2012-03-13

കാസ്‌മിയുടെ യോഗ്യതകള്‍

`
`ഇവിടെ രാജ്യദ്രോഹവും ഗൂഢാലോചനയും എങ്ങനെ വന്നു? എനിക്കറിയാം. ഭരണകൂടത്തിന്റെ എല്ലാ ഒത്താശകളുമുണ്ടായിരുന്നാലും കര്‍ഷകര്‍ പോലീസിനെ വധിച്ചുവെന്ന്‌ തെളിയിക്കുക ദുസ്സാധ്യമാണെന്ന്‌ വിജ്ഞനായ സര്‍ക്കാര്‍ വക്കീലിന്‌ അറിയാം. അതുകൊണ്ട്‌, ഈ പാവപ്പെട്ട കര്‍ഷകര്‍ സര്‍ക്കാറിനെ അട്ടിമറിക്കുന്നതിന്‌ ഗൂഢാലോചന നടത്തിയെന്ന്‌ വാദിക്കുകയാണ്‌! അങ്ങനെയാണ്‌ സംഭവത്തിന്‌ ഭീകരസ്വരൂപം നല്‍കിയത്‌. ..പാമ്പിനെയും പരുന്തിനെയും നേരിട്ട്‌ കൊണ്ടിരുന്ന അന്നപ്പക്ഷി സ്വന്തം കൂട്ടിനകത്ത്‌ സമാധാനത്തോടും സന്തോഷത്തോടും കൂടിയിരിക്കണമെന്ന്‌ ആഗ്രഹിച്ചപ്പോള്‍ സൂര്യന്‍ അസ്‌തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ ഭരണകൂടം പ്രയോഗിച്ചതോ ബ്രഹ്‌മാസ്‌ത്രം...''
ചിരസ്‌മരണ - നിരഞ്‌ജന 
(വിവര്‍ത്തനം - സി രാഘവന്‍)
1940ലെ കയ്യൂര്‍ സംഭവത്തെ ആസ്‌പദമാക്കി എഴുതിയ നോവലില്‍ നിന്നാണ്‌ ഉദ്ധരണി. ജന്മിത്വത്തിനും സാമ്രാജ്യത്വ അധിനിവേശത്തിനുമെതിരെ നടന്ന പ്രകടനം തടയാന്‍ ശ്രമിച്ച പോലീസുകാരനെ ജനം ഓടിച്ചു. പുഴയില്‍ ചാടിയ അയാള്‍ മുങ്ങിമരിച്ചു. ആ കേസിലാണ്‌ രാജ്യദ്രോഹവും ഗൂഢാലോചനയും ആരോപിച്ച്‌ നാല്‌ ചെറുപ്പക്കാരെ തൂക്കിലേറ്റിയത്‌. 72 വര്‍ഷത്തിനിപ്പുറം രാജ്യം സ്വതന്ത്രമാണെന്നും ജനാധിപത്യത്തില്‍ അധിഷ്‌ഠിതമായ ഭരണ സമ്പ്രദായം നിലനില്‍ക്കുന്നതാണെന്നും അവകാശവാദമുണ്ട്‌. പരമാധികാര രാഷ്‌ട്രമെന്ന്‌ നാം സ്വയം വിശേഷിപ്പിക്കുകയും അതിന്‍മേലുണ്ടാകുന്ന കടന്നുകയറ്റങ്ങളെ എന്ത്‌ വില കൊടുത്തും പ്രതിരോധിക്കുമെന്ന്‌ ആവര്‍ത്തിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, പരമാധികാര രാഷ്‌ട്രം, കടന്നുകയറ്റം തുടങ്ങിയവയുടെ നിര്‍വചനങ്ങളെല്ലാം ഏറെക്കുറെ അധികാരികളുടെ ഇംഗിതങ്ങളനുസരിച്ചുള്ളതായി മാറുമ്പോഴാണ്‌ അവയെല്ലാം അവകാശവാദങ്ങളായി ഗണിക്കേണ്ടിവരുന്നത്‌.

കീഴാളരുടെ ജീവനുള്‍പ്പെടെ എന്തും തങ്ങള്‍ക്ക്‌ ചൂഷണം ചെയ്യാനുള്ളതാണെന്ന്‌ കരുതിയിരുന്ന ജന്മിത്വവും അതിന്റെ നിലനില്‍പ്പ്‌ തങ്ങളുടെ അധീശത്വം ഉറപ്പാക്കുന്നതില്‍ നിര്‍ണായകമാണെന്ന്‌ കണ്ട ബ്രിട്ടീഷ്‌ ഭരണ സംവിധാനവുമായിരുന്നു 1940ല്‍. ആ സംവിധാനത്തെ ചെറുക്കാന്‍ സംഘടിച്ചതാണ്‌ രാജ്യദ്രോഹം, ഗൂഢാലോചന തുടങ്ങിയ കുറ്റാരോപണങ്ങളിലേക്കുള്ള വഴി തുറന്നത്‌. ജനക്കൂട്ടം ഓടിച്ചപ്പോള്‍ പുഴയില്‍ ചാടി മരിച്ച പോലീസുകാരന്‍ അതിനൊരു വഴിയായെന്ന്‌ മാത്രം. പോലീസുകാരെ ഭയന്ന്‌ പുഴയിലോ കിണറ്റിലോ വീണ്‌ കീഴാളനോ കര്‍ഷകനോ തൊഴിലാളിയോ മരിച്ച സംഭവങ്ങള്‍ അന്നുമുണ്ടായിക്കാണണം (ഇന്നുണ്ടാകുന്നവ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌). ഭയന്നത്‌ ഭരണ സംവിധാനത്തിന്റെയാളുകളെയായതിനാല്‍ അത്തരം സംഭവങ്ങളൊന്നും രാജ്യദ്രോഹമാകില്ല. അവക്കൊന്നും പിന്നില്‍ ഗൂഢാലോചനയുമുണ്ടാകില്ല. തിരിച്ചാകുമ്പോള്‍ രാജ്യദ്രോഹമോ ഗൂഢാലോചനയോ ചുമത്തുക എളുപ്പമാണ്‌. അതിന്‌ തെളിവുകള്‍ ചമക്കുക നിഷ്‌പ്രയാസം. നാളെ സമാനമായ കേസുകളില്‍ ആരോപണവിധേയരാകുമെന്നോ കുടിലുകള്‍ തീവെക്കപ്പെടുമെന്നോ ഭാര്യയും സഹോദരിയും ബലാത്സംഗം ചെയ്യപ്പെടുമെന്നോ ഒക്കെയുള്ള ഭീഷണികളുള്ളപ്പോള്‍ (അന്ന്‌ നടക്കുമെന്ന്‌ ഉറപ്പുള്ളവയാണ്‌ ഇത്തരം ഭീഷണികള്‍) പോലീസിന്‌ വേണ്ടി സാക്ഷി പറയാന്‍ ആളേറെയുണ്ടാകുകയും ചെയ്യും.

ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികളുടെ കാര്‍മികത്വത്തിലുള്ള ഭരണ സമ്പ്രദായം, വെല്ലുവിളികളൊന്നും നേരിടാതെ ഇക്കാലമത്രയും നിലനിന്നിട്ടും പഴയ രീതികള്‍ തുടരുന്നുവെന്നതാണ്‌ വസ്‌തുത. ജന്മിയും കീഴാള - കുടിയാന്‍മാരും വേഷം മാറിയിരിക്കുന്നു. മുസ്‌ലിംകള്‍, ഭരണകൂടത്തിന്റെ വഴിവിട്ട ചെയ്‌തികളെ വിമര്‍ശിക്കുകയും അതിനോട്‌ തീവ്രമായി പ്രതികരിക്കണമെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്യുന്നവര്‍, ഫെഡറല്‍ ഭരണ സമ്പ്രദായത്തിന്റെ യാതൊരു പരിഗണനയും ലഭിക്കാതെ സ്വന്തം ദേശം മോചിതമാകുന്നതാണ്‌ ഉചിതമെന്ന നിഗമനത്തിലെത്തി സമരം ആരംഭിച്ച വടക്കു കിഴക്കന്‍ മേഖലകളിലും മറ്റുമുള്ള തീവ്രവാദികള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളിലേക്ക്‌ കീഴാള - കുടിയാന്‍മാര്‍ മാറിയിരിക്കുന്നു. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്ന ധാര്‍ഷ്‌ട്യത്തില്‍ ഭരണം നിയന്ത്രിക്കുന്നവരും അവരെ നിയന്ത്രിക്കാന്‍ പാകത്തില്‍ സമ്പത്ത്‌ ആര്‍ജിച്ച കമ്പനി സമുച്ചയങ്ങളുമാണ്‌ ഇന്നത്തെ ജന്മിമാര്‍. ഇവരുടെ കടിഞ്ഞാണ്‍ കൈയിലേന്തി സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്വം ഇപ്പോഴുമുണ്ട്‌. മുമ്പ്‌ ബ്രിട്ടനെന്ന ഏകശക്തിയായിരുന്നുവെങ്കില്‍ ഇന്നത്‌ അമേരിക്കയുടെയും ബ്രിട്ടന്റെയുമൊക്കെ നേതൃത്വത്തിലുള്ള വലിയൊരു കുടയാണെന്ന്‌ മാത്രം. ധന - വിഭവ ചൂഷണ ദുരയാണ്‌ ജന്മിമാര്‍ക്ക്‌. ആ ചൂഷണത്തില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി നേട്ടമുണ്ടാക്കലാണ്‌ സാമ്രാജ്യത്വത്തിന്റെ ലക്ഷ്യം. ഈ ഇംഗിതത്തിന്‌ വഴങ്ങാത്ത രാജ്യങ്ങളെ ആക്രമിക്കുക എന്നത്‌ വ്യവസ്ഥാപിതം മാത്രമാകുന്നു. ആക്രമണത്തെ ചെറുത്തുനില്‍ക്കുകയും ചൂഷണത്തിന്‌ വഴങ്ങിത്തരാന്‍ തയ്യാറല്ലെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌താല്‍ അത്‌ ലോകദ്രോഹമാകും (സാമ്രാജ്യത്വ ഭരണകൂടവും അതിനെ പിന്‍പറ്റുന്ന ഇതര ഭരണ സംവിധാനങ്ങളും വ്യാപിച്ചതിനാല്‍ രാജ്യദ്രോഹമെന്ന പദത്തിന്റെ അര്‍ഥം പരിമിതപ്പെട്ടിരിക്കുന്നു).

മുന്‍കാല ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും ആക്രമണത്തിനോ കടന്നുകയറ്റത്തിനോ കാര്യകാരണങ്ങളുടെ യുക്തിസഹമായ പിന്‍ബലം ആവശ്യമായിരുന്നില്ല. പരിഷ്‌കൃതരായെന്ന്‌ സ്വയം അവകാശപ്പെടുകയും സ്വന്തം താത്‌പര്യ സംരക്ഷണത്തിനാണെങ്കില്‍ കൂടി വിവിധ അവകാശങ്ങളെക്കുറിച്ചുള്ള ബോധങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്‌തതിനാല്‍ ഇപ്പോള്‍ കാരണങ്ങള്‍ അനിവാര്യമാണ്‌. കാരണങ്ങള്‍ വസ്‌തുതാപരമാണോ അല്ലയോ എന്നത്‌ ആക്രമണത്തിനും അധിനിവേശത്തിനും ശേഷം മാത്രം വിശകലനം ചെയ്യേണ്ടുന്ന ഒന്ന്‌ മാത്രം.

ആക്രമണത്തില്‍ നേരിട്ട്‌ പങ്കാളിയാകാതിരിക്കുകയും സ്വതന്ത്ര നിലപാട്‌ സ്വീകരിക്കുന്നുവെന്ന പ്രതിച്ഛായ പൊതുവില്‍ സൃഷ്‌ടിക്കുകയും ചെയ്യുന്ന സാമന്ത രാഷ്‌ട്രങ്ങള്‍ക്ക്‌ കാരണ സൃഷ്‌ടിയില്‍ വലിയ പങ്ക്‌ വഹിക്കാനുണ്ട്‌. സയ്യിദ്‌ മുഹമ്മദ്‌ അഹ്‌മദ്‌ കാസ്‌മിയെന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകന്റെ അറസ്റ്റ്‌ കാരണങ്ങള്‍ക്ക്‌ ബലമേകാനുള്ള സൃഷ്‌ടികളിലൊന്നായി വേണം വിലയിരുത്താന്‍. ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയിലെ ഉദ്യോഗസ്ഥന്റെ ഭാര്യ സഞ്ചരിച്ചിരുന്ന കാറിലുണ്ടായ സ്‌ഫോടനവുമായി ബന്ധമുണ്ടെന്നാണ്‌ കാസ്‌മിക്കെതിരായ ആരോപണം. ഡല്‍ഹിയിലെ സ്‌ഫോടനത്തിന്‌ മുമ്പ്‌ ജോര്‍ജിയയിലെ ഇസ്‌റാഈല്‍ എംബസി ആക്രമിക്കാന്‍ നടന്ന ശ്രമം വിഫലമാക്കിയെന്ന്‌ വാര്‍ത്തകളുണ്ടായി. ആക്രമണ ശ്രമത്തിന്‌ പിറകില്‍ ഇറാന്റെ പാസ്‌പോര്‍ട്ടുള്ള ചിലരാണെന്ന്‌ സ്ഥിരീകരിക്കുകയും ചെയ്‌തു. അതിന്‌ പിറകെ ഇന്ത്യയിലെ എംബസിയിലെ ഉദ്യോഗസ്ഥര്‍ക്കു നേര്‍ക്ക്‌ ആക്രമണമുണ്ടായാല്‍ പ്രതി സ്ഥാനത്ത്‌ മഹ്‌മൂദ്‌ അഹ്‌മദി നജാദ്‌ നേതൃത്വം നല്‍കുന്ന ഇറാനും ലബനാനിലെ ഹിസ്‌ബുല്ലയുമല്ലാതെ മറ്റാരുമാകില്ലെന്ന്‌ അമേരിക്കയും ഇസ്‌റാഈലും ഉറപ്പിച്ചു. പ്രതിരോധ മേഖലയിലുള്‍പ്പെടെ എല്ലാ രംഗത്തും ഈ രണ്ട്‌ രാജ്യങ്ങളുമായും അടുത്ത ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുകയും അതിന്‌ വേണ്ടി സ്വയം സാമന്തന്റെ മേലങ്കി അണിയുകയും ചെയ്യുന്ന ഇന്ത്യന്‍ ഭരണകൂടം ഈ ആരോപണത്തെ ആദ്യം എതിര്‍ത്തു. തീര്‍ത്തും സ്വാഭാവികമെന്ന തോന്നലുണ്ടാക്കുക എന്നത്‌ നാടകത്തിന്റെ വിജയത്തിന്‌ അനിവാര്യമാണ്‌, അതിന്‌ വേണ്ടിയായിരുന്നു ഈ എതിര്‍പ്പെന്ന്‌ ഇപ്പോള്‍ കസ്‌മിയുടെ അറസ്റ്റോടെ വ്യക്തമാകുന്നു.

മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമി, ഇസ്‌റാഈല്‍ എംബസിയുടെ കാറില്‍ സ്‌ഫോടക വസ്‌തു പതിപ്പിച്ചുവെക്കുകയായിരുന്നുവെന്നാണ്‌ പോലീസ്‌ കണ്ടെത്തിയിരുന്നത്‌. ഇതിന്റെ ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്‌ പോലീസിന്റെ കൈവശം എത്തുകയും ചെയ്‌തു. മൊബൈല്‍ ക്യാമറയിലെ ദൃശ്യങ്ങളില്‍ അക്രമിയും വാഹനവുമൊക്കെ അവ്യക്തമാണ്‌. ഈ ദൃശ്യത്തെത്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ 25 വര്‍ഷം ഇന്ത്യാ ഗവണ്‍മെന്റിന്റെ അംഗീകാരമുള്ള പത്രപ്രവര്‍ത്തകനായി ജീവിച്ച അഹ്‌മദ്‌ കാസ്‌മി അറസ്റ്റിലായത്‌. ഇറാനിലെ ഒരു മാധ്യമത്തിന്‌ വേണ്ടി ഇന്ത്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അയക്കുന്നുവെന്നത്‌ കാസ്‌മിക്കെതിരായ പ്രധാന തെളിവായി ഉയര്‍ത്തിക്കാണിക്കുന്നു. ഡല്‍ഹിയിലെ വസതിയില്‍ നിന്ന്‌ കണ്ടെടുത്ത പഴയൊരു മോട്ടോര്‍ സൈക്കിളും തെളിവാണ്‌. കാറില്‍ സ്‌ഫോടകവസ്‌തു പതിപ്പിച്ച അക്രമി ഉപയോഗിച്ചത്‌ ഈ മോട്ടോര്‍ സൈക്കിള്‍ തന്നെയാകും. വീടിന്‌ സമീപത്ത്‌ രണ്ട്‌ വര്‍ഷത്തോളമായി ഉപയോഗിക്കാതെ കിടന്നിരുന്നതാണെന്ന കാസ്‌മിയുടെ മകന്റെ വാദം തെറ്റാണെന്ന്‌ തെളിയിക്കാന്‍ വാഹനം ഉപയോഗക്ഷമമാക്കുകയേ വേണ്ടൂ. സയ്യിദ്‌ മുഹമ്മദ്‌ അഹ്‌മദ്‌ കാസ്‌മി മുസ്‌ലിമാണ്‌, പോരെങ്കില്‍ ഇറാനിലെ മാധ്യമത്തിന്‌ വാര്‍ത്തകള്‍ കൈമാറുന്നയാളും. ഇറാനിലെ മാധ്യമങ്ങളൊക്കെ ഏറെക്കുറെ സര്‍ക്കാര്‍ നിയന്ത്രിതമായതിനാല്‍ നജാദ്‌ ഭരണകൂടവുമായി കാസ്‌മിക്ക്‌ ബന്ധമില്ലാതിരിക്കാന്‍ തരമില്ല. ആരോപണവിധേയനാകാന്‍ ലക്ഷണയുക്തനായ മറ്റൊരാളെ കാണുക പ്രയാസം തന്നെ. അമേരിക്കയിലെയും ഇസ്‌റാഈലിലെയും ഭരണകൂടങ്ങള്‍ക്കുണ്ടാകുന്ന ആനന്ദാതിരേകം കൂടി ചിന്തിച്ചാല്‍ കസ്‌മിയെ ഉടന്‍ അറസ്റ്റ്‌ ചെയ്യുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. അതുകൊണ്ടാണ്‌ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളെല്ലാം ലംഘിച്ച്‌ ഉടന്‍ അറസ്റ്റ്‌ നടത്തിയത്‌.

ഒരു പൗരനെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ്‌ ചെയ്യുകയോ ആണെങ്കില്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിവരം ധരിപ്പിക്കണമെന്നാണ്‌ സുപ്രീം കോടതിയുടെ നിര്‍ദേശം. അറസ്റ്റിന്‌ കാരണമെന്തെന്ന്‌ അറിയിക്കുകയും വേണം. ഭീകരാക്രമണത്തിന്‌ സഹായം ചെയ്‌ത ഒരാളുടെ കാര്യത്തിലാകുമ്പോള്‍ ഈ നിര്‍ദേശങ്ങളൊന്നും പാലിക്കേണ്ടതില്ല. അതുകൊണ്ടാണ്‌ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കെ വിളിച്ചിറക്കി വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയത്‌. രാജ്യദ്രോഹം, ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധംചെയ്യല്‍ എന്നീ കുറ്റങ്ങള്‍ കാസ്‌മിക്കുമേല്‍ ചുമത്തുമെന്ന്‌ ഉറപ്പ്‌. ഭീകരാക്രമണത്തിന്‌ സഹായം ചെയ്‌തുവെന്ന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‌ പ്രയാസം നേരിട്ടേക്കും. എന്നാല്‍ മറ്റ്‌ മൂന്ന്‌ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രയാസമുണ്ടാകില്ല. സാമ്രാജ്യത്വം മുമ്പ്‌ പ്രയോഗിച്ച ബ്രഹ്മാസ്‌ത്രം, അവര്‍ക്ക്‌ വേണ്ടി ഇപ്പോഴുപയോഗിക്കുന്നത്‌ ജന്മിമാരാണെന്ന വ്യത്യാസമേയുള്ളൂ. കാസ്‌മിക്ക്‌ വേണ്ടി വിളിച്ചുകൂവി സാമ്രാജ്യത്വത്തെ അലോസരപ്പെടുത്താന്‍ ശ്രമിക്കുന്നവരെ കണ്ടെത്തി മാനസാന്തരമുണ്ടാക്കുക എന്നത്‌ ജന്മിമാര്‍ സ്വന്തം കര്‍ത്തവ്യമായി കരുതുന്നു. അതിന്‌ വേണ്ടിയാണ്‌ ഡല്‍ഹി പോലീസിലെ അംഗങ്ങള്‍ റിപ്പോര്‍ട്ടറും ക്യാമറാമാനുമൊക്കെയായി ചമഞ്ഞ്‌ പ്രസ്‌ ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തിന്‌ എത്തിയത്‌. കൂടുതല്‍ പേര്‍ രാജ്യദ്രോഹികളായി മാറാതിരിക്കുന്നതിന്‌ മുന്‍കരുതലെടുക്കുകയാണ്‌ ഭരണകൂടം.

മുംബൈയില്‍ മൂന്നിടത്ത്‌ നടന്ന ആക്രമണങ്ങളെക്കുറിച്ച്‌ തങ്ങള്‍ക്ക്‌ വിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന്‌ ഡല്‍ഹി പോലീസ്‌ ആണയിട്ട്‌ പറഞ്ഞയാളെ ഭീകര ശൃംഖലയിലെ അംഗമെന്ന്‌ ആരോപിച്ച്‌ മുംബൈ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌ രാജ്യം കണ്ടത്‌ അടുത്തിടെയാണ്‌. വിവരങ്ങള്‍ നല്‍കുന്നയാളെന്ന്‌ ഒരു വിഭാഗം കരുതുന്നയാളെ ഭീകരവാദിയെന്ന്‌ മറ്റൊരു വിഭാഗം കാണുന്നതില്‍ വൈരുധ്യമൊന്നുമില്ലെന്ന വിശദീകരണമാണ്‌ ഭരണകൂടം നല്‍കിയത്‌. ഓരോ വിഭാഗവും തങ്ങള്‍ക്ക്‌ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നും. വിവരങ്ങള്‍ ആര്‌ തരുന്നതാണ്‌ എന്ന്‌ ചോദിക്കരുത്‌, സ്രോതസ്സ്‌ രഹസ്യമാക്കിവെക്കുക എന്നത്‌ അനിവാര്യമാണ്‌. കാസ്‌മിയുടെ കാര്യത്തിലും സ്രോതസ്സ്‌ രഹസ്യമാക്കിവെക്കേണ്ടതിന്റെ ആവശ്യകത വിജ്ഞമായ ഭരണകൂടത്തിന്‌ നന്നായി അറിയാം. ആണവ ഗവേഷണ പദ്ധതിയുടെ പേരില്‍ ഇറാനെ ആക്രമിക്കാനുള്ള പദ്ധതി വേണ്ടവിധം മുന്നേറുകയും അതിലെ നിര്‍ണായക കാരണങ്ങളിലൊന്നായി ഇസ്‌റാഈല്‍ എംബസിയുടെ കാറിനു നേര്‍ക്ക്‌ ഡല്‍ഹിയിലുണ്ടായ ആക്രമണം മാറുകയും ചെയ്‌താല്‍ സയ്യിദ്‌ മുഹമ്മദ്‌ അഹ്‌മദ്‌ കാസ്‌മിയെ നന്ദിയോടെ സ്‌മരിക്കും, സാമ്രാട്ടുകളും ജന്മിമാരും.