2017-10-09

ഘര്‍വാപ്പസി: നിശ്ശബ്ദതയുടെ അര്‍ഥമെന്ത്?


'മുസ്‌ലിംകളെല്ലാം ഭീകരരല്ല, എന്നാല്‍ ഭീകരരെല്ലാം മുസ്‌ലിംകളാണ്' എന്ന സമവാക്യം അവതരിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ. നരേന്ദ്ര മോദി സമവാക്യമായി അവതരിപ്പിക്കുന്നതിന് ഏറെ മുമ്പ് തന്നെ രാജ്യത്ത് ഇത് പ്രചരിപ്പിക്കപ്പെട്ടിരുന്നു. എവിടെ സ്‌ഫോടനമുണ്ടായാലും അതിന്റെ ഭൗതിക ആഘാതം മുഴുവനായി പുറത്തുവരും മുമ്പേ തന്നെ, ആസൂത്രണം ചെയ്ത മുസ്‌ലിം ഭീകരവാദ സംഘടനകളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആ റിപ്പോര്‍ട്ടുകളെ സാധൂകരിക്കും വിധത്തില്‍, പൊലീസ് അറസ്റ്റുകള്‍ നടത്തുന്നതായിരുന്നു പതിവ്. ഇതിങ്ങനെ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഭീകരരെല്ലാം മുസ്‌ലിംകളാണ് എന്ന പ്രതിച്ഛായ സൃഷ്ടിക്കപ്പെട്ടു. അതിലൂടെ ഒരു സമുദായത്തെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി, വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനും ഭൂരിപക്ഷമതത്തെ ഒരു പക്ഷത്തേക്ക് നിര്‍ത്തി കരുത്താര്‍ജിക്കാനുമാണ് രാഷ്ട്രീയ സ്വയം സേവക് സംഘും പരിവാര സംഘടനകളും ശ്രമിച്ചത്.


മലേഗാവ്, മക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ എന്നിവിടങ്ങളിലും സംഝോത എക്‌സ്പ്രസിലുമുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ ഹിന്ദുത്വ ഭീകരവാദ ശൃംഖലയാണെന്ന അന്വേഷണ ഏജന്‍സിയുടെ നിഗമനങ്ങള്‍ പുറത്തുവരികയും ഈ സ്‌ഫോടനങ്ങളിലെ പങ്കാളിത്തത്തെക്കുറിച്ച് സ്വാമി അസിമാനന്ദ കുറ്റസമ്മതമൊഴി നല്‍കുകയും ചെയ്തതോടെ 'ഭീകരരെല്ലാം മുസ്‌ലിംകളാണ്' എന്ന് ആവര്‍ത്തിക്കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടായി. വിവിധ സ്‌ഫോടനക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് ദീര്‍ഘകാലം വിചാരണത്തടവ് അനുഭവിക്കേണ്ടി വന്ന മുസ്‌ലിം ചെറുപ്പക്കാരെ കോടതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയക്കുന്നതിന്റെ എണ്ണം കൂടിയതും സംഘ പ്രചാരണത്തിന്റെ മുനയൊടിച്ചു. ഹിന്ദുത്വ ഭീകരവാദ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരികയും പ്രജ്ഞാ സിംഗ്, കേണല്‍ ശ്രീകാന്ത് പുരോഹിത്, സ്വാമി അസിമാനന്ദ തുടങ്ങിയ ഏതാനും പേര്‍ അറസ്റ്റിലാകുകയും ചെയ്തതിന് ശേഷം രാജ്യത്ത് സ്‌ഫോടനങ്ങളുടെ എണ്ണം കുറഞ്ഞുവെന്നത് വസ്തുതയായി രാജ്യത്തിന് മുന്നിലുണ്ട് താനും.


സ്വാതന്ത്ര്യാനന്തരം രാജ്യത്ത് പലഭാഗത്തായി അരങ്ങേറിയ വര്‍ഗീയ കലാപങ്ങളുടെയെല്ലാം ഒരു വശത്ത് ആര്‍ എസ് എസ് ഉണ്ടായിരുന്നുവെന്നും പലേടത്തും കലാപം അവരുടെ സൃഷ്ടിയായിരുന്നുവെന്നും വിവിധ ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ചതിലെ പങ്ക് കണക്കിലെടുത്താല്‍ ഹിന്ദുത്വ ഭീകരതയുടെ ചരിത്രം അന്ന് തുടങ്ങുന്നുവെന്ന് പറയാം. എങ്കിലും അതൊരു മൂര്‍ത്തരൂപമായി ഇന്ത്യന്‍ സമൂഹത്തിന് മുന്നിലെത്തുന്നത് 2007ലാണ്, 'കാവി ഭീകരത' എന്ന പ്രയോഗം 2002ല്‍ വ്യവഹരിക്കപ്പെട്ടു തുടങ്ങിയെങ്കിലും. മലേഗാവ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് 2008ല്‍ പ്രഗ്യാ സിംഗ് അറസ്റ്റിലാകുന്നതോടെയാണ് ഭീകരാക്രമണങ്ങളില്‍ പരിവാര്‍ സംഘടനകളുടെ പങ്കാളിത്തം പതുക്കെ പുറത്തേക്കുവരുന്നത്.


സന്ദീപ് ഡാങ്കെ, രാമചന്ദ്ര കല്‍സാന്‍ഗ്രെ,  സുനില്‍ ജോഷി, നരേഷ് കോണ്ട്വാര്‍, ഹിമാംശു പാന്‍സെ, സുധാകര്‍ ദ്വിവേദി എന്നിങ്ങനെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ നിരവധി പേരെക്കുറിച്ചുള്ള വിവരങ്ങള്‍ തുടര്‍ന്ന് വന്നു. അഭിനവ് ഭാരതിന് പുറമെ സനാതന്‍ സന്‍സ്ഥ, ബജ്‌റംഗ് ദള്‍ തുടങ്ങിയ സംഘടനകള്‍ക്കും ഭീകരാക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കുള്ളതായി വിവിധ കേസുകളിലെ അന്വേഷണത്തില്‍ വെളിപ്പെട്ടു. ഇന്ദ്രേഷ് കുമാര്‍ മുതല്‍ ഇപ്പോഴത്തെ സര്‍ സംഘ് ചാലക് മോഹന്‍ ഭഗവത് വരെയുള്ളവരുടെ പേരുകള്‍ സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മതമൊഴിയില്‍ ഉള്‍പ്പെടുകയും ചെയ്തു.


ഹിന്ദുത്വ ഭീകരവാദ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരികയും 'ഭീകരരെല്ലാം മുസ്‌ലിംകളാണ്' എന്ന സമവാക്യം വൈരുദ്ധ്യത്തെ നേരിടുകയും ചെയ്ത 2008ന് പിറകെയാണ് ലവ് ജിഹാദ് പ്രചാരണം ആരംഭിക്കുന്നത്. ഇത് യാദൃച്ഛികമാണെന്ന് കരുതുക വയ്യ. ഭീകരതയുടെ പേരില്‍ ഒരു സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുക എന്നത് ഇനിയുമങ്ങോട്ട് എളുപ്പമാകില്ലെന്ന തോന്നലില്‍, കുറേക്കൂടി എളുപ്പത്തില്‍ നടത്താവുന്ന, വിഷാംശം കൂടുതലുള്ള പ്രചാരണം ആരംഭിച്ചതാകണം. അത് പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഫലം കണ്ടു, കേരളത്തില്‍. അതുകൊണ്ടാണ് അവാസ്തവങ്ങളോ അര്‍ധ വാസ്തവങ്ങളോ ഉള്‍ക്കൊള്ളിച്ച്  സംഘ ബന്ധമുള്ള ചില വെബ്‌സൈറ്റുകള്‍ ആരംഭിക്കുകയും കേരളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്ത പ്രചാരണത്തിന് സാധൂകരണം നല്‍കും വിധത്തില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കേരള കാത്തലിക്‌സ് ബിഷപ്‌സ് കോണ്‍ഫറന്‍സും രംഗത്തുവന്നത്. കേരളത്തിലും കര്‍ണാടകത്തിലും 2009ല്‍ ആരംഭിച്ച ഈ പ്രചാരണം, പിന്നീട് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉത്തര്‍ പ്രദേശില്‍ ആവര്‍ത്തിച്ചു. അതിന്റെ മറവില്‍ സൃഷ്ടിച്ച വര്‍ഗീയ സംഘര്‍ഷത്തിന്റെ മുതലെടുപ്പിന് ലോക് സഭാ തെരഞ്ഞെടുപ്പ് വേദിയാകുകയും ചെയ്തു.


2009ല്‍ കേരളത്തിലും കര്‍ണാടകത്തിലും ആരംഭിച്ച പ്രചാരണത്തിന്, ആധികാരികതയുടെ സ്പര്‍ശം നല്‍കുന്നതില്‍ നീതിന്യായ സംവിധാനത്തിന്റെ ഇടപെടലും വലിയ പങ്കുവഹിച്ചിരുന്നു. പത്തനംതിട്ടയിലെ രണ്ട് പെണ്‍കുട്ടികളെ മതംമാറാന്‍ നിര്‍ബന്ധിച്ചുവെന്ന പരാതിയില്‍ മുസ്‌ലിംകളായ രണ്ട് ചെറുപ്പക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ, കേരളത്തില്‍ 'ലവ് ജിഹാദ്' അരങ്ങേറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മൂന്ന് വര്‍ഷത്തിനിടെ നടന്ന മതപരിവര്‍ത്തനങ്ങളില്‍ 'ലവ് ജിഹാദി'ന്റെ സാന്നിധ്യമുണ്ടോ എന്ന് അന്വേഷിക്കണമെന്നും ജസ്റ്റിസ് കെ ടി ശങ്കരന്‍ ഉത്തരവിട്ടു. 'ലവ് ജിഹാദി'നായി സംഘടന പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ഇതിനായി വിദേശത്തു നിന്ന് പണം വരുന്നുണ്ടോ എന്നും അന്വേഷിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.


ഇക്കാര്യത്തില്‍ അന്നത്തെ ഡി ജി പി നല്‍കിയ റിപ്പോര്‍ട്ട് അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി നിരസിച്ച കോടതി, പിന്നീട് എല്ലാ ജില്ലാ പൊലീസ് മേധാവികളോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പതിനാല് ജില്ലാ പൊലീസ് മേധാവിമാരും ഇത്തരം സംഗതി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. കര്‍ണാടകത്തില്‍ ഈ പ്രചാരണം നടക്കുമ്പോള്‍ ബി ജെ പി നേതാവ് ബി എസ് യെദിയൂരപ്പ മുഖ്യമന്ത്രിയും വി എസ് ആചാര്യ ആഭ്യന്തര മന്ത്രിയുമായിരുന്നു. ആ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സി ഐ ഡി) അന്വേഷണം ഒന്നും കണ്ടെത്താതെയാണ് അവസാനിച്ചത്.


നിയമപരമായ നടപടികള്‍ അങ്ങനെ അവസാനിച്ചുവെങ്കിലും അവിശ്വാസത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താനുള്ള മുഖ്യ ആയുധമായി ഇതിനെ സംഘ്പരിവാരം നിലനിര്‍ത്തുകയായിരുന്നു. അതിനെ ആളിക്കത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഹാദിയയും ആതിരയും ഉള്‍പ്പെട്ട കേസുകള്‍ അതിനൊരു അവസരം നല്‍കിയെന്ന് മാത്രം. ആ അവസരം നിഷേധിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിന്റെ പക്ഷത്തുനില്‍ക്കാനുമുള്ള ഉത്തരവാദിത്തമുണ്ടായിരുന്നു കേരളത്തിലെ സമൂഹത്തിനും അതില്‍ സജീവമായ മതനിരപേക്ഷ രാഷ്ട്രീയ സംവിധാനങ്ങള്‍ക്കും. എന്നാല്‍ വേണ്ട സമയത്ത് ഈ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടതുകൊണ്ടാണ്, സമൂഹത്തിലാകെ സംശയം വിതറാന്‍ പാകത്തില്‍ ഈ രണ്ടു കേസുകളെ ഉപയോഗിക്കാന്‍ സംഘ്പരിവാരത്തിന് സാധിച്ചത്.


2009ല്‍ 'ലവ് ജിഹാദ്' എന്ന വ്യാജ പ്രചാരണം ആരംഭിച്ച സമയത്തും സ്വന്തം ഉത്തരവാദിത്തത്തോട് നീതിപുലര്‍ത്തിയിരുന്നില്ല മതനിരപേക്ഷ രാഷ്ട്രീയ സംവിധാനങ്ങള്‍. ഹിന്ദു സമൂഹത്തിന്റെ വോട്ട് നഷ്ടമാകുമോ എന്ന ഭയമാണ്, സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ ജനത്തെ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള സ്വന്തം കഴിവിലുള്ള വിശ്വാസത്തേക്കാള്‍ അവരെ ഭരിച്ചത്. ഇപ്പോഴും അതുതന്നെ ഭരിക്കുന്നു. മുമ്പ്, ഭീകരാക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്തം, അന്വേഷണങ്ങള്‍ ആരംഭിക്കും മുമ്പ് മുസ്‌ലിംകളില്‍ ചുമത്തി ആ സമുദായത്തെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയപ്പോഴും ഇതേ മനോഭാവമാണ് മതനിരപേക്ഷമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ സംവിധാനങ്ങള്‍ കാട്ടിയത്. ഹിന്ദുത്വ ഭീകരവാദ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍പ്പോലും യഥാവിധി അന്വേഷണം നടത്തി, വസ്തുത പുറത്തുകൊണ്ടുവരാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സര്‍ക്കാര്‍ കാട്ടിയില്ലെന്നത് ഇതിനോട് ചേര്‍ത്തുവായിക്കണം.


'ലവ് ജിഹാദ്' പ്രചാരണത്തിന് കാറ്റുപിടിപ്പിക്കാന്‍ പാകത്തില്‍ നിസ്സംഗത പാലിച്ച മത നിരപേക്ഷ രാഷ്ട്രീയ സംവിധാനങ്ങള്‍, ഇതര മതസ്ഥരെ പ്രണയിക്കുകയോ അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്ന പെണ്‍കുട്ടികളെ (ആണ്‍കുട്ടികളെയും) തടവില്‍പാര്‍പ്പിച്ച് കടുത്ത പീഡനങ്ങളേല്‍പ്പിക്കുന്ന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതി ഉയരുമ്പോഴും നിസ്സംഗത തുടരുകയോ പേരിനു മാത്രം പ്രതികരിച്ച് പിന്‍വാങ്ങുകയോ ചെയ്യുകയാണ്. 'ലവ് ജിഹാദ്' പ്രചാരണത്തെ സാധൂകരിക്കാന്‍ വളരെ വേഗം രംഗത്തെത്തിയവര്‍, ഈ നിയമവിരുദ്ധതക്ക് മുന്നില്‍ മൗനം പാലിക്കുന്നു.


പരാതി പരിഗണിച്ച നീതിന്യായ സംവിധാനം സംഗതി ഗൗരവമേറിയതെന്ന നിരീക്ഷണം നടത്തി, അന്വേഷണത്തിന് പോലീസിന് നിര്‍ദേശം നല്‍കി കാത്തിരിക്കുന്നു. ലവ് ജിഹാദെന്ന പ്രചാരണം കണക്കിലെടുത്ത് ഡി ജി പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ജാഗ്രത, 'ഘര്‍ വാപ്പസി' കേന്ദ്രത്തിന്റെ കാര്യത്തില്‍ നീതിന്യായ സംവിധാനത്തിനുണ്ടായോ എന്ന് സംശയം. മൂന്ന് പെണ്‍കുട്ടികളും   ശിവശക്തി യോഗ കേന്ദ്രത്തിലെ (എറണാകുളത്തെ ഘര്‍ വാപ്പസി കേന്ദ്രം) മുന്‍ ജീവനക്കാരനും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും  കാര്യക്ഷമമായ അന്വേഷണത്തിന് പോലീസ് അറയ്ക്കുന്നു. ഈ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നും  അവരുടെ നഗ്നചിത്രങ്ങളെടുത്ത് അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടും സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമെന്ന് പ്രഖ്യാപിച്ച ഇടത് മുന്നണിയും അതിന്റെ മുഖ്യമന്ത്രിയും അന്വേഷണം ഊര്‍ജിതമാക്കാന്‍ പാകത്തില്‍ നടപടി സ്വീകരിക്കുന്നില്ല.


'ഘര്‍ വാപ്പസി' കേന്ദ്രത്തിനെതിരായ പരാതിയില്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കാതിരിക്കുമ്പോള്‍ 'ലവ് ജിഹാദ്' എന്ന വ്യാജത്തെ പരോക്ഷമായി അംഗീകരിക്കുക കൂടിയാണ് ചെയ്യുന്നത് എന്ന് തിരിച്ചറിയണം. ഹാദിയക്ക് തടങ്കല്‍ വിധിച്ച നീതിന്യായ സംവിധാനവും 'ഘര്‍ വാപ്പസി' കേന്ദ്രങ്ങളെ പരോക്ഷമായി സാധൂകരിക്കുകയാണ്. രാഷ്ട്രീയ, ഭരണ, നിയമപാലന, നീതിന്യായ സംവിധാനങ്ങളൊക്കെ, ഏറിയും കുറഞ്ഞും ഭൂരിപക്ഷ വര്‍ഗീയതയോട് ചാഞ്ഞുനില്‍ക്കുന്നുവെന്ന പല്ലവി കൂടുതല്‍ അര്‍ഥവത്താക്കുകയാണ് ഈ സാഹചര്യം. ജനാധിപത്യ- മതനിരപേക്ഷ സങ്കല്‍പ്പം, ഭൂരിപക്ഷ വര്‍ഗീയതയില്‍ അധിഷ്ഠിതമായ ജനാധിപത്യ, മതനിരപേക്ഷ സങ്കല്‍പ്പമെന്ന് തിരുത്തി വായിക്കേണ്ടിവരും.

No comments:

Post a Comment