2009-06-01

കാപട്യങ്ങളുടെ യാത്രാമൊഴി!


ഇന്ത്യന്‍ സമൂഹത്തില്‍ പുരുഷന്മാരായ എഴുത്തുകാര്‍ മാത്രം കൈകാര്യം ചെയ്‌തിരുന്ന ലൈംഗികത ഒരു വനിതയുടെ രചനയില്‍ ഉണ്ടാവുക. എഴുതിയത്‌ മലയാളിയായ യുവതിയും. ഒളിഞ്ഞുനോട്ടത്തിന്റെ കാര്യത്തില്‍ സ്ഥിരോത്സാഹികളായ മലയാളികള്‍ യുവതിയായ രചയിതാവിന്റെ ജീവിതം എഴുത്തില്‍ ദര്‍ശിക്കാന്‍ ശ്രമിച്ചു. പരദൂഷണത്തില്‍ മലയാളിക്കുള്ള താത്‌പര്യത്തില്‍ കച്ചവട സാധ്യത കണ്ട മാധ്യമങ്ങള്‍ അത്‌ വിവാദമായി വളര്‍ത്തി. അങ്ങിനെ കമലാദാസ്‌ എന്ന മാധവിക്കുട്ടി എന്ന കമല സുരയ്യ വിവാദങ്ങളുടെ സഹയാത്രികയായി. ഏറിയും കുറഞ്ഞും ലൈംഗികത കൈകാര്യം ചെയ്‌ത പുരുഷ എഴുത്തുകാരുടെ കാര്യത്തിലൊന്നും ഇത്തരം വിവാദങ്ങളുണ്ടായില്ല എന്നത്‌ മലയാളികളുടെ ഗൂഢതാത്‌പര്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്‌തു. സ്വകാര്യ ജീവിതത്തിന്റെ അരികുകള്‍ ചികഞ്ഞ്‌ വിവാദങ്ങളുയര്‍ത്തി ധ്വന്യാത്മകമായ `ഫീച്ചറു'കളിലൂടെ വായനക്കാരുടെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ചുകൊടുത്തു മാധ്യമങ്ങള്‍. ഒടുവില്‍ മതം മാറാന്‍ തീരുമാനിച്ചപ്പോള്‍ പ്രണയത്തിന്റെയും പുനര്‍വിവാഹത്തിന്റെയും സാധ്യതകള്‍ അവര്‍ ചര്‍ച്ചചെയ്‌തു. അതേ മാധ്യമങ്ങള്‍ ഇപ്പോള്‍ തിരിഞ്ഞിരുന്ന്‌ `മലയാളത്തിന്റെ പ്രിയകഥാകാരി'യെന്ന്‌ ഉദകക്രിയ ചെയ്യുകയാണ്‌. ഇത്‌ അല്‍പ്പകാലം കൂടി തുടരും.


മതമൗലികവാദം
എഴുത്തുകളിലോ നിലപാടുകളിലോ ഒരിക്കല്‍പോലും ഹൈന്ദവ നിലപാടുകള്‍ പുലര്‍ത്തിയിട്ടില്ലാതിരുന്ന മാധവിക്കുട്ടി, കലമാ സുരയ്യയായി മാറിയപ്പോള്‍ ഭാരതീയ വിചാര കേന്ദ്രം പോലുള്ള സംഘപരിവാര്‍ സംഘടനകള്‍ക്കും പി പരമേശ്വരനെപ്പോലുള്ള നേതാക്കള്‍ക്കും അവര്‍ മുസ്‌ലിം മതമൗലിക വാദികളുടെ കൈയില്‍ പെട്ടുപോയെന്ന ആശങ്കകളുണ്ടായി. ലോകമറിഞ്ഞ മൗലികതയുള്ള എഴുത്തുകാരിയെ മനുഷ്യനെന്നതിലുപരി ഹിന്ദുവായി കാണാനായിരുന്നു ഇവര്‍ക്ക്‌ താത്‌പര്യം. മരണത്തിന്‌ ശേഷവും ഇത്തരം ആളുകള്‍ മതമൗലികതയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നത്‌ കാണാതിരിക്കാനാവില്ല. വിശ്വാസം വ്യക്തിനിഷ്‌ഠമാണെന്ന അടിസ്ഥാനകാര്യം അംഗീകരിക്കാന്‍ ഇക്കൂട്ടര്‍ക്ക്‌ ഒരിക്കലും കഴിയുമെന്ന്‌ തോന്നുന്നില്ല. മാധവിക്കുട്ടിയുടെ ആശയങ്ങളോട്‌ ഒരിക്കല്‍പോലും യോജിക്കാന്‍ കഴിയുമായിരുന്നില്ല സംസ്ഥാനത്തെ പ്രബല മുസ്‌ലിം സംഘടനകള്‍ക്കൊന്നും. പക്ഷേ, ഇസ്‌ലാം സ്വീകരിക്കാന്‍ തയ്യാറായതോടെ കമല സുരയ്യ അവരുടെ എല്ലാം സ്വന്തമായി മാറി. പ്രമുഖയായ ഒരു എഴുത്തുകാരി സ്വന്തം മതത്തിലേക്ക്‌ വരുമ്പോള്‍ സ്വാഭാവികമായുണ്ടായ പ്രതികരണമായി ഇതിനെ കാണാം. പക്ഷേ, രോഗബാധിതയായ സുരയ്യയെ പൂനെയില്‍ പോയി കണ്ടതിനെക്കുറിച്ച്‌ ലേഖനമെഴുതാനും അവരുട ഭൗതിക ശരീരത്തിനൊപ്പം സഞ്ചരിക്കാനും ചിലര്‍ തയ്യാറായപ്പോള്‍ കമലയെ സ്വന്തം സംഘടനയുടെ ഭാഗമാക്കി മാറ്റാന്‍ ശ്രമിക്കുകയാണോ എന്ന സംശയം ഉയര്‍ന്നു. ഈ രണ്ടു കൂട്ടരും കാപട്യത്തിന്റെ ഇരു വശങ്ങള്‍ മാത്രമാണെന്ന്‌ വിലയിരുത്തേണ്ടിവരും.


ഫെമിനിസം
പെണ്ണെഴുത്ത്‌, സ്‌ത്രീപക്ഷ രചനകള്‍ എന്നിവയുടെ പേരില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു മലയാളത്തില്‍. ഫെമിനിസ്റ്റുകളുടെ നീണ്ട നിര ഉയര്‍ന്നുവരികയും ചെയ്‌തു. പക്ഷേ, ഇവരില്‍ ഒരാള്‍ക്കുപോലും മാധവിക്കുട്ടിയുടെ മൗലികത അവകാശപ്പെടാനാവില്ല എന്നതാണ്‌ യാഥാര്‍ഥ്യം. സൂര്യനെല്ലിയിലെ പെണ്‍കുട്ടിക്കു നേര്‍ക്കുണ്ടായ സമാനതകളില്ലാത്ത ലൈംഗിക അതിക്രമം ചര്‍ച്ചയായ കാലത്ത്‌ ബലാത്സംഗം എന്നത്‌ ശാരീരികമായ ആക്രമണം മാത്രമാണെന്നും ഡെറ്റോളൊഴിച്ച്‌ കഴുക്കിക്കളഞ്ഞാല്‍ തീരാവുന്ന കളങ്കമേ അതുവഴി സംഭവിക്കുന്നുള്ളൂ എന്ന്‌ മാധവിക്കുട്ടി പറഞ്ഞിരുന്നു. (1996-97ല്‍ തൃശൂര്‍ പി ജി സെന്ററില്‍ നടത്തിയ പ്രഭാഷണം) പീഡനം, മാനഭംഗം, ചാരിത്ര്യനഷ്‌ടം തുടങ്ങിയ പദാവലികള്‍ കൊണ്ട്‌ വിശേഷിപ്പിച്ച്‌ ജീവിതാന്ത്യം വരെ കളങ്കിതയായി തുടരേണ്ടിവരുന്ന അവസ്ഥയുണ്ടാവരുതെന്ന മുന്‍ ധാരണയോടെയായിരുന്നു മാധവിക്കുട്ടി ഇത്‌ കേവലം ശാരീരികമായ ആക്രമണമാണെന്നും മറ്റ്‌ ശാരീരി കയ്യേറ്റങ്ങളെപ്പോലെ മാത്രം ഇതിനെ ഗൗനിച്ച്‌ നീതി നടപ്പാക്കിയാല്‍ മതിയെന്നും അഭിപ്രായപ്പെട്ടത്‌. പക്ഷേ, `രാത്രി സ്വന്തമാക്കല്‍' പോലെ `വിപ്ലവ സമരങ്ങള്‍ക്ക്‌' നേതൃത്വം നല്‍കുന്ന ഫെമിനിസ്റ്റുകളൊന്നും ഈ ആശയത്തെ 

ജനമനസ്സിലെത്തിക്കാന്‍ പണിപ്പെട്ടില്ല.
പുരുഷന്റെ ലൈംഗിക അതിക്രമത്തിന്‌ ഇരയായ പെണ്‍കുട്ടിക്ക്‌ സര്‍ക്കാര്‍ നഷ്‌ടപരിഹാരവും മറ്റും ആവശ്യപ്പെട്ട്‌ നഷ്‌ടപ്പെട്ടത്‌ അമൂല്യമായ ചാരിത്ര്യമാണെന്നും ജീവിതം ഇതോടെ നശിച്ചുവെന്നുമുള്ള പരമ്പരാഗത ധാരണ രൂഢമൂലമാക്കാനാണ്‌ അവര്‍ ശ്രമിച്ചത്‌. ഇത്തരം പിന്തിരിപ്പന്‍ ആശയങ്ങള്‍ രൂഢമൂലമായതോടെ പെണ്‍കുട്ടികള്‍ സ്വന്തം `നാശ'ത്തെക്കുറിച്ച്‌ കൂടുതല്‍ ബോധവതികളായി. ഉപദ്രവിച്ച പുരുഷന്‍മാരില്‍ നിന്ന്‌ വന്‍തുക കൈപ്പറ്റി കോടതികളില്‍ മൊഴിമാറ്റാനും രഹസ്യമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാനും അവരില്‍ പലരും തയ്യാറായി. തനിക്കൊന്നും നഷ്‌ടപ്പെട്ടിട്ടില്ലെന്നും അതിക്രമം നടത്തിയ പുരുഷന്‍മാരെ ശിക്ഷിക്കുകയാണ്‌ വേണ്ടതെന്നും പരസ്യമായി പറയാന്‍ ചിലരെങ്കിലും തയ്യാറായിരുന്നുവെങ്കില്‍ ഇത്രയധികം ലൈംഗിക അതിക്രമ കേസുകള്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല എന്ന്‌ തോന്നുന്നു. ഫെമിനിസ്റ്റുകളുടെ പ്രിയങ്കരിയായി എഴുത്തുകാരിയായി മാധവിക്കുട്ടി ഇപ്പോഴും തുടരുന്നുമുണ്ട്‌.


മതംമാറ്റം
ഇംഗ്ലീഷിലാണ്‌ മാധവിക്കുട്ടി എഴുതിത്തുടങ്ങിയത്‌. പിന്നീട്‌ മലയാളത്തില്‍ എഴുതിയതിനൊക്കെ ഇംഗ്ലീഷ്‌ പരിഭാഷയുമുണ്ടായി. പൊതു സമൂഹത്തില്‍ അവരുടെ രചനകള്‍ ധാരാളം വായിക്കപ്പെട്ടു. അപ്പോഴും അവര്‍ക്ക്‌ മുസ്‌ലിം സ്‌ത്രീകളുമായി സംവദിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്‌ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ ഖുറാന്‍ വ്യക്തമായി പറയുന്നുണ്ടെങ്കിലും വചനങ്ങള്‍ വ്യാഖ്യാനിച്ച പുരുഷ പണ്ഡിതര്‍ സ്‌ത്രീകളുടെ അസ്വാതന്ത്ര്യമാണ്‌ പ്രാവര്‍ത്തികമാക്കിയത്‌. ഇതില്‍ നിന്നൊരു മാറ്റമുണ്ടാവണമെങ്കില്‍ സ്വന്തം അവകാശങ്ങളെക്കുറിച്ച്‌ മുസ്‌ലിം സ്‌ത്രീകള്‍ അറിയണമായിരുന്നു. അതിന്‌ തന്റെ രചനകള്‍ ഏതെങ്കിലും തരത്തില്‍ പ്രയോജനപ്പെടണമെന്ന്‌ അവര്‍ കരുതിയിരിക്കണം. മുസ്‌ലിം മുഖ്യധാരയിലെ സംഘടനകളും പ്രസ്ഥാനങ്ങളും അംഗീകരിക്കാത്തിടത്തോളം തന്റെ രചനകള്‍ ആ സമൂഹത്തില്‍ സ്വീകാര്യമാവില്ല എന്നതും അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. അതുകൊണ്ടാണ്‌ ഇസ്‌ലാം സ്വീകരിക്കാനും അതുവഴി തന്റെ ആശയങ്ങള്‍ ആ വിഭാഗത്തിലെ സ്‌ത്രീകളില്‍ എത്തിക്കാനും ശ്രമിച്ചത്‌ എന്ന്‌ വിലയിരുത്തേണ്ടിവരും. അതില്‍ ഒരുപരിധിവരെ അവര്‍ വിജയിച്ചുവെന്നതിന്‌ തെളിവാണ്‌ സംഘടനകളുടെ നേതൃത്വത്തിലുള്ളവര്‍ ഇപ്പോള്‍ കാണിക്കുന്ന മമതയില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌.
ഇസ്‌ലാം സ്വീകരിച്ചതോടെ അവരുടെ കൃതികള്‍ അറബിയിലേക്ക്‌ മൊഴിമാറ്റം ചെയ്യപ്പെട്ടു. അതിലൂടെ ലഭിക്കാനിടയുള്ള വരുമാനത്തെക്കുറിച്ചും ബുദ്ധിമതിയായ മാധവിക്കുട്ടി ചിന്തിച്ചിരിക്കണം. ഇത്‌ അവമതിക്കാന്‍ എഴുതുന്നതല്ല. മറിച്ച്‌ അവരുടെ കഴിവും ബുദ്ധിയും അംഗീകരിക്കാനാണ്‌.


ഇപ്പോള്‍ നടക്കുന്നത്‌ - പതിവ്‌ കാപട്യവും നാട്യവും അഴിഞ്ഞാടുകയാണ്‌. ഈ അഴിഞ്ഞാട്ടമാണ്‌ കമലാ സുരയ്യക്ക്‌ നല്‍കുന്ന യാത്രാമൊഴി.

3 comments:

  1. പണത്തിനാവശ്യമില്ലാത്ത സമയത്ത് പണത്തിനുവേണ്ടിയൊരു വിശ്വാസമാറ്റം.. പ്രശസ്തിയാവശ്യമില്ലാത്ത സമയത്ത് പ്രശസ്തിക്കുവേണ്ടിയുള്ള പരവേശം...
    ഒരു മഹാകവയിത്രിയെ മനസ്സിലാക്കുന്നതില്‍ നമുക്ക് പറ്റിയ മാനസിക രോഗം., അതെ ആ രോഗത്തിന്‍ സമയകാല സ്ഥലകാലഭേദങ്ങളില്ല.

    ReplyDelete
  2. വിശ്വാസത്തിന്‍റെ കാപഠ്യം ഒരു നിമിഷം പോലും കാത്തു സൂക്ഷിക്കുവാനാകാത്ത മനുഷ്യന്‍ പത്ത് വര്‍ഷത്തോളം വിശ്വാസിയാകാന്‍ കഴിയുമെങ്കില്‍ അതുതന്നെയല്ലെ സുഹൃത്തേ കാപഠ്യത്തിന്‍റെദൌര്‍ഭല്യവും വിശ്വാസത്തിന്‍റെ ആഴവും..

    ReplyDelete
  3. രാജീവ്, വളരെ നല്ലൊരു ലേഖനം. അവരുടെ താല്പര്യം എന്തായിരുന്നു എന്നത് അവര്‍ക്ക് മാത്രമേ അറിയൂ എങ്കിലും, ഇവിടെ ഇപ്പോള്‍ നടമാടുന്നത് കാപട്യം തന്നെ ആണെന്ന് വ്യക്തം. അവര്‍ പ്രശസ്തയായതിനു ശേഷമല്ല മതം മാറിയതെങ്കില്‍, ആ തുറന്നെഴുത്തുകള്‍ ഉണ്ടാകുമായിരുന്നോ എന്നും വിശ്വാസികള്‍ തന്നെ ഒന്നു ചിന്തിക്കുക.

    ReplyDelete