2011-11-02

ഉയരട്ടെ നീതിബോധം
അഴിമതി തടയാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് രാജ്യത്ത് ഇപ്പോള്‍ ഏറ്റവും വാചാലനായ വ്യക്തി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗായിരിക്കും. ഏതാനും മാസം മുമ്പ് ചേര്‍ന്ന ദേശീയോദ്ഗ്രഥന സമിതിയുടെ യോഗത്തിലും ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഗവര്‍ണര്‍മാരുടെ യോഗത്തിലും പൊതു ജീവിതത്തിലെ അഴിമതി തടയേണ്ടതിന്റെ ആവശ്യകത അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. സ്വകാര്യ മേഖലയിലെ അഴിമതിയെക്കൂടി അഭിസംബോധന ചെയ്യാന്‍ പാകത്തിലുള്ള ശക്തമായ നിയമ നിര്‍മാണത്തെക്കുറിച്ചാണ് മറ്റൊരു ചടങ്ങില്‍ അദ്ദേഹം സംസാരിച്ചത്. ഗവര്‍ണര്‍മാരെ അഭിസംബോധന ചെയ്യുമ്പോള്‍ അഴിമതി തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ഏറ്റവും ഉചിതമായ സമയമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളുടെ പേരില്‍ക്കൂടിയായിരിക്കും തന്റെ ഭരണകാലം ചരിത്രത്തില്‍ ചേര്‍ക്കപ്പെടുക എന്ന് അറിയാവുന്നത് കൊണ്ടുകൂടിയാണ് ഡോ. മന്‍മോഹന്‍ സിംഗ് അഴിമതിയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇന്ത്യന്‍ പൗരന്‍മാരെ സംബന്ധിച്ച് ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയാണ്. രാജ്യത്തെ ഏറ്റവും വലിയ അധികാര സ്ഥാനം കൈയാളുന്നയാള്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ആ പരിഗണന ലഭിക്കും. പറയുന്ന ആത്മാര്‍ഥതയോടെ കാര്യങ്ങള്‍ നടപ്പാക്കപ്പെടുമെന്ന പ്രതീക്ഷ ചിലരിലെങ്കിലും വളരുകയും ചെയ്യും. ഇന്ത്യന്‍ പൗരനും കോണ്‍ഗ്രസി (ഐ) ല്‍ അംഗവുമായ ഒരാളെ സംബന്ധിച്ച് ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി മാത്രമല്ല നേതാവ് കൂടിയാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്ന ഏറ്റവും വലിയ സമിതിയായ പ്രവര്‍ത്തക സമിതിയിലെ അംഗം. പ്രസിഡന്റ് സോണിയാ ഗാന്ധി കഴിഞ്ഞാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മനസ്സില്‍ രണ്ടാം സ്ഥാനത്തുള്ളയാള്‍. (രാഹുല്‍ ഗാന്ധിയെ തത്കാലം മാറ്റിനിര്‍ത്തുക) 


സോണിയാ ഗാന്ധിയും അഴിമതിയുടെ കാര്യത്തില്‍ കര്‍ശന നിലപാടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലേറ്റവും പ്രധാനം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡല്‍ഹിക്കടുത്ത് ബുരാരിയില്‍ ചേര്‍ന്ന എ ഐ സി സിയുടെ പ്ലീനറി സമ്മേളനത്തിലെ പ്രഖ്യാപനങ്ങളാണ്. അഴിമതിയുടെയും പെരുമാറ്റ ദൂഷ്യത്തിന്റെയും കാര്യത്തില്‍ സഹിഷ്ണുതയില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷ ഇത്തരം കേസുകളില്‍ വിചാരണ വേഗത്തില്‍ നടത്തി കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കേണ്ടത് പൊതു ജനങ്ങളുടെ വിശ്വാസ്യത ആര്‍ജിക്കാന്‍ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി. പാര്‍ട്ടി എന്ന നിലക്കും സര്‍ക്കാര്‍ എന്ന നിലക്കും അഴിമതിയെ നേരിട്ട് എതിര്‍ക്കണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സോണിയ അഭിപ്രായപ്പെട്ടു. 
രാജ്യത്ത് മുഴുവനുമുള്ള കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും അനുഭാവികളെയും സംബന്ധിച്ച് ഈ രണ്ട് പേരുടെയും വാക്കുകള്‍ വേദവാക്യങ്ങളാകേണ്ടതാണ്. എന്നിട്ടും ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണി ഭരണത്തിലിരിക്കുന്ന കേരളത്തില്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി ശിക്ഷിച്ചൊരാളെ സംസ്ഥാനപ്പിറവിയാഘോഷത്തിന്റെ പേര് പറഞ്ഞ് മോചിപ്പിക്കുന്നു. 


ആര്‍ ബാലകൃഷ്ണ പിള്ളയെന്ന നേതാവിന് വിചാരണക്കോടതി വിധിച്ച ശിക്ഷ വെറുതെയങ്ങ് ശരിവെക്കുക മാത്രമല്ല സുപ്രീം കോടതി ചെയ്തത്. അഞ്ച് വര്‍ഷം കഠിന തടവ് അനുഭവിക്കാന്‍ മാത്രമുള്ള കുറ്റം ചെയ്തിട്ടുണ്ടെന്ന്  ബോധ്യമായെന്നും എന്നാല്‍ കേസിന്റെ പഴക്കവും പിള്ളയുടെ പ്രായവും പരിഗണിച്ച് ഒരു വര്‍ഷം കഠിന തടവായി ചുരുക്കുകയാണെന്നും എടുത്തു പറഞ്ഞു. ഈ ശിക്ഷ ആസുത്രിതമായി അട്ടിമറിച്ചതിന് ശേഷമാണ് ഇപ്പോഴത്തെ മോചനം. ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട കേരള കോണ്‍ഗ്രസ് (എം) നേതാവ് സജീവനെയും മോചിപ്പിച്ചിട്ടുണ്ട്. ശിക്ഷയുടെ ഭാഗമായി ജയിലില്‍ കഴിഞ്ഞതിനേക്കാളധികം കാലം പിള്ളക്ക് പരോള്‍ അനുവദിക്കപ്പെട്ടു. ഇത് തീര്‍ന്നു ജയിലിലെത്തി ഒപ്പ് വെച്ചതിന്റെ അന്ന് വൈകിട്ട് ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ആഡംബരസമൃദ്ധമായ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ പിള്ളയുടെ മുറി ജയിലായി വിജ്ഞാപനം ചെയ്യാതെ സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തു. അതിന് ശേഷമാണ് മോചനം സാധ്യമാക്കിയത്. 


അഴിമതി തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ഡോ. മന്‍മോഹന്‍ സിംഗിന്റെയും പൊതു ജന വിശ്വാസ്യത ആര്‍ജിക്കാന്‍ പാകത്തിലുള്ള നടപടികള്‍ സ്വീകരിക്കണമെന്ന സോണിയാ ഗാന്ധിയുടെയും ആഹ്വാനങ്ങള്‍ ഇവ്വിധമാണോ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കേണ്ടത് ആ പാര്‍ട്ടിയാണ്. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മാതൃക മന്‍മോഹന്‍ സിംഗും സോണിയാ ഗാന്ധിയും സ്വീകരിക്കുകയാണെങ്കില്‍ കേന്ദ്രത്തിലെ ഘടകകക്ഷിയായ ഡി എം കെയുടെ നേതാവ് എ രാജയെ ഉടന്‍ തന്നെ ഗുഡ്ഗാവിലെ മേദാന്ത മെഡിസിറ്റി ആശുപത്രിയിലെ സ്യൂട്ട് മുറിയിലേക്ക് മാറ്റാന്‍ നടപടി എടുക്കണം. ശിക്ഷിക്കപ്പെട്ടയാളിനെ അപേക്ഷിച്ച് ഇത്തരം സൗകര്യം ആസ്വദിക്കാന്‍ ഇപ്പോഴും ആരോപണവിധേയന്‍ മാത്രമായ രാജക്ക് കൂടുതല്‍ അര്‍ഹതയുണ്ട്. ടെലികോം അഴിമതിക്കേസില്‍ രാജ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അടുത്ത സ്വാതന്ത്ര്യപ്പിറവി വാര്‍ഷികത്തില്‍ ഇളവ് അനുവദിച്ച് മോചിപ്പിക്കുകയും ആകാം. കേരള മാതൃക സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ അക്കാര്യം ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ധരിപ്പിക്കാനെങ്കിലും മന്‍മോഹനും സോണിയയും തയ്യാറാകണം. പറയുന്ന വാക്കുകളോട് അത്രയെങ്കിലും ആത്മാര്‍ഥതയുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നിക്കൊള്ളട്ടെ. 


രാജ്യത്തെ നീതിനിര്‍വഹണ സംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ കേരള ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് വി എസ് മളീമഠിന്റെ നേതൃത്വത്തില്‍ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മളീമഠ് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങളെല്ലാം നടപ്പാക്കുമെന്ന് മുമ്പ് നിയമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന വീരപ്പ മൊയ്‌ലി പറഞ്ഞിരുന്നു. ഒരേ കുറ്റങ്ങള്‍ക്ക് വിവിധ ശിക്ഷ വിധിക്കപ്പെടുന്ന രീതിയാണ് രാജ്യത്ത് നിലവിലുള്ളതെന്നും അത് മാറ്റണമെന്നും ശിപാര്‍ശയുണ്ട്. ബ്രിട്ടനിലും അമേരിക്കയിലുമൊക്കെ ശിക്ഷ വിധിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ഒരേ കുറ്റങ്ങള്‍ക്ക് ഭിന്നമായ ശിക്ഷ വിധിക്കപ്പെടുന്ന സാഹചര്യം അതുകൊണ്ട് തന്നെ അവിടങ്ങളിലില്ല. ഈ മാതൃകയനുസരിച്ച് ഇന്ത്യയിലും ഒരേ കുറ്റത്തിന് ഒരേ ശിക്ഷ എന്നത് നടപ്പാക്കുമെന്നാണ് വീരപ്പ മൊയ്‌ലി പറഞ്ഞിരുന്നത്. 
സല്‍മാന്‍ ഖുര്‍ഷിദ് നിയമ വകുപ്പ് ഏറ്റെടുത്തുവെങ്കിലും ഈ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ടാകില്ല എന്ന് പ്രതീക്ഷിക്കുക. ശിക്ഷ ഇളവ് ചെയ്യുന്ന കാര്യത്തില്‍ കൂടി ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നത് കൂടി പരിഗണിക്കുന്നത് നന്നായിരിക്കും. ജസ്റ്റിസ് മളീമഠ് ശിപാര്‍ശ ചെയ്തിട്ടില്ലാത്തതിനാല്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇക്കാര്യം ഖുര്‍ഷിദിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. 


ജനപ്രതിനിധി, മന്ത്രി എന്നീ നിലകളില്‍ രാജ്യത്തെ സേവിച്ച വരേണ്യ വിഭാഗക്കാരായ ആളുകള്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അവര്‍ ജയിലില്‍ എത്തി രേഖകളില്‍ ഒപ്പ് വെച്ചാലുടന്‍ പരോള്‍ അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യാവുന്നതാണ്. പരോള്‍ കാലാവധി കഴിയുന്ന മുറക്ക് ഇവരെ അത്യാഡംബര സൗകര്യങ്ങളുള്ള ആശുപത്രിയില്‍ പാര്‍പ്പിക്കുന്നതിനാവശ്യമായ ഭേദഗതിയുമാകാം. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, സംസ്ഥാനപ്പിറവി ദിനം എന്നിങ്ങനെയുള്ള വിശേഷ അവസരങ്ങളില്‍ ഇത്തരം തടവുകാര്‍ക്ക് ഇളവുകള്‍ അനുവദിക്കുന്നതിന് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്നതും നിയമപരമാക്കാം. എല്ലാ കാര്യങ്ങളും നിയമപരമായാണ് ചെയ്തിരിക്കുന്നത് എന്ന് കൃത്രിമ വിക്കിന്റെ സഹായം കൂടാതെ തന്നെ വിശദീകരിക്കാന്‍ അതോടെ ഉമ്മന്‍ ചാണ്ടിക്ക് സാധിക്കും. ഇത്തരം ഭേദഗതികള്‍ക്ക് മുഖ്യ പ്രതിപക്ഷായ ബി ജെ പിയുടെ പിന്തുണ ലഭിക്കുമെന്നത് ഉറപ്പാണ്. വിചാരണത്തടവോ ശിക്ഷയായുള്ള തടവോ കാത്തിരിക്കുന്നത് കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും മാത്രമല്ല ബി ജെ പിയുടെയും നേതാക്കള്‍ കൂടിയാണ്. ആരോപണം നേരിടുന്ന നേതാക്കളുണ്ടെങ്കിലും പ്രതിച്ഛായ സംബന്ധിച്ച വലിയ തെറ്റിദ്ധാരണ നിലനില്‍ക്കുന്നതിനാല്‍ ഇടത് പാര്‍ട്ടികള്‍ ഭേദഗതിയെ പിന്തുണച്ചേക്കില്ല. അതവരുടെ മണ്ടത്തരമായി കണ്ടാല്‍ മാത്രം മതിയാകും. 


അനാവശ്യ കാര്‍ക്കശ്യം കാട്ടുന്ന ചില ജഡ്ജിമാര്‍ മാത്രമേ തത്കാലം ഭീഷണിയായുള്ളൂ. കനിമൊഴിയുടെ ജാമ്യാപേക്ഷയെ എന്തുകൊണ്ട് എതിര്‍ത്തില്ല എന്ന് വിശദീകരിക്കണമെന്നൊക്കെ ആവശ്യപ്പെടുന്ന മട്ടിലുള്ള ജഡ്ജിമാര്‍. കാലത്തിനനുസരിച്ച് മാറാന്‍ തയ്യാറാകാത്ത ഇത്തരക്കാരുടെ വംശം അധികം വൈകാതെ കുറ്റിയറ്റു പോകുമെന്നും സുപ്രീം കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെപ്പോലെ ഉയര്‍ന്ന നീതിബോധവും വിശാലമായ മനുഷ്യത്വവും പ്രകടിപ്പിക്കുന്നവര്‍ ഉയര്‍ന്നു വരുമെന്നും പ്രതീക്ഷിക്കാം. അത്തരക്കാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യാം. അധികാരവും പണവും സ്വാധീനവുമൊക്കെയാണ് നിയമങ്ങള്‍ സൃഷ്ടിക്കുന്നത്. അതിന്റെ വ്യാഖ്യാനവും അത്തരം ഘടകങ്ങളോട് നീതി പുലര്‍ത്തുന്നതാകേണ്ടതുണ്ട്. അതുകൊണ്ടാണ് മുന്‍ മന്ത്രിയും സമ്പന്നനും ഉന്നതകുല ജാതനും ഭരണ സ്വാധീനം ഇപ്പോഴും നിലനിര്‍ത്തുന്നയാളുമായ ആര്‍ ബാലകൃഷ്ണ പിള്ളക്ക് ഇളവ് നല്‍കി രാജ്യത്തിനാകെ മാതൃക കാട്ടാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തയ്യാറായത്. പിള്ളക്കും സജീവനും ഇളവ് നല്‍കാന്‍ കൊണ്ടുവന്ന മാനദണ്ഡം മറ്റ് 135 പേര്‍ക്ക് കൂടി സഹായകരമാകുന്നുവെന്നത് കൂടി മനസ്സിലാക്കേണ്ടതുണ്ട്. അതിനൊരു കേരളപ്പിറവി ദിനം തിരഞ്ഞെടുത്തുവെന്നതില്‍ അന്തരംഗം അഭിമാനപൂരിതമാകുകയും ഞെരമ്പുകളില്‍ ചോര തിളക്കുകയുമാണ് വേണ്ടത്. അല്ലാതെ വെറുമൊരു അഴിമതിക്കേസില്‍ കുറ്റവാളിയെന്ന് സുപ്രീം കോടതി കണ്ടെത്തുക മാത്രം ചെയ്ത ഒരാളെ കള്ളനെന്നും കുറ്റവാളിയെന്നും മുദ്രകുത്തി ജയിലില്‍ പാര്‍പ്പിക്കുന്നത് നീതിയുടെ ഉദാത്ത സങ്കല്‍പ്പമായി ചിത്രീകരിക്കുന്നത് കൊടിയ പാപവും വരാനിരിക്കുന്ന (ജയിലിലേക്ക്) തലമുറയോട് കാണിക്കുന്ന വഞ്ചനയുമാണ്. ഇത് വെച്ചുപൊറുപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയെയും ഇ ടി മുഹമ്മദ് ബഷീറിനെയും പോലുള്ളവര്‍ക്ക് സാധിക്കുകയുമില്ല. 


നീതിയുടെ പുതിയ ആകാശം തേടിയാണ് ഇവരുടെ യാത്ര. അതിനിടക്ക് ഉദ്‌ബോധനങ്ങളും ആഹ്വാനങ്ങളുമായി മന്‍മോഹന്‍ സിംഗോ സോണിയാ ഗാന്ധിയോ കടന്നുവരേണ്ടതില്ല. ഇനി അത്തരം ആഹ്വാനങ്ങള്‍ പുറപ്പെടുവിച്ചാല്‍ തന്നെ അത് ചെവിക്കൊള്ളണമെന്ന് നിര്‍ബന്ധിക്കുകയും അരുത്. 
ധാര്‍മിക പരിഗണനകളാണെങ്കില്‍ ശിക്ഷ എന്നത് കുറ്റം ചെയ്തയാളില്‍ മനഃപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ളതാണ്. കുറ്റവാളിയാണെന്ന ബോധ്യം ഒരാളിലുണ്ടാകുന്നത് തന്നെ മനഃപരിവര്‍ത്തനത്തിന്റെ ലക്ഷ്യമാണ്. സുപ്രീം കോടതി ശിക്ഷിച്ച പ്രതിയാണ് താനെന്നും അതുകൊണ്ട് തന്നെ മൊബൈല്‍ ഫോണ്‍ പോലുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അതിനാല്‍ തന്റെ സംഭാഷണം പ്രക്ഷേപണം ചെയ്യരുതെന്നും റിപ്പോര്‍ട്ടര്‍ ചാനലിന്റെ റിപ്പോര്‍ട്ടറോട് പിള്ള പറയുന്നത് കേരളം കേട്ടതാണ്. മനഃപരിവര്‍ത്തനമുണ്ടായെന്നതിന് ഇതിലധികം തെളിവ് വേണ്ടതില്ല. ഇത്തരത്തില്‍ പരിവര്‍ത്തനത്തിന് വിധേയനായ ഒരാള്‍ ശിക്ഷ തുടര്‍ന്ന് അനുഭവിക്കേണ്ട കാര്യമില്ല. ഉദ്ദിഷ്ട കാര്യം സാധിച്ച സ്ഥിതിക്ക് പിള്ളയുടെ ജയില്‍മോചനത്തില്‍ ധാര്‍മികമായി തെറ്റൊന്നും കാണേണ്ടതില്ല.