2017-08-07

വെള്ളം ചേര്‍ക്കാത്ത കള്ളം അഥവാ ക്രമസമാധാനം


അരച ശിരോമണി, ആപല്‍ ബാന്ധവന്‍, അന്നദാന പ്രഭു എന്നിത്യാദി വിശേഷണങ്ങള്‍ മതിയാകാത്ത നേതാവ്. മരണം പോലും ആധാറില്‍ ചേര്‍ത്ത്, ജനത്തിന്റെ ക്ഷുത്പിപാസാദികള്‍ ഇല്ലായ്മ ചെയ്യുന്നതിന് അഹോരാത്രം വിയര്‍പ്പൊഴുക്കുന്ന പുണ്യദേഹം. ഇന്ധന സബ്‌സിഡി പാടെ ഇല്ലാതാക്കി, സമത്വസുന്ദരരാജ്യ സൃഷ്ടി വേഗത്തിലാക്കുന്ന ബൃഹദാശയന്‍. ആ ദേഹത്തില്‍ ദേഹിയായി ഭാരത ജനങ്ങളുടെ പാര്‍ട്ടിയും ആ പാര്‍ട്ടിക്ക് സംസ്‌കാരിക ദേശീയതുടെ അടിത്തറ വന്ദേമാതരമീണത്തില്‍ ചൊല്ലിപ്പടുക്കുന്ന സ്വയം സേവകരുടെ സംഘടനയും. സാംസ്‌കാരിക ദേശീയത വന്യമോ അക്രമോത്സുകമോ ആകേണ്ടപ്പോള്‍ ആയതിലേക്ക് അവതാരമെടുക്കുന്ന പരദശം പരിവാര സംഘങ്ങള്‍ വേറെയും. അതിന്റെ അപഹാരം രാജ്യത്താകെ അരങ്ങേറുമ്പോള്‍ ഇങ്ങ് തെക്ക്, നാല് കോടിയില്‍ താഴെ വരുന്ന ജനങ്ങളില്‍ ഇളക്കമുണ്ടാക്കാന്‍ സാധിക്കാതിരുന്നാല്‍ മാനക്കേട് തന്നെ. അരച ശിരോമണിക്ക്, അരച വിശ്വസ്തനും കുതന്ത്ര വിദഗ്ധനുമായ സചിവോത്തമന്, സാംസ്‌കാരിക ദേശീയതയുടെ അവതാരമായ ഭഗവാന് ഒക്കെ.


പരിഹാരം ഉടനുണ്ടാകണം. അതിനുപായം പലതാലോചിച്ചു, തച്ചുശാസ്ത്ര വിധിപ്രകാരം തന്ത്രങ്ങള്‍ പണിതൊരുക്കി, കൈക്കാരന്മാരെ മാറ്റി നോക്കി, ശേവുകക്കാരായി ചേകവന്‍മാരെ ഇറക്കി - ചക്ക വീണു മുയലു ചത്തത് പോലൊരു നേമം മാത്രം. അതിന്‍മേലുന്നി ചുറ്റോടുചുറ്റ് വേരുന്നാമെന്ന് കരുതിയപ്പോഴാണ്, ഇല്ലാത്ത അധികാരമുപയോഗിച്ച് നേതാക്കള്‍ പണക്കൊയ്ത്ത് നടത്തിയതിന്റെ കഥ പുറത്തുവന്നത്. ഒന്നാണെങ്കില്‍ ഒന്നെന്ന് കരുതി തള്ളാമായിരുന്നു. ഒന്നിന് പുറകെ ഒന്നായി, പല ദേശങ്ങളില്‍ നിന്ന്. ആരൊക്കെ എന്തിനൊക്കെ പണം വാങ്ങിയെന്ന് ആര്‍ക്കും തിട്ടമില്ലാത്ത സ്ഥിതി. അഴിമതിയുടെ മത്തുപിടിപ്പിക്കുന്ന വാസന. ഒരു കുറിക്ക് നറുക്കു ചേര്‍ക്കാത്തതില്‍ മനം നൊന്ത് ശേവുകക്കാരായ ചേകവരുടെ മുതലാളി വെള്ളം ചേര്‍ക്കാതെ അതൃപ്തി അറിയിച്ചു. നിവൃത്തികേടില്‍, കുമ്മനക്കോനാതിരി നാലുകെട്ടിന്റെ പടിയടച്ച് മൗനദീക്ഷ സ്വീകരിച്ചു. പതിനാറുകെട്ടില്‍ പണിതൊരുക്കുന്ന രാജകാര്യാലയം വൃഥാവിലാകുമല്ലോ എന്ന് ഖിന്നനായി.


അങ്ങനെയിരിക്കുമ്പോഴാണ് കേരള ഭരണ നേതൃത്വത്താല്‍ അഹംകൊണ്ട കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകള്‍ വഴിയൊരുക്കിയത്. അടിക്ക് തിരിച്ചടി അവരുടെ ശീലമാണ്. അതിലെ പ്രയോഗം തെറ്റിയില്ല, പരിവാരത്തിന്. ശ്രീകാര്യത്ത് ചോരകണ്ടപ്പോള്‍, അഴിമതിയുടെ വാസനക്ക് കുറവുണ്ടായി. ശ്രീകാര്യവും തലസ്ഥാനത്തെ ക്രമസമാധാനനിലയും കൊഴുപ്പിച്ചാല്‍, സ്വയം സേവകരായ നരേന്ദ്രനും കോവിന്ദനും ബാക്കി നോക്കുമെന്ന പ്രതീക്ഷയായി. ശേഷം കാഴ്ചയുടെ ആട്ടക്കഥ തയ്യാറാകുകയാണ്. 2016 മെയ് അവസാനത്തോടെ പ്രഖ്യാപിച്ച തെരുവിലെ പ്രതിപക്ഷം ആട്ടക്കഥ. രൗദ്രമാണ് മുഖ്യ വേഷം.


കേരളമെന്ന ചെറുദേശത്ത് സ്വയം സേവകര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റുന്നില്ല, ജനങ്ങളുടെ പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല, അഥവാ പ്രവര്‍ത്തിച്ചാല്‍ ജീവന് ഭീഷണി, ഭീഷണിയില്‍ പൊലിഞ്ഞ ജീവനുകള്‍ നിരവധി. സ്വയം സേവകര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മാത്രമല്ല, പിന്നാക്ക വിഭാഗക്കാര്‍, പട്ടിക വിഭാഗങ്ങള്‍ എന്നിവര്‍ക്കൊന്നും ഭയം കൂടാതെ ജീവിക്കാനാകുന്നില്ല. കേന്ദ്ര ഭരണം കൈയാളുന്ന പാര്‍ട്ടിയുടെ സംസ്ഥാന കുടീരത്തിനും അശ്വവേഗത്തിനപ്പുറം ചരിക്കുന്ന വാഹനത്തിനും നേര്‍ക്ക് കല്ലുകൊണ്ട് ആക്രമണം. ക്രമസമാധാനമില്ലെന്നതിന് തെളിവെന്തിന് വേറെ. ആകയാല്‍ മുന്നറിയിപ്പ് നല്‍കുന്നു, സ്വയം സേവകരുടെ സംഘത്തിന്റെ ദേശാന്തര പ്രാന്ത കാര്യവാഹ്.



കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് ഭരണം, ഉത്തരവാദിത്തം നിറവേറ്റണം. ഇല്ലെങ്കില്‍ കേന്ദ്രം ഇടപെടണം. ഗവര്‍ണറും രാഷ്ട്രപതിയും ഉചിതമായ തീരുമാനമെടുക്കണം. വിളിച്ചുവരുത്തി താക്കീത് ചെയ്തതുകൊണ്ടൊന്നും കാര്യമായില്ല, ക്രമസമാധാനത്തകര്‍ച്ച രേഖയിലാകണം. ആയത്, അരചശിരോമണിക്ക് മുന്നിലേക്ക് എള്ളും പൂവും ചന്ദനവും തൊട്ട്, തളികയില്‍ നല്‍കണം, സദാശിവ പ്രഭു. സംഹാരത്തിന്റെ ദേവന്‍, കര്‍മം മറക്കരുത്. അതിലൊരു തുള്ളി വെള്ളം ചേര്‍ക്കാതെ ഉദകക്രിയ, അതിലവസാനിക്കണം കഥ, അതിനനുസരിച്ചാണ് ആട്ടത്തിന്റെ ചിട്ട.


ഡല്‍ഹിയില്‍, ദേശാന്തര പ്രാന്ത കാര്യവാഹിന്റെ വാര്‍ത്താ സമ്മേളനം. പിറകെ അരുണ്‍ ജെയ്റ്റ്‌ലിയുടെ തിരുവനന്തപുര പ്രവേശം. വിവേകം കൊണ്ട് വികാരം മറയാതിരിക്കാന്‍ ശ്രദ്ധിച്ച്, പ്രതികരണം. അതിനെച്ചൊല്ലി തര്‍ക്കം, പത്രത്താളുകളിലും ടെലിവിഷന്‍ ചതുരങ്ങളിലും. പിറകെ അഖിലേന്ത്യാധ്യക്ഷന്റെ അശ്വമേധം. അതിക്രമങ്ങളെ ഇല്ലാതാക്കി, സംഘ രഥം വേണ്ടവിധം ഉരുളുന്നുവെന്ന് ഉറപ്പാക്കാനുള്ള മേധം. അതിന്റെ പാര്‍ശ്വങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന ചെറു കുരുക്ഷേത്രങ്ങളില്‍ ഉതിരുന്ന നിണത്തുള്ളികള്‍ രാഷ്ട്രപതി ഭരണത്തിന്റെ ശോണ രേഖയാകും.  ബ്രിട്ടീഷ് ആധ്യപത്യത്തില്‍ നിന്ന് വിടര്‍ന്ന്, ഇന്ത്യന്‍ യൂനിയന്‍ രൂപപ്പെട്ടതിന് ശേഷം ഇത്രയും വലിയ അതിക്രമം മുമ്പെപ്പോഴെങ്കിലും ഏതെങ്കിലും ദേശത്ത് ഉണ്ടായിട്ടുണ്ടോ? ഇല്ലെന്ന് നിസ്സംശയം പറയാം, ആകയില്‍ ആട്ടക്കഥ പൂര്‍ത്തിയാകട്ടെ, രാഷ്ട്രപതി ഭരണം പൂക്കട്ടെ, അതിലേക്ക് നയിക്കാന്‍ പാകത്തില്‍ അക്രമങ്ങള്‍ക്ക് വിത്തിടട്ടെ, അധികാരം വിളയട്ടെ.


അരചശിരോമണി ഒന്നരദശാബ്ദം മുമ്പുള്ള പുര്‍വാശ്രമത്തില്‍, വംശഹത്യാ ശ്രമത്തിന് അധ്യക്ഷതവഹിച്ചയാളാണ്. പൊലീസിനെ ശാസിച്ച്, നിഷ്‌ക്രിയമാക്കി നിര്‍ത്തി, ഭൂരിപക്ഷ സമുദായത്തിന്റെ രോഷമൊഴുകി, മുസ്‌ലിംകളുടെ നിണം സബര്‍മതിയില്‍ ചേരാന്‍ അവസരമുണ്ടാക്കിയയാളും. ഇതിന് ഭംഗമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ സചിവരില്‍ പ്രധാനികളായ രണ്ടുപേരെ പൊലീസ് കേന്ദ്രത്തിലേക്ക് നിയോഗിച്ചയാളാണ്. നിണമൊഴുക്ക് തടയണമെന്ന് രാജ്യത്ത് ആക്രന്ദനമുണ്ടായപ്പോള്‍ പട്ടാളത്തെ ഇറക്കുന്നത് വൈകിപ്പിക്കാന്‍ കരുനീക്കിയവനാണ്. ആ കരുനീക്കത്തില്‍ അന്നത്തെ അരചന്‍ (ശിരോമണിയല്ല) സര്‍വാംഗം വിറച്ച്, സ്വന്തം ഗാത്രത്തിലേക്ക് ചുരുങ്ങിയതുമാണ്. എല്ലാം ആരോപണങ്ങളാണ്. രേഖകളുണ്ടെങ്കിലും തെളിയിക്കപ്പെടാത്തവ.



ക്രമസമാധാന പാലനത്തിന്റെ ഈ മാതൃക കണ്ടു പഠിക്കാന്‍, പലതിനും മാതൃകയുണ്ടാക്കിയെന്ന് അവകാശപ്പെടുന്ന കേരള ദേശത്തിനും ആ മാതൃകകളുടെയൊക്കെ പിതൃത്വം അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകള്‍ക്കും  കഴിയുന്നതേയില്ല. ശാന്തം പാപം.
ആരെയും പിടികൂടി തടങ്കലില്‍ വെക്കുകയും അവസരം വരുമ്പോള്‍ വെടിവെച്ചുകൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുകയും ചെയ്യുക എന്നത് കലയായി വികസിപ്പിച്ച്, തന്ത്രമായി വളര്‍ത്തി, ദേശദ്രോഹികളുടെ ലക്ഷ്യസ്ഥാനമാണ് ഈ ശരീരമെന്ന തോന്നലുളവാക്കി, ഈ ശരീരമില്ലെങ്കില്‍ രാജ്യം സുരക്ഷിതമല്ലെന്ന നുണ പ്രചരിപ്പിച്ച് സത്യമാക്കിയതും അരച ശിരോമണിയുടെ പൂര്‍വാശ്രമത്തിലാണ്. ഈ കഥകളില്‍ നരച്ച താടിയും കറുത്ത താടിയും ആടിത്തിമര്‍ത്തത്, രുധിരചരിതത്തിലെ അപൂര്‍വ അങ്കം തന്നെ.


മൂന്ന് വര്‍ഷത്തിനിടെ മുപ്പത് തവണ, തെരുവുകളില്‍ രക്തമൊഴുകി. പൊലിഞ്ഞ ജീവനുകളുടെ എണ്ണം എത്രയെന്നതില്‍ തിട്ടമില്ല, ഇങ്ങനെ പൊലിഞ്ഞവര്‍ ആരൊക്കെ എന്നതില്‍ ഇപ്പോഴും തീര്‍പ്പായിട്ടില്ല. എന്തായാലും ചെറുകാലത്തിനിടെ, ഇത്രയധികം പേര്‍ ഭീകരരായി ചമഞ്ഞെത്തിയ നാട് വേറെയുണ്ടായിരുന്നില്ല. കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയും ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന് സംശയിക്കുകയും ചെയ്യുന്നവരിലേക്കാളും ഏറെയധികം. എന്നിട്ടും സബര്‍മതിയുടെ തീരം ഭീകരതയുടെ കരിമണ്ണായി എന്നാരും പറഞ്ഞില്ല. വെടിവെച്ചുകൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുന്നതില്‍, അത് ക്രമസമാധാനപാലനത്തിലെ ഒഴിവാക്കാനാകാത്ത തന്ത്രമാണെന്ന് രാജ്യ വാസികളെ ബോധ്യപ്പെടുത്തുന്നതില്‍ പൂര്‍വാശ്രമത്തില്‍ അരച ശിരോമണി വിജയിച്ചു. അതിന് തെളിവാണ് പില്‍ക്കാലത്ത് ശിരോമണിപ്പട്ടത്തിലേക്ക് മത്സരിക്കുമ്പോള്‍ ഈ കഥകള്‍ പാടി ഇകഴ്ത്താന്‍ നടത്തിയ ശ്രമങ്ങളൊക്കെ പുകഴ്ത്തലായി സ്വയം സ്വീകരിച്ചത്. ബിഹാറിലെ നിതീഷ് കുമാര്‍ മുതല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ ട്രംപ് വരെ, അതൊക്കെ പുകഴ്ത്തലാണെന്ന് പിന്നീട് ശരിവെച്ചത്.


ഇത്രക്കൊന്നും സാധിച്ചില്ലെങ്കിലും അരച ശിരോമണിയുടെ അനുചരന്‍മാരായ നാട്ടുരാജാക്കന്‍മാര്‍ പലരും സമാനമായ രീതിയില്‍ ക്രമസമാധാനം പാലിച്ചതിന്റെ കഥകളുണ്ട്, അതൊക്കെ മൈനര്‍ സെറ്റ് (കഥ)കളിയാണെന്ന് മാത്രം. ഭോപ്പാലിലെ ജയിലില്‍ നിന്ന് നാലഞ്ചു പേരെ കിലോമീറ്ററുകള്‍ അകലെയുള്ള കുന്നിന്‍മുകളിലേക്ക് രക്ഷപ്പെടാന്‍ സഹായിക്കുകയും പിന്നീട് വെടിവെച്ച് കൊന്ന്, തടവുചാടിയ കൊടുംഭീകരരെ വെടിവെച്ചുകൊന്നെന്ന് ഊറ്റം കൊള്ളുകയും ചെയ്തത് അതിലൊന്ന്. പട്ടിണിക്ക് പരിഹാരം തേടിയ കര്‍ഷകര്‍ക്ക് വെടിയുണ്ട കൊണ്ട് അന്ത്യത്താഴമൊരുക്കിയത് മറ്റൊന്നാണ്. മാവോയിസ്റ്റുകളെന്നും അവരുടെ അറിവാളികളെന്നും ആരോപിച്ച് ആളുകളെ വെടിവെച്ച് കൊല്ലുകയോ ബലാത്സംഗത്തിന് ഇരയാക്കി ശിക്ഷിക്കുകയോ ചെയ്ത് ക്രമസമാധാനം പാലിക്കുന്ന നാട്ടുരാജാവ് വേറെയുണ്ട്.


ഇവ്വിധമായ ക്രമസമാധാനപാലനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കെ, കേരളത്തില്‍ സംഘത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുക പ്രയാസം തന്നെ. ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തനം വേണ്ട വിധം മുന്നോട്ടുകൊണ്ടുപോകുക അതിലും പ്രയസം, അധികാര ലബ്ദി, എത്രകാലം സ്വപ്‌നമായി ശേഷിക്കുമെന്നതില്‍ തിട്ടവുമില്ല. ഭാരതീയ ജനതാ പാര്‍ട്ടിക്ക് കേരളത്തില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നത് അത്രത്തോളം വിശ്വാസയോഗ്യമല്ലെന്നത് ഇവിടെ പറയാതെ തരമില്ല. കൈക്കൂലി വാങ്ങി പെട്രോള്‍ പമ്പ് അനുവദിക്കുന്ന പ്രവൃത്തി വിഘ്‌നം കൂടാതെ നടന്നിരുന്നു, ദേശീയ കൗണ്‍സിലിന്റെ നടത്തിപ്പിന് പണം പിരിച്ചപ്പോള്‍ വ്യാജനടിച്ച് പണപ്പിരിവ് നടത്താനായി, വ്യാജനുണ്ടായെന്ന് പുറത്തുപറഞ്ഞയാളെ സമൂലം മര്‍ദിക്കാനുമായി, അഞ്ച് ലക്ഷം മുതല്‍ അയ്യായിരം വരെ നിശ്ചയിച്ച് വ്യാപാരികള്‍ നിന്ന് പണം പിരിക്കാനായി, നിശ്ചയിച്ച പണം നല്‍കാതിരുന്നവരെ ഫോണിലൂടെ അസഭ്യം പറയാനും എന്നിട്ടും അടങ്ങാത്ത ഇടങ്ങളില്‍ ദണ്ഡ പ്രയോഗിക്കാനുമായി. ഈ പട്ടിക ഇനിയും നീളും. അതിനാല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന പരാതി പൂര്‍ണമായും ശരിയല്ലെന്ന് കാണുന്നുണ്ട്. എങ്കിലും സാമുദായിക സ്പര്‍ധ വേണ്ട വിധം വളര്‍ത്താന്‍, വര്‍ഗീയ കലഹങ്ങളായി അതു വളര്‍ത്തിയെടുക്കുന്നതില്‍ ഒക്കെ വലിയ പ്രയാസം നേരിടുന്നുണ്ട്. ആകയാല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം വേണ്ടത്രയില്ലെന്ന് കട്ടായം പറയാം.


മാനക്കേട് മാറ്റിയേ മതിയാകൂ. അതിന്, ഭരണം രാഷ്ട്രപതി വകയെങ്കില്‍ അങ്ങനെ, സബര്‍മതീ തീരത്തെ രുധിര മാര്‍ഗമെങ്കില്‍ അങ്ങനെ.  അഴിമതിയുടെ വാസനയില്‍ മയങ്ങി, അതില്‍ നിന്ന് മുക്തിയാകാത്ത ഇവിടുത്തെ നേതാക്കള്‍ക്ക് ഇതിനൊന്നും സമയം തികയാത്തതില്‍ കേന്ദ്രത്തില്‍ നിന്ന് ആളെയിറക്കും. അവര്‍ക്ക് അവസരമൊരുക്കുന്നതില്‍ പ്രദേശ നേതാക്കള്‍ പരാജയമായാലും ഉണ്ണാവ്രതവും പ്രാര്‍ഥനാ സംഗമവുമായി കോണ്‍ഗ്രസുകാര്‍ സഹായത്തിനുണ്ടാകും. കാലിനടിയിലെ മണ്ണ് ചോരുന്നത് അറിഞ്ഞാലും അറിഞ്ഞ മട്ട് കാണിക്കാത്ത കോണ്‍ഗ്രസുകാര്‍. എല്ലാം തനിയെ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസുകാര്‍. അവര്‍ക്ക് നന്ദി പറയാം. പ്രകോപനങ്ങളോട് യഥാവിധി പ്രതികരിച്ച് സകല അവസരവും തുറന്നിടുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകള്‍ക്കും.