2017-10-23

സര്‍വം ശിവമ(ാ)യം!


കൊളീജിയറ്റ് ചര്‍ച്ച് ഓഫ് സെന്റ് പീറ്റര്‍ എന്ന വെസ്റ്റ്മിനിസ്റ്റര്‍ ആബെ ലോകത്തെ തന്നെ പ്രധാനപ്പെട്ട മത കേന്ദ്രങ്ങളില്‍ ഒന്നാണ്. കത്തോലിക്ക സഭയുടെ ഈ പള്ളിയില്‍ ആരാധന പത്താം നൂറ്റാണ്ടില്‍ ആരംഭിച്ചിരുന്നുവെന്നാണ് ചരിത്രം. മതത്തെ സംബന്ധിച്ച കാര്യങ്ങളില്‍ മാത്രമല്ല, ബ്രീട്ടന്റെ സാമൂഹിക, രാഷ്ട്രീയ മേഖലകളിലും പ്രാമുഖ്യമുണ്ട് വെസ്റ്റ്മിനിസ്റ്റര്‍ ആബെയ്ക്ക്. പരിഷ്‌കൃത ജനാധിപത്യത്തിലും രാജാധികാരത്തിന് സ്ഥാനമുള്ള ബ്രിട്ടനില്‍, കിരീടധാരണച്ചടങ്ങില്‍ ഈ പള്ളിക്കും പങ്കുണ്ട്. ഹെന്‍ട്രി ഏഴാമന്‍ സ്ഥാപിച്ച ഈ സുപ്രസിദ്ധ മതകേന്ദ്രം മുമ്പൊരു ശിവ ക്ഷേത്രമായിരുന്നുവെന്ന് ആരെങ്കിലും വാദിക്കുമോ? ഹിന്ദുത്വ ഏഴുത്തുകാരനായിരുന്ന പുരുഷോത്തം നാഗേഷ് ഓക് വാദിച്ച് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത് ഇതായിരുന്നു.


ഇറ്റലി ഒരു കാലത്ത് ഹിന്ദുക്കളുടെ അധീശത്വത്തിലായിരുന്നുവെന്നും വത്തിക്കാന്‍ സിറ്റി, വേദകാലത്തെ സൃഷ്ടിയിരുന്നുവെന്നും കത്തോലിക്കരുടെ പരമോന്നത ആത്മീയ നേതാവായ മാര്‍പ്പാപ്പ, യഥാര്‍ഥത്തില്‍ വേദ നിര്‍വചനങ്ങളനുസരിച്ചുള്ള പുരോഹിതനാണെന്നും അദ്ദേഹം വാദിച്ചു. മക്കയിലെ കഅ്ബക്കു മേലുമുണ്ടായിരുന്നു ഓകിന്റെ അവകാശവാദം. കഅ്ബ യഥാര്‍ഥത്തില്‍ ശിവലിംഗമായിരുന്നുവെന്നാണ് ഓക് സമര്‍ഥിക്കാന്‍ ശ്രമിച്ചത്. ക്രിസ്ത്യാനിറ്റിയും ഇസ്‌ലാമും ഹിന്ദു മതത്തില്‍ നിന്ന് ഉടലെടുത്തതാണെന്ന വിശാലമായ സിദ്ധാന്തത്തിന്റെ തുടര്‍ച്ചയായിരുന്നു ഈ വാദങ്ങള്‍.


യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതും കാലഗണനയോട് ചേരാത്തതുമായ കാര്യങ്ങള്‍ ആലോചിക്കുന്നതിനും അതിന് തെളിവെന്ന പേരില്‍ അബദ്ധങ്ങള്‍ അവതരിപ്പിക്കുന്നതിനുമുള്ള അവകാശത്തെ ചോദ്യംചെയ്യുന്നില്ല. പക്ഷേ, അതൊക്കെ വസ്തുതകളാണെന്ന മട്ടില്‍ പിന്നീട് അവതരിപ്പിക്കപ്പെടുകയും അധികാര സ്ഥാപനത്തിനും ചില വിഭാഗങ്ങളെ നിഷ്‌കാസനം ചെയ്യാനുമുള്ള ആയുധങ്ങളായി ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഗൗരവം കൈവരും. അതൊരുപക്ഷേ, ആസൂത്രിതവും സംഘടിതവുമായി നടക്കുന്നത് ഇന്ത്യന്‍ യൂനിയനിലാണ്. ചരിത്രത്തെ, വിശ്വാസം കൊണ്ട് ആദേശം ചെയ്ത്, അജണ്ടകള്‍ നിര്‍മിച്ചെടുക്കുന്നത് ഹ്രസ്വ - ദീര്‍ഘകാല ലക്ഷ്യങ്ങളോടെയാണ്. അതിന് തെളിവാണ് ബാബ്‌രി മസ്ജിദ്.


മുംതാസിനോടുള്ള പ്രണയത്തിന്റെ സ്മാരകമായി മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ചതാണ് താജ് മഹല്‍ എന്നതായിരുന്നു പഠിച്ചുവന്ന ലളിതമായ ചരിത്രം. ലോക മഹാത്ഭുതങ്ങളിലൊന്നാണ് ഈ അത്യപൂര്‍വ നിര്‍മാണമെന്നും. ചക്രവര്‍ത്തിയെന്ന അധികാര സ്വരൂപത്തെയും അദ്ദേഹത്തിന്റെ പ്രണയത്തെയുമല്ല, വിയര്‍പ്പൊഴുക്കുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത ആയിരക്കണക്കിന് തൊഴിലാളികളെയാണ് താജ് മഹല്‍ ഓര്‍മിപ്പിക്കേണ്ടത് എന്ന് വിദ്യാര്‍ഥി രാഷ്ട്രീയ കാലത്ത് വര്‍ഗ വിശകലനം കേട്ടു. ഇന്നിപ്പോള്‍ താജ് മഹല്‍, തേജോ മഹാലയ എന്ന ശിവ ക്ഷേത്രമായിരുന്നുവെന്ന വാദത്തിന് ഊര്‍ജം നല്‍കാനുള്ള ശ്രമം നടക്കുകയാണ്. പുരുഷോത്തം നാഗേഷ് ഓക് തന്നെയാണ് ഈ വാദം ആദ്യം ഉന്നയിച്ച വ്യക്തികളില്‍ ഒരാള്‍. ജയ്പൂര്‍ രാജാവായിരുന്ന ജയ് സിംഗില്‍ നിന്ന് തേജോ മഹാലയം, ഷാജഹാന്‍ സ്വന്തമാക്കുകയും മുംതാസിന്റെ ഖബറിടമാക്കുകയും ചെയ്തുവെന്നാണ് ഓക് വിവരിച്ചത്. ക്ഷേത്രങ്ങളും ഹിന്ദു രാജാക്കന്‍മാരുടെ കൈവശമുണ്ടായിരുന്ന കൊട്ടാരങ്ങളും കൈയടക്കി ഖബറിടങ്ങളാക്കി മാറ്റുക എന്നത് മുസ്‌ലിം രാജാക്കന്‍മാരുടെ രീതിയായിരുന്നുവെന്നും ഓക് പറഞ്ഞുവെച്ചു.


ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിലെ വിനോദ സഞ്ചാര വകുപ്പ് തയ്യാറാക്കിയ, സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് താജ് മഹല്‍ ഒഴിവാക്കപ്പെട്ടപ്പോഴാണ് ഇതേച്ചൊല്ലിയുള്ള ആദ്യത്തെ തര്‍ക്കമുയര്‍ന്നത്. ഉദ്യോഗസ്ഥ തലത്തിലുണ്ടായ നോട്ടക്കുറവ് എന്ന് ഇത് വിശദീകരിക്കപ്പെട്ടു. 'അധിനിവേശ മുഗളന്‍'മാരുടെ നിര്‍മാണങ്ങളെ സംരക്ഷിക്കേണ്ടതില്ലെന്നും സംരക്ഷിക്കപ്പെടേണ്ടത് ഹിന്ദു രാജാക്കന്‍മാരുടെ നിര്‍മാണങ്ങളാണെന്നുമുള്ള വാദം ബി ജെ പിയില്‍ നിന്നും സംഘ്പരിവാറിലെ ഇതര സംഘടനകളില്‍ നിന്നുമുയര്‍ന്നതോടെ ഒഴിവാക്കല്‍ സംഘ പരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് വ്യക്തമായി. ഹിന്ദുക്കളെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിച്ചയാളാണ് ഷാജഹാനെന്നും അതിനാല്‍ താജ് മഹലിന് സര്‍ക്കാര്‍ ഫണ്ട് നല്‍കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ട് ബി ജെ പി നേതാവും ഉത്തര്‍ പ്രദേശ് നിയമസഭാംഗവുമായ സംഗീത് സോം രംഗത്തുവരികയും ചെയ്തു. 2013ല്‍ ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്നതിലും അത് വളര്‍ത്തുന്നതിലും വലിയ പങ്കുവഹിച്ചയാളാണ് സംഗീത് സോം.


ബാബ്‌രി മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങള്‍ കൊണ്ടുപോയി വെച്ച്, രാമക്ഷേത്രമായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമം നടന്നതിനൊപ്പം കോടതി വ്യവഹാരവും തുടങ്ങിയിരുന്നു. ആ കേസിലെ ആദ്യത്തെ വാദി ശിശുവായ ശ്രീരാമന്‍. താജ്മഹലിന്റെ കാര്യത്തിലും വ്യവഹാര സാധ്യതകള്‍ പരതുന്നുണ്ട് സംഘ ബന്ധുക്കള്‍. ഇത്തരം ഹരജികള്‍ നിരുത്സാഹപ്പെടുത്തുകയാണ് ഉത്തര്‍ പ്രദേശ് ഹൈക്കോടതിയും സുപ്രീം കോടതിയും മുന്‍കാലത്ത് ചെയ്തത്. എന്നാല്‍ ആഗ്രയിലെ വിവിധ കോടതികളില്‍ ഹരജികള്‍ നല്‍കി, സംഗതി സജീവമാക്കി നിര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു. 2015ല്‍ ഒരു കൂട്ടം അഭിഭാഷകര്‍ നല്‍കിയ ഹരജി തള്ളിപ്പോയിരുന്നു. ഇപ്പോള്‍ മറ്റൊരു കോടതിയില്‍ ഹരജി നിലവിലുണ്ട്. ഓകിന്റെ വാദങ്ങള്‍ തന്നെയാണ് ഹരജികളുടെ ഉള്ളടക്കം.


ഈ വാദങ്ങളെ പരോക്ഷമായി പിന്തുണക്കും വിധത്തില്‍ ചില ചരിത്രകാരന്‍മാര്‍ രംഗത്തെത്തിയിട്ടുമുണ്ട്. 'താജ് മഹലിരിക്കുന്ന സ്ഥലം ജയ് സിംഗില്‍ നിന്ന് ഷാജഹാന്‍ വാങ്ങിയതാണെന്നത് വസ്തുതയാണ്. ഇതിന് പകരം സ്ഥലം നല്‍കിയിരുന്നു. പക്ഷേ, അവിടെ ശിവക്ഷേത്രമുണ്ടായിരുന്നുവെന്ന വാദം വിശ്വസനീയമല്ല. പക്ഷേ, ഹിന്ദു രാജാക്കന്‍മാരുടെ കൊട്ടാരങ്ങളോടനുബന്ധിച്ച് ക്ഷേത്രങ്ങള്‍ ഉണ്ടാകാറുണ്ട്. അങ്ങനെ എന്തെങ്കിലും ഇവിടെയുമുണ്ടായിട്ടുണ്ടാകാം.' എന്നിങ്ങനെയാണ് ചില ചരിത്രകാരന്‍മാരുടെ അഭിപ്രായം. പ്രത്യക്ഷത്തില്‍ സംഘ്പരിവാര്‍ വാദത്തെ തള്ളുന്നുവെന്ന് തോന്നുമെങ്കിലും അറിഞ്ഞോ അറിയാതെയോ പരോക്ഷമായി അതിനെ തുണയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നത്,


2015ല്‍ ആഗ്ര കോടതിയില്‍ ഹരജി ഫയല്‍ ചെയ്യപ്പെട്ട സമയത്ത് ബി ജെ പിയുടെ ഉത്തര്‍ പ്രദേശ് ഘടകം പ്രസിഡന്റായിരുന്ന ലക്ഷ്മികാന്ത് ബാജ്‌പേയി, തേജോ മഹാലയത്തിന്റെ കഥയുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ ഇത്രത്തോളം പ്രചാരം അന്ന് ലഭിച്ചിരുന്നില്ല. ഓരോ തവണയും ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ കൂടുതല്‍ പ്രചാരം ലഭിക്കുന്നുണ്ട് എന്നതൊരു അപായ സൂചനയാണ്. ബാബ്‌രി മസ്ജിദിന്റെ കാര്യത്തില്‍ ദശകങ്ങളെടുത്ത് സാധിച്ചത്, ആശയ വിനിമയത്തിന്റെ പുതിയ സാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ വര്‍ഷങ്ങള്‍ കൊണ്ട് സാധിക്കാന്‍ സംഘ്പരിവാരത്തിന് കഴിഞ്ഞേക്കും. ശിവക്ഷേത്രമുണ്ടായിരുന്നോ എന്ന് പുരാവസ്തു ഗവേഷണ വകുപ്പ് പരിശോധിക്കട്ടെ എന്ന് ഏതെങ്കിലുമൊരു കീഴ്‌ക്കോടതിയില്‍ നിന്ന് ഉത്തരവ് നേടാന്‍ സാധിച്ചാല്‍, കെട്ടുകഥകള്‍ക്ക് വിശ്വാസ്യതയുടെ ആവരണം ചാര്‍ത്താന്‍ അവസരമൊരുങ്ങും.


ഇപ്പോഴത്തെ തര്‍ക്കങ്ങളോട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു. തീവ്ര നിലപാടുകളെ തള്ളിക്കളയുന്നതാണ് ഈ പ്രസ്താവനകളെന്നാണ് പ്രത്യക്ഷത്തില്‍ തോന്നുക. ഇന്ത്യക്കാര്‍ നിര്‍മിച്ച താജ് മഹല്‍ സംരക്ഷിക്കപ്പെടേണ്ടതാണ് എന്നാണ് യോഗി ആദിത്യനാഥ് പ്രതികരിച്ചത്. ചരിത്രത്തിലുള്ള സംശയം നിലനിര്‍ത്തുന്നു യോഗി. സ്വന്തം ചരിത്രത്തിലും സംസ്‌കാരത്തിലും അഭിമാനം തോന്നാതെ രാജ്യത്തിന് മുന്നേറാനാകില്ലെന്നും ആ വിശ്വാസമില്ലാതായാല്‍ വ്യക്തിത്വം നഷ്ടപ്പെടുമെന്നുമായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം. ഏത് ചരിത്രത്തിലും സംസ്‌കാരത്തിലുമാണ് അഭിമാനം തോന്നേണ്ടത് എന്ന് വ്യക്തമാക്കിയിട്ടില്ല അദ്ദേഹം. അവിശ്വാസ്യതയുടെ അന്തരീക്ഷം സൃഷ്ടിക്കും വിധത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ പാടില്ലെന്ന് ആരോടും പറയുന്നില്ല രണ്ട് ഭരണാധികാരികളും. മുഗള്‍ രാജാവായ ഷാജഹാനാണ് താജ് മഹല്‍ നിര്‍മിച്ചത് എന്ന ചരിത്ര വസ്തുതയാണ് തങ്ങള്‍ അംഗീകരിക്കുന്നത് എന്നും പറയുന്നില്ല. അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള അവസരം തുറന്നിട്ടു കൊണ്ട്, ഔപചാരിക ഭാഷണം നടത്തുകയാണ് ഭരണാധികാരികള്‍.


ഹൈദരാബാദിലെ ചാര്‍മിനാറിന്റെ കാര്യം ഇവിടെ ഓര്‍ക്കണം. രാജ്യത്തെ ഗ്രസിച്ച പ്ലേഗ് ഒഴിഞ്ഞുപോയതിന്റെ സന്തോഷത്തില്‍ മുഹമ്മദ് ഖുലി ഖുത്തബ് ഷാ, 1591ല്‍ സ്ഥാപിച്ച ചാര്‍മിനാറിനോട് ചേര്‍ന്ന് ഭാഗ്യലക്ഷ്മി ക്ഷേത്രമുണ്ടെന്ന വാദം 1979ലാണ് ആദ്യമായി സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. മസ്ജിദും മദ്‌റസയുമൊക്കെ പ്രവര്‍ത്തിക്കുന്ന ചാര്‍മിനാറിനോട് ചേര്‍ന്ന് ക്ഷേത്രമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാന്‍ നടന്ന ശ്രമം ചോദ്യം ചെയ്യപ്പെട്ടതായിരുന്നു സംഘര്‍ഷത്തിന്റെ കാരണം. അന്നോളം അങ്ങനെയൊരു ക്ഷേത്രത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു. ഒരു ചരിത്ര രേഖയിലും അങ്ങനെയൊന്നിനെക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു. ചാര്‍മിനാറിനോട് ചേര്‍ന്നൊരു ക്ഷേത്രമുണ്ടെന്ന വാദമുയര്‍ത്തിയാല്‍, മറ്റൊരു പ്ലേഗിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയവരുടെ ഗൂഢ തന്ത്രം, പഴയ ആന്ധ്രാ പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ നടപ്പാക്കപ്പെട്ടു, അവിടെയൊരു താത്കാലിക ക്ഷേത്രമുണ്ടായി. താത്കാലിക ക്ഷേത്രത്തിന് മേല്‍ക്കൂര പണിയാന്‍ ഏതാനും വര്‍ഷം മുമ്പ് ശ്രമമുണ്ടായപ്പോള്‍ വര്‍ഗീയ കാലുഷ്യം വീണ്ടും സൃഷ്ടിക്കപ്പെട്ടു. എപ്പോള്‍ വേണമെങ്കിലും പുണ്ണാക്കാവുന്ന മുറിവായി അതവിടെ നില്‍ക്കുന്നു.


പുണ്ണാക്കി മാറ്റാവുന്ന മുറിവുകള്‍ കൂടുതലുണ്ടാക്കുക എന്നതാണ് സംഘപരിവാരത്തിന്റെ ഉദ്ദേശ്യം. അതിലേക്ക് താജ് മഹലിനെക്കൂടി കൊണ്ടുവരാനുള്ള ശ്രമം കുറേക്കൂടി ഊര്‍ജിതമായിരിക്കുന്നു, ഉത്തര്‍ പ്രദേശില്‍ വലിയ ഭൂരിപക്ഷത്തോടെ ബി ജെ പി അധികാരത്തിലെത്തിയ സാഹചര്യത്തില്‍. നിലനിന്നിരുന്ന സംസ്‌കൃതിയെയും അതിന്റെ പ്രതീകങ്ങളെയും നശിപ്പിച്ചവരുടെ പിന്‍മുറക്കാരാണ് രാജ്യത്തെ മുസ്‌ലിംകളെന്ന് പ്രചരിപ്പിക്കാന്‍ പുതിയൊരു ആയുധം. ഹൈന്ദവ പാരമ്പര്യത്തിന്റെ തുടര്‍ച്ച മാത്രമേ രാജ്യത്തുള്ളൂവെന്ന് വരുത്തി, ഏകധ്രുവ സമൂഹമെന്ന സങ്കല്‍പ്പത്തിന് ന്യായം തീര്‍ക്കാനുള്ള ഉപായം.

2017-10-16

മനുഷ്യര്‍ ജയിച്ചു, ബി ജെ പി തോറ്റു


ബി ജെ പിക്കും മുസ്‌ലിം ലീഗിന്റെ വിമതനെന്ന് സ്വയം അവകാശപ്പെട്ട് രംഗത്തുവന്ന സ്വതന്ത്രനുമൊഴിച്ച് ബാക്കിയുള്ളവര്‍ക്കൊക്കെ വിജയം അവകാശപ്പെടാവുന്നതാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ ഫലം. ലഭിച്ച വോട്ടുകളുടെ കണക്കിനെ മാത്രം അധികരിച്ചാണ് ഈ വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്‌ലിം ലീഗിന്റെ കെ എന്‍ എ ഖാദറിന് 23,310 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2016ല്‍ പി കെ കുഞ്ഞാലിക്കുട്ടി നേടിയ ഭൂരിപക്ഷവുമായി താരമ്യം ചെയ്യുമ്പോള്‍ 14,747 വോട്ട് കുറവ്. അത്രയും ഭൂരിപക്ഷം കുറക്കാനായത് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലാത്തതിന് തെളിവായും കൂടുതലാളുകള്‍ ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്നതിന്റെ സൂചനയായും വിശദീകരിക്കാന്‍ സി പി എമ്മിനും ഇടത് ജനാധിപത്യ മുന്നണിക്കും സാധിക്കും. വേങ്ങര മണ്ഡലത്തില്‍ ഉള്‍ക്കൊള്ളുന്ന എല്ലാ പഞ്ചായത്തിലും 2016നെ അപേക്ഷിച്ച് മുസ്‌ലിം ലീഗിന് വോട്ടുകുറഞ്ഞുവെന്നത് ഈ വാദത്തെ സാധൂകരിക്കുകയും ചെയ്യും.

എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടി എന്ന തലപ്പൊക്കമുള്ള നേതാവ് മത്സരിക്കുമ്പോള്‍ കിട്ടുന്ന വോട്ട്, കെ എന്‍ എ ഖാദറിന് ലഭിക്കാതിരിക്കുക സ്വാഭാവികമാണ്. കെ എന്‍ എ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ലീഗിലുണ്ടായ അതൃപ്തി കൂടി പരിഗണിക്കുമ്പോള്‍ വിജയത്തിന് തിളക്കമുണ്ടെന്ന് പറയേണ്ടി വരും.


2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ 3049 വോട്ട് മാത്രം നേടിയ എസ് ഡി പി ഐ ഇക്കുറി 8648 വോട്ട് നേടി. വോട്ട് ഇരട്ടിയലധികം വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. മുസ്‌ലിം ലീഗിനോടോ ലീഗ് സ്ഥാനാര്‍ത്ഥിയായ കെ എന്‍ എ ഖാദറിനോടോ ഉള്ള അതൃപ്തി  എസ് ഡി പി ഐയുടെ പക്കലേക്ക് ചാഞ്ഞുവെന്ന് ചുരുക്കം. ബി ജെ പിക്ക് 1327 വോട്ട് കുറവാണ് 2016നെ അപേക്ഷിച്ച് ലഭിച്ചത്.


ഒരു മണ്ഡലത്തില്‍ മാത്രം ഉപതെരഞ്ഞെടുപ്പ് നടക്കെ, ഐക്യ - ഇടത് മുന്നണികള്‍ അവരുടെ മുഴുവന്‍ കരുത്തും പ്രചാരണ രംഗത്ത് വിനിയോഗിക്കും. അതുകൊണ്ട് തന്നെ ബി ജെ പിക്ക് വോട്ട് കുറയുക സ്വാഭാവികമാണ്. എന്നാല്‍ വേങ്ങര തെരഞ്ഞെടുപ്പിന്റെ സാഹചര്യം ഭിന്നമാണ്.  ബി ജെ പി സകലശക്തിയും സമാഹരിച്ച്, കേരളത്തില്‍ പ്രചാരണം ആരംഭിക്കുകയും സാധ്യമായ എല്ലാ വിഷയങ്ങളും വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുകയും ചെയ്ത സമയമായിരുന്നു ഇത്. അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിങ്ങനെ ബി ജെ പിയുടെ ഏതാണ്ടെല്ലാ കേന്ദ്ര നേതാക്കളും കേരള പര്യടനം നടത്തിയ സമയം. അതൊന്നും ചെറിയ ചലനം പോലും വേങ്ങരയിലുണ്ടാക്കിയില്ല, ബി ജെ പിക്ക് വോട്ട് കുറയുകയും ചെയ്തു. അവരുടെ വര്‍ഗീയ അജന്‍ഡയെ നിരസിക്കേണ്ടതുണ്ടെന്ന് ചെറു ശതമാനം ബി ജെ പി അനുഭാവികള്‍ക്കെങ്കിലും തോന്നിയെങ്കില്‍ അതാണ്  വേങ്ങര നല്‍കുന്ന വലിയ വിജയം.


ഈ വിജയത്തിനൊരു മറുവശമുണ്ട്. അത് എസ് ഡി പി ഐയുടെ വോട്ടിലുണ്ടായ വര്‍ധനയാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ ഒമ്പതിനായിരത്തിലധികം വോട്ട് എസ് ഡി പി ഐ നേടിയിരുന്നു. എസ് ഡി പി ഐയുടെ നേതൃനിരയില്‍ പ്രധാനിയായ നാസറുദ്ദീന്‍ എളമരമാണ് അന്ന് മത്സരിച്ചത്. പരമാവധി വോട്ട് സമാഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ അവര്‍ നടത്തിയ പ്രചാരണം ലക്ഷ്യം കണ്ടതിന്റെ ഫലമായിരുന്നു ആ വോട്ട്. അത്രത്തോളമെത്താന്‍ അവര്‍ക്ക് സാധിച്ചില്ല ഇക്കുറിയെങ്കിലും ബി ജെ പിയുടെ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ തള്ളിക്കളഞ്ഞതുപോലെ അതിനെ പ്രതിരോധിച്ചുകൊണ്ട് എസ് ഡി പി ഐ നടത്തിയ തീവ്ര പ്രചാരണം തള്ളിക്കളയപ്പെട്ടില്ല. എസ് ഡി പി ഐയിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്ന സാഹചര്യത്തെ പ്രതിരോധിക്കാന്‍ മുസ്‌ലിം ലീഗിന് സാധിച്ചില്ല എന്നതാണ് വസ്തുത. അവര്‍ക്ക് ഗുണം ചെയ്യും വിധത്തില്‍, തീവ്ര നിലപാടെടുക്കാന്‍ മുസ്‌ലിം ലീഗിലെ ചില നേതാക്കളെങ്കിലും തയ്യാറാകുകയും ചെയ്തു.


ഈ തിരഞ്ഞെടുപ്പുകാലത്ത് സജീവമായി നിന്ന ഹാദിയ കേസിലും കൊടിഞ്ഞി ഫൈസല്‍ വധക്കേസിലും എസ് ഡി പി ഐ പൊതുവിലെടുത്ത നിലപാട്, ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആര്‍ എസ് എസ്സിനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്നതായിരുന്നു. ഇതേ അഭിപ്രായം ആവര്‍ത്തിക്കാന്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദിനെപ്പോലുള്ളവര്‍ മടി കാണിക്കാതിരുന്നത്, വേങ്ങരയിലെ മുസ്‌ലിംകള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് എസ് ഡി പി ഐക്കുണ്ടായ വോട്ട് വര്‍ധന. ഹാദിയ കേസില്‍ കൃത്യസമയത്ത് നിലപാടെടുക്കാന്‍ സി പി എം നേതൃത്വം മടി കാണിച്ചതും കൊടിഞ്ഞി ഫൈസല്‍ വധത്തിലും തുടര്‍ന്നുണ്ടായ പ്രതികാരക്കൊലയിലും പൊലീസിന്റെ ഭാഗത്തുണ്ടായ യുക്തിക്ക് നിരക്കാത്ത നടപടികളെ തിരുത്തുന്നതില്‍ ഭരണനേതൃത്വം കൃത്യസമയത്ത് ഇടപെടാതിരുന്നതും അനുകൂലമാക്കാന്‍ എസ് ഡി പി ഐക്ക് സാധിച്ചിട്ടുണ്ട്. അതിലേക്ക് എരി പകരുന്നതായിരുന്നു ലീഗ് നേതാക്കളില്‍ ചിലരുടെയെങ്കിലും അഭിപ്രായ പ്രകടനങ്ങള്‍. ഈ സാഹചര്യം തുടരുന്നത്, ഇടതുപക്ഷത്തിനല്ല, മുസ്‌ലിം ലീഗിനും അതുള്‍ക്കൊള്ളുന്ന യു ഡി എഫിനുമാണ് ഭാവിയില്‍ കൂടുതല്‍ പ്രയാസം സൃഷ്ടിക്കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയ വോട്ടുകളില്‍ വലിയൊരളവ് യു ഡി എഫിന്റേതായിരുന്നുവെന്ന് ഓര്‍ക്കുക. ആഘാതമുണ്ടാകുക മലപ്പുറത്തായിക്കൊള്ളണമെന്നില്ലെന്ന് മാത്രം.


എല്‍ ഡി എഫിനെ സംബന്ധിച്ച്, വേങ്ങരയിലെ ലീഡ് കുറക്കാനായത് അവരുടെ ഭരണത്തിനുള്ള അംഗീകാരമായി പ്രചരിപ്പിക്കാന്‍ സാധിക്കും. ലീഗിന്റെ ശക്തിദുര്‍ഗമായ മണ്ഡലത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ സ്വാധീനം വര്‍ധിപ്പിക്കാനായെന്നും അവകാശപ്പെടാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചതില്‍ ന്യൂനപക്ഷങ്ങള്‍ വലിയ പങ്കു വഹിച്ചിരുന്നു. ആ അവസ്ഥയില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ടുവെന്ന് പറയുകയും ചെയ്യാം. എന്നാല്‍, അതിന് ഉതകുന്ന വിധത്തിലുള്ള നയ നിലപാടുകളാണോ ഭരണത്തിലിരുന്ന ഒന്നര വര്‍ഷത്തിനിടെ സി പി   എമ്മിന്റെ ഭാഗത്തു നിന്നും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെ ഭാഗത്തു നിന്നുമുണ്ടായത് എന്ന ഗൗരവമായ ആലോചനക്ക് അവരെ പ്രേരിപ്പിക്കേണ്ടത് കൂടിയാണ് വേങ്ങരയില്‍ ലഭിച്ച അധിക വോട്ട്. ഒപ്പം മതനിരപേക്ഷ നിലപാടിനൊപ്പം നിന്ന 18 ശതമാനത്തോളം വരുന്ന വേങ്ങരയിലെ മുസ്‌ലിം ഇതര വോട്ടര്‍മാരുടെ നിലപാടും പ്രത്യേകമായി ഇടതുപക്ഷം കണക്കിലെടുക്കേണ്ടതുണ്ട്. സംഘ് അജന്‍ഡകളെ അവരില്‍ വലിയൊരു വിഭാഗം നിര്‍ദാക്ഷിണ്യം തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ പ്രത്യേകിച്ചും.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ നിന്ന് യു ഡി എഫ്, വിശിഷ്യാ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി പ്രത്യേകിച്ച് പാഠങ്ങളൊന്നും ഉള്‍ക്കൊണ്ടിട്ടില്ലെന്ന തോന്നല്‍ വോട്ടര്‍മാരിലുണ്ടന്ന തിരിച്ചറിവാണ് ആ മുന്നണിക്കും അതിലെ വലിയ കക്ഷികളിലൊന്നായ ലീഗിനുമുണ്ടാകേണ്ടത്. ലീഗിതര വോട്ടുകളെ മുന്നണിയിലേക്ക് ആകര്‍ഷിക്കാന്‍ ബാധ്യതപ്പെട്ട കോണ്‍ഗ്രസിന്റെ പരാജയം കൂടിയാകാം വേങ്ങരയിലെ ഭൂരിപക്ഷത്തിലുണ്ടായ ചോര്‍ച്ച. അതിക്കുറി ബി ജെ പിയിലേക്ക് പോയില്ലെന്ന് മാത്രം. സോളാര്‍  തട്ടിപ്പുമായി ബന്ധപ്പെട്ട് അഴിമതി - ലൈംഗിക ആരോപണങ്ങള്‍ നേരിടുകയാണ് കോണ്‍ഗ്രസിന്റെ നേതൃനിര. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് പുറമെ. ഇത് കോണ്‍ഗ്രസിനെ മാത്രമല്ല, യു ഡി എഫിനെയും ദുര്‍ബലപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ ലീഗിന്റെ ശക്തികേന്ദ്രമായ ഒരു മണ്ഡലത്തില്‍ ഭൂരിപക്ഷം പതിനാലായിരത്തിലധികം കുറയുന്നതിന് രാഷ്ട്രീയ പ്രാധാന്യം ഏറെ. അതു തിരിച്ചറിയുന്നതില്‍ ലീഗിനൊപ്പം ഉത്തരവാദിത്തം കോണ്‍ഗ്രസിനുമുണ്ട്.


രാജ്യത്താകെ മറുശബ്ദമില്ലാതാക്കിക്കൊണ്ടിരുന്ന നരേന്ദ്ര മോദിയും സംഘ്പരിവാരവും പല കാരണങ്ങളാല്‍ പ്രതിരോധത്തിലാകുകയാണ്. സാമ്പത്തിക വളര്‍ച്ച മുരടിക്കുകയും ചരക്ക് സേവന നികുതി നടപ്പാക്കിയതിലെ അപാകം മൂലം വ്യാപാര - വാണിജ്യ സമൂഹം അതൃപ്തിയിലാകുകയും തൊഴിലില്ലായ്മ വര്‍ധിച്ചത് യുവാക്കളെ അസന്തുഷ്ടരാക്കുകയും ചെയ്തതാണ് മൂന്നര വര്‍ഷത്തിന് ശേഷം പ്രതിപക്ഷ ശബ്ദത്തിന് മുഴക്കമുണ്ടാക്കിയത്. അതിന്റെ ഫലം കൂടിയാണ് വേങ്ങരക്കൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കണ്ടത്. 2014ല്‍ ബി ജെ പിയുടെ വിനോദ് ഖന്ന 1,36,065 വോട്ടിന് ജയിച്ച മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സുനില്‍ ഝാക്കര്‍ 1,93,219 വോട്ടിന് വിജയിച്ചു. വിനോദ് ഖന്ന അന്തരിച്ചതാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. ഏതാനും മാസം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിന്റെ തുടര്‍ച്ചയാണിതെന്ന് ബി ജെ പിക്ക് വാദിക്കാമെങ്കിലും സുനില്‍ ഝാക്കറിന് ലഭിച്ച വലിയ ഭൂരിപക്ഷം, കേന്ദ്ര സര്‍ക്കാര്‍ നയങ്ങളോടുള്ള ജനത്തിന്റെ കൃത്യമായ വിയോജിപ്പിന് ദൃഷ്ടാന്തമാണെന്ന് വസ്തുതകള്‍ വിലയിരുത്തുന്നവര്‍ക്ക് മനസ്സിലാകും.


കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം വൈകാതെ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന രാഹുല്‍ ഗാന്ധി, മുന്‍കാലത്തില്‍ നിന്ന് ഭിന്നമായി നേതൃഗുണം പ്രകടിപ്പിക്കുകയും യാഥാര്‍ഥ്യ ബോധം ഉള്‍ക്കൊണ്ട് സംസാരിക്കുകയും ചെയ്യുന്നുണ്ട്. രാഹുലിന്റെ വാക്കുകള്‍ക്ക് മുന്‍കാലത്തില്ലാത്ത പ്രാധാന്യം മാധ്യമങ്ങളിലും സമൂഹത്തിലും ലഭിക്കുകയും ചെയ്യുന്നു. അടുത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ രാഹുലിന്റെ സന്ദര്‍ശനങ്ങള്‍ ആളെക്കൂട്ടുകയും ചെയ്യുന്നു. ഇവ്വിധമൊരു സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് തിരിച്ചറിയാത്തത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമായിരിക്കും. തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ അതിന് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. വേങ്ങരയിലെ യു ഡി എഫിന്റെ ഭൂരിപക്ഷം കുറക്കാന്‍ തീരുമാനിച്ചപ്പോള്‍ വേങ്ങരയിലെ വോട്ടര്‍മാര്‍ അതേക്കുറിച്ച് കൂടി ചിന്തിച്ചിട്ടുണ്ടാകും.


മുസ്‌ലിം ലീഗിലെ അധികാരഘടനയിലും വേങ്ങര (സ്ഥാനാര്‍ഥി നിര്‍ണയവും ഭൂരിപക്ഷവും) ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. എല്ലാ തീരുമാനവും പി കെ കുഞ്ഞാലിക്കുട്ടിയുടേതായിരുന്ന കാലം കഴിഞ്ഞിരിക്കുന്നുവെന്ന് ഇവിടം ആവര്‍ത്തിക്കുന്നു. ഈ ഘടനാമാറ്റത്തെ ലീഗ് എങ്ങനെ ഉള്‍ക്കൊള്ളുന്നുവെന്നത് കുടിയാണ് വേങ്ങരാനന്തരം കേരള രാഷ്ട്രീയത്തെ ശ്രദ്ധേയമാക്കുന്നത്.

2017-10-09

ഘര്‍വാപ്പസി: നിശ്ശബ്ദതയുടെ അര്‍ഥമെന്ത്?


'മുസ്‌ലിംകളെല്ലാം ഭീകരരല്ല, എന്നാല്‍ ഭീകരരെല്ലാം മുസ്‌ലിംകളാണ്' എന്ന സമവാക്യം അവതരിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ. നരേന്ദ്ര മോദി സമവാക്യമായി അവതരിപ്പിക്കുന്നതിന് ഏറെ മുമ്പ് തന്നെ രാജ്യത്ത് ഇത് പ്രചരിപ്പിക്കപ്പെട്ടിരുന്നു. എവിടെ സ്‌ഫോടനമുണ്ടായാലും അതിന്റെ ഭൗതിക ആഘാതം മുഴുവനായി പുറത്തുവരും മുമ്പേ തന്നെ, ആസൂത്രണം ചെയ്ത മുസ്‌ലിം ഭീകരവാദ സംഘടനകളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആ റിപ്പോര്‍ട്ടുകളെ സാധൂകരിക്കും വിധത്തില്‍, പൊലീസ് അറസ്റ്റുകള്‍ നടത്തുന്നതായിരുന്നു പതിവ്. ഇതിങ്ങനെ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഭീകരരെല്ലാം മുസ്‌ലിംകളാണ് എന്ന പ്രതിച്ഛായ സൃഷ്ടിക്കപ്പെട്ടു. അതിലൂടെ ഒരു സമുദായത്തെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി, വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനും ഭൂരിപക്ഷമതത്തെ ഒരു പക്ഷത്തേക്ക് നിര്‍ത്തി കരുത്താര്‍ജിക്കാനുമാണ് രാഷ്ട്രീയ സ്വയം സേവക് സംഘും പരിവാര സംഘടനകളും ശ്രമിച്ചത്.


മലേഗാവ്, മക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ എന്നിവിടങ്ങളിലും സംഝോത എക്‌സ്പ്രസിലുമുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ ഹിന്ദുത്വ ഭീകരവാദ ശൃംഖലയാണെന്ന അന്വേഷണ ഏജന്‍സിയുടെ നിഗമനങ്ങള്‍ പുറത്തുവരികയും ഈ സ്‌ഫോടനങ്ങളിലെ പങ്കാളിത്തത്തെക്കുറിച്ച് സ്വാമി അസിമാനന്ദ കുറ്റസമ്മതമൊഴി നല്‍കുകയും ചെയ്തതോടെ 'ഭീകരരെല്ലാം മുസ്‌ലിംകളാണ്' എന്ന് ആവര്‍ത്തിക്കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടായി. വിവിധ സ്‌ഫോടനക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് ദീര്‍ഘകാലം വിചാരണത്തടവ് അനുഭവിക്കേണ്ടി വന്ന മുസ്‌ലിം ചെറുപ്പക്കാരെ കോടതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയക്കുന്നതിന്റെ എണ്ണം കൂടിയതും സംഘ പ്രചാരണത്തിന്റെ മുനയൊടിച്ചു. ഹിന്ദുത്വ ഭീകരവാദ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരികയും പ്രജ്ഞാ സിംഗ്, കേണല്‍ ശ്രീകാന്ത് പുരോഹിത്, സ്വാമി അസിമാനന്ദ തുടങ്ങിയ ഏതാനും പേര്‍ അറസ്റ്റിലാകുകയും ചെയ്തതിന് ശേഷം രാജ്യത്ത് സ്‌ഫോടനങ്ങളുടെ എണ്ണം കുറഞ്ഞുവെന്നത് വസ്തുതയായി രാജ്യത്തിന് മുന്നിലുണ്ട് താനും.


സ്വാതന്ത്ര്യാനന്തരം രാജ്യത്ത് പലഭാഗത്തായി അരങ്ങേറിയ വര്‍ഗീയ കലാപങ്ങളുടെയെല്ലാം ഒരു വശത്ത് ആര്‍ എസ് എസ് ഉണ്ടായിരുന്നുവെന്നും പലേടത്തും കലാപം അവരുടെ സൃഷ്ടിയായിരുന്നുവെന്നും വിവിധ ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ചതിലെ പങ്ക് കണക്കിലെടുത്താല്‍ ഹിന്ദുത്വ ഭീകരതയുടെ ചരിത്രം അന്ന് തുടങ്ങുന്നുവെന്ന് പറയാം. എങ്കിലും അതൊരു മൂര്‍ത്തരൂപമായി ഇന്ത്യന്‍ സമൂഹത്തിന് മുന്നിലെത്തുന്നത് 2007ലാണ്, 'കാവി ഭീകരത' എന്ന പ്രയോഗം 2002ല്‍ വ്യവഹരിക്കപ്പെട്ടു തുടങ്ങിയെങ്കിലും. മലേഗാവ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് 2008ല്‍ പ്രഗ്യാ സിംഗ് അറസ്റ്റിലാകുന്നതോടെയാണ് ഭീകരാക്രമണങ്ങളില്‍ പരിവാര്‍ സംഘടനകളുടെ പങ്കാളിത്തം പതുക്കെ പുറത്തേക്കുവരുന്നത്.


സന്ദീപ് ഡാങ്കെ, രാമചന്ദ്ര കല്‍സാന്‍ഗ്രെ,  സുനില്‍ ജോഷി, നരേഷ് കോണ്ട്വാര്‍, ഹിമാംശു പാന്‍സെ, സുധാകര്‍ ദ്വിവേദി എന്നിങ്ങനെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ നിരവധി പേരെക്കുറിച്ചുള്ള വിവരങ്ങള്‍ തുടര്‍ന്ന് വന്നു. അഭിനവ് ഭാരതിന് പുറമെ സനാതന്‍ സന്‍സ്ഥ, ബജ്‌റംഗ് ദള്‍ തുടങ്ങിയ സംഘടനകള്‍ക്കും ഭീകരാക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കുള്ളതായി വിവിധ കേസുകളിലെ അന്വേഷണത്തില്‍ വെളിപ്പെട്ടു. ഇന്ദ്രേഷ് കുമാര്‍ മുതല്‍ ഇപ്പോഴത്തെ സര്‍ സംഘ് ചാലക് മോഹന്‍ ഭഗവത് വരെയുള്ളവരുടെ പേരുകള്‍ സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മതമൊഴിയില്‍ ഉള്‍പ്പെടുകയും ചെയ്തു.


ഹിന്ദുത്വ ഭീകരവാദ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരികയും 'ഭീകരരെല്ലാം മുസ്‌ലിംകളാണ്' എന്ന സമവാക്യം വൈരുദ്ധ്യത്തെ നേരിടുകയും ചെയ്ത 2008ന് പിറകെയാണ് ലവ് ജിഹാദ് പ്രചാരണം ആരംഭിക്കുന്നത്. ഇത് യാദൃച്ഛികമാണെന്ന് കരുതുക വയ്യ. ഭീകരതയുടെ പേരില്‍ ഒരു സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക എന്നത് ഇനിയുമങ്ങോട്ട് എളുപ്പമാകില്ലെന്ന തോന്നലില്‍, കുറേക്കൂടി എളുപ്പത്തില്‍ നടത്താവുന്ന, വിഷാംശം കൂടുതലുള്ള പ്രചാരണം ആരംഭിച്ചതാകണം. അത് പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഫലം കണ്ടു, കേരളത്തില്‍. അതുകൊണ്ടാണ് അവാസ്തവങ്ങളോ അര്‍ധ വാസ്തവങ്ങളോ ഉള്‍ക്കൊള്ളിച്ച്  സംഘ ബന്ധമുള്ള ചില വെബ്‌സൈറ്റുകള്‍ ആരംഭിക്കുകയും കേരളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്ത പ്രചാരണത്തിന് സാധൂകരണം നല്‍കും വിധത്തില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കേരള കാത്തലിക്‌സ് ബിഷപ്‌സ് കോണ്‍ഫറന്‍സും രംഗത്തുവന്നത്. കേരളത്തിലും കര്‍ണാടകത്തിലും 2009ല്‍ ആരംഭിച്ച ഈ പ്രചാരണം, പിന്നീട് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉത്തര്‍ പ്രദേശില്‍ ആവര്‍ത്തിച്ചു. അതിന്റെ മറവില്‍ സൃഷ്ടിച്ച വര്‍ഗീയ സംഘര്‍ഷത്തിന്റെ മുതലെടുപ്പിന് ലോക് സഭാ തെരഞ്ഞെടുപ്പ് വേദിയാകുകയും ചെയ്തു.


2009ല്‍ കേരളത്തിലും കര്‍ണാടകത്തിലും ആരംഭിച്ച പ്രചാരണത്തിന്, ആധികാരികതയുടെ സ്പര്‍ശം നല്‍കുന്നതില്‍ നീതിന്യായ സംവിധാനത്തിന്റെ ഇടപെടലും വലിയ പങ്കുവഹിച്ചിരുന്നു. പത്തനംതിട്ടയിലെ രണ്ട് പെണ്‍കുട്ടികളെ മതംമാറാന്‍ നിര്‍ബന്ധിച്ചുവെന്ന പരാതിയില്‍ മുസ്‌ലിംകളായ രണ്ട് ചെറുപ്പക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ, കേരളത്തില്‍ 'ലവ് ജിഹാദ്' അരങ്ങേറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മൂന്ന് വര്‍ഷത്തിനിടെ നടന്ന മതപരിവര്‍ത്തനങ്ങളില്‍ 'ലവ് ജിഹാദി'ന്റെ സാന്നിധ്യമുണ്ടോ എന്ന് അന്വേഷിക്കണമെന്നും ജസ്റ്റിസ് കെ ടി ശങ്കരന്‍ ഉത്തരവിട്ടു. 'ലവ് ജിഹാദി'നായി സംഘടന പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ഇതിനായി വിദേശത്തു നിന്ന് പണം വരുന്നുണ്ടോ എന്നും അന്വേഷിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.


ഇക്കാര്യത്തില്‍ അന്നത്തെ ഡി ജി പി നല്‍കിയ റിപ്പോര്‍ട്ട് അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി നിരസിച്ച കോടതി, പിന്നീട് എല്ലാ ജില്ലാ പൊലീസ് മേധാവികളോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പതിനാല് ജില്ലാ പൊലീസ് മേധാവിമാരും ഇത്തരം സംഗതി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. കര്‍ണാടകത്തില്‍ ഈ പ്രചാരണം നടക്കുമ്പോള്‍ ബി ജെ പി നേതാവ് ബി എസ് യെദിയൂരപ്പ മുഖ്യമന്ത്രിയും വി എസ് ആചാര്യ ആഭ്യന്തര മന്ത്രിയുമായിരുന്നു. ആ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സി ഐ ഡി) അന്വേഷണം ഒന്നും കണ്ടെത്താതെയാണ് അവസാനിച്ചത്.


നിയമപരമായ നടപടികള്‍ അങ്ങനെ അവസാനിച്ചുവെങ്കിലും അവിശ്വാസത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താനുള്ള മുഖ്യ ആയുധമായി ഇതിനെ സംഘ്പരിവാരം നിലനിര്‍ത്തുകയായിരുന്നു. അതിനെ ആളിക്കത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഹാദിയയും ആതിരയും ഉള്‍പ്പെട്ട കേസുകള്‍ അതിനൊരു അവസരം നല്‍കിയെന്ന് മാത്രം. ആ അവസരം നിഷേധിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിന്റെ പക്ഷത്തുനില്‍ക്കാനുമുള്ള ഉത്തരവാദിത്തമുണ്ടായിരുന്നു കേരളത്തിലെ സമൂഹത്തിനും അതില്‍ സജീവമായ മതനിരപേക്ഷ രാഷ്ട്രീയ സംവിധാനങ്ങള്‍ക്കും. എന്നാല്‍ വേണ്ട സമയത്ത് ഈ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടതുകൊണ്ടാണ്, സമൂഹത്തിലാകെ സംശയം വിതറാന്‍ പാകത്തില്‍ ഈ രണ്ടു കേസുകളെ ഉപയോഗിക്കാന്‍ സംഘ്പരിവാരത്തിന് സാധിച്ചത്.


2009ല്‍ 'ലവ് ജിഹാദ്' എന്ന വ്യാജ പ്രചാരണം ആരംഭിച്ച സമയത്തും സ്വന്തം ഉത്തരവാദിത്തത്തോട് നീതിപുലര്‍ത്തിയിരുന്നില്ല മതനിരപേക്ഷ രാഷ്ട്രീയ സംവിധാനങ്ങള്‍. ഹിന്ദു സമൂഹത്തിന്റെ വോട്ട് നഷ്ടമാകുമോ എന്ന ഭയമാണ്, സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ ജനത്തെ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള സ്വന്തം കഴിവിലുള്ള വിശ്വാസത്തേക്കാള്‍ അവരെ ഭരിച്ചത്. ഇപ്പോഴും അതുതന്നെ ഭരിക്കുന്നു. മുമ്പ്, ഭീകരാക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്തം, അന്വേഷണങ്ങള്‍ ആരംഭിക്കും മുമ്പ് മുസ്‌ലിംകളില്‍ ചുമത്തി ആ സമുദായത്തെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയപ്പോഴും ഇതേ മനോഭാവമാണ് മതനിരപേക്ഷമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ സംവിധാനങ്ങള്‍ കാട്ടിയത്. ഹിന്ദുത്വ ഭീകരവാദ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍പ്പോലും യഥാവിധി അന്വേഷണം നടത്തി, വസ്തുത പുറത്തുകൊണ്ടുവരാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാര്‍ കാട്ടിയില്ലെന്നത് ഇതിനോട് ചേര്‍ത്തുവായിക്കണം.


'ലവ് ജിഹാദ്' പ്രചാരണത്തിന് കാറ്റുപിടിപ്പിക്കാന്‍ പാകത്തില്‍ നിസ്സംഗത പാലിച്ച മത നിരപേക്ഷ രാഷ്ട്രീയ സംവിധാനങ്ങള്‍, ഇതര മതസ്ഥരെ പ്രണയിക്കുകയോ അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്ന പെണ്‍കുട്ടികളെ (ആണ്‍കുട്ടികളെയും) തടവില്‍പാര്‍പ്പിച്ച് കടുത്ത പീഡനങ്ങളേല്‍പ്പിക്കുന്ന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതി ഉയരുമ്പോഴും നിസ്സംഗത തുടരുകയോ പേരിനു മാത്രം പ്രതികരിച്ച് പിന്‍വാങ്ങുകയോ ചെയ്യുകയാണ്. 'ലവ് ജിഹാദ്' പ്രചാരണത്തെ സാധൂകരിക്കാന്‍ വളരെ വേഗം രംഗത്തെത്തിയവര്‍, ഈ നിയമവിരുദ്ധതക്ക് മുന്നില്‍ മൗനം പാലിക്കുന്നു.


പരാതി പരിഗണിച്ച നീതിന്യായ സംവിധാനം സംഗതി ഗൗരവമേറിയതെന്ന നിരീക്ഷണം നടത്തി, അന്വേഷണത്തിന് പോലീസിന് നിര്‍ദേശം നല്‍കി കാത്തിരിക്കുന്നു. ലവ് ജിഹാദെന്ന പ്രചാരണം കണക്കിലെടുത്ത് ഡി ജി പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ജാഗ്രത, 'ഘര്‍ വാപ്പസി' കേന്ദ്രത്തിന്റെ കാര്യത്തില്‍ നീതിന്യായ സംവിധാനത്തിനുണ്ടായോ എന്ന് സംശയം. മൂന്ന് പെണ്‍കുട്ടികളും   ശിവശക്തി യോഗ കേന്ദ്രത്തിലെ (എറണാകുളത്തെ ഘര്‍ വാപ്പസി കേന്ദ്രം) മുന്‍ ജീവനക്കാരനും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും  കാര്യക്ഷമമായ അന്വേഷണത്തിന് പോലീസ് അറയ്ക്കുന്നു. ഈ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നും  അവരുടെ നഗ്നചിത്രങ്ങളെടുത്ത് അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടും സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമെന്ന് പ്രഖ്യാപിച്ച ഇടത് മുന്നണിയും അതിന്റെ മുഖ്യമന്ത്രിയും അന്വേഷണം ഊര്‍ജിതമാക്കാന്‍ പാകത്തില്‍ നടപടി സ്വീകരിക്കുന്നില്ല.


'ഘര്‍ വാപ്പസി' കേന്ദ്രത്തിനെതിരായ പരാതിയില്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കാതിരിക്കുമ്പോള്‍ 'ലവ് ജിഹാദ്' എന്ന വ്യാജത്തെ പരോക്ഷമായി അംഗീകരിക്കുക കൂടിയാണ് ചെയ്യുന്നത് എന്ന് തിരിച്ചറിയണം. ഹാദിയക്ക് തടങ്കല്‍ വിധിച്ച നീതിന്യായ സംവിധാനവും 'ഘര്‍ വാപ്പസി' കേന്ദ്രങ്ങളെ പരോക്ഷമായി സാധൂകരിക്കുകയാണ്. രാഷ്ട്രീയ, ഭരണ, നിയമപാലന, നീതിന്യായ സംവിധാനങ്ങളൊക്കെ, ഏറിയും കുറഞ്ഞും ഭൂരിപക്ഷ വര്‍ഗീയതയോട് ചാഞ്ഞുനില്‍ക്കുന്നുവെന്ന പല്ലവി കൂടുതല്‍ അര്‍ഥവത്താക്കുകയാണ് ഈ സാഹചര്യം. ജനാധിപത്യ- മതനിരപേക്ഷ സങ്കല്‍പ്പം, ഭൂരിപക്ഷ വര്‍ഗീയതയില്‍ അധിഷ്ഠിതമായ ജനാധിപത്യ, മതനിരപേക്ഷ സങ്കല്‍പ്പമെന്ന് തിരുത്തി വായിക്കേണ്ടിവരും.