2013-12-30

വീണവായിച്ചവര്‍ക്ക് വേദനിക്കുന്നു!!


മധ്യവയസ്സിലേക്ക് എത്തുന്ന അക്ബര്‍, അഹമ്മദാബാദ് നഗരത്തില്‍ ഡ്രൈവറാണ്. മാതാപിതാക്കള്‍, ഭാര്യ, മൂന്ന് കുട്ടികള്‍ എന്നിവരാണ് അക്ബറിന്റെ കുടുംബം. വികസിക്കുന്ന നഗരത്തില്‍ നിന്ന് ഉന്തിനില്‍ക്കുന്ന ചേരികളിലൊന്നില്‍ ജീവിക്കുന്നു. നഗരം കൂടുതല്‍ വികസിക്കുന്ന മുറക്ക് ഉന്തിനില്‍ക്കുന്ന ഭാഗം ഇല്ലാതാകുമെന്ന തിരിച്ചറിവുണ്ട് ഇയാള്‍ക്ക്. പുതുതായി സൃഷ്ടിക്കപ്പെടുന്ന ചേരിയില്‍ തനിക്കും കുടുംബത്തിനും ഇടം കിട്ടില്ലെന്നും. അത് സംഭവിക്കും മുമ്പ് കുടുംബത്തിന് സ്വസ്ഥമായുറങ്ങാനിടമൊരുക്കണമെന്നതിനാല്‍ ഏത് സമയത്തും ജോലിക്ക് സന്നദ്ധനാണ്. മൂന്ന് സെന്റ് സ്ഥലവും അതിലൊരു പഴയ കെട്ടിടവും അക്ബറിന് കുടുംബസ്വത്തായി കിട്ടിയിട്ടുണ്ട്. അഹമ്മദാബാദിനും ഗാന്ധി നഗറിനുമിടയില്‍. ഗുജറാത്തിന്റെ തലസ്ഥാനനഗരമെന്ന നിലക്ക് ഗാന്ധിനഗറിനെ ആസൂത്രിതമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് നരേന്ദ്ര മോദി ഭരണകൂടം. ഇതിന്റെ ഭാഗമായി അഹമ്മദാബാദില്‍ നിന്ന് ഗാന്ധിനഗറിലേക്ക് നിര്‍മിച്ച നാലുവരിപ്പാത കടന്നുപോകുന്നത് അക്ബറിന്റെ സ്ഥലത്തോട് ചേര്‍ന്നാണ്.


2002 ഫെബ്രുവരി വരെ താമസിച്ചിരുന്ന ഈ സ്ഥലത്തേക്കൊരു മടക്കം അക്ബറിന്റെ മനസ്സിലില്ല. ചേരിക്ക് പുറത്ത് സ്വന്തമായൊരിടമെന്ന സ്വപ്‌നം, ഈ സ്ഥലം വിറ്റാല്‍ യാഥാര്‍ഥ്യമായേക്കും. പക്ഷേ, വില്‍പ്പനയെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. കാരണം ഭൂമി തന്റെതല്ലായെന്ന ബോധ്യം ഇയാള്‍ക്കുണ്ട്. ഗുജറാത്ത് വംശഹത്യയുടെ ആഘാതം ഏറ്റവും ചുരുങ്ങിയ തോതില്‍ ഏറ്റുവാങ്ങിയ ആളുകളിലൊരാളാണ് അക്ബര്‍. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെയുണ്ടായിരുന്ന ചേരിതിരിവിന് വിഭജനത്തോടെ ആക്കം കൂടിയതാണ് ഗുജറാത്തിന്റെ വര്‍ഗീയ ചരിത്രം. ആ ചരിത്രത്തിന്‍മേലാണ് വംശഹത്യയുടെ പരീക്ഷണം നരേന്ദ്ര മോദി നടത്തിയത്. ചില കടകള്‍ ആക്രമിക്കപ്പെട്ടതൊഴിച്ചാല്‍ അക്ബര്‍ താമസിച്ചിരുന്ന പ്രദേശത്ത് വലിയ സംഭവങ്ങളുണ്ടായില്ല. പക്ഷേ, ഏത് നിമിഷവും ആക്രമിക്കപ്പെടാമെന്ന അവസ്ഥയിലായിരുന്നു ജീവിതം. ഹൈന്ദവര്‍ക്ക് വലിയ ഭൂരിപക്ഷമുള്ള മേഖലയില്‍ ജീവിതം സുരക്ഷിതമല്ലെന്ന തോന്നല്‍ ബലപ്പെട്ടു. 2002 ഫെബ്രുവരി അവസാനം അക്ബറും കുടുംബവും അഹമ്മദാബാദിലെ ചേരിയിലേക്ക് കുടിയേറി. വ്യാഴവട്ടത്തിനിടെ സ്വന്തം സ്ഥലത്തേക്ക് തിരികെപ്പോയത് രണ്ടോ മുന്നോ തവണ മാത്രം. സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുവെന്ന് ഉറപ്പായതോടെ പോക്ക് നിര്‍ത്തി.


കുടുംബത്തിലാരും കശാപ്പുകത്തിക്ക് ഇരയായിട്ടില്ല, മകളോ സഹോദരിയോ ഭാര്യയോ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ല, സ്വന്തം കിടപ്പാടത്തില്‍ നിന്ന് ബലംപ്രയോഗിച്ച് ഒഴിപ്പിക്കപ്പെട്ടിട്ടില്ല, എല്ലാം കത്തിയെരിയുന്നതിന് സാക്ഷിയാകേണ്ടിവന്നിട്ടില്ല - 2002ന്റെ ആഘാതം ഏറ്റവും ചുരുങ്ങിയ തോതില്‍ ഏറ്റുവാങ്ങിയവരില്‍ ഒരാളെന്ന് അക്ബറിനെ വിശേഷിപ്പിച്ചത് അതുകൊണ്ടാണ്. ചുരുങ്ങിയ തോതിലുള്ള ആഘാതം ഇവയൊക്കെയാണ് - വര്‍ഷങ്ങള്‍ നല്ല അയല്‍ക്കാരായിരുന്നവരെ ഒരു രാവ്‌വെളുത്തപ്പോള്‍ സംശയിക്കേണ്ടിവന്നു. അവരെ ഭയന്ന് വീടും ഭൂമിയും ഉപേക്ഷിക്കേണ്ടിവന്നു. ആ ഭയത്തില്‍ ഇപ്പോഴും ജീവിക്കുന്നു. നാളെയൊരു 'പരീക്ഷണ'മുണ്ടായാല്‍ തനിക്കും തന്റെ കുടുംബത്തിനും എന്തൊക്കെ സംഭവിക്കാമെന്ന ആപത്ശങ്കയില്‍ മോചനമില്ലാതെ തുടരുന്നു.


ആസൂത്രിതവും സംഘടിതവുമായ കൂട്ടക്കുരുതിയുടെ നേരിട്ടുള്ള ആഘാതമേറ്റുവാങ്ങാത്ത, അക്ബറിനെപ്പോലുള്ളവര്‍ ധാരാളമുണ്ട്. ഭയത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ആയിരങ്ങള്‍. മതത്തെക്കുറിക്കുന്ന ചെറിയ ചിഹ്നങ്ങള്‍ പോലും തീവ്രവാദിയെന്ന സംശയത്തിലേക്ക് വഴിതുറക്കുമെന്ന ഭയത്തില്‍, ഉള്‍വലിയുകയോ സ്വന്തമിടമുപേക്ഷിച്ച് ഓടിപ്പോകുകയോ ചെയ്തവര്‍.


സാധാരണ ജീവിതത്തിലേക്ക് ഇവര്‍ക്ക് തിരികെവരണമെങ്കില്‍ സ്വന്തമിടങ്ങളിലേക്ക് മടങ്ങാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടണമായിരുന്നു. അത് ഇതുവരെയുണ്ടായില്ലെന്നതിന് അക്ബറുമാരുടെ ജീവിതം സാക്ഷി. ഭയത്താല്‍ കുടിയൊഴിയേണ്ടിവന്നവര്‍ക്കും ബലപ്രയോഗത്തില്‍ കിടപ്പാടം നഷ്ടമായവര്‍ക്കും പുനരധിവാസമൊരുക്കുകയായിരുന്നു മറ്റൊരു വഴി. അതുമുണ്ടായില്ല. വംശഹത്യയുടെ ഇരകള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിച്ചു. അത് സമയത്തിന് വിതരണം ചെയ്യാന്‍ ശ്രദ്ധിച്ചില്ല നരേന്ദ്ര മോദി ഭരണകൂടം. ഒടുവില്‍ സുപ്രീം കോടതിയുടെ നിര്‍ദേശം വേണ്ടിവന്നു, തുക വിതരണം ചെയ്യാന്‍. തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി, പണം കൈപ്പറ്റാന്‍ കഴിഞ്ഞവരുടെ കണക്ക് വ്യക്തമല്ല. ഇവരടക്കം ന്യൂനപക്ഷ സമുദായാംഗങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചത്. രാജ്യത്താകെയുള്ള ന്യൂനപക്ഷങ്ങളുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി പഠിച്ച രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍. ന്യൂനപക്ഷ സമുദായത്തിലെ കുട്ടികള്‍ക്ക് മാത്രം സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത് ഭരണഘടന നല്‍കുന്ന തുല്യാവകാശത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് ആദ്യം ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചു നരേന്ദ്ര മോദി സര്‍ക്കാര്‍.


വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണവും വിചാരണയുമൊക്കെ ഏത് വിധത്തില്‍ അട്ടിമറിക്കപ്പെട്ടുവെന്നതിന് ബെസ്റ്റ് ബേക്കറി കേസിനേക്കാള്‍ വലിയ തെളിവ് വേണ്ട. കേസില്‍ ആരോപണവിധേയരായവരെ രക്ഷിച്ചെടുക്കാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും പ്രലോഭിപ്പിക്കുകയുമൊക്കെ ചെയ്തതിന്റെ രാജ്യത്തെ നാണിപ്പിക്കുന്ന കഥകള്‍. വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റിയിട്ട് പോലും നീതി പൂര്‍ണമായും നടപ്പാക്കപ്പെട്ടില്ല ഈ കേസില്‍. മറ്റ് കേസുകളില്‍ പലതിലും സംഘ്പരിവാറിനോട് കൂറുള്ള അഭിഭാഷകരെ പ്രത്യേക പ്രോസിക്യൂട്ടര്‍മാരായി നിയമിച്ച് ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ ശ്രമിച്ചു. പ്രോസിക്യൂട്ടര്‍മാരില്‍ നിന്ന് കേസിന്റെ രേഖകള്‍ സംഘ് ആസ്ഥാനത്തേക്കും അവിടെ നിന്ന് ആരോപണവിധേയരുടെ പക്കലേക്കും അനുസ്യൂതമൊഴുകി. ഇതിനെല്ലാം പുറമെയാണ് അന്വേഷണത്തിന് വിധേയമാകാതെ ശേഷിക്കുന്ന വെളിപ്പെടുത്തലുകള്‍.


വംശഹത്യയില്‍ അത്യുത്സാഹത്തോടെ പങ്കെടുത്തതിന്റെ കഥ ഒളിക്യാമറക്ക് മുന്നില്‍ വിവരിച്ച ബജ്‌രംഗ് ദള്‍ നേതാവ് ബാബു ബജ്‌രംഗി തനിക്ക് ഒളിത്താവളമൊരുക്കിയ മോദി സാബിനെക്കുറിച്ച് പറഞ്ഞിരുന്നു. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിനൊടുവില്‍ ബജ്‌രംഗി ജയിലിലായി, പക്ഷേ, ഒളിത്താവളമൊരുക്കിയ മോദി സാബിനെക്കുറിച്ച് അന്വേഷണമുണ്ടായില്ല. നടത്തിയ അന്വേഷണത്തില്‍ തന്നെ തെളിവില്ലെന്ന കാരണത്താല്‍ സാബിന് ശുദ്ധിപത്രം നല്‍കി പ്രത്യേക സംഘം. സംഘത്തിന്റെ റിപ്പോര്‍ട്ടിനെ സംശയദൃഷ്ടിയോടെ വീക്ഷിച്ചെങ്കിലും പുനരന്വേഷണത്തിന് നിര്‍ദേശിച്ചില്ല പരമോന്നത നീതിപീഠം.


വംശഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ പതിറ്റാണ്ട് പിന്നിട്ട പ്രവര്‍ത്തനം തുടരുകയാണ്. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്ന താത്പര്യം കമ്മീഷനില്ല, നിര്‍ബന്ധം സര്‍ക്കാറിനുമില്ല. അന്വേഷണമുണ്ടോ എന്ന് ചോദിച്ചാല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം തുടരുകയല്ലേ എന്ന് മറുപടി പറയാന്‍ മാത്രമൊരു കമ്മീഷന്‍. കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാറിനെതിരെ ഏതെങ്കിലും വിധത്തില്‍ പ്രതികരിച്ചവര്‍ മോദി ഭരണകൂടത്തിന്റെ പ്രതികാര നടപടികള്‍ക്ക് വിധേയരായി. പൗരാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട സ്വതന്ത്ര അന്വേഷണ കമ്മീഷനോട് സംസാരിച്ചുവെന്നതിന്റെ പേരില്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയെന്ന് വരെ ആരോപണം നിലനില്‍ക്കുന്നു.


കൂട്ടക്കുരുതിക്ക് അവസരമൊരുക്കാന്‍ പാകത്തില്‍ നിഷ്‌ക്രിയമാകാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് ആരോപണമുണ്ട്. നിര്‍ദേശം അതേപടി നടപ്പാക്കിയ ഉദ്യോഗസ്ഥര്‍, ഭരണനേതൃത്വത്തിലുള്ളവരുമായി ടെലിഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ പിന്നീട് പുറത്തുവന്നു. ഇത് ശേഖരിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ കേസില്‍ കുടുങ്ങിക്കിടക്കുന്നു. സ്വന്തം ഉത്തരവാദിത്തം നിറവേറ്റാതെ, ഭൂരിപക്ഷ സമുദായത്തിന്റെ രോഷം ഒഴുകിപ്പോകാന്‍ അവസരമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കൊക്കെ സ്ഥാനക്കയറ്റം ലഭിച്ചു. സര്‍വീസ് കാലാവധി നീട്ടിനല്‍കപ്പെട്ടു. സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ പുതിയ സ്ഥാനമാനങ്ങള്‍ നല്‍കി അവരെ ആദരിച്ചു.


കുരു, പാണ്ഡവ സ്വത്തു തര്‍ക്കത്തിന്റെ കഥ, കുരുക്ഷേത്രത്തിലെ രക്തച്ചൊരിച്ചിലിന് ശേഷം അവസാനിക്കുമ്പോള്‍, ഇതിലില്ലാത്തത് ഒരിടത്തുമുണ്ടാകില്ലെന്ന് വേദവ്യാസന്‍ അഹങ്കാരത്തോടെ പറഞ്ഞിരുന്നു. മനുഷ്യജീവിതത്തില്‍ സാധ്യമായ എല്ലാ നന്മ,തിന്മകളും വ്യവഹരിക്കപ്പെട്ടിരുന്നു മഹാഭാരതത്തില്‍. ജ്യേഷ്ഠന്റെ, ജ്യേഷ്ഠസ്ഥാനീയന്റെ, ഗുരുവിന്റെ, പിതാമഹന്റെ ഒക്കെ തലയറുക്കുന്നതിനുള്ള ന്യായം പോലും നിരത്തപ്പെട്ടു. യുദ്ധത്തില്‍ ധര്‍മനീതിക്ക് സ്ഥാനമില്ലെന്ന ന്യായം നിരത്തപ്പെടുകയും ചെയ്തു. വ്യാസന്റെ കഥകളിലും ഉപകഥകളിലും കാണാത്ത ക്രൂരതകളുണ്ട് ഗുജറാത്ത് വംശഹത്യയില്‍. അതിലുന്നയിക്കാത്ത ന്യായയുക്തികളുണ്ട് വംശഹത്യാനന്തരമുള്ള സംഭവങ്ങളില്‍. ഏതൊരു പ്രവൃത്തിക്കും തുല്യശക്തിയുള്ള പ്രതിപ്രവൃത്തിയുണ്ടാകുമെന്ന ന്യൂട്ടന്റെ സിദ്ധാന്തം മുതല്‍ മുസ്‌ലിംകളെല്ലാം ഭീകരവാദികളല്ല, ഭീകരവാദികളെല്ലാം മുസ്‌ലിംകളാണ് എന്നു വരെ നീളുന്ന ന്യായയുക്തികള്‍.


ഇതിനെല്ലാം ശേഷമാണ് അന്നു നടന്നതൊക്കെ വേദനിപ്പിക്കുന്നതായിരുന്നുവെന്ന് നരേന്ദ്ര മോദി സാഹെബ് പറയുന്നത്. അതും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുകയും ഘടകകക്ഷികളെ ആകര്‍ഷിക്കുക പ്രയാസമാകുമെന്ന് ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍. ''മനുഷ്യത്വരഹിതമായ കലാപത്തിന് സാക്ഷിയാകുമ്പോള്‍ അനുഭവിച്ച വേദനയും ശൂന്യതയും വാക്കുകളില്‍ വിവരിക്കാനാകില്ല'' എന്നാണ് മോദി ഇപ്പോള്‍ പറയുന്നത്. റൊട്ടിയും സബ്ജിയും കഴിക്കുന്നവരില്‍ എത്രപേര്‍ ഈ വാക്കുകള്‍ വിശ്വസിക്കുമെന്ന് കണ്ടറിയണം. ഭീകരവാദികളും രാജ്യദ്രോഹികളുമായ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇത്രയും നാള്‍ സ്വീകരിച്ച കടുത്ത നിലപാടുകളെ, വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് അവരെ കൊന്നൊടുക്കുന്നതുള്‍പ്പെടെ, അധികാരസോപാനത്തിലേക്ക് കാലെടുത്തുവെക്കാന്‍ അവസരമുണ്ടായാല്‍ തള്ളിപ്പറയാന്‍ മടിക്കാത്തയാളാണ് താനെന്ന് നരേന്ദ്ര മോദി ഇപ്പോള്‍ തെളിയിച്ചുവെന്ന് ഇത്രനാളും തീവ്ര ഹിന്ദുത്വയില്‍ ആകൃഷ്ടരായി നിന്ന സംഘ് പരിവാറുകാരെങ്കിലും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കാം. വേദനിച്ചെന്ന വെളിപ്പെടുത്തലിന് അതിലപ്പുറം പ്രാധാന്യമൊന്നുമില്ല.  സംഘ് പരിവാറുകാര്‍, പിന്നാക്ക വിഭാഗക്കാരനെങ്കിലും മോദിയും, പിന്തുടരുന്ന സവര്‍ണ പാരമ്പര്യത്തെ കടമെടുത്താല്‍ ഈ കാപട്യത്തെ മുഖമടച്ച് ആട്ടുകയാണ് രാജ്യം ചെയ്യേണ്ടത്. ചേരിയില്‍ നിന്ന് നാളെ പറിച്ചെറിയപ്പെടുമെന്ന് അറിയുമ്പോഴും തട്ടിയെടുക്കപ്പെട്ട സ്വത്തിന് വേണ്ടി അപേക്ഷിക്കാന്‍ തയ്യാറാകാത്തവര്‍ ചെയ്യുന്നത് അതാണ്.

2013-12-16

സമരവും സ്വാര്‍ഥതയും


ആധാറധിഷ്ഠിതമായ ഒരു ജീവിതക്രമം. അതാണ് ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിന്റെ പരമോന്നതമായ ലക്ഷ്യങ്ങളിലൊന്ന്. 2014 മാര്‍ച്ചില്‍ നടക്കുന്ന തി രഞ്ഞെടുപ്പില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കുകയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്താലും ജനങ്ങളുടെ ജീവിതക്രമം ആധാറധിഷ്ഠിതമാക്കാനുള്ള ശ്രമം ഊര്‍ജിതമായി തുടരും. സാമ്പത്തിക നയങ്ങളുടെ കാര്യത്തിലും അത് നടപ്പാക്കുന്നതിലെ വേഗത്തിന്റെ കാര്യത്തിലും ഇരു കൂട്ടരും സമാനമനസ്‌കരായതുകൊണ്ടാണ് ഈ പ്രവചനം സാധ്യമാകുന്നത്. നടപ്പാക്കുന്നതിന് പുറത്തേക്ക് പറയുന്ന കാരണങ്ങള്‍ ഭിന്നമായേക്കുമെന്ന് മാത്രം. വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ലെന്ന പഴമൊഴിയില്‍ വിശ്വസിച്ച്, ആധാറധിഷ്ഠിതമായ ജീവിതക്രമ സൃഷ്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ആലോചിക്കാം.


ആധാര്‍ പൗരന്‍മാരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നാണ് പരമോന്നത കോടതിയുടെ വിധി. പാചക വാതകത്തിന്റെ സബ്‌സിഡി വിതരണം ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും കോടതി വിധിച്ചു. ഇതൊക്കെ വേണമെങ്കില്‍ ആധാറിനൊരു നിയമത്തിന്റെ പിന്‍ബലം ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമം കൊണ്ടുവരാന്‍ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും, വലിയ എതിര്‍പ്പ് നേരിടേണ്ടിവന്നിരുന്നു. പൗരന്റെ സ്വകാര്യതയിലേക്ക് ചൂഴ്ന്നിറങ്ങും വിധത്തിലുള്ള വിവരശേഖരണത്തെ ചോദ്യം ചെയ്ത് പാര്‍ലിമെന്റിന്റെ സെലക്ട് കമ്മിറ്റി തന്നെ രംഗത്തെത്തി. അതോടെയാണ് നിയമനിര്‍മാണത്തിന് മെനക്കെടാതെ, ആധാര്‍ നടപ്പാക്കലുമായി മുന്നോട്ടുപോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പാചക വാതക സബ്‌സിഡിയുടെ വിതരണത്തെ ആധാറുമായി ബന്ധിപ്പിക്കുക എന്ന കന്നി സംരംഭവുമായി മുന്നോട്ടുപോകുകയും ചെയ്യുന്നു സര്‍ക്കാര്‍. പലയിടത്തും സബ്‌സിഡി വിതരണം ആധാര്‍ ശൃംഖലയിലേക്ക് എത്തിയ ബേങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്ന സംവിധാനം നടപ്പായി. ബാക്കിയുള്ളിടത്ത് എല്‍ പി ജി ഉപഭോക്താക്കള്‍ക്ക് പൊതുമേഖലാ എണ്ണക്കമ്പനികളില്‍ നിന്നോ ഏജന്റുമാരില്‍ നിന്നോ നിരന്തരം സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടേയിരിക്കുന്നു. ബേങ്ക് അക്കൗണ്ട് ആലേഖിതമായ ആധാര്‍ ഉടന്‍ സമര്‍പ്പിക്കണമെന്നും സബ്‌സിഡി വിതരണം വൈകാതെ അതുവഴിയാകുമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം.


ഈ അവസ്ഥയില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഇങ്ങനെ ചുരുക്കിയെഴുതാം. ആധാര്‍ നമ്പര്‍ കിട്ടുന്നതിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ട അക്ഷയ കേന്ദ്രങ്ങളിലെ വലിയ തിരക്ക്. പല കുറി, അക്ഷയ സെന്ററില്‍ പോയി, തിരക്കൊക്കെ സഹിച്ച് അപേക്ഷ നല്‍കി മാസങ്ങളായിട്ടും നമ്പര്‍ കിട്ടാത്തത്. നമ്പര്‍ ഉടനറിയിക്കണമെന്ന് സന്ദേശദ്വാരാ ഭീഷണി തുടരുന്നതിനാല്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരൊക്കെ ഉത്കണ്ഠാകുലരാണ്. അത് കൂടുതലുള്ളത് വീട്ടമ്മമാരിലും. ബേങ്കില്‍ ആലേഖനം ചെയ്ത ആധാര്‍ ഏജന്‍സിയിലെത്തിച്ചവര്‍ക്കുമുണ്ട് ഉത്കണ്ഠക്ക് കാരണങ്ങള്‍. സിലിന്‍ഡറൊന്നിന് സര്‍ക്കാര്‍ നിലവില്‍ നല്‍കുന്ന സബ്‌സിഡിപ്പണം മുഴുവനായി അക്കൗണ്ടിലേക്ക് എത്തുന്നില്ലെന്നതാണ് ഒരു പരാതി. സബ്‌സിഡിപ്പണം ഒട്ടുമെത്തുന്നില്ലെന്ന പരാതി അപൂര്‍വമായിട്ടെങ്കിലും നിലനില്‍ക്കുന്നു. പാചകവാകത്തിലെ പരീക്ഷണം ഇത്രമാത്രം പരാതിക്കിടയാക്കുമ്പോള്‍ മറ്റുള്ളതെല്ലാം ആധാറിലേക്ക് ബന്ധിപ്പിക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത് എന്താകുമെന്ന ആശങ്ക വലുതാണ്.


ഈ അവസ്ഥയില്‍ ഏത് സാധാരണക്കാരന്റെയും മനസ്സിലുയരുന്ന ചോദ്യങ്ങളിലൊന്ന് ''ഇതൊന്നും ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലേ'' എന്നതായിരിക്കും. വോട്ട് ചെയ്ത് തിരഞ്ഞെടുത്തയച്ച പ്രതിനിധികള്‍ ഇതിലൊന്നും ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉണ്ടായേക്കാം. ഇതിനൊന്നും വേണ്ടി സമരം ചെയ്യാന്‍ ഇവിടെ ആരുമില്ലല്ലോ എന്ന ചോദ്യവും ചിലരില്‍ ഉയര്‍ന്നേക്കാം. സമരം മൂലമുണ്ടായ ഒരു ഗതാഗതക്കുരുക്കില്‍ നില്‍ക്കെ, ഇതേ ആളുകള്‍ തന്നെ, ഇവന്‍മാര്‍ക്കൊക്കെ വേറെ പണിയില്ലേ എന്നും ചോദിച്ചേക്കാം. താന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന ആഗ്രഹത്തോളം തന്നെയോ അതിലേറെയോ ഉത്കടമായ ആഗ്രഹമുള്ളവരാണ് മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങുന്നത് എന്ന് ചിന്തിക്കാന്‍ ശ്രമിക്കാറില്ല, ഭൂരിപക്ഷം പേരും.


കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും അവരുള്‍ക്കൊള്ളുന്ന ഇടതുപക്ഷത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചവരാണ് കേരളത്തിലെ ക്രിസ്തീയ സഭകള്‍. അവിശ്വാസികളുടെ കൂട്ടമെന്ന നിലക്ക് എതിര്‍പ്പ് അടിസ്ഥാനപരമായിത്തന്നെയുണ്ടായിരുന്നു. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണം എന്നിവയെച്ചൊല്ലിയുയര്‍ന്ന എതിര്‍പ്പും തുടര്‍ന്നുണ്ടായ വിമോചന സമരത്തിലെ സജീവ പങ്കാളിത്തവും സഭയുടെ രാഷ്ട്രീയ എതിര്‍പ്പ് ശക്തമാകാന്‍ കാരണമായി. ഇടതുപക്ഷത്തിന്റെ സമരരീതികളെ ശക്തമായി വിമര്‍ശിച്ചവരുടെ മുന്‍പന്തിയില്‍ എക്കാലത്തും സഭാ നേതാക്കളുണ്ടായിരുന്നു. തീവ്രവും അക്രമോത്സുകവുമാണ് സമരരീതികളെന്നും അതിന്റെ പ്രകടിതരൂപങ്ങളാണ് ബന്ദും ഹര്‍ത്താലുമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊതുമുതലിന്റെ നശീകരണത്തിന് കാരണമായേക്കാവുന്ന ഇത്തരം സമരരീതികള്‍ക്കെതിരെ, ക്രിസ്തീയ പുരോഹിതര്‍ക്ക് മാത്രം സ്വായത്തമായ ഈണത്തില്‍, ബോധവത്കരണം നടത്താന്‍ അവര്‍ നിരന്തരം ശ്രമിക്കുകയും ചെയ്തിരുന്നു.


ഇടുക്കി, വയനാട്, കണ്ണൂരിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ ഇന്ന് കാണുന്ന ചിത്രം മറ്റൊന്നാണ്. സഭാ നേതാക്കള്‍ ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നു. അഭ്യൂഹത്തിന്റെ പേരില്‍ അക്രമം കാട്ടിയവരെ സംരക്ഷിക്കാന്‍ പുരോഹിതര്‍ മുന്‍കൈ എടുക്കുന്നു. (കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഭൂമി അളക്കാനെത്തിയവരെന്ന് സംശയിച്ച് കര്‍ണാടക വനം വകുപ്പിന്റെ ഉദ്യോഗസ്ഥരെ ബന്ദികളാക്കുകയും കേരള പോലീസിന്റേതടക്കം ഇരുപതിലധികം വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തവരെ സംരക്ഷിക്കാന്‍ മുന്‍കൈ എടുത്തത് വൈദികനായിരുന്നു) വേണ്ടിവന്നാല്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് പ്രഖ്യാപിക്കുന്നു. നടപ്പാക്കാന്‍ പോകുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, കുടിയേറ്റ കര്‍ഷകരുടെ (അതില്‍ ഭൂരിഭാഗവും ക്രിസ്തുമത വിശ്വാസികള്‍) ജീവിതം ദുരിതത്തിലാക്കുമെന്ന വിശ്വാസത്തില്‍ എത്ര തീവ്രമായ സമരത്തിനും തയ്യാറെന്ന് പ്രഖ്യാപിക്കുകയാണ് ഇവര്‍.


വലതുപക്ഷത്തിന്റെ സമര കാലത്ത് സെക്രട്ടേറിയറ്റിനുള്ളില്‍ കയറി ജോലി ചെയ്‌തേ അടങ്ങൂ എന്ന് വാശിപിടിക്കുന്ന ഇടതുപക്ഷക്കാരുണ്ടാകും. തിരിച്ചുമുണ്ടാകും. രണ്ട് കൂട്ടര്‍ക്കും അസ്വീകാര്യമായ നിര്‍ദേശങ്ങള്‍ (അത് ജനോപകാപ്രദമാണെങ്കില്‍ക്കൂടി) സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായാല്‍, യോജിച്ച് സമരം ചെയ്യുന്നതിന് ഇവര്‍ക്ക് മടിയുണ്ടാകില്ല. ഭരണത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും രാഷ്ട്രീയ പാര്‍ട്ടികളെടുക്കാറുള്ള സമീപനങ്ങളിലും ഈ വൈരുധ്യം പ്രകടമാണ്. ഈ വൈരുധ്യങ്ങളും സമരാനുകൂല- പ്രതികൂല ചിന്തകളെ ഉത്പാദിപ്പിക്കുന്നതില്‍ സ്വാര്‍ഥതക്കുള്ള പങ്കും കൂടി വിലയിരുത്തി വേണം സോളാര്‍ കേസിലെ ഉപരോധ വേദിക്ക് മുന്നില്‍ സ്ത്രീ നടത്തിയ പ്രതിഷേധ പ്രകടനത്തെയും അതിനെ അനുമോദിച്ച് അഞ്ച് ലക്ഷം പാരിതോഷം നല്‍കിയ വ്യവസായ പ്രമുഖന്റെ നടപടിയെയും വിലയിരുത്താന്‍.


ഉപരോധവും അതിന് പ്രതിരോധമായുള്ള പോലീസ് ബാരിക്കേഡുമായപ്പോള്‍ വാഹനമോടിക്കാന്‍ പ്രയാസം നേരിട്ട സ്ത്രീയുടെ പൊടുന്നനെയുള്ള പ്രതിഷേധമായിരുന്നു യഥാര്‍ഥത്തില്‍ സംഭവിച്ചത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ സാധുത തന്നെ ചോദ്യം ചെയ്യാനുള്ള അവസരമായി ഈ സംഭവത്തെ വളര്‍ത്തി വലുതാക്കിയതിലാണ് യഥാര്‍ഥത്തില്‍ അരാഷ്ട്രീയത കുടികൊള്ളുന്നത്. ഈ വളര്‍ത്തലിന് പിന്നില്‍ പല വിധത്തിലുള്ള സ്വാര്‍ഥതകള്‍ വര്‍ത്തിക്കുന്നുവെന്ന് പുറമെയുള്ള ആദ്യത്തെ തൊലി പൊളിച്ചുകളഞ്ഞാല്‍ തന്നെ മനസ്സിലാകും. ഒന്നോ രണ്ടോ പേരുടെയോ ഏതെങ്കിലുമൊരു സര്‍ക്കാറിതര സംഘടനയുടെയോ ഹരജി പരിഗണിച്ച് നിരത്തോരത്തെ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിക്കാന്‍ തയ്യാറാകുന്ന തേജോപുഞ്ജങ്ങളായ ന്യായാധിപന്‍മാരെ പ്രകീര്‍ത്തിക്കുകയും അത്തരം വിധിതീര്‍പ്പുകള്‍ക്ക് വലിയ പ്രാമുഖ്യം നല്‍കുകയും ചെയ്യുന്നവര്‍ തന്നെയാണ് ഇപ്പോഴത്തെ ശകാരവര്‍ഷത്തെ വലുതാക്കിയെടുത്തതും. സ്ത്രീക്ക് പാരിതോഷികം സമ്മാനിച്ച്, സമരങ്ങളെ നേരിടണമെന്നും അത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നുമുള്ള സന്ദേശം സമുഹത്തിന് നല്‍കുന്നവര്‍, തേജോപുഞ്ജങ്ങളായ ന്യായാധിപര്‍ ഇവരും മുന്‍ ചൊന്ന വൈരുധ്യങ്ങള്‍ക്ക് വിധേയരാണ്.


ക്ലിഫ് ഹൗസ് ഉപരോധവേദിക്ക് മുന്നിലുണ്ടായ സംഭവം വ്യവസായപ്രമുഖന്റെ പാരിതോഷിക പ്രഖ്യാപനത്തിന് ഇടയാക്കുകയും അഭൂതപൂര്‍വമാം വിധത്തില്‍ വിശകലനവിധേയമാകുകയും ചെയ്തതിന് പിന്നില്‍ ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ ഫലമുണ്ടെന്ന് നിശ്ചയമായും കരുതണം. കഴിഞ്ഞ വര്‍ഷകാലത്ത് മാത്രം മുളച്ച ആം ആദ്മി പാര്‍ട്ടി, നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വിള കൊയ്തിരിക്കുന്നു. നിലവിലുള്ള രാഷ്ട്രീയ സംവിധാനങ്ങളെ പരീക്ഷിച്ച് മടുത്ത ജനങ്ങള്‍ മാറ്റത്തിന് വേണ്ടി ഉറ്റുനോക്കുകയാണെന്ന വിലയിരുത്തല്‍ ഇതോടെ സൃഷ്ടിക്കപ്പെട്ടു. വലത്, ഇടത് മുന്നണികള്‍ മൂന്ന് പതിറ്റാണ്ടായി മാറിമാറി ഭരിക്കുന്ന കേരളത്തില്‍ മാറ്റത്തിന് അനുയോജ്യമായ സാഹചര്യമുണ്ടെന്ന് വിലയിരുത്തലുണ്ടായാല്‍ തെറ്റാണെന്ന് പറയാനാകില്ല. അതിനൊരു കൈ നോക്കാന്‍ ആരെങ്കിലും മുന്‍കൈ എടുത്താല്‍ സര്‍വ പിന്തുണയുമുണ്ടാകുമെന്ന് പറയാതെ പറയുന്നതാണ് ഈ 'പാരിതോഷിക'ക്കാഴ്ച.


വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നൊക്കെ ഭിന്നമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കള്‍, പാര്‍ട്ടി രൂപവത്കരിക്കുന്നതിന് മുമ്പെടുത്ത നിലപാടുകള്‍ തീര്‍ത്തും അരാഷ്ട്രീയമായിരുന്നു. അതിലാണ് ഈ പിന്തുണക്കാരുടെ പ്രതീക്ഷയും. പക്ഷേ, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാകത്തിലുള്ള രാഷ്ട്രീയ സംവിധാനമായി പരിവര്‍ത്തനം ചെയ്തപ്പോള്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന നിലപാട് സ്വീകരിക്കാനും അതിനോട് പ്രതികരിക്കുന്നതിന് പ്രായോഗിക വഴികള്‍ തേടുന്നതിനും ഈ നേതാക്കള്‍ നിര്‍ബന്ധിതരായെന്ന സമീപകാലത്തെ കാഴ്ച ഈ പിന്തുണക്കാര്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്.


ഈ സമരവിരുദ്ധ 'പാരിതോഷിക' പ്രഖ്യാപന സമീപനം ഇടുക്കിയിലേക്കോ സഭാ നേതാക്കള്‍ സമരത്തിന് ആഹ്വാനം ചെയ്യുന്ന ഇതര മേഖലകളിലേക്കോ വളര്‍ത്താന്‍ ഇവരാരും തയ്യാറാകില്ല. കസ്തൂരിയിലെ പ്രതിഷേധത്തിന്റെ ഭാഗമായി നാളെ, കുഞ്ഞാടുകളെയും കൂട്ടി മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കാന്‍ സഭാ നേതാക്കളെത്തിയാല്‍ അവിടെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ മഹത്വമുദ്‌ഘോഷിക്കാന്‍ ആരുമെത്താനിടയില്ല. അഥവാ ആരെങ്കിലുമെത്തിയാല്‍ പാരിതോഷികം പ്രഖ്യാപിക്കാന്‍ ആരുമുണ്ടാകുകയുമില്ല. സഭാ നേതാക്കളുടെ സമരം വിജയിപ്പിക്കാന്‍ ഇപ്പോഴത്തെ ക്ലിഫ് ഹൗസ് ഉപരോധക്കാര്‍ അരയും തലയും മുറുക്കി രംഗത്തുണ്ടാകുമെന്നത് പാരിതോഷികപ്രഖ്യാപനക്കാരെ അലോസരപ്പെടുത്തുകയേയില്ല.


സമരത്തിന് കാരണമായി പറയുന്ന കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമില്ലാതിരിക്കുക, സമരം ചെയ്യുന്നവര്‍ക്ക് തന്നെ അതിനോട് ആത്മാര്‍ഥതയില്ലെന്ന പ്രതീതി സൃഷ്ടിക്കപ്പെടുക, ഇവകളെ സാധൂകരിക്കും വിധത്തിലുള്ള പ്രകടനമായി സമരം മാറുക - സ്വാര്‍ഥതയും അതിന്റെ തുടര്‍ച്ചയായ വൈരുധ്യവും ഇവിടെയുമുണ്ട്. അതുകൊണ്ട് തന്നെ അരാഷ്ട്രീയവാദങ്ങളുടെ സൃഷ്ടിക്ക് തങ്ങള്‍ തന്നെ വഹിക്കുന്ന പങ്കിനെ, വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം വിലയിരുത്തുകയും വേണം. അല്ലെങ്കില്‍ നിലവിലെ സാമ്പത്തിക - സമൂഹിക ഘടകങ്ങള്‍ക്കധിഷ്ഠിതമായി ക്രമപ്പെടുത്തിയ ഒന്നായി രാഷ്ട്രീയ പാര്‍ട്ടികള്‍ മാറും. ഇപ്പോള്‍ തന്നെ അങ്ങനെ മാറിയിട്ടില്ലെങ്കില്‍. അവര്‍ക്ക് സൗകര്യം പ്രതികരണ ശേഷി കുറഞ്ഞ, ആധാറടക്കമുള്ള നമ്പറുകളാല്‍ നിയന്ത്രിതമായ ജീവിതക്രമമുള്ള പൗരന്‍മാരെയായിരിക്കും.

2013-12-09

'സെമി'യില്‍ തോറ്റ പ്ലേ മേക്കര്‍


അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് 2014ലെ പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് വിശേഷിപ്പിക്കപ്പെട്ടത്. എങ്ങനെയാണ് ഇതൊരു സെമിഫൈനലായത്, അല്ലെങ്കില്‍ ഇതെന്തുകൊണ്ടാണ് സെമിഫൈനലായി ചിത്രീകരിക്കപ്പെട്ടത് എന്നതാണ് ആദ്യം ആലോചിക്കേണ്ടത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഡല്‍ഹി, മിസോറാം സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അവയില്‍ മിസോറാമിലെ ജനവിധിയെ രാജ്യം വലിയ തോതില്‍ പരിഗണനക്കെടുത്തില്ല, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ പൊതുവില്‍ നിലനില്‍ക്കുന്ന മനോഭാവം ഇവിടെയും തുടര്‍ന്നുവെന്ന് ചുരുക്കം. ഡല്‍ഹി ഒഴികെ മറ്റിടങ്ങളിലെല്ലാം കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള ദ്വന്ദ്വയുദ്ധമാണ് നടന്നത്. ഡല്‍ഹിയിലാകട്ടെ, രാജ്യത്തിന്റെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായി, മത്സരത്തെ ത്രിമുഖമാക്കിയത്, ഡല്‍ഹിയില്‍ മാത്രം സ്വാധീനശക്തിയായ ആം ആദ്മി പാര്‍ട്ടിയാണ്. 2014ലെ പൊതു തിരഞ്ഞെടുപ്പിനെ ഫൈനലായി കണ്ടാല്‍, അതില്‍ പ്രധാന കളിക്കാരാകേണ്ട പാര്‍ട്ടികള്‍ക്കൊന്നും പ്രാതിനിധ്യമില്ലാത്ത തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ കഴിഞ്ഞതെന്ന് ചുരുക്കം.


മധ്യപ്രദേശിലും ഡല്‍ഹിയിലും ഏതാനും സീറ്റുകളില്‍ സ്വാധീനമുള്ള ബി എസ് പി, രാജസ്ഥാനില്‍ ഏതാനും സീറ്റില്‍ സ്വാധീനമുള്ള സി പി എമ്മുമൊഴിച്ചാല്‍, സമാജ്‌വാദി, ജനതാദള്‍ (യുനൈറ്റഡ്), രാഷ്ട്രീയ ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ എന്ന് തുടങ്ങി ഫൈനലില്‍ കളിക്കേണ്ട പാര്‍ട്ടികള്‍ക്കൊന്നും ഈ തിരഞ്ഞെടുപ്പില്‍ വലിയ സ്ഥാനമുണ്ടായിരുന്നില്ല. പിന്നെ ഇതെങ്ങനെ സെമി ഫൈനലാകും. സെമി ഫൈനലെന്ന പ്രചാരണത്തിന് പിന്നില്‍, വ്യക്തമായ അജന്‍ഡയുണ്ടായിരുന്നുവെന്ന് വ്യക്തം. നരേന്ദ്ര മോദി, ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് എന്നത് തന്നെയാണ് സെമി ഫൈനലെന്ന പ്രചാരണം ആരംഭിച്ചതിന്റെ അടിസ്ഥാനം. വോട്ടെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മധ്യപ്രദേശിലും ഛത്തിസ്ഗഢിലും ബി ജെ പി ജയം പ്രതീക്ഷിച്ചിരുന്നു. രാജസ്ഥാനില്‍ അധികാരത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ടായിരുന്നു. ഏത് പ്രതികൂല സാഹചര്യം രൂപപ്പെട്ടു വന്നാലും മൂന്ന് - രണ്ട് എന്ന സ്‌കോറിനെങ്കിലും ജയിക്കാമെന്ന ആത്മവിശ്വാസം ബി ജെ പിക്കുണ്ടായിരുന്നു. കോണ്‍ഗ്രസുമായി താരതമ്യം ചെയ്താല്‍ മൂന്ന് ഒന്നിന്റെ വിജയം അവര്‍ നേടുകയും ചെയ്തു. ഡല്‍ഹിയില്‍ അവരുടെ പ്രതീക്ഷകള്‍ കെടുത്തിയത് ആം ആദ്മി പാര്‍ട്ടിയുടെ അപ്രതീക്ഷിത മുന്നേറ്റമാണ്. അത്തരമൊരു മുന്നേറ്റമുണ്ടാകുമെന്ന് കോണ്‍ഗ്രസോ ബി ജെ പിയോ പ്രതീക്ഷിച്ചില്ലെന്ന് സമ്മതിക്കുമ്പോള്‍ ഈ പാര്‍ട്ടികളുടെ ജനബന്ധത്തിന്റെ തോത് അത്രയേയുള്ളൂവെന്ന പരമാര്‍ഥം തുറന്ന് പറയുകയാണ് ചെയ്യുന്നത്.


ഈ ഫലം പുറത്തുവരും മുമ്പ് ബി ജെ പിയുടെ വിജയം പ്രതീക്ഷിച്ചവരാണ് ഇതൊരു സെമി ഫൈനലാണെന്ന ചിത്രീകരണം സമര്‍ഥമായി നിര്‍വഹിച്ചത്. അത്തരമൊരു ഫലത്തെയാണ് വ്യവസായ ലോകവും കാംക്ഷിച്ചിരുന്നത്. അതുകൊണ്ടാണ് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നയുടന്‍ ഓഹരി വിപണികള്‍ കുത്തനെ ഉയര്‍ന്നത്. ചുരുക്കത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടത്, പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം നരേന്ദ്ര മോദി പ്രചാരണത്തിന് നേതൃത്വം നല്‍കിയ തിരഞ്ഞെടുപ്പ് എന്ന നിലയിലാണ്. ആ പ്രചാരണം ഏതെങ്കിലും വിധത്തില്‍ ഗുണം ചെയ്‌തോ എന്നാണ്. ഒപ്പം കോണ്‍ഗ്രസിന്റെ പ്രചാരണവേദിയില്‍ മുഖ്യ സ്ഥാനം അലങ്കരിച്ച രാഹുല്‍ ഗാന്ധിക്ക് എന്തെങ്കിലും ചെയ്യാനായോ എന്നതും. 2004ല്‍ ഇന്ത്യ തിളങ്ങുന്നുവെന്ന പരസ്യവാചകത്തോടെ, ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ പ്രചാരണം നയിച്ച തിരഞ്ഞെടുപ്പിന് മുമ്പ്, 2003ല്‍ ഇതുപോലൊരു തിരഞ്ഞെടുപ്പ് നടന്നിരുന്നു. അന്ന് ഛത്തിസ്ഗഢും മധ്യപ്രദേശും രാജസ്ഥാനും വിജയിച്ച് ബി ജെ പി മുന്നിലെത്തുകയും ചെയ്തു. പക്ഷേ, 2004ലെ 'ഫൈനലി'ല്‍ ഇന്ത്യ തിളങ്ങുന്നുവെന്ന പ്രചാരണം പരാജയം രുചിക്കുന്നത് രാജ്യം കണ്ടിരുന്നുവെന്നത് കൂടി ഇതിനെ സെമി ഫൈനലായി കാണുമ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്.


പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ സാധൂകരണം നല്‍കേണ്ടതുണ്ടായിരുന്നു നരേന്ദ്ര മോദിക്ക്. നാല് സംസ്ഥാനങ്ങളിലുണ്ടാകുന്ന വലിയ വിജയം, രാജ്യത്തെ ഇതര ഭാഗങ്ങളിലുള്ള ജനങ്ങളില്‍ തനിക്ക് അനുകൂലമായ മനോഭാവം രൂപപ്പെടുത്തുമെന്നും അദ്ദേഹം കണക്ക് കൂട്ടിയിട്ടുണ്ടാകണം. അതുകൊണ്ടാണ് വലിയ റാലികള്‍ സംഘടിപ്പിച്ച് വലിയ പ്രചാരണം നടത്താന്‍ മോദി തയ്യാറായത്. അതില്‍ മധ്യപ്രദേശിലെ ഫലം മോദിയുടെ കണക്കിലേക്ക് എഴുതിച്ചേര്‍ക്കാന്‍ ബി ജെ പി പോലും തയ്യാറാകില്ല. ശിവരാജ് സിംഗ് ചൗഹാന്റെ നേതൃമികവ് ബി ജെ പിക്ക് സൃഷ്ടിച്ചു നല്‍കിയ അനുകൂല സാഹചര്യം മറികടക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാതിരുന്നതിന്റെ ഫലമാണ് കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം അവിടെ സമ്മാനിച്ചത്. രാജസ്ഥാനില്‍ ബി ജെ പിക്ക് വിജയമൊരുക്കിയതില്‍ കോണ്‍ഗ്രസും മുഖ്യമന്ത്രിയായിരുന്ന അശോക് ഗെഹ്‌ലോട്ടും വഹിച്ച പങ്ക് സുപ്രധാനമാണ്. പൊതുവില്‍ കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന ന്യൂനപക്ഷങ്ങളെപ്പോലും അകറ്റുന്നതില്‍ ഗെഹ്‌ലോട്ട് വിജയിച്ചു. ഉന്തിന്റെ കൂടെ ഒരു തള്ള് എന്ന നിലയില്‍ മാത്രമാണ് രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ മോദിയുടെ പങ്ക്.


മോദിക്ക് എന്തെങ്കിലും പങ്കുണ്ടെങ്കില്‍ അത് പ്രതിഫലിക്കേണ്ടിയിരുന്നത് ഡല്‍ഹിയിലും ഛത്തിസ്ഗഢിലുമായിരുന്നു. നഗര മേഖലകളില്‍ ബി ജെ പിക്ക് നേരത്തെ തന്നെയുള്ള മുന്‍കൈയും യുവ വോട്ടര്‍മാരുടെ സാന്നിധ്യവുമാണ് ഡല്‍ഹി മാതൃകയായി സ്വീകരിക്കാന്‍ കാരണം. മോദി എറ്റവുമധികം സമയം പ്രചാരണത്തിന് ചെലവിട്ട സംസ്ഥാനമെന്ന നിലയിലാണ് ഛത്തിസ്ഗഢിനെ സ്വീകരിക്കുന്നത്. ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത് സര്‍ക്കാറിനെതിരെ (പൊതുവില്‍ യു പി എ സര്‍ക്കാറിനെതിരെയും) നിലനിന്ന ശക്തമായ വിരുദ്ധവികാരം ബി ജെ പിക്ക് വേണ്ടി സമാഹരിക്കാന്‍ നരേന്ദ്ര മോദിക്ക് സാധിച്ചതേയില്ല. അതൃപ്ത പൗരന്‍മാരുടെ വോട്ടുകള്‍ സമാഹരിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, യുവാക്കളുടെ വോട്ടുകള്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് ഒഴുകുമെന്ന് മുന്‍കൂട്ടി കാണാന്‍ പോലും ബി ജെ പിക്ക് സാധിച്ചില്ല, പ്രചാരണ നേതൃത്വമേറ്റെടുത്ത് പല റാലികള്‍ നടത്തിയ നരേന്ദ്ര മോദിക്കും സാധിച്ചില്ല. കോണ്‍ഗ്രസിനൊരു ബദലായി ദേശീയ പാര്‍ട്ടിയായ തങ്ങള്‍ മാത്രമേയുള്ളൂവെന്ന ബി ജെ പിയുടെയും കരുത്തുള്ള നേതൃത്വമേകാന്‍ താനേയുള്ളൂവെന്ന മോദിയുടെയും വാദങ്ങളെയാണ്, ആം ആദ്മി പാര്‍ട്ടിയെ വിശ്വസിക്കാന്‍ മടിയില്ലെന്ന് പ്രഖ്യാപിച്ച ഡല്‍ഹിയിലെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞത്.


പ്രചാരണ സമയത്തില്‍ വലിയൊരു വിഹിതം ഛത്തിസ്ഗഢിന് വേണ്ടി മോദി നീക്കിവെച്ചപ്പോള്‍, അവിടെ ബി ജെ പി ജയിച്ചത് ഏറെ വിയര്‍പ്പൊഴുക്കിയാണ്. നേരത്തെ തന്നെ അജിത് ജോഗിയെ ചുമതലയേല്‍പ്പിച്ച് കോണ്‍ഗ്രസ് ഒരുങ്ങിയിരുന്നുവെങ്കില്‍ രമണ്‍ സിംഗിനൊരു മൂന്നാമൂഴം പ്രയാസകരമാകുമായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. നഗരമേഖലയില്‍ മാത്രമല്ല, താരതമ്യേന ഭേദപ്പെട്ട പ്രതിച്ഛായ നിലനിര്‍ത്തിയ മന്ത്രിസഭയുണ്ടായിരുന്ന ഛത്തീസ്ഗഢിലെ ഗ്രാമമേഖലകളിലും മോദിക്ക് ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് ചുരുക്കം.  മോദി നീക്കിവെച്ച സമയമാണ്, കഷ്ടിച്ചൊരു ജയത്തിലേക്ക് നയിച്ചതെന്ന് വാദിച്ചാല്‍, അത്രമാത്രമേ ഈ ദേശീയ നേതാവിന് സാധിക്കൂ എന്ന്  സമ്മതിക്കേണ്ടിവരും. സെമി ഫൈനലെന്ന് പ്രഘോഷിച്ച്, അതിലെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ നരേന്ദ്ര മോദിക്ക് 'ദേശ് കി നേതാ' പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാന്‍ നടത്തിയ യത്‌നം വൃഥാവിലായെന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രധാന പ്രാധാന്യം. അതിലേക്ക് ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്റെയും പ്ലാറ്റ്‌ഫോമില്‍ തന്നെ നിലയുറപ്പിക്കുന്ന അരവിന്ദ് കെജ്‌രിവാളെന്ന അരാഷ്ട്രീയക്കാരന്‍ നല്‍കിയ സംഭാവന ചെറുതല്ല.


 അതിനൊപ്പം ഡല്‍ഹിയിലെ വോട്ടര്‍മാര്‍ നല്‍കുന്ന സന്ദേശം വ്യക്തമായി വായിക്കേണ്ടത് വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളാണ്. ഭരിക്കുന്ന പാര്‍ട്ടിയെ മടുത്താല്‍ പ്രതിപക്ഷത്തെ വലിയ പാര്‍ട്ടിയില്‍ അഭയം കാണുന്ന പതിവു രീതി ഉപേക്ഷിക്കാന്‍ ജനങ്ങള്‍ സന്നദ്ധരായിരിക്കുന്നുവെന്നതാണ് അത്. അഴിമതിക്കെതിരായ പരസ്യ നിലപാടുകള്‍ക്കപ്പുറത്ത്, കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടൊന്നും ആം ആദ്മി പാര്‍ട്ടി മുന്നേട്ടുവെച്ചിട്ടില്ല. വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും കരം കുറക്കുമെന്ന, ഡല്‍ഹിയെ സംബന്ധിച്ച് പ്രായോഗികമല്ലാത്ത വാഗ്ദാനമാണ് ഈ തിരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടി നല്‍കിയത്. എന്നിട്ടും അവരെ വിശ്വാസത്തിലെടുക്കാന്‍ അവിടുത്തുകാര്‍ തയ്യാറായി. പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്ത 12 സീറ്റില്‍ ഒമ്പതിടത്തും ആം ആദ്മി പാര്‍ട്ടി വിജയിച്ചുവെന്നത്, യുവാക്കളും ഉപരിമധ്യവര്‍ഗവും മാത്രമല്ല, ആ പാര്‍ട്ടിക്ക് പിന്തുണയര്‍പ്പിച്ചത് എന്നതിന് തെളിവാണ്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത ആ  അളവില്‍ ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയിരിക്കുന്നു ജനമനസ്സില്‍.


രാഷ്ട്രീയ പാരമ്പര്യത്തിന്റെ കരുത്തുണ്ടോ എന്ന് നോക്കിനില്‍ക്കാന്‍ ജനം സന്നദ്ധരായില്ല. നയപരമായ കാര്യങ്ങളില്‍ വ്യക്തമായ നിലപാടുണ്ടോ എന്ന് ചിന്തിക്കാനും തയ്യാറായില്ല. രണ്ട് തരത്തില്‍ അപകടകരമാണ് ഈ സാഹചര്യം. ഉയര്‍ന്നു വരിക, ആം ആദ്മി പാര്‍ട്ടിയെപ്പോലെ അരാഷ്ട്രീയവാദികളുടെ കൂട്ടായ്മയായിരിക്കുമെന്നതാണ് ഒന്ന്. തൊട്ടുമുന്നില്‍ കാണുന്ന വസ്തുതകള്‍ക്കപ്പുറത്തുള്ള സാമൂഹിക, രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെക്കുറിച്ചോ അവ രൂപപ്പെട്ട പശ്ചാത്തലത്തെക്കുറിച്ചോ ഉറച്ച കാഴ്ചപ്പാടുകളില്ലാതെ, ഊതിവീര്‍പ്പിച്ച ദേശീയതയും അതിനെപ്പൊലിപ്പിക്കുന്ന രാജ്യസ്‌നേഹ വാചാടോപങ്ങളും മാത്രമാണ് ഇക്കൂട്ടരുടെ മൂലധനം. അത്തരം പാര്‍ട്ടികളില്‍ വിശ്വാസമര്‍പ്പിക്കാന്‍ ജനം സന്നദ്ധരാകുന്നത്, വലിയ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് കാരണമായേക്കാം. നയനിലപാടുകളുടെ അടിസ്ഥാനത്തില്‍, ജൈവികവും സ്വാഭാവികവുമായി  രാഷ്ട്രീയ പ്രവര്‍ത്തനം ഉയര്‍ന്നു വരേണ്ടതിന്റെ ആവശ്യകത ചോദ്യം ചെയ്യപ്പെട്ടേക്കാം. അത്തരം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പ്രയോഗ രീതികള്‍ പോലും പുച്ഛിക്കപ്പെടുകയും ചെയ്‌തേക്കാം.


പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ വിശകലനം ചെയ്ത് നയനിലപാടുകളില്‍ വ്യക്തത വരുത്തി, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ അടിസ്ഥാന നയങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് ഇടക്കെപ്പോഴെങ്കിലും റാലികള്‍ സംഘടിപ്പിച്ച്, ഹിന്ദി ഹൃദയഭൂമിയില്‍ സ്വാധീനമുറപ്പിക്കാന്‍ സാധിക്കാത്തതില്‍ കുണ്ഠിതം പൂണ്ടിരിക്കുന്ന ഇടത് പാര്‍ട്ടികള്‍ക്ക് വലിയ സന്ദേശം നല്‍കുന്നുണ്ട് ആം ആദ്മി പാര്‍ട്ടി. അടിസ്ഥാന രാഷ്ട്രീയ നിലപാടുകളില്‍ വ്യക്തത വരുത്തുന്ന നേതൃതല ചര്‍ച്ചകള്‍ക്കൊപ്പം ജനങ്ങള്‍ മുഖത്തോടുമുഖം നില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെട്ടാല്‍ അവരുടെ വിശ്വാസമാര്‍ജിക്കാനാകുമെന്ന പാഠം. ആ പാഠം പഠിക്കുമെന്ന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാണ്. ബീഹാറില്‍ ആരംഭിച്ച് ഇവിടെ വരെ എത്തിനില്‍ക്കുന്ന അദ്ദേഹത്തിന്റെ പഠനപ്രക്രിയ ലോക്‌സഭയില്‍ കൂടി ആവര്‍ത്തിച്ചാല്‍, ഫൈനലില്‍ മോദിക്കാകും വിജയമെന്ന് ഇനിയെങ്കിലും കോണ്‍ഗ്രസ് തിരിച്ചറിയേണ്ടതുണ്ട്.


രജതരേഖ: രാജസ്ഥാനിലെ വലിയ പരാജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിനൊരു സാധ്യത തുറന്നുനല്‍കുന്നുണ്ട്. സംസ്ഥാനത്ത് ലഭിച്ച മൃഗീയ ഭൂരിപക്ഷം വസുന്ധര രാജെ സിന്ധ്യയിലെ റാണീസ്വഭാവത്തെ പുറത്തെത്തിക്കുമെന്ന് ഉറപ്പ്. അത് ബി ജെ പിക്കുള്ളില്‍ തന്നെ ഉണ്ടാക്കാന്‍ ഇടയുള്ള ആഘാതം ചെറുതാകില്ല. കോണ്‍ഗ്രസിന് പുനര്‍ജീവന്‍ നല്‍കാന്‍ പാകത്തിലുള്ള ഭരണം ഏതാനും മാസം കൊണ്ട് അവര്‍ കാഴ്ച വെക്കുമെന്ന് ഉറപ്പ്.