പെട്രോളിന്റെ വില എന്തുകൊണ്ട് കുറക്കാന്‍ സാധിക്കില്ല എന്ന് നാട് നീളെ വിശദീകരിക്കുകയാണ് കേന്ദ്ര മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും. ഡീസലിന്റെയും പാചക വാതകത്തിന്റെയും വില സമീപ ഭാവിയില്‍ വര്‍ധിപ്പിക്കേണ്ടിവരുമെന്ന സൂചനയും ഇവര്‍ തന്നെ നല്‍കുന്നുണ്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സി രംഗരാജന്റെ വാക്കുകള്‍ വിശ്വാസത്തിലെടുത്താല്‍ ഡീസലിന്റെ വില നിര്‍ണയിക്കാനുള്ള അധികാരം പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നല്‍കിക്കൊണ്ടുള്ള തീരുമാനം അധികം വൈകാതെയുണ്ടാകും. എണ്ണക്കമ്പനികളുടെ നഷ്ടം വന്‍തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് വില വര്‍ധന അനിവാര്യമായി വരുന്നതെന്ന് ഒരു ഭാഗത്ത് വിശദീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ മറ്റൊരു ഭാഗത്ത് അവശ്യവസ്തുക്കളുടേതുള്‍പ്പെടെ വില വര്‍ധിക്കുകയും പണപ്പെരുപ്പ നിരക്ക് ഉയരുകയും ചെയ്യുന്നതില്‍ അതിയായ ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്യും. ജനങ്ങള്‍ നേരിടുന്ന കഷ്ടതകളെക്കുറിച്ച് പൂര്‍ണ ബോധ്യമുണ്ടെങ്കിലും ഇന്ധന വില കുറക്കാന്‍ കഴിയാത്തതിലുള്ള നിസ്സഹായത വിവരിക്കും. പ്രണാബ് കുമാര്‍ മുഖര്‍ജി മുതല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റ് എം ലിജു വരെയുള്ളവര്‍ ഈ കാപട്യം അഭിനയിക്കുന്നുണ്ട്. കൂട്ടത്തില്‍ സത്യസന്ധത ഡോ. മന്‍മോഹന്‍ സിംഗിനും അദ്ദേഹത്തിന്റെ വിശ്വസ്തരായ സി രംഗരാജനെപ്പോലുള്ള സാമ്പത്തിക വിദഗ്ധര്‍ക്കുമാണെന്ന് പറയാം.
എന്തെന്നാല്‍ സബ്‌സിഡി എന്ന സമ്പ്രദായം എക്കാലത്തും തുടരാനാകില്ലെന്ന് അവര്‍ തുറന്ന് പറയുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ഖജാനയില്‍ നിന്ന് പണം പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നല്‍കുകയും അവര്‍ കുറഞ്ഞ വിലക്ക് ജനങ്ങള്‍ക്ക് ഇന്ധനം ലഭ്യമാക്കുകയും ചെയ്യുന്ന രീതി അധികം വൈകാതെ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. ഭക്ഷ്യവസ്തുക്കളുടെ സബ്‌സിഡിയുടെ കാര്യത്തിലും ഇതേ നിലപാടുകാരാണ് ഇവര്‍. അതുകൊണ്ടാണ് ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് മാത്രമായി സബ്‌സിഡി നിജപ്പെടുത്തണമെന്നും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ എണ്ണം പരമാവധി കുറച്ച് നിര്‍ത്താന്‍ പാകത്തില്‍ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നത്. 26 രൂപയുണ്ടെങ്കില്‍ ഇന്ത്യന്‍ ഗ്രാമീണന് ഒരു ദിവസം കുശാലായി ജീവിക്കാമെന്ന് മൊണ്ടേക് സിംഗ് അലുവാലിയയെപ്പോലുള്ളവര്‍ കണ്ടെത്തുന്നതും സത്യസന്ധതയുള്ളതുകൊണ്ടാണ്.
ഇത്തരം പരിമിതപ്പെടുത്തലുകളും നഷ്ടമൊഴിവാക്കലുകളും പൊതുമേഖലാ കമ്പനികളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കലുകളുമൊക്കെ സാധാരണക്കാരുടെയോ പാവപ്പെട്ടവരുടെയോ ചെലവില്‍ മാത്രമായിരിക്കും. അതിനപ്പുറത്ത് സമ്പന്നന്റെ അവകാശ അധികാരങ്ങളെ പരിമിതപ്പെടുത്തിക്കൊണ്ടാവില്ല. അത് ഉറപ്പാക്കുന്നുമുണ്ട് ഈ സത്യസന്ധന്‍മാര്‍.
1990കളിലെപ്പൊഴോ പുത്തന്‍ സാമ്പത്തിക നയത്തെ വിമര്‍ശിക്കുകയും ഉദാരവത്കരണം ദൂഷ്യഫലം സൃഷ്ടിക്കുന്നുവെന്ന് പറയുകയും ചെയ്തതിന്റെ പേരില്‍ കുറേക്കാലത്തേക്ക് രാഷ്ട്രീയ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട അനുഭവമുള്ള നേതാക്കളും ഇപ്പോള്‍ സത്യസന്ധര്‍ക്കൊപ്പമാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ മദ്യ രാജാവ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍ പ്രതിസന്ധിയിലായപ്പോള്‍ വ്യോമയാന മന്ത്രി വയലാര്‍ രവി പോലും ഉലഞ്ഞുപോയത്. മംഗലാപുരത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തകര്‍ന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേരള ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരം ഉയര്‍ന്ന കോടതിയില്‍ ചോദ്യം ചെയ്യില്ലെന്ന തന്റെ തീരുമാനം ലംഘിച്ച് എയര്‍ ഇന്ത്യ പ്രവര്‍ത്തിച്ചപ്പോള്‍ തോന്നാതിരുന്ന ആശങ്കയും ഉത്കണ്ഠയും വയലാര്‍ രവിക്ക് കിംഗ് ഫിഷറിന്റെ കാര്യത്തിലുണ്ടായി. വ്യോമയാന മേഖലയിലെ സുപ്രധാന കമ്പനിയായ കിംഗ് ഫിഷര്‍ പൂട്ടാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ കമ്പനിക്ക് ബേങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കാന്‍ ഇടപെടുന്നതിന് ധനമന്ത്രാലയത്തോട് സംസാരിച്ചു. വ്യോമ ഇന്ധനത്തിന്റെ പറ്റുപിടി പുസ്തകം തുറന്നുവെക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പെട്രോളിയം മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു.
വിജയ് മല്യ നിസ്സാരക്കാരനല്ല. യുനൈറ്റഡ് ബ്രൂവറീസ് എന്ന മദ്യക്കമ്പനി അടക്കം നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ്. പോരെങ്കില്‍ പുതിയ നൂറ്റാണ്ടിന്റെ ഉത്സവമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്വന്തം ടീമിനെ ഇറക്കുന്നയാളും. സ്വന്തം സ്ഥാപനത്തിന്റെ കലണ്ടര്‍ പുറത്തിറക്കാന്‍ മണിക്കൂറിന് ലക്ഷങ്ങള്‍ പ്രതിഫലമായി വാങ്ങുന്ന മോഡലുകളെ കൊണ്ടുവരാന്‍ ശേഷിയുള്ളയാളാണ്. ഇതിനുമപ്പുറത്ത് രാജ്യ സഭയിലെ അംഗമെന്ന നിലയില്‍ നിയമ നിര്‍മാണ, നയ രൂപവത്കരണ പ്രക്രിയകളില്‍ പങ്കാളിയും. അത്തരത്തിലൊരാള്‍ നേതൃത്വം നല്‍കുന്ന സ്ഥാപനം കടക്കെണിയില്‍ അകപ്പെട്ട് പൂട്ടിപ്പോകുന്ന സ്ഥിതി അദ്ദേഹത്തിന് മാത്രമല്ല, സര്‍ക്കാറിന് തന്നെ അപമാനകരമാണ്. അതൊഴിവാക്കാന്‍ ശ്രമിക്കുന്നതില്‍ ഒരു തെറ്റും ആരും കാണുകയുമില്ല. അങ്ങനെയോരു നടപടി സ്വീകരിച്ചാല്‍ ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ താത്പര്യപ്പെടുന്ന ലോകത്താകെയും പ്രത്യേകിച്ച് അമേരിക്കയിലുമുള്ള വ്യവസായികളില്‍ സൃഷ്ടിക്കപ്പെടുന്ന ആത്മവിശ്വാസം എത്രത്തോളമായിരിക്കും. ഇതൊന്നും മനസ്സിലാകാത്ത പൊതു മേഖലയിലുള്ള സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) അടക്കമുള്ള ബേങ്കുകള്‍ പിന്തിരിഞ്ഞു നിന്നേക്കാം. കാരണം അഞ്ച് വര്‍ഷത്തിനിടെ 7,400 കോടി രൂപ മല്യയുടെ സ്ഥാപനത്തിലേക്ക് വായ്പയായി നല്‍കിക്കഴിഞ്ഞിരിക്കുന്നു അവര്‍.
കാര്‍ഷിക, വിദ്യാഭ്യാസ വായ്പകള്‍ക്ക് ഭൂമിയുടെ അടിയാധാരം മുതലുള്ള സകലമാന സര്‍ട്ടിഫിക്കറ്റുകളും വാങ്ങിവെച്ച് പരിശോധനയും സൂക്ഷ്മ പരിശോധനയും നടത്തി മാത്രം വായ്പ അനുവദിക്കുന്നവയാണ് നമ്മുടേ ബേങ്കുകള്‍. എന്നാല്‍ വിജയ് മല്യയുടെ കാര്യത്തിലാകുമ്പോള്‍ ഇത്തരം പരിശോധനകളൊന്നും ആവശ്യമില്ല. അതുകൊണ്ടാണ് കടത്തില്‍ നിന്ന് കടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് വ്യക്തമായിട്ടും കോടികള്‍ പിന്നെയും വായ്പ നല്‍കിയത്. പോയ വര്‍ഷത്തില്‍ പ്രത്യേക പദ്ധതിയും ഇവയെല്ലാം ചേര്‍ന്ന് കിംഗ് ഫിഷറിനായി നടപ്പാക്കി. 1,400 കോടിയുടെ വായ്പ ഏറെക്കുറെ എഴുതിത്തള്ളിക്കൊണ്ട് അത് കിംഗ് ഫിഷറിലെ ഓഹരിയാക്കി മാറ്റി. എന്നിട്ടും കാര്യങ്ങള്‍ നേരെയാകാത്ത സാഹചര്യത്തില്‍ 7,400 കോടി രൂപ വെള്ളത്തില്‍ വരച്ച വരയാകുമെന്ന ശങ്ക ബേങ്കുകള്‍ക്കുണ്ട്. അതുകൊണ്ടാണ് കൂടുതല്‍ വായ്പ നല്‍കാന്‍ അവര്‍ മടി കാണിക്കുന്നത്. ഇത്തരുണത്തില്‍ ഇടപെടുക എന്നത് കേന്ദ്ര മന്ത്രി എന്ന നിലയില്‍ വയലാര്‍ രവിയുടെയും പ്രണാബ് കുമാര്‍ മുഖര്‍ജിയുടെയും ഉത്തരവാദിത്വമാണ്.
വായ്പ എടുത്ത് രണ്ടോ മൂന്നോ ഏക്കറില്‍ കൃഷിയിറക്കി അത് നശിക്കുമ്പോള്‍ മുതലും പലിശയും തിരിച്ചടക്കാന്‍ ത്രാണിയില്ലാതെ മരണത്തിലേക്ക് എടുത്തു ചാടുന്ന ദുര്‍ബല ചിത്തരും പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് ഉയര്‍ന്ന് നില്‍ക്കാന്‍ ത്രാണിയില്ലാത്തവരുമായ വിദര്‍ഭയിലെ കര്‍ഷകരെപ്പോലുള്ളവരുടെ കാര്യമല്ല ഇത്. വന്‍ കിട പദ്ധതികള്‍ക്ക് വഴിമുടക്കിയായി നിന്ന്, എല്ലാവരെയുമുള്‍ക്കൊള്ളുന്ന വികസനത്തിന് വേണ്ടി നിലകൊള്ളുവന്നവരില്‍ നിന്ന് മരണം ചോദിച്ച് വാങ്ങുന്ന ആദിവാസികളുടെ കാര്യവുമല്ല.
കോടികള്‍ സമാഹരിച്ച് വ്യവസായം നടത്താനും അതില്‍ നഷ്ടം വന്നാല്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി ഇളവുകള്‍ സമ്പാദിച്ച് കരുത്തനായി തുടരാനും കഴിയുന്നവരുടെ കാര്യമാണ്. അവര്‍ക്കായി ബേങ്കുകള്‍ കിട്ടാക്കടങ്ങളുടെ രജിസ്റ്റര്‍ മാറ്റിവെക്കണം. ഈടുകളെക്കുറിച്ചുള്ള വേവലാതികള്‍ കൂടാതെ ഖജാന തുറന്ന് കൊടുക്കണം. കോടികളുടെ നഷ്ടക്കണക്കുകള്‍ കുറിച്ചിടുന്ന പൊതു മേഖലാ എണ്ണക്കമ്പനികള്‍ പറ്റുപടിപ്പുസ്തകത്തിലെ പഴയ ഏടുകള്‍ മറിച്ച് പുതിയ ഏടില്‍ എഴുതിത്തുടങ്ങണം. വ്യോമ ഇന്ധനം വാങ്ങിയ ഇനത്തില്‍ കോടികളാണ് കിംഗ്ഫിഷര്‍ പൊതുമേഖാല എണ്ണക്കമ്പനികള്‍ക്ക് നല്‍കാനുള്ളത്. ഇതര സ്വകാര്യ വിമാനക്കമ്പനികളും കുടിശ്ശികയുടെ കാര്യത്തില്‍ പിന്നാക്കം പോയിട്ടുണ്ടാകില്ല. സ്വന്തം വീട്ടിലേക്ക് മൂന്നൂറിലധികം ടെലിഫോണ്‍ കണക്ഷനുകള്‍ വലിച്ച് അവിടെ നിന്ന് കുടുംബച്ചാനലിന്റെ കെട്ടിടത്തിലേക്ക് രഹസ്യ കേബിള്‍ സ്ഥാപിച്ച് ടെലിവിഷന്‍ സംപ്രേഷണം സുഗമമായി നടത്തിയ മുന്‍ കേന്ദ്ര മന്ത്രിയുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി തീര്‍ച്ചയായും കുടിശ്ശിക വരുത്തിയിട്ടുണ്ടാകും.
ഇത്തരം കുടിശ്ശികകളൊന്നും പൊതു മേഖലാ എണ്ണക്കമ്പനികളുടെ നഷ്ടത്തിന്റെ കള്ളിയില്‍ അവര്‍ എഴുതിച്ചേര്‍ക്കുന്നില്ല. അത് നഷ്ടമായി എഴുതിച്ചേര്‍ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുമില്ല. എന്നാല്‍ ജനങ്ങള്‍ക്ക് കുറഞ്ഞ വിലക്ക് ഇന്ധനം ലഭ്യമാക്കുന്നതിന് വേണ്ടി എണ്ണക്കമ്പനികള്‍ക്ക് സബ്‌സിഡി നല്‍കുന്നത് വലിയ ബാധ്യതയായി കേന്ദ്ര സര്‍ക്കാര്‍ കാണും. വിജയ് മല്യയെപ്പോലുള്ളയാളുകളുടെ വലിപ്പമില്ലാത്തവര്‍ക്ക് വേണ്ടി വൃഥാ പണം വ്യയം ചെയ്യേണ്ട കാര്യമില്ലല്ലോ.
പെട്രോളിന്റെ വില വര്‍ധിപ്പിക്കുകയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വിപണിക്ക് വിട്ടുകൊടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ കേന്ദ്ര ഭരണത്തില്‍ പങ്കാളിയായ തൃണമൂല്‍ കോണ്‍ഗ്രസും അതിന്റെ നേതാവ് മമതാ ബാനര്‍ജിയും പന്തിപ്പഴുത് കണ്ടു. ഇന്ധനവില വര്‍ധിപ്പിച്ചത് പിന്‍വലിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണി മുഴക്കി. ഇടഞ്ഞവരെ മെരുക്കാനെത്തിയ ധനമന്ത്രി പ്രണാബ് മുഖര്‍ജിയോട് പശ്ചിമ ബംഗാളിന് ആയിരം കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടു. കേന്ദ്ര വായ്പയുടെ തിരിച്ചടവിന് ഇളവുകളും തേടി. എല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്യുമെന്ന് സംസ്ഥാനങ്ങള്‍ കരുതുന്നത് ഉചിതമല്ലെന്നും സ്വന്തം നിലക്ക് വരുമാനം കണ്ടെത്താന്‍ ശ്രമിക്കണമെന്നും പ്രണാബ് മറുപടി നല്‍കി. ഇന്ധന വിലയുടെ കാര്യത്തിലോ പശ്ചിമ ബംഗാളിന്റെ ആവശ്യങ്ങളുടെ കാര്യത്തിലോ യാതൊരു ഉറപ്പും തന്നെ വന്ന് കണ്ട തൃണമൂല്‍ എം പിമാര്‍ക്ക് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നല്‍കിയില്ല. സംസ്ഥാനത്തിനുള്ള വികസനവിഹിതം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന പരാതി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി മായാവതിയും ഉന്നയിക്കുന്നുണ്ട്. ലോക് സഭയിലേക്ക് 122 അംഗങ്ങളെ സംഭാവന ചെയ്യുന്ന ഈ രണ്ട് സംസ്ഥാനങ്ങളുടെ കാര്യത്തില്‍ സ്വയം പര്യാപ്തതയുടെ ആവശ്യകതയെക്കുറിച്ച് വാചാലമാകുന്ന ഭരണകൂടം വിജയ് മല്യയുടെ വിമാനക്കമ്പനി സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിന്റെ നാലാം ദിവസം ഇടപെടാന്‍ ശ്രമങ്ങള്‍ തുടങ്ങി. ഈ രണ്ട് സംസ്ഥാനങ്ങളേക്കാളല്ല, ചിലകാര്യങ്ങളില്‍ രാജ്യത്തേക്കാള്‍ വലുപ്പമുണ്ട് മല്യയെപ്പോലുള്ള വ്യവസായികള്‍ക്ക്.
സബ്‌സിഡി ഇനത്തില്‍ വലിയ തുക എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നാണ് ഏറ്റവുമൊടുവില്‍ ഡോ. മന്‍മോഹന്‍ സിംഗ് നല്‍കുന്ന വിശദീകരണം. സ്വകാര്യ സ്ഥാപനങ്ങള്‍ വന്‍തുക കുടിശ്ശിക വരുത്തുന്നത് എണ്ണക്കമ്പനികളുടെ ആരോഗ്യത്തെ ബാധിക്കില്ലേ? അത് പിരിച്ചെടുക്കാനാണ് സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അങ്കലാപ്പുള്ളവര്‍ ആദ്യം ശ്രമിക്കുക. പൊതുമേഖലാ ബേങ്കുകളുടെ കിട്ടാക്കടം വര്‍ധിക്കുന്നത് അവയുടെയും അതുവഴി രാജ്യത്തിന്റെയും സാമ്പത്തിക ആരോഗ്യത്തെയും ബാധിക്കും. അതുകൊണ്ട് മല്യയെപ്പോലുള്ളവരുടെ കിട്ടാക്കടം പിരിച്ചെടുക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗ് നിര്‍ദേശിക്കുമോ? മല്യ വരുത്തിവെച്ച 7,400 കോടി ചേര്‍ത്താല്‍ ബേങ്കുകളുടെ കിട്ടാക്കടം ഏറെക്കുറെ രണ്ട് ലക്ഷത്തോളം കോടിയാകും. അനധികൃതമായി സമ്പാദിച്ചത് സ്വദേശത്തും വിദേശത്തുമായി സൂക്ഷിച്ചവരെക്കൂടി കണ്ടെത്തി നികുതിയും പിഴയും കൂടി ഈടാക്കിയാലോ?
വിദേശരാജ്യങ്ങളില്‍ നിന്നും ലോക ബേങ്ക് അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്നും വാങ്ങിയ കടമെല്ലാം വീട്ടി സാമ്പത്തിക സ്ഥിതി ഭദ്രമാക്കാം. അപ്പോള്‍ ഇന്ധനത്തിന് സബ്‌സിഡി നല്‍കുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന് ആശങ്കപ്പെടേണ്ടി വരില്ല. പക്ഷേ, ഇതൊന്നും മന്‍മോഹനെപ്പോലുള്ള സത്യസന്ധരെക്കൊണ്ട് സാധിക്കില്ല. നികുതിയും വിമാന ഇന്ധനത്തിന്റെ വിലയും കുറച്ച് നല്‍കി മല്യയുടെ കമ്പനിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുക എന്നതാണ് കരണീയം.
(((O))) കര്‍മ്മം കഴിച്ചു ബാക്കി വായിച്ചിട്ട് :)-
ReplyDeletewell said
ReplyDeleteവിഷയം നന്നായി അവതരിപ്പിച്ചു..
ReplyDeleteബാങ്കുകള്‍ എഴുതിത്തള്ളുന്ന കോര്‍പ്പറേറ്റ് കടങ്ങളുടെ ലിസ്റ്റ് എടുത്താല്‍ തല മരച്ചു പോകും.
അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.
മുഖ്യ വിഷയത്തില്‍ നിന്നും ഒന്ന് മാറി കമന്റ് ചെയ്യുന്നു. വളരെ പാസിംഗ് ആയ ഒരു അഭിപ്രായത്തെ കുറിച്ചുള്ള എന്റെ വിയോജിപ്പ് രേഖപെടുത്തുന്നു എന്ന് മാത്രം.
ReplyDelete"കാര്‍ഷിക, വിദ്യാഭ്യാസ വായ്പകള്‍ക്ക് ഭൂമിയുടെ അടിയാധാരം മുതലുള്ള സകലമാന സര്‍ട്ടിഫിക്കറ്റുകളും വാങ്ങിവെച്ച് പരിശോധനയും സൂക്ഷ്മ പരിശോധനയും നടത്തി മാത്രം വായ്പ അനുവദിക്കുന്നവയാണ് നമ്മുടേ ബേങ്കുകള്"
ഈ ഒരു സ്റ്റേറ്റ്മെന്റിന്റെ ചില മറു വശങ്ങള്‍ ഉണ്ട്. ഞാന്‍ പണി എടുക്കുന്നത് ഒരു പൊതു മേഖല ബാങ്കിലാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വിദ്യാഭാസ വായ്പ പ്രതിസന്ധിയിലാണ്. മുഴുവന്‍ വായ്പയും നോക്കിയാല്‍ തിരിച്ചു വന്ന വായ്പകള്‍ വളരെ കുറവാണ്. കാര്‍ഷിക വായ്പയും അതെ സ്ഥിതിയില്‍ തന്നെ. ഉദാഹരണത്തിന് ഞാന്‍ പണി എടുക്കുന്ന തമിള്‍ നാട്ടിലെ ബ്രാഞ്ചില്‍ ഒരു കോടിയോളം രൂപ ചെറുകിട കാര്‍ഷിക ഇനത്തില്‍ കിട്ട കടം ആയി കിടക്കുന്നു. അത് കൊണ്ട് തന്നെ കുറച്ചു കര്‍ക്കശം ആയി തന്നെ ഇത്തരം വായ്പക്കളെ കാണേണ്ടി വരും.
ഞാന്‍ ഈ പറഞ്ഞതൊന്നും, മല്ല്യ വിഷയത്തില്‍ ന്യായീകരണം ആയല്ല. മറിച്ചു തങ്ങളുടെ വളരെ casual ആയ ഒരു അഭിപ്രായത്തിന്റെ ചില മറു വശങ്ങള്‍ പറയുന്നു എന്ന് മാത്രം.
അജയ് ജോയ്,
ReplyDeleteഅതൊന്നും മനസ്സിലാക്കാതെ കാഷ്വല്‍ ആയി പറഞ്ഞതല്ല. ഒരു വിദ്യാഭ്യാസ വായ്പക്ക് ശ്രമിച്ചപ്പോഴനുഭവിച്ച ബുദ്ധിമുട്ട് മനസ്സിലുണ്ട്. ഒടുവില്‍ സ്വാധാനം ചെലുത്തേണ്ടിവന്നു. ഉന്നതങ്ങളില്‍ നിന്ന് വിളി വന്നപ്പോള്‍ വായ്പ തരികയേ ഇല്ലെന്ന് വാദിച്ച ബാങ്ക്, പുറകെ വന്നു. അടവ് ഇതുവരെ മുടക്കിയിട്ടില്ല.
ഹരീഷ്,
അക്ഷരത്തെറ്റ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കാം. നന്ദി.