2011-11-30

റെഡ്‌ സല്യൂട്ട്‌, കോമ്രേഡ്‌



സാമ്പത്തിക അസമത്വവും ഭൂപ്രഭുക്കളുടെ ചൂഷണവും മൂലം സഹജീവികള്‍ നരകിക്കുന്നത്‌ കണ്ട്‌ മനംനൊന്ത്‌, വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാക്കാനും എല്ലാവരും തുല്യരായി പരിഗണിക്കപ്പെടുന്ന കാലം പുലരുമെന്ന്‌ സ്വപ്‌നം കണ്ടും ഉസ്‌മാനിയ സര്‍വകലാശാലയിലെ ബിരുദ പഠനം പാതിവഴിയില്‍ നിര്‍ത്തി വിപ്ലവത്തിനുള്ള യത്‌നങ്ങളുടെ ഭാഗമായ, മല്ലോജുല കോടേശ്വര റാവു (കിഷന്‍ജി) ഇന്ന്‌ രാജ്യം ഭരിക്കുകയും ഇടത്‌ തീവ്രവാദമാണ്‌ ഏറ്റവും വലിയ വെല്ലുവിളിയെന്ന്‌ ഓരോ ശ്വാസത്തിലും ആവര്‍ത്തിക്കുകയും ചെയ്യുന്ന ഡോ. മന്‍മോഹന്‍ സിംഗിനെക്കാളും കൊലക്കത്തിക്ക്‌ മൂര്‍ച്ച കൂട്ടാന്‍ യത്‌നിക്കുന്ന ആഭ്യന്തര മന്ത്രി പി ചിദംബരത്തേക്കാളും മഹത്വമുള്ള രാഷ്‌ട്രീയ നേതാവാണ്‌. കാരണം സ്വന്തം കുടുംബമെന്ന സ്വാര്‍ഥം തീണ്ടാതെ മുപ്പത്‌ വര്‍ഷത്തിലേറെക്കാലം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു കിഷന്‍ജി. മന്‍മോഹനാദി നേതാക്കളുണ്ടാക്കിയ വികസനക്കുതിപ്പ്‌ മൂലം പട്ടിണി കിടക്കാനെങ്കിലും സ്വന്തമായുണ്ടായിരുന്ന ഭൂമിയില്‍ നിന്ന്‌ പറിച്ചെറിയപ്പെട്ട ആദിവാസികള്‍ക്കിടയിലാണ്‌ ഭൂരിഭാഗം കാലവും ഈ `ഭീകരവാദി' പ്രവര്‍ത്തിച്ചത്‌. 


`ഏറ്റുമുട്ടലില്‍' വധിക്കപ്പെട്ട കിഷന്‍ജിയുടെ ശരീരം കണ്ടെത്തിയതും ആദിവാസിക്കുടികള്‍ക്ക്‌ ഏറെ അകലെയല്ല. വോട്ട്‌ ചോദിക്കാന്‍ വേണ്ടിപ്പോലും ഒരു ആദിവാസിക്കുടിയിലും പോകേണ്ടിവന്നിട്ടില്ലാത്ത മന്‍മോഹനെപ്പോലുള്ള നേതാക്കള്‍ക്ക്‌ ഇത്തരക്കാര്‍, കുഴി ബോംബ്‌ സ്‌ഫോടനവും അട്ടിമറികളും നടത്തി നിരപരാധികളുടെ ജീവനെടുക്കുന്ന `ഇടത്‌ തീവ്രവാദികള്‍' മാത്രമായിരിക്കും. ഇനിയുള്ള കാലത്തും അതങ്ങനെ ആയിരിക്കും. ആസാദ്‌, ഹേമചന്ദ്ര പാണ്ഡെ, ശശാധര്‍ മഹാതോ, കിഷന്‍ജി എന്നിങ്ങനെ ഭരണകൂടത്തിന്റെ ബുള്ളറ്റുകള്‍ തുളച്ച ശരീരങ്ങള്‍ (അത്‌ ഏറ്റുമുട്ടലിലാകാം വെടിവെച്ച്‌ കൊന്ന ശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കുന്നതിലുമാകാം) ഇനിയും കാണേണ്ടി വരുമെന്ന്‌ ഉറപ്പ്‌.

കിഷന്‍ജി കൊല്ലപ്പെട്ട ദിവസം മറ്റ്‌ ചില കാരണങ്ങളാലും ശ്രദ്ധേയമായിരുന്നു. സോണിയാ ഗാന്ധിയുടെ വിദേശ ജന്‍മ പ്രശ്‌നമുയര്‍ത്തി നെഹ്‌റു കുടുംബത്തിന്റെ അപ്രീതി സമ്പാദിച്ചില്ലായിരുന്നുവെങ്കില്‍ ഡോ. മന്‍മോഹന്‍ സിംഗിരിക്കുന്ന സ്ഥാനത്തിന്‌ യു പി എയുടെ രണ്ടാമൂഴത്തിലെങ്കിലും പരിഗണിക്കപ്പെടുമായിരുന്ന മറാത്ത രാഷ്‌ട്രീയത്തിലെ എക്കാലത്തെയും കരുത്തരില്‍ ഒരാളായ ശരത്‌ പവാറിന്‌ ചെകിട്ടത്ത്‌ അടി കിട്ടിയ ദിവസം. ബഹു ബ്രാന്‍ഡുകളുടെ ചില്ലറ വില്‍പ്പനയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനും ഒറ്റ ബ്രാന്‍ഡിന്റെ കാര്യത്തില്‍ നിക്ഷേപ പരിധി നൂറ്‌ ശതമാനമാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച ദിവസവും. 
പ്രത്യക്ഷത്തില്‍ മൂന്ന്‌ സംഭവങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. എന്നാല്‍ സൂക്ഷ്‌മമായി വിലയിരുത്തുമ്പോള്‍ മൂന്നിനെയും ബന്ധിപ്പിക്കുന്ന സാമ്പത്തിക അസമത്വത്തിന്റെയും അതുയര്‍ത്തുന്ന അസംതൃപ്‌തിയുടെയും പുഴ കുലംകൂത്തിയൊഴുകുന്നത്‌ കാണാനാകും. 


ശരത്‌ പവാറിന്റെ ചെകിട്ടത്തടിച്ചതിനെ ന്യായീകരിക്കാനാകില്ല. ഭരണകൂടത്തിന്റെ നയങ്ങളെയും ജനദ്രോഹ നടപടികളെയും ചെറുക്കാന്‍ ഉന്‍മൂലനത്തിന്റെ പാത സ്വീകരിക്കുന്നതിനും ന്യായീകരണമില്ല. എന്നാല്‍ എന്തുകൊണ്ട്‌ ഇത്തരം തീവ്ര നിലപാടുകളിലേക്ക്‌ ഇവരെത്തിപ്പെടുന്നുവെന്ന ചോദ്യം പോലും അഭിമുഖീകരിക്കപ്പെടാതെ പോകുന്നു. ഗ്രാമീണ മേഖലയിലേക്ക്‌ വികസന പദ്ധതികള്‍ എത്തുന്നില്ലെന്ന്‌ സ്വയം വിമര്‍ശനം പോലെ പറയുകയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസന കാഴ്‌ചപ്പാടിനെക്കുറിച്ച്‌ മന്‍മോഹന്‍ സിംഗിനെപ്പോലുള്ളവര്‍ ആവര്‍ത്തിക്കുകയും ചെയ്യുമെന്ന്‌ മാത്രം. അതിനപ്പുറത്ത്‌ യാതൊന്നും സംഭവിക്കാതിരിക്കുമ്പോഴാണ്‌ സി പി ഐ (മാവോയിസ്റ്റ്‌) രാജ്യത്തെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാന (നിരോധിക്കപ്പെട്ട സംഘടനയാണെങ്കിലും) മാകുന്നത്‌. അവരെ തുടച്ചു നീക്കാന്‍ പ്രത്യേക പരിശീലനം നല്‍കിയ സൈനികരെ നിയോഗിക്കുകയും അവര്‍ക്ക്‌ അത്യന്താധുനിക ആയുധങ്ങള്‍ ലഭ്യമാക്കുകയും ഹെലിക്കോപ്‌റ്ററുള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട്‌ ഭരണകൂടം.

നക്‌സല്‍ബാരിയില്‍ നിന്ന്‌ `വസന്തത്തിന്റെ ഇടിമുഴക്ക'മുയര്‍ന്നതിന്‌ ശേഷം ഇന്ത്യയിലെ സായുധ വിപ്ലവ പ്രസ്ഥാനങ്ങളുടെത്‌ ശക്തിയാര്‍ജിക്കലിനേക്കാളുപരി ദുര്‍ബലമാകുന്നതിന്റെ ചരിത്രമാണ്‌ സൃഷ്‌ടിച്ചത്‌. ആശയ സംഘട്ടനങ്ങളും വ്യക്തികള്‍ തമ്മിലെ ഭിന്നതകളും പിളര്‍പ്പുകള്‍ സൃഷ്‌ടിച്ച കാലത്തിന്‌ ശേഷം ആന്ധ്രാ പ്രദേശില്‍ സി പി ഐ (എം എല്‍ - പീപ്പിള്‍സ്‌ വാര്‍) യും ബീഹാറില്‍ സി പി ഐ (എം എല്‍) യും ശക്തമായി നിലനിന്നു. ആന്ധ്രക്ക്‌ പുറത്തേക്ക്‌ സ്വാധീനം വര്‍ധിപ്പിക്കാന്‍ പീപ്പിള്‍സ്‌ വാര്‍ ഗ്രുപ്പ്‌ ശ്രമം നടത്തിയിരുന്നുവെങ്കിലും കാര്യമായ ഫലമുണ്ടാക്കിയിരുന്നില്ല. പീപ്പിള്‍സ്‌ വാര്‍ ഗ്രൂപ്പും മാവോയിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ സെന്റര്‍ ഓഫ്‌ ഇന്ത്യയും ലയിച്ച്‌ 2004ല്‍ സി പി ഐ (മാവോയിസ്റ്റ്‌) രൂപപ്പെടുന്നതോടെയാണ്‌ ഇടത്‌ തീവ്രവാദം മന്‍മോഹന്‍ സിംഗിനെപ്പോലുള്ളവരുടെ വലിയ തലവേദനയായി മാറും വിധത്തിലേക്ക്‌ വളരുന്നത്‌. 


1991ല്‍ മന്‍മോഹന്‍ സിംഗിന്റെ കാര്‍മികത്വത്തില്‍ ആരംഭിച്ച ഉദാരവത്‌കരണത്തിലും സ്വകാര്യവത്‌കരണത്തിലും അധിഷ്‌ഠിതമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഈ വളര്‍ച്ചക്ക്‌ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. നഗരങ്ങള്‍ വളരുകയും ഗ്രാമങ്ങള്‍ തളരുകയും സമ്പന്നര്‍ കൂടുതല്‍ സമ്പത്ത്‌ ആര്‍ജിക്കുകയും ദരിദ്രര്‍ ആസ്‌തി കൂടുതല്‍ നഷ്‌ടപ്പെട്ടവരായി മാറുകയും ചെയ്‌തു. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്ന്‌ വ്യക്തമായി മനസ്സിലായില്ലെങ്കിലും ചൂഷകരില്‍ നിന്നും ഇടനിലക്കാരില്‍ നിന്നും തത്‌കാലത്തേക്കെങ്കിലും ആശ്വാസം പകര്‍ന്ന ഇടത്‌ തീവ്രവാദികളെ മധ്യേന്ത്യയിലെ ഗ്രാമീണര്‍ സുഹൃത്തുക്കളായി കണ്ടത്‌ ഈ സാഹചര്യത്തിലാണ്‌. അവരുടെ വാക്കുകള്‍ വിശ്വസിച്ച്‌ വ്യവസ്ഥാപിത ഭരണകൂടത്തെ ശത്രുപക്ഷത്ത്‌ സ്ഥാപിക്കുകയും ചെയ്‌തു.

വ്യവസായികളെ ഭീഷണിപ്പെടുത്തി പണം വാങ്ങിയും അവരുടെ സംഭരണികളിലേക്ക്‌ ഒഴുകിയ സ്വത്തുക്കള്‍ തട്ടിയെടുത്തുമാണ്‌ സി പി ഐ (മാവോയിസ്റ്റ്‌) പ്രവര്‍ത്തനത്തിന്‌ പണം കണ്ടെത്തിയത്‌. ഇതിന്റെ ഓഹരി ദാരിദ്ര്യത്തില്‍ ഉഴലുന്ന ജനങ്ങള്‍ക്ക്‌ നല്‍കുകയും ചെയ്‌തു. വിവിധ വ്യവസായ ശാലകളിലേക്ക്‌ കൊണ്ടുപോകുന്ന സ്‌ഫോടക വസ്‌തുക്കള്‍ പിടിച്ചെടുത്ത്‌ ഭരണകൂടത്തിന്‌ തിരിച്ചടികള്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്‌തു. വ്യവസായികള്‍ക്ക്‌ തലവേദനയാകുകയും ജനങ്ങളുടെ പിന്തുണയോടെ ചില പ്രദേശങ്ങളുടെയെങ്കിലും നിയന്ത്രണം ഇടത്‌ തീവ്രവാദികള്‍ ഏറ്റെടുക്കുകയും ചെയ്‌തതോടെയാണ്‌ സൈനിക ഓപ്പറേഷന്‌ വ്യവസ്ഥാപിത ഭരണകൂടം തീരുമാനിച്ചത്‌. കേന്ദ്ര അര്‍ധ സൈനിക വിഭാഗവും അതാത്‌ സംസ്ഥാനങ്ങളിലെ പോലീസും ചേരുന്ന സംയുക്ത സേന ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടും സി പി ഐ (മാവോയിസ്റ്റ്‌) യുടെ വേരറുക്കാന്‍ സാധിച്ചില്ല എന്നത്‌ തന്നെ അവര്‍ക്കുള്ള ജനപിന്തുണക്കുള്ള തെളിവാണ്‌. 
ഈ ജനപിന്തുണയില്ലാതാക്കാനായി പ്രഖ്യാപിച്ച വികസന പദ്ധതികളില്‍ പലതും ഗ്രാമീണ ജനതയുടെ കിടപ്പാടം ഇല്ലാതാക്കുകയോ ഉപജീവനമാര്‍ഗങ്ങളെ തടയുകയോ ചെയ്യുക കൂടിയായപ്പോള്‍ അതൃപ്‌തി വ്യാപിക്കുകയും ചെയ്‌തു. 


34 വര്‍ഷം ഇടതുപക്ഷം ഭരിച്ച പശ്ചിമ ബംഗാളിലെ ലാല്‍ഗഢിലും പിന്നീട്‌ ജംഗല്‍ മഹല്‍ മേഖലയിലും ഇടത്‌ തീവ്രവാദികള്‍ക്ക്‌ സ്വാധീനമുറപ്പിക്കാന്‍ സാധിച്ചതിന്റെ കാരണവും മറ്റൊന്നല്ല. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും നയങ്ങളെ എതിര്‍ക്കുമെങ്കിലും ഫലപ്രദമായ ബദല്‍ മുന്നോട്ടുവെക്കാനോ അതിലേക്ക്‌ നീങ്ങാന്‍ പാകത്തിലുള്ള ജന സ്വാധീനമുണ്ടാക്കാനോ മുഖ്യധാരാ ഇടതു പാര്‍ട്ടികള്‍ക്ക്‌ സാധിച്ചില്ല. വ്യവസ്ഥാപിത ഭരണകൂടവും അതിലേക്ക്‌ കാലെടുത്തു വെക്കാന്‍ ത്രാണിയുള്ള മുഖ്യ പ്രതിപക്ഷവും ഇടതുപക്ഷത്തു നില്‍ക്കുന്ന പാര്‍ട്ടികളും അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന്‌ അകന്നതും സി പി ഐ (മാവോയിസ്റ്റ്‌)ക്ക്‌ അവസരം നല്‍കി. ഈ അന്തരീക്ഷം നിലനില്‍ക്കെയാണ്‌ അത്യാധുനിക ആയുധ സൗകര്യങ്ങളെല്ലാം നല്‍കി അവരെ ഇല്ലാതാക്കാനുള്ള ശ്രമം ഭരണകൂടം ശക്തമാക്കുന്നത്‌. ഇതിലെ അപാകം തിരിച്ചറിഞ്ഞാണ്‌ പി ചിദംബരത്തിന്റ ധാര്‍ഷ്‌ട്യത്തെക്കുറിച്ച്‌ പറയാന്‍ കോണ്‍ഗ്രസ്‌ നേതാവാണെങ്കിലും ദിഗ്‌വിജയ്‌ സിംഗ്‌ തയ്യാറായതും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ശാസന ഏറ്റുവാങ്ങിയതും.

പരിഷ്‌കാരങ്ങളുടെ ആഘാതം ഗ്രാമീണ ജനതയില്‍ നിന്ന്‌ നഗരവാസികളിലേക്ക്‌ എത്തിയിരിക്കുന്നുവെന്നതാണ്‌ ശരത്‌ പവാറിന്റെ ചെകിട്ടത്തേറ്റ അടിയുടെ കാരണം. വിലക്കയറ്റം പൊറുതിമുട്ടിക്കുകയും കൊടിയ അഴിമതികളിലൂടെ വഴിമാറിയൊഴുകുന്ന പണം വിലക്കയറ്റത്തിനൊരു കാരണമാണെന്ന്‌ തിരിച്ചറിയുകയും ചെയ്യുന്ന ഇടത്തരക്കാരന്റെ പ്രതിനിധിയാണ്‌ ആ ചെകിട്ടത്തടിക്കാരന്‍. കേന്ദ്ര കൃഷി മന്ത്രി ശരത്‌ പവാറിനു നേര്‍ക്കണ്ടായ കൈയേറ്റത്തെ അപലപിക്കാന്‍ പാര്‍ലിമെന്റ്‌ ഒരു ശരീരമായി എഴുന്നേല്‍ക്കുന്നത്‌ പിറ്റേന്ന്‌ കണ്ടു. സ്വന്തം കിടപ്പാടം നഷ്‌ടപ്പെടാതിരിക്കാന്‍ സമരത്തിനിറങ്ങി പോലീസിന്റെ അടിയേറ്റ്‌ വീഴുകയോ മര്‍ദനത്തില്‍ പിടഞ്ഞ്‌ തിരിഞ്ഞോടുമ്പോള്‍ വെടിയേറ്റ്‌ ചലനം നിലക്കുകയോ ചെയ്‌ത ആരുടെയെങ്കിലും പേരില്‍ പാര്‍ലിമെന്റ്‌ ഒരു ശരീരമായ കാഴ്‌ച നാം കണ്ടിട്ടുണ്ടോ! സ്വന്തം ശരീരം വേദനിക്കുമ്പോള്‍ മാത്രമേ അപലപന ശബ്‌ദത്തിന്‌ അവര്‍ തയ്യാറാകുന്നുള്ളൂ. 


സ്വന്തം ശരീരത്തിലേറ്റ വേദനയുടെ ഫലമായിട്ടല്ല കിഷന്‍ജിയെപ്പോലുള്ളവര്‍ നാടിറങ്ങിയത്‌ എന്ന്‌ മനസ്സിലാക്കുമ്പോഴാണ്‌ മന്‍മോഹന്‍ സിംഗിനേയോ ചിദംബരത്തെയോ (പേരുകള്‍ പ്രതീകങ്ങള്‍ മാത്രം) അപേക്ഷിച്ച്‌ മഹാന്‍മാരായ രാഷ്‌ട്രീയ പ്രവര്‍ത്തകരാണ്‌ കിഷന്‍ജിയെപ്പോലുള്ളവരെന്ന്‌ തിരിച്ചറിയുന്നത്‌. ആ തിരിച്ചറിവില്ലാത്തതുകൊണ്ടാണ്‌ കിഷന്‍ജി കൊല്ലപ്പെട്ട, പവാറിന്‌ ചെകിട്ടത്തടിയേറ്റ അതേ ദിവസം തന്നെ പരിഷ്‌കാരത്തിന്‌ ആക്കം കൂട്ടി ബഹു ബ്രാന്‍ഡുകളുടെ ചില്ലറ വില്‍പ്പന മേഖലയില്‍ 51 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ മന്‍മനോഹനാദികള്‍ തീരുമാനിക്കുന്നത്‌. ഈ തീരുമാനം സൃഷ്‌ടിക്കാനിടയുള്ള ആഘാതത്തെക്കുറിച്ച്‌ അറിയാതെയല്ല, ഘടകകക്ഷിയുടെ എതിര്‍പ്പ്‌ പോലും അവഗണിച്ച്‌ മുന്നോട്ടുപോകാന്‍ തിടുക്കം കാട്ടുന്നത്‌. 


വാള്‍മാര്‍ട്ടിനെയും ടെസ്‌കോയെയും പോലുള്ള കുത്തക കമ്പനികള്‍ ദീര്‍ഘകാലമായി കാത്തിരിക്കുന്നു. അവര്‍ക്ക്‌ പിറകില്‍ ബരാക്‌ ഒബാമയും ആഞ്‌ജലാ മെര്‍ക്കലും പ്രതിനിധാനം ചെയ്യുന്ന മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുണ്ട്‌. ആ സമ്പദ്‌വ്യവസ്ഥ നേരിടുന്ന അസാധാരണവും പുറത്തു കടക്കാന്‍ എളുപ്പവഴിയില്ലാത്തതുമായ സാമ്പത്തിക പ്രതിസന്ധിയുണ്ട്‌. ആ കാത്തിരിപ്പ്‌ അവസാനിപ്പിക്കേണ്ട ബാധ്യത ഡോ. മന്‍മോഹന്‍ സിംഗിനും കൂട്ടര്‍ക്കുമുണ്ടെന്ന്‌ ജനാധിപത്യ സമ്പ്രദായത്തില്‍ വിശ്വാസമുള്ളവരെല്ലാം അംഗീകരിക്കുക. അല്ലാത്തവരെ തീവ്രവാദിയെന്നോ ഭീകരവാദിയെന്നോ തരാതരം പോലെ വിശേഷിപ്പിച്ച്‌ ബുള്ളറ്റുകള്‍ പാരിതോഷികമായി നല്‍കും.

2011-11-28

വിത്തനാഥന്‌ നീതി, കീടങ്ങള്‍ക്കോ?



ഉന്നത വ്യക്തിത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേസുകളില്‍ വിചാരണക്കോടതികള്‍ ജാമ്യം നിഷേധിക്കുന്നത്‌ പതിവാകുകയാണെന്ന്‌ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്‌. മുതിര്‍ന്ന അഭിഭാഷകരായ രഞ്‌ജിത്‌ കുമാര്‍, മുകുള്‍ റോത്തഗി എന്നിവര്‍ ഉന്നയിച്ച പരാതി പരിശോധിക്കാന്‍ ജസ്റ്റിസുമാരായ അല്‍തമസ്‌ കബീര്‍, എസ്‌ എസ്‌ നിജ്ജാര്‍, ജെ ചെലമേശ്വര്‍ എന്നിവരടങ്ങുന്ന ബഞ്ച്‌ തീരുമാനിക്കുകയും ചെയ്‌തു. ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ഭരണഘടനയുടെ 21-ാം വകുപ്പിന്‌ വിരുദ്ധമായാണ്‌ വിചാരണക്കോടതികള്‍ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ അഭിഭാഷകര്‍ ആരോപിച്ചിട്ടുണ്ട്‌. ജഡ്‌ജിമാര്‍ മാധ്യമങ്ങളുടെ സ്വാധീനത്തിന്‌ വശംവദരാകുന്നതാണ്‌ ജാമ്യ നിഷേധത്തിനുള്ള കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. 


പല പ്രശ്‌നങ്ങളിലും മാധ്യമങ്ങള്‍ മുന്‍കൂട്ടി വിധി പ്രഖ്യാപിക്കുന്നത്‌ പോലെ തോന്നുമെന്ന്‌ അഭിഭാഷകനായ രഞ്‌ജിത്‌ കുമാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. മുതിര്‍ന്ന അഭിഭാഷകരുന്നയിച്ച പരാതിയുടെ ഗൗരവം സുപ്രീം കോടതിക്ക്‌ ഉടന്‍ തന്നെ ബോധ്യപ്പെട്ടുവെന്ന്‌ വേണം കരുതാന്‍. ടെലികോം അഴിമതിക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന യുനീടെക്ക്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ സഞ്‌ജീവ്‌ ചന്ദ്ര, സ്വാന്‍ ടെലികോം ഡയറക്‌ടര്‍ വിനോദ്‌ ഗോയങ്ക, അനില്‍ അംബാനിയുടെ റിലയന്‍സ്‌ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ഹരി നായര്‍, ഗൗതം ദോഷി, സുരേന്ദ്ര പിപാര എന്നിവര്‍ക്ക്‌ ജാമ്യം അനുവദിച്ചപ്പോള്‍ ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥ ജസ്റ്റിസുമാരായ ജി എസ്‌ സിംഗ്‌വിയും എച്ച്‌ എല്‍ ദത്തുവും എടുത്തുപറഞ്ഞു. അനിശ്ചിതകാലത്തേക്ക്‌ വിചാരണത്തടവുകാരായി വെക്കുന്നത്‌ ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ലംഘിക്കലാണെന്ന്‌ പരാമര്‍ശിക്കുകയും ചെയ്‌തു.

വിചാരണ എത്രയും പെട്ടെന്ന്‌ പൂര്‍ത്തിയാകുക എന്നത്‌ തടവില്‍ വെക്കപ്പെടുകയോ അറസ്റ്റിലാകുകയോ ചെയ്യുന്നയാളിന്റെ അവകാശമാണെന്ന്‌ കോടതി പ്രത്യേകം നിരീക്ഷിച്ചു. ചില കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും വിചാരണക്ക്‌ ഏറെ സമയമെടുക്കും. സാക്ഷികളുടെ എണ്ണം കൂടുതലാകാം. തെളിവായി സമര്‍പ്പിക്കപ്പെട്ട രേഖകള്‍ ആയിരക്കണക്കിന്‌ പേജുള്ളതാകാം. സാക്ഷിമൊഴികളും മറ്റ്‌ രേഖകളും പഠിക്കണമെങ്കില്‍ തന്നെ ഏറെ സമയം വേണ്ടിവരും. ഇത്തരം കേസുകളില്‍ വിചാരണത്തടവ്‌ നീണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. അറസ്റ്റിലാകുന്നവര്‍ ഇതെല്ലാം കഴിയുവോളം ജയിലില്‍ കഴിയേണ്ടിവരുന്നുണ്ട്‌. പലപ്പോഴും ചെയ്‌ത കുറ്റത്തിന്‌ അനുഭവിക്കേണ്ടിവരുന്ന തടവ്‌ ശിക്ഷയേക്കാളും അധികം കാലം വിചാരണത്തടവുകാരനായി കഴിയേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ്‌ ടെലികോം അഴിമതിക്കേസില്‍ അറസ്റ്റിലായ അഞ്ച്‌ ഉന്നത വ്യക്തിത്വങ്ങള്‍ക്ക്‌ ജാമ്യം അനുവദിച്ചിരിക്കുന്നത്‌. 


ടെലികോം മുന്‍ മന്ത്രി എ രാജക്കും മറ്റ്‌ ഉന്നത വ്യക്തികള്‍ക്കും ഈ സാഹചര്യത്തില്‍ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്‌. ആറ്‌ മാസത്തിലേറെയായി വിചാരണത്തടവുകാരായി കഴിയുകയാണ്‌ ഇവരെല്ലാം. ഒരു വര്‍ഷം മുമ്പ്‌ ടെലികോം ഇടപാടില്‍ അഴിമതിയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാത്‌പര്യ ഹരജി പരിഗണിക്കവെ എ രാജയെ എന്തുകൊണ്ട്‌ ചോദ്യം ചെയ്‌തില്ല എന്ന്‌ സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്റ്റിഗേഷനോട്‌ (സി ബി ഐ) രൂക്ഷമായ ഭാഷയില്‍ ചോദിച്ച കോടതി തന്നെയാണ്‌ ഇപ്പോള്‍ ഇവരുടെ അനന്തമായ വിചാരണത്തടവിനെക്കുറിച്ച്‌ ഉത്‌കണ്‌ഠ പ്രകടിപ്പിക്കുന്നത്‌. ടെലികോം അഴിമതിക്കേസില്‍ കുറ്റക്കാരെന്ന്‌ സംശയിക്കുന്നവരെ അറസ്റ്റ്‌ ചെയ്യാത്തതില്‍ അമര്‍ഷം പ്രകടിപ്പിച്ചിരുന്ന പലരും ഇന്ന്‌ ഇവര്‍ക്ക്‌ ജാമ്യം അനുവദിക്കാത്തതിലെ നീതികേട്‌ ചൂണ്ടിക്കാട്ടുന്നുണ്ട്‌. ഇത്‌ പ്രത്യക്ഷത്തില്‍ വൈരുദ്ധ്യമായി തോന്നാം. എന്നാല്‍, രാജ്യത്ത്‌ നിലനില്‍ക്കേണ്ട ഉയര്‍ന്ന നീതിബോധത്തിന്റെ പ്രതിഫലനമാണിത്‌. അതുകൊണ്ടാണ്‌ അറസ്റ്റിന്‌ വേണ്ടി മുറവിളി കൂട്ടിയവര്‍ തന്നെ ജാമ്യം നല്‍കാത്തതില്‍ പ്രതിഷേധമുയര്‍ത്തുന്നത്‌.

മുകുള്‍ റോത്തഗിയും രഞ്‌ജിത്ത്‌ കുമാറും പ്രഗത്ഭരായ അഭിഭാഷകരാണ്‌. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അനുകരണീയമായ നിലപാടുകള്‍ മുന്‍കാലത്തും സ്വീകരിച്ചവര്‍. തങ്ങളുടെ പരാതി മുന്നോട്ടുവെച്ചപ്പോള്‍ രഞ്‌ജിത്ത്‌ കുമാര്‍ അവതരിപ്പിച്ചത്‌ അശോക്‌ കുമാര്‍ സിന്‍ഹ എന്ന വ്യക്തിയുടെ അവസ്ഥയാണ്‌. ഝാര്‍ഖണ്ഡ്‌ മുന്‍ മുഖ്യമന്ത്രി മധു കോഡ ആരോപണ വിധേയനായ കേസില്‍ ആരോപണ വിധേയനായി അറസ്റ്റിലായ സിന്‍ഹക്ക്‌ മേല്‍ പോലീസ്‌ ചുമത്തിയിരിക്കുന്നത്‌ മൂന്ന്‌ മുതല്‍ ഏഴ്‌ വര്‍ഷം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റമാണ്‌. രണ്ട്‌ വര്‍ഷമായി വിചാരണത്തടവില്‍ കഴിയുന്ന ഇയാള്‍ക്ക്‌ ഇനിയും ജാമ്യം അനുവദിക്കാന്‍ കോടതികള്‍ തയ്യാറാകുന്നില്ലെന്ന്‌ രഞ്‌ജിത്‌ കുമാര്‍ ചൂണ്ടിക്കാട്ടി. 


ഉന്നതര്‍ ഉള്‍ക്കൊള്ളുന്ന കേസിലെ ആരോപണ വിധേയര്‍ക്ക്‌ ജാമ്യം അനുവദിച്ചാല്‍ അത്‌ സ്വാധീനത്തിന്‌ വഴങ്ങിയാണെന്ന ആരോപണമുയരുമെന്ന ഭയമായിരിക്കണം ജാമ്യം അനുവദിക്കുന്നതില്‍ നിന്ന്‌ ജഡ്‌ജിമാരെ തടയുന്നത്‌. ഇത്തരം കേസുകളില്‍ നിരന്തരം വാര്‍ത്തകള്‍ വരുന്നതോടെ ആരോപണ വിധേയരെല്ലാം കുറ്റവാളികളാണെന്ന ബോധം പൊതുമനസ്സില്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്യും. ഇതിനെ അതിലംഘിച്ച്‌ എങ്ങനെ ജാമ്യം അനുവദിക്കുമെന്ന തോന്നല്‍ ജഡ്‌ജിമാരില്‍ വളരുകയും ചെയ്യുന്നുണ്ടാകാം. ടെലികോം കേസില്‍ അഞ്ച്‌ പേര്‍ക്ക്‌ ജാമ്യം അനുവദിച്ചപ്പോള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വികാരം കണക്കിലെടുത്തല്ല ജാമ്യ ഹരജികളില്‍ തീര്‍പ്പുണ്ടാക്കുക എന്ന്‌ സുപ്രീം കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്‌.

ഇത്രയും പറഞ്ഞതെല്ലാം ഉന്നതരുള്‍പ്പെട്ട കേസുകളില്‍ കോടതികള്‍ സ്വീകരിച്ച്‌ വരുന്ന നിലപാടുകളെക്കുറിച്ചാണ്‌. മുതിര്‍ന്ന അഭിഭാഷകര്‍ സമര്‍പ്പിച്ച പരാതിയില്‍ പരാമര്‍ശിച്ചതും ഉന്നതരുള്‍പ്പെട്ട കേസുകളെക്കുറിച്ചാണ്‌. ഉന്നതരുടെ കാര്യത്തില്‍ അഭിഭാഷകരും കോടതികളും കാട്ടുന്ന ഈ ഉത്‌കണ്‌ഠയും വിശാല നീതിബോധത്തിന്റെ അടിസ്ഥാനത്തിലുള്ള പുരോഗമനോന്മുഖമായ നിലപാടുകളും താരതമ്യത്തിലാണെങ്കിലും കീടമെന്നോ പുഴുവെന്നോ ഒക്കെ ബഹുമാനപ്പെട്ട നീതിപീഠം വിശേഷിപ്പിക്കുന്ന സാധാരണക്കാരുടെ കാര്യത്തിലും ആവശ്യമല്ലേ? അവരുടെ കാര്യത്തിലും ഭരണഘടനയുടെ 21-ാം വകുപ്പ്‌ ഉറപ്പ്‌ നല്‍കുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും മാനിക്കപ്പെടേണ്ടതില്ലേ? മാധ്യമങ്ങള്‍ മുന്‍കൂട്ടി വിധി പ്രഖ്യാപിക്കുന്നത്‌ മൂലം സൃഷ്‌ടിക്കപ്പെടുന്ന പൊതു വികാരത്തെ ഇവിടെയും മറികടക്കാന്‍ കോടതികള്‍ക്ക്‌ ബാധ്യതയില്ലേ?

ബംഗളൂരു സ്‌ഫോടനക്കേസില്‍ ആരോപണവിധേയരുടെ പട്ടികയില്‍ മുപ്പത്തിരണ്ടാമനായി ചേര്‍ക്കപ്പെട്ട പി ഡി പി നേതാവ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനി അറസ്റ്റിലായിട്ട്‌ ഒരു വര്‍ഷത്തിലേറെയായി. കര്‍ണാടകത്തിലെ പോലീസ്‌ കൊല്ലം അന്‍വാറുശ്ശേരിയിലെത്തി കേരള പോലീസൊരുക്കിയ വന്‍ സന്നാഹത്തിന്റെ സഹായത്തോടെ മഅ്‌ദനിയെ അറസ്റ്റ്‌ ചെയ്‌ത്‌ കൊണ്ടുപോയത്‌ ആഘോഷമാക്കാന്‍ നമ്മള്‍ മുന്നില്‍ നിന്നിരുന്നു. വിചാരണത്തടവില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇനിയുമെത്രകാലം അദ്ദേഹം തടവുകാരനായി തുടരേണ്ടിവരുന്നതില്‍ ഒരു നിശ്ചയവും ആര്‍ക്കുമില്ല. അനന്തമായ വിചാരണത്തടവിലൂടെ ലംഘിക്കപ്പെടുന്ന അവകാശങ്ങളെക്കുറിച്ചുള്ള ഉത്‌കണ്‌ഠ മഅ്‌ദനിയുടെ കാര്യത്തില്‍ ഉണ്ടാകുന്നുണ്ടെന്ന്‌ തോന്നുന്നില്ല. 


അഴിമതിക്കേസും മഅ്‌ദനിക്കുമേല്‍ ചുമത്തിയിരിക്കുന്ന രാജ്യദ്രോഹക്കേസും തമ്മില്‍ താരതമ്യമില്ലെന്നത്‌ വസ്‌തുതയാണ്‌. എങ്കിലും കുറ്റപത്രം സമര്‍പ്പിച്ച്‌ ഒരു വര്‍ഷം കഴിഞ്ഞ കേസാണിത്‌. കുറ്റപത്രം സമര്‍പ്പിച്ചതിന്‌ ശേഷമാണ്‌ മഅ്‌ദനിയെ അറസ്റ്റ്‌ ചെയ്യുന്നത്‌ പോലും. തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ച ശേഷമായിരിക്കുമല്ലോ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടാകുക. അതുകൊണ്ട്‌ തന്നെ തെളിവ്‌ നശിപ്പിക്കപ്പെടുമെന്ന ആശങ്ക ആവശ്യമില്ല. ആ നിലക്ക്‌ കുറ്റവാളിയാണെന്ന്‌ തെളിയിക്കപ്പെടും വരെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം മഅ്‌ദനിക്കുണ്ട്‌. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്‌ ലഭിക്കുമായിരുന്ന തടവ്‌ ശിക്ഷയിലുമധികം കാലം വിചാരണത്തടവുകാരനായി കഴിഞ്ഞയാളാണ്‌ മഅ്‌ദനി. ഉന്നതരുടെ കേസുകളില്‍ വിശാലമായ നീതിബോധം പ്രകടിപ്പിക്കുന്നവരാരും അന്ന്‌ മഅ്‌ദനിക്ക്‌ ജാമ്യം നല്‍കിയിരുന്നില്ല. ഒടുവില്‍ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട്‌ ജയിലിന്‌ പുറത്തേക്ക്‌ വരുമ്പോള്‍ ഇത്രയും കാലം എന്തിന്‌ തടവിലിട്ടുവെന്ന ചോദ്യത്തിന്‌ ആര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട്‌ പുറത്ത്‌ വന്ന്‌ ഏതാനും മാസങ്ങള്‍ക്കകം മഅ്‌ദനിയൊരു ഭീകരവാദിയാണെന്ന്‌ സ്ഥാപിക്കാന്‍ പാകത്തിലുള്ള പ്രചാരണം നടന്നിരുന്നു. ചോര്‍ന്ന്‌ കിട്ടുന്ന വിവരങ്ങള്‍ അതിന്റെ ആധികാരികതയെക്കുറിച്ചുള്ള സംശയങ്ങളൊന്നും ഉയര്‍ത്താതെ വിഴുങ്ങാന്‍ തീരുമാനിച്ച മാധ്യമ പ്രവര്‍ത്തകരും ഈ വിവരങ്ങളുടെ പ്രചാരണം തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യത്തെ സഹായിക്കുമെന്ന്‌ ബോധ്യമുള്ള മാധ്യമങ്ങളും ഈ പ്രചാരണത്തീയില്‍ കാറ്റായി ചേര്‍ന്നു. ഇങ്ങനെ പടര്‍ന്ന തീയുടെ ചൂട്‌ ന്യായാസനങ്ങളുടെ ചിന്താധാരയെ സ്വാധീനിച്ചോ എന്ന്‌ ന്യായമായും സംശയിക്കണം. 


കോയമ്പത്തൂര്‍ കേസില്‍ വിചാരണത്തടവുകാരനായി കഴിയവെ ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജാമ്യത്തിന്‌ ശ്രമിച്ചപ്പോള്‍, മഅ്‌ദനി കേരളത്തിലെത്തിയാല്‍ ക്രമസമാധാനം തകരുമെന്നാണ്‌ അന്ന്‌ കേരള പോലീസ്‌ അറിയിച്ചത്‌. ഒരു വ്യക്തി സൃഷ്‌ടിക്കാന്‍ ഇടയുള്ള ക്രമസമാധാന പ്രശ്‌നം പോലും പരിഹരിക്കാന്‍ ത്രാണിയില്ലാത്തതാണോ കേരളത്തിലെ പോലീസ്‌ എന്ന്‌ ചോദിക്കാന്‍ തയ്യാറാകാതെ ജാമ്യം നിഷേധിക്കുകയാണ്‌ ന്യായാസനം ചെയ്‌തത്‌. അതുകൊണ്ടാണ്‌ പ്രചാരണത്തീയുടെ ചൂട്‌ ന്യായാസനങ്ങളെ സ്വാധീനിക്കുന്നുണ്ടോ എന്ന സംശയം ഉയരുന്നത്‌.

`എന്റെ കുഞ്ഞുങ്ങള്‍ വളര്‍ന്നുവരുന്നത്‌ കാണാനുള്ള അവസരം നിങ്ങളെനിക്ക്‌ തിരികെത്തരുമോ' എന്നാണ്‌ മലേഗാവ്‌ സ്‌ഫോടനക്കേസിലെ ആരോപണവിധേയരിലൊരാള്‍ അഞ്ച്‌ വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയപ്പോള്‍ ചോദിച്ചത്‌. നീതിന്യായ, ഭരണ സംവിധാനങ്ങള്‍ക്ക്‌ എന്ത്‌ മറുപടി നല്‍കാനുണ്ട്‌? ഇവരിത്രകാലം വിചാരണത്തടവുകാരായി കഴിയേണ്ടിവരുന്ന സാഹചര്യത്തിന്റെ സൃഷ്‌ടികര്‍ത്താക്കള്‍ ഇവയായതിനാല്‍ മറുപടി നല്‍കേണ്ട ബാധ്യതയും മറ്റാര്‍ക്കുമല്ല. മലേഗാവിലുണ്ടായ മറ്റൊരു സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി മൂന്ന്‌ വര്‍ഷത്തിലേറെക്കാലമായി തടവില്‍ കഴിയുന്ന പ്രഗ്യാ സിംഗ്‌ താക്കൂര്‍, കേണല്‍ ശ്രീകാന്ത്‌ പുരോഹിത്‌ തുടങ്ങിയവരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. ഇവര്‍ നടത്തിയ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം അടിച്ചേല്‍പ്പിക്കപ്പെട്ടതിനാലാണ്‌ ആദ്യ കേസില്‍ ഒമ്പത്‌ പേര്‍ക്ക്‌ വിചാരണത്തടവുകാരാകേണ്ടി വന്നതെന്നാണ്‌ ഇപ്പോള്‍ പുറത്ത്‌ വരുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന. സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മത മൊഴി ഇതിന്‌ തെളിവാണ്‌. മറ്റ്‌ പല സ്‌ഫോടനങ്ങളുടെയും പിറകില്‍ ഇവരാണെന്ന സംശയം നിലനില്‍ക്കുകയും അതേക്കുറിച്ച്‌ അന്വേഷണം നടക്കുകയും ചെയ്യുന്നതിനാല്‍ പ്രഗ്യയെയും ശ്രീകാന്ത്‌ പുരോഹിതിനെയും പോലുള്ളവരുടെ വിചാരണത്തടവ്‌ ന്യായീകരിക്കപ്പെടും. ഇവരുടെ കൂട്ടാളികളില്‍ പലരെയും ഇനിയും പിടികൂടാനുമുണ്ട്‌. 


എങ്കിലും എത്രകാലം ഈ സ്ഥിതി എന്ന ചോദ്യം പ്രസക്തമാണ്‌. അന്വേഷണം വേഗത്തില്‍ പൂര്‍ത്തീകരിച്ച്‌ വിചാരണ നടത്തി കുറ്റക്കാരാണോ അല്ലയോ എന്ന്‌ നിശ്ചയിക്കാനുള്ള സംവിധാനം നിലവില്‍ വരിക എന്നതാണ്‌ പ്രധാനം. അതില്ലാത്ത കാലത്തോളം ഉന്നതരുടെ കാര്യത്തില്‍ ചില പരിഗണനകള്‍ ഉണ്ടായേക്കും. അത്രത്തോളം ഔന്നത്യമില്ലാത്തവരാണ്‌ 99 ശതമാനവുമെന്നത്‌ വസ്‌തുത മാത്രം. 

2011-11-24

ചോരയുടെ ഉത്തരവാദികള്‍




''നമ്മുടെ ഈ റിപ്പബ്ലിക്കില്‍ ഇങ്ങനെ നിയമവിരുദ്ധമായ രീതിയില്‍ പെരുമാറാന്‍  ഭരണകൂടത്തെ അനുവദിച്ചുകൂടാ. നമ്മുടെ കുട്ടികളെ കൊലപ്പെടുത്താന്‍ അനുവദിക്കാനാകില്ല. ഈ പരാതിക്ക് തൃപ്തികരമായ എന്തെങ്കിലും മറുപടി ഭരണകൂടത്തിന് ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നല്ലതും വിശ്വസനീയവുമായ മറുപടി സര്‍ക്കാറിനുണ്ടാകുമെന്ന് ആഗ്രഹിക്കുന്നു. നിരവധി ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയേണ്ടിവരും'' - ഇന്ത്യയിലെ പരമോന്നത നീതിപിഠത്തില്‍ അംഗങ്ങളായ ജസ്റ്റിസുമാര്‍ അഫ്താബ് ആലം, ആര്‍ എം ലോധ എന്നിവരുടെ  വാക്കുകളാണിവ. സി പി ഐ (മാവോയിസ്റ്റ്) നേതാവായിരുന്ന ചേറുകുരി രാജ്കുമാറിനെയും (ആസാദ്) മാധ്യമ പ്രവര്‍ത്തകനായ ഹേമചന്ദ്ര പാണ്ഡെയെയും ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന ആന്ധ്രാ പ്രദേശ് പോലീസിന്റെ അവകാശ വാദം ചോദ്യം ചെയ്തും ഇതേക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടും സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ, ഏതാനും മാസം മുമ്പാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഭരണകൂടത്തിന്റെ കൈകളില്‍ അവരുടെ കുട്ടികളുടെ ചോര പുരണ്ടിട്ടില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും ന്യായാധിപന്‍മാര്‍ നിരീക്ഷിച്ചിരുന്നു.


രാജ്യത്ത് നിലനില്‍ക്കുന്ന ഭരണ സംവിധാനത്തിനെതിരെ സായുധമായി സമരം നടത്തുന്ന സംഘടനയില്‍ അംഗമായിരുന്നു ആസാദ്. ഭരണകൂടത്തിന്റെ വക്താക്കള്‍ തീവ്രവാദമെന്നും ഭീകരവാദമെന്നും തരാതരം പോലെ വിശേഷിപ്പിക്കുന്ന പ്രവര്‍ത്തനം. അത്തരമൊരാളും അയാളുടെ കൂടെയുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശ് - മഹാരാഷ്ട്ര അതിര്‍ത്തിയിലെ ആദിലാബാദ് വനമേഖലയില്‍ വെച്ച് ഏറ്റുമുട്ടലുണ്ടായെന്നും അതില്‍ ഇവര്‍ വധിക്കപ്പെട്ടുവെന്നുമായിരുന്നു പോലീസിന്റെ അവകാശവാദം. ഇത് അന്നു മുതല്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. ഭരണകൂടം ആരോപിക്കുന്നതു പോലെ തീവ്രവാദിയോ ഭീകരവാദിയോ ആണെങ്കിലും അവരെ പിടികൂടി വെടിവെച്ചു കൊല്ലാന്‍ ഭരണകൂടത്തിന്റെ ആയുധമായ പോലീസിന് ആര് അധികാരം കൊടുത്തുവെന്ന ചോദ്യമാണ് പൗരാവകാശ സംഘടനകള്‍ ഉയര്‍ത്തിയത്. ഈ ചോദ്യത്തിന്റെ അര്‍ഥം പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുകയും ജീവിക്കാനുള്ള അവകാശത്തെ ഭരണകൂടം ഇല്ലാതാക്കുന്നതിലുള്ള അസന്തുഷ്ടി പ്രകടിപ്പിക്കുകയുമാണ് സുപ്രീം കോടതി ചെയ്തത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത് ഭരണകൂടത്തിന്റെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യമാണെന്ന് ഓര്‍മിപ്പിക്കുകയും. 


നീതിന്യായ സംവിധാനം പ്രകടിപ്പിച്ച ഈ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ വേണം സുഹ്‌റാബുദ്ദീന്‍ ശൈഖ്, ഭാര്യ കൗസര്‍ബി, തുള്‍സി റാം പ്രജാപതി, ഇശ്‌റത്ത് ജഹാന്‍, ജാവീദ് ഗുലാം ശൈഖ്, അംജത് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെക്കുറിച്ച് ചിന്തിക്കാന്‍. ഭരണകൂടത്തിന്റെ കൈകളില്‍ സ്വന്തം കുട്ടികളുടെ ചോര പുരണ്ടിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് പറഞ്ഞ നീതിന്യായ സംവിധാനത്തിന് മുന്നിലാണ് സ്വന്തം കുട്ടികളുടെ ചോരയില്‍ കുളിച്ച് ഗുജറാത്ത് ഭരണകൂടം നില്‍ക്കുന്നത്. ഈ ഭരണകൂട ശരീരത്തില്‍ നിന്ന് തെറിച്ച ചോരത്തുള്ളികള്‍ കേന്ദ്ര ഭരണകൂടത്തിന്റെ കൈകളിലുമുണ്ട്. ഇശ്‌റത്ത് ജഹാന് ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ വിവരം വിശ്വസനീയമായിരുന്നുവെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ ലശ്കര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നുമുള്ള കേന്ദ്ര ആഭ്യന്തര മുന്‍ സെക്രട്ടറി ഗോപാല്‍ കൃഷ്ണ പിള്ളയുടെ വാക്കുകള്‍ അതിന് തെളിവാണ്. 


ഇവരില്‍ ആറ് പേരെയും ഗുജറാത്ത് പോലീസിലെ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയ ശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നു. സുഹ്‌റാബുദ്ദീന്റെ ഭാര്യ കൗസര്‍ബിയെ കൊലപ്പെടുത്തി ചുട്ടെരിച്ച് ചാരം പുഴയിലൊഴുക്കിയെന്നാണ് കണ്ടെത്തല്‍. ഈ കണ്ടെത്തലുകള്‍ ശരിയോ തെറ്റോ എന്ന് തെളിവുകളും സാക്ഷിമൊഴികളുമൊക്കെ പരിശോധിച്ച് കോടതി നിശ്ചയിക്കേണ്ടിയിരിക്കുന്നു. ഈ രണ്ട് കേസുകളിലും കോടതികളുടെ ഇടപെടലുകളെത്തുടര്‍ന്നാണ് അന്വേഷണം നടന്നത്. അന്വേഷണത്തിന് കോടതികളുടെ മേല്‍നോട്ടവുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇതര കേസുകളുടെ അന്വേഷണത്തേക്കാള്‍ വിശ്വാസ്യത ഇതിനുണ്ടെന്ന് വിശ്വസിക്കാം. അന്വേഷണം നടത്താതിരിക്കാന്‍ ആദ്യം ശ്രമിച്ച നരേന്ദ്ര മോഡി ഭരണകൂടം കോടതി ഇടപെടലിനെത്തുടര്‍ന്ന് ആരംഭിച്ച അന്വേഷണം തടസ്സപ്പെടുത്താനോ അട്ടിമറിക്കാനോ പരമാവധി ശ്രമിച്ചിരുന്നുവെന്നതും വസ്തുതയാണ്. 


ഇശ്‌റത്ത് കേസില്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘത്തില്‍ അംഗമായ സതീഷ് വര്‍മ തന്നെ അന്വേഷണം തടസ്സപ്പെടുത്താന്‍ നടന്ന ശ്രമങ്ങളെക്കുറിച്ച് കോടതിക്ക് മുമ്പാകെ പറഞ്ഞിട്ടുണ്ട്. കേസ് അന്വേഷണം തടസ്സം കൂടാതെ മുന്നോട്ടുകൊണ്ടുപോകാന്‍ സമ്മതിച്ചില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളെ ചുമതലപ്പെടുത്തേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കേണ്ടിവന്നു. ഏത് വിധത്തിലാണ് ഭരണകൂടം അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചത് എന്ന് മനസ്സിലാക്കാന്‍ ഇതിലധികം യാതൊന്നും ആവശ്യമില്ല തന്നെ. 


ഈ ആറ് പേരുടെ കാര്യത്തില്‍ സംഭവിച്ചത് തന്നെയാണ് ഏറെക്കുറെ ആസാദിന്റെയും ഹേമചന്ദ്ര പാണ്ഡെയുടെയും കാര്യത്തില്‍ സംഭവിച്ചത് എന്നാണ് ആരോപണമുള്ളത്. വെടിവെച്ചു കൊന്ന ശേഷം ഏറ്റുമുട്ടലായി ചിത്രീകരിച്ചതാണെങ്കില്‍ ഈ കേസില്‍ ആരോപണവിധേയര്‍ പോലീസ് ഉദ്യോഗസ്ഥരാണ്. എന്നിട്ടും സുപ്രീം കോടതി ഭരണകൂടത്തെ താക്കീത് ചെയ്യും വിധത്തില്‍ അഭിപ്രായപ്രകടനം നടത്തി. മര്‍ദനോപാധി എന്ന നിലയില്‍ ഭരണകൂടം ഉപയോഗിക്കുന്ന ആയുധമാണ് പോലീസ് എന്നത് കൊണ്ട് മാത്രമല്ല സുപ്രീം കോടതി ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്. ഭരണകൂടം (ഗൂഢ) ആലോചിച്ച്, ആവിഷ്‌കരിച്ച പദ്ധതി നടപ്പാക്കപ്പെടുകയാണോ എന്ന സംശയമുള്ളതുകൊണ്ടാണ്. എതിരഭിപ്രായക്കാരെയോ സമരം ചെയ്യുന്നവരെയോ ആസൂത്രിതമായ കൊലപാതകങ്ങളിലൂടെ ഇല്ലാതാക്കുകയാണോ എന്ന് ആശങ്കയുള്ളതിനാലാണ്. ഇത് ഇന്ന് മാവോയിസ്റ്റുകള്‍ക്കെതിരെ പ്രയോഗിച്ചാല്‍ നാളെ മറ്റാര്‍ക്കെതിരെയും പ്രയോഗിക്കപ്പെടാമെന്ന ഭയമുള്ളതിനാലാണ്. 


ഇത് ഗുജറാത്തില്‍ നിരന്തരമായി അരങ്ങേറിയെന്നാണ് രണ്ട് കേസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുക. 2002നും 2006നുമിടയില്‍ ഗുജറാത്തില്‍ നടന്ന (ഏറിയ പങ്കും അഹമ്മദാബാദില്‍) ഇതര 'ഏറ്റുമുട്ടല്‍' കൊലകളുടെ കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ വിവരങ്ങള്‍ കൂടി പുറത്തുവന്നാല്‍ ഒരുപക്ഷേ ഭരണകൂടം രക്താഭിഷിക്തരായേക്കാം. എതിരഭിപ്രായക്കാരെയോ സമരം ചെയ്യുന്നവരെയോ അല്ല ഇവിടെ ഉന്‍മൂലനം ചെയ്തത് എന്നതാണ് ഏറെ ശ്രദ്ധേയം. ഭരണ നേതൃത്വത്തിലുള്ളവരും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയിരുന്ന, വ്യവസായികളെയും മറ്റും ഭീഷണിപ്പെടുത്തി പണം തട്ടുന്ന റാക്കറ്റിലെ അംഗമായിരുന്നു സുഹ്‌റാബുദ്ദീന്‍ ശൈഖെന്നാണ് അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന വിവരം. ഇത്തരമൊരു റാക്കറ്റിന്റെ നേതൃത്വത്തിലുള്ളവരുടെ പേര് പുറത്തുവരാതിരിക്കാന്‍ സുഹ്‌റാബുദ്ദീനെ കൊലപ്പെടുത്തി. ആ കൊലയുടെ സാക്ഷികളെ ഇല്ലാതാക്കാന്‍ കൗസര്‍ബിയെയും തുള്‍സി റാം പ്രജാപതിയെയും ഇല്ലാതാക്കി. 


നരേന്ദ്ര മോഡിയെ വധിക്കാന്‍ ലശ്കറെ ത്വയ്യിബ ആസൂത്രണം ചെയ്ത പദ്ധതി നടപ്പാക്കാനെത്തി എന്ന ആരോപണമാണ് ഇശ്‌റത്തിനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ ഉന്നയിച്ചത്. ഏറ്റുമുട്ടലുകളില്‍ ഇരയായ മറ്റുള്ളവരില്‍ ഭൂരിഭാഗം പേരുടെയും മേല്‍ ആരോപിക്കപ്പെട്ട കുറ്റവും ഇതു തന്നെ. കൊല്ലപ്പെട്ടവരെല്ലാം ന്യൂനപക്ഷ സമുദായാംഗങ്ങളാണെന്നത് പ്രത്യേകതയാണ്. അധോലോക സംഘാംഗമെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് വെടിവെച്ചു കൊന്നത് പോലും ന്യൂനപക്ഷ സമുദായാംഗം. 2002 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി അരങ്ങേറിയ കൂട്ടക്കുരുതികളിലും ലക്ഷ്യങ്ങളായിരുന്നത് ഇവര്‍ തന്നെയായിരുന്നു. അതിലും പോലീസ് ഉദ്യോഗസ്ഥര്‍ 'സ്തുത്യര്‍ഹ'മായ പങ്ക് വഹിച്ചുവെന്നാണ് ഐ പി എസ് ഉദ്യോഗസ്ഥര്‍ തന്നെ തുറന്നു പറയുന്നത്. വംശഹത്യ നടന്ന കാലത്ത് തുറന്ന് പറയാന്‍ തയ്യാറായിരുന്നത് ഒരാള്‍ മാത്രമയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് നാലോ അഞ്ചോ ആയിട്ടുണ്ട്. 


ആസൂത്രിതമായ വംശഹത്യയുടെ അടുത്ത ഘട്ടമായിരുന്നോ തിരഞ്ഞുപിടിച്ചുള്ള ഇത്തരം കൊലകള്‍ എന്ന ചോദ്യം പ്രസക്തമാണ്. ഭരണകൂടത്തിനെതിരെ ശബ്ദിക്കാന്‍ തയ്യാറാകുന്നവരുടെ വിധി ഇതായിരിക്കുമെന്ന മുന്നറിയിപ്പായി ഏറ്റുമുട്ടലുകള്‍ മാറിയിരുന്നോ? നരേന്ദ്ര മോഡിയുടെ വിശ്വസ്തരായ പോലീസ് ഉദ്യോഗസ്ഥരാണ് ഏതാണ്ടെല്ലാ ഏറ്റുമുട്ടലുകളിലും കാഞ്ചി വലിച്ചത് എന്നത് കൂടി പരിഗണിക്കുമ്പോള്‍ ഈ ചോദ്യത്തിന് കനമേറും. ആ വിശ്വസ്തരെ രക്ഷിച്ചെടുക്കണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാകണമല്ലോ കേസന്വേഷണം തടയാനും അട്ടിമറിക്കാനും അരയും തലയും മുറുക്കി മോഡിയും കൂട്ടരും രംഗത്തിറങ്ങിയത്. രക്ഷിച്ചെടുത്തില്ലെങ്കില്‍ ഈ ഉദ്യോഗസ്ഥര്‍ പലതും തുറന്ന് പറയാന്‍ തയ്യാറായാലോ? 


മുഖ്യമന്ത്രിയുടെ പ്രീതി പിടിച്ചുപറ്റി വിശിഷ്ട സേവാ മെഡലുകളും ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ഉദ്യോഗസ്ഥര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ഏറ്റുമുട്ടല്‍ കൊലകളെന്ന വാദം ഉയരുന്നുണ്ട്. കൊലകള്‍ നടന്നത് ഭരണകൂടത്തിന്റെ അറിവോടെയായിരുന്നില്ലെന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം. അതിന് ഏറെക്കുറെ അരു നില്‍ക്കും വിധത്തിലാണ് കേന്ദ്ര ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ഇശ്‌റത്ത് ഭീകരവാദിയല്ലെന്ന് പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന മുന്‍ സെക്രട്ടറി ഗോപാല്‍ കൃഷ്ണ പിള്ള ഉടന്‍ വിശദീകരിക്കുന്നത്. 


ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്നും അത് തെറ്റായ നടപടിയാണെന്നും പിള്ള കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. കൊല്ലപ്പെട്ടവര്‍ ഭീകരവാദികള്‍ തന്നെയാണെന്ന് വാദിക്കുമ്പോള്‍ അവര്‍ ഇല്ലാതാക്കപ്പെടേണ്ടവര്‍ തന്നെയായിരുന്നുവെന്ന് പറയാതെ പറയുകയാണ് ചെയ്യുന്നത്. ഏറ്റുമുട്ടല്‍ കൊലയുടെ ഗൗരവം കുറച്ചു കാണിക്കാന്‍ ശ്രമിക്കുകയും. ഇന്റലിജന്‍സ് ബ്യൂറോ ശേഖരിച്ച വിവരങ്ങള്‍ വിശ്വസനീയമായിരുന്നുവെന്ന് പറയുന്ന പിള്ള നരേന്ദ്ര മോഡിയെ വധിക്കാന്‍ ശ്രമം നടക്കുന്നുവെന്ന വിവരം ഗുജറാത്ത് പോലീസിന് കൈമാറിയിരുന്നുവെന്ന് കൂട്ടിച്ചേര്‍ക്കുമ്പോള്‍ മോഡിയെ ആക്രമിക്കാനെത്തിയ ലശ്കര്‍ പ്രവര്‍ത്തകരെന്ന് ആരോപിച്ച് നടന്ന ഏറ്റുമുട്ടല്‍ കൊലകള്‍ക്കെല്ലാം ന്യായം നിരത്തുകയാണ്. നരേന്ദ്ര മോഡിക്കും ഗുജറാത്ത് സര്‍ക്കാറിനും  ബി ജെ പിക്കും വാദിച്ച് നില്‍ക്കാന്‍ അവസരമൊരുക്കിക്കൊടുക്കുകയും. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ജനങ്ങളില്‍ ഏതാനും പെരെ കൊല്ലാന്‍ കൂട്ടുനിന്നാല്‍ അതില്‍ തെറ്റ് കാണേണ്ടതില്ലല്ലോ! മുമ്പ് സിഖ് വംശഹത്യയുടെ കാലത്ത് കോണ്‍ഗ്രസും അവരുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാറും സ്വീകരിച്ച നയം തന്നെ നരേന്ദ്ര മോഡിയുടെ കാര്യത്തിലും സ്വീകരിക്കുന്നുവെന്ന് മാത്രം. അത് തത്കാലം തുറന്നു പറയുന്നത് ജി കെ പിള്ളയാണെന്ന് മാത്രം. 'സ്വന്തം കുട്ടികളുടെ ചോര നിങ്ങളുടെ കൈകളില്‍ പുരണ്ടിട്ടുണ്ടോ' എന്ന നീതിപീഠത്തിന്റെ ചോദ്യമൊന്നും ഇവിടെ പ്രസക്തമല്ല. ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലല്ല നീതിപീഠത്തിന്റെ ചോദ്യം എന്ന് നന്നായി മനസ്സിലാക്കുന്നവരാണ് ഭരണ നേതൃത്വത്തിലുള്ളവര്‍.  

2011-11-18

ശേഖര്‍ ഗുപ്ത മറന്ന പര്യായങ്ങള്‍




പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയെ വധിച്ചതിന്റെ പക തീര്‍ക്കാനെന്ന വ്യാജേന സിഖുകാരെ ആക്രമിക്കുകയും ചുട്ടുകൊല്ലുകയും ബലാത്സംഗം ചെയ്യുകയും അവരുടെ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്ത രാജ്യമെന്ന ഖ്യാതി നമുക്കുണ്ട്. എവിടെയൊക്കെയാണ് സിഖുകാര്‍ താമസിക്കുന്നത് എന്ന് അക്രമിക്കൂട്ടത്തിന് എളുപ്പത്തില്‍ മനസ്സിലാകുന്നതിന് വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ലഭ്യമാക്കി സഹായിച്ചു അന്ന് ഭരണ നേതൃത്വത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. വലിയ മരം വീഴുമ്പോള്‍ പുല്‍ക്കൊടികള്‍ നശിക്കുക സ്വാഭാവികം മാത്രമെന്ന് ന്യായീകരിച്ച നേതാവ് പിന്നീട് ശ്രീലങ്കയിലേക്ക് പട്ടാളത്തെ നിയോഗിച്ച് അവിടെ കൊലക്കും ബലാത്സംഗത്തിനും അവസരമൊരുക്കി. രാജീവ് ഗാന്ധിയെ വധിച്ചുകൊണ്ട് എല്‍ ടി ടി ഇ പ്രതികാരം തീര്‍ത്തപ്പോള്‍ തമിഴ് വംശജരുടെ നേര്‍ക്ക് ആക്രമണങ്ങളുണ്ടായി. 1984ലേത് പോലെ അത് വളര്‍ത്താന്‍ സാധിച്ചില്ലെന്ന് മാത്രം. 


'ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരമൊരുക്കണമെന്നും മുസ്‌ലിംകളെ പാഠം പഠിപ്പിക്കണ'മെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞുവെന്ന ആരോപണം നേരിടുന്ന ബി ജെ പി നേതാവ് നരേന്ദ്ര മോഡി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തുടരുകയും രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണെറിയുകയും ചെയ്യുന്നു. പത്രം പതിവായി വായിക്കുന്ന സാധാരണക്കാരായ ആളുകള്‍ക്ക് പോലും അറിയാവുന്ന കാര്യങ്ങളാണിതെല്ലാം. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ചണ്ഡീഗഢ് റിപ്പോര്‍ട്ടറായി തുടങ്ങി അതിവേഗത്തില്‍ വളര്‍ന്ന് എഡിറ്റര്‍ ഇന്‍ ചീഫായി തുടരുന്ന ശേഖര്‍ ഗുപ്തക്കും അറിയാതിരിക്കില്ല. 1984ല്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ സിഖുകാരെ കശാപ്പ് ചെയ്ത ദിവസങ്ങളില്‍ അത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കുറച്ചെങ്കിലും പ്രസിദ്ധീകരിച്ച, എണ്ണാന്‍ ഒരു കൈയിലെ വിരലുകള്‍ പോലും വേണ്ടതില്ലാത്ത പത്രങ്ങളിലൊന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സായതിനാല്‍ പ്രത്യേകിച്ചും. 


''ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്റ്റാലിനിസ്റ്റ് പ്രതിപക്ഷ നേതാവായിരിക്കുന്ന സംസ്ഥാനം, ജോലി ചെയ്തില്ലെങ്കിലും കൂലി വേണമെന്ന് നിര്‍ബന്ധമുള്ള സംസ്ഥാനം, വ്യവസായികള്‍ ഓടി രക്ഷപ്പെടുന്ന സംസ്ഥാനം, സദ്ദാം ഹുസൈന്‍ മരിച്ചപ്പോള്‍ ബന്ദ് നടന്ന ലോകത്തെ ഒരേയൊരിടം' എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് കേരളത്തിന് ശേഖര്‍ ഗുപ്ത കനിഞ്ഞു നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ എന്നിവരും കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ പ്രധാനമന്ത്രി ക്രിസ്റ്റി ക്ലാര്‍ക്കും ചടങ്ങിലുണ്ടായിരുന്നു. പിന്നെ രാജ്യത്തെ വ്യവസായപ്രമുഖന്‍മാരായ നാനൂറോളം പേരും.  കൊച്ചി മുതല്‍ കോഴിക്കോട് വരെ ദേശീയ പാതയിലൂടെ സഞ്ചരിച്ചപ്പോള്‍ പല സ്ഥാപനങ്ങള്‍ക്ക് മുന്നിലും ചുവന്ന കൊടി കണ്ടുവെന്നും സ്ഥാപനങ്ങള്‍ പലതും പൂട്ടിക്കിടക്കുകയാണെന്നും ശേഖര്‍ ഗുപ്ത കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. 


ഒരു പ്രദേശത്തെ ഏത് വിധത്തില്‍ വിശേഷിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ ശേഖര്‍ ഗുപ്തക്കുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ, അത്തരം വിശേഷണങ്ങളിലൂടെ അദ്ദേഹം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമുണ്ട്. പ്രത്യേകിച്ച് വ്യവസായികളും വിദേശരാജ്യത്തു നിന്നുള്ള ഒരു നേതാവും പങ്കെടുക്കുന്ന വേദിയില്‍. ആ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. സദ്ദാം ഹുസൈന്‍ മരിച്ചുവെന്ന പ്രയോഗത്തില്‍ നിന്ന് തുടങ്ങാം. പ്രായാധിക്യവും രോഗവും മൂലം ഏറെക്കാലം ശയ്യാവലംബിയായി കിടന്ന ശേഷം സദ്ദാം ഹുസൈന്‍ മരിക്കുകയായിരുന്നുവെന്ന് തോന്നും ഈ പ്രയോഗം കണ്ടാല്‍. 


ശേഖര്‍ ഗുപ്ത ഉപയോഗിച്ച വാക്ക് അതാകാന്‍ സാധ്യതയില്ല. വിവര്‍ത്തനം ചെയ്ത പത്രാധിപ സമിതിയംഗത്തിന്റെതാകണം മരിച്ചുവെന്ന പ്രയോഗം. സദ്ദാം ഹുസൈനെ തൂക്കിലേറ്റി എന്നാണ് ശേഖര്‍ ഗുപ്ത പറഞ്ഞത് എന്നാകിലും അദ്ദേഹത്തിന്റെ രാഷ്ട്രീയവുമായി യോജിച്ചു നില്‍ക്കും വിധത്തിലുള്ള വിവര്‍ത്തനത്തിന് പത്രാധിപ സമിതിയംഗം തയ്യാറായി. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ദിവസം ഉച്ചകഴിഞ്ഞ് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടന്നിരുന്നു. ഇടത് മുന്നണിയും കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരുന്നു. ലോകത്ത് മറ്റെവിടെയെങ്കിലും പ്രതിഷേധമുയരുന്നുണ്ടോ എന്ന് നോക്കിയല്ല ജനങ്ങളോ രാഷ്ട്രീയ സംവിധാനങ്ങളോ സമരത്തിനൊരുങ്ങുന്നത്. ഒരിടത്തുയരുന്ന പ്രതിഷേധം മറ്റിടങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത ഏറെയാണ് താനും. അതിന്റെ തുടര്‍ച്ച അമേരിക്കയില്‍പ്പോലും കാണുന്നുമുണ്ട്. 


ഇറാഖിനെ ആക്രമിച്ച് സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കുകയും പിന്നീട് പിടികൂടി വിചാരണപ്രഹസനം നടത്തി തൂക്കിലേറ്റുകയും ചെയ്ത അമേരിക്കയുടെ നടപടിയില്‍ പ്രതിഷേധിക്കണമെന്ന് കേരളത്തിലെ രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് തോന്നി. പൊതുവില്‍ ജനങ്ങളും പ്രതിഷേധത്തിനൊപ്പം നിന്നിരുന്നു. അന്ന് ഇന്ത്യാ വിഷന്‍ ചാനല്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ജനങ്ങള്‍ക്ക് ഫോണിലൂടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരം നല്‍കിയിരുന്നു. പ്രതികരിച്ച ആയിരക്കണക്കിനാളുകളില്‍ 99 ശതമാനവും രോഷമോ പ്രതിഷേധമോ പ്രകടിപ്പിച്ചു. ഹര്‍ത്താല്‍ നടത്തിയത് കൊണ്ടും ടെലിവിഷന്‍ ചാനലിലേക്ക് വിളിച്ചു പ്രതിഷേധം പ്രകടിപ്പിച്ചത് കൊണ്ടും എന്ത് ഫലമെന്ന് ശേഖര്‍ ഗുപ്തമാര്‍ക്ക് ചോദിക്കാം. ഭിന്നമായ രാഷ്ട്രീയ ചിന്തകളുടെ പ്രസരണം ഫലമുണ്ടാക്കുമോ ഇല്ലയോ എന്നറിയാനുള്ള ബുദ്ധിയുണ്ടെങ്കില്‍ അത്തരത്തിലൊരു ചോദ്യമുയരില്ല. 


ഇറാഖില്‍ നടന്നത് നാളെ മറ്റു രാജ്യങ്ങളിലും നടക്കാമെന്നും സാമ്പത്തിക ആക്രമണത്തിലൂടെ നമ്മുടെ മണ്ണില്‍ ആധിപത്യം സ്ഥാപിക്കാന്‍ അമേരിക്ക ശ്രമിക്കുന്നുണ്ടെന്നും കേരളീയരും അവരുടെ രാഷ്ട്രീയ സംവിധാനങ്ങളും തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്നതിനെ പരിഹസിക്കുമ്പോള്‍ പ്രകടമാകുന്നത് ദാസ്യ മനോഭാവമാണ്. സദ്ദാം ഹുസൈന് വേണ്ടി ബന്ദ് നടത്തിയെന്ന പരാമര്‍ശത്തില്‍ ബന്ദ് നടത്തി ജനങ്ങളെ, പ്രത്യേകിച്ച് വ്യവസായ, വാണിജ്യ സമൂഹത്തെ ബുദ്ധിമുട്ടിക്കുന്നതിലുള്ള മനോവിഷമം മാത്രമല്ല ഒളിഞ്ഞിരിക്കുന്നത്. കേരളത്തില്‍ വേരൂന്നുന്നുവെന്ന് ആരോപിക്കപ്പെടുന്ന (ഇസ്‌ലാമിക) ഭീകരവാദത്തെ സദ്ദാമിന് വേണ്ടി ബന്ദ് പ്രഖ്യാപിക്കുന്ന രാഷ്ട്രീയ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന ധ്വനിയും കൂടിയാണ്. ഈ ഭീകരവാദം രാജ്യത്തിന് മാത്രമല്ല, അമേരിക്കക്ക് പോലും സഹിക്കാവതല്ലല്ലോ! അതുകൊണ്ടാണ് സദ്ദാമിന്റെ പേരില്‍ കേരളത്തില്‍ ബന്ദ് നടത്തിയതിനെക്കുറിച്ച് അമേരിക്കയുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ തങ്ങളുടെ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയത്. സദ്ദാമിനെ തൂക്കിലേറ്റിയതില്‍ കേരളത്തിലുയര്‍ന്ന രോഷത്തിന്റെ ഒരഗ്രത്തില്‍പ്പോലും അദ്ദേഹത്തിന്റെ മതം ഘടകമായിരുന്നില്ല എന്ന് പ്രതിഷേധത്തിന്റെ പക്ഷത്തു നിന്ന പൗരനെന്ന നിലയില്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കും. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നേരിട്ടറിഞ്ഞതും അമേരിക്കന്‍ ആധിപത്യത്തിനെതിരായ വികാരമായിരുന്നു.  


ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്റ്റാലിനിസ്റ്റെന്ന വിശേഷണം വി എസ് അച്യുതാനന്ദന് നല്‍കുമ്പോള്‍ ഈ സ്റ്റാലിനിസ്റ്റ് നയിച്ച സര്‍ക്കാര്‍ ഭരിച്ച അഞ്ച് വര്‍ഷക്കാലം സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായില്ലെന്നത് ശേഖര്‍ ഗുപ്ത ഓര്‍ക്കണം. വ്യവസായവത്കരണത്തിന്റെ വക്താവായി ഗുപ്ത സംസാരിച്ച ചടങ്ങ് നടന്നത് മഹാരാഷ്ട്രയിലെ മുംബൈയിലാണ്. അവിടെ നിന്ന് മണിക്കൂറുകള്‍ സഞ്ചരിച്ചാല്‍ കര്‍ഷക ആത്മഹത്യ കൊണ്ട് പ്രസിദ്ധമായ വിദര്‍ഭയിലെത്താം. കര്‍ഷകര്‍ നിരന്തരം ആത്മാഹുതി ചെയ്യുന്ന സംസ്ഥാനമെന്ന് മഹാരാഷ്ട്രയെ വിശേഷിപ്പിക്കാന്‍ ശേഖര്‍ ഗുപ്ത തയ്യാറാകുമോ? ജോലി ചെയ്യാതെ കൂലി വാങ്ങുന്ന സമ്പ്രദായം കേരളത്തിലുണ്ട് എന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. അത് ശക്തമായി എതിര്‍ക്കപ്പെടുന്നുമുണ്ട്. എന്നാല്‍ ആ സമ്പ്രദായത്തിന്റെ പേരില്‍ കേരളത്തെ കുറ്റപ്പെടുത്താന്‍ തയ്യാറാകുന്നവര്‍ പദവിയും അധികാരവും ഉപയോഗപ്പെടുത്തി കോടികള്‍ കൊള്ളയടിക്കുന്നവര്‍ക്കും ഗ്രാമവാസികള്‍ക്ക് 26 രൂപ കൊണ്ട് ഒരു ദിവസം ജീവിക്കാനാകുമെന്ന് കണ്ടെത്തുന്നവര്‍ക്കും മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കില്ലേ? 


സ്ഥാപനങ്ങള്‍ക്ക് മുന്നിലെ ചുവന്ന കൊടികളോട് അലര്‍ജി പ്രകടിപ്പിക്കുന്ന ശേഖര്‍ ഗുപ്ത ഇവക്കൊപ്പം പാറുന്ന മറ്റു നിറങ്ങളിലുള്ള കൊടികള്‍ കാണാതിരുന്നത് മനഃപൂര്‍വമാകണം. ചുവന്ന കൊടികളാണ് വ്യവസായത്തെയും നിക്ഷേപത്തെയും തടയുന്നത് എന്ന പരമ്പരാഗത സങ്കല്‍പ്പത്തില്‍ നിന്ന് മനസ്സ് മോചിതമായിട്ടുമുണ്ടാകില്ല. ഊര്‍ജിത വ്യവസായവത്കരണത്തിന് വേണ്ടി കൃഷി ഭൂമി ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ രംഗത്തുവന്ന പശ്ചിമ ബംഗാളിലും ഉത്തര്‍ പ്രദേശിലും അവര്‍ക്ക് പിന്തുണയായി ഉയര്‍ന്ന കൊടികള്‍ക്കൊപ്പമായിരുന്നു ഈ ഗുപ്തമാരെന്നത് വെറുമൊരു വൈരുധ്യം മാത്രമല്ല. 
ചുവന്ന കൊടികള്‍ കണ്ടുവെന്ന് പറയുന്നതിന് തൊട്ടുപിറകെ പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളേറെക്കണ്ടുവെന്ന് ചേര്‍ക്കുമ്പോള്‍ പൂട്ടാനുള്ള കാരണം ശ്രോതാക്കള്‍ക്ക് തേടേണ്ടിവരില്ല. 


തൊഴിലാളി സംഘടനകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ മൂലം സ്ഥാപനങ്ങള്‍ നടത്താന്‍ പറ്റാത്ത സാഹചര്യം നിലനില്‍ക്കുന്നുവെന്നാണ് ശേഖര്‍ ഗുപ്ത ധ്വനിപ്പിക്കുന്നത്. ഇത്തരം കുഴപ്പങ്ങളൊന്നുമില്ലാതിരുന്നിട്ടും വിജയ് മല്യ എന്ന മദ്യ മുതലാളിയുടെ ഉടമസ്ഥതയിലുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് പൂട്ടിപ്പോകുന്ന സ്ഥിതിയിലെത്തിയത് എന്തുകൊണ്ടാണാവോ? മുന്‍വിധി എന്നത് മാധ്യമ പ്രവര്‍ത്തകരുടെ തനത് സ്വാഭാവമായി വിലയിരുത്തപ്പെടാറുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് കേരളത്തെ വിശേഷിപ്പിക്കുമ്പോള്‍ മുന്‍വിധിയുടെ സകല പരിധികളും കടന്ന് പോയിരിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്ത ചടങ്ങാണെങ്കിലും അതിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ അവതാരകന്റെ വിശേഷണങ്ങള്‍ക്ക് വലിയ പ്രാമുഖ്യം നല്‍കിയ പത്രം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ സന്ദേശവും മറ്റൊന്നല്ല. 


വ്യവസായം, നിക്ഷേപം എന്നിവക്ക് അമിത പ്രാമുഖ്യം നല്‍കുന്ന പുതിയ സാമ്പത്തിക, ഉദാരവത്കരണ നയങ്ങളുടെയും അതിനെ പിന്തുണക്കുന്ന ശക്തികളുടെയും രാഷ്ട്രീയ ശബ്ദമാണ് ശേഖര്‍ ഗുപ്തയില്‍ നിന്നുയര്‍ന്നത്. ഇത് മുഖ്യ അജന്‍ഡയായി മാറുമ്പോള്‍ മറ്റ് പലതും മറക്കും. ഗുജറാത്തിലെ വ്യവസായ വികസനത്തിന്റെ പേരില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വം പ്രകീര്‍ത്തിക്കപ്പെടും. ന്യൂനപക്ഷ വിഭാഗക്കാരായ ആയിരക്കണക്കിന് പേരുടെ ചോര ഒഴുകിയ സംസ്ഥാനത്തെ മുഖ്യമന്ത്രിയെന്ന വിശേഷണം മോഡിക്ക് ചാര്‍ത്തിക്കൊടുക്കാന്‍ ശേഖര്‍ ഗുപ്ത തയ്യാറാകില്ല. വംശഹത്യ സംബന്ധിച്ച കേസുകള്‍ ആസുത്രിതമായി അട്ടിമറിച്ച സംസ്ഥാനമെന്ന വിശേഷണം ഗുജറാത്തിന് നല്‍കുകയുമില്ല. ആയിരക്കണക്കിന് സിഖുകാരുടെ ചോരയും ചാരവും മൂടിയ സംസ്ഥാനമെന്ന് ഡല്‍ഹിയെ വിശേഷിപ്പിക്കുമോ? വോട്ടര്‍ പട്ടിക ലഭ്യമാക്കി കൊലക്ക് കൂട്ടു നിന്ന നേതാക്കളുള്ള പാര്‍ട്ടിയുടെ നേതാവാണ് മുഖ്യമന്ത്രി ഷീല ദീക്ഷിതെന്ന് ശേഖര്‍ ഗുപ്ത പറയുമോ? 


ഉമ്മന്‍ ചാണ്ടിക്കൊപ്പം വേദി പങ്കിട്ട ശിവരാജ് സിംഗ് ചൗഹാനെയോ പൃഥ്വിരാജ് ചവാനെയോ പരിചയപ്പെടുത്തിയപ്പോള്‍ അതാത് സംസ്ഥാനങ്ങളുടെ 'മേന്മ' ഗുപ്ത പറഞ്ഞിരിക്കാന്‍ ഇടയില്ല. ആദര്‍ശ് കുംഭകോണത്തിന്റെയും ഇന്‍ഡോറിലെ ഹിന്ദുത്വ ഭീകരവാദ ശൃംഖലയുടെയും കഥ പറയാന്‍ ഉന്നതനായ മാധ്യമ പ്രവര്‍ത്തകന് മടിയുണ്ടാകും. 


ഗുപ്ത ഉദ്ദേശിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക ആദര്‍ശങ്ങള്‍ കേരളത്തില്‍ അടുത്ത ചുവട് വെക്കുന്ന ചടങ്ങ് ഇതിനൊപ്പം നടന്നുവെന്നതില്‍ ആശ്വസിക്കാം. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ മേഖലാ ഓഫീസ് കൊച്ചിയില്‍ ഉടന്‍ തുടങ്ങുന്നതിന്റെ മണിയടിയാണ് നടന്നത്. ഏതാനും വ്യക്തികളുടെ കൈകളില്‍ സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥയുടെ പ്രധാന കാരണങ്ങളിലൊന്ന് ഊഹക്കച്ചവടമാണെന്ന് അമേരിക്കക്കാര്‍ പോലും തിരിച്ചറിയുകയും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലേക്ക് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്ന കാലത്ത് ബി എസ് ഇയുടെ  ഓഫീസ് കൊച്ചിയില്‍ തുറക്കുന്നുവെന്നത് ഗുപ്തമാര്‍ക്കും അവരുടെ വാക്കുകളെ അതിന്റെ രാഷ്ട്രീയാര്‍ഥം മനസ്സിലാക്കി വിവര്‍ത്തനം ചെയ്യുന്നവര്‍ക്കും സന്തോഷം നല്‍കും. 

2011-11-14

മല്യ മഹാനാണ് മന്‍മോഹനും




പെട്രോളിന്റെ വില എന്തുകൊണ്ട് കുറക്കാന്‍ സാധിക്കില്ല എന്ന് നാട് നീളെ വിശദീകരിക്കുകയാണ് കേന്ദ്ര മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും. ഡീസലിന്റെയും പാചക വാതകത്തിന്റെയും വില സമീപ ഭാവിയില്‍ വര്‍ധിപ്പിക്കേണ്ടിവരുമെന്ന സൂചനയും ഇവര്‍ തന്നെ നല്‍കുന്നുണ്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സി രംഗരാജന്റെ വാക്കുകള്‍ വിശ്വാസത്തിലെടുത്താല്‍ ഡീസലിന്റെ വില നിര്‍ണയിക്കാനുള്ള അധികാരം പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നല്‍കിക്കൊണ്ടുള്ള തീരുമാനം അധികം വൈകാതെയുണ്ടാകും. എണ്ണക്കമ്പനികളുടെ നഷ്ടം വന്‍തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് വില വര്‍ധന അനിവാര്യമായി വരുന്നതെന്ന് ഒരു ഭാഗത്ത് വിശദീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ മറ്റൊരു ഭാഗത്ത് അവശ്യവസ്തുക്കളുടേതുള്‍പ്പെടെ വില വര്‍ധിക്കുകയും പണപ്പെരുപ്പ നിരക്ക് ഉയരുകയും ചെയ്യുന്നതില്‍ അതിയായ ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്യും. ജനങ്ങള്‍ നേരിടുന്ന കഷ്ടതകളെക്കുറിച്ച് പൂര്‍ണ ബോധ്യമുണ്ടെങ്കിലും ഇന്ധന വില കുറക്കാന്‍ കഴിയാത്തതിലുള്ള നിസ്സഹായത വിവരിക്കും. പ്രണാബ് കുമാര്‍ മുഖര്‍ജി മുതല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റ് എം ലിജു വരെയുള്ളവര്‍ ഈ കാപട്യം അഭിനയിക്കുന്നുണ്ട്. കൂട്ടത്തില്‍ സത്യസന്ധത ഡോ. മന്‍മോഹന്‍ സിംഗിനും അദ്ദേഹത്തിന്റെ വിശ്വസ്തരായ സി രംഗരാജനെപ്പോലുള്ള സാമ്പത്തിക വിദഗ്ധര്‍ക്കുമാണെന്ന് പറയാം. 


എന്തെന്നാല്‍ സബ്‌സിഡി എന്ന സമ്പ്രദായം എക്കാലത്തും തുടരാനാകില്ലെന്ന് അവര്‍ തുറന്ന് പറയുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ഖജാനയില്‍ നിന്ന് പണം പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നല്‍കുകയും അവര്‍ കുറഞ്ഞ വിലക്ക് ജനങ്ങള്‍ക്ക് ഇന്ധനം ലഭ്യമാക്കുകയും ചെയ്യുന്ന രീതി അധികം വൈകാതെ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. ഭക്ഷ്യവസ്തുക്കളുടെ സബ്‌സിഡിയുടെ കാര്യത്തിലും ഇതേ നിലപാടുകാരാണ് ഇവര്‍. അതുകൊണ്ടാണ് ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് മാത്രമായി സബ്‌സിഡി നിജപ്പെടുത്തണമെന്നും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ എണ്ണം പരമാവധി കുറച്ച് നിര്‍ത്താന്‍ പാകത്തില്‍ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നത്. 26 രൂപയുണ്ടെങ്കില്‍ ഇന്ത്യന്‍ ഗ്രാമീണന് ഒരു ദിവസം കുശാലായി ജീവിക്കാമെന്ന് മൊണ്ടേക് സിംഗ് അലുവാലിയയെപ്പോലുള്ളവര്‍ കണ്ടെത്തുന്നതും സത്യസന്ധതയുള്ളതുകൊണ്ടാണ്.


ഇത്തരം പരിമിതപ്പെടുത്തലുകളും നഷ്ടമൊഴിവാക്കലുകളും പൊതുമേഖലാ കമ്പനികളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കലുകളുമൊക്കെ സാധാരണക്കാരുടെയോ പാവപ്പെട്ടവരുടെയോ ചെലവില്‍ മാത്രമായിരിക്കും. അതിനപ്പുറത്ത് സമ്പന്നന്റെ അവകാശ അധികാരങ്ങളെ പരിമിതപ്പെടുത്തിക്കൊണ്ടാവില്ല. അത് ഉറപ്പാക്കുന്നുമുണ്ട് ഈ സത്യസന്ധന്‍മാര്‍. 


1990കളിലെപ്പൊഴോ പുത്തന്‍ സാമ്പത്തിക നയത്തെ വിമര്‍ശിക്കുകയും ഉദാരവത്കരണം ദൂഷ്യഫലം സൃഷ്ടിക്കുന്നുവെന്ന് പറയുകയും ചെയ്തതിന്റെ പേരില്‍ കുറേക്കാലത്തേക്ക് രാഷ്ട്രീയ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട അനുഭവമുള്ള നേതാക്കളും ഇപ്പോള്‍ സത്യസന്ധര്‍ക്കൊപ്പമാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ മദ്യ രാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍ പ്രതിസന്ധിയിലായപ്പോള്‍ വ്യോമയാന മന്ത്രി വയലാര്‍ രവി പോലും ഉലഞ്ഞുപോയത്. മംഗലാപുരത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തകര്‍ന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേരള ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരം ഉയര്‍ന്ന കോടതിയില്‍ ചോദ്യം ചെയ്യില്ലെന്ന തന്റെ തീരുമാനം ലംഘിച്ച് എയര്‍ ഇന്ത്യ പ്രവര്‍ത്തിച്ചപ്പോള്‍ തോന്നാതിരുന്ന ആശങ്കയും ഉത്കണ്ഠയും വയലാര്‍ രവിക്ക് കിംഗ് ഫിഷറിന്റെ കാര്യത്തിലുണ്ടായി. വ്യോമയാന മേഖലയിലെ സുപ്രധാന കമ്പനിയായ കിംഗ് ഫിഷര്‍ പൂട്ടാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ കമ്പനിക്ക് ബേങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കാന്‍ ഇടപെടുന്നതിന് ധനമന്ത്രാലയത്തോട് സംസാരിച്ചു. വ്യോമ ഇന്ധനത്തിന്റെ പറ്റുപിടി പുസ്തകം തുറന്നുവെക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പെട്രോളിയം മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു. 


വിജയ് മല്യ നിസ്സാരക്കാരനല്ല. യുനൈറ്റഡ് ബ്രൂവറീസ് എന്ന മദ്യക്കമ്പനി അടക്കം നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ്. പോരെങ്കില്‍ പുതിയ നൂറ്റാണ്ടിന്റെ ഉത്സവമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്വന്തം ടീമിനെ ഇറക്കുന്നയാളും. സ്വന്തം സ്ഥാപനത്തിന്റെ കലണ്ടര്‍ പുറത്തിറക്കാന്‍ മണിക്കൂറിന് ലക്ഷങ്ങള്‍ പ്രതിഫലമായി വാങ്ങുന്ന മോഡലുകളെ കൊണ്ടുവരാന്‍ ശേഷിയുള്ളയാളാണ്. ഇതിനുമപ്പുറത്ത് രാജ്യ സഭയിലെ അംഗമെന്ന നിലയില്‍ നിയമ നിര്‍മാണ, നയ രൂപവത്കരണ പ്രക്രിയകളില്‍ പങ്കാളിയും. അത്തരത്തിലൊരാള്‍ നേതൃത്വം നല്‍കുന്ന സ്ഥാപനം കടക്കെണിയില്‍ അകപ്പെട്ട് പൂട്ടിപ്പോകുന്ന സ്ഥിതി അദ്ദേഹത്തിന് മാത്രമല്ല, സര്‍ക്കാറിന് തന്നെ അപമാനകരമാണ്. അതൊഴിവാക്കാന്‍ ശ്രമിക്കുന്നതില്‍ ഒരു തെറ്റും ആരും കാണുകയുമില്ല. അങ്ങനെയോരു നടപടി സ്വീകരിച്ചാല്‍ ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ താത്പര്യപ്പെടുന്ന ലോകത്താകെയും പ്രത്യേകിച്ച് അമേരിക്കയിലുമുള്ള വ്യവസായികളില്‍ സൃഷ്ടിക്കപ്പെടുന്ന ആത്മവിശ്വാസം എത്രത്തോളമായിരിക്കും. ഇതൊന്നും മനസ്സിലാകാത്ത പൊതു മേഖലയിലുള്ള സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) അടക്കമുള്ള ബേങ്കുകള്‍ പിന്തിരിഞ്ഞു നിന്നേക്കാം. കാരണം അഞ്ച് വര്‍ഷത്തിനിടെ 7,400 കോടി രൂപ മല്യയുടെ സ്ഥാപനത്തിലേക്ക് വായ്പയായി നല്‍കിക്കഴിഞ്ഞിരിക്കുന്നു അവര്‍. 


കാര്‍ഷിക, വിദ്യാഭ്യാസ വായ്പകള്‍ക്ക് ഭൂമിയുടെ അടിയാധാരം മുതലുള്ള സകലമാന സര്‍ട്ടിഫിക്കറ്റുകളും വാങ്ങിവെച്ച് പരിശോധനയും സൂക്ഷ്മ പരിശോധനയും നടത്തി മാത്രം വായ്പ അനുവദിക്കുന്നവയാണ് നമ്മുടേ ബേങ്കുകള്‍. എന്നാല്‍ വിജയ് മല്യയുടെ കാര്യത്തിലാകുമ്പോള്‍ ഇത്തരം പരിശോധനകളൊന്നും ആവശ്യമില്ല. അതുകൊണ്ടാണ് കടത്തില്‍ നിന്ന് കടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് വ്യക്തമായിട്ടും കോടികള്‍ പിന്നെയും വായ്പ നല്‍കിയത്. പോയ വര്‍ഷത്തില്‍ പ്രത്യേക പദ്ധതിയും ഇവയെല്ലാം ചേര്‍ന്ന് കിംഗ് ഫിഷറിനായി നടപ്പാക്കി. 1,400 കോടിയുടെ വായ്പ ഏറെക്കുറെ എഴുതിത്തള്ളിക്കൊണ്ട് അത് കിംഗ് ഫിഷറിലെ ഓഹരിയാക്കി മാറ്റി. എന്നിട്ടും കാര്യങ്ങള്‍ നേരെയാകാത്ത സാഹചര്യത്തില്‍ 7,400 കോടി രൂപ വെള്ളത്തില്‍ വരച്ച വരയാകുമെന്ന ശങ്ക ബേങ്കുകള്‍ക്കുണ്ട്. അതുകൊണ്ടാണ് കൂടുതല്‍ വായ്പ നല്‍കാന്‍ അവര്‍ മടി കാണിക്കുന്നത്. ഇത്തരുണത്തില്‍ ഇടപെടുക എന്നത് കേന്ദ്ര മന്ത്രി എന്ന നിലയില്‍ വയലാര്‍ രവിയുടെയും പ്രണാബ് കുമാര്‍ മുഖര്‍ജിയുടെയും ഉത്തരവാദിത്വമാണ്.      


വായ്പ എടുത്ത് രണ്ടോ മൂന്നോ ഏക്കറില്‍ കൃഷിയിറക്കി അത് നശിക്കുമ്പോള്‍ മുതലും പലിശയും തിരിച്ചടക്കാന്‍ ത്രാണിയില്ലാതെ മരണത്തിലേക്ക് എടുത്തു ചാടുന്ന ദുര്‍ബല ചിത്തരും പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് ഉയര്‍ന്ന് നില്‍ക്കാന്‍ ത്രാണിയില്ലാത്തവരുമായ വിദര്‍ഭയിലെ കര്‍ഷകരെപ്പോലുള്ളവരുടെ കാര്യമല്ല ഇത്. വന്‍ കിട പദ്ധതികള്‍ക്ക് വഴിമുടക്കിയായി നിന്ന്, എല്ലാവരെയുമുള്‍ക്കൊള്ളുന്ന വികസനത്തിന് വേണ്ടി നിലകൊള്ളുവന്നവരില്‍ നിന്ന് മരണം ചോദിച്ച് വാങ്ങുന്ന ആദിവാസികളുടെ കാര്യവുമല്ല. 


കോടികള്‍ സമാഹരിച്ച് വ്യവസായം നടത്താനും അതില്‍ നഷ്ടം വന്നാല്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി ഇളവുകള്‍ സമ്പാദിച്ച് കരുത്തനായി തുടരാനും കഴിയുന്നവരുടെ കാര്യമാണ്. അവര്‍ക്കായി ബേങ്കുകള്‍ കിട്ടാക്കടങ്ങളുടെ രജിസ്റ്റര്‍ മാറ്റിവെക്കണം. ഈടുകളെക്കുറിച്ചുള്ള വേവലാതികള്‍ കൂടാതെ ഖജാന തുറന്ന് കൊടുക്കണം. കോടികളുടെ നഷ്ടക്കണക്കുകള്‍ കുറിച്ചിടുന്ന പൊതു മേഖലാ എണ്ണക്കമ്പനികള്‍ പറ്റുപടിപ്പുസ്തകത്തിലെ പഴയ ഏടുകള്‍ മറിച്ച്  പുതിയ ഏടില്‍ എഴുതിത്തുടങ്ങണം. വ്യോമ ഇന്ധനം വാങ്ങിയ ഇനത്തില്‍ കോടികളാണ് കിംഗ്ഫിഷര്‍ പൊതുമേഖാല എണ്ണക്കമ്പനികള്‍ക്ക് നല്‍കാനുള്ളത്. ഇതര സ്വകാര്യ വിമാനക്കമ്പനികളും കുടിശ്ശികയുടെ കാര്യത്തില്‍ പിന്നാക്കം പോയിട്ടുണ്ടാകില്ല. സ്വന്തം വീട്ടിലേക്ക് മൂന്നൂറിലധികം ടെലിഫോണ്‍ കണക്ഷനുകള്‍ വലിച്ച് അവിടെ നിന്ന് കുടുംബച്ചാനലിന്റെ കെട്ടിടത്തിലേക്ക് രഹസ്യ കേബിള്‍ സ്ഥാപിച്ച് ടെലിവിഷന്‍ സംപ്രേഷണം സുഗമമായി നടത്തിയ മുന്‍ കേന്ദ്ര മന്ത്രിയുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി തീര്‍ച്ചയായും കുടിശ്ശിക വരുത്തിയിട്ടുണ്ടാകും. 


ഇത്തരം കുടിശ്ശികകളൊന്നും പൊതു മേഖലാ എണ്ണക്കമ്പനികളുടെ നഷ്ടത്തിന്റെ കള്ളിയില്‍ അവര്‍ എഴുതിച്ചേര്‍ക്കുന്നില്ല. അത് നഷ്ടമായി എഴുതിച്ചേര്‍ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുമില്ല. എന്നാല്‍ ജനങ്ങള്‍ക്ക് കുറഞ്ഞ വിലക്ക് ഇന്ധനം ലഭ്യമാക്കുന്നതിന് വേണ്ടി എണ്ണക്കമ്പനികള്‍ക്ക് സബ്‌സിഡി നല്‍കുന്നത് വലിയ ബാധ്യതയായി കേന്ദ്ര സര്‍ക്കാര്‍ കാണും. വിജയ് മല്യയെപ്പോലുള്ളയാളുകളുടെ വലിപ്പമില്ലാത്തവര്‍ക്ക് വേണ്ടി വൃഥാ പണം വ്യയം ചെയ്യേണ്ട കാര്യമില്ലല്ലോ. 


പെട്രോളിന്റെ വില വര്‍ധിപ്പിക്കുകയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വിപണിക്ക് വിട്ടുകൊടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ കേന്ദ്ര ഭരണത്തില്‍ പങ്കാളിയായ തൃണമൂല്‍ കോണ്‍ഗ്രസും അതിന്റെ നേതാവ് മമതാ ബാനര്‍ജിയും പന്തിപ്പഴുത് കണ്ടു. ഇന്ധനവില വര്‍ധിപ്പിച്ചത് പിന്‍വലിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണി മുഴക്കി. ഇടഞ്ഞവരെ മെരുക്കാനെത്തിയ ധനമന്ത്രി പ്രണാബ് മുഖര്‍ജിയോട് പശ്ചിമ ബംഗാളിന് ആയിരം കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടു. കേന്ദ്ര വായ്പയുടെ തിരിച്ചടവിന് ഇളവുകളും തേടി. എല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്യുമെന്ന് സംസ്ഥാനങ്ങള്‍ കരുതുന്നത് ഉചിതമല്ലെന്നും സ്വന്തം നിലക്ക് വരുമാനം കണ്ടെത്താന്‍ ശ്രമിക്കണമെന്നും പ്രണാബ് മറുപടി നല്‍കി. ഇന്ധന വിലയുടെ കാര്യത്തിലോ പശ്ചിമ ബംഗാളിന്റെ ആവശ്യങ്ങളുടെ കാര്യത്തിലോ യാതൊരു ഉറപ്പും തന്നെ വന്ന് കണ്ട തൃണമൂല്‍ എം പിമാര്‍ക്ക് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നല്‍കിയില്ല. സംസ്ഥാനത്തിനുള്ള വികസനവിഹിതം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന പരാതി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി മായാവതിയും ഉന്നയിക്കുന്നുണ്ട്. ലോക് സഭയിലേക്ക് 122 അംഗങ്ങളെ സംഭാവന ചെയ്യുന്ന ഈ രണ്ട് സംസ്ഥാനങ്ങളുടെ കാര്യത്തില്‍ സ്വയം പര്യാപ്തതയുടെ ആവശ്യകതയെക്കുറിച്ച് വാചാലമാകുന്ന ഭരണകൂടം വിജയ് മല്യയുടെ വിമാനക്കമ്പനി സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിന്റെ നാലാം ദിവസം ഇടപെടാന്‍ ശ്രമങ്ങള്‍ തുടങ്ങി. ഈ രണ്ട് സംസ്ഥാനങ്ങളേക്കാളല്ല, ചിലകാര്യങ്ങളില്‍ രാജ്യത്തേക്കാള്‍ വലുപ്പമുണ്ട് മല്യയെപ്പോലുള്ള വ്യവസായികള്‍ക്ക്. 


സബ്‌സിഡി ഇനത്തില്‍ വലിയ തുക എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നാണ് ഏറ്റവുമൊടുവില്‍ ഡോ. മന്‍മോഹന്‍ സിംഗ് നല്‍കുന്ന വിശദീകരണം. സ്വകാര്യ സ്ഥാപനങ്ങള്‍ വന്‍തുക കുടിശ്ശിക വരുത്തുന്നത് എണ്ണക്കമ്പനികളുടെ ആരോഗ്യത്തെ ബാധിക്കില്ലേ? അത് പിരിച്ചെടുക്കാനാണ് സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അങ്കലാപ്പുള്ളവര്‍ ആദ്യം ശ്രമിക്കുക. പൊതുമേഖലാ ബേങ്കുകളുടെ കിട്ടാക്കടം വര്‍ധിക്കുന്നത് അവയുടെയും അതുവഴി രാജ്യത്തിന്റെയും സാമ്പത്തിക ആരോഗ്യത്തെയും ബാധിക്കും. അതുകൊണ്ട് മല്യയെപ്പോലുള്ളവരുടെ കിട്ടാക്കടം പിരിച്ചെടുക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗ് നിര്‍ദേശിക്കുമോ? മല്യ വരുത്തിവെച്ച 7,400 കോടി ചേര്‍ത്താല്‍ ബേങ്കുകളുടെ കിട്ടാക്കടം ഏറെക്കുറെ രണ്ട് ലക്ഷത്തോളം കോടിയാകും. അനധികൃതമായി സമ്പാദിച്ചത് സ്വദേശത്തും വിദേശത്തുമായി സൂക്ഷിച്ചവരെക്കൂടി കണ്ടെത്തി നികുതിയും പിഴയും കൂടി ഈടാക്കിയാലോ? 


വിദേശരാജ്യങ്ങളില്‍ നിന്നും ലോക ബേങ്ക് അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്നും വാങ്ങിയ കടമെല്ലാം വീട്ടി സാമ്പത്തിക സ്ഥിതി ഭദ്രമാക്കാം. അപ്പോള്‍ ഇന്ധനത്തിന് സബ്‌സിഡി നല്‍കുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന് ആശങ്കപ്പെടേണ്ടി വരില്ല. പക്ഷേ, ഇതൊന്നും മന്‍മോഹനെപ്പോലുള്ള സത്യസന്ധരെക്കൊണ്ട് സാധിക്കില്ല. നികുതിയും വിമാന ഇന്ധനത്തിന്റെ വിലയും കുറച്ച് നല്‍കി മല്യയുടെ കമ്പനിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുക എന്നതാണ് കരണീയം.

2011-11-10

'അന്തസ്സി'ന്റെ വീണ്ടെടുപ്പ്


കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചവരും നിലവില്‍ സേവനമനുഷ്ഠിക്കുന്നവരും ഇനി സേവനം അനുഷ്ഠിക്കാന്‍ പോകുന്നവരുമായ ജഡ്ജിമാരുടെ അന്തസ്സിനെ ഉയര്‍ത്തിക്കൊണ്ട് തങ്ങള്‍ ശുംഭന്‍മാരല്ലെന്ന് ബഹുമാനപ്പെട്ട ജസ്റ്റിസുമാര്‍ വി രാംകുമാറും പി ക്യു ബര്‍ക്കത്തലിയും വിധി പുറപ്പെടുവിച്ചിരിക്കുന്നു. 'ശുംഭനെ'ന്ന് ആക്ഷേപിക്കുകയും 'പുല്ലുവില' എന്ന് വെല്ലുവിളിക്കുകയും ചെയ്ത സി പി എം നേതാവ് എം വി ജയരാജനെ ആറ് മാസത്തെ തടവിനും 2,000 രൂപ പിഴക്കും ശിക്ഷിച്ച് അത് ഉടന്‍ നടപ്പാക്കിയപ്പോള്‍ പ്രത്യക്ഷമായി സംഭവിച്ചിരിക്കുന്നത് അതാണ്. ഈ ശിക്ഷ ജയരാജന്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുകയും അവിടെ അനുകൂല വിധിയുണ്ടാകുകയും ചെയ്താല്‍ ശുംഭനെന്ന ആക്ഷേപത്തിന്റെ സ്ഥാനം എന്തായിരിക്കുമെന്നത് നിയമവ്യാഖ്യാനങ്ങള്‍ക്ക് വിടാം. 


ദിവസം, സമയം എന്നിവയിലൊക്കെ അന്യാദൃശമായ ഒരു യാദൃച്ഛികത ഇവിടെയുണ്ട്. ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണ പിള്ള നീതിന്യായ വ്യവസ്ഥയെ അപഹസിക്കും വിധത്തില്‍ മോചിപ്പിക്കപ്പെടുകയും തുടര്‍ന്നുള്ള ഏഴ് ദിവസം കൊണ്ട് ഗുരുതരമായ രോഗ പീഡകളില്‍ നിന്ന് മുക്തനായി ആശുപത്രിക്ക് പുറത്ത് വരികയും ചെയ്യുമ്പോഴാണ് എം വി ജയരാജന്‍  ജയിലിലേക്ക് പോകുന്നത്. ബാലകൃഷ്ണ പിള്ളക്ക് ചട്ടം ലംഘിച്ച് പരോള്‍ അനുവദിക്കുകയും സ്വകാര്യ ആശുപത്രിയിലെ സുഖസൗകര്യങ്ങളില്‍ സര്‍വതന്ത്രസ്വതന്ത്രനായി ജീവിക്കാന്‍ അനുവദിക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോടതിയുടെ ഉന്നതമായ സ്ഥാനത്തെ പൊതുപ്രവര്‍ത്തകര്‍ മാനിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്യുമ്പോള്‍ പ്രഹസനം അതിന്റെ പരകോടിയിലാണ്. 


പാതയോരങ്ങളില്‍ പൊതുയോഗങ്ങളോ പ്രകടനങ്ങളോ പാടില്ലെന്ന് വിധി പുറപ്പെടുവിച്ചതിനെ വിമര്‍ശിക്കവെയാണ് കോടതിയലക്ഷ്യത്തിന് കാരണമായ പരാമര്‍ശങ്ങള്‍ എം വി ജയരാജന്‍ നടത്തിയത്. എന്തിനാണ് ജനം പാതയോരത്ത് യോഗം കൂടുന്നതും പ്രകടനം നടത്തുന്നതുമെന്ന് അറിയണമെങ്കില്‍ ജയരാജനെ ശിക്ഷിച്ച കേരള ഹൈക്കോടതിയിലെ തന്നെ മറ്റൊരു ബഞ്ച് ഈ മാസം നാലിന് നടത്തിയ ചില അഭിപ്രായപ്രകടനങ്ങള്‍ പരിശോധിച്ചാല്‍ മതി. പെട്രോള്‍ വില കൂട്ടുന്നത് ചോദ്യം ചെയ്തുള്ള ഹരജി പരിഗണിച്ച ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി എസ് രാമചന്ദ്രന്‍ നായരും ജസ്റ്റിസ് പി എസ് ഗോപിനാഥനും ഉള്‍പ്പെട്ട ബഞ്ച് ഉപഭോക്താക്കള്‍ പ്രതികരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധിക്കുന്നത് വോട്ട് ലക്ഷ്യമിട്ടാണെന്ന് പ്രത്യേകം എടുത്ത് പറയുകയും ചെയ്തു. അതായത് രാഷ്ട്രീയ പാര്‍ട്ടികളെ അവഗണിച്ച് ഉപഭോക്താക്കള്‍ നേരിട്ട് പ്രതികരിക്കാന്‍ തയ്യാറാകണമെന്നാണ് ബഹുമാനപ്പെട്ട ഹൈക്കോടതി പറയുന്നത്. 


ഇങ്ങനെയുള്ള പ്രതികരണങ്ങള്‍ തന്നെയാണ് പാതയോരങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഒക്കെയാകുക. അത്തരം സംഗതികളൊന്നും പാടില്ലെന്ന് ഒരു ഭാഗത്ത് കോടതി പറയുന്നു. ജനങ്ങള്‍ പ്രതികരിക്കണമെന്ന് മറ്റൊരു ഭാഗത്ത് ആവശ്യപ്പെടുന്നു. ഏത് വിധത്തില്‍ പ്രതികരിക്കണമെന്ന് കൂടി കോടതികള്‍ നിശ്ചയിച്ച് നല്‍കിയാല്‍ കാര്യങ്ങള്‍ എളുപ്പമാകുമായിരുന്നു. 


രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് ലാക്കാക്കിയാണ് പ്രതിഷേധിക്കുന്നത് എന്ന കോടതിയുടെ നിരീക്ഷണം തീര്‍ത്തും ശരിയാണ്. രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനത്തില്‍ അയ്യഞ്ചാണ്ട് കൂടുമ്പോള്‍ ജനം വോട്ട് ചെയ്താണ് ഭരണകൂടങ്ങളെ നിശ്ചയിക്കുന്നത്. അങ്ങനെ വോട്ട് കിട്ടി അധികാരം പിടിക്കാനായാല്‍ മാത്രമേ നയനിലപാടുകളില്‍ ഓരോ പാര്‍ട്ടിയും ആഗ്രഹിക്കുന്ന വിധത്തിലുള്ള മാറ്റം സാധ്യമാകൂ. അപ്പോള്‍ പിന്നെ പ്രതിഷേധം വോട്ട് ലാക്കാക്കിയാണെന്ന അഭിപ്രായപ്രകടനം രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ സമ്പ്രദായത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്തത് കൊണ്ടാകണം. അല്ലെങ്കില്‍ അതിനോട് യോജിപ്പില്ലാത്തതുകൊണ്ടാകാം. നീതിന്യായ സംവിധാനം പിന്തുടരുന്ന അരാഷ്ട്രീയ ചിന്താഗതിയുടെ പ്രതിഫനവുമാകാം ഈ നിരീക്ഷണം. 


രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് ആ പാര്‍ട്ടിയുടെയോ അതിന്റെ നേതാക്കളുടെയോ മേല്‍നോട്ടവും നിയന്ത്രണവുമുണ്ടാകും. പ്രതിഷേധം പരിധി വിട്ടാല്‍ ഉത്തരവാദിത്വമേല്‍ക്കേണ്ട സ്ഥിതിയുമുണ്ടാകും. അതിനപ്പുറത്ത് ഉപഭോക്താക്കള്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് കോടതി ആവശ്യപ്പെടുമ്പോള്‍, വളയമില്ലാതെ ചാടിയാലേ രക്ഷയുള്ളൂവെന്ന സന്ദേശമാണ് നല്‍കുന്നത്. അത്തരത്തിലുയരുന്ന പ്രതിഷേധങ്ങള്‍ അരാജകത്വം സൃഷ്ടിക്കാനുള്ള സാധ്യത ഏറെയാണ്. ശുംഭന്‍ പ്രയോഗത്തെ വ്യാഖ്യാനിച്ച സമ്പ്രദായം പിന്തുടര്‍ന്നാല്‍ അരാജകത്വം സൃഷ്ടിക്കാന്‍ ബഹുമാനപ്പെട്ട ജഡ്ജിമാര്‍ ആഹ്വാനം ചെയ്തുവെന്ന് പറയാനാകും. 


രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് ലാക്കാക്കിയാണ് പ്രതിഷേധിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ട് ജനങ്ങളോട് പ്രതികരിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അരാജകത്വം സൃഷ്ടിക്കപ്പെടണമെന്ന തോന്നലൊന്നും ജഡ്ജിമാര്‍ക്ക് ഉണ്ടായിട്ടുണ്ടാകില്ല. പെട്രോള്‍ വില അടിക്കടി കൂടുകയും രാഷ്ട്രീയ പാര്‍ട്ടികളുടെ പതിവ് പ്രതിഷേധങ്ങളുടെ അകമ്പടിയോടെ ജനങ്ങള്‍ വിലക്കയറ്റത്തെ ചുമലിലേറ്റുകയും ചെയ്യുന്ന സാഹചര്യം മുന്നില്‍ കണ്ടപ്പോള്‍ ജഡ്ജിമാര്‍ അഭിപ്രായപ്രകടനത്തിന് മുതിര്‍ന്നുവെന്നേയുള്ളൂ. 
കോടതിയലക്ഷ്യത്തിന് കാരണമായ പരാമര്‍ശങ്ങള്‍ എം വി ജയരാജന്‍ നടത്തിയപ്പോഴും ഇത്രയുമൊക്കെയേ സംഭവിച്ചിട്ടുള്ളൂ. 


സി പി എം പോലൊരു രാഷ്ട്രീയ സംവിധാനത്തിന് ജനക്കൂട്ടത്തെ അണിനിരത്തി സമരം ചെയ്താണ് ശീലം. അവര്‍ക്ക് കീഴിലുള്ള വര്‍ഗ, ബഹുജന സംഘടനകളുടെയും പതിവ് അതാണ്. അതിന്‍മേല്‍ വലിയ നിയന്ത്രണം വരുന്നുവെന്ന തോന്നലുണ്ടായപ്പോള്‍ ആ വിധിയെ വിമര്‍ശിക്കാന്‍ തയ്യാറായി. പാതയോരത്തെ യോഗങ്ങളും പ്രകടനങ്ങളും നിരോധിക്കുമ്പോള്‍ അഭിപ്രായപ്രകടന സ്വാതന്ത്ര്യം കൂടി തടയപ്പെടുന്നുണ്ട്. ഭരണ, നീതി നിര്‍വഹണ സംവിധാനങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ ന്യായമായ ആവശ്യങ്ങളുന്നയിക്കാന്‍ അവകാശം ലഭിക്കാത്ത കോടിക്കണക്കായ ആളുകള്‍  തെരുവിനെ  ആശ്രയിക്കുക എന്നത് സ്വാഭാവികമാണ്. അതിനുള്ള അവകാശം പോലും നിഷേധിക്കുന്ന കോടതികള്‍ ആരുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന ചോദ്യം ഉയരും. അത്തരം ചോദ്യങ്ങളെ സഹിഷ്ണുതയോടെ നേരിടാനും മുന്നിലുയരുന്ന ഉത്തരങ്ങള്‍ ചോദ്യകര്‍ത്താക്കളുടെ ഭാഗത്തെ ന്യായീകരിക്കുന്നതാണെങ്കില്‍ സ്വയം തിരുത്താനും തയ്യാറാകുക എന്നതാണ് ഉന്നതമായ നീതി ബോധത്തിന്റെ ലക്ഷണം. അതല്ലാതെ, എന്ത് വന്നാലും സ്വന്തം തീരുമാനത്തില്‍ മാറ്റം വരുത്തില്ലെന്ന നിലപാടെടുക്കുന്നവര്‍ തര്‍ക്കശാസ്ത്ര നിപുണന്‍മാരായേക്കും, നിയമ സംഹിതകളെ മാനുഷിക പരിഗണനകളോടെ വ്യാഖ്യാനിച്ച് നീതി നടപ്പാക്കുന്ന ന്യായാധിപന്‍മാരാകില്ല. 


ജയരാജന്റെ പരാമര്‍ശങ്ങളുടെ പേരില്‍ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി തീരുമാനിച്ചത്. ജയരാജന്റെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്ന് കോടതിയുടെ അന്തസ്സ് തകര്‍ക്കാന്‍ ശ്രമം നടന്നിരിക്കുന്നുവെന്ന് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ നടപടികള്‍ സ്വീകരിച്ചു. ജയരാജന്റെ വാക്കുകള്‍ കോടതിയെ അവഹേളിക്കുന്നതാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തത്. ജയരാജന്റെ പ്രസംഗം കേള്‍ക്കാനെത്തിയ നൂറോ ആയിരമോ ആളുകള്‍ക്ക് മുന്നില്‍ മാത്രം ഇടിയുമായിരുന്ന കോടതിയുടെ അന്തസ്സ് കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെയെല്ലാം മുന്നില്‍ ഇടിയാന്‍ മാധ്യമങ്ങള്‍ വഴിയുണ്ടാക്കി. ജയരാജന്റെ വാക്കുകള്‍ കോടതിയലക്ഷ്യമാണെങ്കില്‍ അതിന് പ്രചാരണം നല്‍കിയതും തുല്യ കുറ്റമായി വിലയിരുത്തപ്പെടണം. തുല്യ നീതി നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് സംസ്ഥാനത്തെ മാധ്യമങ്ങളെയാകെ ശിക്ഷിക്കാന്‍ ബഹുമാനപ്പെട്ട ഹൈക്കോടതി തയ്യാറാകേണ്ടതാണ്. 


ജയരാജന്റെ വാക്കുകള്‍ കോടതിയെ അറിയിച്ച മാധ്യമങ്ങളിലെല്ലാം കഴിഞ്ഞ കുറേ ദിവസങ്ങളായി ആര്‍ ബാലകൃഷ്ണ പിള്ള നിറഞ്ഞുനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയുള്ള രോഗത്തിന് സ്വകാര്യ ആശുപത്രിയിലെ ചികിത്സ അനുവദിച്ചതും അവിടെ കഴിയവെ തടവ് പുള്ളിക്ക് അപ്രാപ്യമായ സൗകര്യങ്ങള്‍ പിള്ള അനുഭവിച്ചതുമൊക്കെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരമോന്നത കോടതി വിധിച്ച ശിക്ഷക്ക് പ്രഹസനത്തിന്റെ വില പോലും കല്‍പ്പിക്കാതെ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ട് കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുക്കണമെന്ന് ന്യായാധിപന്‍മാര്‍ക്കൊന്നും തോന്നിയതേയില്ല. കോടതിയുടെ അന്തസ്സ് ഇടിക്കും വിധത്തില്‍ വിധിയെ വിമര്‍ശിക്കുന്നതിനേക്കാള്‍ ഗൗരവമുണ്ട് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ ശിക്ഷയെ അട്ടിമറിക്കുന്നതിന്. നീതിന്യായപീഠങ്ങളെ വാക്കുകള്‍ കൊണ്ട് പ്രകീര്‍ത്തിക്കുകയും കോടതി വിധികളെ അട്ടിമറിക്കും വിധത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ അപാകമില്ലെന്ന് കരുതേണ്ടിവരും. ജയരാജന്‍ ഉപയോഗിച്ച വാക്കുകളോട് വിയോജിക്കാം, പക്ഷേ, പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശത്തിന് വേണ്ടിയാണ് സംസാരിച്ചത് എന്നത് മറക്കാനാകില്ല. 


സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് തെരുവില്‍ തമ്പടിച്ചവരെ അറസ്റ്റ് ചെയ്ത്  ഹാജരാക്കുമ്പോള്‍ അഭിപ്രായപ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടെന്നും അത് നിഷേധിക്കാനാകില്ലെന്നും കാണിച്ച് അവരെ വിട്ടയക്കുന്ന അമേരിക്കയിലെ കോടതി അടുത്തിടെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. വ്യക്തിസ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയവയുടെ കാര്യത്തില്‍ പാശ്ചാത്യര്‍ നിര്‍ണയിച്ചു നല്‍കുന്ന മാനദണ്ഡങ്ങളെ ആസ്പദമാക്കിയാണ് പൊതുവില്‍ നാം മുന്നോട്ടുപോകുന്നത്. മുഅമ്മര്‍ ഗദ്ദാഫിയെ എതിര്‍ വിഭാഗത്തെ പിന്തുണക്കുന്നവര്‍ പിടികൂടി 'പേ പിടിച്ച പട്ടി'യെപ്പോലെ കൊന്നത് ജനാധിപത്യത്തിന്റെ വിജയമായി ഉദ്‌ഘോഷിക്കപ്പെടുന്നത് പാശ്ചാത്യ മാനദണ്ഡങ്ങള്‍ സ്വീകരിക്കപ്പെടുന്നതുകൊണ്ടാണ്. നമ്മുടെ നിയമ സംഹിതകളും നീതിന്യായ ചട്ടക്കൂടുകളും സൃഷ്ടിച്ചത് കൊളോണിയല്‍ ഭരണകൂടമാണ്. സ്വന്തമായി നിയമ സംഹിതകള്‍ രചിക്കുകയും അത് നടപ്പാക്കുന്നതിന് സംവിധാനമൊരുക്കുകയും ചെയ്തപ്പോള്‍ മാതൃകയാക്കിയതും ബ്രിട്ടനടക്കമുള്ള പാശ്ചാത്യ ശക്തികളെയാണ്. അവിടങ്ങളില്‍പ്പോലും അഭിപ്രായസ്വാതന്ത്ര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി നിയമ വ്യാഖ്യാനം നടത്തേണ്ടതിന്റെ ആവശ്യകത കോടതികള്‍ ആവര്‍ത്തിക്കുന്നു. അതുകൊണ്ടാണ്  പ്രതിഷേധക്കാരെ വിട്ടയക്കാന്‍ കോടതി തീരുമാനമെടുക്കുന്നത്. 


അത്തരമൊരു സാഹചര്യം നിലനില്‍ക്കെയാണ് കോടതിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തപ്പെട്ടുവെന്ന കുറ്റത്തിന് മുന്‍ ജനപ്രതിനിധി കൂടിയായ ഒരാള്‍ ജയിലില്‍ അടക്കപ്പെടുന്നത്. നീതിന്യായ സംവിധാനം അപൂര്‍വമായി മാത്രം കാണിക്കുന്ന അസഹിഷ്ണുതയുടെ ഫലമാണിതെന്ന് പറയേണ്ടിവരും. അല്ലെങ്കില്‍ തങ്ങളുടെ അധികാരം ചോദ്യം ചെയ്യപ്പെട്ടുവെന്ന തോന്നല്‍ കോടതിയില്‍ രൂഢമൂലമായതിന്റെ. ഇതിനൊരൊറ്റ മറുമരുന്നേയുള്ളൂ. കോടതിയുടെ ഉന്നതമായ സ്ഥാനത്തെ മാനിക്കുക!

2011-11-02

മൗനം മഹത്തരം!!!




'വന്ദേ മാതര' ആലാപനത്തിന്റെയും 'ഭാരത് മാതാ കീ ജയ്' എന്ന മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെ ദേശീയ പതാകകള്‍ താളത്തില്‍ വീശി രാം ലീല മൈതാനത്ത് തമ്പടിച്ചപ്പോള്‍ അന്നാ ഹസാരെ സംഘത്തിന് നായകരുടെ പരിവേഷമുണ്ടായിരുന്നു. അഴിമതിക്കെതിരെ ഗാന്ധിയന്‍ മാതൃകയില്‍ സമരം ചെയ്ത് പുതിയ വിപ്ലവത്തിന് നാന്ദി കുറിക്കുന്നയാളായി അന്നാ ഹസാരെ വാഴ്ത്തപ്പെട്ടു. ഇത്തരം സ്തുതിഗീതങ്ങള്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അന്നാ ഹസാരെ സംഘത്തില്‍ ആഭ്യന്തര വൈരുധ്യങ്ങള്‍ ഉരുവം കൊണ്ടിരുന്നുവെന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടത്. വിമാന ടിക്കറ്റിന് യഥാര്‍ഥത്തില്‍  നല്‍കിയതിനേക്കാള്‍ കൂടുതല്‍ തുക ഈടാക്കക്കിയെന്നത് സംഘാംഗമായ കിരണ്‍ ബേദി സമ്മതിച്ച ആരോപണമാണ്. ഇവരുടെ കീഴിലുള്ള രണ്ട് സര്‍ക്കാറിതര സംഘടനകള്‍ വാണിജ്യ ഇടപാടുകള്‍ നടത്തുന്നുണ്ടോ എന്ന് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നു. അഴിമതിവിരുദ്ധ സമരത്തിന് സംഭാവനയായി ലഭിച്ച പണം അരവിന്ദ് കെജ്‌രിവാള്‍ സ്വന്തം സന്നദ്ധ സംഘടനയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നതാണ് മറ്റൊരു ആരോപണം. ചിലര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് അടിച്ചേല്‍പ്പിക്കുകയാണെന്ന് ആരോപിച്ച് പ്രമുഖരായ രണ്ട് പേര്‍ അന്നാ സംഘത്തില്‍ നിന്ന് പിന്‍മാറി. കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം മേധാ പട്കറും കുമാര്‍ വിശ്വാസും ഉയര്‍ത്തി. ഇതെല്ലാം തന്നെ അന്നാ ഹസാരെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്നതായിരുന്നു. ഈ സാഹചര്യത്തിലാണ് കോര്‍ കമ്മിറ്റി യോഗം ചേരുകയും സംഘത്തിന് ഭരണഘടന രൂപവത്കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. സംഘത്തിന് സംഭാവനയായി ലഭിച്ച പണത്തിന്റെ കണക്ക് പരസ്യപ്പെടുത്തുകയും ഇതില്‍ 42 ലക്ഷം രൂപ തിരിച്ചു കൊടുക്കുമെന്ന് അറിയിക്കുകയുമുണ്ടായി. പണത്തിന്റെ സ്രോതസ്സുള്‍പ്പെടെ പൂര്‍ണ വിവരങ്ങള്‍ നല്‍കാത്ത ദാതാക്കളില്‍ നിന്ന് ലഭിച്ച തുകയാണ് തിരിച്ച് കൊടുക്കുന്നത്. 


അന്നാ ഹസാരെ സംഘവുമായി ബന്ധപ്പെട്ട ഏത് ചെറിയ ചലനങ്ങളും വാര്‍ത്തകളാകുന്നു. അത്തരം ചലനങ്ങളോട് പ്രതികരിക്കാന്‍ സംഘം ശ്രമിക്കുകയും ചെയ്യുന്നുവെന്ന് വേണം ഇതില്‍ നിന്ന് മനസ്സിലാക്കാന്‍. വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത് കൊണ്ടാകണം ഏത് ചെറിയ ചലനത്തോടും പ്രതികരിക്കാന്‍ അന്നാ സംഘം തയ്യാറാകുന്നത്. എന്നാല്‍ ഇക്കാലത്തിനിടെയുണ്ടായ ഒരു പ്രത്യേക സംഭവത്തോട് അന്നാ ഹസാരെ സംഘവും ഇവരെ ആവോളം പിന്തുണക്കാന്‍ തയ്യാറായ മാധ്യമങ്ങളും ഏറെക്കുറെ മൗനം പ്രകടിപ്പിച്ചുവെന്നത് ശ്രദ്ധേയമാണ്. സുപ്രീം കോടതി വളപ്പിലെ ഓഫീസില്‍ അതിക്രമിച്ചു കയറിയ ശ്രീരാമ സേന/ഭഗത് സിംഗ് ക്രാന്തി സേനയുടെ അംഗങ്ങള്‍ പ്രശാന്ത് ഭൂഷണിനെ മര്‍ദിച്ച സംഭവമാണത്. എന്തുകൊണ്ടാണ് അസാധാരണമാം വിധത്തിലുള്ള മൗനദീക്ഷയുണ്ടായത്? നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളില്‍ ഏറെ പ്രാധാന്യം ഈ ചോദ്യത്തിനുണ്ട്. പ്രസ് കൗണ്‍സില്‍ ചെയര്‍മാനായ സുപ്രീം കോടതിയിലെ മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും അതിനെ ശക്തമായി എതിര്‍ത്ത് എഡിറ്റേഴ്‌സ് ഗില്‍ഡ് രംഗത്തു വരികയും ചെയ്ത സാഹചര്യത്തില്‍ കൂടിവേണം ഇക്കാര്യത്തിലെ മൗനത്തെ വിശകലനം ചെയ്യാന്‍. 


അന്നാ ഹസാരെ സംഘത്തിലെ പ്രമുഖനായ അരവിന്ദ് കെജ്‌രിവാള്‍, കുമാര്‍ വിശ്വാസ് തുടങ്ങിയവരെക്കാളൊക്കെ ഏറെ മുമ്പ് ജനങ്ങള്‍ക്ക് പരിചിതനായ ആളാണ് പ്രശാന്ത് ഭൂഷണ്‍. കേന്ദ്ര നിയമ മന്ത്രിയായിരുന്ന ശാന്തി ഭൂഷണിന്റെ മകനെന്നത് ഇക്കാര്യത്തില്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാകാം. എങ്കിലും അഴിമതിക്കും മറ്റുമെതിരെ ദീര്‍ഘനാളായി നടത്തിക്കൊണ്ടിരിക്കുന്ന വ്യവഹാരങ്ങളാണ് പ്രശാന്ത് ഭൂഷണിന് സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാന്‍ സഹായകമായത്. അന്നാ ഹസാരെ നടത്തിയ സമരത്തെ ശക്തമായി പിന്തുണക്കുക കൂടി ചെയ്തതോടെ കൂടുതല്‍ പ്രശസ്തനാകുകയും ചെയ്തു. ജമ്മു കാശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്നും അതിന്റെ ഫലം മാനിക്കപ്പെടണമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞതാണ് ശ്രീ രാമ സേന/ഭഗത് സിംഗ് ക്രാന്തി സേനയുടെ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. അവര്‍ പ്രശാന്ത് ഭൂഷണിനെ ശരിക്ക് കൈകാര്യം ചെയ്തു. ചലച്ചിത്രങ്ങളില്‍ കാണുന്ന സംഘട്ടന രംഗങ്ങള്‍ക്ക് സമാനമായിരുന്നു ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട രംഗങ്ങള്‍. അക്രമം നടന്ന ദിവസം അത് വലിയ വാര്‍ത്തയായിരുന്നു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അതിനെ അപലപിച്ചു. 


തുടക്കത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച അന്നാ ഹസാരെ സംഘം അക്രമത്തെ അപലപിച്ച് രംഗത്തുവന്നു. അവിടെ തീര്‍ന്നു എല്ലാം. പിറ്റേന്നത്തേക്ക് ഇത്തരത്തിലൊരു സംഭവം നടന്നുവെന്ന തോന്നല്‍ പോലും ആരിലും അവശേഷിച്ചതായി തോന്നിയില്ല. ജമ്മു കാശ്മീരിന്റെ കാര്യത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം സംഘത്തില്‍ തുടരേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് ആലോചിക്കുമെന്നും അന്നാ ഹസാരെ വൈകാതെ പറഞ്ഞു. 


ഏതെങ്കിലുമൊരു കോണ്‍ഗ്രസ് നേതാവ് വിമര്‍ശമുന്നയിക്കുമ്പോള്‍ ഉടന്‍ പ്രതികരിക്കുകയും തങ്ങളെ ഒറ്റതിരിഞ്ഞ് ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്നും വിലപിക്കുന്ന അന്നാ സംഘത്തിലെ ആരും യാതൊരു ഉത്കണ്ഠയും പ്രശാന്ത് ഭൂഷണിന്റെ കാര്യത്തില്‍ പ്രകടിപ്പിച്ചില്ല. അന്നാ ഹസാരെ സംഘത്തെ വിമര്‍ശിക്കുമ്പോഴൊക്കെ പ്രതികരിക്കാന്‍ ഉടന്‍ രംഗത്തെത്തുന്ന ബി ജെ പിയോ ആര്‍ എസ് എസ്സോ പ്രശാന്ത് ഭൂഷണിന്റെ കാര്യത്തില്‍ വലിയ താത്പര്യം പ്രകടിപ്പിച്ചില്ല. ആക്രമിക്കപ്പെട്ടത് അന്നാ ഹസാരെ സംഘാംഗമായതുകൊണ്ട് തന്നെ ആദ്യത്തെ പ്രതികരണത്തിനു  ശേഷം കോണ്‍ഗ്രസും ഇതര പാര്‍ട്ടികളും മൗനത്തിലായി. ഒരു സംഘട്ടന രംഗം ക്യാമറയില്‍ കിട്ടിയാല്‍ ദിവസങ്ങളോളം അത് ആഘോഷിക്കാന്‍ തയ്യാറാകാറുണ്ട് നമ്മുടെ ദൃശ്യ മാധ്യമങ്ങള്‍. അവര്‍ക്കും രണ്ടാം ദിവസമായപ്പോഴേക്കും പ്രശാന്ത് ഭൂഷണിന്റെ കാര്യത്തില്‍ താത്പര്യം നഷ്ടപ്പെട്ടു. ഇതിന് ഒരൊറ്റക്കാരണമേയുള്ളൂ. ആക്രമണം നടത്തിയത് ശ്രീരാമ സേന/ഭഗത് സിംഗ് ക്രാന്തി സേനയുടെ അംഗങ്ങളാണ് എന്നത് മാത്രം. 


അന്നാ ഹസാരെ പക്ഷത്തില്‍ സംഘ് പരിവാര്‍ ചായ്‌വ് ആരോപിക്കുന്ന സംഘടനകളില്‍ മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊന്നിന്റെ പ്രവര്‍ത്തകരോ അന്നാ സംഘം സവര്‍ണ പക്ഷത്താണെന്ന് ആരോപിക്കുന്ന സംഘടനകളില്‍ ദളിതുകളുമായി ബന്ധമുള്ള ഏതെങ്കിലുമൊന്നിന്റെ പ്രവര്‍ത്തകരോ ആയിരുന്നു ഈ ആക്രമണത്തിന് പിറകിലെങ്കില്‍ സ്ഥിതി എന്താകുമായിരുന്നു? അഴിമതിക്കെതിരെ കുരിശ് യുദ്ധം നടത്താന്‍ പുറപ്പെട്ട പ്രശാന്ത് ഭൂഷണിനെ ഉന്‍മൂലനം ചെയ്യാനെത്തിയ ഭീകരവാദികളെങ്കിലുമായി അവര്‍ ചിത്രീകരിക്കപ്പെടുമായിരുന്നു. മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ വരുമായിരുന്നു. അന്നാ ഹസാരെ സംഘവും സംഘ് പരിവാര്‍ സംഘടനകളും പൊട്ടിത്തെറിക്കുമായിരുന്നു. ആക്രമണം നടത്തിയത് ശ്രീരാമ സേന/ഭഗത് സിംഗ് ക്രാന്തി സേനയുടെ പ്രവര്‍ത്തകരായതിനാല്‍ ഒന്നും വേണ്ടിവന്നില്ല. ഒരേ ദേശീയതയുടെ വക്താക്കളായതിനാല്‍ പുണ്ണില്‍ കുത്തി വഷളാക്കേണ്ടതില്ലെന്ന നിലപാട് അന്നാ ഹസാരെ സംഘം സ്വീകരിച്ചു. ബി ജെ പിക്കും ആര്‍ എസ് എസ്സിനും നിലവില്‍ അന്നാ ഹസാരെ സംഘം അനിവാര്യമാണെങ്കിലും ശ്രീരാമ സേന/ഭഗത് സിംഗ് ക്രാന്തി സേന പ്രധാനമായതിനാല്‍ അവരും പിന്‍വലിഞ്ഞു. വികാരത്തിന്റെ ഐക്യമാണോ അല്ലയോ എന്ന് വ്യവച്ഛേദിക്കുക ബുദ്ധിമുട്ടാണെങ്കിലും രാംലീല മൈതാനത്തു നിന്ന് 12 ദിവസം തത്സമയ സംപ്രേഷണം നടത്തിയ മാധ്യമങ്ങളും മൗനം പാലിച്ചു. 


മാധ്യമങ്ങള്‍ എന്തുകൊണ്ട് ഇത്തരമൊരു നിലപാടെടുത്തുവെന്ന് ആലോചിക്കുമ്പാഴാണ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ അഭിപ്രായങ്ങള്‍ ശ്രദ്ധേയമാകുന്നത്. രാജ്യത്തെവിടെ സ്‌ഫോടനമുണ്ടായാലും അതിന്റെ ഉത്തരവാദിത്വം ഹിസ്ബുല്‍ മുജാഹിദീനോ ഇന്ത്യന്‍ മുജാഹിദീനോ ഹര്‍ക്കത്തുല്‍ ജിഹാദിയോ ഏറ്റെടുത്തു  കൊണ്ടുള്ള സന്ദേശം ലഭിച്ചുവെന്ന വാര്‍ത്ത മണിക്കൂറുകള്‍ക്കം ബ്രേക്കിംഗ് ന്യൂസായി നല്‍കാനും അതുവഴി മുസ്‌ലിംകള്‍ ഭീകരവാദികളാണെന്ന് വരുത്തിത്തീര്‍ക്കാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശം കട്ജു ഉന്നയിക്കുന്നുണ്ട്. ബോധപൂര്‍വമായാലും അല്ലെങ്കിലും ഇത് നടക്കുന്നുവെന്നത് വസ്തുതയാണ് താനും. ഭീകരപ്രവര്‍ത്തനങ്ങളുമായി അബ്ദുന്നാസര്‍ മഅ്ദനിക്കുള്ള പങ്ക് സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മലയാളത്തിലെ മാധ്യമങ്ങള്‍ മത്സരിച്ച് ശ്രമിച്ചത് മാത്രം മതി ഉദാഹാരണത്തിന്. ഈ ഉത്സാഹമൊന്നും ശ്രീരാമ സേന/ഭഗത് സിംഗ് ക്രാന്തി സേനയുടെ കാര്യങ്ങളിലെത്തുമ്പോള്‍ ഇല്ലാതാകുന്നു. മൊഴിപ്പകര്‍പ്പുകള്‍ ഉയര്‍ത്തിക്കാട്ടി ഭീകര ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ ഇടിച്ചും ചവിട്ടിയും വീഴ്ത്തുന്ന ദൃശ്യങ്ങളെ പൊടുന്നനെ ആര്‍ക്കൈവുകളിലേക്ക് മാറ്റുന്നു. ഈ വൈരുധ്യം തന്നെയാണ് മാര്‍ക്കണ്ഡേയ കട്ജു ഉയര്‍ത്തിക്കാട്ടുന്നത്. പ്രധാന വിഷയങ്ങളില്‍ നിന്നെല്ലാം ജനശ്രദ്ധ തിരിച്ചുവിടാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത് എന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് പ്രസ് കൗണ്‍സിലിന് കൂടുതല്‍ അധികാരം വേണമെന്ന് വാദിക്കുകയാണ് അദ്ദേഹം. എന്നാല്‍ കിരാത നിയമങ്ങള്‍ നടപ്പാക്കാനാണ് കട്ജു ശ്രമിക്കുന്നത് എന്നാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് പറയുന്നത്. സര്‍ക്കാര്‍ പരസ്യം നിഷേധിക്കാനും വേണ്ടിവന്നാല്‍ മാധ്യമങ്ങളുടെ ലൈസന്‍സ് തത്കാലത്തേക്ക് റദ്ദാക്കാനും പിഴ ഈടാക്കാനും പ്രസ് കൗണ്‍സിലിന് അധികാരം നല്‍കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. 


എഡിറ്റേഴ്‌സ് ഗില്‍ഡ് പറയുന്നതു പോലൊരു അഭിപ്രായസ്വാതന്ത്ര്യം നിലനില്‍ക്കുകയോ അനുവദിക്കപ്പെടുകയോ ചെയ്യുന്നുണ്ടോ? അങ്ങനെയൊരു സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കില്‍ അത് ഓരോ മാധ്യമവും പുലര്‍ത്തുന്ന രാഷ്ട്രീയ, വര്‍ഗീയ ചായ്‌വുമായി ബന്ധപ്പെട്ടു മാത്രമേ നിലനില്‍ക്കുന്നുള്ളൂ. അത്തരം സ്വാതന്ത്ര്യമുള്ളതുകൊണ്ടാണ് ശ്രീരാമ സേന/ഭഗത് സിംഗ് ക്രാന്തി സേനയുടെ ആക്രമണം ഏറെ എളുപ്പത്തില്‍ അപ്രത്യക്ഷമാകുന്നത്. സ്വാമി അസിമാനന്ദയെപ്പോലുള്ളവരുടെ കാര്യത്തില്‍ വലിയ താത്പര്യം മാധ്യമങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുന്നത്. ഹിന്ദുത്വ ഭീകരവാദ ശൃംഖലയില്‍ അംഗങ്ങളെന്ന് സംശയിക്കുന്നവരുടെ പട്ടിക ദേശീയ അന്വേഷണ ഏജന്‍സി പുറത്തിറക്കുമ്പോള്‍ അത് ഭൂരിഭാഗത്തിലും പ്രസിദ്ധീകരിക്കപ്പെടാത്തത്. അന്നാ ഹസാരെയും ചെയ്യുന്നത് ഇത് തന്നെയാണ്. ഏറ്റവുമൊടുവില്‍ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നതിനു ശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ സംഘത്തിലെ അംഗങ്ങള്‍ വ്യക്തിപരമായി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ സംഘത്തിന്റെ അഭിപ്രായങ്ങളായി കണക്കാക്കില്ലെന്ന് ഹസാരെ വ്യക്തമാക്കുന്നുണ്ട്. പ്രശാന്ത് ഭൂഷണ്‍ നടത്തിയ പ്രസ്താവനയുടെ ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നും അതിന്റെ ആഘാതം അദ്ദേഹം നേരിടണമെന്നുമാണ് ഈ പ്രസ്താവനയുടെ അന്തരാര്‍ഥം. ആക്രമണത്തെ ഔപചാരികമായെങ്കിലും അപലപിക്കേണ്ടതായി കോര്‍ കമ്മിറ്റിക്ക് തോന്നിയതേയില്ല! ഇതാണ് സഹിഷ്ണുത. ഇതേ സഹിഷ്ണുതയാണ് അന്നായെ പിന്തുണച്ച വ്യക്തികളും സംഘടനകളും മാധ്യമങ്ങളും പ്രകടിപ്പിക്കുന്നത്.

ഉയരട്ടെ നീതിബോധം




അഴിമതി തടയാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് രാജ്യത്ത് ഇപ്പോള്‍ ഏറ്റവും വാചാലനായ വ്യക്തി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗായിരിക്കും. ഏതാനും മാസം മുമ്പ് ചേര്‍ന്ന ദേശീയോദ്ഗ്രഥന സമിതിയുടെ യോഗത്തിലും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഗവര്‍ണര്‍മാരുടെ യോഗത്തിലും പൊതു ജീവിതത്തിലെ അഴിമതി തടയേണ്ടതിന്റെ ആവശ്യകത അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. സ്വകാര്യ മേഖലയിലെ അഴിമതിയെക്കൂടി അഭിസംബോധന ചെയ്യാന്‍ പാകത്തിലുള്ള ശക്തമായ നിയമ നിര്‍മാണത്തെക്കുറിച്ചാണ് മറ്റൊരു ചടങ്ങില്‍ അദ്ദേഹം സംസാരിച്ചത്. ഗവര്‍ണര്‍മാരെ അഭിസംബോധന ചെയ്യുമ്പോള്‍ അഴിമതി തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ഏറ്റവും ഉചിതമായ സമയമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളുടെ പേരില്‍ക്കൂടിയായിരിക്കും തന്റെ ഭരണകാലം ചരിത്രത്തില്‍ ചേര്‍ക്കപ്പെടുക എന്ന് അറിയാവുന്നത് കൊണ്ടുകൂടിയാണ് ഡോ. മന്‍മോഹന്‍ സിംഗ് അഴിമതിയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇന്ത്യന്‍ പൗരന്‍മാരെ സംബന്ധിച്ച് ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയാണ്. രാജ്യത്തെ ഏറ്റവും വലിയ അധികാര സ്ഥാനം കൈയാളുന്നയാള്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ആ പരിഗണന ലഭിക്കും. പറയുന്ന ആത്മാര്‍ഥതയോടെ കാര്യങ്ങള്‍ നടപ്പാക്കപ്പെടുമെന്ന പ്രതീക്ഷ ചിലരിലെങ്കിലും വളരുകയും ചെയ്യും. ഇന്ത്യന്‍ പൗരനും കോണ്‍ഗ്രസി (ഐ) ല്‍ അംഗവുമായ ഒരാളെ സംബന്ധിച്ച് ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി മാത്രമല്ല നേതാവ് കൂടിയാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്ന ഏറ്റവും വലിയ സമിതിയായ പ്രവര്‍ത്തക സമിതിയിലെ അംഗം. പ്രസിഡന്റ് സോണിയാ ഗാന്ധി കഴിഞ്ഞാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മനസ്സില്‍ രണ്ടാം സ്ഥാനത്തുള്ളയാള്‍. (രാഹുല്‍ ഗാന്ധിയെ തത്കാലം മാറ്റിനിര്‍ത്തുക) 


സോണിയാ ഗാന്ധിയും അഴിമതിയുടെ കാര്യത്തില്‍ കര്‍ശന നിലപാടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലേറ്റവും പ്രധാനം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡല്‍ഹിക്കടുത്ത് ബുരാരിയില്‍ ചേര്‍ന്ന എ ഐ സി സിയുടെ പ്ലീനറി സമ്മേളനത്തിലെ പ്രഖ്യാപനങ്ങളാണ്. അഴിമതിയുടെയും പെരുമാറ്റ ദൂഷ്യത്തിന്റെയും കാര്യത്തില്‍ സഹിഷ്ണുതയില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷ ഇത്തരം കേസുകളില്‍ വിചാരണ വേഗത്തില്‍ നടത്തി കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കേണ്ടത് പൊതു ജനങ്ങളുടെ വിശ്വാസ്യത ആര്‍ജിക്കാന്‍ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി. പാര്‍ട്ടി എന്ന നിലക്കും സര്‍ക്കാര്‍ എന്ന നിലക്കും അഴിമതിയെ നേരിട്ട് എതിര്‍ക്കണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സോണിയ അഭിപ്രായപ്പെട്ടു. 
രാജ്യത്ത് മുഴുവനുമുള്ള കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും അനുഭാവികളെയും സംബന്ധിച്ച് ഈ രണ്ട് പേരുടെയും വാക്കുകള്‍ വേദവാക്യങ്ങളാകേണ്ടതാണ്. എന്നിട്ടും ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണി ഭരണത്തിലിരിക്കുന്ന കേരളത്തില്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി ശിക്ഷിച്ചൊരാളെ സംസ്ഥാനപ്പിറവിയാഘോഷത്തിന്റെ പേര് പറഞ്ഞ് മോചിപ്പിക്കുന്നു. 


ആര്‍ ബാലകൃഷ്ണ പിള്ളയെന്ന നേതാവിന് വിചാരണക്കോടതി വിധിച്ച ശിക്ഷ വെറുതെയങ്ങ് ശരിവെക്കുക മാത്രമല്ല സുപ്രീം കോടതി ചെയ്തത്. അഞ്ച് വര്‍ഷം കഠിന തടവ് അനുഭവിക്കാന്‍ മാത്രമുള്ള കുറ്റം ചെയ്തിട്ടുണ്ടെന്ന്  ബോധ്യമായെന്നും എന്നാല്‍ കേസിന്റെ പഴക്കവും പിള്ളയുടെ പ്രായവും പരിഗണിച്ച് ഒരു വര്‍ഷം കഠിന തടവായി ചുരുക്കുകയാണെന്നും എടുത്തു പറഞ്ഞു. ഈ ശിക്ഷ ആസുത്രിതമായി അട്ടിമറിച്ചതിന് ശേഷമാണ് ഇപ്പോഴത്തെ മോചനം. ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട കേരള കോണ്‍ഗ്രസ് (എം) നേതാവ് സജീവനെയും മോചിപ്പിച്ചിട്ടുണ്ട്. ശിക്ഷയുടെ ഭാഗമായി ജയിലില്‍ കഴിഞ്ഞതിനേക്കാളധികം കാലം പിള്ളക്ക് പരോള്‍ അനുവദിക്കപ്പെട്ടു. ഇത് തീര്‍ന്നു ജയിലിലെത്തി ഒപ്പ് വെച്ചതിന്റെ അന്ന് വൈകിട്ട് ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ആഡംബരസമൃദ്ധമായ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ പിള്ളയുടെ മുറി ജയിലായി വിജ്ഞാപനം ചെയ്യാതെ സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തു. അതിന് ശേഷമാണ് മോചനം സാധ്യമാക്കിയത്. 


അഴിമതി തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ഡോ. മന്‍മോഹന്‍ സിംഗിന്റെയും പൊതു ജന വിശ്വാസ്യത ആര്‍ജിക്കാന്‍ പാകത്തിലുള്ള നടപടികള്‍ സ്വീകരിക്കണമെന്ന സോണിയാ ഗാന്ധിയുടെയും ആഹ്വാനങ്ങള്‍ ഇവ്വിധമാണോ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കേണ്ടത് ആ പാര്‍ട്ടിയാണ്. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മാതൃക മന്‍മോഹന്‍ സിംഗും സോണിയാ ഗാന്ധിയും സ്വീകരിക്കുകയാണെങ്കില്‍ കേന്ദ്രത്തിലെ ഘടകകക്ഷിയായ ഡി എം കെയുടെ നേതാവ് എ രാജയെ ഉടന്‍ തന്നെ ഗുഡ്ഗാവിലെ മേദാന്ത മെഡിസിറ്റി ആശുപത്രിയിലെ സ്യൂട്ട് മുറിയിലേക്ക് മാറ്റാന്‍ നടപടി എടുക്കണം. ശിക്ഷിക്കപ്പെട്ടയാളിനെ അപേക്ഷിച്ച് ഇത്തരം സൗകര്യം ആസ്വദിക്കാന്‍ ഇപ്പോഴും ആരോപണവിധേയന്‍ മാത്രമായ രാജക്ക് കൂടുതല്‍ അര്‍ഹതയുണ്ട്. ടെലികോം അഴിമതിക്കേസില്‍ രാജ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അടുത്ത സ്വാതന്ത്ര്യപ്പിറവി വാര്‍ഷികത്തില്‍ ഇളവ് അനുവദിച്ച് മോചിപ്പിക്കുകയും ആകാം. കേരള മാതൃക സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ അക്കാര്യം ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ധരിപ്പിക്കാനെങ്കിലും മന്‍മോഹനും സോണിയയും തയ്യാറാകണം. പറയുന്ന വാക്കുകളോട് അത്രയെങ്കിലും ആത്മാര്‍ഥതയുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നിക്കൊള്ളട്ടെ. 


രാജ്യത്തെ നീതിനിര്‍വഹണ സംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ കേരള ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് വി എസ് മളീമഠിന്റെ നേതൃത്വത്തില്‍ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മളീമഠ് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങളെല്ലാം നടപ്പാക്കുമെന്ന് മുമ്പ് നിയമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന വീരപ്പ മൊയ്‌ലി പറഞ്ഞിരുന്നു. ഒരേ കുറ്റങ്ങള്‍ക്ക് വിവിധ ശിക്ഷ വിധിക്കപ്പെടുന്ന രീതിയാണ് രാജ്യത്ത് നിലവിലുള്ളതെന്നും അത് മാറ്റണമെന്നും ശിപാര്‍ശയുണ്ട്. ബ്രിട്ടനിലും അമേരിക്കയിലുമൊക്കെ ശിക്ഷ വിധിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ഒരേ കുറ്റങ്ങള്‍ക്ക് ഭിന്നമായ ശിക്ഷ വിധിക്കപ്പെടുന്ന സാഹചര്യം അതുകൊണ്ട് തന്നെ അവിടങ്ങളിലില്ല. ഈ മാതൃകയനുസരിച്ച് ഇന്ത്യയിലും ഒരേ കുറ്റത്തിന് ഒരേ ശിക്ഷ എന്നത് നടപ്പാക്കുമെന്നാണ് വീരപ്പ മൊയ്‌ലി പറഞ്ഞിരുന്നത്. 
സല്‍മാന്‍ ഖുര്‍ഷിദ് നിയമ വകുപ്പ് ഏറ്റെടുത്തുവെങ്കിലും ഈ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ടാകില്ല എന്ന് പ്രതീക്ഷിക്കുക. ശിക്ഷ ഇളവ് ചെയ്യുന്ന കാര്യത്തില്‍ കൂടി ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നത് കൂടി പരിഗണിക്കുന്നത് നന്നായിരിക്കും. ജസ്റ്റിസ് മളീമഠ് ശിപാര്‍ശ ചെയ്തിട്ടില്ലാത്തതിനാല്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇക്കാര്യം ഖുര്‍ഷിദിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. 


ജനപ്രതിനിധി, മന്ത്രി എന്നീ നിലകളില്‍ രാജ്യത്തെ സേവിച്ച വരേണ്യ വിഭാഗക്കാരായ ആളുകള്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അവര്‍ ജയിലില്‍ എത്തി രേഖകളില്‍ ഒപ്പ് വെച്ചാലുടന്‍ പരോള്‍ അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യാവുന്നതാണ്. പരോള്‍ കാലാവധി കഴിയുന്ന മുറക്ക് ഇവരെ അത്യാഡംബര സൗകര്യങ്ങളുള്ള ആശുപത്രിയില്‍ പാര്‍പ്പിക്കുന്നതിനാവശ്യമായ ഭേദഗതിയുമാകാം. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, സംസ്ഥാനപ്പിറവി ദിനം എന്നിങ്ങനെയുള്ള വിശേഷ അവസരങ്ങളില്‍ ഇത്തരം തടവുകാര്‍ക്ക് ഇളവുകള്‍ അനുവദിക്കുന്നതിന് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്നതും നിയമപരമാക്കാം. എല്ലാ കാര്യങ്ങളും നിയമപരമായാണ് ചെയ്തിരിക്കുന്നത് എന്ന് കൃത്രിമ വിക്കിന്റെ സഹായം കൂടാതെ തന്നെ വിശദീകരിക്കാന്‍ അതോടെ ഉമ്മന്‍ ചാണ്ടിക്ക് സാധിക്കും. ഇത്തരം ഭേദഗതികള്‍ക്ക് മുഖ്യ പ്രതിപക്ഷായ ബി ജെ പിയുടെ പിന്തുണ ലഭിക്കുമെന്നത് ഉറപ്പാണ്. വിചാരണത്തടവോ ശിക്ഷയായുള്ള തടവോ കാത്തിരിക്കുന്നത് കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും മാത്രമല്ല ബി ജെ പിയുടെയും നേതാക്കള്‍ കൂടിയാണ്. ആരോപണം നേരിടുന്ന നേതാക്കളുണ്ടെങ്കിലും പ്രതിച്ഛായ സംബന്ധിച്ച വലിയ തെറ്റിദ്ധാരണ നിലനില്‍ക്കുന്നതിനാല്‍ ഇടത് പാര്‍ട്ടികള്‍ ഭേദഗതിയെ പിന്തുണച്ചേക്കില്ല. അതവരുടെ മണ്ടത്തരമായി കണ്ടാല്‍ മാത്രം മതിയാകും. 


അനാവശ്യ കാര്‍ക്കശ്യം കാട്ടുന്ന ചില ജഡ്ജിമാര്‍ മാത്രമേ തത്കാലം ഭീഷണിയായുള്ളൂ. കനിമൊഴിയുടെ ജാമ്യാപേക്ഷയെ എന്തുകൊണ്ട് എതിര്‍ത്തില്ല എന്ന് വിശദീകരിക്കണമെന്നൊക്കെ ആവശ്യപ്പെടുന്ന മട്ടിലുള്ള ജഡ്ജിമാര്‍. കാലത്തിനനുസരിച്ച് മാറാന്‍ തയ്യാറാകാത്ത ഇത്തരക്കാരുടെ വംശം അധികം വൈകാതെ കുറ്റിയറ്റു പോകുമെന്നും സുപ്രീം കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെപ്പോലെ ഉയര്‍ന്ന നീതിബോധവും വിശാലമായ മനുഷ്യത്വവും പ്രകടിപ്പിക്കുന്നവര്‍ ഉയര്‍ന്നു വരുമെന്നും പ്രതീക്ഷിക്കാം. അത്തരക്കാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യാം. അധികാരവും പണവും സ്വാധീനവുമൊക്കെയാണ് നിയമങ്ങള്‍ സൃഷ്ടിക്കുന്നത്. അതിന്റെ വ്യാഖ്യാനവും അത്തരം ഘടകങ്ങളോട് നീതി പുലര്‍ത്തുന്നതാകേണ്ടതുണ്ട്. അതുകൊണ്ടാണ് മുന്‍ മന്ത്രിയും സമ്പന്നനും ഉന്നതകുല ജാതനും ഭരണ സ്വാധീനം ഇപ്പോഴും നിലനിര്‍ത്തുന്നയാളുമായ ആര്‍ ബാലകൃഷ്ണ പിള്ളക്ക് ഇളവ് നല്‍കി രാജ്യത്തിനാകെ മാതൃക കാട്ടാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തയ്യാറായത്. പിള്ളക്കും സജീവനും ഇളവ് നല്‍കാന്‍ കൊണ്ടുവന്ന മാനദണ്ഡം മറ്റ് 135 പേര്‍ക്ക് കൂടി സഹായകരമാകുന്നുവെന്നത് കൂടി മനസ്സിലാക്കേണ്ടതുണ്ട്. അതിനൊരു കേരളപ്പിറവി ദിനം തിരഞ്ഞെടുത്തുവെന്നതില്‍ അന്തരംഗം അഭിമാനപൂരിതമാകുകയും ഞെരമ്പുകളില്‍ ചോര തിളക്കുകയുമാണ് വേണ്ടത്. അല്ലാതെ വെറുമൊരു അഴിമതിക്കേസില്‍ കുറ്റവാളിയെന്ന് സുപ്രീം കോടതി കണ്ടെത്തുക മാത്രം ചെയ്ത ഒരാളെ കള്ളനെന്നും കുറ്റവാളിയെന്നും മുദ്രകുത്തി ജയിലില്‍ പാര്‍പ്പിക്കുന്നത് നീതിയുടെ ഉദാത്ത സങ്കല്‍പ്പമായി ചിത്രീകരിക്കുന്നത് കൊടിയ പാപവും വരാനിരിക്കുന്ന (ജയിലിലേക്ക്) തലമുറയോട് കാണിക്കുന്ന വഞ്ചനയുമാണ്. ഇത് വെച്ചുപൊറുപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയെയും ഇ ടി മുഹമ്മദ് ബഷീറിനെയും പോലുള്ളവര്‍ക്ക് സാധിക്കുകയുമില്ല. 


നീതിയുടെ പുതിയ ആകാശം തേടിയാണ് ഇവരുടെ യാത്ര. അതിനിടക്ക് ഉദ്‌ബോധനങ്ങളും ആഹ്വാനങ്ങളുമായി മന്‍മോഹന്‍ സിംഗോ സോണിയാ ഗാന്ധിയോ കടന്നുവരേണ്ടതില്ല. ഇനി അത്തരം ആഹ്വാനങ്ങള്‍ പുറപ്പെടുവിച്ചാല്‍ തന്നെ അത് ചെവിക്കൊള്ളണമെന്ന് നിര്‍ബന്ധിക്കുകയും അരുത്. 
ധാര്‍മിക പരിഗണനകളാണെങ്കില്‍ ശിക്ഷ എന്നത് കുറ്റം ചെയ്തയാളില്‍ മനഃപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ളതാണ്. കുറ്റവാളിയാണെന്ന ബോധ്യം ഒരാളിലുണ്ടാകുന്നത് തന്നെ മനഃപരിവര്‍ത്തനത്തിന്റെ ലക്ഷ്യമാണ്. സുപ്രീം കോടതി ശിക്ഷിച്ച പ്രതിയാണ് താനെന്നും അതുകൊണ്ട് തന്നെ മൊബൈല്‍ ഫോണ്‍ പോലുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അതിനാല്‍ തന്റെ സംഭാഷണം പ്രക്ഷേപണം ചെയ്യരുതെന്നും റിപ്പോര്‍ട്ടര്‍ ചാനലിന്റെ റിപ്പോര്‍ട്ടറോട് പിള്ള പറയുന്നത് കേരളം കേട്ടതാണ്. മനഃപരിവര്‍ത്തനമുണ്ടായെന്നതിന് ഇതിലധികം തെളിവ് വേണ്ടതില്ല. ഇത്തരത്തില്‍ പരിവര്‍ത്തനത്തിന് വിധേയനായ ഒരാള്‍ ശിക്ഷ തുടര്‍ന്ന് അനുഭവിക്കേണ്ട കാര്യമില്ല. ഉദ്ദിഷ്ട കാര്യം സാധിച്ച സ്ഥിതിക്ക് പിള്ളയുടെ ജയില്‍മോചനത്തില്‍ ധാര്‍മികമായി തെറ്റൊന്നും കാണേണ്ടതില്ല.

2011-10-27

ശിങ്കങ്ങളാണേ, ഇളവ് വേണം




ശക്തമായ ലോക്പാല്‍ പ്രാബല്യത്തിലാക്കണമെന്നാവശ്യപ്പെട്ട് അന്നാ ഹസാരെ ജന്തര്‍ മന്തറിലും പിന്നീട് രാം ലീല മൈതാനത്തും നിരാഹാര സത്യഗ്രഹം നടത്തിയപ്പോള്‍ അതിന് അര്‍ഹിക്കുന്നതില്‍ കവിഞ്ഞ പ്രാമുഖ്യം നല്‍കുന്നതില്‍ രാജ്യത്തെ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. മഹാരാഷ്ട്രക്കപ്പുറത്ത് വലിയതോതില്‍ അറിയപ്പെടാതിരുന്ന അന്നാ ഹസാരെക്ക് ജന്തര്‍ മന്തറിലെ സത്യഗ്രഹത്തോടെ അഭിനവ ഗാന്ധി എന്ന വിശേഷണം ചാര്‍ത്തി നല്‍കി ദേശീയതലത്തില്‍ പരിചയപ്പെടുത്തുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. രാംലീലയില്‍ അരങ്ങേറിയ രണ്ടാം വട്ട സത്യഗ്രഹത്തെ ഭ്രാന്തമായ ആവേശത്തോടെ ദേശീയ ദൃശ്യമാധ്യമങ്ങള്‍ സമീപിച്ചു. 


തത്സമയ സംപ്രേഷണം രാംലീലയില്‍ മാത്രം ഒതുങ്ങി നിന്നില്ല. ഹസാരെയുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാജ്യത്തിന്റെ ഇതര നഗരങ്ങളില്‍ ഉയര്‍ന്ന പന്തലുകളില്‍ നിന്ന് കൂടി തത്സമയ സംപ്രേഷണമുണ്ടായി. സമരത്തിന് പാന്‍ ഇന്ത്യന്‍ പിന്തുണയുണ്ടെന്ന് ഉറപ്പാക്കും വിധത്തില്‍ വിവിധ പ്രദേശങ്ങളുടെ പ്രാതിനിധ്യം തത്സമയ സംപ്രേഷണത്തില്‍ ഉറപ്പാക്കുന്നതില്‍ ശ്രദ്ധിച്ചുവെന്ന് മാത്രം. 
രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) നേരിട്ടുള്ള ഇടപെടല്‍ സമരത്തില്‍ ഉണ്ടായിരുന്നുവെന്നത് കൂടിയാകണം ചില മാധ്യമങ്ങളുടെയെങ്കിലും അമിതമായ ആവേശത്തിന് കാരണമായത്. ദൃശ്യമാധ്യമങ്ങള്‍ പ്രകടിപ്പിച്ച ആവേശത്തെ ഒട്ടുംകുറയാതെ പ്രതിഫലിപ്പിച്ചു അച്ചടി മാധ്യമങ്ങള്‍. വിവര സാങ്കേതിക വിദ്യാ മേഖലയിലുള്ളവരുള്‍പ്പെടെ സമുഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ (നഗരവാസികളായ ഇടത്തരക്കാരോ സമ്പന്ന വിഭാഗമോ മാത്രം) അന്നാ ഹസാരെയുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതും രാജ്യത്ത് നടമാടുന്ന അഴിമതിയില്‍ അവര്‍ക്കുള്ള കടുത്ത നിരാശ പ്രകടിപ്പിക്കുന്നതും വിസ്തരിച്ച് പ്രതിപാദിച്ചു അച്ചടി മാധ്യമങ്ങള്‍. അഴിമതിക്കെതിരായ സമരത്തോടുള്ള ആഭിമുഖ്യത്തിനപ്പുറത്ത് അതിന് കാരണമായ രാഷ്ട്രീയ - ഭരണ വ്യവസ്ഥയോടുള്ള കലഹമോ അഴിമതി ഒരു കഴഞ്ച് പോലും സഹിക്കാനാകില്ലെന്ന വികാര പ്രകടനമോ ഒക്കെയാണ് ദേശീയ, പ്രാദേശിക ഭേദമില്ലാതെ അച്ചടി മാധ്യമങ്ങള്‍ പ്രകടിപ്പിച്ചത്. 


ലോക്പാല്‍ ബില്ല് പരിഗണിക്കുന്ന പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി മുമ്പാകെ ഹാജരായ എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പ്രതിനിധികള്‍ പ്രകടിപ്പിച്ച അഭിപ്രായ പ്രകടനം ഈ ആവേശത്തിന്റെ ആത്മാര്‍ഥത ചോദ്യം ചെയ്യുന്നതാണ്. മാധ്യമ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയിലായതിനാല്‍ അവയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരരുത് എന്നാണ് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പ്രതിനിധികളായി കമ്മിറ്റി മുമ്പാകെ എത്തിയ പ്രസിഡന്റ് ടി എന്‍ നൈനാനും (ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡിന്റെ ചെയര്‍മാനും എഡിറ്റോറിയല്‍ ഡയറക്ടറും) കൂമി കപൂറും (ഇന്ത്യന്‍ എക്‌സ്പ്രസ്) സുരേഷ് ബഫ്‌നയും (നയി ദുനിയ) പറഞ്ഞത്. മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളല്ല മറിച്ച് മാധ്യമ പ്രവര്‍ത്തക സമൂഹത്തില്‍ ഉള്‍പ്പെടുന്ന പത്രാധിപന്‍മാരാണ് ഈ അഭിപ്രായ പ്രകടനം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. 


മാധ്യമങ്ങളെയും സര്‍ക്കാറിതര സംഘടനകളെയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് പാര്‍ലിമെന്റിലെ ഒരു വിഭാഗം അംഗങ്ങളും ചില സാമൂഹിക പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. ശക്തമായ ലോക് പാലിന് വേണ്ടി ഉണ്ണാവ്രതം അനുഷ്ഠിച്ച അന്നാ ഹസാരെയോ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവരോ സര്‍ക്കാറിതര സംഘടനകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് വാദിച്ചിരുന്നില്ല. തങ്ങളുടെ ഉടമസ്ഥതയിലുള്ള സര്‍ക്കാറിതര സംഘടനകളുടെ പേരിലാണ് പലരും ക്രമക്കേടുകള്‍ കാട്ടുന്നത് എന്ന് കിരണ്‍ ബേദിയുമായി ബന്ധപ്പെട്ട വിമാന ടിക്കറ്റ് തര്‍ക്കം ഇപ്പോള്‍ മനസ്സിലാക്കിത്തരുന്നു. അതുകൊണ്ടാവണം സര്‍ക്കാറിതര സംഘടനകളെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം അന്നാ സംഘം ഉന്നയിക്കാതിരുന്നത്. ഏതാണ്ട് സമാനമായ നിലപാടാണ് ഇപ്പോള്‍ എഡിറ്റേഴ്‌സ് ഗില്‍ഡും സ്വീകരിക്കുന്നത്. 


മാധ്യമ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയിലുള്ളതാണെന്ന ന്യായമാണ് അവരതിന് മുന്നോട്ടുവെച്ചിരിക്കുന്നത് എന്ന് മാത്രം. ഇതര മേഖലകളിലെ അഴിമതി മാത്രമേ മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രശ്‌നമാകുന്നുള്ളൂ. സ്വന്തം കുടുംബത്തില്‍ അഴിമതി നടന്നാല്‍ അത് മറ്റാരും അറിയുകയോ ചോദ്യംചെയ്യുകയോ ചെയ്യുന്നതില്‍ അവര്‍ക്ക് താത്പര്യമില്ല എന്ന് കരുതേണ്ടിവരും. 


മാധ്യമ സ്ഥാപനങ്ങളെ വ്യവസായം എന്ന നിലക്ക് ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരാമെന്ന നിര്‍ദേശം നേരത്തെ ഉയര്‍ന്നിരുന്നു. അതായത് വാര്‍ത്തയുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഒഴിവാക്കി നിര്‍ത്തുക എന്ന് അര്‍ഥം. ഇത് പോലും അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് സ്വീകരിച്ചിരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങളുടെ ഉടമകള്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഉടമസ്ഥരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെങ്കിലും മാധ്യമ പ്രവര്‍ത്തകരുടെ ഭാഗമായി നില്‍ക്കേണ്ട പത്രാധിപന്‍മാര്‍ എന്തുകൊണ്ട് ഇത്തരമൊരു നിലപാടെടുക്കുന്നുവെന്ന് ആലോചിക്കേണ്ടതുണ്ട്. 


പണം നല്‍കി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് സംബന്ധിച്ച ആരോപണങ്ങള്‍ അടുത്തകാലത്ത് ഉയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്തും മറ്റും ഏതെങ്കിലും നേതാക്കളുടെയോ പാര്‍ട്ടികളുടെയോ അപദാനങ്ങള്‍ വാര്‍ത്താ രൂപത്തില്‍ പ്രസിദ്ധപ്പെടുത്തി പണം വാങ്ങുന്ന രീതി പുറത്ത്  വന്നതോടെയാണ് ഈ ആരോപണം ശക്തമായി ഉയര്‍ന്നത്. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ പേരുകളുമുണ്ടായിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് പണം വാങ്ങുന്നതിലും ഏറെ ഗൗരവമുള്ളതായിരുന്നു ഈ ആരോപണങ്ങള്‍. അഴിമതിക്കോ സ്വജനപക്ഷപാതത്തിനോ വഴിയൊരുക്കാന്‍ പാകത്തില്‍ കുത്തക കമ്പനികള്‍ക്ക് താത്പര്യമുള്ളയാളുകള്‍ക്ക് മന്ത്രി സ്ഥാനം നേടിക്കൊടുക്കാന്‍ നടന്ന ചരട് വലികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ പങ്കാളികളായി. മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കുമ്പോള്‍ കുത്തക കമ്പനികളുടെ താത്പര്യം സംരക്ഷിക്കപ്പെടുന്നതിന് നടന്ന അണിയറ നീക്കങ്ങളിലും മാധ്യമ പ്രവര്‍ത്തകരുടെ പങ്കുണ്ടായിരുന്നു. കുത്തക കമ്പനികളുടെ ഇടനിലക്കാരിയായ നീര റാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് ഇക്കാര്യങ്ങള്‍ വ്യക്തമായതുമാണ്. 


ഇത്തരം ഇടപെടലുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയത് വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ താത്പര്യ സംരക്ഷണത്തിനോ വേണ്ടി മാത്രമാണെന്ന് ധരിക്കുന്നത് മൗഢ്യമാകും. ഇവര്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങള്‍ ടെലികോം ഉള്‍പ്പെടെ ഇതര വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മേഖലകളില്‍ കമ്പനിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ട ഇടപെടല്‍ മാധ്യമ പ്രവര്‍ത്തകരിലൂടെ നടത്തിയെന്ന് മാത്രം. അതിന് തയ്യാറായതിലൂടെ വ്യക്തിപരമായ നേട്ടങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിട്ടുമുണ്ടാകും. ഇങ്ങനെ അഴിമതിയുടെ ഉത്പാദകരോ പങ്കാളികളോ ഒക്കെയാണ് ഇന്ത്യയിലെ വിവിധ മാധ്യമ സ്ഥാപനങ്ങള്‍. അത്തരമൊരു സാഹചര്യത്തില്‍ ഈ സ്ഥാപനങ്ങളെ സ്വകാര്യ മേഖലയിലാണെന്ന ഒറ്റക്കാരണത്താല്‍ ലോക്പാലിന്റെ പരിധിയില്‍ നിന്ന് നീക്കിനിര്‍ത്തണമെന്ന് പത്രാധിപന്‍മാര്‍ തന്നെ ആവശ്യപ്പെടുന്നത് ആ സമൂഹത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. 


രാജ്യത്ത് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് പൊതു ജനങ്ങളെ ഉദ്ദേശിച്ചാണ്. വിദേശ രാജ്യങ്ങളിലെ വിപണി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പോലും പരോക്ഷമായി രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്. സ്വകാര്യ മേഖല എന്നത് ഉടസ്ഥതയില്‍ മാത്രമോ ലാഭ നഷ്ടക്കണക്കുകളിലോ ഒതുങ്ങിനില്‍ക്കുന്നതാണ്. പൊതു താത്പര്യങ്ങളോട് എത്രമാത്രം കാര്യക്ഷമമായി പ്രതികരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉടമസ്ഥതയുടെ നിലനില്‍പ്പ്. ലാഭ നഷ്ടക്കണക്കുകളെ നിര്‍ണയിക്കുന്നതും അതുതന്നെ. മാധ്യമ സ്ഥാപനങ്ങളാകുമ്പോള്‍ ഇതര സ്വകാര്യ മേഖലകളെ അപേക്ഷിച്ച് പൊതു ജനങ്ങളോടുള്ള ഉത്തരവാദിത്വം വര്‍ധിക്കുന്നു. കാരണം അവിടെ വിപണം ചെയ്യപ്പെടുന്നത് വിവരങ്ങളോ വാര്‍ത്തകളോ ആണ്, അവയുടെ വിശ്വാസ്യതയാണ്. വിവരങ്ങളിലോ വാര്‍ത്തകളിലോ കൃത്രിമം കാട്ടിയാല്‍ കബളിപ്പിക്കപ്പെടുന്ന ഉപഭോക്താക്കളുടെ എണ്ണം ഏറെ വലുതായിരിക്കും. 


അത്തരം കബളിപ്പിക്കലിന്റെ കഥയാണ് പണം സ്വീകരിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച സംഭവം പറഞ്ഞുതരുന്നത്. ഇത്തരം കബളിപ്പിക്കലുകള്‍ ജനങ്ങളുടെ രാഷ്ട്രീയ അഭിപ്രായ പ്രകടനത്തെ സ്വാധീനിക്കുകയും ഭരണ സംവിധാനത്തില്‍ മാറ്റങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. അതിന്റെ പ്രത്യുപകാരം പിന്നീട് മാധ്യമ സ്ഥാപനങ്ങള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ ലഭിക്കുന്നുണ്ടാകും. അത്തരമൊരു അഴിമതിയുടെ ശൃംഖലയുണ്ടെങ്കില്‍ അത് കൂടി ഇല്ലാതാക്കേണ്ടതുണ്ടെന്ന നിര്‍ബന്ധബുദ്ധി പത്രാധിപന്‍മാര്‍ക്കെങ്കിലും ഉണ്ടാകേണ്ടതുണ്ട്. പക്ഷേ, മോന്തായം വളഞ്ഞുനില്‍ക്കുന്ന കാഴ്ചയാണ് പാര്‍ലിമെന്ററി സമിതിക്ക് മുമ്പാകെ കണ്ടത്. 
രാഷ്ട്രീയ നേതാക്കളുടെയോ പാര്‍ട്ടികളുടെയോ അപദാനങ്ങള്‍ പ്രസിദ്ധീകരിച്ച് പണം വാങ്ങാന്‍ മടിക്കാത്ത മാധ്യമ സ്ഥാപനങ്ങള്‍ കുത്തക കമ്പനികളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് നേട്ടങ്ങളുണ്ടാക്കുമെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. അത്തരം തെറ്റായ വിവരങ്ങളുടെ പ്രസിദ്ധീകരണം ഉപഭോക്താക്കളെ ചതിക്കുഴികളില്‍ കൊണ്ടുചെന്നിത്താക്കാനുള്ള സാധ്യത തള്ളിക്കളയനാകില്ല. 


അഴിമതി എന്ന് വ്യവഹരിക്കപ്പെടാവുന്ന ഇത്തരം സംഗതികള്‍ തടയാന്‍ നിലവില്‍ എന്താണ് സംവിധാനമുള്ളത്. ഉപഭോക്താവിന് വേണമെങ്കില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതിപ്പെടാം. ഏതെങ്കിലും പരാതിയില്‍ കര്‍ക്കശമായ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ച ചരിത്രമില്ലാത്ത സ്ഥാപനമാണ് പ്രസ് കൗണ്‍സില്‍. അതുകൊണ്ട് തന്നെ വ്യവസ്ഥാപിതമായ മറ്റൊരു മാര്‍ഗമുണ്ടാകേണ്ടതുണ്ട്. ആ സാധ്യത പോലും അടക്കുന്ന വിധത്തിലാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് നലപാടെടുത്തിരിക്കുന്നത്. 


സ്വയം മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് മറ്റുള്ളവരെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാനുള്ള അര്‍ഹതയുണ്ടാകുമോ? സുതാര്യമായ പ്രവര്‍ത്തനപഥത്തിലാണ് ചരിക്കുന്നതെങ്കില്‍ ഏതെങ്കിലും നിയമ വ്യവസ്ഥയുടെ പരിധിയില്‍ വരുന്നതിനെ ഭയക്കുന്നത് എന്തിന്? സ്ഥാപനം നടത്തുന്നവരേക്കാള്‍ ഭയം മാധ്യമ പ്രവര്‍ത്തകരുടെ പ്രതിനിധികള്‍ പ്രകടിപ്പിക്കുന്നത് എന്തിന്? ഇതിന്റെ ഭാഗമാകാന്‍ തയ്യാറല്ലെങ്കില്‍ പിന്നെ ശക്തമായ ലോക് പാലിന് വേണ്ടിയുള്ള സമരത്തിന് ആവശ്യത്തിലധികം പ്രാമുഖ്യം കൊടുത്തത് എന്തിനെന്ന ചോദ്യം സ്വാഭാവികമായും ഉയരും. രാംലീലയിലെ സത്യഗ്രഹത്തെ ഉന്മാദത്തോട് അടുത്ത ആവേശത്തോടെ പിന്തുണച്ചതിന് പിറകില്‍ അന്നാ ഹസാരെയുടെ സമരത്തില്‍ സജീവമായിരുന്ന സംഘ് പരിവാറിന്റെ താത്പര്യ സംരക്ഷണം മാത്രമേ ഈ മാധ്യമങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ടാകൂ. 'ദേശീയ'മെന്ന വിശേഷണ പദത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഹിന്ദുത്വ അംശങ്ങള്‍ ഈ വിശേഷണങ്ങള്‍ സ്വയം ചാര്‍ത്തുന്ന മാധ്യമങ്ങള്‍ക്കുമുണ്ടാകാതെ വയ്യല്ലോ.