2015-11-30

വളയുമെന്ന പ്രതീക്ഷയില്‍ ഒരു ഭരണഘടനാ കിക്ക്


ഗോള്‍ പോസ്റ്റില്‍ നിന്ന് അധികം ദൂരെയല്ലാതെ, പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്നുള്ള ഫ്രീ കിക്ക്. ഗോള്‍ കീപ്പറുടെ നിര്‍ദേശപ്രകാരം ഉയരുന്ന പ്രതിരോധ നിര. ഈ നിരയെ മറികടന്ന് പന്തെത്താന്‍ ഇടയുള്ള സ്ഥലത്തേക്ക് ശ്രദ്ധയൂന്നി കീപ്പര്‍. പ്രതിരോധ നിരക്ക് മുകളിലൂടെ, കീപ്പര്‍ പ്രതീക്ഷിച്ച സ്ഥലത്തേക്ക് സഞ്ചരിക്കുന്നുവെന്ന തോന്നലുണ്ടാക്കി, യാത്രയുടെ മധ്യത്തില്‍ പൊടുന്നനെ വളഞ്ഞ് പോസ്റ്റിന്റെ മൂലയിലേക്ക് ഇറങ്ങാന്‍ പാകത്തില്‍ പന്ത് തൊടുക്കണം. അതാണ് അടിക്കാരന്റെ (സ്‌ട്രൈക്കര്‍) മുന്നിലുള്ള വെല്ലുവിളി. ഈ വെല്ലുവിളി ഏറ്റെടുത്ത് മനോഹരമായി നടപ്പാക്കുന്ന കളിക്കാര്‍ പലരുണ്ടായിരുന്നു കളത്തില്‍, ഇപ്പോഴുമുണ്ട്.
ഫുട്‌ബോള്‍ കളിയില്‍ അതൊരു കലയാണ്. ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളുടെ പിന്‍ബലമുള്ള പ്രയോഗം. സെക്കന്‍ഡുകള്‍ നീളുന്ന യാത്രയുടെ തുടക്കത്തില്‍ നിലത്തോടു ചേര്‍ന്നു നില്‍ക്കും പന്ത്. തങ്ങള്‍ തീര്‍ത്ത നിരയില്‍ തട്ടി യാത്ര അവസാനിക്കുമെന്ന് പ്രതിരോധിക്കുന്നവര്‍ക്ക് തോന്നും. ഈ തോന്നലിനെ അട്ടിമറിച്ച് പൊടുന്നനെ ഉയര്‍ന്ന് പ്രതിരോധിക്കുന്നവരുടെ തലക്ക് മുകളിലൂടെ യാത്ര തുടരും, പോസ്റ്റില്‍ കാത്തുനില്‍ക്കുന്ന ഗോളിക്ക് തന്റെ കൈകളിലേക്ക് തന്നെയെന്ന പ്രതീക്ഷ നല്‍കിക്കൊണ്ട്. നിമിഷാര്‍ധം കൊണ്ട് ഈ പ്രതീക്ഷയും തകരും. യാത്രക്കിടെ എതിര്‍ ദിശയിലേക്ക് തിരിഞ്ഞ് മുന്നേറും. കാര്യങ്ങള്‍ നേര്‍ക്കുനേരെയാണെന്ന പ്രതീതി ജനിപ്പിച്ച് എതിരാളികളെയൊന്നാകെ പറ്റിക്കുന്ന വിദ്യ.


രാജ്യത്തിന്റെ ഭരണഘടന പൂര്‍ത്തിയാക്കി അംഗീകാരത്തിന് സമര്‍പ്പിച്ചത് 1949 നവംബര്‍ 26നാണ്. ഭരണഘടനാ നിര്‍മാണ സഭയുടെ അധ്യക്ഷനായിരുന്ന ഡോ. ബി ആര്‍ അംബേദ്കറുടെ സംഭാവനകളെ ആദരിക്കുന്നതിന് നവംബര്‍ 26, 27 തീയതികളില്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതും അതിന്റെ തുടര്‍ച്ചയായി പ്രമേയം പാസ്സാക്കിയതും 1949 നവംബര്‍ 26നെ സ്മരിച്ചാണ്. ആ ചര്‍ച്ചയില്‍ പങ്കെടുത്ത പാര്‍ലിമെന്റിലെ ബി ജെ പി പ്രതിനിധികളും ഉപസംഹാര പ്രഭാഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് വളയുന്ന കിക്കുകളെ ഓര്‍മിപ്പിച്ചത്.


''ഇന്ത്യ ആദ്യം എന്നതാണ് സര്‍ക്കാറിന്റെ മതം, സര്‍ക്കാറിന്റെ മതഗ്രന്ഥം ഭരണഘടനയാണ്'' - പ്രധാനമന്ത്രിയുടെ വാക്കുകള്‍. ലളിതമായ വാക്കുകളില്‍ ഭരണഘടനയെക്കുറിച്ച് പറഞ്ഞാല്‍ അത് ഇന്ത്യയുടെ അന്തസ്സിനും ഐക്യത്തിനും വേണ്ടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞുവെച്ചു. സത്യം ജയിക്കും, അഹിംസയാണ് പരമമായ ധര്‍മം, ഒന്നായ സത്യം പലപേരുകളില്‍ വിളിക്കപ്പെടുകയാണ്, ലോകം ഒരു കുടുംബമാണ്, എല്ലാ വിഭാഗത്തിനും ഒരേ പരിഗണന എന്ന് തുടങ്ങി ഇന്ത്യയുടെ ദര്‍ശനങ്ങളെന്ന പേരില്‍ പലതും അദ്ദേഹം പറയുകയും ചെയ്തു.
നേര്‍ക്കുനേരെ എല്ലാം ഭദ്രമാണ്. മഹത്തായൊരു ഭരണഘടന, അതിനെ മതഗ്രന്ഥമായിക്കണ്ട്, അത് നിഷ്‌കര്‍ഷിക്കുന്ന അതിരുകള്‍ക്കുള്ളില്‍ നിന്ന് മാത്രം പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാകുന്ന ഭരണകൂടം. രാജ്യത്തിന്റെ അന്തസ്സിനും ഐക്യത്തിനും വേണ്ടിയുള്ള ഭരണഘടനയെ അതുപോലെ 'ആരാധിക്കുന്നവര്‍' ഒരിക്കല്‍പ്പോലും അന്തസ്സിനോ ഐക്യത്തിനോ വിഘാതമാകുന്ന ഒന്നും ചെയ്യില്ലെന്ന വ്യംഗ്യം. അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ വൈവിധ്യത്തെ ഇല്ലായ്മ ചെയ്യാനോ അസഹിഷ്ണുത കാട്ടാനോ തയ്യാറാകുമോ എന്ന് നേരിട്ടുന്നയിക്കാത്ത ചോദ്യം.  ഇവ്വിധം ഭരണഘടനാനുസൃതരായവരെക്കുറിച്ച് ആരോപണങ്ങളുന്നയിക്കുന്നതില്‍ കഴമ്പില്ലെന്ന് പാഠം.


ഇപ്പറയുന്ന മഹത്വമൊക്കെ ഭരണഘടനക്ക് സിദ്ധിച്ചത് എവിടെ നിന്നാണെന്നതില്‍ പ്രധാനമന്ത്രിക്ക് തെല്ലും സംശയമില്ല. സത്യത്തെക്കുറിച്ചും അഹിംസയെക്കുറിച്ചും സമഭാവനയെക്കുറിച്ചുമൊക്കെ ഭരണഘടനയില്‍ പ്രതിപാദ്യമുണ്ടായതില്‍ വേദങ്ങള്‍ക്കും പുരാണങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഏറെക്കുറെ അവയില്‍ പറയുന്നതൊക്കെയാണ് സവിശേഷമായ ഈ ഭരണഘടനയുടെ ഉള്ളടക്കം. ആ ഭരണഘടനയെ അനുസരിക്കുമ്പോള്‍ വേദങ്ങളിലും പുരാണങ്ങളിലും പറയുന്ന ആശയങ്ങളെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. വേദ - പുരാണ പരാമര്‍ശങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഹിന്ദുത്വ അജന്‍ഡ. ആകയാല്‍ ഭരണഘടനയെ അനുസരിക്കുന്നതിന് ഹിന്ദുത്വ അജന്‍ഡയെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ് യഥാര്‍ഥത്തില്‍ വേണ്ടത്. അപ്പോള്‍ പിന്നെ ഹിന്ദുത്വ അജന്‍ഡകള്‍ വേഗത്തില്‍ നടപ്പാക്കിയെടുക്കുന്നതിന് സര്‍ക്കാര്‍ പരോക്ഷമായും സര്‍ക്കാറില്‍ നേരിട്ട് പങ്കുള്ള വ്യക്തികളും നേരിട്ട് പങ്കില്ലാത്ത സംഘങ്ങളും പ്രത്യക്ഷമായും ശ്രമിക്കുമ്പോള്‍ എതിക്കുന്നത് എന്തിന്? എതിര്‍പ്പുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അസഹിഷ്ണുതയെന്ന് പരിതപിക്കുന്നതെന്തിന്?


ഭരണഘടനാ ചര്‍ച്ചയില്‍ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെക്കുറിച്ചോ അസഹിഷ്ണുതയെക്കുറിച്ചോ പ്രധാനമന്ത്രി യാതൊന്നും പറഞ്ഞില്ലെന്ന് പറയുന്നവര്‍ ഇതൊന്നും മനസ്സിലാക്കാത്തവരാണ്. പ്രധാനമന്ത്രിയും ബി ജെ പിയുടെ ഇതര പ്രതിനിധികളും നേര്‍ക്കു നേര്‍ കിക്കെടുത്ത്, പാര്‍ലിമെന്റില്‍ പ്രമേയം ഏകകണ്ഠമായി അംഗീകരിപ്പിക്കാന്‍ പാകത്തില്‍ കളത്തില്‍ സമനില ശേഷിപ്പിച്ചവരാണെന്ന് കരുതുന്നവര്‍. പറയേണ്ടതൊക്കെ പറഞ്ഞിട്ടുണ്ട്, അത് വേണ്ടവിധം ജനം മനസ്സിലാക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ഇന്നോ നാളെയോ അല്ല, വര്‍ഷങ്ങള്‍കൊണ്ട്. ഹിന്ദു (ഹിന്ദുത്വ അല്ല) ദര്‍ശനങ്ങളില്‍ ഉറച്ചുനിന്നു കൊണ്ട് അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഇല്ലാതാക്കി സമൂഹത്തെ മുന്നോട്ടുനയിക്കാന്‍ യത്‌നിച്ചവരെ സംഘ്പരിവാര്‍ സ്വന്തമാക്കുകയോ സ്വന്തമാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന കാഴ്ച നാം കണ്ടിട്ടുണ്ട്. സ്വാമി വിവേകാനന്ദന്‍ മുതല്‍ ഭഗത് സിംഗ് വരെയുള്ളവര്‍ സംഘ്പരിവാരത്തിന്റെ പോസ്റ്ററുകളിലെ സാന്നിധ്യമായത് അങ്ങനെയാണ്. ഇപ്പോള്‍ ശ്രീ നാരായണ ഗുരുവിനെയും അയ്യങ്കാളിയെയുമൊക്കെ ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതിന്റെ മറ്റൊരു അധ്യായത്തിന് ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ തുടക്കമിട്ടു.


ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കറെ സംഘ്പരിവാരത്തിന്റെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക്. അല്ലെങ്കില്‍ അംബേദ്കര്‍ മുന്നോട്ടുവെച്ചത് ഹിന്ദുത്വ അജന്‍ഡകള്‍ പ്രാവര്‍ത്തികമാക്കാന്‍ പാകത്തിലുള്ള ഭരണഘടനയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക്. 'ഭാരത'ത്തിന്റെ പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഭരണഘടന എന്ന് വാദിക്കുമ്പോള്‍ അതിന്റെ രൂപവത്കരണത്തില്‍ മുഖ്യ പങ്കുവഹിച്ച അംബേദ്കര്‍ രാജ്യത്തെ രൂപകല്‍പ്പന ചെയ്തത്, പാരമ്പര്യത്തിന്റെ ശക്തിയിലാണെന്ന് പറഞ്ഞുവെക്കുകയാണ് ബി ജെ പി. എല്ലാ പൗരന്‍മാര്‍ക്കും തുല്യാവകാശങ്ങള്‍ ഭരണഘടനയില്‍ വ്യവസ്ഥചെയ്തിട്ടുള്ളതിനാല്‍ ആമുഖത്തില്‍ മതനിരപേക്ഷമെന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതില്ലെന്നായിരുന്നു അംബേദ്കര്‍ അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ പാരമ്പര്യം സമഭാവനയുടേതാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മതനിരപേക്ഷ സ്വഭാവം രൂപപ്പെടേണ്ടത് എന്നുമാണ് അംബേദ്കര്‍ അഭിപ്രായപ്പെട്ടത് എന്ന് ബി ജെ പിക്കാര്‍ വാദിക്കുന്നു. അതിന്റെ പ്രതിഫലനം പാര്‍ലിമെന്റില്‍ കണ്ടു.


ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ വാക്കുകള്‍ ആദ്യത്തിലുണ്ടായിരുന്നില്ലെന്നും ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് (1976ല്‍) കൂട്ടിച്ചേര്‍ത്തതാണെന്നും ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. മതനിരപേക്ഷമെന്ന (സെക്കുലര്‍) പേരില്‍ രാജ്യത്ത് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത് വ്യാജമാണെന്നും അദ്ദേഹം  വാദിച്ചു. മതനിരപേക്ഷതയല്ല, നിഷ്പക്ഷതയാണ് രാജ്യത്തിന് ആവശ്യമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. സെക്യുലര്‍ എന്ന വിശേഷണം വേണ്ടെന്ന് പറഞ്ഞ അംബേദ്കര്‍ രാജ്യത്തിന്റെ പാരമ്പര്യം തന്നെ ആ സ്വഭാവം സംരക്ഷിക്കാന്‍ പര്യാപ്തമാണെന്ന് സമ്മതിക്കുകയായിരുന്നു. എല്ലാ പൗരന്‍മാര്‍ക്കും തുല്യാവകാശമെന്ന വ്യവസ്ഥയുള്ളതിനാല്‍ സെക്യുലര്‍ എന്ന് പ്രത്യേകം പറയേണ്ടതില്ലെന്ന് വിശദീകരിക്കുക വഴി മതനിരപേക്ഷതയല്ല നിഷ്പക്ഷതയാണ് രാജ്യത്ത് നിലനില്‍ക്കേണ്ടത് എന്ന സങ്കല്‍പ്പത്തിനാണ് അംബേദ്കര്‍ പ്രാമുഖ്യം നല്‍കിയത് എന്ന് വാദിക്കുകയാണ് സംഘ്പരിവാര്‍.


ഭരണഘടനയുടെ ശില്‍പ്പി യഥാര്‍ഥത്തില്‍ വിഭാവനം ചെയ്തത് ഹിന്ദുത്വ അജന്‍ഡകള്‍ പുലരുന്ന രാഷ്ട്രമായിരുന്നു, ചില വാക്കുകളോ പ്രയോഗങ്ങളോ കൂട്ടിച്ചേര്‍ത്തതുകൊണ്ട് അതില്‍ വെള്ളം ചേരുന്നില്ല എന്നാണ് ബി ജെ പി പറഞ്ഞുവെച്ചത്. കൂട്ടിച്ചേര്‍ക്കലുകള്‍ അവിടെ നിന്നുകൊള്ളട്ടെ എന്ന ഉദാരമനോഭാവം രാജ്‌നാഥ് സിംഗും ഭരണഘടനയാണ് മതഗ്രന്ഥമെന്ന് നരേന്ദ്ര മോദിയും പറയുമ്പോള്‍, കാലാന്തരത്തില്‍ വളഞ്ഞ്, ലക്ഷ്യത്തിലേക്ക് നീങ്ങാനുദ്ദേശിച്ചുള്ള വാക്കുകളാണിവയെന്ന് മനസ്സിലാക്കണം. സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ ശക്തമായി എതിര്‍ത്തിരുന്ന അംബേദ്കര്‍, അത്തരമൊരു അവസ്ഥയിലാണ് ഹിന്ദു മതത്തിനെതിരെ നിലപാട് എടുത്തതെന്നും അടിസ്ഥാനപരമായി അദ്ദേഹം ഹിന്ദു രാഷ്ട്രത്തെ അനുകൂലിച്ചിരുന്നയാളാണെന്നും സംഘ്പരിവാര്‍ വാദിക്കുന്നത് വൈകാതെ കേള്‍ക്കാനാകും.


മതനിരപേക്ഷത എന്ന ആശയം വ്യാജമാണെന്ന പ്രചാരണം നേരത്തെ മുതല്‍ തന്നെ സംഘ പരിവാരം നടത്തിക്കൊണ്ടിരിക്കുന്നതാണ്.  ന്യൂനപക്ഷങ്ങള്‍ക്ക് സവിശേഷമായ ചില അധികാരങ്ങള്‍ നല്‍കുന്നതും അത് നിലനിര്‍ത്തുന്നതിന് സഹായകമാകുന്നതും അവരെ പ്രീണിപ്പിക്കുന്നതുമാണ് മതനിരപേക്ഷത എന്നാണ് ഇവരുടെ വാദം. അത് ഭൂരിപക്ഷത്തിന്റെ അവകാശാധികാരങ്ങളെ വിഗണിക്കുന്നതാണെന്നും. ഏതെങ്കിലുമൊരു സമുദായം ജനസംഖ്യയില്‍ ഭൂരിപക്ഷമായിരിക്കുന്ന രാജ്യത്ത്, സാമൂഹിക, സാമ്പത്തിക മേഖലകളുടെ മുഖ്യധാരയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് (മതം, ജാതി,  ഭാഷ എന്നിങ്ങനെ പലതിനാലും ന്യൂനപക്ഷം) അര്‍ഹമായ സ്ഥാനം ഉറപ്പിക്കുന്ന സംവിധാനം നിലനില്‍ക്കുമ്പോഴാണ് സാമൂഹിക ആരോഗ്യമുണ്ടാകുന്നത്. അതുണ്ടെങ്കിലേ വൈവിധ്യം തുടരൂ. അംഗബലമുള്ളവരുടെ ഇംഗിതത്തിന് വഴങ്ങി ജീവിക്കേണ്ടവരല്ല മറ്റുള്ളവരെന്ന വലിയ ജനാധിപത്യ - മനുഷ്യാവകാശ ബോധ്യത്തിന്റെ കൂടി ഭാഗമാണത്. അതൊക്കെ മനസ്സിലാക്കി തയ്യാറാക്കിയതാണ് ഭരണഘടന. സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് അതിനെ കുറേക്കൂടി ഉറപ്പിക്കേണ്ടതുണ്ടെന്ന് ഇന്ദിരാ ഗാന്ധിക്ക് തോന്നിയത്, രാഷ്ട്രീയ നേട്ടങ്ങള്‍ കൂടി മുന്നില്‍കണ്ടായിരിക്കാം. പക്ഷേ, ഭരണഘടനയുടെ അടിസ്ഥാനഭാവത്തെ നിരാകരിക്കാനോ അട്ടിമറിക്കാനോ പാകത്തില്‍ വര്‍ഗീയഫാസിസം രാജ്യത്ത് ശക്തമാകാനിടയുണ്ടെന്ന ദീര്‍ഘദൃഷ്ടിയുടെ കൂടി ഭാഗമായി ആ കൂട്ടിച്ചേര്‍ക്കലിനെ ഇപ്പോള്‍ കാണണം.


ആ കൂട്ടിച്ചേര്‍ക്കലിനെ നിസ്സാരമായി കാണുകയും മൂലരൂപത്തില്‍ എന്തുകൊണ്ട് ഇവയെ ഒഴിവാക്കാന്‍ തീരുമാനിച്ചെന്ന് സ്വന്തം അജന്‍ഡക്കനുസൃതമായി വ്യാഖ്യാനിക്കുകയും ചെയ്യേണ്ടത് സംഘ്പരിവാരത്തിന്റെയും രാഷ്ട്രീയ രൂപമായ ബി ജെ പിയുടെയും ആവശ്യമാണ്. അതുകൊണ്ടാണ് ജനമനസ്സുകളിലേക്ക് വളഞ്ഞിറങ്ങാന്‍ പാകത്തില്‍ ആശയങ്ങള്‍ തൊടുക്കുന്നത്. എതിര്‍ക്കാന്‍ കഴിയുമെന്ന തോന്നല്‍ എതിരാളികളിലുണ്ടാക്കിയ ശേഷം ജനങ്ങളുടെ മനസ്സെന്ന ലക്ഷ്യത്തിലേക്ക് പതിക്കാന്‍ പാകത്തിലുള്ള തൊടുക്കലുകള്‍. ഈ ഭരണഘടനയാണ് സര്‍ക്കാറിന്റെ മതഗ്രന്ഥമെന്ന് നരേന്ദ്ര മോദി, വിനീതവേഷമഭിനയിച്ച് പറയുമ്പോള്‍ ഈ ഭരണഘടന തന്നെ മതി ഹിന്ദുത്വ അജന്‍ഡകളുടെ പൂര്‍ത്തീകരണത്തിന് എന്ന് കൂടിയാണ് പറഞ്ഞുവെക്കുന്നത്. 65 കൊല്ലം മുമ്പെടുത്ത കിക്കിനെ വളക്കാനാകുമോ എന്നാണ് നോട്ടം.

2015-11-17

ഒരൊന്നന്നര വൈവിധ്യം!


മഹാത്മന്‍,
കടിച്ചുവലിക്കുന്ന തണുപ്പിനെ അവഗണിച്ച് വെംബ്ലിയിലെ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ അറുപത്തിരണ്ടായിരത്തിലേറെ ജനം. ഇന്ത്യക്കാരനെന്ന ബോധം കൈവിട്ടുപോയില്ലെന്ന് പ്രകടിപ്പിക്കാന്‍ വെമ്പുന്ന ബ്രിട്ടനിലെ കുടിപാര്‍പ്പുകാര്‍. അവര്‍ക്കു മുന്നില്‍ അങ്ങ് നടത്തിയ പ്രകടനം ഏതാണ്ടൊരു കൊല്ലം മുമ്പ് അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയറില്‍ നടത്തിയതിനേക്കാള്‍ ഗംഭീരമായി. മാഡിസണ്‍ സ്‌ക്വയറിലെത്തിയതിനേക്കാളധികം ജനം വെംബ്ലിയിലുണ്ടായിരുന്നു. രാജ്യാഭിമാനം ഉയര്‍ത്താന്‍ പാകത്തിലൊരു നേതാവിനെ 'ഒടുവില്‍' കിട്ടിയെന്ന തോന്നല്‍ കൂടിയുള്ളതിനാല്‍ അവരാകെ ആവേശത്തിലായിരുന്നു. അതിന്റെ അലകള്‍ അങ്ങയിലേക്കും പടര്‍ന്നിരുന്നുവെന്ന് തോന്നുന്നു. പ്രഭാഷണ ചാതുരി, പതിവിലധികം പ്രകടമായത് അതുകൊണ്ടാകണം.


നിലവിളിയോടു ചേര്‍ന്നുനില്‍ക്കുന്ന ശബ്ദത്തില്‍ 'വിവിധതാ...' 'വിവിധതാ...' എന്ന് അങ്ങ് ആവര്‍ത്തിച്ചതാണ് പ്രഭാഷണത്തെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. വെംബ്ലി സ്റ്റേഡിയത്തിലെ പ്രകടനത്തിന് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തുവല്ലോ. അപ്പോളുയര്‍ന്ന ചോദ്യങ്ങളിലൊന്ന് മിസ്റ്റര്‍ മോദി, ഇന്ത്യയില്‍ എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തും വിധത്തില്‍ അസഹിഷ്ണുത വളരുന്നുവെന്നാണല്ലോ റിപ്പോര്‍ട്ടുകള്‍ എന്നായിരുന്നു. 'മിസ്റ്റര്‍ മോദി' എന്ന അഭിസംബോധനയെ താങ്കള്‍ എങ്ങനെ സഹിഷ്ണുതയോടെ ഉള്‍ക്കൊണ്ടുവെന്ന അത്ഭുതം രേഖപ്പെടുത്തട്ടെ. വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയ മറുപടിയുടെ വിശദീകരിച്ച രൂപമായിരുന്നുവല്ലോ വെംബ്ലിയിലെ പ്രസംഗത്തിലുണ്ടായത്.


''ഇന്ത്യയാകെ വൈവിധ്യമാണ്. ഈ വൈവിധ്യം ഞങ്ങളുടെ അഹങ്കാരവും ശക്തിയുമാണ്. വൈവിധ്യം ഇന്ത്യയുടെ പ്രത്യേകതയാണ്. വിവിധ മതങ്ങള്‍, നൂറിലധികം ഭാഷകള്‍, 1500ഓളം ഭാഷാഭേദങ്ങള്‍ എന്നിവയുടെയൊക്കെ നാടായിട്ടും എങ്ങനെ ഒരുമിച്ച് ജീവിക്കാമെന്ന് ഇന്ത്യ കാട്ടിത്തന്നു'' എന്ന് താങ്കള്‍ പറയുകയുണ്ടായി. അഹങ്കാരവും ശക്തിയുമായ വൈവിധ്യത്തെ നിലനിര്‍ത്താന്‍ താങ്കളുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനവും അതില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായിട്ടുള്ള സംഘ്പരിവാരവും എന്തൊക്കെ ചെയ്യാനുദ്ദേശിക്കുന്നുവെന്ന് മാത്രം പറഞ്ഞുകണ്ടില്ല. അതിന് പകരം ദിനപത്രങ്ങളിലെ തലക്കെട്ടുകളെയും ടെലിവിഷന്‍ സ്‌ക്രീനുകളില്‍ മിന്നിമറയുന്ന ദൃശ്യങ്ങളെയും വിമര്‍ശിക്കുകയാണ് ചെയ്തത്. തലക്കെട്ടില്‍ വായിക്കുന്നതിനേക്കാളും ദൃശ്യങ്ങളില്‍ കാണുന്നതിനേക്കാളും വലുതാണ് ഇന്ത്യയെന്ന്  പറയുകയും ചെയ്തു.


സംഘ്പരിവാറിന്റെ മുന്‍കൈയിലോ അവരുടെ പിന്‍ബലത്തിലോ നടക്കുന്ന പല സംഗതികളും തലക്കെട്ടുകളായും ദൃശ്യങ്ങളായും വരുന്നുണ്ട്. അതിനോടൊക്കെ മൗനം ഭൂഷണമെന്ന നിലപാടാണ് ഇന്ത്യന്‍ യൂനിയനില്‍ വസിക്കുന്ന കാലത്ത് താങ്കള്‍ സ്വീകരിച്ചിട്ടുള്ളത്. മാട്ടിറച്ചി നിരോധം പ്രാബല്യത്തിലാക്കാന്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് പലേടത്തുമുണ്ടായത് ശ്രദ്ധയിലുണ്ടാകുമല്ലോ? പശുവിനെ ഇറച്ചിക്കായി അറുത്തുവെന്നോ പശുവിറച്ചി സൂക്ഷിച്ചുവെന്നോ ആരോപിച്ച് 50 വയസ്സുകാരനെ ഉത്തര്‍ പ്രദേശില്‍ തല്ലിക്കൊന്നിരുന്നു. കാലിക്കടത്ത് നടത്തിയെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ റിപ്പോര്‍ട്ട് ഹിമാചലില്‍ നിന്ന് വന്നു. ഗോവധ നിരോധം ഏര്‍പ്പെടുത്തിയ ശേഷവും അത് നടക്കുന്നുവെങ്കില്‍ നിയമാനുസൃതം നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അതിന് പകരം നിയമം കൈയിലെടുത്ത് ശിക്ഷ നടപ്പാക്കാമെന്ന തോന്നലിലേക്ക് സംഘ്പരിവാര അനുകൂലികളായവരെ എത്തിച്ചത് എന്തായിരിക്കും? ഒരാളുടെ അടുക്കളയില്‍ കയറി വേവുന്നത് എന്ത് എന്ന് പരിശോധിക്കാനുള്ള അധികാരമുണ്ടെന്ന തോന്നല്‍ ഇവരില്‍ ജനിപ്പിച്ചത് ആരായിരിക്കും? 'മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ തുടരാം, പക്ഷേ, മാട്ടിറച്ചി കഴിക്കുന്നത് അവര്‍ ഒഴിവാക്കണം' എന്ന് പ്രസ്താവന നടത്തുന്ന ഭരണാധികാരികള്‍ ഈ അവസ്ഥ സൃഷ്ടിക്കുന്നതില്‍ വഹിക്കുന്ന പങ്കെന്താണ്?


ഇങ്ങനെയുള്ള തോന്നലുകള്‍ സൃഷ്ടിക്കാന്‍ പാകത്തിലാണ് ഇന്ത്യന്‍ യൂനിയനെ ഭരിക്കുന്നതെങ്കില്‍, വെംബ്ലി സ്റ്റേഡിയത്തില്‍ പ്രഘോഷിക്കപ്പെട്ട 'വിവിധതാ...'യുടെ അര്‍ഥമെന്താണ്? വിവിധ വിഭാഗങ്ങള്‍ക്ക് അവരുടെ വിശ്വാസാചാരങ്ങള്‍ പിന്തുടര്‍ന്ന് ജീവിക്കാന്‍ പാകത്തിലുള്ള സാഹചര്യം നിലനില്‍ക്കണം, വൈവിധ്യം കരുത്താകണമെങ്കില്‍. ആ കരുത്തിനെ ഉത്തേജിപ്പിക്കാന്‍ പാകത്തിലാണോ താങ്കള്‍ പരമാധികാരിയായ ശേഷം കാര്യങ്ങള്‍? ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നവരെ കായികമായും അല്ലാതെയും ആക്രമിക്കാന്‍ യാതൊരു മടിയുമില്ല. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കും. അഭിപ്രായം പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിമുഴക്കാന്‍ യാതൊരു മടിയും ഇക്കൂട്ടര്‍ പ്രകടിപ്പിക്കുന്നുമില്ല. നിയമങ്ങളും അത് പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ നിയോഗിക്കപ്പെടുന്നവരും തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാന്‍ പാകത്തിലാണെന്ന തോന്നല്‍ ഇവരിലുണ്ടായിരിക്കുന്നുവെന്ന് വ്യക്തം.


'ഘര്‍ വാപ്‌സി' അരങ്ങേറിയപ്പോള്‍, ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമാകാന്‍ ശ്രമിക്കുകയാണെന്നും തടയാന്‍ അംഗ സംഖ്യ കൂട്ടാന്‍ ഭൂരിപക്ഷ സമുദായം ശ്രമിക്കണമെന്ന് ആഹ്വാനമുണ്ടായപ്പോള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊക്കെ ഹിന്ദുത്വ അജന്‍ഡക്കാരെ നിയമിച്ചപ്പോള്‍, രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം എങ്ങനെയാകണമെന്നതില്‍ സംഘ് ബന്ധുക്കള്‍ നിര്‍ദേശങ്ങള്‍ നല്‍കിയപ്പോള്‍, അത് നടപ്പാക്കാന്‍ ബി ജെ പി നേതൃത്വത്തിലുള്ള ഭരണ സംവിധാനങ്ങള്‍ ശ്രമിച്ചപ്പോള്‍ മാഡിസണ്‍ സ്‌ക്വയറിലും വെംബ്ലിയിലും കണ്ട അങ്ങളുടെ പ്രഭാഷണ പ്രാഗത്ഭ്യം രാജ്യം കണ്ടതേയില്ല. ഇതിനെയൊക്കെ എതിര്‍ക്കാന്‍ രംഗത്തിറങ്ങിയവരോട് പാക്കിസ്ഥാനിലേക്ക് പൊയ്‌ക്കോളൂ എന്ന് ഭരണ സാരഥ്യത്തിലുള്ളവരും ഇല്ലാത്തവരുമായ ഹിന്ദുത്വവാദികള്‍ ആക്രോശിച്ചപ്പോഴും വൈവിധ്യം കരുത്താണെന്ന് താങ്കള്‍ പറഞ്ഞുകേട്ടില്ല. ബീഹാറില്‍ വലിയ പരാജയത്തെ സ്വീകരിച്ചാനയിക്കാന്‍ പാകത്തില്‍ തലങ്ങും വിലങ്ങും റാലികള്‍ നടത്തിയപ്പോഴും വൈവിധ്യം കരുത്താണെന്ന കണ്ടെത്തല്‍ നടത്തിയിരുന്നില്ല. വൈവിധ്യത്തെ ഇല്ലാതാക്കാന്‍ നടക്കുന്ന സംഘടിതമായ ശ്രമങ്ങള്‍ അന്നും പത്രങ്ങളില്‍ വലിയ തലക്കെട്ടായിരുന്നു, ടെലിവിഷന്‍ സ്‌ക്രീനില്‍ ഇവയൊക്കെ മിന്നിമറയുന്നുമുണ്ടായിരുന്നു.


ബീഹാറിലെ വലിയ തോല്‍വിയുടെ ഭാരവുമായി ബ്രിട്ടനിലെത്തിയപ്പോള്‍ വൈവിധ്യത്തെക്കുറിച്ച് പൊടുന്നനെ ഓര്‍മ വന്നതാണോ? ആകാന്‍ വഴിയില്ല, താങ്കള്‍ വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഇന്ത്യന്‍ യൂനിയനിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അവിടുത്തെ പത്രങ്ങള്‍ വിമര്‍ശമുന്നയിച്ചിരുന്നു. ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിച്ച് ഭരിക്കുന്നതിലുള്ള വൈദഗ്ധ്യം മുന്‍കാലത്ത് കാട്ടിയവരെങ്കിലും ഇപ്പോഴത്തെ സ്ഥിതിയിലുള്ള ആശങ്ക അവിടുത്തെ രാഷ്ട്രീയ നേതാക്കള്‍ പ്രകടിപ്പിക്കുകയും ചെയ്തു. പുറമെയാണ് 'മിസ്റ്റര്‍ മോദി' എന്ന് അഭിസംബോധന ചെയ്തുള്ള ചോദ്യവും. മറുപടി പറയാതെ പോന്നാല്‍, അമ്പത്തിയാറിഞ്ച് നെഞ്ചിന്റെ കരുത്തല്ലേ ചോദ്യംചെയ്യപ്പെടുക.  'വിവിധതാ...' എന്ന നിലവിളിക്ക് മുഖ്യ കാരണം അതാകാനാണ് വഴി.


മറ്റൊന്ന് കച്ചവടമാണ്. അസഹിഷ്ണുതയുടെ അന്തരീക്ഷം നിക്ഷേപ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും ശതമാനക്കണക്കിലുള്ള വളര്‍ച്ചാ നിരക്ക് ഉയരില്ലെന്നും റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ രഘുറാം രാജനും അന്താരാഷ്ട്ര ഏജന്‍സിയായ മൂഡീസും മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കാല പ്രാബല്യത്തോടെ നികുതി ചുമത്താന്‍ തീരുമാനിച്ച് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് വൊഡാഫോണ്‍ അടക്കമുള്ള കമ്പനികള്‍ക്ക് താങ്കള്‍ വാഗ്ദാനം നല്‍കിയെങ്കിലും കച്ചവടം കൂട്ടാന്‍ പാകത്തിലുള്ള അന്തരീക്ഷമില്ലാതെ അവകള്‍ ഇന്ത്യന്‍ യൂനിയനിലേക്ക് അധിക നിക്ഷേപവുമായി വരില്ലെന്നത് ഉറപ്പാണല്ലോ. അവര്‍ക്കൊരു പ്രതീക്ഷ നല്‍കുക എന്നത് കച്ചവടത്തിന്റെ മധ്യസ്ഥന്‍ എന്ന നിലയില്‍ താങ്കളുടെ ഉത്തരവാദിത്വവുമാണ്.


ഇത്രയൊക്കെയേ വെംബ്ലിയിലെ പ്രഭാഷണത്തിലൂടെ ഉദ്ദേശിച്ചിട്ടുണ്ടാകൂ എന്ന് ശരിയായി മനസ്സിലാക്കുന്നു. അത് ഏറ്റവുമധികം മനസ്സിലാക്കുന്നത് ഹിന്ദുത്വകാലമെത്താറായെന്ന് കരുതിവരുന്ന സംഘ്പരിവാര പ്രവര്‍ത്തകരാണ്. അതുകൊണ്ടാണ് വെംബ്ലിയില്‍ 'വിവിധതാ...' എന്ന നിലവിളി ഉയര്‍ന്നപ്പോള്‍ കന്നഡ മണ്ണില്‍ അവര്‍ മറ്റൊരു പോര്‍മുഖം തുറന്നത്. ടിപ്പു സുല്‍ത്താന്റെ ജന്മ വാര്‍ഷികം ആഘോഷിക്കാനുള്ള കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ അവര്‍ തെരുവിലിറങ്ങി. ആധിപത്യം സ്ഥാപിക്കാനുള്ള ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ശ്രമങ്ങളെ സധൈര്യം നേരിട്ട പോരാളിയും ഭരണരീതി ആധുനികവത്കരിച്ച ഭരണാധികാരിയുമെന്ന നിലയില്‍ നിന്ന്  ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ഹിന്ദുക്കളെ കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്ത വര്‍ഗീയവാദിയെന്ന നിലയിലേക്ക് ടിപ്പുവിനെ ചിത്രീകരിക്കാന്‍ കാലങ്ങളായി നടക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു ഈ തെരുവിലിറങ്ങല്‍. വിദേശരാഷ്ട്രങ്ങളില്‍ ചെന്ന് എന്തൊക്കെ പറഞ്ഞാലും നാട്ടിലെ മണ്ണില്‍ ഇത്തരം പ്രവൃത്തികള്‍ വിഘ്‌നം കൂടാതെ തുടരാനാകുമെന്ന ധൈര്യം ഇപ്പോഴും താങ്കളുടെ അനുയായികള്‍ക്കുണ്ട്. അതുകൊണ്ടാണ് വെംബ്ലിയിലെ പ്രസംഗം, കരുത്തിന്റെ തുടര്‍ക്കാഴ്ചയായി വ്യാഖ്യാനിക്കുന്നവര്‍ തന്നെ ടിപ്പു ജയന്തിക്കെതിരായ സമരത്തിന് ഊര്‍ജമേകാന്‍ രംഗത്തെത്തിയത്. അസഹിഷ്ണുതയുടെ ഈ വിളംബരത്തെ എതിര്‍ത്തവരെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്.


ചരിത്രത്തെ കാവിവത്കരിക്കുക എന്നത് വൈവിധ്യത്തെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ മൂലശിലയാണ്. പാഠ്യപദ്ധതിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇടപെട്ടും ശാസ്ത്ര നേട്ടങ്ങള്‍ വേദകാലത്തുള്ളവയായിരുന്നുവെന്ന് വ്യാഖ്യാനിച്ചും സംഘ്പരിവാരം നടത്തുന്നത് വൈവിധ്യങ്ങളെ ഇല്ലാതാക്കുകയും രാഷ്ട്രീയ സ്വയം സേവക് സംഘ് നിര്‍വചിക്കുന്ന ഹിന്ദുത്വ എന്ന ഏകധ്രുവത്തിലേക്ക് കാര്യങ്ങളെ എത്തിക്കുകയും ചെയ്യുകയാണ്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള അവസരമെത്തിയിരിക്കുന്നുവെന്ന് സര്‍ സംഘചാലക് ആവര്‍ത്തിക്കുന്നത് ഈ പ്രവൃത്തികള്‍ കണക്കിലെടുത്തുമാണ്. ഇതിനെയെല്ലാം അംഗീകരിച്ച്, വിധേയഭാവമുള്ള വൈവിധ്യം അതാകണം ഭവാന്‍ അര്‍ഥമാക്കിയിട്ടുണ്ടാകുക. വാച്യാര്‍ഥം, അതും രാഷ്ട്രനേതാവിന്റെ നാവില്‍ നിന്നുള്ളതിന്റെ, മനസ്സിലാക്കുന്ന ആംഗലേയമര്യാദ ഈ നിലവിളി കൊണ്ട് അടങ്ങിയിട്ടുണ്ടാകും. വ്യംഗ്യാര്‍ഥം മനസ്സിലാക്കുന്ന അണികള്‍ അവരുടെ പ്രവൃത്തി തുടരുകയും ചെയ്യും. ഉറപ്പ്.

2015-11-14

ജയിച്ചവരുടെ തോല്‍വിയും തോറ്റവരുടെ ജയവും


ആകെ കലങ്ങിയ രാഷ്ട്രീയാന്തരീക്ഷത്തിലാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. അതിന്റെ ഫലം ചില വസ്തുതകള്‍ തെളിയിച്ച് നല്‍കുന്നുണ്ട്. ഏറെ അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടായിട്ടും അതിനൊത്ത വിജയം നേടാന്‍ ഇടത് ജനാധിപത്യ മുന്നണിക്കായില്ലെന്നതാണ് ഒന്ന്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളുടെ ചരിത്രമെടുത്താല്‍ 2010ലൊഴികെ മുന്നിലെത്താന്‍ കഴിയാതിരുന്ന യു ഡി എഫിന് വലിയ പരുക്കേല്‍ക്കാതെ പിടിച്ചുനില്‍ക്കാനായി എന്നതാണ് രണ്ടാമത്തേത്. മൂന്നാമതായി രണ്ട് മുന്നണികളുടെയും വോട്ടുകളിലേക്ക് കടന്നുകയറാന്‍ കഴിയും വിധത്തില്‍ ബി ജെ പി സാന്നിധ്യമറിയിച്ചതാണ്്. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂട്ടര്‍ക്കും ഈഴവ സമുദായത്തിനകത്തോ പുറത്തോ വോട്ട് മറിക്കാന്‍ പാകത്തിലുള്ള സ്വാധീനമൊന്നുമില്ലെന്ന് തെളിഞ്ഞതാണ് നാലാമത്തേത്.


941 പഞ്ചായത്തുകളില്‍ 549 എണ്ണത്തിലും 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 90ലും 14 ജില്ലാ പഞ്ചായത്തില്‍ ഏഴിലും 86 മുനിസിപ്പാലിറ്റികളില്‍ 44ലും ആറ് കോര്‍പ്പറേഷനുകളില്‍ നാലിലും ഇടത് ജനാധിപത്യ മുന്നണിയാണ് മുന്നിലെത്തിയത്. കേരളത്തിലാകെ ഇടതിനൊരു മേല്‍ക്കൈ ലഭിച്ചുവെന്ന് ഈ കണക്കുകളെ ആധാരമാക്കി പൊതുവില്‍ പറയാനാകും. കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇടതിന് വലിയ ആധിപത്യമുണ്ട്. തിരുവനന്തപുരത്തും ആലപ്പുഴയിലും യു ഡി എഫിനേക്കാള്‍ ഏറെ മുന്നിലാണ് താനും. കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകള്‍ യു ഡി എഫിന് വ്യക്തമായ മുന്‍തൂക്കം നല്‍കി. ഇടുക്കി, വയനാട്, എറണാകുളം ജില്ലകളില്‍ യു ഡി എഫ് മുന്നിലുണ്ട്. കാസര്‍കോട് ഏതാണ്ട് ഒപ്പത്തിനൊപ്പമാണ് മുന്നണികള്‍. എല്ലാ ജില്ലകളിലും സാന്നിധ്യമറിയിച്ച ബി ജെ പി, നഗരസഭകളിലും കോര്‍പ്പറേഷനുകളിലും മുന്‍കാലത്തെ അപേക്ഷിച്ച് ഭേദപ്പെട്ടു.


2010ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ യു ഡി എഫിനെ സഹായിച്ചത്, വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ അന്ന് സംസ്ഥാനം ഭരിച്ചിരുന്ന സര്‍ക്കാറിനെതിരെ ജനമനസ്സിലുണ്ടായ വികാരമായിരുന്നു. ഭരണത്തിന് നേതൃത്വം നല്‍കിയിരുന്ന സി പി എമ്മില്‍ ശക്തമായി നിന്ന വിഭാഗീയതയും യു ഡി എഫിന് സഹായകമായി. അന്നത്തെ സര്‍ക്കാറിനേക്കാള്‍ പരിതാപകരമായ സ്ഥിതിയിലാണ് ഇന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. അഴിമതി ആരോപണങ്ങള്‍ സര്‍വ സാധാരണമായിരിക്കുന്നു. ആരോപണങ്ങളെ ജനം  അവിശ്വസിക്കാത്ത സാഹചര്യവും നിലവിലുണ്ട്. ബാര്‍ കോഴയാരോപണത്തില്‍ യു ഡി എഫിനെ തീര്‍ത്തും പ്രതിരോധത്തിലാക്കും വിധത്തിലുള്ള കോടതി ഉത്തരവ് വോട്ടെടുപ്പ് നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വരികയും ചെയ്തു. കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരിന് കുറവൊന്നുമുണ്ടായിരുന്നില്ല. മുന്നണിക്കുള്ളിലും അനൈക്യം പ്രകടം. മൂന്നണിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ള കോണ്‍ഗ്രസും മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും പലേടത്തും സഖ്യം മറന്ന് മത്സരിച്ചു.


ഇടത് ജനാധിപത്യ മുന്നണിയാകട്ടെ പ്രകടമായ ഐക്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സി പി എമ്മിലെ വിഭാഗീയത നേതൃതലത്തിലെങ്കിലും പ്രകടമായില്ല. വി എസ് അച്യുതാനന്ദനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം സി പി എം ഒറ്റക്കെട്ടായി തീരുമാനിച്ചത് പോലെ അനുഭവപ്പെട്ടു. എതിരാളികള്‍ക്ക് പഴുതു തുറന്ന് നല്‍കും വിധത്തിലുള്ള പരാമര്‍ശങ്ങളോ പ്രവര്‍ത്തനമോ ഉണ്ടാകരുത് എന്നതില്‍ പ്രത്യേക ശ്രദ്ധ നേതൃതലത്തിലുള്ളവര്‍ പുലര്‍ത്തുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരാകും നേതാവെന്ന ചോദ്യത്തിന് വി എസ് അച്യുതാനന്ദന്‍ തന്നെയെന്ന് സി ദിവാകരന്‍ നല്‍കിയ മറുപടിയും മികച്ച നിയമസഭാ സാമാജികനായ സി ദിവാകരന്‍ അടുത്ത തിരഞ്ഞെടുപ്പിലും സി പി ഐയുടെ സ്ഥാനാര്‍ഥിയാകുമെന്ന് താന്‍ പറഞ്ഞാല്‍ അത് വിടുവായത്തമാകില്ലേ എന്ന പിണറായി വിജയന്റെ മറുപടിയും മാത്രമേ അപവാദമായി വേണമെങ്കില്‍ പറയാനുള്ളൂ. എന്നിട്ടും പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലൊഴികെ വ്യക്തമായ മേല്‍ക്കൈ ഉറപ്പിക്കാന്‍ ഇടത് മുന്നണിക്കായില്ല.


ഇടുക്കി ജില്ലയെ ഉദാഹരണമായി എടുക്കാം. ഗാഡ്ഗില്‍ - കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ രൂപം കൊണ്ട ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി സഖ്യമുണ്ടാക്കിയാണ് ഇടത് മുന്നണി മത്സരിച്ചത്. അതിന്റെ നേട്ടം അവര്‍ക്കുണ്ടാകുകയും ചെയ്തു. എന്നിട്ടും യു ഡി എഫിനെ മറികടക്കാന്‍ ഇടത് മുന്നണിക്കായില്ല. 2010 മുതല്‍ 2015 വരെ കൊച്ചി കോര്‍പറേഷന്‍ യു ഡി എഫ് ഭരിച്ച രീതി കണക്കിലെടുത്താല്‍ അവിടെ ഇടത് മുന്നണിക്ക് വലിയ സാധ്യതയുണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 20 വാര്‍ഡിലെങ്കിലും കോണ്‍ഗ്രസ്/യുഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് വിമതരുണ്ടായി. എന്നിട്ടും ഇവിടെ ജയിച്ച് കയറാന്‍ ഇടത് മുന്നണിക്ക് സാധിച്ചില്ല. സെക്രട്ടറിയായ പി രാജീവിന്റെ നേതൃത്വത്തില്‍ സി പി എം നഗരവാസികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനാകും വിധത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നു. വോട്ടാകാന്‍ പാകത്തിലുള്ള വിശ്വാസ്യത ജനങ്ങളിലുണ്ടാക്കാന്‍ അതിനൊന്നും സാധിച്ചില്ലെന്ന് ചുരുക്കം. മാലിന്യ നിര്‍മാര്‍ജനം, ജൈവ പച്ചക്കറിക്കൃഷി, സാന്ത്വന പരിചരണം തുടങ്ങിയ പദ്ധതികള്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്താകെ നടപ്പാക്കാന്‍ സി പി എം ശ്രമിച്ചതും ഓര്‍ക്കുക. അതൊന്നും വേണ്ടത്ര ജനപിന്തുണയാര്‍ജിക്കാന്‍ അവരെ സഹായിച്ചതായി തോന്നുന്നില്ല. തോല്‍വികളുടെ പരമ്പര അവസാനിപ്പിക്കാന്‍ സാധിച്ചുവെന്ന് ആശ്വസിക്കാനേ സി പി എമ്മിനും മുന്നണിക്കും സാധിക്കൂ.


ഭരണത്തിന്റെ പിന്‍ബലത്തില്‍ രാജ്യത്ത് വെറുപ്പിന്റെ വിത്തുപാകി വളര്‍ത്താന്‍ സംഘ് പരിവാരം നടത്തിയ ശ്രമങ്ങള്‍ക്ക് ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഇടത് മുന്നണി ശ്രമിച്ചത് ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് മുസ്‌ലിംകളുടെ, അധിക പിന്തുണ സമാഹരിക്കാന്‍ അവരെ സഹായിച്ചു. മതനിരപേക്ഷ ചിന്തയില്‍ അടിയുറച്ചുനില്‍ക്കുന്ന, ആഭ്യന്തര ഭിന്നത മൂലം സി പി എമ്മിനോട് വിമുഖത കാട്ടിയിരുന്ന, വലിയൊരു വിഭാഗത്തെ പാര്‍ട്ടിക്കൊപ്പം തിരികെ എത്തിക്കാനും സഹായകമായി. ബി ജെ പിയുമായി സഖ്യമുണ്ടാക്കാന്‍ വെള്ളാപ്പള്ളി നടേശനും കൂട്ടരും ഏറെക്കുറെ തീരുമാനിച്ച സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കാനും അവര്‍ക്ക് സാധിച്ചു. വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങള്‍ ശക്തമായി ഉന്നയിച്ചതിലൂടെ തങ്ങളുടെ പക്ഷത്തേക്കുള്ള ബി ജെ പിയുടെ കടന്നുകയറ്റത്തെ ഒരു പരിധിവരെ തടയാന്‍ സി പി എമ്മിനും ഇടത് മുന്നണിക്കും കഴിഞ്ഞു. ഇവ രണ്ടുമുണ്ടായിരുന്നില്ലെങ്കില്‍ ഇടതുപക്ഷത്തിന് ഇപ്പോള്‍ കൈവരിച്ച വിജയം അപ്രാപ്യമായേനേ. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ജനവിശ്വാസം തിരികെപ്പിടിക്കാനായെന്ന് ആശ്വസിക്കാന്‍ ഇടതു മുന്നണിക്കും സി പി എമ്മിനും സാധിക്കില്ല തന്നെ.


അരുവിക്കരയിലെ വിജയം സമ്മാനിച്ച ആത്മവിശ്വാസമാണ് ഐക്യ ജനാധിപത്യ മുന്നണിയെ ചതിച്ചത്. ബി ജെ പി സ്വന്തമാക്കുന്ന വോട്ടുകള്‍ ഇടതുമുന്നണിയുടേതാകുമെന്നും എസ് എന്‍ ഡി പി കൂടി അവര്‍ക്കൊപ്പം ചേര്‍ന്നതിനാല്‍ സി പി എമ്മിന്റെ കൂടുതല്‍ വോട്ടുകള്‍ ചോരുമെന്നും അവര്‍ കണക്ക് കൂട്ടി. ബി ജെ പിയോടും എസ് എന്‍ ഡി പിയോടും അയഞ്ഞ സമീപനം സ്വീകരിക്കുന്നതാകും ഗുണം ചെയ്യുക എന്ന് ഉമ്മന്‍ചാണ്ടി പക്ഷം പൂര്‍ണമായും സുധീര പക്ഷം ഭാഗികമായും വിശ്വസിച്ചു. ഇതുണ്ടാക്കാനിടയുള്ള വോട്ടുചോര്‍ച്ചയെ നിയന്ത്രിക്കാന്‍ മുസ്‌ലിം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും സാന്നിധ്യം സഹായിക്കുമെന്നും കണക്ക് കൂട്ടി. ഇത് തികച്ചും പാളി. ചിലയിടങ്ങളില്‍ ബി ജെ പിയുമായി രഹസ്യ ധാരണയുണ്ടാക്കാനും കോണ്‍ഗ്രസ് നേതാക്കള്‍ മടിച്ചില്ല. നേട്ടം ബി ജെ പിയുണ്ടാക്കി.


തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി ജെ പി നേടിയ വലിയ വിജയം കോണ്‍ഗ്രസിന്റെ അയഞ്ഞ സമീപനത്തിന്റെയും രഹസ്യ ബാന്ധവത്തിന്റെയും ഫലമാണ്. കൊടുങ്ങല്ലൂര്‍, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികളുടെ ഭരണം എല്‍ ഡി എഫ് നേടിയപ്പോള്‍ അവിടെ പ്രതിപക്ഷമായത് ബി ജെ പിയാണ്. യു ഡി എഫ് നേടിയ മൂന്നാം സ്ഥാനം ഏറെ പിറകിലുള്ളതുമായി. കൊടുങ്ങല്ലൂരിലെ വാര്‍ഡുകളില്‍ യു ഡി എഫ് നേടിയ ശരാശരി വോട്ട് നൂറോ നൂറ്റമ്പതോ മാത്രവും. യു ഡി എഫ് വോട്ടുകള്‍ ബി ജെ പിയിലേക്ക് പോയെന്ന് വ്യക്തം. തൃശൂര്‍ ജില്ലയിലെ ചാലക്കുടി, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റികളില്‍ യു  ഡി എഫിനൊപ്പമെത്താന്‍ എല്‍ ഡി എഫിനെ സഹായിച്ചതും ബി ജെ പിയിലേക്ക് ഒഴുകിയ യു ഡി എഫ് വോട്ടുകളാണ്.


സി പി എമ്മിന് ശക്തായ സ്വാധീനമുള്ളതും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി വലിയ വിജയം നേടുകയും ചെയ്ത പാലക്കാട് ജില്ലയില്‍ സമാന സ്ഥിതി കാണാനാകും. ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയില്‍ ഇടത് ഭരണം ഉറപ്പായെങ്കിലും ബി ജെ പി കൂടുതല്‍ സീറ്റുകളില്‍ ജയം കണ്ടു. ഒറ്റപ്പാലം നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. അവിടെയും ബി ജെ പി അംഗ സഖ്യ വര്‍ധിപ്പിച്ചു. സി പി എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ മനംമടുത്തവര്‍ ബദലായി ബി ജെ പിയെ കണ്ടതിന്റെ ഫലമാണ് ഇവിടങ്ങളില്‍. മലപ്പുറം ജില്ലയിലെ താനൂര്‍ മുനിസിപ്പാലിറ്റിയില്‍ യു ഡി എഫ് ആധിപത്യം നിലനിര്‍ത്തിയപ്പോള്‍ എട്ട് സീറ്റില്‍ ജയിച്ച് ബി ജെ പി രണ്ടാമതെത്തി. എല്‍ ഡി എഫ് ചിഹ്നങ്ങളില്‍ മത്സരിച്ചവരാരും ജയിച്ചില്ല. ഇടത് പിന്തുണയുള്ള ഏതാനും സ്വതന്ത്രര്‍ ജയിച്ചിട്ടുണ്ടെന്ന് മാത്രം.


കാരണങ്ങള്‍ പലതാണെങ്കിലും രാഷ്ട്രീയ ബാലബാലത്തില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ടെന്ന് തന്നെ കരുതണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആകെ ലഭിച്ച വോട്ടുകളുടെ കണക്കെടുത്താല്‍ പ്രധാന മത്സരം ഇടത് - വലത് മുന്നണികള്‍ തമ്മില്‍ തന്നെയായി തുടരുന്നുണ്ട്. ബി ജെ പി വലിയ നേട്ടം കൈവരിച്ചിട്ടുമില്ല. പക്ഷേ, ഏതാണ്ടെല്ലാ പ്രദേശങ്ങളിലും സാന്നിധ്യമാകാന്‍ അവര്‍ക്ക് സാധിച്ചുവെന്നത് കാണാതിരുന്നുകൂടാ. ജനപിന്തുണ വര്‍ധിപ്പിക്കാനുള്ള പാടവമില്ലെങ്കിലും പരസ്പരം പോരടിക്കാന്‍ മടിക്കാത്ത നേതൃനിര സംസ്ഥാനത്തും വെള്ളാപ്പള്ളിയെ മുന്നില്‍ നിര്‍ത്തിയാല്‍ 'ഹിന്ദു'ക്കളുടെയാകെ പിന്തുണ കിട്ടുമെന്ന് വിലയിരുത്താന്‍ പാകത്തില്‍ വിഡ്ഢിത്തമുള്ള നേതാവ് കേന്ദ്രത്തിലുമുണ്ടായിട്ടും അവര്‍ക്കിത് സാധിച്ചത്, ചെറുതല്ല തന്നെ. വര്‍ഗീയ ധ്രുവീകരണം ശക്തമാക്കാന്‍ പാകത്തിലുള്ള പ്രവര്‍ത്തനം കേരളത്തില്‍ കൂടുതല്‍ ശക്തമാക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം.


വിജയ-പരാജയങ്ങളെ മാറ്റിനിര്‍ത്തി ഈ വിധിയെ പരിശോധിക്കാന്‍ മുന്നണികള്‍ക്ക് നേതൃത്വം നല്‍കുന്ന സി പി എമ്മും കോണ്‍ഗ്രസും തയ്യാറാകേണ്ടതുണ്ട്. പരാജയമുണ്ടായെങ്കിലും ജനപിന്തുണയിടിഞ്ഞിട്ടില്ലെന്ന് ആശ്വസിക്കുന്ന കോണ്‍ഗ്രസിന് അഴിമതിക്ക് വശംവദമാകുന്ന, കെട്ടുറപ്പില്ലാത്ത സംഘടനയും മുന്നണിയുമായി അധികകാലം മുന്നോട്ടുപോകാനാകില്ല. വലതിനേക്കാള്‍ രണ്ട് ശതമാനം വോട്ട് കൂടിയെന്നും അത് ഇനിയും വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും പ്രസ്താവനയിറക്കുമ്പോള്‍ എതിരാളിയുടെ വീഴ്ചയില്‍ നിന്ന് മുതലെടുക്കാമെന്ന പ്രതീക്ഷയില്‍ തുടരുകയാണ് സി പി എം നേതൃത്വം. പുതിയ കാലത്തിനും സാഹചര്യത്തിനുമനുസരിച്ച്, വളര്‍ന്നുവരുന്ന തലമുറയെ അഭിസംബോധന ചെയ്യാന്‍ പാകത്തില്‍ പുതുക്കലുകള്‍ക്ക് തയ്യാറാകുമോ ഈ പാര്‍ട്ടികള്‍? ഇല്ലെങ്കില്‍ ശേഷം ചിന്ത്യം.

2015-11-02

കരുതലിലെ വികസനവും കരുതലില്ലായ്മയിലെ വികസനവും


വികസനവും കരുതലും - നാലരയാണ്ട് മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറുമ്പോള്‍ മുന്നോട്ടുവെച്ച വാഗ്ദാനം അതായിരുന്നു. യു ഡി എഫിന്റെയും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെയും വികസന കാഴ്ചപ്പാട് എന്ത് എന്നതില്‍ ആര്‍ക്കും അവ്യക്തതയുണ്ടാകാന്‍ തരമില്ല. വിപണിയധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയെ സര്‍വ വിധത്തിലും പ്രോത്സാഹിപ്പിക്കുക എന്നതാണവരുടെ വികസന കാഴ്ചപ്പാട്. അതിനുതകും വിധത്തിലുള്ള ചെറുകിട - ഇടത്തരം - വന്‍കിട പദ്ധതികള്‍ അവര്‍ ആവിഷ്‌കരിക്കും. അധികൃതവും അനധികൃതവുമായ പണത്തിന്റെ ഒഴുക്കിന് വേഗം കൂട്ടുകയും ചെയ്യും. സാമ്പത്തിക അച്ചടക്കമോ വരുമാനത്തിന് ആനുപാതികമായി ചെലവഴിക്കുന്ന രീതിയോ സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യമോ വിഷയമാകാറേ ഇല്ല.


ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇതേ പാത പിന്തുടരുന്നു. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട് സിറ്റിയുടെ തുടര്‍ച്ച, കണ്ണൂര്‍ വിമാനത്താവളം പ്രാവര്‍ത്തികമാക്കല്‍, ആറന്‍മുള വിമാനത്താവളത്തിനായുള്ള ശ്രമം തുടരല്‍ എന്നിങ്ങനെയുള്ള വന്‍കിട പദ്ധതികളാണ് അവരുടെ മുന്‍ഗണനാ ക്രമത്തില്‍. ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കവെയുള്ള കമ്മീഷനുകള്‍, പദ്ധതികളുടെ പിന്നാമ്പുറത്ത് അരങ്ങേറുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ കൈമറിയുന്ന പണത്തിന്റെ വിഹിതം എന്നിങ്ങനെ പലവിധം 'ലാഭം' പല കൈകളില്‍ എത്തുകയും  ചെയ്യും. വലിയ പദ്ധതികള്‍ നടപ്പാക്കിയെന്ന അവകാശവാദം ഉന്നയിക്കാനും അതിന്റെ തെളിവുകള്‍ ഹാജരാക്കാനും സര്‍ക്കാറിന് സാധിക്കുകയും ചെയ്യും.


ഇപ്പറഞ്ഞ വന്‍കിട പദ്ധതികളൊക്കെ കഴിഞ്ഞ ഇടത് സര്‍ക്കാറിന്റെ കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതാണ്. പക്ഷേ, തര്‍ക്കങ്ങളും തടസ്സങ്ങളും മറികടന്ന് ഇവയുമായി മുന്നോട്ടുപോകാനുള്ള മെയ് വഴക്കം ഇടത് സര്‍ക്കാറിന് ഉണ്ടായില്ല, അവര്‍ക്കത് ഒരു കാലത്തുമുണ്ടായിട്ടുമില്ല. മികച്ച വ്യവസായ മന്ത്രിയെന്ന് എളമരം കരീമിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി പലകുറി വിശേഷിപ്പിച്ചുവെങ്കിലും ആ നേട്ടങ്ങളൊന്നും ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിഞ്ഞ ഇടത് മുന്നണി സര്‍ക്കാറിന് സാധിച്ചില്ല.


കരുതലിന്റെ കാര്യത്തിലും ഈ വ്യത്യാസം പ്രകടമാണ്. പ്രതിപക്ഷത്തിരിക്കെപ്പോലും കരുതലിന്റെ കാര്യത്തില്‍ ഇടതുപക്ഷം പ്രത്യേകിച്ച് സി പി എം പിന്നാക്കമാണെന്ന് പറയേണ്ടിവരും. നാലര വര്‍ഷത്തിനിടെ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറും ഉമ്മന്‍ ചാണ്ടി തന്നെയും എടുത്ത കരുതലുകള്‍ വിശദീകരിച്ചാലേ പ്രതിപക്ഷത്തിന്റെ കരുതലില്ലായ്മ എത്രത്തോളമെന്ന് മനസ്സിലാക്കാനാകൂ. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ യു ഡി എഫിന്റെ രൂപവത്കരണ കാലം മുതലുള്ള പ്രമുഖ നേതാവ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. അഴിമതിക്കേസിലാണ് ശിക്ഷിക്കപ്പെട്ടത് എങ്കിലും രാഷ്ട്രീയ തടവുകാരന് നല്‍കുന്ന സൗകര്യങ്ങള്‍ അദ്ദേഹത്തിന് ജയിലില്‍ ഉറപ്പാക്കാനുള്ള കരുതല്‍ ഇടതുമുന്നണി സര്‍ക്കാറും അതില്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനും എടുത്തിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിറകെ അദ്ദേഹത്തിന്റെ ആരോഗ്യത്തിലുള്ള കരുതല്‍ മുന്‍നിര്‍ത്തി തടവുമുറി ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശിക്ഷാകാലാവധി കുറച്ച് അദ്ദേഹത്തെ തടവില്‍ നിന്ന് മോചിപ്പിക്കാനുള്ള കരുതലുമെടുത്തു.


പിന്നെ കരുതല്‍ കണ്ടത്, ജയില്‍ മോചിതനായ നേതാവിന്റെ മകനും അന്ന് മന്ത്രിയുമായിരുന്ന വ്യക്തിയുടെ കാര്യത്തിലാണ്. ഗാര്‍ഹിക പീഡനത്തിന് മന്ത്രിക്കെതിരെ ഭാര്യ പരാതി കൊടുത്തു. മന്ത്രിയുടെ മര്‍ദനത്തില്‍ ഒടിഞ്ഞ കൈയുമായി ഭാര്യയും ഭാര്യയുടെ മര്‍ദനത്തില്‍ പരുക്കേറ്റ മുഖവുമായി മന്ത്രിയും രംഗത്തെത്തി. സ്ഥിതി വഷളാകുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെടുത്ത കരുതല്‍ അനിതരസാധാരണമായിരുന്നു. രണ്ട് കൂട്ടരുമായും സംസാരിച്ച് കോടതിക്ക് പുറത്ത് വിവാഹമോചനം സാധ്യമാക്കുന്നതില്‍ ആര്‍ക്കും സാധ്യമാകാത്ത കൈയടക്കം. ഈ മന്ത്രി പിന്നീട് രാജിവെച്ച് യു ഡി എഫ് വിട്ടപ്പോള്‍ പഴയതില്‍ പതിരില്ലാത്തത് പുറത്ത് പറയാതിരിക്കാന്‍ പഴയ കേസിന്റെ നിര്‍ണായക വിവരങ്ങള്‍ കൈവശം വെക്കാനുള്ള കരുതലും മുഖ്യമന്ത്രിക്കുണ്ടായിരുന്നു. സോളാറിലും മറ്റും ഇദ്ദേഹത്തിനറിയാവുന്ന വിവരങ്ങള്‍ പുറത്ത് വരാതിരിക്കുന്നതിലും ഏറെ വൈകി പുറത്തുവന്നപ്പോഴേക്കും അതിന്റെ പ്രസക്തി നഷ്ടപ്പെടുത്തുന്നതിലും ഈ കരുതല്‍ വലിയ പങ്കാണ് വഹിച്ചത്.


പാമൊലിന്‍ അഴിമതിക്കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടപ്പോള്‍, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ ആലോചിക്കുന്നുവെന്ന സൂചന നല്‍കി ഘടകകക്ഷികളെക്കൊണ്ട് 'അയ്യോ രാജിവെക്കല്ലേ' എന്ന സംഘഗാനം പാടിക്കുന്നതിലും വിജിലന്‍സ് ഒഴിയണമെന്ന ആവശ്യം പ്രതിപക്ഷത്തെക്കൊണ്ട് ഉന്നയിപ്പിക്കുന്നതിലും കാട്ടിയ കൈയടക്കവും നിഴലിനെപ്പോലെ വിശ്വസ്തനായ ഒരാള്‍ക്ക് വിജിലന്‍സ് കൈമാറാന്‍ കാട്ടിയ കരുതലും എടുത്തുപറയേണ്ടതാണ്.


പാറ്റൂര്‍, കളമശ്ശേരി ഭൂമി ഇടപാടുകള്‍, സോളാര്‍ പദ്ധതിയുടെ മറവില്‍ വലിയ തട്ടിപ്പിന് ശ്രമം നടന്നുവെന്ന ആക്ഷേപം, തട്ടിപ്പിന് ശ്രമിച്ചവരില്‍ പലര്‍ക്കും മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിന്റെ ഓഫീസുമായോ ബന്ധവും അടുപ്പവുമുണ്ടായിരുന്നുവെന്ന ആരോപണം, ഇവയിലൊക്കെ ഉമ്മന്‍ ചാണ്ടി കാട്ടിയ കരുതല്‍ മുമ്പാരും കണ്ടിട്ടുണ്ടാകില്ല, ഇനിയാരും കാണാനും പോകുന്നില്ല. ദിനംതോറും 'രേഖ'കള്‍ പുറത്തുവിട്ട് മാധ്യമങ്ങളും അതൊക്കെ ഏറ്റുപിടിച്ച് പ്രതിപക്ഷവും ഇനിയും പുറത്തുവരാനുള്ള 'രേഖ'കളൊക്കെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട  ബി ജെ പി നേതാവും ഇതിനൊക്കെ പുറമെ കോണ്‍ഗ്രസിലെ എതിര്‍ ഗ്രൂപ്പും പോരിനിറങ്ങിയപ്പോഴും അചഞ്ചലമായി നിസ്‌തോഭമായി നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന ആപ്തവാക്യം ഉരുവിട്ട് തുടരാന്‍ അദ്ദേഹത്തിന് സാധിച്ചതിന് പിറകിലെ കരുതല്‍ എത്ര വലുതായിരിക്കും!


ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ നിലവാരമില്ലാത്തവക്ക് ലൈസന്‍സ് പുതുക്കിക്കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ വി എം സുധീരന്‍ ശ്രമിച്ചപ്പോഴും കരുതലിന്റെ മികവ് കണ്ടു. പഞ്ചനക്ഷത്രമൊഴികെ ബാറുകളുടെയൊന്നും ലൈസന്‍സ് പുതുക്കേണ്ടെന്ന് പൊടുന്നനെ തീരുമാനിച്ച് സകലരെയും പ്രതിരോധത്തിലാക്കിയ  കരുതല്‍. അതിന്റെ തുടര്‍ച്ചയായി ബാര്‍കോഴയാരോപണം വന്നപ്പോഴും കരുതലിന്റെ മിന്നലുണ്ടായി. ആരോപണമുന്നയിച്ചവരെ ഭിന്നിപ്പിച്ച് കേസ് ദുര്‍ബലമാക്കിയ കരുതല്‍ ആദ്യം. വിചാരണക്ക് യോഗ്യമല്ലാത്ത കേസെന്ന് വിജിലന്‍സിനെക്കൊണ്ട് കോടതിയെ ധരിപ്പിക്കാനും കരുതലുണ്ടായി. അത് കോടതി തള്ളിയപ്പോള്‍, പാമൊലിന്‍ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ താന്‍ രാജിവെച്ചിട്ടില്ല പിന്നെ എങ്ങനെ മാണിയോട് രാജി ആവശ്യപ്പെടുമെന്ന് ചോദ്യം. മന്ത്രിസഭയിലെ പലര്‍ക്കെതിരെയും തുടരന്വേഷണമോ  അന്വേഷണമോ പ്രഖ്യാപിക്കാനിടയുണ്ടെന്നും അതിനാല്‍ താന്‍ രാജി നല്‍കിയൊരു കീഴ്‌വഴക്കമുണ്ടാക്കരുതെന്നുമുള്ള കരുതല്‍ മുമ്പാര്‍ക്കെങ്കിലും സാധ്യമായതാണോ?


ഇതിനോടാണ് ഇടതുമുന്നണി മത്സരിച്ചത്. പാമൊലിന്‍ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ രാജി തേടണമോ വിജിലന്‍സ് വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെടണമോ എന്നതില്‍ കരുതലോടെ തീരുമാനമെടുക്കാന്‍ അവര്‍ക്കായില്ല. സോളാറില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് അനിശ്ചിതകാലത്തേക്ക് വളയാന്‍ തീരുമാനിച്ചപ്പോള്‍, സമരത്തിനെത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യമൊരുക്കണമെന്ന കരുതല്‍ എല്‍ ഡി എഫിന് (സി പി എമ്മിന് എന്ന് വായിച്ചാല്‍ മതിയാകും) ഉണ്ടായില്ല. സമരം 24 മണിക്കൂര്‍ പിന്നിടുമ്പോഴേക്കും പിന്‍വലിച്ചതോടെ ഒത്തുതീര്‍പ്പല്ലേ എന്നതിനെച്ചൊല്ലിയായി തര്‍ക്കം. സോളാര്‍ തട്ടിപ്പിനേക്കാള്‍ പ്രാധാന്യം ഒത്തുതീര്‍പ്പ് സമരമെന്ന ആരോപണത്തിന് കിട്ടുന്ന അവസ്ഥ ഒഴിവാക്കാനുള്ള കരുതലുമുണ്ടായില്ല.


ഇതിനൊപ്പമാണ് കെ എം മാണിയുമായി അടുക്കാന്‍ സി പി എം ശ്രമിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നത്. പാര്‍ട്ടി പ്ലീനത്തില്‍ സാമ്പത്തിക വിദഗ്ധനായി മാണിയെ അവതരിപ്പിച്ചത് ഈ ആക്ഷേപത്തിന് ഊര്‍ജവും നല്‍കി. വൈദഗ്ധ്യത്തെക്കുറിച്ചുള്ള പാര്‍ട്ടി വിലയിരുത്തലില്‍ കരുതലുണ്ടായില്ലെന്ന് സി പി എമ്മിന് വൈകാതെ ബോധ്യപ്പെട്ടു. അത് ബോധ്യപ്പെടാനെടുത്ത സമയവും ഒത്തുതീര്‍പ്പ് സമരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കരുത്തേകി. സമയമെടുത്ത് ബോധ്യപ്പെട്ട ശേഷം, നിയമസഭയില്‍ കരുത്ത് പ്രകടിപ്പിക്കാന്‍ തയ്യാറായപ്പോള്‍ 'ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍' പാലിക്കേണ്ട മര്യാദകളെക്കുറിച്ചുള്ള കരുതല്‍ കൈമോശം വന്നു.  ഇത്തരം കരുതലില്ലായ്മകള്‍ക്കിടയില്‍ നരേന്ദ്ര മോദി 'പ്രഭാവ'ത്തില്‍ പ്രലോഭിതരായി അനുഭാവികളില്‍ വലിയൊരു വിഭാഗം കാവിയിലേക്ക് ചായുന്നത് കാണാനുള്ള കരുതലും ഇല്ലാതെ പോയി.


അഞ്ചാണ്ട് കഴിഞ്ഞാല്‍ ഭരണം മാറുമെന്ന പതിവ് തുടരുമെന്നും കോട്ടകളൊക്കെ ഭദ്രമാണെന്നുമുള്ള അമിത ആത്മവിശ്വാസം നല്‍കിയ കരുതലില്ലായ്മ. സര്‍ക്കാറിനെതിരെ ഉയരുന്ന ഏത് ആരോപണങ്ങളിലും ഇടപെടുകയും അത് ആഭ്യന്തര പ്രശ്‌നമായി മാറ്റുകയും ചെയ്യുന്നതിലായിരുന്നു ഇടതിന് വിശിഷ്യാ സി പി എമ്മിന് കരുതലെന്ന് തന്നെ വിലയിരുത്തേണ്ടിവരും. കശുവണ്ടി കോര്‍പറേഷന് പണം നല്‍കുന്നില്ലെന്ന് ആരോപിച്ച് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്‍ സമരം തുടങ്ങിയപ്പോള്‍ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഓടിച്ചെന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഓര്‍ക്കുക. ചന്ദ്രശേഖരന്റെ സമരം അഴിമതി മൂടിവെക്കാനാണെന്ന് സി പി എമ്മില്‍ നിന്ന് തന്നെ പിന്നീട് ആരോപണമുണ്ടായി. അതോടെ അഴിമതിയാരോപണങ്ങളെപ്പോലും അപ്രസക്തമാക്കി, സി പി എമ്മിന്റെ നിലപാട് തര്‍ക്കവിഷയമായി. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസിലെ സീറ്റ് വിതരണത്തെക്കുറിച്ച് ദുസ്സൂചനകള്‍ നല്‍കി ചെറിയാന്‍ ഫിലിപ്പ് പരാമര്‍ശം നടത്തിയപ്പോള്‍ ഭിന്ന പ്രതികരണങ്ങള്‍ നടത്തിയ സി പി എം നേതാക്കള്‍, പ്രശ്‌നം തങ്ങളുടെ ആഭ്യന്തര തര്‍ക്കമാക്കാനുള്ള കരുതലാണ് കാട്ടിയത്.


ഇതൊക്കെയാണെങ്കിലും ബി ജെ  പിയുമായി കൂട്ടുകൂടാന്‍ എസ് എന്‍ ഡി പി ശ്രമിക്കുകയും അത് സാധ്യമാക്കി കേരളത്തില്‍ കാലുറപ്പിക്കാന്‍ ആര്‍ എസ് എസ് ശ്രമിക്കുകയും ചെയ്തപ്പോള്‍ യഥാര്‍ഥ കരുതലുണ്ടായത് ഇടതു മുന്നണിയുടെ (സി പി എമ്മിന്റെ) ഭാഗത്തു നിന്നായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തിന്റെ ഒത്താശയോടെ ബഹുസ്വരതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുണ്ടായപ്പോഴും കൂടുതല്‍ കരുതല്‍ ഇടത് മുന്നണിക്കായിരുന്നു. അത്രത്തോളം കരുതലെടുക്കാന്‍ യു ഡി എഫോ കോണ്‍ഗ്രസോ കോണ്‍ഗ്രസിന്റെ നേതാക്കള്‍ തയ്യാറായതുമില്ല.


കേരളത്തില്‍ ഭരണത്തുടര്‍ച്ചക്കുള്ള വികസനവും കരുതലുമായെന്നാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും അദ്ദേഹത്തോട് വിയോജിപ്പുണ്ടെങ്കിലും ഇതര ഗ്രൂപ്പുകാരും വിലയിരുത്തുന്നത്. അതിനെ ചെറുക്കാന്‍ പാകത്തിലുള്ള കരുതല്‍ (വികസനമുണ്ടായിട്ടില്ലെന്നത് തീര്‍ച്ച, മുന്നണി തന്നെ ശോഷിച്ചല്ലോ) ഇടതുപക്ഷത്തിനുണ്ടോ എന്നതു കൂടിയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പരിശോധിക്കപ്പെടുക. സ്വന്തം കളം മായ്ക്കാനുള്ള കരുതല്‍ കാണിച്ചില്ലായിരുന്നുവെങ്കില്‍ ഈ പരിശോധനയില്‍ ബി ജെ പിക്ക് കുറേകൂടി വലിയ പങ്കുണ്ടാകുമായിരുന്നു.