2015-07-17

വ്യാപത്തിലെ ഗുജറാത്ത് മാതൃക


2003 മുതല്‍ 2009 വരെ മധ്യപ്രദേശ് സര്‍ക്കാര്‍ സര്‍വീസില്‍ എത്ര നിയമനങ്ങള്‍ നടന്നിട്ടുണ്ടാകും? മെഡിക്കല്‍, എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ് പാഠങ്ങള്‍ ചൊല്ലിക്കൊടുക്കുന്ന സര്‍ക്കാര്‍/സ്വകാര്യ പ്രൊഫഷണല്‍ കോളജുകളില്‍ എത്ര കുട്ടികള്‍ പ്രവേശം നേടിയിട്ടുണ്ടാകും?  2007 മുതല്‍ 2014 വരെയുള്ള കാലത്ത് 1.47 ലക്ഷം നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ നിയമസഭയില്‍ നല്‍കിയ മറുപടി. ശരാശരി 21000 നിയമനങ്ങള്‍ ഒരു വര്‍ഷം. ഇതനുസരിച്ചാണെങ്കില്‍ 2003 മുതല്‍ 2009 വരെയുള്ള ആറ് വര്‍ഷം 1.26 ലക്ഷം നിയമനങ്ങള്‍ നടന്നിട്ടുണ്ടാകും. സംസ്ഥാനത്തിന്റെ വലുപ്പം, ജനസംഖ്യ എന്നിവ കണക്കിലെടുത്താല്‍ പ്രൊഫഷണല്‍ കോളജ് പ്രവേശങ്ങളും ഏതാണ്ട് ഇത്രത്തോളമുണ്ടാകുമെന്ന് കരുതണം.


1,26,000 നിയമനങ്ങളിലും അത്രത്തോളം പ്രൊഫഷണല്‍ കോളജ് പ്രവേശങ്ങളിലും എത്രയെണ്ണം വീതമാകും ഇപ്പോള്‍ വ്യവഹരിക്കപ്പെടുന്ന അഴിമതിയുടെ ഭാഗമായി നടന്നിട്ടുണ്ടാകുക? ഓരോ ലക്ഷം വീതം നടപടിക്രമങ്ങള്‍ പാലിച്ച്, യോഗ്യതയും കഴിവും കണക്കിലെടുത്ത് നിയമിച്ചവയാണെന്ന് കരുതുക. 25,000 വീതം കോഴ ഈടാക്കിയെന്നും. 50,000 പേരില്‍ നിന്ന് 10,000 രൂപ വീതം വാങ്ങിയാല്‍ 50 കോടിയാണ്.  50 കോടിയെന്നാല്‍ അയ്യായിരം ലക്ഷം. എയിഡഡ് സ്ഥാപനങ്ങളിലെ ജോലിക്ക് കോഴ കൊടുത്തും വാങ്ങിയും പരിചയമുണ്ട് നമുക്ക്. കേരളത്തിലെ ഈ കോഴയുടെ നിരക്ക് ഒരു ലക്ഷം പിന്നിട്ടിട്ട് കാല്‍ നൂറ്റാണ്ടെങ്കിലുമായിക്കാണണം. രണ്ടായിരാമാണ്ട് പിന്നിട്ടപ്പോഴത് അഞ്ച് മുതല്‍ പത്ത് വരെ ലക്ഷം രൂപയായി ഉയരുകയും ചെയ്തിരുന്നു.


കോഴയുടെ നിരക്ക് കേരളത്തിലും മധ്യപ്രദേശിലും ഒന്നാണോ എന്നറിയില്ല, എന്തായാലും അത്രയൊന്നും കുറയാനിടയില്ല തന്നെ. ഉദ്യോഗങ്ങളുടെ വലിപ്പച്ചെറുപ്പവും വിപണിനിരക്കും താരതമ്യം ചെയ്താല്‍ ശരാശരി അഞ്ച് ലക്ഷം രൂപയെന്ന് കണക്കാക്കുക. മെഡിക്കല്‍, മാനേജ്‌മെന്റ് സീറ്റുകളോളം താത്പര്യം എന്‍ജിനീയറിംഗ് സീറ്റുകള്‍ക്കുണ്ടാകില്ലെന്നത് കൂടി കണക്കാക്കി ശരാശരി നിശ്ചയിച്ചാല്‍ അതിനും വരും സീറ്റൊന്നിന് അഞ്ച് ലക്ഷം. അതായത് കൈമറിഞ്ഞ കോഴപ്പണം 5000 കോടി രൂപ. ജോലിയും വിദ്യാഭ്യാസ അവസരവും കോഴയിലൂടെ സ്വന്തമാക്കിയവരുടെ എണ്ണം 50,000ത്തില്‍ കഴിയുകയും ശരാശരി തുക അഞ്ച് ലക്ഷത്തിലധികമാകുകയും ചെയ്താല്‍ ആകെ കോഴത്തുക ഇനിയും ഉയരും. ഇപ്പറഞ്ഞതൊക്കെ ഊഹിച്ചെഴുതിയ കണക്കുകളാണ്, പക്ഷേ, തെറ്റാകാന്‍ സാധ്യത കുറവെന്നാണ് ചെറിയ അനുഭവ പരിചയത്തില്‍ തോന്നുന്നത്.


സര്‍ക്കാര്‍ ഉദ്യോഗങ്ങളും വിദ്യാഭ്യാസ അവസരങ്ങളും കോഴ വാങ്ങി കൈമാറ്റം ചെയ്തത്, പൊതു പരീക്ഷാ ബോര്‍ഡെന്ന സംവിധാനമുപയോഗിച്ചാണ്. പരീക്ഷാ ബോര്‍ഡിന്റെ ഹിന്ദി പേരിന്റെ ചുരുക്കമായ വ്യാപത്തിന്റെ പേരില്‍ പ്രശസ്തമായെന്ന് മാത്രം. ഈ തട്ടിപ്പിന് പ്രാഗ് രൂപങ്ങള്‍ കുറവല്ല. പബ്ലിസ് സര്‍വീസ് കമ്മീഷനിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാജരേഖകള്‍ ചമച്ച് ഉദ്യോഗം സംഘടിപ്പിച്ച സംഗതി കേരളത്തില്‍ തന്നെ അരങ്ങേറിയിട്ടുണ്ട്. അതിന് ആരുടെയെങ്കിലുമൊക്കെ ഒത്താശയുണ്ടായിരുന്നോ എന്നത് അറിവായിട്ടില്ല. രണ്ട് ദശാബ്ദം  മുമ്പ് ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്റെ എഴുത്തുപരീക്ഷ കഴിഞ്ഞ്, അഭിമുഖത്തിന് കാത്തിരിക്കെ അവിടുത്തെ ട്രേഡ് യൂനിയന്‍ നേതാക്കള്‍ വന്ന്, യൂനിയന് പണം നല്‍കിയാല്‍ ജോലി കിട്ടുമെന്ന് പറഞ്ഞ ചരിത്രം ഓര്‍മയിലുണ്ട്. യൂനിയനും (നേതാക്കള്‍) മാനേജുമെന്റ് പ്രതിനിധികളും ചേര്‍ന്നുള്ള കോഴപ്പിരിവിന്റെ ഭാഗമായിരുന്നു അത്. പിന്നീട് കൊങ്കണ്‍ റെയില്‍വേയിലെ ഉദ്യോഗത്തിന് അഭിമുഖം കഴിഞ്ഞപ്പോള്‍, അന്ന് ബോര്‍ഡ് ചെയര്‍മാനായിരുന്ന കോണ്‍ഗ്രസ് നേതാവിന് പണം കൊടുത്താല്‍ ജോലി കിട്ടുമെന്ന് അറിയിച്ച് നേതാവിന്റെ തന്നെ കീഴിലുള്ള യൂനിയന്റെ പ്രതിനിധികള്‍ സമീപിച്ചതും ഓര്‍മയുണ്ട്. സര്‍വകലാശാലകളിലെ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റുകളില്‍ നടന്ന സ്വജനതാത്പര്യം, അഴിമതി എന്നിവയില്‍ അന്വേഷണം നടക്കുന്നുമുണ്ട്.


റെയില്‍വേ റിക്രൂട്ട്‌മെന്റാകെ കോഴ വാങ്ങി നടത്തിയ കേസുകള്‍ പലതും വാര്‍ത്തകളായി. കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത് പുറത്തുവന്ന ഇത്തരം തട്ടിപ്പുകളിലൊന്നില്‍ അന്നത്തെ റെയില്‍വേ മന്ത്രിയുടെ മകന്റെ പേരും ആരോപണവിധേയരുടെ പട്ടികയിലുണ്ടായിരുന്നു. സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റുകള്‍, അവിടുത്തെ ഉയര്‍ന്ന തസ്തികകളില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരടങ്ങുന്ന റാക്കറ്റുകള്‍ പണം വാങ്ങി നടത്തുന്നത് പല കുറി രാജ്യം കണ്ടിട്ടുമുണ്ട്. ഇതൊക്കെ ഏറെക്കുറെ ഏതെങ്കിലുമൊരു സ്ഥാപനത്തിലോ വിഭാഗത്തിലോ മാത്രം കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകളായിരുന്നു. അതിന് കളമൊരുക്കിയവര്‍, ഇടനിലക്കാരായവര്‍, അരുനിന്ന ഭരണാധികാരികള്‍ എന്നിവരില്‍ ഒതുങ്ങി നിന്ന തട്ടിപ്പ്.


ഒന്നും രണ്ടും യു പി എ സര്‍ക്കാറുകളുടെ കാലത്ത് നടന്ന ഇടപാടുകളുടെ പേരില്‍ ഉയര്‍ന്നുവന്ന ടു ജി, കല്‍ക്കരി, കോമണ്‍വെല്‍ത്ത് തുടങ്ങിയ കോഴയാരോപണങ്ങളില്‍ ചുമതലപ്പെട്ട മന്ത്രാലയങ്ങളും ഉദ്യോഗസ്ഥരും ഇടനിലക്കാരും അനര്‍ഹമായ നേട്ടമുണ്ടാക്കിയ വ്യവസായികളുമാണ് കുറ്റാരോപിതരായത്. ഇക്കാര്യങ്ങളിലെല്ലാം തീരുമാനങ്ങളെടുക്കുമ്പോള്‍ സര്‍ക്കാറിന് നഷ്ടമുണ്ടാകുന്നില്ലെന്നും വ്യവസായികള്‍ക്ക് അനര്‍ഹമായ നേട്ടമുണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്താന്‍ ഉത്തരവാദിത്വമുള്ള ധന - പ്രധാനമന്ത്രിമാര്‍ അത് ചെയ്തില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. എങ്കിലും ഭരണസംവിധാനമൊന്നാകെ അഴിമതി ആരോപണത്തിന്റെ മുനയില്‍ നില്‍ക്കുന്ന സ്ഥിതി അവിടെയുണ്ടായില്ല. ആരോപണങ്ങള്‍ പരിശോധിച്ച കോടതി, നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതോടെ വസ്തുതകള്‍ പുറത്തുവരുമെന്ന വിശ്വാസം ജനങ്ങളിലുണ്ടാകുകയും ചെയ്തു.


ലക്ഷത്തിലധികം കോടികളുടെ ആരോപണവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഊഹക്കണക്കില്‍ 5,000 കോടിയുള്ള ഈ തട്ടിപ്പാരോപണം വലുതാണെന്ന് പ്രത്യക്ഷത്തില്‍ തോന്നില്ല. പക്ഷേ, ഗവര്‍ണര്‍ മുതല്‍ താഴേക്ക് ഭരണ സംവിധാനമൊന്നാകെ അഴിമതി ആരോപണത്തില്‍ മുങ്ങി നില്‍ക്കുന്നുവെന്നത് ഭയാനകവും അപൂര്‍വവുമായ സംഗതിയാണ്. കോഴ നല്‍കി ബന്ധുക്കള്‍ക്ക് അവസരം വാങ്ങിയെടുത്തവരില്‍ ഹൈക്കോടതി ജഡ്ജിമാര്‍ വരെയുണ്ടെന്നാണ് ആരോപണം. അടി മുതല്‍ മുടി വരെ തട്ടിപ്പില്‍ പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുമ്പോള്‍, ഈ സംവിധാനത്തിന് എങ്ങനെയാണ് തുടരാനാകുക? ഇത്തരം ആസൂത്രിതമായ തട്ടിപ്പിന് മടികാട്ടാത്തവര്‍ മറ്റ് ഏതൊക്കെ ഇടങ്ങളില്‍ അതിന് മുതിര്‍ന്നിട്ടുണ്ടാകും? ആരോപണം നേരിടുന്നവരുടെ നിയന്ത്രണത്തിലുള്ള പോലീസ് (ഇപ്പോള്‍ സി ബി ഐ) അന്വേഷിക്കുകയും ആരോപണത്തിന് വിധേയമായ നീതന്യായ സംവിധാനം നിയോഗിച്ച കമ്മിറ്റി നിരീക്ഷിക്കുകയും ചെയ്യുമ്പോള്‍ ജനം എങ്ങനെയാണ് വിശ്വസിക്കുക? ഇതിനെല്ലാം പുറമെയാണ് ദുരൂഹമായ മരണങ്ങളുടെ തുടര്‍ച്ച.


പണം നല്‍കി അവസരം വാങ്ങിയെന്ന് ആരോപണം നേരിടുന്നവര്‍, അതിന് കളമൊരുക്കിക്കൊടുത്തുവെന്ന് ആരോപിക്കപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥര്‍, ഇടനിലക്കാരായി നിന്നുവെന്ന് പറയപ്പെടുന്നവര്‍ (ഗവര്‍ണര്‍ രാം നരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവുള്‍പ്പെടെ), അന്വേഷണത്തില്‍ ഭാഗമായിരുന്ന പോലീസുകാര്‍, പ്രധാന സാക്ഷികളാകുമെന്ന് കരുതിയവര്‍ എന്നിങ്ങനെ അമ്പതോളം പേരാണ് ഇതുവരെ മരിച്ചത്. അതിലൊന്ന് കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, രണ്ട് വര്‍ഷം മൂടിവെക്കുകയും ചെയ്തു. പത്തിലധികം പേര്‍ മരിച്ചത് വാഹനാപകടങ്ങളിലാണ്. ചിലരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മറ്റ് ചിലര്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കീഴ്‌പ്പെട്ടു, അതില്‍ തന്നെ ഭൂരിഭാഗവും കരളിനെ ബാധിക്കുന്ന അസുഖങ്ങളായിരുന്നു. വാഹനാപകടങ്ങള്‍ സൃഷ്ടിച്ച് തെളിവുകള്‍ ഇല്ലാതാക്കുന്ന സംഭവങ്ങള്‍ മറ്റിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുപോലൊരു സംഘടിത ശ്രമം  മധ്യപ്രദേശില്‍ നടന്നതാകുമോ? ഭരണകൂടമൊന്നാകെ ഉള്‍പ്പെട്ട തട്ടിപ്പാണെന്ന് വരികില്‍, ഇത്തരം അപകടങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയെടുക്കുക പ്രയാസമുള്ള കാര്യമല്ല.


തെളിവ് നശിപ്പിച്ചും അന്വേഷണത്തെ സ്വാധീനിച്ചും വംശഹത്യാ കേസുകള്‍ അട്ടിമറിച്ച ഗുജറാത്ത് മാതൃക ബി ജെ പിക്ക് മുന്നിലുണ്ട്.  കൊല മറയ്ക്കാന്‍ കൊലകള്‍ നടത്തിയതിന്റെ പാഠവും ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ നിന്നുണ്ട്. സുഹ്‌റാബുദ്ദീന്‍ ശൈഖിന്റെ കൊലപാതകം മറച്ചുവെക്കാന്‍ സാക്ഷിയായ ഭാര്യ കൗസര്‍ബിയെ കൊന്ന് ചുട്ടെരിച്ച് ചാരം നദിയിലൊഴുക്കുകയാണ് ചെയ്തത്. മറ്റൊരു സാക്ഷി തുള്‍സി റാം പ്രജാപതിയെ വെടിവെച്ച് കൊന്ന് മറ്റൊരു ഏറ്റുമുട്ടല്‍ കഥയുണ്ടാക്കുകയും ചെയ്തു. ഹിന്ദുത്വ ഭീകരവാദ ശൃംഖലകള്‍  നടപ്പാക്കിയ സ്‌ഫോടനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപോകുമോ എന്ന് സംശയമുണ്ടായപ്പോള്‍ ആര്‍ എസ് എസുകാരനായ സുനില്‍ ജോഷിയെ ഇല്ലാതാക്കിയത് ആര്‍ എസ് എസുകാര്‍ തന്നെയായിരുന്നു. ഈ പാഠങ്ങള്‍ മധ്യപ്രദേശില്‍ വ്യാപിപ്പിക്കുകയാണോ എന്ന് ന്യായമായും സംശയിക്കണം.

മറ്റൊന്ന് ഗവര്‍ണര്‍ രാം നരേഷ് യാദവിന്റെ പങ്ക് സംബന്ധിച്ച ആരോപണമാണ്. കേസന്വേഷിച്ചിരുന്ന സംസ്ഥാന സര്‍ക്കാറിന്റെ പോലീസ് സംഘം തന്നെ എഫ് ഐ ആറില്‍ യാദവിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു. ആരോപണവിധേയരില്‍ പത്താമനായിട്ട്. പക്ഷേ, ഭരണഘടനാ പദവിയിലിരിക്കുന്നയാള്‍ക്കുള്ള പ്രത്യേക സംരക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടി പിന്നീട് ഒഴിവാക്കേണ്ടിവന്നു. ഭരണഘടനാ പദവിയില്‍ നിന്ന് നീക്കി രാം നരേഷ് യാദവിനെ ആരോപണ വിധേയരുടെ പട്ടികയില്‍ തിരിച്ചെത്തിക്കാനോ ചോദ്യംചെയ്യലിന് അവസരമുണ്ടാക്കാനോ നരേന്ദ്ര മോദി സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ല. യു പി എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെയൊക്കെ, സമ്മര്‍ദം ചെലുത്തി രാജിവെപ്പിച്ച മോദി ഭരണകൂടം രാം നരേഷ് യാദവിനെ തുടരാന്‍ അനുവദിച്ചതില്‍ ചിലതൊക്കെ മറയ്ക്കാനുള്ളതുകൊണ്ടാകാനേ തരമുള്ളൂ. യാദവിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്റെയോ ബി ജെ പിയുടെയോ ആര്‍ എസ് എസിന്റെയോ പ്രമുഖ നേതാക്കളുടെ പേര് പുറത്തുവരുമെന്ന ഭയം അവര്‍ക്കുണ്ടാകണം. ചെറുകിട നേതാക്കളുടെയോ ഉദ്യോഗസ്ഥരുടെയോ പേര് പുറത്തുവരുമെന്ന ഭയം കൊണ്ട് ഗവര്‍ണറെ സംരക്ഷിച്ച് നിര്‍ത്തില്ലല്ലോ? സ്വന്തം മകന്റെ ദുരൂഹ മരണത്തെക്കുറിച്ച് മൗനം പാലിച്ച് രാം നരേഷ് യാദവ് ആരോപണവിധേയരുടെ സംഘത്തോട് കൂറ് നിലനിര്‍ത്തുകയും ചെയ്യുന്നു.


ദുരൂഹ മരണങ്ങളുടെ പരമ്പര നാല്‍പ്പത് കഴിഞ്ഞതോടെയാണ് 'വ്യാപം' ദേശീയ മാധ്യമങ്ങളുടെ ഇഷ്ടവിഷയമായി മാറുന്നത്. അത്രകാലം തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ യത്‌നിച്ച ഏതാനും പേര്‍ക്കും തട്ടിപ്പാരോപണത്തില്‍ രാഷ്ട്രീയനേട്ടമുണ്ടെന്ന് കണ്ട കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെപ്പോലുള്ളവര്‍ക്കും (ദിഗ്‌വിജയ് മുഖ്യമന്ത്രിയായിരുന്ന കാലത്തും വ്യാപത്തില്‍ ക്രമക്കേട് ആരോപണങ്ങളുണ്ടായിരുന്നു, ഇത്ര വ്യാപകമായിരുന്നില്ലെന്ന് മാത്രം) മാത്രമേ ഇതില്‍ താത്പര്യമുണ്ടായിരുന്നുള്ളൂ. വൈകിയാണെങ്കിലും വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങുകയും വലിയ കോലാഹലം തുടരുകയും ചെയ്തിട്ടും ഗവര്‍ണറെ മോദി സര്‍ക്കാര്‍ സംരക്ഷിച്ചുനിര്‍ത്തുകയാണ്. സര്‍വ തലങ്ങളിലും വിശ്വാസ്യത ഇല്ലാതായ, ഭരണ സംവിധാനത്തെ തുടരാന്‍ അനുവദിക്കുന്നതിന്റെ കൂടി ഭാഗമായാണ് ഈ സംരക്ഷണം.

ഭായിയോ ബഹനോ, യെ ഭ്രഷ്ടാചാര്‍ ലോക്... (സഹോദരീ സഹോദരന്‍മാരേ അഴിമതിക്കാരുടെ കൂട്ടം...) എന്ന് 56 ഇഞ്ച് നെഞ്ച് വിരിച്ച് നരേന്ദ്ര മോദി ഇനി ജനത്തെ അഭിമുഖീകരിക്കില്ലെന്ന് കരുതാമോ? വംശഹത്യയെ ന്യായീകരിച്ച നേതാവിന് വാഗ്ധാടിക്ക് മടിയുണ്ടാവില്ല.

2015-07-11

ബിജിക്ക്, ഉമ്മനും (via) വി സി കബീര്‍


ഇടുക്കി ജില്ലയിലെ മുണ്ടക്കയത്ത് ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനിയുടെ കൈവശമുള്ള എസ്റ്റേറ്റിലൂടെയുള്ള വഴിയെച്ചൊല്ലിയുള്ള തര്‍ക്കം, സ്ഥലമുള്‍ക്കൊള്ളുന്ന പീരുമേട് മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്ന ഇ എസ് ബിജി മോള്‍, എ ഡി എമ്മിനെ കൈയേറ്റം ചെയ്തുവെന്ന ആരോപണത്തോടെ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഉദ്യോഗസ്ഥന്റെ കാലൊടിഞ്ഞതോടെ ജനപ്രതിനിധി കാട്ടിയ അതിക്രമം എന്ന നിലയിലും ജനങ്ങളുടെ വഴി നടക്കാനുള്ള സ്വാതന്ത്ര്യം തടയാനെത്തിയവരെ നേരിടാന്‍ ജനപ്രതിനിധി കാട്ടിയ ഉത്സാഹം എന്ന നിലയിലും ഇത് വ്യവഹരിക്കപ്പെട്ടു. നിയമസഭ സമ്മേളിക്കുന്ന സമയമായതിനാല്‍ അവിടെയും സംഭവം പ്രതിഫലിച്ചു. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നും അതിന് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്നും ആരോപിച്ച് ബിജി മോള്‍ രംഗത്തുവന്നപ്പോള്‍, കര്‍ത്തവ്യ നിര്‍വഹണത്തിനെത്തുന്ന ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുന്നത് ഒരുകാരണവശാലും അനുവദിക്കില്ലെന്ന് റവന്യു മന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി പറഞ്ഞതുപോരെന്ന് തോന്നിയതിനാലാകണം, ബിജി മോളുടേത് അപക്വമായ നടപടിയാണെന്നും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടി പറഞ്ഞു. എ ഡി എമ്മിനെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ റവന്യൂ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് സമരം ചെയ്യുകയുമുണ്ടായി.


ഈ പ്രകടനങ്ങള്‍ക്കിടെ പ്രശ്‌നത്തിന്റെ സാമൂഹിക - രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ പുറമേക്ക് വന്നതേയില്ല. ബിജി മോള്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ള രാഷ്ട്രീയ-ഭരണ നേതാക്കള്‍ക്കും കാലൊടിഞ്ഞ എ ഡി എമ്മിനും അതിന്റെ പേരില്‍ സമരം ചെയ്ത റവന്യൂ ഉദ്യോഗസ്ഥര്‍ക്കും യാഥാര്‍ഥ്യങ്ങള്‍ പുറത്തേക്ക് വരണമെന്ന താത്പര്യമുണ്ടാകുകയുമില്ല. ഈ കേസില്‍ പ്രത്യക്ഷ സാന്നിധ്യമല്ലാത്ത നീതിന്യായ സംവിധാനത്തിനും ആ താത്പര്യമില്ല തന്നെ.
കേസിലെ നീതിന്യായ സംവിധാനത്തിന്റെ പങ്ക് ആദ്യം പരിശോധിക്കാം. വള്ളിയങ്കാവ്, തെക്കേമല നിവാസികളായ മൂവായിരത്തോളം പേര്‍ ആശ്രയിക്കുന്നതാണ് എസ്റ്റേറ്റിലൂടെയുള്ള വഴി. വള്ളിയങ്കാവിലെ ഒരു ക്ഷേത്രത്തിലേക്കുള്ള പാതയും ഇതുതന്നെ. ഇതടച്ച് ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി ഗേറ്റ് സ്ഥാപിച്ചതോടെയാണ് തര്‍ക്കം തുടങ്ങുന്നത്. ഗേറ്റ് കടന്ന് പോകുന്ന വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കാനും തുടങ്ങി. ഒമ്പത് വര്‍ഷം മുമ്പ്. വഴി നടക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആറ് വര്‍ഷം മുമ്പ് പ്രദേശവാസികള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. സംഗതികളുടെ കിടപ്പുവശം വിശദമായി പരിശോധിച്ച കമ്മീഷന്‍ ഗേറ്റ് തുറന്നുകൊടുക്കാന്‍ 2015 ജൂണില്‍ ഉത്തരവിട്ടു! മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ചോദ്യംചെയ്ത്  എസ്റ്റേറ്റ് ഉടമ സമര്‍പ്പിച്ച ഹരജി കൈയോടെ പരിഗണിച്ച ഹൈക്കോടതി, സ്റ്റേ അനുവദിച്ചു. മൂവായിരത്തോളം പേര്‍ തത്കാലം വഴി ഉപയോഗിച്ചോട്ടെ, ഉടമ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് പിന്നീടൊരു തീരുമാനമെടുക്കാമെന്ന് നീതിന്യായ സംവിധാനത്തിലെ ഉന്നതര്‍ക്ക് തോന്നയില്ല.


5,737 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കമ്പനി അനധികൃതമായി കൈവശംവെച്ചിട്ടുണ്ടെന്നും വഴി, പുറമ്പോക്ക് ഭൂമിയാണെന്നും ആറ് വര്‍ഷം നീണ്ട അന്വേഷണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. വഴിയുടെ ഉടമാവകാശം സ്ഥാപിക്കാന്‍ പാകത്തില്‍ ഒരു രേഖയും കമ്പനി ഹാജരാക്കിയിരുന്നില്ലെന്നും കമ്മീഷന്‍ പറഞ്ഞു. ഇതൊന്നും മുഖവിലക്കെടുക്കേണ്ട ബാധ്യത, നിലനില്‍ക്കുന്ന സംവിധാനത്തില്‍ ഹൈക്കോടതിക്കില്ല, ന്യായാന്യായങ്ങള്‍ തീരുമാനിക്കും മുമ്പ് സ്റ്റേ അനുവദിച്ചാല്‍ മതി. അവിടെ സാമാന്യബുദ്ധി പ്രയോഗിക്കേണ്ട ആവശ്യം ഉദിക്കുന്നുമില്ല.


സര്‍ക്കാര്‍ ഭൂമി, ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി കൈവശം വെക്കുന്നുവെന്ന മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തലില്‍ നിന്ന് വേണം രാഷ്ട്രീയ - ഭരണ നേതൃത്വങ്ങളിലേക്ക് വരാന്‍. ഏതാണ്ട് പത്ത് കൊല്ലം മുമ്പ്, വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൈയേറ്റം ചെയ്യപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കാനും അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാനും നടപടി സ്വീകരിച്ചിരുന്നു. വേണ്ടത്ര ഗൃഹപാഠം ചെയ്ത്, നിയമപരമായ നടപടിക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കിയാണ് നടപടി തുടങ്ങിയത് എന്ന് അഭിപ്രമായമില്ല. സി പി എം നേതൃത്വവുമായുള്ള പോരില്‍ മുന്‍തൂക്കം നേടുക, ജനകീയനും സര്‍ക്കാര്‍ സമ്പത്തുകളുടെ സംരക്ഷകനുമെന്ന പ്രതിച്ഛായ വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് വി എസ്സിനെ മുഖ്യമായും നയിച്ചത് എന്ന് അഭിപ്രായമുണ്ടുതാനും. എങ്കിലും കേരള സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്രയും ശക്തമായൊരു തീരുമാനം അതിന് മുമ്പോ പിമ്പോ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം. ഏറ്റെടുക്കലിനും പൊളിച്ചുമാറ്റലിനും സ്റ്റേ പറയാതെ നീതിന്യായ സംവിധാനവും സര്‍ക്കാറിനൊപ്പം നിന്നു ആദ്യഘട്ടത്തില്‍.


സി പി എമ്മിന്റെയും സി പി ഐയുടെയും പാര്‍ട്ടി ഓഫീസുകള്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ചവയാണെന്ന, മുന്‍കാലത്തു തന്നെയുള്ള ആക്ഷേപം ശക്തമായി വരികയും ദൗത്യ സംഘം (കെ സുരേഷ് കുമാര്‍, ഋഷിരാജ് സിംഗ്, രാജുനാരായണ സ്വാമി എന്നിവരെയാണ്  ദൗത്യ സംഘത്തിലെ 'പൂച്ച'കളായി വി എസ് നിയോഗിച്ചിരുന്നത്) സി പി ഐ ഓഫീസിന് മുന്നില്‍ ജെ സി ബി താഴ്ത്തുകയും ചെയ്തതോടെയാണ് കളി മാറിയത്. കോട്ടിട്ടയാളും അതിന് മുകളിലുള്ളയാളും മറുപടി പറയേണ്ടിവരുമെന്ന് അന്ന് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന പന്ന്യന്‍ രവീന്ദ്രന്‍ മുടിയഴിച്ചാടിയിരുന്നു. കെട്ടിടം പൊളിക്കാന്‍ വരുന്നവരുടെ കൈവെട്ടുമെന്നായിരുന്നു മറ്റൊരു അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മാഈല്‍ പറഞ്ഞത്. ആറ് സെന്റ് പട്ടയ ഭൂമിയും മൂന്ന് സെന്റ് വിരിവും പറഞ്ഞ് ഇവര്‍ ദൗത്യ സംഘത്തെ തടഞ്ഞതോടെ കൈയേറ്റമൊഴിപ്പിക്കലിനും പൊളിച്ചുനീക്കലിനും കോടതികള്‍ സ്റ്റേ അനുവദിക്കാനും തുടങ്ങി. വള്ളിയങ്കാവില്‍ എസ്റ്റേറ്റ് മുതലാളി ഗേറ്റ് സ്ഥാപിച്ച് ടോള്‍ പിരിവ് തുടങ്ങുന്നത് ഒമ്പത് വര്‍ഷം മുമ്പാണ്. മൂന്നാര്‍ ദൗത്യം പരാജയപ്പെട്ടതിന് പിറകെയാണോ ഇതുണ്ടായത് എന്ന് ബിജി മോളും അവര്‍ നടത്തിയത് ജനകീയ സമരമാണെന്ന് അവകാശപ്പെടുന്ന സി പി ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരിശോധിക്കുന്നത് നന്നായിരിക്കും.


കൈയേറ്റമൊഴിപ്പിക്കാന്‍ സ്വീകരിച്ച നടപടികളോട് യോജിപ്പുണ്ടായിരുന്നില്ലെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കാതെ നിന്നു ഇന്ന് ഭരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്. ഒഴിപ്പിക്കുന്നതിനോടോ പൊളിക്കുന്നതിനോടോ ഇന്ന് സര്‍ക്കാറിന്റെ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസിന് ഒരു യോജിപ്പുമുണ്ടായിരുന്നില്ല, അവരത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന്റെയൊക്കെ ഭാഗമായാണ് 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ അധികാരമില്ലാത്ത ഒരു കോടതി രൂപവത്കരിച്ച് കൈയേറ്റം സംബന്ധിച്ച തര്‍ക്കങ്ങളൊക്കെ പരണത്തുവെച്ചത്. അവരാണ്, കര്‍ത്തവ്യ നിര്‍വണത്തിന് തടസ്സമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്നും കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും ഔദ്ധത്യത്തോടെ പ്രഖ്യാപിക്കുന്നത്.


എസ്റ്റേറ്റിന്റെ ഗേറ്റ് അടച്ചിടാനുള്ള ഉത്തരവ് നടപ്പാക്കാന്‍ കാണിച്ച തിടുക്കം, കാലൊടിഞ്ഞ എ ഡി എം, കൈയേറ്റക്കാര്‍ക്കെതിരായ ഉത്തരവുകള്‍ നടപ്പാക്കാന്‍ കാട്ടുമോ എന്നതില്‍ ന്യായമായും സംശയമുണ്ട് (ആ ഉദ്യോഗസ്ഥന്റെ കൂറ് ചോദ്യംചെയ്തുകൊണ്ടല്ല ഇത് പറയുന്നത്). കൂട്ട അവധിയെടുത്ത റവന്യൂ ഉദ്യോഗസ്ഥരുടെ കാര്യമോ? വ്യാജ പട്ടയങ്ങളുടെ നിര്‍മിതിയില്‍, അതിന് സാധൂകരണം നല്‍കുന്നതില്‍, കൈയേറ്റങ്ങള്‍ കണ്ടാല്‍ കണ്ണടക്കുന്നതില്‍ ഒക്കെ വിദഗ്ധരായവരുടെ സംഘമാണിവരെന്ന് (ഒറ്റപ്പെട്ട അപവാദങ്ങളുണ്ടാകാം) അന്നാഹാരം കഴിക്കുന്നവര്‍ക്കാര്‍ക്കും സംശയമുണ്ടാകാന്‍ ഇടയില്ല. ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി, സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ അതും ഇവരറിയാതെയാകാന്‍ തരമില്ല. വില്ലേജാപ്പീസിലെ രേഖകള്‍ പ്രകാരം, തര്‍ക്കവിഷയമായ വഴി പുറമ്പോക്ക് ഭൂമിയാണ്. എസ്റ്റേറ്റുകാര്‍ ഗേറ്റ് സ്ഥാപിച്ച് ടോള്‍ പിരിക്കാന്‍ തുടങ്ങിയ കാലത്തു തന്നെ, രേഖകള്‍ ഹാജരാക്കി ഇത് പുറമ്പോക്കാണെന്ന് സ്ഥാപിച്ച് ജനങ്ങളുടെ അവകാശമുറപ്പാക്കാന്‍ യത്‌നിക്കേണ്ടവരായിരുന്നു കൂട്ട അവധിക്കാരായ റവന്യൂ ജീവനക്കാര്‍. അവരതിന് ഏതെങ്കിലും വിധത്തില്‍ ശ്രമിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ ശ്രമിച്ചിരുന്നുവെങ്കില്‍ മനുഷ്യാവകാശ കമ്മീഷന് സംഗതികള്‍ തിരിയാന്‍ ആറ് വര്‍ഷം വേണ്ടിവരുമായിരുന്നില്ല. ഹരജിയുണ്ടെന്ന് കേട്ടപാതി കേള്‍ക്കാത്ത പാതി ഹൈക്കോടതി സ്റ്റേ അനുവദിക്കുമായിരുന്നുമില്ല.


വി എസ് അച്യുതാനന്ദന്‍ മൂന്നാര്‍ ദൗത്യം തുടങ്ങുന്നതിനും ട്രാവന്‍കൂര്‍ കമ്പനി പൊതുവഴി അടച്ച് ടോള്‍ പിരിക്കാന്‍ തുടങ്ങുന്നതിനും ഏറെക്കാലം മുമ്പ്, പാലക്കാട് നെല്ലിയാമ്പതിയിലെ പോബ്‌സണ്‍ എസ്റ്റേറ്റിന് മുന്നിലൊരു സംഭവമുണ്ടായിട്ടുണ്ട്. എസ്റ്റേറ്റിലേക്കുള്ള പാത കെട്ടിയടച്ച പോബ്‌സണ്‍, നിയമസഭയുടെ കമ്മിറ്റിയംഗങ്ങളെത്തിയപ്പോള്‍പ്പോലും അത് തുറക്കാന്‍ തയ്യാറായില്ല. അന്ന് എം എല്‍ എയായിരുന്ന വി സി കബീറായിരുന്നു നിയമസഭാ സമിതിയുടെ നേതാവ്. (ബിജി മോള്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ളവര്‍ക്ക് തടഞ്ഞതിന്റെയും കൈയേറ്റം ചെയ്തതിന്റെയും കഥ കബീര്‍ മാസ്റ്ററില്‍ നിന്ന് ചോദിച്ചറിയാവുന്നതാണ്) ജനപ്രതിനിധികളെ തടയാനുള്ള അധികാരവും സ്വാധീനവും ഇത്തരക്കാര്‍ സ്വന്തമാക്കിയിട്ട് വര്‍ഷങ്ങളായെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഇത് പറഞ്ഞത്. പോബ്‌സണെതിരെ എന്ത് നടപടിയാണ് അന്നത്തെ സര്‍ക്കാറും നിയമസഭയും സ്വീകരിച്ചത്? പൊതുവഴി അടച്ചുകെട്ടുക, നീര്‍ച്ചാലുകള്‍ തടഞ്ഞ് സ്വകാര്യ തടയണ നിര്‍മിക്കുക തുടങ്ങിയ കലാപരിപാടികള്‍ നടത്തുന്ന എസ്റ്റേറ്റുടമകള്‍ വേറെയുമുണ്ട്. ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ കാലാകാലങ്ങളില്‍ ഉണ്ടാകുകയും നടപടിയെടുക്കുമെന്ന പ്രഖ്യാപനം അധികാരികള്‍ നടത്തുന്നുമുണ്ട്.


ഇതേക്കുറിച്ചൊന്നും പറയാതെ, വള്ളിയങ്കാവിലെയും തെക്കേമലയിലെയും ഏതാനും പേരുടെ പ്രശ്‌നമായി ഇതിനെ ചുരുക്കു നിര്‍ത്തുകയാണ് രാഷ്ട്രീയ - ഭരണ നേതൃത്വങ്ങള്‍ ചെയ്യുന്നത്. എ ഡി എമ്മിനെ കൈയേറ്റം ചെയ്താലുമില്ലെങ്കിലും മണ്ഡലത്തിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയെന്ന ഖ്യാതി നേടിക്കൊണ്ട് ബിജി മോള്‍ രംഗം വിടുമ്പോള്‍ സംഭവിക്കുന്നതും മറ്റൊന്നല്ല. കര്‍ത്തവ്യ നിര്‍വഹണത്തിന് തടസ്സമുണ്ടാക്കിയാല്‍ കര്‍ശനമായി നേരിടുമെന്ന് റവന്യു - മുഖ്യ മന്ത്രിമാര്‍ പ്രഖ്യാപിക്കുമ്പോള്‍ കൈയേറ്റങ്ങളോട് കണ്ണടക്കുകയും കള്ളരേഖകളുണ്ടാക്കി കൈയേറ്റത്തെ നിയമവിധേയമാക്കി നല്‍കുകയും ചെയ്യുന്ന കര്‍ത്തവ്യ നിര്‍വഹണത്തിന് തടസ്സമുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് കൂടിയാണ് ജനത്തോട് പറയുന്നത്.
സ്റ്റേ അനുവദിച്ച്, ഗേറ്റ് അടച്ചിടാന്‍ അനുവദിച്ച ഹൈക്കോടതി, വര്‍ഷങ്ങളുടെ സമയമെടുത്ത് തീര്‍പ്പുണ്ടാക്കുമ്പോള്‍ വള്ളിയങ്കാവിലേക്ക് നമുക്ക് മടങ്ങിവരാം.

2015-07-02

ഭരണവിരുദ്ധം ഗച്ഛാമി (ഉപദേശം എളുപ്പമാണ്)


അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ ഫലത്തെ വിലയിരുത്തുമ്പോള്‍ മൂന്ന് പ്രതികരണങ്ങള്‍ പ്രധാനമായും മുന്നോട്ടുവെക്കാന്‍ ആഗ്രഹിക്കുന്നു. 'അച്ഛന്റെ വിജയമാണിത്' എന്ന കെ എസ് ശബരീനാഥന്റെ പ്രതികരണമാണ് ആദ്യത്തേത്. രണ്ടാം സ്ഥാനം ലഭിക്കാത്തതില്‍ നിരാശയുണ്ടെന്ന ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാലിന്റെ പ്രസ്താവനയാണ് രണ്ടാമത്തേത്. ഭരണവിരുദ്ധ വികാരം ചിന്നഭിന്നമായെന്നും അതിന്റെ ഗുണം യു ഡി എഫിന് ലഭിക്കാനിടയുണ്ടെന്നും വോട്ടെണ്ണലിന്റെ തലേന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് മൂന്നാമതെടുക്കുന്നു.


കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും 2011ല്‍ അധികാരത്തിലേറിയ യു ഡി എഫ് സര്‍ക്കാറിന്റെ കണക്കെടുക്കുമ്പോള്‍ താരതമ്യേന മികച്ച പ്രതിച്ഛായയുണ്ടായിരുന്നയാളുമായ ജി കാര്‍ത്തികേയന്റെ നിര്യാണം അരുവിക്കരയില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ഒന്നായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് കാര്‍ത്തികേയന്റെ ഭാര്യ സുലേഖ സ്ഥാനാര്‍ഥിയാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ശഠിച്ചത്. അവര്‍ പിന്‍മാറിയപ്പോള്‍ മകന്‍ ശബരീനാഥനെ സ്ഥാനാര്‍ഥിയാക്കി. ശബരീനാഥനും പിന്‍മാറിയിരുന്നെങ്കില്‍ കാര്‍ത്തികേയനുമായി ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ള ഒരാളെത്തേടി കോണ്‍ഗ്രസ് നേതൃത്വം പോകുമായിരുന്നു. വോട്ടര്‍മാരുടെ മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സംഗതി കാര്‍ത്തികേയനെ ഓര്‍മിപ്പിക്കുക എന്നതാണെന്ന തിരിച്ചറിവ് മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. 1991ലെ തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി വധിക്കപ്പെടുന്നതിന് മുമ്പും പിമ്പും നടന്ന വോട്ടെടുപ്പിന്റെ ഫലം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. 1984ല്‍ ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കോണ്‍ഗ്രസ് നേടിയത്.


ഇതിനെ അടിവരയിടുന്നതാണ് 'അച്ഛന്റെ വിജയ'മെന്ന ശബരീനാഥന്റെ പ്രസ്താവന.
ഫലത്തോട് പ്രതികരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും കാര്‍ത്തികേയ സ്മരണയുടെ കാര്യം ആവര്‍ത്തിച്ചിരുന്നു. ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നതിനാല്‍ വിജയം ഭരണത്തിനുള്ള അംഗീകാരമാണെന്നും അഴിമതി, തട്ടിപ്പ്, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളെ ജനം തള്ളിയതിന് തെളിവാണെന്നും വിജയത്തെ വിലയിരുത്തുന്നത്, വിഡ്ഢിത്തമാകും. ഇത്തരം ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കപ്പെടുകയും അതിനെ ആഘോഷമാക്കി മാറ്റുകയും ചെയ്തത് പൊതുവില്‍ ജനങ്ങളിലുണ്ടാക്കിയ മടുപ്പ്, കാര്‍ത്തികേയ സ്മരണക്ക് കൂട്ടായിട്ടുണ്ടാകാമെന്ന് മാത്രം. വലിയ കൊള്ളകളുടെ കഥ പലകുറി കേട്ട ജനം ഇതിനെ ഗൗരവത്തിലെടുക്കണമോ എന്ന് ചിന്തിച്ചിട്ടുമുണ്ടാകാം. അതിനര്‍ഥം ആരോപണങ്ങളൊക്കെ തെറ്റാണെന്ന് ജനം വിധിച്ചുവെന്നല്ല.


പഴയ ആര്യനാട് മണ്ഡലവും ഇപ്പോഴത്തെ അരുവിക്കരയും പൊതുവില്‍ യു ഡി എഫിന് മേല്‍ക്കൈയുള്ള മണ്ഡലമായതിനാല്‍ കാര്‍ത്തികേയന്റെ ഓര്‍മ കൊണ്ടുള്ള ഫലസിദ്ധി വര്‍ധിച്ചു. ഇത് മനസ്സിലാക്കാതെ, അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന അഴിമതി ആരോപണങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഘനീഭവിച്ച് വോട്ടായി പെയ്യുമെന്നും അതിന്റെ ഗുണം കിട്ടുമെന്നും പ്രതീക്ഷിച്ച് രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചപ്പോള്‍ തന്നെ എല്‍ ഡി എഫിന് (യഥാര്‍ഥത്തില്‍ സി പി എം) പാളി. അഴിമതി, സ്വജനപക്ഷപാതം, ലൈംഗിക ചൂഷണം തുടങ്ങി പലവിധ ആരോപണങ്ങള്‍ നേരിടുന്ന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ പലവഴിക്ക് ശ്രമിച്ച് ഫലം കാണാതിരുന്ന സി പി എം  അരുവിക്കരയിലെ ജനവിധിയോടെ രാഷ്ട്രീയ വിജയം നേടാമെന്ന് വ്യാമോഹിച്ചു. അതുകൊണ്ടാണ് സംസ്ഥാന കമ്മിറ്റിയംഗവും ജന്മം കൊണ്ട് നായരുമായ എം വിജയകുമാറിനെ അവിടെ സ്ഥാനാര്‍ഥിയാക്കിയത്. ശബരീനാഥനാണ് സ്ഥാനാര്‍ഥിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ അരുവിക്കരയില്‍ നിന്നുള്ള യുവ നേതാക്കളെയാരെയെങ്കിലും മത്സരിപ്പിക്കുകയും ഉപതിരഞ്ഞെടുപ്പിന്റെ പരിമിതമായ സാധ്യത തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ വോട്ടെണ്ണത്തിനപ്പുറത്ത് ഇപ്പോഴുണ്ടായ വലിയ പരാജയം ഒഴിവാക്കാമായിരുന്നു.


ബി ജെ പി നേടിയ 34,415 വോട്ടിനെ (കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയതുമായി തട്ടിച്ച് നോക്കിയാല്‍ അഞ്ചിരട്ടിയോളം) കേരളത്തിലെ ഏറ്റവും വലിയ ഒറ്റപ്പാര്‍ട്ടിയായി മാറിയതിന് തെളിവായി ഉയര്‍ത്തിക്കാട്ടുന്ന സംസ്ഥാന പ്രസിഡന്റ് വി മുരളീധരനുള്ള മറുപടിയായി രണ്ടാമതെത്താത്തതിലുള്ള രാജഗോപാലിന്റെ നിരാശയെ കാണാം. ഹിന്ദുത്വ പാര്‍ട്ടിയുടെ സംസ്ഥാനത്തെ യഥാര്‍ഥ നില എന്തെന്നും  ഈ പ്രസ്താവന പറഞ്ഞുതരുന്നുണ്ട്. ആര്യനാട് മണ്ഡലത്തില്‍ 1987ല്‍ ഏഴായിരം വോട്ടുണ്ടായിരുന്നു ബി ജെ പിക്ക്. 2011ലെ അരുവിക്കരയിലും ബി ജെ പിക്ക് ലഭിച്ചത് ഏഴായിരം മാത്രം. ഇക്കാലത്തിനിടെ പാര്‍ട്ടിക്കുണ്ടായ ചെറിയ വളര്‍ച്ച പോലും വോട്ടിംഗില്‍ പ്രതിഫലിച്ചിരുന്നില്ലെന്ന് ചുരുക്കം. 25 വര്‍ഷത്തിനിടെ ഇരട്ടിയായെങ്കിലും ബി ജെ പി വോട്ട് വര്‍ധിച്ചിട്ടുണ്ടാകണം. ഇത്രയും കാലം പോള്‍ ചെയ്യാതിരിക്കുകയോ മറ്റ് സ്ഥാനാര്‍ഥികളുടെ പെട്ടിയില്‍ (കാര്‍ത്തികേയന്റെ പെട്ടിയിലാകാനാണ് സാധ്യത കൂടുതല്‍) പതിക്കുകയോ ചെയ്ത വോട്ടുകള്‍ അവര്‍ ഇക്കുറി തിരിച്ചെടുത്തു. അങ്ങനെയെങ്കില്‍ 20,000 വോട്ട് ബി ജെ പിക്ക് അധികമായി കിട്ടിയെന്ന് കരുതാം. ഇതില്‍ രാജഗോപാലെന്ന വ്യക്തി സ്വാധീനിച്ച വോട്ടുകള്‍ കിഴിച്ചതിന് ശേഷമേ പാര്‍ട്ടിക്കുള്ള വോട്ടിനെ കണക്കാക്കാവൂ.


തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഒന്നര വര്‍ഷം മുമ്പ് ജയത്തോടടുത്ത രണ്ടാം സ്ഥാനം നേടിയ രാജഗോപാല്‍ അരുവിക്കരയില്‍ അതിന്റെ ആവര്‍ത്തനം പ്രതീക്ഷിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നരേന്ദ്ര മോദിയുടെ ഊതിവീര്‍പ്പിച്ച പ്രതിച്ഛായയും വിജയിച്ചാല്‍ മന്ത്രി സ്ഥാനം ഉറപ്പെന്ന പ്രചാരണവും തുണയായുണ്ടായിരുന്നു. പല കാരണങ്ങളാല്‍ ദുര്‍ബലനായ ഇടത് സ്ഥാനാര്‍ഥിയും. അരുവിക്കരയില്‍ ഇതൊന്നുമുണ്ടായിരുന്നില്ല. രാജഗോപാലിന്റെ വ്യക്തിത്വം, പലകുറി പരാജയം നേരിട്ടയാളോടുള്ള നേരിയ സഹതാപം എന്നിവക്ക് പുറത്ത്, രണ്ടാം സ്ഥാനത്തെത്തണമെങ്കില്‍ പാര്‍ട്ടിയോട് ജനങ്ങള്‍ക്ക് പ്രതിപത്തി വര്‍ധിക്കണമായിരുന്നു. ജനങ്ങള്‍ക്ക് അത്രത്തോളം പ്രതിപത്തിയുണ്ടായില്ലെന്നാണ് നിരാശയുണ്ടെന്ന രാജഗോപാലിന്റെ പ്രസ്താവന പറഞ്ഞുതരുന്നത്. പാര്‍ട്ടിക്ക് സ്വാധീനം വര്‍ധിപ്പിക്കാനായിരുന്നുവെങ്കില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ രണ്ടാമതെത്തിയ രാജഗോപാലിന് അരുവിക്കരയിലും അത് ആവര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നു.


കേരള രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി ബി ജെ പി മാറിയെന്ന, അരുവിക്കരാനന്തര വിലയിരുത്തലിന് അതുകൊണ്ടു തന്നെ പ്രസക്തിയില്ല. പക്ഷേ, തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രകടമായ സാന്നിധ്യമാകാനും മൂവായിരത്തിനും അയ്യായിരത്തിനും ഇടയില്‍ വോട്ടുകള്‍ക്ക് വിജയം നിശ്ചയിക്കപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കാവുന്ന സ്ഥിതിയിലേക്ക് മാറാനും കഴിയും വിധത്തില്‍ ആ പാര്‍ട്ടി സ്വാധീനമുണ്ടാക്കിയിരിക്കുന്നുവെന്ന് അരുവിക്കര പറഞ്ഞു തരുന്നു. അത് യു ഡി എഫിനേക്കാളേറെ, പ്രയാസം സൃഷ്ടിക്കുക ഇടതുപക്ഷത്തിനാണ്, സി പി എമ്മിനാണ്. അതുകൊണ്ടാണ് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് അരുവിക്കര ഫലം വ്യക്തമാക്കുന്നത് എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞുവെക്കുന്നത്. ഈ വെല്ലുവിളിയെ മറികടക്കുക സി പി എമ്മിന് അത്ര എളുപ്പമല്ല. ഇടതിന്റെ ഇലകള്‍ ചീയുന്നതാണ് തങ്ങള്‍ക്ക് വളമെന്ന് ബി ജെ പി നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു. കേരളം ബംഗാളാക്കുക എന്ന മുദ്രാവാക്യം ഇപ്പോള്‍ കൂടുതല്‍ യോജിക്കുക ബി ജെ പിക്കായിരിക്കും.


പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ സൂക്ഷ്മതലത്തില്‍ നടത്തിയ പ്രവര്‍ത്തനം, എ കെ ഗോപാലന്‍ കഴിഞ്ഞാല്‍ കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രചാരണ പ്രവര്‍ത്തനം, അരുവിക്കരയിലേക്ക് നേതൃനിരയാകെ കേന്ദ്രീകരിച്ചത് ഇതിനൊക്കെ ശേഷവും ഭരണവിരുദ്ധ വികാരം ചിന്നഭിന്നമായെന്ന് സി പി എം സംസ്ഥാനകമ്മിറ്റി വിലയിരുത്തുന്നുവെങ്കില്‍ ആ വികാരത്തെ ഏകോപിപ്പിക്കാനുള്ള സംഘടന - രാഷ്ട്രീയ ശേഷി ആ പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നുവെന്ന് തന്നെയാണ് അര്‍ഥം. അതുകൊണ്ടാണ് ആ വികാരം ആളിക്കത്തിക്കാന്‍ പി സി ജോര്‍ജിനെയും ആര്‍ ബാലകൃഷ്ണപിള്ളയെയും ഗണേഷ് കുമാറിനെയുമൊക്കെ വിറകാക്കേണ്ടിവന്നത്. സരിതയുടെ വാക്കുകളെയും മാധ്യമ 'വെളിപ്പെടുത്തലു'കളെയും പ്രചാരണത്തില്‍ വേണ്ടതിലധികം ആശ്രയിക്കേണ്ടിവന്നത്.


സംഘടന - രാഷ്ട്രീയ ശേഷിയിലുണ്ടായ തളര്‍ച്ച, അരുവിക്കരയുടെ തീരത്തുവെച്ചുണ്ടായതല്ല. പാര്‍ലിമെന്ററി വ്യാമോഹവും പാര്‍ട്ടി ആധിപത്യവും തര്‍ക്കിച്ച് വ്യക്തിവൈരത്തോളം വളര്‍ന്ന വിഭാഗീയത, ജനങ്ങളുമായുള്ള ബന്ധം ഇല്ലാതായത്, ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പാര്‍ട്ടി കാണിക്കുന്ന വിമുഖത തുടങ്ങി ഈ തളര്‍ച്ചക്കുള്ള കാരണങ്ങള്‍ സി പി എമ്മിന്റെ പല കേന്ദ്ര കമ്മിറ്റികളും കോണ്‍ഗ്രസുകളും പ്ലീനവുമൊക്കെ നിരത്തിയിട്ടുണ്ട്. തിരുത്തുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതേക്കുറിച്ചൊക്കെ കൂടുതല്‍ അറിയാവുന്നതും ആ പാര്‍ട്ടിക്കുള്ളിലുള്ളവര്‍ക്ക് തന്നെയാണ് താനും. എന്നിട്ടും ഒന്നും സംഭവിക്കുന്നില്ലെന്നതിന്റെ ഫലം കൂടിയാണ് അരുവിക്കര. അതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തേ മതിയാകൂ. അതിന് പകരം വോട്ടര്‍മാര്‍ പ്രലോഭനത്തിന് വഴങ്ങി, മദ്യവും പണവും വാങ്ങി വോട്ട് ചെയ്തു, വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയാണ് യു ഡി എഫ് ജയിച്ചത് (ഇതൊക്കെ നടന്നിട്ടുണ്ടാകാം) എന്നൊക്കെ ജനത്തോട് പറയാന്‍ ശ്രമിച്ചാല്‍, സ്വന്തം പിഴകളെ മൂടിവെക്കുന്ന പതിവ് തുടരുന്ന നേതൃത്വമായി മാത്രമേ കാണാനാകൂ.


ഇക്കാണായ ആരോപണങ്ങളൊക്കെ നേരിട്ടിട്ടും യു ഡി എഫിന്റെ രാഷ്ട്രീയ അടിത്തറ തകരാത്തത് എന്തുകൊണ്ടെന്ന് പഠിക്കണമെന്ന്  ഒട്ടൊരു ആശ്ചര്യത്തോടെ പറയുന്ന കേന്ദ്ര കമ്മിറ്റിയംഗം, സി പി എം ഇതുവരെ നടത്തിയ പരിശോധനകളും പഠനങ്ങളുമൊന്നും ഫലമുണ്ടാക്കിയില്ലെന്ന് സമ്മതിക്കുകയാണ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പോരില്‍ മുഖ്യമായുന്നയിച്ച വിഷയങ്ങളിലൊന്ന് പോലും ഇടത് പക്ഷത്തെ ഏതെങ്കിലും പ്രവര്‍ത്തകന്റെ ശ്രമഫലമായി ജനശ്രദ്ധയിലേക്ക് വന്നതല്ല. ഉദ്ദിഷ്ടകാര്യസിദ്ധിയില്ലാത്തതുകൊണ്ടും കാര്യസിദ്ധിക്കായുള്ള ശ്രമത്തിനിടെ വീണുപോയപ്പോള്‍ അത്രനാളും ഒപ്പം നിന്നവര്‍ കൈപിടിക്കാനുണ്ടാകാത്തതിന്റെ വിദ്വേഷം കൊണ്ടും ചിലര്‍ പുറത്തുപറഞ്ഞ കാര്യങ്ങള്‍ മാത്രമാണ്. ആരോപണങ്ങള്‍ ചെറുതാണെന്നോ ഗൗരവമില്ലെന്നോ അല്ല, പക്ഷേ, ആരോപണങ്ങള്‍ക്ക് ബലമേകാന്‍ പാകത്തില്‍ എന്തെങ്കിലും വിവരങ്ങള്‍ ഇടതിന്റെ ശ്രമഫലമായി പുറത്തുവന്നിട്ടുണ്ടോ? ഇതിന് പോലും സാധിക്കാതിരിക്കെ രാഷ്ട്രീയാടിത്തറ ശക്തിപ്പെടുമോ? എതിരാളിയുടെ രാഷ്ട്രീയാടിത്തറയില്‍ വിള്ളലുണ്ടാക്കാന്‍ സാധിക്കുമോ?


അരുവിക്കരയൊരു ഇടക്കാല പ്രതിഭാസമാകാം. വര്‍ധിതവീര്യത്തോടെ, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും പുതിയ ആക്ഷേപങ്ങള്‍ക്ക് വഴിതുറക്കുമെന്നും, ഇതുവരെയുള്ള രീതിവെച്ച്, ന്യായമായും പ്രതീക്ഷിക്കണം. വിരുദ്ധവികാരം ഏകോപിപ്പിക്കാനുള്ള ശേഷിയെങ്കിലും തിരിച്ചെടുത്തില്ലെങ്കില്‍, അതിന് പാകത്തില്‍ ജനങ്ങളോട് സംസാരിച്ചില്ലെങ്കില്‍, ഭരണത്തുടര്‍ച്ചയെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രവചനം ഫലിക്കും. അവിടുന്നങ്ങോട്ട് രണ്ടാം സ്ഥാനം കിട്ടാത്തതിലുള്ള നിരാശ രാജഗോപാലന്‍മാര്‍ക്ക് പങ്കുവെക്കേണ്ടിവരില്ല. എതിരാളികളുടെ രാഷ്ട്രീയാടിത്തറയെക്കുറിച്ച് പിന്നീട് കുണ്ഠിതപ്പെടേണ്ടിയും വരില്ല.