2019-10-23

ഭാരത (ഭീരുത്വ) രത്‌ന


വിനായക് ദാമോദര്‍ സവര്‍ക്കറെന്ന പേരിനേക്കാള്‍ പരിചിതം വീര്‍ സവര്‍ക്കറെന്നതാണ്. വീരത്വമെന്തെന്നറിയാതെ തന്നെ അങ്ങനെ അഭിസംബോധന ചെയ്യുന്നവരാണ് അധികവും. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ പോരാട്ടത്തില്‍ കാണിച്ച അസാമാന്യ ധൈര്യത്തിന് രാഷ്ട്രം ചാര്‍ത്തിക്കൊടുത്തതാണ് പേരിന് മുന്നിലെ വിശേഷണപദമെന്ന് കരുതുന്നവരും ധാരാളമുണ്ടാകും. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ ജീവന്‍ പണയം വെച്ച് പോരടിക്കുന്ന സൈനികര്‍ക്ക് പരംവീര്‍ ചക്രമൊക്കെ നല്‍കുന്നതുപോലെ. രാജ്യ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ സന്നദ്ധനായ വ്യക്തിയെന്ന് വിശേഷിപ്പിച്ചാണ് എ ബി വാജ്പേയുടെ നേതൃത്വത്തില്‍ എന്‍ ഡി എ അധികാരത്തിലിരിക്കെ സവര്‍ക്കറുടെ ചിത്രം പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ച് ആദരവ് പ്രകടിപ്പിച്ചത്. അതുപോരെന്ന തോന്നലുള്ളതു കൊണ്ടാണ് ഇപ്പോള്‍ പരമോന്നത ബഹുമതിയായ ഭാരത രത്ന നല്‍കണമെന്ന് ആവശ്യപ്പെടുന്നത്.


മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബി ജെ പി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് സവര്‍ക്കര്‍ക്ക് ഭാരത രത്ന സമ്മാനിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന വാഗ്ദാനം. ഭാരത രത്നത്തിന് സര്‍വഥാ യോഗ്യനാണ് സവര്‍ക്കറെന്നും അര്‍ഹരായ പലര്‍ക്കും ഭാരത രത്ന സമ്മാനിക്കാന്‍ രാജ്യത്തെ ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ തയ്യാറായില്ലെന്നും ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കറിന് ഭാരത രത്ന സമ്മാനിക്കുന്നത് വൈകിയത് അതുകൊണ്ടാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതര ബി ജെ പി നേതാക്കളും പടിപടിയായി മൊഴിയുകയും ചെയ്തു.


സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കണമെന്ന ആവശ്യമുന്നയിക്കുന്നതിനൊപ്പം ബഹുമതി വൈകിപ്പിച്ച് അംബേദ്കറെ കോണ്‍ഗ്രസ് അപമാനിച്ചെന്ന ആരോപണമുന്നയിച്ചപ്പോള്‍ ബി ജെ പി ലക്ഷ്യമിട്ടത് രണ്ട് കാര്യങ്ങളാണ്. മറാത്ത വികാരമുണര്‍ത്താന്‍ ഇപ്പോഴും ഉപയോഗിക്കപ്പെടുന്ന ശിവജിയുടെ അനുയായിയെന്ന് സ്വയം വിശേഷിപ്പിച്ച സവര്‍ക്കര്‍ക്ക് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കാന്‍ ആവശ്യപ്പെടുന്നതിലൂടെ ഒരു കാലത്ത് മറാത്ത വികാരത്തിന്റെ മൊത്തക്കച്ചവടക്കാരായിരുന്ന ശിവസേനയുടെ അവശേഷിക്കുന്ന വോട്ടുബേങ്കിനെ കൂടുതല്‍ ഭിന്നിപ്പിക്കുക എന്നതാണ് ഒന്ന്. അംബേദ്കറെ കോണ്‍ഗ്രസ് അപമാനിച്ചെന്ന ആരോപണം ഉന്നയിക്കുന്നതിലൂടെ കൂടുതല്‍ സംഘടിതമാകുന്ന ദളിത് രാഷ്ട്രീയത്തെ ആശയക്കുഴപ്പത്തിലാക്കുക എന്നതും. ഇതെത്രത്തോളം സാധിക്കുമെന്നതിലൊക്കെ തര്‍ക്കമുണ്ടാകാം. പക്ഷേ ആശയക്കുഴപ്പം സൃഷ്ടിച്ചോ അവാസ്തവങ്ങളോ അര്‍ധ വാസ്തവങ്ങളോ നുണകളോ പ്രചരിപ്പിച്ചോ മുതലെടുക്കാന്‍ സംഘ്പരിവാര ശക്തികള്‍ക്കുള്ള (പൊതുവില്‍ ഫാസിസ്റ്റുകള്‍ക്കെല്ലാമുള്ള) സവിശേഷ പ്രാവീണ്യം കണക്കിലെടുക്കുമ്പോള്‍ ലക്ഷ്യവേധം നടക്കില്ലെന്ന് കരുതേണ്ട തന്നെ.


'വീര' സവര്‍ക്കറിലേക്ക് തിരികെ വന്നാല്‍, ഭാരത രത്നത്തിന് അദ്ദേഹം എന്തുകൊണ്ടും അര്‍ഹനാണെന്ന് തന്നെ പറയേണ്ടിവരും. രാഷ്ട്രപിതാവായിരുന്ന മഹാത്മാഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപണ വിധേയനാകുകയും അത് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തത് കൊണ്ടുമാത്രം കോടതി വിട്ടയക്കുകയും ചെയ്ത വ്യക്തിക്ക് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടെന്ന് മാത്രമേ ചോദ്യമുള്ളൂ. രാഷ്ട്രപിതാവ് വെടിയേറ്റ് വീഴുമ്പോള്‍ മധുര പലഹാരം വിതരണം ചെയ്തിരുന്നു രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രവര്‍ത്തകര്‍. ഗാന്ധി വധത്തിലെ പങ്കിന്റെ പേരില്‍ ആര്‍ എസ് എസ് നിരോധിക്കപ്പെടുകയും ചെയ്തു. ആ സംഘടനയാല്‍ നിയന്ത്രിക്കപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടി രാജ്യത്തിന്റെ ഭരണത്തിന് നേതൃത്വം നല്‍കുമ്പോള്‍ സവര്‍ക്കറെ അല്ലാതെ ആരെയാണ് ആദരിക്കേണ്ടത്?
ലോക്സഭയില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടി നരേന്ദ്ര മോദി പ്രധാനമന്ത്രി പദമേറിയ 2014ല്‍ തന്നെ സവര്‍ക്കറെ ഭാരത രത്ന വിഭൂഷിതനാക്കേണ്ടതായിരുന്നു. അതുണ്ടായില്ലെന്നതില്‍ ഖേദ പ്രകടനം നടത്തുക കൂടി വേണം.


രാഷ്ട്രപിതാവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് വിധേയനായി വിചാരണ നേരിട്ടുവെന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല സവര്‍ക്കറുടെ വീരത്വം. അതങ്ങ് പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയതാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം ബ്രിട്ടീഷുകാര്‍ ഭംഗിയായി പയറ്റിയതോടെ ആവര്‍ത്തിക്കപ്പെട്ട വര്‍ഗീയ കലാപങ്ങളിലൊന്നിന്റെ തുടര്‍ച്ചയില്‍ ഏതാനും കൂട്ടാളികള്‍ക്കൊപ്പം മുസ്ലിം പള്ളിക്ക് കല്ലെറിഞ്ഞ കാലത്ത്. അന്ന് പന്ത്രണ്ടാം വയസ്സില്‍ പേരിന് മുന്നില്‍ ചേര്‍ക്കപ്പെട്ടതാണത്രെ 'വീര്‍' എന്ന വിശേഷണം. അത്തരം വീരന്‍മാര്‍ക്ക് തീരെ സഹിക്കാന്‍ സാധിക്കാത്തതായിരുന്നു ആചാര ലംഘനം. ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യയും ഒടുങ്ങണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്ന 'മഹത്തരമായ' ആചാരത്തെ ബ്രിട്ടീഷുകാര്‍ നിരോധിച്ചത് ഹൈന്ദവ ആചാരങ്ങളെയാകെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് തിരിച്ചറിഞ്ഞ് ആചാര ലംഘകരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് വീരന്‍ നിശ്ചയിച്ചു. അങ്ങനെ തുടങ്ങിയ ബ്രിട്ടീഷ് വിരോധം, നാസിക് കളക്ടറെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായെന്ന കേസില്‍ അറസ്റ്റിലായി 50 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ആന്‍ഡമാന്‍ നിക്കൊബാര്‍ ദ്വീപുകളിലെ തടവറയിലെത്തിയപ്പോള്‍ അവസാനിച്ചു.


അധിനിവേശത്തോടുള്ള വിധേയത്വവും വീരത്വമെന്ന തിരിച്ചറിവുണ്ടായി. ബ്രിട്ടീഷ് സാമ്രാജ്യത്തെ എതിര്‍ത്തത് തെറ്റായിപ്പോയെന്നും. തെറ്റ് മനസ്സിലാക്കിയാല്‍ മാപ്പ് ചോദിക്കുന്നതാണ് വീരത്വം.
ബ്രിട്ടീഷ് സാമ്രാജ്യത്തോട് മാപ്പുചോദിച്ച് 'വീര' സവര്‍ക്കറെഴുതിയ കത്തുകള്‍ പിന്നീട് ചരിത്രത്തിന്റെ ഭാഗമായി. ചെയ്ത തെറ്റിനൊക്കെ മാപ്പ് ചോദിക്കുക മാത്രമല്ല, പിന്നീടുള്ള 'നല്ല നടപ്പ്' വാഗ്ദാനം ചെയ്യുകയും ചെയ്തു. ഏത് ഉപാധിയും സ്വീകാര്യമെന്ന് ആവര്‍ത്തിച്ച് അറിയിച്ചു. ഏറ്റവും അവസാനമെഴുതിയ മാപ്പപേക്ഷയില്‍ വീരനായ താന്‍ മാത്രമല്ല സഹോദരനും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കല്‍പ്പനകള്‍ അനുസരിച്ച് കൊള്ളാമെന്നും എവിടേക്കൊക്കെ പോകുന്നുവെന്നതും എന്തൊക്കെ ചെയ്യുന്നുവെന്നതും അധികാരികളെ യഥാസമയം അറിയിച്ചുകൊള്ളാമെന്നുമൊക്കെ സമ്മതിച്ചിരുന്നു. ഇതൊരു കീഴടങ്ങലായി വേണമെങ്കില്‍ തോന്നാം. പക്ഷേ, എവിടെയൊക്കെ പോകും, എന്തൊക്കെ ചെയ്യുമെന്നൊക്കെ മുന്‍കൂട്ടി അറിയിച്ച് സ്വാതന്ത്ര്യ സമരം നടത്തുക എന്നതിലെ വീരത്വം അതൊന്ന് വേറെയാണ്.


ആ ധൈര്യം ആരും മനസ്സിലാക്കുന്നില്ലെന്ന് തോന്നിയപ്പോള്‍ ജീവിതകഥ എഴുതി മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ നിശ്ചയിച്ചു. ആത്മകഥ, ജീവചരിത്രമായി പ്രസിദ്ധീകരിക്കാനുള്ള വീരത്വവും ഒരുപക്ഷേ ആദ്യം കാട്ടിയത് സവര്‍ക്കറായിരുന്നു. ആ ജീവചരിത്രത്തിലൂടെയാണ് മറാത്ത രാജവംശ സ്ഥാപകന്‍ ശിവജിയുടെ അനുയായിയും പന്ത്രണ്ടാം വയസ്സില്‍ തന്നെ 'വീര' പട്ടം ചാര്‍ത്തിക്കിട്ടുകയും ചെയ്ത അസാമാന്യ വീരനായ 'വീര്‍ സവര്‍ക്കര്‍' പ്രതിഷ്ഠിക്കപ്പെട്ടത്. ജീവചരിത്രം യഥാര്‍ഥത്തില്‍ ആത്മകഥയായിരുന്നുവെന്ന് അതിന്റെ പ്രസാധകര്‍ തന്നെ പില്‍ക്കാലം വെളിപ്പെടുത്തിയെങ്കിലും അപ്പോഴേക്കും സവര്‍ക്കറേക്കാള്‍ വലിയ വീരന്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു, ഹിന്ദുത്വ വാദികള്‍ക്ക്.


ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ പില്‍ക്കാലം നടന്ന ശ്രമങ്ങളിലൊന്നും വീര സവര്‍ക്കറുടെ പങ്കാളിത്തം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സ്വാതന്ത്ര്യത്തിനുള്ള വഴി സായുധ സമരത്തിലൂടെയെന്ന് വാദിച്ച സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുണ്ടാക്കാന്‍ ഓടി നടക്കുമ്പോള്‍ ബ്രിട്ടീഷ് സൈന്യത്തിലേക്ക് ആളെക്കൂട്ടാന്‍ അശ്രാന്ത പരിശ്രമം നടത്തുകയായിരുന്നു സവര്‍ക്കര്‍. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ദര്‍ശനത്തിലുള്ള ഭാരതത്തിന് രൂപം നല്‍കാന്‍ ബ്രിട്ടീഷ് ആധിപത്യം നിലനിന്നേ മതിയാകൂ എന്ന് തിരിച്ചറിഞ്ഞിരുന്നു ആ വീരന്‍. അപ്പോള്‍ പിന്നെ സ്വാതന്ത്ര്യത്തിന് വാദിക്കുന്ന ഇന്ത്യക്കാരായ 'വിഡ്ഢി'കളെ ഇല്ലാതാക്കാനുള്ള സൈന്യത്തെ സജ്ജമാക്കുകയെന്നതല്ലാതെ വീരന്റെ ധര്‍മമെന്ത്?
ഇതിനൊക്കെയല്ലെങ്കില്‍ പിന്നെയെന്തിനാണ് ഭാരത രത്ന സമ്മാനിക്കേണ്ടത്?


പില്‍ക്കാലത്ത് ഗാന്ധി വധത്തിന്റെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായപ്പോഴും പണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിനെഴുതിയത് പോലൊരു കത്ത് സവര്‍ക്കര്‍ എഴുതി, സ്വതന്ത്ര ഭാരതത്തിലെ ഭരണാധികാരികള്‍ക്ക്. തടവിലാക്കാതെയിരുന്നാല്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്ന കാലത്തോളം രാഷ്ട്രീയ പ്രവര്‍ത്തനം നടത്താതിരിക്കാം, വര്‍ഗീയത വളര്‍ത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാം എന്നൊക്കെ വാഗ്ദാനം ചെയ്തു. കൈയില്‍ വിലങ്ങ് വീഴുമെന്ന് ഉറപ്പാകുമ്പോള്‍ മാപ്പപേക്ഷിച്ച് തടി രക്ഷിക്കുന്നതാണ് വീരത്വം.


രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി മാത്രമല്ല, ആര്‍ എസ് എസ് വിഭാവനം ചെയ്യുന്ന രാഷ്ട്രത്തിന്റെ പിതൃത്വം പോലും സവര്‍ക്കര്‍ക്ക് അവകാശപ്പെട്ടതാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ തുടര്‍ച്ചയില്‍ വീര പദവി നേടിയ സവര്‍ക്കര്‍ തന്നെയാണ് അവരുടെ തന്ത്രത്തെ പൂര്‍ണമായി നടപ്പാക്കിക്കൊടുക്കാന്‍ പാകത്തില്‍ രണ്ട് രാഷ്ട്രമെന്ന സിദ്ധാന്തം ആദ്യം അവതരിപ്പിച്ചത്. അതിനെ തെളിഞ്ഞ വര്‍ഗീയതയില്‍ വ്യാഖ്യാനിച്ച് ഹിന്ദുവും മുസല്‍മാനും രണ്ട് രാഷ്ട്രമെന്ന് പ്രഖ്യാപിച്ചത് സവര്‍ക്കറായിരുന്നു - ഹിന്ദുത്വത്തെ വിശകലനം ചെയ്തുള്ള പുസ്തകത്തില്‍. ഈ സിദ്ധാന്തമാണ് 1937ല്‍ ഹിന്ദു മഹാസഭ അവരുടെ രാഷ്ട്രീയ പ്രമേയമായി അംഗീകരിച്ചത്. അധികാരത്തില്‍ അര്‍ഹമായ പങ്കാളിത്തം അനുവദിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വം നിയന്ത്രിച്ചിരുന്ന സവര്‍ണ ഹൈന്ദവര്‍ ഒരിക്കലും തയ്യാറാകില്ലെന്ന തിരിച്ചറിവില്‍ മുസ്ലിം ലീഗെന്ന രാഷ്ട്രീയ കക്ഷിയുണ്ടാക്കി ഇറങ്ങിയ മുഹമ്മദലി ജിന്നയും കൂട്ടരും രണ്ട് രാജ്യങ്ങളെന്ന ആവശ്യമുന്നയിച്ചത് പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞായിരുന്നു. ആ നിലക്ക് രാഷ്ട്രീയ സ്വയം സേവക് സംഘ് ലക്ഷ്യമിടുന്ന ഹിന്ദു രാഷ്ട്രം സ്ഥാപിതമാകുമ്പോള്‍ അതിന്റെ രാഷ്ട്രപിതാവാകാന്‍ സവര്‍ക്കറെക്കാള്‍ യോഗ്യന്‍ മറ്റാരുമില്ല തന്നെ.


ഗാന്ധി വധത്തിലെ സവര്‍ക്കറുടെ പങ്കിനെക്കുറിച്ച്, നരേന്ദ്ര മോദിയുള്‍പ്പെടെ ബി ജെ പിയുടെയും മോഹന്‍ ഭഗവത് മുതല്‍ സംഘ്പരിവാരത്തിന്റെയും നേതാക്കളൊക്കെ വാഴ്ത്തുന്ന സര്‍ദാര്‍ പട്ടേല്‍ എഴുതി വെച്ചത് ഇപ്പോഴും ഇന്ത്യന്‍ സര്‍ക്കാറിന്റെ ശേഖരത്തിലുണ്ടാകും. (അതെല്ലാം വൈകാതെ നശിപ്പിച്ച് കളയാന്‍ മോദിയും ഷായും നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് എഴുതുന്നത്) ഹിന്ദു മഹാസഭയില്‍ സവര്‍ക്കറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുണ്ടായിരുന്ന തീവ്ര യാഥാസ്ഥിതിക വിഭാഗമാണ് ഗാന്ധി വധം ആസൂത്രണം ചെയ്തതും അത് നടപ്പാകുന്നുവെന്ന് ഉറപ്പാക്കിയതുമെന്നാണ് പട്ടേലിന്റെ വാക്കുകള്‍. ഇതൊരു സര്‍ട്ടിഫിക്കറ്റായെടുത്താല്‍ അത് മാത്രം മതി ഭാരത രത്നക്ക് യോഗ്യതയാകാന്‍. ഹിന്ദു -മുസ്ലിം ഐക്യത്തിനായി മരണം വരെ നിരാഹാരമനുഷ്ഠിക്കാന്‍ മടി കാണിക്കാതിരുന്ന, സവര്‍ക്കറെപ്പോലുള്ളവരുടെ ആഗ്രഹത്തിന്റെ തുടര്‍ച്ചയായിക്കൂടി പിറന്ന പാക്കിസ്ഥാന് ഇന്ത്യയുടെ ഖജനാവില്‍ നിന്ന് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട, അതിലേക്ക് അന്നത്തെ ഭരണകൂടത്തെ നിര്‍ബന്ധിതമാക്കിയ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന സര്‍ട്ടിഫിക്കറ്റിനപ്പുറം മറ്റെന്ത് വേണം രത്ന വിഭൂഷിതനാകാന്‍.

2019-10-21

പെരുന്നയ്ക്ക് ശൗര്യം പകരുന്നവര്‍


ഏതാണ്ട് ഒരു ദശകം മുമ്പത്തെ കഥയാണ്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചപ്പോള്‍ അര്‍ഹമായ വിഹിതം നായര്‍ സമുദായത്തിന് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍ എസ് എസ്) പരിഭവം പറഞ്ഞു. കേന്ദ്ര മന്ത്രിസഭയിലെ (രണ്ടാം യു പി എ സര്‍ക്കാര്‍) പ്രതിനിധികളെ നിശ്ചയിച്ചപ്പോഴും സമുദായത്തിന് അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന് കെറുവിക്കുകയും ചെയ്തു. അക്കാലം പി കെ നാരായണപ്പണിക്കരായിരുന്നു എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയെങ്കിലും കൈകാര്യകര്‍തൃത്വം ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. എന്തായാലും പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയും കെ പി സി സിയുടെ പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയും പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തേക്ക് പാഞ്ഞെത്തി.


ആ സമയം കേരളം ഭരിച്ചിരുന്ന വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന കടന്നപ്പള്ളി രാമചന്ദ്രനും ഏതാണ്ട് അതേസമയം പെരുന്നയിലെത്തിയിരുന്നു. ദേവസ്വം ബോര്‍ഡുകളുടെ രൂപവത്കരണത്തില്‍ എന്‍ എസ് എസ് നേതൃത്വത്തിന്റെ അഭിപ്രായം തേടുകയായിരുന്നു കടന്നപ്പള്ളിയുടെ സന്ദര്‍ശനോദ്ദേശ്യം. മന്ത്രിയുടെ സന്ദര്‍ശനം മുന്‍കൂട്ടി നിശ്ചയിച്ചതാകാം. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ അന്നും ഇന്നും നിയന്ത്രിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സന്ദര്‍ശനം പൊടുന്നനെയായിരുന്നു. സമുദായത്തെ അവഗണിച്ചുവെന്ന് പെരുന്നയിലെ ആശാന്‍മാര്‍ പൊരുന്നിയപ്പോള്‍ ഇരിക്കപ്പൊറുതിയില്ലാതെയായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. എന്‍ എസ് എസ് നേതൃത്വം കെറുവിച്ചാല്‍ പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ തിരിച്ചടിയുണ്ടാകുമെന്ന (അബദ്ധ) ധാരണ മാത്രമാണ് ഇവരെ നയിച്ചത് എന്ന് വ്യക്തം. എന്‍ എസ് എസ്സിന്റെ സമ്മേളനം പ്രമാണിച്ച്, 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച കേരള യാത്ര മാറ്റിവെക്കാന്‍ പോലും ആലോചിച്ച രമേശ് ചെന്നിത്തല, സമുദായ നേതൃത്വം അസംതൃപ്തി പരസ്യമായി പ്രകടിപ്പിക്കുമ്പോള്‍ ഉലഞ്ഞു പോകുക സ്വാഭാവികം.


ദേവസ്വം ബോര്‍ഡുകള്‍ എങ്ങനെ രൂപവത്കരിക്കണമെന്നതില്‍ നിയമമനുശാസിക്കുന്ന മാനദണ്ഡങ്ങളുണ്ട്. അതനുസരിച്ച് രൂപവത്കരിക്കുന്ന ബോര്‍ഡ് നിയമപ്രകാരം നിക്ഷിപ്തമായ ചുമതലകള്‍ നിര്‍വഹിച്ചാല്‍ മതിയാകും. എന്നിട്ടും എന്‍ എസ് എസ് നേതൃത്വത്തിന്റെ അഭിപ്രായം തേടാന്‍ മന്ത്രി നേരിട്ടെത്തിയത് എന്തുകൊണ്ടാകും? കടന്നപ്പള്ളി രാമചന്ദ്രന്റെ വ്യക്തിപരമായ തീരുമാനമനുസരിച്ചോ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ (എസ്) തീരുമാനമനുസരിച്ചോ ആകില്ല ഈ സന്ദര്‍ശനം. മറിച്ച് മന്ത്രിസഭയെ നിയന്ത്രിക്കുന്ന എല്‍ ഡി എഫിന്റെയും എല്‍ ഡി എഫിനെ നിയന്ത്രിക്കുന്ന സി പി ഐ (എം) യുടെയും തീരുമാനമനുസരിച്ചല്ലാതെ വരാന്‍ തരമില്ല.

സംബന്ധോദ്യുക്തരായ നമ്പൂതിരിമാരുടെ ചൂട്ടുകറ്റ പാളുന്നത് കാണുമ്പോള്‍ വാതിലോടാമ്പല്‍ നീക്കേണ്ടിവന്നിരുന്ന നായര്‍ കുടുംബങ്ങളുടെ ദുര്‍ഗതി മാറ്റാനും സമുദായത്തിലെ പുതു തലമുറക്ക് വിദ്യാഭ്യാസത്തിനും സാമൂഹിക - സാമ്പത്തിക പുരോഗതിക്കും വഴിയൊരുക്കാനും വേണ്ടിയാണ് മന്നത്ത് പത്മനാഭന്‍ എന്‍ എസ് എസ്സിന് രൂപം നല്‍കിയത്. നായര്‍ സമുദായത്തേക്കാള്‍ മോശമാണ് താഴേത്തട്ടിലുള്ള മറ്റ് സമുദായങ്ങളുടെ സ്ഥിതിയെന്ന ബോധ്യം അന്നദ്ദേഹത്തിനുണ്ടായിരുന്നു. അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് വൈക്കം ക്ഷേത്രത്തിലേക്കുള്ള പാതകളിലൂടെ സഞ്ചരിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടുള്ള സമരത്തില്‍ അദ്ദേഹം പങ്കെടുത്തത് അതുകൊണ്ടാണ്. ക്ഷേത്ര പ്രവേശന വിളംബരത്തിലേക്ക് വഴിതുറന്ന ജാതി വ്യവസ്ഥക്കെതിരായ സമരത്തിന്റെ ഭാഗമായതും.

എന്നാല്‍ 1957ല്‍ അധികാരത്തിലേറിയ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ സര്‍ക്കാര്‍ ഭൂപരിഷ്‌കരണത്തിനും വിദ്യാഭ്യാസ പരിഷ്‌കരണത്തിനും നിയമങ്ങള്‍ കൊണ്ടുവന്നതോടെ മന്നത്തിന്റെ നിലപാട് മാറി. കിട്ടാവുന്ന ജാതി മത സംഘടനകളെ കൂട്ടിപ്പിടിച്ച്, കോണ്‍ഗ്രസിന്റെ സമൂല പങ്കാളിത്തത്തോടെ അരങ്ങേറിയ വിമോചന സമരത്തിന്റെ സര്‍വ സൈന്യാധിപനായി അദ്ദേഹം. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. മുന്‍കാലത്ത് സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന മന്നവും എന്‍ എസ് എസ്സും പിന്നീട് തികഞ്ഞ ജനാധിപത്യ വിരുദ്ധതയുടെയും സവര്‍ണ മേല്‍ക്കോയ്മ ഉദ്‌ഘോഷിക്കുന്ന വര്‍ഗീയതയുടെയും ഒപ്പമായി. വിമോചന സമരകാലത്തെ ഈ പാരമ്പര്യമാണ് പിന്നീട് എന്‍ എസ് എസ് ഏതാണ്ടെല്ലായിപ്പോഴും പിന്തുടര്‍ന്നത്. ആ സംഘടനയെ പ്രീണിപ്പിക്കാനോ പിണക്കാതെ നോക്കാനോ ആണ് പില്‍ക്കാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുള്‍പ്പെടെ ശ്രമിച്ചതും. വിമോചന സമരത്തിന്റെ നേതൃപദവിയിലുണ്ടായിരുന്നതു കൊണ്ട് കോണ്‍ഗ്രസിന് അതൊരു അനിവാര്യതയുമായി. 


പരിഭവം തീര്‍ക്കാനും ഇംഗിതം അറിയാനും പെരുന്നയിലേക്ക് പാഞ്ഞെത്തിയ രാഷ്ട്രീയ നേതൃത്വം തന്നെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇല്ലാത്ത വലുപ്പം എന്‍ എസ് എസ് മേധാവിമാര്‍ക്ക് നല്‍കിയത്. അതിന്റെ തുടര്‍ച്ചയാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ ആകെ വോട്ടര്‍മാരില്‍ 45 ശതമാനം നായര്‍ സമുദായാംഗങ്ങളാണെന്നും അവരുടെ വോട്ട് ശബരിമലയിലെ ആചാര സംരക്ഷണത്തിന് (വിശ്വാസ സംരക്ഷണമെന്നേ ജി സുകുമാരന്‍ നായര്‍ പറയൂ. വിശ്വാസവും ആചാരവും തമ്മിലുള്ള അന്തരമറിയാത്ത സമുദായാംഗങ്ങള്‍ അത് തൊണ്ട തൊടാതെ വിഴുങ്ങട്ടെ) ഉതകും വിധത്തില്‍ നിലപാടെടുത്തവര്‍ക്കായിരിക്കുമെന്നും പ്രഖ്യാപിക്കുമ്പോള്‍ ഇല്ലാത്ത വലുപ്പം ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണ് എന്‍ എസ് എസ് നേതൃത്വം.

2011ലെയും 2016ലെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ തരക്കേടില്ലാത്ത ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിന് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ മണ്ഡലവും. ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിക്കാനുള്ള സാധ്യത മുന്നില്‍ക്കാണുന്നതിന് ഈ കണക്കുകള്‍ തന്നെ ധാരാളം. വോട്ടര്‍ പട്ടികയിലെ നായര്‍ സമുദായാംഗങ്ങളുടെ കണക്ക് പരിഗണിച്ച്, വട്ടിയൂര്‍ക്കാവില്‍ (പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലം) ആ സമുദായത്തിലെ അംഗത്തെ തന്നെ സ്ഥാനാര്‍ഥിയാക്കുന്നതാണ് മുന്നണികളുടെ പതിവ്. അതിലൊരു മാറ്റം ഇക്കുറി ഇടതു മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി പി ഐ (എം) വരുത്തിയതോടെ മത്സരരംഗത്ത് ശേഷിക്കുന്ന നായന്‍മാരില്‍ 'ആഢ്യത്വം' കല്‍പ്പിക്കപ്പെടുന്നവനായിരിക്കും സമുദായാംഗങ്ങളുടെ വോട്ട് എന്നതുമുറപ്പ്. ആചാര സംരക്ഷണക്കാര്‍ക്ക് പിന്തുണയെന്ന് പ്രഖ്യാപിച്ച്, വട്ടിയൂര്‍ക്കാവില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ കരയോഗാംഗങ്ങളോട് നിര്‍ദേശിക്കുമ്പോള്‍ സുനിശ്ചിതമായ വിജയത്തിന്റെ മുഖ്യ ഉത്തരവാദിത്തം എന്‍ എസ് എസ്സില്‍ ഉറപ്പിക്കുക എന്ന തന്ത്രമേ സുകുമാരന്‍ നായര്‍ക്കുള്ളൂ. അതുവഴി വിലപേശല്‍ ശക്തി കൂട്ടുക എന്നതും. അഥവാ വട്ടിയൂര്‍ക്കാവില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ മറ്റ് ജാതി - മത ശക്തികളെല്ലാം യോജിച്ച് നായരെ തോല്‍പ്പിച്ചുവെന്ന് വിലപിച്ച് സമുദായ വികാരം ജ്വലിപ്പിക്കാന്‍ ശ്രമിക്കുകയുമാകാം. 


നേരിട്ടും അല്ലാതെയും രാഷ്ട്രീയത്തില്‍ ഇടപെടുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ സമുദായ കാര്‍ഡ് കളിക്കുകയും ചെയ്യുന്നതില്‍ എന്‍ എസ് എസ്സിനോളം വരില്ല മറ്റൊരു സംഘടനയും. ശക്തമായ വോട്ടു ബേങ്കെന്ന ഇവരുടെ അവകാശവാദത്തില്‍ കഴമ്പൊന്നുമില്ലെന്ന് ഓരോ തിരഞ്ഞെടുപ്പിലും തെളിയുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികളുടെ പെരുന്ന പ്രണാമത്തില്‍ കുറവുണ്ടാകുന്നില്ല. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി 2016ല്‍ എല്‍ ഡി എഫ് അധികാരത്തിലേറിയ ശേഷം, പെരുന്നയിലേക്ക് ഇടതുവശം ചേര്‍ന്നുള്ള യാത്രകള്‍ കുറഞ്ഞിട്ടുണ്ടെന്നത് വസ്തുതയാണ്.


എങ്കിലും ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലെ പത്ത് ശതമാനം മുന്നാക്ക സംവരണവും, മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന നിലപാടും, യു ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റിനെ പിരിച്ചുവിട്ട് പുതിയ അംഗങ്ങളെ നിശ്ചയിച്ചപ്പോള്‍ ജി സുകുമാരന്‍ നായരുടെ മകള്‍ സുജാതയെ മാത്രം നിലനിര്‍ത്തിയതുമൊക്കെ എന്‍ എസ് എസ് നേതൃത്വത്തെ അനുനയിപ്പിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയായിരുന്നു. മുഖ്യമന്ത്രി നേരിട്ട് പെരുന്നയിലെത്തി വണങ്ങാത്തതിലുള്ള അരിശം പക്ഷേ, ഇതുകൊണ്ടൊന്നും തീരുന്നതല്ല. 
കണിച്ചുകുളങ്ങര ദേവസ്വത്തിലെത്തി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാമെങ്കില്‍ സവര്‍ണനായ തന്നെ കാണാന്‍ പെരുന്നയില്‍ വന്നാലെന്തെന്ന ചിന്ത, മന്നം സമാധിയില്‍ ചെരുപ്പിട്ട് കയറിയെന്ന കാരണം പറഞ്ഞ് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ 'മുട്ടുകുത്തിച്ച' കാര്യസ്ഥന്‍മാര്‍ക്കുണ്ടാകുക സ്വാഭാവികം. മന്നം സമാധിക്ക് മുന്നില്‍ വന്നുനിന്ന് താന്‍ ആശീര്‍വദിച്ച നാമജപ ഘോഷയാത്രയെ അവഗണിച്ച്, ശബരിമലയുടെ കാര്യത്തില്‍ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രിയോട് ക്ഷമിക്കുക അസാധ്യവുമാണ്. അതിലും വലുതാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുണ്ടാക്കി തലപ്പത്ത് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും കെ പി എം എസ് നേതാവ് പുന്നല ശ്രീകുമാറിനെയും ഇരുത്തിയപ്പോഴുണ്ടായ രോഷം. അതിനൊക്കെ പ്രതികാരം ചെയ്‌തെന്ന് പൊതു സമൂഹത്തിന് മുന്നില്‍ വീമ്പിളക്കാന്‍ വട്ടിയൂര്‍ക്കാവിലോളം എളുപ്പവഴി വേറെയില്ല.

ആചാര സംരക്ഷണത്തിന് നിലപാടെടുത്തു എന്ന പേരില്‍ പിന്തുണ പ്രഖ്യാപിക്കപ്പെട്ടതിലും എന്‍ എസ് എസ് കരയോഗങ്ങള്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ വേദിയായതിലും അത്യുത്സാഹം കൊള്ളുന്നുണ്ട് കോണ്‍ഗ്രസ് നേതാക്കള്‍. തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന ബി ഡി ജെ എസ് എന്ന പാര്‍ട്ടി എന്‍ ഡി എ മുന്നണിയില്‍ തുടരുകയും ആ പാര്‍ട്ടിയുമായി അടുത്ത ബന്ധമാണ് തങ്ങള്‍ക്കിപ്പോഴുമെന്ന് ബി ജെ പി നേതാക്കള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന കാലത്തോളമേ പെരുന്നയില്‍ നിന്നുള്ള ശരിദൂരം കെ പി സി സി ആസ്ഥാനത്തേക്കുണ്ടാകൂ. അത് മാറിയാല്‍ ശരിദൂരം ഭാവി മുഖ്യമന്ത്രിയുടെ ഓഫീസിന് വരെ സ്ഥലമിട്ട തിരുവനന്തപുരത്തെ ബി ജെ പി ഓഫീസിലേക്കാകും. ജന്മിയായ നമ്പൂതിരിയുടെ കാര്യസ്ഥമാണ് പാരമ്പര്യം. അധികാരമുള്ള സവര്‍ണന്റെ കാര്യസ്ഥത്തിലാണ് ഭാവി. അതിലേക്ക് സമുദായത്തെ നയിക്കാനുദ്ദേശിക്കുന്നവരുടെ ഇടത്താവളം മാത്രമാണ് വട്ടിയൂര്‍ക്കാവ്.

2019-10-14

ഭഗവാനില്‍ നിന്ന് ഭാഗവതുമാരിലേക്ക് എത്തുന്ന ആള്‍ക്കൂട്ടം


ആര്‍ഷ ഭാരതത്തില്‍ ആള്‍ക്കൂട്ട ആക്രമണമോ? അതും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ചൈനയുടെ പ്രസിഡന്റ് സി ജിന്‍പിംഗിനെയും വലത്തും ഇടത്തുമിരുത്താന്‍ കരുത്തുള്ള നേതാവ് രാജ്യം ഭരിക്കുമ്പോള്‍! പുരാണ നാടകങ്ങളിലെപ്പോലെ അസംഭവ്യമെന്ന് ഗര്‍ജിക്കേണ്ടിവരും. അത്തരം സംഗതികള്‍ നടക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ആര്‍ഷ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമാണ്. ആള്‍ക്കൂട്ട ആക്രമണമെന്ന പ്രയോഗത്തിന്റെ ഉദയം വൈദേശിക മത ഗ്രന്ഥങ്ങളില്‍ നിന്നാണ്. മഗ്ദലന മറിയത്തെ കല്ലെറിഞ്ഞു കൊല്ലാന്‍ ആള്‍ക്കൂട്ടം തീരുമാനിച്ചതിനെക്കുറിച്ച് പറയുന്നത് ബൈബിളാണ്. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ എന്ന് വിധിച്ച് മറിയത്തിന്റെ ജീവന്‍ രക്ഷിച്ച യേശു ക്രിസ്തുവിന് കുരിശു മരണം വിധിക്കപ്പെടുമ്പോള്‍ അവനെ ക്രൂശിക്കൂ എന്ന് ആര്‍ത്തലച്ച ആള്‍ക്കൂട്ടവും ബൈബിളിലേതാണ്.


അതിനാല്‍ നീതിന്യായ വിചാരണക്ക് പുറത്ത് ശിക്ഷവിധിക്കാന്‍ പാകത്തിലുള്ള ആള്‍ക്കൂട്ടമോ വിധിക്കപ്പെട്ട ശിക്ഷ വേഗത്തില്‍ നടപ്പാക്കാന്‍ ആക്രോശിക്കുന്ന ആള്‍ക്കൂട്ടമോ ആര്‍ഷ ഭാരതത്തിന്റെ സൃഷ്ടിയേയല്ല! ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്ന് പറയുന്നതോ അത്തരം ആക്രമണങ്ങള്‍ തടയാന്‍ പ്രധാനമന്ത്രി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയക്കുന്നതോ ആര്‍ഷ ഭാരതത്തെ അവഹേളിക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗം തന്നെ. അത്തരക്കാര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം, വിചാരണ ചെയ്ത് ശിക്ഷിക്കണം. ബീഹാറിലെ മുസഫര്‍പൂര്‍ കോടതി ഈ വഴിക്ക് സ്വീകരിച്ച നടപടികള്‍ എല്ലാവരും മാതൃകയാക്കേണ്ടതുമാണ്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സംഘടിതമായി നടക്കുന്ന ശ്രമങ്ങളെ ചൂണ്ടിക്കാണിച്ച, അത്തരം ശ്രമങ്ങളെ രാജ്യദ്രോഹമായി കാണണമെന്ന് നിയമ പാലന - നീതി നിര്‍വഹണ സംവിധാനത്തോട് പരോക്ഷമായി ആവശ്യപ്പെട്ട രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സര്‍ സംഘചാലകിന്റെ അഭിപ്രായത്തോട് 'രാജ്യസ്നേഹി'കള്‍ക്ക് യോജിക്കാതെ തരമില്ല.


സര്‍ സംഘ ചാലക് മോഹന്‍ ഭഗവത് എന്തുകൊണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടുവെന്നത് വര്‍ത്തമാന കാലത്തിലും ആര്‍ എസ് എസ് മഹത്തരമായി കാണുന്ന പുരാണേതിഹാസങ്ങളുടെ കാലത്തിലും പരിശോധിക്കപ്പെടേണ്ടതാണ്. വര്‍ത്തമാന കാലത്ത്, എന്നുവെച്ചാല്‍ 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി കേവല ഭൂരിപക്ഷത്തോടെ കേന്ദ്രാധികാരം പിടിച്ച കാലം മുതലിങ്ങോട്ട് പല കാരണങ്ങളാല്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അരങ്ങേറിയതായി ആരോപണമുണ്ട്. അതിലേറെയും ഗോരക്ഷയുമായി ബന്ധപ്പെട്ടുള്ളതാണ്. കശാപ്പിനായി കാലികളെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നോ മാംസത്തിനായി പശുവിനെ കശാപ്പ് ചെയ്തുവെന്നോ ഗോമാംസം സൂക്ഷിച്ചുവെന്നോ ഒക്കെ ആരോപിച്ച് അരങ്ങേറിയവ. ഗോമാംസം ഭക്ഷിക്കുന്നവരെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം കൈകാര്യം ചെയ്യുകയും അതിനിടയില്‍ കൊലക്കത്തിക്ക് പാളിയ സംഭവവുമുണ്ട്. ഇതിനെയൊക്കെ ആള്‍ക്കൂട്ട ആക്രമണമായി ചിത്രീകരിച്ച് 'ഭാരത'ത്തിന്റെ യശോധാവള്യത്തിന് മേല്‍ കരി തേക്കുന്നതിനോട് യാതൊരു യോജിപ്പുമില്ല. കാരണം ഇവയൊന്നും പൊടുന്നനെ ഒന്നിക്കുന്ന ആള്‍ക്കൂട്ടം പ്രകോപിതരായി നടത്തുന്ന ആക്രമണമല്ല തന്നെ.


ഗോ സംരക്ഷണത്തിനെന്ന പേരില്‍ ഗുണ്ടകളെ സജ്ജരാക്കുന്നതും അവരെ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുന്നതും തികച്ചും ആസൂത്രിതമായാണ്. അവരെ വെറും ആള്‍ക്കൂട്ടങ്ങളെന്ന് വിശേഷിപ്പിക്കുമ്പോള്‍ ഗോ സംരക്ഷണത്തിനെന്ന പേരില്‍ ഗുണ്ടകളെ സൃഷ്ടിക്കുന്നതിന്റെ ലക്ഷ്യത്തില്‍ വെള്ളം ചേര്‍ക്കുകയാണ് ചെയ്യുന്നത്. അതില്‍പ്പരം ആര്‍ഷ ഭാരതത്തിന് അപകീര്‍ത്തികരമായി മറ്റെന്തുണ്ട്? ഗോ സംരക്ഷണമെന്നതിനെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആയുധമായി വളര്‍ത്തിയെടുത്ത്, ന്യൂനപക്ഷങ്ങളും ദളിതുകളും ഗോ വധത്തിന് മടിക്കാത്തവരാണെന്ന ധാരണ വളര്‍ത്തി, അവരെ ആക്രമിച്ച്, വെറുപ്പ് വളര്‍ത്തി അധികാരം നിലനിര്‍ത്താന്‍ സംഘടിതമായി ശ്രമം നടക്കുന്നതിനെ ആള്‍ക്കൂട്ട ആക്രമണമെന്ന് ചുരുക്കിക്കാണാനേ സാധിക്കില്ല!


മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ ഹിന്ദു രാഷ്ട്രമാക്കാന്‍ പല തലങ്ങളില്‍ നടക്കുന്ന ശ്രമങ്ങളില്‍ ഒന്നായ 'ഗോ സംരക്ഷണ യജ്ഞ'ത്തെ ആള്‍ക്കൂട്ട ആക്രമണമെന്ന പൊതു സംജ്ഞക്ക് കീഴില്‍ ഉള്‍പ്പെടുത്തുന്നതിനെ ഒരു നിലക്കും അംഗീകരിക്കാനുമാകില്ല. അതുകൊണ്ടാണ് ആ ശ്രമത്തെ ആര്‍ എസ് എസ് മേധാവി എതിര്‍ക്കുന്നത്. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെടുന്നതാണ് ഇതൊക്കെ എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ സാരം. അതിനെ ഉള്‍ക്കൊള്ളാന്‍ പാകത്തിലേക്ക് 'രാജ്യ സ്നേഹി'കളായി മാറാന്‍ ജനത തയ്യാറാകേണ്ടതിന്റെ ആവശ്യകതയിലാണ് ഊന്നല്‍. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പാര്‍ലിമെന്റില്‍ പ്രസംഗിച്ചാല്‍ പോര, തടയാന്‍ ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടതെന്ന് പ്രധാനമന്ത്രിയെ തെര്യപ്പെടുത്താന്‍ ശ്രമിച്ചവരുടെ മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ തീരുമാനിച്ചപ്പോള്‍ നീതിന്യായ സംവിധാനം പ്രകടിപ്പിച്ചതും ഇതേ വികാരമാണ്. (കേസ് ഒഴിവാക്കാന്‍ പിന്നീട് തീരുമാനിച്ചത് ഗൗരവത്തിലെടുക്കേണ്ട. നല്‍കേണ്ട സന്ദേശം നല്‍കിക്കഴിഞ്ഞാല്‍ പിന്നെ ചുവടല്‍പ്പം പിറകിലേക്ക് വലിക്കുന്നതില്‍ തെറ്റില്ലെന്നാണ് ചതുരുപായക്കാരുടെ പ്രമാണം)


രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ നാഥുറാം ഗോഡ്സെ വെടിവെച്ചുകൊന്നുവെന്ന വിവരമറിഞ്ഞപ്പോള്‍ ആര്‍ എസ് എസ്സിന്റെ നാഗ്പൂര്‍ ആസ്ഥാനത്ത് ആഘോഷങ്ങള്‍ അരങ്ങേറിയെന്നാണ് അക്കാലം അവിടം സന്ദര്‍ശിച്ച വാര്‍ത്താ ഏജന്‍സിയുടെ ലേഖകന്‍ ഓര്‍മിക്കുന്നത്. ഗാന്ധിയെ വധിച്ചെന്ന വിവരമറിഞ്ഞപ്പോള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മധുരപലഹാരം വിതരണം ചെയ്തുവെന്ന് രേഖപ്പെടുത്തിവെച്ചത്, സാക്ഷാല്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലാണ്. സംഘ് പാരമ്പര്യത്തിലെ ഇളകാത്ത കണ്ണിയായിരുന്നുവെന്ന് സ്ഥാപിച്ചെടുക്കാന്‍ നരേന്ദ്ര മോദി മുതലിങ്ങോട്ടുള്ള തീവ്രഹിന്ദുത്വ വാദികളെല്ലാം ശ്രമിക്കുന്ന അതേ സര്‍ദാര്‍ പട്ടേല്‍. ആള്‍ക്കൂട്ട ആക്രമണത്തിലല്ല, ആസൂത്രിതമായ അക്രമത്തിലാണ് താത്പര്യമെന്നും അത്തരം അക്രമത്തിന് വേണ്ടി ആക്രോശിക്കുന്നതിലല്ല ആസൂത്രണം ചെയ്ത് നടപ്പാക്കിയതിന് ശേഷമുള്ള ആഘോഷത്തിലാണ് താത്പര്യമെന്നും മനസ്സിലാക്കാന്‍ ഇതിലപ്പുറമെന്ത് വേണം.


സ്വാതന്ത്ര്യാനന്തരം രാജ്യത്ത് അരങ്ങേറിയ ചെറുതും വലുതുമായ വര്‍ഗീയ കലാപങ്ങളില്‍ ഏതാണ്ടെല്ലാറ്റിന്റെയും ആസൂത്രണത്തില്‍ ആര്‍ എസ് എസ്സിന് പങ്കുണ്ടെന്ന് എഴുതി വെച്ചിരിക്കുന്നത് തുടര്‍ന്ന് നടന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുകളിലാണ്. ആള്‍ക്കൂട്ട ആക്രമണങ്ങളിലല്ല, സംഘര്‍ഷങ്ങള്‍ ആസൂത്രിതമായി സൃഷ്ടിച്ച് അതിന്റെ വര്‍ഗീയ ലാഭം കൊയ്യുക എന്നതിലാണ് താത്പര്യമെന്നതിന് ഇതിലപ്പുറം തെളിവെന്ത് വേണം. 2002ലെ ഗുജറാത്ത് വംശഹത്യാ ശ്രമത്തിലും സംഗതി ഭിന്നമായിരുന്നില്ല. ഭൂരിപക്ഷത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരമുണ്ടാക്കണമെന്ന് നിര്‍ദേശിച്ച്, പോലീസിനെ നിര്‍വീര്യമാക്കി നിര്‍ത്തി, കണ്‍ട്രോള്‍ റൂമിലേക്ക് മന്ത്രിമാരെ നിയോഗിച്ച് അക്രമികള്‍ക്ക് തുറന്ന അവസരമുണ്ടാക്കിക്കൊടുത്ത് സംഘടിപ്പിക്കപ്പെട്ട വംശഹത്യാ ശ്രമത്തെ, ആള്‍ക്കൂട്ടത്തിന്റെ രോഷം പൊട്ടിയൊഴുകിയതാണെന്ന് ചിത്രീകരിച്ചാല്‍ അംഗീകരിക്കാനാകുമോ? കൂട്ടക്കുരുതി തടയാന്‍ ഉടന്‍ പട്ടാളത്തെ ഇറക്കണമെന്ന രാഷ്ട്രപതിയുടെ നിര്‍ദേശം തള്ളിക്കളഞ്ഞത്, അരങ്ങേറുന്നത് ആള്‍ക്കൂട്ട ആക്രമണമല്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണല്ലോ!  ഇതൊക്കെയിങ്ങനെ മുന്നില്‍ നില്‍ക്കെ, ആള്‍ക്കൂട്ട ആക്രമണമെന്ന പദമുപയോഗിച്ച് 'ഭാരത'ത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ സര്‍ സംഘ ചാലക് നോക്കിനില്‍ക്കുവതെങ്ങനെ?


ആള്‍ക്കൂട്ട ആക്രമണത്തെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം വൈദേശിക മത ഗ്രന്ഥത്തിലാണെന്ന വാദവും അംഗീകരിക്കപ്പെടണം. ആര്‍ഷ ഭാരതത്തിന്റെ അടിസ്ഥാനമെന്ന നിലക്ക് സംഘ്പരിവാരം വ്യാഖ്യാനിക്കുന്ന പുരാണേതിഹാസങ്ങളില്‍ ആള്‍ക്കൂട്ട ആക്രമണമെന്ന് വ്യാഖ്യാനിക്കാവുന്ന സംഗതികളുണ്ടോ എന്നറിയില്ല. പക്ഷേ, അധികാരമുറപ്പിക്കാന്‍ നടത്താവുന്ന ഏത് നീച കൃത്യങ്ങളുടെയും ഉദാഹരണങ്ങള്‍ അവിടെ കാണാം. അതില്‍ മനുഷ്യനെന്നോ ദേവനെന്നോ വ്യത്യാസവുമില്ല. ഭാരത വംശത്തിന്റെ പിന്‍മുറക്കാരെന്ന് അവകാശപ്പെട്ട പാണ്ഡവരെ ഇല്ലാതാക്കാന്‍ പിതൃസഹോദര പുത്രന്‍മാര്‍ ആസൂത്രണം ചെയ്ത ഹീന കൃത്യങ്ങള്‍ നിരവധി. വിഷം കൊടുത്തത് മുതല്‍ അരക്കില്ലത്തില്‍ ചുട്ടെരിക്കാന്‍ ശ്രമിച്ചത് വരെ. കള്ളച്ചൂതില്‍ തോല്‍പ്പിച്ച് രാജ്യം പിടിച്ചെടുത്തതും (എന്‍ഫോഴ്സ്മെന്റിനെയും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെയും ആദായ നികുതി വകുപ്പിനെയും കരുക്കളാക്കി ഇപ്പോള്‍ നടക്കുന്ന ചൂതിലും കള്ളക്കളിയില്ലെന്ന് പറയാനാകില്ലല്ലോ) ദാസിയായി വ്യാഖ്യാനിച്ച് ദ്രൗപദിയെ രാജസഭയിലേക്ക് വിളിപ്പിച്ച് വസ്ത്രാക്ഷേപത്തിന് മുതിര്‍ന്നതും ആര്‍ഷ ഭാരതേതിഹാസത്തിന്റെ ഭാഗമല്ലോ! ആ വസ്ത്രാക്ഷേപശ്രമം പോലും ആള്‍ക്കൂട്ട ആക്രമണമല്ല, അധികാരം പിടിച്ചവരുടെ ആഹ്ലാദ പ്രകടനമായിരുന്നു.

ഈ അനീതികള്‍ക്കെല്ലാമുള്ള മറുപടിയാണല്ലോ കുരുക്ഷേത്രം. യുദ്ധമാരംഭിക്കാനിരിക്കെ പിതാമഹന്‍മാരോടും ഗുരുക്കന്‍മാരോടും യുദ്ധം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ, തളര്‍ന്ന അര്‍ജുനന് കരുത്തേകാന്‍ ശ്രീകൃഷ്ണന്‍ നടത്തിയ ദീര്‍ഘ പ്രഭാഷണമാണല്ലോ ഭഗവദ് ഗീത. ഇവരെയൊക്കെ വധിച്ച് പ്രതികാരം ചെയ്യലും അധികാരം പിടിക്കലുമാണ് പ്രധാനമെന്നാണല്ലോ പഠിപ്പിച്ചത്. അതിലെ ന്യായത്തെ സംശയിക്കാതിരിക്കാം. ഗുരുവിനെക്കൊല്ലാന്‍ അര്‍ധ നുണ പറയാന്‍ ഉപദേശിക്കുന്ന, സഹോദരീ ഭര്‍ത്താവിനെ വധിക്കാന്‍ സൂര്യനെ മറച്ച് അസ്തമയം സൃഷ്ടിച്ച് നല്‍കുന്ന, നിരായുധനായ എതിരാളിയുടെ കണ്ഠത്തിലേക്ക് അസ്ത്രമയക്കാന്‍ നിര്‍ദേശിക്കുന്ന, യുദ്ധമര്യാദകള്‍ ലംഘിച്ച് പ്രതിയോഗിയുടെ തുടക്കടിക്കാന്‍ കല്‍പ്പിക്കുന്ന ഭഗവാനുമുണ്ട് ഇതിഹാസത്തില്‍. അഭിസാരികയെന്ന് ആരോപിക്കപ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ആക്രോശിച്ച ആള്‍ക്കൂട്ടത്തെ പരാമര്‍ശിച്ച, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയൂ എന്ന് നിര്‍ദേശിച്ച ബൈബിളിനേക്കാള്‍ നുണകളും അര്‍ധ സത്യങ്ങളും വ്യാജ നിര്‍മിതികളും നിയമലംഘനങ്ങളും അധികാര ലബ്ധിക്കുപയോഗിക്കാന്‍ നിര്‍ദേശിക്കുന്ന ഇതിഹാസമാണ് സംഘ്പരിവാരത്തിന് കൂടുതല്‍ യോജിക്കുക. അതുകൊണ്ടാണ് അവര്‍ ആള്‍ക്കൂട്ട ആക്രമണങ്ങളെ വൈദേശിക മത പരാമര്‍ശമുപയോഗിച്ച് 'ഭാരത'ത്തെ അപകീര്‍ത്തിപ്പെടുത്തരുത് എന്ന് ആവശ്യപ്പെടുന്നത്. ഭാരതത്തിന്റെ 'കീര്‍ത്തി' അവരുദ്ദേശിക്കും വിധത്തില്‍ വര്‍ധിപ്പിക്കാനുതകും വിധത്തില്‍ ഉപയോഗിക്കാവുന്ന പലതും വ്യാഖ്യാനിച്ചെടുക്കാവുന്ന പുരാണേതിഹാസങ്ങള്‍ മുന്നിലിരിക്കെ പ്രത്യേകിച്ചും.

നുണകള്‍ക്കും അര്‍ധ സത്യങ്ങള്‍ക്കും വ്യാജ നിര്‍മിതികള്‍ക്കും നിയമ ലംഘനങ്ങള്‍ക്കും ഇതിഹാസകാരന് ന്യായങ്ങളുണ്ട്. ധര്‍മ സംസ്ഥാപനാര്‍ഥം സംഭവിക്കേണ്ടത് സംഭവിച്ചേ മതിയാകൂ എന്ന ന്യായം. തീവ്ര ഹിന്ദുത്വ അജന്‍ഡകളുടെ സ്ഥാപനം മാത്രം ലക്ഷ്യമിടുന്ന, അതിന് വേണ്ടത് സംഭവിപ്പിക്കാന്‍ ശ്രമിക്കുന്ന ഇപ്പോഴത്തെ ഭഗവതുമാര്‍ക്ക് ഇതിഹാസകാരന്റെ ന്യായങ്ങള്‍ ബാധകമല്ല. ആ ന്യായങ്ങള്‍ മനസ്സിലാകാത്തവര്‍ക്ക് ബൈബിളിന്റെ ന്യായം മനസ്സിലാകുമെന്ന പ്രതീക്ഷ വേണ്ട.

ഒന്നുറപ്പിക്കാം, 'ഭാരത'ത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്ല. പുരാണത്തിലും ചരിത്രത്തിലും വര്‍ത്തമാനത്തിലും വെറുപ്പ് വളര്‍ത്താനും ഭയം വിതക്കാനും ഉദ്ദേശിച്ചുള്ള ആസൂത്രിത ആക്രമണങ്ങളും ഹത്യകളും മാത്രമേയുള്ളൂ. അധികാരമുറപ്പിക്കാന്‍ സഹായിക്കുന്ന അത്തരം ക്രിയകളാണ് പുതിയ ഭഗവതുമാരുടെ ഹിതം. അതാണ് പ്രഘോഷിക്കപ്പെട്ടതും.