഒരു തരത്തിലും സമൂഹത്തിന് ഗുണകരമല്ല.

    എന്നാല്‍ "ഒരു പക്കാ പ്രാദേശിക കക്ഷിരാഷ്ട്രീയക്കാരന്റെ നിലപാടുകളില്‍ നിന്നും ചിന്തകളില്‍ നിന്നും മാറ്റമില്ലാത്ത ചുട്ടകോഴിയെ പറപ്പിക്കുന്ന (ഉദാഹരണ മെഴുതിയാല്‍ ഇന്ന് ഞാന്‍ പണിക്കു പോവൂല്ല)പത്രാധിപരും പത്രമുടമയും ക്ളിക്കുകളും സമൂഹത്തിന് നല്ല ഈന്തപ്പഴത്തിന്റെ കൊണം ചെയ്യും (!!!)" അത് ഞമ്മെന്റെ സുപ്രാഭാതങ്ങള് ആവുമ്പോ,സമൂഹത്തിനു ചെയ്യുന്ന കൊണം ഒന്ന് വേറെ ആണ് താനും.

    ReplyDelete