2009-06-26

ഈ നായരെ എന്തിന്‌ ഭയക്കണം


വിമോചന സമരത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുകയും രണ്ടാം വിമോചനസമരത്തെക്കുറിച്ച്‌ ക്രിസ്‌തീയ സഭാ നേതൃത്വങ്ങളും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ചര്‍ച്ചകള്‍ ഉയര്‍ത്തുകയും ചെയ്യുന്നതിനിടെയാണ്‌ നായര്‍ സര്‍വീസ്‌ സൊസൈറ്റി (എന്‍ എസ്‌ എസ്‌) അവരുടെ പുതിയ സമ്മര്‍ദ തന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുന്നത്‌. ലോക്‌സഭാ തിരഞ്ഞെടുപ്പിലും അതിനു ശേഷം യു പി എ മന്ത്രിസഭ രൂപവത്‌കരിച്ചപ്പോഴും നായര്‍ സമുദായത്തിന്‌ അര്‍ഹമായ പ്രാതിനിധ്യം നല്‍കാന്‍ കോണ്‍ഗ്രസ്‌ തയ്യാറായില്ല എന്നതാണ്‌ എന്‍ എസ്‌ എസ്‌ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്‌. തിരുവനന്തപുരത്ത്‌ മത്സരിച്ച്‌ ജയിച്ച്‌ വിദേശകാര്യ സഹമന്ത്രിയായി സ്ഥാനലബ്‌ധി ഉണ്ടായ ശശി തരൂര്‍ ജന്മം കൊണ്ട്‌ നായരാണെങ്കിലും എന്‍ എസ്‌ എസ്‌ പട്ടികയിലുള്ള നായരായി കണക്കാക്കാന്‍ കഴിയില്ലെന്നാണ്‌ ജനറല്‍ സെക്രട്ടറി പി കെ നാരായണപ്പണിക്കരും അസിസ്റ്റന്റ്‌ സെക്രട്ടറി ജി സുകുമാരന്‍ നായരും പറയുന്നത്‌. കോണ്‍ഗ്രസ്‌ നേതൃത്വം തുടരുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച്‌ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയ്യാറാവുമെന്ന ഭീഷണിയും അവര്‍ മുഴക്കിയിട്ടുണ്ട്‌.


പറഞ്ഞാല്‍ അതുപോലെ ചെയ്യുന്ന മന്നത്ത്‌ പത്മനാഭന്റെ അനുയായികളാണ്‌. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്‌ ഭയന്നിരിക്കുന്നു, അല്ലെങ്കില്‍ ഭയം അഭിനയിക്കുന്നു. നാരായണപ്പണിക്കരും സുകുമാരന്‍ നായരും വാര്‍ത്താ സമ്മേളനം പൂര്‍ത്തിയാക്കി പെരുന്നയിലെ ആസ്ഥാനത്ത്‌ ചെന്നു കയറും മുമ്പ്‌ കോണ്‍ഗ്രസ്‌ വക്താവ്‌ തിരുവനന്തപുരത്ത്‌ മാധ്യമങ്ങളെ കണ്ടു. എന്‍ എസ്‌ എസ്‌ നേതൃത്വത്തിനുണ്ടായ അതൃപ്‌തി പരിഹരിക്കാന്‍ അവരുമായി ചര്‍ച്ച നടത്തുമെന്ന്‌ പ്രഖ്യാപിച്ചു. എന്‍ എസ്‌ എസ്‌ കോണ്‍ഗ്രസിനെതിരെ സ്വീകരിച്ച നിലപാടിനോട്‌ പ്രതികരിച്ചില്ലെങ്കിലും രണ്ടാം വിമോചന സമരത്തിന്‌ പ്രസക്തിയില്ലെന്ന അവരുടെ നിലപാട്‌ സ്വാഗതം ചെയ്യാന്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തയ്യാറായി. പരോക്ഷമായി എന്‍ എസ്‌ എസ്സിനെ പിന്തുണക്കുകയാണ്‌ പിണറായി വിജയന്‍ ചെയ്‌തത്‌ എന്ന്‌ മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.
ചര്‍ച്ചക്കു സന്നദ്ധരാണെന്ന കോണ്‍ഗ്രസിന്റെ ഉടനുള്ള മറുപടിയും സന്തോഷം അടക്കിവെച്ചുള്ള പിണറായി വിജയന്റെ പ്രതികരണവും എന്‍ എസ്‌ എസ്‌ എന്ന സംഘടനക്ക്‌ സംസ്ഥാനത്തെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സ്ഥാനമാണ്‌ കാണിക്കുന്നത്‌. എന്തുകൊണ്ടാണ്‌ ഈ സ്ഥാനം എന്നത്‌ ആലോചിക്കേണ്ട വിഷയമാണ്‌.


1914 ഒക്‌ടോബര്‍ 31ന്‌ മന്നത്ത്‌ പത്മനാഭന്‍ നായര്‍ സര്‍വീസ്‌ സൊസൈറ്റി രൂപവത്‌കരിക്കുമ്പോള്‍ സാഹചര്യങ്ങള്‍ ഭിന്നമായിരുന്നു. ഉച്ചനീചത്വവും തീണ്ടലും തൊടീലും നിലനിന്ന കാലം. ഭൂ സ്വത്തുള്ള നമ്പൂതിരി ഇല്ലങ്ങളുടെ കാര്യസ്ഥപ്പണിയുണ്ടായിരുന്ന നായര്‍ വിഭാഗം താരതമ്യേന ഭേദപ്പെട്ട നിലയിലായിരുന്നു. പക്ഷേ, `തിരുമേനി'മാരുടെ സംബന്ധ വീടുകളായിരുന്നു നായര്‍ ഭവനങ്ങള്‍ ഏറെയും. അതില്‍ ഏറെക്കുറെ അഭിമാനിക്കുന്ന അവസ്ഥയും നിലനിന്നിരുന്നു. നിലവന ഈശ്വരന്‍ നമ്പൂതിരിയുടെ മകനായി മന്നത്ത്‌ പാര്‍വതി അമ്മക്ക്‌ ജനിച്ച പത്മനാഭന്‌ പൈതൃകാവകാശങ്ങളിലുണ്ടായിരുന്ന തൊട്ടുകൂടായ്‌മ ഒരുപക്ഷേ സംബന്ധങ്ങളില്‍ അധിഷ്‌ഠിതമായി സമുദായം മുന്നോട്ടുപോകുന്നതിനെ ചോദ്യംചെയ്യാന്‍ പത്മനാഭനെ പ്രേരിപ്പിച്ചിട്ടുണ്ടാവാം. ഇല്ലങ്ങളിലെ കാര്യസ്ഥപ്പണിയില്ലാതിരുന്ന നായര്‍ കുടുംബങ്ങള്‍ ദാരിദ്ര്യത്തിലുമായിരുന്നു. ഈ സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക ഉന്നമനമായിരുന്നു മന്നത്ത്‌ പത്മനാഭന്റെ ലക്ഷ്യം. ഇതിനായി നായന്‍മാരെ സംഘടിപ്പിക്കുമ്പോള്‍ തന്നെ അവരുടെ താഴെയുള്ള ജാതി വിഭാഗങ്ങള്‍ അനുഭവിച്ചിരുന്ന കൊടും പീഡനങ്ങളെക്കുറിച്ച്‌ മന്നത്ത്‌ പത്മനാഭന്‍ ചിന്തിച്ചിരുന്നു. വൈക്കം, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്ക്‌ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ നടന്ന സമരങ്ങളുടെ നേതൃസ്ഥാനത്ത്‌ മന്നത്ത്‌ പത്മനാഭനുണ്ടായിരുന്നു.



1959ല്‍ നടന്ന വിമോചന സമരത്തോടെയാണ്‌ എന്‍ എസ്‌ എസ്‌ എന്ന സംഘടന രാഷ്‌ട്രീയത്തില്‍ അവരുടെ നിര്‍ണായക സ്വാധീനം ഉറപ്പിച്ചത്‌. പക്ഷേ, അതിനു മുമ്പുതന്നെ തിരഞ്ഞെടുപ്പ്‌ വിജയത്തിന്‌ സമുദായങ്ങളെ പ്രീണിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചിരുന്നു. 1957ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറില്‍ നായര്‍ വിഭാഗക്കാരായ സ്ഥാനാര്‍ഥികളെ കൂടുതലായി മത്സരിപ്പിക്കാന്‍ സി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എം എന്‍ ഗോവിന്ദന്‍ നായര്‍ തീരുമാനിച്ചതിന്റെ പൊരുള്‍ അതായിരുന്നു. കല്യാണ കൃഷ്‌ണന്‍ നായര്‍, തോപ്പില്‍ ഭാസി, പി ഗോവിന്ദപ്പിള്ള തുടങ്ങിയവര്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടുന്നത്‌ അങ്ങനെയാണ്‌. മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിച്ച തോപ്പില്‍ ഭാസിയെ എം എനും പാര്‍ട്ടിയും നിര്‍ബന്ധിച്ച്‌ രംഗത്തിറക്കുകയായിരുന്നു. നായര്‍ സ്ഥാനാര്‍ഥികള്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ എന്‍ എസ്‌ എസ്‌ അംഗങ്ങളോട്‌ ആഹ്വാനം ചെയ്‌താണ്‌ മന്നത്ത്‌ പത്മനാഭന്‍ ഇതിന്‌ പ്രത്യുപകാരം ചെയ്‌തത്‌.


ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ ഭൂപരിഷ്‌കരണത്തിനുള്ള നിയമവും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള നിയമവും കൊണ്ടുവരാന്‍ ശ്രമിച്ചതോടെ മന്നം ഇടഞ്ഞു. കോണ്‍ഗ്രസിന്റെയും മറ്റും പിന്തുണയോടെ അരങ്ങേറിയ വിമോചന സമരത്തിന്റെ തലപ്പത്ത്‌ മന്നത്ത്‌ പത്മനാഭനായിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ ഘടകത്തിന്റെയും ഇന്ദിരാ ഗാന്ധിയുടെയും സമ്മര്‍ദത്തിന്‌ വഴങ്ങി തിരഞ്ഞെടുക്കപ്പെട്ട ഇ എം എസ്‌ സര്‍ക്കാറിനെ പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു നിര്‍ദേശം നല്‍കിയതോടെ എന്‍ എസ്‌ എസ്‌ അടക്കമുള്ള സമുദായ സംഘടനകളുടെ സ്വാധീനം കേരള രാഷ്‌ട്രീയത്തില്‍ ഉറയ്‌ക്കുകയായിരുന്നു.
അന്ന്‌ മുതല്‍ ഇങ്ങോട്ട്‌ സംസ്ഥാന രാഷ്‌ട്രീയത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ഇടപെടാന്‍ എന്‍ എസ്‌ എസ്‌ ശ്രദ്ധിച്ചിരുന്നു. നാഷണല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി (എന്‍ ഡി പി) എന്ന പേരില്‍ രാഷ്‌ട്രീയ പാര്‍ട്ടിയുണ്ടാക്കി പ്രത്യക്ഷത്തില്‍ രംഗത്തിറങ്ങി. കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിച്ച്‌ നിയമസഭയില്‍ ഏതാനും സീറ്റ്‌ സ്വന്തമാക്കിയ എന്‍ ഡി പിക്ക്‌ 1982ലെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ അംഗത്വവുമുണ്ടായിരുന്നു. പക്ഷേ, രാഷ്‌ട്രീയ പാര്‍ട്ടി എന്ന നിലക്ക്‌ എന്‍ ഡി പി ദയനീയമായി പരാജയപ്പെട്ടു. 1994ല്‍ എന്‍ ഡി പി പിരിച്ചുവിടാന്‍ തീരുമാനിച്ച ശേഷമാണ്‌ പ്രശസ്‌തമായ സമദൂര സിദ്ധാന്തം എന്‍ എസ്‌ എസ്‌ ആവിഷ്‌കരിച്ചത്‌.


നായര്‍ സര്‍വീസ്‌ സൊസൈറ്റി അവകാശപ്പെടുന്ന സ്വാധീനം സമുദായത്തിനു മേല്‍ അവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ എന്‍ ഡി പി എന്ന പരീക്ഷണം പരാജയമാവുമായിരുന്നില്ല. നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച്‌ രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന വിഭാഗമല്ല നായര്‍ സമുദായമെന്നും എന്‍ ഡി പിയുടെ പരാജയം തെളിയിക്കുന്നു.
തിരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നത്‌ ആരായാലും അതിന്റെ പിന്നില്‍ തങ്ങളുടെ കൂടി ശക്തിയുണ്ടായിരുന്നു എന്ന്‌ അവകാശപ്പെടുക എന്ന ലക്ഷ്യത്തോടെയാണ്‌ സമദൂരം എന്ന സിദ്ധാന്തം ആവിഷ്‌കരിച്ചത്‌. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഇടതുപക്ഷത്തിനെതിരെ ശക്തമായ വിമര്‍ശമുന്നയിച്ചിരുന്ന എന്‍ എസ്‌ എസ്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ സമദൂരം എന്ന സിദ്ധാന്തത്തിലേക്ക്‌ മടങ്ങിവന്നത്‌ ഓര്‍ക്കുക. യു ഡി എഫ്‌ അനുകൂല നിലപാട്‌ സ്വീകരിക്കുകയും ഇടതുപക്ഷം അപ്രതീക്ഷിത വിജയം നേടുകയും ചെയ്‌താല്‍ തങ്ങളുടെ വിലപേശല്‍ ശക്തിയില്‍ ഇടിവുണ്ടാവുമെന്ന്‌ നേതൃത്വം ഭയന്നിരുന്നു. അതുകൊണ്ടാണ്‌ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ സമദൂര നിലപാട്‌ ആവര്‍ത്തിച്ചത്‌. തിരഞ്ഞെടുപ്പില്‍ യു ഡി എഫ്‌ വിജയിച്ചപ്പോള്‍ തങ്ങളുടെ നിര്‍ദേശ പ്രകാരം സമുദായം വോട്ട്‌ ചെയ്‌തതിന്റെ ഫലം കൂടിയാണത്‌ എന്ന്‌ അവകാശപ്പെടുകയും ചെയ്യുന്നു.


എന്‍ എസ്‌ എസ്‌ ആസ്ഥാനമായ പെരുന്ന ഉള്‍പ്പെടുന്ന ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലത്തില്‍ നിന്ന്‌ തുടര്‍ച്ചയായി ഏഴ്‌ തവണ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടത്‌ കേരള കോണ്‍ഗ്രസ്‌ എം നേതാവും സത്യക്രിസ്‌ത്യാനിയുമായ സി എഫ്‌ തോമസാണ്‌. എന്‍ ഡി പി നിലവിലിരുന്ന കാലത്തും ഈ സീറ്റ്‌ തോമസിന്‌ തന്നെയായിരുന്നു. ഇദ്ദേഹം തുടര്‍ച്ചയായി നിയമസഭാംഗമായിരുന്നതു മൂലം ചങ്ങനാശ്ശേരിയിലെ നായര്‍ സമുദായാംഗങ്ങള്‍ക്ക്‌ പ്രത്യേകിച്ച്‌ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായതായി അറിവില്ല. സി എഫ്‌ തോമസ്‌ തുടര്‍ച്ചയായി ഇവിടെ മത്സരിക്കുന്നതില്‍ എന്‍ എസ്‌ എസ്‌ നേതൃത്വം യാതൊരു അസംതൃപ്‌തിയും ഇക്കാലം വരെ പ്രകടിപ്പിച്ചിട്ടുമില്ല. അവകാശപ്പെടുന്നതു പോലൊരു സ്വാധീനം തിരഞ്ഞെടുപ്പിലുണ്ടാക്കാനുള്ള ത്രാണി എന്‍ എസ്‌ എസ്സിനില്ല എന്ന്‌ വ്യക്തമാവാന്‍ ഇതിലപ്പുറം ഒന്നും ആവശ്യമില്ല. എന്നിട്ടും കേന്ദ്ര മന്ത്രിസഭയിലെ പ്രാതിനിധ്യത്തെക്കുറിച്ച്‌ പരാതി പറയാനും ഭീഷണി മുഴക്കാനും എന്‍ എസ്‌ എസ്‌ തയ്യാറാവുന്നു. സംസ്ഥാനത്തെ ആദ്യത്തെ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും വിമോചന സമരകാലത്ത്‌ കോണ്‍ഗ്രസ്സും നല്‍കിയ പ്രാമുഖ്യത്തിന്റെ ഫലം വര്‍ഷങ്ങളായി കൊയ്‌തുകൊണ്ടിരിക്കുകയാണ്‌ ഇവര്‍. അതിന്റെ മറ്റൊരു മുഖമാണ്‌ ഇപ്പോള്‍ കാണുന്നത്‌.



ജാതി വ്യവസ്ഥക്കെതിരെയും തൊട്ടുകൂടായ്‌മക്കെതിരെയും പോരടിച്ചിരുന്ന കാലത്ത്‌ എന്‍ എസ്‌ എസ്സിന്‌ പ്രസക്തിയുണ്ടായിരുന്നു. കേരള സംസ്ഥാനം രൂപവത്‌കരിക്കപ്പെട്ടതിന്‌ ശേഷം ഇത്തരം സമുദായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ സംഘടന പിന്നാക്കം പോയി. സമുദായാംഗങ്ങള്‍ക്ക്‌ വിദ്യാഭ്യാസ സൗകര്യം ഉണ്ടാവുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ മന്നത്ത്‌ പത്മനാഭന്‍ മുന്‍കൈ എടുത്തിരുന്നു. ഈ സമ്പ്രാദയത്തെ വ്യവസായമാക്കി മാറ്റുകയാണ്‌ എന്‍ എസ്‌ എസ്‌ പിന്നീട്‌ ചെയ്‌തത്‌. മറ്റ്‌ സ്വകാര്യ എയിഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെപ്പോലെ ജീവനക്കാരുടെയും അധ്യാപകരുടെയും നിയമനത്തിന്‌ ലക്ഷങ്ങള്‍ കോഴ വാങ്ങാന്‍ എന്‍ എസ്‌ എസ്സും തയ്യാറാവുന്നുണ്ട്‌. വിദ്യാര്‍ഥികളുടെ പ്രവേശനത്തിന്‌ പോലും തലവരി കൊടുക്കേണ്ട അവസ്ഥയും നിലനില്‍ക്കുന്നു. ഈ വ്യവസായങ്ങളുടെ സുഗമമായ തുടര്‍ നടത്തിപ്പാണ്‌ എന്‍ എസ്‌ എസ്‌ നേതൃത്വത്തിന്റെ ലക്ഷ്യം.



വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സ്വകാര്യനിക്ഷേപം അനുവദിക്കാനാണ്‌ കേന്ദ്രത്തിലെ യു പി എ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. അതിലൊരു പങ്ക്‌ നേടിയെടുക്കേണ്ടത്‌ എന്‍ എസ്‌ എസ്‌ നേതൃത്വത്തിന്റെ ആവശ്യമാണ്‌. സംസ്ഥാനത്ത്‌ ഇടതുമുന്നണി സര്‍ക്കാറുമായി ഇടഞ്ഞുനില്‍ക്കുന്ന അവസ്ഥ മാറിയില്ലെങ്കില്‍ ഈ രംഗത്ത്‌ വേണ്ടത്ര വിജയിക്കാനാവില്ല. സ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്‌ പ്രധാനമാണ്‌. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുന്നതിലൂടെ ഇടതുപക്ഷത്തിന്റെ അനുകൂല മനസ്സ്‌ നേടിയെടുക്കാന്‍ കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ്‌ നേതാക്കള്‍ ചര്‍ച്ചെക്കത്തുമ്പോള്‍ അവരോട്‌ ഡിമാന്റുകള്‍ മുന്നോട്ടുവെക്കാന്‍ സംഘടനാ നേതൃത്വത്തിന്‌ കഴിയും. ഇതുകൂടിയാണ്‌ സമദൂര സിദ്ധാന്തത്തിന്റെ പ്രയോജനം.


എന്‍ എസ്‌ എസ്‌ സമീപകാലത്ത്‌ സ്വീകരിച്ചിരിക്കുന്ന പല നിലപാടുകളും സവര്‍ണപക്ഷത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്നതാണ്‌. സംവരണ വിഷയത്തില്‍ എതിര്‍പ്പ്‌ ഉന്നയിക്കുന്നത്‌ സ്വാഭാവികം. അത്‌ സമുദായത്തിന്റെ താത്‌പര്യം സംരക്ഷിക്കാനാണെന്ന്‌ വിശദീകരിക്കാം. പക്ഷേ, പൂജാവിധികളില്‍ പ്രാവീണ്യം നേടിയ അവര്‍ണര്‍ക്ക്‌ എല്ലാ ക്ഷേത്രങ്ങളിലും ശാന്തി ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ അവര്‍ സ്വീകരിച്ച നിലപാടിന്‌ ഈ ന്യായീകരണമില്ല. ഇത്തരം ജോലികള്‍ ബ്രാഹ്‌മണര്‍ തന്നെ ചെയ്യണമെന്നാണ്‌ സംഘടന നിലപാടെടുത്തിരുന്നത്‌. മന്നത്ത്‌ പത്മനാഭന്‍ ഒരു കാലത്ത്‌ തള്ളിക്കളഞ്ഞ ചാതുര്‍വര്‍ണ്യ വ്യവസ്ഥകള്‍ അംഗീകരിക്കുന്ന മനോഭാവത്തിലാണ്‌ സംഘടനയുടെ പുതിയ നേതൃത്വം. ഇവരുടെ അപ്രീതി പരിഹരിക്കാന്‍ ഉടന്‍ ചര്‍ച്ചക്ക്‌ തയ്യാറെടുക്കുന്ന കോണ്‍ഗ്രസ്‌ നേതാക്കളും പരോക്ഷമായെങ്കിലും പ്രസ്‌താവനകളെ സ്വാഗതം ചെയ്യുന്ന സി പി എം നേതാക്കളും നടത്തുന്നത്‌ പ്രീണനം തന്നെയാണെന്ന്‌ പറയേണ്ടിവരും. മൃദു ഹിന്ദുത്വം വരും തിരഞ്ഞെടുപ്പില്‍ നല്‍കിയേക്കാവുന്ന നേട്ടം തന്നെയാണ്‌ രണ്ട്‌ കൂട്ടരുടെയും ലക്ഷ്യം.

2009-06-21

ബലാത്സംഗം മഹാശ്ചര്യം...


ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ക്ക്‌ വലിയ പ്രധാന്യം മാധ്യമങ്ങളില്‍ ലഭിക്കുന്നുണ്ട്‌. ഒരു കുറ്റകൃത്യം നടന്നുവെന്നത്‌ ജനങ്ങളിലെത്തിക്കുക എന്നതിലപ്പുറത്ത്‌ ഇത്തരം വാര്‍ത്തകള്‍ക്ക്‌ വായനക്കാര്‍/പ്രേക്ഷകര്‍ ഏറെയുണ്ടാകുമെന്ന മുന്‍വിധിയാണ്‌ ഈ പ്രാധാന്യത്തിന്‌ അടിസ്ഥാനം. അതുകൊണ്ടുതന്നെ നല്‍കാന്‍ കഴിയുന്ന പരിധിക്കുള്ളില്‍ നിന്ന്‌ പരമാവധി വിവരങ്ങള്‍ റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യും. വായനക്കാരനോ പ്രേക്ഷകനോ ആവശ്യപ്പെട്ടതനുസരിച്ചല്ല ഈ രീതി മാധ്യമങ്ങള്‍ അവലംബിക്കാന്‍ തുടങ്ങിയത്‌. പ്രചാരം വര്‍ധിക്കുകയും വ്യവസായം വളരുകയും വേണമെന്ന ചിന്തയുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ സ്വമേധയാ സ്വീകരിച്ചതാണിത്‌. പിന്നീട്‌ ഇത്തരം കേസുകളില്‍ വിശദാംശങ്ങളില്ലാതെ പറ്റില്ലെന്ന സ്ഥിതിയില്‍ എത്തിയിരിക്കുന്നു. ഈ വാര്‍ത്തകള്‍ക്ക്‌ വലിയ പ്രാധാന്യം ലഭിക്കുന്നത്‌, ഇരകള്‍ക്ക്‌ നീതി ലഭിക്കണമെന്നും കുറ്റവാളി ശിക്ഷിക്കപ്പെടണമെന്നുമുള്ള ഉദാത്തമായ സങ്കല്‍പ്പത്തിലല്ല എന്ന്‌ ചുരുക്കം. ഏതാണ്ട്‌ സമാനമായ രീതിയിലാണ്‌ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളൊക്കെയും പ്രവര്‍ത്തിക്കുന്നത്‌. മാധ്യമങ്ങള്‍ക്ക്‌ പ്രചാരവും വ്യവസായവുമാണ്‌ ലക്ഷ്യമെങ്കില്‍ മറ്റ്‌ സംവിധാനങ്ങളില്‍ അത്‌ മറ്റ്‌ പലതുമാണെന്ന്‌ മാത്രം.


ബോളുവുഡ്‌ നടന്‍ ഷൈനി അഹൂജ വീട്ടുവേലക്കാരിയെ ബലാത്സംഗം ചെയ്‌തുവെന്ന കേസിന്‌ വലിയ വാര്‍ത്താ പ്രധാന്യം ലഭിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ഈ കേസില്‍ മാധ്യമങ്ങള്‍ മാത്രമല്ല അമിതമായ താത്‌പര്യം കാണിക്കുന്നത്‌. ദേശീയ വനിതാ കമ്മീഷന്‍ പോലെ സ്‌ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയുക്തമായ അര്‍ധ ജുഡീഷ്യല്‍ സ്വഭാവത്തിലുള്ള സ്ഥാപനങ്ങള്‍ വരെയുണ്ട്‌ പട്ടികയില്‍. വീട്ടുവേലക്കാരിയായ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയും ഷൈനി അഹൂജ അറസ്റ്റിലാവുകയും ചെയ്‌തിട്ട്‌ ഒരാഴ്‌ച കഴിയുന്നതേയുള്ളൂ. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഗിരിജാ വ്യാസ്‌ ഡല്‍ഹിയില്‍ നിന്ന്‌ മുംബൈയില്‍ പറന്നെത്തി കയ്യേറ്റത്തിന്‌ ഇരയായ പെണ്‍കുട്ടിയെയും രക്ഷിതാക്കളെയും കണ്ടു. പരപ്രേരണ കൂടാതെ കേസില്‍ ഇടപെടുകയും നീതി ഉറപ്പാക്കാന്‍ യത്‌നിക്കുകയും ചെയ്യുന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നടപടി സാധാരണനിലയില്‍ ശ്ലാഘിക്കപ്പെടേണ്ടതാണ്‌. പക്ഷേ, പെണ്‍കുട്ടിയെയും രക്ഷിതാക്കളെയും കാണാനെത്തിയ അവര്‍ മുംബൈയില്‍ മാധ്യമങ്ങളോട്‌ പറഞ്ഞ ചില കാര്യങ്ങള്‍ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.


നടനെതിരായ ലൈംഗിക അതിക്രമക്കേസിന്റെ വിചാരണ അതിവേഗക്കോടതിയിലേക്ക്‌ മാറ്റാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ തയ്യാറാവണമെന്നാണ്‌ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ആവശ്യം. കേസ്‌ നീണ്ടുപോവുന്നത്‌ ഇരയും സാക്ഷികളും സ്വാധീനിക്കപ്പെടാന്‍ വഴിയൊരുക്കുമെന്നതിനാലാണ്‌ ഈ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്‌. ഇരക്കും സാക്ഷികള്‍ക്കും മേല്‍ കടുത്ത സമ്മര്‍ദമുണ്ടാവാനുള്ള സാധ്യതയും കമ്മീഷന്‍ മുന്‍കൂട്ടിക്കാണുന്നു. പ്രത്യക്ഷത്തില്‍ ആര്‍ക്കും ബോധ്യപ്പെടുന്ന ന്യായങ്ങളാണിവ. സ്വാധീനങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങി ഇരകളും സാക്ഷികളും കോടതികളില്‍ മൊഴി മാറ്റുകയും കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്‌ത ലൈംഗിക അതിക്രമക്കേസുകള്‍ക്ക്‌ ഈ രാജ്യത്ത്‌ ഒരു പഞ്ഞവുമില്ല. ഇത്തരത്തില്‍ ഇരകളും സാക്ഷികളും സ്വാധീനിക്കപ്പെടുകയോ ഭീഷണിപ്പെടുത്തപ്പെടുകയോ ചെയ്യുന്നത്‌ തടയാന്‍ കൂടി ബാധ്യസ്ഥമായ ഭരണഘടനാ സംവിധാനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ സംശയങ്ങള്‍ ഉയരും.


രാജ്യത്ത്‌ സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ സംബന്ധിച്ച കേസുകളെല്ലാം അതിവേഗ കോടതിയില്‍ വിചാരണ ചെയ്യണമെന്നോ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനു ശിപാര്‍ശ നല്‍കുമെന്നോ അല്ല വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞത്‌. നടന്‍ അഹൂജ ഉള്‍പ്പെട്ട കേസ്‌ അതിവേഗ കോടതിയില്‍ വിചാരണ ചെയ്യാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ തയ്യാറാവണമെന്നാണ്‌. അഹൂജ കേസില്‍ മാത്രമല്ല സ്വാധീനങ്ങളുടെയും ഭീഷണിയുടെയും സാധ്യതകളുള്ളത്‌. അപ്പോള്‍ ഈ ഒരു കേസിലെ വിചാരണ അതിവേഗ കോടതിയെ ഏല്‍പ്പിക്കണമെന്ന പ്രസ്‌താവനക്കു പിന്നില്‍ ഇരകളുടെ താത്‌പര്യമല്ല ആരോപണവിധേയനായ നടന്റെ താത്‌പര്യമാണെന്ന്‌ മനസ്സിലാക്കേണ്ടിവരും. ഇരയായ പെണ്‍കുട്ടിയെ മാത്രമല്ല അഹൂജയുടെ ഭാര്യ അനുപമിനെയും കാണാന്‍ തയ്യാറാണെന്നും ഗിരിജാ വ്യാസ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതുകൂടി ചേര്‍ത്ത്‌ വായിച്ചാല്‍ കാര്യങ്ങള്‍ക്ക്‌ കുറേക്കൂടി വ്യക്തത വരുന്നു.


അധഃസ്ഥിതരോ ദരിദ്രരോ ആയ പെണ്‍കുട്ടികള്‍ ലൈംഗിക അതിക്രമത്തിന്‌ ഇരയാവുമ്പോഴൊന്നും ഇത്രയും താത്‌പര്യം ദേശീയ വനിതാ കമ്മീഷന്‍ കാട്ടിയിട്ടുമില്ല. 2007 നവംബര്‍ 23ന്‌ അസമിലെ ഗുവാഹത്തിയിലെ തെരുവില്‍ ലക്ഷ്‌മി ഒറോണ്‍ എന്ന ആദിവാസി പെണ്‍കുട്ടി അതിക്രമത്തിന്‌ ഇരയായത്‌ രാജ്യത്തെ മാത്രമായിരുന്നില്ല ഞെട്ടിച്ചത്‌. ആദിവാസികളുടെ അവകാശങ്ങള്‍ക്കായി പ്രകടനം നടത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഈ പെണ്‍കുട്ടിയെ അക്രമികള്‍ തെരുവില്‍ നഗ്നയാക്കി മര്‍ദിക്കുകയായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ തെരുവിലൂടെ നഗ്നയായി ഓടിയ ലക്ഷ്‌മിയുടെ ചിത്രങ്ങള്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പോലും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. പോലീസ്‌ നോക്കിനില്‍ക്കുമ്പോഴാണ്‌ അക്രമിക്കൂട്ടം ലക്ഷ്‌മിയുടെ വസ്‌ത്രങ്ങള്‍ കീറിയെറിഞ്ഞത്‌. സംഭവം വലിയ വാര്‍ത്തയായിട്ടുപോലും ലക്ഷ്‌മിയെ കാണാന്‍ ദേശീയ വനിതാ കമ്മീഷന്‍ എത്തിയില്ല. അന്നും ഗിരിജാ വ്യാസ്‌ തന്നെയായിരുന്നു ചെയര്‍മാന്‍. മാധ്യമങ്ങളില്‍ വിവാദം തുടര്‍ന്നപ്പോള്‍ പതിവ്‌ അന്വേഷണത്തിന്‌ ഉത്തരവിടുക മാത്രമാണ്‌ കമ്മീഷന്‍ ചെയ്‌തത്‌.


അക്രമികള്‍ക്കെതിരെ പോലീസ്‌ നടപടികളെന്തെന്ന്‌ പരിശോധിക്കാനോ കുറ്റകൃത്യം കണ്ടുനിന്ന പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെടാനോ കമ്മീഷന്‍ തയ്യാറായതുമില്ല. ലക്ഷ്‌മിയുടെ വിദ്യാഭ്യാസം തടയപ്പെട്ടപ്പോഴും കമ്മീഷന്‍ അറിഞ്ഞ മട്ട്‌ കാട്ടിയില്ല. ഉത്തര്‍പ്രദേശിലും ബീഹാറിലും ദളിത്‌ സ്‌ത്രീകളെ ജമീന്ദാര്‍മാര്‍ ഉപദ്രവിക്കുന്നത്‌ സംഭവിച്ച റിപ്പോര്‍ട്ടുകള്‍ ദിനേനയെന്നോണം പ്രത്യക്ഷപ്പെടുന്നുണ്ട്‌. ഇവിടെയൊന്നും ദേശീയ വനിതാ കമ്മീഷന്‍ എത്താറില്ല. പരാതി ലഭിച്ചാല്‍ സംസ്ഥാന വനിതാ കമ്മീഷനോ ദേശിയ കമ്മീഷനോ പതിവ്‌ നടപടികള്‍ ആരംഭിക്കുമെന്ന്‌ മാത്രം. ഗുജറാത്ത്‌ വംശഹത്യക്കിടെയുണ്ടായ ബെസ്റ്റ്‌ ബേക്കറി സംഭവത്തിലെ മുഖ്യ സാക്ഷി സാഹിറ ശൈഖിന്‌ സംഘ്‌ പരിവാര്‍ നേതാക്കളുടെ ഭീഷണിക്കു വഴങ്ങി കോടതിയില്‍ പലതവണ മൊഴിമാറ്റിപ്പറയേണ്ടിവന്നപ്പോള്‍ സംരക്ഷിക്കാന്‍ ഈ കമ്മീഷനുണ്ടായിരുന്നില്ല. ഒറീസ്സയിലെ കാന്ധമലില്‍ വര്‍ഗീയവാദികളുടെ കൂട്ട ബലാത്സംഗത്തിന്‌ ഇരയായ കന്യാസ്‌ത്രീയെ കണ്ട്‌ തെളിവെടുക്കാന്‍ കമ്മീഷന്‍ ശ്രമിക്കാതിരുന്നത്‌ അന്ന്‌ വിമര്‍ശവിധേയമായിരുന്നു. വാര്‍ത്തകളും വിവാദങ്ങളുമുയര്‍ന്നപ്പോഴാണ്‌ കന്യാസ്‌ത്രീയുടെ മൊഴിയെടുക്കാന്‍ തയ്യാറായത്‌.


മുംബൈയില്‍ കേസ്‌ അതല്ല. പ്രതിസ്ഥാനത്തുള്ളത്‌ ബോളിവുഡ്‌ നടനാണ്‌. പണവും പ്രശസ്‌തിയുമുള്ളയാള്‍. കേസ്‌ വേഗം തീരേണ്ടത്‌ ഈ നടന്റെ മാത്രമല്ല, ബോളിവുഡിന്റെയാകെ ആവശ്യമാണ്‌. അതിന്‌ വഴിയൊരുക്കുക എന്നത്‌ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ `കടമ'യും. അതാണ്‌ കേസ്‌ അതിവേഗ കോടതിയുടെ പരിഗണനക്ക്‌ വിടണമെന്ന ഗിരിജാ വ്യാസിന്റെ ആവശ്യത്തിന്റെ അന്തരാര്‍ഥം. കൗമാരം കഴിയാത്ത വീട്ടുവേലക്കാരിയെയും ദരിദ്രരായ രക്ഷകര്‍ത്താക്കളെയും പണം നല്‍കി പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴിമാറ്റിക്കാന്‍ അഹൂജക്ക്‌ കഴിയുമെന്ന്‌ കമ്മീഷന്‍ അധ്യക്ഷക്ക്‌ വ്യക്തമായി അറിയാം. അതിന്‌ അധികം സമയമൊന്നും വേണ്ടെന്നും. അപ്പോള്‍ പിന്നെ വിചാരണ വേഗം നടക്കുകയല്ലേ ആവശ്യം? ബോളിവുഡിന്റെ പണവും തുണയും രാഷ്‌ട്രീയത്തിലും വ്യക്തി ജീവിതത്തിലും നേട്ടങ്ങള്‍ മാത്രമേ സമ്മാനിക്കൂ.


ഈ കേസില്‍ മാധ്യമങ്ങളും തങ്ങളുടെതായ `ധര്‍മം' നിറവേറ്റുന്നുണ്ട്‌. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന്‌ അറസ്റ്റിലായ നടന്‍ ആദ്യത്തെ രണ്ടു ദിവസം തുടര്‍ച്ചയായി കരയുകയായിരുന്നുവെന്നാണ്‌ പ്രശസ്‌തമായ ഒരു ദേശീയ ദിനപത്രം നല്‍കിയ റിപ്പോര്‍ട്ട്‌. സമാനമായ റിപ്പോര്‍ട്ട്‌ ഏതാനും ദേശീയ വാര്‍ത്താ ചാനലുകളിലും കണ്ടിരുന്നു. പോലീസുകാരെ ഉദ്ധരിച്ചാണ്‌ റിപ്പോര്‍ട്ട്‌. നടന്‍ രണ്ടു ദിവസവും തുടര്‍ച്ചയായി കരയുകയായിരുന്നുവെന്നും സംഭവിച്ചുപോയതില്‍ അദ്ദേഹത്തിന്‌ മനഃസ്‌താപമുണ്ടെന്ന്‌ തോന്നുന്നുവെന്നും പോലീസ്‌ പറഞ്ഞതായി റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. അബദ്ധത്തില്‍ സംഭവിച്ചുപോയ കൈത്തെറ്റ്‌ മാത്രമായിരുന്നു അഹുജയുടെത്‌ എന്നു തോന്നും റിപ്പോര്‍ട്ട്‌ കണ്ടാല്‍. താന്‍ ഒരു കുറ്റകൃത്യമാണ്‌ ചെയ്യുന്നത്‌ എന്ന്‌ അറിയാതെ പ്രവര്‍ത്തിച്ചതാണെന്ന്‌ അഹുജ മൊഴി നല്‍കിയെന്ന്‌ പോലീസിനെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

ദരിദ്രയും നിസ്സഹായയുമായ പെണ്‍കുട്ടിയെ ലൈംഗികമായി കയ്യേറ്റം ചെയ്‌തുവെന്ന്‌ ആരോപിക്കപ്പെടുന്ന ഒരാളുടെ ഇത്തരം മൊഴികള്‍ പ്രസിദ്ധീകരിക്കുന്നത്‌ എന്തിന്‌ വേണ്ടിയാണെന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇതേ മാധ്യമങ്ങള്‍ തന്നെ ഇരയുടെ വൈദ്യ പരിശോധനാ ഫലം വന്നപ്പോള്‍ പ്രസിദ്ധീകരിക്കാവുന്നതിന്റെ പരമാവധി നല്‍കി വായനക്കാരോടുള്ള പ്രതിബദ്ധത തെളിയിക്കുകയും ചെയ്‌തു.


രാജ്യത്ത്‌ ദരിദ്രര്‍, താഴ്‌ന്ന ജാതിക്കാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ഭരണഘടനാ സംവിധാനങ്ങള്‍ കബളിപ്പിക്കുന്നതിന്റെ ഉദാഹരണമായി അഹൂജ കേസ്‌ മാറാനാണ്‌ സാധ്യത. ഈ വിഭാഗങ്ങള്‍ക്കെതിരായ ശാരീരിക കയ്യേറ്റങ്ങള്‍ സംബന്ധിച്ച കേസുകളില്‍ പോലും നീതി നടപ്പാവുന്നില്ല. പിന്നെ സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നതില്‍ അര്‍ഥമില്ല തന്നെ. അഹൂജക്കെതിരായ പരാതി പുറത്തുവന്ന ശേഷം പരസ്യമായ പ്രതികരണത്തിന്‌ ഒരുമ്പെട്ടത്‌ ഇരുന്നൂറോളം വരുന്ന വീട്ടുവേലക്കാര്‍ മാത്രമാണെന്നതു കൂടി ഓര്‍ക്കുക. നീതിക്കുവേണ്ടി നിലകൊള്ളുന്നുവെന്ന്‌ അവകാശപ്പെടുന്ന മാധ്യമങ്ങള്‍ അറിയാതെ ചെയ്‌തുപോയ അബദ്ധം എന്ന മട്ടിലേക്ക്‌ കുറ്റകൃത്യത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങളുടെ തുടര്‍ച്ചകളില്‍ നിന്നാണ്‌ പെണ്‍വാണിഭ സംഘത്തിന്റെ കൈയില്‍ അകപ്പെട്ട കൗമാരക്കാരിയായ പെണ്‍കുട്ടി ഒരുതവണ പോലും രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്ന കോടതി നിരീക്ഷണങ്ങളുണ്ടാവുന്നത്‌. രക്ഷപ്പെടാന്‍ ശ്രമിക്കാതിരുന്ന പെണ്‍കുട്ടിക്ക്‌ താന്‍ ലൈംഗിക കയ്യേറ്റത്തിന്‌ വിധേയയായി എന്ന്‌ അവകാശപ്പെടാന്‍ അര്‍ഹതയില്ല എന്ന ധാരണകളിലേക്ക്‌ കോടതികള്‍ എത്തുന്നതും.

2009-06-18

നാണയച്ചുരുക്കത്തിന്റെ അകംപൊരുള്‍


വിലക്കയറ്റത്തിന്റെ.യും അതിന്റെ പ്രത്യാഘാതമായ നാണയപ്പെരുപ്പത്തിന്റെയും കഥകള്‍ മാത്രം കേട്ടിരുന്ന സമകാലിക ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ നാണയച്ചുരുക്കത്തിന്റെ പാതയിലെത്തിയിരിക്കുന്നു. പതിമൂന്നു ശതമാനം ലക്ഷ്യമിട്ട്‌ നീങ്ങിയിരുന്ന പണപ്പെരുപ്പം കോണിയിറങ്ങി പൂജ്യത്തില്‍ താഴെ 1.61 ശതമാനത്തിലെത്തി നില്‍ക്കുന്നു. ജൂണ്‍ ആറിന്‌ അവസാനിച്ച ആഴ്‌ചയിലെ കണക്കാണിത്‌. അതിനു മുമ്പത്തെ ആഴ്‌ചയില്‍ നിരക്ക്‌ 0.13 ആയിരുന്നു. അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ വര്‍ധനയും അതിന്‌ ആനുപാതികമായി രാജ്യത്ത്‌ ഇന്ധന വിലയില്‍ വരുത്തിയ വര്‍ധനയുമായിരുന്നു നാണയപ്പെരുപ്പത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്‌. ഇന്ധന വില ഉയരുമ്പോള്‍ ഉത്‌പാദനച്ചലവ്‌ വര്‍ധിക്കും, ചരക്കു കടത്ത്‌ കൂലിയും ഉയരും. സ്വാഭാവികമായി ഉപഭോഗവസ്‌തുക്കളുടെ വില ഉയരും. അത്‌ നാണയപ്പെരുപ്പ നിരക്കില്‍ പ്രതിഫലിക്കുകയും ചെയ്യും.


പതിമൂന്നു ശതമാനത്തിലെത്തുമെന്ന്‌ ഭയന്നിരുന്ന നാണയപ്പെരുപ്പ നിരക്ക്‌ കുറയാന്‍ തുടങ്ങിയപ്പോള്‍ അത്‌ അന്താരാഷ്‌ട്രവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ കുറവിന്റെ തുടര്‍ച്ചയായാണ്‌ വിലയിരുത്തപ്പെട്ടത്‌. ബാരലിന്‌ 149 ഡോളറിലെത്തിയ എണ്ണ വില ഇപ്പോള്‍ 70ല്‍ എത്തിനില്‍ക്കുന്നു. രാജ്യത്ത്‌ ഇന്ധനവിലയില്‍ കുറവുവരുത്തുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി നാണയപ്പെരുപ്പം കുറയുന്നുവെന്നായിരുന്നു പരക്കെ കരുതപ്പെട്ടിരുന്നത്‌. അതുകൊണ്ടുതന്നെ നാണയപ്പെരുപ്പ നിരക്ക്‌ രണ്ട്‌ ശതമാനത്തിനും മൂന്നു ശതമാനത്തിനും ഇടയില്‍ നില്‍ക്കുമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ അതെല്ലാം തകിടം മറിച്ചുകൊണ്ടാണ്‌ നാണയച്ചുരുക്കം കടന്നുവന്നത്‌.
നാണയച്ചുരുക്കത്തിന്‌ ഇന്ധനവിലയിലുണ്ടായ കുറവിനപ്പുറത്ത്‌ കാരണങ്ങള്‍ ഉണ്ടെന്ന്‌ ചുരുക്കം.


നാണയച്ചുരുക്കത്തെ സാമ്പത്തികശാസ്‌ത്ര നിര്‍വചനങ്ങളനുസരിച്ച്‌ രണ്ടു തരത്തില്‍ വിശദീകരിക്കുന്നുണ്ട്‌. നല്ല നാണയച്ചുരുക്കവും മോശം നാണയച്ചുരുക്കവും. ഉപഭോഗ വസ്‌തുക്കളുടെ ലഭ്യത വര്‍ധിക്കുകയും വിപണിയിലെ പണ ലഭ്യത കുറയുകയും ചെയ്യുക എന്നതാണ്‌ പൊതുവില്‍ നാണയച്ചുരുക്കം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. ഉപഭോഗ വസ്‌തുക്കളുടെ പ്രത്യേകിച്ച്‌ ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴ വര്‍ഗങ്ങള്‍, പയറു വര്‍ഗങ്ങള്‍ തുടങ്ങിയവയുടെ ഉത്‌പാദനം വര്‍ധിക്കുകയും അത്‌ കമ്പോളത്തില്‍ സുലഭമാവുകയും ചെയ്യുമ്പോഴുണ്ടാവുന്ന നാണയച്ചുരുക്കം പൊതുവെ നല്ലതാണെന്ന്‌ കരുതപ്പെടുന്നു. ഉത്‌പന്നങ്ങള്‍ ധാരളമായി വിപണിയിലെത്തുമ്പോള്‍ അവയുടെ വില കുറയും. കമ്പോളത്തില്‍ പണം കുറഞ്ഞിരുന്നാലും ക്രയവിക്രയം തടസ്സപ്പെടില്ല. ഉത്‌പാദനത്തെയോ അതുവഴിയുള്ള തൊഴിലവസരങ്ങളെയോ ബാധിക്കുകയുമില്ല. അതുകൊണ്ടാണ്‌ ഇത്തരം പ്രതിഭാസം നല്ലതാണെന്ന്‌ സാമ്പത്തികശാസ്‌ത്രം പറയുന്നത്‌. മറിച്ച്‌ കമ്പോളത്തിലെ ഉത്‌പന്നങ്ങളുടെ വില ഉയര്‍ന്നിരിക്കുകയും നാണയച്ചുരുക്കം അനുഭവപ്പെടുകയും ചെയ്യുന്നത്‌ മോശം പ്രതിഭാസമാണ്‌. ഉത്‌പന്നങ്ങളുടെ വില ഉയര്‍ന്നിരിക്കുകയും പണത്തിന്റെ ഒഴുക്ക്‌ കുറയുകയും ചെയ്‌താല്‍ വാങ്ങല്‍ ശേഷിയെ ബാധിക്കും. ഉത്‌പന്നങ്ങള്‍ കെട്ടിക്കിടക്കും. സ്വാഭാവികമായി ഉത്‌പാദനം കുറക്കേണ്ടിവരും. തൊഴിലവസരങ്ങള്‍ കുറയും. ഇത്‌ സാമ്പത്തിക മേഖലയെ ദീര്‍ഘകാലത്തേക്ക്‌ ബാധിക്കുകയും ചെയ്യും. ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ഇത്തരം മോശം പ്രതിഭാസമാണെന്നതാണ്‌ വലിയ ആശങ്കക്ക്‌ വഴിവെക്കുന്നത്‌.


നിത്യോപയാഗ വസ്‌തുക്കളുടെ വില ഉയര്‍ന്നു നില്‍ക്കുന്നു. അസംസ്‌കൃത എണ്ണവില ഉയര്‍ന്നു നിന്നിരുന്ന കഴിഞ്ഞ വര്‍ഷത്തേ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ ഭക്ഷ്യവസ്‌തുക്കുളുടെ വിലയില്‍ 8.7 ശതമാനത്തിന്റെ വര്‍ധനയാണ്‌ ഇപ്പോഴുള്ളത്‌. നാണയപ്പെരുപ്പ നിരക്ക്‌ കണക്കാക്കിയതിന്റെ വിശദാംശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അത്‌ സമ്മതിക്കുന്നുമുണ്ട്‌. ഗാര്‍ഹികോപരണങ്ങള്‍ പോലുള്ള ഉപഭോഗവസ്‌തുക്കളുടെ വിലയിരുണ്ടായ ഇടിവാണ്‌ പണപ്പെരുപ്പ നിരക്കിനെ സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്‌ കൊണ്ടുവന്നെത്തിച്ചത്‌. അതുതന്നെയാണ്‌ സംഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നതും. ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ അധിനിവേശത്തിന്‌ മുമ്പ്‌ ഇന്ത്യന്‍ ഗ്രാമങ്ങള്‍ സ്വയം പര്യാപ്‌തമായിരുന്നു. വേണ്ടതിലധികം ഉത്‌പാദിപ്പിക്കുന്ന സ്ഥിതി. ഈസ്റ്റ്‌ ഇന്ത്യാ കമ്പനി വന്‍തോതില്‍ ഉത്‌പന്നങ്ങള്‍ കയറ്റി അയക്കാന്‍ തുടങ്ങിയതോടെ ഈ സ്വയംപര്യാപ്‌തത ഇല്ലാതായി. അതിനു ശേഷം ഇന്നോളം സ്വയംപര്യാപ്‌തത എന്നത്‌ ഒരു മേഖലയിലും രാജ്യത്ത്‌ ഉണ്ടായിരുന്നുമില്ല. ജനങ്ങളുടെ സമ്പദ്‌ സ്ഥിതി അടിക്കടി മോശമായി വരികയും ചെയ്‌തു.


ഇതിനിടെയുണ്ടായ രണ്ട്‌ ലോകമഹായുദ്ധങ്ങള്‍ കൂടിയായപ്പോള്‍ രാജ്യം ഏറെക്കുറെ ദരിദ്രമായി. സ്വാതന്ത്ര്യാനന്തരം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പഞ്ചവത്സര പദ്ധതികള്‍ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയില്‍ ഉണര്‍വുണ്ടാക്കിയിരുന്നു. മൊത്ത ആഭ്യന്തര ഉത്‌പാദനം ചില വര്‍ഷങ്ങളില്‍ ഏഴു ശതമാനം വരെ ഉയര്‍ന്നു. ഇതിനൊക്കെ ശേഷം 1978ലാണ്‌ രാജ്യം നാണയച്ചുരുക്കം അഭിമുഖീകരിക്കുന്നത്‌. 1969ലും 70ലുമായി ബാങ്കുകള്‍
ദേശസാത്‌കരിക്കുന്നതുള്‍പ്പെടെ വിപ്ലവകരമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നടപ്പാക്കിയിരുന്നു. അതിന്റെ ഫലങ്ങള്‍ സമ്പദ്‌ സ്ഥിതിയില്‍ പ്രതിഫലിക്കുന്ന കാലമെത്തിയപ്പോഴായിരുന്നു നാണയച്ചുരുക്കം അനുഭവപ്പെട്ടത്‌. അടിയന്തരാവസ്ഥയില്‍ ഭരണകൂടത്തിന്റെ ഉരുക്കുമുഷ്‌ടിക്കു കീഴില്‍ ജനതയ്‌ക്ക്‌ ഏറെക്കുറെ അടിമസമാനമായി ജോലി ചെയ്യേണ്ടിവന്നത്‌ ഉത്‌പാദന രംഗത്തുണ്ടാക്കിയ വളര്‍ച്ചയാണ്‌ നാണയച്ചുരുക്കത്തിന്റെ പാതയിലേക്ക്‌ എത്തിച്ചതെന്ന്‌ പിന്നീട്‌ വിലയിരുത്തപ്പെട്ടിരുന്നു.


ഇന്ന്‌ സ്ഥിതിഗതികള്‍ വ്യത്യസ്‌തമാണ്‌. ഇന്ത്യന്‍ കമ്പോളം തുറന്നു കിടക്കുകയാണ്‌. ധനകാര്യ വിപണിയില്‍ കൂടുതല്‍ കൂടുതല്‍ ഇളവുകള്‍ വരുന്നു. ഇലക്‌ട്രോണിക്‌, ഓട്ടോമൊബൈല്‍ വ്യവസായങ്ങള്‍ രാജ്യത്ത്‌ തഴച്ചുവളര്‍ന്നിരിക്കുന്നു. അത്തരം ഉത്‌പന്നങ്ങളുടെ വാണിജ്യവും സജീവമാണ്‌. ദിനേന സഹസ്രകോടികള്‍ ഒഴുകുന്ന ഓഹരി, ഊഹക്കച്ചവട വിപണികളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടതെല്ലാം ഭരണകൂടം ചെയ്യുന്നു. റിയല്‍ എസ്റ്റേറ്റ്‌, ഭവന നിര്‍മാണ മേഖലകളെയും ഏറെ സഹായിക്കുന്നുണ്ട്‌. ഇതിലൂടെയെല്ലാം പണം വിപണിയിലെത്തിയിട്ടും നാണയച്ചുരുക്കമുണ്ടായിരിക്കുന്നു. വൈരുദ്ധ്യം നിറഞ്ഞ അവസ്ഥയാണിത്‌.


ഇതിനെല്ലാം പുറമെ വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ ഉദാര സമീപനം സ്വീകരിക്കുകയും ചെയ്‌തു. ബാങ്കുകള്‍ റിസര്‍വ്‌ ബാങ്കിന്‌ നല്‍കേണ്ട കരുതല്‍ ധനാനുപാതത്തില്‍ കുറവു വരുത്തിയതാണ്‌ ഒന്ന്‌. റിസര്‍വ്‌ ബാങ്കുകളില്‍ നിന്ന്‌ ബാങ്കുകള്‍ പണം സ്വീകരിക്കുന്നതിന്‌ നല്‍കേണ്ട നിരക്കില്‍ (റിപ്പോ) കുറവുവരുത്തിയതാണ്‌ രണ്ടാമത്തെ നടപടി. ബാങ്കുകളില്‍ നിന്ന്‌ റിസര്‍വ്‌ ബാങ്ക്‌ സ്വീകരിക്കുന്ന പണത്തിന്‌ നല്‍കുന്ന നിരക്കിലും (റിവേഴ്‌സ്‌ റിപ്പോ) കുറവുവരുത്തി. രാജ്യത്തെ ബാങ്കുകള്‍ക്ക്‌ വായ്‌പ നല്‍കുന്നതിന്‌ വേണ്ട പണം അവരുടെ കണക്കുകളില്‍ ഉറപ്പാക്കുക എന്നതായിരുന്നു ഈ നടപടികളുടെയെല്ലാം ലക്ഷ്യം. വ്യവസായം, കൃഷി, ഭവന നിര്‍മാണം, വാഹനം വാങ്ങല്‍ തുടങ്ങി എല്ലാത്തരം വായ്‌പകളും നല്‍കുന്നതിന്‌ വേണ്ട പണം ബാങ്കുകളുടെ പക്കല്‍ ഉണ്ടാവുന്ന അവസ്ഥ. ഇതിനെല്ലാം ശേഷവും നാണയച്ചുരുക്കത്തിലേക്ക്‌ എത്തി.


ഒന്നുകില്‍ വായ്‌പകള്‍ വാങ്ങുന്നതിന്‌ ഉപഭോക്താക്കള്‍ മടികാണിക്കുന്നു. അല്ലെങ്കില്‍ റിസര്‍വ്‌ ബാങ്ക്‌ അനുവദിച്ച ഇളവുകളുടെ ഗുണഫലം ഉപഭോക്താക്കള്‍ക്ക്‌ കൈമാറാന്‍ ബാങ്കുകള്‍ തയ്യാറായില്ല. സാമ്പത്തിക മാന്ദ്യം മുന്നില്‍ കണ്ട്‌ വാഹനം, ഭവനം, ഇലക്‌ട്രോണിക്‌ ഉത്‌പന്നങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാതാക്കളെല്ലാം നിരക്കിളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. പക്ഷെ, വായ്‌പാ നിരക്കുകളില്‍ ആകര്‍ഷകമായ കുറവുവരുത്തി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ രാജ്യത്തെ ബാങ്കുകള്‍ തയ്യാറായില്ല. സാമ്പത്തിക മാന്ദ്യം മൂലം ഓഹരി വിലകള്‍ ഇടിയുകയും കിട്ടാക്കടം വര്‍ധിക്കുകയും ചെയ്‌തതുമൂലമുണ്ടായ ആഭ്യന്തര സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ്‌ റിസര്‍വ്‌ ബാങ്ക്‌ നല്‍കിയ സൗജന്യങ്ങള്‍ ബാങ്കുകള്‍ ഉപയോഗപ്പെടുത്തിയത്‌ എന്ന്‌ കരുതേണ്ടിവരും.


പൊതുമേഖലാ ബാങ്കുകള്‍ക്ക്‌ മാത്രമല്ല, അമേരിക്കയിലും യൂറപ്യന്‍ രാജ്യങ്ങളിലും മറ്റും വന്‍ തിരിച്ചടികള്‍ നേരിട്ട ബഹുരാഷ്‌ട്ര കുത്ത ബാങ്കുകള്‍ക്കും ഈ സൗകര്യം ലഭിച്ചു. ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കാലത്തുണ്ടായതുപോലെ ഇന്ത്യന്‍ സമ്പത്ത്‌ പരോക്ഷമായി കൊള്ളയടിക്കുകയാണ്‌ ചെയ്യപ്പെടുന്നത്‌. അതിന്‌ വേണ്ട സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തു കൊടുക്കുകയും ചെയ്‌തു. ഭവന വായ്‌പാ നിരക്കിലെങ്കിലും ഗണ്യമായ കുറവു വരുത്തണമെന്ന്‌ ബാങ്കുകളോട്‌ നിര്‍ബന്ധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന്‌ വന്‍തോതില്‍ ലാഭമെടുത്ത്‌ പിന്‍വലിഞ്ഞ വിദേശധനകാര്യ സ്ഥാപനങ്ങളുടെ അതേ പാത ഇവിടെയും പിന്തുടരപ്പെടുന്നു. ഇന്ത്യയില്‍ രജിസ്‌ട്രേഷനില്ലാത്ത വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക്‌ ഓഹരി വിപണിയില്‍ ഇടപെടുന്നതിനുണ്ടായ വിലക്ക്‌ പിന്‍വലിച്ച്‌ (പാര്‍ട്ടിസിപ്പേറ്ററി നോട്ട്‌ വ്യവസ്ഥ ഒഴിവാക്കി) കേന്ദ്ര സര്‍ക്കാര്‍ അന്നുംവേണ്ട സഹായം നല്‍കിയിരുന്നു.


നാണയച്ചുരുക്കത്തിന്റെ കാലത്തിലേക്ക്‌ എത്തുന്നത്‌ രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയുടെ ശക്തിയെക്കുറിച്ച്‌ പലതരം ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്‌. ഉത്‌പാദനത്തിലുണ്ടാവുന്ന ഇടിവ്‌, തൊഴിലവസരം കുറയുന്നത്‌ ഇതൊക്കെ നടപ്പു സാമ്പത്തിക വര്‍ഷത്തിലും വലിയ തോതില്‍ ബാധിക്കും. സാമ്പത്തിക മാന്ദ്യം വന്‍തോതില്‍ ബാധിക്കുന്നുവെന്നതിന്റെ സൂചനയായിക്കൂടി വേണം നാണയച്ചുരുക്കമെന്ന അവസ്ഥയെ കാണാന്‍. സാമ്പത്തിക പരിഷ്‌കരണത്തിന്റെയും വിപണി തുറന്നു നല്‍കലിന്റെയും ഭാഗമായി ഇന്ത്യയില്‍ വികസിച്ചു വന്ന മേഖലകളിലെല്ലാം പിന്നോട്ടുപോകലാണ്‌ ഉണ്ടാവുന്നത്‌. കഴിഞ്ഞകാലങ്ങളില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്കിനെ ഉയര്‍ത്തി നിര്‍ത്താന്‍ സഹായിച്ച മേഖലകളാണ്‌ ഇവയെല്ലാം. ഇവിടങ്ങളിലെല്ലാം ഉണ്ടാവുന്ന തിരിച്ചടി തുടര്‍ വര്‍ഷങ്ങളില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായേക്കും. സാമ്പത്തിക വളര്‍ച്ചയുടെ കാലത്തുപോലും ദുരിതത്തിലായിരുന്ന കാര്‍ഷിക, ഗ്രാമീണ മേഖലകളാവും കൂടുതല്‍ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടിവരിക. ഒപ്പം അനുപാത രഹിതമായി വളര്‍ന്നുവന്ന മധ്യവര്‍ഗവും. ?

തൊഴിലുറയ്‌ക്കും പക്ഷേ


ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത മുന്നേറ്റത്തിന്റെ അടിസ്ഥാനമായി കോണ്‍ഗ്രസ്‌ കണ്ടെത്തിയ പ്രധാന സംഗതികളില്‍ ഒന്ന്‌ കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത്‌ നടപ്പാക്കിയ തൊഴില്‍ ഉറപ്പ്‌ പദ്ധതിയായിരുന്നു. തിരഞ്ഞെടുപ്പ്‌ പരാജയം വിലയിരുത്തി ഇടതുപാര്‍ട്ടികള്‍ നടത്തിയ പ്രസ്‌താവനകളിലും തൊഴില്‍ ഉറപ്പ്‌ പദ്ധതി ഇടം കണ്ടെത്തി. ഇടതുപക്ഷത്തിന്റെ സമ്മര്‍ദഫലമായാണ്‌ തൊഴിലുറപ്പ്‌ പദ്ധതി കൊണ്ടുവരാന്‍ ഡോ. മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ തയ്യാറായതെന്നും എന്നാല്‍ ഇക്കാര്യം ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കാതെ ആണവ കരാറിന്റെയും അമേരിക്കന്‍ വിരുദ്ധ പ്രചാരണത്തിന്റെയും പിറകെ പോവുകവഴി പദ്ധതിയുടെ പ്രയോക്താക്കളായി സ്വയം ചമഞ്ഞ്‌ കോണ്‍ഗ്രസ്‌ നേട്ടമുണ്ടാക്കുകയായിരുന്നുവെന്നുമാണ്‌ പ്രമുഖ ഇടതു നേതാക്കള്‍ അഭിപ്രായപ്പെട്ടത്‌. രണ്ടു വിലയിരുത്തലുകളും ചേര്‍ത്ത്‌ വായിക്കുമ്പോള്‍ തൊഴിലുറപ്പ്‌ പോലുള്ള പദ്ധതികള്‍ ജനങ്ങളില്‍ സ്വാധീനമുണ്ടാക്കി എന്ന അനുമാനത്തില്‍ എത്തേണ്ടിവരും. ഈ അനുമാനത്തിന്റെ ബലത്തിലാണ്‌ തൊഴിലുറപ്പ്‌ പദ്ധതി കാര്യക്ഷമമാക്കുമെന്ന്‌ പുതിയ യു പി എ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. പദ്ധതി കാര്യക്ഷമമാക്കുന്നതിന്‌ ആസൂത്രണ കമ്മീഷനും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും ശ്രമം തുടങ്ങിക്കഴിഞ്ഞു.


ഗ്രാമീണ മേഖലയിലെ ഒരു കുടുംബത്തിലെ ഒരാള്‍ക്ക്‌ വര്‍ഷത്തില്‍ നൂറു ദിവസം തൊഴില്‍ ഉറപ്പ്‌ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം 2005ലാണ്‌ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയത്‌. ആ വര്‍ഷം തന്നെ പദ്ധതി പ്രാവര്‍ത്തികമാകുകയും ചെയ്‌തു. തുടക്കത്തില്‍ രാജ്യത്തെ തിരഞ്ഞെടുത്ത ജില്ലകളിലായിരുന്നു പദ്ധതി നടപ്പാക്കിയത്‌. പിന്നീട്‌ എല്ലായിടത്തേക്കും വ്യാപിപ്പിച്ചു. പദ്ധതി പൂര്‍ണ തോതില്‍ നടപ്പാക്കാന്‍ ആരംഭിച്ചിട്ട്‌ മൂന്നു വര്‍ഷമായി. ഓരോ വര്‍ഷവും ബജറ്റില്‍ വന്‍തുക ഇതിനായി നീക്കിവെക്കുന്നുണ്ട്‌. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രണാബ്‌ കുമാര്‍ മുഖര്‍ജി അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ മുപ്പതിനായിരം കോടി രൂപയാണ്‌ ഇതിലേക്ക്‌ വകയിരുത്തിയിരുന്നത്‌. പുതിയ യൂ പി എ സര്‍ക്കാറിന്റെ ആദ്യ ബജറ്റിലും സമാനമായ നീക്കിയിരുപ്പ്‌ പ്രതീക്ഷിക്കണം. പദ്ധതിയില്‍ പരിഷ്‌കരണവും ഇതിലുള്‍പ്പെടുന്ന തൊഴിലാളികള്‍ക്ക്‌ നല്‍കുന്ന കൂലിയില്‍ വര്‍ധനവും വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആനുപാതികമായ വര്‍ധന ബജറ്റ്‌ നീക്കിയിരുപ്പിലുമുണ്ടാവും. ഇതിന്‌ തുനിയും മുമ്പ്‌ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി വിലയിരുത്താന്‍ ശ്രമമുണ്ടാവേണ്ടിയിരുന്നു. തൊഴിലുറപ്പ്‌ പദ്ധതി ഗ്രാമീണ മേഖലയുടെ വികസനത്തെ അല്ലെങ്കില്‍ ഉത്‌പാദനക്ഷമതയെ ഏതളവില്‍ സഹായിച്ചുവെന്ന്‌ പഠിക്കണം. പദ്ധതിയില്‍ നടന്ന അഴിമതിയെക്കുറിച്ച്‌ അന്വേഷണവും വേണം. പക്ഷേ, ഇത്തരത്തില്‍ ഒന്നും ഉണ്ടായിട്ടില്ല.


2005ല്‍ പദ്ധതി പ്രഖ്യാപിക്കപ്പെടുമ്പോള്‍ രാജ്യത്തിനാകെ അത്‌ പുതുമയായിരുന്നു. പക്ഷേ, 1972ല്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ തൊഴില്‍ ഉറപ്പ്‌ പദ്ധതിയുടെ വ്യാപനം മാത്രമായിരുന്നു നടന്നത്‌ എന്നതാണ്‌ വസ്‌തുത. അഴിമതി, ആസൂത്രണമില്ലായ്‌മ എന്നീ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും മഹാരാഷ്‌ട്ര സര്‍ക്കാര്‍ കാര്യക്ഷമമായി നടപ്പാക്കിയ പദ്ധതിയായിരുന്നു ഇത്‌. പരിശീലനം ആവശ്യമില്ലാത്ത തൊഴിലുകള്‍ ദിവസവേതനാടിസ്ഥാനത്തില്‍ ചെയ്യാന്‍ താത്‌പര്യമുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക്‌ തൊഴില്‍ ഉറപ്പ്‌ നല്‍കും വിധത്തിലായിരുന്നു മഹാരാഷ്‌ട്ര സര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്‌തിരുന്നത്‌. തുടക്കത്തില്‍ ഏത്‌ തൊഴില്‍ ചെയ്‌താലും ഒരേ വേതനം എന്നതായിരുന്നു സ്ഥിതി. എന്നാല്‍ ഏത്‌ തൊഴില്‍ മേഖലയിലാണോ ജോലി ചെയ്യിക്കുന്നത്‌ ആ മേഖലയിലെ കുറഞ്ഞ കൂലി ഉറപ്പാക്കണമെന്ന ബോംബെ ഹൈക്കോടതി വിധിയോടെ ഈ അവസ്ഥയില്‍ മാറ്റമുണ്ടായി. കാര്‍ഷിക മേഖലയിലാണ്‌ തൊഴില്‍ നല്‍കുന്നതെങ്കില്‍ ആ മേഖലയിലെ കുറഞ്ഞ കൂലി നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമായി.


പദ്ധതിയെക്കുറിച്ച്‌ നിരവധി പഠനങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്‌. അഴിമതി, ആസൂത്രണമില്ലായ്‌മ, ചെലവഴിക്കപ്പെടുന്ന പണത്തിന്‌ ആനുപാതികമായി തൊഴില്‍ ദിനങ്ങള്‍ സൃഷ്‌ടിക്കപ്പെടാത്ത സ്ഥിതി തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഈ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ഏറെക്കുറെ എല്ലാ പഠനവും ചൂണ്ടിക്കാട്ടുന്ന സുപ്രധാനമായ സംഗതി ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം കുറക്കുന്നതിന്‌ ഇത്‌ സഹായകരമായി എന്നതാണ്‌. ദാരിദ്ര്യം കുറക്കാന്‍ സഹായകരമായി എങ്കിലും മഹാരാഷ്‌ട്രയിലെ ഗ്രാമങ്ങളിലെ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക വളര്‍ച്ചക്ക്‌ ഒരു സംഭാവനയും ചെയ്യാന്‍ ഇതിന്‌ കഴിഞ്ഞില്ല എന്നതാണ്‌ വസ്‌തുത.


മഹാരാഷ്‌ട്രയുടെ അനുഭവം മുന്നില്‍നില്‍ക്കെ, 2005ല്‍ ദേശീയാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിക്കുമ്പോള്‍ തന്നെ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‌ കഴിയണമായിരുന്നു. പക്ഷേ, അതുണ്ടായില്ല. തൊഴിലും അതിന്‌ നിശ്ചിത കൂലിയും ഉറപ്പാക്കുക എന്നതില്‍ കവിഞ്ഞൊന്നും കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നില്ല. മാത്രമല്ല, കാര്‍ഷിക മേഖലയിലെ തൊഴിലുകള്‍ ചെയ്യാന്‍ പദ്ധതിയനുസരിച്ച്‌ അനുമതി നല്‍കിയതുമില്ല. ഇത്‌ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ കാര്‍ഷികോത്‌പാദന രംഗത്ത്‌ വലിയ പ്രത്യാഘാതങ്ങള്‍ക്ക്‌ വഴിവെച്ചിട്ടുണ്ട്‌. പൊതുവില്‍ കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കാന്‍ ആളുകളെ കിട്ടാത്ത സ്ഥിതിവിശേഷം കേരളം പോലുള്ള സംസ്ഥാനങ്ങളിലുണ്ട്‌. തൊഴില്‍ ഉറപ്പ്‌ പദ്ധതി വന്നതോടെ അവശേഷിച്ചിരുന്നയാളുകള്‍ കൂടി മറ്റു മേഖലകളിലേക്ക്‌ തിരിഞ്ഞു. അതോടെ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായി. ഭക്ഷ്യ സ്വയം പര്യാപ്‌തത ഉറപ്പാക്കാന്‍ നിലവിലുള്ള കൃഷിയിടങ്ങളില്‍ വിളവിറക്കാന്‍ പ്രോത്സാഹിപ്പിക്കുകയും തരിശുഭൂമി കണ്ടെത്തി കൃഷിഭൂമിയാക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്യുന്നതിനിടെയാണ്‌ തൊഴിലാളികളുടെ ക്ഷാമം കടുത്തത്‌. ഇത്‌ വയനാട്‌, ഇടുക്കി, പാലക്കാട്‌ പോലുള്ള പരമ്പരാഗത കാര്‍ഷിക മേഖലകളെ ഏറെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നാണ്‌ പ്രാഥമികമായ വിലയിരുത്തല്‍.


ഇക്കാര്യത്തില്‍ വേണ്ട പരിശോധന നടത്താനോ തൊഴിലുറപ്പ്‌ പദ്ധതിയുടെ നടത്തിപ്പില്‍ തിരുത്തലുകള്‍ നിര്‍ദേശിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പൊതുവില്‍ കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക്‌ ഭേദപ്പെട്ട കൂലി ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം. ഇത്‌ ഒഴിവാക്കിപ്പോലും തൊഴിലുറപ്പിന്റെ പിറകെ പോകാന്‍ ആളുകള്‍ തയ്യാറാകുന്ന സ്ഥിതിയാണ്‌ ഇവിടെ. അങ്ങനെയെങ്കില്‍ കാര്‍ഷിക മേഖലയിലെ കൂലിയും തൊഴിലുറപ്പ്‌ പദ്ധതിയിലൂടെ ലഭിക്കുന്ന വേതനവും തമ്മില്‍ വലിയ വ്യത്യാസമില്ലാത്ത മറ്റ്‌ സംസ്ഥാനങ്ങളുടെ സ്ഥിതി ഭേദമാകാന്‍ ഇടയില്ല. കാര്‍ഷികമേഖലയിലെ തൊഴിലുകളെ തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും ആലോചിക്കുന്നില്ല. അതുകൊണ്ടു തന്നെ കാര്‍ഷിക ജോലികളില്‍ നിന്ന്‌ തൊഴിലാളികള്‍ വിട്ടുനില്‍ക്കാന്‍ ഇടവരും. ഈ സാഹചര്യത്തില്‍ തൊഴിലുറപ്പ്‌ പദ്ധതി രാജ്യത്തെ കാര്‍ഷികോത്‌പാദന മേഖലയില്‍ വലിയ തിരിച്ചടിക്ക്‌ വഴിവെച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.


റോഡ്‌, തോട്‌, ചെറുകിട ജലസേചന പദ്ധതികള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനാണ്‌ പദ്ധതിയിലൂടെ ലഭിക്കുന്ന തൊഴില്‍ ദിനങ്ങള്‍ നിലവില്‍ വിനിയോഗിക്കപ്പെടുന്നത്‌. ഇത്തരം പദ്ധതികള്‍ക്കായി നിരവധി കേന്ദ്ര പദ്ധതികള്‍ നിലവിലുണ്ട്‌. അവക്ക്‌ അനുവദിക്കുന്ന പണം തൊഴിലുറപ്പിലേക്ക്‌ വകമാറ്റുക എന്നതാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന തന്ത്രം. ഇത്തരം പദ്ധതികളുടെ ആസൂത്രണത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള പങ്ക്‌ ചെറുതാണ്‌. അതുകൊണ്ടുതന്നെ ഓരോ പ്രദേശത്തിന്റെയും ആവശ്യം പരിഗണിച്ചുള്ള നിര്‍മാണങ്ങള്‍ക്ക്‌ തൊഴിലുറപ്പ്‌ പദ്ധതി വഴി സൃഷ്‌ടിക്കപ്പെടുന്ന തൊഴില്‍ ദിനങ്ങള്‍ വിനിയോഗിക്കാന്‍ കഴിയാതെവരുന്ന സാഹചര്യവുമുണ്ട്‌. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക്‌ കൂടുതല്‍ അധികാരം നല്‍കിയ കേരളത്തില്‍പ്പോലും ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസം കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിലും കാലതാമസം നേരിടുന്നുണ്ട്‌. തൊഴിലുറപ്പ്‌ പദ്ധതി പ്രാദേശിക വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതിന്‌ ഇത്‌ പ്രധാനതടസ്സമായി നില്‍ക്കുന്നുമുണ്ട്‌.


ഈ സാഹചര്യത്തിലാണ്‌ പദ്ധതിയില്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്‌. ഗ്രാമീണ മേഖലയിലെ ഭവന നിര്‍മാണത്തിന്‌ ഇപ്പോള്‍ത്തന്നെ നിലവിലുള്ള കേന്ദ്ര പദ്ധതിയായ ഇന്ദിരാ ആവാസ്‌ യോജനയുമായി തൊഴിലുറപ്പിനെ ബന്ധിപ്പിക്കാനാണ്‌ ആസൂത്രണ കമ്മീഷന്‍ ആലോചിക്കുന്നത്‌. ഭവന നിര്‍മാണ പദ്ധതിക്ക്‌ അനുവദിക്കുന്ന പണം തൊഴിലുറപ്പിലേക്ക്‌ കൂടി വിനിയോഗിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇത്തരത്തിലുള്ള മറ്റ്‌ കേന്ദ്ര പദ്ധതികള്‍ കൂടി തൊഴിലുറപ്പുമായി ബന്ധിപ്പിക്കാന്‍ ആലോചനയുണ്ട്‌. ഒപ്പം പദ്ധതി നടത്തിപ്പ്‌ അവലോകനം ചെയ്യാന്‍ സ്വതന്ത്ര സംവിധാനം ആവിഷ്‌കരിക്കാനും ഉദ്ദേശിക്കുന്നു.


ഇത്‌ മറ്റു ചില പ്രശ്‌നങ്ങള്‍ കൂടി സൃഷ്‌ടിക്കാനുള്ള സാധ്യത കണക്കിലെടുത്തേ മതിയാവൂ. പഞ്ചായത്തീരാജ്‌ സമ്പ്രാദയം നടപ്പാക്കുമ്പോള്‍ താഴേത്തലത്തില്‍ നിന്നുള്ള ആസൂത്രണവും പദ്ധതി നടത്തിപ്പും ഉറപ്പാക്കണമെന്നാണ്‌ ഉദ്ദേശിച്ചിരുന്നത്‌. ഇതിന്‌ സമാന്തരമായി മറ്റൊരു സംവിധാനം നിലവില്‍ വരിക എന്ന അവസ്ഥ ഉണ്ടാകാനുള്ള സാധ്യത വലുതാണ്‌. പുതിയ സംവിധാനവും പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം പ്രശ്‌നങ്ങള്‍ക്കും പദ്ധതികളുടെ നടത്തിപ്പിന്റെ കാലതാമസത്തിനും വഴിവെക്കുകയാവും ചെയ്യുക. തൊഴിലുറപ്പ്‌ പദ്ധതിയുടെ പൂര്‍ണ നിയന്ത്രണം പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങള്‍ക്ക്‌ കൈമാറുകയും പ്രദേശങ്ങളുടെ സ്വഭാവത്തിനും സാധ്യതക്കും അനുസരിച്ച്‌ തൊഴിലുകള്‍ ചെയ്യിക്കാന്‍ അനുമതി നല്‍കുകയുമാണ്‌ ഉചിതമായ രീതി. അല്ലാത്തപക്ഷം നിര്‍ദിഷ്‌ട പരിഷ്‌കാരങ്ങളുടെ പ്രയോജനം രാജ്യത്തെല്ലായിടത്തും ലഭിക്കുമെന്ന്‌ കരുതുക വയ്യ.


അഞ്ചു വര്‍ഷത്തിനപ്പുറം ഒറ്റക്ക്‌ അധികാരത്തിലെത്തുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനുള്ള ഉപാധി എന്നതിനപ്പുറത്ത്‌ ഭാവനാപൂര്‍ണമായ വികസന പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പിനെ മാറ്റാനാണ്‌ കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാറും ആലോചിക്കേണ്ടത്‌. തൊഴിലും കൂലിയും ഉറപ്പാക്കുന്നതിനൊപ്പം ഈ വിഭാഗങ്ങളുടെ സാമൂഹികമായ ഉന്നമനത്തിന്‌ കൂടി ഊന്നല്‍ വേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ മറ്റു പല കേന്ദ്രാവിഷ്‌കൃത പദ്ധതികളെയും പോലെ വെള്ളത്തില്‍ വരച്ച വര പോലെയാകും ഇതും. ചെലവഴിച്ച പണത്തിന്റെ കണക്കുകളില്‍ ഊറ്റം കൊള്ളുമ്പോഴും ദരിദ്രരും സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരും അതേപടി തുടരുകയും ചെയ്യും.

2009-06-16

വരൂ, വീണ്ടും ദണ്ഡയെടുക്കൂ


ഇന്ത്യയിലെ തീവ്രഹിന്ദുത്വ രാഷ്‌ട്രീയം അതിന്റെ രൂപവത്‌കരണകാലം മുതല്‍ നേരിട്ടിരുന്ന സ്വത്വ പ്രതിസന്ധി കൂടുതല്‍ ആഴത്തില്‍ പ്രത്യക്ഷപ്പെടുന്നതാണ്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം രാജ്യം കാണുന്നത്‌. ബി ജെ പിയില്‍ മുള പൊട്ടിയിരിക്കുന്ന കലാപം പ്രഥമമായി നേതൃസ്ഥാനവും പാര്‍ട്ടിയുടെ നിയന്ത്രണവും ലക്ഷ്യമിട്ടുള്ളതാണെങ്കിലും അതിന്റെ അടിസ്ഥാനം ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ പ്രത്യയശാസ്‌ത്രവുമായി പരോക്ഷമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌. ഹൈന്ദവരുടെ ഏകീകരണവും സാംസ്‌കാരിക ഏകത്വത്തില്‍ അധിഷ്‌ഠിതമായ ഭാരതവും ലക്ഷ്യമിട്ട്‌ 1925ല്‍ ആര്‍ എസ്‌ എസ്‌ രൂപവത്‌കരിക്കപ്പെടുന്നതോടെയാണ്‌ തീവ്ര ഹിന്ദുത്വത്തിന്റെ പ്രചാരണത്തിന്‌ സംഘടിത രൂപമുണ്ടാകുന്നത്‌.


സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേന എന്ന നിലയില്‍ വിഭാവനം ചെയ്‌ത ആര്‍ എസ്‌ എസ്സിന്‌ നേരിട്ടുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനം അസാധ്യമായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്‌ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിലെ ഹിന്ദുത്വ നിലപാട്‌ പുലര്‍ത്തുന്ന നേതാക്കളിലായിരുന്നു ആര്‍ എസ്‌ എസ്സിന്‌ ആദ്യകാലത്ത്‌ പ്രതീക്ഷയുണ്ടായിരുന്നത്‌. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിലെ ചോദ്യംചെയ്യപ്പെടാത്ത നേതാവാകുകയും ഗാന്ധി വധത്തില്‍ ആര്‍ എസ്‌ എസ്‌ പ്രതിസ്ഥാനത്താവുകയും ചെയ്‌തതോടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. ഇതേത്തുടര്‍ന്നാണ്‌ ശ്യാമപ്രസാദ്‌ മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനസംഘ്‌ രൂപവത്‌കരിക്കുന്നത്‌.



1951 മുതല്‍ 1980വരെ നീണ്ട ജനസംഘിന്റെ പ്രവര്‍ത്തനം ആര്‍ എസ്‌ എസ്‌ പ്രതീക്ഷിച്ച ധ്രുവീകരണം രാജ്യത്തുണ്ടാക്കിയില്ല. ബാങ്ക്‌ ദേശസാത്‌കരണം, പ്രിവി പഴ്‌സ്‌ നിര്‍ത്തലാക്കല്‍ തുടങ്ങിയ വിപ്ലവകരമായ പരീക്ഷണങ്ങളിലൂടെ ഇന്ദിരാ ഗാന്ധി ജനമനസ്സുകളില്‍ ചിരപ്രതിഷ്‌ഠ നേടിയതോടെ നെഹ്‌റുവിനു ശേഷം രാഷ്‌ട്രീയ കാലാവസ്ഥ അനുകൂലമാക്കാമെന്ന ജനസംഘിന്റെ പ്രതീക്ഷകള്‍ കൂടിയാണ്‌ തകര്‍ന്നത്‌. ഇന്ദിര പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കെതിരെ ജനാധിപത്യ ശക്തികളുമായി ചേര്‍ന്ന്‌ പോരാടിയതോടെയാണ്‌ മുഖ്യധാരയില്‍ ആര്‍ എസ്‌ എസ്സിനും ജനസംഘിനും ഇടംലഭിച്ചത്‌.


1977ല്‍ അധികാരത്തില്‍വന്ന ജനതാപാര്‍ട്ടി മന്ത്രിസഭയില്‍ ജനസംഘിന്റെ പ്രതിനിധികളായി വാജ്‌പയിയും അഡ്വാനിയുമുണ്ടായിരുന്നു. ജനസംഘിന്റെ പ്രതീക്ഷകളെ തകിടം മറിച്ചത്‌ ജോര്‍ജ്‌ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ ജനതയിലുണ്ടായ ചേരിയായിരുന്നു. ഒരു വിഭാഗം നേതാക്കള്‍ ജനസംഘിലും ജനതാപരിവാറിലും ഒരേസമയം തുടരുന്നത്‌ ജോര്‍ജും കൂട്ടരും ചോദ്യം ചെയ്‌തു. ജനതാപരിവാറിനെ തീവ്രഹിന്ദുത്വ ആശയക്കാര്‍ റാഞ്ചിയെടുക്കുന്നത്‌ തടയുക എന്നതാണ്‌ മൊറാര്‍ജി ദേശായി മന്ത്രിസഭയുടെ നിലനില്‍പ്പിനേക്കാള്‍ വലുതെന്ന്‌ അവര്‍ അന്നു ചിന്തിച്ചിരുന്നു. മൊറാര്‍ജി മന്ത്രിസഭ തകര്‍ന്നതോടെ ജനസംഘിന്റെ നിലനില്‍പ്പ്‌ തന്നെ ചോദ്യംചെയ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ്‌ 1980ല്‍ ബി ജെ പി എന്ന രാഷ്‌ട്രീയ പാര്‍ട്ടി ഉദയം കൊള്ളുന്നത്‌. അത്രയും കാലം ജനസംഘിനൊപ്പം നിന്ന ആര്‍ എസ്‌ എസ്‌ ജനസംഘിന്റെ പുതിയ പതിപ്പായ ബി ജെ പിയെയും പിന്തുണച്ചു.


പ്രതീക്ഷിക്കാത്ത വേഗത്തിലാണ്‌ ബി ജെ പിയുടെ വളര്‍ച്ചയുണ്ടായത്‌. അതിന്‌ കാരണങ്ങള്‍ പലതുണ്ടായിരുന്നു. ജനതാപരിവാറിനൊപ്പം നില്‍ക്കുക വഴി വാജ്‌പയിയെയും അഡ്വാനിയെയും പോലുള്ള നേതാക്കള്‍ സാമാന്യജനങ്ങളില്‍ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയായിരുന്നു ഒന്ന്‌. 1984ല്‍ അധികാരത്തില്‍വന്ന രാജീവ്‌ ഗാന്ധി സര്‍ക്കാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ വിശ്വാസ്യതക്കേല്‍പ്പിച്ച ആഘാതമായിരുന്നു രണ്ടാമത്തേത്‌. ഇക്കാലത്തു തന്നെ അയോധ്യാ പ്രശ്‌നം സജീവമാക്കിക്കൊണ്ടുവരാന്‍ ബി ജെ പിക്ക്‌ കഴിഞ്ഞിരുന്നു. രാജീവ്‌ ഗാന്ധിയെയും കോണ്‍ഗ്രസിനെയും അധികാരത്തിന്‌ പുറത്തിരുത്തുക എന്ന ഒരൊറ്റ അജന്‍ഡയില്‍ ഊന്നി വി പി സിംഗിന്റെ ജനതാദളും ബി ജെ പിയും ഇടതു പാര്‍ട്ടികളും നടത്തിയ പ്രചാരണം ബി ജെ പിക്ക്‌ കൂടുതല്‍ പ്രതിച്ഛായ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്‌തു. മണ്ഡല്‍ രാഷ്‌ട്രീയത്തിലൂടെ കോണ്‍ഗ്രസിന്റെ പിന്നാക്ക വോട്ട്‌ ബേങ്കില്‍ വി പി സിംഗ്‌ ഉണ്ടാക്കിയ വിള്ളല്‍, ജനതാദളിന്റെ തകര്‍ച്ച, ഇടതു പാര്‍ട്ടികള്‍ക്ക്‌ അവരുടെ സ്ഥിരം പോക്കറ്റുകള്‍ക്കപ്പുറത്ത്‌ വളരാന്‍ കഴിയാതിരുന്നത്‌ തുടങ്ങി നിരവധി കാരണങ്ങളാല്‍ ബി ജെ പി രാജ്യത്തെ രണ്ടാമത്തെ വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായി വളരുന്നതാണ്‌ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കണ്ടത്‌. ബാബരി മസ്‌ജിദ്‌ തകര്‍ക്കുകയും ഏക സിവില്‍ കോഡ്‌ പോലുള്ള അജന്‍ഡകള്‍ ശക്തമായി ഉന്നയിക്കുകയും ചെയ്‌തുകൊണ്ട്‌ ഹിന്ദി മേഖലയിലെ സവര്‍ണ വിഭാഗത്തിന്റെ പിന്തുണ ബി ജെ പി സ്വന്തമാക്കുകയും ചെയ്‌തു.


ഇതിന്‌ സമാന്തരമായി അധികാരമെന്ന ഒരൊറ്റ അജന്‍ഡ മാത്രം മുന്നില്‍വെച്ച്‌ പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാനും അവര്‍ക്ക്‌ കഴിഞ്ഞു. അപ്പോള്‍ പോലും സ്വന്തം രാഷ്‌ട്രീയ ലൈന്‍ ഏതെന്ന കാര്യത്തില്‍ ബി ജെ പിക്ക്‌ വ്യക്തതയുണ്ടായിരുന്നില്ല. വാജ്‌പയിയെ പാര്‍ട്ടിയുടെ മൃദുമുഖവും അഡ്വാനിയെ തീവ്രമുഖവുമായി നിലനിര്‍ത്തിയത്‌ ഈ ആശയക്കുഴപ്പത്തിന്റെ ഫലമായിരുന്നു. തീവ്ര ഹിന്ദുത്വ അജന്‍ഡകള്‍ക്ക്‌ ഊന്നല്‍ നല്‍കാനുള്ള ആര്‍ എസ്‌ എസ്സിന്റെ സമ്മര്‍ദം അക്കാലത്തുമുണ്ടായിരുന്നു. പക്ഷേ, അധികാരം കൈയാളാന്‍ കഴിഞ്ഞുവെന്നതിനാലും പ്രാദേശിക പാര്‍ട്ടികള്‍ക്ക്‌ സ്വീകാര്യമാവില്ല എന്ന്‌ ഉറപ്പുള്ളതിനാലും ഈ സമ്മര്‍ദത്തെ ചെറുത്തുനില്‍ക്കാന്‍ ബി ജെ പി നേതൃത്വത്തിന്‌ കഴിഞ്ഞിരുന്നു. പാഠപുസ്‌തകങ്ങളില്‍ ഹിന്ദുത്വ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചതിലൂടെയും സ്‌കൂളുകളിലും പൊതു സ്ഥാപനങ്ങളിലും ഹൈന്ദവ ആചാരാനുഷ്‌ഠാനങ്ങള്‍ പ്രാബല്യത്തിലാക്കാന്‍ ശ്രമിച്ചതിലൂടെയും തങ്ങളുടെ ആത്യന്തിക ലക്ഷ്യം ആര്‍ എസ്‌ എസ്‌ ലക്ഷ്യമിടുന്ന സാംസ്‌കാരിക ഏകത്വമാണെന്ന സൂചനകള്‍ നല്‍കാനും ബി ജെ പി തയ്യാറായിരുന്നു.


2004ല്‍ അധികാരത്തില്‍ നിന്ന്‌ പുറത്താക്കപ്പെട്ടത്‌ സവിശേഷമായ രാഷ്‌ട്രീയ പശ്ചാത്തലത്തിലായിരുന്നു. വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്ന്‌ പുറത്തിരുത്തുക എന്ന ഒരൊറ്റ അജന്‍ഡയില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും യോജിക്കുകയും അതിന്റെ ഫലമായി യു പി എ സര്‍ക്കാര്‍ രൂപവത്‌കരിക്കപ്പെടുകയുമായിരുന്നു. 2009ല്‍ സ്ഥിതിവിശേഷം മാറിയതിനാല്‍ അധികാരത്തിലേക്കുള്ള തിരിച്ചുവരവ്‌ ബി ജെ പിയും ആര്‍ എസ്‌ എസ്സും പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല എന്നു മാത്രമല്ല, ബി ജെ പിയുടെ ശക്തി ക്ഷയിക്കുന്നതിന്റെ സൂചനകള്‍ ദൃശ്യമാവുകയും ചെയ്‌തു. വര്‍ധിക്കുന്ന ഭീകരാക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി കപട ദേശീയവാദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടി നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടതുമില്ല. ഈ സാഹചര്യത്തിലാണ്‌ ബി ജെ പിയില്‍ ഉടലെടുത്ത ആഭ്യന്തര കലഹം പ്രത്യയശാസ്‌ത്രവുമായി ബന്ധപ്പെടുന്നത്‌.


അരുണ്‍ ജെയ്‌റ്റ്‌ലിക്കും സുഷമാ സ്വരാജിനുമെതിരെ പടയൊരുക്കുന്ന ജസ്വന്ത്‌ സിംഗും യശ്വന്ത്‌ സിന്‍ഹയും ആര്‍ എസ്‌ എസ്സുമായി ബന്ധമുള്ളവരല്ല. സാംസ്‌കാരിക ഏകത്വം എന്ന ആര്‍ എസ്‌ എസ്‌ അജന്‍ഡയിലൂന്നുന്ന ബി ജെ പി ഇന്നലെകളുടെ പാര്‍ട്ടിയാണെന്ന പ്രതീതിയാണ്‌ ജനിപ്പിക്കുന്നതെന്ന്‌ ഇവര്‍ വിമര്‍ശിക്കുന്നു. പുതിയ സാഹചര്യങ്ങള്‍ മനസ്സിലാക്കാനും അതിനോട്‌ ക്രിയാത്മകമായി പ്രതികരിക്കാനും ത്രാണിയുള്ളതായി പാര്‍ട്ടിയെ മാറ്റണമെന്നാണ്‌ ഇവരുടെ ആവശ്യം. കൂട്ടുകക്ഷി സമ്പ്രദായത്തിലൂടെ അധികാരത്തിലെത്തിയ സമകാലീന ചരിത്രം മനസ്സിലുള്ള ബി ജെ പിയുടെ രണ്ടാംനിര നേതൃത്വം ജസ്വന്ത്‌ സിംഗും മറ്റുമുയര്‍ത്തുന്ന പുതിയ ആശയങ്ങളോട്‌ അനുകൂലമായി പ്രതികരിക്കാനുള്ള സാധ്യത ഏറെയാണ്‌. ബി ജെ പിക്കൊപ്പം ഇപ്പോഴും തുടരുന്ന ഘടകകക്ഷികളുടെ സമ്മര്‍ദവും ഇക്കാര്യത്തിലുണ്ടായേക്കാം.


പാര്‍ട്ടി എന്ന നിലക്ക്‌ സ്വീകരിക്കേണ്ട വ്യക്തിത്വം സംബന്ധിച്ച്‌ ഇപ്പോഴുയര്‍ന്നിരിക്കുന്ന ഭിന്നാഭിപ്രായങ്ങള്‍ ബി ജെ പിയെ തീവ്രഹിന്ദുത്വ അജന്‍ഡയില്‍ നിന്ന്‌ വ്യതിചലിപ്പിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ്‌ ആര്‍ എസ്‌ എസ്‌ നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്‌. ഹിന്ദുത്വ അജന്‍ഡയില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിനെ പൂര്‍ണമായി ഉപേക്ഷിക്കാന്‍ ബി ജെ പി തയ്യാറാവണമെന്നാണ്‌ ആര്‍ എസ്‌ എസ്‌ നേതൃത്വത്തിന്റെ ആവശ്യം. അങ്ങനെ ഉപേക്ഷിക്കുമ്പോള്‍ ആര്‍ എസ്‌ എസ്സുമായുള്ള നാഭീനാള ബന്ധം ഇല്ലാതാവുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നുണ്ട്‌. സജീവ രാഷ്‌ട്രീയത്തില്‍ നിന്നു വിരമിക്കാന്‍ തയ്യാറെടുക്കുന്ന എല്‍ കെ അഡ്വാനിയെയും നിലവിലുള്ള പ്രസിഡന്റ്‌ രാജ്‌നാഥ്‌ സിംഗിനെയും പോലുള്ളവരെ തീവ്രഹിന്ദുത്വ അജന്‍ഡയിലേക്ക്‌ തിരിച്ചുവരാന്‍ പ്രേരിപ്പിക്കുകയാണ്‌ ആര്‍ എസ്‌ എസ്‌ എന്ന്‌ വ്യക്തം. ഹിന്ദുത്വത്തില്‍ ഉറച്ച്‌, ഒറ്റക്ക്‌ മുന്നേറാന്‍ ബി ജെ പി തയ്യാറാകണമെന്നാണ്‌ അവരുടെ ആഗ്രഹം. ഘടകകക്ഷികളുടെ കെട്ടുപാടുകള്‍ ഇല്ലാതായാല്‍ അയോധ്യയിലെ രാമക്ഷേത്രം, ഏക സിവില്‍ നിയമം, കാശ്‌മീരിന്റെ പ്രത്യേക പദവി തുടങ്ങി ഇഷ്‌ടവിഷയങ്ങളെല്ലാം ബി ജെ പിക്ക്‌ യഥേഷ്‌ടം വിനിയോഗിക്കാം. സാമ്പത്തിക അജന്‍ഡയിലും തൊഴിലുറപ്പ്‌ പോലുള്ള ജനക്ഷേമ പദ്ധതികളിലും അധിഷ്‌ഠിതമായി കോണ്‍ഗ്രസ്‌ മുന്നോട്ടുവെക്കുന്ന വികസന രാഷ്‌ട്രീയത്തെ നേരിടാനും വര്‍ഗീയമായ ധ്രൂവീകരണം ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്നാണ്‌ ആര്‍ എസ്‌ എസ്സിന്റെ വിലയിരുത്തല്‍. ഇതിനോട്‌ യോജിക്കാത്തവരെ ഒഴിവാക്കി പാര്‍ട്ടിയില്‍ ശുദ്ധീകരണം ആവശ്യമാണെന്ന സൂചനയും ആര്‍ എസ്‌ എസ്‌ നല്‍കുന്നുണ്ട്‌.


ഹിന്ദുത്വ അജന്‍ഡ ഒഴിവാക്കാന്‍ ബി ജെ പി തയ്യാറാവണമെന്ന്‌ ആര്‍ എസ്‌ എസ്‌ നേതാക്കള്‍ തുറന്നെഴുതുമ്പോള്‍ തീവ്ര ഹിന്ദുത്വം അംഗീകരിക്കാന്‍ മടിയുള്ള നേതാക്കളെയും ഘടകകക്ഷികളെയും ഒഴിവാക്കണമെന്നാണ്‌ അര്‍ഥമാക്കുന്നത്‌ എന്ന്‌ മനസ്സിലാക്കാന്‍ പ്രയാസമില്ല.
അധികാരം ലക്ഷ്യമിട്ട്‌ പ്രാദേശിക പാര്‍ട്ടികളുമായി ബി ജെ പി സഖ്യമുണ്ടാക്കിയപ്പോള്‍ സാംസ്‌കാരിക ഏകത്വം, അഖണ്ഡ ഭാരതം എന്നീ അടിസ്ഥാന സിദ്ധാന്തങ്ങളില്‍ വിള്ളല്‍ വീഴുക കൂടിയായിരുന്നു. അത്തരം സഖ്യങ്ങളെ ഒഴിവാക്കി അടിസ്ഥാന അജന്‍ഡയില്‍ ഊന്നി പാര്‍ട്ടിയെ വളര്‍ത്തുക എന്നതാണ്‌ ആര്‍ എസ്‌ എസ്‌ നല്‍കുന്ന സന്ദേശം. അതിന്‌ അവര്‍ക്ക്‌ മുന്നില്‍ മാതൃതകകളുമുണ്ട്‌. നരേന്ദ്ര മോഡിയുടെ ഏകാധിപത്യശൈലിയോട്‌ യോജിപ്പില്ലെങ്കിലും ബി ജെ പിയെ ഒറ്റക്ക്‌ അധികാരത്തിലെത്തിക്കുന്ന മോഡിയാണ്‌ ഒരു മാതൃക. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആസൂത്രിത നീക്കത്തിലൂടെ ഭൂരിപക്ഷ വര്‍ഗീയതയുടെ വേരുറപ്പിക്കുന്ന കര്‍ണാടക രണ്ടാമത്തേതും. ഇതിന്റെ ദേശീയ പതിപ്പ്‌ എന്തുകൊണ്ടുണ്ടാവുന്നില്ല എന്ന ചോദ്യമാണ്‌ ആര്‍ എസ്‌ എസ്‌ പരോക്ഷമായി ഉന്നയിക്കുന്നത്‌.


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതിന്‌ പിറകെ സംഘ്‌ നേതാക്കള്‍ ഈ പ്രശ്‌നം ഉന്നയിച്ചു തുടങ്ങിയിരുന്നു. ഇതിനിടയിലാണ്‌ നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള കലഹം ഉയിര്‍ന്നത്‌. ഒരു ശുദ്ധീകരണത്തിന്‌ പറ്റിയ അന്തരീക്ഷം. അതിന്‌ ബി ജെ പി തയ്യാറാവുകയും പഴയ അജന്‍ഡകള്‍ രാകിമിനുക്കുകയും ചെയ്‌താല്‍ കലുഷിതമായ രാഷ്‌ട്രീയത്തെയാവും ഭാവിയില്‍ അഭിമുഖീകരിക്കേണ്ടിവരിക. സര്‍ സംഘ്‌ ചാലകായി മോഹന്‍ ഭാഗവത്‌ നിയമിതനായ ശേഷം നാഗ്‌പൂരിലെ ആര്‍ എസ്‌ എസ്‌ ആസ്ഥാനം പതിവിലും അധികം മൗനം ദീക്ഷിക്കുന്നുണ്ട്‌. ഈ മൗനം കൂടുതല്‍ വാചാലമാണെന്ന്‌ ബി ജെ പി നേതാക്കള്‍ തിരിച്ചറിയുന്നുമുണ്ട്‌.

2009-06-15

നജാദിന്റെ രണ്ടാമൂഴം


ഒരു മാസത്തിനിടെ പുറത്തുവന്ന രണ്ടു തിരഞ്ഞെടുപ്പുഫലങ്ങള്‍ ലോക രാഷ്‌ട്രീയത്തെ സംബന്ധിച്ച്‌ ഏറെ നിര്‍ണായകമാണ്‌. കഴിഞ്ഞ മാസം പതിനാറിന്‌ പുറത്തുവന്ന ഇന്ത്യയിലെ തിരഞ്ഞെടുപ്പു ഫലവും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഇറാന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ ഫലവുമാണ്‌ സൂചിപ്പിച്ചത്‌. നിലവിലുള്ള അധികാര ഘടന തിരിച്ചെത്തുന്നുവെന്നതു കൊണ്ടുമാത്രമല്ല രണ്ടും ശ്രദ്ധേയമാവുന്നത്‌, യുനൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ അമേരിക്ക രണ്ടു രാജ്യങ്ങളുടെ കാര്യത്തിലും പ്രകടിപ്പിക്കുന്ന പ്രത്യേക താത്‌പര്യത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്‌. ആഭ്യന്തരതലത്തിലുള്ള പ്രാധാന്യത്തിലുപരി ഭാവി ലോകഗതിയെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാവും ഈ തിരഞ്ഞെടുപ്പുകളെന്നത്‌ ഏവരും അംഗീകരിക്കുന്ന വസ്‌തുതയാണ്‌. ലോകത്തിലെ തന്നെ ഏറ്റവും വലിയതും ക്രിയാത്മകവുമായ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഏറെക്കുറെ അമേരിക്കന്‍ ഇംഗിതത്തിന്‌ അനുഗുണമായ ജനവിധിയാണ്‌ ഉണ്ടായത്‌. ഇറാനില്‍ നേരെ മറിച്ചുള്ള വിധിയും.


കഴിഞ്ഞ യു പി എ സര്‍ക്കാര്‍ പ്രകടിപ്പിച്ച അമേരിക്കന്‍ അനുകൂല നിലപാടും ആണവ മേഖലയില്‍ ആ രാജ്യവുമായുണ്ടാക്കിയ കരാറും തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാകുമെന്ന പ്രതീക്ഷയാണ്‌ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഇന്ത്യയില്‍ നിലനിന്നിരുന്നത്‌. വെനിസ്വേല, ബ്രസീല്‍, നിക്കരാഗ്വ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ നേതൃത്വത്തില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ ആധിപത്യത്തിനെതിരെ ഉയര്‍ന്ന പുതിയ പ്രതിരോധ നിരയും ഇറാന്റെയും ഉത്തര കൊറിയയുടെയും ഒറ്റക്കൊറ്റക്കുള്ള ചെറുത്തുനില്‍പ്പും ഇന്ത്യന്‍ ജനതയെ സ്വാധീനിച്ചേക്കാമെന്ന വിലയിരുത്തലുണ്ടായിരുന്നു. സാമ്പത്തിക രംഗത്ത്‌ അമേരിക്കക്കുണ്ടായ തിരിച്ചടി, സമാനമായ നയപരിപാടികള്‍ പിന്തുടരുന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ വീണ്ടും അധികാരത്തിലേറ്റുന്നതില്‍ നിന്ന്‌ ഇന്ത്യന്‍ ജനതയെ പിന്നാക്കം വലിക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. ആണവ കരാറിന്റെ പേരില്‍ രാജ്യത്തെ അമേരിക്കക്ക്‌ മുന്നില്‍ അടിയറവെക്കുകയാണ്‌ മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ ചെയ്‌തതെന്നും രാജ്യത്തിന്റെ സ്വതന്ത്ര വിദേശനയത്തെ അമേരിക്കന്‍ ആഭിമുഖ്യമുള്ള ഒന്നായി മാറ്റുകയാണെന്നുമുള്ള ശക്തമായ പ്രചാരണം ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവര്‍ അഴിച്ചുവിടുകയും ചെയ്‌തു. എന്നാല്‍ ഇന്ത്യന്‍ ജനത ഈ പ്രചാരണത്തെയും ആശങ്കകളെയും വിശ്വാസത്തിലെടുത്തില്ല എന്നാണ്‌ തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്‌. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അവലോകനം ചെയ്യുന്ന സി പി എം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ ഇത്‌ അംഗീകരിക്കുകയും ചെയ്‌തിരിക്കുന്നു.


സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ശ്രദ്ധിക്കുകയും ധന, ഊഹ വിപണികളെ ഊര്‍ജസ്വലമാക്കി നിര്‍ത്താന്‍ നടപടികളെടുക്കുകയും പുറമേക്കെങ്കിലും അഭിവൃദ്ധിയുടെ ലക്ഷണങ്ങള്‍ നിലനിര്‍ത്തുകയും ചെയ്‌ത മന്‍മോഹന്‍ സിംഗിന്റെ നയങ്ങളെ പിന്തുണക്കാനാണ്‌ ഇന്ത്യന്‍ ജനത, പ്രത്യേകിച്ച്‌ നഗര, അര്‍ധ നഗര മേഖലകളിലുള്ളവര്‍ തീരുമാനിച്ചത്‌. അമേരിക്കയടക്കം വികസിത രാജ്യങ്ങളുമായുള്ള ബന്ധവും അവിടെ നിന്നുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നൊഴുകുന്ന പണവും കൂടുതല്‍ കരുത്തുള്ള സാമ്പത്തികാവസ്ഥ സൃഷ്‌ടിക്കുമെന്നും തൊഴിലില്ലായ്‌മയും ദാരിദ്ര്യവും പരിഹരിക്കാന്‍ സഹായിക്കുമെന്നുമാണ്‌ ഇന്ത്യന്‍ ജനത കരുതുന്നതെന്ന്‌ തിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടിവരും.


ഇതിന്റെ എതിര്‍ ധ്രുവത്തിലാണ്‌ ഇറാന്‍ ജനത സ്വീകരിച്ച നിലപാട്‌. 2005ല്‍ ആദ്യമായി ഇറാന്റെ പ്രസിഡന്റ്‌ പദമേറിയ മഹ്‌മൂദ്‌ അഹമ്മദി നജാദ്‌ കടുത്ത അമേരിക്കന്‍ വിരുദ്ധ നിലപാടുകളാണ്‌ സ്വീകരിച്ചിരുന്നത്‌. എല്ലാ രംഗത്തും അമേരിക്കയെ എതിര്‍ത്തിരുന്ന നജാദ്‌ ആണവ മേഖലയില്‍ വിശേഷിച്ചും സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചു. അമേരിക്കയുടെയും അവരുടെ താത്‌പര്യങ്ങള്‍ക്ക്‌ അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്‌ട്രസഭയുടെ രക്ഷാസമിതിയുടെയും തിട്ടൂരങ്ങളെ അവഗണിച്ച്‌ ആണവ ഗവേഷണ പദ്ധതികളുമായി ഇറാന്‍ മുന്നോട്ടുപോയി. രാജ്യത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ആണവ പദ്ധതിയാണ്‌ ഇറാന്‍ വിഭാവനം ചെയ്യുന്നത്‌ എന്നാണ്‌ നജാദ്‌ ആവര്‍ത്തിച്ചിരുന്നത്‌. എന്നാല്‍ ഇത്‌ അംഗീകരിക്കാന്‍ തയ്യാറിയിരുന്നില്ല അമേരിക്കന്‍ ഭരണകൂടം. ഇറാന്റെ ആണവ പദ്ധതി ലോക സമാധാനത്തിന്‌ ഭീഷണിയാണെന്ന്‌ അവര്‍ ആവര്‍ത്തിച്ചു. അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന, ഈ ഉദ്യോഗസ്ഥരുമായി ഇറാന്‍ സഹകരിക്കുന്നില്ലെന്ന ആരോപണം എന്നിവയെ തുടര്‍ന്ന്‌ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം സംഘര്‍ഷമേഖലയിലേക്ക്‌ പ്രവേശിക്കുകയും ചെയ്‌തു. ശക്തമായ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനെ ദുര്‍ബലപ്പെടുത്തുക എന്നതായിരുന്നു അമേരിക്ക സ്വീകരിച്ച തന്ത്രം. ഇത്‌ ഇറാനെ പലവിധത്തില്‍ ബാധിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഉപരോധത്തെ നേരിടാനും ആണവ പദ്ധതിയുമായി മുന്നോട്ടുപോകാനുമാണ്‌ നജാദ്‌ തീരുമാനിച്ചത്‌. ഉപരോധം മൂലം സാമ്പത്തിക ഞെരുക്കം നേരിടുമ്പോഴും ഇറാന്റെ പരമാധികാരവും സ്വാതന്ത്ര്യവും നിലനിര്‍ത്താനുള്ള നജാദിന്റെ തീരുമാനത്തെ ആ രാജ്യത്തെ ജനത അംഗീകരിച്ചുവെന്നതിന്റെ തെളിവാണ്‌ തിരഞ്ഞെടുപ്പ്‌ ഫലം.


സാമ്പത്തിക, സാമൂഹിക മേഖലകളില്‍ വലിയ മികവ്‌ പുലര്‍ത്തുന്നതായിരുന്നില്ല നജാദിന്റെ കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണം. പണപ്പെരുപ്പ നിരക്ക്‌ എല്ലായ്‌പ്പോഴും പത്തിന്‌ മേലെയായിരുന്നു. കഴിഞ്ഞ വര്‍ഷം പണപ്പെരുപ്പ നിരക്ക്‌ മുപ്പതു ശതമാനത്തിനടുത്തേക്ക്‌ ഉയര്‍ന്നിരുന്നു. ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട സാമ്പത്തിക വ്യവസ്ഥയായി ഇറാന്‍ മാറി. സാമ്പത്തിക ഘടകങ്ങളനുസരിച്ച്‌ ലോകത്തെ 162 രാജ്യങ്ങളെ വിലയിരുത്തിയപ്പോള്‍ 151 ആയിരുന്നു ഇറാന്റെ സ്ഥാനം. മധ്യപൗരസ്‌ത്യമേഖലയിലെ 17 രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പതിനാറാം സ്ഥാനമാണ്‌ ലഭിച്ചത്‌. അസംസ്‌കൃത എണ്ണയുടെ വന്‍തോതിലുള്ള നിക്ഷേപം രാജ്യത്തുണ്ടായിരിക്കുകയും അത്‌ വിനിയോഗിക്കാന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ തന്നെ സംവിധാനം നിലനില്‍ക്കുകയും ചെയ്യുമ്പോഴായിരുന്നു ഇതെന്നത്‌ പ്രത്യേകം ഓര്‍ക്കണം. സാമ്പത്തിക മേഖലയുടെ എണ്‍പത്‌ ശതമാനവും സര്‍ക്കാറിന്റെ കീഴില്‍ തന്നെ നിലനിര്‍ത്തി, ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക തുല്യത കൈവരുത്താനായിരുന്നു നജാദിന്റെ ശ്രമം. വന്‍തോതില്‍ സബ്‌സിഡികള്‍ നല്‍കിയും വില നിയന്ത്രിക്കാന്‍ പണമൊഴുക്കിയും സാമ്പത്തിക അച്ചടക്കത്തിന്റെ അതിരുകള്‍ ലംഘിച്ചുകൊണ്ടായിരുന്നു നജാദ്‌ ഭരണകൂടം മുന്നേറിയത്‌. ഇതെല്ലാം അസന്തുലിതാവസ്ഥ വര്‍ധിപ്പിക്കുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. എങ്കിലും രാജ്യം സ്വന്തം കാലില്‍ നില്‍ക്കണമെന്ന കാഴ്‌ചപ്പാട്‌ ഫലം ചെയ്‌തുവെന്നാണ്‌ ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്‌. വിദേശ കടം കുറക്കാനും സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ഉണര്‍വുണ്ടാക്കാനും കഴിഞ്ഞ വര്‍ഷത്തോടെ രാജ്യത്തിന്‌ കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ നില അനുസരിച്ചാണെങ്കില്‍ ഈ സാമ്പത്തിക വര്‍ഷം ഏഴ്‌ ശതമാനം വളര്‍ച്ചാ നിരക്ക്‌ കൈവരിക്കാന്‍ ഇറാന്‌ സാധിച്ചേക്കും. സാമ്പത്തിക മേഖലയുടെ ഭൂരിഭാഗവും വിദേശ നിക്ഷേപത്തിന്‌ തുറന്നുകൊടുത്തിട്ടും ഇന്ത്യക്ക്‌ കൈവരിക്കാനായത്‌ ഒമ്പതു ശതമാനത്തോളം വളര്‍ച്ചാ നിരക്കാണ്‌. അതുമായി താരമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക മേഖലയുടെ എണ്‍പത്‌ ശതമാനവും സര്‍ക്കാറിന്റെ പക്കല്‍ നിലനിര്‍ത്തി ഏഴ്‌ ശതമാനം വളര്‍ച്ചാ നിരക്ക്‌ കൈവരിക്കാന്‍ കഴിഞ്ഞുവെന്നത്‌ നജാദിന്‌ അഭിമാനിക്കാവുന്ന സംഗതിതന്നെയാണ്‌. എങ്കിലും തൊഴിലില്ലായ്‌മയും ദാരിദ്ര്യവും ഇറാനെ വലക്കുന്നുണ്ട്‌. അതിന്റെ തോതില്‍ കാര്യമായ എന്തെങ്കിലും മാറ്റം വരുത്താന്‍ നജാദിന്റെ നാലു വര്‍ഷത്തെ ഭരണത്തിന്‌ കഴിഞ്ഞില്ല. അമേരിക്കയുടെ സമ്മര്‍ദഫലമായി കൂടുതല്‍ ഉപരോധങ്ങള്‍ ഐക്യരാഷ്‌ട്ര സഭ ഏര്‍പ്പെടുത്തിയാല്‍ നില കൂടുതല്‍ വഷളാവുമെന്ന്‌ ഉറപ്പ്‌.


ഇത്തരം വെല്ലുവിളികളൊക്കെ മുന്നില്‍ നില്‍ക്കെയാണ്‌ അഹമ്മദി നജാദിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കാന്‍ ഇറാന്‍ ജനത തീരുമാനിച്ചത്‌. തിരഞ്ഞെടുപ്പില്‍ വലിയ വെല്ലുവിളി നജാദിന്‌ ഉണ്ടാവുകയും ചെയ്‌തിരുന്നു. പരിഷ്‌കരണ വാദികളുടെ പിന്തുണയോടെ നജാദിന്‌ വെല്ലുവിളി ഉയര്‍ത്തിയിരുന്ന മുന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ ഖാതമി മുന്‍ പ്രധാനമന്ത്രി മിര്‍ ഹുസൈന്‍ മൂസാവിക്ക്‌ വേണ്ടി മത്സരരംഗത്തു നിന്ന്‌ മാറിയതോടെ നജാദ്‌ പരാജയപ്പെടാന്‍ പോകുന്നുവെന്ന പ്രതീതി ജനിക്കുകയും ചെയ്‌തു. എന്നാല്‍ ഇറാന്‍ ജനത നജാദിനു മേല്‍ വിശ്വാസമര്‍പ്പിക്കുകയാണ്‌ ചെയ്‌തത്‌. ഇത്‌ അമേരിക്കന്‍വിരുദ്ധ വികാരത്തിന്റെ തണലില്‍ നേടിയ വിജയമായി വിലയിരുത്താനാവില്ല. മറിച്ച്‌ രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ഒരു നേതാവിന്‌ ജനം നല്‍കിയ അംഗീകാരമായി കാണേണ്ടിവരും. 2005ല്‍ അക്‌ബര്‍ ഹാശ്‌മി റഫ്‌സഞ്ചാനിയുമായി ഏറ്റുമുട്ടിയപ്പോള്‍ ആദ്യ റൗണ്ടില്‍ നജാദിന്‌ വിജയം നേടാനായിരുന്നില്ല. രണ്ടാം റൗണ്ടിലാണ്‌ ജനവിധി നജാദിന്‌ അനുകൂലമായത്‌. ഇക്കുറി അതൊന്നും വേണ്ടിവന്നില്ല എന്നത്‌ ജനപിന്തുണയുടെ ആഴം വ്യക്തമാക്കുന്നതാണ്‌. ഈ വിജയം നാലു വര്‍ഷത്തിനിടെ പിന്തുടര്‍ന്ന നയങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ നജാദിന്‌ കരുത്ത്‌ പകരുമെന്ന്‌ ഉറപ്പാണ്‌. ആണവ സ്വയംപര്യാപ്‌തത ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ അദ്ദേഹം സജീവമാക്കാനാണ്‌ സാധ്യത. അതുകൊണ്ടാണ്‌ ഇന്ത്യയില്‍ മന്‍മോഹന്‍ സിംഗും ഇറാനില്‍ നജാദും തിരിച്ചെത്തുമ്പോള്‍ ലോകരാഷ്‌ട്രീയവും നമ്മുടെ ആഭ്യന്തര രാഷ്‌ട്രീയവും പുതിയ വഴിത്തിരിവിലെത്തുമെന്ന്‌ വിലയിരുത്തപ്പെടുന്നത്‌.


ഇറാന്റെ ആണവ പദ്ധതിക്കെതിരെ അന്താരാഷ്‌ട്ര ആണവോര്‍ജ സമിതിയില്‍ അമേരിക്കക്കൊപ്പം വോട്ട്‌ ചെയ്‌തിരുന്നു ഇന്ത്യ. അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യന്‍ നിലപാടുകള്‍ക്ക്‌ ഉണ്ടായിരുന്ന സ്വീകാര്യത പരമാവധി ഉപയോഗിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ്‌ ആണവോര്‍ജ സമിതിയില്‍ ഇറാനെതിരെ വോട്ട്‌ ചെയ്യാന്‍ അമേരിക്ക ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തിയത്‌. ആണവ കരാറിന്‌ പുറമെ ഇന്ത്യയുമായി സമഗ്ര പ്രതിരോധ കരാറില്‍ ഒപ്പുവെക്കാന്‍ അമേരിക്ക ഉദ്ദേശിക്കുന്നുണ്ട്‌. ഇത്‌ പ്രാബല്യത്തിലായാല്‍ അമേരിക്കക്കൊപ്പം നിന്ന്‌ ഇറാനെതിരെ കൂടുതല്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദമുണ്ടാവും. അമേരിക്കന്‍ ഐക്യനാടുകളുടെ ആധിപത്യത്തിനെതിരെ ലാറ്റിനമേരിക്കയില്‍ രൂപപ്പെട്ട കൂട്ടായ്‌മയോട്‌ നല്ല ബന്ധമാണ്‌ നജാദ്‌ പുലര്‍ത്തുന്നത്‌. ഇത്‌ കൂടുതല്‍ ശക്തമാകുന്ന കാഴ്‌ചയാകും ഭാവിയില്‍ കാണുക. സാമ്രാജ്യത്വത്തിനെതിരായ നിലപാടുകള്‍ മാത്രമല്ല ഇറാനെയും ലാറ്റിനമേരിക്കന്‍ ചേരിക്ക്‌ നേതൃത്വം നല്‍കുന്ന വെനിസ്വേലയെയും അടുപ്പിക്കുന്നത്‌. രണ്ടു രാഷ്‌ട്രങ്ങളും എണ്ണ ഉത്‌പാദക രാജ്യങ്ങളാണെന്നതു കൂടിയാണ്‌.


എണ്ണ വിപണി ഡോളറില്‍ നിന്ന്‌ യൂറോയിലേക്ക്‌ മാറ്റണമെന്ന്‌ രണ്ടു വര്‍ഷം മുമ്പ്‌ ഇറാനും വെനിസ്വേലയും ആവശ്യപ്പെട്ടിരുന്നു. ഇത്തരം ആവശ്യങ്ങള്‍ വീണ്ടുമുയര്‍ത്തി സാമ്പത്തികമേഖലയില്‍ കൂടി അമേരിക്കക്കെതിരായ യുദ്ധമുഖം തുറക്കാന്‍ നജാദ്‌ ശ്രമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത്‌ മുന്നില്‍ കാണുന്ന അമേരിക്ക മറുതന്ത്രം മെനയുക; ഇന്ത്യ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിച്ചുകൊണ്ടായിരിക്കും. പുതിയ ചേരികള്‍ കൂടുതല്‍ സ്‌പഷ്‌ടമായി നിര്‍വചിക്കപ്പെടുന്ന തരത്തിലേക്ക്‌ ലോക രാഷ്‌ട്രീയം മാറാനുള്ള സാധ്യതയാണ്‌ ഉടലെടുക്കുന്നത്‌. സമ്പത്തിന്റെ കോയ്‌മക്കപ്പുറത്ത്‌ പരമാധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സ്വയംപര്യാപ്‌തതയുടെയും ആവശ്യകത ഉയര്‍ത്തിക്കാട്ടുന്ന ചേരി ശക്തമാവുന്നതിന്റെ മുന്നോടിയായി വേണം നജാദിന്റെ വലിയ വിജയത്തെ വിലയിരുത്താന്‍.

2009-06-11

മദനിയും മഅ്‌ദനിയും


ഒരു ഭീകരന്‍ കൂടി അറസ്റ്റിലായി. ബീഹാര്‍ സ്വദേശി മുഹമ്മദ്‌ ഉമര്‍ മദനി. ലശ്‌കറെ ത്വയ്യിബ എന്ന, പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേപ്പാളിലെ മേധാവിയാണ്‌ മദനിയെന്നു ഡല്‍ഹി പോലീസും കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരവും പറയുന്നു. ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ നല്‍കിയ രഹസ്യവിവരമനുസരിച്ചു കുത്തബ്‌ മിനാറിനു സമീപത്തുനിന്നാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌. സംഘടനയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു കമ്പ്യൂട്ടര്‍ വിദഗ്‌ധരടക്കം ആളുകളെ റിക്രൂട്ട്‌ ചെയ്യാനാണ്‌ ഇയാള്‍ എത്തിയതെന്നും ജമാഅത്തുദ്ദഅ്‌വ മേധാവി ഹാഫിസ്‌ മുഹമ്മദ്‌ സഈദുമായി മദനിക്ക്‌ അടുത്ത ബന്ധമുണ്ടെന്നും പോലീസ്‌ അവകാശപ്പെടുന്നു. ഇത്‌ ആഭ്യന്തരമന്ത്രിയും പറഞ്ഞിട്ടുണ്ട്‌. ഇക്കാര്യത്തില്‍ പോലീസ്‌ പറയുന്നത്‌ വിശ്വസിക്കുക എന്നതു മാത്രമേ നമുക്ക്‌ മാര്‍ഗമുള്ളൂ. മറ്റു വിവരങ്ങളൊന്നും ഇയാളെക്കുറിച്ച്‌ നമുക്കറിയില്ല. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും ഉമര്‍ മദനിക്കു വേണ്ടി രംഗത്തെത്തിയിട്ടുമില്ല. മുംബൈ ആക്രമണത്തിനുശേഷം രാജ്യത്തു നിലനില്‍ക്കുന്ന സവിശേഷ സാഹചര്യത്തില്‍ മദനിക്കു വേണ്ടി ആരെങ്കിലും രംഗത്തുവരുമെന്നു കരുതാനുമാവില്ല. ഉമര്‍ മദനിയുടെ അറസ്റ്റ്‌ കേരളത്തില്‍ സമീപകാലത്തു നടന്ന ഭീകരവേട്ടയെ വീണ്ടും മുഖ്യധാരയിലെത്തിച്ചിട്ടുണ്ട്‌.


ഡല്‍ഹിയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട്‌ കമ്പ്യൂട്ടര്‍ വിദഗ്‌ധരെ കണ്ടെത്തുക എന്നതായിരുന്നു മദനിയുടെ മുഖ്യ ഉദ്ദേശ്യമെന്നാണ്‌ പോലീസ്‌ പറഞ്ഞത്‌. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ രണ്ട്‌ വീതം പ്രതിനിധികളെ നിയോഗിക്കുക എന്നതും ഇയാളുടെ ഉദ്ദേശ്യമായിരുന്നുവത്രെ. 1996 മുതല്‍ തീവ്രവാദ പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന മദനി, ഭീകരപ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുന്നതിനായി 30ഓളം പേരെ പാക്കിസ്ഥാനിലേക്കു കടത്തിയിട്ടുണ്ടെന്ന്‌ പോലീസ്‌ പറയുന്നു. ഇന്ത്യയില്‍ നിന്നു തിരഞ്ഞെടുക്കുന്ന യുവാക്കളെ നേപ്പാള്‍ വഴിയാണ്‌ പാക്കിസ്ഥാനിലേക്ക്‌ കടത്തിയിരുന്നത്‌. പിന്നീട്‌ മദനിയുടെ പ്രവര്‍ത്തന കേന്ദ്രം നേപ്പാളായി മാറുകയായിരുന്നു. ഇത്രയും കാര്യം പോലീസ്‌ വിശദീകരിച്ചപ്പോഴാണ്‌ മദനി കേരളത്തില്‍ നിന്നു യുവാക്കളെ റിക്രൂട്ട്‌ ചെയ്യാന്‍ ശ്രമിച്ചിരുന്നോ എന്ന ചോദ്യം ഉയര്‍ന്നത്‌. കൊങ്കണ്‍, മലബാര്‍ തീരത്തുനിന്നു യുവാക്കളെ റിക്രൂട്ട്‌ ചെയ്യാന്‍ മദനി ശ്രമിച്ചിരുന്നുവെന്നാണ്‌ പോലീസിന്റെ മറുപടി. എന്നാല്‍ ഇവിടങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നോ എന്ന്‌ വ്യക്തമല്ലെന്നും ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കാശ്‌മീരില്‍ മലയാളി `ഭീകരര്‍' കൊല്ലപ്പെട്ട സംഭവത്തില്‍ മ ദനിക്ക്‌ പങ്കു ണ്ടോ എന്ന്‌ അ ടുത്ത ചോദ്യം. അത്‌ അന്വേഷിക്കുമെന്ന്‌ മറുപടിയും. ഈ ഉത്തരങ്ങള്‍ കേരളത്തിലെ മാധ്യമങ്ങളില്‍ ചിലതിന്റെയെങ്കിലും മുഖ്യ വാര്‍ത്തകളാവുകയും ചെയ്‌തു.


ഭീകരസംഘടനകളുമായി കേരളത്തിനുള്ള നാഭീനാള ബന്ധം സ്ഥാപിച്ച്‌ മലയാളിയുടെ അഭിമാനം കാക്കാനുള്ള മാധ്യമങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ശ്രമം പക്ഷേ, മദനിക്കെതിരെ ഡല്‍ഹി പോലീസ്‌ ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളുടെ യുക്തി ചോദ്യം ചെയ്യുന്നത്‌ കൂടിയായി മാറിയെന്നതാണ്‌ രസകരം. കൊങ്കണ്‍, മലബാര്‍ തീരങ്ങളില്‍ നിന്ന്‌ യുവാക്കളെ ലശ്‌കറിലേക്കു റിക്രൂട്ട്‌ ചെയ്യാന്‍ മദനി ശ്രമിച്ചുവെന്നാണ്‌ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി ഡല്‍ഹി പോലീസ്‌ കമ്മീഷണര്‍ പറഞ്ഞത്‌. അതിനു മുമ്പ്‌ അദ്ദേഹം പറഞ്ഞത്‌ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളില്‍ ലശ്‌കറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു പേരെ വീതം റിക്രൂട്ട്‌ ചെയ്യാന്‍ ഹാഫിസ്‌ സഈദ്‌ നിയോഗിച്ചതാണ്‌ മദനിയെ എന്നും. ഇതിനായി മദനിക്ക്‌ സഈദ്‌ പണം നല്‍കിയിരുന്നുവെന്നും പോലീസ്‌ പറഞ്ഞു. കൊങ്കണ്‍, മലബാര്‍ തീരങ്ങളില്‍നിന്നു യുവാക്കളെ റിക്രൂട്ട്‌ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ മദനിക്ക്‌ ഈ മേഖലകളില്‍ ബന്ധങ്ങളുണ്ടാകണം. അതായത്‌ മദനിയുമായോ ലശ്‌കറുമായോ ബന്ധമുള്ളവര്‍ ഈ മേഖലകളില്‍ ഉണ്ടാകണം. അല്ലാതെ ഒരു ദിവസം രാവിലെ കുളിച്ചെഴുന്നേറ്റ്‌ കൊങ്കണ്‍, മലബാര്‍ തീരങ്ങളില്‍ നിന്നു യുവാക്കളെ ലശ്‌കറിലേക്ക്‌ റിക്രൂട്ട്‌ ചെയ്യാന്‍ കഴിയില്ലല്ലോ. ഇത്തരത്തില്‍ ബന്ധങ്ങളുള്ള ഒരാളാണെങ്കില്‍ പിന്നെ ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്ക്‌ രണ്ടു പേരെ വീതം നിയോഗിക്കേണ്ട കാര്യമെന്താണെന്ന്‌ മനസ്സിലാകുന്നില്ല. കൊങ്കണ്‍, മലബാര്‍ തീരങ്ങളില്‍ ലശ്‌കറിന്റെ ഏജന്റുമാരുള്ള സ്ഥിതിക്ക്‌ ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ ഉണ്ടാകാതിരിക്കില്ലല്ലോ. മുംബൈയും മറ്റും താവളമാക്കി, ഓഹരി വിപണിയില്‍ ഇടപെട്ട്‌ ലശ്‌കര്‍ പോലുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ ധനം സമാഹരിക്കുന്നുവെന്ന്‌ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ എം കെ നാരായണന്‍ വെളിപ്പെടുത്തിയത്‌ രണ്ട്‌ വര്‍ഷം മുമ്പാണ്‌. എന്നിട്ടും മുംബൈയിലും ചെന്നൈയിലും ഏജന്റുമാരെ കണ്ടെത്താന്‍ മദനി എത്തിയെന്ന പോലീസിന്റെ വാദം നാം തൊണ്ടതൊടാതെ വിഴുങ്ങുന്നു. ഒപ്പം കൊങ്കണ്‍, മലബാര്‍ തീരങ്ങളില്‍ നിന്നു യുവാക്കളെ റിക്രൂട്ട്‌ ചെയ്യാന്‍ മദനി ശ്രമിച്ചുവെന്ന പോലീസിന്റെ മറുപടിയും.


നേപ്പാള്‍ കേന്ദ്രീകരിച്ചാണ്‌ മദനി പ്രവര്‍ത്തിച്ചിരുന്നത്‌ എന്നാണ്‌ പോലീസ്‌ പറയുന്നത്‌. ഭീകരപ്രവര്‍ത്തനത്തിന്‌ ഇന്ത്യയില്‍ നിന്ന്‌ റിക്രൂട്ട്‌ ചെയ്യുന്ന യുവാക്കളെ നേപ്പാളിലൂടെ പാക്കിസ്ഥാനിലേക്ക്‌ എത്തിക്കുകയായിരുന്നു പതിവെന്നും പറയുന്നു. എങ്കി ലും കാശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളി ഭീകരരുമായി മദനിക്ക്‌ ബന്ധമുണ്ടോ എന്നത്‌ അന്വേഷിക്കാന്‍ പോലീസ്‌ തയ്യാറാണ്‌. നേപ്പാളിലൂടെ ആളുകളെ കടത്താന്‍ നിയോഗിക്കപ്പെടുകയും ആ പ്രവൃത്തി ചെയ്യുകയും ചെയ്യുന്നുവെന്ന്‌ പോലീസ്‌ ആരോപിക്കുന്ന മദനി എങ്ങനെയാണ്‌ കാശ്‌മീരില്‍ കൊല്ലപ്പെട്ട മലയാളികളുമായി ബന്ധപ്പെടുക എന്ന്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പക്ഷേ, ഭീകരസംഘടനയുമായി മലയാളികള്‍ക്കുള്ള ബന്ധം സ്ഥാപിച്ചെടുത്ത്‌ അഭിമാനം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം യുക്തികള്‍ പ്രസക്തമാവില്ല തന്നെ.


1996 മുതല്‍ ഭീകരവാദ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മദനി ഇതുവരെ 30ഓളം പേരെയാണ്‌ പാക്കിസ്ഥാനിലേക്ക്‌ ഭീകരപ്രവര്‍ത്തന പരിശീലനത്തിന്‌ കൊണ്ടുപോയതെന്ന്‌ ഡല്‍ഹി പോലീസ്‌ പറയുന്നു. കാശ്‌മീരില്‍ നാല്‌ മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ കേരള പോലീസ്‌ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുമായി തട്ടിച്ചുനോക്കുമ്പോള്‍ മദനി നിസ്സാരക്കാരനാണെന്ന്‌ കരുതേണ്ടിവരും. കണ്ണൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഏതാനും പേര്‍ ചേര്‍ന്ന്‌ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട്‌ മുന്നൂറു പേരെയാണ്‌ ഭീകരപ്രവര്‍ത്തനത്തിന്‌ റിക്രൂട്ട്‌ ചെയ്‌തത്‌ എന്നാണ്‌ പോലീസ്‌ ഉദ്യോഗസ്ഥരില്‍ നിന്ന്‌ ലഭിച്ച വിവരമനുസരിച്ച്‌ മലയാളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അത്രത്തോളം മികവ്‌ മദനിക്ക്‌ കാഴ്‌ചവെക്കാനായിട്ടില്ല.
പതിമൂന്നു വര്‍ഷം ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കുകയും ലശ്‌കറെ ത്വയ്യിബയുടെ നേപ്പാള്‍ മേധാവിയാവുകയും ചെയ്‌ത മദനിക്ക്‌ മുപ്പതു പേരെ മാത്രമേ റിക്രൂട്ട്‌ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ എങ്കില്‍ കേരളത്തില്‍ നിന്ന്‌ 300 പേരെ റിക്രൂട്ട്‌ ചെയ്‌തുവെന്ന റിപ്പോര്‍ട്ടുകളുടെ ഗൗരവം വര്‍ധിക്കുന്നുണ്ട്‌. ഇത്‌ യഥാര്‍ഥ്യമാണോ എന്ന്‌ അറിയാനുള്ള അവകാശം മലയാളികള്‍ക്കുണ്ട്‌. ഈ റിക്രൂട്ട്‌മെന്റ്‌ സംബന്ധിച്ച്‌ യാതൊരു വിവരവും പിന്നീട്‌ പുറത്തുവന്നിട്ടില്ല. കാണാതായ യുവാക്കളെക്കുറിച്ചുള്ള പരാതികളെങ്കിലും ഹാജരാക്കാന്‍ പോലീസിന്‌ കഴിയേണ്ടതുണ്ട്‌. അല്ലെങ്കില്‍ ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതിനെക്കുറിച്ച്‌ അന്വേഷണം ആവശ്യമാണ്‌. എവിടെ നിന്നാണ്‌ ഇത്തരം അഭ്യൂഹങ്ങള്‍ ഉയര്‍ന്നതെന്ന്‌ അറിയണം. അത്‌ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്ന മാധ്യമങ്ങളുടെ/മാധ്യമ പ്രവര്‍ത്തകരുടെ ഉദ്ദേശ്യവും ചോദ്യം ചെയ്യപ്പെടണം.


ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ പി ഡി പി നേതാവ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനി, ഭാര്യ സൂഫിയാ മഅ്‌ദനി എന്നിവരുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ കണ്ണൂരെ `ഭീകര സാന്നിധ്യം' വീണ്ടും സജീവമാക്കിയിരുന്നു. തമിഴ്‌നാട്‌ സര്‍ക്കാറിന്റെ ബസ്‌ കത്തിച്ച `ഭീകരരു'മായി സൂഫിയാ മഅ്‌ദനി ഫോണില്‍ സംസാരിച്ചതിന്റെ `തെളിവു'കള്‍ മാധ്യമങ്ങളില്‍ നിരന്ന കാലമായിരുന്നു അത്‌. ഭീകരസംഘടനകള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കാന്‍ പ്രവര്‍ത്തിച്ചതിന്‌ മലയാളിയായ സര്‍ഫറാസ്‌ നവാസിനെ അടുത്തിടെ ഒമാന്‍ ഇന്ത്യക്ക്‌ കൈമാറിയിരുന്നു. സര്‍ഫറാസ്‌ നവാസുമായി അബ്‌ദുന്നാസര്‍ മഅ്‌ദനിക്ക്‌ ബന്ധമുണ്ടെന്ന ആരോപണവും മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. കൊല്ലത്തെ സ്ഥാപനത്തില്‍ വെച്ച്‌ മഅ്‌ദനിയെ കണ്ടിട്ടുണ്ടെന്നു സര്‍ഫറാസ്‌ മൊഴി നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന്‌ ആധികാരികത നല്‍കാന്‍ സര്‍ഫറാസ്‌ നവാസിന്റെ മൊഴിയുടെ പകര്‍പ്പും മാധ്യമങ്ങള്‍ നല്‍കിയിരുന്നു. ഭീകരപ്രവര്‍ത്തനത്തിനുള്ള ആദ്യപടിയെന്ന നിലക്ക്‌ ഹൈദരാബാദിലെ കേന്ദ്രത്തിലേക്ക്‌ റിക്രൂട്ട്‌ ചെയ്യപ്പെട്ട യുവാവിനെക്കുറിച്ചും കഥകളുണ്ടായി. ഈ യുവാവിനെ പിന്നീട്‌ മഅ്‌ദനി വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കിയിരുന്നു. പി ഡി പിക്കാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാവാം, മഅ്‌ദനിയെക്കുറിച്ചു നല്ല വാക്കുകളാണ്‌ വാര്‍ത്താസമ്മേളനത്തില്‍ യുവാവ്‌ പറഞ്ഞത്‌.


എന്തായാലും സംശയത്തിന്റെ അന്തരീക്ഷം നീങ്ങിയിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുന്ന നടപടികളാണ്‌ ഉണ്ടാകേണ്ടത്‌. ഡല്‍ഹിയില്‍ അറസ്റ്റിലായ മദനി ഭീകരപ്രവര്‍ത്തനത്തിന്‌ മലയാളികളെ റിക്രൂട്ട്‌ ചെയ്യാന്‍ ശ്രമിച്ചുവെന്ന്‌ പോലീസ്‌ പറയുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. അല്ലെങ്കില്‍ കണ്ണൂരിലെ ഭീകരവേട്ടയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന സംശയത്തിന്റെ അന്തരീക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിലേതുപോലെ മറ്റൊരു ഘട്ടത്തില്‍ ഫലപ്രദമായി വിനിയോഗിക്കുന്നത്‌ കാണേണ്ടിവരും.
ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നത്‌ വസ്‌തുതയാണ്‌. പക്ഷേ, ഭീകരരെന്ന പേരില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയോ `ഏറ്റുമുട്ടലി'ല്‍ കൊലപ്പെടുത്തുകയോ ചെയ്യുന്ന സംഭവങ്ങളില്‍ ദുരൂഹതകള്‍ ശേഷിക്കുന്നുവെന്നത്‌ വസ്‌തുതയാണ്‌. ജമ്മു കാശ്‌മീരിലെ മലയാളികളുടെ മരണം, ഡല്‍ഹിയിലെ ബട്‌ല ഹൗസിലെ ഏറ്റുമുട്ടല്‍ തുടങ്ങി കണ്ണൂരിലെ സംഭവങ്ങളില്‍ വരെ അത്‌ നിലനില്‍ക്കുകയാണ്‌. ഇപ്പോള്‍ മദനിയുടെ അറസ്റ്റില്‍ പോലും സംശയങ്ങള്‍ ശേഷിക്കുന്നു. ഭീകരതയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം തീര്‍ത്തും രഹസ്യമാക്കിവെക്കാന്‍ പോലീസും മറ്റ്‌ ഏജന്‍സികളും ശ്രമിക്കാറുണ്ട്‌. അന്വേഷണത്തിന്റെ പുരോഗതിക്ക്‌ അത്‌ അനിവാര്യമാണെന്ന്‌ സമ്മതിക്കാം. പക്ഷേ, അഭ്യൂഹങ്ങളും ആശങ്കകളും ഊതിപ്പെരുപ്പിക്കപ്പെടുമ്പോഴെങ്കിലും വസ്‌തുതകള്‍ പുറത്തുപറയേണ്ട ബാധ്യത പോലീസിനും ഭരണകൂടത്തിനുമുണ്ട്‌. അത്‌ ഒരിക്കലും പാലിക്കപ്പെടാറില്ല എന്നതാണ്‌ വസ്‌തുത. അതുകൊണ്ടാണ്‌ ഭീകരതയുടെ പേരില്‍ പോലീസ്‌ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും സംശയത്തോടെ വീക്ഷിക്കേണ്ടിവരുന്നത്‌. പോലീസ്‌ ഉദ്യോഗസ്ഥര്‍ നല്‍കുന്ന പൊട്ടും പൊടിയും തട്ടിക്കൂട്ടി വമ്പന്‍ അഭ്യൂഹങ്ങള്‍ ഉയര്‍ത്തിവിടുന്ന മാധ്യമങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യേണ്ടിവരുന്നതും.

2009-06-09

വാറഴിക്കാന്‍ യോഗ്യനാര്‌?


ആണവ കരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെ
ത്തുടര്‍ന്ന്‌ കഴിഞ്ഞ യു പി എ സര്‍ക്കാര്‍ വിശ്വാസ വോട്ട്‌ തേടുന്നു. ഡോ. മന്‍മോഹന്‍ സിംഗ്‌ അവതരിപ്പിച്ച വിശ്വാസ പ്രമേയം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഏവരും കാത്തിരുന്നത്‌ കോണ്‍ഗ്രസ്സിന്റെ പരമാധികാരിയായി വൈകാതെ എത്തുമെന്ന്‌ പ്രതീക്ഷിക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗമായിരുന്നു. വാഗ്‌വിലാസത്തിന്റെ മൂര്‍ത്തരൂപങ്ങള്‍ നിരവധിയുണ്ടായിരുന്ന സഭയില്‍ സ്‌ത്രൈണത വിട്ടുമാറാത്ത ശബ്‌ദത്തില്‍, സാധാരണക്കാരായ ഇന്ത്യക്കാര്‍ എന്നും അസൂയയോടെ കാണുന്ന ഉച്ചാരണശുദ്ധിയുള്ള ആംഗലേയത്തിലായിരുന്നു യുവ നേതാവിന്റെ പ്രസംഗം. രാഷ്‌ട്രീയ നേതാക്കളില്‍ നിന്ന്‌ പ്രതീക്ഷിക്കുന്ന ചടുലതയൊന്നും പ്രസംഗത്തിനുണ്ടായിരുന്നില്ല. ഊര്‍ജ മേഖലയില്‍ രാജ്യം നേരിടുന്ന പ്രതിസന്ധി വിവരിക്കാന്‍ ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ താന്‍ കണ്ട കലാവതി എന്ന സ്‌ത്രീയുടെ കഥ വിവരിക്കുകയാണ്‌ രാഹുല്‍ ചെയ്‌തത്‌. പ്രതിപക്ഷ ബഹളത്തിനിടെ കഥയുടെ തുടക്കം പല തവണ ആവര്‍ത്തിക്കേണ്ടി വന്നു. കലാവതി എന്ന പാവപ്പെട്ട സ്‌ത്രീ കുടുംബം പോറ്റാന്‍ കൂലിപ്പണി ചെയ്‌ത ശേഷം വീട്ടിലെ അടുപ്പില്‍ തീ കൂട്ടാന്‍ വിറക്‌ ശേഖരിക്കാന്‍ കഷ്‌ടപ്പെടുന്ന കഥ. ഈ അവസ്ഥ പരിഹരിക്കപ്പെടണമെങ്കില്‍ ഊര്‍ജ മേഖലയില്‍ രാജ്യം സ്വയം പര്യാപ്‌തത കൈവരിക്കേണ്ടതുണ്ട്‌. വൈദ്യുതോത്‌പാദനത്തിന്‌ കൂടുതല്‍ ആണവ പദ്ധതികളുണ്ടായാല്‍ മറ്റു ഇന്ധനാവശ്യങ്ങള്‍ നിറവേറ്റാന്‍ രാജ്യത്തിന്‌ പ്രയാസമുണ്ടാവില്ല. അതുകൊണ്ട്‌ ആണവ കരാര്‍ അത്യന്താപേക്ഷിതമാവുന്നുവെന്നായിരുന്നു രാഹുലിന്റെ പ്രസംഗത്തിന്റെ സാരം.


ഊര്‍ജ മേഖലയിലെ ആവശ്യം ഉയര്‍ത്തിക്കാട്ടാന്‍ പറഞ്ഞ കഥയാണെങ്കിലും രാജ്യത്തെ സ്‌ത്രീകള്‍ നേരിടുന്ന ദുരിതവും ഗ്രാമീണ മേഖലയിലെ ജനത അനുഭവിക്കുന്ന കഷ്‌ടപ്പാടും രാഹുലിന്റെ പ്രസംഗത്തിലുണ്ടായിരുന്നു. പാര്‍ലിമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്‌ത്‌ പുതിയ സര്‍ക്കാറിന്റെ നയം രാഷ്‌ട്രപതി പ്രഖ്യാപിച്ചപ്പോള്‍ രാഹുല്‍ പറഞ്ഞ കഥയും ഡോ. മന്‍മോഹന്‍ സിംഗിന്റെയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെയും ലക്ഷ്യവും തമ്മില്‍ ബന്ധമുണ്ടെന്ന്‌ വ്യക്തമാവുകയാണ്‌. ഊര്‍ജ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുകയോ ഗ്രാമീണ ജനതയുടെ ജീവിത ദുരിതം പരിഹരിക്കുകയോ അല്ല അത്‌. മറിച്ച്‌ അഞ്ചു വര്‍ഷത്തിനപ്പുറം കോണ്‍ഗ്രസിന്‌ ഒറ്റക്ക്‌ അധികാരത്തിലെത്താനുള്ള വഴി സുഗമമാക്കുക എന്നതാണ്‌, ഒപ്പം രാഹുലിന്‌ പ്രധാനമന്ത്രി പദത്തിലേക്ക്‌ വീഥിയൊരുക്കുക എന്നതും. ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകള്‍ക്കിടയിലും സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരാനാണ്‌ കഴിഞ്ഞ യു പി എ സര്‍ക്കാര്‍ ശ്രമിച്ചത്‌. ഇക്കുറി ഇടതുപക്ഷത്തിന്റെ നിയന്ത്രണങ്ങളില്ലാതെ അധികാരത്തിലെത്തിയിട്ടും സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഉപേക്ഷിക്കാതെയാണെങ്കില്‍ കൂടി, സാമുഹിക - സേവന മേഖലകളില്‍ ശ്രദ്ധ പതിപ്പിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കാനാണ്‌ മന്‍മോഹന്‍ സര്‍ക്കാര്‍ ശ്രമിച്ചിരിക്കുന്നത്‌. ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ഫലം നല്‍കിയ പാഠം തന്നെയാണ്‌ ഇതിന്റെ കാതല്‍.


കര്‍ഷകരുടെ കടം എഴുതിത്തള്ളാനുള്ള തീരുമാനം, ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുംബങ്ങളിലെ ഒരാള്‍ക്ക്‌ വര്‍ഷത്തില്‍ നൂറു ദിവസം തൊഴില്‍ ഉറപ്പാക്കാന്‍ ആവിഷ്‌കരിച്ച പദ്ധതി, ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക്‌ വീട്‌ വെച്ചു കൊടുക്കാനുള്ള ഇന്ദിരാ ആവാസ്‌ യോജന തുടങ്ങിയവയാണ്‌ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പ്രതീക്ഷിക്കാത്ത വിജയം പാര്‍ട്ടിക്ക്‌ നേടിക്കൊടുത്തത്‌ എന്ന്‌ നേതൃത്വം വിശ്വസിക്കുന്നു. പ്രചാരണ രംഗത്ത്‌ ആണവ കരാറും അമേരിക്കയുമായി ഇന്ത്യയുണ്ടാക്കുന്ന ബന്ധവും സജീവ ചര്‍ച്ചാവിഷയമാകുമെന്നാണ്‌ തിരഞ്ഞെടുപ്പ്‌ അടുക്കുന്ന ഘട്ടത്തില്‍ പ്രതീക്ഷിച്ചിരുന്നത്‌. പക്ഷേ, ഈ വിഷയങ്ങള്‍ ഉന്നയിച്ചത്‌ ഇടതുപക്ഷം മാത്രമായിരുന്നു. കോണ്‍ഗ്രസ്‌ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കാതെ തൊഴിലുറപ്പ്‌ പദ്ധതിയെക്കുറിച്ചും ഗ്രാമീണ വികസനത്തിന്‌ യു പി എ നല്‍കാന്‍ ഉദ്ദേശിക്കുന്ന ഊന്നലിനെക്കുറിച്ചും സംസാരിച്ചു. രാജ്യത്താകെ പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളിലെല്ലാം ഈ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്‌തിരുന്നു. പുതിയ മന്ത്രിസഭ രൂപവത്‌കരിച്ചപ്പോള്‍ ഗ്രാമവികസന വകുപ്പിന്റെ ചുമതല രാഹുലിന്റെ സ്വന്തം ആളുകളായി അറിയപ്പെടുന്ന രാജസ്ഥാനില്‍ നിന്നുള്ള സി പി ജോഷിക്കും (കാബിനറ്റ്‌ പദവി) ഉത്തര്‍പ്രദേശില്‍ നിന്നുള്ള ജിതിന്‍ പ്രസാദക്കും (സഹമന്ത്രി) നല്‍കിയത്‌ ശ്രദ്ധിക്കുക.

തൊഴിലുറപ്പ്‌, ഇന്ദിരാ ആവാസ്‌ യോജന തുടങ്ങിയ പദ്ധതികള്‍ക്ക്‌ കൂടുതല്‍ പ്രചാരം നല്‍കുകയും അതില്‍ രാഹുല്‍ ഗാന്ധിക്കുള്ള പങ്ക്‌ ജനശ്രദ്ധയില്‍ കൊണ്ടുവരികയുമാണ്‌ കോണ്‍ഗ്രസ്‌ ആവിഷ്‌കരിച്ചിരിക്കുന്ന തന്ത്രം. ധനകാര്യമന്ത്രി സ്ഥാനത്തേക്ക്‌ പ്രണാബ്‌ മുഖര്‍ജിയെ നിയോഗിച്ചതും ശ്രദ്ധേയമാണ്‌. മന്‍മോഹന്‍ സിംഗ്‌ പ്രധാനമന്ത്രിയും പി ചിദംബരം ധനമന്ത്രിയുമായിരുന്നാല്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ വേഗം കൂട്ടുന്നതിനാവും മുന്‍തൂക്കം എന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ അറിയാം. രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അല്‍പ്പകാലം അകന്നുനിന്നതൊഴിച്ചാല്‍ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്‌തനാണ്‌ പ്രണാബ്‌ . അദ്ദേഹത്തിന്‌ ധന വകുപ്പിന്റെ ചുമതല നല്‍കിയതിലൂടെ രാഹുല്‍ ഗാന്ധിയുടെ അജന്‍ഡകള്‍ക്ക്‌ പ്രാമുഖ്യം നല്‍കാന്‍ അവസരമൊരുക്കിയിരിക്കുകയാണ്‌ ഹൈക്കമാന്‍ഡ്‌.


കലാവതിയുടെ കഥയില്‍ നിന്ന്‌ വനിതാ സ്‌പീക്കറിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ വനിതാ സംവരണം അമ്പത്‌ ശതമാനമാക്കാനും പാര്‍ലിമെന്റിലും നിയമസഭകളിലും സ്‌ത്രീകള്‍ക്ക്‌ 33 ശതമാനം സംവരണം കൊണ്ടുവരാനുമുള്ള നിര്‍ദേശങ്ങളിലേക്കുമെത്തുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാണ്‌. കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന വാഗ്‌ദാനവും നയപ്രഖ്യാപന പ്രസംഗത്തില്‍ നല്‍കുന്നുണ്ട്‌. രാജ്യത്തെ ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്‌ത്രീകളുടെ വോട്ട്‌ നിര്‍ണായകമാണെന്ന രാഹുലിന്റെ തിരിച്ചറിവിന്റെ ഫലം കൂടിയാണ്‌ ഈ പ്രഖ്യാപനങ്ങള്‍. വനിതാ സംവരണ ബില്‍ പാസ്സാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിനു പിന്നില്‍ രാഷ്‌ട്രീയലക്ഷ്യങ്ങളുണ്ടെന്ന ജനതാദള്‍ യുനൈറ്റഡ്‌ നേതാവ്‌ ശരദ്‌ യാദവിന്റെ ആരോപണം യാഥാര്‍ഥ്യത്തോട്‌ ചേര്‍ന്നുനില്‍ക്കുന്നതാണ്‌. സ്‌ത്രീ സംവരണത്തിനുള്ളില്‍ ദളിതുകള്‍ക്കും പിന്നാക്കക്കാര്‍ക്കും പ്രത്യേകം സംവരണം വേണമെന്ന നിലപാടാണ്‌ ശരദ്‌ യാദവ്‌ മുന്നോട്ടുവെക്കുന്നത്‌. ഇപ്പോഴുള്ള വനിതാ നേതാക്കളുടെ പട്ടിക നോക്കിയാല്‍ ഈ ആവശ്യത്തിന്റെ പ്രസക്തി ബോധ്യമാകും.


സമ്പത്തിന്റെയോ പാരമ്പര്യത്തിന്റെയോ സിനിമ, ടെലിവിഷന്‍ തുടങ്ങിയവയിലൂടെ ലഭിച്ച പ്രശസ്‌തിയുടെയോ പിന്‍ബലമുള്ളവര്‍ മാത്രമാണ്‌ അധികാരത്തിലും നേതൃത്വത്തിലുമുള്ള സ്‌ത്രീകള്‍. ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയായ ദളിത്‌ നേതാവ്‌ മായാവതി പോലും കാന്‍ഷി റാം എന്ന നേതാവിന്റെ പിന്തുണകൊണ്ടുമാത്രം മുന്‍നിരയിലെത്തിയതാണ്‌. വിദ്യാസമ്പന്നരും സംസ്‌കാരചിത്തരെന്ന്‌ അവകാശപ്പെടുന്നവരുമായ ആളുകള്‍ തെരുവിലൂടെ നഗ്നയാക്കി ഓടിച്ച അസമിലെ ആദിവാസി യുവതി ലക്ഷ്‌മി ഒറോണിനെപ്പോലുള്ളവര്‍ക്ക്‌ പാര്‍ലിമെന്റിന്റെയോ നിയമസഭകളുടെയോ അകത്തളത്തിലേക്ക്‌ പുതിയ നിയമം വഴിയൊരുക്കുമെന്ന്‌ പ്രതീക്ഷിക്കാന്‍ വയ്യ. വനിതാ സംവരണത്തിനായി ഘോരഘോരം പ്രസംഗിച്ചുവരുന്ന ഇടതുപാര്‍ട്ടികള്‍ പോലും ഈ വിഭാഗത്തില്‍പ്പെടുന്ന ഒരു വനിതക്ക്‌ വിജയം ഉറപ്പായ സീറ്റ്‌ നല്‍കാന്‍ തയ്യാറായ ചരിത്രം ഇല്ലതന്നെ - രാഷ്‌ട്രീയത്തില്‍ മുന്‍പരിചയമില്ലാത്ത അത്‌ലറ്റ്‌ ജ്യോതിര്‍മയി സിക്‌ദര്‍ക്ക്‌ സീറ്റ്‌ അനുവദിച്ചപ്പോള്‍ പോലും.


തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണത്തോത്‌ അമ്പത്‌ ശതമാനമാക്കി ഉയര്‍ത്തുന്നത്‌ ഗ്രാമങ്ങളിലെയും അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങളിലെയും സ്‌ത്രീകളുടെ സാമൂഹിക അന്തസ്സില്‍ മാറ്റമുണ്ടാക്കിയേക്കും. പാര്‍ലിമെന്റിലെയും നിയമസഭയിലെയും സംവരണം മധ്യ, ഉപരിവര്‍ഗ സമൂഹങ്ങളിലെ വനിതകളെ ഉദ്ദേശിച്ചുള്ളതാണ്‌. അതാണ്‌ കോണ്‍ഗ്രസ്‌ ലക്ഷ്യമിടുന്നതും. അഞ്ച്‌ വര്‍ഷത്തിനപ്പുറം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ ഒറ്റക്ക്‌ അധികാരത്തിലെത്താന്‍ പാകത്തിലുള്ള അന്തരീക്ഷം സംജാതമാക്കുന്നതിനുള്ള ശ്രമം ആദ്യത്തെ നയപ്രഖ്യാപനത്തില്‍ തന്നെ തുടങ്ങിയിരിക്കുന്നു. വൈകാതെ രാഹുല്‍ ഗാന്ധിക്ക്‌ കൂടുതല്‍ പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും ആരംഭിക്കും. രാജീവിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാന്‍ ഒരു കൈ സഹായിക്കൂ എന്നതായിരുന്നു ഒരു കാലത്ത്‌ കോണ്‍ഗ്രസിന്റെ പ്രധാന മുദ്രാവാക്യം. സാമനമായ മുദ്രാവാക്യങ്ങള്‍ വൈകാതെ പ്രതീക്ഷിക്കാം.


സാമൂഹികക്ഷേമ, ഗ്രാമവികസന പദ്ധതികള്‍ക്ക്‌ പ്രാമുഖ്യം നല്‍കുമ്പോള്‍ തന്നെ സാമ്പത്തിക പരിഷ്‌കരണത്തിന്റെയും ഉദാരവത്‌കരണത്തിന്റെയും മുഖം നിലനിര്‍ത്തുന്നുമുണ്ട്‌. തൊഴിലുറപ്പ്‌ പോലുള്ള പദ്ധതികള്‍ക്ക്‌ പണം കണ്ടെത്തുന്നത്‌ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചുകൊണ്ടായിരിക്കുമെന്ന്‌ ഉറപ്പ്‌. 51 ശതമാനം ഓഹരി നിലനിര്‍ത്തി, സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ തുടരുന്നുവെന്ന്‌ ഉറപ്പാക്കി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുമെന്ന്‌ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. വലിയ ലാഭമുണ്ടാക്കുന്നതുള്‍പ്പെടെ രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരി വില്‍ക്കുമെന്നാണ്‌ ഈ പ്രഖ്യാപനത്തിന്റെ അര്‍ഥം. 51 ശതമാനം ഓഹരി സര്‍ക്കാറിന്റെ പക്കല്‍ നിലനിര്‍ത്തുമെന്ന ഇപ്പോഴത്തെ പ്രസ്‌താവന അടുത്ത നയപ്രഖ്യാപനത്തില്‍ തിരുത്താവുന്നതേയുള്ളൂ. വികസന പദ്ധതികള്‍ക്ക്‌ കൂടുതല്‍ പണം കണ്ടെത്താന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂടുതല്‍ ഓഹരി വിറ്റഴിക്കുമെന്ന്‌ പ്രഖ്യാപിക്കാന്‍ വലിയ താമസമുണ്ടാവില്ല.

തൊഴിലുറപ്പ്‌ പോലെ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള പദ്ധതികളുടെ കാര്യത്തില്‍ വാചാലമാകുമ്പോഴും കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ക്രിയാത്മകമായ ചുവടുകളൊന്നും രാഷ്‌ട്രപതിയുടെ പ്രസംഗത്തിലില്ല. വികസിത രാജ്യങ്ങള്‍ക്ക്‌ കാര്‍ഷിക വിപണി തുറന്നുനല്‍കിയതും അവരെ സഹായിക്കാന്‍ ഇറക്കുമതിച്ചുങ്കം കുറച്ചുനിര്‍ത്തുന്നതുമാണ്‌ ഈ മേഖലയിലെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. ഈ നയത്തില്‍ മാറ്റം വരുത്തുമെന്ന സൂചനയൊന്നും രാഷ്‌ട്രപതിയുടെ പ്രസംഗത്തിലില്ല. മറിച്ച്‌ വിവിധ സബ്‌സിഡികള്‍ അര്‍ഹരായവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുമെന്ന വ്യക്തമായ പ്രഖ്യാപനമുണ്ട്‌. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സബ്‌സിഡികള്‍ വെട്ടിക്കുറക്കണമെന്ന വികസിത രാജ്യങ്ങളുടെ ആവശ്യം ഇന്ത്യയും ബ്രസീലും അടക്കമുള്ള രാജ്യങ്ങള്‍ അംഗീകരിക്കാത്തതുകൊണ്ടാണ്‌ ലോക വ്യാപാര സംഘടനയുടെ ദോഹവട്ട ചര്‍ച്ചകളുടെ തീരുമാനങ്ങള്‍ ഒരു ദശകത്തോളമായി നടപ്പാക്കാന്‍ കഴിയാതെ തുടരുന്നത്‌. പുതിയ സാഹചര്യത്തില്‍ ഈ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്‌ ഇന്ത്യയുമായി ചര്‍ച്ച നടത്തുമെന്ന്‌ ലോക വ്യാപാര സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്‌. സബ്‌സിഡികള്‍ വെട്ടിക്കുറക്കാനുള്ള വികസിത രാജ്യങ്ങളുടെ ആവശ്യത്തെ കഴിഞ്ഞ സര്‍ക്കാറില്‍ വാണിജ്യ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കമല്‍നാഥ്‌ ശക്തമായി എതിര്‍ത്തിരുന്നു. ഇക്കുറി വകുപ്പുകള്‍ വിഭജിച്ചപ്പോള്‍ കമല്‍നാഥിനെ വാണിജ്യത്തില്‍ നിന്ന്‌ മാറ്റാന്‍ മന്‍മോഹന്‍ ശ്രദ്ധിക്കുകയും ചെയ്‌തു.


ഇന്‍ഷ്വറന്‍സ്‌ മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി വര്‍ധിപ്പിക്കുമെന്നും ബേങ്കിംഗ്‌ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന്‌ വ്യക്തമാവുന്നുണ്ട്‌. ആഗോള തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ ബേങ്കുകളെ എന്തുകൊണ്ട്‌ ബാധിച്ചില്ല എന്ന ചോദ്യത്തിന്‌ ഉത്തരമായി ലഭിച്ചത്‌ അവയുടെ പൊതുമേഖലാ സ്വഭാവമെന്നതായിരുന്നു. അമേരിക്കയിലും മറ്റും തകര്‍ന്ന ബേങ്കുകളെ ദേശസാത്‌കരിക്കുന്ന കാലത്താണ്‌ ബേങ്കിംഗ്‌ മേഖലയില്‍ നേരിട്ട്‌ വിദേശ നിക്ഷേപം അനുവദിക്കുമെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്‌. സാമുഹിക ക്ഷേമ, ഗ്രാമവികസന മേഖലയില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടുന്നതിന്‌ ഈ സ്ഥാപനങ്ങളെ പ്രാപ്‌തരാക്കുന്നതിനാണ്‌ നേരിട്ടുള്ള വിദേശ നിക്ഷേപമെന്ന വിശദീകരണവുമുണ്ട്‌. അമേരിക്കയുമായുള്ള സൗഹൃദം കൂടുതല്‍ ശക്തമാക്കുമെന്ന പൊതുപ്രസ്‌താവന അര്‍ഹിക്കുന്ന ഗൗരവത്തോടെ വായിക്കപ്പെട്ടിട്ടില്ല. ഏതെല്ലാം മേഖലകളിലാണ്‌ ബന്ധം ശക്തമാക്കുന്നത്‌ എന്ന്‌ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല. അമേരിക്ക ആഗ്രഹിക്കുന്ന മേഖലകളിലെല്ലാം ബന്ധം ശക്തമാവുമെന്ന്‌ അര്‍ഥമാക്കേണ്ടിവരും.


ചുരുക്കത്തില്‍ രണ്ടാം വരവില്‍ മന്‍മോഹനുള്ളത്‌ സ്‌നാപക യോഹന്നാന്റെ റോളാണ്‌. വരാനിരിക്കുന്ന പുതിയ നേതാവിന്‌ പൂ വിരിച്ച പാതയൊരുക്കുകയാണ്‌ ദൗത്യങ്ങളിലൊന്ന്‌. ഇന്ത്യന്‍ വിപണിയെയും കാര്‍ഷിക, പ്രതിരോധ മേഖലകളെയും ഉന്നമിടുന്ന അമേരിക്കക്കും സഖ്യശക്തികള്‍ക്കും മുന്നില്‍ വാതില്‍ കൂടുതല്‍ തുറന്നിടുക എന്നതാണ്‌ രണ്ടാം ദൗത്യം. ആദ്യത്തെ ലക്ഷ്യം കൈവരിക്കുന്നതിന്‌ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ രണ്ടാമത്തെ ലക്ഷ്യത്തിന്‌ ഹാനികരമാവാതെ നോക്കുക എന്നതാണ്‌ ഏറ്റവും പ്രധാനം. ഇത്‌ ഭംഗിയായി നിറവേറ്റിയാല്‍ സ്‌നാപകന്റെ ജോലി കഴിഞ്ഞു. അതിന്‌ അഞ്ചുവര്‍ഷം കാത്തിരിക്കേണ്ടിവരുമോ എന്നതില്‍ മാത്രമാണ്‌ കൗതുകം. ആര്‌ ആരുടെ ചെരുപ്പിന്റെ വാറഴിക്കാനാണ്‌ യോഗ്യന്‍ എന്നതിലും.

2009-06-04

വി എസ്‌: വിഗ്രഹത്തിന്റെ മറുപുറം


നിലപാടുകളില്‍ വിട്ടുവീഴ്‌ചചെയ്യാത്ത നേതാവ്‌, ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളി, സി പി എം നേതൃത്വം പണാധിപത്യത്തിന്‌ വഴിപ്പെടുമ്പോള്‍ തടശില പോലെ നില്‍ക്കുന്നയാള്‍, പാര്‍ട്ടിയും ഇടതുമുന്നണിയും തിരഞ്ഞെടുപ്പില്‍ വന്‍തോല്‍വി ഏറ്റുവാങ്ങുമ്പോഴും ജനപ്രീതിയില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി - വി എസ്‌ അച്യുതാനന്ദന്‌ പൊതുവിലുള്ള വിശേഷണങ്ങളില്‍ ചിലത്‌ ഇതൊക്കെയാണ്‌. അറുപതാണ്ടിലധികം കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനും നേതാവുമായി ഇരുന്ന ഒരാള്‍ക്ക്‌ പൊതുവില്‍ ലഭിക്കുന്നതാണ്‌ ഈ വിശേഷണങ്ങള്‍. പക്ഷേ, വി എസ്‌ അച്യുതാനന്ദന്റെ കാര്യം അപവാദമാണ്‌. 


സി പി എമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഇടതുമുന്നണിയുടെ കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന കാലത്തൊക്കെ കര്‍ക്കശക്കാരനും വരട്ടുതത്വവാദിയുമായാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്‌. നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട്‌ സമരമാരംഭിച്ചപ്പോള്‍ അദ്ദേഹം `വെട്ടിനിരത്തല്‍ പ്രസ്ഥാന'ത്തിന്റെ നേതാവായി ചിത്രീകരിക്കപ്പെട്ടു. സംസ്ഥാന നിയമസഭയില്‍ ഏറെക്കാലം വഹിച്ച പ്രതിപക്ഷനേതൃസ്ഥാനമാണ്‌ ആദ്യം വിവരിച്ച വിശേഷണങ്ങളിലേക്ക്‌ വി എസിന്‌ പാത തുറന്നത്‌. വിവിധ യു ഡി എഫ്‌ സര്‍ക്കാറുകളുടെ കാലത്തുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഏറ്റെടുക്കാനും അത്‌ വിടാതെ പിന്തുടരാനും ശ്രദ്ധിച്ചത്‌ ഈ വിശേഷണങ്ങളിലേക്കുള്ള പാതയില്‍ നിര്‍ണായകവുമായി. പക്ഷേ, മലപ്പുറത്ത്‌ നടന്ന സംസ്ഥാന സമ്മേളനത്തില്‍ സി പി എമ്മിന്റെ സംസ്ഥാന നേതൃത്വം പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായി പാര്‍ട്ടി നയങ്ങളെ പരസ്യമായി ചോദ്യം ചെയ്‌തതോടെയാണ്‌ വി എസ്‌ മാധ്യമങ്ങള്‍ക്ക്‌ പ്രിയങ്കരനാവുന്നത്‌. അതുവഴി ജനങ്ങള്‍ക്കും. മലപ്പുറത്തെ പരാജയത്തിന്‌ ശേഷം ഒളിഞ്ഞും തെളിഞ്ഞും പാര്‍ട്ടിയിലെ ഭൂരിപക്ഷ വിഭാഗത്തിനെതിരെ അദ്ദേഹം നടത്തിയ ആക്രമണങ്ങള്‍ക്ക്‌ പതിവില്‍കവിഞ്ഞ മാധ്യമപിന്തുണ ലഭിക്കുകയും ചെയ്‌തു. ആ പിന്തുണ ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്‌. അതുകൊണ്ടാണ്‌ സി പി എമ്മിന്‌ വന്‍തിരിച്ചടി നേരിട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ ശേഷവും അഭിപ്രായ സര്‍വെയില്‍ വി എസ്‌ ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി തുടര്‍ന്നത്‌.


സി പി എമ്മിന്റെ സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നന്മതിന്‍മകളെ തുലനം ചെയ്യുമ്പോള്‍ തന്നെ വി എസ്‌ അച്യുതാനന്ദന്‍ സമാന്തരമായി സ്വീകരിക്കുന്ന നിലപാടുകളുടെ നന്മതിന്മകളും വിലയിരുത്തപ്പെടേണ്ടതാണ്‌. പക്ഷേ, അത്തരമൊരു വിലയിരുത്തല്‍ നടക്കാറില്ല. ഇപ്പോള്‍ അത്തരമൊരു വിലയിരുത്തലിന്‌ തയ്യാറെടുക്കുന്നവര്‍ വലതുപക്ഷ വ്യതിയാനക്കാരായോ പിണറായി ഗ്രൂപ്പുകാരായോ മാത്രമേ ചിത്രീകരിക്കപ്പെടുകയുള്ളൂ എന്നതും വസ്‌തുതയാണ്‌. അത്തരമൊരു വിലയിരുത്തലിന്‌ ശ്രമിച്ചാല്‍ മുന്‍ചൊന്ന വിശേഷണങ്ങളുടെ ഏറെക്കുറെ വിപരീത സ്ഥാനത്ത്‌ വി എസ്‌ അച്യുതാനന്ദനെ കൊണ്ടുവന്ന്‌ നിര്‍ത്തേണ്ടിവരും. സ്വന്തം പ്രതിച്ഛായ നിലനിര്‍ത്താനും പാര്‍ട്ടിയിലും പാര്‍ലിമെന്ററിരംഗത്തും അധികാരമുറപ്പിക്കാനും ലക്ഷ്യമിട്ടാണ്‌ വി എസ്‌ പ്രവര്‍ത്തിച്ചിരുന്നത്‌ എന്ന്‌ മനസ്സിലാക്കാന്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ പരിശോധിച്ചാല്‍ മതിയാവും.


മുസ്‌ലിം ലീഗുമായി ബന്ധം സ്ഥാപിക്കാന്‍ നിര്‍ദേശിക്കുന്ന ബദല്‍ രേഖ തയ്യാറാക്കിയതിന്‌ 1987ല്‍ എം വി രാഘവന്‍, പുത്തലത്ത്‌ നാരായണന്‍, സി കെ ചക്രപാണി തുടങ്ങിയ നേതാക്കള്‍ സി പി എമ്മില്‍ നിന്ന്‌ പുറത്താക്കപ്പെടുമ്പോള്‍ വി എസ്‌ അച്യുതാനന്ദന്‌ അതില്‍ നിര്‍ണായക പങ്കുണ്ടായിരുന്നു. ഐ എന്‍ എല്ലുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്ന്‌ ആരോപിച്ച്‌ കെ എന്‍ രവീന്ദ്രനാഥ്‌, എം എം ലോറന്‍സ്‌, വി ബി ചെറിയാന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌ എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന്‌ വോട്ടെടുപ്പിലൂടെ പുറത്താക്കാന്‍ ചുക്കാന്‍ പിടിച്ചതും മറ്റാരുമായിരുന്നില്ല. 2006ല്‍ വി എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഇടതുപക്ഷത്ത്‌ ഐ എന്‍ എല്ലിന്റെ എം എല്‍ എമാരുണ്ടായിരുന്നു. മുമ്പ്‌ പാലക്കാട്‌ സമ്മേളനത്തില്‍ പാര്‍ട്ടി പിടിക്കാന്‍ ഐ എന്‍ എല്‍ ആയുധമാക്കിയ വി എസ്സിന്‌ 2006ല്‍ ഐ എന്‍ എല്‍ വിഷയമേ ആയിരുന്നില്ല. ഇക്കാലത്തിനിടെ പുതിയ വിഷയങ്ങള്‍ ഉണ്ടാവുകയും ചെയ്‌തിരുന്നു. 


മലപ്പുറം സമ്മേളനത്തില്‍ പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട്‌ കരുക്കള്‍ നീക്കിയ വി എസ്‌ പ്രധാന ആയുധമാക്കിയത്‌ ജനകീയാസൂത്രണമായിരുന്നു. പ്രൊഫ. എസ്‌ സുധീഷും പ്രൊഫ. എം എന്‍ വിജയനും ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങളൊക്കെ മറ്റൊരു രീതിയില്‍ അദ്ദേഹം ഏറ്റുപാടി. ജനകീയാസൂത്രണമെന്ന പേരില്‍ പങ്കാളിത്ത ജനാധിപത്യമാണ്‌ നടപ്പാക്കിയതെന്നും അത്‌ നടപ്പാക്കുന്നതിന്‌ മുന്‍ നിന്ന്‌ പ്രവര്‍ത്തിച്ച ശാസ്‌ത്ര സാഹിത്യ പരിഷത്തിന്‌ വിദേശ ഫണ്ട്‌ ലഭിച്ചുവെന്നുമൊക്കെ അദ്ദേഹം ഒളിഞ്ഞുംതെളിഞ്ഞും പറഞ്ഞു. വി എസ്‌ അച്യുതാനന്ദന്‍ കൂടി പങ്കാളിയായ സി പി എം സംസ്ഥാനകമ്മിറ്റിയാണ്‌ ജനകീയാസൂത്രണം നടപ്പാക്കാന്‍ തീരുമാനിച്ചതും അതിന്‌ മേല്‍നോട്ടം വഹിച്ചതുമെന്നത്‌ ഈ വിമര്‍ശമുന്നയിക്കുന്നതിന്‌ അദ്ദേഹത്തിന്‌ തടസ്സമായിരുന്നില്ല. 2006ല്‍ വി എസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന്‌ ജനകീയാസൂത്രണം പുനരാരംഭിക്കാനായിരുന്നു. ഈ തീരുമാനത്തെ വി എസ്‌ എതിര്‍ത്തതായി അറിവില്ല.


ഇക്കാലത്തു തന്നെ ഏഷ്യന്‍ ഡവലപ്പ്‌മെന്റ്‌ ബാങ്കില്‍ (എ ഡി ബി) വായ്‌പ സ്വീകരിക്കാനുള്ള യു ഡി എഫ്‌ സര്‍ക്കാറിന്റെ തീരുമാനത്തെ വി എസ്‌ എതിര്‍ത്തു. 1996-2001ല്‍ അധികാരത്തിലിരുന്ന നായനാര്‍ സര്‍ക്കാറാണ്‌ എ ഡി ബി വായ്‌പ സ്വീകരിക്കാന്‍ നയപരമായ തീരുമാനമെടുത്തത്‌. വി എസ്‌ അച്യുതാനന്ദന്‍ കണ്‍വീനറായിരുന്ന ഇടതുമുന്നണിയില്‍ ആലോചിച്ച ശേഷമേ അന്നത്തെ സര്‍ക്കാറിന്‌ അത്തരമൊരു തീരുമാനം എടുക്കാനാവുമായിരുന്നുള്ളൂ. വി എസ്‌ അംഗമായ സി പി എം സംസ്ഥാനകമ്മിറ്റിയിലും ചര്‍ച്ചചെയ്‌ത്‌ അംഗീകരിച്ചതായിരുന്നു എ ഡി ബി വായ്‌പ. പക്ഷെ, ഭരണം മാറിവന്നപ്പോള്‍ എതിര്‍പ്പിന്‌ ഇതൊന്നും തടസ്സമായില്ല. സംസ്ഥാനത്തിന്‌ ദോഷകരമായ വ്യവസ്ഥകളില്ലെങ്കില്‍ എ ഡി ബി പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന്‌ വായ്‌പ എടുക്കാമെന്ന്‌ സി പി എം കേന്ദ്രക്കമ്മിറ്റി പിന്നീട്‌ തീരുമാനിച്ചു. വി എസ്‌ കൂടി പങ്കാളിയായ കമ്മിറ്റിയുടെ തീരുമാനം. പക്ഷേ, തീരുമാനമെടുത്ത്‌ പുറത്തുവന്ന വി എസ്‌ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനെതിരായ ആയുധമായി എ ഡി ബി വായ്‌പയെ ഉപയോഗിക്കുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. എ ഡി ബി വായ്‌പ തുടര്‍ന്നും സ്വീകരിക്കാനാണ്‌ വി എസ്സിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ മന്ത്രിസഭ തീരുമാനിച്ചത്‌. മുന്‍കാലത്തുന്നയിച്ച എതിര്‍പ്പ്‌ നയപരവും ആത്മാര്‍ഥവുമായിരുന്നുവെങ്കില്‍ തുടര്‍ന്നും എതിര്‍ക്കാനും ഫലവത്താവുന്നില്ലെങ്കില്‍ അധികാരമൊഴിയാനുമാണ്‌ വി എസ്‌ തീരുമാനിക്കേണ്ടിയിരുന്നത്‌. ഒന്നുമുണ്ടായില്ല. എ ഡി ബി വിരുദ്ധ സമരത്തില്‍ മുമ്പ്‌ വി എസിനൊപ്പം നിന്ന സാറാ ജോസഫും കൂട്ടരും തിരുവനന്തപുരത്ത്‌ സെക്രട്ടേറിയറ്റിന്‌ മുന്നില്‍ കുടമുടച്ച്‌ പ്രതിഷേധിച്ചതോടെ എല്ലാം അവസാനിച്ചു.


നെല്‍വയല്‍ നികത്തുന്നതിനും വയലുകളില്‍ മറ്റു കൃഷികള്‍ ചെയ്യുന്നതിനുമെതിരെ വി എസ്‌ സ്വീകരിച്ച നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. വയലുകളില്‍ വാഴയും കവുങ്ങും മറ്റും വെച്ചത്‌ വെട്ടിനിരത്തി കര്‍ഷകനെ നെല്‍കൃഷി ചെയ്യാന്‍ നിര്‍ബന്ധിക്കുക എന്നതായിരുന്നു കെ എസ്‌ കെ ടി യുവിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ `വെട്ടിനിരത്തല്‍' എന്ന പേരില്‍ പ്രസിദ്ധമായ സമരം. സംസ്ഥാനത്തെ ജനങ്ങളുടെ പ്രധാനഭക്ഷ്യവസ്‌തുവായിട്ടുപോലും അരിയുടെ ഉത്‌പാദനത്തില്‍ സ്വയം പര്യാപ്‌തത കൈവരിക്കാന്‍ കേരളത്തിന്‌ കഴിഞ്ഞിട്ടില്ല എന്നത്‌ കണക്കാക്കുമ്പോള്‍ ഈ സമരത്തിന്റെ പ്രസക്തിയെ അംഗീകരിക്കാതെ വയ്യ. പക്ഷേ, വര്‍ഷത്തില്‍ രണ്ടു വട്ടം കൃഷിയിറക്കിയിരുന്ന ഏക്കറുകണക്കിന്‌ നെല്‍വയല്‍ നികത്തി നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്‌ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയായ ശേഷം ഇതേ നേതാവ്‌ എത്തുകയും ഇതാ വികസനത്തിന്റെ താമര വിരിയുന്നുവെന്ന്‌ വിശേഷിപ്പിക്കുകയും ചെയ്യുമ്പോള്‍ സമര നേതാവ്‌ അപ്രസക്തനായെന്ന്‌ പറയേണ്ടിവരും.


എച്ച്‌ എം ടിയുടെ ഉടമസ്ഥതയില്‍ കൊച്ചിയിലുള്ള ഭൂമി ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സ്‌ എന്ന സ്വകാര്യ കമ്പനിക്ക്‌ വില്‍ക്കാന്‍ ശ്രമിച്ചത്‌ അടുത്തിടെ വലിയ വിവാദമായിരുന്നു. ഈ ഇടപാടിന്റെ കാര്യത്തില്‍ വി എസ്‌ അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടുകള്‍ ഏറെ ശ്ലാഘിക്കപ്പെടുകയും ചെയ്‌തു. ഇവിടെയും വി എസ്‌ പതിവ്‌ ആവര്‍ത്തിച്ചതായി കാണാം. ഭൂമി വാങ്ങിയ ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സ്‌ എന്ന കമ്പനി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്‌ ദിവസങ്ങള്‍ക്കുമുമ്പാണ്‌ വിവാദം ആരംഭിക്കുന്നത്‌. ഭൂമി കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നും അതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനച്ചടങ്ങില്‍ വി എസ്‌ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നും വാര്‍ത്ത വന്നു ആദ്യം. ഉദ്‌ഘാടനച്ചടങ്ങില്‍ നിന്ന്‌ വി എസ്‌ വിട്ടുനില്‍ക്കുകയും ചെയ്‌തു. എന്നാല്‍ മന്ത്രിസഭയിലെ രണ്ട്‌ അംഗങ്ങള്‍ (എളംമരം കരീമും എസ്‌ ശര്‍മയും) ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ക്രമക്കേട്‌ നടന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ചടങ്ങില്‍ പങ്കെടുക്കരുതെന്ന്‌ മന്ത്രിമാരോട്‌ നിര്‍ദേശിക്കാന്‍ വി എസ്‌ തയ്യാറായില്ല. സ്വന്തം ഗ്രൂപ്പുകാരനെന്ന്‌ അറിയപ്പെടുന്ന എസ്‌ ശര്‍മയെപ്പോലും അദ്ദേഹം വിലക്കിയില്ല. അതുവരെ യാതൊന്നും ശ്രദ്ധിക്കാതിരുന്ന പ്രതിപക്ഷം വി എസിന്റെ വിട്ടുനില്‍ക്കലോടെ സജീവമായി. പിന്നീടുയര്‍ന്ന വിവാദങ്ങളില്‍ തന്റെ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടുകള്‍ വി എസ്‌ സ്വീകരിക്കുകയും ചെയ്‌തു. സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാനും പാര്‍ട്ടിയില്‍ എതിര്‍പക്ഷത്ത്‌ നില്‍ക്കുന്ന എളംമരം കരീമിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും ലക്ഷ്യമിട്ട ഈ ഇരട്ടത്താപ്പ്‌ മന്ത്രിസഭക്ക്‌ നേതൃത്വം നല്‍കുന്ന ഒരാള്‍ക്ക്‌ ചേര്‍ന്നതാണോ എന്ന്‌ ആരും ചോദിച്ചതുമില്ല.


പിണറായി വിജയന്‍ ആരോപണവിധേയനായ എസ്‌ എന്‍ സി ലാവ്‌ലിന്‍ കേസ്‌ ഇത്രമാത്രം വിവാദമായതില്‍ വി എസ്സിനുള്ള പങ്ക്‌ ആരും തള്ളിക്കളയില്ല. വൈദ്യുതി നിലയങ്ങളുടെ അറ്റകുറ്റപ്പണിക്ക്‌ എസ്‌ എന്‍ സി ലാവ്‌ലിനുമായി കരാറുണ്ടാക്കാന്‍ തീരുമാനിച്ചത്‌ പിണറായി വിജയന്‍ ഒറ്റക്കാണെന്ന്‌ സി പി എമ്മിന്റെ സംഘടനാ രീതി അറിയാവുന്നവര്‍ ആരും സമ്മതിക്കുമെന്ന്‌ തോന്നുന്നില്ല. കരാറുണ്ടാക്കാന്‍ തീരുമാനിച്ചപ്പോഴും വി എസ്‌ അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലുണ്ട്‌. ഇടതുമുന്നണിയുടെ തലപ്പത്തും. എന്നിട്ടും ലാവ്‌ലിനുമായി കരാറുണ്ടാക്കാന്‍ പിണറായി വിജയന്‍ ഒറ്റക്ക്‌ തീരുമാനിച്ചുവെങ്കില്‍ കഴിവുകേട്‌ വി എസ്സിന്റേതുകൂടിയാണ്‌. ലാവ്‌ലിനു പകരം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്‌ കരാറേല്‍പ്പിക്കണമെന്ന്‌ ബാലാനന്ദന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്‌തിരുന്നു അത്‌ മറികടന്നുവെന്നതാണ്‌ ഇക്കാര്യത്തില്‍ വി എസ്സിന്റെ ഇപ്പോഴത്തെ നിലപാടിനൊപ്പം നില്‍ക്കുന്നവരുടെ വാദം. ബാലാനന്ദന്‍ കമ്മിറ്റിയുടെ ശിപാര്‍ശ മറികടന്നത്‌ അന്ന്‌ വി എസ്‌ ഉന്നയിക്കാതിരുന്നത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ ഒരൊറ്റ മറുപടിയേ ഉള്ളൂ. വി എസ്സിന്റെ എതിര്‍ഗ്രൂപ്പിന്റെ പ്രധാന നേതാവായിരുന്നു ബാലാനന്ദന്‍ എന്നത്‌. അന്ന്‌ ഗ്രൂപ്പ്‌ ബലാബലത്തില്‍ പിണറായി വിജയനൊപ്പം നിന്നു വി എസ്‌. ഇന്ന്‌ പാര്‍ട്ടിയിലെ സ്വാധീനം തിരിച്ചുപിടിക്കാനും മുഖ്യമന്ത്രി സ്ഥാനത്ത്‌ തുടരാനും ലക്ഷ്യമിട്ട്‌ ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ ഉള്‍പ്പെടെ ആയുധമാക്കി പിണറായിക്കെതിരെ യുദ്ധം ചെയ്യുന്നു.


അഴിമതിക്കെതിരായ കുരിശുയുദ്ധത്തിന്റെ മുന്നണിപ്പോരാളിയായി വി എസ്സിനെ മാറ്റിയ പാമൊലിന്‍, ഇടമലയാര്‍, ബ്രഹ്മപുരം കേസുകളെക്കുറിച്ച്‌ അടുത്തിടെ അദ്ദേഹം നടത്തിയ ചില വെളിപ്പെടുത്തലുകള്‍ രസകരമാണ്‌. പത്തും പതിനാറും വര്‍ഷം കേസ്‌ നടത്തിയത്‌ താനൊറ്റക്കാണെന്നും അതിന്റെ ചെലവെല്ലാം സ്വന്തം പോക്കറ്റില്‍ നിന്നാണ്‌ നല്‍കിയതെന്നും വി എസ്‌ പറയുന്നു. സുപ്രീം കോടതിയില്‍ എഴുന്നേറ്റ്‌ നില്‍ക്കണമെങ്കില്‍ ലക്ഷം രൂപ കൊടുക്കേണ്ട വക്കീലിനെ ഏര്‍പ്പെടുത്തിയത്‌ തന്റെ പണം കൊണ്ടാണെന്ന്‌ ആണയിടുകയും ചെയ്‌തു അദ്ദേഹം. കുടുംബ സ്വത്തിന്റെ കരുത്തിലല്ല വി എസ്‌ അച്യുതാനന്ദന്‍ രാഷ്‌ട്രീയത്തിലിറങ്ങിയതെന്ന്‌ ഏവര്‍ക്കും അറിയാം. ദീര്‍ഘകാലം രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയപ്പോള്‍ പാര്‍ട്ടി നല്‍കിയ അലവന്‍സ്‌ മാത്രമേ പ്രതിഫലമായി ഉണ്ടാവാന്‍ ഇടയുള്ളൂ. പലതവണ നിയമസഭാംഗമായപ്പോഴും പിന്നീട്‌ പ്രതിപക്ഷ നേതാവായപ്പോഴും ആവണം അല്‍പ്പം ഭേദപ്പെട്ട പ്രതിഫലം ലഭിച്ചിട്ടുണ്ടാവുക. അതില്‍തന്നെ ഒരു ഭാഗം പാര്‍ട്ടിലെവിയായി നല്‍കണം. അടുത്തിടെ എ പി അബ്‌ദുല്ലക്കുട്ടി വെളിപ്പെടുത്തിയ കണക്കനുസരിച്ചാണെങ്കില്‍ ലെവി കഴിഞ്ഞ്‌ വലിയ തുകയൊന്നും വി എസ്സിന്‌ ലഭിച്ചിട്ടുണ്ടാവില്ല. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ എഴുന്നേറ്റ്‌ നില്‍ക്കാന്‍ ലക്ഷങ്ങള്‍ ഫീസ്‌ വാങ്ങുന്ന അഭിഭാഷകരെ നിയോഗിക്കാനുള്ള പണം വി എസ്സിന്‌ എവിടെ നിന്ന്‌ കിട്ടിയെന്നത്‌ അന്വേഷിക്കേണ്ടതാണ്‌. രാഷ്‌ട്രീയക്കാര്‍ക്ക്‌ കണക്കില്‍ കവിഞ്ഞ സ്വത്തുണ്ടാവുക അഴിമതിയുടെ മുഖ്യലക്ഷണങ്ങളിലൊന്നായി കരുതപ്പെടുന്നുമുണ്ട്‌. വ്യക്തിപരമായി ബന്ധമുള്ള ചിലര്‍ കേസ്‌ നടത്തുന്നതിലേക്ക്‌ സഹായം നല്‍കിയിട്ടുണ്ടെന്നും വി എസ്‌ പറഞ്ഞിട്ടുണ്ട്‌. സംഭാവനകളും ധനപരമായ സഹായവും സ്വീകരിക്കുന്നതിന്‌ വ്യക്തമായ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ള പാര്‍ട്ടിയാണ്‌ സി പി എം. ഈ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ വ്യക്തി എന്ന നിലക്ക്‌ സഹായങ്ങള്‍ എങ്ങനെ സ്വീകരിച്ചുവെന്ന്‌ വ്യക്തമാക്കേണ്ട ബാധ്യതയും അദ്ദേഹത്തിനുണ്ട്‌.


ഇതേ ഇരട്ടത്താപ്പും അവസരവാദവും മിക്കവാറും പ്രശ്‌നങ്ങളില്‍ കാണാനാവും. പി കെ കുഞ്ഞാലിക്കുട്ടി ആരോപണവിധേയനായ കോഴിക്കോട്‌ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ നീതിക്കു വേണ്ടി തുടക്കത്തില്‍ പോരാടിയിരുന്നത്‌ അജിതയെപ്പോലുള്ള അപൂര്‍വം ആളുകളായിരുന്നു. അന്ന്‌ സി പി എമ്മും അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാറും സ്വീകരിച്ച നടപടികള്‍ക്കെല്ലാം വി എസ്സിന്റെ മൗനാനുവാദമുണ്ടായിരുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പുപോരില്‍ ആയുധമാക്കാനാവുമെന്ന്‌ കണ്ടപ്പോഴാണ്‌ ഐസ്‌ക്രീം കേസില്‍ വി എസ്സിന്റെ സജീവ ഇടപെടലുണ്ടായതെന്നത്‌ മറക്കാന്‍ പ്രായമാവാത്ത ചരിത്രമാണ്‌. ചുരുക്കത്തില്‍ പാവങ്ങളുടെ പടത്തലവനെന്ന്‌ അറിയപ്പെടുന്ന എ കെ ഗോപാലനോട്‌ ഇപ്പോള്‍ താരതമ്യം ചെയ്യപ്പെടുന്ന വി എസ്‌ എന്ന നേതാവ്‌ ഞാന്‍ എന്ന വാക്കിന്റെ തടവിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ പറയേണ്ടിവരും. അതില്‍ നിന്ന്‌ അ ദ്ദേഹം മുക്തനാവാത്ത കാലത്തോളം തുടര്‍ന്നുള്ള ഇടതുമുന്നണി ഭരണവും വിവാദ സമൃദ്ധമാവുമെന്ന്‌ ഉറപ്പ്‌. 


അപ്പുറത്ത്‌, പരമ്പരാതമായി പിന്തുണക്കുന്ന വിഭാഗങ്ങളെ പിണക്കാതെ തന്നെ ക്രിസ്‌ത്യന്‍, മുസ്‌ലിം വിഭാഗങ്ങളിലേക്കും പുതുതലമുറയിലേക്കും കടന്നുകയറി അധികാരം ഉറപ്പിക്കാന്‍ അടവും തന്ത്രവും പരീക്ഷിക്കുന്ന തിരക്കിലാണ്‌ പാര്‍ട്ടി നേതൃത്വം.  അതിന്റെ ഭാഗമായുള്ള എല്ലാ അഴുക്കും അവര്‍ക്കൊപ്പമുണ്ടാവുന്നുമുണ്ട്‌. ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുയര്‍ത്തുന്നവരെയെല്ലാം വി എസ്‌ പക്ഷമായി മാറ്റിനിര്‍ത്തുകയും ചെയ്യുന്നു. പാര്‍ട്ടിയെ കൂടെനിര്‍ത്തേണ്ട ആവശ്യമില്ലെന്ന്‌ കരുതുന്ന `ഞാന്‍' മാത്രമായ നേതാവും ജനത്തെ അഭിമുഖീകരിക്കേണ്ടതിന്റെ ആവശ്യകത മറന്നുപോയ പാര്‍ട്ടിയും തമ്മിലുള്ള കലഹം. രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന്‌ വിശ്വസിക്കുന്നതില്‍ അബദ്ധം ഏറെയുണ്ട്‌.