നിലപാടുകളില്‍ വിട്ടുവീഴ്‌ചചെയ്യാത്ത നേതാവ്, ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളി, സി പി എം നേതൃത്വം പണാധിപത്യത്തിന് വഴിപ്പെടുമ്പോള്‍ തടശില പോലെ നില്‍ക്കുന്നയാള്‍, പാര്‍ട്ടിയും ഇടതുമുന്നണിയും തിരഞ്ഞെടുപ്പില്‍ വന്‍തോല്‍വി ഏറ്റുവാങ്ങുമ്പോഴും ജനപ്രീതിയില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി - വി എസ് അച്യുതാനന്ദന് പൊതുവിലുള്ള വിശേഷണങ്ങളില്‍ ചിലത് ഇതൊക്കെയാണ്. അറുപതാണ്ടിലധികം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനും നേതാവുമായി ഇരുന്ന ഒരാള്‍ക്ക് പൊതുവില്‍ ലഭിക്കുന്നതാണ് ഈ വിശേഷണങ്ങള്‍. പക്ഷേ, വി എസ് അച്യുതാനന്ദന്റെ കാര്യം അപവാദമാണ്.
സി പി എമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ഇടതുമുന്നണിയുടെ കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന കാലത്തൊക്കെ കര്‍ക്കശക്കാരനും വരട്ടുതത്വവാദിയുമായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് സമരമാരംഭിച്ചപ്പോള്‍ അദ്ദേഹം `വെട്ടിനിരത്തല്‍ പ്രസ്ഥാന'ത്തിന്റെ നേതാവായി ചിത്രീകരിക്കപ്പെട്ടു. സംസ്ഥാന നിയമസഭയില്‍ ഏറെക്കാലം വഹിച്ച പ്രതിപക്ഷനേതൃസ്ഥാനമാണ് ആദ്യം വിവരിച്ച വിശേഷണങ്ങളിലേക്ക് വി എസിന് പാത തുറന്നത്. വിവിധ യു ഡി എഫ് സര്‍ക്കാറുകളുടെ കാലത്തുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഏറ്റെടുക്കാനും അത് വിടാതെ പിന്തുടരാനും ശ്രദ്ധിച്ചത് ഈ വിശേഷണങ്ങളിലേക്കുള്ള പാതയില്‍ നിര്‍ണായകവുമായി. പക്ഷേ, മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ സി പി എമ്മിന്റെ സംസ്ഥാന നേതൃത്വം പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായി പാര്‍ട്ടി നയങ്ങളെ പരസ്യമായി ചോദ്യം ചെയ്‌തതോടെയാണ് വി എസ് മാധ്യമങ്ങള്‍ക്ക് പ്രിയങ്കരനാവുന്നത്. അതുവഴി ജനങ്ങള്‍ക്കും. മലപ്പുറത്തെ പരാജയത്തിന് ശേഷം ഒളിഞ്ഞും തെളിഞ്ഞും പാര്‍ട്ടിയിലെ ഭൂരിപക്ഷ വിഭാഗത്തിനെതിരെ അദ്ദേഹം നടത്തിയ ആക്രമണങ്ങള്‍ക്ക് പതിവില്‍കവിഞ്ഞ മാധ്യമപിന്തുണ ലഭിക്കുകയും ചെയ്‌തു. ആ പിന്തുണ ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. അതുകൊണ്ടാണ് സി പി എമ്മിന് വന്‍തിരിച്ചടി നേരിട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷവും അഭിപ്രായ സര്‍വെയില്‍ വി എസ് ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി തുടര്‍ന്നത്.
സി പി എമ്മിന്റെ സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നന്മതിന്‍മകളെ തുലനം ചെയ്യുമ്പോള്‍ തന്നെ വി എസ് അച്യുതാനന്ദന്‍ സമാന്തരമായി സ്വീകരിക്കുന്ന നിലപാടുകളുടെ നന്മതിന്മകളും വിലയിരുത്തപ്പെടേണ്ടതാണ്. പക്ഷേ, അത്തരമൊരു വിലയിരുത്തല്‍ നടക്കാറില്ല. ഇപ്പോള്‍ അത്തരമൊരു വിലയിരുത്തലിന് തയ്യാറെടുക്കുന്നവര്‍ വലതുപക്ഷ വ്യതിയാനക്കാരായോ പിണറായി ഗ്രൂപ്പുകാരായോ മാത്രമേ ചിത്രീകരിക്കപ്പെടുകയുള്ളൂ എന്നതും വസ്‌തുതയാണ്. അത്തരമൊരു വിലയിരുത്തലിന് ശ്രമിച്ചാല്‍ മുന്‍ചൊന്ന വിശേഷണങ്ങളുടെ ഏറെക്കുറെ വിപരീത സ്ഥാനത്ത് വി എസ് അച്യുതാനന്ദനെ കൊണ്ടുവന്ന് നിര്‍ത്തേണ്ടിവരും. സ്വന്തം പ്രതിച്ഛായ നിലനിര്‍ത്താനും പാര്‍ട്ടിയിലും പാര്‍ലിമെന്ററിരംഗത്തും അധികാരമുറപ്പിക്കാനും ലക്ഷ്യമിട്ടാണ് വി എസ് പ്രവര്‍ത്തിച്ചിരുന്നത് എന്ന് മനസ്സിലാക്കാന്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ പരിശോധിച്ചാല്‍ മതിയാവും.
മുസ്‌ലിം ലീഗുമായി ബന്ധം സ്ഥാപിക്കാന്‍ നിര്‍ദേശിക്കുന്ന ബദല്‍ രേഖ തയ്യാറാക്കിയതിന് 1987ല്‍ എം വി രാഘവന്‍, പുത്തലത്ത് നാരായണന്‍, സി കെ ചക്രപാണി തുടങ്ങിയ നേതാക്കള്‍ സി പി എമ്മില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ വി എസ് അച്യുതാനന്ദന് അതില്‍ നിര്‍ണായക പങ്കുണ്ടായിരുന്നു. ഐ എന്‍ എല്ലുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ്, വി ബി ചെറിയാന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് വോട്ടെടുപ്പിലൂടെ പുറത്താക്കാന്‍ ചുക്കാന്‍ പിടിച്ചതും മറ്റാരുമായിരുന്നില്ല. 2006ല്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഇടതുപക്ഷത്ത് ഐ എന്‍ എല്ലിന്റെ എം എല്‍ എമാരുണ്ടായിരുന്നു. മുമ്പ് പാലക്കാട് സമ്മേളനത്തില്‍ പാര്‍ട്ടി പിടിക്കാന്‍ ഐ എന്‍ എല്‍ ആയുധമാക്കിയ വി എസ്സിന് 2006ല്‍ ഐ എന്‍ എല്‍ വിഷയമേ ആയിരുന്നില്ല. ഇക്കാലത്തിനിടെ പുതിയ വിഷയങ്ങള്‍ ഉണ്ടാവുകയും ചെയ്‌തിരുന്നു.
മലപ്പുറം സമ്മേളനത്തില്‍ പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് കരുക്കള്‍ നീക്കിയ വി എസ് പ്രധാന ആയുധമാക്കിയത് ജനകീയാസൂത്രണമായിരുന്നു. പ്രൊഫ. എസ് സുധീഷും പ്രൊഫ. എം എന്‍ വിജയനും ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങളൊക്കെ മറ്റൊരു രീതിയില്‍ അദ്ദേഹം ഏറ്റുപാടി. ജനകീയാസൂത്രണമെന്ന പേരില്‍ പങ്കാളിത്ത ജനാധിപത്യമാണ് നടപ്പാക്കിയതെന്നും അത് നടപ്പാക്കുന്നതിന് മുന്‍ നിന്ന് പ്രവര്‍ത്തിച്ച ശാസ്‌ത്ര സാഹിത്യ പരിഷത്തിന് വിദേശ ഫണ്ട് ലഭിച്ചുവെന്നുമൊക്കെ അദ്ദേഹം ഒളിഞ്ഞുംതെളിഞ്ഞും പറഞ്ഞു. വി എസ് അച്യുതാനന്ദന്‍ കൂടി പങ്കാളിയായ സി പി എം സംസ്ഥാനകമ്മിറ്റിയാണ് ജനകീയാസൂത്രണം നടപ്പാക്കാന്‍ തീരുമാനിച്ചതും അതിന് മേല്‍നോട്ടം വഹിച്ചതുമെന്നത് ഈ വിമര്‍ശമുന്നയിക്കുന്നതിന് അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. 2006ല്‍ വി എസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് ജനകീയാസൂത്രണം പുനരാരംഭിക്കാനായിരുന്നു. ഈ തീരുമാനത്തെ വി എസ് എതിര്‍ത്തതായി അറിവില്ല.
ഇക്കാലത്തു തന്നെ ഏഷ്യന്‍ ഡവലപ്പ്‌മെന്റ് ബാങ്കില്‍ (എ ഡി ബി) വായ്‌പ സ്വീകരിക്കാനുള്ള യു ഡി എഫ് സര്‍ക്കാറിന്റെ തീരുമാനത്തെ വി എസ് എതിര്‍ത്തു. 1996-2001ല്‍ അധികാരത്തിലിരുന്ന നായനാര്‍ സര്‍ക്കാറാണ് എ ഡി ബി വായ്‌പ സ്വീകരിക്കാന്‍ നയപരമായ തീരുമാനമെടുത്തത്. വി എസ് അച്യുതാനന്ദന്‍ കണ്‍വീനറായിരുന്ന ഇടതുമുന്നണിയില്‍ ആലോചിച്ച ശേഷമേ അന്നത്തെ സര്‍ക്കാറിന് അത്തരമൊരു തീരുമാനം എടുക്കാനാവുമായിരുന്നുള്ളൂ. വി എസ് അംഗമായ സി പി എം സംസ്ഥാനകമ്മിറ്റിയിലും ചര്‍ച്ചചെയ്‌ത് അംഗീകരിച്ചതായിരുന്നു എ ഡി ബി വായ്‌പ. പക്ഷെ, ഭരണം മാറിവന്നപ്പോള്‍ എതിര്‍പ്പിന് ഇതൊന്നും തടസ്സമായില്ല. സംസ്ഥാനത്തിന് ദോഷകരമായ വ്യവസ്ഥകളില്ലെങ്കില്‍ എ ഡി ബി പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് വായ്‌പ എടുക്കാമെന്ന് സി പി എം കേന്ദ്രക്കമ്മിറ്റി പിന്നീട് തീരുമാനിച്ചു. വി എസ് കൂടി പങ്കാളിയായ കമ്മിറ്റിയുടെ തീരുമാനം. പക്ഷേ, തീരുമാനമെടുത്ത് പുറത്തുവന്ന വി എസ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനെതിരായ ആയുധമായി എ ഡി ബി വായ്‌പയെ ഉപയോഗിക്കുന്ന കാഴ്‌ചയാണ് കണ്ടത്. എ ഡി ബി വായ്‌പ തുടര്‍ന്നും സ്വീകരിക്കാനാണ് വി എസ്സിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ മന്ത്രിസഭ തീരുമാനിച്ചത്. മുന്‍കാലത്തുന്നയിച്ച എതിര്‍പ്പ് നയപരവും ആത്മാര്‍ഥവുമായിരുന്നുവെങ്കില്‍ തുടര്‍ന്നും എതിര്‍ക്കാനും ഫലവത്താവുന്നില്ലെങ്കില്‍ അധികാരമൊഴിയാനുമാണ് വി എസ് തീരുമാനിക്കേണ്ടിയിരുന്നത്. ഒന്നുമുണ്ടായില്ല. എ ഡി ബി വിരുദ്ധ സമരത്തില്‍ മുമ്പ് വി എസിനൊപ്പം നിന്ന സാറാ ജോസഫും കൂട്ടരും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ കുടമുടച്ച് പ്രതിഷേധിച്ചതോടെ എല്ലാം അവസാനിച്ചു.
നെല്‍വയല്‍ നികത്തുന്നതിനും വയലുകളില്‍ മറ്റു കൃഷികള്‍ ചെയ്യുന്നതിനുമെതിരെ വി എസ് സ്വീകരിച്ച നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. വയലുകളില്‍ വാഴയും കവുങ്ങും മറ്റും വെച്ചത് വെട്ടിനിരത്തി കര്‍ഷകനെ നെല്‍കൃഷി ചെയ്യാന്‍ നിര്‍ബന്ധിക്കുക എന്നതായിരുന്നു കെ എസ് കെ ടി യുവിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ `വെട്ടിനിരത്തല്‍' എന്ന പേരില്‍ പ്രസിദ്ധമായ സമരം. സംസ്ഥാനത്തെ ജനങ്ങളുടെ പ്രധാനഭക്ഷ്യവസ്‌തുവായിട്ടുപോലും അരിയുടെ ഉത്‌പാദനത്തില്‍ സ്വയം പര്യാപ്‌തത കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല എന്നത് കണക്കാക്കുമ്പോള്‍ ഈ സമരത്തിന്റെ പ്രസക്തിയെ അംഗീകരിക്കാതെ വയ്യ. പക്ഷേ, വര്‍ഷത്തില്‍ രണ്ടു വട്ടം കൃഷിയിറക്കിയിരുന്ന ഏക്കറുകണക്കിന് നെല്‍വയല്‍ നികത്തി നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്‌ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രിയായ ശേഷം ഇതേ നേതാവ് എത്തുകയും ഇതാ വികസനത്തിന്റെ താമര വിരിയുന്നുവെന്ന് വിശേഷിപ്പിക്കുകയും ചെയ്യുമ്പോള്‍ സമര നേതാവ് അപ്രസക്തനായെന്ന് പറയേണ്ടിവരും.
എച്ച് എം ടിയുടെ ഉടമസ്ഥതയില്‍ കൊച്ചിയിലുള്ള ഭൂമി ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സ് എന്ന സ്വകാര്യ കമ്പനിക്ക് വില്‍ക്കാന്‍ ശ്രമിച്ചത് അടുത്തിടെ വലിയ വിവാദമായിരുന്നു. ഈ ഇടപാടിന്റെ കാര്യത്തില്‍ വി എസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടുകള്‍ ഏറെ ശ്ലാഘിക്കപ്പെടുകയും ചെയ്‌തു. ഇവിടെയും വി എസ് പതിവ് ആവര്‍ത്തിച്ചതായി കാണാം. ഭൂമി വാങ്ങിയ ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സ് എന്ന കമ്പനി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പാണ് വിവാദം ആരംഭിക്കുന്നത്. ഭൂമി കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നും അതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനച്ചടങ്ങില്‍ വി എസ് പങ്കെടുക്കാന്‍ സാധ്യതയില്ലെന്നും വാര്‍ത്ത വന്നു ആദ്യം. ഉദ്‌ഘാടനച്ചടങ്ങില്‍ നിന്ന് വി എസ് വിട്ടുനില്‍ക്കുകയും ചെയ്‌തു. എന്നാല്‍ മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ (എളംമരം കരീമും എസ് ശര്‍മയും) ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് മന്ത്രിമാരോട് നിര്‍ദേശിക്കാന്‍ വി എസ് തയ്യാറായില്ല. സ്വന്തം ഗ്രൂപ്പുകാരനെന്ന് അറിയപ്പെടുന്ന എസ് ശര്‍മയെപ്പോലും അദ്ദേഹം വിലക്കിയില്ല. അതുവരെ യാതൊന്നും ശ്രദ്ധിക്കാതിരുന്ന പ്രതിപക്ഷം വി എസിന്റെ വിട്ടുനില്‍ക്കലോടെ സജീവമായി. പിന്നീടുയര്‍ന്ന വിവാദങ്ങളില്‍ തന്റെ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടുകള്‍ വി എസ് സ്വീകരിക്കുകയും ചെയ്‌തു. സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാനും പാര്‍ട്ടിയില്‍ എതിര്‍പക്ഷത്ത് നില്‍ക്കുന്ന എളംമരം കരീമിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും ലക്ഷ്യമിട്ട ഈ ഇരട്ടത്താപ്പ് മന്ത്രിസഭക്ക് നേതൃത്വം നല്‍കുന്ന ഒരാള്‍ക്ക് ചേര്‍ന്നതാണോ എന്ന് ആരും ചോദിച്ചതുമില്ല.
പിണറായി വിജയന്‍ ആരോപണവിധേയനായ എസ് എന്‍ സി ലാവ്‌ലിന്‍ കേസ് ഇത്രമാത്രം വിവാദമായതില്‍ വി എസ്സിനുള്ള പങ്ക് ആരും തള്ളിക്കളയില്ല. വൈദ്യുതി നിലയങ്ങളുടെ അറ്റകുറ്റപ്പണിക്ക് എസ് എന്‍ സി ലാവ്‌ലിനുമായി കരാറുണ്ടാക്കാന്‍ തീരുമാനിച്ചത് പിണറായി വിജയന്‍ ഒറ്റക്കാണെന്ന് സി പി എമ്മിന്റെ സംഘടനാ രീതി അറിയാവുന്നവര്‍ ആരും സമ്മതിക്കുമെന്ന് തോന്നുന്നില്ല. കരാറുണ്ടാക്കാന്‍ തീരുമാനിച്ചപ്പോഴും വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലുണ്ട്. ഇടതുമുന്നണിയുടെ തലപ്പത്തും. എന്നിട്ടും ലാവ്‌ലിനുമായി കരാറുണ്ടാക്കാന്‍ പിണറായി വിജയന്‍ ഒറ്റക്ക് തീരുമാനിച്ചുവെങ്കില്‍ കഴിവുകേട് വി എസ്സിന്റേതുകൂടിയാണ്. ലാവ്‌ലിനു പകരം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന് കരാറേല്‍പ്പിക്കണമെന്ന് ബാലാനന്ദന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്‌തിരുന്നു അത് മറികടന്നുവെന്നതാണ് ഇക്കാര്യത്തില്‍ വി എസ്സിന്റെ ഇപ്പോഴത്തെ നിലപാടിനൊപ്പം നില്‍ക്കുന്നവരുടെ വാദം. ബാലാനന്ദന്‍ കമ്മിറ്റിയുടെ ശിപാര്‍ശ മറികടന്നത് അന്ന് വി എസ് ഉന്നയിക്കാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഒരൊറ്റ മറുപടിയേ ഉള്ളൂ. വി എസ്സിന്റെ എതിര്‍ഗ്രൂപ്പിന്റെ പ്രധാന നേതാവായിരുന്നു ബാലാനന്ദന്‍ എന്നത്. അന്ന് ഗ്രൂപ്പ് ബലാബലത്തില്‍ പിണറായി വിജയനൊപ്പം നിന്നു വി എസ്. ഇന്ന് പാര്‍ട്ടിയിലെ സ്വാധീനം തിരിച്ചുപിടിക്കാനും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനും ലക്ഷ്യമിട്ട് ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉള്‍പ്പെടെ ആയുധമാക്കി പിണറായിക്കെതിരെ യുദ്ധം ചെയ്യുന്നു.
അഴിമതിക്കെതിരായ കുരിശുയുദ്ധത്തിന്റെ മുന്നണിപ്പോരാളിയായി വി എസ്സിനെ മാറ്റിയ പാമൊലിന്‍, ഇടമലയാര്‍, ബ്രഹ്മപുരം കേസുകളെക്കുറിച്ച് അടുത്തിടെ അദ്ദേഹം നടത്തിയ ചില വെളിപ്പെടുത്തലുകള്‍ രസകരമാണ്. പത്തും പതിനാറും വര്‍ഷം കേസ് നടത്തിയത് താനൊറ്റക്കാണെന്നും അതിന്റെ ചെലവെല്ലാം സ്വന്തം പോക്കറ്റില്‍ നിന്നാണ് നല്‍കിയതെന്നും വി എസ് പറയുന്നു. സുപ്രീം കോടതിയില്‍ എഴുന്നേറ്റ് നില്‍ക്കണമെങ്കില്‍ ലക്ഷം രൂപ കൊടുക്കേണ്ട വക്കീലിനെ ഏര്‍പ്പെടുത്തിയത് തന്റെ പണം കൊണ്ടാണെന്ന് ആണയിടുകയും ചെയ്‌തു അദ്ദേഹം. കുടുംബ സ്വത്തിന്റെ കരുത്തിലല്ല വി എസ് അച്യുതാനന്ദന്‍ രാഷ്‌ട്രീയത്തിലിറങ്ങിയതെന്ന് ഏവര്‍ക്കും അറിയാം. ദീര്‍ഘകാലം രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയപ്പോള്‍ പാര്‍ട്ടി നല്‍കിയ അലവന്‍സ് മാത്രമേ പ്രതിഫലമായി ഉണ്ടാവാന്‍ ഇടയുള്ളൂ. പലതവണ നിയമസഭാംഗമായപ്പോഴും പിന്നീട് പ്രതിപക്ഷ നേതാവായപ്പോഴും ആവണം അല്‍പ്പം ഭേദപ്പെട്ട പ്രതിഫലം ലഭിച്ചിട്ടുണ്ടാവുക. അതില്‍തന്നെ ഒരു ഭാഗം പാര്‍ട്ടിലെവിയായി നല്‍കണം. അടുത്തിടെ എ പി അബ്‌ദുല്ലക്കുട്ടി വെളിപ്പെടുത്തിയ കണക്കനുസരിച്ചാണെങ്കില്‍ ലെവി കഴിഞ്ഞ് വലിയ തുകയൊന്നും വി എസ്സിന് ലഭിച്ചിട്ടുണ്ടാവില്ല. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഭിഭാഷകരെ നിയോഗിക്കാനുള്ള പണം വി എസ്സിന് എവിടെ നിന്ന് കിട്ടിയെന്നത് അന്വേഷിക്കേണ്ടതാണ്. രാഷ്‌ട്രീയക്കാര്‍ക്ക് കണക്കില്‍ കവിഞ്ഞ സ്വത്തുണ്ടാവുക അഴിമതിയുടെ മുഖ്യലക്ഷണങ്ങളിലൊന്നായി കരുതപ്പെടുന്നുമുണ്ട്. വ്യക്തിപരമായി ബന്ധമുള്ള ചിലര്‍ കേസ് നടത്തുന്നതിലേക്ക് സഹായം നല്‍കിയിട്ടുണ്ടെന്നും വി എസ് പറഞ്ഞിട്ടുണ്ട്. സംഭാവനകളും ധനപരമായ സഹായവും സ്വീകരിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ള പാര്‍ട്ടിയാണ് സി പി എം. ഈ മാനദണ്ഡങ്ങള്‍ ലംഘിച്ച് വ്യക്തി എന്ന നിലക്ക് സഹായങ്ങള്‍ എങ്ങനെ സ്വീകരിച്ചുവെന്ന് വ്യക്തമാക്കേണ്ട ബാധ്യതയും അദ്ദേഹത്തിനുണ്ട്.
ഇതേ ഇരട്ടത്താപ്പും അവസരവാദവും മിക്കവാറും പ്രശ്‌നങ്ങളില്‍ കാണാനാവും. പി കെ കുഞ്ഞാലിക്കുട്ടി ആരോപണവിധേയനായ കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ നീതിക്കു വേണ്ടി തുടക്കത്തില്‍ പോരാടിയിരുന്നത് അജിതയെപ്പോലുള്ള അപൂര്‍വം ആളുകളായിരുന്നു. അന്ന് സി പി എമ്മും അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാറും സ്വീകരിച്ച നടപടികള്‍ക്കെല്ലാം വി എസ്സിന്റെ മൗനാനുവാദമുണ്ടായിരുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പുപോരില്‍ ആയുധമാക്കാനാവുമെന്ന് കണ്ടപ്പോഴാണ് ഐസ്‌ക്രീം കേസില്‍ വി എസ്സിന്റെ സജീവ ഇടപെടലുണ്ടായതെന്നത് മറക്കാന്‍ പ്രായമാവാത്ത ചരിത്രമാണ്. ചുരുക്കത്തില്‍ പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന എ കെ ഗോപാലനോട് ഇപ്പോള്‍ താരതമ്യം ചെയ്യപ്പെടുന്ന വി എസ് എന്ന നേതാവ് ഞാന്‍ എന്ന വാക്കിന്റെ തടവിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പറയേണ്ടിവരും. അതില്‍ നിന്ന് അ ദ്ദേഹം മുക്തനാവാത്ത കാലത്തോളം തുടര്‍ന്നുള്ള ഇടതുമുന്നണി ഭരണവും വിവാദ സമൃദ്ധമാവുമെന്ന് ഉറപ്പ്.
അപ്പുറത്ത്, പരമ്പരാതമായി പിന്തുണക്കുന്ന വിഭാഗങ്ങളെ പിണക്കാതെ തന്നെ ക്രിസ്‌ത്യന്‍, മുസ്‌ലിം വിഭാഗങ്ങളിലേക്കും പുതുതലമുറയിലേക്കും കടന്നുകയറി അധികാരം ഉറപ്പിക്കാന്‍ അടവും തന്ത്രവും പരീക്ഷിക്കുന്ന തിരക്കിലാണ് പാര്‍ട്ടി നേതൃത്വം. അതിന്റെ ഭാഗമായുള്ള എല്ലാ അഴുക്കും അവര്‍ക്കൊപ്പമുണ്ടാവുന്നുമുണ്ട്. ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുയര്‍ത്തുന്നവരെയെല്ലാം വി എസ് പക്ഷമായി മാറ്റിനിര്‍ത്തുകയും ചെയ്യുന്നു. പാര്‍ട്ടിയെ കൂടെനിര്‍ത്തേണ്ട ആവശ്യമില്ലെന്ന് കരുതുന്ന `ഞാന്‍' മാത്രമായ നേതാവും ജനത്തെ അഭിമുഖീകരിക്കേണ്ടതിന്റെ ആവശ്യകത മറന്നുപോയ പാര്‍ട്ടിയും തമ്മിലുള്ള കലഹം. രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് വിശ്വസിക്കുന്നതില്‍ അബദ്ധം ഏറെയുണ്ട്.
അധികാരത്തിന്‍ പുറത്തിരിക്കുമ്പോള്‍ അധികാരം കയ്യാളുന്നവരെ വിമര്‍ശിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ആ അധികാരം കയ്യാളുമ്പോള്‍ താന്‍ മുമ്പ് ഉന്നയിച്ച വിഷയങ്ങളില്‍ എന്ത് നിലപാട് സ്വീകരിച്ചു എന്നതായിരിക്കും അയാളെ വിലയിരുത്തുന്നതില്‍ ജനംസ്വീകരിക്കുന്ന മാനദണ്ഡം. കിളിരൂര്‍, ഏ ഡി ബി ലാവ്ലിന്‍ എന്നു തുടങ്ങി എല്ലാ വിഷയങ്ങളും അച്ചുദാനന്ദന്‍ എന്ന ഫ്രോഡിനെ തൊലിയുരിച്ചു കാണിക്കുന്ന വിഷയങ്ങളാണ്. പാര്‍ട്ടി തന്‍റെ സത്യസന്ധമായ നിലപാടുകള്‍ക്ക് പിന്തുണ നല്‍കുന്നില്ല എന്ന് വിലപിക്കുമ്പോള്‍ താന്‍ ഇത്രയും കാലം കാണിച്ച പ്രതിപക്ഷ നേതാവിന്‍റെ നിലപാടിന്‍ സാധൂകരണം നല്‍കാന്‍ ഇത്രയും കാലം കാണിച്ച യാത്രയുടെ അത്രയും ബുദ്ധിമുട്ടില്ല, തനിക്ക് ഈ സംവിധാനത്തില്‍ നില്‍ക്കാന്‍ കഴിയില്ല അതുകൊണ്ട് രാജിവെച്ചൊഴിയുന്നു, എന്നിട്ട് ജനങ്ങളിലേക്കിറങ്ങട്ടെ. സമയം അധിക്രമിച്ചിരിക്കുന്നു, അധികാരത്തിന്‍റെ മധുരം വളരെയേറെ കുടിച്ചികഴിഞ്ഞിരിക്കുന്നു അച്ചുദാനന്ദ്നും ഇപ്പോള്‍.
ReplyDeleteഇത്രയൊക്കെയായിട്ടും അച്ചുദാന്ദന്‍റെ സ്വീകര്യത കുറഞ്ഞിട്ടില്ല എന്നത് കണക്കുപ്രകാരം ശരിയായിരിക്കാം, പക്ഷെ അതിന്‍ മറ്റൊരു വശം കൂടിയുണ്ട്, അത് ഒന്നുകില്‍ അച്ചുദാനന്ദന്‍ പാര്‍ട്ടിയെ വിഘടിപ്പിക്കുന്നത് വരേയും അല്ലെങ്കില്‍ മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പു വരേയും ഉള്ളൂ. കാരണം ഈ ക്രിത്രിമമായ പിന്തുണ പാര്‍ട്ടി ശത്രുക്കളുടേതു കൂടിയാണ്, അവര്‍ക്ക് അച്ചുദാനന്ദന്മാര്‍ ശത്രുപാളയങ്ങളില്‍ വേണം. ലെനിനിസ്റ്റ് പാര്‍ട്ടിയുടെ ക്രൂരത, ജനവിരോധം അഴിമതി എന്നിവ ജനങ്ങള്‍ക്കറിയാനും ഇത്തരത്തിലുള്ള മാധ്യമ സൃഷ്ടികള്‍ അത്യാവശ്യം തന്നെയാണ്.
വൈദ്യുതി നിലയങ്ങളുടെ അറ്റകുറ്റപ്പണിക്ക് എസ് എന്‍ സി ലാവ്‌ലിനുമായി കരാറുണ്ടാക്കാന്‍ തീരുമാനിച്ചത് പിണറായി വിജയന്‍ ഒറ്റക്കാണെന്ന് സി പി എമ്മിന്റെ സംഘടനാ രീതി അറിയാവുന്നവര്‍ ആരും സമ്മതിക്കുമെന്ന് തോന്നുന്നില്ല. കരാറുണ്ടാക്കാന്‍ തീരുമാനിച്ചപ്പോഴും വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലുണ്ട്.
ReplyDeleteJoke of the year. In CPIM Ellam Pinarayi mayam.
People knew this mere fact. After math of election that is why they started VS is behind parties defeat. I am not agreeing what all stand taken by VS. But he shows some respect to peoples feelings where as pinaryi does not respect, though he mock at the face of people.
വൈദ്യുതി നിലയങ്ങളുടെ അറ്റകുറ്റപ്പണിക്ക് എസ് എന്‍ സി ലാവ്‌ലിനുമായി കരാറുണ്ടാക്കാന്‍ തീരുമാനിച്ചത് പിണറായി വിജയന്‍ ഒറ്റക്കാണെന്ന് സി പി എമ്മിന്റെ സംഘടനാ രീതി അറിയാവുന്നവര്‍ ആരും സമ്മതിക്കുമെന്ന് തോന്നുന്നില്ല.
ReplyDeleteപക്ഷെ വി എസ് പാര്‍ട്ടി സെക്രട്ടറിയും ഇടതു മുന്നണി കണ്‍വീനറുമായിരുന്ന സമയത്ത്, എടുത്ത എല്ലാ തീരുമാനങ്ങളും വി എസ് ഒറ്റക്കാണ്. അന്ന് സി പി എമ്മിന്റെ സംഘടനാ രീതി വേറൊന്നായിരുന്നു, ലോകാരംഭത്തിനും മുമ്പുള്ള ഏതോ യുഗത്തിലെ ഒരു രീതി.
http://communistkerala.blogspot.com/2009/06/blog-post_04.html
ReplyDeleteപ്രതിപക്ഷ നേതാവായ വി എസ് അല്ല, മുഖ്യമന്ത്രി വി എസ് എന്ന് നാലു വര്‍ഷമായി കേരളം കാണുകയാണ്. എങ്കിലും ഇന്ന് കേരളത്തില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന രാഷ്‌ട്രീയ നേതാവ് വി എസ് ആണെന്നതില്‍ തകര്‍ക്കമില്ല. കടത്തുകാരന്റെ കമന്റ് വായിച്ചു. അല്‌പം കൂടിപ്പോയില്ലേ എന്ന് സംശയം.
ReplyDeleteപ്രതിപക്ഷ നേതാവായ വി എസ് അല്ല, മുഖ്യമന്ത്രി വി എസ് എന്ന് നാലു വര്‍ഷമായി കേരളം കാണുകയാണ്. എങ്കിലും ഇന്ന് കേരളത്തില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന രാഷ്‌ട്രീയ നേതാവ് വി എസ് ആണെന്നതില്‍ തകര്‍ക്കമില്ല. കടത്തുകാരന്റെ കമന്റ് വായിച്ചു. അല്‌പം കൂടിപ്പോയില്ലേ എന്ന് സംശയം.
ReplyDeleteപറയാന്‍ വന്നത് കടത്തുകാരന്‍ പറഞ്ഞു.
ReplyDelete“വരിക ധീരാ പറക ധീരാ”(?) എന്ന കവിത ആവര്‍ത്തിച്ച് ബാക്ഗ്രൌണ്ടില്‍ ചേര്‍ത്ത് ഇറക്കിയ ഒരു 2006 ഇലക്ഷന്‍ കാല സി.ഡി ഷെല്ഫിലിരുന്ന് ചിരിക്കുന്നു. വിപ്ലവനായകനു സീറ്റുകൊടുക്കാത്തതില്‍ പ്രതിഷേധിച്ച് അയ്ച്ച എസ്.എം.എസുകളുടെ മൊബൈല്‍ ബില്ലും !
എന്തര് ധീരാ ?!
ചെറിയ തെറ്റുകള് പെരുപ്പിച്ച് കാണിക്കുമ്പോള് വലിയ തെറ്റുകള് കാണാതെ പോകരുത്.
ReplyDeleteദയവായി ഇതൊന്ന് വായിക്കു>> വി എസ്
http://ramasathadhara.blogspot.com/2008/11/blog-post_19.html
സുരേഷ്, ആലപ്പുഴ.
VS should be punished with strict action, it's the n'th number of act from him.. nobody should behave beyond a limit..
ReplyDelete